For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ചാക്കോമാഷ് പാവമായിരുന്നു





'ഭൂമിയുടെ സ്പന്ദനം കണക്കിലാണ്'
സിനിമാപ്രേമികളായ മലയാളികള്‍ എന്നും ഓര്‍ത്ത് വയ്ക്കുന്ന ഒരു വാചകം...
ക്രൂരനും കണിശക്കാരനുമായ ചാക്കോ മാഷിന്‍റെ മാസ്റ്റര്‍ പീസ്സ് ആയിരുന്നു ഈ വാചകം.
സ്ഫടികം എന്ന സിനിമയില്‍ മോഹന്‍ലാലിന്‍റെ അച്ഛന്‍ വേഷത്തില്‍ മഹാനായ നടന്‍ തിലകനായിരുന്നു ചാക്കോ മാഷിനെ അവതരിപ്പിച്ചത്.
ഉള്ളില്‍ പുത്ര സ്നേഹം ഉണ്ടങ്കിലും പുറമേ കാട്ടാത്ത ഒരു ക്രൂരനായ കണക്ക് മാഷ്,
അതായിരുന്നു ചാക്കോ മാഷ്.
എന്നാല്‍ ഞാന്‍ പറയുന്നു ഈ ചാക്കോ മാഷ് പാവമാണെന്ന്!!!
ഒരു വര വരച്ചിട്ട് അതിനെ ചെറുതാക്കാന്‍ ആ വരയ്ക്ക് അടുത്ത് അതിനെക്കാള്‍ വലിയ ഒരു വര വരച്ചാല്‍ മതി എന്ന ഉട്ടോപ്യന്‍ സിദ്ധാന്ത പ്രകാരമാണ്‌ ഞാന്‍ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്താന്‍ തയ്യാറായത്.
ഇവിടെ ചെറിയ വര ചാക്കോ മാഷാണെങ്കില്‍, വലിയ വര എന്നെ സാമൂഹ്യപാഠം പഠിപ്പിച്ച കുറുപ്പ് സാറാണ്.കുറുപ്പ് സാറിന്‍റെ ക്രൂരതയുമായി കംപയര്‍ ചെയ്യുമ്പോള്‍ ചാക്കോമാഷ് ഒരു പാവമാണ്,ഒരു പഞ്ചപാവം.
എ പുവര്‍ മാന്‍ ലൈക്ക് 'കലമാന്‍'!!!

ഈ കുറുപ്പ് സാറുമായുള്ള എന്‍റെ സമരം തുടങ്ങുന്നത് ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്.ആ വര്‍ഷം ബുധനാഴ്ച ദിവസം ആദ്യ പിരീഡ് സാമൂഹ്യപാഠമാണ്.ഒരു ബുധനാഴ്ച താമസിച്ച് വന്ന എന്നെ സാര്‍ എതിരേറ്റത് ഒരു ചോദ്യത്തോടെ ആയിരുന്നു.ബോര്‍ഡില്‍ തൂക്കിയിട്ടിരിക്കുന്ന ഇന്ത്യയുടെ വലിയ ഭൂപടത്തിലോട്ട് ചൂരല്‍ വടി ചൂണ്ടിയാണ്‌ സാറ്‌ ആ ചോദ്യം ചോദിച്ചത്:
"ഇന്ത്യയുടെ തലസ്ഥാനം ഏത്?"
എന്തൊരു സിംപിള്‍ ചോദ്യം???
ഇന്ത്യയുടെ ഭൂപട പ്രകാരം തല സ്ഥാനത്ത് കാശ്മീരും, വാല്‍ സ്ഥാനത്ത് കന്യാകുമാരിയുമാണെന്ന് ഏത് പൊട്ടനും മനസിലാകും.എന്നിട്ടും ഇമ്മാതിരി ഒരു സാദാ ചോദ്യം എന്നെ പോലെ ഒരു മിടുക്കനോട് ചോദിച്ചതിലെ അന്തസത്ത മനസിലാകാത്ത ഞാന്‍ മറുപടി പറഞ്ഞു:
"കാശ്മീര്‍"
ങ്ങേ!!!!
എന്‍റെ മറുപടി കേട്ട് വിശ്വാസം വരാത്തവണ്ണം എന്നെ തുറിച്ച് നോക്കി നിന്ന സാറിനെ നോക്കി ഞാന്‍ ഉത്തരം പൂര്‍ത്തിയാക്കി:
"ജമ്മു-കാശ്മീര്‍"
ഡല്‍ഹി എന്ന മനോഹര സ്ഥലം ഇന്ത്യയുടെ നെഞ്ച് സ്ഥാനം ആണെന്നും, തല സ്ഥാനത്ത് ജമ്മു-കാശ്മീരാണ്‌ ഉള്ളതെന്നും ആയ ഈ കണ്ട് പിടിത്തമാണ്‌ എന്നെ സാറിന്‍റെ മുഖ്യശത്രു ആക്കിയത്.

