
"മാതാ പിതാ ഗുരുര്‍ ദൈവം"
മാതാവിനെയും പിതാവിനെയും ഗുരുവിനെയും ദൈവമായി കാണുന്ന ഭാരതം.
എന്നാല്‍ ഇപ്പോള്‍ ഈ ഗുരുക്കന്മാരെ ആരും വില കല്പിക്കാറില്ല.
എന്താണ് അതിനു കാരണം?
പഴയ ഗുരുകുല വിദ്യാഭ്യാസത്തില്‍ നിന്നും മാറിയ പുതിയ വിദ്യാഭ്യാസ രീതിയോ?
അതേ എന്നാണ് എന്റെ മറുപടി...
ഗുരുശിഷ്യ ബന്ധം ഗുരുകുലത്തില്‍ നിന്നും സ്ക്കുളുകളിലേക്ക് മാറിയപ്പോള്‍ കുട്ടികളെ ഓടിച്ചിട്ട് പിടിക്കേണ്ട ഗതികേടിലായി അധ്യാപകര്‍.
കുട്ടികളുടെ തല എണ്ണാന്‍ വരുമ്പോള്‍ എണ്ണം തികയാന്‍, തങ്ങളുടെ ജോലി സ്ഥിരമാക്കാന്‍, മെയ് മാസത്തില്‍, അതായത് മലയാളത്തിലെ ഇടവമാസ വേളയില്‍, ഇറങ്ങി തിരിക്കേണ്ട ഗതികേടിലാണ് ഇന്നവര്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ഇടവമാസത്തില്‍ അങ്ങനെ ഇറങ്ങി തിരിച്ച നാല് അധ്യാപകരില്‍ എന്റെ അമ്മയും ഒരാളായിരുന്നു.ഒരു മൂന്നാം ക്ലാസ്സ്കാരനായ എന്നെ ഒക്കത്ത് വെച്ചു കൊണ്ടായിരുന്നു അമ്മ സഹപ്രവര്‍ത്തകരോടൊപ്പം തങ്ങളുടെ സ്ക്കുളിനു വേണ്ടി കുട്ടികളെ പിടിക്കാന്‍ ഇറങ്ങിയത്.
വലിയ ഒരു വീട്, അതിന്റെ ഗേറ്റില്‍ ഒരു ബോര്‍ഡും,
'പട്ടിയുണ്ട്, സൂക്ഷിക്കുക'
ആ ബോര്‍ഡ് കണ്ട് പേടിച്ച് വഴിയില്‍ നിന്ന ഞങ്ങളോട്, ആ വീട്ടില്‍ നിന്ന ഒരു സ്ത്രീ വിളിച്ച് ചോദിച്ചു:
"എന്തേയ്?"
പട്ടിയുണ്ടെങ്കിലെന്താ, വീടിന്റെ കോമ്പൌണ്ടില്‍ കയറിയാലെല്ലേ പ്രശ്നമുള്ളു.അത്കൊണ്ട് തന്നെ വെളിയില്‍ നിന്ന ഞങ്ങളുടെ ഇടയില്‍ നിന്നും അറബി സാര്‍ വിളിച്ച് ചോദിച്ചു:
"ഈ ബോര്‍ഡ് കണ്ടാ കേറാത്തെ, ഇവിടെ കുട്ടിയുണ്ടോ?"
ഒരു നാല് യോഗ്യരായ ആള്ക്കാര് വന്ന് പട്ടിയുണ്ട് എന്ന ബോര്‍ഡ് കണ്ടിട്ട്, കുട്ടിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍, പട്ടികുട്ടിയെയാ ഉദ്ദേശിച്ചത് എന്ന് കരുതിയാകണം അവര്‍ മറുപടി പറഞ്ഞു:
"തീര്‍ന്നു പോയി, അടുത്ത പ്രസവത്തിനു തരാം"
കര്‍ത്താവേ!!!
ഇവരാര്??
സ്വന്തമായി പ്രസവ യൂണിറ്റ് ഉള്ള സ്ത്രീയോ?
