For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

വെളിച്ചം ദുഃഖമാണുണ്ണി...




"വെളിച്ചം ദുഃഖമാണുണ്ണി
തമസ്സല്ലോ സുഖപ്രദം"

അക്കിത്തത്തിന്‍റെ ഈ വരികള്‍ അതിന്‍റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ എനിക്ക് മനസിലായത് ഒരു ഇലക്ഷന്‍ കാലഘട്ടത്തിലായിരുന്നു.അതിനെന്നെ സഹായിച്ചത് എന്‍റെ പ്രിയപ്പെട്ട നാട്ടുകാരായിരുന്നു, ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരെ തിരഞ്ഞെടുക്കുന്ന പ്രിയ വോട്ടര്‍മാരായിരുന്നു.അത് വിശദീകരിക്കുന്നതിനു മുമ്പ് നമ്മുടെ നാടിന്‍റെ ഭരണസ്ഥിതിയിലേക്ക് ഒരു എത്തിനോട്ടം..

അഞ്ച് വര്‍ഷം ഒരു കൂട്ടരു ഭരിക്കും, പിന്നൊരു അഞ്ച് വര്‍ഷം അടുത്ത കൂട്ടര്‌ ഭരിക്കും, ഇതിങ്ങനെ മാറി മറിഞ്ഞ് വരും.പാലുകുടിക്കുന്ന കൊച്ചു കുട്ടിക്ക് പോലും ഇപ്പോള്‍ ഭരിക്കുന്നത് ആരാണെന്ന് അറിഞ്ഞാല്‍ അടുത്ത ഭരണം ആരുടേതായിരിക്കുമെന്ന് പറയാന്‍ പറ്റുന്ന അവസ്ഥ.കേരളത്തെ സംബന്ധിച്ച് ഇതൊരു പ്രപഞ്ച സത്യമാ, അതിനാല്‍ തന്നെ ഇതിനെ ഞാന്‍ 'സിംപിള്‍ പ്രസന്‍റ്‌ ടെന്‍സില്‍' പറയാന്‍ ആഗ്രഹിക്കുന്നു.
അപ്പോള്‍ ഒരു സംശയം...
പിന്നെന്തിനാണാവോ ഇലക്ഷന്‍??
കയ്യിലൊരു കറുത്ത കുത്തിടാനോ???
ഒരോ പ്രാവശ്യവും കറുത്ത കുത്ത് കൈയ്യില്‍ വീഴുമ്പോ ആശ്വസിക്കും, ഇക്കുറി നാട് നന്നാവുമായിരിക്കും.
എവിടെ???
രണ്ടാഴ്ചത്തേക്ക് കണ്ണ്‌ കിട്ടാതിരിക്കാന്‍ കയ്യിലാ കറുത്ത കുത്ത് മാത്രം ബാക്കി കാണും.ഭരണവും ജീവിതവുമെല്ലാം പണ്ടത്തേന്‍റെ പിന്നത്തേതായിരിക്കും.
അതോട് കൂടി നമ്മള്‍ ഒരേ സ്വരത്തില്‍ പറയും:
"ഹും, അടുത്ത തവണ കാണിച്ച് തരാം, നിനക്കൊന്നും വോട്ടില്ല"
ഇതറിയാവുന്ന അവര്‍ പരസ്പരം പറയും:
"അല്ലേല്‍ തന്നെ അടുത്ത തവണ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല"
അപ്പോള്‍ അതിന്‍റെ അടുത്ത തവണയോ??
കേരളമല്ലേ, അവര്‍ ജയിച്ചിരിക്കും!!!

അങ്ങനെയിരിക്കെ ഒരു ഇലക്ഷന്‍ കാലം.
നാട്ടിലെ തിളക്കുന്ന രക്തത്തിന്‍റെ ഉടമകളായ കുറേ യുവജനങ്ങള്‍ക്ക് ഒരു വെളിപാടുണ്ടായി..
ഈ സമ്പ്രദായങ്ങള്‍ മാറിയെ പറ്റു, പുതിയൊരു കേരളം ഉണ്ടായേ പറ്റു, എല്ലാവരുടെയും മനസ്സ് ഏറ്റു പാടി...

"മാറ്റുവിന്‍ ചട്ടങ്ങളേ അല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍"

എല്ലാം മാറ്റി കംപ്ലീറ്റ് ക്ലീനാക്കണം, അവര്‍ തീരുമാനിച്ചു...
എ സൂപ്പര്‍ ഡിസിഷന്‍!!!

പക്ഷേ എങ്ങനെ??
ആ ചോദ്യത്തിനുത്തരമായിരുന്നു കൂട്ടത്തില്‍ അലമ്പനായ സുധീഷിനെ (പൊതുവേ സ്ഥാനാര്‍ത്ഥികള്‍ തരികിട ആയിരിക്കണമെന്നായിരുന്നു അവരുടെ ധാരണ) ഇലക്ഷനു നിര്‍ത്താനുള്ള തീരുമാനം.അങ്ങനെ രണ്ട് പ്രബല പാര്‍ട്ടികള്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ സ്വതന്ത്രനായി, മാറ്റത്തിന്‍റെ കൊടുങ്കാറ്റിനായി സുധീഷ് മത്സരിച്ചു.ഇരുട്ടില്‍ തപ്പുന്ന ജനങ്ങള്‍ക്ക് പുതിയൊരു വെളിച്ചം എന്ന രീതിയില്‍ 'കത്തുന്ന മെഴുകുതിരി' ചിഹ്നവും.

