For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ആ ദിവ്യദിനത്തില്‍ ഒരു പാട്ടിന്‍റെ സ്മരണ





ചുട്ടയിലെ ശീലം ചുടല വരെ
ഈ പഴമൊഴി ഒരു ശീലത്തിന്‍റെ കാര്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല.കുട്ടിക്കാലത്ത് ഏതെങ്കിലും ഒരു സംഭവം മൂലമോ,സാഹചര്യം മൂലമോ ഉണ്ടാകുന്ന ഭയവും ജീവിതകാലം മുഴുവന്‍ നമ്മളോടൊപ്പം തന്നെ കാണാം.അങ്ങനെ പറഞ്ഞ് വരുമ്പോള്‍ വെള്ളത്തെ പേടിക്കുന്നത് അക്വാ ഫോബിയ എന്നും പെണ്ണിനെ പേടിക്കുന്നതിനു ഗൈനോഫോബിയ എന്നും വിളിക്കുന്ന വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിക്കുന്ന ഒരു പേടിയാണ്` എനിക്കുള്ളത്.അതാണ്` സ്റ്റേജോഫോബിയ എന്ന് ഞാന്‍ വിളിക്കുന്ന രംഗഭീതി.ഒരു സ്റ്റേജില്‍ നിന്നു കൊണ്ട് നാലുപേരെ ഫെയ്സ്സ് ചെയ്യുന്ന ഘട്ടത്തില്‍ തലകറങ്ങുന്നതായി തോന്നുക,ഇതാണ്` സ്റ്റേജോഫോബിയയുടെ പ്രധാന ലക്ഷണം.

ഏതൊരു പുരുഷന്‍റെ പേടിയ്ക്ക് പുറകിലും ഒരു പെണ്ണു കാണും എന്ന് കേട്ടിട്ടില്ലേ?
ശരിയാ,പക്ഷേ എന്‍റെ പേടിയ്ക്ക് പുറകില്‍ ഒന്നല്ല, രണ്ട് പെണ്ണൂങ്ങളായിരുന്നു കാരണം,അതും എന്‍റെ ഗുരുസ്ഥാനത്ത് ഉള്ളവര്‍.അത് വിശദമാക്കണമെങ്കില്‍ വര്‍ഷങ്ങള്‍ പുറകിലേക്ക് പോകണം.അന്ന് ഞാന്‍ വളരെ ചെറിയ കുട്ടിയാണ്.കൂടെ പഠിച്ച കുട്ടികളെല്ലാം നേഴ്സറി സ്ക്കൂളില്‍ പഠിക്കാന്‍ പോയപ്പോള്‍ എന്‍റെ പിതാശ്രീയും മാതാശ്രീയും എനിക്ക് തിരഞ്ഞെടുത്തത് ഒരു ആശാന്‍ പള്ളിക്കുടമായിരുന്നു.അവിടെ വച്ച് എന്‍റെ വിരല്‍തുമ്പില്‍ പിടിച്ച് മലയാളം അക്ഷരങ്ങള്‍ എഴുതിപ്പിച്ച ആശാട്ടിയെ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.അവരായിരുന്നു എന്നില്‍ സ്റ്റേജോഫോബിയ വന്നതിന്‍റെ ഒന്നാം കാരണഭൂത,രണ്ടാമത്തെത് എന്നെ ഒന്നാം ക്ലാസ്സില്‍ പഠിപ്പിച്ച ശൈലജ ടീച്ചറും.

അന്നത്തെ ആ ആശാട്ടി അക്ഷരങ്ങള്‍ മാത്രമായിരുന്നില്ല എനിക്ക് പറഞ്ഞ് തന്നത്,കൂട്ടത്തില്‍ അന്നത്തെ ജീവിതചര്യയ്ക്ക് ഉപയോഗപ്രദമായ കുറച്ച് വാചകങ്ങളും എന്നെ പഠിപ്പിച്ചു.അന്ന് ആ പഠിപ്പിച്ച വാചകങ്ങളില്‍ എനിക്ക് ഉപയോഗപ്രദമായത് രണ്ടേ രണ്ട് വാചകങ്ങളായിരുന്നു.അതില്‍ ഒന്നാണ്` 'ഇച്ഛീച്ഛി പോണം' എന്ന വാചകം.ഈ വാചകം പറഞ്ഞാല്‍ പിന്നെ രണ്ട് വിരല്‍ ഉയര്‍ത്തികാണിക്കുകയോ,രണ്ടിനു പോകണം എന്ന് പറയുകയോ ചെയ്യേണ്ട ആവശ്യം ഇല്ല,ആശാട്ടി അപ്പോള്‍ തന്നെ പോയിക്കൊള്ളാന്‍ പറയും.ഇനി ഒരു വാചകം ഉണ്ടായിരുന്നത് 'പാടാന്‍ പോകണം' എന്നതായിരുന്നു.ഈ വാചകം പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ ക്രിക്കറ്റില്‍ ബാറ്റ്സ്സ് മാന്‍ ഔട്ട് ആകുമ്പോള്‍ അമ്പയര്‍ ഒരു വിരല്‍ പൊക്കുന്ന പോലെ കൈ ഉയര്‍ത്തേണ്ട ആവശ്യമോ,ഒന്നിനു പോണം എന്ന് പറയണ്ട ആവശ്യമോ ഉണ്ടായിരുന്നില്ല.മലയാളം അക്ഷരങ്ങള്‍ കൂടാതെ ആ ആശാട്ടിയില്‍ നിന്നും എനിക്ക് ലഭിച്ച വിലപ്പെട്ട രണ്ട് സമ്മാനങ്ങളായിരുന്നു ആ വാചകങ്ങള്‍.

ഞങ്ങളുടെ നാട്ടിലെ പ്രശസ്തമായ ഒരു സ്ക്കൂളില്‍ ഒന്നാംക്ലാസ്സില്‍ ചേര്‍ന്നപ്പോള്‍ ശൈലജ ടീച്ചറായിരുന്നു എന്‍റെ ക്ലാസ്സ് ടീച്ചര്‍.ക്ലാസ്സ് മൊത്തം പെണ്‍കുട്ടികള്‍,ആണ്‍കുട്ടി എന്ന് പറയാന്‍ ഞാന്‍ മാത്രം.അതുകൊണ്ട് തന്നെ ക്ലാസ്സിലെ ഏറ്റവും പുറകിലത്തെ ബഞ്ചില്‍ രണ്ട് പെണ്‍കുട്ടികള്‍ക്കിടയില്‍ ആയിരുന്നു എന്‍റെ ഇരിപ്പടം.അന്ന് മഴയുള്ള ഒരു ദിവസം.ശൈലജ ടീച്ചര്‍ ക്ലാസ്സ് എടുക്കാതെ മഴയും നോക്കി വാതുക്കല്‍ നില്‍ക്കുന്നു.തണുത്ത് വിറച്ച് പുറകിലത്തെ ബഞ്ചില്‍ ഇരുന്ന എനിക്ക് ഒരു ഉള്‍വിളി,ഒന്നിനു പോണം അഥവാ ആശാട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ പാടാന്‍ പോണം.അപ്പറവും ഇപ്പറവും പെണ്‍കുട്ടികള്‍,പുറത്ത് മഴ.സമയം മുന്നോട്ട് നീങ്ങും തോറും എന്‍റെ ഉള്‍വിളി കൂടി കൂടി വന്നു.വീട്ടിലോ ആശാന്‍ പള്ളിക്കുടത്തിലോ ആയിരുന്നെങ്കില്‍ ഒറ്റ ഓട്ടത്തിനു പോയി വരാമായിരുന്നു എന്ന് ഓര്‍ത്തപ്പോള്‍ ഞാന്‍ അറിയാതെ കരഞ്ഞു പോയി.

