
(ഈ കഥയില്‍, ഞാന്‍ അഥവാ 'മനു' എന്ന കഥാപാത്രം മാത്രമാണ് സാങ്കല്പ്പികമായുള്ളത്.കഥക്ക് കാരണമായ സംഭവവും, മറ്റ് കഥാപാത്രങ്ങളും സത്യമാണ്.പ്രിയംവദ എന്ന കഥാപാത്രത്തിന്റെ യഥാര്‍ത്ഥ ജീവിതത്തിലെ പേര് 'രാജി' എന്നായിരുന്നു.2008 ജൂലൈ 6 നു ആ സ്നേഹസമ്പന്ന ഈ ലോകത്തോട് വിട പറഞ്ഞു.ഈ കഥ ആ സ്നേഹദീപത്തിനു സമര്‍പ്പിക്കുന്നു..
അരുണ്‍ കായംകുളം)
'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്'
ശ്രീനാരായണ ഗുരുദേവന്റെ ഈ വചനം ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് എന്റെ അമ്മയില്‍ നിന്നാണ്.ജാതിമത ഭേദങ്ങള്‍ക്ക് അതീതമായി, മനുഷ്യന് ഒന്നാണെന്ന സത്യം കുട്ടിക്കാലത്തെ എന്റെ മനസില്‍ വേരൂന്നി.ഞാന്‍ വളരുന്നതിനൊപ്പം ആ വേരില്‍ നിന്ന് ശിഖിരങ്ങള്‍ ഉണ്ടാകുകയും, മനുഷ്യന് ഒന്നെന്ന ചിന്ത ഒരു മരമായി മനസില്‍ വളരുകയും ചെയ്തു.
വര്‍ഷങ്ങള്‍ കഴിഞ്ഞു..
കേരളത്തിലെ ഒരു പൊതുമേഖലാസഥാപനത്തില് കോണ്ട്രാക്റ്റ് വ്യവസ്ഥയില്‍ ജോലിക്കാരനായ എനിക്ക്, കോഴിക്കോട്ടേക്ക് സ്ഥലം മാറ്റമായി.കോഴിക്കോട്ട് 'നായന്മാര്' കുറവാണെന്ന് ആരുടെയോ വായില്‍ നിന്നും അറിഞ്ഞ അമ്മ, യാത്രയാക്കിയ കൂട്ടത്തില്‍ എന്നോട് പറഞ്ഞു:
"മോനേ, നമ്മുടെത് നല്ലൊരു നായര്‍ തറവാടാണ്...."
അതിന്??
ആകാംക്ഷയോട് നിന്ന എന്നെ നോക്കി അമ്മ ആ വാചകം പൂര്‍ത്തിയാക്കി:
"..വേറെ ജാതിയിലുള്ള വല്ല അവളുമാരുടെയും കൈ പിടിച്ച് ഈ പടിക്കകത്ത് വന്നാല്‍ ഞാന്‍ കുറ്റിച്ചൂലെടുത്ത് അടിക്കും"
പട്ക്കോ!!
മനസിലെ മരം മൂക്കും കുത്തി വീണു!!
ശ്രീനാരായണ ഗുരുദേവന്റെ ഉപദേശം വലത്തെ ചെവിക്കുള്ളില്‍ മുഴങ്ങി..
'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്'
അതേ സമയത്ത് വിവേകാനന്ദന് പറഞ്ഞത് ഇടത്തെ ചെവിക്കുള്ളില്‍ മുഴങ്ങി..
'കേരളം ഭ്രാന്താലയമാണ്'
സത്യം!!
പഴയ സുഹൃത്തും, ഒരു പ്രൈവറ്റ് ബാങ്കിന്റെ കാര്‍ ലോണ്‍ സെക്ഷനില്‍ വര്‍ക്ക് ചെയ്യുന്നവനുമായ ഷംസുദീനൊപ്പം ഞാന്‍ കോഴിക്കോട്ടെ താമസം ആരംഭിച്ചു.വര്‍ദ്ധിച്ച് വന്ന ജീവിത ചിലവുകള്‍, ഞങ്ങടെ കുടെ ഒരു റൂം മേറ്റിനെ കൂടി താമസിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി, അങ്ങനെ ഒരു സുഹൃത്ത് കൂടിയായി..
