For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

അവള്‍ ത്രയംബക





ഇന്ത്യ വിറക്കുന്നു..
ഏകദേശം ഒരു മാസം മുമ്പൊരു പ്രമുഖ പത്രത്തിലെ പ്രധാന തലക്കെട്ടാണിത്.രാവിലെ ഒരു ഗ്ലാസ്സ് ചായയുമായി പത്രം വായിക്കാന്‍ തയ്യാറായ ഞാന്‍ കണ്ടത് വെണ്ടക്ക വലുപ്പത്തില്‍ ഉള്ള ഈ തലക്കെട്ടാ..
ഇന്ത്യ വിറക്കുന്നത്രേ!!
പേടിച്ചിട്ടാണോ??
അല്ല!!
തണുത്തിട്ടാണോ??
അതുമല്ല!!
അപ്പോള്‍ പിന്നെ ഇന്ത്യക്ക് വല്ലാതെ ദേഷ്യം വന്ന വല്ല സംഭവവും ഉണ്ടായോ??
ഹേയ്, ഇല്ല!!
പിന്നെ എന്തിനു ഇന്ത്യ വിറച്ചു??
ടെന്‍ഷന്‍ കയറി പത്രം നോക്കിയ എന്നോട് സ്വ.ലേ പറയുകയാണ്,
ഇന്ത്യക്ക് പനി പിടിച്ചു പോലും..
ആകെ കുളിരു കോരി പോലും..
മൊത്തത്തില്‍ തണുത്ത് വിറച്ച് പോലും..

ശരിയാ..
പത്രക്കാരെ കുറ്റം പറയേണ്ടാ,
പലവിധത്തിലുള്ള പനികള്‍ ഇന്ത്യയെ ബാധിച്ച് തുടങ്ങി..
എലിപനി, കൊതുകുപനി, കോഴിപനി, പക്ഷിപനി, പന്നിപനി..
കാലത്തിന്‍റെ പോക്ക് ഇങ്ങനാണേല്‍ ഇനിയും വരും..
ഈച്ചപനി, മുതലപനി, ആനപനി..
കഷ്ടം!!
ഇപ്പോള്‍ പന്നിപനിയാ ലേറ്റസ്റ്റ്.
പന്നിയില്‍ നിന്നാണത്രേ പന്നിപനി ഉണ്ടായത്..
അപ്പോള്‍ മലമ്പനിയോ??
ആവോ, ആര്‍ക്കറിയാം!!

പന്നിപനിയെ പറ്റി ഒരു വിധപ്പെട്ട കാര്യങ്ങള്‍ നന്നായി വിശദീകരിച്ച് തന്നെ ആ പത്രത്തില്‍ എഴുതിയിരിക്കുന്നു.എന്തിനു ഏറെ പറയുന്നു, പന്നിപനി ഇന്ത്യയില്‍ വന്നതിന്‍റെ പടം വരെ വരച്ച് വച്ചിരിക്കുന്നു..
നാല്‌ പടങ്ങളിലൂടെയാണ്‌ അവര്‍ ഇത് വിശദീകരിച്ചത്..
1. അമേരിക്കയിലുള്ള ഒരു പന്നി തുമ്മുന്ന പടം
2. ആ പന്നിയെ നോക്കുന്ന ഇന്ത്യക്കാരന്‍ തുമ്മുന്ന പടം
3. അയാള്‍ അമേരിക്കയില്‍ നിന്നും വിമാനത്തില്‍ കയറുന്ന പടം
4. ആ വിമാനം ഇന്ത്യയില്‍ ലാന്‍ഡ് ചെയ്യുന്ന പടം
അതേ, ഇന്ത്യയില്‍ പന്നിപനി എത്തിയിരിക്കുന്നു..
അങ്ങനെ ഇന്ത്യ വിറക്കുന്നു!!
മാത്രമല്ല, ഈ പന്നിപനിക്ക് ഒരു മലയാളി ബന്ധം ഉണ്ട് പോലും.ഇടുക്കിയിലെ വണ്ടന്‍ മേട്ടിലുള്ള കോര എന്ന പന്നിവളര്‍ത്തല്‍കാരന്‍റെ കൂട്ടില്‍ നിന്നും, ആറ്‌ വര്‍ഷം മുമ്പ് അമേരിക്കയില്‍ എത്തിയ, 'മൂസ' എന്ന പന്നിയുടെ സന്തതി പരമ്പരകളില്‍ അവസാനത്തെ പന്നിക്കാണ്‌ ആദ്യം പന്നിപ്പനി ഉണ്ടായത് എന്ന് ഈ പത്രം വിശദീകരിച്ചിട്ടുണ്ട്..
കഷ്ടം!!

