For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ജിതേന്ദ്രന്‍ വിട വാങ്ങുന്നു..



ജോലിത്തിരക്കില്‍ മുഴുകിയിരിക്കെയാണ്‌ ഞെട്ടിക്കുന്ന ആ വാര്‍ത്ത കേട്ടത്, ജിതേന്ദ്രന്‍ സാറ്‌ പെന്‍ഷനാവുവാണത്രേ, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സ്വയം പിരിഞ്ഞ് പോകാന്‍ തീരുമാനിച്ചിരിക്കുന്നു.
സാറിന്‍റെ ഭാഗത്തും ന്യായമുണ്ട്...
പ്രായം ഏറി വരുന്നു, പണ്ടത്തെ പോലെ ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റണില്യ, മാത്രമല്ല മൂത്ത മോള്‌ പ്രസവം കഴിഞ്ഞ് ഇംഗ്ലണ്ടില്‍ വിശ്രമിക്കാന്‍ തുടങ്ങിയട്ട് മാസം രണ്ടായി.വിഷമത്തോടെയാണെങ്കിലും ഞങ്ങള്‍ സമ്മതിച്ചു, സാറ്‌ പോയ്ക്കോ!!!
പറയുമ്പോ മനസ്സില്‍ വിഷമമാണോ അതോ സന്തോഷമോ??
ആള്‌ കോളിറ്റി ടീമിന്‍റെ മാനേജരാ, പോയ്ക്കോട്ടേ, ഇനി പുതിയ ആള്‌ വരുന്ന വരെ ഇച്ഛിരി കോളിറ്റി കുറയുമായിരിക്കും, സാരമില്ല.ഇങ്ങനെ കരുതിയിരിക്കെയാണ്‌ യുവകോമളന്‍മാരുടെ മനസ്സില്‍ കുളിര്‌ കോരിയിടുന്ന ഒരു വാര്‍ത്ത ഞങ്ങളുടെ പ്രോജക്റ്റ് മാനേജരായ സൊബാസ്റ്റ്യന്‍ സാറ്‌ പറഞ്ഞത്:
"പകരം ആള്‌ വരുന്നുണ്ട്, പേര്‌ സുനന്ദ, കാശ്മീരീന്നാ"

സുനന്ദ!!!
അതും കാശ്മീരീന്ന്.
അവിടുത്തെ പെമ്പിള്ളാരൊക്കെ ആപ്പിള്‌ പോലെന്നാ കേട്ടിട്ടുള്ളത്.തള്ളേ, ഇനി ഫുള്‍ കോളിറ്റി ആയിരിക്കും, എനിക്ക് വയ്യ!!!
'ഏയ് ഓട്ടോ' സിനിമയിലെ 'സുധീ...മീനുക്കുട്ടി...' വിളികള്‍ മനസില്‍ അലയടിച്ചു...
"സുനന്ദാ....."
"മനൂ....."
അറിയാതെ ആ പാട്ട് മൂളി പോയി...
"എ..ഇ..ഐ...ഒ...യു...
ലൂപ്പുകള്‍ ചൊല്ലി പഠിച്ചും ചൊല്ലി കൊടുത്തും ഞാനുമൊരാളാകും
സോഫ്റ്റ് വെയര്‍ ടെക്കീന്ന് പേരാകും....
എ..ഇ..ഐ...ഒ...യു..."
"സുനന്ദാ....!!!!"
"മനൂ....!!!"
സുന്ദരമായ ആ ഓര്‍മ്മകളില്‍ അറിയാതെ ഞാനൊന്ന് പുഞ്ചിരിച്ചു, എന്‍റെ അപ്പുറത്തിരുന്ന മനോജും പുഞ്ചിരിച്ചു, പിന്നെ ടീമിലെ പല അവന്‍മാരും പുഞ്ചിരിച്ചു.
ഞങ്ങള്‍ പരസ്പരം നോക്കി.
പുതിയ കോളിറ്റി മാനേജര്‍....
സുനന്ദ!!!
പേരിനു തന്നെ ഒരു കോളിറ്റി ഉണ്ടളിയാ!!!
പക്ഷേ പിറ്റേന്ന് ആളെ കണ്ടപ്പോ ഞങ്ങളൊക്കെ ഞെട്ടി...
സംഭവം പെണ്ണല്ല, ആണാണ്.
സുനന്ദ ഭട്ടാചാര്യ!!!
മ്മടെ ലാലേട്ടന്‍റെ 'ബാബാ കല്യാണി' പോലൊരു സാധനം.
എന്‍റെ പിന്നിലിരുന്ന ഇന്ദു ഒന്ന് ചിരിച്ചു, പിന്നെ സന്ധ്യ ചിരിച്ചു, തുടര്‍ന്ന് ടീമിലുള്ള പല അവളുമാരും ചിരിച്ചു.
ഞങ്ങളെ ആക്കിയതാ!!!