വെളുത്ത നിറം, കറുത്ത മീശ, കട്ടി പുരികം..
അവനാണ് സേവ്യര്‍!!
ഏത് നിമിഷവും ഈ കഥാപാത്രത്തിന്റെ മുഖത്തൊരു വിഷാദഭാവം ഉണ്ടായിരുന്നു..
ഒരിക്കല്‍ അവന്റെ കുടുംബത്തെ കുറിച്ച് അന്വേഷിച്ച എന്നോട് അവന് പറഞ്ഞു:
"ആകെയുള്ളത് ഡാഡിയും മമ്മിയുമാ, ഇപ്പോ അവര്‍ ദേവലോകത്താ"
അത് കേട്ടതും മനസിനു ഒരു നൊമ്പരം, അവന്റെ മുഖത്ത് നോക്കാന്‍ ഒരു മടി..
അതിനാല്‍ ഒന്നും മിണ്ടാതെ മുറിയില്‍ കയറി, അവന് പ്രാര്‍ത്ഥിക്കുന്ന യേശുദേവനു മുന്നില്‍ ഒരു മെഴുകുതിരി കത്തിച്ച്, ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു:
"കര്‍ത്താവേ, ആ ആത്മാക്കള്‍ക്ക് നിത്യശാന്തി നല്കേണമേ!!"
ഇപ്പോള്‍ മനസിലെ വിഷമം കുറഞ്ഞ പോലെ, ചെറിയ ഒരു ധൈര്യം വന്നു...
തിരിച്ച് അവന്റെ മുന്നിലെത്തി ആശ്വസിപ്പിക്കുന്ന മാതിരി അവന്റെ തോളില്‍ തട്ടി, ശബ്ദം കഴിയുന്നത്ര വിഷാദത്തിലാക്കി ഞാന്‍ പറഞ്ഞു:
"വിഷമിക്കരുത്, സ്നേഹമുള്ളവരെ ദൈവം നേരത്തെ വിളിക്കും"
എന്റെ വാക്കുകളിലെ സ്നേഹം മനസിലായ അവന് തിരിച്ച് എന്നെ ആശ്വസിപ്പിച്ചു:
"ഞാന്‍ പറഞ്ഞ ദേവലോകം കോട്ടയത്തെ ഒരു സ്ഥലമാ"
ബിഷ്ഷ്ഷ്...
അല്പം മുമ്പ് കത്തിച്ച് വച്ച മെഴുകുതിരി പോലെ അങ്ങ് ഉരുകി പോണേന്ന് ആഗ്രഹിച്ച് പോയി!!
പണ്ടാരം..
ദേവലോകവും നരകവുമൊക്കെ കേരളത്തിലുണ്ടെന്ന് ആരറിഞ്ഞു??
കര്‍ത്താവേ, ആ ആത്മാക്കള്‍ക്ക് നിത്യശാന്തി നല്കരുതേ!!
ദിവസങ്ങള്‍ ഓടി പോയി...
കോഴിക്കോട്ടെ ബീച്ചും, കുമരകം ഹോട്ടലിലെ ബീഫും, കുമാരേട്ടന്റെ ഷാപ്പും ചുറ്റി പറ്റി ഞങ്ങളുടെ ജീവിതം പുരോഗമിച്ചു.താമസിയാതെ ഞങ്ങള്‍ക്ക് ഒരു സുഹൃത്ത് കൂടി റും മേറ്റായി..
പ്രതിഭാസത്തിന്റെ പ്രായും, കാശിന്റെ കായും, ശവത്തിന്റെ ശായും ഉള്ളവന്..
പ്രകാശന്!!
അവന്റെ കടന്ന് വരവ് ഞങ്ങളുടെ ജീവിതത്തെ ആകെ മാറ്റി മറിച്ചു!!