ഞാന്‍ ഈ ന്യൂസ്സ് വായിച്ച ദിവസം എന്‍റെ പിറന്നാളയിരുന്നു..
തിരക്കുള്ള സ്ഥലങ്ങളില്‍ പോയാല്‍ പന്നിപനി പകരും എന്ന അറിയിപ്പ് ആ പത്രത്തില്‍ ഉണ്ടായിരുന്നിട്ട് കൂടി, ഞാനും വൈഫും കൂടി 'പുതിയ മുഖം' എന്ന സിനിമ കാണാന്‍ പോയി.ചെന്നപ്പോള്‍ നൂണ്‍ ഷോ കഴിഞ്ഞതേയുള്ളു.ഇറങ്ങി വരുന്ന കൂട്ടത്തില്‍ ഒരു പരിചയ മുഖം, ശാരി.എന്‍റെ സഹപ്രവര്‍ത്തക.
ഒന്ന് മുട്ടിയേക്കാം, പിന്നെ പടം എങ്ങെനെയുണ്ടെന്ന് അറിയുകയും ചെയ്യാമല്ലോ?
പൃഥിരാജിന്‍റെ കറകളഞ്ഞ ഫാനായ ശാരിയോട് ഞാന്‍ ചോദിച്ചു:
"ഹായ് ശാരി, പടം എങ്ങനെയുണ്ട്?"
പെട്ടിയിലിരുന്നു പൊട്ടേണ്ട പടങ്ങള്‍ വരെ നല്ലതാണെന്ന് പറഞ്ഞ് പരിചയമുള്ള അവള്‍ പ്രതികരിച്ചു:
"കൊള്ളരുത്"
അത് കേട്ടതും എന്‍റെ നെഞ്ചൊന്ന് പിടച്ചു!!
പന്നിപനി പോലും വക വയ്ക്കാതെ വന്നതാ..
എന്നിട്ട് പടം കൊള്ളരുതെന്നോ??
നല്ലൊരു പിറന്നാള്‍ വെള്ളത്തിലായോ??
മനസില്‍ തികട്ടി വന്ന വിഷമം കടിച്ചമര്‍ത്തി ഞാന്‍ അവളോട് ചോദിച്ചു:
"എന്തേ, നല്ല കഥയല്ലേ?"
തകര്‍ന്നു നില്‍ക്കുന്ന എന്നേ നോക്കി സങ്കടത്തോടെ അവള്‍ പറഞ്ഞു:
"കഥയൊക്കെയുണ്ട്, പക്ഷേ പൃഥിരാജിനു മീശയില്ല"
പോടി പുല്ലേ!!

സിനിമ തുടങ്ങി..
അതില്‍ ഒരു ചോദ്യമുണ്ട്..
ക്ലാസ്സിലെ കുട്ടികള്‍ക്ക് മുന്നില്‍ നിന്ന് താനൊരു മൃദംഗം വായനക്കാരനാണെന്ന് പറയുമ്പോള്‍, അതേ ക്ലാസ്സിലെ ഒരു പെണ്‍കുട്ടി, പൃഥിരാജിനോട് ചോദിക്കുന്ന ചോദ്യം..
"ഒന്ന് മോക്ക് ചെയ്യാമോ?"
അതായത് ശരിയായ മൃദംഗം ഇല്ല, എന്നാലും ഫേക്ക് ആയി മൃദംഗം കൊട്ടുന്നത് കാണിക്കാമോ എന്ന് സാരം.അത് കേട്ട് നായകന്‍ ഡസ്ക്കില്‍ കൊട്ടി കാണിക്കുന്നു.
പുതിയ മുഖം എന്ന സിനിമയില്‍ പൃഥിരാജ് ഇങ്ങനെ മോക്ക് ചെയ്ത് കാണിച്ചപ്പോള്‍, എന്‍റെ മനസ്സിന്‍റെ കോണില്‍ ഒരു പഴയ മുഖം എന്നെ നാക്ക് നീട്ടി കാണിച്ചു..
അത് അവളായിരുന്നു..
ത്രയംബക!!

എഞ്ചിനിയറിം കോളേജിലെ ഹരമായിരുന്നു ഈ കഥാനായിക..
പാലക്കാട്ടെ ഒരു അഗ്രഹാരത്തില്‍ നിന്നും വന്നവള്‍..
പാട്ട് പാടാനും നൃത്തം ചെയ്യാനും ഒരേ പോലെ കഴിവുള്ളവള്‍..
യുവകോമളന്‍മാരുടെ സ്വപ്ന നായിക അവളായിരുന്നു..
കോളേജ് മൊത്തം അവുളുടെ പിന്നാലെ ആയിരുന്നിട്ട് കൂടി, ഒരിക്കല്‍ പോലും എനിക്ക് അവളോട് പ്രേമം ഉണ്ടായിരുന്നില്ല.എന്നാല്‍ കാലക്രമേണ ഞാന്‍ അവളെ സ്നേഹിച്ചു..
അതിനു കാരണം എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തായ ഷമീറായിരുന്നു..
എനിക്കു ചേര്‍ന്ന പെണ്ണാണ്‌ ത്രയംബക എന്ന അവന്‍റെ വാക്കുകളിലെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഞാന്‍ ആ സാഹസത്തിനു തയ്യാറായി.എന്ത് വില കൊടുത്തും ത്രയംബകയെ കൊണ്ട് 'ഐ ലൌ യൂ' പറയിക്കണം..
പക്ഷേ എങ്ങനെ??
അതിനു ഷമീര്‍ ഒരു വഴി പറഞ്ഞു തന്നു..
ഒരു മുടിഞ്ഞ വഴി!!

സംഭവം സിംപിള്‍..
വയലിന്‍ വായിക്കുന്നവരെ ത്രയംബകക്ക് ഇഷ്ടമാണ്, അതിനാല്‍ വയലിന്‍ വായിക്കും എന്നറിഞ്ഞാല്‍ അവള്‍ പ്രേമിക്കും.
ശരി, വയലിനെങ്കില്‍ വയലിന്‍.