സംഗതിയുടെ കിടപ്പ് വശം ഇങ്ങനെ ആയിരുന്ന സമയത്താണ്‌ ഇതൊന്നുമറിയാതെ ഞാന്‍ ബാംഗ്ലൂരില്‍ നിന്ന് നാട്ടിലേക്ക് വന്നത്.തിരഞ്ഞെടുപ്പിന്‍റെ പ്രചരണങ്ങള്‍ നേരിട്ട് കാണുക, ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടി കുത്തുക, ചായക്കടയില്‍ പോയിരുന്നു ടെന്‍ഷനടിച്ച് (?) റിസള്‍ട്ട് അറിയുക, തിരികെ ബാംഗ്ലൂര്‍ക്ക് പോകുക എന്നീ ലക്ഷ്‌യത്തില്‍ നാട്ടിലെത്തിയ ഞാന്‍ സുധീഷ് സ്ഥാനാര്‍ത്ഥിയായ വിവരമറിഞ്ഞ് കോള്‍മയിര്‍ (ശരിക്കും വായിക്കണേ!!) കൊണ്ടു.അങ്ങനെ ഇലക്ഷന്‍ പ്രചാരണത്തിനു ഞാനും സജീവമായി...

സുധീഷിനെ വിജയിപ്പിക്കുക എന്ന ലക്ഷ്‌യം സഫലമാക്കാന്‍ 'കത്തുന്ന മെഴുകുതിരി' ജനങ്ങളുടെ മനസ്സില്‍ പ്രതിഷ്ഠിക്കാനായി ഞങ്ങളുടെ ആദ്യ ശ്രമം.അതിനായി ഒരോ വീട്ടിലും, ഓരാള്‍ ഒരു മെഴുകുതിരി കത്തിച്ച് പിടിച്ച് പോകാന്‍ തീരുമാനമായി.അതിന്‍റെ ആദ്യ പടി എന്ന നിലയില്‍ മൂന്ന് വീടുകളില്‍ പോയാല്‍ മതിയെന്നും, അതിനു ശേഷം ഈയൊരു അപ്രോച്ചിന്‍റെ ഗുണഗണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിട്ട് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്നും ഞങ്ങള്‍ ഉറപ്പിച്ചു.വരുന്ന ശനിയാഴ്ച തന്നെ ദൌത്യം തുടങ്ങാന്‍ തീരുമാനമായി, വീടുകളില്‍ മെഴുകുതിരിയുമായി പോകുന്ന കാര്യം കുമാരന്‍ ഏല്‍ക്കുകയും ചെയ്തു.

അങ്ങനെ ശനിയാഴ്ചയായി...
പത്തായി, പത്തരയായി, പതിനൊന്നായി, പന്ത്രണ്ടായി...
കുമാരന്‍ വന്നില്ല!!!
ഒടുവില്‍ മറ്റാരെങ്കിലും പോകാന്‍ തീരുമാനമായി, അതിനായി അവര്‍ തിരഞ്ഞെടുത്തത് എന്നെയായിരുന്നു.കേട്ടപാടെ ഞാന്‍ പറഞ്ഞു:
"ഹേയ്, അത് ശരിയാവില്ല"
ഞാനിങ്ങനെ പറയാന്‍ കാരണമുണ്ട്, ഒന്നാമത് വോട്ട് ചോദിച്ച് പോകാന്‍ നിശ്ചയിച്ച വീടൊന്നും എനിക്ക് പരിചയമില്ല.മാത്രമല്ല നട്ടുച്ചക്ക് മെഴുകുതിരിയും കത്തിച്ച് പിടിച്ച് ഒരു വീട്ടില്‍ കയറി ചെല്ലാന്‍ എനിക്ക് വട്ടില്ലല്ലോ.
പക്ഷേ സുഹൃത്തുക്കള്‍ എന്നെ ആശ്വസിപ്പിച്ചു:
"നീ വിഷമിക്കേണ്ടാടാ, ഞങ്ങള്‍ റോഡില്‍ കാണും, എന്തേലും പ്രശ്നമുണ്ടായാല്‍ ഞങ്ങള്‍ നോക്കികൊള്ളാം"
"എന്നാലും?"
"എന്‍റെ മനു ഇത് ഈ നാടിന്‍റെ രക്ഷക്കല്ലേ?"
ആണോ??
പിന്നല്ലാതേ??
അങ്ങനെ ജനിച്ച നാടിന്‍റെ രക്ഷക്കായി ഞാന്‍ ആ ദൌത്യം ഏറ്റെടുത്തു, മെഴുകുതിരിയുമായി അന്നേ ദിവസം മൂന്ന് വീട്ടില്‍ കയറുക എന്ന പുണ്യ ദൌത്യം.

ആദ്യ ഭവനം.
സമയം കൃത്യം നട്ടുച്ച.
കത്തിച്ചു പിടിച്ച വലിയൊരു മെഴുകുതിരിയുമായി ഞാന്‍ ആ വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറി.
പതിയെ കോളിംഗ് ബെല്ലടിച്ചു.
ടിം...ടിം...
കതക് തുറന്ന് പുറത്തേക്ക് വന്നത് ഒരു വല്യമ്മയായിരുന്നു.നട്ടുച്ച അടുത്ത നേരത്ത് ഒരുത്തന്‍ കത്തുന്ന മെഴുകുതിരിയുമായി നില്‍ക്കുന്ന കണ്ടാകണം തള്ളയുടെ മുഖത്തൊരു അത്ഭുതം, അത് അവരുടെ ആത്മഗതത്തില്‍ പ്രകടമായിരുന്നു:
"എന്‍റെ ശിവനേ, ഇതേതോ കൂടിയ ഇനമാണല്ലോ!!"
കുരിശ്.
തള്ള എനിക്ക് വട്ടാണെന്ന് ഉറപ്പിച്ചു!!!

