For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ജാമാതാവ് എന്ന വാക്ക്



ഈ പോസ്റ്റ് ശരിക്കും ഒരു ക്ഷമാപണമാണ്, അല്ലെങ്കില്‍ ഒരു വ്യക്തിയോടുള്ള എന്‍റെ കടപ്പാടിന്‍റെ പ്രതിഫലനമാണ്.ഈ പോസ്റ്റിനു കാരണമായ വസ്തുത അറിയണമെങ്കില്‍ ദയവായി താഴത്തെ ലിങ്കിലുള്ള പോസ്റ്റ് വായിക്കുക...

എല്ലാം ശിവമയം

ആദ്യ പോസ്സ്റ്റില്‍ എഴുതിയ ഒരു വരിയാണ്‌ എന്നെ കൊണ്ട് രണ്ടാമത് ഇങ്ങനെ ഒരു പോസ്റ്റിടീക്കാന്‍ കാരണമായത്.മേല്‍ സൂചിപ്പിച്ച പോസ്റ്റിലെ പ്രസ്തുത വരി ഇപ്രകാരമാണ്...

'പരമശിവനെ ക്ഷണിക്കാതെ ജാമാതാവായ ദക്ഷന്‍ ഒരു യാഗം നടത്തി.'

ഈ വരി എഴുതുന്നതിനു മുമ്പ് ഞാന്‍ കുറേ പേരോട് അഭിപ്രായം ചോദിക്കേണ്ടതായി വന്നു.കാരണം ദക്ഷന്‍റെ മകളായ സതി ദേവിയെയാണ്‌ ശിവഭഗവാന്‍ കല്യാണം കഴിച്ചത്.അപ്പോള്‍ ശിവന്‍ ദക്ഷന്‍റെ മരുമകനായും, ദക്ഷന്‍ ശിവന്‍റെ അമ്മായിഅപ്പനായും വരും.അതിനാല്‍ നാട്ടുഭാഷയില്‍ മേല്‍ സൂചിപ്പിച്ച വരി എനിക്ക് രണ്ട് രീതിയില്‍ എഴുതാം...

1. മരുമകനായ പരമശിവനെ ക്ഷണിക്കാതെ ദക്ഷന്‍ ഒരു യാഗം നടത്തി.
2. പരമശിവനെ ക്ഷണിക്കാതെ അമ്മായിഅപ്പനായ ദക്ഷന്‍ ഒരു യാഗം നടത്തി.

ആദ്യം ഞാന്‍ ഒന്നാമത്തെ രീതിയിലും പിന്നീട് രണ്ടാമത്തെ രീതിയിലും ആ വരി എഴുതി.തുടര്‍ന്ന് അതൊന്ന് വായിച്ചപ്പോള്‍ എന്തോ ഒരു വശക്കേട്.ആ വാചകത്തിനു ഒരു സുഖമില്ലാത്ത പോലെ.ആ വാചകം മാറ്റി ഇച്ചിരി കൂടി സ്റ്റാന്‍ഡേഡ് ആക്കണമെന്നൊരു തോന്നല്‍. അതിനായി എന്ത് ചെയ്യാമെന്ന് കുറേ നേരം ചിന്തിച്ചപ്പോഴാണ്‌ 'ജാമാതാവ്' എന്ന വാക്ക് മനസ്സില്‍ കടന്ന് വന്നത്...

ജാമാതാവ്!!!
കേള്‍ക്കാനും പറയാനും ഇമ്പമുള്ള വാക്ക്.

എഴുതാന്‍ പോയപ്പോള്‍ വീണ്ടും സംശയമായി...

ജാമാതാവ് ഇതില്‍ ആരാണ്??
ദക്ഷനോ അതോ ശിവനോ??

ഒന്നു കൂടി വ്യക്തമാക്കിയാല്‍ ഈ ജാമാതാവ് എന്ന വാക്കിനു അര്‍ത്ഥമെന്താണ്...
മരുമകനെന്നോ അതോ അമ്മായിഅപ്പനെന്നോ??
ആകെ ഡൌട്ടായി!!

ആ വരി രണ്ട് രീതിയിലും സങ്കല്‍പ്പിച്ച് നോക്കി...

1. ജാമാതാവായ പരമശിവനെ ക്ഷണിക്കാതെ ദക്ഷന്‍ ഒരു യാഗം നടത്തി.
2. പരമശിവനെ ക്ഷണിക്കാതെ ജാമാതാവായ ദക്ഷന്‍ ഒരു യാഗം നടത്തി.

കൊള്ളാം.
രണ്ടും ഒന്നിനൊന്ന് മെച്ചം!!
പക്ഷേ ഏതാ ശരി??
ആരോട് ചോദിക്കും??
നേരെ റൂമിനു പുറത്തേക്ക്...

വയറിനു ഒരു അസ്വസ്ഥത എന്ന് പറഞ്ഞ് വിശ്രമിക്കുന്ന അച്ഛനോടാണ്‌ ആദ്യം ചോദിച്ചത്:
"ജാമാതാവ് ആരാണ്?"
"ആരുടെ ജാമാതാവ്?" മറുപടി ചോദ്യം.
അച്ഛനോട് ചോദ്യം വിശദമാക്കി:
"ശിവന്‍റെ ജാമാതാവാണോ ദക്ഷന്‍, അതോ ദക്ഷന്‍റെ ജാമാതാവാണോ ശിവന്‍"
"അത് ശിവന്‍റെ..." പറയാന്‍ വന്ന അച്ഛന്‍ ഒന്ന് സ്റ്റക്കായി.
അച്ഛനും സംശയം..
ശെടാ, ഏതാ ശരി??

അച്ഛനു വയറുവേദന മാറാനായി ഇഞ്ചി നീരും കൊണ്ട് വന്ന അമ്മ അത് അച്ഛനു കൈ മാറുന്നതിനിടയില്‍ ചോദിച്ചു:
"എന്താ കേന്ദ്രവും ആഭ്യന്തരവും മ്ലാനമായിട്ടിരിക്കുന്നത്?"
ആ ചോദ്യത്തിന്‍റെ സ്റ്റാന്‍ഡേര്‍ഡ് കണ്ടപ്പോ എന്‍റെ മനസ്സ് പറഞ്ഞു, ഒരുപക്ഷേ അമ്മക്ക് അറിയാമായിരിക്കും.ചോദ്യം അമ്മയോടായി:
"ജാമാതാവ് എന്നാല്‍ മരുമകനാണോ അതോ അമ്മായിഅപ്പനാണോ?"
മറുപടി ഇന്‍സ്റ്റന്‍റായിരുന്നു:
"മാതാവ് എന്നാല്‍ അമ്മ, അപ്പോ ജാമാതാവ് അമ്മായിഅമ്മ ആയിരിക്കും"
ഒന്നും മിണ്ടിയില്ല!!
അമ്മയോട് ചോദിക്കാന്‍ തോന്നിയ നിമിഷത്തെ മനസ്സാല്‍ പ്രാകി തല കുനിച്ചു നിന്നു.അച്ഛന്‍ ഇഞ്ചി നീര്‌ കുടിച്ചതിനു ശേഷം അമ്മ ആ പാത്രവുമായി അവിടുന്ന് പോയപ്പോഴാണ്‌ പിന്നെ തല പൊക്കിയത്.അച്ഛന്‍റെ മുഖത്ത് ഒരു ചവര്‍പ്പ് ഭാവം, ഒരു പക്ഷേ ഇഞ്ചി നീര്‌ കുടിച്ചതിനാലാവുമെന്ന് കരുതി സമാധാനിച്ചു.അപ്പോഴും മനസ്സില്‍ ആ വാക്ക് മുഴങ്ങി...
ജാമാതാവ്!!

ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ചിരുന്നപ്പോഴാണ്‌ വാമഭാഗം അത് വഴി നനച്ച തുണി വിരിക്കാനായി പോയത്.വഴിയെ പോകുന്ന കാക്കയുടെ കൈയ്യിലും ഒരു കൊഴി കാണും എന്ന പഴഞ്ചൊല്ല്‌ മനസ്സില്‍ വന്നപ്പോള്‍ അവളോട് ചോദിച്ചു:
"എടി, ആരാ ഈ ജാമാതാവ്"
പോയിന്‍റ്‌ ബ്ലാങ്കില്‍ മറുപടി കിട്ടി:
"ഗോമാതാവ് പശുവാ"
കുന്തം!!
എന്തേലും ചോദിച്ചാല്‍ അവള്‍ക്ക് വായി തോന്നുന്നതാ മറുപടി നല്‍കുന്നത്.അരിയെത്രാന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്ന് പറയുന്ന ഇവളോട് ചോദിച്ച എന്നെ വേണം തല്ലാന്‍.
ഞാന്‍ ഇങ്ങനെ മനസ്സില്‍ കരുതവേ അവള്‍ എന്നോട് പറഞ്ഞു:
"അത് പശുവാ, സത്യം"
തുടര്‍ന്ന് അവള്‍ അച്ഛനോട് ചോദിച്ചു:
"അല്ല്യോ അച്ഛാ"
അച്ഛനൊന്നും പറഞ്ഞില്ല, വെറുതെ മാനത്തോട്ട് നോക്കി ഇരുന്നു...
ഇന്ന് മഴ പെയ്യുമോ എന്ത്??
അതേ ഭാവം.

അവള്‍ അരങ്ങൊഴിഞ്ഞപ്പോള്‍ ഞാന്‍ അച്ഛനെ ഒന്നൂടെ നോക്കി, ഇപ്പോ തലക്ക് കൈ വച്ചിരിക്കുന്നു.ഇഞ്ചി നീര്‌ കുടിച്ചപ്പോ വയറ്റിലെ വേദന മുകളിലേക്ക് കേറി തലയിലെത്തിയതാവുമെന്ന് ഞാനെന്‍റെ മനസ്സിനെ ആശ്വസിപ്പിച്ചു.
അപ്പോ അച്ഛന്‍ പറഞ്ഞു:
"നീ പോയി മലയാളം നിഘണ്ടു എടുത്ത് നോക്ക്, അതാ നല്ലത്"
നേരെ മുറിയിലേക്ക്..
അങ്ങനെ നടന്നപ്പോഴാണ്‌ ഞാന്‍ ചിന്തിച്ചത്, അമ്മ പറഞ്ഞതിലും കാര്യമുണ്ട്, ഈ മാതാവ് പിതാവ് എന്നതെല്ലാം പ്രായമായവരല്ലേ, അപ്പോ ജാമാതാവ് അമ്മായിഅപ്പനായിരിക്കും...
ആയിരിക്കുമോ??
ആയിരിക്കും, ഉറപ്പ്.

അങ്ങനെ ആ വരി ഞാന്‍ പൂര്‍ത്തിയാക്കി...

'പരമശിവനെ ക്ഷണിക്കാതെ ജാമാതാവായ ദക്ഷന്‍ ഒരു യാഗം നടത്തി.'

എഴുതി കഴിഞ്ഞ് ഒരാവര്‍ത്തി വായിച്ച് നോക്കി, ആഹാ, പെര്‍ഫക്റ്റ്.സന്തോഷത്തോടെ പോസ്റ്റ് ചെയ്യുമ്പോ ഞാനറിഞ്ഞിരുന്നില്ല ഒരു വലിയ മണ്ടത്തരമാ ഞാന്‍ കാണിച്ച് വച്ചതെന്ന്, സാക്ഷാല്‍ പരമശിവനു പോലും എന്‍റെ ചെവിക്ക് പിടിച്ച് കിഴുക്കാന്‍) തോന്നുന്നത്ര വലിയ ഒരു മണ്ടത്തരം.

എന്തായാലും ശിവരാത്രിയായി ഭക്തജനങ്ങളുടെ പരാതികള്‍ പരിഹരിച്ച് കൊണ്ടിരുന്ന തിരക്കില്‍ ഭഗവാനിത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല, അല്ലെങ്കില്‍ വല്യ വല്യ ദുഷ്ടന്‍മാരുടെ തെറ്റുകള്‍ ക്ഷമിക്കുന്ന ഭഗവാന്‍ ഈ അയ്യോ പാവത്തിന്‍റെ വിവരക്കേടിനെ ക്ഷമിച്ചതാവാം.എന്തായാലും പോസ്റ്റ് വായിച്ച ആരും ആ തെറ്റ് ചൂണ്ടിക്കാട്ടിയില്ല.

ഇതിനു കാരണം പലതാവാം..
ഒന്നുങ്കില്‍ ശ്രദ്ധിച്ച് കാണില്ല, അല്ലെങ്കില്‍ ഞാന്‍ കരുതിയ പോലെ ജാമാതാവ് എന്നത് ലോകമാതാവ് പോലെ എന്തോ ആണെന്ന് കരുതിയിരിക്കാം, അല്ലെങ്കില്‍ അര്‍ത്ഥം ശരിയാണോ തെറ്റാണോന്നുള്ള സംശയമാവാം.ഒരു ദിവസത്തിനു ശേഷം ആദ്യമായി ഈ തെറ്റ് ചൂണ്ടി കാണിക്കാന്‍ എന്നെ വിളിച്ചത് ഇന്‍ഡ്യാഹെറിറ്റേജ് എന്ന ബ്ലോഗര്‍നാമത്തില്‍ അറിയപ്പെടുന്ന പണിക്കരേട്ടനാണ്, അദ്ദേഹം പറഞ്ഞു:
"ജാമാതാവ് മരുമകനാ"
ജാള്യം മറച്ച് പിടിച്ച് ഞാന്‍ തിരികെ ചോദിച്ചു:
"ഓഹോ, ഇപ്പോ അങ്ങനാക്കിയോ?"
മറുപടി പെട്ടന്ന് കിട്ടി:
"ഇപ്പോ അല്ല, പണ്ടേ അങ്ങനാ.പിന്നെ അമ്മായിഅപ്പന്‍ ശ്വശുരനാ"
കേട്ടാപാതി കേള്‍ക്കാത്ത പാതി വിവാദ വരി അങ്ങ് മോഡിഫൈ ചെയ്തു...

'ജാമാതാവായ പരമശിവനെ ക്ഷണിക്കാതെ ശ്വശുരനായ ദക്ഷന്‍ ഒരു യാഗം നടത്തി.'

ഒന്നൂടെ വായിച്ചപ്പോ എനിക്കൊരു സംശയം...
ഇത്ര കട്ടിയായി ഒരു വരി വേണോ??
'മരുമകനായ പരമശിവനെ ക്ഷണിക്കാതെ അമ്മയിഅപ്പനായ ദക്ഷന്‍ ഒരു യാഗം നടത്തി.' എന്ന് പോരേ??
പോരാ, ഇങ്ങനെ എഴുതാനായിരുന്നെങ്കില്‍ എനിക്ക് ഇന്നലേ ആവാമായിരുന്നു, മാത്രമല്ല എന്നെ പോലെ ഈ വാക്കുകള്‍ അറിയാത്തവര്‍ക്ക് അറിയാനായി ഇത് ഉപകരിച്ചാല്‍ അത്രയുമായല്ലോ.വിദ്യ എന്നത് കൊടുക്കുന്തോറും വളരുന്നതല്ലേ, അപ്പോ അറിയുന്നത് മറ്റുള്ളവരേയും അറിയിക്കുക, തെറ്റിനു ക്ഷമ ചോദിക്കുക, വിദ്യ പകര്‍ന്ന് തന്നവര്‍ക്ക് നന്ദി പറയുക...

അതിനാല്‍ തെറ്റ് എഴുതിയതിനു ക്ഷമ ചോദിക്കുക്കുന്നു, അതോടൊപ്പം പണിക്കരു ചേട്ടനു നന്ദി.ഇനിയും തെറ്റ് സംഭവിച്ചാല്‍ ചൂണ്ടി കാട്ടാനും, തിരുത്തി തരാനും എല്ലാവരും വീണ്ടും വരണമെന്ന് അപേക്ഷിക്കുന്നു....

സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം
(കായംകുളം മൊത്തം എന്‍റെയാ)

എല്ലാം ശിവമയം



ബ്രട്ടിഷ് ഭരണകാലത്ത് കേരളത്തില്‍ മാര്‍ക്കറ്റ് കുരുമുളകിനായിരുന്നത്രേ.എന്നാല്‍ ഈ കലികാലത്തില്‍ കുരുമുളകിനേക്കാള്‍ മാര്‍ക്കറ്റ് സ്വര്‍ണ്ണത്തിനും, അതിനേക്കാള്‍ മാര്‍ക്കറ്റ് ഭക്തിക്കുമായി.
ഈ ഭക്തി തന്നെ പലതരമാ...
കറകളഞ്ഞ ഭക്തി, കാര്യസാധ്യ ഭക്തി, ഈശ്വര ഭക്തി, ഗുരു ഭക്തി എന്ന് തുടങ്ങി ഗുഡ്സ്സ് ട്രെയിനിന്‍റെ ബോഗി പോലെയങ്ങ് നീണ്ട് നീണ്ട് പോകും.എങ്കിലും കൂട്ടത്തില്‍ കാര്യസാധ്യ ഭക്തിക്ക് തന്നെയാണ്‌ ടോപ്പ് മാര്‍ക്കറ്റ്.ഭക്ത ഗണങ്ങളെ സൃഷ്ടിക്കാന്‍ പറ്റുന്നതും ഇതില്‍ തന്നെ....

ഒരു കാവിമുണ്ടും, കമണ്ഠലവും, മുട്ടനാടിന്‍റെ താടിയുമായി ഒരു ഫാന്‍സിഡ്രസ്സ് നടത്തിയാല്‍ മിനിമം നാലു പേരെങ്കിലും കാലില്‍ വീഴും.എന്നിട്ടവര്‍ ഒരേ സ്വരത്തില്‍ ചോദിക്കും:
"മഹാത്മാവേ, അങ്ങ് ആരാണ്?"
"ഞാനോ, ഞാനൊരു ദിവ്യന്‍"
ഇത് കേള്‍ക്കവേ കേശാദിപാദം ഒരു ദീര്‍ഘവീക്ഷണം നടത്തിയട്ട് അവര്‍ ഉറപ്പിക്കും, അതേ ദിവ്യന്‍ തന്നെ!!
അങ്ങനെ ശിഷ്യഗണങ്ങളായി.
അനുഗമിക്കുന്നതിനൊപ്പം അവര്‍ ആര്‍ത്ത് വിളിക്കും:
"ദിവ്യാ...ദിവ്യാ...ദിവ്യാ...."
ഇത് കേള്‍ക്കേ കേശു അമ്മാവന്‍റെ വീട്ടിലെ വേലക്കാരി ദിവ്യ മതിലിനു മുകളിലൂടെ തലയിട്ട് ചോദിക്കും:
"എന്നെയാണോ?"
അല്ലേ അല്ല,... ഇദ്ദേഹത്തെ...ഈ മഹാനെ...ഈ ദിവ്യനെ.

അങ്ങനെ ഒരു ദിവ്യന്‍ കൂടി ജനിച്ചു.
കാലം അദ്ദേഹത്തെ ഹിമാലയസാനുക്കളില്‍ നിന്ന് വന്ന മഹാസന്യാസിയായി വാഴ്ത്തും, ഇതേ കാലം തന്നെ ഒരു നാള്‍ അദ്ദേഹത്തെ സമാധിയുമാക്കും.ഭാവിയില്‍ ആ സമാധിമണ്ഡലം ഒരു പുണ്യതീര്‍ത്ഥാടക കേന്ദ്രമായി മാറും.അവിടെ വരുന്ന ഭക്ത സഞ്ചാരികളെ പിഴിയാനായി വഴിവാണിഭക്കാരും ബിസനസ്സുകാരും മത്സരിക്കും.അങ്ങനെ കാര്യസാധ്യത്തിനു വേണ്ടി ആ ദിവ്യന്‍ കാരണം തുടങ്ങിയ ഒരു ഭക്തി പ്രസ്ഥാനം ഒടുവില്‍ ഒരുപാട് പേരുടെ ഉപജീവിത മാര്‍ഗ്ഗമായി മാറും.
ഇത് കാര്യസാധ്യ ഭക്തി!!

ഈ കാര്യ സാധ്യ ഭക്തിക്ക് ഇത്ര കഴിവുണ്ടെങ്കില്‍ യഥാര്‍ത്ഥ ഭക്തിക്ക് എത്രത്തോളം കഴിവ് കാണുമെന്ന ചിന്ത എന്നെ ഒരു കറ കളഞ്ഞ ഭക്തനാക്കി മാറ്റി.അതോടെ ഈശ്വരവിശ്വാസവുമായി ബന്ധപ്പെടുന്ന എന്ത് കാര്യത്തിലും ഞാന്‍ സഹകരിക്കാന്‍ തുടങ്ങി.
അങ്ങനെ നാട്ടുകാര്‍ കൂട്ടമായി പ്രഖ്യാപിച്ചു...
മനു കറ കളഞ്ഞ ഭക്തനാ...
എ ട്രൂ ഡിവോട്ടി!!

കാലം കടന്ന് പോയി...
രണ്ടാഴ്ച മുമ്പേയുള്ള ഒരു തിങ്കളാഴ്ച.

വീട്ടില്‍ നിന്നൊരു ഫോണ്‍, അമ്മയാണ്:
"മോനേ, ഇവിടുത്തെ ദേവീക്ഷേത്രത്തില്‍ പൌര്‍ണ്ണമി സംഘത്തിലെ സ്ത്രീകളുടെ നേതൃത്വത്തില്‍ നവാഹയജ്ഞം തുടങ്ങി,നീ വരില്ലേ?"
അത് കേള്‍ക്കേ എന്നിലെ ഭക്തന്‍ തല പൊക്കി...
പോകണ്ടേ??
പോകണം...പോയേ തീരു.
അതിനായി ആദ്യം ലീവ് വേണം!!!
രണ്ടും കല്‍പ്പിച്ച് മാനേജരുടെ റൂമിലേക്ക്....

ടക്ക്..ടക്ക്..ടക്ക്..
മൂന്ന് മുട്ട്.
"യെസ്സ്, കമിന്‍" അകത്ത് നിന്ന് പ്രവേശിക്കാന്‍ അനുവാദം.
ഒട്ടകപക്ഷി തല എത്തുന്നത് പോലെ, തല നീട്ടി ഞാന്‍ പറഞ്ഞു:
"സാര്‍, അമ്പലത്തില്‍...."
ബാക്കി പറയാന്‍ സമ്മതിക്കാതെ മാനേജര്‍ ചോദിച്ചു:
"എന്നാ ലീവ് വേണ്ടത്?"
"വെള്ളിയാഴ്ച"
"ശരി പോയ്ക്കോ"
ഒരു നിമിഷം ഞാനും സാറും കണ്ണില്‍ കണ്ണില്‍ നോക്കി...
എന്നെ തല്ലണ്ടാ അമ്മാവാ, ഞാന്‍ നന്നാവൂല്ല!!!
അല്ലേലും തല്ലുന്നില്ല അനിന്തരവാ, എനിക്കാ സമയ നഷ്ടം!!!!
ആശയ കൈമാറ്റം പൂര്‍ണ്ണമായെന്ന് ബോധ്യമായപ്പോള്‍ ഞാന്‍ പറഞ്ഞു:
"താങ്ക്യൂ സാര്‍"
അദ്ദേഹം തല കുലുക്കി...
ഉവ്വ..ഉവ്വ...

ഇനി നാട്ടിലേക്ക്...
ദേവീ ക്ഷേത്രത്തിലേക്ക്, നവാഹയജ്ഞ സ്ഥലത്തേക്ക്, ഇതാ ഒരു ഭക്തന്‍ കൂടി വരികയായി...

നവാഹയജ്ഞം
ഒമ്പത് ദിവസം നീണ്ട് നില്‍ക്കുന്ന ഈ പുണ്യകര്‍മ്മത്തില്‍ ദേവീ ഭാഗവത പാരായണമാണ്‌ മുഖ്യകര്‍മം.അതോടൊപ്പം പ്രഭാഷണവും, ഉച്ചക്ക് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.ദേവീ ഭാഗവതം വായിക്കുന്നത് കേള്‍ക്കാന്‍ അഞ്ച് ഭക്തര്‍ യജ്ഞവേദിയില്‍ ഇരിക്കുമ്പോള്‍, അന്നദാന സമയത്ത് അഞ്ഞൂറ്‌ ഭക്തര്‍ പൊരിവെയിലത്ത് ക്യൂ നില്‍ക്കുന്നത് കാണാം.ഒരോ ദിവസത്തേയും കര്‍മ്മങ്ങള്‍ കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ ഇവര്‍ പരസ്പരം പറയും:
"ഇന്ന് അവിയലിനു ഇച്ചിരി ഉപ്പ് കൂടി പോയി"
"ചോറോ, വെന്തിട്ടില്ല"
അതായത്, ദേവീ ഭാഗവതം വയിച്ചതോ, പ്രഭാക്ഷണമോ അവര്‍ കേട്ടിട്ടില്ല, ആകെ ഈ ഭക്തര്‍ക്ക് മനസിലായത് ആഹാരത്തിന്‍റെ രുചി മാത്രം.യജ്ഞ വേദിയില്‍ നിന്ന് പുറത്ത് ഇറങ്ങുന്നതിനു മുമ്പ്, ഒരിക്കല്‍ കൂടി കൈ തലക്ക് മുകളില്‍ കൂപ്പി അവര്‍ ഭക്തി പ്രകടിപ്പിക്കും:
"ദേവീ, കാത്തോളണേ, നാളെ വരാമേ..."
ഉച്ചക്ക് കൃത്യം ഊണ്‌ സമയത്ത്!!