ഒരിക്കല്‍ ക്ലാസ്സിലെ സുഹൃത്തുക്കളെ അഭിമുഖീകരിക്കാന്‍ ഒരു അവസരം കിട്ടിയപ്പോല്‍ ഞാന്‍ വച്ച് കാച്ചി:
"വയലിന്‍ എന്‍റെ ജീവനാഡിയും പരമനാഡിയുമാണ്."
എല്ലാവരുടെയും മുഖത്ത് അമ്പരപ്പ്!!
എന്ന് വച്ചാല്‍??
"എന്ന് വച്ചാല്‍ ഞാന്‍ ജനിച്ച് വീണത് തന്നെ ഒരു വയലിനു മുകളിലാണ്"
ഇത്രയും പറഞ്ഞിട്ട് ഞാന്‍ ത്രയംബകയെ നോക്കി.അവളുടെ മുഖത്ത് അത് വരെ കാണാത്ത ഒരു ഭാവം.അവള്‍ പതുക്കെ എഴുന്നേറ്റു, എന്നിട്ടൊരു ചോദ്യം:
"ഒന്ന് മോക്ക് ചെയ്യാമോ?"
ടിഷ്യം!!
ആ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി പോയി..
ആസനത്തില്‍ അമ്പ് കൊണ്ട പ്രതീതി!!
കര്‍ത്താവേ, ഇനി എന്തോ ചെയ്യും??
സ്മോക്ക് ചെയ്യാനാണെങ്കില്‍ എളുപ്പമാ, ഇത് മോക്ക് ചെയ്യാനാ..
അതും ജീവിതത്തില്‍ വയലിന്‍ കണ്ടിട്ടില്ലാത്ത ഞാന്‍, വയലിന്‍ വായിക്കുന്നത് മോക്ക് ചെയ്യണം പോലും..
എങ്ങനെ??
ഞാന്‍ പതുക്കെ ഷമീറിനെ നോക്കി..
ആത്മാര്‍ത്ഥ സുഹൃത്തും അഭ്യുദയകാംക്ഷിയുമായ ഷമീര്‍ എന്‍റെ അടുത്തേക്ക് ഓടി വന്നു,
എന്നിട്ട് തകര്‍ന്ന് നില്‍ക്കുന്ന എന്നോടൊരു ചോദ്യം:
"മനുവേ, നീയിനി എന്തോ ചെയ്യും?"
ബെസ്റ്റ്!!
വെറുതെ ഇരുന്ന എന്നോട് പ്രേമിക്കാന്‍ പറഞ്ഞത് അവന്‍..
ത്രയംബകക്ക് വയലിന്‍ ഇഷ്ടമാണെന്ന് പറഞ്ഞതും അവന്‍..
എന്നോട് വയലിന്‍ അറിയാം എന്ന് പറയാന്‍ പറഞ്ഞതും അവന്‍..
എന്നിട്ട് ഡാഷ് മോന്‍ ചോദിച്ചത് കേട്ടില്ലേ..
ഞാനിനി എന്തോ ചെയ്യുമെന്ന്??
എന്‍റെ കണ്ണില്‍ ഇരുട്ട് കയറി!!

താഴെ വിഴാതെ ഇരിക്കാന്‍ ഭിത്തിയില്‍ അള്ളി പിടിച്ച് നില്‍ക്കുന്ന എന്നെ രക്ഷിക്കുക എന്ന ഉദ്ദേശത്തില്‍ ഷമീര്‍ അവളോട് ചോദിച്ചു:
"വയലിന്‍ എങ്ങനെ മോക്ക് ചെയ്യും?"
അത് കേട്ടതും അവള്‍ ബാഗില്‍ നിന്നും ഒരു സാധനം എടുത്ത് എന്‍റെ നേരെ നീട്ടി..
കന്യാകുമാരിയില്‍ വാങ്ങാന്‍ കിട്ടുന്ന ഒരു സാധനം..
ചിരട്ടയും കമ്പും ഉപയോഗിച്ചുള്ള ഒരു ഉപകരണം..
വയലിന്‍ പോലെ തന്നെ..
വയലിനില്‍ കുറേ കമ്പികളുണ്ടങ്കില്‍ ഇതില്‍ ഒരു കമ്പിയെ ഉള്ളു..
ചിരട്ട വയലിനും, അത് വായിക്കാനുള്ള കമ്പും തന്നിട്ട് അവള്‍ പറഞ്ഞു:
"മനു സരിഗമ ഒന്ന് വായിച്ചേ"
സ-രി-ഗ-മ..
മൊത്തം നാല്‌ അക്ഷരം!!
അവള്‍ തന്ന വയലിനില്‍ ആകെ ഒരു കമ്പി!!
എന്തോ ചെയ്യും?
നാല്‌ അക്ഷരം വായിക്കാന്‍ നാല്‌ കമ്പി വേണ്ടേ??
ചിരട്ടക്ക് മേലെയുള്ള കമ്പി ഏത് അക്ഷരത്തിന്‍റെയാ??
ആകെ കണ്‍ഫ്യൂഷന്‍!!
ഒടുവില്‍ ഞാന്‍ തുറന്ന് ചോദിച്ചു:
"ഇത് ഒരു കമ്പിയല്ലേ ഉള്ളു, സരിഗമക്ക് നാല്‌ കമ്പി വേണ്ടേ?"
എന്‍റെ ചോദ്യത്തില്‍ പകച്ച് പോയ ത്രയംബക, ഒന്നും മിണ്ടാതെ ആ വയലിനും വാങ്ങി തിരികെ നടന്നു.
പാവം..
സരിഗമക്ക് നാല്‌ കമ്പിയും, സപ്തസ്വരത്തിനു ഏഴ് കമ്പിയും വേണം എന്ന എന്‍റെ ലോജിക്ക് മനസിലായിക്കാണില്ല..
അവള്‍ക്ക് എന്‍റെയത്ര വിവരമില്ലല്ലോ!!