"ടീച്ചര്‍ മനു കരയുന്നു"
എന്‍റെ സഹപാഠിയും വലത് വശത്ത് മുട്ടിയുരുമി ഇരിക്കുന്നവളുമായ രമ്യ അലറി പറഞ്ഞു.കേട്ടപാതി കേള്‍ക്കാത്തപാതി ടീച്ചര്‍ ഓടി വന്നു എന്നിട്ട് ചോദിച്ചു:
"എന്താ മോനേ?എന്ത് പറ്റി?"
എനിച്ച് പാടണം" ഞാന്‍ കരഞ്ഞ് കൊണ്ട് പറഞ്ഞു.
"ങേ,എന്താ?" വീണ്ടും ടീച്ചര്‍.
മഴയുടെ ശബ്ദം കാരണം കേട്ട് കാണില്ല.അതുകൊണ്ട് ഞാന്‍ ഉറക്കേ പറഞ്ഞു:
"എനിച്ച് പാടണം"
ഇത് കേട്ട് ടീച്ചര്‍ ഒരു ചിരി.എന്നിട്ട് 'ആഹാ,ഇത്രയേ ഉള്ളോ' എന്ന് ചോദിച്ച് കൊണ്ട് എന്നെയും എടുത്ത് ടീച്ചര്‍ പതുക്കെ നടക്കാന്‍ തുടങ്ങി.ടീച്ചറിന്‍റെ കസേരയ്ക്ക് മുമ്പിലെ മേശപുറത്ത് കുട്ടികള്‍ക്ക് അഭിമുഖമായി എന്നെ തിരിച്ച് നിര്‍ത്തി.എന്നിട്ട് സ്നേഹത്തോടേ എന്നോട് പറഞ്ഞു:
"മോന്‍ പാടിക്കോ"
ങേ!!!!
ഇവിടെ വച്ചോ???
ഞാന്‍ ഞെട്ടി പോയി.
സത്യത്തില്‍ ടീച്ചര്‍ പറഞ്ഞത് എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല. ഈ പെണ്‍കുട്ടികളുടെ എല്ലാം മുമ്പില്‍ വച്ച്,മേശപ്പുറത്ത് നിന്നുകൊണ്ട് ഞാന്‍ പാടാനോ?
മാത്രമല്ല മേശപ്പുറത്ത് നിന്ന് പാടിയാല്‍ ഫസ്റ്റ് ബഞ്ചേല്‍ ഇരിക്കുന്നവരുടെ മേത്ത് വെള്ളം വീഴും എന്ന ഒരു പ്രശ്നവുമുണ്ട്.എന്നിട്ടും ടീച്ചര്‍ എന്തിനു ഇങ്ങനെ പറഞ്ഞു?
ഇനി പുറത്ത് മഴയായത് കൊണ്ടാണോ എന്നോട് ഇവിടെ നിന്ന് പാടാന്‍ പറഞ്ഞത്?
ഞാന്‍ ആകെ കണ്‍ഫ്യൂഷനിലായി.
നല്ല തണുപ്പ്,കൂടാതെ പാടാനുള്ള കലശലായ ആഗ്രഹവും.എങ്കിലും,ഒരു പിഞ്ച് മനസ്സാണങ്കിലും എനിക്കുമില്ലേ ടീച്ചര്‍ നാണവും മാനവും?
ഞാന്‍ ടീച്ചറെ ദയനീയമായി നോക്കി.
"മോന്‍ ധൈര്യമായിട്ട് പാടിക്കോ" ടീച്ചറിന്‍റെ വക പ്രോത്സാഹനം വീണ്ടും.
പിന്നെ ഞാന്‍ ഒന്നും ആലോചിച്ചില്ല.നിക്കറിന്‍റെ ബട്ടന്‍സ്സ് മാറ്റിയിട്ട് അവിടെ നിന്ന് അങ്ങ് പാടി.
അയ്യേ!!!
ഫസ്റ്റ് ബഞ്ചേല്‍ ഇരുന്നവര്‍ ഇറങ്ങി ഓടി,മറ്റു കുട്ടികള്‍ കണ്ണുകള്‍ മുറുക്കെ അടച്ചു.ഞാന്‍ ഏതോ മനോഹരമായ ഗാനം ആലപിക്കാന്‍ പോകുകയാണു എന്നു കരുതി എന്‍റെ മുഖത്ത് നോക്കി നിന്നിരുന്ന ടീച്ചര്‍ അപ്രതീക്ഷിതമായി എന്‍റെ ഭാഗത്ത് നിന്നും ഉണ്ടായ ഈ നീക്കം കണ്ട് അന്തം വിട്ട്, തലയ്ക്ക് കൈയ്യും കൊടുത്ത്, 'എന്‍റെ ഈശോയേ' എന്നു പറഞ്ഞ് കൊണ്ട് തറയില്‍ കുത്തിയിരുന്നു.
പാടാന്‍ എന്നെ എടുത്തുകൊണ്ട് വന്ന ടീച്ചര്‍,ഞാന്‍ പാടി കഴിഞ്ഞപ്പോള്‍ എന്‍റെ ചെവിയ്ക്ക് തൂക്കി പിടിച്ചാണ്` എന്നെ ക്ലാസ്സിനു വെളിയില്‍ കൊണ്ട് ചെന്നിട്ടത്.എന്നിട്ട് അലറി കൊണ്ട് ഒരു ചോദ്യവും:
"ഇതാണോ അസത്തേ നിന്‍റെ പാട്ട്?"
എന്താ കുഴപ്പം?ആശാട്ടി പറഞ്ഞല്ലോ ഇങ്ങനാ പാടണ്ടതെന്ന്?പിന്നെന്ത് പറ്റി?
പാവം ഞാന്‍!!!
എനിക്ക് ഒന്നും മനസിലായില്ല.

