For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

അത് മധുവായിരുന്നു..




(ഇത് കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ പ്രസിദ്ധീകരിച്ച എന്‍റെ രണ്ടാമത്തെ കഥയാണ്.അധികമാരും വായിച്ചില്ല, കാരണം പ്രസിദ്ധികരിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ഞാനിത് ഡിലീറ്റ് ചെയ്തു.കഴിഞ്ഞ ദിവസം പ്രിയസുഹൃത്ത് ജോയോട് (നമ്മുടെ ബൂലോകം ഫെയിം) ഈ കഥ പറഞ്ഞപ്പോള്‍ അതൊന്ന് റീ പോസ്റ്റ് ചെയ്യാന്‍ പറഞ്ഞു.അതിനാല്‍ പഴയ കഥാതന്തു എടുത്ത് പുതിയ കഥയായി അവതരിപ്പിച്ച്ചതാണ്‌ ഈ കഥ, അത് മധുവായിരുന്നു!!!)

മധുവിധു...
മധുവെന്നാല്‍ തേന്‍, വിധുവെന്നാല്‍ ചന്ദ്രന്‍, പക്ഷേ ഈ 'തേന്‍ചന്ദ്രന്‍' എന്താണെന്ന് ചോദിച്ചാല്‍ ഇംഗ്ലീഷില്‍ മറുപടി പറയും..
ദാറ്റ് ഈസ് ഹണിമൂണ്‍!!!
കല്യാണം കഴിയുമ്പോഴാണ്‌ ഈ സംഭവം ആരംഭിക്കുന്നത്.എന്നാല്‍ കാലക്കേടിനു ഈ സമയത്താണ്‌ ബന്ധൂക്കളും കൂട്ടുകാരും വിരുന്നിനു വിളിക്കുന്നത്.എന്‍റെ കല്യാണം കഴിഞ്ഞുള്ള മധുവിധുക്കാലം ശരിക്കും വിരുന്നിലും തിരക്കിലും മുങ്ങി പോയി.ആ വിഷമം കാരണം ആരുടെ വിവാഹം നടന്നാലും അമ്മയെ കൊണ്ട് അവരെ ക്ഷണിപ്പിച്ച് ഞാനവര്‍ക്കൊരു വിരുന്ന് കൊടുക്കും...
അതൊരു സാറ്റിസ്ഫാക്ഷനാ!!

നാട്ടിലെ എന്‍റെ അടുത്ത സുഹൃത്താണ്‌ കുമാരന്‍...
ഹരിശ്രീ അശോകന്‍ ഇവന്‍റെ ഡ്യൂപ്പാണോ, അതോ ഇവന്‍ ഹരിശ്രി അശോകന്‍റെ ഡ്യൂപ്പാണോന്ന് തോന്നിക്കുന്ന പ്രകൃതം.ഇവന്‍റെ കല്യാണം കഴിഞ്ഞപ്പോഴും അമ്മ പതിവ് പോലെ പോയി വിരുന്നിനു വിളിച്ചു.കല്യാണഡ്രസ്സില്‍ മാലയിട്ട് ഫോട്ടോയ്ക്ക് പോസ്സ് ചെയ്യുന്ന അവനോട് അമ്മ പറഞ്ഞു:
"ഫ്രീയാവുമ്പോ രണ്ടാളും വീട്ടിലൊന്ന് വരണം, അമ്മയുടെ വക ഒരു വിരുന്നുണ്ട്"
കേട്ടപാതി അവന്‍റെ ഡയലോഗ്:
"നാളെ മുതല്‍ ഞങ്ങള്‍ ഫീയാ"
ഠിം!!!
അമ്മയുടെ മുഖത്തെ ചിരി മാഞ്ഞു.
പണ്ടാരക്കാലമാടന്‍ പിറ്റേന്ന് തന്നെ വിരുന്നിനു വരുമെന്ന് പാവം അമ്മ കരുതി കാണില്ല.ഒടുവില്‍ അമ്മയെ സഹായിക്കാനായി ഞാന്‍ കൌണ്ടര്‍ ചെയ്തു:
"നീ ഉടനെ ഫ്രീയാക്കണ്ടാ, ഞയറാഴ്ചയായിട്ട് ഫ്രീയാക്കിയാല്‍ മതി"
"മതിയോ?"
അത് മതി.

അങ്ങനെ ഞയറാഴ്ചയായി...
അമ്മയും ഗായത്രിയും അടുക്കളയിലാണ്.ജോലിഭാരം കൂടിയ കൊണ്ടാവാം, അമ്മ വെറുതെ കിടന്ന് ചിലക്കുന്നുണ്ട്:
"വെറുതെ വിരുന്നിനു വരണമെന്ന് പറഞ്ഞാല്‍ നാണമില്ലാതെ വന്ന് നക്കി കൊള്ളും, ഇവനൊന്നും വേറൊരു പണിയുമില്ല"
ഗായത്രിയുടെ ഉള്ളൊന്ന് കാളി, അവള്‍ എന്‍റെ ചെവിയിലൊരു ചോദ്യം:
"ചേട്ടന്‍റെ ഒരു കൂട്ടുകാരന്‍റെ വീട്ടില്‍ വിരുന്നിനു പോയത് ഓര്‍മ്മയുണ്ടോ, ചേര്‍ത്തലയില്‍?"
"ഉം...മഹേഷിന്‍റെ വീട്ടില്‍, എന്തേ?"
"അല്ല,അന്ന് മഹേഷിന്‍റെ അമ്മയായിരുന്നോ നമ്മളെ വിരുന്നിനു വിളിച്ചത്?"
നല്ല ചോദ്യം!!!
എന്നാ പറയും??
ആണെന്ന് പറഞ്ഞാല്‍ അവളുടനെ എന്‍റെ അമ്മ പറഞ്ഞ കാര്യം ഓര്‍മ്മിക്കും....
"വെറുതെ വിരുന്നിനു വരണമെന്ന് പറഞ്ഞാല്‍ നാണമില്ലാതെ വന്ന് നക്കി കൊള്ളും, ഇവനൊന്നും വേറൊരു പണിയുമില്ല"
ഠോ!!!
ഒടുവില്‍ പറഞ്ഞ് ഒപ്പിച്ചു:
"അല്ല.., അമ്മയല്ല.., ആണോ.., അതേ.., അമ്മയാ...അമ്മയാ വിരുന്നിനു വിളിച്ചത്"
"അയ്യേ, പോകണ്ടായിരുന്നു"
അവള്‍ വീണ്ടും അടുക്കളയിലേക്ക്...