സിനിമ തീര്‍ന്നപ്പോള്‍ വാമഭാഗം ചോദിച്ചു:
"മോക്ക് ചെയ്യുക എന്നത് ഒരു കലയാണോ?"
അല്ല മോളെ, അല്ല..
മോക്ക് ചെയ്യുക എന്നത് ഒരു കൊലയാ.
അനുഭവം ഗുരു!!

ഒരു മുത്തശ്ശി കഥ





മുത്തശ്ശി...
ആ വാക്കില്‍ തന്നെ ഒരു വാത്സല്യമുണ്ട്.
ഇന്നത്തെ കാലത്തെ 'ഹായ് ഡിയര്‍' പറയുന്ന ഗ്രാന്‍റ്‌മായുടെ കാര്യമല്ല ഞാന്‍ ഉദ്ദേശിച്ചത്.സന്ധ്യാനേരത്ത് നാമം ജപിക്കുന്ന, നമ്മുടെ കൊച്ച് കൊച്ച് തെറ്റുകള്‍ക്ക് ഉപദേശിക്കുന്ന, സ്നേഹത്തോടെ നമ്മളെ തലോടുന്ന, യുദ്ധം ജയിച്ച് രാജകുമാരിയെ സ്വന്തമാക്കിയ രാജകുമാരന്‍റെ കഥ പറയുന്ന, നന്മ നിറഞ്ഞ മുത്തശ്ശി.
അങ്ങനെയുള്ള ഒരു മുത്തശ്ശിയുടെ കഥ ഞാന്‍ പറയട്ടെ..
ഒരു മുത്തശ്ശി കഥ..

ഈ കഥയിലെ നായിക എന്‍റെ മുത്തശ്ശിയാണ്..
കഥകള്‍ പറയുന്ന, കവിതകള്‍ ചൊല്ലുന്ന എന്‍റെ പ്രിയ മുത്തശ്ശി..
കഥകള്‍ ഹരമായിരുന്ന എനിക്ക് എല്ലാം ഈ മുത്തശ്ശി ആയിരുന്നു.കുട്ടികാലത്ത് മുത്തശ്ശി പറഞ്ഞ് തന്ന കഥകള്‍ കേട്ടാണ്‌ ഞാന്‍ വളര്‍ന്നത് തന്നെ. അന്നെല്ലാം മുത്തശ്ശിയുടെ മടിയില്‍ കിടന്നാണ്‌ കഥകള്‍ കേള്‍ക്കുന്നത്.അങ്ങനെ കഥയില്‍ ലയിച്ചിരിക്കുമ്പോള്‍ ഉറക്കത്തിലേക്ക് വഴുതി വീഴുക എന്‍റെ ഒരു സ്വഭാവമാണ്.അതോടു കൂടി മുത്തശ്ശി പറഞ്ഞ അറബി കഥകളിലെ രാജകുമാരനായി ഞാന്‍ മാറും.പരവതാനിക്ക് പകരം എന്നെ പുതപ്പിച്ച പുതപ്പില്‍ കയറി ആകാശത്തു കൂടി പറന്ന് നടക്കുന്നത് ഞാന്‍ സ്വപ്നം കാണും.ആ കാലഘട്ടത്തില്‍ ഒരു ദിവസം..
മുത്തശ്ശിക്കഥ സ്വപ്നവും കണ്ട്, പിറന്ന പടി കിടന്ന എന്നെ വിളിച്ചുണര്‍ത്തി അച്ഛന്‍ ചോദിച്ചു:
"നിന്നെ പുതപ്പിക്കുന്ന പുതപ്പ് എന്തിയേടാ?"
അറബിക്കഥയിലെ രാജകുമാരന്‍ മറുപടി പറഞ്ഞു:
"അത് പറന്ന് പോയി"
വളരെ നല്ല മറുപടി!!
ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയതിനു ശേഷം ആദ്യമായാണെന്ന് തോന്നുന്നു, ഒരു മകന്‍ തന്‍റെ അച്ഛനു ഇത്രയും നല്ല ഒരു മറുപടി കൊടുക്കുന്നത്.എന്തായാലും അച്ഛനു ഭയങ്കര സന്തോഷമായി.പറമ്പിലെ കിളിച്ചുണ്ടന്‍ മാവില്‍ കെട്ടിയിട്ട് കൈ തളരുവോളം തല്ലിയാണ്‌ അച്ഛന്‍ എന്നോടുള്ള സന്തോഷം പ്രകടിപ്പിച്ചത്.അങ്ങനെ മാക്സിമം സന്തോഷം പ്രകടിപ്പിച്ച് കഴിഞ്ഞിട്ട് അച്ഛന്‍ വീണ്ടും ചോദിച്ചു:
"പുതപ്പ് എന്തിയേടാ?"
പഷ്ട്!!
എന്‍റെ മറുപടി കേട്ട് വീണ്ടും സന്തോഷിക്കാനാ!!
അമ്പട അച്ഛാ!!

