For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

എതിരാളിക്കൊരു പോരാളി





ഹീറോയിസം ഇഷ്ടപ്പെടാത്ത ആരും കാണില്ല..
എനിക്കും ഇഷ്ടമാണ്‌ ഹീറോയിസം.ആ ഇഷ്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.വളരെ വളരെ ചെറുപ്പത്തില്‍ മനസില്‍ വേരോടിയതാ.കുട്ടിക്കാലത്ത് കണ്ടിരുന്ന സൂപ്പര്‍ ഹീറോകളായിരുന്നു എന്നില്‍ ഹീറോയിസം വളര്‍ത്തിയത്..
സൂപ്പര്‍മാന്‍, സ്പൈഡര്‍ മാന്‍, ഹീമാന്‍, ബാറ്റ് മാന്‍, പുവര്‍ മാന്‍, കല മാന്‍...
അങ്ങനെ എത്ര എത്ര മാനുകള്‍!!
ഇനി ബാലരമ, പൂമ്പാറ്റ, ബാലമംഗളം എന്നിവ തുറന്നാലോ?
മായാവി, പുട്ടാലു, ലുട്ടാപ്പി എന്നിങ്ങനെ പോകുന്നു..
പക്ഷേ എന്‍റെ റോള്‍ മോഡല്‍ ഇവരൊന്നുമല്ല, അതൊരു കുഞ്ഞ് എലിയാ..
അന്യഗ്രഹ ജീവികള്‍ കാരണം ശക്തിമാനായ ഒരു എലി..
ആ എലി ബാലമംഗളത്തിലെ സൂപ്പര്‍സ്റ്റാറാ..
അതാണ്‌ ഡിങ്കന്‍..
ശക്തരില്‍ ശക്തന്‍!!
എതിരാളിക്കൊരു പോരാളി!!

പത്ത് വയസ്സ് വരെ അമ്മയുടെ തറവാട്ടിലായിരുന്നു എന്‍റെ താമസം.ആ കാലഘട്ടത്തിലാണ്‌ ഡിങ്കനോടുള്ള എന്‍റെ ആരാധന അധികമായത്.പതിയെ പതിയെ ഡിങ്കന്‍ എന്‍റെ ഉപബോധമനസില്‍ സ്ഥാനം പിടിച്ചു.അങ്ങനെ ദിവസങ്ങള്‍ പിന്നിട്ടപ്പോല്‍ എനിക്കൊരു സംശയം..
ഇനി ഞാനാണോ ഡിങ്കന്‍??
അതേ..
ഞാന്‍ തന്നാ ഡിങ്കന്‍!!
എനിക്ക് ഉറപ്പായി.
ഞാന്‍ ഡിങ്കനായത് നാല്‌ പേരെ അറിയിക്കണമല്ലോ..
അച്ഛനോടും അമ്മാവന്‍മാരോടും ഈ രഹസ്യം പറഞ്ഞാല്‍, ചന്തിക്ക് അടി, ചെവിക്ക് കിഴുക്ക്, കണ്ണുരുട്ടി കാണിക്കല്‍ തുടങ്ങിയ ഭീകര മുറകള്‍ നേരിടേണ്ടി വരും.അമ്മ, അമ്മായി, കുഞ്ഞമ്മ, വല്യമ്മ, ഈ വക അവതാരങ്ങള്‍ക്ക് ഡിങ്കനെ പരിചയവുമില്ല.പിന്നെയുള്ളത് അമ്മുമ്മയാ, ഞാന്‍ അമ്മുമ്മയെ സമീപിച്ചു:
"അമ്മുമ്മേ, ഞാന്‍ ഒരു ഡിങ്കനല്ലിയോ?"
സ്നേഹമയിയായ അമ്മുമ്മ പ്രതികരിച്ചു:
"ശരിയാ മോനെ, നീ ഒരു പുങ്കനാ"
എന്നിട്ട് ഒരു ഉപദേശവും:
"മോന്‍ ഈ സ്വഭാവം മാറ്റണം, കേട്ടോ?"
കേട്ടു..
പക്ഷേ ഞാന്‍ പറഞ്ഞത് അമ്മുമ്മ കേട്ടാരുന്നോ??
ഇല്ല!!
ചുമ്മാതല്ല അമ്മുമ്മക്ക് ചെവി കേള്‍ക്കില്ലന്ന് അച്ഛന്‍ പറയുന്നത്!!