അടിക്കടി പ്രസവിക്കുമത്രേ!!
എന്ത് തന്നെയായാലും അടുത്ത പ്രസവത്തിനു അവരുടെ പത്ത് മക്കളെയെങ്കിലും തങ്ങളുടെ സ്ക്കുളില് ചേര്‍ക്കണമെന്ന് നാല് അധ്യാപകരും കൂടി തീരുമാനിച്ചു.'അന്ന ദാതാവ്' എന്ന് പറയുന്ന പോലെ 'കുഞ്ഞ് ദാതാവായ' ആ സ്ത്രീയെ നോക്കി ഒന്ന് ചിരിച്ച് കാട്ടിയിട്ട് ഞങ്ങള്‍ അടുത്ത വീട്ടിലേക്ക് നടന്നു.
രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതാ, സ്ക്കൂളിലോട്ട് വരുന്ന വഴി ഒരു കടയില്‍ നിന്നും അമ്മ മസാലദോശ വാങ്ങി തന്നാരുന്നു.സത്യം പറയാമല്ലോ, മസാല ദോശ എനിക്ക് ഒരു വീക്ക്നെസ്സാ.ഒന്നും രണ്ടുമല്ല, മൂന്നെണ്ണമാ തട്ടിയത്.അത് കഴിഞ്ഞാണ് അമ്മയുടെ ഒക്കത്ത് ഇരുന്നുള്ള ഈ ഊരു തെണ്ടല്.അതും പോകുന്ന വീട്ടില്‍ നിന്നെല്ലാം മാങ്ങ, ചക്ക ഇത്യാദി വിഭവങ്ങള്‍ വേറെ.സ്വന്തം വയറാണെന്ന് കരുതാതെ എല്ലാം അകത്താക്കിയതിനാല്‍ വയറ് കേറി അങ്ങ് വീര്‍ത്തു.
സമയം ഉച്ച ആകാറായി...
എനിക്ക് ഒരു തളര്‍ച്ച പോലെ, ശര്‍ദ്ദിക്കണം എന്നൊരു തോന്നല്‍.ഒടുവില്‍ അത് സംഭവിച്ചു, നല്ല രീതിയിലൊന്ന് ശര്‍ദ്ദിച്ചു.ആ സംഭവം അധ്യാപകരുടെ കുട്ടിയെ തേടിയുള്ള നടപ്പിനു ഒരു വിഘാതമായി.വയ്യാതിരിക്കുന്ന എന്നെ ചുമന്നോണ്ട് നടക്കാനോ, വഴിയിലിട്ടട്ട് പോകാനോ പറ്റില്ല.സ്ക്കുള് തുറക്കാറായതിനാല്‍ കുട്ടികളെ തപ്പി നടന്നേ പറ്റു.
ഇനി എന്ത് ചെയ്യും?
ഒടുവില്‍ ഇതിനവര്‍ കണ്ട് പിടിച്ച പരിഹാരമാണ് എന്നെ മീനാക്ഷിയമ്മയുടെ അടുത്ത് ഇരുത്താനുള്ള തീരുമാനം.
അത് ഞാനും സമ്മതിച്ചു.
മീനാക്ഷിയമ്മ..
ഒരു അറുപത് വയസ്സിനു മേല്‍ പ്രായം.അവരുടെ വീട്ടില്‍ എപ്പോഴും ആറേഴ് പെണ്ണുങ്ങള് കാണും.വെറുതെ നാട്ട് വിശേഷം പറഞ്ഞിരിക്കാന്‍ മാത്രമല്ല കേട്ടോ, ഒരു ഗ്രൂപ്പായി ഇരുന്ന് ചകിരി പിരിച്ച് കയര്‍ ഉണ്ടാക്കുന്നതാണ് ഇവരുടെ തൊഴില്‍.എനിക്ക് അവിടെയിരിക്കുന്നത് വലിയ ഇഷ്ടമാ, കാരണം ടീച്ചറിന്റെ മോന് എന്ന പരിഗണനയുണ്ട്.അവര്‍ ജോലി ചെയ്യുന്നതും കണ്ട്, നാട്ട് വിശേഷങ്ങള്‍ പറയുന്നതും കേട്ട്, വെറുതെ ഇരുന്നു കൊടുത്താല്‍ മതി.