ഇനി നിങ്ങള്‍ക്ക് ഞാന്‍ ആ കാലഘട്ടത്തിലെ ഒരു തിങ്കളാഴ്ച പരിചയപ്പെടുത്താം,
എന്‍റെ ജീവിതത്തില്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരു തിങ്കളാഴ്ച...
അന്ന് രാവിലെ സ്ക്കുളിലെ ഹെഡ്മിസ്ട്രസ്സായ ശാന്തകുമാരിയമ്മ ടീച്ചര്‍ കുറുപ്പ് സാറിനെയും കൂട്ടി ക്ലാസ്സിലെത്തി, എന്നിട്ട് ഞങ്ങളെ അഭിസംബോധന ചെയ്തു:
"പ്രിയപ്പെട്ട കുട്ടികളേ, നിങ്ങളോട് ഞാനൊരു സന്തോഷവാര്‍ത്ത പറയാന്‍ പോകുകയാണ്"
തീരെ പ്രതീക്ഷിക്കാത്ത നേരത്ത് ടീച്ചര്‍ അങ്ങനെ പറഞ്ഞതോട് കൂടി ഞങ്ങളുടെയെല്ലാം ആകാംക്ഷ വര്‍ദ്ധിച്ചു.എന്താ സന്തോഷവാര്‍ത്ത എന്ന് കാത്തിരുന്ന ഞങ്ങളെ നോക്കി ടീച്ചര്‍ പറഞ്ഞു:
"ഇന്ന് മുതല്‍ കുറുപ്പ് സാറാണ്‌ നിങ്ങളുടെ ക്ലാസ്സ് ടീച്ചര്‍"
കര്‍ത്താവേ!!!
ടീച്ചര്‍ ഏതോ മലമറിക്കുന്ന സന്തോഷവാര്‍ത്ത പറയും എന്ന് കരുതി ലാസ്റ്റ് ബഞ്ചേല്‍ ഇരുന്ന എനിക്ക് ആരോ കുടം വച്ച് തലയ്ക്കടിച്ച പോലെ ഒരു ഫീലിംഗ് ഉണ്ടായി.
ഇത് കൊലച്ചതിയായിപ്പോയി!!!
ഒരു വെള്ള പേപ്പര്‍ കൈയ്യിലുണ്ടായിരുന്നെങ്കില്‍ രാജി എഴുതി കൊടുക്കാമായിരുന്നു.
കുറുപ്പ് സാറിന്‍റെ ശത്രുത പിടിച്ച് പറ്റാന്‍ സഹായിച്ച സന്ദര്‍ഭങ്ങളെ മനസ്സാല്‍ ശപിച്ചിരുന്ന ആ നിമിഷം എന്‍റെ ചെവിയില്‍ അമൃതായി ടീച്ചറിന്‍റെ അടുത്ത വാചകം ഒഴുകിയെത്തി:
"ഇനി നിങ്ങളിലാരെങ്കിലും സാറിനെ ക്ലാസ്സിലോട്ട് സ്വാഗതം ചെയ്യ്"
ദൈവമേ,കാത്തു!!!
മനം മയക്കുന്ന ഒരു വാചകത്തിലൂടെ സ്വാഗതം ചെയ്ത് സാറിന്‍റെ അരുമ ശിഷ്യനാകാന്‍ പറ്റിയ സമയം.കിട്ടിയ അവസരം മുതലാക്കാനായി ഞാന്‍ സ്വാഗതം ചെയ്യാന്‍ തയ്യാറായി.

