For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ചാത്തന്നൂരിലെ നിശ്ചയകാരണവര്‍





കല്യാണം വിളി പോലെ തന്നെ മനോഹരമാണ്‌ നിശ്ചയം വിളി.അതും പെണ്‍കുട്ടികളുടെയാണെങ്കില്‍ പറയുകയും വേണ്ടാ.പെണ്‍കുട്ടിയെ കല്യാണം കഴിച്ച് വിടാന്‍ അച്ഛനമ്മമാര്‍ തീരുമാനിക്കുന്ന നിമിഷം മുതലുള്ള കാര്യങ്ങള്‍ അപ്റ്റുഡേറ്റായി അറിയിച്ചില്ലെങ്കില്‍ കല്യാണത്തിനു വരില്ല എന്ന് പ്രഖ്യാപിക്കുന്ന കാരണവന്‍മാരുള്ള നാടാ ഇത്.
അത്തരം ഒരു കാരണവരായിരുന്നു ചാത്തന്നൂരിലെ ഗോവിന്ദന്‍മാമാ...

ഈ ഗോവിന്ദന്‍ മാമയുടെ വീട്ടില്‍ പോകാന്‍ എനിക്ക് പേടിയാ!!!
അതിനു രണ്ടാണ്‌ കാരണം.
ഒന്ന്: കൂട്ട് കിടക്കുന്നവന്‍റെ കൊങ്ങായ്ക്ക് കുത്തുന്ന അങ്ങേരുടെ സ്വഭാവം,
രണ്ട്: പുള്ളിക്കാരന്‍റെ വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള കശുവണ്ടി ഫാക്ടറി.
എത്ര ശ്രമിച്ചാലും ആ ഫാക്ടറിക്ക് മുമ്പിലൂടെ നടന്നേ മാമായുടെ വീട്ടില്‍ കയറാന്‍ സാധിക്കു.
ഈ കശുവണ്ടി ഫാക്ടറിക്ക് ഒരു പ്രത്യേകതയുണ്ട്...
അതിന്‍റെ മുമ്പില്‍ എപ്പോഴും ഒരു മഹിളാ സമാജം കാണും.കുട്ടിക്കാലത്ത് ഞാന്‍ അമ്മയുടെ കൂടെ, അതു വഴി എപ്പോള്‍ പോയാലും ഇവറ്റകളെന്നെ പിടികൂടും.എന്നിട്ട് എന്നെ നടുക്കിരുത്തി ചുറ്റും നിന്നു കൊണ്ട് അവരുടെ അഭിപ്രായ പ്രകടനങ്ങള്‍ ആരംഭിക്കും,
'കണ്ണ്‌ അച്ഛനെ പോലെയാണ്'
'മൂക്ക് അമ്മയെ പോലെയാണ്'
'നെറ്റി അമ്മുമ്മയെ പോലെയാണ്‌'
അവരുടെ അഭിപ്രായത്തില്‍ നിന്നും ഞാനൊരു മഹാ സത്യം മനസ്സിലാക്കി,
എനിക്ക് സ്വന്തമായി ഒരു ശരീരം ഇല്ല!!!
എന്‍റെ കുടുംബത്തിലെ ഒരോരുത്തരുടെ ഒരോ ഭാഗം ചേര്‍ത്ത് വച്ചാണ്‌ എന്നെ ഉണ്ടാക്കിയിരിക്കുന്നത്!!!
ചുരുക്കി പറഞ്ഞാല്‍ 'ഞാന്‍' എന്നാല്‍ ആത്മാവ് മാത്രമാണന്നും ശരീരമല്ലന്നും ഉള്ള മഹത്തായ തത്വം എന്നെ പഠിപ്പിച്ചത് ഈ മഹിളാമണികള്‍ ആയിരുന്നു.
കായംകുളത്ത് നിന്നും കൊല്ലം വരെ ചെന്ന് 'എന്തിനാ വെറുതെ വഴിയെ പോകുന്ന വയ്യാവേലി തലയില്‍ കയറ്റുന്നത്' എന്ന് കരുതി മാത്രമാണ്‌ കഴിഞ്ഞ ഇരുപത് വര്‍ഷമായി ഞാന്‍ ആ വഴി പോകാത്തത് തന്നെ.പക്ഷേ എത്ര ശ്രമിച്ചാലും വയ്യാവേലി എടുത്ത് തലയില്‍ വയ്ക്കേണ്ട അവസരം വരും.

