For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

മംഗല്യ തന്തുനാനേന




ജീവിതം ഒരു പ്രഹേളികയാണ്..
ദിവസങ്ങളും മാസങ്ങളും എത്ര വേഗമാണ്‌ ഓടിപോകുന്നത്!!
ഈ ജീവിത തിരക്കിനിടയില്‍ പഴയ കാര്യങ്ങള്‍ അയവിറക്കുന്നത് ഒരു സുന്ദരമായ ഭാഗ്യമാണ്.ജീവിതത്തിലെ സന്തോഷങ്ങളും കൊച്ചു കൊച്ചു നൊമ്പരങ്ങളും മനസിലോടിയെത്തുമ്പോള്‍, നാമറിയാതെ ഒരു പുഞ്ചിരി നമ്മളില്‍ വിടരും.
ഈ പോസ്റ്റും ഒരു യാത്രയാണ്..
ഭാവിയില്‍ നിന്നും ഭൂതകാലത്തേക്കൊരു യാത്ര..

2008 ജൂലൈ 19..
അന്നേ ദിവസം അതിരാവിലെ ഏഴ് മണിക്കാണ്‌ ഞാന്‍ ബാംഗ്ലൂരില്‍ നിന്നും ബസ്സില്‍ കായംകുളത്ത് വന്ന് ഇറങ്ങിയത്.ഈ വരവിനു ഒരു ഉദ്ദേശമുണ്ട്..
സെപ്റ്റംബര്‍ ആദ്യ ആഴ്ച നിശ്ചയം നടക്കുന്ന അനുജത്തിക്ക് ഒരുങ്ങാന്‍ സാരി വാങ്ങണം!!
അതിനായി ആദ്യം കോട്ടയത്ത് പോകാനായിരുന്നു തീരുമാനം.പുറമേ നിന്ന് നോക്കിയാല്‍ ചെറിയ കടയാണെന്നും, അതിനകത്ത് കയറി പുറത്തേക്ക് നോക്കിയാല്‍ വേറെ ഒരു വലിയ കട കാണാമെന്നുമുള്ള പരസ്യം കേട്ടപ്പോള്‍ ആലപ്പുഴയില്‍ പോയാല്‍ മതിയെന്ന് അമ്മ തീരുമാനിച്ചു.ആ തീരുമാനം നടപ്പിലാക്കുക എന്നതാണ്‌ എന്‍റെ വരവിന്‍റെ ഉദ്ദേശം തന്നെ.

കായംകുളം പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡില്‍ ചെന്ന് അടൂരിനുള്ള ബസ്സില്‍ കയറിയിരുന്നു.ബസ്സിലൊന്നും ആളേ ഇല്ല, സാധാരണ കായംകുളത്ത് വന്നിറങ്ങുന്ന നേരത്ത് തന്നെ ഒരു നാല്‌ പേരെങ്കിലും അന്വേഷണം നടത്തുന്നതാ..
ഞാന്‍ അത്ര ഫെയ്മസ്സ് ആണേ!!
ഇന്നാണെങ്കില്‍ ഒരു പട്ടികുഞ്ഞു പോലും തിരിഞ്ഞ് നോക്കുന്നില്ല.
"ചേട്ടാ, രാവിലെ എങ്ങോട്ട്?" ഒരു ചോദ്യം.
ആരാത്??
ഒരു ഇരുപത്തിയഞ്ച് വയസ്സ് പ്രായം വരുന്ന പയ്യന്‍.
നേരത്തെ കണ്ട ഒരു പരിചയം വരുന്നില്ല, എത്ര ആലോചിച്ചിട്ടും ആരാണെന്ന് ഓര്‍മ്മ കിട്ടണില്ല.എങ്കിലും സ്നേഹത്തിന്‍റെ പുറത്ത് ചോദിച്ചതല്ലേ, മറുപടി വിശദീകരിച്ച് നല്‍കി:
"അനുജത്തിയുടെ നിശ്ചയം വരുന്നു, ആലപ്പുഴയില്‍ പോയി തുണിയെടുക്കാന്‍ വന്നതാ"
അത് കേട്ടതും അവനങ്ങ് സന്തോഷമായി, ഓന്‍ പറഞ്ഞു:
"ചേട്ടാ ഈ വണ്ടി അടൂരിനുള്ളതാ, ആലപ്പുഴക്ക് പോകില്ല"
കാലമാടന്‍!!
കണ്ടക്ടറായിരുന്നോ??
"ഒരു ഒന്നാംകുറ്റി" ഞാന്‍ പതിയെ പറഞ്ഞു.

ഒന്നാംകുറ്റിയില്‍ ഇറങ്ങി വീട്ടിലേക്ക് നടപ്പ്..
ഒരു കിലോമീറ്റര്‍ ദൂരം.സാധാരണ ആരെങ്കിലും ലിഫ്റ്റ് തരുന്നതാ, ഇതിപ്പോ വഴിയിലെങ്ങും ആരുമില്ല.വീട് അടുക്കാറായപ്പോള്‍ എതിരെ ഒരു രൂപം വന്നു..
വീട്ടിലൊക്കെ പാല്‌ കൊണ്ട് തന്നോണ്ടിരുന്ന പാല്‍ക്കാരന്‍ അപ്പുപ്പന്‍.
അദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്ക് ഒരു കാര്യം ഉറപ്പായി..
ഒരാഴ്ച മുമ്പ് ഒരു അപ്പുപ്പന്‍ ചത്ത് പോയെന്ന് അമ്മ വിളിച്ച് പറഞ്ഞായിരുന്നു, അത് ഇങ്ങേരല്ല!!
എന്നേ കണ്ടതും അദ്ദേഹം ചോദിച്ചു:
"ഓ, വന്നോ?"
ഈ ചോദ്യത്തിനൊരു അര്‍ത്ഥമുണ്ട്..
നാശംപിടിച്ചവനേ, നീ പിന്നെയും വന്നോ??
മാത്രമല്ല, ഇതിനൊരു വ്യംഗ്യാര്‍ത്ഥവുമുണ്ട്..
വരില്ല, വരില്ല എന്ന് കരുതി.ഒടുവില്‍ വന്നു അല്ലേ??
അതേ, വന്നു!!

ആലപ്പുഴക്ക് പോകാന്‍ സമയമായി..
വീട്ടിലെല്ലാവരും കണ്‍ഫ്യൂഷനിലാണ്..
സാരി എടുക്കാന്‍ പോകുന്നതിനു, ഏത് സാരി ഉടുക്കണമെന്ന കണ്‍ഫ്യൂഷന്‍ അമ്മക്ക്..
കാഞ്ചീപുരം വേണോ, ബനാറസ്സ് വേണോ, അതോ കാശിപട്ടോ എന്ന കണ്‍ഫ്യൂഷന്‍ പെങ്ങക്ക്..
സാരി വാങ്ങാനോ, അതോ തുണിക്കട മൊത്തത്തില്‍ വാങ്ങാനോ ഈ പോക്കെന്ന കണ്‍ഫ്യൂഷന്‍ അച്ഛന്..
നിശ്ചയത്തിനു ഇങ്ങനെങ്കില്‍, കല്യാണത്തിനു എങ്ങനെയെന്ന കണ്‍ഫ്യൂഷന്‍ എനിക്ക്..
ആകെ മൊത്തം ടോട്ടല്‍ കണ്‍ഫ്യൂഷന്‍!!

ഈ സമയത്താണ്‌ വീട്ടിലെ ഫോണ്‍ ബെല്ലടിച്ചത്..
അത് അറ്റന്‍ഡ് ചെയ്തിട്ട് അമ്മ വന്നു പറഞ്ഞു:
"ഹരിപ്പാട്ടു ഭാഗത്തുള്ള ഒരു ബ്രോക്കറാ, ആലപ്പുഴക്ക് പോകുന്ന വഴി ഹരിപ്പാട് ഒരു വീട്ടില്‍ കയറി പെണ്ണ്‌ കാണാന്‍ പറ്റുമോന്ന് ചോദിക്കാന്‍ വിളിച്ചതാ"
"പിന്നെ, ആനക്കാര്യത്തിനിടയിലല്ലേ ചേനക്കാര്യം?"
ഇങ്ങനെ ഒരു ചോദ്യം ചോദിച്ചിട്ട് അടുത്തുള്ള ബ്യൂട്ടി പാര്‍ലറിലേക്ക് ഞാനോടി..
ഇനി ചിലപ്പോ പെണ്ണ്‌ കാണേണ്ടി വന്നാലോ??
മുഖത്ത് വൈറ്റ് വാഷടിച്ച്, എന്‍റെ തിരിച്ചുള്ള വരവ് കണ്ട് അച്ഛന്‍ പറഞ്ഞു:
"പോകുന്ന വഴി നിങ്ങളവിടൊന്ന് കേറിയേരെ"
അച്ഛന്‍ നിര്‍ബന്ധിച്ചതല്ലിയോ...
എങ്ങനാ പറ്റില്ലാന്ന് പറയുക??
ഞങ്ങള്‍ ഹരിപ്പാട്ടെ വീട്ടില്‍ കയറി പെണ്ണ്‌ കാണാന്‍ തീരുമാനിച്ചു.

എന്‍റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണ്‌ കാണല്‍..
പെണ്ണ്‌ പെരക്കകത്താ, അവടെ അമ്മ അടുക്കളയിലും.ആങ്ങള ഒരുത്തനുണ്ടെന്ന് കേട്ടതല്ലാതെ അരങ്ങത്ത് പ്രത്യക്ഷമായില്ല.പെണ്ണിന്‍റെ അച്ഛന്‍ മാത്രം ഹാളിലുണ്ട്..
വളരെ നല്ല മനുഷ്യന്‍, എന്തെല്ലാമോ സംസാരിക്കുന്നുണ്ട്.പക്ഷേ ടെന്‍ഷന്‍ കാരണം എനിക്ക് ഒന്നും ശ്രദ്ധിക്കാന്‍ പറ്റണില്ല.എനിക്ക് ആകെ സപ്പോര്‍ട്ട്, കൂടെയിരിക്കുന്ന അമ്മയും പെങ്ങളുമാ.അനുജത്തിയാണെങ്കില്‍ ഇടക്കിടെ കണ്ണ്‌ കൊണ്ട് എന്തെങ്കിലും സംസാരിക്കാന്‍ ആംഗ്യം കാണിക്കുന്നുണ്ട്.
എന്ത് സംസാരിക്കാന്‍??
പെണ്ണിന്‍റെ അച്ഛനോട് എന്ത് ചോദിക്കാന്‍??
ആകെ ടെന്‍ഷന്‍!!
ഒടുവില്‍ ആ വീട്ടിലേക്ക് കയറുന്നതിനു മുമ്പ് ബ്രോക്കര്‍ തന്ന ജാതകത്തില്‍ പെണ്ണിന്‍റെ പേര്‌ കണ്ട ഓര്‍മ്മക്ക് ചോദിച്ചു:
"മോള്‍ക്ക് എന്തേ ഭരണി എന്ന് പേരിട്ടത്?"
അച്ഛന്‍റെ മുഖത്തൊരു അമ്പരപ്പ്, അദ്ദേഹം പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:
"ഭരണി മോളുടെ നാളാ, പേര്‌ ദീപാന്നാ"
എന്‍റമ്മച്ചിയേ.
അലറി വിളിച്ചോണ്ട് ആ വീട്ടില്‍ നിന്നിറങ്ങി ഓടാന്‍ തോന്നി!!
അനുജത്തിയുടെയും അമ്മയുടെയും മുഖത്ത് ചോരമയമില്ല..
പെണ്ണിന്‍റെ നാള്‌ മൂലം ആകാഞ്ഞത് നന്നായി!!

താമസിയാതെ പെണ്ണിന്‍റെ ആങ്ങള രംഗപ്രവേശനം ചെയ്തു.ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബാംഗ്ലൂരില്‍ അശ്വമേധം നടത്തിയ ജന്മം.വന്നപാടെ എന്നോട് ചോദിച്ചു:
"ഏത് കമ്പനിയിലാ ജോലി?"
ഞാന്‍ കമ്പനിയുടെ പേരു പറഞ്ഞു.
അവന്‍ ആ കമ്പനിയെ പറ്റി കേട്ടിട്ടുണ്ടത്രേ!!
ഭയങ്കരന്‍!!
ഞാന്‍ പോലും ഇന്‍റര്‍വ്യൂവിനു വന്നപ്പോഴാ ആദ്യമായി കമ്പനിയുടെ പേര്‌ കേട്ടത്.അതിനാലാവാം ആ ആങ്ങളയോട് എനിക്കൊരു ബഹുമാനം തോന്നിയത്, സത്യം!!

എന്തിനേറെ പറയുന്നു, ആ പെണ്ണ്‌ കാണലങ്ങ് കുറിക്ക് കൊണ്ടു.പെങ്ങടെ നിശ്ചയത്തിനു തുണിയെടുക്കാന്‍ പോയ ഞാന്‍ എനിക്ക് പറ്റിയൊരു പെണ്ണിനെ കണ്ട് പിടിച്ചു..
പിന്നീട് ചടങ്ങുകളുടെ ബഹളമായിരുന്നു..
കൊട്ടക്കകത്ത് കോഴിക്കുഞ്ഞുങ്ങളെ അടുക്കി വക്കുന്ന പോലെ ബന്ധുക്കളെ നിറച്ച വാനുമായി അച്ഛന്‍ ഹരിപ്പാട്ടേക്ക്.ചാടി അടിക്കുന്നവനെ പറന്ന് വെട്ടുന്ന രീതിയില്‍ ഹരിപ്പാട്ടു നിന്ന് ഒരു കൂട്ടര്‌ വീട്ടിലേക്ക്.പറന്ന് വെട്ടുന്നവനെ എറിഞ്ഞിടും എന്ന ഭാവത്തില്‍ അച്ഛനും അപ്പച്ചിമാരും അങ്ങോട്ട്..
ഇത് കേരളത്തില്‍.

ഇനി ബാംഗ്ലൂരില്‍ എന്നെ കുറിച്ച് അന്വേഷിക്കാന്‍ സി.ഐ.ഡി ഇറങ്ങി.
ആ സി.ഐ.ഡി മറ്റാരും ആയിരുന്നില്ല, അത് എന്‍റെ വരുംകാല അളിയനായിരുന്നു!!
അദ്ദേഹം അന്വേഷണാര്‍ത്ഥം വന്നത് എന്‍റെ ഓഫീസിലായിരുന്നു..
ഞാനാരാ മോന്‍??
എന്‍റെ കൂടെ ജോലി ചെയ്യുന്നവര്‍ക്ക് ചിലവ് ചെയ്യാം എന്ന ഉറപ്പില്‍ അളിയന്‍റെ മുന്നില്‍ വച്ച് എല്ലാവരെ കൊണ്ടും എന്നെ സാറേ എന്ന് വിളിപ്പിച്ചു..
അതങ്ങ് ഏറ്റു!!
അളിയന്‍ വീട്ടിലോട്ട് സ്വല്പം സ്റ്റാറ്റസ്സ് കൂട്ടി വിളിച്ച് പറഞ്ഞു:
"അച്ഛാ, സൂപ്പര്‍ ബന്ധം.ചേട്ടനു ബാംഗ്ലൂരില്‍ പത്ത് കമ്പനിയുണ്ട്"
നന്ദി അളിയാ, നന്ദി!!

അങ്ങനെ അനുജത്തിയുടെ നിശ്ചയത്തിനു ഒരാഴ്ച മുന്നേ എന്‍റെ നിശ്ചയം നടന്നു.പെങ്ങടെ കല്യാണം ഒരു വര്‍ഷം കഴിഞ്ഞ് മതിയെന്നും, എന്‍റെ കല്യാണം ഉടനെ നടത്താമെന്നും തീരുമാനമായി..
ഇത് ഒരു പുതിയ പ്രശ്നത്തിനു വഴി തെളിച്ചു!!
സാധാരണ രീതിയില്‍ ഞങ്ങളുടെ നാട്ടില്‍ പെണ്‍കുട്ടിയുടെ കല്യാണ ശേഷം മാത്രമേ ആങ്ങളയുടെ കല്യാണം നടത്തുകയുള്ളു.ഇത് നിയമമൊന്നുമല്ല, കാലാകാലങ്ങളായി തുടരുന്ന ഒരു സമ്പ്രദായം.അത്രേയുള്ളു!!
അതിനെതിരായ അച്ഛന്‍റെ പ്രവൃത്തിയറിഞ്ഞ് ഒരു കാരണവര്‍ വീട്ടിലെത്തി, എന്നിട്ട് അച്ഛനെ ഉപദേശിച്ചു:
"ആദ്യം മോടെ കല്യാണം നടത്തിയാല്‍ മതി എന്നാ എന്‍റെ അഭിപ്രായം"
സത്യം പറയണമല്ലോ, ആ അഭിപ്രായം കേട്ടപ്പോള്‍ ആ പഹയന്‍റെ മോന്തക്കൊരു കടി കൊടുക്കാന്‍ തോന്നി!!
ദുഷ്ടന്‍..
ഈ മാതിരി ജന്മങ്ങളാ നമ്മുടെ നാട് വളരാന്‍ സമ്മതിക്കാത്തത്!!
എന്തായാലും അങ്ങേരുടെ വിലപ്പെട്ട ആ വാചകം ഒരു തുറന്ന ചര്‍ച്ചക്ക് വകയൊരുക്കി.അച്ഛന്‍ തന്‍റെ തീരുമാനത്തില്‍ ഉറച്ച് നിന്നു, എന്ത് സംഭവിച്ചാലും ആദ്യം മകന്‍റെ കല്യാണം എന്ന തീരുമാനത്തില്‍!!
കുത്തിതിരുപ്പ് ഉണ്ടാക്കാന്‍ ഒരു വഴിയും കാണാഞ്ഞപ്പോള്‍ കാരണവര്‍ എടുത്ത് ചോദിച്ചു:
"ഒന്നൂടൊന്ന് ആലോചിച്ച് കൂടെ?"
അത് കേട്ടതും അടുത്തോട്ട് ചെന്ന് ഞാന്‍ ആ മഹാന്‍റെ ചെവിയില്‍ പറഞ്ഞു:
"ഇനി ഇവിടെ നിന്നാല്‍ തന്‍റെ പതിനാറടിയന്തിരം ഞാന്‍ ആലോചിക്കും"
അദ്ദേഹം കൃതാര്‍ത്ഥനായി!!
തിരിച്ചുള്ള യാത്രയില്‍ വഴിയില്‍ കണ്ടവരോടൊക്കെ പുള്ളിക്കാരന്‍ പറഞ്ഞു:
"രാധന്‍റെ മോന്‍ നല്ല വകതിരിവുള്ളവനാ"
ഉവ്വ!!

ദിവസങ്ങള്‍ മുന്നോട്ട് നീങ്ങി..
ഇപ്പോള്‍ എന്‍റെ ആശ്രയം റിലയന്‍സ് ഫോണാ, ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് എസ്.റ്റീ.ഡി ഫ്രീ!!
പണ്ട് കോളേജില്‍ പഠിച്ചിരുന്ന കാലത്ത്, ചില റോമിയോകള്‍ തങ്ങളുടെ ജൂലിയറ്റിനെ വിളിച്ചുള്ള കിന്നാരങ്ങള്‍ എന്‍റെ ജീവിതത്തിലും സംഭവിച്ച് തുടങ്ങി.തലവഴി മൂടി കിടക്കുന്ന റൂംമേറ്റിനെ മൈന്‍ഡ് ചെയ്യാതെ ഫോണുമായി ഞാനിരിക്കും, എന്നിട്ട് അന്വേഷണങ്ങള്‍ തുടങ്ങുകയായി..
"കഴിച്ചോ?"
"കഴിച്ചു"
"എന്തുവാ?"
"ചോറ്"
"കൂട്ടാന്‍?"
"മീന്‍"
"വറുത്തതോ, പൊരിച്ചതോ?"
"അല്ലെടാ, തൊ#$@*#$ച്ചത്........!!!!"
ങ്ങേ!!
ആ മറുപടി ഭാവിവധുവിന്‍റെ ആയിരുന്നില്ല, റൂംമേറ്റിന്‍റെതായിരുന്നു!!
പെട്ടന്നുണ്ടായ ഷോക്കില്‍ ഫോണ്‍ കട്ട് ചെയ്ത് നിന്ന എന്നോടവന്‍ പറഞ്ഞു:
"കേറി കിടന്നുറങ്ങടാ പുല്ലേ, പാതിരാത്രിക്കാ ഒരു കിന്നാരം"
എനിക്കെല്ലാം മനസിലായി, അവന്‌ അസൂയയാ!!

അങ്ങനെ ആ ദിവ്യദിനം ആഗതമായി..
കതിര്‍മണ്ഡപത്തില്‍ വിറയലോടിരുന്ന എന്‍റെ കൈയ്യില്‍ താലിചരട് കിട്ടി..
"കെട്ടടാ"
ആണ്‍കെട്ടോ പെണ്‍കെട്ടോ ഏതാ ആദ്യം??
പത്താംക്ലാസ്സ് പരീക്ഷയ്ക്ക് ഉത്തരം അറിയാത്തവന്‍ അടുത്ത പേപ്പറില്‍ എത്തിനോക്കുന്നപോലെ സംശയത്തോടെ ഞാന്‍ അച്ഛനെയൊന്നു നോക്കി.
"മുഹൂര്‍ത്തം കഴിയാറായി,കെട്ടടാ" അച്ഛന്‍ ഒരു അലര്‍ച്ച.
പിന്നെ ഒന്നും ആലോചിച്ചില്ല,കെട്ടി.
ഒന്നല്ല,രണ്ടല്ല,മൂന്നല്ല...
പല പ്രാവശ്യം,ചറപറാന്ന് കെട്ടി...
ആണ്‍കെട്ട്,പെണ്‍കെട്ട്,വലംപിരികെട്ട്,ചവട്ടികൂട്ടി കെട്ട് എന്ന് വേണ്ടാ, താലിചരട് കെട്ടി കെട്ടി പൂമാലയുടെ വലിപ്പം ആകുന്നവരെ ഞാന്‍ കെട്ടി.

'മംഗല്യ തന്തുനാനേന, മമ ജീവന ഹേതുനാ'
ഈശ്വരന്‍മാരേ, കാത്തുകൊള്ളേണേ!!

അപ്പോള്‍ പറഞ്ഞ് വന്നത് എന്തെന്നാല്‍ 2008 ഡിസംബര്‍ 22 ആയിരുന്നു ആ സുദിനം.ഇന്ന് മറ്റൊരു ഡിസംബര്‍ 22.ഞങ്ങളുടെ ദാമ്പത്യജീവിതത്തിലെ ആദ്യത്തെ വിവാഹവാര്‍ഷികം!!
അവളങ്ങ് കേരളത്തിലും, ഞാനിങ്ങ് ബാംഗ്ലൂരും..
ഇന്നും റിലയന്‍സ് തന്നെ ശരണം!!
ഈശ്വരന്‍മാര്‍ കഴിഞ്ഞാല്‍ നന്ദി പറയേണ്ടത് അംബാനി കുടുംബത്തിനാ, ഈ റിലയന്‍സ് കണ്ട് പിടിച്ചതിന്.ഒത്താല്‍ ഇന്ന് അമ്പലത്തില്‍ പോയി അവരുടെ കുടുംബവഴക്ക് തീരാന്‍ ഒരു അര്‍ച്ചന നടത്തണം!!
ഇനി ഞാന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചാലും ഇല്ലെങ്കിലും നിങ്ങളെല്ലാം ഞങ്ങക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം, ഒരു അപേക്ഷയാണ്..
എല്ലാവരുടെയും അനുഗ്രഹം എന്നും ഉണ്ടാവണം..

വാല്‍ക്കഷണം അഥവാ ടെയില്‍ പീസ്സ്:

ദീപ നാട്ടില്‍ ആയി പോയതിന്‍റെ കാരണം അറിയേണ്ടേ, എന്‍റെ നിശ്ചയം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് നിശ്ചയിച്ച അനുജത്തിയുടെ കല്യാണമാ.ഞങ്ങളുടെ അമ്മാവന്‍റെ മകനാ വരന്‍..

ഇനി ഔദ്യോഗികമായി പറഞ്ഞാല്‍..
ചിത്രയും വിനോദും തമ്മിലുള്ള വിവാഹം 2010 ജനുവരി ഒമ്പതിനു കായംകുളം ട്രാന്‍സ്പോര്‍ട്ട് ബസ്സ് സ്റ്റാന്‍ഡിനു അടുത്തുള്ള ജി.ഡി.എം ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്നതാണ്.ഉച്ചക്ക് 12 നും 12.30നും ഇടക്കാണ്‌ മുഹൂര്‍ത്തം.എല്ലാ പ്രിയ സുഹൃത്തുക്കളുടെയും സഹകരണവും, അനുഗ്രഹവും പ്രതീക്ഷിക്കുന്നു..

ഒരു കാര്യം കൂടി..
എല്ലാ സ്നേഹിതര്‍ക്കും ഞങ്ങളുടെ ക്രിസ്തുമസ്സ്-പുതുവത്സര ആശംസകള്‍!!

സ്നേഹപൂര്‍വ്വം
അരുണ്‍ ആന്‍ഡ് ഫാമിലി..
ഫ്രം കായംകുളം.

സനല്‍കുമാര്‍ ചികിത്സയിലാണ്‌



ഐ.ടി ഫീല്‍ഡിലുള്ള മിക്ക യുവതീ യുവാക്കളുടെയും മനസ്സില്‍ ഒരു ഗുരുവുണ്ട്, 'ഓര്‍ക്കാപ്പുറത്ത്' എന്ന പടത്തില്‍ മോഹന്‍ലാലിന്‍റെ രൂപത്തില്‍ വന്ന ഗുരു, 'ഒരു ജോലി കിട്ടിയട്ട് വേണം ലീവെടുക്കാന്‍' എന്ന് പ്രഖ്യാപിച്ച അതേ ഗുരു.ആ ഗുരുവിന്‍റെ കാല്പാദം പിന്തുടരുന്ന ഒരു ഉത്തമശിഷ്യനായിരുന്നു ഞാന്‍.എന്നാല്‍ ഒരു കാര്യവുമില്ലാതെ ലീവെടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല, എനിക്ക് ലീവെടുക്കണേല്‍ വ്യക്തമായ കാരണവും ആവശ്യമായിരുന്നു.

കൊച്ചിയില്‍ ജോയിന്‍ ചെയ്തതിന്‍റെ അടുത്ത ദിവസം തന്നെ അമ്മാതിരി ലീവെടുക്കാനുള്ള കാരണം ദൈവം കാട്ടി തന്നു, ആ കാരണമായിരുന്നു പല്ല്‌ വേദന.
'പല്ല്‌ വേദന സര്‍വ്വ വേദനാല്‍ പ്രധാനം' എന്നാണല്ലോ പഴഞ്ചൊല്ല്.അതിനാല്‍ തന്നെ ലീവെടുക്കാതെ മറ്റ് വഴി ഒന്നും ഉണ്ടായിരുന്നില്ല.
എന്നാലും ജോയിന്‍ ചെയ്ത് ഉടനെ ഒരു ലീവ്??
കമ്പനി എന്നെ പറ്റി എന്ത് കരുതും??
മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍.
എന്തായാലും ശ്രമിച്ച് നോക്കാം.

ലീവ് വേണേല്‍ പ്രോജക്റ്റ് മാനേജര്‍ സമ്മതിക്കണം.പക്ഷേ കല്യാണം കഴിക്കാന്‍ ലീവ് ചോദിച്ചാല്‍, 'അത് ഞാന്‍ മാനേജ് ചെയ്തോളാം താന്‍ വര്‍ക്ക് ചെയ്യ്' എന്ന് പറയുന്ന ജെനുസ്സില്‍ പെട്ടതാണത്രേ മാനേജര്‍.സംഭവം പല്ല്‌വേദന ആയതു കൊണ്ട്, 'തലവെട്ടി ഇവിടെ വച്ചേരെ ഞാന്‍ ശരിയാക്കി തരാം' എന്ന് പറയില്ലെന്ന സഹപ്രവര്‍ത്തകരുടെ ഉറപ്പില്‍ ലീവ് ചോദിക്കാന്‍ ഞാന്‍ തയ്യാറായി.
അങ്ങനെ ഉച്ചക്ക് കൃത്യം മൂന്ന് മണിക്ക് 'ടോം ആന്‍ഡ് ജെറി'യിലെ എലിയെ പോലെ പമ്മി പമ്മി പ്രോജക്റ്റ് മാനേജരുടെ റൂമിലേക്ക് ഞാന്‍ നടന്നു..
ബാക്ക്‌ഗൌണ്ടില്‍ അതേ മ്യൂസിക്ക്:
ട്യൂവ്..ട്യൂവ്..ട്യൂവ്..
എലിയുടെ തല ക്യാബിനിലേക്ക്...

ടോം പതിയെ തല ഉയര്‍ത്തി, എന്നിട്ട് വിഷ് ചെയ്തു:
"ഹായ് മനു"
ഹായ്.
തിരിച്ചും ഒരു വിഷ്.
"കമ്പനിയൊക്കെ ഇഷ്ടമായോ?" മാനേജരുടെ സ്നേഹാന്വേഷണം.
ഇഷ്ടമായില്ലെങ്കില്‍ വേറെ കമ്പനിയില്‍ ജോലി വാങ്ങി തരുമോന്ന് ചോദിക്കാന്‍ വന്നത് വിഴുങ്ങി, എന്നിട്ട് കാര്യം അവതരിപ്പിച്ചു:
"ഇഷ്ടായി..ഇഷ്ടായി...ഒരുപാട് ഇഷ്ടായി...പക്ഷേ...!!"
പക്ഷേ???
വാട്ട് ഹാപ്പന്‍ഡ്??
"എന്താണ്‌ മനു പ്രശ്നം? പറയൂ എന്താണേലും സാധിച്ച് തരാം? കമോണ്‍..." പ്രോജക്റ്റ് മാനേജര്‍ ദേ സ്നേഹിച്ച് കൊല്ലുന്നു.
ഇത്ര സ്നേഹസമ്പന്നനായ ഒരു മനുഷ്യനു മുന്നില്‍ എനിക്ക് ഒളിച്ച് വയ്ക്കാന്‍ ഒന്നുമില്ല, ഞാന്‍ സത്യം ബോധിപ്പിച്ചു:
"എനിക്ക് ഒരാഴ്ചത്തെ ലീവ് വേണം"
ങ്ങേ!!
പ്രോജക്റ്റ് മാനേജരുടെ കണ്ണ്‌ തള്ളി!!!
"ലീവോ?"
ഈ ചോദ്യത്തോടൊപ്പം ജീവിതത്തില്‍ ഇന്ന് വരെ 'ലീവ്' എന്നൊരു വാക്ക് കേള്‍ക്കാത്ത ഒരു സാധു മനുഷ്യന്‍റെ ഭാവപ്രകടനം മാനേജരുടെ മുഖത്ത് വിരിഞ്ഞു.മലയാള സിനിമയിലായിരുന്നു ഈ ഭാവാഭിനയമെങ്കില്‍ അള്ളാണേ അവാര്‍ഡ് ഉറപ്പ്.
"യൂ മീന്‍ ലീവ്?" കേട്ടത് അശരീരിയാണോ, അതോ എന്‍റെ വായീന്ന് തന്നാണോന്ന് ഉറപ്പിക്കാനാകാം വീണ്ടും ചോദിച്ചത്.
ആവശ്യക്കാരനു ഔചിത്യം പാടില്ലാത്തതിനാല്‍ ഉറപ്പിച്ച് പറഞ്ഞു:
"യെസ്സ്, ലീവ്"
എന്‍റെ അഹങ്കാരം കണ്ട് ഞാനൊരു സംഭവമാണെന്ന് കരുതിയാണോ അതോ പല്ല്‌ വേദന കാരണം മുഖത്ത് നീര്‌ വന്ന കണ്ടാണോന്ന് അറിയില്ല, ലീവ് സാങ്ങ്‌ഷനായി.
"താങ്ക്യൂ സാര്‍" ജെറിയുടെ വക നന്ദി.
എല്ലാ പ്രാവശ്യവും എലി വഴുതി പോകുമ്പോള്‍, 'അടുത്ത പ്രാവശ്യം നിന്നെ എടുത്തോളാമെടാ' എന്ന ടോമിന്‍റെ ഭാവം ഞാന്‍ ഒരിക്കല്‍ കൂടി ദര്‍ശിച്ചു, എന്നിട്ട് പതിയെ പുറത്തേക്ക് ഇറങ്ങി..