എന്‍റെ വിവാഹദിനം..
അന്നത്തെ ആ സംഭവത്തിനു ശേഷം എന്ന് സ്റ്റേജില്‍ നിന്നാലും എനിക്ക് ആ പാട്ടിന്‍റെ കാര്യവും ടീച്ചറുടെ ചോദ്യവുമാണ്` ഓര്‍മ്മ വരിക.അതുകൊണ്ട് തന്നെ കതിര്‍ മണ്ഡപത്തില്‍ ഇരുന്നതും ഒരു വിറയലോടെ ആയിരുന്നു.കൃത്യം മുഹൂര്‍ത്ത സമയമായപ്പോള്‍ താലി എന്‍റെ കയ്യില്‍ കിട്ടി,കൂടെ കെട്ടിക്കോളാന്‍ ഒരു ഉപദേശവും.അപ്പോഴാണ്` എനിക്ക് ഒരു സംശയം.
ആണ്‍കെട്ടോ പെണ്‍കെട്ടോ ഏതാ ആദ്യം?
പത്താംക്ലാസ്സ് പരീക്ഷയ്ക്ക് ഉത്തരം അറിയാത്തവന്‍ അടുത്ത പേപ്പറില്‍ എത്തിനോക്കുന്നപോലെ സംശയത്തോടെ ഞാന്‍ അച്ഛനെയൊന്നു നോക്കി.
"മുഹൂര്‍ത്തം കഴിയാറായി,കെട്ടടാ" അച്ഛന്‍ ഒരു അലര്‍ച്ച.
പിന്നെ ഒന്നും ആലോചിച്ചില്ല,കെട്ടി.
ഒന്നല്ല,രണ്ടല്ല,മൂന്നല്ല...പല പ്രാവശ്യം,ചറപറാന്ന് കെട്ടി.ആണ്‍കെട്ട്,പെണ്‍കെട്ട്,വലംപിരികെട്ട്,ചവട്ടികൂട്ടി കെട്ട് എന്ന് വേണ്ടാ താലിചരട് കെട്ടി കെട്ടി പൂമാലയുടെ വലിപ്പം ആകുന്നവരെ ഞാന്‍ കെട്ടി.
ഒരു നിമിഷം..
ദൈവത്തിനും,അച്ഛനും അമ്മയ്ക്കും,ഗുരുക്കന്‍മാര്‍ക്കും,ബന്ധുക്കള്‍ക്കും,നിങ്ങളടക്കം എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും അനുഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്ത എല്ലാ സ്നേഹിതര്‍ക്കും,അങ്ങനെ എല്ലവര്‍ക്കും ഞാന്‍ മനസ്സാ നന്ദി പറഞ്ഞു.
അങ്ങനെ ഗായത്രി ഭര്‍ത്തൃമതിയായി,ഞാനൊരു ഭാര്യാമതനായി.

ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞേ സദ്യ വിളമ്പു.കല്യാണത്തിനു വന്നവരെല്ലാം ഓഡിറ്റോറിയത്തില്‍ അക്ഷമരായി ഇരിക്കുന്നു.എന്നെയും ഗായത്രിയേയും സ്റ്റേജില്‍ നിര്‍ത്തി ഫോട്ടോഗ്രാഫേഴ്സ്സ് ഫോട്ടോ എടുത്തുകൊണ്ട് ഇരിക്കുന്നു.അപ്പോഴാണ്` നാല്` ആണുങ്ങളും രണ്ട് പെണ്ണൂങ്ങളും ഞങ്ങളുടെ അടുത്തുവന്ന് ഒരു അപേക്ഷ:
"ഞങ്ങള്‍ ഈ പാട്ടും ഒക്കെയായി നടക്കുന്നവരാ,നിങ്ങള്‍ ഒരു സ്വല്പം നീങ്ങി നിന്നാല്‍ സദ്യ ആകുന്നവരെയുള്ള സമയം ഞങ്ങള്‍ക്ക് ഇവിടെ നിന്ന് പാടാമായിരുന്നു"
ങ്ങേ!!!!
പാടാനോ???അയ്യേ!! ഇവിടോ???
പഴയ ഓര്‍മ്മ വന്ന ഞാന്‍ അറിയാതെ ഒന്നു ഞെട്ടി.
ദൈവമേ!!!!
ഇവരിനി ആശാന്‍ പള്ളിക്കുടത്തില്‍ പഠിച്ചവരായിരിക്കുമോ?
ആയിരത്തോളം പേര്‌ ഓഡിറ്റോറിയത്തില്‍ ഇരിക്കുന്നു.ഒത്ത നാല്` ആണുങ്ങളും രണ്ട് പെണ്ണുങ്ങളും ഈ സ്റ്റേജില്‍ നിന്ന് അവരെ നോക്കി പാടിയാല്‍?
ഒരു ഭംഗിയും കാണില്ല.
ഇത്രയും ഒക്കെ ആലോചിച്ച് ഞെട്ടി പോയ ഞാന്‍ ചാടി കേറി ചോദിച്ചു:
"അത് വേണോ?"
"അതെന്താ ചേട്ടാ അങ്ങനെ ചോദിച്ചത്?" ഒരുത്തന്‍റെ മറുചോദ്യം.
"ഒന്നുമില്ല.ഇവിടെ ഇരിക്കുന്നവര്‍ക്ക് കാണാന്‍ ധൈര്യമുണ്ടങ്കില്‍ നിങ്ങള്‍ പാടിക്കോ" എന്‍റെ മറുപടി.
"അയ്യേ ചേട്ടാ പാട്ട് കാണുവാന്നോ,കേള്‍ക്കുകയല്ലേ ചെയ്യുന്നത്?" കല്യാണം കഴിഞ്ഞ് എന്‍റെ പ്രിയതമ ആദ്യമായി ചോദിച്ച ചോദ്യം.
പാവം കുട്ടി,ഇവള്‍ എന്തറിയുന്നു?