അത്തരം ഒരു അവസരം എന്‍റെ മുമ്പില്‍ വന്ന് കൊഞ്ഞനം കാട്ടിയത് ഏകദേശം ഒരു വര്‍ഷം മുമ്പായിരുന്നു.വ്യക്തവും കൃത്യവുമായി പറഞ്ഞാല്‍ എന്‍റെ പെങ്ങളെ കെട്ടിച്ച് വിടാന്‍ തീരുമാനിച്ച സമയം.കെട്ടുന്നത് ബന്ധത്തിലുള്ള പയ്യനായതിനാല്‍ അടുത്ത ബന്ധുക്കളെ മാത്രം നിശ്ചയത്തിനു വിളിച്ചാല്‍ മതി എന്ന് തീരുമാനിച്ചു.അങ്ങനെ വിളിക്കാനുള്ളവരുടെ ലിസ്റ്റ് എടുത്തപ്പോഴാണ്‌ അമ്മ തന്‍റെ ആഗ്രഹം വെളിപ്പെടുത്തിയത്:
"ചാത്തന്നൂരിലെ ഗോവിന്ദന്‍മാമയെ വിളിക്കണം"
എന്ത്???
എനിക്ക് വെള്ളിടി വെട്ടിയ പോലെ ഒരു തോന്നല്‍!!!
അമ്മയിത് എന്ത് ഭാവിച്ചാ എന്ന അര്‍ത്ഥത്തില്‍ ഞാന്‍ അച്ഛനെ ഒന്ന് നോക്കി.അപ്പുറത്ത് കസേരയില്‍ അച്ഛനും അന്തം വിട്ട് ഇരിക്കുന്നു.എന്നാല്‍ അടുത്ത നിമിഷം തന്നെ അച്ഛന്‍ അമ്പരപ്പില്‍ നിന്നും കരകയറി.എന്നിട്ട് ആധികാരികമായ ശബ്ദത്തില്‍ അമ്മയെ നോക്കി പറഞ്ഞു:
"ശരിയാ, നീയും മനുവും കൂടി പോയി വിളിച്ചോ"
ങ്ങേ!!!
ഞാന്‍ പോയി ഗോവിന്ദന്‍മാമയെ വിളിക്കാനോ?
മുജ്ജന്മത്തിലെ ശത്രുവാ ഈ ജന്മത്തില്‍ മകനായി പിറക്കുന്നത് എന്ന് അച്ഛന്‍ എവിടെങ്കിലും വായിച്ചോ എന്തോ??
അല്ലെങ്കില്‍ എന്നോട് പോയി ആ ഭൂതത്തിനെ വിളിക്കാന്‍ പറയുമോ?
എന്തായാലും അച്ഛന്‍ മാന്യമായിട്ട് തല ഊരി!!
ചുറ്റും നിന്നവരെല്ലാം എന്നെ ആകാംക്ഷയോടെ നോക്കിയപ്പോള്‍, 'അച്ഛനാരാ മോന്‍' എന്ന് മനസ്സില്‍ കരുതി കൊണ്ട് ഞാന്‍ പറഞ്ഞു:
"ശരി, പോകാം"

ഗോവിന്ദന്‍ മാമയെയും, കശുവണ്ടി ഫാക്ടറിയും മാറ്റി നിര്‍ത്തിയാല്‍ ചാത്തന്നൂര്‍ ഒരു അടിപൊളി സ്ഥലമാ.ടൌണില്‍ നിന്നും ഉള്ളിലോട്ട് കയറിയാണ്‌ ഞങ്ങള്‍ക്ക് പോകേണ്ട പ്രദേശം, ശരിക്കും പറഞ്ഞാല്‍ ഒരു ഉള്‍നാടന്‍ ഗ്രാമം.ഞാന്‍ അവിടെ പോയിട്ട് ഇരുപത് വര്‍ഷമായെങ്കിലും, ഈ അടുത്ത ഇടയ്ക്ക് അവിടെ പോയവരുടെ അഭിപ്രായത്തില്‍ ആ ഗ്രാമത്തിനു പറയത്തക്ക വികസനം ഒന്നുമില്ല.
എല്ലാം പഴയ പോലെ തന്നെ!!

നാട്ടിന്‍പുറങ്ങളില്‍ പോകുകയാണെങ്കില്‍ മോഡേണ്‍ വേഷത്തില്‍ പോകണം.
അതാ എന്‍റെ പോളിസി!!!
എന്നാലെ നാല്‌ പേര്‌ ശ്രദ്ധിക്കു..
അത് കൊണ്ട് തന്നെയാണ്‌ നിശ്ചയം വിളിക്കാന്‍ ഇറങ്ങിയ ആ വെള്ളിയാഴ്ച, ഞാന്‍ സ്വല്പം മോഡേണ്‍ വേഷത്തില്‍ തന്നെ ഇറങ്ങിയത്.കാറിലോട്ട് കയറാന്‍ തുടങ്ങിയ എന്‍റെ കൈയ്യില്‍ ഒരു സഞ്ചി തന്നിട്ട് അമ്മ പറഞ്ഞു:
"കുറച്ച് ഉണക്ക കൊഞ്ചാ, ഗോവിന്ദന്‍മാമായ്ക്ക് വലിയ ഇഷ്ടമാ"
കര്‍ത്താവേ!!!
അമ്മയിത് എന്ത് ഭാവിച്ചാ??
ആ കശുവണ്ടി ഫാക്ടറിക്ക് മുമ്പിലൂടെ കോട്ടും സ്യൂട്ടും ഇട്ട്, കൂളിംഗ്ലാസ്സും വച്ച് ഉണക്ക കൊഞ്ചുമായി നടക്കേണ്ട രംഗം ഓര്‍ത്ത് ഞാന്‍ അറിയാതെ ഞെട്ടി പോയി.
എന്ത് പ്രശ്നവും ബുദ്ധിപരമായി ചിന്തിച്ചാല്‍ സോള്‍വ്വ് ചെയ്യാവുന്നതേയുള്ളു...
അമ്മ തന്ന ആ ഉണക്ക കൊഞ്ച്, വി.ഐ.പിയുടെ ഒരു ബ്രീഫ്കേസ്സില്‍ നിറച്ചായിരുന്നു ഞാന്‍ ആ പ്രശ്നം സോള്‍വ്വ് ചെയ്തത്.മോഡേണ്‍ വേഷത്തില്‍ ബ്രീഫ്കേസ്സും പിടിച്ച് നടക്കുമ്പോള്‍ ആരും കളിയാക്കില്ലല്ലോ.
ഞാനൊരു ഭയങ്കര ബുദ്ധിമാന്‍ തന്നെ!!!