കഥ കഴിഞ്ഞാല്‍ ഞാന്‍ ഏറെ സ്നേഹിച്ചിരുന്നത് ഭക്ഷണത്തെയാണ്.മൂന്ന് നേരം മൃഷ്ടാന്ന ഭോജനം എന്നതായിരുന്നു എന്‍റെ മുദ്രാവാക്യം.രാവിലെയും ഉച്ചയ്ക്കും മൂക്കുമുട്ടെ കഴിക്കുന്നത് പോട്ടെ എന്ന് വയ്ക്കാം, പക്ഷേ രാത്രിയില്‍ വലിച്ച് വാരി തിന്നുന്നത് ശരീരത്തിനു നല്ലതല്ല.രാത്രിയില്‍ ഒരുപാട് കഴിച്ചാല്‍ ദഹനം നല്ല രീതിയില്‍ നടക്കില്ല എന്നാ ശാസ്ത്രം.അതറിയാവുന്ന അച്ഛന്‍ എന്നെ വിളിച്ച് ഉപദേശിച്ചു:
"മനുകുട്ടാ, ആഹാരക്കാര്യത്തില്‍ പഴമക്കാര്‍ എന്താ പറയുന്നതെന്നറിയാമോ?"
ഇല്ലച്ഛാ, എനിക്കറിയില്ല!!
"രാവിലെ രാജകുമാരനെ പോലെയും, ഉച്ചയ്ക്ക് രാജാവിനെ പോലെയും, രാത്രിയില്‍ യാചകനെ പോലെയും കഴിക്കണം"
അതേയോ??
രാവിലെ രാജകുമാരനെ പോലെ..
പഴവര്‍ഗ്ഗങ്ങള്‍, മധുരം, ഹല്‍വ, വെണ്ണ, പാല്‍ തുടങ്ങിയ ഐറ്റംസ്സ്!!
ഉച്ചക്ക് രാജാവിനെ പോലെ..
ഗംഭീര സദ്യ വിത്ത് പരിപ്പ്, പപ്പടം,പായസം തുടങ്ങിയ ഐറ്റംസ്സ്!!
വൈകിട്ട് യാചകനെ പോലെ..
എന്താ കൈയ്യില്‍ കിട്ടുന്നതെന്ന് നോക്കരുത്, എല്ലാം വലിച്ച് വാരി തിന്നണം!!
കൊള്ളാം!!
വളരെ നല്ല ഉപദേശം!!
ഉപദേശ പ്രകാരം മൂന്ന് നേരവും മൂക്കുമുട്ടെ തട്ടണം.
അച്ഛനാണച്ഛാ അച്ഛന്‍!!
വളരെ കാര്യമായി ഉപദേശിച്ചിട്ടും, രാത്രിയില്‍ വീണ്ടും വലിച്ച് വാരി തിന്നുന്ന കണ്ട അച്ഛന്‍ ചൂടായി ചോദിച്ചു:
"നിനക്ക് ഞാന്‍ പറഞ്ഞത് മനസിലായില്ലേ?"
മനസിലായി, മനസിലായി എല്ലാം മനസിലായി!!
രാത്രിയിലെ യാചകനെ കുറിച്ച് ഞാന്‍ വിശദീകരിച്ചത് കേട്ടപ്പോള്‍ അച്ഛനും സംശയമായി,
ഇനി ശരിക്കും അങ്ങനാണോ??
അല്ല ആണോ??
ഒടുവില്‍ മുത്തശ്ശി ഉപദേശിച്ചു:
"നമ്മള്‍ ജീവിക്കാന്‍ വേണ്ടി കഴിക്കണം"
ആ ഉപദേശം പാഴായി പോയി..
ഞാന്‍ കഴിക്കാന്‍ വേണ്ടി ജീവിച്ചു!!

ഇങ്ങനെ കഥകളിലൂടെയും ഉപദേശങ്ങളിലൂടെയും എന്നെ വളര്‍ത്തിയ മുത്തശ്ശി ഒരു വലിയ കൃഷ്ണഭക്തയായിരുന്നു.ഏതു നേരവും മുത്തശ്ശിയുടെ നാവില്‍ ഒരു നാമജപം ഉണ്ടായിരുന്നു:

"കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാര്‍ദ്ദനാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവാ
സച്ചിതാനന്ദാ നാരായണാ ഹരേ"

ഈ നാമജപത്തോടൊപ്പമുള്ള മുത്തശ്ശിയുടെ ആത്മഗതങ്ങള്‍ക്കും കൃഷണനായിരുന്നു കൂട്ട്,
കൃഷ്ണാ, ചിക്കന്‍ വെന്തോ എന്തോ??
കണ്ണാ, പറമ്പിലെ തേങ്ങാ കട്ടവന്‍റെ തലയില്‍ ഇടിത്തീ വീഴണേ!!
ഇതാ ലൈന്‍..
എന്തിനും ഏതിനും ഒരു കൃഷ്ണമയം.