എറണാകുളത്ത് പല്ല്‌ എടുക്കണ്ടാന്നും, അതിനു പറ്റിയ ആളുകള്‍ ഹരിപ്പാട്ടുണ്ടെന്നും ഗായത്രി പ്രഖ്യാപിച്ചു.കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അവള്‍ പറഞ്ഞത് ശരിയാണെന്നും, കവലയിലെ ചട്ടമ്പിയായ മാധവന്‍ ആ ജനുസ്സില്‍ പെട്ടതാണെന്നും മനസിലായി.ഒരിക്കല്‍ ഒറ്റയടിക്ക് ഒരു പോലീസ് ഏമാന്‍റെ പന്ത്രണ്ട് പല്ലാത്രേ അങ്ങേര്‌ എടുത്തത്.

ഈ മാധവനെ കൊണ്ടാണോ എന്‍റെ പല്ലെടുക്കാന്‍ പോകുന്നത് എന്ന എന്‍റെ ന്യായമായ സംശയത്തിനു, അങ്ങനെയല്ലെന്നും, പ്രസിദ്ധനായ ദന്തിസ്റ്റ് ഡോ.സനല്‍ കുമാര്‍ അവരുടെ കുടുംബസുഹൃത്താണെന്നും, വായ്ക്കും നാക്കിനും കേടില്ലാതെ അയാള്‍ പല്ലെടുത്ത് തരുമെന്നും അവള്‍ ഉറപ്പ് നല്‍കി.ഹരിപ്പാട്ട് പൂരത്തിനു പല്ല്‌ വേദന വന്ന് അലറിയ ഒരു ആനയുടെ പല്ല്‌ വരെ എടുത്തവനാണത്രേ ഡോ.സനല്‍കുമാര്‍.
അതോടെ ഞാനും പ്രഖ്യപിച്ചു...
എന്‍റെ പല്ല്‌, അത് ഡോ.സനല്‍കുമാറിനു അവകാശപ്പെട്ടതാണ്.
ഡോകടറേ, ഞാനിതാ വരുന്നു...
എന്നെ ധന്യനാക്കു!!!

മുഖത്ത് വായും, വായില്‍ പല്ലും, പല്ലില്‍ വേദനയുമായി ഞാന്‍ ഡോക്ടര്‍ക്ക് മുന്നിലെത്തി.അയാള്‍ എന്നെ പരിശോധിക്കാനായി അകത്തേ ഒരു മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി...
പരിശോധന ആരംഭിച്ചു.
വേദനയുള്ള ഭാഗങ്ങളില്‍ അദ്ദേഹം ആഞ്ഞ് കുത്തി.ഒരോ കുത്ത് കൊള്ളുമ്പോഴും എന്‍റെ കണ്ണില്‍ പൊന്നീച്ച പറന്നു.അത് വക വയ്ക്കാതെ വീണ്ടും വീണ്ടും കുത്തി കൊണ്ട് അങ്ങേര്‌ ചോദിച്ചു:
"ഇവിടെ വേദനയുണ്ടോ?"
അതിനു മറുപടിയായി അസഭ്യം ചൊരിയുന്നത് എനിക്ക് ആത്മഹര്‍ഷം വരുത്തുമെങ്കിലും, മുന്നില്‍ നില്‍ക്കുന്നത് ഒരു ഡോക്ടറാണെല്ലോന്ന് ഓര്‍ത്ത് ഞാന്‍ സംയമനം പാലിച്ചു.
(ആ സമയത്തെ എന്‍റെ അവസ്ഥ ഇതിലും നല്ല സാഹിത്യഭാഷയില്‍ പറയാന്‍ എനിക്ക് അറിയില്ല, എന്നോട് ക്ഷമി!!)

ദീര്‍ഘനേരത്തെ ഗവേഷണത്തിനൊടുവില്‍ അണപല്ല്‌ മാംസത്തിലേക്ക് കിളിക്കുന്നതാണ്‌ കൊടിയ വേദനക്ക് കാരണമെന്ന് അദ്ദേഹം കണ്ടെത്തി.ആ പല്ലെടുക്കാന്‍ സാധാരണ ദന്ത ഡോക്ടര്‍ക്ക് പറ്റില്ലെന്നും, അതിനു സര്‍ജന്‍ തന്നെ വേണമെന്നും, ചെറിയൊരു സര്‍ജറിയിലൂടെ മാത്രമേ പല്ല്‌ എടുക്കാന്‍ കഴിയുള്ളന്നും അദ്ദേഹം ബോധിപ്പിച്ചു.ഞാന്‍ കൊച്ചിയില്‍ ജോലി ചെയ്യുന്നതിനാല്‍ വൈറ്റിലയിലുള്ള ഒരു ദന്താശുപത്രിയില്‍ ഒരു സര്‍ജനുണ്ടെന്നും, അദ്ദേഹത്തിനെ ഡോകടര്‍ പരിചയപ്പെടുത്തി തരാമെന്നും ഉറപ്പ്‌ നല്‍കി.
അങ്ങനെ ആദ്യ പരിശോധന അവസാനിച്ചു.
ഇരുട്ട് മുറിയില്‍ നിന്ന് വെളിയില്‍ വന്നപ്പോള്‍ ഗായത്രി ചോദിച്ചു:
"എന്താ ഡോക്ടര്‍ , എന്താണ്‌ പ്രശ്നം"
എന്നോട് പറഞ്ഞത് മയത്തില്‍ ഡോക്ടര്‍ അവളോടും പറഞ്ഞു:
"അണപല്ല്‌ അകത്തേക്ക് കിളിക്കുന്നതാ പ്രശ്നം, ഇപ്പോ ഇവിടെ എടുക്കാന്‍ പറ്റില്ല...."
ഒന്ന് നിര്‍ത്തിയട്ട് അദ്ദേഹം തുടര്‍ന്നു:
"..വൈറ്റിലക്ക് പോണം, അവിടാണേല്‍ സര്‍ജറി ചെയ്ത് എടുക്കാം"
സര്‍ജറീന്ന് കേട്ടതോടെ ഗായത്രിയുടേ മുഖമൊന്ന് വാടി, കണ്ണൊന്ന് നിറഞ്ഞു.അത് കണ്ടതും ഡോക്ടറോട് നന്ദി പറഞ്ഞ് അവളേം കൊണ്ട് ഞാന്‍ തിരികെ അവളുടെ വീട്ടിലേക്ക് പോയി.

വീട്ടിലെത്തിയതും പല്ല്‌ വേദന സഹിക്കാന്‍ കഴിയാത്തതിനാല്‍ എങ്ങനേലും കിടന്നൊന്ന് ഉറങ്ങാം എന്ന ഉദ്ദേശത്തില്‍ ഞാന്‍ മുകളിലത്തെ മുറിയിലേക്ക് പോയി, അതോടെ പ്രശ്നങ്ങള്‍ ആരംഭിക്കുകയായിരുന്നു, ഞാന്‍ സ്വപ്നത്തില്‍ പോലും കരുതാത്ത ചില വലിയ പ്രശ്നങ്ങള്‍...

ഞാന്‍ ഉറങ്ങിയട്ടും താഴത്തെ മുറിയിലിരുന്ന കരയുന്ന ഗായത്രിയുടെ അടുത്ത് വന്ന് അവളുടെ അമ്മ ചോദിച്ചു:
"എന്താ മോളേ, എന്ത് പറ്റി, ഡോക്ടര്‍ എന്ത് പറഞ്ഞു?"
കരച്ചിലിനു ഇടയില്‍ വിക്കി വിക്കി അവള്‍ക്ക് മനസിലായ സത്യം അവള്‍ ബോധിപ്പിച്ചു:
"അണപല്ല്‌ അകത്തേക്ക് കിളിക്കുന്നതാത്രേ പ്രശ്നം.അത് വായീന്ന് കീറി എടുക്കാന്‍ പറ്റില്ല പോലും.എങ്ങനേലും പല്ല്‌ ഊരി വയറ്റിലോട്ട് പോയാല്‍, ഒരു സര്‍ജറി ചെയ്ത് അവിടുന്ന് എടുക്കാമെന്നാ ഡോക്ടര്‍ പറഞ്ഞത്"
ഇത് കേട്ടതും അമ്മ ഞെട്ടിപ്പോയി!!!
ഒന്നൂടെ ഉറപ്പാക്കാന്‍ അമ്മ ചോദിച്ചു:
"ഡോക്ടര്‍ അങ്ങനെ പറഞ്ഞോ?"
"പറഞ്ഞമ്മേ, വയറ്റിലെത്തിയാല്‍ സര്‍ജറി ചെയ്ത് എടുക്കാമെന്ന് പറഞ്ഞു, സത്യം" ഗായത്രിയുടെ ഉറപ്പ്.

അമ്മ വിവരം അച്ഛനെ അറിയിച്ചു.പൊതുവേ സമാധാന പ്രിയനായ അച്ഛന്‍റെ വരെ കണ്‍ട്രോള്‌ പോയി..
"വയറ്റിലെത്തിയട്ട് പല്ലെടുക്കാനാണേല്‍ ഇയാളെന്തിനാ ദന്തഡോക്ടറാണെന്ന് പറഞ്ഞ് ഇരിക്കുന്നത്?"
ഈ ചോദ്യം ഡോക്ടറോട് ചോദിക്കാന്‍ പോകാനായി അച്ഛന്‍ ഷര്‍ട്ടും പാന്‍സും ഇട്ടപ്പോ എരിതീയില്‍ എണ്ണ എന്ന പോലെ, അച്ഛന്‍റെ ചോദ്യത്തിനുള്ള ഉത്തരമായി അമ്മ പറഞ്ഞു:
"ഈ ഡോക്ടറുടെ ഭാര്യ ഒരു ഗൈനക്കോളജിസ്റ്റാ, അവര്‌ വയറു കീറി കുഞ്ഞുങ്ങളെ എടുത്ത് ശീലമുള്ളവളാ, അതേ പോലെ പല്ലും എടുക്കാനാവും"
ഒന്ന് നിര്‍ത്തിയട്ട് അമ്മ അവസാനത്തെ ആണിയുമടിച്ചു:
"വാ കീറി എടുക്കുന്നതിന്‍റെ അഞ്ചിരട്ടിയെങ്കിലും വയറ്‌ കീറി എടുത്താല്‍ വാങ്ങിക്കാമല്ലോ, അതാ കാരണം"
അതായത് വെറുതെ പല്ലെടുത്താല്‍ മുന്നൂറ്‌ രൂപ.എന്നാല്‍ ഇതേ പല്ല്‌ ഊരി വയറ്റിലെത്തിയാല്‍ ഗൈനക്കോളജിസ്റ്റായ ഭാര്യയെ കൊണ്ട് സിസേറിയന്‍ നടത്തി എടുക്കാന്‍ മുവായിരം രൂപ.
ഹോ, വാട്ട് എ ഫൈന്‍ഡിംഗ്!!!

ഇങ്ങനെ രംഗം കഠോരമായിരിക്കുമ്പോഴാണ്‌ ഉറക്കച്ചെവിടോടെ ഞാന്‍ പതിയെ എഴുന്നേറ്റ് വന്നത്.അവസ്ഥ മോശമാണെന്ന് തോന്നിയപ്പോള്‍ അറിയാതെ ചോദിച്ചു:
"എന്താ അച്ഛാ, എന്ത് പറ്റി?"
മറുപടി ഒരു മറുചോദ്യമായിരുന്നു:
"വൈയറ്റിലെത്തിയാല്‍ സര്‍ജറി ചെയ്ത് പല്ലെടുക്കാമെന്ന് ഡോക്ടര്‍ പറഞ്ഞോ?"
"പറഞ്ഞു"
എന്‍റെ മറുപടി കേട്ടതും, 'ങാഹാ, അവന്‍ അത്രക്കായോ' എന്ന ചോദ്യത്തോടെ ബാധ കൂടിയ വെളിച്ചപ്പാടിനെ പോലെ അച്ഛന്‍ പുറത്തേക്ക് ഒറ്റ ഓട്ടം.
ശെടാ, ഇതെന്ത് പറ്റി??
എനിക്ക് ഒന്നും മനസിലായില്ല.

ഒടുവില്‍ ഗായത്രിയില്‍ നിന്ന് സത്യം മനസിലായപ്പോള്‍, 'വൈറ്റിലക്ക്' എത്തിയാല്‍ പല്ല്‌ സര്‍ജറി ചെയ്ത് എടുക്കാമെന്നത്, 'വയറ്റിലേക്ക്' എത്തിയാല്‍ പല്ല്‌ സര്‍ജറി ചെയ്ത് എടുക്കാമെന്ന് ഗായത്രി മനസിലാക്കിയതിന്‍റെ ആഫ്റ്റര്‍ ഇഫക്ടാണ്‌ അച്ഛന്‍റെ പ്രകടനമെന്ന് ബോധ്യമായപ്പോള്‍, എന്‍റെ വലത്തെ കാലില്‍ നിന്ന് ഒരു പെരുപ്പ് കയറി അങ്ങ് തല വരെയെത്തി.
കര്‍ത്താവേ, എന്തൊക്കെ ടൈപ്പ് കുരിശുകളാ??
ഇവക്ക് ഇത്രക്ക് ബോധമില്ലേ??
കാര്യം മനസിലാക്കുന്നേല്‍ മനസിലാക്കട്ടേന്ന് കരുതി ദയനീയ സ്വരത്തില്‍ ഞാന്‍ ചോദിച്ചു:
"ഒരു ദന്തഡോക്ടര്‍ക്ക് വയറ്റില്‍ ഓപ്പറേഷന്‍ നടത്താന്‍ പറ്റില്ലെന്ന് അറിയില്ലേ?"
"അതറിയാം മോനേ, പക്ഷേ അവന്‍റെ ഭാര്യ ഗൈനക്കോളജിസ്റ്റാ, അവളു കീറും" അമ്മയുടെ മറുപടി.
പഷ്ട്!!
അമ്മയും മകളും നല്ല കോമ്പിനേഷന്‍.
തലയില്‍ കൈ വച്ച് നിലത്തിരുന്നപ്പോള്‍ ഒരു ഫോണ്‍ കോള്‍...
വിവരമറിഞ്ഞ് കായംകുളത്ത് നിന്ന് അമ്മ വിളിക്കുകയാണ്, ഞാന്‍ ഫോണെടുത്തു.

"ഹലോ"
"മോനേ, ഞാനാടാ, അമ്മയാ"
"എന്താ അമ്മേ?"
"നീ വിഷമിക്കേണ്ടാ, ഓപ്പറേഷന്‍ ചെയ്യാതെ വായീന്ന് തന്നെ നമുക്ക് പല്ലെടുക്കാം, കാശ് എത്രയായലും"
ഓ.
"ദേ അപ്പച്ചിക്ക് എന്തോ പറയണമെന്ന്..."
ഞാന്‍ എന്തെങ്കിലും പറയുന്നതിനു മുമ്പ്, ഫോണ്‍ കൈക്കലാക്കി അപ്പച്ചി പറഞ്ഞു:
"മനുക്കുട്ടാ, അബദ്ധത്തിലിനി പല്ല്‌ വയറ്റി പോയാലും ഓപ്പറേഷനൊന്നും ചെയ്യിക്കണ്ടാ, ട്ടോ"
"ശരി അപ്പച്ചി"
"പല്ല്‌ വയറ്റി പോയെന്ന് തോന്നിയാ, ഒരു കിലോ പാളയന്‍തോടന്‍ പഴം വാങ്ങി തിന്നോ, പിറ്റേന്ന് ശൂന്ന് ഇങ്ങ് പോരും"
അയ്യേ!!!
കൂടുതല്‍ കേള്‍ക്കാന്‍ ശക്തിയില്ലാത്തതിനാല്‍ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

തുടര്‍ന്ന് അമ്മയോടും ഗായത്രിയോടും സത്യം ബോധിപ്പിച്ചു.സ്വല്പം നേരത്തേക്ക് അമ്മക്ക് മിണ്ടാട്ടമുണ്ടായിരുന്നില്ല, ബോധം വീണപ്പോള്‍ അമ്മ പറഞ്ഞു...
"അയ്യോ, അച്ഛന്‍ അങ്ങോട്ട് പോയേക്കുവാ, ആ ഡോക്ടര്‍..."
അപ്പോഴാണ്‌ ഞാനും ആ കാര്യം ഓര്‍ത്തത്.
പിന്നെ ഒറ്റ ഓട്ടമായിരുന്നു...
എന്‍റെ ഒരു പല്ലെടുക്കാനുള്ള വഴി പറഞ്ഞ് തന്ന ഡോക്ടറുടെ മുപ്പത്തിരണ്ട് പല്ലും അച്ഛന്‍ എടുക്കുന്നതിനു മുമ്പേ എനിക്കവിടെ എത്താന്‍ പറ്റി.സത്യം ബോധിപ്പിച്ച് അച്ഛനെയും കൊണ്ട് തിരിച്ച് വീട്ടിലെത്തി.
ഗായത്രിയെ കണ്ടപ്പോള്‍ അച്ഛന്‍ പറഞ്ഞു:
"ഒറ്റയടിക്ക് നിന്‍റെ അണപല്ലടിച്ച് താഴെയിടുകയാ വേണ്ടത്"
അത് കേട്ടതും അവള്‍ പറഞ്ഞു:
"ആ അടി മനുചേട്ടനു കൊടുത്താല്‍ സര്‍ജറിയുടെ കാശെങ്കിലും ലാഭിക്കാം"
'അത് ശരിയാ'ന്ന് അമ്മ പറയുമോന്ന് എനിക്ക് പേടിയുണ്ടായിരുന്നു, പക്ഷേ അമ്മ പറഞ്ഞില്ല.അതിനാലാവാം അച്ഛന്‍ അടിച്ചുമില്ല.പല്ല്‌ എന്‍റെ വായില്‍ തന്നെ ഇരുന്നു, അതേ വേദനയുമായി..

ബാക്കിപത്രം:
കൃത്യം മൂന്നാഴ്ചക്ക് ശേഷം വൈറ്റിലയിലെ ആശുപത്രിയില്‍ വച്ച് വിവാദ കഥാപാത്രമായ പല്ല്‌ ഞാന്‍ നീക്കം ചെയ്യിച്ചു.അങ്ങനെ എല്ലാം ശുഭമായി കലാശിച്ചു.

ഉലൂപിയുടെ പുത്രന്‍



രക്ഷപെടാനുള്ള ഓട്ടമാണ്, ഞാനും ശെല്‍വരാജും പിന്നെ ആ പെണ്‍കുട്ടിയും.പിടിക്കപ്പെടരുത്, പിടിക്കപ്പെട്ടാല്‍ എന്താവും ശിക്ഷയെന്ന് അറിയുകയുമില്ല, രക്ഷപെടണം, രക്ഷപെട്ടേ മതിയാവൂ.നൂറ്‌ വാരെ ദൂരെ കാറ്‌ കണ്ടപ്പോള്‍ സമാധാനമായി...
ഈ കുവാഗില്‍ നിന്ന്, ഇവിടെ വച്ച് അല്പം മുമ്പ് സംഭവിച്ച പ്രശ്നങ്ങളില്‍ നിന്ന്, രക്ഷപെടാന്‍ ഇനി നൂറ്‌ വാര കൂടി മാത്രം.
"വാ, ശീഘ്രം വാ"
ശെല്‍വ കാറിനരുകില്‍ എത്തിയിരിക്കുന്നു.
എന്‍റെ കൂടെ ഓടി വരുന്ന പെണ്‍കുട്ടിയെ തളര്‍ച്ച ബാധിച്ച് തുടങ്ങിയെന്നത് അവളുടെ ഓട്ടത്തില്‍ നിന്ന് വ്യക്തമാണ്..
ആരാണിവള്‍??
അറിയില്ല.
ഇന്നാണ്‌ ഇവളെ ആദ്യമായി പരിചയപ്പെടുന്നത്.പക്ഷേ ഒന്നെനിക്ക് അറിയാം, അവളുടെ പേര്...
അത് കതിര്‍വേണിയെന്നാണ്.

ഏകദേശം ആറ്‌ മാസം മുമ്പാണ്‌ കുവാഗെന്ന ഈ ഗ്രാമത്തില്‍ ഞാന്‍ ആദ്യമായി എത്തുന്നത്, അന്നും ശെല്‍വയായിരുന്നു അതിനു കാരണക്കാരന്‍.

സേലത്തിനടുത്തുള്ള വില്ലുപുരത്ത് നിന്ന് സുമാര്‍ മുപ്പത് കിലോമീറ്റര്‍ അകലെയാണ്‌ കുവാഗം.തളിര്‍ത്ത പാടങ്ങളും വിളഞ്ഞ കരിമ്പും നിറഞ്ഞ ഒരു അപരിഷ്കൃത ഗ്രാമം, അതില്‍ കൂടുതലൊന്നും അന്നെനിക്ക് തോന്നിയില്ല.ആറ്‌ മാസത്തിനു ശേഷം അതേ വീഥികളിലൂടെ ജീവന്‍ രക്ഷിക്കാനായി ഓടേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചുമില്ല.അതിനാല്‍ അന്ന് അത്ഭുതത്തോടെ ശെല്‍വയോട് ഞാന്‍ ചോദിച്ചു:
"എന്ന ശെല്‍വ, എതുക്ക് ഇങ്കെ വന്തേ?"
മറുപടി പറയാതെ ബൈക്ക് അവന്‍ നിര്‍ത്തി.തുടര്‍ന്ന് ഇടത് വശത്തേക്ക് കൈ ചൂണ്ടി അവന്‍ പറഞ്ഞു:
"ഇത് താന്‍ കുത്താണ്ടര്‍ കോവില്‍"
"അതുക്ക്?"
"കൊഞ്ചം നാളുക്കപ്പുറം ഇങ്കെ ഒരു വിശേഷമിറുക്ക്, ഉങ്കള്‍ക്ക് തേവെയാര്‍ന്ന സ്റ്റോറി അന്നേക്ക് കിടക്കും"
മലയാളം ഇടകലര്‍ന്ന തമിഴില്‍ ശെല്‍വ മറുപടി നല്‍കി.

ടെലിഫിലിമിനു കഥ അന്വേഷിച്ച് നടന്ന എനിക്ക് വ്യത്യസ്തമായ ഒരു സ്റ്റോറി ലഭിക്കുമെന്ന ശെല്‍വയുടെ വാക്കുകള്‍ സത്യമാണെന്ന് തിരിച്ച റിയാന്‍ ഇന്നത്തെ വരവ് വേണ്ടി വന്നു, പക്ഷേ ഇപ്പോള്‍ മനസില്‍ ടെലിഫിലിമില്ല, ഒരു ചിന്ത മാത്രം, രക്ഷപെടണം, എത്രയും വേഗം ഈ കുഗ്രാമത്തില്‍ നിന്ന് പുറത്ത് കടക്കണം, സ്വയം രക്ഷപെടുന്നതിനൊപ്പം കതിര്‍വേണിയെ രക്ഷിക്കുകയും വേണം...
ഒരുവിധത്തില്‍ പറഞ്ഞാല്‍ ഇപ്പോഴത്തെ ഈ ഓട്ടം ഇവള്‍ക്ക് വേണ്ടിയാണ്, ഇവള്‍ കാരണമാണ്...
ശരിക്കും ആരാണിവള്‍??
രക്ഷപെടാനുള്ള വ്യഗ്രതക്ക് ഇടക്കും എന്‍റെ മനസ്സ് എന്നോട് ചോദിക്കുന്ന ചോദ്യം.മുജ്ജ്ന്മത്തില്‍ എവിടെയെങ്കിലും ഇവളെന്‍റെ ആരെങ്കിലും ആയിരുന്നിരിക്കുമോ?
ആവോ, ആര്‍ക്കറിയാം.

ഇന്ന് ഉച്ചക്കാണ്‌ ആദ്യമായി ഞാനിവളെ കാണുന്നത്.
കുവാഗിലേക്ക് കാര്‍ ഓടിക്കുന്ന വഴി വലിയൊരു പാടം ചുറ്റിയപ്പോള്‍ ശെല്‍വ പറഞ്ഞു:
"ഇന്ത പാടം ക്രോസ്സ് ചെയ്താല്‍ ഷോര്‍ട്ട് കട്ടാ, ബട്ട് കാറില്‍ ചുറ്റിതാന്‍ പോക മുടിയും"
വിശാലമായ പാടം.
പക്ഷേ കഴിഞ്ഞ തവണത്തെ പോലെ പച്ചപ്പില്ല, കരിഞ്ഞ് ഉണങ്ങിയിരിക്കുന്നു.ആ പാടം ക്രോസ്സ് ചെയ്ത് നടന്ന് പോകുന്ന ഒരു പെണ്‍കുട്ടി, അത് ഇവളായിരുന്നു, കതിര്‍വേണി.
അവളുടെ ലക്ഷ്യവും കുത്താണ്ടര്‍ കോവിലായിരുന്നു...

ചിലയിടങ്ങളില്‍ ഇരവന്‍ എന്നറിയപ്പെടുന്ന അരവനാണ്‌ കുത്താണ്ടര്‍ കോവിലിലെ പ്രതിഷ്ഠ.കുത്താണ്ടര്‍ എന്നറിയപ്പെടുന്നതും ഇദ്ദേഹത്തെ തന്നെ...
അരവന്‍ ഉലൂപിയുടെ പുത്രനാണ്!!
പഞ്ചപാണ്ഡവരിലെ വില്ലാളിയായ അര്‍ജ്ജുനനു, നാഗറാണിയായ ഉലൂപിയില്‍ പിറന്ന പുത്രന്‍.മഹാഭാരതത്തിലെ ഒരു പ്രത്യേക സംഭവത്തിനാല്‍, ഭീമപുത്രനായ ഘഡോല്‍കചനെക്കാള്‍, ചക്രവ്യൂഹം ഭേദിച്ച അഭിമന്യുവിനെക്കാള്‍ ഒരുപിടി മുകളിലായി അരവനു നമുക്ക് സ്ഥാനം കൊടുക്കാം.
അതിനു കാരണമായ കഥക്ക് കുത്താണ്ടര്‍ കോവിലിലെ ഉത്സവവുമായി ബന്ധമുണ്ട്.അതിനാല്‍ തന്നെയാണ്‌ ഇന്ന് ഞാന്‍ കുത്താണ്ടര്‍ കോവിലിലെത്തിയത്, കാരണം ഇന്ന് ഇവിടുത്തെ ഉത്സവമാണ്...

കോവിലിനു അരകിലോമീറ്റര്‍ അകലെ കാര്‍ നിര്‍ത്തിയട്ട് ഞാനും ശെല്‍വയും നടന്നാണ്‌ കോവിലിലേക്ക് പോയത്.കഴിഞ്ഞ പ്രാവശ്യം വന്ന പോലെ ആയിരുന്നില്ല അവിടുത്തെ അവസ്ഥ.ഒരിക്കല്‍ ഓണം കേറാമൂലയെന്ന് ഞാന്‍ കരുതിയ സ്ഥലങ്ങളിലൊക്കെ വഴിവാണിഭക്കാരുടെ ഒരു സംഘം തന്നെ ഉണ്ടായിരുന്നു.പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയത് അതൊന്നുമായിരുന്നില്ല, ആ പ്രദേശത്ത് ഭൂരിഭാഗവും കാണപ്പെട്ട മനുഷ്യരായിരുന്നു...
ആണും പെണ്ണും കെട്ടവരെന്ന് നമ്മള്‍ ചിരിച്ച് തള്ളുന്ന കുറേ മനുഷ്യര്‍...
തമിഴ്നാട്ടില്‍ അറവാണികള്‍ എന്ന് അറിയപ്പെടുന്ന ഹിജഡകള്‍!!!
"എന്ന ശെല്‍വാ ഇത്?"
"ശൊല്ലലാം, നീ ഇവര്‍ക്കിട്ടെ പേശി പാറ്, ഇവര്‍ക്ക് നിറയെ സ്റ്റോറി ചൊല്ലേണ്ടിയിറിക്ക്"
ശെല്‍വ ഒരിക്കല്‍ സൂചിപ്പിച്ചത് ഇവരെ കുറിച്ചാണെന്നും, സ്റ്റോറി ലഭിക്കുന്നത് ഇവരുടെ കഥകളിലൂടെയാണെന്നും മനസിലായപ്പോള്‍ ഞാന്‍ അവരുമായി സംസാരിച്ചു.
വിവിധഭാഷക്കാരായ അവര്‍ക്ക് ഒരോരുത്തര്‍ക്കും ഒരോ കഥ പറയാനുണ്ടായിരുന്നു.എന്നാല്‍ എല്ലാ കഥകളും ചെന്നു നില്‍ക്കുന്നത് ബതായ് ആഘോഷത്തിലേക്കായിരുന്നു...
അവരുടെ വരുമാന മാര്‍ഗ്ഗമായ ബതായ് ആഘോഷത്തിലേക്ക്...
ആ ആഘോഷവേളയിലെ അവരുടെ സങ്കടങ്ങളിലേക്ക്...

"ജനിച്ച് വീഴുന്ന കുട്ടി ആണായാലും പെണ്ണായാലും എല്ലാവരും ഞങ്ങളെ വിളിക്കും, ബതായി ആഘോഷത്തിനു...."
ഒരു നിമിഷം നിര്‍ത്തിയട്ട് സങ്കടത്തോടെ അവരിലൊരുവള്‍ പറഞ്ഞു:
"അങ്ങനെ ആഘോഷിച്ചില്ലെങ്കില്‍ ആ കുട്ടികളും ഞങ്ങളെ പോലെ ഹിജഡകളായി പോകുമെന്നാ രക്ഷിതാക്കളുടെ പേടി"
അവരിങ്ങനെ പറഞ്ഞപ്പോള്‍ ചുറ്റും കൂടി നില്‍ക്കുന്നവര്‍ക്ക് മിണ്ടാട്ടമില്ല, എല്ലാവരുടെയും മനസ്സ് ബതായ് ആഘോഷത്തിലാണെന്ന് തോന്നുന്നു.സ്വപ്നത്തില്‍ നിന്ന് തിരികെ വന്നപ്പോള്‍ ഒരോരുത്തരും ഒരോ കഥ പറഞ്ഞു, അവരുടെ ജീവിതത്തിന്‍റെ കഥ.അതില്‍ നിന്ന് പൊതുവായി എനിക്ക് ഒന്ന് മനസിലായി...
ആദ്യമൊക്കെ സ്ത്രീയുടെ മനസ്സും ആണിന്‍റെ ശരീരവുമായിരുന്നു പലര്‍ക്കും.പിന്നെ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയും ക്രിതൃമമായ സിലിക്കോണ്‍ സ്തനങ്ങള്‍ വച്ച് പിടിപ്പിച്ചും പലരും സ്ത്രീയാവാന്‍ ശ്രമിച്ചു.പക്ഷേ സ്ത്രീത്വത്തിന്‍റെ പൂര്‍ണ്ണതയായ മാതൃത്വം അവകാശപ്പെടാന്‍ അവര്‍ക്ക് ആകുമായിരുന്നില്ല.
"ബതായി ആഘോഷവേളയില്‍ ഒരോ കുഞ്ഞുങ്ങളെ താലോലിക്കുമ്പോഴും അറിയാതെ കരച്ചില്‍ വരും സാറേ"
അത്രയും പറഞ്ഞപ്പോഴേക്കും അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.മാതൃത്വം നിഷേധിക്കപ്പെട്ട സ്ത്രീയുടെ വേദന അന്നാദ്യമായി ഞാന്‍ കണ്ടു.