ആവശ്യക്കാരനു ഔചിത്യം പാടില്ലെന്ന് അറിയാവുന്നതിനാല്‍ അവരുടെ ധാരണ തിരുത്താന്‍ ഞാന്‍ തയ്യാറായി:
"അമ്മേ, ഇത് കണ്ട് തെറ്റിദ്ധരിക്കരുത്.ഇരുട്ടില്‍ തപ്പുന്ന ജനതക്ക് ഒരു ചെറു വെളിച്ചം എന്നേ ഞങ്ങള്‍ ഉദ്ദേശിച്ചുള്ളു"
"ഈ നട്ടുച്ചക്കോ?"
"അയ്യോ ഇപ്പൊഴല്ല"
"പിന്നെ രാത്രീലോ?"
"അയ്യോ അതുമല്ല"
"പിന്നെ?"
"അമ്മേ സത്യം പറയാം.എന്‍റെ പേര്‌ മനു, ഞങ്ങളുടെ സുഹൃത്ത് സുധീഷ് ഇക്കുറി ഇലക്ഷനില്‍ നില്‍ക്കുന്നുണ്ട്, അവനു വേണ്ടി വോട്ട് ചോദിക്കാന്‍ വന്നതാണ്"
"അതിനെന്തിനാ ഈ മെഴുകുതിരി കത്തിച്ച് കൈയ്യില്‍ പിടിക്കുന്നത്?"
"കത്തിച്ച് വച്ച മെഴുകുതിരിയാണ്‌ അവന്‍റെ ചിഹ്നം"
"അപ്പോ ചിഹ്നം ആന ആയിരുന്നെങ്കിലോ?"
പോക്കറ്റിലിട്ട് കൊണ്ട് വന്നേനെ!!!
പിന്നല്ല!!!
ചോദ്യം കേട്ടില്ലേ??
ഒടുവില്‍ സംയമനം പാലിച്ച് പറഞ്ഞു:
"അതിന്‌ ആനയല്ലല്ലോ അമ്മേ, മെഴുകുതിരിയല്ലേ"
ഒന്ന് നിര്‍ത്തിയട്ട് ഞാന്‍ അപേക്ഷിച്ചു:
"അമ്മ സുധീഷിനു വോട്ട് ചെയ്യണം"
"എന്തിന്?"
"നമ്മള്‍ ആദ്യം ഒരു പാര്‍ട്ടിയെ വിശ്വസിച്ചു, അവര്‍ നമ്മടെ ഖജനാവ് കൊള്ളയടിച്ചു.പിന്നെ നമ്മള്‍ മറ്റൊരു പാര്‍ട്ടിയെ വിശ്വസിച്ചു, അവരും നമ്മടെ ഖജനാവ് കൊള്ളയടിച്ചു.ഇനി സുധീഷിനു ഒരവസരം നല്‍കണം"
"എന്തിന്, ഖജനാവ് കൊള്ളയടിക്കാനോ?"
ങ്ങേ!!!
അന്തം വിട്ട് നിന്ന എന്നെ ഒന്ന് നോക്കിയട്ട് തള്ള അകത്ത് കയറി വാതിലടച്ചു.എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ പതിയെ പുറത്തേക്കിറങ്ങി...

മെഴുകുതിരി ഊതിയണച്ച് പുറത്ത് എത്തിയ എനിക്ക് ചുറ്റും കൂട്ടുകാര്‍ വളഞ്ഞു.
"അവരെന്താ മനു കതകടച്ചത്?"
"സ്വല്പം കഴിഞ്ഞ് തുറക്കാനായിരിക്കും"
വേറെ എന്ത് പറയാന്‍??
മനുഷ്യനാകെ ചമ്മി തിരിച്ച് വന്നപ്പോള്‍ അവന്‍റെയൊക്കെ ചോദ്യം കേട്ടില്ലേ...
തള്ളയെന്താ കതകടച്ചതെന്ന്??
എന്‍റെ മുഖഭാവത്തെ വിഷമം കണ്ടാകണം സുധീഷ് ചോദിച്ചു:
"എന്താടാ? എന്ത് പറ്റി"
"ഈ പരിപാടി ശരിയാവില്ലടാ" ഞാന്‍ മറുപടി കൊടുത്തു.
"അതെന്താ?"
"ഞാന്‍ നട്ടുച്ചക്ക് മെഴുകുതിരിയും കത്തിച്ച് ചെന്നാല്‍ എന്‍റെ അമ്മയാണേലും കതകടക്കും, പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയണോ?"
അതും ശരിയാ!!!
ഇനി എന്ത്??
അതിനു മറുപടിയായിരുന്നു മെഴുകുതിരിയുമായി രാത്രിയില്‍ പോകാനുള്ള തീരുമാനം.
അത് ഞാനും സമ്മതിച്ചു.