ഇങ്ങനെ ഭക്തര്‍ ക്യൂ നില്‍ക്കുന്ന വെള്ളിയാഴ്ചത്തെ അന്നദാന വേളയില്‍ ഒരു വിളമ്പുകാരന്‍റെ റോളില്‍ ഞാന്‍ അങ്കം കുറിച്ചു.ആദ്യം വന്നത് മീനാക്ഷി അമ്മാളാണ്.അരകിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രത്തിനു അടുത്താണ്‌ ഇവരുടെ വീട്.മൂന്ന് തവി ചോറ്‌ വിളമ്പി കൊടുത്തപ്പോള്‍ അവര്‍ പറഞ്ഞു:
"മോനേ, ഒരു സമാധാനവുമില്ല"
അതിന്?
"ഒരു തവി ചോറൂടെ താ"
പാവം, വിശന്നിട്ടാവും.ചോറ്‌ തിന്നാല്‍ അവര്‍ക്ക് സമാധാനം കിട്ടുമായിരിക്കുമെന്ന് കരുതി ഞാന്‍ വീണ്ടും ചോറ്‌ കൊടുത്തു.അത് കണ്ടതും നവാഹം നടത്തിപ്പുകാരിലൊരാളായ ലേഖ ചേച്ചി എന്നോട് പറഞ്ഞു:
"മരുമോളേ കണ്ണീര്‌ കുടുപ്പിക്കുന്ന ഒരു ദുഷ്ടയാണവര്‍, ഒരു അസത്ത്"
അതേയോ??
ഞാന്‍ നടന്ന് പോകുന്ന മീനാക്ഷി അമ്മാളിനെ നോക്കി.....
ചോറുമായി പ്രാഞ്ചി പ്രാഞ്ചി പോകുന്ന മീനാക്ഷി അമ്മാള്‍ എന്നെയും ഒന്ന് തിരിഞ്ഞ് നോക്കി.ആ ഒരു നിമിഷം അവരുടെ മുഖം എന്‍റെ മനസ്സിലൊന്ന് ഫ്ലാഷ് അടിച്ചു, ഒരു നെഗറ്റീവ് രൂപത്തില്‍.
തള്ളേ പിന്നെയെടുത്തോളാം!!

അന്നദാനം കഴിഞ്ഞപ്പോള്‍ ലേഖചേച്ചി ഒരു കാര്യം കൂടി പറഞ്ഞു:
"മോനേ, നാളെ പാര്‍വ്വതി പരിണയമാ.ശിവക്ഷേത്രത്തില്‍ പോയി ഭഗവാനെ ആനയിച്ച് കൊണ്ട് വരണം.ഒരു ഒമ്പത് ആവുമ്പോഴേക്കും നമുക്കങ്ങ് ചെല്ലാം, അമ്പലം അടക്കരുതെന്ന് തിരുമേനിയെ വിളിച്ചൊന്ന് പറയണം.അതേ പോലെ ആ മേളക്കാരോടും വരാന്‍ പറയണം"
അതിനെന്താ??
ആദ്യം ക്ഷേത്രത്തിലെ നമ്പരില്‍ വിളിച്ച് അമ്പലം എപ്പോഴാ അടക്കുന്നതെന്ന് തിരക്കി.എന്തായാലും പത്ത് മണിയാകുമെന്ന് മറുപടി കിട്ടി.അതിനാല്‍ തന്നെ കൂടുതലൊന്നും പറയാതെ മേളക്കാരെ വിളിച്ച് രാവിലെ ഒമ്പതിനു ശിവക്ഷേത്രത്തില്‍ എത്താന്‍ പറഞ്ഞു, അവര്‍ ഓക്കേ പറഞ്ഞു.അതോടെ ഒരു നല്ല കാര്യം ചെയ്ത ചാരിതാര്‍ത്ഥ്യത്തില്‍ ഫോണ്‍ കട്ട് ചെയ്തു.
തുടര്‍ന്ന് ദേവീ പാരായണം കേട്ട് യജ്ഞ വേദിയിലിരുന്നു...

വൈകുന്നേരം പ്രഭാക്ഷണ സമയമായി.
വേദിയുടെ ഒരു സൈഡിലായി ഞാനും കുമാരനും ആസനസ്ഥരായി.നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്ത് പ്രഭാക്ഷകന്‍ പ്രഭാക്ഷണം ആരംഭിച്ചു...
"ഈശ്വരന്‍ എല്ലാവരിലും സ്ഥിതി ചെയ്യുന്നു.തത്വമസ്സി പറയുന്നതും അത് നീ ആണെന്നാണ്.ഈശ്വരന്‍ നിന്നിലാണ്..."
ഇത് പറഞ്ഞിരിക്കെ പ്രഭാക്ഷകന്‍റെ കണ്ണ്‌ വേദിയിലിരിക്കുന്ന എന്‍റെ കണ്ണുമായി ഒന്നു ഇടഞ്ഞു.എന്‍റെ കണ്ണിലേക്ക് സൂക്ഷിച്ച് നോക്കി അദ്ദേഹം പറഞ്ഞു:
"....അതായത്, എല്ലാം നീയാണ്"
എനിക്ക് ആകെ കുളിര്‌ കോരി!!!
കേട്ടില്ലേ??
എല്ലാം ഞാനാണത്രേ.
എത്ര മഹത്തരമായ സങ്കല്പം....
എല്ലാം ഞാനാണ്!!!

അന്ന് രാത്രി കുമാരനോട് ഞാന്‍ ചോദിച്ചു:
"എത്ര മഹത്തരമായ സങ്കല്പം, അല്ലേടാ?"
"എന്ത്?"
"ഈശ്വരന്‍ നമ്മളാണത്രേ"
"പിന്നേ, ഇവിടെ മനുഷ്യന്‍റെ ജോലി ചെയ്യാന്‍ പറ്റണില്യ, പിന്നാ ഈശ്വരന്‍റെ ജോലി കൂടി, ഒന്ന് പോടാ"
അല്ലേലും ഇവനൊരു പിന്തിരിപ്പനാ!!!
മഹത്തായ സങ്കല്പങ്ങളെ മനസിലാക്കാന്‍ മൂളയില്ലാത്ത മണ്ടശിരോമണി.അവനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് അറിയാവുന്നതിനാല്‍ ഞാന്‍ പിറുപിറുത്തു:
"എല്ലാം ഞാനാണ്"
ആ രാത്രി അങ്ങനെ കഴിഞ്ഞു.

പിറ്റേന്ന് പ്രഭാതം.
നവാഹത്തിന്‍റെ ആറാം ദിവസം.
ഇന്നാണ്‌ പാര്‍വ്വതി പരിണയം!!!

അതിനു പിന്നിലെ കഥ...
ജാമാതാവായ പരമശിവനെ ക്ഷണിക്കാതെ ശ്വശുരനായ ദക്ഷന്‍ ഒരു യാഗം നടത്തി.ദക്ഷന്‍റെ പുത്രിയും ശിവഭഗവാന്‍റെ പത്നിയുമായ സതീദേവി ആ യാഗത്തില്‍ സംബന്ധിക്കാന്‍ തയ്യാറായി.എന്നാല്‍ യാഗസ്ഥലത്ത് വച്ച് അപമാനിതയായ സതിദേവി ആത്മഹത്യ ചെയ്തു.നൂറ്റാണ്ടുകള്‍ക്ക് ശേഷം സതീദേവി പര്‍വ്വത രാജനായ ഹിമവാന്‍റെ പുത്രിയായി ജനിച്ചു, അതാണ്‌ പാര്‍വ്വതി.