തൃശൂര്‍കാരനും, പേരു കേട്ട നായരുമായ പ്രഭാകരന് പിള്ളയുടെ മകനാണ് ഈ പ്രകാശന്.അച്ഛനും അമ്മയും പ്രിയംവദയും അടങ്ങുന്ന ആധൂനിക അണു കുടുംബത്തിലെ ഒരു അംഗം.സത്യസന്ധനും, സല്‍ഗുണസമ്പന്നനും സര്‍വ്വോപരി സര്വ്വാക്രാന്തപാരായണനുമായ അവനു ദുഃശീലങ്ങള്‍ ഒന്നുമില്ല...
കള്ള് കുടിക്കില്ല, സിഗററ്റ് വലിക്കില്ല, കോഴിക്കോട്ടെ ബീച്ചില്‍ ഇരുന്നു കടലില്‍ തിരകളുണ്ടാവുന്നതിനെ പറ്റിയുള്ള റിസര്‍ച്ചില്‍ പങ്കെടുക്കില്ല..
പാല്കഞ്ഞിയും പച്ചപ്പഴവും തിന്ന് ജീവിതം തള്ളി നീക്കുന്ന ഒരു സാധുജീവി!!
എനിക്കൊരു പെങ്ങളുണ്ട്, എന്ന് വച്ച് അവളെപറ്റി ഇരുപത്തിനാല് മണിക്കൂറും സംസാരിക്കുന്ന സ്വഭാവം എനിക്കില്ല.എന്നാല്‍ പ്രകാശന്റെ നാവില്‍ എപ്പോഴും പ്രിയംവദ മാത്രം..
പ്രിയംവദ പാവമാണ്, പ്രിയംവദ വെളുത്തയാണ്, പ്രിയംവദ സ്നേഹസമ്പന്നയാണ്, പ്രിയംവദക്ക് ഒരുങ്ങി നടക്കുന്നത് ഇഷ്ടമാണ്, പ്രിയംവദക്ക് ചിക്കനിഷ്ടമാണ്...
ഇങ്ങനെ പോന്നു അവന്റെ വാചകമടി!!
എന്തിനേറെ പറയുന്നു..
സുന്ദരരും സുമുഖരുമായ മൂന്ന് ചെറുപ്പക്കാരുടെ ഉറക്കം പോയിക്കിട്ടി!!
കല്യാണപന്തലില്‍ ഇടത് ഭാഗത്ത് ഇരിക്കുന്ന പ്രിയംവദയെ ഞാന്‍ സ്വപ്നം കണ്ടപ്പോള്‍, രാവിലെ ചായയുമായി വിളിച്ചുണര്‍ത്തുന്ന പ്രിയംവദയായിരുന്നു ഷംസുദീന്റെ മനസില്‍..
ഇപ്പോള്‍ ഞങ്ങളുടെ മനസില്‍ ഒരു ചോദ്യം മാത്രം ബാക്കി..
പ്രിയംവദ എത്രത്തോളം സുന്ദരിയാണ്??
പ്രകാശനോട് നേരിട്ട് ചോദിക്കുന്നത് മോശമല്ലേ, പക്ഷേ ദൈവം അതിനും ഒരു വഴി തന്നു.ആ ഞയറാഴ്ച, ടിവിയില്‍ 'സിഐഡി മൂസ' എന്ന ഫിലിം കണ്ട് കൊണ്ടിരുന്നപ്പോള്‍, അതിലെ നായിക ഭാവനയെ കാണിച്ചപ്പോള്‍, പ്രകാശന് ഞങ്ങളോട് പറഞ്ഞു:
"പ്രിയംവദ ഇതിലും സുന്ദരിയാടാ!!"
മൂന്ന് യുവകോമളന്മാരുടെ മനസിലൊരു കുളിര്‍മഴ!!!
അന്ന് സ്വപ്നത്തില്‍ മുഴുകിയിരുന്ന എന്നോട് സേവ്യര്‍ ചോദിച്ചു:
"അളിയാ, ഈ പ്രിയംവദ...!!"