ഗാനമേള ട്രൂപ്പ് പാട്ട് തുടങ്ങി.അപ്പോഴാണ്` പഴയ ശൈലജ ടീച്ചര്‍ ഒരു ഗിഫ്റ്റുമായി ഞങ്ങളുടെ അടുത്ത് വന്നത്.ഗിഫ്റ്റും ,അനുഗ്രഹവും,ആശംസകളും തന്ന് കഴിഞ്ഞ് തിരിച്ച് പോകാന്‍ നേരം ടീച്ചര്‍ എന്നോട് ചിരിച്ച് കൊണ്ട് ഒരു ചോദ്യം:
"മനു ഇപ്പോഴും പാടാറുണ്ടല്ലോ?"
അത് കേട്ടതും ഒരു ചമ്മലോടെ ഞാന്‍ തല കുനിച്ചു.
"ങേ!,ചേട്ടന്‍ പാടുമോ?" എന്‍റെ വാമഭാഗത്ത് നിന്ന് കൊണ്ട് ഗായത്രിയുടെ ചോദ്യം.
പാടുമോന്നോ?കൊള്ളാം.ആരാ കുട്ടി ഈ ലോകത്ത് പാടാത്തത്?
ഇങ്ങനെയൊക്കെ ആലോചിച്ചപ്പോള്‍ അറിയാതെ വന്ന ചിരി മറച്ച് കൊണ്ട് ഞാന്‍ പറഞ്ഞു:
"പിന്നെ ഞാന്‍ ഡെയിലി പാടും"
"എന്നോട് പറഞ്ഞില്ല" അവളുടെ പരിഭവം.
അയ്യേ!!!
ഇവളെന്താ ഇങ്ങനെ?
ഇതൊക്കെ പറഞ്ഞ് നടക്കേണ്ട കാര്യം ആണോ?
ഞാന്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്ന കണ്ടിട്ടാകണം അവള്‍ വീണ്ടും ചോദിച്ചു:
"ഡെയിലി പാടും എന്നല്ലേ പറഞ്ഞത്.എപ്പോഴാ പാടുന്നത്?"
എന്‍റെ വേലായുധസ്വാമി!!!
ജോത്സ്യരെ കൊണ്ട് സമയവും കാലവും നോക്കിച്ചാണോ മനുഷ്യര്‍ പാടുന്നത്?
ഈ ഒരു കാര്യത്തിനു കൃത്യമായി സമയം നോക്കി വയ്ക്കാന്‍ പറ്റുമോ?
ഇങ്ങനെയൊക്കെ ചിന്തിച്ച് ഞാന്‍ നോക്കുമ്പോള്‍ എന്‍റെ മറുപടിയും പ്രതീക്ഷിച്ച് ആകാംഷയോടെ അവള്‍ നോക്കി നില്‍ക്കുന്നു.എന്തെങ്കിലും പറയേണ്ടേ,അതിനാല്‍ ഞാന്‍ പറഞ്ഞു:
"അങ്ങനെ പ്രത്യേക സമയം ഒന്നുമില്ല.ഒരു ഉള്‍വിളി വന്നാല്‍ അപ്പോള്‍ പാടും"
ഓഹോ അതുശരി എന്നമട്ടില്‍ തലകുലുക്കി അവള്‍ ചോദ്യശരങ്ങള്‍ പിന്‍ വലിച്ചു.ഒരു തളര്‍ച്ചയോടെ അടുത്തു കിടന്ന കസേരയില്‍ ഇരുന്നപ്പോള്‍ ഞാന്‍ മനസില്‍ ആലോചിച്ചു,
ദൈവമേ,ഇനി വിരുന്നിനു പോകുന്നിടത്തൊക്കെ എന്‍റെ ചേട്ടന്‍ പാടും എന്ന് പറഞ്ഞ് ഇവള്‍ എന്നെ നിര്‍ത്തി പാടിക്കാതിരുന്നാല്‍ മതിയാരുന്നു.

അപ്പോഴും ഗാനമേള ട്രൂപ്പിലെ മുഖ്യ ഗായകന്‍ തൊണ്ട കീറി പാടുന്നുണ്ടായിരുന്നു.മേഘം എന്ന സിനിമയില്‍ ഒരു സൈക്കിളും ചവിട്ടി മമ്മുട്ടി പാടുന്ന പാട്ട്.തളര്‍ച്ചയോടെ കസേരയില്‍ ഇരുന്ന എന്‍റെ ചെവിയിലും മൈക്കിലൂടെ ആ പാട്ട് ഒഴുകി എത്തി...
"ഞാന്‍ ഒരു പാട്ട് പാടാം,........................................"
അറിയാതെ എന്‍റെ മനസ്സ് പറഞ്ഞു:
വേണ്ടാ!!!

മഹത്തായ ദൌത്യവുമായി മലബാറിലേക്ക്



'മാര്യേജ് ഈസ്സ് എ സര്‍ക്കിള്‍'
എനിക്ക് വേണ്ടി വീട്ടുകാര്‍ കല്യാണം ആലോചിച്ചു എന്ന് ഞാന്‍ പ്രഖ്യാപിച്ച് അന്നു മുതല്‍ കേട്ട് തുടങ്ങിയ ഒരു വാചകം.കല്യാണം ഒരു വട്ടമാണത്രേ!!!!
പുറമെ നില്‍ക്കുന്നവര്‍ക്ക് അതിനകത്ത് ചാടി കയറാന്‍ തോന്നും.അകത്ത് കേറി പറ്റിയാലോ,തീര്‍ന്നു.ജീവിതം ആ വട്ടത്തിനകത്ത് ആയി.ഇങ്ങനെ മനുഷ്യനെ കുരുക്കിലാക്കുന്ന ഈ സാമൂഹ്യകലാപരിപാടിക്ക് പല രൂപവും ഭാവവും ഉണ്ട്.അതായത് ലൌ മാര്യേജ്,അറേഞ്ചഡ് മാര്യേജ്,രജിസ്റ്റര്‍ മാര്യേജ്,സിംപിള്‍ മാര്യേജ്,സൂപ്പര്‍ മാര്യേജ് എന്നിങ്ങനെ പോകുന്നു ആ രൂപ ഭേദങ്ങള്‍.

ഈ കൂട്ടത്തില്‍ രാജവെമ്പാല എന്നു പറയാവുന്നത് ലൌ-അറേഞ്ചഡ് മാര്യേജ് ആണെന്നാണു എന്‍റെ അഭിപ്രായം.സ്നേഹിക്കുന്ന രണ്ട് ഹൃദയങ്ങളെ വീട്ടുകാരുടെ സമ്മതത്തോടെ ഒന്നിപ്പിക്കുക എന്നത് അല്പം ശ്രമകരമായ ദൌത്യം തന്നെ.അങ്ങനെ ഒരു ദൌത്യവുമായാണു ഒരു ആറുമാസം മുമ്പ് ഞാന്‍ മലബാറില്‍ പോയത്.അതും പിടിച്ച് കൊണ്ട് വരാന്‍ പറഞ്ഞാല്‍ കൊന്നോണ്ട് വരുന്ന ഒരു ബാപ്പ കാരണവരായ കുടുംബത്തിലേക്ക്,ആ ബാപ്പയുടെ സീമന്തപുത്രന്‍റെ കല്യാണം ഉറപ്പിക്കാന്‍.അങ്ങനെ ഒരു ദൌത്യവുമായി ഞാന്‍ പുറപ്പെടേണ്ടി വന്ന സാഹചര്യങ്ങളും അതിനു വേണ്ടി പ്രയോഗിച്ച തന്ത്രങ്ങളും കുതന്ത്രങ്ങളും ഒടുവില്‍ ഞാന്‍ പോലും ഞെട്ടിപ്പോയ ക്ലൈമാക്സും അടങ്ങിയതായിരുന്നു ആ മലബാര്‍ യാത്ര.

