
ഹീറോയിസം ഇഷ്ടപ്പെടാത്ത ആരും കാണില്ല..
എനിക്കും ഇഷ്ടമാണ് ഹീറോയിസം.ആ ഇഷ്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.വളരെ വളരെ ചെറുപ്പത്തില്‍ മനസില്‍ വേരോടിയതാ.കുട്ടിക്കാലത്ത് കണ്ടിരുന്ന സൂപ്പര്‍ ഹീറോകളായിരുന്നു എന്നില്‍ ഹീറോയിസം വളര്‍ത്തിയത്..
സൂപ്പര്മാന്, സ്പൈഡര്‍ മാന്‍, ഹീമാന്‍, ബാറ്റ് മാന്‍, പുവര്‍ മാന്‍, കല മാന്‍...
അങ്ങനെ എത്ര എത്ര മാനുകള്‍!!
ഇനി ബാലരമ, പൂമ്പാറ്റ, ബാലമംഗളം എന്നിവ തുറന്നാലോ?
മായാവി, പുട്ടാലു, ലുട്ടാപ്പി എന്നിങ്ങനെ പോകുന്നു..
പക്ഷേ എന്റെ റോള്‍ മോഡല്‍ ഇവരൊന്നുമല്ല, അതൊരു കുഞ്ഞ് എലിയാ..
അന്യഗ്രഹ ജീവികള്‍ കാരണം ശക്തിമാനായ ഒരു എലി..
ആ എലി ബാലമംഗളത്തിലെ സൂപ്പര്‍സ്റ്റാറാ..
അതാണ് ഡിങ്കന്..
ശക്തരില്‍ ശക്തന്!!
എതിരാളിക്കൊരു പോരാളി!!
പത്ത് വയസ്സ് വരെ അമ്മയുടെ തറവാട്ടിലായിരുന്നു എന്റെ താമസം.ആ കാലഘട്ടത്തിലാണ് ഡിങ്കനോടുള്ള എന്റെ ആരാധന അധികമായത്.പതിയെ പതിയെ ഡിങ്കന് എന്റെ ഉപബോധമനസില്‍ സ്ഥാനം പിടിച്ചു.അങ്ങനെ ദിവസങ്ങള്‍ പിന്നിട്ടപ്പോല്‍ എനിക്കൊരു സംശയം..
ഇനി ഞാനാണോ ഡിങ്കന്??
അതേ..
ഞാന്‍ തന്നാ ഡിങ്കന്!!
എനിക്ക് ഉറപ്പായി.
ഞാന്‍ ഡിങ്കനായത് നാല് പേരെ അറിയിക്കണമല്ലോ..
അച്ഛനോടും അമ്മാവന്മാരോടും ഈ രഹസ്യം പറഞ്ഞാല്‍, ചന്തിക്ക് അടി, ചെവിക്ക് കിഴുക്ക്, കണ്ണുരുട്ടി കാണിക്കല്‍ തുടങ്ങിയ ഭീകര മുറകള്‍ നേരിടേണ്ടി വരും.അമ്മ, അമ്മായി, കുഞ്ഞമ്മ, വല്യമ്മ, ഈ വക അവതാരങ്ങള്‍ക്ക് ഡിങ്കനെ പരിചയവുമില്ല.പിന്നെയുള്ളത് അമ്മുമ്മയാ, ഞാന്‍ അമ്മുമ്മയെ സമീപിച്ചു:
"അമ്മുമ്മേ, ഞാന്‍ ഒരു ഡിങ്കനല്ലിയോ?"
സ്നേഹമയിയായ അമ്മുമ്മ പ്രതികരിച്ചു:
"ശരിയാ മോനെ, നീ ഒരു പുങ്കനാ"
എന്നിട്ട് ഒരു ഉപദേശവും:
"മോന് ഈ സ്വഭാവം മാറ്റണം, കേട്ടോ?"
കേട്ടു..
പക്ഷേ ഞാന്‍ പറഞ്ഞത് അമ്മുമ്മ കേട്ടാരുന്നോ??
ഇല്ല!!
ചുമ്മാതല്ല അമ്മുമ്മക്ക് ചെവി കേള്‍ക്കില്ലന്ന് അച്ഛന് പറയുന്നത്!!