മാതൃത്വം മാത്രമായിരുന്നില്ല, മംഗല്യവും അവര്‍ക്ക് പ്രശ്നമായിരുന്നു.അതിനെ പറ്റിയും അവര്‍ പറഞ്ഞത് ബതായ് ആഘോഷങ്ങളെ കൂട്ടുപിടിച്ചായിരുന്നു...
"കുട്ടികള്‍ ജനിക്കുമ്പോ മാത്രമല്ല, ഗൃഹപ്രവേശത്തിനും, കല്യാണവേളയിലും എല്ലാവര്‍ക്കും ഞങ്ങളെ വേണം.എന്‍റെ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ വിവാഹവേഷത്തിലിരിക്കുമ്പോള്‍ ചെറിയ സങ്കടമൊക്കെ തോന്നാറുണ്ട്"
ഒരുത്തിയുടെ സാക്ഷ്യം.
കഥകള്‍ പുതിയ മേച്ചില്‍ പുറം തേടുന്ന കണ്ടിട്ടോ അതോ കഥ പറയുന്നവരുടെ കണ്ണുകള്‍ ഈറനണിയുന്ന കണ്ടിട്ടോ, എന്താണെന്ന് അറിയില്ല ഒരുവള്‍ ഉപസംഹാരമെന്നോണം പറഞ്ഞു:
"എല്ലാ സങ്കടങ്ങളും ഞങ്ങള്‍ മറക്കുന്നത് ഈയൊരു ദിവസത്തിന്‍റെ ഓര്‍മ്മയിലാണ്.കാരണം ഇന്ന് ഞങ്ങളുടെ വിവാഹമാണ്, ഞങ്ങള്‍ക്കെല്ലാം ഈയൊരു ദിവസം വധുവിന്‍റെ റോളാണ്, നാളെ വിധവയുടെയും"
അവരത് പറഞ്ഞപ്പോള്‍ ശെല്‍വ എന്‍റെ കാതില്‍ മന്ത്രിച്ചു:
"ഇന്നേക്ക് മാംഗല്യം, നാളേക്ക് വൈധവ്യം.അത് താന്‍ ഞാന്‍ ചൊന്ന സ്റ്റോറി"
അത് കേട്ട് അത്ഭുതപ്പെട്ട് നിന്ന എന്നോട് അതിനു കാരണമായ കഥ അവര്‍ പറഞ്ഞു, അത് കുത്താണ്ടര്‍ കോവിലിന്‍റെ കഥയായിരുന്നു...

"കടവുളെ, കാറ്‌ക്ക് എന്നാച്ച്?"
ശെല്‍വയുടെ സ്വരമാണ്‌ എന്ന് ചിന്തകളില്‍ നിന്ന് ഉണര്‍ത്തിയത്.ഓടി വന്നതും കാറില്‍ കയറിയതുമെല്ലാം യാന്ത്രികമായിരുന്നു.എന്നാല്‍ ശെല്‍വ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചിട്ട് കാര്‍ സ്റ്റാര്‍ട്ടാവുന്നില്ല.
"എന്നടാ?"
"തെരിയാത്" ശെല്‍വയുടെ മുഖത്ത് പരിഭ്രമം.
ദൂരെ നിന്ന് ആരൊക്കെയോ ഓടിവരുന്ന ശബ്ദം.അത് അവരാണ്‌, ഈ ഗ്രാമവാസികള്‍....
"കാര്‍ സ്റ്റാര്‍ട്ട് ആവതുക്ക് ഞാന്‍ ട്രൈ പണ്ണലാം, നീ ഇന്ത പൊണ്ണുമായി പോ"
ശെല്‍വയുടെ ഉപദേശം.
ആലോചിച്ച് നില്‍ക്കാന്‍ നേരമില്ല, കതിര്‍വേണിയെ രക്ഷിക്കണം.അവളുടെ കൈ പിടിച്ച് വിശാലമായ പാടത്തിനു നേര്‍ക്ക് ഞാന്‍ ഓടി, ഉലൂപിയുടെ പുത്രനായ അരവന്‍ രക്ഷിക്കുമെന്ന പ്രതീക്ഷയില്‍...

മഹാഭാരത യുദ്ധത്തിന്‍റെ പതിനെട്ടാം നാള്‍.
പാണ്ഡവര്‍ വിജയിക്കണമെന്നാല്‍ പാണ്ഡവപക്ഷത്ത് നിന്ന് ഒരാളെ കാളിദേവിക്ക് ബലി നല്‍കിയേ മതിയാവൂ.പക്ഷേ ആര്‌ സ്വയം ബലിയാടാവാന്‍ തയ്യാറാവും?
ഇവിടെയാണ്‌ അരവന്‍റെ പ്രസക്തി!!
അദ്ദേഹം അതിനു തയ്യാറായി, അതോടൊപ്പം അന്ത്യാഭിലാക്ഷമായി കൃഷ്ണഭഗവാനോട് ഒരു കാര്യം ആവശ്യപ്പെടുകയും ചെയ്തു...
ബലിക്ക് മുമ്പ് ഒരുനാള്‍ എങ്കിലും വിവാഹിതനായി ജീവിക്കണം.എന്നാല്‍ ഒരുനാള്‍ നീണ്ടുനില്‍ക്കുന്ന ദാമ്പത്യവും അതിനു ശേഷത്തെ വൈധവ്യവും ഏറ്റുവാങ്ങാന്‍ ഒരു സ്ത്രീയും തയ്യാറായില്ല.ഒടുവില്‍ കൃഷ്ണന്‍ മോഹിനി വേഷത്തില്‍ അരവന്‍റെ ഭാര്യയായി.

കുത്താണ്ടര്‍ കോവിലിലെ ഉത്സവത്തിനും ഈ കഥയുടെ പിന്‍ബലമാണുള്ളത്.ഒരു നാളത്തെയെങ്കില്‍ ഒരു നാളത്തെ ദാമ്പത്യം, ഈ ഒരു ലക്ഷ്യം മുന്നില്‍ കണ്ടാണ്‌ ഹിജഡകള്‍ അന്നേ ദിവസം ഉത്സവാഘോഷത്തോടെ അവിടെ എത്തുന്നത്....
തുടര്‍ന്ന് സന്ധ്യയാകുന്നതോടെ കുപ്പിവള കിലുക്കങ്ങള്‍ മുഴങ്ങുകയായി..
വഴിവാണിഭക്കാരുടെ കൂട്ടത്തില്‍ നിന്നും കുപ്പിവളകള്‍ വാങ്ങുന്ന കൂട്ടത്തില്‍ ഒരു ഹിജഡ ആരോടോ ചോദിക്കുന്നത് കേട്ടു:
"ആരമ്മാ നീ?"
"കതിര്‍വേണി" ഒരു കളമൊഴി.
തിരിഞ്ഞ് നോക്കിയപ്പോള്‍ ഉച്ചക്ക് പാടത്ത് കൂടി നടന്ന് പോയ അതേ പെണ്‍കുട്ടി.കുവാഗില്‍ നടക്കുന്ന ഒരോ ചടങ്ങും അവള്‍ കൌതുകത്തോടെ നോക്കുന്നു..

കുത്താണ്ടര്‍ കോവിലിനുള്ളില്‍ മഞ്ഞളിന്‍റെയും കര്‍പ്പൂരത്തിന്‍റെയും ഗന്ധം മാത്രം.ശില്പഭംഗിയില്ലാത്ത കോവിലില്‍ കുറച്ച് ആള്‍ക്കാര്‍ക്ക് മാതമേ ഒരേ സമയം നില്‍ക്കുവാന്‍ സാധിക്കുകയുള്ളു.അവിടെ വച്ച് കൃഷ്ണന്‍റെ മോഹിനി വേഷത്തെ അരവാന്‍ താലി കെട്ടിയ സങ്കല്‍പ്പത്തില്‍ മംഗല്യ സ്വപ്നവുമായി വന്ന ഹിജഡകള്‍ സുമംഗലിമാരാവുന്നു.അങ്ങനെ അവര്‍ അരവാന്‍ ഭാര്യമാരായി, അഥവാ അറവാണികളായി.

ഇനി മണിയറ പൂകുന്ന തിരക്കാണ്..
ഇഷ്ടപ്പെട്ട പുരുഷന്‍മാര്‍ക്കൊപ്പം കരിഞ്ഞുണങ്ങിയ വയലുകളിലേക്ക് ഒരോരുത്തരായി നീങ്ങി...
അതാണവരുടെ മണിയറ!!
ഇനി വയല്‍പ്പാടങ്ങളില്‍ നിന്ന് ഉയരുന്നത് സീല്‍ക്കാര സ്വരങ്ങളാകാം, നെടുവീര്‍പ്പുകളാവാം.എന്തായാലും നാളെ നേരം വെളുക്കുമ്പോള്‍ ഈ ഉത്സവം അവസാനിക്കും, അതോടൊപ്പം ഇവരുടെ ദാമ്പത്യവും.മോഹിനിക്ക് അരവാന്‍ നഷ്ടപ്പെട്ട പോലെ കൂടെ കിടന്ന പുരുഷന്‍മാര്‍ ഇവരെ ഉപേക്ഷിച്ച് യാത്രയാവും.അതോടെ വൈധവ്യ ദുഃഖത്തിലെ കൂട്ടകരച്ചില്‍ അവിടെ മുഴങ്ങും.ഒരു രാത്രി കൊണ്ട് വിധവകള്‍ ആകേണ്ടി വരുന്ന ഒരു കൂട്ടം സ്ത്രീകളുടെ വിലാപം അവിടെ അലയടിക്കും.
"പോലാമാ?" ശെല്‍വയുടെ ശബ്ദം.
ശരിയെന്ന അര്‍ത്ഥത്തില്‍ ഞാന്‍ തല കുലുക്കി.
കുത്താണ്ടര്‍ കോവില്‍ പരിസരത്ത് നിന്ന് ഞങ്ങള്‍ പുറത്തേക്ക് നടന്നു...

പെട്ടന്നാണ്‌ സ്ഥിതിഗതികള്‍ ആകെ മാറിയത്.
വയലിനു ഇടയില്‍ എവിടെ നിന്നോ ഒരു പെണ്‍കുട്ടിയുടെ വിലാപം.ഓടി ചെന്നപ്പോള്‍ ഒരു പെണ്‍കുട്ടിയെ ഒരുവന്‍ ബലമായി പ്രാപിക്കാന്‍ ശ്രമിക്കുന്ന കാഴ്ച.നിലാവെളിച്ചത്തില്‍ അത് കതിര്‍വേണിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഒന്നും ആലോചിച്ചില്ല, മുന്നില്‍ കണ്ട കല്ലെടുത്ത് അവന്‍റെ തലയില്‍ ആഞ്ഞടിച്ചു.
ഒരു നിമിഷം...
അവന്‍റെ ആര്‍ത്തനാദം അവിടെയെങ്ങും മുഴങ്ങി.
കരിക്ക് വെട്ടുമ്പോള്‍ വെള്ളം ചീറ്റുന്ന പോലെയാണ്‌ രക്തം ചീറ്റിയത്.അലര്‍ച്ച കേട്ട് അവന്‍റെ ആളുകള്‍ ഓടി വരുന്നത് കണ്ട് ഞാന്‍ കതിര്‍ വേണിയുടെ കൈയ്യും പിടിച്ച് ഓടി, കൂടെ ശെല്‍വയും.

ആ ഓട്ടമാണിപ്പോള്‍ പാടത്തിനു നടുവിലൂടെ ഓടുന്നത്.ദൂരെ നിന്ന് ഒരു കാറിന്‍റെ വെളിച്ചം.ദൈവം തുണച്ചു, അത് പാടം ചുറ്റി വരുന്ന ശെല്‍വയുടെ കാറ്‌ തന്നെ.ഓടി കാറില്‍ കയറിയപ്പോഴാണ്‌ ശ്വാസം നേരെ വീണത്.കുവാഗില്‍ നിന്ന് അകലെയായെന്ന് ബോധ്യമായപ്പോള്‍ കതിര്‍വേണിയോട് ചോദിച്ചു:
"ശരിക്കും നീ ആരാണ്?"
കൈയ്യിലിരുന്ന് പേഴ്സ് മുറുകെ പിടിച്ച് അവള്‍ പറഞ്ഞു:
"പണ്ട് കതിരേശന്‍, ഇന്ന് കതിര്‍വേണി"
ആണില്‍ നിന്ന് പെണ്ണിലേക്ക് രൂപം മാറിയവള്‍...
ഹിജഡ!!!
ശെല്‍വ അറിയാതെ കാറിന്‍റെ ബ്രേക്കില്‍ ആഞ്ഞ് ചവുട്ടി.

ഒരു നാളത്തെ ദാമ്പത്യം ആഗ്രഹിച്ചു വന്ന അറവാണികളില്‍ ഒരുവളാണ്‌ കൂടെയുള്ളത്, അല്ലാതെ ഞങ്ങള്‍ കരുതിയ പോലെ ഇവള്‍ പെണ്ണായി ജനിച്ചവളല്ല.
പിന്നെന്തിനാണ്‌ ഇവള്‍ കരഞ്ഞത്?
രക്ഷിക്കണമെന്ന് അലറിയത്?
ഞങ്ങളുടെ സംശയത്തിനവള്‍ ഇങ്ങനെ മറുപടി നല്‍കി:
"കുത്താണ്ടര്‍ കോവിലില്‍ വന്നാല്‍ എന്നെ പോലുള്ളവര്‍ക്ക് മംഗല്യം നടക്കുമെന്നറിഞ്ഞാണ്‌ ഞാന്‍ വന്നത്.പക്ഷേ...."
പക്ഷേ??
"അരവന്‍റെ ഭാര്യയെന്ന പേരില്‍ ഒരുനാളത്തെ ദാമ്പത്യത്തിനു ഒടുവില്‍ വീണ്ടും തെരുവിലേക്ക്.എനിക്കത് വേണ്ടാ, എനിക്ക് ജീവിക്കണം, ഒരു ഭാര്യയായി, കുടുംബിനിയായി..."
മഹാഭാരതത്തില്‍ അരവന്‍റെ ഭാര്യയാവാന്‍ വിസമ്മതിച്ച സ്ത്രീകളുടെ ആഗ്രഹവും ഇതു തന്നെ ആയിരുന്നില്ലേ?
ഒരു ഭാര്യയായി, ഒരു കുടുംബിനിയായി ദീര്‍ഘകാലം ജിവിക്കാനുള്ള ആഗ്രഹം!!
ഇവിടെ ഞാന്‍ ആകെ കണ്ട വ്യത്യാസം കൂടുംബിനിയായും ഭാര്യയായും കരുതുന്നതിനു മുമ്പേ ഒരു സ്ത്രീയായി അംഗീകരിക്കപ്പെടണമെന്ന ആഗ്രഹവും ഇവളിലുണ്ട്.മാതൃത്വം നിഷേധിക്കപ്പെട്ടെങ്കിലും സ്ത്രീത്വത്തെ അംഗികരിക്കണമെന്ന അഭ്യര്‍ത്ഥന മാത്രം.

ഞങ്ങള്‍ക്ക് കൂടുതലായി ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല, ഒന്നും അറിയണമെന്നും ഉണ്ടായിരുന്നില്ല, എങ്കിലും അവള്‍ തന്‍റെ ജീവിതം വിവരിച്ചു....
പാലക്കാട്ടാണവളുടെ അച്ഛന്‍റെ തറവാട്, അമ്മയുടെ കുടുംബം കോയമ്പത്തൂരും.പ്രസവത്തോടെ അമ്മ മരിച്ചു, ആണും പെണ്ണുമല്ലെന്ന് അറിഞ്ഞതോടെ അവഹേളനങ്ങള്‍ മാത്രം ബാക്കിയായി.ഒടുവില്‍ ഉപേക്ഷിക്കാതെ കൂടെ നിന്നവരുടെ സഹായത്തോടെ ആണിന്‍റെ ശരീരം ഉപേക്ഷിച്ച് പെണ്ണിലേക്ക് ഒരു കൂടുമാറ്റം.അപ്പോഴും പെണ്ണായിട്ട് അംഗീകരിക്കാന്‍ സമൂഹം തയ്യാറാവാത്തതിനാല്‍ കോയമ്പത്തൂരുള്ള മുത്തച്ഛന്‍റെ അടുത്തേക്ക് താമസം മാറ്റി.കഥകള്‍ അവിടെയും വ്യാപിച്ചപ്പോള്‍ ആ നാട്ടുകാരും അവളെ പെണ്ണന്ന് അംഗീകരിക്കാന്‍ വിസമ്മതിച്ചു.കല്യാണവും കുടുംബവുമെല്ലാം സ്വപ്നം മാത്രമാണെന്ന് കരുതവെയാണ്‌ കുത്താണ്ടര്‍ കോവിലിലെ ഉത്സവത്തെ കുറിച്ച് കേട്ടത്.അറവാണികള്‍ക്ക് ഇവിടെ മംഗല്യഭാഗ്യമുണ്ടാവുമെന്ന അറിവിലാണ്‌ അവളിവിടെ വന്നത്.കോവിലില്‍ എത്തിയപ്പോഴാണ്‌ അത് ഒരുനാള്‍ മംഗല്യമാണെന്ന് അറിഞ്ഞത്.അപ്പോഴേക്കും നേരം ഇരുട്ടി, പുലര്‍ച്ചെ തിരികെ വീട്ടിലേക്ക് പോകാമെന്ന് കരുതവെയാണ്‌ ഒരുവന്‍ അവളെ ആക്രമിക്കാന്‍ ശ്രമിച്ചത്.ആ രക്ഷക്കായുള്ള ഓട്ടമാണ്‌ ഇപ്പോള്‍ കാറില്‍ ഞങ്ങളുടെ സഹയാത്രികയായി അവളെ മാറ്റിയത്.
കഥകള്‍ കേള്‍ക്കവേ ശെല്‍വ കാറിന്‍റെ സ്പീഡ് വര്‍ദ്ധിപ്പിച്ചു....

കോയമ്പത്തൂരില്‍ വച്ച് കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു:
"എപ്പടി നന്ദി സൊല്ലണമെന്ന് തെരിയാത്"
ഒന്നും പറയാതെ ഒന്ന് ചിരിച്ച് കാട്ടിയട്ട് ഞങ്ങള്‍ വണ്ടി മുന്നോട്ടെടുത്തു.കാറിന്‍റെ കണ്ണാടിയിലൂടെ അകന്ന് പോകുന്ന ഞങ്ങളെ നോക്കുന്ന അവളെ ഞാന്‍ ഒരിക്കല്‍ കൂടി കണ്ടു, അപ്പോള്‍ അവള്‍ കാഴ്ചകള്‍ മറക്കുന്ന കണ്ണുനീരിനെ തുടക്കുകയായിരുന്നു.
പാലക്കാട്ട് എത്തുന്ന വരെ ഞാനോ ശെല്‍വയോ പരസ്പരം ഒന്നും സംസാരിച്ചില്ല.പാലക്കാട്ട് കാറില്‍ നിന്ന് ഇറങ്ങിയപ്പോഴാണ്‌ ഞാനത് കണ്ടത്, കാറിന്‍റെ പിന്‍ സീറ്റില്‍ കതിര്‍വേണിയുടെ പേഴ്സ്.ഒരു ആകാംക്ഷക്കായി അത് തുറന്ന് നോക്കിയ ഞങ്ങള്‍ സ്തംഭിച്ച് പോയി...
അതിലൊരു താലിയായിരുന്നു!!!
ആരെങ്കിലും കഴുത്തിലണിഞ്ഞ് തരുമെന്ന് വിശ്വസിച്ച് കതിര്‍വേണി കൂടെ കൊണ്ട് നടന്ന മംഗല്യസൂത്രം.
അതവള്‍ മറന്ന് വച്ചതോ, അതോ മനപ്പൂര്‍വ്വം ഉപേക്ഷിച്ചതോ??
പുരാണത്തില്‍ അരവന്‍റെ ഭാര്യയാവാന്‍ വിസമ്മതിച്ച സ്ത്രീകള്‍ക്ക് പിന്നെ മംഗല്യഭാഗ്യം ലഭിച്ചോന്ന് അറിയില്ല, അവരെയെല്ലാം അരവന്‍ മനസ്സാ ശപിച്ച് കാണാനും വഴിയില്ല.ആ ഉലൂപിയുടെ പുത്രനു കതിര്‍വേണിയെ പോലുള്ളവരുടെ വിഷമം മനസിലാവാതിരിക്കില്ല..
അതിനാല്‍ ആ മംഗല്യസൂത്രം കൈയ്യില്‍ പിടിച്ച് ഞാന്‍ പ്രാര്‍ത്ഥിച്ചു...
ദൈവമേ, കതിര്‍വേണിക്ക്, അല്ല....കതിര്‍വേണിമാര്‍ക്ക് നല്ലൊരു ദാമ്പത്യം ലഭിക്കണേ...
അവരുടെ സ്വപ്നങ്ങളും പൂവണിയണേ.
മനുഷ്യരായി പിറന്ന് അവഹേളനങ്ങള്‍ ഏറ്റുവാങ്ങുന്ന അവറ്റകളെ കണ്ടില്ലെന്ന് നടിക്കരുതേ.
ഉലൂപിയുടെ പുത്രന്‍ ഈ പ്രാര്‍ത്ഥന കേട്ടിരിക്കുമോ??
കതിര്‍വേണിമാരുടെ സ്വപ്നങ്ങള്‍ പൂവണിയുമോ??
ആവോ, ആര്‍ക്കറിയാം..
കാത്തിരുന്ന് കാണുക തന്നെ.

മോഹന്‍ജെദാരോ കോളനി



ജീവിതത്തില്‍ പരിചയപ്പെടുന്ന പലവിധം മനുഷ്യര്‍, ചോരയുടെ മണമുള്ളവര്‍, കണ്ണീരിന്‍റെ നനവുള്ളവര്‍.ചിലരെ നമ്മള്‍ പെട്ടന്ന് മറക്കും, എന്നാല്‍ മറ്റു ചിലരെ നമ്മള്‍ ഓര്‍ത്തിരിക്കും.അത്തരത്തില്‍ ഞാന്‍ ഓര്‍ത്തിരിക്കുന്ന ഒരു വ്യക്തിയെ കുറിച്ച് ഏതാനും വാക്കുകള്‍..

പെണ്ണ്‌ കെട്ടി ഒരു മാസം കഴിഞ്ഞപ്പോള്‍ പെമ്പ്രന്നോത്തിയെ നാട്ടില്‍ നിര്‍ത്തി ജോലിസംബന്ധമായി ഞാനിങ്ങ് ബാംഗ്ലൂരിലെത്തി.ഇങ്ങനൊരു സാഹചര്യത്തില്‍ അകപ്പെടുന്ന ഏതൊരു പുതുമാപ്ലയേയും പോലെ ആഴ്ചയില്‍ ആഴ്ചയില്‍ ഞാന്‍ ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് വണ്ടി കേറും.
പണ്ട് മൂന്ന് മാസത്തില്‍ ഒരിക്കല്‍ വരുന്നവന്‍, എല്ലാ ആഴ്ചയിലും വരുന്നത് കണ്ടാകാം അച്ഛന്‍ ചോദിച്ചു:
"നീയെന്തിനാ ഇടക്കിടെ വരുന്നത്?"
നല്ല ബെസ്റ്റ് ചോദ്യം!!
ആ ചോദ്യത്തിനു മുമ്പില്‍ ആദ്യം ഒന്ന് പതറിയെങ്കിലും, ധൈര്യം സംഭരിച്ച് ഞാന്‍ തിരിച്ച് ചോദിച്ചു:
"നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം എന്നല്ലേ അച്ഛാ?"
അത് കേട്ടതും അച്ഛന്‍ ഒന്ന് പൊട്ടിച്ചിരിച്ചു.
നാട്ടിന്‍പുറത്ത് നിന്നും എനിക്ക് എന്ത് നന്മയാ ലഭിക്കുന്നത് എന്ന് ബോധ്യമുള്ള അച്ഛന്‍ പറഞ്ഞു:
"ഈ കുറി ബാംഗ്ലൂര്‍ പോകുമ്പോള്‍ നിന്‍റെ പെണ്ണുമ്പിള്ളയെ കൂടി കൊണ്ട് പോയ്ക്കോ"
ങ്ങേ!!
അച്ഛനെന്താ അങ്ങനെ പറഞ്ഞത്??
അന്തം വിട്ട് നിന്ന എന്നെ നോക്കി അച്ഛന്‍ ഒരു വാചകം കൂടി പറഞ്ഞു:
"ഇനി ബാംഗ്ലൂരിലും നന്മ വിരിയട്ടെ"
അയ്യേ!!
അച്ഛന്‍ തെറ്റിദ്ധരിച്ചു!!
അങ്ങനെ ബാംഗ്ലൂരിലേക്ക് തിരിച്ചപ്പോള്‍ വാമഭാഗത്തിനു ഒരു സംശയം:
"നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം എന്ന് ചേട്ടന്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ എന്തിനാ ചിരിച്ചത്?"
അതോ, അതിനു കാരണം ഒരു സംഭവമാ, പത്താംക്ലാസ്സില്‍ വച്ച് നടന്ന ഒരു സംഭവം.

പത്താം ക്ലാസ്സിലെ ഒരു ദിവസം..
"നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം"
ഈ വാമൊഴി ഈണത്തില്‍ പാടിയിട്ട് മലയാളം മാഷ് പറഞ്ഞു:
"എല്ലാരും ഇതൊന്ന് വിശദീകരിച്ച് എഴുതിയേ"
അത് കേട്ടപാതി കേള്‍ക്കാത്ത പാതി ഞാനെന്‍റെ ബുക്കില്‍ വിശദീകരിച്ചു എഴുതി,

നാട്യപ്രധാനം നഗരം:-
സിംപിള്‍!!
നഗരത്തില്‍ നാട്യശാസ്ത്രത്തിനാണ്‌ പ്രാധാന്യം!!

ദരിദ്രം നാട്ടിന്‍പുറം:-
വെരി സിംപിള്‍!!
നാട്ടിന്‍പുറത്തുകാര്‌ ദരിദ്രരാണ്!!

നന്മ കള്ളാല്‍ സമൃദ്ധം:-
ഇതും സിംപിള്‍!!
കള്ള്‌ കുടിച്ചാല്‍ നന്മ ലഭിക്കും!!

അതായത് നാട്യശാസ്ത്രത്തിനു പ്രാധാന്യമുള്ള നഗരവാസികളും, ദരിദ്രരായ നാട്ടിന്‍പുറത്തുകാരും മനസ്സില്‍ നന്മ വേണമെങ്കില്‍ കള്ള്‌ കുടിക്കണം.
ഹോ, എത്ര നല്ല വിശദീകരണം!!

വിശദീകരണം സാറിനെ കാണിക്കാന്‍ ഞാന്‍ പതുക്കെ എഴുന്നേറ്റ് നിന്നു.
എന്‍റെ വിശദീകരണം വായിച്ച് സാറിന്‍റെ കണ്ണ്‌ തള്ളി!!
പിന്നെ കുറേ നേരം നിശബ്ദത..
സാറ്‌ ബുക്കിലും എന്‍റെ മുഖത്തും മാറി മാറി നോക്കുന്നതല്ലാതെ ഒന്നും പറയുന്നില്ല.ഒരു അഞ്ച് മിനിറ്റ് നെഞ്ചും തടവി അദ്ദേഹം ഒരേ നില്‍പ്പ് തന്നെ.അവസാനം ബുക്ക് മടക്കി തന്നിട്ട് ദയനീയ സ്വരത്തില്‍ പറഞ്ഞു:
"മനു, നി ഇങ്ങനെ എഴുതുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല"
അതേയോ??
ഞാന്‍ സാറിന്‍റെ പ്രതീക്ഷകള്‍ക്കപ്പുറം വളര്‍ന്നിരിക്കുന്നു!!
ഭയങ്കരന്‍ തന്നെ!!
എന്‍റെ അച്ഛനും അമ്മയ്ക്കും സന്തോഷിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തോ വേണം??
അന്ന് അങ്ങനെ സന്തോഷിച്ചത് ഓര്‍ത്താവാം അച്ഛന്‍ പൊട്ടിചിരിച്ചത്!!

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ബാംഗ്ലൂരില്‍ എത്തിയപ്പോഴാണ്‌ സാര്‍ അന്ന് പാടിയ വാമൊഴി ഞാന്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടത്.ഇവിടെ എല്ലാവര്‍ക്കും സ്വന്തം കാര്യം മാത്രം, അയലത്തു വീട്ടില്‍ താമസിക്കുന്നവനെ പോലും അറിയില്ല.കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ഞാന്‍ മനസിലാക്കിയ മഹാ സത്യം.
ബാംഗ്ലൂരില്‍ വലതുകാല്‍ വച്ചപ്പോള്‍ തന്നെ വൈഫിനോട് ഞാന്‍ ഇവിടുത്തെ സ്ഥിതി വിശേഷം പറഞ്ഞു കൊടുത്തു:
"നമ്മുടെ നാട് പോലെയല്ല ബാംഗ്ലൂര്‍"
"എന്തേ?"
"ചത്താ കിടന്നാല്‍ പോലും തിരിഞ്ഞ് നോക്കാത്ത അയല്‍ക്കാരാ"
ഞാന്‍ പറഞ്ഞത് മനസിലായെങ്കിലും അവളുടെ ലോല മനസ്സില്‍ ഉണ്ടായ ഒരു സംശയം അവള്‍ തിരിച്ച് ചോദിച്ചു:
"ചത്ത് കിടക്കുമ്പോള്‍ എങ്ങനാ ചേട്ടാ തിരിഞ്ഞ് നോക്കുന്നത്?"
കഷ്ടം!!
എന്നെ അങ്ങ് കൊല്ല്!!

മോഹന്‍ജെദാരോ കോളനി..
ഇവിടെയാണ്‌ എന്‍റെ പുതിയ വാടകവീട്.ബാച്ചിലറായി താമസിക്കുമ്പോള്‍ എവിടെ താമസിച്ചാലും ഒന്നുമില്ല, പക്ഷേ ഫാമിലി ലൈഫില്‍ അത് പറ്റില്ലല്ലോ.അതിനാല്‍ മാത്രമാണ്‌ ഞാന്‍ ഈ കോളനി തിരഞ്ഞെടുത്തത്.അടുത്തടുത്ത് വീടുകള്‍, എല്ലാരും ഫാമിലി ലൈഫ്, അത്യാവശം നല്ല പോഷ് ഏരിയ.ഒരു കുടുംബമായി താമസിക്കാന്‍ എന്ത് കൊണ്ടും നല്ലത്.
ഗൃഹപ്രവേശം കഴിഞ്ഞപ്പോള്‍ തന്നെ വാമഭാഗത്തിനോട് ഞാന്‍ മൊഴിഞ്ഞു:
"ഇനി ഇതാ നമ്മുടെ വീട്, ഇവിടെ നമ്മളെ ശല്യപ്പെടുത്താന്‍ ഒരുത്തനും വരില്ല"
ഞാന്‍ പറഞ്ഞ് നാക്കെടുത്തില്ല, അപ്പോഴേക്കും കോളിംഗ് ബെല്ല്‌ ശബ്ദിച്ചു,
'ടിങ്ങ് ടോങ്ങ്, ടിങ്ങ് ടോങ്ങ്'
ങ്ങേ!!
ആരാ?