റഹീം എന്‍റെ റുംമേറ്റാണ്.തെക്കന്‍ തിരുവിതാംകൂറില്‍ ജനിച്ച എനിക്ക് മലബാറുകാരനായ അവനോടു സംസാരിക്കുന്നത് ഒരു രസമാണു,കാരണം അവനു തെക്കന്‍ മലയാളവും മലബാര്‍ മലയാളവും ഒരു പോലെ വഴങ്ങും പക്ഷേ എനിക്ക് മലബാര്‍ മലയാളം അത്ര പോരാ.അവന്‍റെ ബാപ്പയാണു മലബാറിലെ പ്രശസ്തനായ മുഹമ്മദ്,വലിയപാടത്ത് മുഹമ്മദ്.റഹീമിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഭീകരന്‍.വീട്ടു കാര്യമായാലും നാട്ടുകാര്യമായാലും മൂപ്പര്‍ ഒരു തീരുമാനം എടുത്താല്‍ തിരുവായ്ക്ക് എതിര്‍വായില്ലത്രേ.ആരെങ്കിലും എതിര്‍ത്താല്‍ തല്ലി കൊല്ലുമെന്നാണു റഹിം പറയുന്നത്.ആ ബാപ്പയുടെ കൂട്ടുകാരന്‍ അന്ത്രുമാന്‍റെ മകളായ സുഹറയാണു റഹീമിന്‍റെ കാമുകി.ഈ ലൌ സ്റ്റോറി എല്ലാവര്‍ക്കും അറിയാം,അവന്‍റെ ബാപ്പായ്ക്ക് ഒഴികെ.അങ്ങേര്‍ക്ക് ലൌ ഇഷ്ടമല്ലത്രേ,ഇത് അറിയുന്ന അന്ന് ബാപ്പ റഹീമിനെ വെടിവെച്ചു കൊല്ലുമെന്ന ഉമ്മയുടെ ഭീഷണി വേറെയും.

ഇവന്‍റെ ഈ ചുറ്റിക്കളി അറിഞ്ഞിട്ടാണോ എന്നറിയില്ല,ബാപ്പ അവന്‍റെ കല്യാണം തീരുമാനിക്കാന്‍ പോകുകയാണന്ന ഞെട്ടിക്കുന്ന സത്യം ഉമ്മ ഇവനെ വിളിച്ച് അറിയിച്ചു.ആ വാര്‍ത്ത കേട്ട് വെട്ടിയിട്ട തടിപോലെ അവന്‍ തറയില്‍ വീണു.അരമണിക്കൂര്‍ ശവാസനം.അതിനു ശേഷം ചാടി എഴുന്നേറ്റ് ഒറ്റ ഇരുപ്പ്.ഒരു മാനസ മൈനേ സ്റ്റൈല്‍.

അവന്‍റെ ആ ഇരുപ്പ് കണ്ട് സങ്കടം സഹിക്കന്‍ വയ്യതെ ഞാന്‍ അവനെ ആശ്വസിപ്പിച്ചു:
"റഹിം,വിഷമിക്കാതിരിയെടാ"
അവന്‍ എന്നെ ഒന്നു നോക്കി എന്നിട്ട് പറഞ്ഞു:
"ഓള്` പാവമാടാ,എനക്ക് നിക്കാഹ് കഴിഞ്ഞാല്‍ ഓളുടെ നിക്കാഹും നടക്കുമായിരിക്കും അല്ലിയോടാ?"
അതുശരി.അപ്പം അതാണു പ്രശ്നം.അവന്‍റെ നിക്കാഹല്ല,അതു കഴിഞ്ഞ് അവളുടെ നിക്കാഹ് നടക്കും അതാണു അവന്‍റെ പ്രശ്നം.ഞാന്‍ ചിന്തിച്ചത് അവനു മനസ്സിലായി എന്ന് തോന്നുന്നു അതുകൊണ്ട് അവന്‍ പെട്ടന്ന് പറഞ്ഞു:
"എന്തായാലും എനക്ക് ഓളെ മതി"
മതിയെങ്കില്‍ മതി എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തല കുനിച്ച് ഇരുന്നു.അവന്‍ വിലാപം പിന്നെയും തുടര്‍ന്നു:
"ഓളെ നിക്കാഹ് ചെയ്യാന്‍ പറ്റിയില്ലങ്കില്‍ ഞാന്‍ ചത്തു കളയും.എടാ മനു,അനക്ക് എന്നെ ഒന്നു സഹായിച്ച് കൂടെ?"
"എന്തിന്? ചാവാനോ?"
"ചാവാനല്ല,ഓളെ നിക്കാഹ് ചെയ്യാന്‍"
ഞാന്‍ ആകെ കണ്‍ഫ്യൂഷനിലായി.ഞാന്‍ ചോദിച്ചു:"അപ്പം നിന്‍റെ ബാപ്പാ?"
"ബാപ്പായെ കൊണ്ട് നീ വേണം സമ്മതിപ്പിക്കാന്‍"അവന്‍റെ മറുപടി.
എന്‍റെ പടച്ചതമ്പുരാനേ!!!!
എന്നെ കൊലക്ക് കൊടുക്കാനുള്ള പണിയാണല്ലേ?
എന്തിനേറെ പറയുന്നു,അവസാനം ആ ദൌത്യം ഞാന്‍ ഏറ്റെടുത്തു.ആ നിമിഷവും എന്‍റെ മനസ്സിലിരുന്നു ആരോ എന്നോട് ചോദിച്ചു,മനു ഇത് വേണോ?

പിന്നെ എല്ലാം പെട്ടന്നായിരുന്നു.അവനെ അന്നു തന്നെ മലബാറിലേക്ക് പായ്ക്ക് ചെയ്തു.കൂടെ ഒരു ഉപദേശവും കൊടുത്തു,ഞാന്‍ ശനിയാഴ്ച രാവിലെ വരുമെന്നും അതിനു മുമ്പ് ബാപ്പ ഒഴികെയുള്ള എല്ലാവരെയും പൂര്‍ണ്ണമായും അവന്‍റെ ഭാഗത്ത് ആക്കണമെന്നും എന്‍റെ വരവിന്‍റെ ഉദ്ദേശം എല്ലാവരെയും അറിയികണം എന്നും ആയിരുന്നു ആ ഉപദേശം.താമസിയാതെ ശനിയാഴ്ചയായി.അന്ന് അതിരാവിലെ വലതുകാല്‍ വച്ച് ഞാന്‍ ആ വലിയ വീട്ടില്‍ പ്രവേശിച്ചു.