"മനു, ജിതേന്ദ്രന്‍ സാര്‍ പോകുന്നതിനും, സുനന്ദ വരുന്നതിനുമായി ഒരു ടീം ലഞ്ച് അറേഞ്ച് ചെയ്യണം"
സൊബാസ്റ്റ്യന്‍ സാറിന്‍റെ അപേക്ഷ.
ടീമുമായി കൂടി ആലോചിച്ചു, എല്ലാവര്‍ക്കും നൂറ്‌ വട്ടം സമ്മതം.
പല പല അഭിപ്രായങ്ങള്‍...
"ബുഫേ മതി"
"വലിയ ഏതേലും ഹോട്ടലില്‍ പോണം"
"ഡെസര്‍ട്ട് വേണം"
ആഹാരത്തെ പറ്റി ഒരു തീരുമാനമായി!!
പക്ഷേ ടീം തന്നെ കാശ്‌ പിരിക്കണമെന്ന് പറഞ്ഞപ്പോള്‍ ഇത്ര ആവേശമില്ലായിരുന്നു.
അവിടെയും അഭിപ്രായങ്ങള്‍...
"മാക്സിമം തലക്ക് അഞ്ഞൂറ്‌ രൂപ"
"അഞ്ഞൂറോ എന്നാത്തിനാ, മുന്നൂറ്‌ മതി"
"ഹേയ്, അത്രയുമൊന്നും വേണ്ടന്നേ, പത്തോ നൂറോ രൂപയുടെ ഐറ്റംസ്സ് മതി"
ഇതെല്ലാം കേട്ടപ്പോള്‍ എനിക്ക് നാടോടി കാറ്റിലെ ലാലേട്ടന്‍റെ ഡയലോഗാണ്‌ ഓര്‍മ്മ വന്നത്:
"രണ്ട് റൂം വിത്ത് ബാത്ത് റൂം അറ്റാച്ച്ഡ്, പിന്നെ വലിയ ഹാള്, കിച്ചന്‍....അത് വേണം, അതുപോലെ കാറിടാന്‍ സൌകര്യം വേണം, വേണമെങ്കില്‍ പൂന്തോട്ടം ആവാം, എല്ലാം കൂടി ഒരു അമ്പത് അമ്പത്തഞ്ച് രൂപക്ക് നിക്കണം"
"മനു എന്ത് പറയുന്നു?" സൊബാസ്റ്റ്യന്‍ സാറിന്‍റെ ചോദ്യം.
തല കുലുക്കി കൊണ്ട് ഞാന്‍ പറഞ്ഞു:
"ശരിയാക്കി തരാം"

ദൂരെയെങ്ങും പോയില്ല, തൊട്ടടിത്തുള്ള ഗസ്റ്റ് ഹൌസിലെ ക്യാന്‍റീനില്‍ ഓര്‍ഡര്‍ കൊടുത്തു.മുപ്പത് പേരെങ്കിലും കാണുമെന്ന് പറഞ്ഞിട്ട് ഞാന്‍ സൂചിപ്പിച്ചു:
"എല്ലാം ഐറ്റവും വേണം എന്നാ ഒന്ന് അഡ്ജസ്റ്റ് ചെയ്തേരെ"
തലക്ക് നൂറ്റമ്പത് രൂപ എന്ന മുഖവുരയോടെ അവള്‍ ഐറ്റംസ്സ് അവതരിപ്പിച്ചു.
ആ മെനു ഇങ്ങനെയായിരുന്നു...
1. വെല്‍ക്കം ഡ്രിങ്ക് [ചിലവ് ചുരുക്കലിന്‍റെ ഭാഗമായി നാരങ്ങാ വെള്ളം]
2. ചപ്പാത്തി വിത്ത് കറി
3. ലെമണ്‍-റൈസ്സ്
4. ചിക്കന്‍ / ഗോപി മഞ്ചൂരി
5. അച്ചാറ്, പപ്പടം, വെള്ളം
6. ലാസ്റ്റ് ഒരോ ഐസ്ക്രീമും [ചിലവ് ചുരുക്കലിന്‍റെ ഭാഗമായി ജംഗ്ഷനില്‍ നിന്ന് അഞ്ച് രൂപയുടെ ഐസ്ക്രീം വരുത്തിക്കും]
വിവരമറിഞ്ഞ ടീം അംഗങ്ങള്‍ ഒന്നിച്ച് പറഞ്ഞു:
"ബലഭേഷ്!!!"
ഞാനൊരു സംഭവം തന്നെ!!!

