For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

കര്‍മ്മണ്യേ വാധികാരസ്തേ






'കര്‍മ്മണ്യേ വാധികാരസ്തേ, മാ ഫലേഷു കദാചനാ'
പ്രതിഫലം ഇച്ഛിക്കാതെ കര്‍മം ചെയ്യുക എന്നാണ്‌ കൃഷ്ണഭഗവാന്‍ ഭഗവത് ഗീതയില്‍ ഉപദേശിച്ചത്.ശരിയാണ്, കര്‍മം ആണ്‌ പ്രധാനം.അതിനു ലഭിക്കേണ്ട ഫലം എന്ത് തന്നെ ആയാലും അത് നമ്മളെ തേടി വരും.
നമ്മളില്‍ എത്ര പേര്‍ ഈ തത്വത്തില്‍ വിശ്വസിച്ച് ജീവിക്കുന്നുണ്ട്?
ഞാന്‍ പരിചയപ്പെട്ട വ്യക്തികളില്‍ ഭൂരിഭാഗവും, ചെയ്യുന്ന ജോലിക്ക് കൂലി വേണം എന്ന് ആഗ്രഹിക്കുന്നവരായിരുന്നു.

ഈ കാലഘട്ടത്തില്‍ ഭഗവാന്‍റെ വാക്കുകളെ ഞാന്‍ മാനിക്കുന്നു, എന്നാല്‍ 'മണി ഫസ്റ്റ്, പണി നെക്സ്റ്റ്' എന്ന് കരുതിയിരുന്ന ഒരു ജീവിത രീതി എനിക്കും ഉണ്ടായിരുന്നു.കര്‍മ്മത്തെക്കാള്‍ ഏറെ പ്രതിഫലത്തിനു പ്രാധാന്യം കൊടുത്തിരുന്ന ഒരു കാലഘട്ടം.
ഈ കഥ നടക്കുന്നത് അങ്ങനെ ഒരു കാലഘട്ടത്തിലാണ്..

ആഡംബരമായി കല്യാണം കഴിഞ്ഞ ശേഷം, മധുവിധു സ്വപ്നങ്ങളുമായി മണിയറ പൂകുന്ന നവമിഥുനങ്ങളെ, പിറ്റേന്ന് കൊച്ച്‌വെളുപ്പാന്‍ കാലത്ത് വിളിച്ചുണര്‍ത്തി, 'വിശേഷം വല്ലതുമായോ?' എന്ന് ചോദിക്കുന്ന ഗ്രാമമാണ്‌ എന്‍റെത്.അതിനാല്‍ തന്നെ എഞ്ചിനിയറിംഗിലെ അവസാന കടമ്പയായ പ്രോജക്റ്റ് റിപ്പോര്‍ട്ടും സമര്‍പ്പിച്ച്, ഇനി റിസള്‍ട്ട് വരുന്നത് വരെ വീട്ടില്‍ വിശ്രമം എന്ന് ദൃഡപ്രതിജ്ഞയുമെടുത്ത്, നാട്ടിലെത്തിയ എന്നെ കാണാന്‍ വന്ന അയല്‍ക്കാരും ആവേശത്തോടെ ചോദിച്ചു:
"മോനു ജോലി വല്ലതും ആയോ?"
അയല്‍ക്കാരുടെ ആത്മാര്‍ത്ഥതയില്‍ മനസ്സ് നിറഞ്ഞ് ഞാന്‍ മറുപടി കൊടുത്തു:
"ഇല്ല, നോക്കണം"
എന്‍റെ മറുപടി കേട്ടതും, ഞാന്‍ പഠിത്തം കഴിഞ്ഞ് തിരിച്ച് വന്നതില്‍ സന്തോഷിച്ച് നില്‍ക്കുന്ന അച്ഛന്‍റെ പുറത്ത് തട്ടി, നല്ലവനായ ഒരു അയല്‍ക്കാരന്‍ പറഞ്ഞു:
"വിഷമിക്കേണ്ടാ, എല്ലാം ശരിയാകും"
അയാളുടെ ആ വാചകം കേട്ട് അന്ധാളിപ്പോടെ അച്ഛന്‍ ചോദിക്കുന്നത് കേട്ടു:
"എനിക്ക് എന്ത് വിഷമം?"
പാവം അച്ഛന്‍!!
ജീവിതത്തിലെ സമ്പാദ്യം എല്ലാം ചിലവാക്കി മകനെ എഞ്ചിനിയറിംഗ് ബിരുദധാരി ആക്കിയ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍, ഒരു മുതുകിളവന്‍ വന്ന് 'വിഷമിക്കേണ്ടാ' എന്ന് പറഞ്ഞ വിരോധാഭാസം മനസിലായി കാണില്ല.

ദിവസങ്ങള്‍ കടന്ന് പോയി..
റിസള്‍ട്ട് വന്നു, പ്രതീക്ഷിച്ച പോലെ(ആര്??) നല്ല വിജയം!!
ഇനി ജോലി..
ഗാന്ധിജി 'ക്യുറ്റ് ഇന്ത്യ' എന്ന് പറഞ്ഞത് ഇംഗ്ലീഷ്കാരോട് മാത്രമല്ല, ഇംഗ്ലീഷ് ഭാഷയോടും കൂടിയാണെന്ന വിശ്വാസം എന്നില്‍ ശക്തമായിരുന്നു.അതിനാല്‍ തന്നെ ഇംഗ്ലീഷിലെ പരിചയകുറവിനെ ഒരു അഭിമാനമായി ഞാന്‍ കരുതി പോന്നു.ഇതിനോടൊപ്പം നെറ്റിയില്‍ ഭസ്മവും, ചെവിയില്‍ പൂവും, കൈയ്യില്‍ കവടിയുമായി ജനിച്ച് വീഴുന്ന 'ജ്യോത്സ്യന്‍' എന്ന വര്‍ഗ്ഗത്തിലെ ചില മഹാനുഭാവികള്‍ 'സമയ ദോഷം' എന്ന പട്ടം ചാര്‍ത്തി തന്നത് എന്‍റെ 'ജോലി' സ്വപ്നങ്ങള്‍ക്ക് ഒരു വിഘാതവുമായി.

