വാര്‍ഷിക പോസ്റ്റ്...

ഈ മൂന്നാം വാര്‍ഷികത്തില്‍ പ്രിയസ്നേഹിതര്‍ക്കായി ഒരു പുതിയ കഥ...
സംഭവം ക്ലാസിക്കാണ്.
വീട്ടില്‍ പോകണം, മോളേ കളിപ്പിച്ച് രണ്ട് ദിവസം തള്ളി നീക്കണം, തിരിച്ച് വരണം.ഈ കഴിഞ്ഞ വെള്ളിയാഴ്ച ബാംഗ്ലൂരില്‍ നിന്ന് നാട്ടിലേക്ക് പോയപ്പോള്‍ എന്റെ മനസ്സില്‍ ഈയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു, ശനിയാഴ്ച രാവിലെ കുളിച്ചൊരുങ്ങി അമ്പലത്തില്‍ പോകുന്നത് വരെ...
അന്ന് അമ്പലത്തില്‍ തൊഴുത് തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോഴാണ് പാമ്പ് ശൂളം കുത്തുന്ന പോലെ ഒരു ശബ്ദം കേട്ടത്...
'ശൂ..ശൂ...ശൂ...'
തിരിഞ്ഞ് നോക്കി, നിറഞ്ഞ ചിരിയുമായി കുമാരന്.
"എടാ മനു, നീ ഇങ്ങ് വന്നേ?" എന്തോ രഹസ്യമാ.
അടുത്തേക്ക് ചെന്ന എന്നോടവന് പറഞ്ഞു:
"നീയറിഞ്ഞോ, സരോജയില്‍ മറ്റത് വന്നിട്ടുണ്ട്"
സരോജ (പേര് സാങ്കല്പ്പികം) ഞങ്ങളുടെ ഗ്രാമത്തിനടുത്തുള്ള പട്ടണത്തിലെ പ്രസിദ്ധമായ തീയറ്ററാണ്, അവിടെ എന്ത് വന്നെന്ന്??
എന്റെ സംശയത്തിനു മറുപടി എന്ന പോലെ അവന് പറഞ്ഞു:
"എടാ മറ്റേത്, രതിനിര്‍വ്വേദം, നമ്മടെ ശ്വേത..."
അയ്യേ, ഇച്ഛീച്ഛി!!!
ആരെങ്കിലും കേട്ടോന്നറിയാന്‍ ഞാന്‍ ചുറ്റും നോക്കി, ഭാഗ്യം ആരുമില്ല.പരിസരത്ത് ഞാനും കുമാരനും മാത്രമേ ഉള്ളെന്ന് ഉറപ്പായപ്പോള്‍ അറിയാതെ ചോദിച്ചു:
"സത്യം?"
സത്യം, പരമമായ സത്യം!!!
സരോജയില്‍ ഇന്നലെ മുതല്‍ നാല് ഷോ...
രതിനിർവ്വേദം!!!
കുറച്ച് ചരിത്രം...
പത്മരാജന്റെ 'പാമ്പ്' എന്ന നോവൽ ഒരിക്കല്‍ കേരളശബ്ദം വാരികയിൽ "രതിനിർവ്വേദം" എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ആ കഥ പിന്നീട് രതിനിര്‍വ്വേദം എന്ന പേരില്‍ തന്നെ മലയാളത്തിലെ ഒരു ക്ലാസിക്ക് സിനിമയായി രൂപം കൊണ്ടു.നിർവ്വേദം എന്നാല്‍ ദു:ഖം എന്നര്‍ത്ഥം.കഥയുടെ അന്ത്യം രതിയെന്ന വികാരം ദു:ഖത്തിലേക്ക് മാറിയപ്പോള്‍ രതിനിര്‍വ്വേദം സൂപ്പര്‍ഹിറ്റായി.രതിയായി ജയഭാരതി തകര്‍ത്ത് അഭിനയിച്ച ആ ചിത്രം മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന് ഭരതനായിരുന്നു അണിയിച്ചൊരുക്കിയത്.
വര്‍ഷങ്ങള്‍ കഴിഞ്ഞു...
അതേ കഥ, കാലഘട്ടത്തിന്റെ മാറ്റങ്ങളുമായി രാജീവ് കുമാര്‍ വീണ്ടും അണിയിച്ചൊരുക്കി.ഇവിടെ രതിയായി അഭിനയിക്കുന്നത് ശ്വേതാമേനോനാണ്.മലയാളികളുടെ മനസ്സില്‍ തീയും കുളിരും കോരിയിടുവാന്‍ വീണ്ടും ഒരു മലയാള സിനിമ.അത് ഞങ്ങളുടെ നാട്ടിലും റിലീസായിരിക്കുന്നു...