അമ്മയേയും ഗായത്രിയേയും സഹായിച്ചാല്‍ അമ്മയുടെ പരാതി കുറയുമെന്ന് കരുതി, ഞാനും അടുക്കളയില്‍ കയറി.പാവയ്ക്കാ അരിഞ്ഞോണ്ടിരിക്കുന്ന കൂട്ടത്തില്‍ ഞാന്‍ വെറുതെ അന്തരീക്ഷം മയപ്പെടുത്താന്‍ ശ്രമിച്ചു:
"ഈ പാവയ്ക്കാ മെഴുക്കുവരട്ടി എനിക്ക് കണ്ണെടുത്താല്‍ കണ്ട് കൂടാ, പക്ഷേ കുമാരനിത് ഭയങ്കര ഇഷ്ടമാ"
അത് കേട്ട് അമ്മ:
"പാവയ്ക്കായ്ക്കൊക്കെ എന്താവില, ഇവനൊക്കെ വച്ചു വിളമ്പുന്നവരെ പറഞ്ഞാല്‍ മതി.ഒരു വിരുന്നു കൊടുക്കാമെന്ന് കരുതിയാല്‍ ഇഷ്ടമുള്ളതിന്‍റെ ലിസ്റ്റ് പറയും, ദരിദ്രവാസികള്.പിന്നെ സമാധാനമുണ്ട്, നിന്നെ പോലെ അവിയല്‌ ഇഷ്ടപ്പെടുന്നവനാണെങ്കില്‍ എത്ര പച്ചക്കറി വാങ്ങേണ്ടി വന്നേനെ"
ഇത് കേട്ടതും ഗായത്രി എന്നെ രൂക്ഷമായൊരു നോട്ടം....
എനിക്കെല്ലാം മനസിലായി, അവളുടെ മനസിലിപ്പോള്‍ മഹേഷിന്‍റെ അമ്മ പറഞ്ഞ വാചകങ്ങളാ:
"മോന്‌ അവിയല്‌ ഇഷ്ടമാണെന്ന് മഹേഷ് പറഞ്ഞാരുന്നു, ഇച്ചിരി കൂടി വിളമ്പട്ടെ"
"ആയിക്കോട്ടേ"
അത് കണ്ട ഗായത്രി:
"അമ്മേ, എനിക്കൂടെ ഇച്ചിരി"
"ഓ..മോള്‍ക്കും ഇഷ്ടമാണോ, ഇന്നാ മോളും കഴിക്ക്"
അവിയല്‌ വിളമ്പുന്ന കൂട്ടത്തില്‍ ആ അമ്മയുടെ ചിരിയും, എന്‍റെ അമ്മയുടെ വാചകവും ഒരേ പോലെ മനസില്‍ മുഴങ്ങുന്നു....
"ഒരു വിരുന്നു കൊടുക്കാമെന്ന് കരുതിയാല്‍ ഇഷ്ടമുള്ളതിന്‍റെ ലിസ്റ്റ് പറയും, ദരിദ്രവാസികള്"
ഈശ്വരാ!!!

പതിയെ അടുക്കളയില്‍ നിന്ന് പുറത്തേക്ക്...
എന്തിനാ വെറുതെ അമ്മയുടെ വായിലിരിക്കുന്നത് കേള്‍ക്കുന്നത്.ഒരു വിധത്തില്‍ ചിന്തിച്ചാല്‍ അമ്മ പറയുന്നതും ശരിയാ.വിരുന്നെന്ന് പറഞ്ഞ് ചുമ്മാതെ എല്ലായിടവും പോയി തട്ടിയത് മഹാ മണ്ടത്തരമായി പോയി.ഇനി എന്‍റെ ആ അവസ്ഥ കുമാരനാണ്...
എന്തെല്ലാം അബദ്ധങ്ങള്‍ അവനു പറ്റാനിരിക്കുന്നു.
ഓര്‍മ്മ ഇത്രത്തോളമായപ്പോള്‍ അറിയാതെ കുമാരനു പറ്റിയ ഒരു പഴയ അബദ്ധമോര്‍ത്ത് ഒന്ന് ചിരിച്ച് പോയി, അത് കണ്ട് വന്ന ഗായത്രി:
"എന്താ ചിരിക്കുന്നത്? അമ്മ പറഞ്ഞത് കേട്ടാ?"
"ഹേയ്, അല്ല"
"പിന്നേ..."
അവളുടെ നിര്‍ബദ്ധത്തിനു എനിക്കാ കഥ പറയേണ്ടി വന്നു...
വര്‍ഷങ്ങള്‍ക്ക് മുമ്പ് കുമാരനു പറ്റിയൊരു അബദ്ധത്തിന്‍റെ കഥ...