അന്ന് രാത്രി.
ഞാനും സുധീഷും ദൌത്യവുമായിറങ്ങി...
ഒരു ഭവനത്തിനു മുന്നിലെത്തി സുധീഷ് പറഞ്ഞു:
"എടാ മനു, ഇതാ ദാമോദരേട്ടന്‍റെ വീട്.ഇവിടെ ചേട്ടനും ചേച്ചിക്കും വോട്ടുണ്ട്, അവരുടെ മോള്‍ക്ക് വോട്ടുണ്ടോന്ന് അറിയില്ല, എന്തായാലും നീയൊന്ന് ചെന്ന് നോക്ക്"
നേരെ അകത്തേക്ക്...
കതകില്‍ മുട്ടിയപ്പോള്‍ വാതില്‍ തുറന്നത് മോള്‍ ആണ്, തേടിയ വള്ളി കാലില്‍ ചുറ്റി.മോള്‍ക്ക് വോട്ടുണ്ടോന്ന് അറിയാനുള്ള സുവര്‍ണ്ണ അവസരം.
ഞാനിങ്ങനെ ചിന്തിച്ച് നില്‍ക്കേ എന്നേയും, കൈയ്യിലെ മെഴുകുതിരിയും നോക്കി ആ പെണ്‍കുട്ടി ചോദിച്ചു:
"ആരാ? എന്ത് വേണം?"
"എനിക്ക് വേണ്ടത് ഞാന്‍ മോളുടെ അച്ഛനോട് ചോദിച്ചോളാം, മോളൊരു കാര്യം മാത്രം പറഞ്ഞാല്‍ മതി, മോള്‍ക്ക് പ്രായപൂര്‍ത്തിയായോ"
അത് കേട്ടതും പെണ്ണ്‌ എന്നെ രൂക്ഷമായൊന്ന് നോക്കിയിട്ട് അകത്തേക്ക് ഒറ്റപോക്ക്.
ശെടാ, എന്നാ പറ്റി??
എന്‍റെ ഈ സംശയത്തിനുള്ള മറുപടി ആ വീടിനകത്തു നിന്നുള്ള ദാമോദരേട്ടന്‍റെ അലര്‍ച്ചയായിരുന്നു:
"ഏത് നായിന്‍റെ മോനാടാ എന്‍റെ മോള്‍ക്ക് പ്രായമായോന്നറിയാന്‍ മെഴുകുതിരിയും കത്തിച്ച് വന്നത്?"
എന്തിര്??
"അയ്യോ വേണ്ടാച്ഛാ" മോളുടെ സ്വരം.
"വിടടീ, ഇന്നവനെ ഞാന്‍ രണ്ട് കഷണമാക്കും"
എന്‍റമ്മേ.
മെഴുകുതിരി എടുത്ത് തെക്കോട്ട് ഒരു ഏറ്‌ കൊടുത്തിട്ട് ഒറ്റ ഓട്ടമായിരുന്നു.ഓടി റോഡിലെത്തിയപ്പോള്‍ അങ്ങ് ദൂരെ നിന്ന് സുധീഷിന്‍റെ സ്വരം കേട്ടു:
"എടാ...ഇതിലെ...ഇതിലെ...ഇതിലെ വാ"
പെണ്‍കുട്ടിയോടുള്ള എന്‍റെ ചോദ്യം കേട്ടപ്പോള്‍ തന്നെ ഇതിങ്ങനേ സംഭവിക്കുമെന്ന് മനസിലാക്കി നേരത്തെ ഓടിയിരിക്കുന്നു, മിടുക്കന്‍.

അങ്ങനെ ദാമോദരേട്ടന്‍റെ ഏരിയയില്‍ നിന്ന് മാറി മറ്റൊരിടത്തെത്തി പട്ടി അണക്കുന്ന പോലെ കിതച്ച് കൊണ്ടിരിക്കെ അറിയാതെ ചോദിച്ച് പോയി:
"ആരെയാടാ ഇന്ന് കണി കണ്ടത്?"
സുധീഷിനു മറുപടിയില്ല.
സ്വല്പം കഴിഞ്ഞ് ദൂരെ കാണുന്ന വെളിച്ചം ചൂണ്ടി അവന്‍ പറഞ്ഞു:
"എടാ മൂന്ന് വീട് നമ്മള്‍ തീരുമാനിച്ചതാ, എന്തായാലും ആ വീട്ടിലൂടൊന്ന് കേറി നോക്കാം"
ങ്ങേ!!!
ഇനിയുമോ??
"അത് ആരുടെ വീടാ?"
"ആരുടെ ആയാലെന്താ, എന്തായാലും നനഞ്ഞില്ലേ, ഇനി കുളിച്ച് കയറാം"
ശരിയാ, ഒരു ശ്രമം കൂടിയാവാം.
നേരെ ആ വീട്ടിലേക്ക്...

പതിവു പോലെ റോഡിന്‍റെ സൈഡിലായി സുധീഷ് നിന്നു, കത്തിച്ച മെഴുകുതിരിയുമായി ഞാന്‍ അകത്തേക്ക്..
ടക്ക്...ടക്ക്..ടക്ക്...
കതകില്‍ മുട്ടി, അനക്കമില്ല.
"ഹലോ, ആരുമില്ലേ?"
പതിയെ കതക് തുറന്നു, അകത്ത് നിന്ന് ഒരു കിളിനാദം:
"പെട്ടന്ന് അകത്തേക്ക് വാ"
എന്തിന്??
ഞാന്‍ അമ്പരന്ന് നില്‍ക്കെ പെട്ടന്ന് ആരൊക്കെയോ 'ആരെടാ, പിടിയടാ' എന്ന് അലറി കൊണ്ട് അങ്ങോട്ട് ഓടിയെത്തുന്ന സ്വരം.കൂട്ടത്തില്‍ അങ്ങ് ദൂരെ നിന്ന് സുധീഷിന്‍റെ അലര്‍ച്ചയും:
"എടാ മനു അത് മറ്റേ കേസുകെട്ടിന്‍റെ വീടാ, സരസൂന്‍റെ.ഓടിക്കോടാ!!!"
ഒരു നിമിഷത്തേക്ക് അകത്തെ കിളിനാദം ഓര്‍മ്മ വന്നു...
പെട്ടന്ന് അകത്തേക്ക് വാ!!!
കര്‍ത്താവേ...
നാട്ടുകാര്‌ ആരെങ്കിലും എന്നെ തിരിച്ചറിഞ്ഞാല്‍......????
എന്ത് ചെയ്യും??
പഴയ വരികള്‍ മനസില്‍ ഓടി വന്നു...