എങ്കില്‍ തന്നെയും, 'ഈശ്വരോ രക്ഷതു' എന്ന ആപ്ത വാക്യത്തില്‍ വിശ്വസിച്ച്, കാലത്ത് കുളിച്ചൊരുങ്ങി, അമ്പലത്തില്‍ തൊഴാന്‍ പോകുന്നത്, ഞാന്‍ ഒരു പതിവാക്കി മാറ്റി.ദിവസവും ജോലി അപേക്ഷക്ക് വേണ്ടിയുള്ള ഈ യാത്ര കാണുമ്പോള്‍, അമ്പലപരിസരത്തുള്ള ആല്‍ത്തറയില്‍ ഇരുന്ന് പണിക്കത്തിത്തള്ള ചോദിക്കും:
"മോനു ജോലി ഒന്നും ആയില്ല അല്ലേ?"
ബഹുമാനത്തോടെ ഞാന്‍ മറുപടി കൊടുക്കും:
"ഇല്ല അമ്മേ, ആവുമായിരിക്കും"
ജോലി ആയില്ല എന്ന എന്‍റെ മറുപടി കേട്ട്, ഒരു പ്രത്യേക സന്തോഷഭാവത്തില്‍ അവരെന്നെ തിരിച്ച് അനുഗ്രഹിക്കും:
"മോന്‍ നന്മ ഉള്ളവനാ, നന്നായി വരും""
ശരി!!
ഇതൊരു തുടര്‍ക്കഥയായി..
ദിവസവും 'ജോലി ആയോന്നുള്ള' ചോദ്യവും എന്‍റെ വിഷമ മറുപടിയും, പിന്നെ അവരുടെ അനുഗ്രഹവും.ഇത് കേട്ട് കേട്ട് ഞാന്‍ മടുത്തു.ജോലിയെ കുറിച്ചുള്ള ആ ചോദ്യത്തെ തന്നെ ഞാന്‍ വെറുത്തു.അങ്ങനെ ഒരുനാള്‍ അമ്പലത്തില്‍ പോയ എന്നോട് അവര്‍ പതിവ് ചോദ്യം ചോദിച്ചു:
"മോനു ജോലി ഒന്നും ആയില്ല അല്ലേ?"
പെട്ടന്നുണ്ടായ മനോവിഷമത്തില്‍ ഞാന്‍ അലറി പറഞ്ഞു:
"തള്ളേടെ പതിനാറടിയന്തിരത്തിനു മുമ്പ് ജോലി ആയാല്‍ ഞാന്‍ വീട്ടില്‍ വന്ന് പറയാം"
((ഠോ))
അമ്പലത്തില്‍ ഒരു വെടി ശബ്ദം!!
ഓര്‍ക്കാപ്പുറത്ത് ഉള്ള ഈ മറുപടിയില്‍ അവരൊന്ന് ഞെട്ടി, പിന്നെ രണ്ട് കൈയ്യും അവരുടെ തലയില്‍ വച്ച് എന്നെ മാക്സിമം അനുഗ്രഹിച്ചു:
"നീയൊരു നശൂലമാടാ, നീ മുടിഞ്ഞ് പോകും"
പിന്നെ, മുടിഞ്ഞ് പോകും പോലും..
നന്നാവും എന്ന് പറഞ്ഞിട്ട് നന്നായില്ല, പിന്നാ നശിക്കുന്നത്!!
വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു..
സത്യാവസ്ഥ മനസിലാക്കി അച്ഛന്‍ എന്നെ അനുഗ്രഹിച്ചു:
"ഇനി നിനക്ക് മനസമാധാനം ലഭിക്കും"
ശരിയായിരുന്നു..
അതില്‍ പിന്നെ 'ജോലി ആയോന്ന്' നാട്ടില്‍ ആരും തിരക്കിയില്ല!!

ഭാര്‍ഗ്ഗവന്‍മാമ, എന്‍റെ വകയിലൊരു അമ്മാവനാ..
അങ്ങേര്‍ക്ക് ആകെ ഉള്ളത് ഒരു മകനും ഒരു മകളുമാ.മകളെ കെട്ടിച്ച് അയച്ചു, മകന്‍റെ പഠിത്തം കഴിഞ്ഞ് ജോലിയുമായി.വെറ്റില മുറുക്കും, സ്വന്തം മക്കളെ പൊക്കി പറയുന്ന സ്വഭാവവും മാറ്റി നിര്‍ത്തിയാല്‍ വളരെ നല്ല മനുഷ്യനാണ്‌ ഈ കഥാനായകന്‍.
ജോലി ആയോന്ന് ചോദിക്കുന്നവരെ, അത് ആരു തന്നെ ആയാലും, തിരിച്ച് തന്തക്ക് വിളിക്കുന്ന മാനസികാവസ്ഥയിലേക്ക് ഞാന്‍ മാറിയ ആ കാലഘട്ടത്തിലാണ്‌ ഇങ്ങേര്‌ ക്ഷേമം അന്വേഷിക്കാന്‍ എന്‍റെ വീട്ടില്‍ വന്നത്..
നാലും കൂട്ടി മുറുക്കി, നാട്ടുകാരോടും അച്ഛനോടുമെല്ലാം പരദൂക്ഷണം പറഞ്ഞ് കൊണ്ട് അദ്ദേഹം ഇങ്ങനെ ഇരിക്കുന്നു.അമ്മയും മറ്റ് സ്ത്രീ ജനങ്ങളും ബഹുമാന ഭാവത്തില്‍ അടുത്ത് ഉണ്ട്.അപ്പോഴാണ്‌ കഷ്ടകാലത്തിനു ഞാന്‍ അവിടെ ചെന്നത്.
ഭാര്‍ഗ്ഗവന്‍മാമ ഒരു ചോദ്യം:
"എന്താടാ, വേലയും കൂലിയും ഒന്നും ഇല്ലേ?"
"ഒന്നും ആയില്ല"
എന്‍റെ മറുപടി കേട്ടതും മുഖത്ത് ഒരു പരിഹാസ ചിരി വരുത്തി, വായില്‍ കിടക്കുന്ന മുറുക്കന്‍ ആസ്വദിച്ച് ചവച്ച്, ഒരു പ്രത്യേക ടോണില്‍ അദ്ദേഹം പറഞ്ഞു:
"എന്‍റെ മോന്‍ പഠിച്ച് ഇറങ്ങിയ അന്നു തന്നെ ജോലി ആയി"
അത് കേട്ടതും, അതേ ടോണില്‍ ഞാന്‍ ചോദിച്ചു:
"മാമന്‍റെ മോള്‌ കെട്ടിയ അന്നു തന്നെ നാല്‌ പെറ്റോ?"
ഹോ, വാട്ട് എ കൊസ്റ്റ്യന്‍!!
കാലിന്‍ മേല്‍ കാല്‌ കേറ്റി വച്ച് ഇരുന്ന ഭാര്‍ഗ്ഗവന്‍മാമ അറിയാതെ എഴുന്നേറ്റതും, തലയില്‍ കൈ വച്ച് അച്ഛന്‍ കുത്തിയിരുന്നതും ഒരേ നിമിഷം ആയിരുന്നു.ഇപ്പോള്‍ മാമയുടെ വായില്‍ മുറുക്കാന്‍ ഇല്ല, ഓര്‍ക്കാപ്പുറത്ത് ഞെട്ടിയപ്പോള്‍ അത് വയറ്റില്‍ എത്തിയതാവാം.
പാവം മാമന്‍!!
('ചത്താല്‍ തിരിഞ്ഞ് നോക്കില്ല' എന്ന് പ്രഖ്യാപിച്ചു അന്നവിടെ നിന്നും പോയ മാമന്‍ ഇന്നലെ വീണ്ടും വീട്ടില്‍ വന്നു.ചോദിച്ചപ്പോള്‍ പറയുവാ, 'ചത്തില്ലന്ന്'!!)