അതിനാലാവാം ഓര്‍മ്മവച്ച കാലം മുതല്‍ മുത്തശ്ശിയുടെ ഒരു ആവശ്യം ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു, മറ്റൊന്നുമല്ല മുത്തശ്ശിക്ക് ഗുരുവായൂരപ്പനെ കണ്ട് ഒന്ന് തൊഴണമത്രേ.ഏതു കൃഷ്ണഭക്തയുടെയും മനസ്സിലുള്ള മാന്യമായ ഒരു ആഗ്രഹം.അത് കേട്ട് കേട്ട് സഹികെട്ട് കുട്ടിക്കാലത്ത് തന്നെ മുത്തശ്ശിക്ക് ഞാന്‍ വാക്ക് കൊടുത്തു:
"ഞാന്‍ വലുതാവട്ടെ, എന്നിട്ട് കൊണ്ട് പോകാം"
കാലം കടന്നു പോയി, ഞാന്‍ വലുതായി.കുട്ടിക്കാലത്ത് മുത്തശ്ശിക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ ഞാന്‍ മുത്തശ്ശിയെയും കൂട്ടി ഗുരുവായൂരില്‍ പോയി.
ആ യാത്ര ഒരു വന്‍ സംഭവം തന്നെയായിരുന്നു..
മനസ്സ് തുറന്ന് ഞാന്‍ കൃഷ്ണനെ വിളിച്ച് കരഞ്ഞ ഒരു മുട്ടന്‍ സംഭവം!!

നാല്‌ വര്‍ഷം മുമ്പുള്ള ഒരു ശനിയാഴചയാണ്‌ ഗുരുവായൂരില്‍ കൊണ്ട് പോകാന്‍ തയാറാണെന്നുള്ള മഹത്തായ സത്യം ഞാന്‍ മുത്തശ്ശിയോട് പറഞ്ഞത്.എന്‍റെ ഈ പ്രഖ്യാപനം കേട്ട് ഞെട്ടിയ അച്ഛന്‍ എന്നോട് പറഞ്ഞു:
"മോനേ, തീക്കളിയാ.ഇത് വേണോ?"
വേണം, ഇത് വേണം!!
അമ്മ ചോദിച്ചു:
"എടാ, മുത്തശ്ശി പിടിവാശിക്കാരിയാ. വല്ല പ്രശ്നവും ഉണ്ടായാല്‍?"
എന്ത് പ്രശ്നം, ഞാനില്ലേ??
അനിയത്തി ഉപദേശിച്ചു:
"ചേട്ടാ, ഇതിലും ഭേദം ട്രെയിനിനു തല വയ്ക്കുന്നതാ"
ങ്ങേ!!
ഇതെന്താ ഇങ്ങനെ??
കൃഷ്ണാ, ഇനി ശരിക്കും പുലിവാലാകുമോ??
എനിക്കും സംശയമായി.

പക്ഷേ കൃഷ്ണന്‍ എന്നോടൊപ്പമാണെന്ന് എന്‍റെ മനസ്സ് പറഞ്ഞു, അത് ശരിയാണ്‌ താനും.അതുകൊണ്ടാവാം മുത്തശ്ശി എന്നോട് ചോദിച്ചു:
"എടാ മോനേ, അപ്പുറത്തെ ജാനൂനേ കൂടി കൊണ്ട് പോയാലോ?"
ജാനൂ!!
പതിനെട്ട് വയസ്സുള്ള പാവാടക്കാരി!!
പീതാംബരന്‍ ചേട്ടന്‍റെ മോള്..
പീതാംബരന്‍ ചേട്ടന്‍ ഗുണ്ടയാണെങ്കിലും, ചേട്ടന്‍റെ പെമ്പ്രന്നോത്തി ഉണ്ടയാണെങ്കിലും, അവരുടെ മോളൊരു സുന്ദരിയാ.രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടും എന്‍റെ കടാക്ഷത്തിനു പാത്രമാകാന്‍ ഭാഗ്യം സിദ്ധിച്ചവള്‍..
അച്ഛനോ അമ്മയോ അവളെയും കൂട്ടിയാണ്‌ ഗുരുവായൂരില്‍ പോകുന്നതെന്നറിഞ്ഞാല്‍ പാര വയ്ക്കും എന്നത് മൂന്ന് തരം.അതുകൊണ്ട് ഞാന്‍ പറഞ്ഞു:
"ഞാന്‍ റെയില്‍വേസ്റ്റേഷനില്‍ പോയി മൂന്ന് ടിക്കറ്റെടുത്ത് നില്‍ക്കാം, മുത്തശ്ശി ജാനുവിനെയും കൂട്ടി അങ്ങ് വാ"
ഇത് കേട്ടതും മുത്തശ്ശിയുടെ മുഖത്ത് ഒരു അമ്പരപ്പ്.
പാവം, ഞാന്‍ ഇത്ര പെട്ടന്ന് സമ്മതിക്കുമെന്ന് വിചാരിച്ച് കാണില്ല!!