അന്നും അവര്‍ എന്നെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.പതിവു പോലെ എന്നെ ഒരു സൈഡില്‍ ഇരുത്തിയിട്ട് ജോലിയോടൊപ്പം അവര്‍ ചര്‍ച്ചയും തുടങ്ങി.
ചര്‍ച്ചാവിഷയം: സ്ക്കുളുകളില്‍ കുട്ടികള്‍ കുറയാന്‍ കാരണം.
ഇത് കലിയുഗമാണത്രേ!!!
പഴയ പോലെ കുട്ടികള്‍ ഉണ്ടാവില്ല പോലും.
പണ്ടൊക്കെ ദിവസവും രാവിലെ ഉറക്കം ഉണരുന്നത് എവിടെങ്കിലും ഒരു കുഞ്ഞ് ജനിച്ചു എന്ന് കേട്ടാണന്നും, ഇന്ന് വല്ലപ്പോഴുമാണ് ആ വാര്‍ത്ത കേള്‍ക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.പിന്നീട് പ്രസവത്തെ കുറിച്ചായി ചര്‍ച്ച.രാധിക, ശാരദ, മേനക എന്നിങ്ങനെ പ്രസവിക്കാന്‍ തയ്യാറായി നില്ക്കുന്ന ഒരു കൂട്ടം ഗര്‍ഭിണികളെ പുകഴ്ത്തി കൊണ്ട് അവര്‍ ആ ചര്‍ച്ച അവസാനിപ്പിച്ചു.
ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തില്ലെങ്കിലും, അത് കേട്ടിരുന്ന എനിക്ക് കുറേ പ്രധാന കാര്യങ്ങള്‍ മനസ്സിലായി.സ്ക്കുളില് കുട്ടികളെ വേണമെങ്കില്‍ ആദ്യം അവരെ പ്രസവിക്കണം, ഇത് ഗര്‍ഭിണികളുടെ ജോലിയാണ്.അവര്‍ക്ക് മാത്രമേ ഇത്തരം ഒരു കര്‍മ്മം നിര്‍വ്വഹിക്കാന്‍ കഴിയൂ.
ഹോ, എത്ര മഹത്തായ അറിവുകള്‍!!
ഈ അറിവുകള്‍ അയവിറക്കി കൊണ്ടിരുന്നപ്പോഴാണ് എന്റെ മനസ്സില്‍ ഒരു സംശയം പൊന്തി വന്നത്, ഞാനത് മീനാക്ഷിയമ്മയോട് തുറന്ന് ചോദിക്കുകയും ചെയ്തു:
"ഗര്‍ഭിണികളെ എങ്ങനെ തിരിച്ചറിയാം?"
എ വെരി ഇന്റലിജന്റ് ക്വസ്റ്റ്യന്‍!!
മീനാക്ഷിയമ്മ അടക്കമുള്ള മഹിളാമണികള്‍ ഇത് കേട്ട് ഒന്ന് ഞെട്ടി.
കൊച്ച് വായില്‍ നിന്നും വന്ന ചോദ്യം കേട്ടില്ലേ?
ഇനി എന്ത് മറുപടി പറയും?
ഒടുവില്‍ ഗര്‍ഭിണികളെ തിരിച്ചറിയാനുള്ള കുറേ കാരണങ്ങള്‍ സൂചിപ്പിച്ച് അവര്‍ തല ഊരി,
ഗര്‍ഭിണികളുടെ വയര്‍ വീര്‍ത്തിരിക്കുമത്രേ!!
മാത്രമല്ല അവര്‍ക്ക് മസാലദോശ, മാങ്ങാ ഇതൊക്കെ ഇഷ്ടമാണ് പോലും!!