"വെളിച്ചം ദുഃഖമാണുണ്ണി
തമസ്സല്ലോ സുഖപ്രദം"

ഒറ്റ ഊത്..
മെഴുകുതിരി അണഞ്ഞു!!!
അടുത്ത നിമിഷം ഞാന്‍ അവിടെ നിന്ന് അപ്രത്യക്ഷനായി.
ഓടി അമ്പലത്തിലെ ആല്‍ത്തറക്ക് അരികില്‍ എത്തിയപ്പോള്‍ 'നീയെന്താ താമസിച്ചത്?' എന്ന മുഖഭാവത്തില്‍ സുധിഷ് അവിടെ എന്നെ കാത്ത് ഇരുപ്പുണ്ടായിരുന്നു, മിടുക്കന്‍.

കാര്യം നാട്ടുകാരില്‍ നിന്ന് രക്ഷപെട്ടെങ്കിലും അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ ഈ രഹസ്യം പരസ്യമായി.അവര്‍ പറഞ്ഞു പലരുമറിഞ്ഞു, ഇലക്ഷന്‍ കഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ തയ്യാറായി നിന്ന എന്നോട് അവരിലൊരുവന്‍ ചോദിച്ചു:
"നീ സരസൂന്‍റെ വീട്ടില്‍ പോയെന്ന് കേട്ടു"
"അയ്യേ, ഞാനൊന്നും പോയില്ല"
"നീയും സുധീഷും കൂടി പോയെന്നാ ഞാന്‍ കേട്ടത്"
"ഓ അതോ, അത് വോട്ട് ചോദിക്കാന്‍ പോയതാ"
"പിന്നെ പാതിരാത്രിക്കല്ലിയോ വോട്ട് ചോദിക്കാന്‍ പോകുന്നത്, അതും സരസൂന്‍റെ വീട്ടില്‍"
"അയ്യോ ചേട്ടാ സത്യാ"
"ഉവ്വ...ഉവ്വ.."

ഇതാ നമ്മുടെ നാട് നന്നാവാത്തത്.രണ്ട് പേര്‌ നല്ലത് ചെയ്യണമെന്ന് ആഗ്രഹിച്ചാലും അതില്‍ കുറ്റം കണ്ടെത്തുന്ന നാട്ടുകാരുള്ളിടം ഒരിക്കലും നന്നാവില്ല.നല്ല കാര്യം ചെയ്യാന്‍ ശ്രമിച്ച ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ആക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന നാട്ടുകാരെ പറ്റി ഓര്‍ത്ത് വിഷമിച്ച് നില്‍ക്കെ ആ ചേട്ടന്‍ എന്നോട് പറഞ്ഞു:
"എടാ മനു, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു കാര്യത്തില്‍ നിന്നെ കുറിച്ച് എനിക്ക് മതിപ്പുണ്ട്"
എന്ത്??
അവസാനം ഒരാള്‍ എന്നെ മനസിലാക്കിയിരിക്കുന്നു...
ഞാന്‍ ചെയ്ത നല്ല കാര്യത്തില്‍ അയാള്‍ അഭിമാനിക്കുന്നു!!
എങ്കിലും ചേട്ടനില്‍ നിന്ന് നേരിട്ട് കേള്‍ക്കാനുള്ള ആഗ്രഹത്തില്‍ ചോദിച്ചു:
"അത് എന്ത് കാര്യമാ ചേട്ടാ?"
"പാതിരാത്രി ആയാലും സരസൂന്‍റെ വീട്ടില്‍ തലയില്‍ മുണ്ടിട്ടാ എല്ലാവരും പോകുന്നത്.അവിടെ മെഴുകുതിരി കത്തിച്ച് പിടിച്ച് പോകാനുള്ള ധൈര്യം നിനക്ക് മാത്രമേയുള്ളു"
"അയ്യോ ചേട്ടാ അത് ചിഹ്നമാ"
"ഉവ്വ..ഉവ്വേ..."
ഛായ്, മ്ലേച്ഛം!!!

കാലം മറയ്ക്കാത്ത മുറിവുകളില്ലന്നാ, പക്ഷേ എത്ര മറച്ചാലും തിരഞ്ഞെടുപ്പ് കാലത്ത് ഏതെങ്കിലും കാലമാടന്‍ ഇത് ഓര്‍മ്മിപ്പിക്കും.വെറുതെ വഴിയെ നടക്കുന്ന എന്നോടവന്‍ ചോദിക്കും:
"എന്നാലും മനു, നീയല്ലാതെ ആരെങ്കിലും മെഴുകുതിരിയും കത്തിച്ച് പിടിച്ച് സരസൂന്‍റെ വീട്ടില്‍ പോകുമോ?"
"അയ്യോ സത്യമായും അത് ചിഹ്നമാ"
ഉവ്വ...ഉവ്വേ!!
ആരോട്?? എന്തിന്??
ഹും, നമ്മുടെ നാട് നന്നാവുന്ന ലക്ഷണമില്ല.