ഞങ്ങളുടെ ക്ലാസ്സിലെ പെണ്‍കുട്ടികളെയെല്ലാം സാറിനു ഭയങ്കര കാര്യമാണ്, അദ്ദേഹത്തിനു പെണ്‍മക്കളില്ലാത്തതാണത്രേ അതിനു കാരണം.സാറിന്‍റെ പെണ്‍കുട്ടികളോടുള്ള ഈ മമതയെ ഹൈലൈറ്റ് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു.അപ്പോള്‍ ടീച്ചറിന്‍റെയും പെണ്‍കുട്ടികളുടെയും സിംപതിയും കിട്ടും സാറിന്‍റെ മനവും മയങ്ങും.
ഒരു വെടിയ്ക്ക് രണ്ട് പക്ഷി!!!
സകല ദൈവങ്ങളേയും മനസ്സില്‍ വിളിച്ച് എനിക്ക് അറിയാവുന്ന മലയാളത്തില്‍ ഞാന്‍ സാറിനെ സ്വാഗതം ചെയ്തു:
"തികച്ചും സ്ത്രീലമ്പടനായ കുറുപ്പ് സാറിനെ ഞാന്‍ ഈ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്യുന്നു"
ഞാന്‍ സ്വാഗതം ചെയ്തതും, ക്ലാസിലുള്ള കൂട്ടുകാരെല്ലാം കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചതും ഒരേ നിമിഷമായിരുന്നു.സാറിന്‍റെ മനം മയങ്ങിയോ എന്നറിയാന്‍ തിരിഞ്ഞ് നോക്കിയ ഞാന്‍ കണ്ടത് ദേഷ്യത്താല്‍ ചുവന്ന കണ്ണുകളുമായി ഒരു ചൂരലും പിടിച്ച് നില്‍ക്കുന്ന കുറുപ്പ് സാറിനെയാണ്.
എവിടെയോ ഒരു ചെറിയ മിസ്റ്റേക്ക് പറ്റിയെന്ന് തോന്നുന്നു.
എന്താണാവോ??
എനിക്ക് വേണ്ടി ക്ഷമ ചോദിച്ച് കൊണ്ട് അച്ഛന്‍റെ കൈയ്യില്‍ നിന്നും ഒരു ലെറ്റര്‍ വാങ്ങി ഇനി ക്ലാസ്സില്‍ കയറിയാല്‍ മതി എന്ന ഓഫര്‍ നല്‍കിയാരുന്നു അന്ന് എല്ലാവരും എന്നെ സ്ക്കുളില്‍ നിന്നും യാത്ര ആക്കിയത്.സ്വാഗതത്തിനു പ്രതിഫലം ശാസനം ആണെന്ന് തിരിച്ചറിഞ്ഞ ദിവസം.

അച്ഛന്‍റെ കൈയ്യില്‍ നിന്നും ലെറ്ററോ?
ഇംപോസിബിള്‍!!!
ഇനി എന്ത്???
അങ്ങനെയാണ്‌ അച്ഛന്‍ എഴുതുന്ന പോലെ സ്വന്തമായി ഒരു ലെറ്റര്‍ എഴുതാന്‍ ഞാന്‍ തീരുമാനിച്ചത്.രണ്ടും കല്‍പിച്ച് ഒരു വെള്ള പേപ്പറില്‍ ഞാന്‍ ആ കത്തെഴുതി,
'കുറുപ്പ് സാര്‍,
മനുമോന്‌ വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു
എന്ന്
എന്‍റെ അച്ഛന്‍'
കുറുപ്പ് സാറിന്‍റെ കൈയ്യില്‍ ആ കത്ത് കൊടുക്കുന്നതിനു മുമ്പ് ഞാന്‍ അത് എന്‍റെ ആത്മാര്‍ത്ഥ സുഹൃത്ത് ജോസിനെ ഒന്ന് കാണിച്ചു, കാണിക്കുന്നത് കള്ളത്തരം ആണെങ്കിലും പിടിക്കപ്പെടില്ല എന്ന് ഉറപ്പ് വരുത്തേണ്ടേ?
ഒരു ആവര്‍ത്തി കത്ത് വായിച്ചതിനു ശേഷം ജോസ് എന്നോട് പറഞ്ഞു:
"മച്ചാ, ഇത് നീ എഴുതിയതാണെന്ന് ദൈവം തമ്പുരാന്‍ പോലും കണ്ട് പിടിക്കില്ല"
ഹോ, എന്നെ സമ്മതിക്കണം!!!

ഞാന്‍ വച്ച് നീട്ടിയ കത്ത് വായിച്ചിട്ട് സാര്‍ ഒരു നിമിഷം സ്തംഭിച്ച് നിന്നു, എന്നിട്ട് ദയനീയമായ സ്വരത്തില്‍ എന്നോട് ചോദിച്ചു:
"എന്തോന്നാടാ ഇത്?"
"അച്ഛന്‍ എഴുതിയ കത്താണ്‌ സാര്‍" ആത്മവിശ്വാസം തുളുമ്പുന്ന മറുപടി.
ഒരുകാലത്തും ഞാന്‍ നന്നാവില്ല എന്ന് കരുതിയതിനാലാവണം, ആ കത്ത് കീറി കളഞ്ഞിട്ട് എന്നോട് ക്ലാസ്സില്‍ കയറി കൊള്ളാന്‍ അദ്ദേഹം പറഞ്ഞു.സാറിനെ വീണ്ടും മണ്ടനാക്കിയ സന്തോഷത്തില്‍ ഞാന്‍ ക്ലാസ്സിലേക്കും പ്രവേശിച്ചു.
എന്നെ പിന്നെം സമ്മതിക്കണം!!

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com