സംഭവ ദിവസം..
നടന്ന് പോകാനുള്ള ദൂരമേ ഉള്ളു.സൊബാസ്റ്റ്യന്‍ സാര്‍ വൃത്തിയും പ്രോസസ്സുമൊക്കെ നോക്കുന്ന ആളാ, അതു കൊണ്ട് തന്നെ എല്ലാവരും വരിവരിയായി പോകണമെന്ന് വല്ലോം പറയുമോന്ന് ഒരു പേടി ഉണ്ടായിരുന്നു, പക്ഷേ പേടിച്ച പോലെ സംഭവിച്ചില്ല.തള്ളക്കോഴിക്ക് പിന്നാലെ കോഴി കുഞ്ഞുങ്ങള്‍ പോകുന്ന പോലെ സാറ്‌ മുമ്പിലും ഞങ്ങള്‍ പിറകിലുമായി ക്യാന്‍റീനിലേക്ക് നടന്നു.ഞങ്ങളെന്ന് പറഞ്ഞാല്‍ ഫുള്‍ ടീം, എച്ച്.ആര്‍, ജിതേന്ദ്രന്‍ സാര്‍, പിന്നെ ഹിന്ദിയും ഇംഗ്ലീഷും മാത്രം പറയുന്ന സുനന്ദ ഭട്ടാചാര്യയും.
ചെന്നപാടെ ക്യാന്‍റ്റീന്‍കാരു ഞങ്ങളെ സ്വീകരിച്ച് അകത്തേക്ക് കൊണ്ട് പോയി.ഹാളിന്‍റെ നടുക്ക് ടേബിളുകള്‍ അടുപ്പിച്ചിട്ടത് കണ്ടപ്പോ ചുണ്ടന്‍ വള്ളമാ ഓര്‍മ്മ വന്നത്.അതിനു ഇരുവശവും കസേരയിട്ട് ഞങ്ങളെ അതില്‍ പ്രതിഷ്ഠിച്ചു.
അങ്ങനെ ആ പാര്‍ട്ടി ആരംഭിച്ചു...

ആദ്യ പരിപാടി ജിതേന്ദ്രന്‍ സാറിനെ കുറിച്ച് എല്ലാവരും രണ്ട് വാക്ക് പറയുക എന്നതായിരുന്നു.
"നിങ്ങള്‍ക്ക് എന്തും പറയാം" സാറിന്‍റെ ആഹ്വാനം.
ശരിക്കും പറയാനുള്ളത് മൊത്തം പറഞ്ഞാല്‍ സാറ്‌ പിന്നെ ആഹാരം കഴിച്ചില്ലെങ്കിലോന്ന് കരുതി 'നല്ല വാക്ക്' മാത്രമേ പറയാവെന്ന് ഞാന്‍ കണ്ണ്‌ കൊണ്ട് ആംഗ്യം കാട്ടി, എന്നിട്ട് ഒരു തുടക്കവുമിട്ടു:
"ജിതേന്ദ്രന്‍ സാര്‍, സാറൊരു സംഭവമാണ്"
തൊട്ട് പുറകിനു മനോജ് പറഞ്ഞു:
"സാര്‍ ഒരു സംഭവമല്ല, ഒരു ഒന്ന് ഒന്നര സംഭവമാണ്"
തുടര്‍ന്ന് എല്ലാവരും ഒരു 'അര സംഭവം' വീതം കൂട്ടി കൊണ്ടിരുന്നു.അങ്ങനെ ഇരുപത്തിയഞ്ച് പേര്‌ അഭിപ്രായം പറഞ്ഞതോടെ സാറ്‌ പന്ത്രണ്ടര സംഭവമായി.
എച്ച്.ആര്‍ മാത്രം വ്യത്യസ്തമായി സംസാരിച്ചു:
"സാറിനോട് ടീമിനുള്ള സ്നേഹം, അതാണ്‌ സാര്‍ ഇപ്പോ ആഹാരമായി തരാന്‍ പോകുന്നത്"
അത് കേട്ടതും ടീം മൊത്തം കൈയ്യടിച്ചു...
ഞങ്ങളുടെ സ്നേഹം, അതാണ്‌ സാര്‍ ഈ പാര്‍ട്ടി!!!
ഇതെല്ലാം കേട്ടതും സാറ്‌ ഗദ്ഗദകണ്ഠനായി:
"മറക്കില്ല, ഞാന്‍ ഒരിക്കലും"
അതൊരു അറം പറ്റിയ വാചകമായിരുന്നു!!!