അങ്ങനെ ഞാനും അമ്മയും ചാത്തന്നൂരിലുള്ള അമ്മാവന്‍റെ നാട്ടിലെത്തി.കാര്‍ വഴിയരുകില്‍ നിര്‍ത്തിയട്ട് ഞാന്‍ തലയിലൊരു തൊപ്പിയും വച്ച്, കയ്യില്‍ ഉണക്ക കൊഞ്ച് നിറച്ച ബ്രീഫ്കേസ്സും പിടിച്ച് അമ്മയോടൊപ്പം അമ്മാവന്‍റെ വീട്ടിലേക്ക് നടന്നു.
എല്ലാരും പറയുന്നത് ശരിയാ, വലിയ മാറ്റമൊന്നുമില്ല.
അമ്മാവന്‍റെ വീട്ടിലോട്ട് പോകുന്ന വഴിയിലെ മൂങ്ങാണ്ടന്‍ മാവും, വഴിയരികിലെ പാടത്തിനു നടുക്ക് നില്‍ക്കുന്ന ആ വെളുത്ത കൊക്കും, എല്ലാം അവിടെ തന്നെയുണ്ട്.
പ്രത്യേകിച്ച് ഒരു വികസനവും ഇല്ലാത്ത പ്രദേശം!!!

കശുവണ്ടി ഫാക്ടറി അടുക്കുന്നതോടെ എന്‍റെ നെഞ്ചിടുപ്പ് കൂടി കൂടി വന്നു.പ്രതീക്ഷിച്ച പോലെ അവിടെ ഒരു മഹിളാ സമാജം ഉണ്ടായിരുന്നു, ഒരു വ്യത്യാസം എന്തെന്നാല്‍ അവിടെ നിന്നതു മുഴുവന്‍ കൊച്ച് പെമ്പിള്ളാരായിരുന്നു,
ഒരു പതിനേഴിനും ഇരുപത്തഞ്ചിനും ഇടയ്ക്ക് പ്രായമുള്ള കുറേ തരുണിമണികള്‍!!!
അതോടെ എന്‍റെ ടെന്‍ഷനൊക്കെ പോയി.
തൊപ്പി പിടിച്ച് ഒന്ന് നേരെ വച്ച്, ബ്രീഫ്കേസ്സ് എക്സിക്യൂട്ടീവ് സ്റ്റൈലിലും പീടിച്ച് അവരെയെല്ലാം ഞാനൊന്ന് നോക്കി.അവളുമാരുടെ കണ്ണിലൊരു തിളക്കം,
ഒരുപക്ഷേ അമ്പരപ്പിന്‍റെയാവാം അല്ലേല്‍ ആരാധനയുടെയാവാം..
എന്ത് തന്നെയായാലും കഴിഞ്ഞ ഇരുപത് വര്‍ഷം അത് വഴി വരാഞ്ഞതില്‍ എനിക്ക് നേരിയ കുറ്റബോധം തോന്നി.

വീട്ടിലോട്ട് കയറി ചെന്ന അമ്മയെ ഗോവിന്ദന്‍മാമായ്ക്ക് ഒറ്റ നോട്ടത്തില്‍ മനസ്സിലായി.പക്ഷേ കൂടെ കോട്ടും സ്യൂട്ടുമിട്ട് നില്‍ക്കുന്ന എന്നെ പുള്ളിക്കാരന്‌ മനസ്സിലായില്ല.അദ്ദേഹം അമ്മയോട് ചോദിച്ചു:
"ഇത്..?"
"അയ്യോ, മാമായ്ക്ക് ഇവനെ മനസ്സിലായില്ലേ? നമ്മുടെ മനുക്കുട്ടനാ"
എന്‍റെ വേഷവും ഭാവവും അങ്ങേര്‍ക്ക് പിടിച്ചില്ലന്ന് തോന്നുന്നു, അയാള്‍ പറഞ്ഞു:
"ഞാന്‍ കരുതി വെള്ളിയാഴ്ചയായിട്ട് 'മാടന്‍' ഇറങ്ങിയതാണെന്ന്"
'മാടന്‍' തന്‍റെ മറ്റവനാ!!!
ഇപ്രകാരം മനസ്സില്‍ കരുതി പുറമേ ചിരിച്ചെന്ന് വരുത്തി കൊണ്ട് ഞാന്‍ ബ്രീഫ്കേസ്സെടുത്ത് മുമ്പില്‍ വച്ചു.സിനിമയില്‍ ബിസനസ്സ്‌കാര്‍ കൊണ്ട് നടക്കുന്ന പോലത്തെ ആ ബ്രീഫ്കേസ്സില്‍ എന്തോ വലിയ നിധിയാണെന്ന് കരുതി നോക്കി നിന്ന മാമായെ ഞാനത് തുറന്ന് കാണിച്ചു, എന്നിട്ട് പറഞ്ഞു:
"ഉണക്ക കൊഞ്ചാ"
അമ്പരന്ന് പോയ മാമന്‍ ആ ബ്രീഫ്കേസ്സിലൊന്ന് തടവി കൊണ്ട് എന്നോട് ചോദിച്ചു:
"അപ്പം ഇത്..?"
മനസ്സിലായി മാമാ, മനസ്സിലായി..
ഇത് ഉണക്ക കൊഞ്ച്ച് കൊണ്ട് നടക്കാനുള്ള പാത്രമാണോന്നല്ലേ??
അതോ ബിസനസ്സുകാരെല്ലാം വി.ഐ.പി യുടെ ബ്രീഫ്കേസ്സിനകത്ത് ഉണക്കകൊഞ്ചുമായാണോ നടക്കുന്നത് എന്നോ??
കഷ്ടം!!!
വലിയ വലിയ എക്സിക്യൂട്ടീവ്സ്സിന്‍റെ പുറമെ മാത്രമേ സ്റ്റൈല്‍ ഉള്ളന്നും, ഉള്ള്‌ മുഴുവന്‍ ഉണക്ക കൊഞ്ച്ച് ആണെന്നും കരുതി അമ്പരന്ന് നിന്ന ആ പാവത്തിനു നേരെ ബ്രീഫ്കേസ്സ് നീട്ടി ഞാന്‍ പറഞ്ഞു:
"ഇത് മാമാ എടുത്തോ"
അത് കേട്ടതും പുന്നെല്ല്‌ കണ്ട എലിയേ പോലെ അങ്ങേരൊന്ന് ചിരിച്ചു.
ആഹാ, എന്താ ചിരി??