ഒരു ആഷ്പോഷ് കൊച്ചമ്മ, തലയില്‍ കരിയോയിലും പൂശി, മുഖത്ത് പുട്ടിയുമിട്ട്, വലിയൊരു കൂളിംഗ്ലാസ്സും വച്ച്, പട്ട് സാരി ചുറ്റി, സ്വര്‍ണ്ണ വളയിട്ട്, കൈയ്യിലൊരു ഹാന്‍ഡ് ബാഗും ആയി നില്‍ക്കുന്നു.പുറകില്‍ നിന്ന് നോക്കിയാല്‍ ശ്രീദേവിയെ പോലെയും, മുമ്പില്‍ നിന്ന് നോക്കിയാല്‍ മൂധേവിയെ പോലെയുമുള്ള അവരോട് ഞന്‍ ചോദിച്ചു:
"ആരാ?"
"ഞാന്‍ വനജ, വനജ കൊച്ചമ്മ എന്ന് എല്ലാവരും വിളിക്കും"
ഓഹോ!!
അന്തംവിട്ട് നിന്ന എന്നോട് അവര്‍ ചോദിച്ചു:
"വൈഫില്ലേ?"
എന്തേ, എനിക്ക് വൈഫില്ലെങ്കില്‍ വൈഫ് ആകാന്‍ വന്നതാണോ??
ഉണ്ട്, എനിക്കൊരു വൈഫ് ഉണ്ട്!!
"വിളിക്കൂ, ഞാന്‍ ഒന്ന് പരിചയപ്പെടട്ടേ" അവരുടെ ഓര്‍ഡര്‍.
അത് കേട്ടതും ഞാന്‍ വൈഫിന്‍റെ അടുത്തേക്ക് ഓടി.കോളിംഗ് ബെല്ല്‌ അടിച്ചത് ആരാ എന്ന് നോക്കാന്‍ പോയ കാന്തന്‍ ശരം വിട്ട പോലെ ഓടി വരുന്നത് കണ്ട് അവള്‍ ചോദിച്ചു:
"ആരാ വന്നത്?"
"പുടവ ചുറ്റിയ ഒരു പിടിയാന, നിന്നെ പരിചയപ്പെടാന്‍ വന്നതാ"
അങ്ങനെ ഞങ്ങള്‍ അവരെ പരിചയപ്പെട്ടു.

എന്‍റെ പ്രതീക്ഷ തെറ്റിയില്ല, അവര്‍ ഒരു സംഭവം ആയിരുന്നു!!
കോളനിയുടെ ഇപ്പോഴത്തെ സെക്രട്ടറി.സ്വന്തം ഹസ്സ്‌ബെന്‍റിനൊപ്പം, അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ സ്വന്തം ഹസ്സിനൊപ്പം അടുത്ത വീട്ടില്‍ താമസിക്കുന്നു.പ്രോഡക്ഷന്‍ യൂണിറ്റിന്‍റെ മേന്മ കാരണം ജനിച്ചത് മൂന്നും പെണ്‍ മക്കളായിരുന്നു.ഒന്നാമത്തവള്‍ അമേരിക്കയില്‍ പോയി, രണ്ടാമത്തവള്‍ ഒമാനില്‍ പോയി, മൂന്നാമത്തവള്‍ ഒളിച്ചോടി പോയി.ഇത് പഴയ കഥ.
ഇപ്പോള്‍ സ്വസ്ഥം, കോളനി ഭരണം.
സ്വന്തം കഥ വിശദീകരിച്ചിട്ട് അവര്‍ ചോദിച്ചു:
"ഇതാണ്‌ എന്‍റെ ഭൂതകാലം, ഇനി നിങ്ങളുടെ ഭൂതം എന്താണ്?"
ഞങ്ങളുടെ ഭൂതമോ??
അതാ മുമ്പില്‍ ഇരിക്കുന്നത്!!

അവര്‍ ഒരു ഭൂതം തന്നെയായിരുന്നു.ദിവസവും വീട്ടില്‍ വരും, എന്നിട്ട് ലോകത്തുള്ളവരുടെ കുറ്റം മൊത്തം പറയും, കൂട്ടത്തില്‍ അവരുടെ വീരസാഹസിക കഥകളും.ഗതി കെട്ടാല്‍ പൊളവനും കടിക്കും എന്നല്ലേ, അത് തന്നെ ഇവിടെയും സംഭവിച്ചു.അവരുടെ പൊങ്ങച്ചങ്ങള്‍ കേട്ട് കേട്ട് ഭാര്യയും തിരിച്ച് പറയാന്‍ തുടങ്ങി..
കൊച്ചമ്മ: "ഞാന്‍ ചുട്ട കോഴിയെ പറപ്പിച്ചിട്ടുണ്ട്"
ഭാര്യ: "ഞാന്‍ ചുട്ട കോഴിയെ പറപ്പിച്ച് അതിനെ കൊണ്ട് ഒരു കൊത്തൂടെ കൊത്തിച്ചിട്ടുണ്ട്"
ഈശ്വരാ!!
അറിയാതെ ഞാന്‍ തലയില്‍ കൈ വച്ച് പോയി.
ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഏകദേശ സംഭവം പിടി കിട്ടി കാണുമല്ലോ??
പക്ഷേ എന്തിനും ഒരു അവസാനമുണ്ട്..
ആയൂര്‍വേദം ,ഹോമിയോ എന്നീ മേഖലകളില്‍ ഭാര്യയ്ക്കാ അറിവ് കൂടുതലെന്ന് കൊച്ചമ്മയും,
ആരോഗ്യ മേഖയില്‍ കൊച്ചമ്മയ്ക്കാ അറിവ് കൂടുതലെന്ന് ഭാര്യയും പ്രഖ്യാപിച്ചു.അങ്ങനെ അവര്‍ തമ്മില്‍ ഒരു ധാരണയായി, അതെനിക്കൊരു മാരണമായി.

കൊച്ചമ്മയുടെ ഹസ്സിനു എന്തെങ്കിലും അസുഖമുണ്ടായാല്‍ അവര്‍ എന്‍റെ വീട്ടിലോട്ട് ഓടി വരും, എന്നിട്ട് ഗായത്രിയുടെ കൈയ്യില്‍ നിന്ന് എന്തെങ്കിലും ഒരു ഗുളികയും വാങ്ങി തിരിച്ച് പോകും.അതേ മാതിരി ആരോഗ്യത്തെ കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങള്‍ എന്‍റെ മേല്‍ പരീക്ഷിക്കാന്‍ അവര്‍ നിര്‍ബദ്ധിക്കുകയും ചെയ്യും.അങ്ങനെ എന്‍റെ കൊച്ച് വീട്ടില്‍ ദിവസവും ഒരോ സംഭവങ്ങള്‍ അരങ്ങേറാന്‍ തുടങ്ങി.എല്ലാമൊന്നും വിശദീകരിക്കാന്‍ സമയമില്ല, ഒരു മൂന്ന് സംഭവങ്ങള്‍ ഞാനിവിടെ വിശദീകരിക്കാം..

ഒന്നാമത്തെ സംഭവം..
എന്ത് അസുഖമായാലും, ഏത് പാതിരാത്രി ആയാലും ആ പെണ്ണുമ്പിള്ള എന്‍റെ വീട്ടിലോട്ട് ഓടി വരുന്നത് എനിക്ക് ഒരു കുരിശായി മാറി.ഇവരെ എങ്ങനെ ഒഴിവാക്കാം എന്നതായി എന്‍റെ ചിന്ത.ഉറക്കം വരാത്ത രാത്രികള്‍..
അങ്ങനെയിരിക്കെ ഒരു കൊച്ച് വെളുപ്പാന്‍ കാലത്ത്, ഒരു മൂന്ന് മണി ആയി കാണണം ആരോ കോളിംഗ് ബെല്ല്‌ അടിക്കുന്നത് കേട്ടാ ഞാന്‍ എഴുന്നേറ്റത്.കതക് തുറന്ന് നോക്കിയപ്പോള്‍ കൊച്ചമ്മ.അവര്‍ വെപ്രാളത്തോടെ ചോദിച്ചു:
"ഹസ്സ്‌ബെന്‍റിന്‍റെ ഗ്യാസ്സ് പോകാന്‍ എന്ത് ചെയ്യണം?"
ഒരു ഉലക്ക എടുത്ത് തലക്കടിച്ചാല്‍ മതി!!
ഗ്യാസ്സ് പോയി ആള്‌ പെട്ടന്ന് വടി ആകും.ഹല്ല പിന്നെ??
വാ തുറന്ന് ഇങ്ങനെ പറയാന്‍ പോയ എന്നോട് അവര്‍ പറഞ്ഞു:
"ഇന്നലെ രാത്രിയില്‍ ഉരുളന്‍ കിഴങ്ങ് കറി കൂട്ടിയതാ, ഇപ്പം ഗ്യാസ്സായി"
അയ്യോ, ആ ഗ്യാസ്സായിരുന്നോ??
എന്നാ വൈഫിനോട് ചോദിക്കാം.

രണ്ടാമത്തെ സംഭവം..
ഇക്കുറി ആരോഗ്യമാ സംസാര വിഷയം.
ആരോഗ്യത്തിന്‍റെ മേന്മകളെ കുറിച്ചും, ആരോഗ്യവാനായി ഇരിക്കേണ്ട ആവശ്യത്തെ കുറിച്ചും കൊച്ചമ്മ ഗായത്രിക്ക് ക്ലാസ്സെടുക്കുന്നു.ഗായത്രിയോടൊപ്പം ഞാനുമത് കേട്ടിരുന്നു..
"കൊളസ്ട്രോള്‍, പ്രഷര്‍, ഡയബറ്റീസ്സ്.. ആരോഗ്യം ശ്രദ്ധിച്ചില്ലേ ഭയങ്കര പ്രശ്നമാ"
നല്ല വിവരം ഉള്ള സ്ത്രീ!!
"മോളു വേണം മനുവിന്‍റെ ആരോഗ്യം നോക്കാന്‍"
ഹോ, എന്നോടെന്ത് വാത്സല്യമാ!!
"മനുവിന്‌ ദിവസവും വെളുപ്പിനെ ഒരോ ഗ്ലാസ്സ് പാവയ്ക്കാ ജൂസ്സ് കൊടുക്കണം"
പാവയ്ക്കാ ജ്യൂസ്സോ??
വെളുപ്പാന്‍ കാലത്തോ??
പരട്ട തള്ളേ..
അത് നിങ്ങടെ മറ്റവന്‌ കൊണ്ട് കൊട്!!
പിന്നീട് അവരുടെ സംസാരം ഹോളിവുഡിലെയും ബോളിവുഡിലെയും നായകന്‍മാരെ കുറിച്ചായി.അവരുടെ ആരോഗ്യ സംരക്ഷണം ആയിരുന്നു സംസാര വിഷയം.ശരീരഘടന, മസില്‍, വയര്‍..
സംസാരം ഇങ്ങനെ നീണ്ട് പോയി..
അവിടെ നായകന്‍മാരുടെ വയര്‍ സിക്സ്സ് പായ്ക്ക് ആണത്രേ!!
എന്‍റെയും, അവളുടെ അച്ഛന്‍റെയും കുടവയര്‍ മാത്രം കണ്ട് പരിചയമുള്ള ഗായത്രിയോട് കൊച്ചമ്മ ചോദിച്ചു:
"എന്‍റെ ഹസ്സിന്‍റെയും സിക്സ്സ് പായ്ക്കാ, മനുവിന്‍റെയോ?"
ആദ്യം ഒന്ന് അമ്പരന്നെങ്കിലും അവള്‍ വിക്കി വിക്കി മറുപടി പറഞ്ഞു:
"ചേട്ടന്‍റെ....ചേട്ടന്‍റെ ഫാമിലി പായ്ക്കാ"
കര്‍ത്താവേ!!
ഫാമിലി പായ്ക്കോ??
കുടവയറിനെ ആണോ ഇവള്‍ ഉദ്ദേശിച്ചത്??
കൊച്ചമ്മയ്ക്ക് ഒപ്പം ഞാനും ഞെട്ടി!!

മൂന്നാമത്തെ സംഭവം..
മറ്റ് കേസുകള്‍ പോലെ നിസ്സാരമായിരുന്നില്ല ഈ കേസ്സ്, പ്രശ്നം രോഗം തന്നെ.
ഫുഡ് പോയ്സ്സണ്‍!!
പതിവു പോലെ കൊച്ചമ്മ വീട്ടില്‍ ഓടിയെത്തി, എന്നിട്ട് പറഞ്ഞു:
"ഹസ്സിനു ലൂസ്സ് മോഷന്‍. എന്താ ചെയ്യുക?"
ടൊയിലറ്റില്‍ പോകണം എന്നാ വായില്‍ വന്നതെങ്കിലും, കാര്യത്തിന്‍റെ സീരിയസ്സ് അറിയാവുന്ന ഞാന്‍ പെട്ടന്ന് ഗായത്രിയോട് മരുന്നെടുക്കാന്‍ പറഞ്ഞു.അവള്‍ രണ്ട് 'ഡയാസിന്‍' ഗുളികയുമായി വന്നു.അത് കൈയ്യില്‍ വാങ്ങിയട്ട് അവര്‍ ചോദിച്ചു:
"ഇത് എങ്ങനെയാ യൂസ്സ് ചെയ്യണ്ടത്?"
എന്തിനും ഏതിനും വീട്ടില്‍ വന്ന് ശല്യപ്പെടുത്തുന്ന അവരെ നോക്കി ഞാന്‍ പിറുപിറുത്തു:
"ലൂസ്സ് മോഷന്‍ വരുമ്പോള്‍ ഒരെണ്ണം എടുത്ത് തിരുകി വച്ചാല്‍ മതി"
"എന്താ?"
ഭാഗ്യം, അവര്‍ കേട്ടില്ല!!
ഭാര്യ മറുപടി പറഞ്ഞു:
"ഒരെണ്ണം കഴിച്ചാല്‍ മതി"
"അത് കൊണ്ട് മാറുമോ?" അവര്‍ക്ക് പിന്നെയും സംശയം.
മാറിയില്ലങ്കില്‍ അടുത്തതും കൂടി തിരുകി വയ്ക്കണം!!
ഞാന്‍ എന്താ പറയാന്‍ വന്നത് എന്ന് മനസിലായ വൈഫ് അതേ അര്‍ത്ഥത്തില്‍ പറഞ്ഞു:
"അപ്പോള്‍ രണ്ടാമത്തതും യൂസ്സ് ചെയ്യണം"
"അത് മതിയോ?"
അത് മതി!!
ഗുളികയും കൊണ്ട് ഓടിയ അവര്‍ ഒരു നിമിഷം നിന്നു, എന്നിട്ട് തിരിഞ്ഞ് വിഷമത്തോടെ ചോദിച്ചു:
"എന്നിട്ടും മാറിയില്ലങ്കിലോ?"
നമുക്ക് ഒരു ആപ്പ് വയ്ക്കാം!!
പിന്നല്ല!!

ഇടവത്തിലെ ചാപിള്ള





"മാതാ പിതാ ഗുരുര്‍ ദൈവം"
മാതാവിനെയും പിതാവിനെയും ഗുരുവിനെയും ദൈവമായി കാണുന്ന ഭാരതം.
എന്നാല്‍ ഇപ്പോള്‍ ഈ ഗുരുക്കന്‍മാരെ ആരും വില കല്പിക്കാറില്ല.
എന്താണ്‌ അതിനു കാരണം?
പഴയ ഗുരുകുല വിദ്യാഭ്യാസത്തില്‍ നിന്നും മാറിയ പുതിയ വിദ്യാഭ്യാസ രീതിയോ?
അതേ എന്നാണ്‌ എന്‍റെ മറുപടി...
ഗുരുശിഷ്യ ബന്ധം ഗുരുകുലത്തില്‍ നിന്നും സ്ക്കുളുകളിലേക്ക് മാറിയപ്പോള്‍ കുട്ടികളെ ഓടിച്ചിട്ട് പിടിക്കേണ്ട ഗതികേടിലായി അധ്യാപകര്‍.
കുട്ടികളുടെ തല എണ്ണാന്‍ വരുമ്പോള്‍ എണ്ണം തികയാന്‍, തങ്ങളുടെ ജോലി സ്ഥിരമാക്കാന്‍, മെയ് മാസത്തില്‍, അതായത് മലയാളത്തിലെ ഇടവമാസ വേളയില്‍, ഇറങ്ങി തിരിക്കേണ്ട ഗതികേടിലാണ്‌ ഇന്നവര്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ഇടവമാസത്തില്‍ അങ്ങനെ ഇറങ്ങി തിരിച്ച നാല്‌ അധ്യാപകരില്‍ എന്‍റെ അമ്മയും ഒരാളായിരുന്നു.ഒരു മൂന്നാം ക്ലാസ്സ്‌കാരനായ എന്നെ ഒക്കത്ത് വെച്ചു കൊണ്ടായിരുന്നു അമ്മ സഹപ്രവര്‍ത്തകരോടൊപ്പം തങ്ങളുടെ സ്ക്കുളിനു വേണ്ടി കുട്ടികളെ പിടിക്കാന്‍ ഇറങ്ങിയത്.

വലിയ ഒരു വീട്, അതിന്‍റെ ഗേറ്റില്‍ ഒരു ബോര്‍ഡും,
'പട്ടിയുണ്ട്, സൂക്ഷിക്കുക'
ആ ബോര്‍ഡ് കണ്ട് പേടിച്ച് വഴിയില്‍ നിന്ന ഞങ്ങളോട്, ആ വീട്ടില്‍ നിന്ന ഒരു സ്ത്രീ വിളിച്ച് ചോദിച്ചു:
"എന്തേയ്?"
പട്ടിയുണ്ടെങ്കിലെന്താ, വീടിന്‍റെ കോമ്പൌണ്ടില്‍ കയറിയാലെല്ലേ പ്രശ്നമുള്ളു.അത്കൊണ്ട് തന്നെ വെളിയില്‍ നിന്ന ഞങ്ങളുടെ ഇടയില്‍ നിന്നും അറബി സാര്‍ വിളിച്ച് ചോദിച്ചു:
"ഈ ബോര്‍ഡ് കണ്ടാ കേറാത്തെ, ഇവിടെ കുട്ടിയുണ്ടോ?"
ഒരു നാല്‌ യോഗ്യരായ ആള്‍ക്കാര്‍ വന്ന് പട്ടിയുണ്ട് എന്ന ബോര്‍ഡ് കണ്ടിട്ട്, കുട്ടിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍, പട്ടികുട്ടിയെയാ ഉദ്ദേശിച്ചത് എന്ന് കരുതിയാകണം അവര്‍ മറുപടി പറഞ്ഞു:
"തീര്‍ന്നു പോയി, അടുത്ത പ്രസവത്തിനു തരാം"
കര്‍ത്താവേ!!!
ഇവരാര്??
സ്വന്തമായി പ്രസവ യൂണിറ്റ് ഉള്ള സ്ത്രീയോ?
അടിക്കടി പ്രസവിക്കുമത്രേ!!
എന്ത് തന്നെയായാലും അടുത്ത പ്രസവത്തിനു അവരുടെ പത്ത് മക്കളെയെങ്കിലും തങ്ങളുടെ സ്ക്കുളില്‍ ചേര്‍ക്കണമെന്ന് നാല്‌ അധ്യാപകരും കൂടി തീരുമാനിച്ചു.'അന്ന ദാതാവ്' എന്ന് പറയുന്ന പോലെ 'കുഞ്ഞ്‌ ദാതാവായ' ആ സ്ത്രീയെ നോക്കി ഒന്ന് ചിരിച്ച് കാട്ടിയിട്ട് ഞങ്ങള്‍ അടുത്ത വീട്ടിലേക്ക് നടന്നു.

രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതാ, സ്ക്കൂളിലോട്ട് വരുന്ന വഴി ഒരു കടയില്‍ നിന്നും അമ്മ മസാലദോശ വാങ്ങി തന്നാരുന്നു.സത്യം പറയാമല്ലോ, മസാല ദോശ എനിക്ക് ഒരു വീക്ക്‌നെസ്സാ.ഒന്നും രണ്ടുമല്ല, മൂന്നെണ്ണമാ തട്ടിയത്.അത് കഴിഞ്ഞാണ്‌ അമ്മയുടെ ഒക്കത്ത് ഇരുന്നുള്ള ഈ ഊരു തെണ്ടല്‍.അതും പോകുന്ന വീട്ടില്‍ നിന്നെല്ലാം മാങ്ങ, ചക്ക ഇത്യാദി വിഭവങ്ങള്‍ വേറെ.സ്വന്തം വയറാണെന്ന് കരുതാതെ എല്ലാം അകത്താക്കിയതിനാല്‍ വയറ്‌ കേറി അങ്ങ് വീര്‍ത്തു.

സമയം ഉച്ച ആകാറായി...
എനിക്ക് ഒരു തളര്‍ച്ച പോലെ, ശര്‍ദ്ദിക്കണം എന്നൊരു തോന്നല്‍.ഒടുവില്‍ അത് സംഭവിച്ചു, നല്ല രീതിയിലൊന്ന് ശര്‍ദ്ദിച്ചു.ആ സംഭവം അധ്യാപകരുടെ കുട്ടിയെ തേടിയുള്ള നടപ്പിനു ഒരു വിഘാതമായി.വയ്യാതിരിക്കുന്ന എന്നെ ചുമന്നോണ്ട് നടക്കാനോ, വഴിയിലിട്ടട്ട് പോകാനോ പറ്റില്ല.സ്ക്കുള്‍ തുറക്കാറായതിനാല്‍ കുട്ടികളെ തപ്പി നടന്നേ പറ്റു.
ഇനി എന്ത് ചെയ്യും?
ഒടുവില്‍ ഇതിനവര്‍ കണ്ട് പിടിച്ച പരിഹാരമാണ്‌ എന്നെ മീനാക്ഷിയമ്മയുടെ അടുത്ത് ഇരുത്താനുള്ള തീരുമാനം.
അത് ഞാനും സമ്മതിച്ചു.

മീനാക്ഷിയമ്മ..
ഒരു അറുപത് വയസ്സിനു മേല്‍ പ്രായം.അവരുടെ വീട്ടില്‍ എപ്പോഴും ആറേഴ് പെണ്ണുങ്ങള്‍ കാണും.വെറുതെ നാട്ട് വിശേഷം പറഞ്ഞിരിക്കാന്‍ മാത്രമല്ല കേട്ടോ, ഒരു ഗ്രൂപ്പായി ഇരുന്ന് ചകിരി പിരിച്ച് കയര്‍ ഉണ്ടാക്കുന്നതാണ്‌ ഇവരുടെ തൊഴില്‍.എനിക്ക് അവിടെയിരിക്കുന്നത് വലിയ ഇഷ്ടമാ, കാരണം ടീച്ചറിന്‍റെ മോന്‍ എന്ന പരിഗണനയുണ്ട്.അവര്‍ ജോലി ചെയ്യുന്നതും കണ്ട്, നാട്ട് വിശേഷങ്ങള്‍ പറയുന്നതും കേട്ട്, വെറുതെ ഇരുന്നു കൊടുത്താല്‍ മതി.
അന്നും അവര്‍ എന്നെ സന്തോഷത്തോടെയാണ്‌ സ്വീകരിച്ചത്.പതിവു പോലെ എന്നെ ഒരു സൈഡില്‍ ഇരുത്തിയിട്ട് ജോലിയോടൊപ്പം അവര്‍ ചര്‍ച്ചയും തുടങ്ങി.

ചര്‍ച്ചാവിഷയം: സ്ക്കുളുകളില്‍ കുട്ടികള്‍ കുറയാന്‍ കാരണം.
ഇത് കലിയുഗമാണത്രേ!!!
പഴയ പോലെ കുട്ടികള്‍ ഉണ്ടാവില്ല പോലും.
പണ്ടൊക്കെ ദിവസവും രാവിലെ ഉറക്കം ഉണരുന്നത് എവിടെങ്കിലും ഒരു കുഞ്ഞ് ജനിച്ചു എന്ന് കേട്ടാണന്നും, ഇന്ന് വല്ലപ്പോഴുമാണ്‌ ആ വാര്‍ത്ത കേള്‍ക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.പിന്നീട് പ്രസവത്തെ കുറിച്ചായി ചര്‍ച്ച.രാധിക, ശാരദ, മേനക എന്നിങ്ങനെ പ്രസവിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു കൂട്ടം ഗര്‍ഭിണികളെ പുകഴ്ത്തി കൊണ്ട് അവര്‍ ആ ചര്‍ച്ച അവസാനിപ്പിച്ചു.

ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തില്ലെങ്കിലും, അത് കേട്ടിരുന്ന എനിക്ക് കുറേ പ്രധാന കാര്യങ്ങള്‍ മനസ്സിലായി.സ്ക്കുളില്‍ കുട്ടികളെ വേണമെങ്കില്‍ ആദ്യം അവരെ പ്രസവിക്കണം, ഇത് ഗര്‍ഭിണികളുടെ ജോലിയാണ്.അവര്‍ക്ക് മാത്രമേ ഇത്തരം ഒരു കര്‍മ്മം നിര്‍വ്വഹിക്കാന്‍ കഴിയൂ.
ഹോ, എത്ര മഹത്തായ അറിവുകള്‍!!
ഈ അറിവുകള്‍ അയവിറക്കി കൊണ്ടിരുന്നപ്പോഴാണ്‌ എന്‍റെ മനസ്സില്‍ ഒരു സംശയം പൊന്തി വന്നത്, ഞാനത് മീനാക്ഷിയമ്മയോട് തുറന്ന് ചോദിക്കുകയും ചെയ്തു:
"ഗര്‍ഭിണികളെ എങ്ങനെ തിരിച്ചറിയാം?"
എ വെരി ഇന്‍റലിജന്‍റ്‌ ക്വസ്റ്റ്യന്‍!!
മീനാക്ഷിയമ്മ അടക്കമുള്ള മഹിളാമണികള്‍ ഇത് കേട്ട് ഒന്ന് ഞെട്ടി.
കൊച്ച് വായില്‍ നിന്നും വന്ന ചോദ്യം കേട്ടില്ലേ?
ഇനി എന്ത് മറുപടി പറയും?
ഒടുവില്‍ ഗര്‍ഭിണികളെ തിരിച്ചറിയാനുള്ള കുറേ കാരണങ്ങള്‍ സൂചിപ്പിച്ച് അവര്‍ തല ഊരി,
ഗര്‍ഭിണികളുടെ വയര്‍ വീര്‍ത്തിരിക്കുമത്രേ!!
മാത്രമല്ല അവര്‍ക്ക് മസാലദോശ, മാങ്ങാ ഇതൊക്കെ ഇഷ്ടമാണ്‌ പോലും!!
മീനാക്ഷിയമ്മയുടെ ഈ മറുപടി കേട്ട് എനിക്ക് തലകറങ്ങുന്ന പോലെ തോന്നി.
ഇതൊക്കെ തന്നെയാ എന്‍റെയും പ്രശ്നം..
എനിക്കും മസാലദോശയും മാങ്ങയും ഇഷ്ടമാ, മാത്രമല്ല ഇപ്പോള്‍ എന്‍റെ വയറും വീര്‍ത്തിരിക്കുവാ..
എന്‍റെ പറശ്ശീനിക്കടവ് മുത്തപ്പാ!!!
ഇനി ഞാന്‍ ഗര്‍ഭിണിയാണോ???
തികച്ചും ന്യായമായ സംശയം!!
എങ്കില്‍ തന്നെയും എന്തും രണ്ട് വട്ടം ഉറപ്പിക്കണം എന്നല്ലേ, അത് കൊണ്ട് ഞാന്‍ ആരാഞ്ഞു:
"ഈ ഗര്‍ഭിണികള്‍ ശര്‍ദ്ദിക്കുമോ?"
കൊച്ച് കുഞ്ഞാണെങ്കിലും എന്തോരം അറിവാ എന്ന് കരുതിയാകണം എല്ലാവര്‍ക്കും അതിശയം, ഒടുവില്‍ മീനാക്ഷിയമ്മ വിശദീകരിച്ച് തന്നു:
"ശര്‍ദ്ദിക്കും, എന്ന് മാത്രമല്ല പ്രസവം വരെ നല്ല ക്ഷീണവും കാണും"
ആണോ??
അപ്പം ഞാന്‍ ഗര്‍ഭിണി തന്നെ!!!
എനിക്ക് ഉറപ്പായി.

എന്തായാലും ഗര്‍ഭിണീയാണെന്ന് ഉറപ്പായി.ഇനി ക്ഷീണവും ശര്‍ദ്ദിലും മാറണമെങ്കില്‍ പ്രസവിക്കണമത്രേ.വേറെ വഴി ഇല്ലല്ലോ, ഞാന്‍ മീനാക്ഷിയമ്മയോട് എന്‍റെ ആവശ്യം പറഞ്ഞു:
"എനിച്ച് പ്രസവിക്കണം"
എന്ത്??
മഹിളാമണികളുടെ കണ്ണ്‌ തള്ളി!!
ഒരു മാങ്ങാ തിന്നാന്‍ പൂളി വായിലോട്ടിട്ട മീനാക്ഷിയമ്മ പെട്ടന്നുണ്ടായ ഷോക്കില്‍ വാ പോലും അടക്കാതെ എന്നെ അന്തം വിട്ട് നോക്കി.പിന്നീട് ബോധം വന്നപ്പോള്‍ വായില്‍ കിടന്ന ആ കഷ്ണം വിഴുങ്ങിയിട്ട്, തല ഒന്ന് വെട്ടിച്ച് ചോദിച്ചു:
"മോനെന്താ പറഞ്ഞത്?"
"എനിച്ച് പ്രസവിക്കണം" ഞാന്‍ എന്‍റെ നയം വ്യക്തമാക്കി.
മൊത്തത്തില്‍ ഒരു നിശബ്ദത.
ഒടുവില്‍ മീനാക്ഷിയമ്മ തന്നെ മൌനം ഭജ്ഞിച്ചു, അവര്‍ പറഞ്ഞു:
"മോനേ, പെണ്ണുങ്ങള്‍ പത്ത് മാസം വയറ്റില്‍ ചുമന്നിട്ടാ പ്രസവിക്കുന്നത്"
അത് പെണ്ണുങ്ങള്‍..
ഞാന്‍ ആണ്‍കുട്ടിയല്ലേ?
ഞാന്‍ എന്തിനു പത്ത് മാസം ചുമക്കണം??
ഇങ്ങനെ ഒക്കെ ആലോചിച്ചപ്പോള്‍ പെട്ടന്നുണ്ടായ ദേഷ്യത്തില്‍ ഞാന്‍ പറഞ്ഞു:
"എനിച്ച് അത് പറ്റില്ല, ഇപ്പ പ്രസവിക്കണം"
കുരിശായി!!!

ഞാന്‍ അമ്പിനും വില്ലിനും അടുക്കില്ല എന്നവര്‍ക്ക് മനസ്സിലായി.എന്നെ ഒന്ന് പേടിപ്പിക്കാനായി അവരിലൊരാള്‍ പറഞ്ഞു:
"പത്ത് മാസം തികയാതെ പ്രസവിച്ചാല്‍ ചാപിള്ളയാകും"
സോ വാട്ട്??
ശങ്കരന്‍ പിന്നെയും തെങ്ങേല്‍ തന്നെ.
"എനിച്ച് പ്രസവിക്കണം"
ഒടുവില്‍ മീനാക്ഷിയമ്മ ഒരു കഷ്ണം മാങ്ങാ പൂളി തന്നിട്ട് പറഞ്ഞു:
"മോനിത് ചവച്ച് ഒന്ന് നീര്‌ ഇറക്കിയേ.."
ഞാന്‍ അപ്രകാരം ചവച്ച് നീര്‌ ഇറക്കിയിട്ട് പുള്ളിക്കാരത്തിയെ നോക്കി.
ഇനി എന്ത്?
"മോനത് തുപ്പി കള"
ഒറ്റ തുപ്പ്.
ഞാന്‍ ചവച്ച് തുപ്പിയ ആ അവശിഷ്ടം ചൂണ്ടി കാട്ടി മീനാക്ഷിയമ്മ പ്രഖ്യാപിച്ചു:
"മോന്‍ പ്രസവിച്ചു, അതാ ചാപിള്ള"
ഓഹോ!!!
ഇതാണോ ചാപിള്ള??
അപ്പം പ്രസവം എന്നാല്‍ ഇതാണല്ലേ??
ഒരു കഷ്ണം മാങ്ങ എടുക്കുക, ചവക്കുക, തുപ്പുക.
എ വെരി സിംപിള്‍ പ്രോസസ്സ്!!!
ഇതിന്‌ എന്തിനാണാവോ പത്ത് മാസം ചുമക്കുന്നത്??
എന്തായാലും എനിക്ക് സന്തോഷമായി.