ഇനി ഒരേ ഒരു ഗ്രൂപ്പേ ഉള്ളു..
അത് എന്റെ അനിയത്തിയും, അവളുടെ കൂട്ടുകാരികളുമാ..
എന്നെക്കാള്‍ പ്രായത്തിനു ഇളപ്പമുള്ള ആ സഖിമാരോട് ഞാന്‍ പ്രഖ്യാപിച്ചു:
"ഞാന്‍ ഡിങ്കനാ"
അവരുടെയെല്ലാം മുഖത്ത് ഒരു ആരാധന.
അത്ഭുതത്തോടെ എന്നെ നോക്കി നിന്ന അവരോട് ഘനഗംഭീര ശബ്ദത്തില്‍ ഞാന്‍ ചോദിച്ചു:
"എന്താ ഞാന്‍ ഡിങ്കനായതെന്ന് അറിയാമോ?"
ശക്തരില്‍ ശക്തന്, എതിരാളിക്കൊരു പോരാളി...
ഇമ്മാതിരി മറുപടി പ്രതീക്ഷിച്ച് നിന്ന എന്നെ നോക്കി അനിയത്തി പറഞ്ഞു:
"എനിക്ക് അറിയാം, ചേട്ടനെ കണ്ടാല്‍ ഒരു എലിയെ പോലുണ്ട്"
ഓഹോ..
ഇതാണോ നീ മനസിലാക്കിയത്??
കഷ്ടം!!
അതോടെ എനിക്കൊരു കാര്യം മനസിലായി..
എടുപിടീന്ന് ഇവര്‍ ഒന്നും സമ്മതിച്ചു തരില്ല.ഞാന്‍ ഡിങ്കനാണെന്ന് തെളിയിക്കണമെങ്കില്‍ ഇവരുടെ മുമ്പില്‍ എന്റെ ധൈര്യം കാണിച്ചേ പറ്റു.
പക്ഷേ എങ്ങനെ??
ഒടുവില്‍ ഞാനൊരു വഴി കണ്ടെത്തി..
എനിക്ക് ഒരു എതിരാളിയെ സൃഷ്ടിക്കുക, എന്നിട്ട് അവനെ തോല്‍പ്പിക്കുക.എന്റെ ഈ സംരംഭത്തിനു ദൈവമായി എനിക്ക് ഒരു എതിരാളിയെ കൊണ്ട് തരുകയും ചെയ്തു..
ടോമി..
എന്റെ വീടിന്റെ തൊടിയിലും പറമ്പിലും കാണുന്ന നാടന്‍ പട്ടി.
അങ്ങനെ ഞാന്‍ ടോമിയെ ഉപദ്രവിക്കാന്‍ തുടങ്ങി.എന്റെ കൈയ്യില്‍ നിന്നും അടുപ്പിച്ച് അടിയും ഏറും കിട്ടിയതോടെ ടോമിക്ക് എന്നെ പേടിയായി.കണ്ടാല്‍ ഭയന്ന് ഓടാന്‍ തുടങ്ങി.ടോമി ഓടുന്ന കണ്ട് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാന്‍ കുറേ ആരാധകരും.ഒടുവില്‍ അവരെല്ലാം സമ്മതിച്ചു..
ചേട്ടന് ഡിങ്കന് തന്നെ!!
അങ്ങനെ ഞാന്‍ ഡിങ്കനായി.
ആ കാലഘട്ടത്തിലെ ഒരു നട്ടുച്ച സമയം..
സാധരണപോലെ വാലായി ആരുമില്ല, ഞനൊറ്റക്കാ.പറമ്പത്തെ വായി നോട്ടം കഴിഞ്ഞപ്പോള്‍ ഒരു ആഗ്രഹം, തൊടിയിലൊന്ന് കറങ്ങണം.അങ്ങനെ കറങ്ങി കൊണ്ടിരുന്നപ്പഴാ ഞാന്‍ അവനെ കണ്ടത്..
ടോമി
എന്റെ ഇര.