ഇനി ഒരേ ഒരു ഗ്രൂപ്പേ ഉള്ളു..
അത് എന്‍റെ അനിയത്തിയും, അവളുടെ കൂട്ടുകാരികളുമാ..
എന്നെക്കാള്‍ പ്രായത്തിനു ഇളപ്പമുള്ള ആ സഖിമാരോട് ഞാന്‍ പ്രഖ്യാപിച്ചു:
"ഞാന്‍ ഡിങ്കനാ"
അവരുടെയെല്ലാം മുഖത്ത് ഒരു ആരാധന.
അത്ഭുതത്തോടെ എന്നെ നോക്കി നിന്ന അവരോട് ഘനഗംഭീര ശബ്ദത്തില്‍ ഞാന്‍ ചോദിച്ചു:
"എന്താ ഞാന്‍ ഡിങ്കനായതെന്ന് അറിയാമോ?"
ശക്തരില്‍ ശക്തന്‍, എതിരാളിക്കൊരു പോരാളി...
ഇമ്മാതിരി മറുപടി പ്രതീക്ഷിച്ച് നിന്ന എന്നെ നോക്കി അനിയത്തി പറഞ്ഞു:
"എനിക്ക് അറിയാം, ചേട്ടനെ കണ്ടാല്‍ ഒരു എലിയെ പോലുണ്ട്"
ഓഹോ..
ഇതാണോ നീ മനസിലാക്കിയത്??
കഷ്ടം!!

അതോടെ എനിക്കൊരു കാര്യം മനസിലായി..
എടുപിടീന്ന് ഇവര്‍ ഒന്നും സമ്മതിച്ചു തരില്ല.ഞാന്‍ ഡിങ്കനാണെന്ന് തെളിയിക്കണമെങ്കില്‍ ഇവരുടെ മുമ്പില്‍ എന്‍റെ ധൈര്യം കാണിച്ചേ പറ്റു.
പക്ഷേ എങ്ങനെ??
ഒടുവില്‍ ഞാനൊരു വഴി കണ്ടെത്തി..
എനിക്ക് ഒരു എതിരാളിയെ സൃഷ്ടിക്കുക, എന്നിട്ട് അവനെ തോല്‍പ്പിക്കുക.എന്‍റെ ഈ സംരംഭത്തിനു ദൈവമായി എനിക്ക് ഒരു എതിരാളിയെ കൊണ്ട് തരുകയും ചെയ്തു..
ടോമി..
എന്‍റെ വീടിന്‍റെ തൊടിയിലും പറമ്പിലും കാണുന്ന നാടന്‍ പട്ടി.
അങ്ങനെ ഞാന്‍ ടോമിയെ ഉപദ്രവിക്കാന്‍ തുടങ്ങി.എന്‍റെ കൈയ്യില്‍ നിന്നും അടുപ്പിച്ച് അടിയും ഏറും കിട്ടിയതോടെ ടോമിക്ക് എന്നെ പേടിയായി.കണ്ടാല്‍ ഭയന്ന് ഓടാന്‍ തുടങ്ങി.ടോമി ഓടുന്ന കണ്ട് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാന്‍ കുറേ ആരാധകരും.ഒടുവില്‍ അവരെല്ലാം സമ്മതിച്ചു..
ചേട്ടന്‍ ഡിങ്കന്‍ തന്നെ!!
അങ്ങനെ ഞാന്‍ ഡിങ്കനായി.

ആ കാലഘട്ടത്തിലെ ഒരു നട്ടുച്ച സമയം..
സാധരണപോലെ വാലായി ആരുമില്ല, ഞനൊറ്റക്കാ.പറമ്പത്തെ വായി നോട്ടം കഴിഞ്ഞപ്പോള്‍ ഒരു ആഗ്രഹം, തൊടിയിലൊന്ന് കറങ്ങണം.അങ്ങനെ കറങ്ങി കൊണ്ടിരുന്നപ്പഴാ ഞാന്‍ അവനെ കണ്ടത്..
ടോമി
എന്‍റെ ഇര.
അവന്‍ തിരിഞ്ഞ് കിടക്കുകയാ, അതിനാല്‍ എന്നെ കണ്ടതുമില്ല.സാധാരണ രീതിയില്‍ ഞാന്‍ മൈന്‍ഡ് ചെയ്യേണ്ട ഒരു ആവശ്യവുമില്ല.കാരണം എന്‍റെ ധീരത കണ്ട് കൈയ്യടിക്കുവാന്‍ ആരുമില്ലെന്നത് തന്നെ.എന്നാലും ടോമി എന്നെ മൈന്‍ഡ് ചെയ്യാതിരിക്കുന്ന കണ്ട് എന്നിലെ ഡിങ്കന്‍ തലപൊക്കി..
ആഹാ, അത്രക്കായോ??
ഞാനാര്?
ഡിങ്കന്‍..
ശക്തരില്‍ ശക്തന്‍..
എതിരാളിക്കൊരു പോരാളി.
അങ്ങനെയുള്ള എന്നെ മൈന്‍ഡ് ചെയ്യാതിരിക്കുന്നോ??
ഞാന്‍ ഒന്ന് മുരടനക്കി...
അത് കേട്ടതും ടോമി പതുക്കെ തല തിരിച്ച് നോക്കി, ഞാനാണെന്ന് കണ്ടതോടെ പതുക്കെ എഴുന്നേറ്റു.ഇനി വാലും ചുരുട്ടി ഒരു ഓട്ടമുണ്ട്.അത് കാണാന്‍ ആകാംക്ഷയോടെ നിന്ന എന്നെ അമ്പരപ്പിച്ച് കൊണ്ട്, മുഖത്ത് പ്രത്യേകിച്ച് ഒരു ഭാവവും വരുത്താതെ ടോമി എന്നെ തന്നെ നോക്കി നിന്നു.
ഒരു വശത്ത് ധീരനായ ഞാന്‍, മറുവശത്ത് പട്ടിയായ ടോമി!!
ഒരു രണ്ട് മിനിറ്റ് കഴിഞ്ഞതോടെ എന്‍റെ ഉള്ളൊന്ന് കാളി..
ഈശ്വരാ!!
ഈ പട്ടിയെന്താ ഓടാത്തെ??
എന്നെ എപ്പോള്‍ കണ്ടാലും പേടിച്ച് ഓടുന്ന പട്ടിയാ, എന്നിട്ടിപ്പം..
ഇനി എന്നെ കടിക്കാനാണോ??
മനസ്സില്‍ പലതും ഇങ്ങനെ ചിന്തിച്ച് കൂട്ടിയതോടെ ആമാശയത്തില്‍ ഒരു തമോ ഗര്‍ത്തം രൂപപ്പെടുന്നതും, കാലുകളില്‍ ഒരു വിറയല്‍ ഫോം ചെയ്യുന്നതും ഞാനറിഞ്ഞു.
അടുത്ത നിമിഷം ഞാന്‍ ഒരു മഹാ സത്യം മനസിലാക്കി..
എന്നിലെ ഡിങ്കന്‍ ചത്തു!!