അന്ന് വൈകുന്നേരം..
പിള്ളാരെ തേടി ക്ഷീണിച്ച് വന്ന അമ്മയോട് ഞാന്‍ വിളിച്ച് കൂവി:
"അമ്മേ, ഞാന്‍ പ്രസവിച്ചു"
പാവം അമ്മ!!
ഒന്നും മനസിലായില്ല.
ഒരുപക്ഷേ ഞാന്‍ പ്രസംഗിച്ചു എന്നാവാം പറഞ്ഞത് എന്ന് കരുതി, എല്ലാവരോടുമായി അമ്മ പറഞ്ഞു:
"അല്ലേലും ഈ വക കാര്യങ്ങള്‍ക്ക് ഇവന്‍ മിടുക്കനാ"
ങ്ങേ!!!
ടീച്ചറെന്താണാവോ ഉദ്ദേശിച്ചത്??
മഹിളാമണികള്‍ക്ക് അമ്പരപ്പ്.
തിരിച്ച് വീട്ടിലേക്ക് പോകാന്‍ നേരം എന്നെ എടുത്ത് ഒക്കത്ത് വച്ച് കൊണ്ട് അമ്മ അവരോട് നന്ദി രേഖപ്പെടുത്തി:
"പോട്ടെ, ഇനി നാളെ വരാം"
അത് കേട്ടതും അറിയാതെ തലക്ക് കൈ വച്ച് അവര്‍ ചോദിച്ചു പോയി:
"മോനും വരുമോ?"
എന്നെ ഒരുപാട് ഇഷ്ടപ്പെട്ടന്ന് തോന്നുന്നു!!

ജാടയൊരു രോഗമല്ല



പുതിയ ജീവിതം, അത് കൊച്ചിയില്‍ ആരംഭിക്കുന്നു....
ബാംഗ്ലൂരിന്‍റെ ഭ്രമിപ്പിക്കുന്ന മാസ്മരികയില്‍ നിന്ന് ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ വന്നപ്പോള്‍ മനസ്സിനൊരു കുളിര്‍മ്മ...
ഇതാണ്, ഇതാണ്‌ ആ ജീവിതം...
ഞാന്‍ കാത്തിരുന്ന ജീവിതം!!

ജോലിക്ക് ജോയിന്‍ ചെയ്യേണ്ട ദിവസം...
കുളിച്ച് കുട്ടപ്പനായി മുഖത്ത് പുട്ടിയിട്ടു, തുടര്‍ന്ന് ഷര്‍ട്ടിട്ട്, അതിനെ ഒരു പാന്‍സിനകത്താക്കി, പട്ടിക്ക് കഴുത്തില്‍ കെട്ടുന്ന പോലത്തെ ഒരു ബെല്‍റ്റെടുത്ത് അരയിലും കെട്ടി, പാള ചുരുട്ടിയ പോലത്തെ ഒരു ഷൂസെടുത്ത് കാലിലുമിട്ട്, കോണകം പോലത്തെ ടൈയ്യെടുത്ത് കഴുത്തിലും കെട്ടി, തുടര്‍ന്ന് കണ്ണാടിയില്‍ നോക്കിയൊന്ന് വിലയിരുത്തി...
ആഹാ, പെര്‍ഫക്റ്റ്.

ഇനി ഓഫീസിലേക്കുള്ള യാത്ര...
ജീവിതത്തിലെ വലിയ സമ്പാദ്യമായ സര്‍ട്ടിഫിക്കേറ്റ് കൈയ്യിലേന്തി തയ്യാറായപ്പോഴേക്കും വീട്ടുകാരും, കൂട്ടുകാരും, നാട്ടുകാരും മൊബൈലിലേക്ക് വിളിക്കാന്‍ തുടങ്ങി.എല്ലാവര്‍ക്കും പറയാന്‍ ഒരു വാക്ക് മാത്രം...
"മനു, ആള്‍ദി ബെസ്റ്റ്"
ഇത് കേള്‍ക്കുന്തോറും എനിക്ക് ആത്മവിശ്വാസമേറി...
ഹോ, ഇവിടെ ഞാനൊരു കലക്ക് കലക്കും!!!

നേരെ ഓഫീസിലേക്ക്...
കാറിലാണ്‌ യാത്ര, നമ്മളായിട്ട് ഒരു കുറവും വരുത്തരുതല്ലോ.
പറയുമ്പോ എല്ലാം പറയണം, സാധാരണ ചില്ല്‌ താഴ്ത്തിയിട്ട് യാത്ര ചെയ്യുന്ന ഞാന്‍ അന്ന് ഏസി ഇട്ടാ വണ്ടി ഓടിച്ചത്...
ഞാനൊരു ഭയങ്കരന്‍ തന്നെ!!!

എട്ടരക്ക് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം, കൃത്യം എട്ട് ഇരുപത്തിയഞ്ചായപ്പോള്‍ ഇന്‍ഫോ പാര്‍ക്കിന്‍റെ ഗേറ്റിലെത്തി.വാതുക്കല്‍ ഗേറ്റിനു കാവല്‍ നില്‍ക്കുന്ന കുറേ പേര്‍ കൈ കാണിക്കുന്നു.ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് വരുമ്പോള്‍ വഴി നീളെയുള്ള ടോള്‍ പിരിവാ മനസ്സില്‍ ഓര്‍മ്മ വന്നത്.ഇപ്പോ വൈറ്റിലയില്‍ നിന്ന് അരൂര്‍ക്ക് പോകുന്ന വഴിയും ഇമ്മാതിരി പിരിവുണ്ട്...
പക്ഷേ ഇന്‍ഫോ പാര്‍ക്കിനു മുന്നില്‍ ടോള്‍ പിരിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല.
കലികാലം, കലികാലം!!

എത്രയാ കൃത്യമായ ടോള്‍ കാശെന്ന് അറിയില്ലെങ്കിലും ഒരു അമ്പതിന്‍റെ നോട്ടെടുത്ത് നീട്ടി.സെക്യൂരിറ്റി ആ നോട്ടില്‍ നോക്കിയട്ട് സംശയ ഭാവത്തില്‍ എന്‍റെ മുഖത്ത് നോക്കി..
ശെടാ, കാശ് കുറഞ്ഞ് പോയോ??
അമ്പത് പിന്‍വലിച്ചു, എന്നിട്ട് ഒരു നൂറ്‌ രൂപ നീട്ടി!!!
അത് കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു:
"പാസ്സ്"

പാസ്സ്!!!!
അതായത് ഞാന്‍ പാസ്സായിരിക്കുന്നു.
വ്യക്തമായി പറഞ്ഞാല്‍ ഞാന്‍ ഒരു വലിയ പണക്കാരനാണെന്ന് അയാള്‍ക്ക് മനസ്സിലായി, എനിക്ക് അകത്തേക്ക് പോകാം.
ഞാന്‍ കാര്‍ ഉള്ളിലേക്ക് എടുത്തു...

പുറകിനു ഒരു വിസിലടി!!
എവിടുന്നാണെന്ന് അറിയില്ല, കാക്ക കുഞ്ഞ് കരയുമ്പോള്‍ കാക്ക പൊതിയുന്ന പോലെ കുറേ സെക്യൂരിറ്റിക്കാന്‍ എന്നെ വളഞ്ഞു.
ശെടാ, എന്നാ പറ്റി?
ക്യാഹുവാ?? വാട്ട് ഹാപ്പന്‍ഡ്?? എന്നാച്ച്??
പാസാക്കി വിട്ട സെക്യൂരിറ്റി ഓടി വന്ന് ഒരു ചോദ്യം:
"വെഹിക്കിള്‍ പാസ്സ് എന്തിയേ?"
എന്തിര്??
അന്തം വിട്ട് നിന്നപ്പോ അടുത്ത ചോദ്യം:
"ഗേറ്റ് പാസ്സ് എവിടടോ?"
ഈശോയേ!!
ഇത് എന്നതാ, പാസ്സിന്‍റെ അയ്യരുകളിയോ??
ചോദ്യം ചെയ്യല്‍ കൂടി അടി വീഴുമെന്ന് ഉറപ്പായപ്പോ, അപ്പോയിന്‍റ്‌മെന്‍റ്‌ ലെറ്റര്‍ കാണിച്ച് തെങ്കാശിപ്പട്ടണത്തിലെ ദിലീപിന്‍റെ ഡയലോഗ് പുറത്തെടുത്തു:
"അപ്പന്‍റെ ഓയിന്‍മെന്‍റാണ്‌ സാര്‍"
അതോടെ ഗ്രീന്‍ സിഗ്നല്‍ കിട്ടി:
"തനിക്ക് പോകാം"
ഹാവൂ, ഞാന്‍ ശരിക്കും പാസ്സായി!!

ജോയിനിംഗ് പ്രൊസീജറൊക്കെ എളുപ്പമായിരുന്നു.
അപ്പോയിന്‍മെന്‍റ്‌ ലെറ്റര്‍, ഓഫര്‍ ലെറ്റര്‍, റിസീവിംഗ് ലെറ്റര്‍, വെല്‍ക്കം ലെറ്റര്‍ എന്ന് വേണ്ടാ, അവര്‌ കാണിച്ച പേപ്പറിലൊക്കെ ഒപ്പിട്ട് കൊടുത്തു.ഒന്നും വായിച്ച് നോക്കാന്‍ കൂടി പറ്റിയില്ല, എന്‍റെ വീടും പുരയിടവുമെല്ലാം അവര്‍ എഴുതി എടുത്തോ എന്തോ??
കര്‍ത്താവിനറിയാം!!

ആദ്യ ദിവസം തന്നെ എല്ലാവരുമായി കമ്പനിയായി.
ആണെത്ര, പെണ്ണെത്ര, അതില്‍ കല്യാണം കഴിച്ചവരെത്ര, കഴിക്കാത്തവരെത്ര, എന്ന് വേണ്ടാ അത്യാവശ്യം ഒരു കമ്പനിയില്‍ പുതിയ എംപ്ലോയി അറിഞ്ഞിരിക്കേണ്ടതെല്ലാം ഞാന്‍ ഹൃദിസ്ഥമാക്കി.ഉച്ചക്ക് താഴെ കാന്‍റീനില്‍ പോയി ഊണ്‌ കഴിച്ച വകയില്‍ ഒരു നൂറ്റമ്പത് രൂപ പൊട്ടി എന്നത് ഒഴിച്ചാല്‍ ബാക്കി എല്ലാം കുശാലായിരുന്നു.
വൈകുന്നേരം തിരികെ വീട്ടിലേക്ക്...
(ഏസി ഇടാതെ ചില്ല്‌ താഴ്ത്തി ഇട്ട് കൊണ്ട്!!)
അങ്ങനെ ആദ്യ ദിവസം കഴിഞ്ഞു, ഇനി അടുത്ത തിങ്കളാഴ്ച മുതല്‍ സ്ഥിരമായി വന്നാല്‍ മതി.അതിനാല്‍ അടുത്ത പടിയിലേക്ക് കടന്നു...

ഇടപ്പള്ളിയിലൊരു വീടെടുത്തു, ഫസ്റ്റ് ഫ്ലോര്‍.മുകളിലാകാശവും താഴെ ഗ്രൌണ്ട് ഫ്ലോറും, നല്ല സെറ്റപ്പാ!!
രണ്ട് ദിവസം കൊണ്ട് ഗായത്രിക്കും മോള്‍ക്കും വരുമ്പോള്‍ വേണ്ട അത്യാവശ്യ സാധനങ്ങളൊക്കെ വീട്ടില്‍ ശരിയാക്കി.തുടര്‍ന്ന് ജോലിക്ക് പോകേണ്ടതിന്‍റെ തലേനാള്‍ വൈകുന്നേരം അവരെയും കൂട്ടി വീട്ടിലെത്തി.
ആ വരവിലൊരു കാര്യം മനസ്സിലായി, കുഞ്ഞിനു വേണ്ടി ഞാന്‍ കരുതിയതൊന്നും ഒരു കരുതലല്ല.അതിനായി വേറെ പലതും കരുതണമത്രേ!!.
അതിനാലാവാം ഒരു മുന്‍കരുതലായി അത്യാവശ്യ സാധനങ്ങള്‍ ഗായത്രി കരുതിയിരുന്നു.

അന്ന് രാത്രി, ഒരു പോള കണ്ണടച്ചില്ല.
മോള്‌ കരച്ചിലോട് കരച്ചില്‍.എന്നെ ആശ്വസിപ്പിക്കാന്‍ എന്ന പോലെ ഗായത്രി പറഞ്ഞു:
"ചേട്ടന്‍ വിഷമിക്കേണ്ട, സ്ഥലം മാറി കിടക്കുന്ന് കൊണ്ടാ"
ശരിയാ, കുട്ടികള്‍ സ്ഥലം മാറി കിടന്നാല്‍ കരയുമെന്ന് കേട്ടിട്ടുണ്ട്.കുറേ കഴിയുമ്പോള്‍ ശരിയാവുമായിരിക്കും.ഒന്ന് ഉറപ്പ് വരുത്താനായി ഗായത്രിയോട് ചോദിച്ചു:
"രണ്ട് ദിവസം കഴിയുമ്പോള്‍ മോള്‍ കരയില്ലാരിക്കും, അല്ലേ?"
മറുപടി ഹൃദയഭേദകമായിരുന്നു:
"അവള്‍ എന്നും കരയും, ഞാന്‍ ഉദ്ദേശിച്ചത് ചേട്ടന്‍ സ്ഥലം മാറി കിടക്കുന്ന കൊണ്ടാന്നാ"
മനസിലായില്ല!!
"അതായത് മോടെ അടുത്ത് ചേട്ടന്‍ ആദ്യമായല്ലേ കിടക്കുന്നത്.കുറേ ദിവസം കഴിയുമ്പോ മോടെ കരച്ചില്‌ കേട്ട് ഉറങ്ങാന്‍ പഠിക്കും"
ടം ട ഡേ!!
ജീവിതം കട്ടപ്പുക.
അല്ല, എനിക്കിത് വേണം...
രാത്രി ഫോണ്‍ വിളിക്കുമ്പോള്‍ മറുതലക്ക് മോടെ കരച്ചില്‌ കേട്ടാല്‍, ഒരു അച്ഛന്‍റെ അധികാരത്തില്‍ 'മോളെന്താടി കരയുന്നത്?' എന്നൊരു ചോദ്യം ചോദിക്കാനല്ലാതെ മോളെ കൈ കൊണ്ട് എടുക്കാന്‍ എനിക്ക് അറിയില്ലല്ലോ.
ഇനി എല്ലാം പഠിക്കണം!!!
"അത് തനിയെ പഠിച്ചോളും" ഗായത്രിയുടെ മറുപടി.
ഈശ്വരാ!!!

പിറ്റേന്ന് രാവിലെ..
ഉച്ചക്ക് ക്യാന്‍റീനില്‍ നൂറ്റമ്പത് രൂപ കൊടുക്കുന്നത് ഒഴിവാക്കാനായി ചോറ്‌ തയ്യാറാക്കാനായി അതി രാവിലെ തന്നെ ഗായത്രി എഴുന്നേറ്റു.എനിക്ക് ചോറ്‌ കൊണ്ട് പോകാനായി പുതിയ പാത്രം വരെ അവള്‍ നാട്ടില്‍ നിന്ന് വാങ്ങി കൊണ്ടു വന്നിരിക്കുന്നു, പാവം.
സഹായിക്കണമെന്ന് മനസ്സില്‍ ആഗ്രഹമുണ്ടായിട്ട് കൂടി ഒരു ടിപ്പിക്കല്‍ മലയാളി ഭര്‍ത്താവിനെ പോലെ മൂടി പുതച്ച് കിടക്കുക മാത്രമേ ഞാന്‍ ചെയ്തുള്ളു.
സമയം കടന്ന് പോയി...

എപ്പോഴോ കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് വന്ന അവള്‍ കുഞ്ഞിനെയും എടുത്തോണ്ട് പോയത് ഓര്‍മ്മയുണ്ട്.ഒടുവില്‍ ഞാന്‍ ഉണര്‍ന്നപ്പോള്‍ സമയം ഏഴര.ചാടി എഴുന്നേറ്റ് കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് പോയിട്ട് വന്നപ്പോഴേക്കും പെമ്പ്രന്നോത്തി കുഞ്ഞിനെ കുളിപ്പിക്കാനായി ബാത്ത് റൂമില്‍ കയറിയിരുന്നു.പണ്ട് കൂടെ നിന്ന് വിളമ്പി തന്നവള്‍ ബാത്ത് റൂമില്‍ നിന്ന് വിളിച്ച് പറഞ്ഞു:
"ബ്രേക്ക് ഫാസ്റ്റ് ടേബിളിലുണ്ട്, ചോറവിടെ പാത്രത്തില്‍ വിളമ്പി വച്ചിട്ടുമുണ്ട്"
അതായത് വേണേ തിന്നിട്ട് പോടാന്ന്.
ബ്രേക്ക്ഫാസ്റ്റ് കഴിച്ചെന്ന് വരുത്തി, അവള്‍ ചോറ്‌ വിളമ്പി വച്ച വലിയ പ്ലാസ്റ്റിക്ക് പാത്രം ഒരു കവറിലുമാക്കി പുറത്തേക്ക് ഇറങ്ങിയപ്പോ ഞാനും പറഞ്ഞു:
"ഇറങ്ങുവാ..."
"ഓ.."അകത്തൂന്ന് മറുപടി.
പതിയെ ഓഫീസിലേക്ക്....

ഓഫീസില്‍ അത്യാവശ്യം നല്ല തിരക്കായിരുന്നു.മൊബൈല്‍ സൈലന്‍റ്‌ ആയതിനാല്‍ ആരുടെയും ശല്യമില്ലാതെ ജോലി ചെയ്യാന്‍ പറ്റി.ഉച്ചക്ക് കൃത്യം പന്ത്രണ്ടരയായപ്പോള്‍ വീട്ടില്‍ നിന്ന് ചോറ്‌ കൊണ്ട് വന്ന് കഴിക്കുന്നവരുടെ ഗ്യാങ്ങിലെ ഒരു പ്രതിനിധിയായ ഒരു പെണ്‍കുട്ടി ക്ഷണിക്കാന്‍ വന്നു:
"വാ ചേട്ടാ, ഇനി ഞങ്ങടെ കമ്പനിയില്‍ ചേരാം, കഴിപ്പ് ഒന്നിച്ചാവാം"
"സന്തോഷം" എന്‍റെ മറുപടി.
അത് കേട്ടതും എന്‍റെ പാത്രമടങ്ങിയ കവര്‍ കൂടി എടുത്ത് അവള്‍ കഫറ്റേരിയയിലേക്ക് പോയി....

ബാത്ത് റൂമില്‍ കയറി ഫ്രഷായി വെറുതെ ഫോണെടുത്ത് നോക്കിയപ്പോ ഇരുപത്തി മൂന്ന് മിസ്സ് കാള്‍....
എല്ലാം ഗായത്രിയുടെ.
ഈശ്വരാ, എന്ത് പറ്റി??
കുഞ്ഞും അവളും ഒറ്റക്കല്ലേ!!!
വെപ്രാളത്തില്‍ വിളിച്ച എന്നോട് അവള്‍ ചോദിച്ചു:
"എന്താ ചോറ്‌ കൊണ്ട് പോകാഞ്ഞത്?"
"ആര്‌ പറഞ്ഞു, ഞാന്‍ ചോറെടുത്തല്ലോ, ആ മഞ്ഞ പാത്രത്തില്‍ താഴെ വച്ചിരുന്നത്"
മറുഭാഗത്ത് നിശബ്ദത!!!
തുടര്‍ന്ന് അലര്‍ച്ച പോലൊരു വാചകവും:
"ഭഗവതി, അത് കുഞ്ഞ് അപ്പിയിട്ട പോട്ടിയാ"
ടിഷ്യൂം.
തലക്കകത്ത് ഒരു കൊള്ളിയാന്‍ മിന്നി!!
കര്‍ത്താവേ...

പണ്ട് കാലത്ത് കുഞ്ഞുങ്ങളെ കാലേല്‍ നിര്‍ത്തിയാ അപ്പിയിടിപ്പിക്കുന്നത്.ഇപ്പോ അതിനും പാത്രമുണ്ടെന്നും, അതിനെ പോട്ടീന്നാ പറയുന്നതെന്നും, കുഞ്ഞിനായി ഗായത്രിയുടെ അച്ഛന്‍ അമ്മാതിരി ഒന്ന് വാങ്ങിയിരുന്നെന്നും ഒരിക്കല്‍ അവള്‍ പറ്ഞ്ഞത് മനസ്സിലൂടെ ഒന്ന് ഫ്ലാഷ് അടിച്ചു.രാവിലെ കുഞ്ഞ് അപ്പിയിട്ട പോട്ടി കഴുകാന്‍ വേണ്ടി ഗായത്രി അടച്ച് വച്ചതാണ്‌ ഞാന്‍ കൊണ്ട് വന്നിരിക്കുന്നത് എന്ന നഗ്നസത്യം മനസിലായപ്പോള്‍ കരയണോ ചിരിക്കണോന്ന് അറിയാത്ത അവസ്ഥയിലായി ഞാന്‍...

"ചേട്ടാ, കഴിക്കാന്‍ വരുന്നില്ലേ?" കഫറ്റേരിയയില്‍ നിന്നൊരു ചോദ്യം.
ഈശോയേ, പോട്ടി!!!
ഒറ്റ ഓട്ടമായിരുന്നു, ഓടി ചെന്നപ്പോള്‍ എല്ലാവരും പാത്രം തുറന്ന് എന്നെ കാത്തിരിക്കുവാ, എന്‍റെ കവര്‍ മാത്രം മാറ്റി വച്ചിരിക്കുന്നു.എന്നെ കണ്ടതും അവര്‍ പറഞ്ഞു:
"ആദ്യ ദിവസമല്ലേ, ചേട്ടന്‍ വന്നിട്ട് തുറക്കാമെന്ന് കരുതി"
അത് നന്നായി.
അല്ലേല്‍ ഇന്നൊരു തീരുമാനമായേനേ!!

പാത്രത്തിന്‍റെ വലിപ്പം കണ്ടാവണം ഒരുത്തിക്കൊരു സംശയം:
"വല്യ പാത്രമാണല്ലോ, ഇത്രേം ചേച്ചി വച്ചതാ"
ഹേയ്, കുഞ്ഞ് വച്ചതാ!!
"നാളെ മുതല്‍ ഇങ്ങനല്ല, ഞങ്ങള്‍ കൈയ്യിട്ട് വാരും" അവളുടെ ഭീഷണി.
നിനക്കൊക്കെ ധൈര്യമുണ്ടെങ്കില്‍ ഇന്ന് കൈയ്യിട്ട് വാരടീന്ന് പറയാന്‍ വന്നത് ഒരു ചിരിയിലൊതുക്കി.
എന്‍റെ മൌനം കണ്ടാകാം, അവര്‍ വീണ്ടും ക്ഷണിച്ചു:
"വാ ചേട്ടാ, ഇരിക്കാം"
ഒഴിവാകാന്‍ വേണ്ടി ഒരുവിധം പറഞ്ഞു:
"അതേ, ഇന്ന് ഞാന്‍ നിങ്ങടെ കൂടെ കഴിക്കാനില്ല"
"അയ്യോ, അതെന്താ?"
"ആദ്യ ദിവസമല്ലേ, പ്രോജക്റ്റ് മാനേജരോടൊപ്പം കഴിക്കണമെന്നാ ആഗ്രഹം"
എല്ലാവരുടെയും മുഖത്ത് നിരാശ.
ഒടുവില്‍ അവര്‍ സമ്മതിച്ചു:
"ശരി ചേട്ടാ"
ഭാഗ്യം, രക്ഷപ്പെട്ടു.

രക്ഷപെടലിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല, അരമണിക്കൂര്‍ കഴിഞ്ഞപ്പോ പ്രോജക്റ്റ് മാനേജര്‍ വന്നു:
"മനു ഇന്ന് എന്‍റെ കൂടെ കഴിക്കാന്‍ ആഗ്രഹിക്കുന്നതായി കുട്ടികള്‍ പറഞ്ഞു, ബാ നമുക്ക് തുടങ്ങാം"
എന്തോന്ന്??
"കമോണ്‍ മനു"
ഈശോയേ!!
എന്ത് പറയും??
ഒടുവില്‍ പറഞ്ഞ് ഒപ്പിച്ചു:
"സോറി സാര്‍, ഇപ്പോഴാ ഓര്‍ത്തത്.ഇന്ന് ഞാന്‍ വ്രതമാ, വെജിറ്റേറിയന്‍ മാത്രമേ കഴിക്കു, സാറിനു അസൌകര്യമാവും"
"ഓ, ഐ സീ" സാറിന്‍റെ മുഖത്ത് മ്ലാനത.
"ഞാന്‍ നാളെ കമ്പനി തരാം സാര്‍" എന്‍റെ ഉറപ്പ്.
"മതി, അതു മതി" മാനേജര്‍ ഹാപ്പിയായി, ഞാനും.

പ്രോജക്റ്റ് മാനേജര്‍ പോയപ്പോള്‍ അടുത്ത സീറ്റിലിരുന്ന ഒരാള്‍ എഴുന്നേറ്റ് അരികിലേക്ക് വന്നു, കണ്ടിട്ടൊരു നമ്പൂതിരി ലുക്ക്.
ആരാണാവോ??
"നോം വെജിറ്റേറിയനാ" അയാളുടെ ആമുഖം.
അതിന്??
"വിരോധം ഇല്ല്യാച്ചാ, അന്നം ഒരുമിച്ചാവാം"
ഈശോയേ!!!
കുരിശുകള്‍ ഇങ്ങനെയും വരുമോ???
റാംജിറാവു സ്പീക്കിംഗിലെ ഒരു രംഗമാ ഓര്‍മ്മ വന്നത്....

"കുലുമാ....കുലുമാ...
അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോ കുലുമാ...
പരസ്പരം കുഴിക്കുന്ന കുഴികളില്‍ പെടുമ്പോള്‍ കുലുമാ..."

മത്തായിച്ചേട്ടാ, ഒരു പാട്ട് കേട്ടോ?
പാട്ടോ?
ഇതവന്‍റെ അടവാ, ഒപ്പിടടാ, എടാ, ഒപ്പിടാന്‍!!!

"വിരോധം ഇല്ല്യാച്ചാ, അന്നം ഒരുമിച്ചാവാം" വീണ്ടും.
ണ്ട്, ലേശ്യം വിരോധം ണ്ട്!!!
അങ്ങനെ പറയാന്‍ വായില്‍ വന്നെങ്കിലും, പറഞ്ഞില്ല.ഒരുവിധം അദ്ദേഹത്തെ ആശ്വസിപ്പിച്ചു:
"സോറി, ഇന്ന് ഞാനില്ല"
"സാരല്ല്യ" നമ്പൂതിരി അരങ്ങൊഴിഞ്ഞു.

ഇനി ഇവിടിരിക്കുന്നത് പന്തിയല്ല.പോട്ടി കവറില്‍ ഭംഗിയായി പൊതിഞ്ഞു ഡ്രോയറില്‍ വച്ചു.താഴെ ക്യാന്‍റീനില്‍ പോയി കഴിക്കാനായി എഴുന്നേറ്റു.ആദ്യ ദിവസം തന്നെ ഡ്രോയര്‍ പൂട്ടുന്ന കണ്ട് സഹപ്രവര്‍ത്തകന്‍ ചോദിച്ചു:
"എന്താ മനു, വിലപിടിപ്പുള്ള വല്ലതുമുണ്ടോ?"
ഉവ്വ, പ്രീഷ്യസ്സാ!!!

താഴെ ക്യാന്‍റീനിലേക്ക്...
അവിടെ പോയീ നൂറ്റമ്പത് രൂപ മുടക്കി ഒരു ഊണ്‌ കഴിച്ചു.അത് അറിഞ്ഞപ്പോ ഓഫീസിലുള്ളവര്‍ പരസ്പരം പിറുപിറുത്തു...
"നമ്മടെ കൂടെ ഒന്നും ആഹാരം കഴിക്കില്ല, താഴെ ക്യാന്‍റീനില്‍ പോയാ കഴിച്ചത്, ഭയങ്കര ജാടയാ"
എനിക്ക് ജാടയാണന്ന്....
അല്ലെന്ന് പറയാന്‍ പോയില്ല, സമ്മതിച്ചു കൊടുത്തു...
എനിക്ക് ഇച്ചിരി ജാടയുണ്ട്....
ഐയം എ ജാടാമാന്‍!!
സൂപ്പര്‍മാന്‍, സ്പൈഡര്‍മാന്‍, ബാറ്റ്മാന്‍ എന്ന് ശ്രേണിയിലെ പുതിയ അവതാരം..
ജാടാമാന്‍!!!
പക്ഷേ ഗതികേടു കൊണ്ടാ കുഞ്ഞുങ്ങളെ, ഈ ജാട ഒരു രോഗമല്ല.

ചാത്തന്നൂരിലെ നിശ്ചയകാരണവര്‍





കല്യാണം വിളി പോലെ തന്നെ മനോഹരമാണ്‌ നിശ്ചയം വിളി.അതും പെണ്‍കുട്ടികളുടെയാണെങ്കില്‍ പറയുകയും വേണ്ടാ.പെണ്‍കുട്ടിയെ കല്യാണം കഴിച്ച് വിടാന്‍ അച്ഛനമ്മമാര്‍ തീരുമാനിക്കുന്ന നിമിഷം മുതലുള്ള കാര്യങ്ങള്‍ അപ്റ്റുഡേറ്റായി അറിയിച്ചില്ലെങ്കില്‍ കല്യാണത്തിനു വരില്ല എന്ന് പ്രഖ്യാപിക്കുന്ന കാരണവന്‍മാരുള്ള നാടാ ഇത്.
അത്തരം ഒരു കാരണവരായിരുന്നു ചാത്തന്നൂരിലെ ഗോവിന്ദന്‍മാമാ...

ഈ ഗോവിന്ദന്‍ മാമയുടെ വീട്ടില്‍ പോകാന്‍ എനിക്ക് പേടിയാ!!!
അതിനു രണ്ടാണ്‌ കാരണം.
ഒന്ന്: കൂട്ട് കിടക്കുന്നവന്‍റെ കൊങ്ങായ്ക്ക് കുത്തുന്ന അങ്ങേരുടെ സ്വഭാവം,
രണ്ട്: പുള്ളിക്കാരന്‍റെ വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള കശുവണ്ടി ഫാക്ടറി.
എത്ര ശ്രമിച്ചാലും ആ ഫാക്ടറിക്ക് മുമ്പിലൂടെ നടന്നേ മാമായുടെ വീട്ടില്‍ കയറാന്‍ സാധിക്കു.
ഈ കശുവണ്ടി ഫാക്ടറിക്ക് ഒരു പ്രത്യേകതയുണ്ട്...
അതിന്‍റെ മുമ്പില്‍ എപ്പോഴും ഒരു മഹിളാ സമാജം കാണും.കുട്ടിക്കാലത്ത് ഞാന്‍ അമ്മയുടെ കൂടെ, അതു വഴി എപ്പോള്‍ പോയാലും ഇവറ്റകളെന്നെ പിടികൂടും.എന്നിട്ട് എന്നെ നടുക്കിരുത്തി ചുറ്റും നിന്നു കൊണ്ട് അവരുടെ അഭിപ്രായ പ്രകടനങ്ങള്‍ ആരംഭിക്കും,
'കണ്ണ്‌ അച്ഛനെ പോലെയാണ്'
'മൂക്ക് അമ്മയെ പോലെയാണ്'
'നെറ്റി അമ്മുമ്മയെ പോലെയാണ്‌'
അവരുടെ അഭിപ്രായത്തില്‍ നിന്നും ഞാനൊരു മഹാ സത്യം മനസ്സിലാക്കി,
എനിക്ക് സ്വന്തമായി ഒരു ശരീരം ഇല്ല!!!
എന്‍റെ കുടുംബത്തിലെ ഒരോരുത്തരുടെ ഒരോ ഭാഗം ചേര്‍ത്ത് വച്ചാണ്‌ എന്നെ ഉണ്ടാക്കിയിരിക്കുന്നത്!!!
ചുരുക്കി പറഞ്ഞാല്‍ 'ഞാന്‍' എന്നാല്‍ ആത്മാവ് മാത്രമാണന്നും ശരീരമല്ലന്നും ഉള്ള മഹത്തായ തത്വം എന്നെ പഠിപ്പിച്ചത് ഈ മഹിളാമണികള്‍ ആയിരുന്നു.
കായംകുളത്ത് നിന്നും കൊല്ലം വരെ ചെന്ന് 'എന്തിനാ വെറുതെ വഴിയെ പോകുന്ന വയ്യാവേലി തലയില്‍ കയറ്റുന്നത്' എന്ന് കരുതി മാത്രമാണ്‌ കഴിഞ്ഞ ഇരുപത് വര്‍ഷമായി ഞാന്‍ ആ വഴി പോകാത്തത് തന്നെ.പക്ഷേ എത്ര ശ്രമിച്ചാലും വയ്യാവേലി എടുത്ത് തലയില്‍ വയ്ക്കേണ്ട അവസരം വരും.