മാമനോടുള്ള എന്‍റെ ആ ചോദ്യത്തിന്‍റെ ആഫ്ക്ടര്‍ ഇഫക്ടായിരുന്നു, അച്ഛന്‍ മുന്‍കൈ എടുത്ത് നാട്ടില്‍ വാങ്ങി തന്ന ജോലി.കാശിനോടുള്ള ആര്‍ത്തിയും, വല്യ വല്യ മോഹങ്ങളും അവിടെ നിന്നും എന്നെ ബാംഗ്ലൂരില്‍ എത്തിച്ചു.നാട്ടില്‍ കഞ്ഞിയും കുടിച്ച് കപ്പ കഷ്ണവും തിന്നു നടന്ന എനിക്ക് ബാംഗ്ലൂര്‍ ജീവിതം ഒരു അത്ഭുതമായിരുന്നു.ഇവിടുത്തെ തിരക്കിനിടയില്‍ ജീവിതം കരു പിടിപ്പിക്കാന്‍ ഒരു നെട്ടോട്ടം.ദൈവം കനിഞ്ഞു, ആഗ്രഹിച്ചതു പോലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ആയി.

ഓഫീസിലെ ആദ്യ ദിവസങ്ങള്‍..
പ്രത്യേകിച്ച് പണി ഒന്നും ഇല്ല.രാവിലെ വരുക, സിസ്റ്റം ഓണ്‍ ചെയ്യുക, കുഷ്യന്‍ ഇട്ട കസേരയില്‍ സിസ്റ്റത്തിനു അഭിമുഖമായി ഇരിക്കുക, ഗൂഗിളില്‍ വെറുതെ സെര്‍ച്ച് ചെയ്യുക..
ഇത് തന്നെ പണി!!
അങ്ങനെ ഇരിക്കെ എന്‍റെ എക്സ്റ്റെന്‍ഷന്‍ നമ്പരിലേക്ക് ഒരു കോള്‍ വന്നു.'റിസോഴ്സ് അലോട്ട്‌മെന്‍റ്‌ ഡിപ്പാര്‍ട്ട്‌മെന്‍റ്‌' അഥാവാ 'വെറുതെ ഇരിക്കുന്നവര്‍ക്ക് പണി കൊടുക്കുന്ന' വിഭാഗത്തിലെ ഒരു സുമുഖി ആയ മായാചന്ദ്രന്‍റെ ഫോണായിരുന്നു അത്..
"ഈസ് ഇറ്റ് മനു?"
ഇംഗ്ലീഷില്‍ മനു ആണോന്ന് ചോദ്യം.വിട്ട് കൊടുത്തില്ല, വച്ച് കാച്ചി:
"യെസ്സ്, യെസ്സ്, യെസ്സ്, മനു"
സൂപ്പര്‍സ്റ്റാര്‍ രജനി കാന്തിനെ പോലെ എക്കോ വച്ച് സംസാരിച്ചതിനാലാവാം, മറു സൈഡില്‍ ഒരു നിശബ്ദത.അല്പം കഴിഞ്ഞ് വീണ്ടും കിളിനാദം:
"ആര്‍ യൂ ഇന്‍ ബഞ്ച്?"
ഞാന്‍ ബഞ്ചിലാണോന്ന്??
ഐടി കമ്പിനികളില്‍ ജോലി കിട്ടുന്നവര്‍ക്ക്, പ്രത്യേകിച്ച് പ്രോജക്റ്റ് ഒന്നും ഇല്ലെങ്കില്‍ 'ബഞ്ചില്‍' ആണെന്നാണ്‌ പറയുക.നാട്ടിന്‍ പുറത്ത് നിന്നും എത്തിയ എനിക്ക്, ആകെ അറിയാവുന്നത് പത്താം ക്ലാസ്സ് വരെ പഠിച്ച സ്ക്കുളുകളിലെ ബഞ്ചാണ്.മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ഞാന്‍ ഇരിക്കുന്ന പോലത്തെ കസേര കൂടാതെ ബഞ്ചും ഉണ്ടെന്നത് ആ ചോദ്യത്തില്‍ നിന്നാണ്‌ ആദ്യമായി ഞാന്‍ മനസിലാക്കിയത്.
എന്‍റെ മറുപടി ലഭിക്കാത്തതിനാലാകാം, അവള്‍ വീണ്ടും ചോദിച്ചു:
"മനു, ആര്‍ യൂ ഇന്‍ ബഞ്ച്?"
അറിയാവുന്ന ഇംഗ്ലീഷില്‍ ഞാന്‍ മറുപടി കൊടുത്തു:
"നോ, ഐ അം ഇന്‍ ചെയര്‍"
മറുഭാഗത്ത് ഫോണ്‍ കട്ട് ചെയ്യുന്ന ശബ്ദം!!
എന്ത് പറ്റി??
ഞാന്‍ ഇരിക്കുന്നത് കസേരയില്‍ ആണല്ലോ??

മായാചന്ദ്രന്‍ മലയാളി ആയിരുന്നതിനാല്‍, ഈ സംഭവം കമ്പനിയിലെ മലയാളികളില്‍ മാത്രം ഒതുങ്ങി.മായയുടെ സഹായത്താല്‍ ഞാന്‍ ഒരു പ്രോജക്റ്റിലും കയറി..
റിസോഴ്സ് അലോക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ നിന്നും, എന്‍റെ പ്രോജക്റ്റിന്‍റെ എച്ച്.ആര്‍ വിഭാഗത്തിലേക്ക് മായക്ക് മാറ്റവുമായി.പ്രോജക്റ്റ് തീര്‍ന്നപ്പഴത്തേക്കും ഞാനും മായയും തമ്മില്‍ നല്ല കമ്പനിയായി.
ആ ഫ്രണ്ട്ഷിപ്പിന്‍റെ പുറത്ത് മായ എന്നോട് ഒരു കാര്യം പറഞ്ഞു..
ഞാന്‍ പ്രോജക്റ്റ് ചെയ്ത് കൊടുത്ത കമ്പനിയില്‍ നിന്നും ഒരു സായിപ്പ് വരുന്നുണ്ടത്രേ.മായക്കും, ടീം ലീഡിനും, അയാളൊടൊത്ത് സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ ഒരു ഡിന്നര്‍ കമ്പനി സ്പോണ്‍സര്‍ ചെയ്തു പോലും.
എനിക്ക് സഹിക്കുമോ??
ജോലി ചെയ്തത് ഞാനൂടെ ചേര്‍ന്ന് അല്ലേ??
അപ്പോള്‍ എനിക്കും ഡിന്നര്‍ വേണം!!