പേടി കാരണം എങ്ങോട്ട് ഓടണമെന്ന് ഒരു പിടിയുമില്ല, കാലിന്‍റെ വിറയല്‍ കാരണം ഓടാന്‍ പറ്റുമെന്ന് ഒരു ഉറപ്പുമില്ല.വലിയ ധീരനും, പേരുകേട്ട ഡിങ്കനുമായ ഞാന്‍ കരച്ചിലിന്‍റെ വക്കിലായി..
ദൈവമേ കാക്കണേ..
ഇനി എന്ത്?
അപ്പോഴാണ്‌ എന്‍റെ മനസില്‍ ഒരു തോന്നല്‍ ഉത്ഭവിച്ചത്..
ധീരത കൈ വിട്ടപ്പോള്‍ സ്നേഹം കൊണ്ട് പിടിച്ച് നില്‍ക്കാമെന്ന് ഒരു തോന്നാല്‍!!
ഒന്നുമല്ലേലും ടോമി ഒരു പട്ടിയല്ലേ, മനുഷ്യനോടും യജമാനനോടും സ്നേഹമുള്ള പട്ടി.ഇനി സ്നേഹം കൊണ്ടേ കാര്യമുള്ളു.ആ വിശ്വാസത്തില്‍ ടോമിയോട് സ്നേഹം പ്രകടിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു..
ഞാന്‍ ടോമിയെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു.
ഒരു നിമിഷം..
ടോമി എന്നെ നോക്കി ഒന്ന് കുരച്ച് കാണിച്ചു!!
കര്‍ത്താവേ..
പണി പാളി!!
ഇതൊരു പട്ടിത്തമില്ലാത്ത പട്ടിയാ..
ഇനി എന്തോ ചെയ്യും??

മുമ്പിലൊരു വടി കിടപ്പുണ്ട്, പക്ഷേ അതെടുക്കുന്ന സമയം മതി ടോമിക്ക് ഓടി വന്ന് എന്നെ കടിച്ച് കുടയാന്‍.ഭാവിയില്‍ സംഭവിക്കാന്‍ ചാന്‍സുള്ള എല്ലാ രംഗങ്ങളും മനസിലൂടെ ഓടി മറഞ്ഞു..
പട്ടിയുടെ കടി കൊണ്ട ഞാന്‍..
പുച്ഛത്തോടെ നോക്കുന്ന സഖികള്‍..
പേപ്പട്ടിയാണെന്ന് പറയുന്ന നാട്ടുകാര്‍..
പൊക്കിളിനു ചുറ്റും പതിനാറ്‌ കുത്ത്.
ചിന്ത അവിടെ വരെയായപ്പോള്‍ അടുത്ത ടെന്‍ഷനായി..
എന്‍റെ വളരെ ചെറിയ പൊക്കിളാ, അടുപ്പിച്ച് കുത്തിയാല്‍ പോലും പത്ത് കുത്തേ പൊക്കിളിനു ചുറ്റും പറ്റുകയുള്ളു.ബാക്കി ആറ്‌ കുത്ത് എവിടെ കുത്തും??
ദൈവമേ..
ഇന്ന് ആരെയാണാവോ കണി കണ്ടത്??
ഒന്നും വേണ്ടായിരുന്നു..
എനിക്ക് തല കറങ്ങി തുടങ്ങി.