"ലെറ്റസ്സ് സ്റ്റാര്‍ട്ട്"
സൊബാസ്റ്റ്യന്‍ സാറിന്‍റെ വാചകം കേട്ടതും ഞാനൊന്ന് ഞെട്ടി.മുന്നില്‍ പ്ലേറ്റും ഗ്ലാസ്സും മാത്രമേ ഉള്ളു, ഇതുവരെ ആഹാരമൊന്നും വന്നില്ല, പിന്നെ എന്നാ കോപ്പ് കണ്ടാണോ ആവോ ഇങ്ങേര്‌ സ്റ്റാര്‍ട്ട് പറയുന്നത്??
"യെസ്സ്, ലെറ്റസ്സ് സ്റ്റാര്‍ട്ട്" ജിതേന്ദ്രന്‍ സാറിന്‍റെ അനുമതി.
"ലെറ്റസ്സ് സ്റ്റാര്‍ട്ട്" താനായിട്ട് കുറക്കണ്ടാന്ന് വിചാരിച്ചാകാം സുനന്ദയും പറഞ്ഞു.
തുടര്‍ന്ന് എല്ലാ കണ്ണുകളും എന്‍റെ നേര്‍ക്ക്...
ഇനി അടുത്തത് ഞാനായിരിക്കും പറയേണ്ടത്, ഞാനും പറഞ്ഞു:
"ലെറ്റസ്സ് സ്റ്റാര്‍ട്ട്"
"വാട്ട്???!!!" സൊബാസ്റ്റ്യന്‍ സാറിനു അത്ഭുതം.
അതിനു എന്ത് മറുപടി പറയണമെന്ന് അറിയാതെ ആലോചിച്ച് ഇരുന്നപ്പോ മനോജ് ചെവിയില്‍ മന്ത്രിച്ചു:
"നീയല്ലിയോ ഓര്‍ഡര്‍ ചെയ്തത്, പോയി വെല്‍ക്കം ഡ്രിങ്ക് കൊണ്ട് വരാന്‍ പറയടാ"
അത് കേട്ടതും ഞാന്‍ കിച്ചണിലേക്ക് ഓടി, കൂടെ മനോജും.

"വെല്‍ക്കം ഡ്രിങ്ക് എന്തിയേ?"
എന്‍റെ ചോദ്യം കേട്ടതും ആ പെണ്‍കുട്ടി ഒന്ന് പരുങ്ങി, എന്നിട്ട് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:
"സാര്‍, നാരങ്ങ എത്തിയതേ ഉള്ളു, പ്രിപ്പയര്‍ ചെയ്യാന്‍ കുറച്ച് സമയം വേണം, ലാസ്റ്റ് കൊടുത്താല്‍ പോരേ?"
എന്ത് പറയണമെന്ന് അറിയാതെ അമ്പരന്ന് നിന്നപ്പോ മനോജ് ദയനീയമായി ചോദിച്ചു:
"വെല്‍ക്കം ഡ്രിങ്ക് എങ്ങനാ ലാസ്റ്റ് കൊടുക്കുന്നത്??"
"സാര്‍ ഒരു ചെറിയ അഡ്ജസ്റ്റ് മെന്‍റ്, പ്ലീസ്സ്" പെണ്‍കുട്ടി അപേക്ഷിക്കുന്നു.
ഞാനും മനോജും എന്ത് പറയണമെന്ന് അറിയാതെ അമ്പരന്ന് നില്‍ക്കേ സുനന്ദ അങ്ങോട്ട് വന്നു, തുടര്‍ന്ന് ചോദിച്ചു:
"ക്യാ ഹുവാ?"
ഹുവാ ഹുവാ...
നടന്നത് നടന്നു.
ഇനി പറഞ്ഞിട്ട് എന്ത് കാര്യം??
അല്ലെങ്കില്‍ തന്നെ വെല്‍ക്കം ഡ്രിങ്ക് അവസാനമേ കിട്ടുകയുള്ളന്ന് ഈ കാലമാടനോട് ഹിന്ദിയില്‍ എങ്ങനെ പറഞ്ഞ് കൊടുക്കാനാ?
"ടെല്‍ മീ ഇന്‍ ഇംഗ്ലീഷ്" വീണ്ടും സുനന്ദ.
അറിയാവുന്ന ഇംഗ്ലിഷില്‍ പറഞ്ഞ് ഒപ്പിച്ചു:
"സാര്‍, ദേ ആര്‍ റെഡി റ്റൂ സെര്‍വ്വ് വെല്‍ക്കം ഡ്രിങ്ക് അറ്റ് ലാസ്റ്റ് ഒള്ളി"
അത് സുനന്ദക്ക് ഒരു അത്ഭുതമായിരുന്നു, അങ്ങ് കാശ്മീരിലൊക്കെ വെല്‍ക്കം ഡ്രിങ്ക് ആദ്യം തന്നെ കൊടുക്കുമത്രേ.ചുമ്മാതല്ല പാകിസ്ഥാന്‍ കാശ്മീരിനെ ആക്രമിക്കുന്നത്, അവര്‍ക്ക് വെല്‍ക്കം ഡ്രിങ്ക് ആദ്യം കൊടുക്കുന്നവരെ കണ്ണെടുത്താല്‍ കണ്ടു കൂടാ.എന്‍റെ ഈ വിശദീകരണം കേട്ട് ആകണം, അടുത്ത പ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ ഗവണ്‍മെന്‍റിനോട് പറഞ്ഞ് വെല്‍ക്കം ഡ്രിങ്ക് അവസാനം കൊടുക്കുന്ന രീതിയില്‍ ഒരു റൂള്‍ കൊണ്ട് വരണമെന്ന വിചാരത്തില്‍ സുനന്ദ പിന്‍വാങ്ങി.
"ഒരു കുരിശ് ഒഴിഞ്ഞു, ഇനി ടീമിനോട് എന്ത് പറയും" മനോജിന്‍റെ ചോദ്യം.
അവന്‍റെ മുഖത്ത് ഒന്ന് നോക്കിയിട്ട് ഞാന്‍ പറഞ്ഞു:
"വഴിയുണ്ട്"