അത്തരം ഒരു അവസരം എന്‍റെ മുമ്പില്‍ വന്ന് കൊഞ്ഞനം കാട്ടിയത് ഏകദേശം ഒരു വര്‍ഷം മുമ്പായിരുന്നു.വ്യക്തവും കൃത്യവുമായി പറഞ്ഞാല്‍ എന്‍റെ പെങ്ങളെ കെട്ടിച്ച് വിടാന്‍ തീരുമാനിച്ച സമയം.കെട്ടുന്നത് ബന്ധത്തിലുള്ള പയ്യനായതിനാല്‍ അടുത്ത ബന്ധുക്കളെ മാത്രം നിശ്ചയത്തിനു വിളിച്ചാല്‍ മതി എന്ന് തീരുമാനിച്ചു.അങ്ങനെ വിളിക്കാനുള്ളവരുടെ ലിസ്റ്റ് എടുത്തപ്പോഴാണ്‌ അമ്മ തന്‍റെ ആഗ്രഹം വെളിപ്പെടുത്തിയത്:
"ചാത്തന്നൂരിലെ ഗോവിന്ദന്‍മാമയെ വിളിക്കണം"
എന്ത്???
എനിക്ക് വെള്ളിടി വെട്ടിയ പോലെ ഒരു തോന്നല്‍!!!
അമ്മയിത് എന്ത് ഭാവിച്ചാ എന്ന അര്‍ത്ഥത്തില്‍ ഞാന്‍ അച്ഛനെ ഒന്ന് നോക്കി.അപ്പുറത്ത് കസേരയില്‍ അച്ഛനും അന്തം വിട്ട് ഇരിക്കുന്നു.എന്നാല്‍ അടുത്ത നിമിഷം തന്നെ അച്ഛന്‍ അമ്പരപ്പില്‍ നിന്നും കരകയറി.എന്നിട്ട് ആധികാരികമായ ശബ്ദത്തില്‍ അമ്മയെ നോക്കി പറഞ്ഞു:
"ശരിയാ, നീയും മനുവും കൂടി പോയി വിളിച്ചോ"
ങ്ങേ!!!
ഞാന്‍ പോയി ഗോവിന്ദന്‍മാമയെ വിളിക്കാനോ?
മുജ്ജന്മത്തിലെ ശത്രുവാ ഈ ജന്മത്തില്‍ മകനായി പിറക്കുന്നത് എന്ന് അച്ഛന്‍ എവിടെങ്കിലും വായിച്ചോ എന്തോ??
അല്ലെങ്കില്‍ എന്നോട് പോയി ആ ഭൂതത്തിനെ വിളിക്കാന്‍ പറയുമോ?
എന്തായാലും അച്ഛന്‍ മാന്യമായിട്ട് തല ഊരി!!
ചുറ്റും നിന്നവരെല്ലാം എന്നെ ആകാംക്ഷയോടെ നോക്കിയപ്പോള്‍, 'അച്ഛനാരാ മോന്‍' എന്ന് മനസ്സില്‍ കരുതി കൊണ്ട് ഞാന്‍ പറഞ്ഞു:
"ശരി, പോകാം"

ഗോവിന്ദന്‍ മാമയെയും, കശുവണ്ടി ഫാക്ടറിയും മാറ്റി നിര്‍ത്തിയാല്‍ ചാത്തന്നൂര്‍ ഒരു അടിപൊളി സ്ഥലമാ.ടൌണില്‍ നിന്നും ഉള്ളിലോട്ട് കയറിയാണ്‌ ഞങ്ങള്‍ക്ക് പോകേണ്ട പ്രദേശം, ശരിക്കും പറഞ്ഞാല്‍ ഒരു ഉള്‍നാടന്‍ ഗ്രാമം.ഞാന്‍ അവിടെ പോയിട്ട് ഇരുപത് വര്‍ഷമായെങ്കിലും, ഈ അടുത്ത ഇടയ്ക്ക് അവിടെ പോയവരുടെ അഭിപ്രായത്തില്‍ ആ ഗ്രാമത്തിനു പറയത്തക്ക വികസനം ഒന്നുമില്ല.
എല്ലാം പഴയ പോലെ തന്നെ!!

നാട്ടിന്‍പുറങ്ങളില്‍ പോകുകയാണെങ്കില്‍ മോഡേണ്‍ വേഷത്തില്‍ പോകണം.
അതാ എന്‍റെ പോളിസി!!!
എന്നാലെ നാല്‌ പേര്‌ ശ്രദ്ധിക്കു..
അത് കൊണ്ട് തന്നെയാണ്‌ നിശ്ചയം വിളിക്കാന്‍ ഇറങ്ങിയ ആ വെള്ളിയാഴ്ച, ഞാന്‍ സ്വല്പം മോഡേണ്‍ വേഷത്തില്‍ തന്നെ ഇറങ്ങിയത്.കാറിലോട്ട് കയറാന്‍ തുടങ്ങിയ എന്‍റെ കൈയ്യില്‍ ഒരു സഞ്ചി തന്നിട്ട് അമ്മ പറഞ്ഞു:
"കുറച്ച് ഉണക്ക കൊഞ്ചാ, ഗോവിന്ദന്‍മാമായ്ക്ക് വലിയ ഇഷ്ടമാ"
കര്‍ത്താവേ!!!
അമ്മയിത് എന്ത് ഭാവിച്ചാ??
ആ കശുവണ്ടി ഫാക്ടറിക്ക് മുമ്പിലൂടെ കോട്ടും സ്യൂട്ടും ഇട്ട്, കൂളിംഗ്ലാസ്സും വച്ച് ഉണക്ക കൊഞ്ചുമായി നടക്കേണ്ട രംഗം ഓര്‍ത്ത് ഞാന്‍ അറിയാതെ ഞെട്ടി പോയി.
എന്ത് പ്രശ്നവും ബുദ്ധിപരമായി ചിന്തിച്ചാല്‍ സോള്‍വ്വ് ചെയ്യാവുന്നതേയുള്ളു...
അമ്മ തന്ന ആ ഉണക്ക കൊഞ്ച്, വി.ഐ.പിയുടെ ഒരു ബ്രീഫ്കേസ്സില്‍ നിറച്ചായിരുന്നു ഞാന്‍ ആ പ്രശ്നം സോള്‍വ്വ് ചെയ്തത്.മോഡേണ്‍ വേഷത്തില്‍ ബ്രീഫ്കേസ്സും പിടിച്ച് നടക്കുമ്പോള്‍ ആരും കളിയാക്കില്ലല്ലോ.
ഞാനൊരു ഭയങ്കര ബുദ്ധിമാന്‍ തന്നെ!!!

അങ്ങനെ ഞാനും അമ്മയും ചാത്തന്നൂരിലുള്ള അമ്മാവന്‍റെ നാട്ടിലെത്തി.കാര്‍ വഴിയരുകില്‍ നിര്‍ത്തിയട്ട് ഞാന്‍ തലയിലൊരു തൊപ്പിയും വച്ച്, കയ്യില്‍ ഉണക്ക കൊഞ്ച് നിറച്ച ബ്രീഫ്കേസ്സും പിടിച്ച് അമ്മയോടൊപ്പം അമ്മാവന്‍റെ വീട്ടിലേക്ക് നടന്നു.
എല്ലാരും പറയുന്നത് ശരിയാ, വലിയ മാറ്റമൊന്നുമില്ല.
അമ്മാവന്‍റെ വീട്ടിലോട്ട് പോകുന്ന വഴിയിലെ മൂങ്ങാണ്ടന്‍ മാവും, വഴിയരികിലെ പാടത്തിനു നടുക്ക് നില്‍ക്കുന്ന ആ വെളുത്ത കൊക്കും, എല്ലാം അവിടെ തന്നെയുണ്ട്.
പ്രത്യേകിച്ച് ഒരു വികസനവും ഇല്ലാത്ത പ്രദേശം!!!

കശുവണ്ടി ഫാക്ടറി അടുക്കുന്നതോടെ എന്‍റെ നെഞ്ചിടുപ്പ് കൂടി കൂടി വന്നു.പ്രതീക്ഷിച്ച പോലെ അവിടെ ഒരു മഹിളാ സമാജം ഉണ്ടായിരുന്നു, ഒരു വ്യത്യാസം എന്തെന്നാല്‍ അവിടെ നിന്നതു മുഴുവന്‍ കൊച്ച് പെമ്പിള്ളാരായിരുന്നു,
ഒരു പതിനേഴിനും ഇരുപത്തഞ്ചിനും ഇടയ്ക്ക് പ്രായമുള്ള കുറേ തരുണിമണികള്‍!!!
അതോടെ എന്‍റെ ടെന്‍ഷനൊക്കെ പോയി.
തൊപ്പി പിടിച്ച് ഒന്ന് നേരെ വച്ച്, ബ്രീഫ്കേസ്സ് എക്സിക്യൂട്ടീവ് സ്റ്റൈലിലും പീടിച്ച് അവരെയെല്ലാം ഞാനൊന്ന് നോക്കി.അവളുമാരുടെ കണ്ണിലൊരു തിളക്കം,
ഒരുപക്ഷേ അമ്പരപ്പിന്‍റെയാവാം അല്ലേല്‍ ആരാധനയുടെയാവാം..
എന്ത് തന്നെയായാലും കഴിഞ്ഞ ഇരുപത് വര്‍ഷം അത് വഴി വരാഞ്ഞതില്‍ എനിക്ക് നേരിയ കുറ്റബോധം തോന്നി.

വീട്ടിലോട്ട് കയറി ചെന്ന അമ്മയെ ഗോവിന്ദന്‍മാമായ്ക്ക് ഒറ്റ നോട്ടത്തില്‍ മനസ്സിലായി.പക്ഷേ കൂടെ കോട്ടും സ്യൂട്ടുമിട്ട് നില്‍ക്കുന്ന എന്നെ പുള്ളിക്കാരന്‌ മനസ്സിലായില്ല.അദ്ദേഹം അമ്മയോട് ചോദിച്ചു:
"ഇത്..?"
"അയ്യോ, മാമായ്ക്ക് ഇവനെ മനസ്സിലായില്ലേ? നമ്മുടെ മനുക്കുട്ടനാ"
എന്‍റെ വേഷവും ഭാവവും അങ്ങേര്‍ക്ക് പിടിച്ചില്ലന്ന് തോന്നുന്നു, അയാള്‍ പറഞ്ഞു:
"ഞാന്‍ കരുതി വെള്ളിയാഴ്ചയായിട്ട് 'മാടന്‍' ഇറങ്ങിയതാണെന്ന്"
'മാടന്‍' തന്‍റെ മറ്റവനാ!!!
ഇപ്രകാരം മനസ്സില്‍ കരുതി പുറമേ ചിരിച്ചെന്ന് വരുത്തി കൊണ്ട് ഞാന്‍ ബ്രീഫ്കേസ്സെടുത്ത് മുമ്പില്‍ വച്ചു.സിനിമയില്‍ ബിസനസ്സ്‌കാര്‍ കൊണ്ട് നടക്കുന്ന പോലത്തെ ആ ബ്രീഫ്കേസ്സില്‍ എന്തോ വലിയ നിധിയാണെന്ന് കരുതി നോക്കി നിന്ന മാമായെ ഞാനത് തുറന്ന് കാണിച്ചു, എന്നിട്ട് പറഞ്ഞു:
"ഉണക്ക കൊഞ്ചാ"
അമ്പരന്ന് പോയ മാമന്‍ ആ ബ്രീഫ്കേസ്സിലൊന്ന് തടവി കൊണ്ട് എന്നോട് ചോദിച്ചു:
"അപ്പം ഇത്..?"
മനസ്സിലായി മാമാ, മനസ്സിലായി..
ഇത് ഉണക്ക കൊഞ്ച്ച് കൊണ്ട് നടക്കാനുള്ള പാത്രമാണോന്നല്ലേ??
അതോ ബിസനസ്സുകാരെല്ലാം വി.ഐ.പി യുടെ ബ്രീഫ്കേസ്സിനകത്ത് ഉണക്കകൊഞ്ചുമായാണോ നടക്കുന്നത് എന്നോ??
കഷ്ടം!!!
വലിയ വലിയ എക്സിക്യൂട്ടീവ്സ്സിന്‍റെ പുറമെ മാത്രമേ സ്റ്റൈല്‍ ഉള്ളന്നും, ഉള്ള്‌ മുഴുവന്‍ ഉണക്ക കൊഞ്ച്ച് ആണെന്നും കരുതി അമ്പരന്ന് നിന്ന ആ പാവത്തിനു നേരെ ബ്രീഫ്കേസ്സ് നീട്ടി ഞാന്‍ പറഞ്ഞു:
"ഇത് മാമാ എടുത്തോ"
അത് കേട്ടതും പുന്നെല്ല്‌ കണ്ട എലിയേ പോലെ അങ്ങേരൊന്ന് ചിരിച്ചു.
ആഹാ, എന്താ ചിരി??

പിന്നീട് നാട്ട് വിശേഷവും, കാട്ട് വിശേഷവും പറയുന്ന കൂട്ടത്തില്‍ ഞങ്ങള്‍ വന്ന കാര്യം അവതരിപ്പിച്ചു.എല്ലാം കേട്ട് കഴിഞ്ഞിട്ട്, നിശ്ചയത്തിന്‌ വരാമെന്ന് സമ്മതിച്ചിട്ട് അങ്ങേര്‌ ചോദിച്ചു:
"മനുവിന്‌ കല്യാണമൊന്നും നോക്കുന്നില്ലേ?"
ആ കാലഘട്ടത്തിലായിരുന്നു എനിക്ക് കല്യാണം ആലോചിച്ച് തുടങ്ങിയത്.എങ്കില്‍ തന്നെയും എന്തെങ്കിലും ശരിയായിട്ട് പറഞ്ഞാല്‍ മതി എന്ന് കരുതിയാകണം അമ്മ പറഞ്ഞു:
"ഇതൊക്കെ ഒന്ന് കഴിയട്ടെ എന്ന് കരുതി"
ആ മറുപടി അമ്മാവന്‌ ഇഷ്ടപ്പെട്ടന്ന് തോന്നുന്നു, പുള്ളിക്കാരന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു:
"അത് മതി, ഒരു മുപ്പത്തഞ്ച് വയസ്സായിട്ട് കെട്ടിച്ചാല്‍ മതി"
എന്‍റെ പറശ്ശിനിക്കടവ് മുത്തപ്പാ!!!
ഇരുപതാം വയസ്സില്‍ പെണ്ണും കെട്ടി, മെഷീന്‍ഗണ്ണ്‌ വച്ച് വെടി വയ്ക്കുന്ന പോലെ പത്ത് പന്ത്രണ്ട് പിള്ളാരെയും ഉണ്ടാക്കിയ മുതു കിളവന്‍ പറഞ്ഞത് കേട്ടില്ലേ??
ഞാന്‍ മുപ്പത്തിയഞ്ചാം വയസ്സില്‍ കെട്ടിയാല്‍ മതിയെന്ന്!!!
എത്ര പേരെ ആന കുത്തി കൊല്ലുന്നു, എന്താണാവോ ഈ വഴിയൊന്നും ആന പോകാത്തത്??
ഉള്ളില്‍ തിളച്ച് മറിഞ്ഞ ദേഷ്യം പുറത്ത് കാട്ടാതെ ഞാന്‍ ഒന്ന് ചിരിച്ചു.

ഞങ്ങള്‍ അവിടെ ചെന്ന് വിളിച്ചതും, ഞാന്‍ ബ്രീഫ്കേസ്സ് സമ്മാനമായി കൊടുത്തതും എല്ലാം ഗോവിന്ദന്‍മാമായുടെ സന്തോഷം വര്‍ദ്ധിപ്പിച്ചു.ഞങ്ങള്‍ ഇറങ്ങാന്‍ നേരം ബ്രീഫ്കേസ്സ് എടുത്ത് റൂമില്‍ കൊണ്ട് വച്ചിട്ട് അങ്ങേര്‌ പറഞ്ഞു:
"മനു നില്‍ക്കണേ, രണ്ട് കാര്യം തന്ന് വിടാം"
ഞാന്‍ ഒരു ബ്രീഫ്കേസ്സ് കൊടുത്തതിനു പകരം രണ്ട് കാര്യം തരാമെന്ന്!!
ഒരു വെടിക്ക് രണ്ട് പക്ഷി!!!
ബിസനസ്സ് നഷ്ടമില്ലന്ന് കരുതി സന്തോഷിച്ച് നിന്ന എന്‍റെ മുമ്പില്‍ ഗോവിന്ദന്‍മാമാ ആ രണ്ട് മഹാകാര്യങ്ങള്‍ കൊണ്ട് വച്ചു,
ഒരു വലിയ വരിക്കച്ചക്കയും, ഒരു കുല പഴവും!!!
ഇത് കൊണ്ട് ഞാന്‍ എന്ത് ചെയ്യാന്‍ എന്ന് കരുതി അമ്പരന്ന് നിന്ന എന്നെ നോക്കി അങ്ങേര്‌ പറഞ്ഞു:
"ഇത് നിങ്ങള്‌ കൊണ്ട് പോയിക്കോ"
കര്‍ത്താവെ!!!
ഈ മുതു കാരണവര്‍ക്ക് ഭ്രാന്താണോ???
അല്ലെങ്കില്‍ എന്നെ പോലൊരു മോഡേണ്‍ യുവാവിന്‍റെ കൈയ്യില്‍ ചക്കയും പഴക്കുലയും തന്ന് വിടുമോ?
അത് മാത്രമോ, കാര്‍ കിടക്കുന്ന വരെയുള്ള അരകിലോമീറ്റര്‍ അത് രണ്ടും കൊണ്ട് നടക്കുന്ന കാര്യം ആലോചിച്ചപ്പോള്‍ എനിക്ക് തല കറങ്ങി.
ഡിയര്‍ അങ്കിള്‍, ഐ ഡോണ്‍ഡ് വാണ്‍ഡ് ചക്കാ ആന്‍ഡ് പഴാ!!!
'ഇത് രണ്ടും മാമാ എടുത്തിട്ട് എന്‍റെ ബ്രീഫ്കേസ്സ് ഇങ്ങ് താ' എന്ന് പറയാന്‍ തോന്നിയെങ്കിലും അമ്മയുടെ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ ഒന്നും പറയാന്‍ പറ്റിയില്ല.പതുക്കെ ചക്കയെടുത്ത് തലയിലും വച്ച്, ഒരു കൈ കൊണ്ട് അത് താഴെ വീഴാതെ പിടിച്ച്, മറുകൈയ്യില്‍ പഴക്കുലയുമെടുത്ത് ഇറങ്ങാന്‍ തയ്യാറായപ്പോള്‍ മാമാ മൊഴിഞ്ഞു:
"ഇനിയും വരണേ"
'വരാം, വരാം പതിനാറടിയന്തരം അറിയിച്ചാല്‍ മതി' എന്ന് മനസ്സില്‍ പറഞ്ഞ് കൊണ്ട് ഞാന്‍ അവിടെ നിന്നും ഇറങ്ങി.

കശുവണ്ടി ഫാകടറിക്ക് മുമ്പിലൂടെ വേണം കാറിനടുത്ത് എത്താന്‍ എന്ന് ആലോചിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ അവിടെ നിന്നിരുന്ന തരുണിമണികളുടെ മുഖം തെളിഞ്ഞ് വന്നു.എന്നെ ആരാധനയോട് നോക്കിയവര്‍ ഈ രൂപത്തില്‍ കണ്ടാല്‍ എന്ത് കരുതുമോ എന്തോ?
എന്‍റെ ഊഹം തെറ്റിയില്ല...
തലയില്‍ തൊപ്പിയുമായി പോയവന്‍ ചക്കയുമായി വരുന്നത് കണ്ട് അവരൊക്കെ ഒന്ന് ഞെട്ടി, അമ്പരപ്പോടെ അവരെന്‍റെ കൈയ്യിലോട്ട് നോക്കി.ഒരു ചമ്മിയ ചിരിയോടെ അവരുടെ മുഖത്ത് നോക്കിയ ഞാന്‍ മൌനമായ കുറെ ചോദ്യങ്ങള്‍ കണ്ടു,
ബ്രീഫ്കേസ്സ് എങ്ങനെ പഴം ആയി??
തൊപ്പി എങ്ങനെ ചക്ക ആയി??
മോഡേണ്‍ എങ്ങനെ ലോക്കല്‍ ആയി??
എന്ത് പറയണം എന്ന് അറിയാതെ ഞാന്‍ നടപ്പിനു വേഗം കൂട്ടി.

തിരിച്ച് പോകാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അമ്മ ചോദിച്ചു:
"ഒരു കുഴപ്പവുമില്ലാതെ എല്ലാം ഭംഗിയായി, അല്ലേടാ?"
പിന്നെ, 'ഭംഗി' ആയി!!!

വെയിറ്റ് ഫോര്‍ ആക്ഷന്‍



ഓണകാലമാകുമ്പോള്‍ പൂവിളിയും പൂക്കളവും പൂത്തിരുവാതിരയുമുള്ള കുട്ടിക്കാലം ഓര്‍മ്മ വരും.ആ ഓര്‍മ്മകള്‍ കടന്ന് വന്ന വഴികളിലൂടെയുള്ള സഞ്ചാരമായി മാറും.ആ യാത്രയില്‍ ഞാന്‍ ഒരു സത്യം മനസിലാക്കി കുട്ടിക്കാലം മുതല്‍ ഞാന്‍ വളര്‍ന്ന് വന്നത് ഒരോ ലക്ഷ്യം മുന്നില്‍ കണ്ട് കൊണ്ടായിരുന്നു, ഒരോ പ്രായത്തില്‍ ഒരോ ലക്ഷ്യങ്ങള്‍...

ഒന്നാം ക്ലാസില്‍ ആദ്യമായി വലതുകാല്‍ വച്ച് കയറിയപ്പോള്‍ അമ്മ ഒരു ഉപദേശം പോലെയാണ്‌ ആദ്യത്തെ ലക്ഷ്യം ചെവിയില്‍ മന്ത്രിച്ചത്:
"മോന്‍ പത്തിലൊരു റാങ്ക് വാങ്ങണം കേട്ടോ?"
കേട്ടു.
ജീവിതത്തിലെ ആദ്യത്തെ ലക്ഷ്യം, റാങ്ക്!!!
എന്താ ഈ റാങ്കെന്ന് അറിയില്ലെങ്കിലും പതിയെ തലയാട്ടി...
വാങ്ങാം അമ്മേ, വാങ്ങാം.എത്ര കാശാണേലും വാങ്ങാം, ഇത് സത്യം!!!
അത് കേട്ടതും അമ്മക്ക് സന്തോഷമായി, അമ്മ നാട്ടുകാരോട് പ്രഖ്യാപിച്ചു:
"പത്തില്‍ മനു റാങ്ക് വാങ്ങും"
കേട്ടവര്‍ കേട്ടവര്‍ അത്ഭുതത്തോടെ ചോദിച്ചു:
"അതിനു മനു ഒന്നിലല്ലേ?"
"അതേ, പക്ഷേ അവന്‍ മിടുക്കനാ, പെട്ടന്ന് പത്തിലെത്തും" അമ്മയുടെ മറുപടി.
ഇത് കേട്ടതും വടക്കേലെ ശാരദാമ്മ ഒമ്പതില്‍ പഠിക്കുന്ന അവരുടെ മകനെ ഭീഷണിപ്പെടുത്തി:
"നിനക്ക് മുമ്പെങ്ങാണം മനു പത്തിലെത്തിയാല്‍, കൊല്ലും ഞാന്‍!!"
പയ്യന്‍റെ മുഖത്തൊരു അമ്പരപ്പ്, അവന്‍ അറിയാതെ ചോദിച്ചു:
"അതിനു മനു ഒന്നിലല്ലേ ആയുള്ളു?"
"അതേ, പക്ഷേ അവന്‍ മിടുക്കനാ, പെട്ടന്ന് പത്തിലെത്തും, സൂക്ഷിച്ചോ.."
ങ്ങേ!!!
ഇതെന്ത് കൂത്ത്??
പയ്യന്‍ അറിയാതെ തല ചൊറിഞ്ഞു.

കാലം കടന്ന് പോയി.
ഒന്ന്, രണ്ട്, മൂന്ന്...
പത്താം ക്ലാസെന്ന കടമ്പ ലക്ഷ്യമാക്കി ഞാന്‍ വളര്‍ന്ന് തുടങ്ങി.അതോടൊപ്പം ഞാന്‍ റാങ്ക് വാങ്ങുമെന്ന് വിവരവും വളര്‍ന്ന് തുടങ്ങി.അങ്ങാടിയില്‍ മീന്‍ വാങ്ങാന്‍ പോയാല്‍, അമ്പലത്തില്‍ തൊഴാന്‍ പോയാല്‍, ചുറ്റുപാടില്‍ നില്‍ക്കുന്നവര്‍ കുശുകുശുക്കുന്ന ശബ്ദം മാത്രം...
"ആ പയ്യനെ മനസിലായോ? അത് മനുവാ...മനു..."
"അതിനു?"
"പത്തി റാങ്ക് വാങ്ങാനാ അവന്‍റെ പഠിത്തം, നാളത്തെ റാങ്കറാ"
ഇത് കേട്ട് കേട്ട് എനിക്ക് തലപെരുത്തു.
റാങ്കറാണത്രേ റാങ്കര്‍!!!
എന്ത് കഷ്ടമാണ്‌ ഈശ്വരാ??
ഞാന്‍ റാങ്ക് വാങ്ങുമെന്ന് നാട്ടുകാര്‍ മൊത്തം വിശ്വസിച്ചു, തലകുത്തി നിന്നാലും റാങ്ക് കിട്ടില്ലെന്ന് ഞാന്‍ വിശ്വസിച്ചു...
അവസാനം വിശ്വാസം ജയിച്ചു (എന്‍റെ വിശ്വാസം)...
എനിക്ക് റാങ്ക് കിട്ടിയില്ല!!!
അറിഞ്ഞതും അമ്മ ഒറ്റ ചാട്ടം:
"കുരുത്തംകെട്ടവന്‍, കുടുംബത്തിനു മാനക്കേടുണ്ടാക്കാനായി ജനിച്ച സന്തതി"
ഞാനോ??
അതേ, നീ തന്നെ!!!
ശ്ശെടാ..
അമ്മ പറയുന്നത് കേട്ടാല്‍ തോന്നും അമ്മയും അച്ഛനുമെല്ലാം റാങ്ക് കിട്ടിയാ പരീക്ഷ പാസായതെന്നും കുടുംബത്തില്‍ ഞാന്‍ മാത്രം എല്ലാം നശിപ്പിച്ചെന്നും...
സത്യത്തിന്‍റെ മുഖം വികൃതമാണെന്ന് പറയുന്നത് ചുമ്മാതല്ല.

നേരിട്ട് ചീത്ത വിളിച്ചെങ്കിലും നാട്ടുകാരുടെ മുന്നില്‍ അമ്മ എനിക്ക് സപ്പോര്‍ട്ട് ചെയ്തു.എനിക്ക് റാങ്ക് കിട്ടാത്തതിന്‍റെ കാരണം അന്വേഷിച്ചവര്‍ക്ക് അമ്മ മറുപടി നല്‍കി:
"പരീക്ഷക്ക് പോയപ്പ കൂടി അവന്‍ ചോദിച്ചതാ, അമ്മേ ഒരു റാങ്ക് വാങ്ങിച്ചോട്ടേന്ന്, പക്ഷേ അവന്‍റെ അച്ഛന്‍ സമ്മതിച്ചില്ല"
"അതെന്താ?"
"റാങ്ക് കിട്ടിയാ പ്രശസ്തി ആകുമത്രേ, പക്വത വരാതെ പ്രശസ്തനായാല്‍ അഹങ്കാരം കൂടുമത്രേ..."
ഒന്ന് നിര്‍ത്തിയട്ട് അമ്മ ചോദിച്ചു:
"നിങ്ങള്‌ പറ, മനു അഹങ്കാരി ആവണോ?"
വേണ്ട ടീച്ചറേ, വേണ്ട!!!
മറുപടി ഒറ്റ സ്വരത്തിലായിരുന്നു.

പത്ത് കഴിഞ്ഞ് പന്ത്രണ്ടായി, അവിടെയും റാങ്കില്ല.നാട്ടുകാര്‍ പരസ്യമായി ചോദിച്ച് തുടങ്ങി:
"എന്തേ, മനുവിനു പക്വത വന്നില്ലേ?"
"വന്നു വന്നു, ശരിക്കും വരണേല്‍ എഞ്ചിനിയറിംഗ് കഴിയണം"
എഞ്ചിനിയറിംഗ് കഴിഞ്ഞു.
അപ്പോഴും റാങ്കില്ല!!!
നാട്ടുകാര്‍ ചോദിക്കുന്നതിനു മുന്നേ അമ്മ പറഞ്ഞു:
"റാങ്കിലൊന്നും ഒരു കാര്യവുമില്ല, ഒരു ജോലി കിട്ടുന്നതാ പ്രധാനം"
പച്ചയായ യാഥാര്‍ത്ഥ്യം!!!
പക്ഷേ എനിക്ക് ജോലി കിട്ടിയില്ല.
എങ്ങനെ ജോലി കിട്ടും??
ഞാന്‍ പത്താം ക്ലാസ്സ് പാസായതോടെ റാങ്ക് സിസ്റ്റം മാറ്റി ഗ്രേഡിംഗ് ആക്കി!!
പ്രിഡിഗ്രി പാസായതോടെ കോളേജുകളില്‍ നിന്ന് പ്രീഡിഗ്രിയേ എടുത്ത് മാറ്റി!!
ഒടുവില്‍ തമിഴ്നാട്ടില്‍ പോയി എഞ്ചിനിയറിംഗ് പാസായ വര്‍ഷം മുതല്‍ തമിഴ്നാട്ടിലെ എല്ലാ എഞ്ചിനിയറിംഗ് കോളേജുകളും അണ്ണാ യൂണിവേഴ്സിറ്റിക്ക് കീഴിലാക്കി...
അതായത് ഞാന്‍ പഠിച്ച യൂണിവേഴ്സിറ്റി തന്നെ മാറ്റി!!!
റാങ്ക് സിസ്റ്റവും, പ്രീഡിഗ്രിയും, എന്തിനു യൂണിവേഴ്സിറ്റി തന്നെ മാറ്റിയവനു ആരു ജോലി കൊടുക്കും??
അഹോ കഷ്ടം!!!