വെറുതെ ഇരുന്ന പട്ടിയുടെ വായില്‍ കോലിട്ടിളക്കരുതെന്ന് അപ്പുപ്പന്‍ പറഞ്ഞത് വളരെ അര്‍ത്ഥവത്തായ കാര്യമാണല്ലോ കര്‍ത്താവേന്ന് കരുതി നിന്ന സമയത്ത് എന്‍റെ പുറകില്‍ ഒരു വിളി കേട്ടു:
"എടാ മനു"
ങ്ങേ!!
ആരാ??
തിരിഞ്ഞ് നോക്കിയപ്പോള്‍ അമ്മാവന്‍, കൂടെ സഖികളും.
ദൈവമേ രക്ഷിച്ചു!!
മനസില്‍ ഒരു തണുപ്പ് വരുന്നതും, തമോഗര്‍ത്തം നിരപ്പാകുന്നതും, കാലിലെ വിറയല്‍ വിട്ട് പോകുന്നതും ഞാനറിഞ്ഞു.സമാധാനത്തെ നിന്ന എന്നെ നോക്കി അമ്മാവന്‍ പറഞ്ഞു:
"എടാ ടോമിയെ ഉപദ്രവിക്കരുത്, അതിന്‍റെ കാലേല്‍ എന്തോ കൊണ്ടു, ഓടാന്‍ പോലും വയ്യാതെ നില്‍ക്കുവാ"
അത് ശരി..
ചുമ്മാതല്ല ഓടാഞ്ഞേ!!
നിമിഷനേരം കൊണ്ട് ഡിങ്കന്‍ പുനര്‍ജനിച്ചു.ആരാധനയോടെ നില്‍ക്കുന്ന സഖികളെ നോക്കി ഞാന്‍ വച്ച് കാച്ചി:
"ഹും! അമ്മാവന്‍ പറഞ്ഞ കൊണ്ടാ, ഇല്ലേ കാണാരുന്നു"
അത് കേട്ട് അവരും തലകുലുക്കി..
ശരിയാ..
ഇല്ലേ കാണാരുന്നു..
ചേട്ടന്‍ ഡിങ്കനല്ലിയോ!!

ശ്വേത ഒരു ബ്രൂട്ടസ്സ്





"ബ്രൂട്ടസ്സേ നീയുമോ?"

റോമന്‍ ഹിസ്റ്ററിയില്‍ ബ്രൂട്ടസ്സ് തന്നെ ചതിച്ചു എന്നു തോന്നിയപ്പോള്‍ സീസ്സര്‍ ചോദിച്ചു എന്ന് പറയുന്ന ചോദ്യമാണിത്.ബ്രൂട്ടസ്സ് ചതിയനാണോ അല്ലയ്യോ എന്നതല്ല ഇവിടെ പ്രശ്നം.
ശ്വേത എങ്ങനെ ബ്രൂട്ടസ്സ് ആയി?
അല്ല ആരാ ഈ ശ്വേത?

പ്രീഡിഗ്രിക്ക് പഠിച്ചുകൊണ്ടിരുന്നപ്പോളാണ് ശ്വേതയെ ഞാന്‍ ആദ്യമായി പരിചയപ്പെട്ടത്.എളിമ അഥവാ വിനയം.അതായിരുന്നു അന്നത്തെ കാലത്ത് ശ്വേതയുടെ മുഖമുദ്ര. അതുകൊണ്ടാണല്ലോ പത്താം ക്ളാസ്സില്‍ പഠിച്ചപ്പോള്‍ ഏറ്റവും കുറഞ്ഞ റാങ്കിനു വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചത്.
അധികം ഒന്നും വേണ്ടാത്രേ,ഒന്നാം റാങ്കാണങ്കിലും മതി പോലും !!!!
ദൈവത്തിനും പാവം തോന്നിക്കാണും.അതുകൊണ്ട് ഒരു ഒന്നാം റാങ്ക് കാരി എന്ന ചട്ടകൂടില്‍ ഒതുക്കി നിര്‍ത്താതെ സെക്കന്‍റ്' ക്ളാസ്സോടെയാണ് അവള്‍ പാസ്സായത്.
അത്രയ്ക്ക് മിടുക്കിയായിരുന്നു അവള്‍.ഒരു മിടുമിടുക്കി.!!!!
അവളുടെ മറ്റൊരു ഗുണം ചെയ്യുന്ന കാര്യത്തിലുള്ള സ്ഥിരതയും ആത്മാര്‍ത്ഥതയുമാണ്. ഇത് ഞാന്‍ വെറുതെ പറഞ്ഞതല്ല.കാരണം,ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കാന്‍ ചെന്നപ്പോള്‍ അവള്‍ പ്രീഡിഗ്രി സെക്കന്‍റ്‌` ഇയര്‍ ആയിരുന്നു.ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞു എഞ്ചിനിയറിങ്ങ് പഠിക്കാന്‍ പോയപ്പോഴും അവള്‍ പ്രീഡിഗ്രി സെക്കന്‍റ്‌` ഇയര്‍ ആയിരുന്നു.