68 comments:

അരുണ്‍ കരിമുട്ടം said...

വീണ്ടും ഒരു തിരഞ്ഞെടുപ്പ്.
രാഷ്ടീയം മറന്ന്, ജാതിമത ഭേദം മറന്ന്, ഇക്കുറിയെങ്കിലും നല്ല ഭരണകര്‍ത്താക്കളെ തിരഞ്ഞെടുക്കാന്‍ നമുക്കായാല്‍ 'പൊതുജനം കഴുത' എന്ന ചൊല്ല്‌ നമുക്ക് തുടച്ച് നീക്കാമായിരുന്നു.
ആരോട്?? എവിടെ??
ദേ, കാലചക്രം പിന്നെയും കറങ്ങുന്നു...

Manoraj said...

"എന്തിന്, ഖജനാവ് കൊള്ളയടിക്കാനോ?"

ആ അമ്മച്ചിക്ക് എന്റെ വോട്ട് :)

സംഭവം കലക്കി കേട്ടോ..

ചിതല്‍/chithal said...

ഒക്കെ മനസ്സിലായി:

സരസു: “പെട്ടന്ന് അകത്തേക്ക് വാ!!!“
(കുറേ കഴിഞ്ഞു്)
സുധീഷ്: 'നീയെന്താ താമസിച്ചത്?'

ചിതല്‍/chithal said...

സത്യം പറയാലോ, ഞാൻ എഞ്ജോയ് ചെയ്ത് വായിച്ചു! സംഗതി സൂപ്പർ!

ചാണ്ടിച്ചൻ said...

സരസൂന്റെ വീട്ടില്‍ പോയപ്പോ, ആ മെഴുകുതിരി അവള്‍ക്കു കൊടുക്കാമായിരുന്നു....അതു കൊണ്ട് അവള്‍ക്കെങ്കിലും ഒരു ഉപകാരമുണ്ടായേനെ...
ഏത്....(ശരിക്കും വായിക്കണേ!!)

പുത്തൂരാന്‍ said...

:)

sarath said...

ha ha ha kalakki. kazhinja postu aake nananju poyallo ennorthu vishamichirikkuvaayirunnu. Ee padakkam sherikkum potti. Thanks for a hearty laugh :-)

Unknown said...

ഉവ്വ..ഉവ്വേ..

കാന്താരി said...

"നീ സരസൂന്‍റെ വീട്ടില്‍ പോയെന്ന് കേട്ടു"
"അയ്യേ, ഞാനൊന്നും പോയില്ല"
"നീയും സുധീഷും കൂടി പോയെന്നാ ഞാന്‍ കേട്ടത്"
"ഓ അതോ, അത് വോട്ട് ചോദിക്കാന്‍ പോയതാ"
"പിന്നെ പാതിരാത്രിക്കല്ലിയോ വോട്ട് ചോദിക്കാന്‍ പോകുന്നത്, അതും സരസൂന്‍റെ വീട്ടില്‍"
"അയ്യോ ചേട്ടാ സത്യാ"
"ഉവ്വ...ഉവ്വ.."

ajith said...

എന്നിട്ട് സുധീഷ് ജയിച്ചോ?

Truth said...

രണ്ടാഴ്ചത്തേക്ക് കണ്ണ്‌ കിട്ടാതിരിക്കാന്‍ കയ്യിലാ കറുത്ത കുത്ത് മാത്രം ബാക്കി കാണും.ഭരണവും ജീവിതവുമെല്ലാം പണ്ടത്തേന്‍റെ പിന്നത്തേതായിരിക്കും.

mini//മിനി said...

എത്ര വോട്ട് കിട്ടി?

ജോണ്‍ ലാന്‍സലറ്റ് said...

ഉവ്വ...ഉവ്വേ... നമ്മുടെ നാട് നന്നാവുന്ന ലക്ഷണമില്ലേ...

Bijith :|: ബിജിത്‌ said...

നമ്മുക്ക് കത്തുന്ന മെഴുകുതിരി മാറ്റി ഒരു ബലൂണ്‍ ആക്കിയാലോ ചിഹ്നം..

നല്ലി . . . . . said...

ഹ ഹ സത്യത്തില്‍ മോളില്‍ ചിതലു പറഞ്ഞിരിക്കുന്നതല്ലേ സംഭവിച്ചത് :-)

ഋതുസഞ്ജന said...

Ithu kalakki chetta. Onnum parayanilla. Chirichu chirichu maduthu;-). Super post

Unknown said...

ഹ ഹ ! കലക്കി !
സാന്ദര്‍ഭികമായി ഒരു ചോദ്യം .
വോട്ടിങ്ങിന് എന്തിനാ ചിഹ്നം .
ഗോപാലന്‍ നായര്‍ക്ക് വോട്ടു ചെയ്യുക എന്ന് പറയുന്നതിന് പകരം ഗോപാലന്‍ നായര്‍ക്ക് " വെണ്ടയ്ക്ക"യില്‍ വോട്ടു ചെയ്യുക എന്നാണല്ലോ പറയുന്നത് . കൂടുതല്‍ വെണ്ടയ്ക്ക കിട്ടുന്നവന്‍ "ഫരിക്കുന്നു"
നമുക്ക് വിരല്‍ തുമ്പില്‍ ഒരു കറുത്ത കുത്തും - പിന്നെ അടുത്ത അഞ്ചു കൊല്ലം എല്ലായിടത്തു നിന്നും ആ " കുത്ത്" തന്നെ നമുക്ക് -
ജയ ജയ ജനാധി "പഥ്യം "

Unknown said...

hahahaha
Enikku vayya!!!!