എനിക്കും കുമാരനും ഒരു കൂട്ടുകാരനുണ്ട്, മധു.ഇപ്പോള്‍ അവന്‍ വലിയ ഗള്‍ഫ്കാരനാ, എന്നെയോ കുമാരനെയോ അവനു തിരിച്ചറിയാന്‍ പറ്റുന്നേയില്ല, അത്ര വലിയ കാശുകാരന്‍.ഒന്നൂടെ വ്യക്തമാക്കിയാല്‍ തെങ്ങിനു തടമെടുക്കാന്‍ ജെ.സി.ബി വാങ്ങാന്‍ കെല്പുള്ളവന്‍, ഒരു കുബേരന്‍.
എന്നാല്‍ പണ്ട് ഇവനു ഒന്നുമുണ്ടായിരുന്നില്ല, ഈ കഥ നടക്കുന്നത് ആ കാലഘട്ടത്തിലാണ്...

അവനെ പറ്റി പറയുകയാണെങ്കില്‍ വൈകുന്നേരങ്ങളില്‍ എവിടുന്നെങ്കിലും വയറു നിറയെ തിന്നുമെങ്കിലും, വെളുപ്പാന്‍ കാലത്ത് വയറു ക്ലീന്‍ ആക്കാന്‍ സ്വന്തമായ ഒരു ഓലപ്പുരയോ, കുഴി കുത്താന്‍ സ്വന്തമായി ഒരു പറമ്പോ ഇല്ലാത്ത കുചേലനായിരുന്നു.അതിനാല്‍ തന്നെ എന്നും രാവിലെ സൂര്യന്‍ ഉദിക്കുന്നതിനു മുന്നേ ഗോപിസാറിന്‍റെ പറമ്പിന്‍റെ ഒരു മൂലയില്‍ അവന്‍ ഉദിക്കും.എന്നിട്ട് സൂര്യനു കാണാന്‍ പാകത്തിനു കണി ഒരുക്കിയിട്ട് തിരികെ പോകും.സൂര്യന്‍ ഈ കണി കാണാറുണ്ടോന്ന് അറിയില്ല, എന്നാല്‍ ഗോപിസാര്‍ ദിവസവും പറമ്പ് വൃത്തികേടാക്കുന്നവനെ തന്തക്ക് വിളിക്കുന്നത് നാട്ടുകാര്‍ക്ക് കേള്‍ക്കാമായിരുന്നു.

അങ്ങനെയിരിക്കെ ഒരു നാള്‍ നമ്മുടെ നായകന്‍, പ്രിയപ്പെട്ട കുമാരന്‍, ഒരു കമ്പനിക്ക്, വെറും കമ്പനിക്ക്, മധുവിനോടൊപ്പം ഗോപിസാറിന്‍റെ പറമ്പില്‍ പോകാന്‍ തയ്യാറായി.സ്വന്തമായി ഓലപ്പുരയോ, സ്വന്തമായി പറമ്പോ ഇല്ലാഞ്ഞിട്ടല്ല, ' വെറും കമ്പനിക്ക് ' അതാണ്‌ ഓര്‍ക്കേണ്ട കാര്യം....
പക്ഷേ പാമ്പ് കടിക്കാന്‍ പറ്റിയ സമയം എന്ന് പറഞ്ഞ പോലെയായി അന്നത്തെ കാര്യങ്ങള്‍.അത് വരെ ഇല്ലാത്ത പോലെ മുഹൂര്‍ത്തം നോക്കി പറമ്പ് വൃത്തികേടാക്കുന്ന ഗഡിയെ പിടി കൂടാന്‍ ഗോപിസാര്‍ കാത്തിരുന്നതും അതേ ദിവസമായിരുന്നു...
അങ്ങനെ പറമ്പിന്‍റെ ഒരു മൂലയില്‍ മധുവും അല്പം മാറി കുമാരനും സ്ഥാനം പിടിച്ചു.പെട്ടന്നായിരുന്നു നിശബ്ദതയെ കീറി മുറിച്ച് ഗോപിസാറിന്‍റെ അലര്‍ച്ച മുഴങ്ങിയത്:
"ആരടാ അത്??"
ആ ശബ്ദത്തിന്‍റെ ആഘാതത്തില്‍ കാര്യം സാധിച്ച് പോയ മധു ഒരു ഒറ്റ ഓട്ടമായിരുന്നു.എന്നാല്‍ വിനയം കൊണ്ടാണോ കാല്‍ വിറച്ചിട്ടാണോന്ന് അറിയില്ല, കുമാരന്‍ ഓടിയില്ല.ഓടിയില്ലെന്ന് മാത്രമല്ല വിനയത്തോടെ കൂടി മറുപടിയും കൊടുത്തു:
"ഞാനാണേ...കുമാരന്‍"
"ഓഹോ, നീയാണോ....പന്ന...#@&@##...കുറേ നാളായി ഞാന്‍ കാത്തിരിക്കുവാരുന്നു"
നല്ല പച്ച മലയാളത്തിനു ഇടക്ക് കേട്ട ഭാഷ തമിഴോ, തെലുങ്കോ അതോ ഉര്‍ദ്ദുവോന്ന് ആലോചിച്ച് കുമാരന്‍ നില്‍ക്കെ ഗോപിസാര്‍ അവന്‍റെ കുത്തിനു പിടികൂടി, കൂട്ടത്തില്‍ ഇത്ര നാളും പറമ്പ് വൃത്തികേടാക്കിയതിനുള്ള ശകാരം വേറെയും...
ഒടുവില്‍ കുമാരന്‍ ഉണര്‍ത്തിച്ചു:
"അയ്യോ ഗോപിസാറേ, സത്യമായും ഞാന്‍ പറമ്പ് വൃത്തികേടാക്കിയില്ല"
വിശ്വാസം വരാതെ സാറ്‌ ചുറ്റും ടോര്‍ച്ച് അടിച്ച് നോക്കി, ഒടുവില്‍ സാറിന്‍റെ അലര്‍ച്ച കേട്ട് ഞെട്ടി ഓടിയ മധു, ഓടുന്നതിനു മുന്നേ വിസര്‍ജ്ജിച്ച വസ്തു ഗോപി സാറിന്‍റെ കണ്ണില്‍ പെട്ടു.കുമാരന്‍റെ കുത്തിനു പിടിച്ച് അയാള്‍ അലറി ചോദിച്ചു:
"നീ പറമ്പ് വൃത്തികേടാക്കിയട്ടില്ല, അല്ലേ?"
"ഇല്ല സാര്‍, സത്യമായും വൃത്തികേടാക്കിയിട്ടില്ല"
"പിന്നെ ആ കാണുന്നതെന്തുവാടാ"
ഗോപിസാര്‍ കൈ ചൂണ്ടിയടത്ത് നോക്കിയ കുമാരനും കണ്ടു, മധു ഉപേക്ഷിച്ച് പോയ അമേദ്യം.കുമാരന്‍ മറുപടി പറയാത്ത കണ്ട് ഗോപിസാര്‍ പിന്നെയും ചോദിച്ചു:
"പറയടാ, ആ കാണുന്നതെന്തുവാ?"
"അയ്യോ സാറേ, അത് മധുവാ" കുമാരന്‍ പറഞ്ഞ് ഒപ്പിച്ചു.
ഇത് കേട്ടതും സാറൊരു അലര്‍ച്ചയായിരുന്നു:
"ഫ്, കഴുവേറി, നിനക്കത് മധുവായിരിക്കും, പക്ഷേ എനിക്കത് #$##മാടാ"
പാവം കുമാരന്‍!!!
കുറേ നേരം സാറിനെ നോക്കി നിന്നു, പിന്നെ പതിയെ വീട്ടിലേക്ക് നടന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മരണക്കിടക്കയില്‍ കിടന്ന് ഗോപിസാര്‍ ഒന്നേ ചോദിച്ചുള്ളു:
"അല്ല കുമാരാ..ഇപ്പോഴും നിനക്ക് അത് തേനാണോ?"
പഴയ കാര്യം ഓര്‍മ്മ വന്ന കുമാരന്‍ വിശദമാക്കി:
"അല്ല സാര്‍, അത് മധുവാണെന്നാ ഞാന്‍ ഉദ്ദേശിച്ചത്"
"നിനക്കത് മധുവായിരിക്കും, പക്ഷേ എല്ലാവര്‍ക്കും അങ്ങനെ ആവണമെന്നില്ല കുട്ടി"
ഗോപി സാര്‍ എന്നെന്നേക്കുമായി കണ്ണടച്ചു.