ഒരു ഇരുത്തം വന്ന പഠിത്തക്കാരി.
ആത്മാര്‍ത്ഥതാ,എളിമ,സ്ഥിരത എന്നീ ഗുണങ്ങളോട് കൂടിയ ഒരു മലയാളി പെണ്‍കൊടി.
അതായിരുന്നു അന്നത്തെ ശ്വേത....
പിന്നീട് ഒരിക്കല്‍ ആരോ പറഞ്ഞു ഞാന്‍ അറിഞ്ഞു ശ്വേത ബോംബയ്ക്ക് പോയെന്ന്. അമ്പിളിയും, കലയും,ഗീതുവും,ദീപയും എല്ലാം അടങ്ങിയ പുതിയ സെറ്റിനെ പരിചയപെട്ടപ്പോള്‍ ഞാന്‍ ശ്വേതയെ മറന്നു.
സ്വാഭാവികം !!!!

കാലം കടന്നു പോയി. ഈ സംഭവം നടക്കുമ്പോള്‍ ഞാന്‍ നാഗര്‍കോവിലിലെ മാതാ എഞ്ചിനിയറിംഗ് കോളേജിലേ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്.ആ വര്‍ഷം ഓണത്തിന് ഞങ്ങള്‍ മലയാളികള്‍ എല്ലാം കൂടി ഒരു അത്തപൂക്കളം ഇടാന്‍ തീരുമാനീച്ചു.അത്തപൂക്കളം എന്നാല്‍ ഉപ്പും,കളര്‍ പൊടിയും ചേര്‍ത്ത് ഒരു പൂക്കളം
ഒരു അത്ത ഉപ്പ് കളം.
എന്‍റെ കഷ്ടകാലത്തിനു അത്തപൂക്കളം ഇടാനുള്ള ഭാഗ്യം എനിക്ക് തന്നെ കിട്ടി. എനിക്ക് കലാപ്രവര്‍ത്തനവുമായുള്ള ആകെ ബന്ധം പത്താംക്ളാസ്സില്‍ വച്ച് ഒരു കണക്ക് സോള്‍വ്വ് ചെയ്തത് മാത്രമാണ്. ഞാന്‍ സോള്‍വ്വ് ചെയ്ത കണക്ക് കണ്ട് കണക്ക് സാറാണ് എന്നിലെ കലാകാരനെ ആദ്യമായി അനുമോദിച്ചത്:

"മോനെ,നീ വരച്ച പടം കൊള്ളാം.പക്ഷേ,ക്ളാസ്സ് ടൈമില്‍ പടം വരച്ച് കളിക്കരുത്"