ഒടുവില്‍ മായ ഇടപെട്ട് ടീമിനു മുഴുവനായി സായിപ്പിനോടൊത്ത് സെവന്‍ സ്റ്റാര്‍ ഹോട്ടലിലെ വിരുന്നിനു അനുമതി വാങ്ങി.കര്‍ണ്ണാടകകാരനായ ടീം ലീഡ്, സായിപ്പ്, എന്‍റെ കൂടെ വര്‍ക്ക് ചെയ്യുന്ന ആന്ധ്രാ സ്വദേശി ശ്രീഹരി, പിന്നെ മലയാളികളായ ഞാനും മായയും..
വിരുന്നിന്‍റെ തീയതിയും എന്‍റെ റും മേറ്റ് ശരത് പിറന്നാള്‍ ചിലവ് തരാമെന്ന് ഏറ്റ തീയതിയും ഒന്ന് തന്നെ.ശരത് വാങ്ങി തരാന്‍ പോകുന്ന നാല്‌ കെ.എഫ്.സി ചിക്കനെക്കാള്‍, സെവന്‍ സ്റ്റാര്‍ ഡിന്നറിനെ ഞാന്‍ വിലമതിക്കുന്നു.
അങ്ങനെ ഡിന്നറിനു പോകാന്‍ ഞാന്‍ തീരുമാനിച്ചു.
പക്ഷേ ഒരു കുഴപ്പം..
കത്തിയും മുള്ളും ഉപയോഗിച്ച് ആഹാരം കഴിക്കാന്‍ അറിയില്ല!!
ഡിന്നറിന്‍റെ തലേ ദിവസം കൂട്ടുകാരോടൊപ്പം വന്‍ ട്രെയിനിംഗ്..
അങ്ങനെ ഡിന്നര്‍ ദിവസം സമാഗതമായി...

സെവന്‍ സ്റ്റാര്‍ ഹോട്ടല്‍..
ആ ഹോട്ടലിന്‍റെ പേരിവിടെ പരാമര്‍ശിക്കുന്നില്ല.എന്നാല്‍ സൌകര്യങ്ങള്‍ പറയാം.
വിശാലമായ ഹാള്‍, നനുത്ത ഏസി, കൊട്ടാരം പോലത്തെ ഡെക്കറേഷന്‍, ആകെ അടിപൊളി..
വാതില്‍ പടിയില്‍ തൊട്ട് കുമ്പിട്ട്, ഞാന്‍ ഡിന്നര്‍ ഹാളില്‍ കയറി.എന്നിട്ട് എല്ലാവരും ചെയ്യുന്ന പോലെ, എനിക്കായുള്ള സീറ്റില്‍ ആസനം ഉറപ്പിച്ചു.അങ്ങനെ സെവന്‍ സ്റ്റാര്‍ ഫുഡിംഗ് ആരംഭിച്ചു.

രാജാവിനെ പോലെ കിരീടം വച്ച ഒരാള്‍ വന്ന് നാല്‌ ഗ്ലാസ്സ് ടേബിളില്‍ വച്ചു.തൊട്ട് പിറകിനു മന്ത്രി വന്ന് നാല്‌ ഗ്ലാസിലും വെള്ളം നിറച്ചു.അതിനു ശേഷം രാജാവും മന്ത്രിയും തിരികെ പോയി.
പിന്നെ ഒരു അനക്കവുമില്ല!!
ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ രാജാവ് വന്നു നാല്‌ പ്ലേറ്റ് വച്ചു.
എനിക്കാണെങ്കില്‍ വിശന്നു തുടങ്ങി....
സായിപ്പ് മുന്നിലിരിക്കുന്ന കാരണം മാനേഴ്സ് കീപ്പ് ചെയ്യണമെല്ലോ!!
ഞാന്‍ മായയെ നോക്കിയപ്പോള്‍ അവളും പ്രാന്ത് പിടിച്ച് എന്നെ നോക്കുന്നു.
ഈശ്വരാ..
ഇതെന്ത് പരീക്ഷണം??
ആഹാരം ഓര്‍ഡര്‍ ചെയ്യാനുള്ള മെനു എവിടെ?

അപ്പോള്‍ രാജാവ് ആകെ മൂടി പിടിപ്പിച്ച, കൊട്ടാരത്തിലെ അലങ്കാര ഭരണി പോലത്തെ ഒരു പാത്രം മുന്നില്‍ കൊണ്ട് വച്ചു.മെനു നോക്കി ഒന്നും ഓര്‍ഡര്‍ ചെയ്യേണ്ടാ എന്നും, കമ്പിനിക്ക് വേണ്ടി താന്‍ നേരിട്ട് ഓര്‍ഡര്‍ ചെയ്ത സ്പെഷ്യല്‍ ആഹാരമാണ്‌ പാത്രത്തിലെന്നും ടീം ലീഡ് അറിയിച്ചു.
ചിക്കന്‍ ഉലുത്തിയത്, മട്ടന്‍ പരത്തിയത്, ബീഫ് തെരിത്തിയത്..
ഇങ്ങനെ കേട്ടിട്ടില്ലാത്ത കുറേ കറികള്‍ മനസില്‍ തെളിഞ്ഞു.
ഒടുവില്‍ മായ പാത്രത്തിന്‍റെ മൂടി തുറന്നു...
ഒരു നിമിഷം..
തുറന്നതിലും വേഗം അവള്‍ അത് അടച്ചു.എന്നിട്ട് ദയനീയ സ്വരത്തില്‍ എന്നോട് പറഞ്ഞു:
"ഇത് കഞ്ഞിയാടാ!!"
ങ്ങേ!!
കഞ്ഞിയോ??
മനസില്‍ ഒരു അഗ്നിപര്‍വ്വതം പൊട്ടിയതും, കെ.എഫ്.സിയില്‍ ശരത് ഓര്‍ഡര്‍ ചെയ്ത കോഴി 'കൊക്കരക്കൊക്കൊ' എന്ന് കൂവിയതും ഒരേ നിമിഷമായിരുന്നു..
എന്‍റെ ടീം ലീഡേ, ഇതൊരു മറ്റെടത്തെ പണിയായി പോയി!!
ഇനി എന്ത് ചെയ്യാന്‍??
കഞ്ഞിയെങ്കില്‍ കഞ്ഞി!!
'വിശിഷ്ട ഭോജ്യം' ഭുജിക്കുന്നതിനു മുമ്പ് എല്ലാവരും മുട്ടേല്‍ കുത്തി നിന്ന് പ്രാര്‍ത്ഥിക്കണമെന്ന് ടീം ലീഡിന്‍റെ ആഹ്വാനം.ഹൃദയ വേദനയോടെ ഞാനും പ്രാര്‍ത്ഥിച്ചു..
'സ്വര്‍ഗ്ഗസ്ഥനായ പിതാവേ, ടീം ലീഡിന്‍റെ തലയില്‍ ഇടിത്തീ വീഴേണമേ!!'