ഞാനും, ജാനുവും, മുത്തശ്ശിയും മാത്രം..
അതും രണ്ട് ദിവസം!!
ഗുരുവായൂരില്‍ എത്തിയാല്‍ മുത്തശ്ശി ഭക്തിയില്‍ മുഴുകി ഇരിക്കുമെന്ന് ഉറപ്പ്.ഒന്ന് തൊഴുതു കഴിയുമ്പോള്‍ ഞാനും ജാനുവും ഫ്രീ ആകും.പിന്നെ ഞങ്ങളുടെ മാത്രമായ ഒരു ലോകം.
എന്‍റെ കൃഷ്ണാ!!
ഇതില്‍ പരം എന്തോന്ന് പരമാനന്ദം??
മൂന്ന് ടിക്കറ്റുമെടുത്ത് മുത്തശ്ശിയേയും, ജാനുവിനെയും കാത്ത് നിന്ന അരമണിക്കൂറിനു ഒരു യുഗത്തിന്‍റെ ദൈര്‍ഘ്യമുള്ളപോലൊരു തോന്നല്‍.എല്ലാ നായകന്‍മാരെയും പോലെ അവിടെ നിന്ന് പരിസരം മറന്ന് ഞാന്‍ പാടി:

"ഗുരുവായൂരപ്പാ, ഗുരുവായൂരപ്പാ
ഞങ്ങള്‍ തന്‍ കാതലുക്ക് നീ താനേ സാക്ഷി"

സമയം ഇഴഞ്ഞ് നീങ്ങി..
ഒടുവില്‍ മുത്തശ്ശി വന്നു.കൂടെ പതിനെട്ട് വയസ്സുകാരി ജാനുവിനു പകരം പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന ഒരു വല്യമ്മ.
ങ്ങേ!!
"ഇതാരാ?"
മുത്തശ്ശി ചിരിച്ചു കൊണ്ട് പറഞ്ഞു:
"ഇതാ പീതാംബരന്‍റെ അമ്മ, തിരുവനന്തപുരത്തൂന്ന് ഇന്നലെയാ വന്നത്"
പീതാംബരന്‍ ചേട്ടന്‍റെ അമ്മയോ??
ശരിയാ, ജാനുവമ്മ!!
അമ്മുമ്മക്കും കൊച്ചുമോള്‍ക്കും ഒരേ പേരാ!!
ജാനൂനെ കൂടെ കൂട്ടാന്‍ ഞാന്‍ പറഞ്ഞതും, അത് കേട്ട് മുത്തശ്ശി അമ്പരന്നതും വെറുതെയല്ല.വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് വച്ചത് ഞാന്‍ തന്നെയാണെന്ന് ബോധ്യമായപ്പോള്‍ എന്നിലെ നായകന്‍ അറിയാതെ പാടി:

"കുലുമാ...... കുലുമാ....... കുലുമാ.....
അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ കുലുമാ...കുലുമാ.....
പരസ്പരം കുഴിക്കുന്ന കുഴികളില്‍ പതിക്കുമ്പോള്‍ കുലുമാ...കുലുമാ....."

ഞാന്‍ പാട്ട് പാടുന്ന കണ്ടായിരിക്കണം, ജാനുവമ്മ ചോദിച്ചു:
"മനുക്കുട്ടനു സന്തോഷമായെന്നാ തോന്നുന്നേ?"
പിന്നേ, ഭയങ്കര സന്തോഷമായി!!
അപ്പോള്‍ റെയില്‍വേ സ്റ്റേഷനിലെ ടീവിയില്‍ നിന്നും ഹാപ്പി ജാമിന്‍റെ പരസ്യം:

"സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ
ഞാനിപ്പം മാനത്ത് വലിഞ്ഞ് കേറും"
ബെസ്റ്റ്!!
സാഹചര്യത്തിനു പറ്റിയ പരസ്യം!!

മൈ ഡിയര്‍ കൃഷ്ണാ,
എനിക്കൊരു സംശയം..
മുജ്ജന്മത്തില്‍ ഞാന്‍ കംസനായിരുന്നോ??
അല്ല, ഇമ്മാതിരി ഒരു പണി തന്നോണ്ട് ചോദിച്ചതാ!!
പറ്റിയ അബദ്ധം ഓര്‍ത്ത് ചിരിക്കണോ അതോ കരയണോ എന്ന ധര്‍മ്മ സങ്കടത്തില്‍ ഞാന്‍ നില്‍ക്കേ വണ്ടി സ്റ്റേഷനിലെത്തി, ഞങ്ങള്‍ അതില്‍ പ്രവേശിച്ചു.

ട്രെയിന്‍ ഗുരുവായൂര്‍ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി..
ഇടത്തെ വശത്ത് മുത്തശ്ശി, വലത്തെ വശത്ത് ജാനുവമ്മ, നടുക്ക് ഞാന്‍.
താടിക്ക് കൈയ്യും വച്ചിരുന്ന എന്നെ നോക്കി ജാനുവമ്മ പറഞ്ഞു:
"ഇങ്ങനെയൊരു യാത്ര ചെയ്യാന്‍ പറ്റുകാന്ന് വച്ചാല്‍ സുകൃതമാ കുട്ട്യേ"
അത് പിന്നെ പറയണോ??
വല്ലാത്തൊരു സുകൃതം തന്നെ!!
ഇമ്മാതിരി സുകൃതം ഇനി ആര്‍ക്കും വരാതിരുന്നാല്‍ മതി.
വായില്‍ ചൊറിഞ്ഞു വന്ന വാചകങ്ങള്‍ വിഴുങ്ങി ഞാന്‍ മിണ്ടാതിരുന്നു.
അപ്പോള്‍ ജാനുവമ്മയുടെ വാക്കുകള്‍ക്ക് മുത്തശ്ശിയുടെ സപ്പോര്‍ട്ട്:
"മുജ്ജന്മ പുണ്യം. അല്ലാതെന്താ?"
അതേ, അതേ!!
എന്‍റെ സ്വന്തം മുത്തശ്ശി ആയി പോയി..
ഇല്ലേല്‍ കഴുത്തിനു തൂക്കി വെളിയില്‍ എറിഞ്ഞേനെ!!
പൊന്ന്‌ കണ്ണാ, എന്തിന്‌ ഈ പരീക്ഷണം??
"കൊച്ചുമോളൂടെ വരാനിരുന്നതാ.." ജാനുവമ്മയുടെ സംസാരം എന്‍റെ പാവാടക്കാരി ജാനുവിനെ കുറിച്ചാണെന്ന് മനസിലായപ്പോള്‍ എനിക്ക് താല്‍പര്യമായി.
എന്നിട്ട് എന്തേ വരാഞ്ഞത്??
എന്‍റെ മനസിലുണ്ടായ ആ സംശയത്തിന്‌ ജാനുവമ്മ തന്നെ മറുപടി പറഞ്ഞു:
"ഞാനാ വരണ്ടാ എന്ന് പറഞ്ഞത്"
ആണല്ലേ??
അതൊരു മറ്റേടത്തെ പറച്ചിലായി പോയി!!
മുതുകിളവി, നിങ്ങള്‌ പണ്ടാരമടങ്ങി പോട്ടെ!!