പിന്നീട് നാട്ട് വിശേഷവും, കാട്ട് വിശേഷവും പറയുന്ന കൂട്ടത്തില്‍ ഞങ്ങള്‍ വന്ന കാര്യം അവതരിപ്പിച്ചു.എല്ലാം കേട്ട് കഴിഞ്ഞിട്ട്, നിശ്ചയത്തിന്‌ വരാമെന്ന് സമ്മതിച്ചിട്ട് അങ്ങേര്‌ ചോദിച്ചു:
"മനുവിന്‌ കല്യാണമൊന്നും നോക്കുന്നില്ലേ?"
ആ കാലഘട്ടത്തിലായിരുന്നു എനിക്ക് കല്യാണം ആലോചിച്ച് തുടങ്ങിയത്.എങ്കില്‍ തന്നെയും എന്തെങ്കിലും ശരിയായിട്ട് പറഞ്ഞാല്‍ മതി എന്ന് കരുതിയാകണം അമ്മ പറഞ്ഞു:
"ഇതൊക്കെ ഒന്ന് കഴിയട്ടെ എന്ന് കരുതി"
ആ മറുപടി അമ്മാവന്‌ ഇഷ്ടപ്പെട്ടന്ന് തോന്നുന്നു, പുള്ളിക്കാരന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു:
"അത് മതി, ഒരു മുപ്പത്തഞ്ച് വയസ്സായിട്ട് കെട്ടിച്ചാല്‍ മതി"
എന്‍റെ പറശ്ശിനിക്കടവ് മുത്തപ്പാ!!!
ഇരുപതാം വയസ്സില്‍ പെണ്ണും കെട്ടി, മെഷീന്‍ഗണ്ണ്‌ വച്ച് വെടി വയ്ക്കുന്ന പോലെ പത്ത് പന്ത്രണ്ട് പിള്ളാരെയും ഉണ്ടാക്കിയ മുതു കിളവന്‍ പറഞ്ഞത് കേട്ടില്ലേ??
ഞാന്‍ മുപ്പത്തിയഞ്ചാം വയസ്സില്‍ കെട്ടിയാല്‍ മതിയെന്ന്!!!
എത്ര പേരെ ആന കുത്തി കൊല്ലുന്നു, എന്താണാവോ ഈ വഴിയൊന്നും ആന പോകാത്തത്??
ഉള്ളില്‍ തിളച്ച് മറിഞ്ഞ ദേഷ്യം പുറത്ത് കാട്ടാതെ ഞാന്‍ ഒന്ന് ചിരിച്ചു.