സായിപ്പ് വലിയ ആഹ്ലാദത്തിലാരുന്നു.പാത്രത്തിലോട്ട് കഞ്ഞി വിളമ്പിയതും അയാള്‍ അമറി:
"ഹായ് സൂപ്പ്, സൂപ്പ്, റൈസ്സ് സൂപ്പ്"
സൂപ്പോ..
സൂപ്പല്ല കോപ്പേ, ഇത് കഞ്ഞിയാ!!
"ഇന്‍ യുവര്‍ പ്ലേസ്സ് ദിസ് സൂപ്പ് ഈസ് ഫെയ്മസ്സ്, റൈറ്റ്?" സായിപ്പിന്‍റെ ചോദ്യം.
കേരളത്തില്‍ അരിയിട്ട സൂപ്പ് ഫെയ്മസ്സ് ആണോന്ന്??
തികട്ടി വന്ന ദേഷ്യം കടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു:
"യെസ്, ദെയര്‍ ദിസ് ഇസ് 'കഞ്ഞി' "
അത് കേട്ടതും എല്ലാമറിയുന്നവനാണെന്ന ഭാവത്തില്‍ സായിപ്പ് പറഞ്ഞു:
"ഐ നോ, ഐ നോ, കന്നി, കന്നി"
കന്നിയും, കര്‍ക്കടകവും ഒന്നുമല്ല സായിപ്പേ, കഞ്ഞി..
കെ.എ.എന്‍.എന്‍.ഐ!!
എവിടെ?? ആരോട്??

എന്‍റെ വിഷമം മനസിലാക്കി മായ ഇടപെട്ടു:
"വി ആര്‍ ഡെയ്‌ലി ഹാവിങ്ങ് 'കഞ്ഞി' "
അവള്‍ ദിവസവും കേരളത്തില്‍ വച്ച് കഞ്ഞി കുടിക്കും എന്ന് കേട്ടതും സായിപ്പിനൊരു ബഹുമാനം.അങ്ങേരുടെ കാഴ്ചപ്പാടില്‍ 'കഞ്ഞി' എന്നത് സെവന്‍ സ്റ്റാര്‍ ഹോട്ടലിലെ മാത്രം വിഭവം ആണ്.മായയെ മാത്രം സായിപ്പ് ബഹുമാനിക്കുന്നത് എനിക്ക് ഇഷ്ടമായില്ല.അറിയാവുന്ന ഇംഗ്ലീഷില്‍ ഞാനും പറഞ്ഞു:
"ഐയാം ആള്‍സോ കഞ്ഞി"
ഞാനും കഞ്ഞിയാണെന്ന് കേട്ടതോടെ സായിപ്പ് എന്നെയും ബഹുമാനത്തെ നോക്കി...
മതി, എനിക്ക് ഈ നോട്ടം മതി!!
മായയുടെ കണ്ണുകളില്‍ അമ്പരപ്പ്.
പാവം..
ഞാന്‍ ഇങ്ങനെ ഇടിച്ച് കയറി പറയുമെന്ന് കരുതി കാണില്ല!!
ഞാന്‍ ആരാ സാധനം??
വേണേല്‍, രാവിലെ വീട്ടില്‍ 'പഴങ്കഞ്ഞിയാണ്' ആഹാരം എന്ന അര്‍ത്ഥത്തില്‍, 'മോര്‍ണിംഗ് ഐയാം ഓള്‍ഡ് കഞ്ഞി' എന്ന് വരെ പറയാന്‍ എനിക്ക് യാതൊരു വിധ മടിയുമില്ലായിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍ രാജാവ് മറ്റൊരു വിശേഷ വിഭവവുമായി വന്നു..
മരച്ചീനി അഥവാ കപ്പ - പുഴുങ്ങിയത്, നാല്‌ പ്ലേറ്റ്!!
സായിപ്പിനു സന്തോഷം സഹിക്കാന്‍ പറ്റണില്ല..
"ഓ..ടപ്പിയോക്കാ, ടപ്പിയോക്കാ"
'വേലുത്തമ്പി ദളവ' എന്ന സിനിമയില്‍ പറമ്പില്‍ കപ്പ നില്‍ക്കുന്നത് കണ്ട്, 'ടപ്പിയോക്കാ, ടപ്പിയോക്കാ' എന്ന് ഒരു സായിപ്പ് പറഞ്ഞതാ ഓര്‍മ്മ വന്നത്.പറമ്പില്‍ വച്ചാണേല്‍ ബഹദൂര്‍ പറഞ്ഞ പോലെ മറുപടി പറയാമായിരുന്നു..
"തപ്പിനോക്കേണ്ടാ സായിപ്പേ, ചുവട്ടില്‍ തന്നെ കാണും"
ഇവിടെ ഇങ്ങേരോട് എന്ത് പറയാന്‍??
കത്തിയും മുള്ളും ഉപയോഗിച്ച് കഞ്ഞി കുടിക്കാന്‍ അറിയാത്തതിനാല്‍, രാജാവ് കൊണ്ട് വച്ച ഒരു സ്പൂണ്‍ ഉപയോഗിച്ച് ആ വിശിഷ്ട വിഭവം ഞാന്‍ കഴിച്ച് തുടങ്ങി..

അങ്ങനെ ആ സെവന്‍ സ്റ്റാര്‍ ഡിന്നര്‍ കഴിഞ്ഞു.'പേ' ചെയ്യാന്‍ വേണ്ടി രാജാവ് കൊണ്ട് വച്ച ബില്ല്‌ കണ്ടപ്പോള്‍, കമ്പിനി അനുവദിച്ചതിന്‍റെ ഇരട്ടി ബില്ലായെന്നും അത് കൈയ്യില്‍ നിന്നും കൊടുക്കേണ്ടി വരുമെന്നും മനസിലായപ്പോള്‍, ശരിക്കും നക്ഷത്രം എണ്ണി..
ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്..
ശരിയാ, ഏഴ് നക്ഷത്രം!!
ചുമ്മാതല്ല ഹോട്ടല്‍ സെവന്‍ സ്റ്റാറാണെന്ന് പറയുന്നത്!!