ഒടുവില്‍ കാലത്തിന്‍റെ കുത്തൊഴുക്കില്‍ ഞാന്‍ ബാംഗ്ലൂരിലെത്തി..
അവിടെ എനിക്ക് കൂട്ട് റൂംമേറ്റായ സന്ദീപായിരുന്നു.തൊഴിലന്വേഷിക്കുന്നതിനു മാര്‍ഗ്ഗദര്‍ശിയും അവന്‍ തന്നെ...
"ബാംഗ്ലൂരില്‍ ജോലി വേണേല്‍ ഇംഗ്ലീഷ് അറിയണം...."
ഒന്ന് നിര്‍ത്തിയട്ട് സന്ദീപ് ചോദിച്ചു:
"ഇംഗ്ലീഷ് ഒക്കെ എങ്ങനാ?"
ഇംഗ്ലീഷില്‍ എനിക്കുള്ള പിടിപാടാണ്‌ അവനു അറിയേണ്ടത്, സത്യസന്ധമായി മറുപടി നല്‍കി:
"ഇംഗ്ലീഷിലെ എബിസിഡി ഇരുപത്തിയാറ്‌ അക്ഷരവും അറിയാം"
ഉവ്വോ??
സന്ദീപിന്‍റെ മുഖത്ത് അത്ഭുതം.
ഞാന്‍ ആക്കിയതാണെന്ന് കരുതിയാണോ അതോ എന്‍റെ വിവരത്തെ കുറിച്ചുള്ള അത്ഭുതമാണോന്ന് അറിയാത്തതിനാല്‍ ബാക്കി കൂടി പറഞ്ഞു:
"അക്ഷരം മാത്രമല്ല, പാസ്റ്റ് ടെന്‍സും പ്രസന്‍റ്‌ ടെന്‍സും ഫ്യൂറ്റര്‍ ടെന്‍സും അറിയാം"
അത് കേട്ടതും അവന്‍ പറഞ്ഞു:
"ഹേയ് ടെന്‍സിന്‍റെ ഒന്നും ആവശ്യമില്ല, ഇന്‍റര്‍വ്യൂവിനു ചെല്ലുമ്പോള്‍ ഇരുപത്തിയാറ്‌ അക്ഷരവും പറഞ്ഞ് കേള്‍പ്പിച്ചാല്‍ മതി, നിനക്ക് ജോലി കിട്ടും"
തന്നേ??
തന്നേ!!
സന്തോഷിച്ച് നിന്ന എന്നോട് അവന്‍ ഒന്നു കൂടി പറഞ്ഞു:
"ഇഫ് പ്രസന്‍റ്‌ ഈസ് ലൈക്ക് ദിസ്സ്, യുവര്‍ ഫ്യൂറ്റര്‍ വില്‍ ബി പാസ്റ്റ്"
എന്ന് വച്ചാല്‍??
വര്‍ത്തമാനം ഇങ്ങനാണേല്‍ ഭാവി ഭൂതം കൊണ്ട് പോകുമെന്ന്!!!
ഈശ്വരാ.
ഇവന്‍ ആക്കിയതാ!!

കാലം കടന്ന് പോയി...
അമ്പത്തി ഒന്ന് അക്ഷരമുള്ള മലയാളത്തില്‍ പറയുന്നതെല്ലാം ഇരുപത്തിയാറ്‌ അക്ഷരമുള്ള ഇംഗ്ലീഷില്‍ പറയാന്‍ ഞാന്‍ പഠിച്ചു. അതോടെ ദൈവം കനിഞ്ഞു, ഒരു ജോലി ശരിയായി.
പിന്നെ വിവാഹം, കുടുംബം...
എല്ലാം ബാംഗ്ലൂരില്‍ വന്നതിനു ശേഷം!!!

മൂന്നാലു വര്‍ഷം ഒരേ കമ്പനിയില്‍ പയറ്റിയപ്പോള്‍ ഒരു മാറ്റം അനിവാര്യമാണെന്ന് തോന്നി.പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയപ്പോള്‍ ആദ്യം കോള്‌ വന്നത് കൊച്ചിയില്‍ നിന്നാണ്:
"ഈസ് ഇറ്റ് മനു?" ഒരു കിളിനാദം.
"യെസ്സ്"
"വീ ഹാവ് ആന്‍ ഓപ്പണിംഗ് ഫോര്‍ യൂ....."
കൊച്ചിയിലെ ഏതോ കമ്പനിയുടെ വാതില്‍ എനിക്കായി തുറന്ന് കിടക്കുന്നത്രേ!!
കൊച്ചി ഓര്‍ ബാംഗ്ലൂര്‍??
എന്ത് വേണമെന്ന് ചിന്തിച്ച് നിന്നപ്പോള്‍ ആ പെണ്‍കുട്ടി വീണ്ടും പറഞ്ഞു:
"മിസ്റ്റര്‍ മനു, ഇങ്ങോട്ട് വരു.കൊച്ചി വികസനത്തിന്‍റെ പാതയിലാണ്?"
"എന്താ തെളിവ്?"
"സ്മാര്‍ട്ട് സിറ്റിക്ക് കല്ലിട്ടട്ടുണ്ട്"
പഷ്ട്.
പാടത്ത് വിത്തിട്ടിട്ടുണ്ട് അത് നെല്ലാകുമെന്ന് പറയുന്നത് മനസിലാക്കാം, പക്ഷേ ഈ സ്മാര്‍ട്ട് സിറ്റിക്ക് കല്ലിട്ടിട്ടുണ്ടെന്നത് കൊണ്ട് എന്താണാവോ ഉദ്ദേശിക്കുന്നത്??
കല്ല്‌ വളര്‍ന്ന് സ്മാര്‍ട്ട് സിറ്റിയാവുമോ??
ആവോ, ആര്‍ക്കറിയാം.
കേരളമല്ലേ, ഇതും ഇതിന്‍റെ അപ്പുറവും നടക്കും.

കൊച്ചിയിലേക്ക് തിരിക്കുന്നതിനു മുന്നേ കൊച്ചിക്കാരനായ സുഹൃത്തിനോട് ചോദിച്ചു:
"അളിയാ കൊച്ചിയിലേക്ക് വരാന്‍ പോകുവാ, ഈ കൊച്ചി കണ്ടവനു അച്ചി വേണ്ടാന്ന് പറയുന്നതില്‍ എന്തേലും കാര്യമുണ്ടോ?"
"അതില്‍ കാര്യമില്ലാതില്ല" അവന്‍റെ മറുപടി.
ഈശ്വരാ!!!
അതെന്താ??
"പകല്‌ മൊത്തം ജോലി, രാത്രി ആയാല്‍ കൊതുകിനെ ഓടിക്കാനെ നേരമുള്ളു, പിന്നെന്തിനാടാ അച്ചി?"
ശ്ശെടാ, ഇതാണോ കാര്യം??
അത് കുഴപ്പമില്ല, കൊച്ചിക്ക് പോയേക്കാം.

പ്രിയപ്പെട്ട ബാംഗ്ലൂരേ, വിട!!!!
പുതിയ അഭ്യാസങ്ങള്‍ പഠിക്കാന്‍, പഠിച്ചത് മറ്റുള്ളവരെ പഠിപ്പിക്കാന്‍ അച്ചിയും കൊച്ചുമായി ഞാനിതാ കൊച്ചിക്ക്...
ജസ്റ്റ് വെയിറ്റ് ഫോര്‍ ആക്ഷന്‍!!

മനുവിനൊപ്പം ഞാനും കൊച്ചിക്ക് വരികയാണ്....
എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ ഓണാശംസകള്‍!!!
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം

തന്നന്ന താനന്ന തന്നാന...




തൃശൂര്‍ പൂരം പോലെ, ഓച്ചിറ പന്ത്രണ്ട് വിളക്ക് പോലെ, ആഘോഷത്തിന്‍റെ കാഴ്ചയാണ്‌ ഓണാട്ടുകരയിലെ കുംഭഭരണി...
ചെട്ടികുളങ്ങര ദേവിയുടെ മുന്നില്‍ പതിമൂന്ന് കരക്കാരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മഹോത്സവം.
ഈ കുംഭഭരണിനാളില്‍ മാത്രം നടക്കുന്ന പ്രധാനവഴിപാടാണ് കുത്തിയോട്ടം.കാര്‍ക്ഷികവിളകളുടെ സംരക്ഷണത്തിനും നല്ല വിളവിനും വേണ്ടി ദേവിക്ക് നല്‍കിയിരുന്ന ബലിയുടെ പ്രതീകാത്മകമായ രൂപമാണ്‌ കുത്തിയോട്ടം.ലക്ഷങ്ങള്‍ ചിലവഴിച്ച് ശിവരാത്രി നാളില്‍ ആരംഭിക്കുന്ന കുത്തിയോട്ടം കാണാനായി, ഈ കുത്തിയോട്ടം നടത്തുന്ന വീടുകളിലേക്ക് സന്ധ്യമയങ്ങുന്നതോടെ വലിയ ജനപ്രവാഹമായിരിക്കും.

കുറ്റം പറയരുത്, എവിടെ കുത്തിയോട്ടം ഉണ്ടെങ്കിലും കാണാന്‍ പോകുന്നത് എന്‍റെ ഗ്രാമത്തിലെ ചെറുപ്പക്കാര്‍ക്ക് ഒരു ഹരമാണ്.അതിനു കാരണം പലതാണ്....

പ്രധാനകാരണം ചെട്ടികുളങ്ങര അമ്മയോടുള്ള ഭക്തി തന്നെ.എന്നാല്‍ സത്യസന്ധമായി പറഞ്ഞാല്‍ കുറച്ച് അഡീഷണല്‍ കാരണങ്ങള്‍ കൂടി തുന്നിചേര്‍ക്കാവുന്നതാണ്..
ഹരം പിടിപ്പിക്കുന്ന കുത്തിയോട്ട ചുവടുകള്‍, പട്ടുപാവാടയും സെറ്റ് സാരിയുമുടുത്ത് കുത്തിയോട്ടം കാണാനെത്തുന്ന യുവതികളുടെ ദര്‍ശന സൌഭാഗ്യം, കുത്തിയോട്ട വീട്ടുകളില്‍ നിന്ന് ലഭിക്കുന്ന മൃഷ്ടാന്നഭോജനം എന്നിവയെല്ലാം ഈ കാരണങ്ങളുടെ ലിസ്റ്റില്‍ വരും.

അങ്ങനെയിരിക്കെ ഒരു രാത്രി...
വ്യക്തമായി പറഞ്ഞാല്‍, 'നിനക്ക് സ്വന്തം' എന്ന് പറഞ്ഞ് അച്ഛന്‍ എനിക്കൊരു കാര്‍ വാങ്ങി തന്നതിനു ശേഷമുള്ള ഒരു കുത്തിയോട്ട രാത്രിയില്‍, പന്ത്രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഒരു ഭക്തന്‍റെ വീട്ടില്‍ കുത്തിയോട്ടം കാണാന്‍ പോകാന്‍ ഞാന്‍ തീരുമാനിച്ചു, ഞാന്‍ മാത്രമല്ല എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളില്‍ ഒരുവനായ ബാബുചേട്ടനും.

അലമ്പ് പാര്‍ട്ടികളെ ഒന്നും കൂടെ കൂട്ടണ്ടാന്നും, ഞങ്ങള്‍ രണ്ട് പേര്‌ മാത്രം മതിയെന്നും ഉള്ള തീരുമാനത്തിന്‍റെ പുറത്ത് അന്ന് സന്ധ്യക്ക് എന്‍റെ സ്വന്തം കാറില്‍ ഞങ്ങള്‍ കുത്തിയോട്ട സ്ഥലത്തേക്ക് യാത്രയായി.കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് എടുത്തപ്പോള്‍ പിന്നില്‍ നിന്നൊരു വിളി...
"മോനേ!!!!!!"
തിരിഞ്ഞ് നോക്കിയപ്പോള്‍ അമ്മുമ്മയാ..
എന്തേ??
"മോന്‍ ഭഗവതിയെ നന്നായി വിളിക്കണേ..."
ശരി അമ്മുമ്മേ.
രണ്ട് നിഷ്കളങ്കന്‍മാരായ ഭക്തന്‍മാരുമായി കാര്‍ കുത്തിയോട്ട സ്ഥലത്തേക്ക്....

നിലാവുള്ള രാത്രിയില്‍ പാടത്തിനു നടുവിലുള്ള റോഡിലൂടെ കാര്‍ ഓടിക്കാന്‍ ഒരു പ്രത്യേക സുഖമാണ്.അകമ്പടിയായി സ്പീക്കറില്‍ നിന്ന് കേള്‍ക്കുന്ന കുത്തിയോട്ട ചുവടുകളും....

"തന്നന്ന താനന്ന തന്നാനാ താനേ...താനന്ന തന്നന്ന തന്നാനാ
തന്നന്ന താനന്ന തന്നാനാ താനേ...താനന്ന തന്നന്ന തന്നാനാ"

കുത്തിയോട്ട വീടിനു സമീപം കാര്‍ കൊണ്ട് നിര്‍ത്തണമെന്നും, അത് കണ്ട് വിടര്‍ന്ന കണ്ണുകളോടെ നോക്കുന്ന പെണ്‍കുട്ടികളുടെ മുന്നിലൂടെ, കാറും പണവും തേജസ്സും ആഭിജാത്യവും ഉണ്ടെങ്കിലും ഞാനൊരു നിഷ്കളങ്ക ഭക്തനാണെന്ന് തോന്നുന്ന രീതിയില്‍ നടക്കണമെന്നും മനസില്‍ കരുതി ഡ്രൈവ് ചെയ്യുന്ന ഞാന്‍ പെട്ടന്നാണ്‌ ആ കാഴ്ച കണ്ടത്...

അങ്ങ് ദൂരെ സൈക്കിള്‍ ചവുട്ടി വരുന്ന പ്രായമായ ഒരാളും, അവരുടെ പിന്നിലിരിക്കുന്ന പ്രായമായ ഒരു സ്ത്രീയും അതാ ബാലന്‍സ് തെറ്റി തലയും കുത്തി താഴേക്ക്....
പട്ക്കോ!!!!!
അപകടം.

ഒരു ഇരുന്നൂറ്‌ മീറ്റര്‍ ദൂരെ കാര്‍ ചവുട്ടി നിര്‍ത്തി ഞാന്‍ ബാബുചേട്ടനോട് ചോദിച്ചു:
"അണ്ണാ, അപകടം.വെറുതെ എന്തിനാ കുരിശ്‌ ചുമക്കുന്നത്, നമുക്ക് വണ്ടി തിരിച്ച് പോയാലോ?"
"പോകാം, അതാ നല്ലത്"
കേട്ടപാതി കേള്‍ക്കാത്ത പാതി കാര്‍ യൂ ടേണ്‍ അടിച്ച് അമ്പത് കിലോമീറ്റര്‍ സ്പീഡില്‍ തിരിച്ച് പാഞ്ഞു...

"അത് ശ്യാമയുടെയും മേഘയുടെയും അച്ഛനും അമ്മയുമാണെന്നാണ്‌ തോന്നുന്നത്" പോകുന്ന വഴി ബാബുവണ്ണന്‍റെ ആത്മഗതം.
ശ്യാമയും മേഘയും....
ശ്യാമ, ഇരുപതു വയസ്സുള്ള ചുരുണ്ട മുടിക്കാരി, മേഘ, പതിനെട്ട് വയസ്സുള്ള നീളന്‍ മുടിക്കാരി, രണ്ട് സുന്ദരികള്‍.
കാര്‍ അറിയാതെ സഡന്‍ ബ്രേക്കിട്ടു!!!!
എന്നിലെ മനുഷ്യസ്നേഹി അണ്ണനോട് ആരാഞ്ഞു:
"രണ്ട് സുന്ദരികളായ പെണ്‍കുട്ടികളുടെ അച്ഛനെയും അമ്മയേയും വഴിയില്‍ ഉപേക്ഷിക്കുന്നത് തെറ്റല്ലേ അണ്ണാ?"
അതേ, തെറ്റാണ്, തെറ്റാണ്, ഭയങ്കര തെറ്റാണ്.
കാര്‍ തിരികെ അപകട സ്ഥലത്തേക്ക്....

ഞങ്ങള്‍ ചെന്നപ്പോള്‍ അവര്‍ ഒരു വിധത്തില്‍ എഴുന്നേറ്റിരുന്നു.ഭര്‍ത്താവിനു വല്യ കുഴപ്പമില്ല, ഭാര്യയുടെ തലപൊട്ടി ചെറുതായി രക്തമൊലിക്കുന്നുണ്ട്, ഞങ്ങളെ കണ്ടതും ഭര്‍ത്താവായ രാഘവന്‍ ചേട്ടന്‍ ചോദിച്ചു:
"ആരാ?"
"രാഘവേട്ടാ ഞാനാ ബാബു, ഇത് നമ്മുടെ മനു" ബാബുവണ്ണന്‍ വിശദീകരിച്ചു.
ഞങ്ങളെ മനസിലായതും, രാഘവേട്ടന്‍റെ പെമ്പ്രന്നോത്തിയെ അടുത്തുള്ള ക്ലിനിക്കില്‍ കൊണ്ട് പോയി ഡ്രസ്സ് ചെയ്യിക്കാമെന്ന ധാരണയില്‍ കാറില്‍ കയറ്റാന്‍ ചേട്ടന്‍ തയ്യാറായി, ഞങ്ങള്‍ കാറില്‍ ക്ലിനിക്കിലേക്ക് പോകാനും പിന്നാലെ ചേട്ടന്‍ സൈക്കിളുമായി വരാമെന്നും തീരുമാനമായി.

ഞാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ രാഘവേട്ടന്‍ തന്‍റെ നന്ദി പ്രകടിപ്പിച്ചു:
"പ്രായമായ രണ്ട് പേര്‌ അപകടത്തില്‍പ്പെട്ടപ്പോള്‍ സഹായിക്കാന്‍ തോന്നിയ ഈ മനസ്സിനു നന്ദി"
"ഇതൊക്കെയല്ലേ ചേട്ടാ ഞങ്ങളെ കൊണ്ട് ചെയ്യാന്‍ പറ്റുന്നത്" എന്‍റെ വിനയത്തോടുള്ള മറുപടി.
"എല്ലാവരും നിങ്ങളെ പോലല്ല മക്കളേ, ഞങ്ങള്‍ വീഴുന്ന കണ്ട് വന്ന കുറേ നായിന്‍റെ മക്കള്‌ കാറ്‌ തിരിച്ച് ഒറ്റ പോക്കായിരുന്നു"
ഭഗവതി, അത് ഞങ്ങളാ...!!!!
"അവനൊക്കെ അനുഭവിക്കും" വീണ്ടും രാഘവേട്ടന്‍.
അങ്ങനെ പറയല്ലേ രാഘവേട്ടാ!!!!
കാര്‍ ക്ലിനിക്കിലേക്ക്...

ക്ലിനിക്കിലെത്തി ഡോക്ടറെ കാണിച്ചു, ഡോക്ടറുടെ നേതൃത്വത്തില്‍ നഴ്സ് രക്തം തുടച്ച് കൊണ്ടിരുന്നപ്പോഴേക്കും സൈക്കളില്‍ രാഘവേട്ടനും അവിടെയെത്തി.അത് കണ്ടതും ഡോക്ടര്‍ ചോദിച്ചു:
"ഇത് ആരാ?"
"ഇവരുടെ ഭര്‍ത്താവാ, രാഘവേട്ടന്‍"
"അതേയോ, എങ്കില്‍ വരു, അപ്പുറത്തെ മുറിയിലിരിക്കാം.രക്തം കണ്ടാല്‍ തല കറങ്ങും"
ഒരു വിധത്തില്‍ അത് ശരിയാ, പ്രിയപ്പെട്ടവരുടെ ശരീരത്തില്‍ നിന്ന് രക്തം വരുന്നത് കണ്ടാല്‍ എത്ര വലിയവനാണെങ്കിലും തലകറങ്ങും.കാര്യം രാഘവേട്ടനോട് അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:
"ഹേയ്, സാരമില്ല"
രാഘവേട്ടന്‍ ശരിക്കും ധൈര്യവാന്‍ തന്നെ!!!
തിരികെ ഡോക്ടറുടെ സമീപമെത്തി കാര്യം ബോധിപ്പിച്ചു:
"രാഘവേട്ടനു തല കറങ്ങില്ലത്രേ"
അത് കേട്ടതും ഡോക്ടര്‍ പറഞ്ഞു:
"അയ്യോ, തല കറങ്ങുമെന്ന് പറഞ്ഞത് എനിക്കാ.."
ങ്ങേ!!!
കുറുന്തോട്ടിക്ക് വാതമോ???
"..തല കറങ്ങുക മാത്രമല്ല, ബീപിയും കൂടും"
ഇങ്ങനെ പറഞ്ഞ് കൊണ്ട് അമ്പരന്ന് നില്‍ക്കുന്ന ഞങ്ങളെ നോക്കാതെ ഡോക്ടര്‍ അടുത്ത മുറിയിലേക്ക്...
ശെടാ, ഇതെന്ത് കൂത്ത്??
ഞാനും ബാബുവണ്ണനും പരസ്പരം നോക്കി..

പ്രശ്നങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു...
തല കറങ്ങി കസേരയില്‍ ഇരുന്ന ഡോക്ടര്‍ വിയര്‍ക്കുന്നു, കണ്ണുരുട്ടുന്നു, ശ്വാസം ആഞ്ഞ് ആഞ്ഞ് എടുക്കുന്നു, നേഴ്സ് ഓടി വന്ന് ബി.പി നോക്കുന്നു, എന്ന് വേണ്ടാ ആകെ ജഗപൊഗ.
"രോഗിയേയും കൊണ്ട് വന്ന നമ്മള്‍ ഡോക്ടറേയും കൊണ്ട് മെഡിക്കല്‍ കോളേജില്‍ പോകേണ്ടി വരുമോടേ?"
ബാബുവണ്ണന്‍റെ ദയനീയ ചോദ്യം.
വേണ്ടി വരുമെന്നാ തോന്നുന്നേ!!!
ഞാന്‍ ആകെ പുലിവാലു പിടിച്ച പോലെയായി, പല പണിയും കിട്ടിയിട്ടുണ്ട്, പക്ഷേ ഇമ്മാതിരി ഒരു പണി ഞാന്‍ ആദ്യമായി കാണുകയാ.ഇത്രയും കുഴപ്പം പിടിച്ച ഈ സാഹചര്യത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്നറിയാതെ ഞാനും അന്തം വിട്ട് നിന്നു.
അത് കണ്ട സിസ്റ്റര്‍ അലറി:
"എത്രയും വേഗം ഡോക്ടറെ ഒരു നല്ല ഡോക്ടറുടെ അടുത്ത് എത്തിക്ക്, പ്ലീസ്"
ഡോക്ടറേയും കൊണ്ട് കാറ്‌ ടൌണിലേക്ക്....
സ്പീഡ് : മണിക്കൂറില്‍ എണ്‍പത്.

അറിയപ്പെടുന്ന ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ തന്നെ ഡോക്ടറെ പൊക്കിയെടുത്ത് എമര്‍ജന്‍സി റൂമിലെത്തിച്ചു.അത് കണ്ട് അവിടിരുന്ന വെളുത്ത ഡ്രസ്സിട്ട മാലാഖ ചോദിച്ചു:
"എന്ത് പറ്റിയതാ?"
എന്ത് പറയാന്‍??
ഒടുവില്‍ പറഞ്ഞ് ഒപ്പിച്ചു:
"ആദ്യം സൈക്കിളില്‍ നിന്ന് വീണ്‌ തലപൊട്ടിയതാ, അത് ശരിയാക്കാന്‍ പോയതോടെ ഇങ്ങനായി.ഡോക്ടറെന്തിയേ?"
അടുത്ത റൂം ചൂണ്ടി കാട്ടി നഴ്സ് പറഞ്ഞു:
"ആ മുറിയിലുണ്ട്"
ഞാനും ബാബുവണ്ണനും ഡോക്ടറുടെ മുറിയിലേക്ക്...

വെപ്രാളത്തോടെ ചെല്ലുന്നത് കണ്ടാകണം ഡോക്ടര്‍ ചോദിച്ചു:
"എന്താ, എന്ത് പറ്റി?"
"ഡോക്ടര്‍ , ഒരു അത്യാവശ്യ കേസ്സാ.രക്ഷിക്കണം"
എന്നെയും ബാബുവണ്ണനെയും മാറി മാറി നോക്കി അദ്ദേഹം ചോദിച്ചു:
"ആരാ രോഗി?"
"ഡോക്ടറാ" എന്‍റെ മറുപടി.
ഇത് കേട്ടതും അദ്ദേഹത്തിനു അത്ഭുതം:
"ഞാനോ?"
"അയ്യോ അല്ല.ഇത് വേറെ ഡോക്ടറാ"
കാര്യങ്ങള്‍ വിശദമായി അറിഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ച് പോയി, തുടര്‍ന്ന് ചോദിച്ചു:
"എവിടെ ആ കഥാപാത്രം?"
ഞാന്‍ എമര്‍ജന്‍സി റൂം ചൂണ്ടി കാട്ടി.
ഞങ്ങള്‍ ആ മുറിയിലേക്ക്....

അവിടെ കണ്ട കാഴ്ച..
ഡോക്ടര്‍ തളര്‍ന്ന് കിടപ്പുണ്ട്, അദ്ദേഹത്തിന്‍റെ തലയില്‍ വലിയൊരു ബാന്‍ഡേജ് കെട്ടിയിരിക്കുന്നു, സിസ്റ്റര്‍ അടുത്ത് നിന്ന് വീശുന്നു.
എനിക്കും ബാബുവണ്ണനും ഒന്നും മനസിലായില്ല, ഞങ്ങളുടെ കൂടെ വന്ന ഡോക്ടര്‍ക്കും!!!
അദ്ദേഹം നഴ്സിനോട് ചോദിച്ചു:
"എന്തിനാ സിസ്റ്ററെ തലയില്‍ ബാന്‍ഡേജിട്ടത്?"
"സൈക്കിളില്‍ നിന്ന് വീണ്‌ തലപൊട്ടിയെന്ന് ഇവര്‍ പറഞ്ഞു.ഞാന്‍ നോക്കിയട്ട് രക്തം വരുന്നത് കണ്ടില്ല, എങ്കിലും ഒരു ഫസ്റ്റ് എയിഡായി ബാന്‍ഡേജിട്ടതാ"
പഷ്ട്.
ഞാനെന്ത് പറയാന്‍??
ബാബുവണ്ണന്‍റെ അവസ്ഥ അതിലും കെങ്കേമം...
നാഷ്ണല്‍ ഹൈവെയുടെ നടുക്ക് പോയി നെഞ്ചും വിരിച്ച് നില്‍ക്കാന്‍ തോന്നുന്നു!!!
ആരെയാടാ ഞാനിന്ന് കണികണ്ടത്??
എന്തായാലും ഒടുവില്‍ പുതിയ ഡോക്ടര്‍ പഴയ ഡോക്ടറെ എങ്ങനെയൊക്കെയോ ചീകിത്സിച്ച് ഭേദമാക്കി.അങ്ങനെ ഞങ്ങള്‍ മൂവരും തിരികെ ക്ലിനിക്കിലേക്ക് യാത്രയായി...

ക്ലിനിക്കിലെത്തി അവിടെ തളര്‍ന്ന് കിടക്കുന്ന യഥാര്‍ത്ഥ രോഗിയായ ചേട്ടത്തിയെ കാറില്‍ കയറ്റി.അവരെയും കൊണ്ട് വീട്ടിലേക്ക് പോയ്ക്കൊന്നും, രാഘവേട്ടന്‍ പുറകിനു സൈക്കിളില്‍ വരാമെന്നും കേട്ടപ്പോള്‍ പതിയെ കാര്‍ സ്റ്റാര്‍ട്ടാക്കി.
ഡോക്ടര്‍ അടുത്ത് വന്ന് പറഞ്ഞു:
"നടന്നതൊന്നും ആരോടും പറയരുത്, പ്ലീസ്."
"ഇല്ല, പറയില്ല"
"ഇന്നത്തെ ദിവസം ഞാന്‍ ഒരിക്കലും മറക്കില്ല" ഡോക്ടര്‍.
"ഞങ്ങളും!!"
ഒടുവില്‍ ചേട്ടത്തിയെയും കൊണ്ട് അവരുടെ വീട്ടിലേക്ക്, ഇപ്പോള്‍ മനസ്സില്‍ ശ്യാമയും മേഘയും മാത്രം....

രാഘവേട്ടന്‍റെ വീട്ടിലെത്തി ചേട്ടത്തിയെ എടുത്ത് ഉമ്മറത്ത് വച്ചു.അത് കണ്ട് കതക് തുറന്ന് തരുണീമണികള്‍ ഒറ്റ അലറല്‍...
"അയ്യോ...ദേ..ഞങ്ങടമ്മയെ ഇടിച്ച് കൊണ്ടിട്ടിരിക്കുന്നേ!!!!!"
രാഘവേട്ടന്‍ വരുന്നതിനു മുമ്പ് നാട്ടുകാരുടെ കൈയ്യീന്ന് വാങ്ങുമെന്നറിഞ്ഞ ഞങ്ങള്‍ സുന്ദരികളെ വീഷിക്കുക കൂടി ചെയ്യാതെ സ്കൂട്ടായി.തിരികെ വീട്ടിലെത്തിയപ്പോള്‍ അമ്മുമ്മ ചോദിച്ചു:
"ഭഗവതിയെ വിളിച്ചോ മക്കളേ...?"
പിന്നേ, അതിനേ നേരമുള്ളായിരുന്നു!!!
സത്യം.

കേരളത്തിന്‍റെ ദേശീയ പക്ഷി





നവോദയ വിദ്യാലയം..
ഈ സ്ഥാപനത്തിന്‍റെ പ്രത്യേകത എന്തെന്നാല്‍,
ഒരോ വര്‍ഷവും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ എണ്‍പത് കുട്ടികളെ തിരഞ്ഞെടുത്ത്, അവരെ ജീവിക്കാന്‍ പഠിപ്പിച്ച്, പ്രീഡിഗ്രി വരെ സൌജന്യമായി വിദ്യ നല്‍കി, രാജ്യത്തിലെ ഉത്തമപൌരന്‍മാര്‍ എന്ന് മുദ്ര കുത്തി, സ്വതന്ത്രരാക്കും.
വളരെ ബൃഹത്തായ ആശയം തന്നെ!!
ഞങ്ങളുടെ ജില്ലയില്‍ നവോദയ തുടങ്ങിയപ്പോള്‍, ആദ്യബാച്ചില്‍ തിരഞ്ഞെടുത്ത എണ്‍പത് കുട്ടികളില്‍ ഭാവിയിലെ ഉത്തമപൌരനായ ഞാനും ഉണ്ടായിരുന്നു.ജീവിതത്തിലെ പല നല്ല വശങ്ങളും, വൃത്തിയായി ജീവിക്കേണ്ട ആവശ്യകതയും എന്നെ പഠിപ്പിച്ചത്, അല്ലെങ്കില്‍ ഞാന്‍ പഠിച്ചെടുത്തത് ഈ വിദ്യാലയത്തില്‍ നിന്നായിരുന്നു.അല്പം കൂടി വ്യക്തമായി പറഞ്ഞാല്‍, ഞാന്‍ നാലു പേരുടെ ഇടയില്‍ അറിയപ്പെട്ട് തുടങ്ങിയത് ഇവിടെ ചേര്‍ന്ന അന്ന് മുതലായിരുന്നു.

നവോദയിലെ എന്‍റെ ആദ്യ ദിവസം..
എണ്‍പത് കുട്ടികള്‍, അവരുടെ രക്ഷിതാക്കളും ബന്ധുക്കളും, ഈ കുട്ടികളെ പഠിപ്പിക്കാന്‍ തയ്യാറായി വന്ന അധ്യാപകര്‍, പിന്നെ മറ്റ് ജോലിക്കാര്‍.ഇങ്ങനെയുള്ള ഒരു വലിയ സദസ്സിനെ അഭിമുഖീകരിച്ച് പ്രിന്‍സിപ്പാളിന്‍റെ ദീര്‍ഘമായ പ്രഭാഷണം:
"...അതാ ഞാന്‍ പറയുന്നത്, നിങ്ങള്‍ കുട്ടികള്‍ എപ്പോഴും വൃത്തിയായി നടക്കാന്‍ പഠിക്കണം.അതിനു നിങ്ങള്‍ ഈ ഭൂമിയിലെ മൃഗങ്ങളെയും പക്ഷികളെയും കണ്ട് പഠിക്കണം..."
വൃത്തിയെ കുറിച്ച് പിന്നെയും എന്തൊക്കെയോ പറഞ്ഞിട്ട് പ്രിന്‍സിപ്പാള്‍ പ്രഭാക്ഷണം അവസാനിപ്പിച്ചു, എന്നിട്ട് ഞങ്ങളോട് ഒരു ചോദ്യം:
"കേരളത്തിന്‍റെ ദേശിയ പക്ഷി ഏത്?"
ആ ചോദ്യം കേട്ടതും എന്‍റെ മനസ്സ് എന്നോട് ചോദിച്ചു,
മയിലല്ലേ???
ഇപ്രകാരം മറുപടി മനസ്സില്‍ വന്നെങ്കിലും ഉറക്കെ വിളിച്ച് പറയാതെ ഞാന്‍ ചുറ്റിനും നോക്കി.
ആര്‍ക്കും മറുപടിയില്ല!!!
എല്ലാവരും പരസ്പരം നോക്കുന്നു.ഇവരെന്താ ഇങ്ങനെ??
ഇത്ര പൊതു വിജ്ഞാനമില്ലാത്തവരാണോ എന്‍റെ സഹപാഠികള്‍??
എന്തായാലും ഇവരുടെ ഇടയില്‍ ചെത്താന്‍ പറ്റിയ അവസരം, ഉത്തരം ഞാന്‍ പറയാം എന്ന അര്‍ത്ഥത്തില്‍ ഞാന്‍ പതുക്കെ ഒരു കൈ ഉയര്‍ത്തി.