കഥ കേട്ട് കഴിഞ്ഞപ്പോള്‍ ഗായത്രിക്ക് ഒരു സംശയം:
"ഈ കുമാരേട്ടന്‍ മധുവെന്ന് ഉദ്ദേശിച്ചത് ആ കൂട്ടുകാരനെയല്ലേ?"
ആരോട്??
ദേവാസുരം മൊത്തം കണ്ടിട്ട് ലാലേട്ടന്‍റെ അച്ഛന്‍ ഇന്നച്ചനാണോന്ന് ചോദിച്ച പാര്‍ട്ടിയാ.ഒന്നും പറയാനില്ലാത്ത കൊണ്ട് പതിയെ സൂചിപ്പിച്ചു:
"ചെല്ല്, ചെന്ന് അമ്മയെ സഹായിക്ക്"
അവള്‍ പോയി, അങ്ങനെ വിരുന്നിനു നേരവുമായി...

എന്‍റെ മുന്നിലിരുന്നു വലിച്ച് വാരി തിന്നുന്ന കുമാരനും , പുതുപെണ്ണും.ഇടക്കിടെ പാവയ്ക്കാ മെഴുക്കുവരട്ടിയുടെ ഗുണഗണങ്ങളെ പറ്റി അവര്‍ വാചാലരാവുന്നുണ്ട്. ഇടക്ക് എന്നെ നോക്കി കുമാരന്‍ പറഞ്ഞു:
"എടാ നല്ല മെഴുക്കുവരട്ടിയാ കഴിച്ച് നോക്കിയെ"
"എനിക്ക് വേണ്ടാ"
"നീ വേണേല്‍ കഴിച്ചാല്‍ മതി, എനിക്ക് ഭയങ്കര ഇഷ്ടമാ"
ഒടുവില്‍ ഞാനും പറഞ്ഞു:
"നിനക്കത് മധുവായിരിക്കും, പക്ഷേ എനിക്കത്....."
എന്താണെന്ന് അറിയില്ല, കുമാരന്‍ പിന്നെ ആ മെഴുക്കുവരട്ടി കൂട്ടിയില്ല, കുമാരന്‍ മാത്രമല്ല അവന്‍റെ പെണ്ണും.അന്ന് മുതല്‍ എനിക്ക് ഇഷ്ടമില്ലാത്തത് ആരെങ്കിലും വല്ല്യ കാര്യത്തെ അവതരിപ്പിച്ചാല്‍ അറിയാതെ പറയും...
"ഹും! നിനക്കത് മധുവായിരിക്കും"