അനില്‍കുമാര്‍ . സി. പി. said...

“...ഹും, നമ്മുടെ നാട് നന്നാവുന്ന ലക്ഷണമില്ല!!!“

SHANAVAS said...

ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിക്കുമെന്നാ.എന്നാലും ഉള്ളത് പറയാം.ഇതാണ് നര്‍മ്മം.കുടു കുടാ ചിരിപ്പിച്ച പോസ്റ്റ്‌.

രഘുനാഥന്‍ said...

ഹ ഹ ....വോട്ടാണോ കിട്ടിയത് ..അതോ ....

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ശരിയാ...നമ്മുടെ നാട് നന്നാവുന്ന ലക്ഷണമില്ല
കാരണം..മനുവും, സുധീഷും പിന്നെ സരസൂം... ഒക്കെയല്ലെ ഉള്ളത്..
പിന്നെങ്ങനാ.....?
ഹിഹി ഞാനോടി ട്ടാ...........

ഉല്ലാസ് said...

അരുണേ, ഒരോ തെരഞ്ഞെടുപ്പു കാലത്തും സരസു ആ മനസ്സില്‍ വന്നു നിറയട്ടെ!

Unknown said...

നന്നായിരിക്കുന്നു. ശരിക്കും ആസ്വദിച്ചു. ഇനിയും ഇതുപോലെ സരസമായി എഴുതാന്‍ സാധിക്കട്ടെ

ഷമീര്‍ തളിക്കുളം said...

ഹ ഹ ഹ....
എന്റെ വോട്ട് സരസൂന്.....!
ശരിക്കും ആസ്വദിച്ചുവായിച്ചു.

റ്റോംസ് | thattakam.com said...

"മാറ്റുവിന്‍ ചട്ടങ്ങളേ അല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍"
എന്റെ വോട്ട്....
"ഉവ്വ...ഉവ്വ.."

കൊച്ചു കൊച്ചീച്ചി said...

".....ഇതിങ്ങനെ മാറി മറിഞ്ഞ് വരും.പാലുകുടിക്കുന്ന കൊച്ചു കുട്ടിക്ക് പോലും ഇപ്പോള്‍ ഭരിക്കുന്നത് ആരാണെന്ന് അറിഞ്ഞാല്‍ അടുത്ത ഭരണം ആരുടേതായിരിക്കുമെന്ന് പറയാന്‍ പറ്റുന്ന അവസ്ഥ."

അതുപിന്നെ ഒറപ്പല്ലേ? ആദ്യം ഇടതുപക്ഷത്തുനിന്നു പാല്, പിന്നെ വലതുപക്ഷത്തുനിന്നു പാല്. ഇത് കുട്ടിയോളം നന്നായി ആര്‍ക്കറിയാം?

പിന്നേയ്...ആ ചിതലു പറഞ്ഞത്... ഇനിക്രമാലന്യജനംഗ്രഹിച്ചാല്‍ തനിക്കു കുറ്റം വരുമെന്നു ദോഷം...

Lipi Ranju said...

"എന്‍റെ ശിവനേ, ഇതേതോ കൂടിയ ഇനമാണല്ലോ!!" :D

Rakesh KN / Vandipranthan said...

സൂപ്പർ!

കുഞ്ഞൂസ് (Kunjuss) said...

ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന പോസ്റ്റ്‌., പക്ഷേ, നമ്മള്‍ 'പൊതുജനം എന്ന കഴുത' യാണല്ലോ...അതിനാല്‍ ചിന്തിക്കില്ലെന്നും മാറി മാറി ഓരോരുത്തരെയും ജയിപ്പിക്കുമെന്നും അറിയാവുന്നതിനാല്‍ കളി തുടരുന്നു....

Arun Kumar Pillai said...

അരുൺ ചേട്ടാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാ.........ഹി ഹി ഹി ഹ ഹ ഹ ഹു ഹു ഹൊ ഹ ഹാ

inchikunnan said...

polappan...

നികു കേച്ചേരി said...

വോട്ട് ചോദിക്കാൻ പോയപ്പോൾ ഈ അങ്കം....
അപ്പോ വോട്ട് ചെയ്യാൻ പോയാലോ...(ശരിക്കും വായിക്കണേ}

പഞ്ചാരകുട്ടന്‍ -malarvadiclub said...

അണ്ണനെ സമ്മതിച്ചിരിക്കുന്നു മെഴുകുതിരിയും കത്തിച്ച് പിടിച്ച് വേട്ടക്കിറങ്ങിയതിന് .........അപാര ധൈര്യം തന്നെ

hi said...

ഇലക്ഷൻ കഴിഞ്ഞ് പിന്നീടെപ്പോഴെങ്കിലും സരസൂന്റെ വീട്ടിൽ പോയിരുന്നോ ?

അല്ല വോട്ട് ചെയ്തതിനു നന്ദി പറയാൻ എന്നാണു ഞാൻ ഉദ്ദേശിച്ചത്.
:)

ചെലക്കാണ്ട് പോടാ said...

കള്ളചേട്ടാ ഇതായിരുന്നല്ലേ എടപാട്...

CommonMan said...