മീനാക്ഷിയമ്മയുടെ ഈ മറുപടി കേട്ട് എനിക്ക് തലകറങ്ങുന്ന പോലെ തോന്നി.
ഇതൊക്കെ തന്നെയാ എന്റെയും പ്രശ്നം..
എനിക്കും മസാലദോശയും മാങ്ങയും ഇഷ്ടമാ, മാത്രമല്ല ഇപ്പോള്‍ എന്റെ വയറും വീര്‍ത്തിരിക്കുവാ..
എന്റെ പറശ്ശീനിക്കടവ് മുത്തപ്പാ!!!
ഇനി ഞാന്‍ ഗര്‍ഭിണിയാണോ???
തികച്ചും ന്യായമായ സംശയം!!
എങ്കില്‍ തന്നെയും എന്തും രണ്ട് വട്ടം ഉറപ്പിക്കണം എന്നല്ലേ, അത് കൊണ്ട് ഞാന്‍ ആരാഞ്ഞു:
"ഈ ഗര്‍ഭിണികള്‍ ശര്‍ദ്ദിക്കുമോ?"
കൊച്ച് കുഞ്ഞാണെങ്കിലും എന്തോരം അറിവാ എന്ന് കരുതിയാകണം എല്ലാവര്ക്കും അതിശയം, ഒടുവില്‍ മീനാക്ഷിയമ്മ വിശദീകരിച്ച് തന്നു:
"ശര്‍ദ്ദിക്കും, എന്ന് മാത്രമല്ല പ്രസവം വരെ നല്ല ക്ഷീണവും കാണും"
ആണോ??
അപ്പം ഞാന്‍ ഗര്‍ഭിണി തന്നെ!!!
എനിക്ക് ഉറപ്പായി.
എന്തായാലും ഗര്‍ഭിണീയാണെന്ന് ഉറപ്പായി.ഇനി ക്ഷീണവും ശര്‍ദ്ദിലും മാറണമെങ്കില്‍ പ്രസവിക്കണമത്രേ.വേറെ വഴി ഇല്ലല്ലോ, ഞാന്‍ മീനാക്ഷിയമ്മയോട് എന്റെ ആവശ്യം പറഞ്ഞു:
"എനിച്ച് പ്രസവിക്കണം"
എന്ത്??
മഹിളാമണികളുടെ കണ്ണ് തള്ളി!!
ഒരു മാങ്ങാ തിന്നാന്‍ പൂളി വായിലോട്ടിട്ട മീനാക്ഷിയമ്മ പെട്ടന്നുണ്ടായ ഷോക്കില്‍ വാ പോലും അടക്കാതെ എന്നെ അന്തം വിട്ട് നോക്കി.പിന്നീട് ബോധം വന്നപ്പോള്‍ വായില്‍ കിടന്ന ആ കഷ്ണം വിഴുങ്ങിയിട്ട്, തല ഒന്ന് വെട്ടിച്ച് ചോദിച്ചു:
"മോനെന്താ പറഞ്ഞത്?"
"എനിച്ച് പ്രസവിക്കണം" ഞാന്‍ എന്റെ നയം വ്യക്തമാക്കി.
മൊത്തത്തില്‍ ഒരു നിശബ്ദത.
ഒടുവില്‍ മീനാക്ഷിയമ്മ തന്നെ മൌനം ഭജ്ഞിച്ചു, അവര്‍ പറഞ്ഞു:
"മോനേ, പെണ്ണുങ്ങള് പത്ത് മാസം വയറ്റില്‍ ചുമന്നിട്ടാ പ്രസവിക്കുന്നത്"
അത് പെണ്ണുങ്ങള്..
ഞാന്‍ ആണ്കുട്ടിയല്ലേ?
ഞാന്‍ എന്തിനു പത്ത് മാസം ചുമക്കണം??