സരോജയില്‍ ഇന്നലെ മുതല്‍ നാല് ഷോ...
രതിനിർവ്വേദം.
ടം ഡ ഡേ!!!!
ആല്‍ത്തറയില്‍ മൂന്ന് പേര്...
ഞാനും, കുമാരനും, സുഗുണനും.
സംസാരത്തിനു തുടക്കമിട്ടത് കുമാരനായിരുന്നു:
"ഈ സിനിമ കാണണമെടാ, അല്ലേല്‍ വന്‍ നഷ്ടമാ"
അത് ശരിയാ!!!
"അണ്ണന് പഴയത് കണ്ടിട്ടുണ്ടോ?" സുഗുണന്.
"ഇല്ല"
"അയ്യോ അണ്ണാ അത് ക്ലാസിക്കാ, ക്ലാസിക്ക്"
"നീ കണ്ടിട്ടുണ്ടോ?"
"ഇല്ല"
"പിന്നെ നിനക്കെങ്ങനറിയാം അത് ക്ലാസിക്കാണെന്ന്?"
"അത് ഞാന്‍ ഫോട്ടോ കണ്ടിട്ടുണ്ട്"
ഓഹോ....
അറിയാതെ ചോദിച്ച് പോയി:
"അല്ല സുഗുണാ, ഈ ക്ലാസിക്ക്..ക്ലാസിക്ക് എന്ന് പറയുമ്പോള്‍ നീ എന്തുവാ ഉദ്ദേശിക്കുന്നത്?"
അവനു ആകെ ഒരു പരുങ്ങല്..
"അത് പിന്നെ...അത് തന്നെ..മറ്റേത്.. ക്ലാസിക്ക്"
കര്‍ത്താവേ!!!
ഈ പ്രോഗ്രാം എന്തായി തീരുമോ എന്തോ??
ഒടുവില്‍ മാറ്റിനിക്ക് പോകാന്‍ തീരുമാനമായി, അങ്ങനെ ഊണ് കഴിഞ്ഞപ്പോള്‍ പതിയെ ഞാന്‍ ഒരുങ്ങി പുറത്തേക്കിറങ്ങി...
"അല്ല, ഈ നട്ടുച്ചക്ക് എങ്ങോട്ടാ?" ഭാര്യയുടെ സ്വരം.
എന്ത് പറയും??
ഒരു നിമിഷത്തെ ആലോചനക്ക് ശേഷം മുഖത്ത് ഒരു ദേഷ്യഭാവം വരുത്തി, സ്വരം കടുപ്പിച്ച് ചോദിച്ചു:
"ഒരു നല്ല കാര്യത്തിനു ഇറങ്ങുമ്പോള്‍ പുറകിനു വിളിക്കരുതെന്ന് പറഞ്ഞിട്ടില്ലേ?"
അവളുടെ മുഖത്ത് ആകെ വിഷമം.
സമാധാനിപ്പിക്കാനായി ഒരു കള്ളം പറഞ്ഞു:
"മാവേലിക്കര വരെ പോകുവാ, അവിടെ എന്റെയൊരു കൂട്ടുകാരന്റെ അച്ഛന് സീരിയസ്സായി കിടക്കുന്നു"
"ഇതാണോ നല്ല കാര്യം?" അവളുടെ ചോദ്യം.
ശ്ശെടാ.
പറയാന്‍ മറുപടിയില്ലാത്തതിനാല്‍ മിണ്ടാതെ പുറത്തേക്ക് നടന്നു...
തീയറ്ററിന്റെ ഓപ്പസിറ്റ് ബസ്സിറങ്ങുന്ന വരെ ഒരു പ്രശ്നവുമില്ലായിരുന്നു, എന്നാല്‍ ബസ്സിറങ്ങി മുമ്പോട്ട് നോക്കിയപ്പോള്‍ തീയറ്ററിനു സൈഡിലായി പല രൂപത്തിലും ഭാവത്തിലുമുള്ള നായികയുടെ പോസ്റ്ററ് കണ്ടതോടെ ആകെ ഒരു അങ്കലാപ്പ്...
ഈ സിനിമക്ക് കയറുന്നത് ആരെങ്കിലും കണ്ടാലോ??