ഞങ്ങള്‍ അവിടെ ചെന്ന് വിളിച്ചതും, ഞാന്‍ ബ്രീഫ്കേസ്സ് സമ്മാനമായി കൊടുത്തതും എല്ലാം ഗോവിന്ദന്‍മാമായുടെ സന്തോഷം വര്‍ദ്ധിപ്പിച്ചു.ഞങ്ങള്‍ ഇറങ്ങാന്‍ നേരം ബ്രീഫ്കേസ്സ് എടുത്ത് റൂമില്‍ കൊണ്ട് വച്ചിട്ട് അങ്ങേര്‌ പറഞ്ഞു:
"മനു നില്‍ക്കണേ, രണ്ട് കാര്യം തന്ന് വിടാം"
ഞാന്‍ ഒരു ബ്രീഫ്കേസ്സ് കൊടുത്തതിനു പകരം രണ്ട് കാര്യം തരാമെന്ന്!!
ഒരു വെടിക്ക് രണ്ട് പക്ഷി!!!
ബിസനസ്സ് നഷ്ടമില്ലന്ന് കരുതി സന്തോഷിച്ച് നിന്ന എന്‍റെ മുമ്പില്‍ ഗോവിന്ദന്‍മാമാ ആ രണ്ട് മഹാകാര്യങ്ങള്‍ കൊണ്ട് വച്ചു,
ഒരു വലിയ വരിക്കച്ചക്കയും, ഒരു കുല പഴവും!!!
ഇത് കൊണ്ട് ഞാന്‍ എന്ത് ചെയ്യാന്‍ എന്ന് കരുതി അമ്പരന്ന് നിന്ന എന്നെ നോക്കി അങ്ങേര്‌ പറഞ്ഞു:
"ഇത് നിങ്ങള്‌ കൊണ്ട് പോയിക്കോ"
കര്‍ത്താവെ!!!
ഈ മുതു കാരണവര്‍ക്ക് ഭ്രാന്താണോ???
അല്ലെങ്കില്‍ എന്നെ പോലൊരു മോഡേണ്‍ യുവാവിന്‍റെ കൈയ്യില്‍ ചക്കയും പഴക്കുലയും തന്ന് വിടുമോ?
അത് മാത്രമോ, കാര്‍ കിടക്കുന്ന വരെയുള്ള അരകിലോമീറ്റര്‍ അത് രണ്ടും കൊണ്ട് നടക്കുന്ന കാര്യം ആലോചിച്ചപ്പോള്‍ എനിക്ക് തല കറങ്ങി.
ഡിയര്‍ അങ്കിള്‍, ഐ ഡോണ്‍ഡ് വാണ്‍ഡ് ചക്കാ ആന്‍ഡ് പഴാ!!!
'ഇത് രണ്ടും മാമാ എടുത്തിട്ട് എന്‍റെ ബ്രീഫ്കേസ്സ് ഇങ്ങ് താ' എന്ന് പറയാന്‍ തോന്നിയെങ്കിലും അമ്മയുടെ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ ഒന്നും പറയാന്‍ പറ്റിയില്ല.പതുക്കെ ചക്കയെടുത്ത് തലയിലും വച്ച്, ഒരു കൈ കൊണ്ട് അത് താഴെ വീഴാതെ പിടിച്ച്, മറുകൈയ്യില്‍ പഴക്കുലയുമെടുത്ത് ഇറങ്ങാന്‍ തയ്യാറായപ്പോള്‍ മാമാ മൊഴിഞ്ഞു:
"ഇനിയും വരണേ"
'വരാം, വരാം പതിനാറടിയന്തരം അറിയിച്ചാല്‍ മതി' എന്ന് മനസ്സില്‍ പറഞ്ഞ് കൊണ്ട് ഞാന്‍ അവിടെ നിന്നും ഇറങ്ങി.

കശുവണ്ടി ഫാകടറിക്ക് മുമ്പിലൂടെ വേണം കാറിനടുത്ത് എത്താന്‍ എന്ന് ആലോചിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ അവിടെ നിന്നിരുന്ന തരുണിമണികളുടെ മുഖം തെളിഞ്ഞ് വന്നു.എന്നെ ആരാധനയോട് നോക്കിയവര്‍ ഈ രൂപത്തില്‍ കണ്ടാല്‍ എന്ത് കരുതുമോ എന്തോ?
എന്‍റെ ഊഹം തെറ്റിയില്ല...
തലയില്‍ തൊപ്പിയുമായി പോയവന്‍ ചക്കയുമായി വരുന്നത് കണ്ട് അവരൊക്കെ ഒന്ന് ഞെട്ടി, അമ്പരപ്പോടെ അവരെന്‍റെ കൈയ്യിലോട്ട് നോക്കി.ഒരു ചമ്മിയ ചിരിയോടെ അവരുടെ മുഖത്ത് നോക്കിയ ഞാന്‍ മൌനമായ കുറെ ചോദ്യങ്ങള്‍ കണ്ടു,
ബ്രീഫ്കേസ്സ് എങ്ങനെ പഴം ആയി??
തൊപ്പി എങ്ങനെ ചക്ക ആയി??
മോഡേണ്‍ എങ്ങനെ ലോക്കല്‍ ആയി??
എന്ത് പറയണം എന്ന് അറിയാതെ ഞാന്‍ നടപ്പിനു വേഗം കൂട്ടി.

തിരിച്ച് പോകാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അമ്മ ചോദിച്ചു:
"ഒരു കുഴപ്പവുമില്ലാതെ എല്ലാം ഭംഗിയായി, അല്ലേടാ?"
പിന്നെ, 'ഭംഗി' ആയി!!!

വെയിറ്റ് ഫോര്‍ ആക്ഷന്‍



ഓണകാലമാകുമ്പോള്‍ പൂവിളിയും പൂക്കളവും പൂത്തിരുവാതിരയുമുള്ള കുട്ടിക്കാലം ഓര്‍മ്മ വരും.ആ ഓര്‍മ്മകള്‍ കടന്ന് വന്ന വഴികളിലൂടെയുള്ള സഞ്ചാരമായി മാറും.ആ യാത്രയില്‍ ഞാന്‍ ഒരു സത്യം മനസിലാക്കി കുട്ടിക്കാലം മുതല്‍ ഞാന്‍ വളര്‍ന്ന് വന്നത് ഒരോ ലക്ഷ്യം മുന്നില്‍ കണ്ട് കൊണ്ടായിരുന്നു, ഒരോ പ്രായത്തില്‍ ഒരോ ലക്ഷ്യങ്ങള്‍...