എന്‍റെ വരവിന്‍റെ ഉദ്ദേശം അറിയാവുന്ന വീട്ടുകാര്‍ എന്നെ നന്നായി സല്‍ക്കരിച്ചു.എല്ലാം കഴിഞ്ഞ് റഹീമിന്‍റെ ഉമ്മ എന്നോട് പറഞ്ഞു:
"അനക്ക് എന്തോ പറയാനുണ്ടന്ന് ഞമ്മള്` ബാപ്പയോടെ പറഞ്ഞിട്ടുണ്ട്.ഇന്ന് മൂന്നു മണിക്ക് ബാപ്പ വീട്ടിലെ പരാതികള്‍ കേള്‍ക്കാന്‍ ഹാളിലിരിക്കും.അപ്പോള്‍ അനക്ക് വിശദമായി സംസാരിക്കാം."
ഇത്രയും പറഞ്ഞിട്ട് ഉമ്മയുടെ വകയായി ഒരു മുന്നറിയിപ്പും:
"സൂക്ഷിക്കണേ"
കൃത്യം മൂന്നു മണി ആയപ്പോള്‍ ബാപ്പാ പരാതി കേള്‍ക്കുന്ന ആ വലിയ ഹാളിലേക്ക് എല്ലാവരും കൂടി എന്നെ ഉന്തിതള്ളി വിട്ടു.അകത്തോട്ട് കയറുന്നതിനു മുമ്പ് ഞാന്‍ എല്ലാരെയും ഒന്നു തിരിഞ്ഞു നോക്കി,മുട്ടനാടിനെ ബലികൊടുക്കാന്‍ പറഞ്ഞ് വിട്ടതിനു ശേഷമുള്ള ഒരു ദയനീയ മുഖഭാവത്തോടെ എല്ലാരും നില്‍ക്കുന്നു.

വിശാലമായ ഹാള്‍.
മനോഹരമായ കുഷ്യന്‍ നിറച്ച കസേരകളും ദീവാനും എല്ലാം കണ്ട് എന്‍റെ കണ്ണ്` തള്ളി.അങ്ങ് അറ്റത്ത് സിംഹാസനം പോലെ ഒരു കസേരയില്‍ ബാപ്പാ ഇരിക്കുന്നു.എന്തോക്കെയോ കണക്ക് നോക്കുകയാണ്.എന്നെ കണ്ട മട്ടില്ല.ഞാനൊന്ന് മുരടനക്കി.അനക്കമില്ല.ഒന്നു ചുമച്ച് നോക്കി.ഭാഗ്യം അത് കേട്ടു.ബാപ്പാ തല ഉയര്‍ത്തി നോക്കി എന്നിട്ട് പറഞ്ഞു:
"നമ്മള്` ഈ കണക്ക് ഒന്നു നോക്കട്ടെ"
ശരി എന്ന അര്‍ത്ഥത്തില്‍ ഞാന്‍ ഒരു പത്ത് അടി മാറി നിന്നു.മൂന്നാലു മിനിറ്റ് കഴിഞ്ഞ് കാണും.ആ കണക്ക് പുസ്തകം അടച്ച് വച്ചിട്ട് ബാപ്പാ മൊഴിഞ്ഞു:
"ങ്ങള്` കുത്തിയിരിക്കിന്‍"
അയ്യേ!!!
അത്രക്ക് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.ഞങ്ങളുടെ നാട്ടില്‍ കുത്തിയിരിക്കുക,കുന്തിച്ചിരിക്കുക എന്നെല്ലാം പറയുന്നത് ഇന്ത്യന്‍ ക്ലോസറ്റില്‍ ഇരിക്കുന്ന പോസിഷനാണു.ആ വലിയ ഹാളില്‍ ഇത്രയും കസേരകള്‍ കിടക്കുമ്പോള്‍ ആ പഹയന്‍ ഇങ്ങനെ പറയുമെന്ന് ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല.അതിനാല്‍ ഞാനൊന്ന് മടിച്ച് നിന്നു.അത് കണ്ടിട്ടായിരിക്കാം അദ്ദേഹം പിന്നെയും മൊഴിഞ്ഞു:
"ഹായ് മടിക്കണ്ട,ങ്ങള്` കുത്തിയിരിക്കിന്‍"
വലിച്ചു!!!
ഇങ്ങേര്‌ നാണംകെടുത്തിയെ അടങ്ങു.ആവശ്യക്കാരനു ഔചിത്യം പാടില്ല എന്നല്ലേ.അങ്ങനെ കോട്ടും സ്യൂട്ടും ഇട്ടു നിന്ന ഞാന്‍,ആ വിശാലമായ ഹാളില്‍,കുഷ്യനിട്ട കസേരകളുടെ നടുവില്‍,ബാപ്പായുടെ അടുത്ത് നിന്ന് പത്തടി മാറി കുത്തിയിരുന്നു.
എന്‍റെ ആ പ്രവൃത്തി കണ്ട് ബാപ്പാ ഒന്നു ഞെട്ടി,പുള്ളിക്കാരന്‍ വെപ്രാളത്തോടെ പറഞ്ഞു:
"ജ്ജ് എന്താ ഈ കാട്ടണേ,കേറിയിരിക്കിന്‍"
ഓഹോ,അപ്പോള്‍ ബാപ്പായ്ക്ക് ശരിക്ക് കണ്ണ്` കാണത്തില്ല അല്ലേ?
ഞാന്‍ ഇങ്ങനെ ഒരു കണ്‍ക്ലൂഷനില്‍ എത്താന്‍ കാരണമുണ്ട്.കണ്ണ്` കാണുമായിരുന്നെങ്കില്‍ ബാപ്പായുടെ അടുത്ത് നിന്ന് പത്ത് അടി മാത്രം മാറി കുത്തിയിരിക്കുന്ന എന്നോട് മുമ്പോട്ട് കേറി ഇരിക്കാന്‍ പറയില്ലല്ലോ.
ശരി ബാപ്പ പറഞ്ഞതല്ലേ?
ഞാന്‍ പതുക്കെ എഴുന്നേറ്റ് മുമ്പോട്ട് നടന്നു ബാപ്പയുടെ സിംഹാസനത്തിനു അടുത്ത് വന്ന് കുത്തിയിരുന്നു.എന്‍റെ ആ നീക്കം കണ്ട് ബാപ്പാ പിന്നെയും ഞെട്ടി.സിംഹാസനത്തിലിരുന്ന് തറയിലോട്ട് കാല്‍ ആട്ടികൊണ്ടിരുന്ന മൂപ്പര്‍ രണ്ട് കാലും പൊക്കി സിംഹാസനത്തില്‍ വച്ചു,എന്നിട്ട് അലറി വിളിച്ചു:
"എടാ റഹീമേ.."
ഹാളിന്‍റെ കതകിനു വെളിയില്‍ ഞങ്ങളുടെ മീറ്റിങ്ങിന്‍റെ റിസള്‍ട്ട് പ്രതീക്ഷിച്ചു നിന്ന റഹിം ആ അലര്‍ച്ച കേട്ടതും ബോധം കെട്ടു വീണതും ഒന്നിച്ചായിരുന്നു.ആരൊക്കെയോ ചേര്‍ന്ന് മുഖത്ത് വെള്ളം തളിച്ചപ്പോള്‍ ബോധം തിരിച്ചു കിട്ടിയ അവന്‍ ഹാളിലേക്ക് ഓടികുതിച്ചെത്തി.നൂറു കിലോമീറ്റര്‍ സ്പീഡില്‍ ഓടിയെത്തിയ റഹീം,അവന്‍റെ ഉമ്മ മീന്‍ വെട്ടുമ്പോള്‍ കണ്ടന്‍ പൂച്ച അടുത്ത് വന്ന് വാ പൊളിച്ച് ഇരിക്കുന്ന പോലെ ബാപ്പയുടെ സിംഹാസനത്തിനു മുമ്പില്‍ കുത്തിയിരിക്കുന്ന എന്നെ കണ്ട് പത്തടി പുറകോട്ട് ചാടി.
ഒരു നിമിഷം കഴിഞ്ഞ് എന്നെ വിളിച്ച് മാറ്റി നിര്‍ത്തി കാരണം ചോദിച്ച അവനോട് ഞാന്‍ ബാപ്പ കുത്തിയിരിക്കാന്‍ പറഞ്ഞ കാര്യം ബോധിപ്പിച്ചു.അതിനു മറുപടി അവന്‍ ചിരിച്ചു കൊണ്ടാണു പറഞ്ഞത്:
"എടാ, കസേരയില്‍ ഇരിക്കാനാ പറഞ്ഞത്.കുത്തിയിരിക്കിന്‍ എന്നത് ഇവിടത്തെ സംസാരഭാഷയാ,സ്ലാങ്ങാ"
സ്ലാങ്ങാ,മാങ്ങാ,മനുഷ്യന്‍റെ മാനം പോയി.