അയ്യേ, പിന്നേം ഇച്ഛീച്ഛി!!!
കാര്യം കേട്ടപ്പോള്‍ കുമാരന് ചോദിച്ചു:
"എടാ എനിക്ക് എത്ര കൊച്ചുങ്ങളുണ്ടെന്ന് അറിയാമോ?"
"ഞാന്‍ അറിഞ്ഞു മൂന്ന് പിള്ളേര്"
"ഹാ, നീ അറിഞ്ഞ് മാത്രമല്ല, ഇപ്പോഴും ആ മൂന്നേ ഉള്ളു, നിനക്കോ?"
"എനിക്കൊരു പെണ്കുട്ടിയാ"
"എടാ നമ്മള് കെട്ടി കൊച്ചുങ്ങളുമായി, ഇനി ആരാ ചോദിക്കാന്‍"
അത് സത്യമാ.
ധൈര്യത്തെ കയറാന്‍ പോയപ്പോള്‍ പിന്നില്‍ നിന്ന് സുഗുണന്:
"അയ്യോ അണ്ണാ എനിക്ക് കൊച്ചുങ്ങളായില്ല"
"അതെന്താ?"
"ഞാന്‍ കല്യാണം കഴിച്ചിട്ടില്ല"
ടു ഹരിഹര്‍ നഗറിലെ ജഗദീഷിന്റെ വാചകമാ ഓര്‍മ്മ വന്നത്...
മറുപടി തൃപ്തികരമല്ല!!!
പറഞ്ഞില്ല, പകരം അവനെ ആശ്വസിപ്പിച്ചു:
"കുഴപ്പമില്ലടാ, ഭാവിയില്‍ നീയും കല്യാണം കഴിക്കും, നിനക്കും കുട്ടികള്‍ ജനിക്കും, അത് കൊണ്ട് ഈ പടം നിനക്കും കാണാം"
ധൈര്യപൂര്‍വ്വം മൂവര്‍ സംഘം തീയറ്ററിനു നേരെ...
തീയറ്ററിലോട്ട് കയറുന്നതിനു മുന്നേ പിന്നില്‍ നിന്നൊരു വിളി..
"മനുവല്ലേ?"
ഹേയ് അല്ല, ഞാന്‍ മനുവല്ല, എന്ന മുഖഭാവത്തില്‍ പതിയെ തിരിഞ്ഞു.ഒരു നാല്‍പ്പത് വയസ്സ് തോന്നിക്കുന്ന ചുള്ളന്, ആരാണോ ആവോ?
"മനുവിനെന്നെ മനസിലായോ?"
"ഇല്ല"
"ഞാന്‍ സുരേന്ദ്രന്, മനുവിന്റെ ഭാര്യ ഗായത്രിയുടെ വീടിനടുത്താ എന്റെ വീട്.നമ്മള് നേരത്തെ കണ്ടിട്ടുണ്ട്, ഓര്‍മ്മയില്ലേ?"
കുരിശ്.
എന്ത് പറയണമെന്നറിയാതെ അന്തം വിട്ട് നിന്നപ്പോള്‍, തീയറ്ററിലേക്കുള്ള എന്റെ കാലിന്റെ പൊസിഷനും, തീയറ്ററിനു മുകളിലുള്ള പോസ്റ്ററിലെ ശ്വേതയുടെ പൊസിഷനും നോക്കിയട്ട് സുരേന്ദ്രനൊരു ചോദ്യം:
"മറ്റേത് കാണാന്‍ പോകുവാ അല്ലെ?"
ഛേ, സുരേന്ദ്രന് തെറ്റിദ്ധരിച്ചിരിക്കുന്നു!!!
വിശദമാക്കി കൊടുത്തു:
"അയ്യോ ചേട്ടാ ഇത് ക്ലാസിക്കാ"
ഞാന്‍ പറഞ്ഞത് മനസിലായ പോലെ അയാള്‍ പോസ്റ്ററില്‍ നോക്കി ഒന്ന് നിര്‍വൃതിയടഞ്ഞു, എന്നിട്ടൊരു ചോദ്യം:
"എന്നാ ഗായത്രിയെ കൂടി കൂട്ടാമായിരുന്നില്ലേ?"
ഗായത്രിയെ മാത്രമല്ല, അച്ഛനെയും അമ്മയേയും കൂടി കൊണ്ട് വരാന്‍ പ്ലാനുണ്ടായിരുന്നെന്ന് പറയാന്‍ പോയപ്പോഴാണ് ഒരു മുപ്പത്തഞ്ച് വയസ്സ് പ്രായമായ ഒരു സ്ത്രീ ഞങ്ങളുടെ അടുത്തേക്ക് വന്നത്.സുരേന്ദ്രന് അവരെ പരിചയപ്പെടുത്തി തന്നു...