പാതിരാത്രി ആയാലും സരസൂന്‍റെ വീട്ടില്‍ തലയില്‍ മുണ്ടിട്ടാ എല്ലാവരും പോകുന്നത്.അവിടെ മെഴുകുതിരി കത്തിച്ച് പിടിച്ച് പോകാനുള്ള ധൈര്യം നിനക്ക് മാത്രമേയുള്ളു

-Superb

AnaamikA said...

hahaha....superb!!

Rare Rose said...

കൊള്ളാം.:D

Arunkumar Vamadevan said...

Really superb....you are rocking......

santhi said...

Super post....... :) :) like it...

Muralee Mukundan , ബിലാത്തിപട്ടണം said...

സുഖമമായ നർമ്മരസത്തോടെ വായിച്ചു..കേട്ടൊ അരുൺ

ഹാപ്പി ബാച്ചിലേഴ്സ് said...

ഇലക്ഷൻ കാലത്ത് കറക്ടായി തമാശയിൽ പൊതിഞ്ഞ കാര്യമുള്ള ഒരു പോസ്റ്റ്. നന്നായി അരുണേട്ടാ..

Unknown said...

ചില ഇലക്ഷന്‍ സ്മരണകള്‍ ഞാന്‍ ന്റെ ബ്ലോഗില്‍ താങ്ങിയിട്ടുണ്ട് .

http://aralipoovukal.blogspot.com/2010/10/blog-post.html

http://aralipoovukal.blogspot.com/2010/10/blog-post_12.html

Prasanth B N said...

പുതിയ എഴുത്തൊന്നും കണ്ടില്ല ?

Typist | എഴുത്തുകാരി said...

പതിവുപോലെ രസകരം.

Anonymous said...

:)

krish | കൃഷ് said...

രാത്രിയിൽ മെഴുകുതിരിയും കത്തിച്ച് ചെന്ന സ്ഥിതിക്ക് ചുരുങ്ങിയത് സരസൂന്റെ വോട്ടെങ്കിലും കിട്ടിയേനെ. അതും കളഞ്ഞുകുളിച്ചു.

അല്ലാ, ചിഹ്നം കുടയായിരുന്നെങ്കിൽ അർദ്ധരാത്രിക്ക് കുടപിടിച്ച് പോകുമായിരുന്നോ.
ചിഹ്നം, കുന്തമോ, കുടമോ, അമ്പും വില്ലുമോ ആയിരുന്നെങ്കിൽ അതും കൊണ്ട് പോകുമായിരുന്നോ?
:)

Echmukutty said...

അതു ശരി, അപ്പോ അതാണ് കാര്യം! അരുൺ പറഞ്ഞത് സത്യമാ, നാട് നന്നാവത്തില്ല.

നല്ല നർമ്മമായിരുന്നു, രസിച്ച് വായിച്ചു. അഭിനന്ദനങ്ങൾ കേട്ടൊ.

ജയരാജ്‌മുരുക്കുംപുഴ said...

rasakaramayittundu...... abhinandanangal....

Unknown said...

:)

Naushu said...

പതിവുപോലെ രസകരം. ...
:)

അസീസ്‌ said...

തമാശയിലൂടെ കുറച്ചു കാര്യവും പറഞ്ഞു.
ആസ്വദിച്ചു തന്നെ വായിച്ചു...

ബൈജൂസ് said...

കലക്കി. അടുത്ത കുറിപ്പിനായി കാത്തിരിക്കുന്നു.

ഭായി said...

മെഴുക് തിരിയുമായി പോയ ഒന്നും രണ്ടും വീട്ടിലെ സംഭവങൾ...ഹെന്റമ്മച്ചീ ചിരിച്ച് ചിരിച്ച് മതിയായി...:)))
ഇത്രയും ചിരിപ്പിച്ചതിന് നന്ദി നന്ദി..!!

കൊച്ചു കൊച്ചീച്ചി said...

വണ്ടി ഈ സ്റ്റേഷനീന്ന് എപ്പഴാ പൂവ്വാ?

റാണിപ്രിയ said...

ശരിയാ ... സൂര്യന് എന്തിനാ മെഴുകുതിരി!!??

ഹ ഹ ഹ!!!

ബഷീർ said...

എന്നാലും അത് വേണ്ടായിരുന്നു !!

പുതിയ ഓഫീസിലിരുന്ന് കൂടുതല്‍ ചിരിക്കാന്‍ നിര്‍‌വാഹമില്ല :‌)

Arjun Bhaskaran said...

kalakki machoo..

വിനീഷ് said...

അടിപൊളി. Enjoyed/Enjoying a lot.

Rashid said...

സത്യത്തില്‍ സരസുവിനു എന്തിനാ മെഴുകുതിരി???

Jenish said...

ഈ സരസൂന്റെ വീട്ടില്‍ പോയ കാര്യം ഭാര്യയ്ക്കറിയില്ലേ!! :)

Arun Soman said...

മുത്തെ കലക്കി... പണ്ട് പോലീസ് കാരനോട് KITP എഞ്ചിനീയര്‍ ആണെന്ന് പറഞ്ഞ ആയ കഥ കൂടെ ഒന്ന് പറ :)

Anonymous said...

y r u repeating post :( sad

Anonymous said...

Please do not re-post old ones

Unknown said...

നന്നായി

Anonymous said...

ohh ann purath neeyarunnalle??? Sarasu...

ഇലക്ട്രോണിക്സ് കേരളം said...

നമ്മുടെ ചിന്നം സിന്ദാബാദ്‌

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com