അയ്യോ സാറെ,ഇത് പടം വരച്ചതല്ല.സാര്‍ തന്ന കണക്ക് സോള്‍വ്വ് ചെയ്തതാണ് എന്ന് എനിക്ക് പറയാമായിരുന്നു.ആ സത്യം അന്നു പറയാതെ രാജാരവിവര്‍മ്മ എന്‍റെ വകയില്‍ ഒരു അമ്മാവനായിരുന്നു എന്ന മട്ടില്‍ ഞെളിഞ്ഞ് നിന്നതിന് ദൈവം തമ്പുരാന്‍ തന്ന ശിക്ഷ ആയിരിക്കാം ഇത്. ഇനി എന്ത് ചെയ്യും?
അപ്പോഴാണ് ദൈവദൂതനെ പോലെ എന്‍റെ ആത്മാര്‍ത്ഥ സ്നേഹിതന്‍ പ്രവീണ്‍ 'ദി തിയററ്റിക്കല്‍ ആസ്പെക്ട് ഓഫ് അത്തപ്പൂ വിത്ത് ഉപ്പ്' എന്ന പ്രബന്ധം അവതരിപ്പിച്ചത്. അതായത്,
അതി രാവിലെ എല്ലാരെക്കാളും മുമ്പ് കോളേജില്‍ വരണം.ആദ്യം ഒരു വട്ടം വരക്കണം.പിന്നെ വട്ടത്തിനകത്ത് ഡിസൈന്‍ വരക്കണം.അതുകഴിയുമ്പോള്‍ പലതരം കളര്‍ കലര്‍ത്തിയ ഉപ്പ് ഈ ഡിസൈനകത്ത് ഇടണം.ഇതാണ് അത്തപ്പൂവിന്‍റെ തിയറി.
വെരി സിംപിള്‍!!!
അതി രാവിലെ കോളേജില്‍ വന്നതും വട്ടം വരച്ചതും എളുപ്പമായിരുന്നു. അതിനു ശേഷം അത്തപൂവിനുള്ള ഡിസൈന്‍ വരക്കാന്‍ നോക്കിയപ്പോഴാണ് കുട്ടിക്കാലത്ത് അത്തപൂ ഇടണ്ട സമയത്ത് അത്തപൂ ഇടാതെ തുമ്പിയെ പിടിക്കാന്‍ നടന്നതിന്‍റെ കുഴപ്പം മനസിലായത്.ഒന്നും ശരിയാകുന്നില്ല. തിയറി പോലെയല്ല പ്രാക്ടിക്കല്‍.തിയറി എളുപ്പമാ,ഏത് പൊട്ടനും പറയാം.പക്ഷേ പ്രാക്ടിക്കല്‍?
ഒടുവില്‍ ഒപ്പിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ.ഉദ്ദേശിച്ചത് അത്തപ്പൂ ആണെങ്കിലും അവസാനം ഇട്ട് കഴിഞ്ഞപ്പോള്‍ മുമ്പില്‍ കാണുന്നത് എന്താണന്ന് എനിക്ക് പോലും മനസിലാകാത്ത അവസ്ഥ. ആകെ ഒരു ജഗപൊക.പക്ഷേ എന്നെ പോലും ഞെട്ടിച്ച് കൊണ്ടാരുന്നു എല്ലാവരും അത്തപ്പൂ കണ്ട് പ്രതികരിച്ചത്.
കിടിലന്‍,കിടുകിടിലന്‍,കിക്കിടിലന്‍,സൂപ്പര്‍,ഡ്യൂപ്പര്‍.................
സമൂഹത്തില്‍ ആരും കലാകാരനായി ജനിക്കുന്നില്ല,സമൂഹമാണവരെ കലാകാരനാക്കുന്നത് എന്നു പഴമക്കാര്‍ പറഞ്ഞത് എത്രയോ ശരി.
മലയാളിയും മലയാള ഭാഷയില്‍ ഭയങ്കര അവഗാഹം ഉള്ളവനും കമ്പ്യൂട്ടര്‍ ലാബിന്‍റെ തല തൊട്ടപ്പനുമായ രവിസാറിന്‍റെ ഊഴമായിരുന്നു അടുത്തത്. അത്തപ്പൂ കണ്ടപ്പോള്‍ തന്നെ അങ്ങേര്‍ ഒരു ചോദ്യം:


"സംഗതി കൊള്ളാം,പക്ഷേ ഈ ഡിസൈന്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?"
മണ്ണാംകട്ട !!!!!!!

ഞാനെന്ത് ഉദ്ദേശിക്കാന്‍?ഇത്രയും ഒപ്പിച്ച പാട് എനിക്കറിയാം. ഇങ്ങേരെ പോലുള്ളവരാണ് കലാകാരന്‍മാരെ വളരാന്‍ സമ്മതിക്കാത്തത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്റ്റാറാകാന്‍ വേണ്ടി അയാള്‍ എന്നെ കരുവാക്കുവാ.

"അല്ല മനു,ശരിക്കും എന്താ ഉദ്ദേശിച്ചത്?"

വീണ്ടും.എന്‍റെ ക്ഷമ നശിച്ചു.ഞാന്‍ വച്ച് കാച്ചി:

"കേരളത്തില്‍ നഷ്ടപ്പെടുന്ന അവച്യുതിമൂല്യത്തിന്‍റെ ആരോഹണ അവരോഹണ പ്രക്രിയയെ കുറിച്ചുള്ള ഓണത്തപ്പന്‍റെ കാഴ്ചപ്പാട്!!!!"

ഓഹോ,അതാണോ കാര്യം? എന്ന മട്ടില്‍ സാറൊന്ന് തല കുലുക്കി.എന്നിട്ട് ഒന്നും മിണ്ടാതെ കോളേജിലെക്ക് നടന്നു.ആ നടപ്പിനിടയില്‍ ഒരിക്കല്‍ കൂടി അയാള്‍ തിരിഞ്ഞു നോക്കി,

അതും വളരെ ദയനീയമായി....
എടാ,നാശംപിടിച്ചവനെ, നീ എന്തോന്നാടാ പറഞ്ഞത് എന്നായിരിക്കണം ആ നോട്ടത്തിന്‍റെ അര്‍ത്ഥം.