ഒന്നാം ക്ലാസില്‍ ആദ്യമായി വലതുകാല്‍ വച്ച് കയറിയപ്പോള്‍ അമ്മ ഒരു ഉപദേശം പോലെയാണ്‌ ആദ്യത്തെ ലക്ഷ്യം ചെവിയില്‍ മന്ത്രിച്ചത്:
"മോന്‍ പത്തിലൊരു റാങ്ക് വാങ്ങണം കേട്ടോ?"
കേട്ടു.
ജീവിതത്തിലെ ആദ്യത്തെ ലക്ഷ്യം, റാങ്ക്!!!
എന്താ ഈ റാങ്കെന്ന് അറിയില്ലെങ്കിലും പതിയെ തലയാട്ടി...
വാങ്ങാം അമ്മേ, വാങ്ങാം.എത്ര കാശാണേലും വാങ്ങാം, ഇത് സത്യം!!!
അത് കേട്ടതും അമ്മക്ക് സന്തോഷമായി, അമ്മ നാട്ടുകാരോട് പ്രഖ്യാപിച്ചു:
"പത്തില്‍ മനു റാങ്ക് വാങ്ങും"
കേട്ടവര്‍ കേട്ടവര്‍ അത്ഭുതത്തോടെ ചോദിച്ചു:
"അതിനു മനു ഒന്നിലല്ലേ?"
"അതേ, പക്ഷേ അവന്‍ മിടുക്കനാ, പെട്ടന്ന് പത്തിലെത്തും" അമ്മയുടെ മറുപടി.
ഇത് കേട്ടതും വടക്കേലെ ശാരദാമ്മ ഒമ്പതില്‍ പഠിക്കുന്ന അവരുടെ മകനെ ഭീഷണിപ്പെടുത്തി:
"നിനക്ക് മുമ്പെങ്ങാണം മനു പത്തിലെത്തിയാല്‍, കൊല്ലും ഞാന്‍!!"
പയ്യന്‍റെ മുഖത്തൊരു അമ്പരപ്പ്, അവന്‍ അറിയാതെ ചോദിച്ചു:
"അതിനു മനു ഒന്നിലല്ലേ ആയുള്ളു?"
"അതേ, പക്ഷേ അവന്‍ മിടുക്കനാ, പെട്ടന്ന് പത്തിലെത്തും, സൂക്ഷിച്ചോ.."
ങ്ങേ!!!
ഇതെന്ത് കൂത്ത്??
പയ്യന്‍ അറിയാതെ തല ചൊറിഞ്ഞു.

കാലം കടന്ന് പോയി.
ഒന്ന്, രണ്ട്, മൂന്ന്...
പത്താം ക്ലാസെന്ന കടമ്പ ലക്ഷ്യമാക്കി ഞാന്‍ വളര്‍ന്ന് തുടങ്ങി.അതോടൊപ്പം ഞാന്‍ റാങ്ക് വാങ്ങുമെന്ന് വിവരവും വളര്‍ന്ന് തുടങ്ങി.അങ്ങാടിയില്‍ മീന്‍ വാങ്ങാന്‍ പോയാല്‍, അമ്പലത്തില്‍ തൊഴാന്‍ പോയാല്‍, ചുറ്റുപാടില്‍ നില്‍ക്കുന്നവര്‍ കുശുകുശുക്കുന്ന ശബ്ദം മാത്രം...
"ആ പയ്യനെ മനസിലായോ? അത് മനുവാ...മനു..."
"അതിനു?"
"പത്തി റാങ്ക് വാങ്ങാനാ അവന്‍റെ പഠിത്തം, നാളത്തെ റാങ്കറാ"
ഇത് കേട്ട് കേട്ട് എനിക്ക് തലപെരുത്തു.
റാങ്കറാണത്രേ റാങ്കര്‍!!!
എന്ത് കഷ്ടമാണ്‌ ഈശ്വരാ??
ഞാന്‍ റാങ്ക് വാങ്ങുമെന്ന് നാട്ടുകാര്‍ മൊത്തം വിശ്വസിച്ചു, തലകുത്തി നിന്നാലും റാങ്ക് കിട്ടില്ലെന്ന് ഞാന്‍ വിശ്വസിച്ചു...
അവസാനം വിശ്വാസം ജയിച്ചു (എന്‍റെ വിശ്വാസം)...
എനിക്ക് റാങ്ക് കിട്ടിയില്ല!!!
അറിഞ്ഞതും അമ്മ ഒറ്റ ചാട്ടം:
"കുരുത്തംകെട്ടവന്‍, കുടുംബത്തിനു മാനക്കേടുണ്ടാക്കാനായി ജനിച്ച സന്തതി"
ഞാനോ??
അതേ, നീ തന്നെ!!!
ശ്ശെടാ..
അമ്മ പറയുന്നത് കേട്ടാല്‍ തോന്നും അമ്മയും അച്ഛനുമെല്ലാം റാങ്ക് കിട്ടിയാ പരീക്ഷ പാസായതെന്നും കുടുംബത്തില്‍ ഞാന്‍ മാത്രം എല്ലാം നശിപ്പിച്ചെന്നും...
സത്യത്തിന്‍റെ മുഖം വികൃതമാണെന്ന് പറയുന്നത് ചുമ്മാതല്ല.