അങ്ങനെ ഞാന്‍ കസേരയില്‍ കയറി ഇരുന്നു.റഹിം ഹാളില്‍ നിന്നും പുറത്ത് ചാടി.ബാപ്പയുമായി മുഖാമുഖം.ബാപ്പ ചോദിച്ചു:
"എന്താ അന്‍റെ പ്രോബ്ലം?"
ഈ ചോദ്യമാണു ഞാന്‍ പ്രതീക്ഷിച്ച് നിന്നത്.ഇവിടെയാണു എന്‍റെ ബുദ്ധി പ്രയോഗിക്കണ്ടത്.മിഥുനം എന്നൊരു ഫിലിം ഉണ്ട്.അതില്‍ മോഹന്‍ലാല്‍ ഉര്‍വശിയെ രജിസ്റ്റര്‍ മാര്യേജ് ചെയ്യുന്നു.മോഹന്‍ലാലിനെയും ഉര്‍വശിയെയും വീട്ടില്‍ കയറ്റാന്‍ വേണ്ടി ശ്രീനിവാസന്‍ മോഹന്‍ലാലിന്‍റെ അച്ഛനായി അഭിനയിക്കുന്ന തിക്കുറിശ്ശിയുടെ അടുത്ത് പ്രയോഗിക്കുന്ന ഒരു ട്രിക്ക് ഉണ്ട്.അതായത് ശ്രീനിവാസന്‍ ഒരു പെണ്ണിനെ രജിസ്റ്റര്‍ മാര്യേജ് ചെയ്തെന്നും ശ്രീനിവാസന്‍റെ അച്ഛന്‍ വീട്ടില്‍ കയറ്റിയില്ല എന്നും പറഞ്ഞിട്ട് ഒരു ചോദ്യം അച്ഛനാണങ്കില്‍ എന്ത് ചെയ്യും എന്ന്.അപ്പോള്‍ തിക്കുറിശ്ശി പറയും ഞാനാണങ്കില്‍ വീട്ടില്‍ കയറ്റും എന്ന്.ഈ ചാന്‍സ്സ് മുതലാക്കി ശ്രീനിവാസന്‍ മോഹന്‍ലാലിനെയും ഉര്‍വശിയേയും വീട്ടില്‍ കയറ്റുന്നു.
അതേ ഐഡിയ ഞാന്‍ ഇവിടെ പ്രയോഗിച്ചു.എന്‍റെ ഒരു കൂട്ടുകാരന്‍ ഒരു പെണ്ണിനെ പ്രേമിച്ചെന്നും ദുഷ്ടനായ അച്ഛന്‍ കല്യാണത്തിനു സമ്മതിക്കുന്നില്ല എന്നും അവന്‍ ആത്മഹത്യയുടെ വക്കത്ത് ആണന്നും ആ അച്ഛന്‍ കണ്ണില്‍ ചോര ഇല്ലാത്തവനാണെന്നും വച്ചു കാച്ചി.എന്നിട്ട് ചോദിച്ചു:
"ബാപ്പ ആയിരുന്നു ആ അച്ഛന്‍റെ സ്ഥാനത്ത് എങ്കില്‍ എന്ത് ചെയ്തേനെ?"
അപ്പോള്‍ വന്നു ബാപ്പയുടെ മറുപടി:
"ഓന്‍റെ മയ്യത്ത് ഇവിടെ വീണേനെ.."
എന്‍റെ പടച്ചോനേ!!!
ഞാനൊന്ന് ഞെട്ടി.കസേരയില്‍ നിന്ന് അറിയാതെ എഴുന്നേറ്റ് പോയി.പറഞ്ഞ് വന്ന ആവേശത്തില്‍ ബാപ്പ പിന്നെയും പറഞ്ഞു:
"..ഓന്‍റെ മാത്രമല്ല,ഓന്‍റെ കൂട്ടാളികളുടെയും മയ്യത്ത് ഇവിടെ വീഴ്ത്തും"
ആഹാ,അപ്പോള്‍ ബാപ്പ ശരിക്കും ഭീകരനായിരുന്നില്ലേ?
ഞാന്‍ ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു.ഹാളിനു വെളിയില്‍ കാത്ത് നിന്ന വീട്ടുകാരെല്ലാം ആകാംഷയോടെ എന്നോട് ചോദിച്ചു:
"എന്തായി?"
ആ ചോദ്യത്തിനുള്ള മറുപടി എന്‍റെ വക ഒരു മറുചോദ്യമായിരുന്നു:
"ബാപ്പ മിഥുനം ഫിലിം കണ്ടിട്ടുണ്ട് അല്ലേ?"
ആര്‍ക്കും ഒന്നും മനസ്സിലായില്ല,എല്ലാ മുഖങ്ങളിലും ഒരു അമ്പരപ്പ്.