പ്രിയംവദക്ക് എന്ത് പറ്റി....??? എന്റെ മുഖത്ത് ആകാംക്ഷ.
"പ്രിയംവദ കാതരയാണോ??" അവന്റെ ചോദ്യം.
എന്തിര്??
"പ്രിയംവദ കാതരയാണോന്ന്??"
കാതര എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലെങ്കിലും ഞാന്‍ മൊഴിഞ്ഞു:
"ആയിരിക്കും"
ജീവിതത്തിനൊരു അടുക്കും ചിട്ടയും വന്നു...
പ്രകാശനെ കാണിക്കാനാണെങ്കിലും, ഞങ്ങള്‍ മൂന്ന് പേരും നല്ലപിള്ളമാരായി.രാവിലെ അമ്പലത്തില്‍ നിന്നും തീര്‍ത്ഥം കുടിക്കുന്ന പോലെ മദ്യം സേവിച്ചിരുന്നവര്‍, മദ്യപിച്ച് നടക്കുന്ന മാന്യന്മാരെ 'കുടിയന്മാര്' എന്ന് വിളിക്കുന്ന രീതിയിലേക്ക് അവസ്ഥ മാറി.അങ്ങനെ ഞങ്ങളുടെ നല്ലനടപ്പ് കണ്ടിട്ടാവണം, അക്കുറി ഓണത്തിനു വീട്ടില്‍ വരണേന്ന് അവന് അപേക്ഷിച്ചു..
അപേക്ഷിച്ചതല്ലേ, പോയേക്കാം!!
വീട്ടില്‍ വരാനുള്ള വഴി വരച്ച് തന്നിട്ട് പ്രകാശന് ചൊവ്വാഴ്ച പോയി.ഓഫീസ് സംബന്ധമായ ചില പ്രശ്നം കാരണം വരാന്‍ കഴിയില്ലെന്ന വിവരം അത്യന്തം ഖേദപൂര്‍വ്വം സേവ്യര്‍ ഉണര്‍ത്തിച്ചു.അങ്ങനെ ഞാനും ഷംസുദീനും കൂടി, ഒരു വെളുത്ത മാരുതി കാറില്‍, ആ വെള്ളിയാഴ്ച തൃശൂര്‍ക്ക് പോകാന്‍ തീരുമാനമായി..
കാത്തിരുന്ന വെള്ളിയാഴ്ചയായി..
ഗണപതി ഭഗവാനൊരു തേങ്ങയടിച്ച്, മുഖത്തുണ്ടായിരുന്ന താടി വടിച്ച്, ശോഭേച്ചിയുടെ ചായക്കടയില്‍ നിന്നൊരു കട്ടനടിച്ച്, ഞങ്ങള്‍ യാത്ര ആരംഭിച്ചു.വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും, വണ്ടിയിലെ സിഡി പ്ലെയര്‍ പാട്ട് പാടിയതും ഒന്നിച്ചായിരുന്നു..
"ഓ പ്രിയ പ്രിയാ..
എന്‍ പ്രിയാ പ്രിയാ.."
അത് കേട്ടതും ഞാന്‍ ഷംസുദീനോട് സന്തോഷത്തോട് ചോദിച്ചു:
"ആരാ അളിയാ യന്ത്രങ്ങള്‍ക്ക് ഹൃദയമില്ലന്ന് പറഞ്ഞത്??"
ഷംസുദീന്‍ മറുപടി ഒരു ചിരിയിലൊതുക്കി.
പ്രകാശന്റെ വീടെത്തി..
ഞങ്ങളെ സ്വീകരിച്ച് ഇരുത്തിയ ശേഷം, അടുക്കളയിലേക്ക് നോക്കി 'പ്രിയേ, ചായയെട്' എന്ന് വിളിച്ച് കൂവിയട്ട്, 'ഒന്ന് ഫ്രഷായി വരാം' എന്ന മുഖവുരയോടെ പ്രകാശന് അരങ്ങ് ഒഴിഞ്ഞു.