കടമിഴിയില്‍ കമലദളം




"ഭ്രാന്ത് ഒരു രോഗമല്ല, അതേ പോലെ രോഗം ഒരു ഭ്രാന്തുമല്ല.എന്നാല്‍ ചില രോഗങ്ങള്‍ ചില നേരങ്ങളില്‍ നമ്മളെ ഭ്രാന്ത് പിടിപ്പിക്കും"

മേല്‍ സൂചിപ്പിച്ച വരികള്‍ പറഞ്ഞത് സ്വാമി വിവേകാനന്ദനോ, സുഭാഷ് ചന്ദ്രബോസോ ഒന്നുമല്ല, എന്‍റെ റൂംമേറ്റാണ്, ബാച്ചിലര്‍ ലൈഫിലെ എന്‍റെ റൂം മേറ്റ്, സന്ദീപ്.
അവന്‍ എന്തിനിത് പറഞ്ഞു?
ഇങ്ങനെ ഒരു സ്റ്റേറ്റ്മെന്‍ഡ് ഇറക്കാന്‍ തക്കതായി എന്ത് പ്രചോദനം?
ഇങ്ങനെ കുറേ ചോദ്യങ്ങള്‍ ആരുടെയെങ്കില്ലും മനസില്‍ ഉണ്ടായെങ്കില്‍ അതിനു മറുപടിയാണ്‌ ഈ കഥ.ഇതിലൂടെ അവന്‍റെ ചേതോവിഹാരങ്ങളുടെ അവലോകനമാണ്‌ (എന്താണോ എന്തോ??) ഞാന്‍ വിവരിക്കാന്‍ ഉദ്ദേശിക്കുന്നത്...

ഞാനും തടിയനും സന്ദീപും...
പെര്‍ഫെക്റ്റ് റൂം മേറ്റ്സ്സ്!!!
ആര്‍ക്കും പരസ്പരം ശല്യമില്ലാതെ കഴിഞ്ഞ് കൂടുന്ന കാലം.മൂന്ന് പേര്‍ക്ക് കുടി കഴിയാന്‍ ഒരു റൂമേ ഉള്ളെങ്കിലെന്താ, ഒരുമയുണ്ടെങ്കില്‍ ഉലക്ക മേലും കിടക്കാമെന്നത് സത്യമാണെന്ന് തെളിയിക്കാന്‍ ഒരിക്കല്‍ റൂമില്‍ വന്നാല്‍ മതി.ഒരു പഴമേ കിട്ടിയുള്ളെങ്കിലും, 'പഴമെനിക്ക്, തൊലി നിനക്ക്' എന്ന് പറയുന്ന സ്വഭാവം മൂന്ന് പേര്‍ക്കുമില്ല, അത്ര ഒരുമ!!
അങ്ങനെ ജീവിച്ച് പോകവേ, ഒരു വെള്ളിയാഴ്ച ഓഫീസില്‍ പോകാനായി തയ്യാറായ എന്നോട് തടിയന്‍ പറഞ്ഞു:
"അണ്ണാ, കണ്ണില്‍ പൊടി വീണെന്നാ തോന്നുന്നത്, ഒരു കിരുകിരുപ്പ്"
"കണ്ട അവളുമാര്‌ റോഡില്‍ കൂടി പോകുമ്പോള്‍ കണ്ണ്‌ തുറിച്ച് നോക്കിയിരുന്നാല്‍ ഇങ്ങനിരിക്കും" എന്‍റെ സ്വാന്തനം.
"എന്നിട്ട് സന്ദീപ് ചേട്ടനു കുഴപ്പമില്ലല്ലോ?" അവന്‍റെ സംശയം.
ഇത് കേട്ടതും ഓഫീസില്‍ പോകാന്‍ ബാഗും എടുത്ത് ഇറങ്ങിയ സന്ദീപ് ബാഗ് താഴേക്കിട്ട് ഒരു അലര്‍ച്ച:
"എടാ മനു, ഇവന്‍റെ പല്ലിന്ന് ഞാന്‍ അടിച്ച് താഴെയിടും"
അരുത്...
മാ നിഷാദാ...അരുത് കാട്ടാളാ!!!
സന്ദീപ് ഒന്ന് അടങ്ങി, കൂടെ ഒരു ഡയലോഗും:
"നീ പറഞ്ഞിട്ടാ, അല്ലേല്‍ കാണാരുന്നു"
ശരിയാ, തടിയന്‍ സന്ദീപിന്‍റെ കൂമ്പ് നോക്കി ഇടിക്കുന്നത് കാണാരുന്നു.

ആ പകല്‍ ഓഫീസില്‍ തീര്‍ന്നു..
തിരികെ റൂമിലെത്തിയപ്പോള്‍ സന്ദീപ് വാതുക്കല്‍ നില്‍ക്കുന്നു, അതും പ്രേതത്തെ കണ്ട് ഞെട്ടിയ പോലെ.ആ ഭാവം കണ്ട് ഭയന്ന് ഞാന്‍ ചോദിച്ചു:
"എന്താ, എന്ത് പറ്റി?"
"പ്രശ്നമാ"
എന്ത് പ്രശ്നം??
"അകത്ത് കയറി നോക്കിയേ"
അവന്‍റെ മറുപടി കേട്ട് ഞാന്‍ അകത്ത് കയറി, ഒന്ന് നോക്കി, തിരിച്ച് വെളിയില്‍ ചാടി!!!
"കണ്ടോ?" സന്ദീപ്.
"കണ്ടടാ കണ്ട്"
"ഇനി എന്ത് ചെയ്യും?"
"ആ..."