ഇനി എന്ത്?
ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.ബാപ്പായെ എങ്ങനെ വീഴ്ത്തും.ആകെ ടെന്‍ഷന്‍.ഐഡിയ സ്വല്പം പാളിയാല്‍ ബാപ്പ തല്ലി കൊല്ലും.ഇവിടുന്ന് എങ്ങനേലും ജീവനും കൊണ്ട് രക്ഷപെടാം എന്നു കരുതിയാല്‍ റഹീം ആത്മഹത്യ ചെയ്യും.ചെകുത്താനും കടലിനും ഇടയില്‍ പെട്ട അവസ്ഥ.അപ്പോഴാണു റഹീമിന്‍റെ ചേട്ടന്‍ ഓടിവന്ന് ആ ഞെട്ടിക്കുന്ന വാര്‍ത്ത പറഞ്ഞത്.ബാപ്പ എന്നെ വിളിക്കുന്നത്രേ,ഞാന്‍ ഒറ്റയ്ക്ക് ചെല്ലാനാണ്` കല്പന.
എന്‍റെ കാര്യത്തില്‍ ഒരു തീരുമാനമായി....
സകല ദൈവങ്ങളേയും വിളിച്ച് ഞാന്‍ ആ മുറിയില്‍ പ്രവേശിച്ചു.അവിടെ ബാപ്പ മാത്രം.എന്നെ കണ്ടതും ബാപ്പ പറഞ്ഞു:
"കസേരയില്‍ ഉപവിഷ്ടനാകിന്‍"
ഉവ്വ!! അപ്പോള്‍ ഉച്ചയ്ക്ക് നടന്ന സംഭവം ബാപ്പയ്ക്ക് ഓര്‍മ്മയുണ്ട്.ഞാന്‍ കസേരയില്‍ ഇരുന്നു.കുറച്ച് നേരം നിശബ്ദത.അല്പം കഴിഞ്ഞ് ബാപ്പ ചോദിച്ചു:
"ജ്ജ് റഹീമിന്‍റെ അടുത്ത ദോസ്താണല്ലേ?"
കര്‍ത്താവേ,ആണെന്ന് പറഞ്ഞാല്‍ കൂമ്പിനിട്ട് ചവിട്ടാനാണോ?
എന്താ ബാപ്പയുടെ ഉദ്ദേശം എന്ന് അറിയാത്തതിനാല്‍ ഞാന്‍ പറഞ്ഞു:
"ഹേയ്,അങ്ങനെയോന്നും ഇല്ല"
ബാപ്പ എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി.എന്നിട്ട് വീണ്ടും ചോദിച്ചു:
"ഓന്‍ അന്‍റെ കൂടാ താമസം എന്നു പറഞ്ഞു?"
സാത്താന്‍ എല്ലാം അറിഞ്ഞിട്ടുള്ള വരവാ,ഇനി പിടി കൊടുത്തേ പറ്റു.അതിനാല്‍ ഞാന്‍ ശരിയാണന്ന് സമ്മതിച്ചു.അപ്പോള്‍ വന്നു ബാപ്പയുടെ അടുത്ത ഡയലോഗ്:
"ഓന്‍റെ നിക്കാഹ് നടത്താന്‍ തീരുമാനിച്ചു"
അത് നിങ്ങള്` ബാപ്പയും മോനും തമ്മിലുള്ള വിഷയം,ഞാന്‍ എന്തോ വേണം എന്ന മട്ടിലാണു എന്‍റെ ഇരുപ്പ്.
"ജ്ജ് വേണം ഓനെ കൊണ്ട് സമ്മതിപ്പിക്കാന്‍."
കൂട്ടുകാരനു വേണ്ടി വക്കാലത്ത് പറയാന്‍ വന്നിട്ട് അവന്‍റെ ബാപ്പായുടെ പടനായകന്‍ ആകേണ്ട അവസ്ഥ.
"പെണ്ണ്` എന്‍റെ ദോസ്ത് അന്ത്രുമാന്‍റെ മകളാ,പേരു സുഹറ"
യാര്?സുഹറയോ?
പാല്,പാല്.സര്‍വ്വത്ര പാല്.രോഗി ഇച്ഛിച്ഛതും വൈദ്യന്‍ കല്പിച്ചതും മൊന്തയില്‍ നിന്നും വീണതും എല്ലാം പാല്.ബാപ്പയുടെ നെഞ്ചിലോട്ട് ചാടികയറി മുഖത്ത് ഒരു ഉമ്മ കൊടുക്കാന്‍ തോന്നിയ നിമഷം.പക്ഷേ ഒന്നും ചെയ്തില്ല.ഏറ്റു ബാപ്പാ,ഞാന്‍ ഏറ്റു എന്ന് മാത്രം പറഞ്ഞിട്ട് ഞാന്‍ ആ മുറിയില്‍ നിന്നും ഇറങ്ങി ഓടി.

ആ മുറിക്ക് പുറത്ത് ഇറങ്ങിയ ഞാന്‍, മുറിക്ക് അകത്ത് നടന്ന ഒന്നും പറയാതെ പ്രധാന കാര്യം മാത്രം പ്രഖ്യാപിച്ചു:
ബാപ്പ കല്യാണത്തിനു സമ്മതിച്ചു!!!
വീട് എങ്ങും ആഹ്ലാദം.അന്ന് രാത്രിയില്‍ ഉമ്മ ഉണ്ടാക്കി തന്ന പത്തിരിയും കോഴിയിറച്ചിയും കഴിച്ചു കൊണ്ട് ഇരുന്നപ്പോള്‍ മനസ്സില്‍ ഞാന്‍ ഉമ്മയോട് ഒന്നു മാത്രമേ യാചിച്ചിരുന്നുള്ളു:
'ഉമ്മ,എന്നെങ്കിലും ബാപ്പ പറഞ്ഞ് സത്യം അറിഞ്ഞാല്‍ ഈ പത്തിരിയും കോഴിയിറച്ചിയും തിരിച്ച് ചോദിക്കല്ലേ'
അങ്ങനെ ആ രാത്രി കഴിഞ്ഞു.
ആ വീട്ടുകാരുടെ എല്ലാം സ്നേഹാദരങ്ങള്‍ ഏറ്റു വാങ്ങി പിറ്റേ ദിവസം ഞാന്‍ തിരിച്ചു പുറപ്പെട്ടു.അപ്പോള്‍ പുറകില്‍ നിന്ന് ടാറ്റാ തരുന്ന കുടുംബാംഗങ്ങളുടെ കൂട്ടത്തില്‍ നിന്നും റഹീമിന്‍റെ ചേട്ടന്‍റെ മകള്‍ റസിയ എന്നെ നോക്കി പറഞ്ഞു:
"മാമാ,ഇനിയും വരണേ"
മാമാന്നോ?
കഷ്ടം!!!
അങ്കിളേ,അങ്കിളേ എന്നു വിളിച്ചു പിറകിനു നടന്ന കൊച്ചാ,അതിനു വരെ മനസ്സിലായി ഞാന്‍ വന്നത് മാമാ പണിക്കാണന്ന്.കലികാലം അല്ലാതെന്താ?

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com