കുറേ കാലത്തിനു ശേഷം...
ദുഷ്ടനായ താരകാസുരനെ കൊല്ലാന്‍ ശിവപുത്രനായി മുരുകന്‍ ജനിക്കേണ്ട ആവശ്യത്തിനായി എല്ലാ ദേവന്‍മാരും മുന്‍കൈ എടുത്ത് ശിവപാര്‍വ്വതിമാരുടെ കല്യാണം നടത്താന്‍ ശ്രമിക്കുന്നു.അതിന്‍റെ ഫലമായി കൈലാസത്ത് നിന്ന് ദേവന്‍മാരോട് ഒപ്പം ഹിമവല്‍ സന്നിധിയിലെത്തുന്ന ശിവഭഗവാന്‍ ദേവിയെ കല്യാണം കഴിക്കുന്നു....
ഇതാണ്‌ പാര്‍വ്വതി പരിണയം.

മേല്‍ സൂചിപ്പിച്ച ചടങ്ങിനെ അനുസ്മരിപ്പിക്കുന്ന ചടങ്ങുകളാണ്‌ നവാഹത്തിന്‍റെ ആറാംദിവസം യജ്ഞ വേദിയില്‍ നടക്കുന്നത്....
അതായത് ദേവീക്ഷേത്രത്തിലെ യജ്ഞവേദിയില്‍ നിന്ന് പൌര്‍ണ്ണമി സംഘത്തിന്‍റെ നേതൃത്വത്തിലുള്ള സ്ത്രീകള്‍ താലപൊലിയുമായി അടുത്തുള്ള ശിവക്ഷേത്രത്തിലേക്ക് പോകും.അവിടെ ഒരു കുട്ടിയെ ശിവഭഗവാന്‍റെ രൂപത്തില്‍ ഒരുക്കി നിര്‍ത്തിയിരിക്കും.ചെണ്ടമേളങ്ങളുടെയും താല പൊലിയുടെയും അകമ്പടിയോടെ ആ കുട്ടിയെ ആനയിച്ച് നവാഹയജ്ഞ വേദിയിലെത്തിക്കും, തുടര്‍ന്ന് പാര്‍വ്വതി പരിണയം പാരായണം ചെയ്ത് വിവാഹ ചടങ്ങ് പൂര്‍ത്തിയാക്കും.

എല്ലാ പ്രാവശ്യത്തെയും പോലെ താലപ്പൊലിക്കാര്‍ പുറപ്പെടാന്‍ തയ്യാറായപ്പോള്‍ ശനിയാഴ്ച ഒമ്പത് മുതല്‍ രാഹു കാലമാണെന്നും, അതിനു ശേഷം പുറപ്പെട്ടാല്‍ മതിയെന്നും യജ്ഞാചാര്യന്‍ വിളിച്ച് പറഞ്ഞു.അങ്ങനെ കൃത്യം പത്തരക്ക് താലപ്പൊലിക്കാര്‍ ശിവക്ഷേത്രത്തിലേക്ക് പോയി, കൂടെ ഞങ്ങളും.

ക്ഷേത്രത്തിന്‍റെ ആല്‍ത്തറക്ക് സമീപം എന്നെ എതിരേറ്റത് മീനാക്ഷി അമ്മാളാണ്, എന്നെ കണ്ടതും അവര്‍ പറഞ്ഞു:
"മോനേ, ശാന്തി ഇല്ല"
എനിക്ക് ആകെ ചൊറിഞ്ഞ് വന്നു...
തള്ളക്ക് ഇന്നലെ സമാധാനമില്ല, ഇന്ന് ശാന്തിയുമില്ല!!
പ്രായത്തെ ബഹുമാനിച്ച് ഞാന്‍ ചോദിച്ചു:
"അമ്മാള്‌ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചില്ലേ?"
"പോയി മോനേ, എന്നിട്ടും ശാന്തിയില്ല"
ഓഹോ...
"എന്നാ അമ്മാള്‌ ഒരു കാര്യം ചെയ്യ്, ഈ ആല്‍ത്തറയിലിരുന്ന് ശാന്തി ശാന്തീന്ന് ഒരു അമ്പത് പ്രാവശ്യം പറ, ശാന്തി താനേ വരും"
ഇത് കേട്ടവര്‍ കൂട്ടമായി ചിരിച്ചു.
അമ്മാളിന്‍റെ മുഖത്ത് കടന്നല്‌ കുത്തിയ ഭാവം!!
"കുരുത്തം കെട്ടവനേ, നീ നന്നാവൂല്ല" അവരുടെ വക അനുഗ്രഹവും.
തലകുലുക്കി നേരെ അമ്പലത്തിലേക്ക്...

അമ്പലത്തിലേക്ക് കടന്ന ഞാന്‍ സപ്തനാഡികളും തകര്‍ക്കുന്ന ഒരു കാഴ്ച കണ്ടു, അമ്പലം അടഞ്ഞ് കിടക്കുന്നു.ഞാന്‍ വാച്ചില്‍ നോക്കി...
സമയം പത്തേ മുക്കാല്‍!!!
ഭഗവതി.
ശാന്തിക്കാരന്‍ തിരുമേനി പത്ത് വരെ കാണുമെന്ന് പറഞ്ഞതിനാല്‍ വിശദമായി ഞാനൊന്നും പറയാന്‍ പോയില്ല.അതിനാല്‍ രാഹുകാലം കഴിഞ്ഞ് ഞങ്ങള്‍ വരുമെന്ന് അറിയാതെ അദ്ദേഹം അടച്ച് പോയിരിക്കുന്നു.
എല്ലാത്തിനും കാരണം ഞാന്‍ മാത്രമാണ്...
പൌര്‍ണ്ണമി സംഘത്തോടും താലപ്പൊലിയുമായി വരുന്നവരോടും എന്ത് സമാധാനം പറയും എന്നോര്‍ത്തപ്പോള്‍ എനിക്ക് തല കറങ്ങി തുടങ്ങി.
പ്രഭാക്ഷകന്‍റെ വാക്കുകള്‍ മനസ്സില്‍ മുഴങ്ങി...
"എല്ലാം നീയാണ്"
എന്‍റമ്മേ.

താലപ്പൊലിയുമായി സ്ത്രികള്‍ അകത്തേക്ക് കയറിയപ്പോള്‍ ഒരു ഉള്‍ക്കിടിലത്തോടെ ഞാന്‍ പുറത്തേക്ക് പാഞ്ഞു.അകത്തേക്ക് പോയവരുടെ താലത്തിലും, പുറത്തേക്ക് ചാടിയ എന്‍റെ നെഞ്ചിലും തീ മാത്രം.

കുമാരനെ കണ്ടമാത്ര ഞാന്‍ അലറി പറഞ്ഞു:
"ചതിച്ചടാ, ശാന്തിക്കാരന്‍ പോയി"
എന്‍റെ വെപ്രാളം കണ്ട് അവിടേക്ക് ഓടിയെത്തിയ മീനാക്ഷി അമ്മാള്‍ ചോദിച്ചു:
"എന്താ മോനേ? എന്ത് പറ്റി?"
"ശാന്തിയില്ല"
"മോന്‍ അമ്പലത്തില്‍ പോയി നോക്കിയില്ലേ?"
"നോക്കി, അവിടെം ശാന്തിയില്ല"
"ഉവ്വോ, എന്നാ മോന്‍ ഒരു കാര്യം ചെയ്യ്, ഈ ആല്‍ത്തറയിലിരുന്ന് ശാന്തി ശാന്തീന്ന് ഒരു അമ്പത് പ്രാവശ്യം പറ, ശാന്തി തനിയെ വരും"
ങ്ങേ!!!
പരട്ട തള്ള, ആക്കിയതാ!!!