"ഇതെന്റെ ഭാര്യ വത്സല..."
തുടര്‍ന്ന് അവരോട് :
"നിനക്ക് മനസിലായോ ഇത് ആരാണെന്ന്?"
"പിന്നെ, മനുവെന്താ ഇവിടെ?" അവരുടെ ചോദ്യം.
എന്ത് പറയണമെന്ന് ആലോചിച്ച് നിന്ന എന്നെ സുരേന്ദ്രന് സഹായിച്ചു:
"മനു രതിനിര്‍വ്വേദം കാണാന്‍ വന്നതാ"
ഠോ!!!
ചേച്ചിയുടെ മുഖത്തെ ചിരി മാഞ്ഞു.വെപ്രാളത്തിനു എന്റെ മുന്നില്‍ നിന്ന് നടന്ന് നീങ്ങുന്ന കൂട്ടത്തില്‍ അവര്‍ സുരേന്ദ്രനെ വിളിക്കുന്നുണ്ടായിരുന്നു...
"എന്റെ മനുഷ്യാ, അവിടെ വായി നോക്കി നില്‍ക്കാതെ ഒന്ന് വരുന്നുണ്ടോ"
'എന്ജോയ് ചെയ്യ്' എന്നൊരു ഉപദേശം എനിക്ക് നല്കി സുരേന്ദ്രന് നടന്ന് നീങ്ങി, തല കറങ്ങിയട്ടാണോ അതോ ബോധം പോയിട്ടാണോന്ന് അറിയില്ല, ഞാന്‍ പതിയെ നിലത്തേക്കിരുന്നു..
"എടാ കുമാരാ, ഞാന്‍ വരുന്നില്ല" ഞാന്‍ എന്റെ നയം വ്യക്തമാക്കി.
"എന്റെ മനു, എന്തായാലും നനഞ്ഞു, ഇനി കുളിച്ച് കയറാം, നീ വാ" കുമാരന്റെ ഉപദേശം.
അങ്ങനെ ഞങ്ങള്‍ മൂന്നു പേരും തീയറ്ററിലേക്ക് കയറി.സൂപ്പര്‍സ്റ്റാറുകളുടെ പടത്തിലെ വെല്ലുന്ന തിരക്ക്.ടിക്കറ്റ് എടുക്കാന്നായി കുമാരനും സുഗുണനും ക്യൂവില്‍ കയറി.ഞാനാണെങ്കില്‍ ഈ പടം കാണാന്‍ വന്നതല്ല, വെറുതെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ വന്നതാണ് എന്ന ഭാവത്തില്‍ ചുറ്റുമുള്ള തെങ്ങിന്റെയും മാവിന്റെയും കൊമ്പത്തോട്ട് ദൃഷ്ടി മാറ്റി മാറ്റി നോക്കി...
മാവേല് വരെ പോസ്റ്ററുകള്‍!!!
ശ്വേതാ മേനോന് അരകല്ലിനു അടുത്ത് നിന്ന് അരക്കുന്ന പോസ്റ്ററുകളാണ് എല്ലായിടവും.വെറുതെ ഒരു പോസ്റ്ററില്‍ നോക്കിയപ്പോള്‍ അടുത്ത് നിന്ന കിളവനൊരു സംശയം...
"മോനെന്തുവാ നോക്കുന്നത്?"
ചോദ്യം കേട്ടില്ലെന്ന് നടിച്ചു.
"അല്ല മോനേ, മോനെന്തുവാ നോക്കുന്നത്?" വീണ്ടും.
"അരക്കുന്നത് ചമ്മന്തിക്കാണോ അതോ സാമ്പാറിനാണൊന്ന് നോക്കുവാ" മറുപടി നല്കി.
മറുപടി ദഹിച്ചിട്ടാകണം, കുറേനേരം ആ പോസ്റ്ററില്‍ നോക്കിയട്ട് കിളവന്:
"പണ്ട് ജയഭാരതിയായിരുന്നു, ഇപ്പോ പുതിയ പിള്ളേരാ, ഇത് ഏതാ?"
"ഇത് ശ്വേതാ"
"ഏതാ?"
"ശ്വേതാ"
"ഏതാന്ന്?"