ആകെ മൊത്തം ചുരുക്കത്തില്‍ അത്തപ്പൂ ഹിറ്റായി.അതുകൊണ്ടാണല്ലോ ആ വര്‍ഷത്തില്‍ അയ്യപ്പാസ്സ് വിമന്‍സ് കോളേജില്‍ വച്ച് നടക്കുന്ന അത്തപ്പൂ ഇടില്‍ മല്‍സരത്തിനു ഞങ്ങളുടെ കോളേജിനെ പ്രതിനിധികരിക്കാന്‍ എന്നെ തിരഞ്ഞെടുത്തത്.ഞാന്‍ മാത്രമല്ല,എന്‍റെ കൂടെ പ്രവീണും പ്രദീപും. പൂവ്വ് വാങ്ങാനായി കോളേജില്‍ നിന്ന് ആയിരം രൂപ തരും.പിന്നെ രണ്ട് ദിവസം അവധിയും. ആദ്യം തന്നെ പൂവ്വ് വാങ്ങാനുള്ള കാശ് ഞങ്ങള്‍ മുക്കി.അയലത്തെ വീട്ടില്‍ നിന്ന് ഒരു കവറില്‍ കുറെ പൂവ്വും പറിച്ചിട്ട് അയ്യപ്പാസ്സ് കോളേജില്‍ ചെന്ന ഞങ്ങള്‍ പത്ത് മിനിറ്റിനുള്ളില്‍ പൂക്കളവും ഇട്ടു.എന്നിട്ട് മറ്റ് കോളേജിലെ കുട്ടികളെയും അവരുടെ പൂക്കളവും വായിനോക്കാന്‍ തുടങ്ങി. അപ്പോഴാണ്‍ ഞാന്‍ വീണ്ടും അവളെ കാണുന്നത്.ഒരു കൈയ്യില്‍ ക്യാമറയും മറുകൈയ്യില്‍ വീഡിയോയുമായി പെണ്‍കുട്ടികള്‍ക്കിടയിലൂടെ പാറിനടക്കുകയായിരുന്നു അവള്‍.
നമ്മുടെ ശ്വേത.ബോംബെവാലാ ശ്വേത ശരിക്കും ഒരു മോഡേണ്‍ ശ്വേത !!!

പ്രവീണിന്‍റെയും പ്രദീപിന്‍റെയും മുമ്പില്‍ ചെത്താന്‍ പറ്റിയ അവസരം.അതു ഞാന്‍ മുതലാക്കി.


"ഹലോ ശ്വേതാ,എന്നെ മനസിലായ്യോ?"

"യാ,യാ,യാ, ഐ റിമംബര്‍.മനു,അം ഐ റൈറ്റ്?"

എന്‍റെ റബ്ബേ! വാട്ടീസ് യുവര്‍ നെയിം എന്നു ചോദിച്ചാല്‍ വാട്ടിയ മുട്ട വേണ്ടാ എന്നു പറയുന്ന ടീമാ,ഇപ്പം ഇംഗ്ളീഷ് പറയുന്നു.കലികാലം, അല്ലാതെന്താ?നമ്മളായിട്ട് നാണം കെടാന്‍ പാടില്ലല്ലോ.അതുകൊണ്ട് ഞാന്‍ മറുപടി ഇംഗ്ളീഷിലാക്കി.

"യാ,യാ,അം യു റൈറ്റ്.ഐ അം മനു.ഐ കെയിം ഹിയര്‍ ഫോര്‍ പുട്ട് ആന്‍ അത്ത ഫ്ളവര്‍"

ഇതു കേട്ട് പ്രവീണും പ്രദീപും വാ പൊളിച്ച് നിന്ന് പോയി.
എന്നോട് ഇംഗ്ളീഷില്‍ സംസാരിച്ചിട്ട് ഒരു ഗുണവുമില്ല എന്നു തോന്നിയതിനാലാവാം അവള്‍ അവളുടെ കഥ പറഞ്ഞത് മലയാളത്തിലായിരുന്നു.
ബോംബയിലായിരുന്നെന്നും,ഇപ്പോള്‍ നാഗര്‍കോവിലില്‍ ജോലി കിട്ടി വന്നതാണെന്നും, നെറ്റ് വര്‍ക്ക് ഫീല്‍ഡിലാണ് ജോലി എന്നും പറഞ്ഞ അവള്‍ അന്ന് ഉച്ചക്കുള്ള ഞങ്ങളുടെ ആഹാരവും സ്പോണ്‍സര്‍ ചെയ്തു.
ചിക്കന്‍ ബിരിയാണി!!!
ചാവാലി പട്ടികള്‍ തല്ല്`കൂടി തിന്നുന്നത് പോലെയായിരുന്നു ഞങ്ങളുടെ പ്രകടനം.നിമിഷനേരം കൊണ്ട് ചിക്കന്‍ ബിരിയാണി ഫിനിഷ്ഡ്.