ചുറ്റിനും കൂട്ടച്ചിരി ഉയര്‍ന്നപ്പോ കൂട്ടത്തില്‍ നിന്ന ബാലുവമ്മാവാ എന്നെ ഓര്‍മ്മപ്പെടുത്തി:
"ഇതാ പറയുന്നത് കൊടുത്താ കൊല്ലത്തും കിട്ടുമെന്ന്"
"അതിനു ഇത് കായംകുളമല്ലേ?"
"വല്യ ദൂരമില്ലല്ലോ, മുപ്പത്തിയാറ്‌ കിലോമീറ്ററിന്‍റെ വ്യത്യാസമല്ലേ ഉള്ളു"
അന്ന് ആദ്യമായി കൊല്ലവും കായംകുളവും തമ്മില്‍ വെറും മുപ്പത്തിയാറ്‌ കിലോമീറ്ററിന്‍റെ വ്യത്യാസം മാത്രമുള്ളതോര്‍ത്ത് ഞാന്‍ സങ്കടപ്പെട്ടു, ആ സങ്കടത്തില്‍ ഒരു നിമിഷം കണ്ണടച്ചു.തുടര്‍ന്ന് കണ്ണ്‌ തുറന്നപ്പോള്‍ എന്‍റെ ചുറ്റിനും ബാധ കേറിയ പോലെ കുറേ പെണ്ണുങ്ങള്‍...
"എവിടെടാ ശാന്തി?"
മീനാക്ഷി അമ്മാള്‍ പറഞ്ഞ ഓര്‍മ്മയില്‍ അറിയാതെ വിക്കി വിക്കി പറഞ്ഞു പോയി:
"ആല്‍ത്തറയില്‍...കണ്ണുമടച്ച്...മുകളിലേക്ക് നോക്കിയാല്‍"
"എന്താ?"
ഒന്നുമില്ലെന്ന് ഞാന്‍ കണ്ണടച്ച് കാണിച്ചു.
"ഇവനാണ്, ഇവനാണ്‌ അമ്പലം തുറന്ന് വയ്ക്കാമെന്ന് ഏറ്റത്" ലേഖചേച്ചി.
അതേ, അത് ഞാനാണ്...
എല്ലാം ഞാനാണ്!!
"ശാന്തി വന്ന് നട തുറന്നില്ലേല്‍ നിന്നെയിന്ന് ശൂലത്തില്‍ കയറ്റും"
ചേച്ചി അത് പറയുകയും എന്‍റെ മൊബൈല്‍ റിംഗടിച്ചതും ഒരേ സമയത്തായിരുന്നു...

"വൈ ദിസ് കൊലവെറി, കൊലവെറി കൊലവെറി ഡീ
വൈ ദിസ് കൊലവെറി, കൊലവെറി കൊലവെറി ഡീ"

കടവുളേ, ബെസ്റ്റ് റിംഗ് ടോണ്‍!!!
സമയത്തിനും സാഹചര്യത്തിനും യോജിച്ചത്!!
അറിയാതെ ബാലന്‍സ് മനസ്സില്‍ പാടി പോയി...

'ആന്‍ഗ്രി ലേഡീസ് ലുക്ക് ലുക്ക്...
ലുക്ക് ലൈക്ക് ഹൊററ്...

ടെംപിള്‍ ശാന്തി മിസ്സ് മിസ്സ്..
മൈന്‍ഡ് ശാന്തി ഗോണ്...

പെപ്പേപെപ്പേ....പെപ്പേപെപ്പേ....'

അവസാനത്തെ 'പെപ്പേപെപ്പേ' സൌണ്ട് അറിയാതെ സ്വല്പം ഉറക്കെയായി പോയി.അത് കേട്ടതും ചുറ്റും നിന്നവരെല്ലാം ലേഖചേച്ചിയേ ഒരു നോട്ടം നോക്കി....
ദേഷ്യപ്പെട്ട് നിന്ന ചേച്ചിയുടെ മുഖം വിളറി വെളുത്തു!!
ടെംപറില്‍ നിന്ന് വാംപയറിലേക്കുള്ള ആ മാറ്റം കണ്ടില്ലെന്ന് നടിച്ച് ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു:
"ഹലോ"
"എടാ ഞാനാ കുമാരന്‍, ശാന്തിയുടെ നമ്പര്‍ കിട്ടി, നമുക്കൊന്ന് വിളിച്ച് നോക്കിയാലോ"
"വിളിച്ചാല്‍ വരുമോ?"
"വരും, ഉറപ്പാ"
അത് കേട്ടതും മഹിളാസമാജത്തിനു ഞാന്‍ ഉറപ്പ് നല്‍കി:
"ഡോണ്ട് വറി, ശാന്തി വില്‍ കം"
"ശാന്തി വില്‍ക്കുമെന്നോ?"
"വില്‍ക്കുമെന്നല്ല, വില്‍ കം...ശാന്തി വരും"
തുടര്‍ന്ന് ഫോണില്‍ ശാന്തിയുടെ നമ്പര്‍ ഡയല്‍ ചെയ്തു....

കാര്യം ബോധിച്ചപ്പോള്‍ ശാന്തി ഒരു ചോദ്യം:
"ഉച്ച പൂജ കഴിഞ്ഞ് അടച്ച നട തുറക്കാനോ? ശിവ..ശിവ... എന്താ ഈ പറേണ്യേ?"
"അല്ല ശാന്തി, നട തുറന്നില്ലേല്‍ അവരെന്നെ ശൂലം വച്ച് കുത്തും"
സത്യം ബോധിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:
"അത് നരകത്തിലെ ഒരു ശിക്ഷാ രീതിയാ, തന്‍റെ ഒരു നരകയാതന ഇങ്ങനെ അവസാനിച്ചെന്ന് കരുതുക"
കശ്മലന്‍!!!
ഇനി എന്ത് ചെയ്യും??
ഒരു ഉത്തരം കിട്ടാതെ വിറക്കുന്ന കാലും ഇടിക്കുന്ന ഹൃദയവുമായി തരുണീമണികളുടെ സമീപത്തേക്ക് ഞാന്‍ നടന്ന് നീങ്ങി..
മൈ ഡിയര്‍ ലേഡീസ്സ്...
പ്ലീസ് പ്രിപ്പയര്‍ ദ ശൂലം!!
ഞാനിതാ വരുന്നു...

"ശാന്തി എന്ത് പറഞ്ഞു?"
സത്യം ബോധിപ്പിക്കാനായി തുറന്ന നാവില്‍ സരസ്വതി വിളയാടി:
"ശിവഭഗവാന്‍ കല്യാണത്തിനു പോകുമ്പോള്‍ എന്തിനാ നട തുറക്കുന്നതെന്ന് ചോദിച്ചു"
"മനസിലായില്ല"
"അതായത് ചേച്ചിയും കുടുംബവും മകന്‍റെ കല്യാണത്തിനു പോകുമ്പോ വീട് തുറന്നിട്ടാണോ പോകുന്നത് അതോ പൂട്ടിയട്ടാണോ പോകുന്നത്?"
"അത് പൂട്ടിയട്ട് പോകും"
"സ്വന്തം കാര്യത്തിനു എല്ലാവരും വീട് പൂട്ടി പോകും, പിന്നെ ഭഗവാന്‍ മാത്രം എന്തിനാ അമ്പലം തുറന്ന് വെച്ചിട്ട് പോകുന്നത്?"
എ റീസണബിള്‍ കൊസ്റ്റ്യന്‍!!

എന്‍റെ ആ ചോദ്യം കുറിക്കു കൊണ്ടു.
അവര്‍ പരസ്പരം നോക്കി...
ശെടാ, അത് ശരിയാണല്ലോ??
ഭഗവാന്‍ കല്യാണത്തിനു പോകുമ്പോ എന്തിനാ അമ്പലം തുറക്കുന്നത്??
പെട്ടന്ന് കൂട്ടത്തില്‍ ഒരുത്തിക്ക് സംശയം:
"അതിനു ഇപ്പോഴും ഭഗവാന്‍ അകത്തല്ലേ?"
അത് കേട്ടതും ശിവ ഭഗവാന്‍റെ രൂപത്തില്‍ ഒരുങ്ങി നില്‍ക്കുന്ന പയ്യനെ ചൂണ്ടി ഞാന്‍ ചോദിച്ചു:
"അപ്പോ ഇതാരാ?"
അത് കേട്ടതും അവര്‍ക്ക് വീണ്ടും ഡൌട്ട്...
ശെടാ, ഇത് ഭഗവാനല്ലേ??
അതേ, ഇത് ഭഗവാന്‍ തന്നെ!!
അപ്പോ അകത്താരാ, ഭഗവാനല്ലേ??
ശരിയാണല്ലോ, അതല്ലേ ഭഗവാന്‍??
അകത്തിരിക്കുന്ന ബിംബമാണോ അതോ പുറത്ത് നില്‍ക്കുന്ന പയ്യനാണോ ഭഗവാന്‍ എന്ന് അവര്‍ പരസ്പരം തര്‍ക്കിച്ചു കൊണ്ടിരുന്നു.സംഗതി കൈ വിട്ട് പോകാതിരിക്കാന്‍ ഞാന്‍ വച്ച് കാച്ചി:
"ഭഗവാന്‍ തൂണിലും തുരുമ്പിലും ഉണ്ടന്നാ"
അത് കേട്ടതും അവര്‍ പറഞ്ഞു:
"ശരി, അമ്പലം തുറക്കണ്ടാ, നമുക്ക് ഭഗവാനെ ആനയിക്കാം"
ഈശ്വരോ, രക്ഷതു.