ശരത് ഓഫര്‍ ചെയ്ത കെ.എഫ്.സി ചിക്കനെ തള്ളി പറഞ്ഞ്, സെവന്‍ സ്റ്റാര്‍ ഡിന്നറിനു വന്ന്, കഞ്ഞിയും കപ്പയും കുടിച്ച എന്നോട്, എനിക്ക് തന്നെ പുച്ഛം തോന്നി.അല്ല, ഒരു പ്രോജക്റ്റ് ചെയ്ത് കൊടുത്തിട്ട് അവനവന്‍റെ കാര്യം നോക്കാനുള്ളതിനു പകരം, സെവന്‍ സ്റ്റാര്‍ ഡിന്നര്‍ ചോദിച്ച് വാങ്ങിച്ച എന്നെ പറഞ്ഞാല്‍ മതിയല്ലോ!!
സ്വയം കുരിശ് ചുമന്നത് ഓര്‍ത്ത്, ഏതാണ്ട് പോയ അണ്ണാനെ പോലെ നിന്ന എന്നെ, മായാചന്ദ്രന്‍ ഉപദേശിച്ചു:
"കര്‍മ്മണ്യേ വാധികാരസ്തേ, മാ ഫലേഷു കദാചനാ"
(കര്‍മം ചെയ്യുക, പ്രതിഫലം ഇച്ഛിക്കരുത്!!)
ഈശ്വരലീലകള്‍ അറിയാവുന്ന ഞാനും പറഞ്ഞു:
"ഭഗവാന്‍ തേരി മായാ"
(ഭഗവാനേ, എല്ലാം ഈ മായ കാരണമാ!!)

നര്‍മ്മം എന്ന മര്‍മ്മം



ഒരു പാതിരാത്രി..
നിര്‍ത്താതെ ചിലക്കുന്ന കോളിംഗ് ബെല്ലിനെ ശപിച്ചു കൊണ്ട് കതക് തുറന്നു.
സുന്ദരനായ ഒരു യുവാവ്, ടിപ്പ് ടോപ്പ് വേഷം.റോമിയോ സ്റ്റൈലും റോഡിന്‍റെ നിറവും.
പുള്ളിക്കാരന്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു..
ആഹാ, എത്ര മനോഹരം..
കാക്ക തേങ്ങാ പൂള്‌ കൊത്തി കൊണ്ട് പോന്ന പോലെ തന്നെ!!
"ആരാ?"
"ഞാനൊരു ബുദ്ധിജീവിയായ ബ്ലോഗറാ"
"എന്ത് വേണം?"
"സീരിയസ്സായി കുറച്ച് കാര്യം സംസാരിക്കണം"
ശത്രുവിനു നേരെ വാതില്‍ കൊട്ടിയടക്കുന്നതിലും അപകടമാണ്‌ ഒരു ബുദ്ധിജീവി എന്ന് കരുതുന്ന വ്യക്തിക്ക് നേരെ വാതിലടക്കുന്നതെന്ന പൊതു സത്യം മനസിലോര്‍ത്ത്, ആ മുതു പാതിരാത്രിക്ക് അയാളുമായി ഞാന്‍ സംസാരിച്ചു.അയാളുടെ ആവശ്യങ്ങളും എന്‍റെ മനസിലെ സംശയങ്ങളും ഒരു ലേഖനമായി ഞാന്‍ ഇവിടെ കുറിക്കട്ടെ..

ബ്ലോഗ് ഇപ്പോഴും ശൈശവ അവസ്ഥയിലാണെന്നതാണ്‌ അദ്ദേഹത്തിന്‍റെ പരാതി.അദ്ദേഹത്തെ പോലെയുള്ള ബുദ്ധി ജീവികളെല്ലാം ഇപ്പോള്‍ അത് പറഞ്ഞ് കരയുകയാണത്രേ, കഷ്ടം.എന്ത് രീതിയിലാണ്‌ ബ്ലോഗ് ശൈശവ അവസ്ഥയിലാണെന്ന് ചോദിച്ചാല്‍ പ്രത്യേകിച്ച് കാരണം ഒന്നും പറയാനില്ല.ഒന്നൂടെ നിര്‍ബന്ധിച്ച് ചോദിച്ചാല്‍ ഒരു കാരണം നര്‍മ്മമാണത്രേ!!
ഏതൊരു മനുഷ്യനിലും ഒരു കുട്ടിയുണ്ടെന്നാണ്‌ പറയുന്നത്, കുട്ടിക്കാലം പലവിധ രസങ്ങളും നിറഞ്ഞതാണ്.ഒരുപക്ഷേ ഈ ചിന്തയാവാം നര്‍മ്മമാണ്‌ ബ്ലോഗിന്‍റെ ശൈശവ അവസ്ഥക്ക് പിന്നില്‍ എന്ന് പറയാന്‍.
ഇത് ആണോ കാരണം??
ആവോ, എനിക്കറിയില്ല!!

ആ ബുദ്ധിജീവിയുടെ ചിന്താഗതി ഏകദേശം ഇപ്രകാരമാണെന്ന് തോന്നുന്നു..
ഭൂരിഭാഗം പേരും നര്‍മ്മം എഴുതിയാല്‍ ബ്ലോഗ് ശൈശവ അവസ്ഥ.ഇതേ വിഭാഗം പ്രണയം എഴുതിയാല്‍ ബ്ലോഗ് കൌമാര ദശ.ഇവര്‍ ആനുകാലിക സംഭവങ്ങള്‍ എഴുതിയാല്‍ ബ്ലോഗ് യൌവനദശയാകും.ഇനി കുടുംബത്തെ കുറിച്ച് എഴുതിയാല്‍ ബ്ലോഗ് മദ്ധ്യവയസ്ക്കനാകും.ആത്മീയം എഴുതുന്നതോടെ ബ്ലോഗ് കിളവനാകും.പിന്നെ അധികം താമസിക്കാതെ ബ്ലോഗെന്ന മാധ്യമത്തെ തെക്കോട്ടെടുക്കും.അങ്ങനെ ബ്ലോഗിന്‍റെ പതിനാറടിയന്തിരം നടത്തിയട്ട് നമുക്ക് ഒരേ സ്വരത്തില്‍ പറയാം:
"ബ്ലോഗ് ഒരു നല്ല മാധ്യമം ആയിരുന്നു"
ഇതാണോ ഈ ബുദ്ധിജീവിക്ക് വേണ്ടത്??
ആവോ, എനിക്കറിയില്ല!!