അകത്ത് കണ്ട് കാഴ്ച അത്ര ഭീകരമായിരുന്നു...
കടമിഴിയില്‍ കമലദളവുമായി തടിയന്‍...
'മദ്രാസ് ഐ' അഥവാ ചെങ്കണ്ണ്!!!
'വിത്ത് ഇന്‍ നോ ടൈം' ഞങ്ങളെയും ബാധിക്കാവുന്ന രോഗം.
'ഇനി എന്ത് ചെയ്യും?" വീണ്ടും സന്ദീപ്.
വെള്ളിയാഴ്ച രാത്രി എന്ത് ചെയ്യാന്‍, കഴിഞ്ഞ് കൂടുക തന്നെ.

ശനിയാഴ്ച രാവിലെ...
വിവരം അറിഞ്ഞ് തടിയന്‍റെ അമ്മുമ്മ ഫോണ്‍ വിളിച്ചു, അവരുടെ ആവശ്യപ്രകാരം തടിയന്‍ ഫോണ്‍ എന്‍റെ കൈയ്യില്‍ തന്നു, അവര്‍ എന്നോട് പറഞ്ഞു:
"പേടിക്കേണ്ടാ മോനേ, കുറച്ച് മുലപ്പാല്‌ കണ്ണിലൊഴിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളു.വേണേല്‍ നിങ്ങടെ കണ്ണിലും ഒഴിച്ചോ, പകരില്ല"
നല്ല ഐഡിയ!!!
മുലപ്പാല്‌ വാങ്ങി കണ്ണിലൊഴിച്ചാല്‍ മതി പോലും!!!
ഇതെന്നതാ കടയില്‍ കിട്ടുന്ന വല്ലതുമാണോ??
ഇടി വാങ്ങി കൂട്ടാന്‍ വേറെ എന്നാ വേണം???
വിവരം അറിഞ്ഞപ്പോഴേ സന്ദീപ് പറഞ്ഞു:
"ആ തള്ളക്ക് വട്ടാ"
ശരിയാ, അല്ലേല്‍ ബാംഗ്ലൂരില്‍ ബാച്ചിലര്‍ ലൈഫ് നയിക്കുന്നവരോട് ഇങ്ങനെ പറയുമോ??
ആ ഐഡിയ പ്രാവര്‍ത്തികമാക്കേണ്ടതില്ലെന്ന് തീരുമാനമായി.

പക്ഷേ കുറേ സമയം കഴിഞ്ഞപ്പോള്‍ ഒരു ഉള്‍വിളി, വെറുതെ ചെങ്കണ്ണ്‌ വരുന്നതില്‍ നല്ലതല്ലേ ഐഡിയ ഒന്ന് പ്രാവര്‍ത്തികമാക്കാന്‍ നോക്കുന്നത്?
അതേ, നല്ലത് തന്നെ.
അങ്ങനെ അടുത്തിടക്ക് പ്രസവിച്ച സ്ത്രീകളുടെ ലിസ്റ്റെടുക്കാമെന്ന് കരുതിയപ്പോഴാണ്‌ സന്ദീപ് ഒരു സത്യം ബോധിപ്പിച്ചത്.അവന്‍റെ ഒരു കൂട്ടുകാരന്‍റെ വൈഫിനു ഒമ്പത് മാസം ആയിരുന്നത്രേ, ഇപ്പോ പ്രസവിച്ച് കാണും പോലും, കുറേ ദൂരെ ആണെന്ന പ്രശ്നം മാത്രമേ ഉള്ളു.ഒടുവില്‍ പ്രസവിച്ചോന്ന് അറിയാന്‍ വിളിച്ച് നോക്കാമെന്ന് തീരുമാനമായി.സന്ദീപ് ഫോണെടുത്ത് അവനെ വിളിച്ചു:
"ഹലോ ഡേവിഡേ, എന്തായി? കുഞ്ഞ് എന്ത് ചെയ്യുന്നു?"
"എന്താവാന്‍, കുഞ്ഞിവിടെ തലകുത്തി മറിയുകയാ"
അപ്പോ പ്രസവം കഴിഞ്ഞു, സന്തോഷമായി!!!
നേരെ ബൈക്കില്‍ ഞാനും സന്ദീപും ഡേവിഡിന്‍റെ വീട്ടിലേക്ക്, ട്രാഫിക്കിലൂടെ ഒരു മണിക്കൂര്‍ യാത്ര.ഡേവിഡിനോട് കാര്യം അവതരിപ്പിച്ച് കഴിയുന്നത്രേ ശേഖരിക്കുക എന്ന ഉദ്ദേശത്തില്‍ ഒരു ഫ്ലാസ്ക്കും കൈയ്യില്‍ വച്ച് നേരെ ലക്ഷ്‌യ സ്ഥാനത്തേക്ക്...

ഡേവിഡിന്‍റെ വീട്..
ചെന്ന് കയറിയ ഞങ്ങളെ സ്വീകരിച്ച് ഇരുത്തിയ ഡേവിഡിനോട് സന്ദീപ് ചോദിച്ചു:
"വൈഫ് വിശ്രമിക്കുകയായിരിക്കും അല്ലേ?"
"ഹേയ്, ദാ നില്‍ക്കുന്നു"
അവന്‍ ചൂണ്ടി കാണിച്ചിടത്തേക്ക് നോക്കിയ ഞങ്ങളൊന്ന് ഞെട്ടി..
നിറവയറുമായി അതാ അവന്‍റെ വൈഫ്!!!!
പ്രസവിച്ചില്ലേ??
അതോ പിന്നേം ഗര്‍ഭിണിയായോ??
ആ സംശയത്തിനു എന്ന പോലെ ഡേവിഡ് മറുപടി നല്‍കി:
"നാളെയാ ഡേറ്റ്"
അത് നന്നായി!!