അടുത്ത പ്രശ്നം..
തിരിച്ച് കോളേജില്‍ ചെന്ന് എന്ത് പറയും?
പൂവ്വ് വാങ്ങിയില്ലന്നും അത്തപ്പൂവ് ഇട്ടില്ലന്നും പറഞ്ഞാല്‍ തീര്‍ന്നു.
ഇട്ട അത്തപ്പൂവിന്‍റെ ഫോട്ടോ കാട്ടാം എന്നു വച്ചാല്‍ എന്നെ കൊല്ലുന്നതിന് സമം.
ഐഡിയാ!!!
ഏറ്റവും നല്ല അത്തപ്പൂ അയ്യപ്പാസ്സ് കോളേജിന്‍റെയാണ്,അതിന്‍റെയടുത്ത് നിന്ന് ഒരു ഫോട്ടോ എടുത്ത് കോളേജില്‍ കാണിക്കുക.ഇതാണ് ഞാനിട്ട അത്തപ്പൂവെന്ന് പറയുക.
വെരി ഗുഢ്!!!
എന്നെ സമ്മതിക്കണം.
ശ്വേത തന്‍റെ ഇന്‍സ്റ്റന്‍റ്‌ ക്യാമറയില്‍ അപ്പോള്‍ തന്നെ പടമെടുത്ത് തന്നു.ആ ഫോട്ടോയ്ക്കും ചിക്കന്‍ ബിരിയണിക്കും അവളോട് നന്ദി പറഞ്ഞ് ഞങ്ങള്‍ തിരിച്ച് വണ്ടി കയറി.

കോളേജില്‍ ഞങ്ങള്‍ക്ക് ഗംഭീര വരവേല്‍പ്പ് തന്നെ കിട്ടി.അത്തപ്പൂവിന്‍റെ ഫോട്ടോ കണ്ട് അവരെല്ലാം ഞെട്ടി.എന്‍റെയുള്ളില്‍ ഇത്രയും വലിയ ഒരു കലാകാരനുള്ളത് അവരാരും മനസിലാക്കിയില്ലാരുന്നത്രേ.
മാങ്ങാത്തൊലി !!!!
കലാവാസന എന്നൊന്ന് എന്നെ തൊട്ട് തീണ്ടിയിട്ടില്ലന്ന് എനിക്കറിയാം.
എന്തായാലും ഞാന്‍ ഹീറോയായി.
ഒരു സൂപ്പര്‍ഹീറോ......
പക്ഷേ,അന്നു വൈകിട്ട് ആ സൂപ്പര്‍ ഹീറോ ചത്തു,അല്ല എല്ലാവരും കൂടി കൊന്നു.അതിനു കാരണം ശ്വേതയായിരുന്നു. അവളായിരുന്നു സൂപ്പര്‍ഹീറോയുടെ ശവപ്പെട്ടിക്ക് ആണി അടിച്ചത്. ഒരു കാര്യത്തില്‍ സമാധാനമുണ്ട്,ചിക്കന്‍ബിരിയാണി എന്ന പേരില്‍ കൊലച്ചോര്‍ വാങ്ങിതന്നിട്ടാണല്ലോ അവളിത് ചെയ്തത്.
അല്ല എന്നെ പറഞ്ഞാല്‍ മതി.
അവള്‍ നെറ്റ് വര്‍ക്ക് ഫീല്‍ഡിലാണെന്ന് പറഞ്ഞപ്പോള്‍ അത് ലോക്കല്‍ കേബിള്‍ ടിവി നെറ്റ് വര്‍ക്കായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല.അല്ലങ്കില്‍ ഹോസ്റ്റലിലെ ടിവിയില്‍ അത്തപ്പൂ മല്‍സരത്തെകുറിച്ചുള്ള പരിപാടി സംപ്രേക്ഷണം ചെയ്ത സമയത്തെങ്കിലും ഞാന്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്തേനെ.
ഞാന്‍ കൊണ്ട് വന്നുകാണിച്ചത് അയ്യപ്പാസ്സ് കോളേജിന്‍റെ പൂക്കളമാണെന്ന് എല്ലാവരും മനസ്സിലാക്കിയത് പോട്ടെന്ന് വയ്ക്കാം, ഭൂതകണ്ണാടി വച്ച് പോലും കാണന്‍ കഴിയാത്ത എന്തോ ഒന്ന് ചൂണ്ടിക്കാട്ടി ഇതെന്‍റെ കൂട്ടുകാരന്‍ മനു ഇട്ട പൂക്കളമാണെന്ന് അവള്‍ അഭിമാനത്തോടെ പറഞ്ഞതാ സഹിക്കാന്‍ പറ്റാഞ്ഞെ.
എടാ യൂദാസ്സേ എന്ന മട്ടില്‍ ചുറ്റും കൂടി നില്‍ക്കുന്നവരുടെ കണ്ണുകള്‍ എന്‍റെ നേരെ നീണ്ടപ്പോള്‍ എനിക്ക് തല കറങ്ങുന്നപോലെ തോന്നി. അപ്പോള്‍ ഞാന്‍ അറിയാതെ ചോദിച്ചുപോയി:

എന്‍റെ കര്‍ത്താവ്വേ,പരലോകത്തേക്കുള്ള ടിക്കറ്റിനു ഇപ്പം എങ്ങനാ ചാര്‍ജ്ജ് ?





ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com