അവന് തിരിഞ്ഞ് കിടക്കുകയാ, അതിനാല്‍ എന്നെ കണ്ടതുമില്ല.സാധാരണ രീതിയില്‍ ഞാന്‍ മൈന്‍ഡ് ചെയ്യേണ്ട ഒരു ആവശ്യവുമില്ല.കാരണം എന്റെ ധീരത കണ്ട് കൈയ്യടിക്കുവാന്‍ ആരുമില്ലെന്നത് തന്നെ.എന്നാലും ടോമി എന്നെ മൈന്‍ഡ് ചെയ്യാതിരിക്കുന്ന കണ്ട് എന്നിലെ ഡിങ്കന് തലപൊക്കി..
ആഹാ, അത്രക്കായോ??
ഞാനാര്?
ഡിങ്കന്..
ശക്തരില്‍ ശക്തന്..
എതിരാളിക്കൊരു പോരാളി.
അങ്ങനെയുള്ള എന്നെ മൈന്‍ഡ് ചെയ്യാതിരിക്കുന്നോ??
ഞാന്‍ ഒന്ന് മുരടനക്കി...
അത് കേട്ടതും ടോമി പതുക്കെ തല തിരിച്ച് നോക്കി, ഞാനാണെന്ന് കണ്ടതോടെ പതുക്കെ എഴുന്നേറ്റു.ഇനി വാലും ചുരുട്ടി ഒരു ഓട്ടമുണ്ട്.അത് കാണാന്‍ ആകാംക്ഷയോടെ നിന്ന എന്നെ അമ്പരപ്പിച്ച് കൊണ്ട്, മുഖത്ത് പ്രത്യേകിച്ച് ഒരു ഭാവവും വരുത്താതെ ടോമി എന്നെ തന്നെ നോക്കി നിന്നു.
ഒരു വശത്ത് ധീരനായ ഞാന്‍, മറുവശത്ത് പട്ടിയായ ടോമി!!
ഒരു രണ്ട് മിനിറ്റ് കഴിഞ്ഞതോടെ എന്റെ ഉള്ളൊന്ന് കാളി..
ഈശ്വരാ!!
ഈ പട്ടിയെന്താ ഓടാത്തെ??
എന്നെ എപ്പോള്‍ കണ്ടാലും പേടിച്ച് ഓടുന്ന പട്ടിയാ, എന്നിട്ടിപ്പം..
ഇനി എന്നെ കടിക്കാനാണോ??
മനസ്സില്‍ പലതും ഇങ്ങനെ ചിന്തിച്ച് കൂട്ടിയതോടെ ആമാശയത്തില്‍ ഒരു തമോ ഗര്‍ത്തം രൂപപ്പെടുന്നതും, കാലുകളില്‍ ഒരു വിറയല്‍ ഫോം ചെയ്യുന്നതും ഞാനറിഞ്ഞു.
അടുത്ത നിമിഷം ഞാന്‍ ഒരു മഹാ സത്യം മനസിലാക്കി..
എന്നിലെ ഡിങ്കന് ചത്തു!!
പേടി കാരണം എങ്ങോട്ട് ഓടണമെന്ന് ഒരു പിടിയുമില്ല, കാലിന്റെ വിറയല്‍ കാരണം ഓടാന്‍ പറ്റുമെന്ന് ഒരു ഉറപ്പുമില്ല.വലിയ ധീരനും, പേരുകേട്ട ഡിങ്കനുമായ ഞാന്‍ കരച്ചിലിന്റെ വക്കിലായി..
ദൈവമേ കാക്കണേ..
ഇനി എന്ത്?
അപ്പോഴാണ് എന്റെ മനസില്‍ ഒരു തോന്നല്‍ ഉത്ഭവിച്ചത്..
ധീരത കൈ വിട്ടപ്പോള്‍ സ്നേഹം കൊണ്ട് പിടിച്ച് നില്‍ക്കാമെന്ന് ഒരു തോന്നാല്‍!!
ഒന്നുമല്ലേലും ടോമി ഒരു പട്ടിയല്ലേ, മനുഷ്യനോടും യജമാനനോടും സ്നേഹമുള്ള പട്ടി.ഇനി സ്നേഹം കൊണ്ടേ കാര്യമുള്ളു.ആ വിശ്വാസത്തില്‍ ടോമിയോട് സ്നേഹം പ്രകടിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു..