സമയം പതുക്കെ ഇഴഞ്ഞു നീങ്ങി..
ഒടുവില്‍ ഒരു ട്രേയില്‍ രണ്ട് ഗ്ലാസ്സ് ചായയുമായി ആ പെണ്‍കുട്ടി കടന്ന് വന്നു..
സുന്ദരി, വെളുത്ത നിറം, നാടന്‍ വേഷം..
ചായ വാങ്ങിയ ശേഷം ഞാന്‍ ചോദിച്ചു:
"പ്രിയയല്ലേ?"
"എന്നെ അറിയുമോ?" അവളുടെ മുഖത്ത് അതിശയം.
അറിയുമോന്ന്?? നല്ല തമാശ.
"ചായ ഞാനുണ്ടാക്കിയതാ, എങ്ങനുണ്ട്?" വീണ്ടും കിളിമൊഴി.
വിട്ട്കൊടുത്തില്ല, വച്ച് കാച്ചി:
"നല്ല തേനിന്റെ മധുരം"
എന്റെ ആ മറുപടിക്ക് പകരം അവളൊന്ന് മന്ദഹസിച്ചു.അവളെ കല്യാണം കഴിക്കുന്നതും, അവളോടൊത്ത് കുടുംബം നടത്തുന്നതുമെല്ലാം, ഒരു സ്ക്രീനില്‍ എന്നവണ്ണം മനസില്‍ തെളിഞ്ഞു വന്നു.ആ പ്രിയയെ കുറിച്ചുള്ള ഓര്‍മ്മയില്‍ എന്റെ മനസ്സ് ഞാന്‍ അറിയാതെ പാടി..
"പൂമുഖവാതുക്കല്‍ സ്നേഹം വിതറുന്ന പൂന്തിങ്കളാണെന്റെ ഭാര്യ
എത്ര തെളിഞ്ഞാലും എണ്ണവറ്റാത്തൊരു ചിത്രവിളക്കാണ് ഭാര്യ"
പ്രകാശന് തിരിച്ച് വരുന്നത് വരെ ഞാന്‍ പാടി.വന്ന വഴിയെ പ്രകാശന് ആ പെണ്‍കുട്ടിയെ എനിക്ക് പരിചയപ്പെടുത്തി തന്നു:
"ഇത് പ്രിയാമണി, ഇവിടെ വേലക്ക് നില്ക്കുന്ന നാണിയമ്മയുടെ മോളാ"
ആണോ??
ചുമ്മാതല്ല, ചായക്കൊരു വല്ലാത്ത കയ്പ്പ്!!
പ്രിയാമണി തിരിച്ച് പോയപ്പോള്‍ പ്രകാശന് ഒരു കാര്യം കൂടി പറഞ്ഞു:
"സൂക്ഷിക്കണം, തലേ കേറുന്ന സൈസാ"
കേറി അളിയാ, കേറി..
കിട്ടിയ സമയത്തിനു ഓളെന്റെ തലയില്‍ കേറി!!
ആ പാരയെ കുറിച്ചുള്ള ഓര്‍മ്മയില്‍ എന്റെ മനസ്സ് വീണ്ടും പാടി..
"പൂമുഖവാതുക്കല്‍ പുച്ഛിച്ച് നില്ക്കുന്ന പൂതനയാണെന്റെ ഭാര്യ
നല്ലമനുഷ്യരെ നാണം കെടുത്തുന്ന താടകയാണെന്റെ ഭാര്യ"
അപ്പോള്‍ പ്രിയംവദ എവിടെ??
"പ്രിയംവദ അച്ഛന്റെയും അമ്മയുടെയുമൊപ്പം ഷോപ്പിങ്ങിനു പോയി, ഇപ്പോ വരും"
പ്രകാശന്റെ ഈ വാക്കുകള്‍ ഞങ്ങള്‍ക്ക് വീണ്ടും പുതുജീവന്‍ തന്നു.