"അല്ല, കുഞ്ഞ് തലകുത്തി മറിയുവാന്നെന്ന് പറഞ്ഞത്?" സന്ദീപിന്‍റെ സംശയം.
"അതേ, വയറ്റില്‍ കിടന്ന് ഒരേ കളിയാ.ഇടക്കിടെ അവടെ വയറ്റില്‍ ചവിട്ട് കിട്ടാറുണ്ട്"
അത് കേട്ടതും പല്ല്‌ കടിച്ച് സന്ദീപ്:
"അവടെ അല്ല, ഇവന്‍റെ വയറ്റിനിട്ടാ ചവിട്ടേണ്ടത്"
മിണ്ടാതിരിയെടാ!!
"നിങ്ങളെന്താ ഫ്ലാസ്ക്കുമായി?" ഡേവിഡിന്‍റെ ചോദ്യം.
"വെറുതെ, മൂടി തുറന്ന് വച്ചാല്‍ ചൂട് പോകുന്നു.ഇവിടൊരു കടയില്‍ കൊടുത്ത് നോക്കിക്കാമെന്ന് കരുതി ഇറങ്ങിയതാ"
"ഓ അത് ശരി"
മണ്ടന്‍!!!

അധികം സംസാരിക്കാതെ യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ ഡേവിഡ് ചോദിച്ചു:
"ഇനി എന്നാ ഇങ്ങോട്ടൊക്കെ?"
"കണ്ണ്‌ ശരിയായില്ലെങ്കില്‍ പ്രസവിച്ച് കഴിയുമ്പോ അറിയിച്ചാല്‍ മതി, വരാം"
സന്ദീപിന്‍റെ മറുപടി ശരിയാണെന്ന അര്‍ത്ഥത്തില്‍ ഞാനും തലയാട്ടി.
തിരിച്ച് നട്ടുച്ച വെയിലത്ത് വണ്ടി ഓടിച്ചപ്പോള്‍ സന്ദീപിന്‍റെ കലിപ്പ് ഇരട്ടിയായി:
"പണ്ട് ഇവന്‍റെ തന്തേടെ കാലേല്‍ ഗുളികന്‍ ഉണ്ടായിരുന്നു, അത് പിന്നെ ഇവന്‍റെ കാലേല്‍ കയറി, ഇപ്പോ ഇവന്‍റെ കുഞ്ഞിന്‍റെ കാലേല്‍ കയറി കാണും, അതാ കുഞ്ഞ് കിടന്ന് തുള്ളുന്നത്"
"പോട്ടടാ"
"പിന്നല്ല, ഈ പരമ നാറിക്ക് ഫോണ്‍ വിളിച്ചപ്പോ പറഞ്ഞ് കൂടാരുന്നോ പ്രസവിച്ചില്ലെന്ന്"
ശരിയാ, പറയാമായിരുന്നു!!
ഞങ്ങള്‍ റൂമിലേക്ക്...
ചെന്ന് കയറിയപ്പോള്‍ തടിയന്‍ ആകാംക്ഷയോടെ ഫ്ലാസ്ക്ക് തുറന്നു, എന്നിട്ട് ചോദിച്ചു:
"അണ്ണാ പാലെന്തിയേ?"
"ആവിയായി പോയി"
"അയ്യോ, ഇനി എന്ത് ചെയ്യും?"
മറുപടി പറഞ്ഞില്ല, കാരണം ഞങ്ങളുടെ മനസിലും ആ ചിന്തയായിരുന്നു...
ഇനി എന്ത് ചെയ്യും??

വീടിനടുത്ത് ഒരു തമിഴത്തി അടുത്ത കാലത്ത് പ്രസവിച്ചാരുന്നു.എന്നും രാത്രിയില്‍ കുഞ്ഞിന്‍റെ കരച്ചിലും അതിലും ഉച്ചത്തില്‍ താരാട്ട് പാട്ടും അവിടെ നിന്ന് കേള്‍ക്കാറുണ്ട്.അവരുടെ തള്ള മാത്രമേ ആ വീട്ടിലുള്ളു എന്ന് അറിയാവുന്നതിനാല്‍ ഒന്ന് ശ്രമിച്ച് നോക്കാമെന്ന് തീരുമാനമായി.
ഞാനും സന്ദീപും നേരെ ആ വീട്ടിലേക്ക്...
വാതില്‍ തുറന്ന തള്ള എന്നെ ഒന്ന് നോക്കി, ഞാന്‍ മലയാളിയാണെന്ന് അറിയാവുന്ന അവര്‍, അവരെ കൊണ്ട് പറ്റുന്ന മലയാളത്തില്‍ ചോദിച്ചു:
"എന്നാ കണ്ണാ?"
"തന്നെ കണ്ണാ. എന്നുടെ ഫ്രണ്ടുക്ക്"
"എന്നാ?"
"ഫ്രണ്ടുക്ക് ഒടമ്പ് ശരിയല്ല, കൊഞ്ചം പാല്‌ വേണം" പറഞ്ഞ് ഒപ്പിച്ചു.
"അവളുതാനാ, ഒരു നിമിഷം" അവര്‍ അകത്തേക്ക് പോയി.
ഞാന്‍ സന്ദീപിനെ നോക്കിയപ്പോള്‍ എല്ലാം ശരിയായ സന്തോഷം അവന്‍റെ മുഖത്ത്.
ഒരു മിനിറ്റ് എന്ന് പറഞ്ഞ് പോയവര്‍ ഒരു മൂന്ന് മിനിറ്റ് കഴിഞ്ഞ് വാതുക്കല്‍ വന്ന് പറഞ്ഞു:
"ഉക്കാറുങ്കോ, കൊഞ്ചം ടൈമാവും"
ഞങ്ങള്‍ പതുക്കെ ഹാളില്‍ ഇരുന്നു, സന്ദീപ് ആശ്വസിക്കുന്ന രീതിയില്‍ സ്വയം പറഞ്ഞു:
"ശരിയാ, വരണ്ടേ"
അതേ, അതേ...