ഞാന്‍ ടോമിയെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു.
ഒരു നിമിഷം..
ടോമി എന്നെ നോക്കി ഒന്ന് കുരച്ച് കാണിച്ചു!!
കര്‍ത്താവേ..
പണി പാളി!!
ഇതൊരു പട്ടിത്തമില്ലാത്ത പട്ടിയാ..
ഇനി എന്തോ ചെയ്യും??
മുമ്പിലൊരു വടി കിടപ്പുണ്ട്, പക്ഷേ അതെടുക്കുന്ന സമയം മതി ടോമിക്ക് ഓടി വന്ന് എന്നെ കടിച്ച് കുടയാന്‍.ഭാവിയില്‍ സംഭവിക്കാന്‍ ചാന്‍സുള്ള എല്ലാ രംഗങ്ങളും മനസിലൂടെ ഓടി മറഞ്ഞു..
പട്ടിയുടെ കടി കൊണ്ട ഞാന്‍..
പുച്ഛത്തോടെ നോക്കുന്ന സഖികള്‍..
പേപ്പട്ടിയാണെന്ന് പറയുന്ന നാട്ടുകാര്‍..
പൊക്കിളിനു ചുറ്റും പതിനാറ് കുത്ത്.
ചിന്ത അവിടെ വരെയായപ്പോള്‍ അടുത്ത ടെന്‍ഷനായി..
എന്റെ വളരെ ചെറിയ പൊക്കിളാ, അടുപ്പിച്ച് കുത്തിയാല്‍ പോലും പത്ത് കുത്തേ പൊക്കിളിനു ചുറ്റും പറ്റുകയുള്ളു.ബാക്കി ആറ് കുത്ത് എവിടെ കുത്തും??
ദൈവമേ..
ഇന്ന് ആരെയാണാവോ കണി കണ്ടത്??
ഒന്നും വേണ്ടായിരുന്നു..
എനിക്ക് തല കറങ്ങി തുടങ്ങി.
വെറുതെ ഇരുന്ന പട്ടിയുടെ വായില്‍ കോലിട്ടിളക്കരുതെന്ന് അപ്പുപ്പന് പറഞ്ഞത് വളരെ അര്‍ത്ഥവത്തായ കാര്യമാണല്ലോ കര്‍ത്താവേന്ന് കരുതി നിന്ന സമയത്ത് എന്റെ പുറകില്‍ ഒരു വിളി കേട്ടു:
"എടാ മനു"
ങ്ങേ!!
ആരാ??
തിരിഞ്ഞ് നോക്കിയപ്പോള്‍ അമ്മാവന്, കൂടെ സഖികളും.
ദൈവമേ രക്ഷിച്ചു!!
മനസില്‍ ഒരു തണുപ്പ് വരുന്നതും, തമോഗര്‍ത്തം നിരപ്പാകുന്നതും, കാലിലെ വിറയല്‍ വിട്ട് പോകുന്നതും ഞാനറിഞ്ഞു.സമാധാനത്തെ നിന്ന എന്നെ നോക്കി അമ്മാവന് പറഞ്ഞു:
"എടാ ടോമിയെ ഉപദ്രവിക്കരുത്, അതിന്റെ കാലേല് എന്തോ കൊണ്ടു, ഓടാന്‍ പോലും വയ്യാതെ നില്‍ക്കുവാ"
അത് ശരി..
ചുമ്മാതല്ല ഓടാഞ്ഞേ!!
നിമിഷനേരം കൊണ്ട് ഡിങ്കന് പുനര്‍ജനിച്ചു.ആരാധനയോടെ നില്ക്കുന്ന സഖികളെ നോക്കി ഞാന്‍ വച്ച് കാച്ചി:
"ഹും! അമ്മാവന് പറഞ്ഞ കൊണ്ടാ, ഇല്ലേ കാണാരുന്നു"
അത് കേട്ട് അവരും തലകുലുക്കി..
ശരിയാ..
ഇല്ലേ കാണാരുന്നു..
ചേട്ടന് ഡിങ്കനല്ലിയോ!!