അങ്ങനെ താലപ്പൊലിയുമായി ഭഗവാനെ എതിരേല്‍ക്കാന്‍ തയ്യാറായപ്പോള്‍ അടുത്ത പ്രശ്നം, മേളക്കാരെ കാണാനില്ല.
"ആരാ മേളം ഏറ്റത്?"
മഹിളകര്‍ തന്‍ പ്രസിഡന്‍റ്‌ ചോദ്യം ചോദിക്കുന്നതിനു മുമ്പേ ലേഖചേച്ചി മറുപടി നല്‍കി:
"അത് മനുവാ"
എന്‍റമ്മേ, അതും ഞാനാണോ??
പ്രഭാക്ഷകന്‍റെ വാക്കുകള്‍ വീണ്ടും കാതില്‍ മുഴങ്ങി:
"എല്ലാം നീയാണ്"
നാശംപിടിക്കാന്‍, കുരിശായല്ലോ??
ഈ ചെണ്ടക്കാരിത് എവിടെ പോയി?
എന്തായാലും വിളിച്ച് നോക്കാം.

ഫോണെടുത്ത് നമ്പര്‍ കുത്തി, മറു സൈഡില്‍ ഒരുവന്‍ ഫോണെടുത്തു, കറക്റ്റ് നമ്പരാണോന്ന് അറിയാനായി ഞാന്‍ ചോദിച്ചു
"ചെണ്ടയല്ലേ?"
"ചെണ്ട നിന്‍റെ അപ്പനാ"
ഛേ, വേണ്ടായിരുന്നു!!!
ഉദ്ദേശം വ്യക്തമക്കി:
"മേളക്കാരല്ലേ?"
"അതേ"
"ഞാന്‍ അമ്പലത്തിനു അടുത്തുള്ള മനുവാ, നിങ്ങള്‌ ശിവക്ഷേത്രത്തി വരുന്നില്ലേ?"
മറുപടി ഒരു ആട്ടായിരുന്നു:
"ഫൂ, രാവിലെ ഒമ്പതിനു ഞങ്ങളവിടെ വന്നതാ, പത്ത് വരെ നോക്കി ഇരുന്നു, ഒടുവില്‍ ആസനത്തില്‍ വേര്‌ മുളക്കുമെന്ന് തോന്നിയപ്പൊഴാ തിരികെ പോന്നത്"
ചേട്ടന്‍ ചൂടിലാ, എങ്കിലും ഒന്ന് പ്രലോഭിപ്പിച്ച് നോക്കി:
"ഒന്നൂടെ വരാമെങ്കില്‍ രാവിലത്തെ കൂടി ചേര്‍ത്ത് ഒന്നിച്ച് തരാം"
"വേണ്ടാ, എന്നേലും നേരില്‍ കാണുമ്പോ ഞങ്ങള്‍ ഒന്നിച്ച് തരാം"
എന്‍റമ്മേ.
ഫോണ്‍ കട്ടായി!!
അപ്പോള്‍ ശൂലത്തില്‍ കയറേണ്ടി വരുമെന്ന് ഉറപ്പായി.

മൈ ഡിയര്‍ ലേഡീസ്സ്..
പ്ലീസ്, പ്രിപ്പയര്‍ ദി ശൂലം!!!
ഞാനിതാ വരുന്നു...

മഹിളകളോട് സത്യം പറയാന്‍ പോയപ്പോള്‍ കുമാരന്‍ പറഞ്ഞു:
"എടാ എങ്ങനേലും ഇവര്‌ അമ്പലത്തില്‍ എത്തുന്ന വരെ മേളം വേണ്ടാന്ന് വയ്പ്പിക്കാമെങ്കില്‍ ഒരു വഴിയുണ്ട്"
"എന്ത് വഴി?"
"കിഴക്കുള്ള ഒരു ക്ഷേത്രത്തിലെ പറയ്ക്ക് എഴുന്നെള്ളിത്തിനു വന്നവര്‍ നമ്മുടെ അമ്പലത്തിനു അടുത്തുണ്ട്, നമുക്ക് ആ മേളക്കാരെ വരുത്താം"
"നടക്കുമേ?"
"നടക്കും, നമ്മുടെ സുധിയുടെ വീട്ടിലാ പറ, നമുക്ക് സംസാരിച്ച് നോക്കാം"
ഒരു കച്ചിത്തുരുമ്പ്!!
അതുമായി മഹിളകളുടെ അടുത്തേക്ക്...

"എവിടെടാ മേളം?"
"മേളക്കാര്‌ തയ്യാറാ, പക്ഷേ ഞാനായിട്ട് അവരെ ഇങ്ങോട്ട് വരുത്തില്ല" എന്‍റെ മറുപടി.
"അതെന്താ?"
"ചേച്ചിയുടെ മോന്‍റെ കല്യാണത്തിനു പെണ്ണ്‌ വീട്ടില്‍ വരുമ്പോഴല്ലേ ചെറുക്കനെ സ്വീകരിക്കുന്നത്"
"അതേ"
"അങ്ങനെ വരുമ്പോ ഭഗവാന്‍റെ കല്യാണത്തിനു ദേവീക്ഷേത്രത്തില്‍ വരുമ്പോ സ്വീകരിച്ചാല്‍ പോരേ?"
"അയ്യോ, അതെങ്ങനെ ശരിയാകും?" ചോദ്യം ഒരു ആന്‍റി വക.
അവര്‍ക്ക് ഞാന്‍ വിശദീകരിച്ച് കൊടുത്തു:
"ഇപ്പൊ ആന്‍റിയുടെ മകന്‍ കല്യാണം കഴിക്കുന്നതു തിരുവല്ലയില്‍ നിന്നാണെന്നു കരുതുക.കല്യാണദിവസം പെണ്ണുകൂട്ടരു വരനെ കായംകുളത്ത് നിന്ന് തിരുവല്ല വരെ ചെണ്ട കൊട്ടി പോയാല്‍ ആന്‍റി സമ്മതിക്കുമോ?"
"അയ്യേ, ഞാനൊന്നും സമ്മതിക്കില്ല"
"അത് ശരി സ്വന്തം കാര്യത്തിനു നിങ്ങക്ക് വയ്യ, പിന്നെ ഭഗവാന്‍റെ കാര്യത്തിനു എന്തിനാ ചെണ്ട?"
എഗൈന്‍ റീസണബിള്‍ കൊസ്റ്റ്യന്‍!!
ലേഡീസിനു വീണ്ടും ഡൌട്ടായി...
ശെടാ, അത് ശരിയാണല്ലോ??
ശരിയാണ്, ശരിയാണ്, ഇത് മാത്രമാണ്‌ ശരി.
ഞാന്‍ ഉറപ്പിച്ച് പറഞ്ഞു.

എല്ലാവരും സമ്മതഭാവത്തില്‍ നിന്നപ്പോള്‍ കൂട്ടത്തില്‍ ഒരു അമ്മുമ്മക്ക് സംശയം:
"അല്ല മോനേ, പുരാണത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവാനും കൂട്ടരും വന്നു എന്നല്ലേ?"
ആ ചോദ്യത്തില്‍ ഞാന്‍ ഒന്ന് സ്റ്റക്കായി, എങ്കിലും വച്ച് കാച്ചി:
"അതേ, ചെറുക്കന്‍ കൂട്ടര്‍ക്ക് സ്വയം അങ്ങനെ വരാം, പക്ഷേ നമ്മള്‌ പെണ്ണു കൂട്ടരല്ലേ?"
"അയ്യോ, അത് ശരിയാണല്ലോ?"
അമ്മുമ്മക്ക് എല്ലാം മനസിലായി.
അങ്ങനെ അവര്‍ ഭഗവാനെ ആനയിക്കാന്‍ തയ്യാറായി.
അവര്‍ വരുമ്പോഴേക്കും മേളം ശരിയാക്കാന്‍ ഞാനും കുമാരനും പുറത്തേക്ക് കുതിച്ചു...