ഇനി ചില ബുദ്ധിജീവികളില്‍ കണ്ട് വരുന്ന ഒരു പ്രശ്നമുണ്ട്, ആരെങ്കിലും നര്‍മ്മത്തില്‍ ചാലിച്ച് രണ്ട് കഥ അടുപ്പിച്ച് എഴുതിയാല്‍ ഇവര്‍ തല പൊക്കും.പിന്നീട് ഉപദേശങ്ങളുടെ ഘോഷയാത്രയായി..
ഇനി നര്‍മ്മം എഴുതരുത്, എഴുത്തിനെ സീരിയസ്സയി കാണണം, എഴുത്തില്‍ അസ്പുഷ്ടം വേണം, വായിക്കുമ്പോള്‍ ശിരോഉക്തി വേണം, ഇമ്മാതിരി കുറേ വാചകങ്ങള്‍!!
നിങ്ങളൊന്ന് ആലോചിച്ച് നോക്കിയെ, നന്നായി കവിത എഴുതുന്ന ഒരു വ്യക്തിയോടെ 'ഇനി കവിത എഴുതരുത്, നിങ്ങളൊരു കവി ആയി പോകും.അതിനാല്‍ ഇന്ന് മുതല്‍ കഥാപ്രസംഗം എഴുതു' എന്ന് പറഞ്ഞാല്‍ എങ്ങനിരിക്കും??
പോട്ടെ, നമ്മുടെ ഒരു സൂപ്പര്‍സ്റ്റാറിന്‍റെ അടുത്ത്, 'നായകനാകാന്‍ നിങ്ങള്‍ മിടുക്കനാ, ഇനി നായിക ആവ്' എന്ന് പറഞ്ഞാല്‍ അവര്‍ക്കെന്ത് തോന്നും??
എന്തിനു, മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന ഒരാളോട്, 'ഇനി മീന്‍ വില്‍ക്കേണ്ട, പോയി തെങ്ങേ കേറ്' എന്ന് പറഞ്ഞാലോ??
അയ്യേ, മ്ലേച്ചം.
ഒരു സംശയം, ഇതാണോ ബുദ്ധിജീവിയുടെ ലക്ഷണം??
ആവോ, എനിക്കറിയില്ല!!

ഇനി ഈ വിഭാഗത്തിനു ഒരു ചിന്താഗതിയുണ്ടെന്ന് തോന്നുന്നു, നര്‍മ്മം എഴുതുന്നത് എളുപ്പമാണെന്ന്.അല്ല സുഹൃത്തേ, ഒരിക്കലുമല്ല.കാരണം 'നര്‍മ്മം', എഴുതുന്ന ആളുടെ മനസിലല്ല, വായിക്കുന്ന വ്യക്തിയുടെ മനസിലാണ്‌ വരേണ്ടത്.അല്ലാതെ ഒരു പോസ്റ്റ് എഴുതിയട്ട്, ലേബല്‍ നര്‍മ്മം എന്നും കൊടുത്ത്, വായിക്കുന്ന കൂട്ടുകാരോട് പൊട്ടിച്ചിരിക്കാന്‍ കൂടി പറഞ്ഞാല്‍ അത് നര്‍മ്മം ആകുകയില്ല.അതിനാല്‍ പുതിയ ആളുകളെ ആയാലും, പഴയ ആളുകളെ ആയാലും നര്‍മ്മത്തിന്‍റെ പേരില്‍ തള്ളിക്കളയരുതെന്ന് ഒരു അപേക്ഷയുണ്ട്.

ഇനി മനസില്‍ തോന്നിയ ഒരു കാര്യം പറഞ്ഞോട്ടേ, ബ്ലോഗ് ശൈശവത്തിലാണെന്ന് തോന്നുന്നെങ്കില്‍ അതിനു കാരണം ഒരിക്കലും നര്‍മ്മമല്ല.മറ്റ് ഏതൊരു വിഭാഗത്തെയും പോലെ നര്‍മ്മവും നല്ലൊരു മേഖലയാണ്.നാല്‌ കഥ നര്‍മ്മത്തില്‍ എഴുതുന്ന ഒരു വ്യക്തിയും ആ ചട്ടക്കൂടില്‍ ഒതുങ്ങി പോകില്ല.എഴുതുന്ന ആള്‍ക്ക് താല്‍പര്യമുള്ള കാലത്തോളം അതില്‍ തുടരും എന്നേ ഉള്ളു.പിന്നെ ഏതൊരു മേഖലയും പോലെ ഇതില്‍ വിജയിക്കുന്ന സമയവും കാണും, അതേ പോലെ പരാജയപ്പെടുന്ന സമയവും കാണും.അതിനു ബ്ലോഗ് എന്ന മാധ്യമവുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല.

ബ്ലോഗ് ശൈശവ അവസ്ഥയിലാണെന്ന് പ്രതികരിക്കുന്നതല്ലാതെ, ഇതിനെ എങ്ങനെ രക്ഷപ്പെടുത്താം എന്ന് ആരും പ്രതികരിച്ച് കണ്ടില്ല.പാതിരാത്രി വന്ന ബുദ്ധിജീവിയോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു ആധൂനികവത്കരണം വേണമത്രേ!!
എന്താണ്‌ ആധൂനികവത്കരണം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്??
കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ അമ്മാനമാടുന്നതോ, അതോ എഴുതുന്നവനും വായിക്കുന്നവര്‍ക്കും ഒരേ പോലെ മനസിലാകാതെ ഇരിക്കുന്നതോ??
കവിതയും കഥകളും ആധൂനികവത്കരിക്കാന്‍ ഞാന്‍ ഒന്ന് ശ്രമിക്കട്ടെ..

ഉദാഹരണത്തിനു ഒരു കവിത..
"അങ്കണ തൈമാവില്‍ നിന്ന് ആദ്യത്തെ പഴം വീഴ്‌കേ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചൂട് കണ്ണീര്‍"

ഈ വരികള്‍ ഒന്നു ആധൂനിക വത്കരിക്കട്ടെ..
"കണ്ണിലെ അഗ്നികള്‍ അമ്മതന്‍ വേദന
മണ്ണിലെ മാമ്പഴം ഉണ്ണിതന്‍ ഓര്‍മ്മകള്‍"

എന്ത് മനസിലായി??
ഇങ്ങനെ കവിത എഴുതിയാല്‍ ബ്ലോഗ് രക്ഷപ്പെടുമോ??
ആവോ, എനിക്കറിയില്ല!!