ഒരു സാന്‍ഡ്രോ കാര്‍ കാര്‍പോര്‍ച്ചില്‍ വന്നു നിന്നു..
അതില്‍ നിന്നും അച്ഛനും അമ്മയും ഇറങ്ങി, കൂടെ ഒരു പുല്പട്ടിയും.അത് ഓടി പ്രകാശന്റെ അടുത്തെത്തി, അതിനെ താലോലിച്ച് കൊണ്ട് അവന് പറഞ്ഞു:
"ഇതാ എന്റെ പ്രിയംവദ"
ഇതോ??
ഈ പട്ടിയോ???
ഹതു ശരി!!
കല്യാണ പന്തലില്‍ ഇടത് വശത്ത് ഒരു പട്ടി ഇരിക്കുന്നത് ഞാനും, അതിരാവിലെ ചായയുമായി ഒരു പട്ടി വിളിച്ചുണര്‍ത്തുന്നത് ഷംസുദീനും സ്വപ്നം കണ്ടത് ഒരേ നിമിഷമായിരുന്നു.ആദ്യത്തെ ഷോക്ക് ഒന്ന് മാറിയപ്പോള്‍ ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി.പ്രകാശന്റെ വാചകങ്ങളും അതിന്റെ ക്ലാരിഫിക്കേഷനും ആ നോട്ടത്തില്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു..
"പ്രിയംവദ സ്നേഹസമ്പന്നയാടാ"
ശരിയാ, ദേ വാലാട്ടുന്നു!!
"പ്രിയംവദ വെളുത്തയാടാ"
ഉവ്വ, നല്ല വെള്ള പൂട!!
"പ്രിയംവദക്ക് ചിക്കനിഷ്ടമാ"
പട്ടിയല്ലേ, എല്ല് പോലും ബാക്കി വക്കില്ല!!
'സിഐഡി മൂസ' എന്ന ചിത്രത്തില്‍ ഭാവന മാത്രമല്ല ഉള്ളതെന്നും, ഭാവനയോടൊപ്പം ഒരു പട്ടിയുണ്ടെന്നും കൂടി തിരിച്ചറിഞ്ഞതോടെ ചിത്രം കൂടുതല്‍ വ്യക്തമായി.അപ്പോള്‍ തന്നെ യാത്ര പറഞ്ഞ് ഞങ്ങള്‍ ആ വീട്ടില്‍ നിന്നും ഇറങ്ങി..
വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും, 'പ്രിയേ , നിന്റെ കുര' എന്ന കഥാപ്രസംഗത്തിലെ രണ്ട് വരി വണ്ടിയിലെ സിഡി പ്ലെയര്‍ പാടിയതും ഒന്നിച്ചായിരുന്നു..
"പട്ടിക്കുട്ടി എന്നെ മാന്തല്ലേ..
നിന്റെ അപ്പന് പാപ്പന് ചേട്ടന് പട്ടഷാപ്പിന്ന് ഇപ്പോ വരും..
പട്ടിക്കുട്ടി എന്നെ മാന്തല്ലേ.."
അത് കേട്ടതും തകര്‍ന്ന ഹൃദയത്തോടെ ഷംസുദീന്‍ പറഞ്ഞു:
"ശരിയാ അളിയാ, യന്ത്രങ്ങള്‍ക്ക് ഹൃദയമുണ്ട്"
കേട്ടില്ലേ..
പട്ടിക്കുട്ടി എന്നെ മാന്തല്ലേ!!
തിരികെ റൂമിലെത്തിയപ്പോള്‍ മനസ്സ് ശാന്തമായിരുന്നു.കാര്‍ പാര്‍ക്ക് ചെയ്ത് റൂമിലെത്തിയ എന്നെ സേവ്യര്‍ ആകാംക്ഷയോട് നോക്കി, ആ നോട്ടത്തില്‍ പഴയ ചോദ്യമുണ്ടായിരുന്നു..
പ്രിയംവദ കാതരയാണോ?!
അല്ല അളിയാ, അല്ല..
അതൊരു പട്ടിയാ!!