"നമ്മുടെ വെല്‍ക്കം ഡ്രിങ്ക് നാരങ്ങാ വെള്ളമാണ്, അതായത് സിട്രിക്ക് ആസിഡ്.നമുക്ക് എല്ലാം അറിയാവുന്നതാണ്‌ സിട്രിക്ക് ആസിഡ് ദഹനത്തിനു നല്ലതാണെന്ന്. സോ നമ്മുടെ വെല്‍ക്കം ഡ്രിങ്കായ സിട്രിക്ക് ആസിഡ് ആഹാരത്തിനു ശേഷം പോരേ?"
എന്‍റെ ചോദ്യം ജിതേന്ദ്രന്‍ സാറിനോടായിരുന്നു.സിട്രിക്ക് ആസിഡ് എന്ന് ആദ്യമായി കേള്‍ക്കുന്ന ആ മനുഷ്യന്‍ അമ്പരന്ന് എന്നെ ഒന്ന് നോക്കി, തുടര്‍ന്ന് ടീമിനെ ആകമാനം നോക്കി, എല്ലാവരുടെയും ശ്രദ്ധ തന്നിലേക്കാണെന്ന് മനസിലായപ്പോള്‍ മാനം രക്ഷിക്കാന്‍ വേണ്ടി അദ്ദേഹം പറഞ്ഞു:
"യെസ്സ്..യെസ്സ്..സിട്രിക്ക് ആസിഡ് ഈസ്സ് ഗുഡ് ഫോര്‍ ഡൈജഷന്‍.വെല്‍ക്കം ഡ്രിങ്ക് ലാസ്റ്റ് മതി"
മനോജിനെ ഒന്ന് നോക്കിയിട്ട് സമാധാനത്തോടെ ഞാന്‍ കസേരയിലേക്ക് ഇരുന്നു.
ആ പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ ടീമിനുള്ള ആഹാരം വിളമ്പി തുടങ്ങി...

"ഈ പപ്പടം ഭയങ്കര ചെറുതാണല്ലോ?"
സൊബാസ്റ്റ്യന്‍ സാറിന്‍റെ ചോദ്യം.
ശരിയാണ്‌, പ്ലേറ്റില്‍ വച്ചിരിക്കുന്ന പപ്പടം ഭയങ്കര ചെറുതാണ്.മാത്രമല്ല ചുട്ട ലക്ഷണമൊന്നുമില്ല, പച്ച പപ്പടം പോലിരിക്കുന്നു.ചോദ്യഭാവത്തില്‍ പെണ്‍കുട്ടിയെ നോക്കിയപ്പോള്‍ അവള്‍ പറഞ്ഞു:
"അത് ചപ്പാത്തിയാണ്‌ സാര്‍"
എന്‍റെ തലക്ക് അകത്ത് കൂടി ഒരു വിമാനം ഇരമ്പി പാഞ്ഞ് പോയി.ആറാം ഇന്ദ്രിയം അപകടം മണത്തു.ഇനി എന്നെ രക്ഷിക്കാന്‍ ദൈവത്തിനേ കഴിയും.
"ഇതെന്താ അച്ചാറിനു ഒരു എരിവ്?"
പ്ലേറ്റിനു സൈഡില്‍ ഇച്ഛിരി വിളമ്പിയിരിക്കുന്ന അച്ചാറില്‍ കൈ മുക്കി നാക്കില്‍ വച്ചിട്ടാണ്‌ മനോജ് ചോദിച്ചത്.ഒരിക്കല്‍ കൂടി ചോദ്യഭാവത്തില്‍ ഞാന്‍ ആ പെണ്‍കുട്ടിയെ നോക്കി, അവള്‍ മൊഴിഞ്ഞു:
"അച്ചാറല്ല, ചിക്കന്‍ കറിയാ"
അത് കേട്ടതും മനോജ് പറഞ്ഞു:
"ഏതോ ദാരിദ്യം പിടിച്ച വീട്ടിലെ കോഴിയാ, എല്ല്‌ പോലും കിട്ടാനില്ല"
ഞാന്‍ ഒന്നും മിണ്ടാതെ നഖം കടിച്ച് കൊണ്ട് തല കുനിച്ചു.