ഇങ്ങനെ ഒക്കെ ആലോചിച്ചപ്പോള്‍ പെട്ടന്നുണ്ടായ ദേഷ്യത്തില്‍ ഞാന്‍ പറഞ്ഞു:
"എനിച്ച് അത് പറ്റില്ല, ഇപ്പ പ്രസവിക്കണം"
കുരിശായി!!!
ഞാന്‍ അമ്പിനും വില്ലിനും അടുക്കില്ല എന്നവര്‍ക്ക് മനസ്സിലായി.എന്നെ ഒന്ന് പേടിപ്പിക്കാനായി അവരിലൊരാള്‍ പറഞ്ഞു:
"പത്ത് മാസം തികയാതെ പ്രസവിച്ചാല്‍ ചാപിള്ളയാകും"
സോ വാട്ട്??
ശങ്കരന് പിന്നെയും തെങ്ങേല് തന്നെ.
"എനിച്ച് പ്രസവിക്കണം"
ഒടുവില്‍ മീനാക്ഷിയമ്മ ഒരു കഷ്ണം മാങ്ങാ പൂളി തന്നിട്ട് പറഞ്ഞു:
"മോനിത് ചവച്ച് ഒന്ന് നീര് ഇറക്കിയേ.."
ഞാന്‍ അപ്രകാരം ചവച്ച് നീര് ഇറക്കിയിട്ട് പുള്ളിക്കാരത്തിയെ നോക്കി.
ഇനി എന്ത്?
"മോനത് തുപ്പി കള"
ഒറ്റ തുപ്പ്.
ഞാന്‍ ചവച്ച് തുപ്പിയ ആ അവശിഷ്ടം ചൂണ്ടി കാട്ടി മീനാക്ഷിയമ്മ പ്രഖ്യാപിച്ചു:
"മോന് പ്രസവിച്ചു, അതാ ചാപിള്ള"
ഓഹോ!!!
ഇതാണോ ചാപിള്ള??
അപ്പം പ്രസവം എന്നാല്‍ ഇതാണല്ലേ??
ഒരു കഷ്ണം മാങ്ങ എടുക്കുക, ചവക്കുക, തുപ്പുക.
എ വെരി സിംപിള്‍ പ്രോസസ്സ്!!!
ഇതിന് എന്തിനാണാവോ പത്ത് മാസം ചുമക്കുന്നത്??
എന്തായാലും എനിക്ക് സന്തോഷമായി.
അന്ന് വൈകുന്നേരം..
പിള്ളാരെ തേടി ക്ഷീണിച്ച് വന്ന അമ്മയോട് ഞാന്‍ വിളിച്ച് കൂവി:
"അമ്മേ, ഞാന്‍ പ്രസവിച്ചു"
പാവം അമ്മ!!
ഒന്നും മനസിലായില്ല.
ഒരുപക്ഷേ ഞാന്‍ പ്രസംഗിച്ചു എന്നാവാം പറഞ്ഞത് എന്ന് കരുതി, എല്ലാവരോടുമായി അമ്മ പറഞ്ഞു:
"അല്ലേലും ഈ വക കാര്യങ്ങള്‍ക്ക് ഇവന് മിടുക്കനാ"
ങ്ങേ!!!
ടീച്ചറെന്താണാവോ ഉദ്ദേശിച്ചത്??
മഹിളാമണികള്‍ക്ക് അമ്പരപ്പ്.
തിരിച്ച് വീട്ടിലേക്ക് പോകാന്‍ നേരം എന്നെ എടുത്ത് ഒക്കത്ത് വച്ച് കൊണ്ട് അമ്മ അവരോട് നന്ദി രേഖപ്പെടുത്തി:
"പോട്ടെ, ഇനി നാളെ വരാം"
അത് കേട്ടതും അറിയാതെ തലക്ക് കൈ വച്ച് അവര്‍ ചോദിച്ചു പോയി:
"മോനും വരുമോ?"
എന്നെ ഒരുപാട് ഇഷ്ടപ്പെട്ടന്ന് തോന്നുന്നു!!