നേരിട്ട് ചീത്ത വിളിച്ചെങ്കിലും നാട്ടുകാരുടെ മുന്നില്‍ അമ്മ എനിക്ക് സപ്പോര്‍ട്ട് ചെയ്തു.എനിക്ക് റാങ്ക് കിട്ടാത്തതിന്‍റെ കാരണം അന്വേഷിച്ചവര്‍ക്ക് അമ്മ മറുപടി നല്‍കി:
"പരീക്ഷക്ക് പോയപ്പ കൂടി അവന്‍ ചോദിച്ചതാ, അമ്മേ ഒരു റാങ്ക് വാങ്ങിച്ചോട്ടേന്ന്, പക്ഷേ അവന്‍റെ അച്ഛന്‍ സമ്മതിച്ചില്ല"
"അതെന്താ?"
"റാങ്ക് കിട്ടിയാ പ്രശസ്തി ആകുമത്രേ, പക്വത വരാതെ പ്രശസ്തനായാല്‍ അഹങ്കാരം കൂടുമത്രേ..."
ഒന്ന് നിര്‍ത്തിയട്ട് അമ്മ ചോദിച്ചു:
"നിങ്ങള്‌ പറ, മനു അഹങ്കാരി ആവണോ?"
വേണ്ട ടീച്ചറേ, വേണ്ട!!!
മറുപടി ഒറ്റ സ്വരത്തിലായിരുന്നു.

പത്ത് കഴിഞ്ഞ് പന്ത്രണ്ടായി, അവിടെയും റാങ്കില്ല.നാട്ടുകാര്‍ പരസ്യമായി ചോദിച്ച് തുടങ്ങി:
"എന്തേ, മനുവിനു പക്വത വന്നില്ലേ?"
"വന്നു വന്നു, ശരിക്കും വരണേല്‍ എഞ്ചിനിയറിംഗ് കഴിയണം"
എഞ്ചിനിയറിംഗ് കഴിഞ്ഞു.
അപ്പോഴും റാങ്കില്ല!!!
നാട്ടുകാര്‍ ചോദിക്കുന്നതിനു മുന്നേ അമ്മ പറഞ്ഞു:
"റാങ്കിലൊന്നും ഒരു കാര്യവുമില്ല, ഒരു ജോലി കിട്ടുന്നതാ പ്രധാനം"
പച്ചയായ യാഥാര്‍ത്ഥ്യം!!!
പക്ഷേ എനിക്ക് ജോലി കിട്ടിയില്ല.
എങ്ങനെ ജോലി കിട്ടും??
ഞാന്‍ പത്താം ക്ലാസ്സ് പാസായതോടെ റാങ്ക് സിസ്റ്റം മാറ്റി ഗ്രേഡിംഗ് ആക്കി!!
പ്രിഡിഗ്രി പാസായതോടെ കോളേജുകളില്‍ നിന്ന് പ്രീഡിഗ്രിയേ എടുത്ത് മാറ്റി!!
ഒടുവില്‍ തമിഴ്നാട്ടില്‍ പോയി എഞ്ചിനിയറിംഗ് പാസായ വര്‍ഷം മുതല്‍ തമിഴ്നാട്ടിലെ എല്ലാ എഞ്ചിനിയറിംഗ് കോളേജുകളും അണ്ണാ യൂണിവേഴ്സിറ്റിക്ക് കീഴിലാക്കി...
അതായത് ഞാന്‍ പഠിച്ച യൂണിവേഴ്സിറ്റി തന്നെ മാറ്റി!!!
റാങ്ക് സിസ്റ്റവും, പ്രീഡിഗ്രിയും, എന്തിനു യൂണിവേഴ്സിറ്റി തന്നെ മാറ്റിയവനു ആരു ജോലി കൊടുക്കും??
അഹോ കഷ്ടം!!!

ഒടുവില്‍ കാലത്തിന്‍റെ കുത്തൊഴുക്കില്‍ ഞാന്‍ ബാംഗ്ലൂരിലെത്തി..
അവിടെ എനിക്ക് കൂട്ട് റൂംമേറ്റായ സന്ദീപായിരുന്നു.തൊഴിലന്വേഷിക്കുന്നതിനു മാര്‍ഗ്ഗദര്‍ശിയും അവന്‍ തന്നെ...
"ബാംഗ്ലൂരില്‍ ജോലി വേണേല്‍ ഇംഗ്ലീഷ് അറിയണം...."
ഒന്ന് നിര്‍ത്തിയട്ട് സന്ദീപ് ചോദിച്ചു:
"ഇംഗ്ലീഷ് ഒക്കെ എങ്ങനാ?"
ഇംഗ്ലീഷില്‍ എനിക്കുള്ള പിടിപാടാണ്‌ അവനു അറിയേണ്ടത്, സത്യസന്ധമായി മറുപടി നല്‍കി:
"ഇംഗ്ലീഷിലെ എബിസിഡി ഇരുപത്തിയാറ്‌ അക്ഷരവും അറിയാം"
ഉവ്വോ??
സന്ദീപിന്‍റെ മുഖത്ത് അത്ഭുതം.
ഞാന്‍ ആക്കിയതാണെന്ന് കരുതിയാണോ അതോ എന്‍റെ വിവരത്തെ കുറിച്ചുള്ള അത്ഭുതമാണോന്ന് അറിയാത്തതിനാല്‍ ബാക്കി കൂടി പറഞ്ഞു:
"അക്ഷരം മാത്രമല്ല, പാസ്റ്റ് ടെന്‍സും പ്രസന്‍റ്‌ ടെന്‍സും ഫ്യൂറ്റര്‍ ടെന്‍സും അറിയാം"
അത് കേട്ടതും അവന്‍ പറഞ്ഞു:
"ഹേയ് ടെന്‍സിന്‍റെ ഒന്നും ആവശ്യമില്ല, ഇന്‍റര്‍വ്യൂവിനു ചെല്ലുമ്പോള്‍ ഇരുപത്തിയാറ്‌ അക്ഷരവും പറഞ്ഞ് കേള്‍പ്പിച്ചാല്‍ മതി, നിനക്ക് ജോലി കിട്ടും"
തന്നേ??
തന്നേ!!
സന്തോഷിച്ച് നിന്ന എന്നോട് അവന്‍ ഒന്നു കൂടി പറഞ്ഞു:
"ഇഫ് പ്രസന്‍റ്‌ ഈസ് ലൈക്ക് ദിസ്സ്, യുവര്‍ ഫ്യൂറ്റര്‍ വില്‍ ബി പാസ്റ്റ്"
എന്ന് വച്ചാല്‍??
വര്‍ത്തമാനം ഇങ്ങനാണേല്‍ ഭാവി ഭൂതം കൊണ്ട് പോകുമെന്ന്!!!
ഈശ്വരാ.
ഇവന്‍ ആക്കിയതാ!!