എന്തിനേറെ പറയുന്നു, പിന്നീടെല്ലാം ഒരു ചടങ്ങ് പോലായിരുന്നു.ലെമണ്‍ റൈസ്സ് എന്ന് പേരിട്ടിട്ട് ലെമണും റൈസ്സും പ്രത്യേകം പ്രത്യേകം വിളമ്പി.മെനു തന്നപ്പോല്‍ ലെമണിനും റൈസിനും ഇടക്ക് ഒരു ഹൈഫണ്‍ (-) ഉള്ളത് ഞാന്‍ കാണാതെ പോയത് എന്‍റെ കുറ്റമാണെന്ന് ആ പെണ്‍കുട്ടി കട്ടായം പറഞ്ഞു.
ബാക്കി വിഭവങ്ങളും ഗംഭീരമായിരുന്നു...
എല്ലാവര്‍ക്കും കൂടി ഒരു കുഞ്ഞ് പാത്രത്തില്‍ ഇച്ഛിരി അച്ചാറ്.ഒരു പപ്പടത്തിന്‍റെ നാലിലൊന്ന് വീതം ഒരോരുത്തര്‍ക്ക്.കണ്ണില്‍ മരുന്ന് ഒഴിക്കുന്ന പോലെ രണ്ട് തുള്ളി കറി പ്ലേറ്റില്‍ ഇറ്റിച്ച് വച്ചത് കണ്ട് ഞാന്‍ ആ പെണ്‍കുട്ടിയോട് ചോദിച്ചു:
"എന്താ ഇത്?"
"ഗോപി"
"എന്‍റെ അവസ്ഥയല്ല ചോദിച്ചത്, എന്താ ഈ കറി?"
"അതാ സാര്‍ പറഞ്ഞത്, ഗോപി മഞ്ചൂരി"
ഓ, സന്തോഷം!!!
അവര്‍ വിളമ്പി കഴിഞ്ഞപ്പോ ഒരു സാമാന്യ മര്യാദക്ക് ഞാന്‍ ടീമിനോടായി പറഞ്ഞു:
"ഇന്ന് കിട്ടിയ പോലെ എന്നും അന്നം കിട്ടണേന്ന് നമുക്ക് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കാം"
"ഇന്ന് കിട്ടിയ പോലോ.....??!!!" ചോദ്യം സൊബാസ്റ്റ്യന്‍ സാറില്‍ നിന്നായിരുന്നു.
ഞാന്‍ പ്രാര്‍ത്ഥന തിരുത്തി:
"എന്നും അന്നം കിട്ടണേന്ന് നമുക്ക് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കാം"
ഒരു നിമിഷം എല്ലാവരും കണ്ണടച്ച് അത് തന്നെ പ്രാര്‍ത്ഥിച്ചു, ഞാന്‍ മാത്രം ടീം എന്നെ തല്ലി കൊല്ലല്ലേന്ന് പ്രാര്‍ത്ഥിച്ചു.തുടര്‍ന്ന് ഞങ്ങള്‍ ആഹാരത്തിലേക്ക് മുഖം പൂഴ്ത്തി.

പാര്‍ട്ടിക്ക് ശേഷം ഞാന്‍ ഒരു കവര്‍ കൊണ്ട് പോയി സാറിനു നേരെ നീട്ടി, എന്നിട്ട് പറഞ്ഞു:
"ഞങ്ങടെ ഒരു സമ്മാനമാണ്‌ സാര്‍"
ഒരു നിമിഷം ശങ്കിച്ച് നിന്ന ശേഷം സാര്‍ ആ പൊതി കൈ പറ്റി.എന്നിട്ട് എന്നെ വിളിച്ച് മാറ്റി നിര്‍ത്തിയട്ട് പറഞ്ഞു:
"വിരോധമുണ്ടെങ്കില്‍ പറഞ്ഞ് തീര്‍ക്കണം, അല്ലാതെ ഇങ്ങനൊരു പാര്‍ട്ടി തന്ന് അപമാനിക്കരുത്.സ്നേഹം ആഹാരത്തീന്ന് മനസിലാക്കണം പോലും, ത്ഫൂ"
ഒരു നിമുഷത്തേക്ക് ഞാന്‍ കണ്ണുകളൊന്ന് മുറുക്കി അടച്ചൂ, പിന്നെ പതിയെ തുറന്നു.അപ്പോഴേക്കും ഒരു കൊടുങ്കാറ്റ് പോലെ സാര്‍ പുറത്തേക്ക് നടന്നിരുന്നു.ടീമംഗങ്ങളെല്ലാം എന്താണ്‌ സാര്‍ രഹസ്യമായി പറഞ്ഞത് എന്നറിയാന്‍ ആകാംക്ഷയോട് ഇരിക്കുവാണെന്ന് മനസിലായപ്പോള്‍ സാര്‍ പോയ ഭാഗത്തേക്ക് നോക്കി വലതു കൈ ഉയര്‍ത്തി ഞാന്‍ ഉറക്കെ പറഞ്ഞു:
"താങ്ക്യൂ സാര്‍!!"
എല്ലാവരുടെയും മുഖത്ത് ആശ്വാസം.
പിന്നിട് എച്ച്.ആറിനെ ഒറ്റക്ക് കിട്ടിയപ്പോ ഞാന്‍ ചോദിച്ചു:
"എന്നാ തേങ്ങാക്കുലക്കാ, ആഹാരമാണ്‌ സ്നേഹമെന്ന് വച്ച് കാച്ചിയത്?"
എന്നെ അടിമുടി ഒന്ന് നോക്കിയട്ട് എച്ച്.ആര്‍ തിരികെ ചോദിച്ചു:
"അതിനു താന്‍ ഇത്രേം വലിയ ദരിദ്രവാസിയാണെന്ന് ഞാനെങ്ങനെ അറിയാനാ?"
ഉത്തരം മുട്ടിയപ്പോ ഞാന്‍ കൊഞ്ഞനം കുത്തി കാണിച്ചു, എന്നിട്ട് പതിയെ ഓഫീസിലേക്ക് നടന്നു.