എണ്‍പത് പേരില്‍ ഒരുത്തന്‍ മാത്രം കൈ പൊക്കിയതിനാലാവാം പ്രിന്‍സിപ്പാള്‍ എന്നെ സ്റ്റേജിലേക്ക് ക്ഷണിച്ചു.അച്ഛന്‍റെയും അമ്മയുടെയും അടുത്ത് നിന്നും എഴുന്നേറ്റ് സ്റ്റേജിലേക്ക് നടന്ന എന്നെ എല്ലാവരും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.സ്റ്റേജില്‍ കയറുന്നതിനു മുമ്പ് ഞാന്‍ അമ്മയെ ഒന്ന് തിരിഞ്ഞ് നോക്കി, അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.
പാവം അമ്മ!!
എന്നെ കുറിച്ച് ഒരുപാട് അഭിമാനിക്കുന്നുണ്ടായിരിക്കാം.
കളക്ടറടക്കമുള്ള ഒരുപാട് പ്രമുഖവ്യക്തികള്‍ ഇരിക്കുന്ന സ്റ്റേജ്, ഇരുന്നൂറ്റി അമ്പതോളം ആള്‍ക്കാര്‍ ഉള്‍ക്കൊള്ളുന്ന സദസ്സ്, എല്ലാവരുടെയും കണ്ണൂകള്‍ എന്നില്‍.
ഞാന്‍ പെട്ടന്ന് പ്രശസ്തനായ ഇഫക്ട്!!

"മോന്‍റെ പേരെന്താ?"
പ്രിന്‍സിപ്പാളിന്‍റെ ആ ചോദ്യത്തിനു ഞാന്‍ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു:
"മനു"
"മിടുക്കന്‍. മോന്‍ പറ, കേരളത്തിന്‍റെ ദേശിയ പക്ഷി ഏത്?"
പ്രിന്‍സിപ്പാളിന്‍റെ കൈയ്യില്‍ നിന്നും മൈക്ക് വാങ്ങി മയില്‍ എന്ന ഉത്തരം പറയാന്‍ തയ്യാറായ എന്നോട്, എന്‍റെ മനസ്സ് വീണ്ടും ചോദിച്ചു,
മയില്‍ ഇന്ത്യയുടെ ദേശിയ പക്ഷി അല്ലേ?
ആണോ???
അതേ!!
അപ്പം കേരളത്തിന്‍റെ ദേശിയ പക്ഷി ഏത്???
ഈശ്വരാ..
എനിക്ക് കാലില്‍ നിന്നും ഒരു പെരുപ്പ് മുകളിലോട്ട് കേറുന്ന പോലെ തോന്നി.
ചുമ്മാതല്ല സഹപാഠികള്‍ മിണ്ടാതിരുന്നത്!!
'സുല്ല്' എന്ന് പറഞ്ഞ് ഇറങ്ങി പോകാനോ, 'പാസ്സ്' എന്ന് പറഞ്ഞ് മൈക്ക് കൈമാറാനോ പറ്റാത്ത അവസ്ഥ.
എന്‍റെ പൊന്നിന്‍ കുരിശ് മുത്തപ്പാ...
ഞാന്‍ ഇനി എന്തോ ചെയ്യും???

ആകാംക്ഷയോട് എന്‍റെ മറുപടി കാത്തിരിക്കുന്ന സദസ്യര്‍, ഞാന്‍ ഇപ്പോള്‍ മറുപടി പറയും എന്ന് കരുതി അഭിമാനത്തോടെ എന്നെ നോക്കുന്ന അമ്മ, ഇവനൊരു കൊച്ച് മിടുക്കന്‍ തന്നെ എന്ന ഭാവത്തില്‍ എന്നെ നോക്കി ചിരിച്ച് കൊണ്ട് സ്റ്റേജില്‍ ഇരിക്കുന്ന പ്രമുഖ വ്യക്തികള്‍...
ഇങ്ങനെ ഒരു അവസ്ഥയിലാണ്‌ എന്‍റെ മനസ്സ് എന്നോട് മയില്‍ ഇന്ത്യയുടെ ദേശിയ പക്ഷി അല്ലിയോ എന്ന് ചോദിച്ചത്.അറിയാതെ ഞാന്‍ എന്‍റെ മനസ്സിനോട് ആരാഞ്ഞു,
മറ്റേടത്തേ മനസ്സേ, നിനക്കിത് നേരത്തെ ചോദിച്ച് കൂടാരുന്നോ??
കര്‍ത്താവേ, കുരിശായല്ലോ!!
ഇങ്ങനെ വിഷമിച്ച് നിന്നപ്പോഴാണ്‌ എന്‍റെ മനസ്സില്‍ പ്രിന്‍സിപ്പാളിന്‍റെ പ്രഭാക്ഷണവും, അത് കഴിഞ്ഞ് ഉടനെയുള്ള ഈ ചോദ്യവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഒരു ചിന്ത വന്നത്.വൃത്തിയുമായി ബന്ധമില്ലങ്കില്‍ ഇങ്ങേര്‌ ഇങ്ങനെ ഒരു ചോദ്യം പെട്ടന്ന് ചോദിക്കില്ലല്ലോ.
ഒരുപക്ഷേ ഏറ്റവും കൂടുതല്‍ വൃത്തിയുള്ള പക്ഷി ആയിരിക്കുമോ കേരളത്തിന്‍റെ ദേശിയ പക്ഷി??
അങ്ങനെയെങ്കില്‍ പലയിടത്തും അവശിഷ്ടങ്ങളെ ഭക്ഷിച്ച് വൃത്തിയാക്കുന്ന ഒരു പക്ഷിയുണ്ട്,
കേരളത്തിന്‍റെ പല ഭാഗങ്ങളിലും ഞാന്‍ കണ്ടിട്ടുള്ള ഒരു പക്ഷി,
അതേ, അതു തന്നെ!!
പെട്ടന്ന് എനിക്ക് ബുദ്ധി ഉപദേശിച്ച് തന്ന മനസ്സിനു നന്ദി പറഞ്ഞ്, ആകാംക്ഷയോട് കാത്ത് നില്‍ക്കുന്ന സദസ്യരോട്, അഭിമാനത്തോടും ആത്മവിശ്വാസത്തോടും കൂടി കേരളത്തിലെ ദേശിയ പക്ഷിയുടെ പേര്‌ ഞാന്‍ പ്രഖ്യാപിച്ചു:
"കാക്ക"
സദസ്സില്‍ ഒരു ആരവം ഉയര്‍ന്നു..
മലമുഴക്കി വേഴാമ്പല്‍ എന്ന ഭീകരമായ പേര്‌ ഞാന്‍ പറയും എന്ന് കരുതി സന്തോഷിച്ച് നിന്ന പ്രിന്‍സിപ്പാള്‍ ഒരു തളര്‍ച്ചയോടെ അടുത്ത് കണ്ട കസേരയില്‍ ഇരുന്നു.സംസാരിക്കാനുള്ള ശേഷി കിട്ടിയപ്പോള്‍ അദ്ദേഹം ചോദിച്ചു:
"കാക്കയോ?"
പാവം!!
കാക്കയെ അറിയില്ലെന്ന് തോന്നുന്നു!!
ഞാന്‍ ഒന്നുകൂടി വിശദമായി പറഞ്ഞു:
"അതേ, കറുത്ത് ചിറക് ഒക്കെയുള്ള ഒരു പക്ഷി"
പ്രിന്‍സിപ്പാളിനു സന്തോഷമായി, അദ്ദേഹം ചോദിച്ചു:
"മോന്‍റെ പേരെന്താന്നാ പറഞ്ഞത്?"
"മനു"
പേര്‌ കേട്ടതും, മൈക്ക് തിരികെ വാങ്ങി കൊണ്ട് അദ്ദേഹം പറഞ്ഞു:
"ഇനി ഞാന്‍ മറക്കില്ല"
അല്ലേലും അങ്ങനാ, ഒരിക്കല്‍ എന്നെ പരിചയപ്പെട്ടാല്‍ പിന്നെ മറക്കില്ല!!

തിരിച്ച് ഞാന്‍ സീറ്റിലേക്ക് നടന്നപ്പോള്‍, ഒരു വിചിത്ര ജീവിയെ നോക്കുന്ന പോലെ എല്ലാവരും എന്നെ അമ്പരന്ന് നോക്കുന്നു.
ഇവരെന്താ ഇങ്ങനെ??
ഒരുപക്ഷേ ആരാധനയാകും!!
സീറ്റിനടുത്ത് എത്തിയപ്പോള്‍ ഞാന്‍ കണ്ടു, അച്ഛന്‍റെ തോളിലേക്ക് ചാഞ്ഞ് പൊട്ടി കരയുന്ന അമ്മ.
പാവം അമ്മ!!
എന്നെ ഓര്‍ത്ത് ഒരുപാട് ഒരുപാട് അഭിമാനിക്കുന്നു.

സ്നേഹപൂര്‍വ്വം ശരണ്യയ്ക്ക്





'വാലന്‍ഡൈന്‍സ്സ് ഡേ'
പ്രണയം എന്ന വികാരത്തിനായി പതിച്ചു നല്‍കിയ ദിവസം.സ്നേഹിക്കുന്നവര്‍ക്കും സ്നേഹിക്കപ്പെടുന്നവര്‍ക്കുമായി, പ്രണയമാസം എന്ന് കവികള്‍ വാഴ്ത്തി പാടുന്ന ഫെബ്രുവരിയിലെ പതിനാലാം ദിവസം.എല്ലാ വര്‍ഷവും ഫെബ്രുവരി പതിനാലിനു പ്രണയത്തിന്‍റെ മധുരം നമ്മള്‍ കൊതിക്കുന്നു.പക്ഷേ ദൈവവിധി എന്നൊന്ന് ഉണ്ടല്ലോ,അത് നമ്മള്‍ക്ക് വേണ്ടി കരുതിവയ്ക്കുന്നത് പ്രണയത്തിന്‍റെ മധുരം ആകെണമെന്നില്ല,പകരം ചെറിയ നൊമ്പരങ്ങളാവാം.ഇതാ അത്തരം ഒരു നൊമ്പരത്തിന്‍റെ കഥ...

ഈ കഴിഞ്ഞ ഒന്നാം തീയതി,ശരിക്ക് പറഞ്ഞാല്‍ ഫെബ്രുവരി ഒന്നിനു എന്‍റെ റുംമേറ്റ് ഒരു കവര്‍ എന്‍റെ കൈയ്യില്‍ തന്നു.എന്നിട്ട് പറഞ്ഞു:
"മനു,ഇതാ ഞാന്‍ പറഞ്ഞ സാധനം"
വ്യക്തമാക്കി പറയുകയാണെങ്കില്‍ അത് ഒരു പ്രേമലേഖനം അടങ്ങിയ കവറാണ്‌.അവന്‍റെ കൂട്ടുകാരിയും സമീപത്തുള്ള പോളിടെക്നിക്കലിലെ അദ്ധ്യാപികയുമായ ഒരു പെണ്‍കുട്ടിക്ക് കൊടുക്കാനുള്ള പ്രേമലേഖനമാണ്‌ ആ കവറിനകത്ത്.
അവന്‍റെ അഭിപ്രായത്തില്‍ അവള്‍ ഒരു മാടപ്രാവാണത്രേ!!!
മാടിന്‍റെ ശരീരവും പ്രാവിന്‍റെ ഹൃദയവും ഉള്ളവള്‍.അതുകൊണ്ടാവാം അവന്‍റെ ഹൃദയമാകുന്ന കാലിത്തൊഴുത്തില്‍ ചേക്കേറാമോ എന്ന ചോദ്യത്തോടെ അവന്‍ പ്രേമലേഖനം അവസാനിപ്പിച്ചത്.ഈ വരുന്ന ഫെബ്രുവരി പതിനാലിനു കാണണം എന്ന് അവള്‍ പറഞ്ഞിട്ടുണ്ട്,അന്ന് ഈ എഴുത്ത് അവന്‍ അവള്‍ക്ക് കൊടുക്കും.
എന്നെ പോലെ കല്യാണം കഴിഞ്ഞവര്‍ക്കെല്ലാം ഇനി പേരന്‍സ്സ് ഡേയും ചില്‍ഡ്രണ്‍സ്സ് ഡേയും മാത്രമേ പറഞ്ഞിട്ടുള്ളു എന്നും വാലന്‍ഡൈന്‍സ്സ് ഡേ അവന്‍റെ അപ്പന്‍റെ സ്വത്താണ്‌ എന്നും പ്രഖ്യാപിച്ചിട്ടാണ്‌ അവന്‍ ആ കവര്‍ എന്‍റെ കയ്യില്‍ തന്നതു തന്നെ.

ആ കവര്‍ കൈയ്യില്‍ കിട്ടിയപ്പോള്‍ മുതല്‍ എന്‍റെ കണ്ണുകള്‍ ആ കവറില്‍ തന്നെയായിരുന്നു.അതിന്‍റെ പുറത്ത് എഴുതി വച്ചിരുന്ന ഒരു വാചകമായിരുന്നു എന്നെ അത്രയധികം ആകര്‍ക്ഷിച്ചത്.ആ വാചകം ഇപ്രകാരമായിരുന്നു,
'സ്നേഹപൂര്‍വ്വം ശരണ്യയ്ക്ക്'
അതുവരെ സന്തോഷത്തോടെ ഇരുന്ന ഞാന്‍ ആ വാചകം വായിച്ചതോടെ ആ കവറും കൈയ്യില്‍ പിടിച്ച് അമ്പരന്ന് നിന്നു.അതിനു കാരണം മറ്റൊരു ശരണ്യയാണ്‌. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഫെബ്രുവരി പതിനാലിനു അവള്‍ക്ക് ഞാന്‍ എഴുതിയ പ്രേമലേഖനം ഇട്ട കവറിലും മേല്‍സൂചിപ്പിച്ച വാചകമായിരുന്നു ഉണ്ടായിരുന്നത്.
ആ ശരണ്യ മറ്റൊരു മാടപ്രാവ് ആയിരുന്നു!!!
ഒരേ ഒരു വ്യത്യാസം എന്തെന്നാല്‍ എന്‍റെ ശരണ്യ പ്രാവിന്‍റെ ശരീരവും മാടിന്‍റെ ഹൃദയവും ഉള്ളവളായിരുന്നു.അല്ലെങ്കില്‍ എന്നോട് അങ്ങനെ ചെയ്യുമായിരുന്നോ?
വിധി അല്ലാതെന്താ???

നവോദയ സ്ക്കുളില്‍ പത്താം തരത്തില്‍ പഠിക്കുന്ന കാലത്തായിരുന്നു ഞാന്‍ ആ ശരണ്യയെ ആദ്യമായി കണ്ടത്.കണ്ണുകളില്‍ കുസൃതിയും ചുണ്ടില്‍ ചെറു പുഞ്ചിരിയുമായി ഒരു ജൂണ്‍ മാസത്തില്‍ രാവിലെ ആണ്‌ അവള്‍ ആദ്യമായി സ്ക്കൂളിലേക്ക് വന്നതു.കുണുങ്ങി കുണുങ്ങിയുള്ള അവളുടെ വരവ് കണ്ട് ഞാനടക്കം എല്ലാവരും എഴുന്നേറ്റു,എന്നിട്ട് ഒരേ സ്വരത്തില്‍ പറഞ്ഞു:
"ഗുഡ് മോര്‍ണിഗ് ടീച്ചര്‍"
അതേ,ഈ ടീച്ചറാണ്‌ എന്‍റെ കഥയിലെ നായിക,പത്താം ക്ലാസ്സിലെ എന്‍റെ കണക്ക് ടീച്ചര്‍,ശരണ്യ!!!

ഒരു നല്ല കുടുംബത്തില്‍ പിറന്നതിനാലാവാം ,പണ്ടേ ഈ പ്രേമം എന്ന വികാരം ഒരു പാപം ആണെന്ന ചിന്ത എന്‍റെ മനസ്സില്‍ ഉണ്ടാക്കിയത്.ആദാമിനെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചത് ഹവ്വയല്ലേ,അതേ പോലെ ഈ ശരണ്യ ടീച്ചറായിരുന്നു പ്രേമം എന്ന പാപത്തിലേക്ക് എന്നെ തള്ളിയിട്ടത്.ടീച്ചറിനു എന്നോട് പ്രേമമുണ്ടന്ന് ഞാന്‍ പ്രഖ്യാപിച്ചത് ഒരു ജനുവരിയിലായിരുന്നു.നീണ്ട മൂന്നാലു മാസത്തെ ടീച്ചറിന്‍റെ പെരുമാറ്റത്തെ നിരീക്ഷിച്ചതിനു ശേഷമായിരുന്നു ഞാന്‍ ആ നിഗമനത്തിലെത്തിയത്.
എന്നോട് പ്രേമമില്ലെങ്കില്‍ എന്തിനാ എന്നെ എപ്പോഴും നോക്കുന്നത്?
എന്തിനാ ഞാന്‍ വല്ലതും കഴിച്ചോ എന്ന് അന്വേഷിക്കുന്നത്?
എന്തിനാ ഒരോ കണക്ക് ചെയ്യുമ്പോഴും എന്നെ പ്രോത്സാഹിപ്പിക്കുന്നത്?
എന്നെ വിളീക്കുന്നത് തന്നെ മനുകുട്ടാ എന്നാ...
പ്രേമിക്കുന്നവരല്ലേ കുട്ടാ,കുട്ടൂസ്സ്,ചക്കരെ,മുത്തേ എന്നെല്ലാം വിളിക്കുന്നത്?
അല്ലെങ്കില്‍ എന്നെ മനു എന്ന് വിളീച്ചാല്‍ പോരായിരുന്നോ?
ഇതെല്ലാമായിരുന്നു എന്‍റെ നിഗമനങ്ങള്‍!!!

പക്ഷേ ഇത്രയൊക്കെ ആയിട്ടും ടീച്ചര്‍ ഇത് വരെ എന്നോട് 'ഐ ലൌ യൂ' എന്ന് പറഞ്ഞിട്ടില്ല.പെണ്ണല്ലേ,മടി കാണും.മാത്രമല്ല ഇത്തരം കാര്യങ്ങളില്‍ ആണുങ്ങള്‍ തന്നെയാണ്‌ മുന്‍കൈ എടുക്കേണ്ടത്.അങ്ങനെയാണ്‌ ഞാന്‍ ടീച്ചര്‍ക്ക് ആ പ്രേമലേഖനം എഴുതിയത്.

പ്രിയപ്പെട്ട ശരണ്യ ടീച്ചര്‍,
ടീച്ചര്‍ എന്‍റെ മനസ്സിന്‍റെ കുളിരാണ്‌,കുളിരിലെ തളിരാണ്,തളിരിലെ മൊട്ടാണ്.ഞാന്‍ ഒന്നു ചോദിച്ചോട്ടേ,
എന്തിനു എന്നെ ഇങ്ങനെ സ്നേഹിക്കുന്നു?
ഞാന്‍ അത്രയ്ക്ക് സുന്ദരനാണോ?
അതോ കണക്ക് സോള്‍വ്വ് ചെയ്യാനുള്ള എന്‍റെ പാടവമാണോ ടീച്ചറെ എന്നിലേക്ക് ആകര്‍ക്ഷിച്ചത്?
എന്ത് തന്നെയായാലും എന്‍റെ മനസ്സ് ഞാന്‍ ടീച്ചറിനായി തുറക്കുന്നു.
'ഐ ലൌ യൂ'
സ്നേഹപൂര്‍വ്വം,
ടീച്ചറിന്‍റെ മനുകുട്ടന്‍.

ഇത്രയും എഴുതി,ആ പ്രേമലേഖനം ഒരു കവറിലിട്ട് കവറിന്‍റെ മുകളില്‍ ഒരു വാചകവും ഫിറ്റ് ചെയ്തു,
'സ്നേഹപൂര്‍വ്വം ശരണ്യയ്ക്ക്'
ഇനി ഇത് എപ്പോള്‍ കൊടുക്കണം?
അതായിരുന്നു അടുത്ത പ്രശ്നം.അപ്പോഴാണ്‌ ശരണ്യടീച്ചര്‍ ഒരു ചോദ്യം ചോദിച്ചത്:
"മനുകുട്ടാ,ഈ വരുന്ന ഫെബ്രുവരി പതിനാല്‌ ഞയറാഴ്ചയാ,അന്ന് ഉച്ചക്കത്തെ ചിലവ് എന്‍റെ വക,കാവേരി റെസ്റ്റോറന്‍റില്‍ .ഓക്കെ?"
യാഹൂഹൂഹൂ....
ഫെബ്രുവരി പതിനാല്,വാലന്‍ഡൈന്‍സ്സ് ഡേ.
പ്രേമലേഖനം കൊടുക്കാന്‍ പറ്റിയ ദിവസം.അത് കൊണ്ട് തന്നെ ഞാന്‍ ഓക്കെ പറഞ്ഞു.അതു കേട്ടതും ടീച്ചര്‍ ചിരിച്ച് കൊണ്ട് ഒരു പോക്ക്.
കൊച്ച് കള്ളി,ശരിയാക്കിത്തരാം.

അങ്ങനെയാണ്‌ ആ ഫെബ്രുവരി പതിനാലിനു പ്രേമലേഖനം എഴുതിയ കവറും പോക്കറ്റിലിട്ട് ടീച്ചറിന്‍റെ കൂടെ ഞാന്‍ ആ റെസ്റ്റോറന്‍റില്‍ പോയത്.ആഹാരം കഴിഞ്ഞ് ഇറങ്ങാന്‍ നേരമേ എഴുത്ത് കൊടുക്കുന്നുള്ളു എന്ന് ഞാന്‍ ആദ്യമേ തീരുമാനിച്ചു,അതുകൊണ്ട് തന്നെ ഞാന്‍ വളരെ റിലാക്സ്ഡ് ആയിരുന്നു.ഒരോ സൂപ്പും ഓര്‍ഡര്‍ ചെയ്തു ഞങ്ങള്‍ കഴിച്ചു കൊണ്ട് ഇരുന്നു.

അപ്പോഴാണ്‌ എനിക്ക് തീരെ പരിചയം ഇല്ലാത്ത ഒരു വ്യക്തി അങ്ങോട്ട് വന്നത്.അയാള്‍ ടീച്ചറിനെ നോക്കി ചിരിച്ച് കൊണ്ട് ഞങ്ങളുടെ അടുത്ത് ഇരുന്നു എന്നിട്ട് എന്നോട് ഒരു ചോദ്യം:
"അളിയോ സുഖമാണോ?"
അളിയാന്ന്...??
എന്നെ അങ്ങനെ വിളിക്കാനുള്ള അവകാശം രണ്ട് പേര്‍ക്ക് മാത്രമാണ്.ഒന്ന് എന്‍റെ പെങ്ങളെ കെട്ടുന്നവനു രണ്ടാമത്തേത് ഞാന്‍ കെട്ടുന്ന പെണ്ണീന്‍റെ ആങ്ങളയ്ക്ക്.ഇയാള്‍ എന്തായാലും എന്‍റെ പെങ്ങളെ കെട്ടാന്‍ പോകുന്നില്ല അപ്പോള്‍ ഇത് ടീച്ചറിന്‍റെ ആങ്ങള തന്നെ.ടീച്ചറിനെ എനിക്ക് കെട്ടിച്ച് തരുന്നതിനെ പറ്റി സംസാരിക്കാന്‍ വന്നതായിരിക്കും.അപ്പോള്‍ തന്നെ ഒരു കാര്യം ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു,ഇയാള്‍ എത്ര നിര്‍ബദ്ധിച്ചാലും കുറച്ച് നാള്‍ പ്രേമിച്ച് നടന്നതിനു ശേഷം മതി കല്യാണം.

അതുകൊണ്ട് തന്നെ ഞാന്‍ ഇച്ചിരി പരുക്കനാണെന്ന് അയാള്‍ക്ക് തോന്നട്ടെ എന്നു കരുതി കാലിന്‍ മേല്‍ കാല്‌ കേറ്റി വച്ച് ഞാന്‍ പറഞ്ഞു:
"സുഖം"
"ഇതാണോ നീ പറഞ്ഞ ആള്?" ഈ പ്രാവശ്യം അയാളുടെ ചോദ്യം ടീച്ചറിനോടായിരുന്നു.
ആ ചോദ്യം കേട്ടതും ചിരിച്ച് കൊണ്ട് ടീച്ചര്‍ മറുപടി പറഞ്ഞു:
"അതേ ഇതാ മനുകുട്ടന്‍"
കള്ളി പെണ്ണ്‌,നാണം കണ്ടില്ലേ?

പരിചയപ്പെടുത്തലിന്‍റെ രണ്ടാം ഭാഗം എന്ന നിലയില്‍ ടീച്ചര്‍ അയാളെ എനിക്ക് പരിചയപ്പെടുത്തി തന്നു:
"ഇത് ദിലീപ്,എന്നെ കെട്ടാന്‍ പോകുന്ന ആളാ"
ങേ!!!
അത് ഏത് കോപ്പിലേ പരിപാടിയാ?
ടീച്ചര്‍ എങ്ങനാ രണ്ട് പേരെ കല്യാണം കഴിക്കുന്നത്?
ഇനി പാഞ്ചാലി അഞ്ച് പേരെ കല്യാണം കഴിച്ചു എന്ന പോലെ വേറെ മൂന്നു പേരൂടെ കാണുമോ?
ഇത് മാത്രമായിരുന്നില്ല എന്‍റെ വിഷമം....
അഞ്ച് പേരെ കല്യാണം കഴിക്കാന്‍ ടീച്ചറിന്‍റെ വീട്ടുകാരും ബാക്കി നാലു പേരുടെ വീട്ടുകാരും സമ്മതിച്ചാലും, വേറെ നാലുപേരു കെട്ടിയ ഒരു പെണ്ണീനെ കെട്ടാന്‍ എന്‍റെ അമ്മ സമ്മതിക്കില്ല.
അത് ഓര്‍ത്തപ്പോള്‍ എനിക്ക് തലകറങ്ങി.

ഇങ്ങനെ വിഷമിച്ചിരുന്ന എന്നെ ടീച്ചര്‍ ആ ദിലീപിനു വിശദമായി പരിചയപ്പെടുത്തി:
"ഞാന്‍ പറഞ്ഞിട്ടില്ലേ?മനു എന്‍റെ ശിഷ്യന്‍ മാത്രമല്ല,അനുജനെ പോലെയാ"
നയവഞ്ചകി!!!
ആറടി ഉയരവും കട്ടി മീശയും ഉള്ള ഒരുത്തനെ കണ്ടപ്പോള്‍ എന്‍റെ പോസ്റ്റ് മാറ്റിയിരിക്കുന്നു.കുറച്ച് നിമിഷം മുമ്പ് വരെ കാമുകനായിരുന്ന ഞാന്‍ ഇപ്പോള്‍ അനുജനാണത്രേ.എന്‍റെ അടുത്തിരിക്കുന്ന ദിലീപിനു കൊമ്പും വാലും മുളയ്ക്കുന്നതായി എനിക്ക് തോന്നി.
ഈ ദിലീപിനെ തല്ലി കൊന്നാലോ?
അല്ലെങ്കില്‍ ലോകത്തോട് ഇവളെന്‍റെ കാമുകിയാണെന്ന് വിളിച്ച് കൂവിയാലോ?
മിനിമം ദിലീപിനോടെങ്കിലും ടീച്ചര്‍ എന്‍റെ കാമുകിയാണ്‌ എന്ന് പറയാമെന്ന് വിചാരിച്ച നിമിഷത്തിലാണ്‌ ടീച്ചര്‍ ഒരു കാര്യം കൂടി പറഞ്ഞത്:
"അതേ,ദിലീപ് ഇവിടുത്തെ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറാ"
ആണോ?
നന്നായി!!!
ഇനി എന്ത് പറയാന്‍?
ടീച്ചര്‍ എനിക്ക് ചേച്ചിയേ പോലെയാണ്‌ എന്ന വാചകം വേണേല്‍ പറയാം.
ഒന്നും പറഞ്ഞില്ല!!!
കാലിന്‍ മേല്‍ കാല്‍ കേറ്റി വച്ചിരുന്ന ഞാന്‍ ആ പൊസിഷന്‍ ഒക്കെ മാറ്റി വളരെ നല്ല കുട്ടിയായിരുന്നു,ഒന്നും മിണ്ടാതെ സൂപ്പൂം കുടിച്ച് അവരെ അവരുടെ പാട്ടിനു വിട്ട് ഇറങ്ങി നടന്നു.പോകുന്ന വഴിക്ക് നിറകണ്ണൂകളോടെ ഞാന്‍ ടീച്ചറെ ഒന്നു തിരിഞ്ഞ് നോക്കി,എന്നിട്ട് മനസ്സ് നിറഞ്ഞ് അനുഗ്രഹിച്ചു,
എടി മഹാപാപി,ഇതൊരു മറ്റേടത്തെ പണിയായി പോയി,നിനക്ക് നല്ലത് വരട്ടേ.

"നീ സ്വപ്നം കാണുവാണൊ?"
റുംമേറ്റിന്‍റെ ചോദ്യമാണ്‌ എന്നെ ഭൂതകാലത്ത് നിന്നും കൂട്ടികൊണ്ട് വന്നത്.ഒരു മറുപടിയും പറയാതെ ആകെ വിളറി വെളുത്ത് ആ കവറും പിടിച്ച് നിന്ന എന്നോട് അവന്‍ വീണ്ടും ചോദിച്ചു:
"ഈ കവറു കൊടുക്കുന്നതിനെ പറ്റി എന്താ നിന്‍റെ അഭിപ്രായം?"
ചോദിച്ചതല്ലേ,ഞാന്‍ എന്‍റെ നയം വ്യക്തമാക്കി:
"നീ ഇത് കൊടുക്കുമ്പോള്‍ ഒരാള്‍ കൂടി കൂടെ കാണും.ഒരുപക്ഷേ അത് അവളുടെ കോളേജിലേ ഒരു വിദ്യാര്‍ത്ഥിയാകാം അല്ലെങ്കില്‍ അതൊരു ഇന്‍സ്പെക്ടറായിരിക്കും"
ലോകത്ത് ഒരു ജ്യോത്സ്യനും പറയാത്ത തരത്തിലുള്ള ഒരു വൃത്തികെട്ട പ്രവചനം കേട്ട് അവനൊന്ന് ഞെട്ടി.ഭ്രാന്തെടുത്ത പോലെ തല ഒന്നു വെട്ടിച്ച് അവന്‍ ചോദിച്ചു:
"നിന്‍റെ ദേഹത്ത് എന്താ ചാത്തന്‍ കയറിയോ?"
ചാത്തന്‍ നിന്‍റെ മറ്റവന്‍റെ ദേഹത്താടാ കയറിയത് എന്ന് മനസ്സില്‍ മൂന്നുപ്രാവശ്യം ഉരുവിട്ട് കൊണ്ട് ഞാന്‍ ആ കവര്‍ തിരിച്ച് കൊടുത്തു.എന്നിട്ട് ഒന്നും മിണ്ടാതെ ദൈവത്തോട് പ്രാര്‍ത്ഥിച്ചു,
'ദൈവമേ അന്ന് പ്രായത്തിന്‍റെ അവിവേകമായിരുന്നു,എന്‍റെ തെറ്റുകള്‍ പൊറുക്കേണമേ'
ടീച്ചറേ,മാപ്പ്...

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com