"ശ്വേതാന്ന്"
"ഞാന്‍ ഏതാന്ന് ചോദിക്കുമ്പോ, നീ ഏതാന്ന് എന്നോട് ചോദിക്കുന്നോ? നിന്റെ അപ്പനോടാണെങ്കില്‍ നീ ഇങ്ങനെ ചോദിക്കുമോടാ?"
ങ്ങേ!!!
ഇതെന്ത് കുരിശ്??
ഞാന്‍ 'ശ്വേതാന്ന്' പറഞ്ഞത് ഇങ്ങേര് 'ഏതാന്ന്' ആണോ കേട്ടത്??
അന്തം വിട്ട് നിന്ന എന്നെ രൂക്ഷമായി നോക്കിയട്ട് കിളവന് നടന്ന് പോയി...
ഒടുവില്‍ ടിക്കറ്റുമായി കുമാരന് വന്നു, രക്ഷപ്പെട്ടെന്ന് കരുതി അകത്തേക്ക് കയറാന്‍ പോയപ്പോള്‍ മുന്നില്‍ പൊട്ടി വീണ പോലെ കുറുപ്പ് സാറ്.പഴയ കണക്ക് മാഷാണ്, ഈയൊരു അവസരത്തില്‍ ബഹുമാനം കാണിക്കണോ വേണ്ടായോന്ന് സംശയം, ഒടുവില്‍ പറഞ്ഞു:
"ഗുഡാഫ്റ്റര്‍ നൂണ് സാര്‍"
"നീയെന്താ ഇവിടെ?"
ഒരു ചായ കുടിക്കാന്‍ വന്നതാ!!
വായില്‍ തികട്ടി വന്ന മറുപടി വിഴുങ്ങി, ഒരു വിധം പറഞ്ഞ് ഒപ്പിച്ചു:
"ഈ പടം കാണാന്‍..."
"ഉം..!!" സാറൊന്ന് ഇരുത്തി മൂളി.
"അല്ല, സാറെന്താ ഇവിടെ?"
"ഈ പടത്തിലെ പയ്യന് എന്റെ ഒരു സ്റ്റുഡന്റാ, അവന്റെ അഭിനയം കാണാന്‍ വന്നതാ"
അമ്പട പുളുസ്സൂ!!!
ശ്വേതാ മേനോനെ കാണാനോ, അതുപോലെ പടം ക്ലാസിക്കാണെന്ന് അറിഞ്ഞിട്ട് കാണാനോ വന്നതല്ല.സ്റ്റുഡന്റിന്റെ അഭിനയം മാത്രം കാണാന്‍ വന്നതാ പോലും, ഗ്രേറ്റ്.
കൂടുതല്‍ പരിക്കൊന്നുമില്ലാതെ പടം കണ്ടു.തിരികെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ചോദിച്ചു:
"സുഹൃത്തിന്റെ അച്ഛനു എങ്ങനുണ്ട്"
വിഷമഭാവം മുഖത്ത് വരുത്തി പറഞ്ഞു:
"അങ്ങേര് ചത്ത് പോയി"
"അത് കൊണ്ടായിരിക്കും വേണ്ടാത്ത പടമൊക്കെ കാണാന്‍ പോയത്?"
കടവുളേ, വത്സല ചതിച്ചോ??
മിണ്ടാതെ നിന്ന എന്നോട് അവളൊരു ചോദ്യം:
"ഒരു കൊച്ചൊക്കെ ആയില്ലേ, നിങ്ങക്ക് നാണമില്ലേ?"
"എടീ സംഭവം ക്ലാസിക്കാ"
"അയ്യേ, കണ്ടതും പോരാ ഇപ്പോ അത് ക്ലാസിക്കാണെന്ന്"
ശ്ശെടാ!!!
എന്ത് പറയും??
ഒന്നും വേണ്ടി വന്നില്ല, ഈ ഡയലോഗ് പറഞ്ഞിട്ട് മോളെ എടുത്ത് അവള് അകത്തേക്ക് പോയി.പുറകിനു അകത്തേക്ക് കയറിയ എനിക്ക് മറ്റുള്ളവരുടെ നോട്ടം കണ്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി, സിനിമകാര്യം എല്ലാവരും അറിഞ്ഞിരിക്കുന്നു, ഗ്രേറ്റ്.ഇനി എനിക്ക് ഒന്നും നോക്കാനില്ല, ആരു ചോദിച്ചാലും ഞാന്‍ പറയും...
സംഭവം ക്ലാസിക്കാണ്.