ഇനി ആകെ പ്രതീക്ഷ കൊടുത്ത സമ്മാനമാ.ബോംബാണെന്ന് കരുതി സാര്‍ വലിച്ച് എറിഞ്ഞില്ലെങ്കില്‍ നല്ലൊരു ഷര്‍ട്ട് സാറിനു കിട്ടും, ഒപ്പം ഒരു ആശംസാ കാര്‍ഡില്‍ ഹൃദയം കൊണ്ട് കുറിച്ച ഏതാനും വരികളും.
ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, ആ വരികള്‍ ഇങ്ങനെയായിരുന്നു....

ഹൃദയം കൊണ്ട് ഞങ്ങളെ സ്നേഹിച്ച, പ്രൊഫഷണലിസം കൊണ്ട് ഞങ്ങളെ വിസ്മയിപ്പിച്ച, പ്രിയപ്പെട്ട സാര്‍,
ഈ വേളയില്‍ പറയാന്‍ ഞങ്ങള്‍ക്ക് വാക്കുകളില്ല.
കൂടുതല്‍ അനുയായികളെ സൃഷ്ടിക്കുന്നവനല്ല, മറിച്ച് കൂടുതല്‍ നേതാക്കന്‍മാരെ സൃഷ്ടിക്കുന്നവനാണ്‌ മികച്ച നേതാവെന്ന് കുറഞ്ഞ കാലയളവില്‍ ഞങ്ങളെ പഠിപ്പിച്ച പ്രിയ നേതാവേ,
താങ്കള്‍ക്ക് നന്മകള്‍ നേരുന്നു.

സോറി റ്റു സേ ഗുഡ്ബൈ
ബട്ട് ഹാപ്പി റ്റു സീ എഗൈന്‍.

ആള്‍ ദി ബെസ്റ്റ്.


27 comments:

അരുണ്‍ കരിമുട്ടം said...

2013 ലെ ആദ്യത്തെ പോസ്റ്റ്.സംഭവം സാങ്കല്പികമാണെങ്കിലും ആത്മ കഥാംശം ചിതറി കിടക്കുന്നു.

ajith said...

ആദ്യം മുതല്‍ അന്ത്യം വരെ രസകരം

സുനന്ദ ഭട്ടാചാര്യ....ഹഹഹ

ചാണ്ടിച്ചൻ said...

പെട്ടെന്നെഴുതി ഒപ്പിച്ച പോലെ.....അല്‍പ്പം പഞ്ചു കുറഞ്ഞോ എന്നൊരു സംശയം

jayanEvoor said...

ജീവിതം ഒരു സാഗരമാ അളിയാ... അതിൽ ഇത്തരം എത്രയോ കൊമ്പൻ സ്രാവുകൾ വരാനിരിക്കുന്നു, വിഴുങ്ങാനിരിക്കുന്നു.... മനു ഇതൊന്നും സീരിയസ്‌ ആയി എടുക്കരുത്‌... അയ്യേ... ഛെ! കണ്ണു നിറയുന്നോ!? അടി!!

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

......... ഒളിഞ്ഞും തെളിഞ്ഞും ചിതറിയും നര്‍മ്മം

ചെലക്കാണ്ട് പോടാ said...

നിങ്ങടെ കോര്‍ഡിനേഷന്‍ പാടവം ഇത്രത്തോളമുണ്ടല്ലേ

Anonymous said...

Manu, i can't stop laughing, the Saudis sitting beside me are staring at me, they may throw me out of the office thinking I am in"nuts". Awesome mate.

Empty Bottle(കാലിക്കുപ്പി) said...


കലക്കി ചേട്ടാ.....
പാകിസ്ഥാന്‍ കാശ്മീരിനെ ആക്രമിക്കുന്നതിന്‍റെ കാരണം ഇപ്പഴാ.. മനസ്സിലായത്‌......

വീകെ said...

എന്നിട്ടാ പിരിവിട്ട കാശൊക്കെ മനുവെന്തു ചെയ്തു...?
അല്ല, ലാഭം കണ്ടമാനം കിട്ടിയതോണ്ട് ചോദിച്ചതാ...!

Lincy said...

Excellent.. (as usual :))

Unknown said...