അഞ്ചാറ്‌ മിനിറ്റ് കഴിഞ്ഞപ്പോഴും ആരേം കാണാത്തപ്പോള്‍ എനിക്കൊരു സംശയം:
"വരില്ലേ?"
എന്‍റെ ചോദ്യത്തിനു സന്ദീപ് ആധികാരികമായി മറുപടി നല്‍കി:
"ഈയിടെ പ്രസവം കഴിഞ്ഞതല്ലേ, വരണ്ടതാണ്, വരും"
"അതല്ലടാ പോത്തേ, തള്ള തിരിച്ച് വരില്ലേ?"
"ഓ അവരോ, അവര്‍ വരും"
അവന്‍ പറഞ്ഞത് സത്യമായിരുന്നു, പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ അവര്‍ വന്നു.കൈയ്യിലിരുന്ന ഒരു കവര്‍ മില്‍മാ പാല്‍ നീട്ടിയട്ട് അവരൊരു ഡയലോഗ്:
"ഇങ്കെയിരുന്നതെല്ലാം മുടിഞ്ഞ് പോച്ച്, ഇത് പക്കത്ത് മാമിയാര്‍ വീട്ടിന്ന് കിടച്ചത്"
കര്‍ത്താവേ!!!
തള്ള മാമിയാര്‍ വീട്ടില്‍ പോയി പാലും വാങ്ങി വന്നിരിക്കുന്നു!!!
"ഇത് പോതുമാ? ഇങ്കെ മുടിഞ്ഞ് പോച്ച്" തള്ള.
ഇത് പോതും, ഇവിടം മുടിഞ്ഞ് പോട്ടെ!!!
പതിയെ കവറുമായി വെളിയിലേക്ക്, റൂമിലെത്തിയപ്പോള്‍ തടിയനു സംശയം...
"ഇതെന്താ?"
"ഇപ്പോ ഇങ്ങനാ കിട്ടുന്നത്"
"കവറിലോ?"
"ഉം"
പിന്നെ ആര്‍ക്കും മിണ്ടാട്ടമില്ല.

ഹൌസ് ഓണറുടെ വൈഫിന്‍റെ അനുജത്തി പ്രസവിച്ച് കിടക്കുകയാണെന്ന് അറിയാം.അവരു ഇത്തിരി ബോള്‍ഡ് ക്യാരക്റ്ററാ, മാത്രമല്ല അവിടെ അവരുടെ അമ്മാവന്‍ മാത്രമേ ഉള്ളു.പുള്ളിയുമായി ഞാന്‍ നല്ല കമ്പനിയുമാ, രണ്ടും കല്‍പ്പിച്ച് അവിടെ പോകാന്‍ തീരുമാനമായി.ഒരിക്കല്‍ കൂടി ഞാനും സന്ദീപും ഒരുങ്ങി പുറപ്പെട്ടു..
"എന്താ മനു, എന്തോ പറ്റി?" അമ്മാവന്‍.
"നമ്മുടെ ഒരു പയ്യനു ഇച്ചിരി മുലപ്പാലിന്‍റെ ആവശ്യമുണ്ടായിരുന്നു, വേറെ ഒരു വഴിയും ഇല്ലാഞ്ഞിട്ടാണ്"
അമ്മാവന്‍ എന്നെ ആശ്വസിപ്പിച്ചു:
"അതിനെന്താ, നല്ല കാര്യമല്ലേ. നീ ആ പയ്യനെ ഇങ്ങ് കൊണ്ട് വാ.ഞാന്‍ അവളോട് പറയാം ഇച്ചിരി പാല്‌ കൊടുക്കാന്‍"
എന്‍റമ്മേ!!!
ഞെട്ടലീന്ന് വിമുക്തമായപ്പോള്‍ സത്യം ബോധിപ്പിച്ചു, ചമ്മലീന്ന് മോചനമായപ്പോള്‍ അമ്മാവന്‍ കാര്യം സാധിച്ച് തന്നു..ഒരു ചെറിയ മരുന്ന് കുപ്പിയില്‍ പാലുമായി വീട്ടിലേക്ക്...

അങ്ങനെ ഒടുവില്‍ ഒരു തരം ഭ്രാന്ത് പിടിച്ച അവസ്ഥയില്‍ നിന്ന് വിമുക്തമായി റൂമിലെത്തി.എല്ലാവരുടെയും കണ്ണില്‍ രണ്ട് തുള്ളി വീതം പാല്‌ ഒഴിച്ചു.കണ്ണും തലയും തണുത്തപ്പോള്‍ സന്ദീപ് പറഞ്ഞു:

"ഭ്രാന്ത് ഒരു രോഗമല്ല, അതേ പോലെ രോഗം ഒരു ഭ്രാന്തുമല്ല.എന്നാല്‍ ചില രോഗങ്ങള്‍ ചില നേരങ്ങളില്‍ നമ്മളെ ഭ്രാന്ത് പിടിപ്പിക്കും"

സത്യം, അനുഭവം ഗുരു.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com