കാലം കടന്ന് പോയി...
അമ്പത്തി ഒന്ന് അക്ഷരമുള്ള മലയാളത്തില്‍ പറയുന്നതെല്ലാം ഇരുപത്തിയാറ്‌ അക്ഷരമുള്ള ഇംഗ്ലീഷില്‍ പറയാന്‍ ഞാന്‍ പഠിച്ചു. അതോടെ ദൈവം കനിഞ്ഞു, ഒരു ജോലി ശരിയായി.
പിന്നെ വിവാഹം, കുടുംബം...
എല്ലാം ബാംഗ്ലൂരില്‍ വന്നതിനു ശേഷം!!!

മൂന്നാലു വര്‍ഷം ഒരേ കമ്പനിയില്‍ പയറ്റിയപ്പോള്‍ ഒരു മാറ്റം അനിവാര്യമാണെന്ന് തോന്നി.പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയപ്പോള്‍ ആദ്യം കോള്‌ വന്നത് കൊച്ചിയില്‍ നിന്നാണ്:
"ഈസ് ഇറ്റ് മനു?" ഒരു കിളിനാദം.
"യെസ്സ്"
"വീ ഹാവ് ആന്‍ ഓപ്പണിംഗ് ഫോര്‍ യൂ....."
കൊച്ചിയിലെ ഏതോ കമ്പനിയുടെ വാതില്‍ എനിക്കായി തുറന്ന് കിടക്കുന്നത്രേ!!
കൊച്ചി ഓര്‍ ബാംഗ്ലൂര്‍??
എന്ത് വേണമെന്ന് ചിന്തിച്ച് നിന്നപ്പോള്‍ ആ പെണ്‍കുട്ടി വീണ്ടും പറഞ്ഞു:
"മിസ്റ്റര്‍ മനു, ഇങ്ങോട്ട് വരു.കൊച്ചി വികസനത്തിന്‍റെ പാതയിലാണ്?"
"എന്താ തെളിവ്?"
"സ്മാര്‍ട്ട് സിറ്റിക്ക് കല്ലിട്ടട്ടുണ്ട്"
പഷ്ട്.
പാടത്ത് വിത്തിട്ടിട്ടുണ്ട് അത് നെല്ലാകുമെന്ന് പറയുന്നത് മനസിലാക്കാം, പക്ഷേ ഈ സ്മാര്‍ട്ട് സിറ്റിക്ക് കല്ലിട്ടിട്ടുണ്ടെന്നത് കൊണ്ട് എന്താണാവോ ഉദ്ദേശിക്കുന്നത്??
കല്ല്‌ വളര്‍ന്ന് സ്മാര്‍ട്ട് സിറ്റിയാവുമോ??
ആവോ, ആര്‍ക്കറിയാം.
കേരളമല്ലേ, ഇതും ഇതിന്‍റെ അപ്പുറവും നടക്കും.

കൊച്ചിയിലേക്ക് തിരിക്കുന്നതിനു മുന്നേ കൊച്ചിക്കാരനായ സുഹൃത്തിനോട് ചോദിച്ചു:
"അളിയാ കൊച്ചിയിലേക്ക് വരാന്‍ പോകുവാ, ഈ കൊച്ചി കണ്ടവനു അച്ചി വേണ്ടാന്ന് പറയുന്നതില്‍ എന്തേലും കാര്യമുണ്ടോ?"
"അതില്‍ കാര്യമില്ലാതില്ല" അവന്‍റെ മറുപടി.
ഈശ്വരാ!!!
അതെന്താ??
"പകല്‌ മൊത്തം ജോലി, രാത്രി ആയാല്‍ കൊതുകിനെ ഓടിക്കാനെ നേരമുള്ളു, പിന്നെന്തിനാടാ അച്ചി?"
ശ്ശെടാ, ഇതാണോ കാര്യം??
അത് കുഴപ്പമില്ല, കൊച്ചിക്ക് പോയേക്കാം.

പ്രിയപ്പെട്ട ബാംഗ്ലൂരേ, വിട!!!!
പുതിയ അഭ്യാസങ്ങള്‍ പഠിക്കാന്‍, പഠിച്ചത് മറ്റുള്ളവരെ പഠിപ്പിക്കാന്‍ അച്ചിയും കൊച്ചുമായി ഞാനിതാ കൊച്ചിക്ക്...
ജസ്റ്റ് വെയിറ്റ് ഫോര്‍ ആക്ഷന്‍!!

മനുവിനൊപ്പം ഞാനും കൊച്ചിക്ക് വരികയാണ്....
എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ ഓണാശംസകള്‍!!!
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com