അങ്ങ് കാശ്മീരിലൊക്കെ വെല്‍ക്കം ഡ്രിങ്ക് ആദ്യം തന്നെ കൊടുക്കുമത്രേ.ചുമ്മാതല്ല പാകിസ്ഥാന്‍ കാശ്മീരിനെ ആക്രമിക്കുന്നത്, അവര്‍ക്ക് വെല്‍ക്കം ഡ്രിങ്ക് ആദ്യം കൊടുക്കുന്നവരെ കണ്ണെടുത്താല്‍ കണ്ടു കൂടാ

ചിരിപ്പിച്ചു...

യദു കൃഷ്ണന്‍ said...

Arun chetta kollam kidu....

അൻവർ തഴവാ said...

സംഭവം തന്നെ ...പക്ഷെ നര്‍മ്മത്തിന്റെ മൂര്‍ച്ച കുറഞ്ഞു വരുന്നോ എന്നൊരു സംശയം..

ചിതല്‍/chithal said...

സൗമ്യ എന്ന പേരിൽ ഒരു മാനേജർ എനിക്കുമുണ്ടായിരുന്നു. സുനന്ദയെപ്പോലെ ഒത്ത ഒരു ആൺമാനേജർ.

ആത്മകഥാംശം എവിടെയൊക്കെയോ ഫീൽ ചെയ്തു.

Anonymous said...

sambavam kalakkeee...................

Anonymous said...

nice dear

തൃശൂര്‍കാരന്‍ ..... said...

കലക്കി.. വെല്‍ക്കം ഡ്രിങ്ക് പിന്നെ കൊടുത്തോ ആവൊ ? എന്തായാലും സംഗതി ഉഷാറായി !

Echmukutty said...

അയ്യേ! കളഞ്ഞില്ലേ മനൂനെ പറ്റി എന്തൊക്കെ വിചാരിച്ചതാ... ച്ഛേ...

എം.എസ്. രാജ്‌ | M S Raj said...

ലെറ്റസ് സ്റ്റാർട്ട് മാഗീ എന്നൊരു കക്ഷി പണ്ട് പറഞ്ഞതു പോലെയായിപ്പോയി.. ചുമ്മാതല്ല പാകിസ്ഥാന്‍ കാശ്മീരിനെ ആക്രമിക്കുന്നത്!! :):)

സുകന്യ said...

ha ha ha .. kollam kidu aayittundu :)

മിഥു said...

അരുണ്‍ ചേട്ടാ..
കിടിലന്‍ ആയിട്ടുണ്ട്. കുറെ ചിരിപ്പിച്ചു.
:)

ആദ്യമായിട്ടാ ഞാനിവിടെ ഒരു അഭിപ്രായം ഇടുന്നത്. പുതിയ പോസ്റ്റുകള്‍ ഒന്നും ഇല്ലാതിരുന്ന ഈ രണ്ടു മാസം കൊണ്ട് ഞാന്‍ കായംകുളത്തെ പഴേ പോസ്റ്റുകള്‍ എല്ലാം വായിച്ചു തീര്‍ത്തു. എല്ലാം ഒന്നിനൊന്നു മെച്ചം.

നമോവാകം പ്രഭോ.. നമോവാകം...
:)

ജാനി .... said...

nannayitunde..........sankalpikamanelum....aatmakatamsamanelum.......






ഷിനു.വി.എസ് said...

ഗസ്റ്റ് ഹൌസിലെ ക്യാന്‍റീനില്‍ പോയത് നന്നായി .."തപസ്യയിലെ സ്നേഹ കാന്റീനില്‍" ആയിരുന്നേല്‍ വയറിളകി ഊപ്പാട് വന്നേനെ ..! ജിതേന്ദ്രന്‍ സാറിന്റെ വക നല്ല മുഴുത്ത പച്ച തെറിയും ഫ്രീ ആയി കിട്ടിയേനെ ..

അഖില്‍ ചന്ദ്രന്‍ said...

"ശരിയാണ്‌, പ്ലേറ്റില്‍ വച്ചിരിക്കുന്ന പപ്പടം ഭയങ്കര ചെറുതാണ്.മാത്രമല്ല ചുട്ട ലക്ഷണമൊന്നുമില്ല, പച്ച പപ്പടം പോലിരിക്കുന്നു.ചോദ്യഭാവത്തില്‍ പെണ്‍കുട്ടിയെ നോക്കിയപ്പോള്‍ അവള്‍ പറഞ്ഞു:
അത് ചപ്പാത്തിയാണ്‌ സാര്‍"//..."... പൊന്നു മാഷേ നമിച്ചു ...

Jenish said...

Back to usual style... Kalakki.. Congrats..

Githesh said...

Eni office l erunnu njan thangalude blog vayikkilla..etra adakkipidichittum oduvil oru "kkii" purathuvannu chirichitt...manger rookshamyonnu nokki..! ulla rasavum poi..enthayalum Chettai thangal oru one onnara alla oru rand randara prasthana tta..(y)

ഇലക്ട്രോണിക്സ് കേരളം said...

ആത്മ കഥ കൊള്ളാം

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com