സുധിയുടെ വീട്ടിലെത്തി ഒറ്റയടിക്ക് കാര്യം ബോധിപ്പിച്ചു:
"ആകെ പ്രശ്നമാ, ആദ്യം ശാന്തിയില്ല.ഇപ്പോ പാര്‍വ്വതിയുടെ കല്യാണത്തിനു മേളമില്ല, സഹായിക്കണം"
മേളക്കാരോട് സംസാരിക്കാന്‍ സുധി അകത്തേക്ക് പോയപ്പോള്‍ ഞങ്ങടെ സംസാരം കേട്ട് നിന്ന നാണുപ്പിള്ള ചോദിച്ചു:
"ഏത് പാര്‍വ്വതിയാ മോനേ?"
പരദൂഷണക്കാരനായ അങ്ങേരെ ആക്കാനായി ഞാന്‍ പറഞ്ഞു:
"പര്‍വ്വതത്തിന്‍റെ മകള്‍"
"ആരാ കെട്ടുന്നത്?" വീണ്ടും സംശയം.
വാസുദേവനായ വിഷ്ണുവില്‍ നിന്ന് ശിവനുണ്ടായി എന്ന വിശ്വാസത്തില്‍ മറുപടി പറഞ്ഞു:
"മഹാദേവന്‍, വസുദേവന്‍റെ മകന്‍"
"അപ്പോ ഏത് ശാന്തിയാ ഇല്ലാത്തത്" നാരദര്‍ക്ക് എല്ലാം അറിയണം.
മറുപടി കൊടുത്തു:
"ശിവന്‍റെ അവിടുത്തെ"
ഇത്രത്തോളമായപ്പോഴേക്കും മേളക്കാരുമായി സുധി വന്നതിനാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവായി.മേളവുമായി അമ്പലത്തിലേക്ക് പറന്നു.താലപ്പൊലിക്കാര്‍ എത്തുന്നതിനു മുന്നേ അവിടെ ഹാജരായി.അങ്ങനെ സ്വീകരണം പൂര്‍ത്തിയാക്കി.

പാര്‍വ്വതി പരിണയം കഴിഞ്ഞപ്പോ കുമാരന്‍ ഓടി വന്ന് പറഞ്ഞു:
"മനു ചതിച്ചെടാ, ആ ചിട്ടിക്കാരന്‍ ഗോപാലന്‍ കുറേ ആളേം കൂട്ടി നിന്നെ തല്ലാന്‍ വന്നിരിക്കുന്നു, കൂടെ ആ പരദൂഷണവുമുണ്ട്"
"എന്തിന്?"
"അറിയില്ല, നീയൊന്ന് ചെന്നേ"
നേരെ പടക്കളത്തിലേക്ക്...

"നീ എന്‍റെ മോള്‌ ഒളിച്ചോടാന്‍ പോകുവാണെന്ന് പറഞ്ഞോ?" ചിട്ടിക്കാരന്‍റെ ചോദ്യം.
"ഇല്ലണ്ണാ"
"അയ്യോ, പറഞ്ഞു..." ഒരു ശബ്ദം, നാണുപിള്ള.
അയാള്‍ അത് പൂരുപ്പിച്ചു....
"പര്‍വ്വതം ചിട്ടിഫണ്ടിന്‍റെ മകള്‍ പാര്‍വ്വതിയും, വടക്കേലെ വാസൂന്‍റെ മോന്‍ മഹാദേവനും കല്യാണം കഴിക്കകുവാണെന്ന് ഇവന്‍ പറഞ്ഞു"
ങ്ങേ!!!!
"ആണോടാ, ഈ പറഞ്ഞത് നീയാണോ?" പര്‍വ്വതത്തിന്‍റെ ചോദ്യം.
പ്രഭാക്ഷക ശബ്ദം മനസ്സില്‍ മുഴങ്ങി...
"എല്ലാം നീയാണ്"
അന്തം വിട്ട് ഞാന്‍ നിന്നപ്പോള്‍ നാണുപിള്ള വീണ്ടും പറഞ്ഞു:
"അത് മാത്രമല്ല, നമ്മടെ ശിവന്‍ കൊച്ചാട്ടന്‍റെ മോള്‌ ശാന്തി വരാത്തത് കൊണ്ടാ മഹാദേവന്‍ പാര്‍വ്വതിയെ കെട്ടുന്നതെന്നും ഇവന്‍ പറഞ്ഞു"
എന്‍റമ്മേ!!!
എനിക്ക് തല കറങ്ങി തുടങ്ങി.
ഒടുവില്‍ ഗോപാലന്‍ ചേട്ടനെ മാറ്റി നിര്‍ത്തി കാര്യം ബോധിപ്പിച്ചു...
താരകാസുരനെ കൊല്ലാന്‍ ശിവപുത്രനായി കുമാരന്‍ ജനിക്കുന്നതിനായുള്ള, ആ കുമാര സംഭവം നടക്കുന്നതിനായുള്ള പാര്‍വ്വതി പരിണയമാണെന്ന് അറിഞ്ഞപ്പോള്‍ ഗോപാലേട്ടനു സന്തോഷമായി.അദ്ദേഹംഎല്ലാവരോടുമായി പറഞ്ഞു:
"പേടിക്കേണ്ടാ, ഇത് കുമാര സംഭവമാ"
അത് കേട്ട് അടുത്ത് നിന്ന കുമാരന്‍ എന്നോട് ചോദിച്ചു:
"എന്‍റെ എന്ത് സംഭവം"
കുന്തം, പോടാ അവിടുന്ന്!!

ആകെ കുരിശായി, ഇതിനെല്ലാം കാരണം ആ പ്രഭാക്ഷകനാണ്.അയാളാണ്‌ ആദ്യം എല്ലാം ഞാനാണെന്ന് പറഞ്ഞത്.അതിനാല്‍ യജ്ഞവേദിയിലെത്തി പ്രഭാക്ഷകനെ മാറ്റി നിര്‍ത്തി ഞാന്‍ പറഞ്ഞു:
"എല്ലാം നീയാണ്‌ എന്ന് അങ്ങ് ഇനി ദയവായി പറയരുത്.ഒരിക്കല്‍ കൂടി താങ്കള്‍ അങ്ങനെ പറഞ്ഞാല്‍ മുട്ടുകാല്‌ തല്ലി ഓടിക്കുമെന്ന് പറയാന്‍ പറഞ്ഞു"
"അയ്യോ ആര്?"
"അത് ഇവിടുത്തെ ഒരു ഗുണ്ടയാ"
ഇത്രയും പറഞ്ഞിട്ട് ഞാന്‍ പുറത്തേക്ക് നടന്നു.

അന്നും പ്രഭാക്ഷണമുണ്ടായിരുന്നു.
അതില്‍ അദ്ദേഹം പറഞ്ഞു:

"എല്ലാം ഞാനാണ്‌ എന്ന ചിന്ത ഒരു വിധത്തില്‍ അഹം എന്ന ഭാവത്തെ വരുത്തുന്നു.ഇതാണ്‌ പിന്നീട് അഹംഭാവം അഥവാ അഹങ്കാരമായി മാറുന്നത്.അത് കൊണ്ട് എപ്പോഴും ഓര്‍ക്കുക. എല്ലാം ഞാനല്ല....
എല്ലാം സാക്ഷാല്‍ മഹാദേവന്‍റെ കളികളാണ്...
എല്ലാം ശിവമയമാണ്"

ഗ്രേറ്റ്!!!
എത്ര മഹത്തായ സങ്കല്‍പ്പം...
എല്ലാം ശിവമയം.

അന്ന് രാത്രി ഊണ്‌ കഴിഞ്ഞ ശേഷം പ്രഭാക്ഷകന്‍ എന്നോട് ചോദിച്ചു:
"അല്ല ഉണ്യേ, ആരാ എന്‍റെ കാല്‌ തല്ലി ഒടിക്കുമെന്ന് പറഞ്ഞത്?"
അതോ, അത് ഞാനാണ്...
അത് മാത്രം ഞാനാണ്...
ബാക്കി എല്ലാം ശിവമയം!!

"ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം"

ഓം നമഃ ശിവായ.
എല്ലാവര്‍ക്കും ശിവരാത്രി ആശംസകള്‍.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com