ഇനി ഒരു ഗദ്യം..
"കര്‍ക്കടകം കഴിഞ്ഞു, ചിങ്ങം വന്നു.ഓണമായി പൊന്നോണമായി.മാവേലി മന്നനെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി"

ഒന്ന് ആധൂനികവത്കരിക്കട്ടെ..
"കഠോരകര്‍ക്കടകത്തിന്‍റെ മൃഗീയ കരങ്ങളില്‍ നിന്നും മോചനം.അങ്ങകലെ ചിങ്ങ പുലരിയുടെ പൊന്‍വെട്ടം.കാണം വിറ്റും ഓണം ഉണ്ണണമെന്ന് പറഞ്ഞ കോരനെ ഞെട്ടിക്കും വിധത്തില്‍ പൊന്നോണത്തിന്‍റെ കതിരവന്‍ ഉദിക്കുന്നു.പാതളത്തില്‍ നിന്ന് നിഷ്ക്രമിച്ച മാവേലി മന്നനു ഉത്കൃഷ്ട ഉദാത്ത സ്വീകരണത്തിനു കേരളം മാതൃക"

ഇങ്ങനെ എഴുതിയാല്‍ ബ്ലോഗ് രക്ഷപ്പെടുമോ??
ആവോ, എനിക്കറിയില്ല!!

ഇത്രയും വിശദീകരിച്ച് കഴിഞ്ഞ് ഞാന്‍ പാതിരാത്രിയിലെ ആ സന്ദര്‍ശകനോട് പറഞ്ഞു:
"പ്രിയപ്പെട്ട ബുദ്ധിജീവി, മറുപടി ആഗ്രഹിക്കുന്നു.മനസിലെ സംശയത്തിന്‍റെ അഹോരകരങ്ങളെ വ്യക്ത മറുപടിയുടെ ചൂട് നിശ്വാസങ്ങളാല്‍ ഒന്ന് ധന്യമാക്കു..
മഴകാത്ത് നില്‍ക്കുന്ന വേഴാമ്പലിനെ പോലെ ഞാന്‍ കാത്തിരിക്കുന്നു.."
പക്ഷേ അയാള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല!!
എന്താണ്‌ കാരണം??
ആവോ, എനിക്കറിയില്ല!!

ഇങ്ങനെയെല്ലാം എഴുതിയ സ്ഥിതിക്ക് എന്‍റെ ഒരു അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ബ്ലോഗ് ഇപ്പോഴും ശൈശവ അവസ്ഥയിലാണെന്ന വിലാപങ്ങള്‍ക്ക് കാരണം ഒരിക്കലും എഴുത്തുകാരല്ല.കവിത, ലേഖനം, നര്‍മ്മം, അങ്ങനെ എന്തുമായികൊള്ളട്ടെ, എഴുത്തുകാരന്‍ അവന്‍റെ സൃഷ്ടി കര്‍മ്മം നടത്തുന്നു.'കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്' എന്ന് പറയുന്ന പോലെ, ഏതൊരു എഴുത്തുകാരനും തങ്ങളുടെ രചനകള്‍ പ്രിയപ്പെട്ടതാണ്.അതിനെ കുറിച്ച് നല്ല നല്ല അഭിപ്രായങ്ങളും, പോസിറ്റീവായ വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നതില്‍ അവനെ തെറ്റ് പറയാന്‍ സാധിക്കുകയില്ല.ഇനി മറ്റ് മാധ്യമങ്ങളുടെ വിജയം എന്നത്, അതിനു സാധാരണ ജനങ്ങളിലേക്ക് വരെ ഇറങ്ങി ചെല്ലാന്‍ കഴിയുന്നു എന്നതാണ്.ഇവിടെയാണ്‌ ബ്ലോഗിന്‍റെ പരിമതി, കമ്പൂട്ടര്‍ വിജ്ഞാനവും ഇന്‍റെര്‍നെറ്റ് പരിജ്ഞാനവുമുള്ള ഏതൊരാള്‍ക്കും ബ്ലോഗ് ഒരു മരീചിക അല്ല.എന്നാല്‍ ഇവയെ കുറിച്ച് ഒരു ബോധവുമില്ലാത്ത ജനതയില്‍ കൂടി ബ്ലോഗിനെ കുറിച്ചുള്ള അറിവ് എത്തിച്ചാലേ നമ്മള്‍ ഉദ്ദേശിക്കുന്ന റിസള്‍ട്ട് ലഭിക്കുകയുള്ളന്നാണ്‌ എനിക്ക് തോന്നുന്നത്.പരസ്പരം പഴിചാരാതെ അതിനായി നമുക്ക് ശ്രമിക്കം, ബ്ലോഗ് എന്ന മാധ്യമത്തെ കൂടുതല്‍ ജനകീയമാക്കാനായി.അങ്ങനെയായാല്‍ അഭിമാനത്തോടെ നമുക്ക് പറയാം, ബ്ലോഗ് ശൈശവ അവസ്ഥയിലുള്ള മാധ്യമമല്ല, വളര്‍ന്ന് കൊണ്ടിരിക്കുന്ന മാധ്യമമാണെന്ന്.അതിനായി മുന്നിട്ട് ഇറങ്ങാന്‍ ഒരോരുത്തരോടും ഞാന്‍ അപേക്ഷിക്കുകയാണ്.നമുക്കായി, ബ്ലോഗിനായി, ഈ ബൂലോകത്തിനായി, എല്ലാവരും ശ്രമിക്കുക, പ്ലീസ്സ്!!

വാല്‍ക്കഷ്ണം:
ഈ പോസ്റ്റില്‍ ആദ്യം സൂചിപ്പിച്ച ബുദ്ധി ജീവിക്ക ജീവിച്ചിരിക്കുന്ന ഒരു ബുദ്ധിജീവിയുമായും ബന്ധമില്ല.അതൊരു സാങ്കല്‍പ്പിക കഥാപാത്രമാണ്, അല്ലെങ്കില്‍ അന്ന് പാതിരാത്രിക്ക് ഉറക്കത്തില്‍ ഞാന്‍ ഞെട്ടി ഉണരാന്‍ കാരണമായ കഥാപാത്രം.ഒന്ന് കൂടി, ആരേയും വേദനിപ്പിക്കാനല്ല ഈ പോസ്റ്റ്, ബ്ലോഗിന്‍റെ ഉയര്‍ച്ചക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് അറിയാന്‍ വേണ്ടി മാത്രമാണിത്.ഇതിനെ ഒരു അവിവേകമായി ആരെങ്കിലും കാണുന്നെങ്കില്‍ ദയവായി ക്ഷമിക്കുക.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com