താമസിയതെ അടക്കയുടെ വിലയെ പറ്റിയും, പാവക്കായുടെ കൈയ്പ്പിനെ പറ്റിയുമായി അവരുടെ സംസാരം...
ഞാന്‍ ശ്രദ്ധ പതുക്കെ ട്രെയിനിനു പുറത്തേക്ക് മാറ്റി.
പച്ചപ്പ് വിരിച്ച വയലോരങ്ങള്‍, പിന്നിലേക്ക് പായുന്ന വന്‍മര കൂട്ടങ്ങള്‍..
എത്ര മനോഹരമായ ദൃശ്യങ്ങള്‍.
ജനല്‍ പാളികളിലൂടെ അകത്തേക്ക് വന്ന കാറ്റ് ഏറ്റിട്ടാകാം മുത്തശ്ശിയും, ജാനുവമ്മയും ഉറക്കത്തിലേക്ക് വഴുതി വീണത്.രണ്ട് വശത്ത് നിന്നും അവരുടെ തലകള്‍ എന്‍റെ തോളിലേക്ക് ചാഞ്ഞപ്പോള്‍ പൂന്താനത്തിന്‍റെ ജ്ഞാനപ്പാനയിലെ രണ്ട് വരികള്‍ മനസ്സില്‍ തത്തി കളിച്ചു..

"മാളിക മുകളേറിയ മന്നന്‍റെ
തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍"
ഹോ, എത്ര അര്‍ത്ഥവത്തായ വരികള്‍!!
പൂന്താനം ഒരു മഹാന്‍ തന്നെ!!

ട്രെയിന്‍ ഗുരുവായൂരിലെത്തി.മുത്തശ്ശിയേയും, ജാനുവമ്മയേയും വിളിച്ചുണര്‍ത്തി പുറത്തേക്കിറങ്ങിയപ്പോള്‍ മുത്തശ്ശി മനസ്സ് നിറഞ്ഞ് വിളിച്ചു:
"കൃഷ്ണാ, കാത്തോളണേ"
എന്‍റെ മനസ്സും അത് തന്നെ പറഞ്ഞു,
കാത്തോളണേ!!

അന്ന് വൈകിട്ട് അവിടെ ഒരു ലോഡ്ജില്‍ താമസം.പിറ്റേന്ന് വെളുപ്പിനെ കുളിച്ചൊരുങ്ങി ദര്‍ശനത്തിനിറങ്ങി.നല്ല തിരക്ക്, എല്ലായിടവും ഭക്തിമയം.
നിര്‍മ്മാല്യം, ഉഷപൂജ, ഉച്ചപൂജ..
ഭക്തിസാന്ദ്രമായ നിമിഷങ്ങള്‍.
ഉച്ചയ്ക്ക് ഗുരുവായൂരില്‍ നിന്നുമുള്ള അന്നദാനം.
ശരിക്കും മനസ്സ് നിറഞ്ഞു.

രാത്രിയിലാണ്‌ തിരിച്ചുള്ള ട്രെയിന്‍.
സമയം സന്ധ്യയാകുന്നു.ഇപ്പോള്‍ അമ്പലത്തില്‍ നിന്നെറങ്ങിയാല്‍ ലോഡ്ജില്‍ പോയി ഒന്ന് ഫ്രഷ് ആയി തിരിച്ച് യാത്രയാകാം.അമ്പലത്തില്‍ തന്നെ കുറ്റിയടിച്ചിരുന്ന മുത്തശ്ശിയോടും, ജാനുവമ്മയോടും ഞാന്‍ പതിയേ ചോദിച്ചു:
"പോയാലോ?"
മനസില്ലാമനസ്സോടെ ആണെങ്കിലും മുത്തശ്ശി പതിയെ തലയാട്ടി.
പോകാനായി ഞാനും മുത്തശ്ശിയും എഴുന്നേറ്റപ്പോള്‍ ജാനുവമ്മ പറഞ്ഞു:
"നിങ്ങള്‌ പോയ്ക്കോ, ഞാന്‍ വരുന്നില്ല"
അതെന്താ??
അമ്പരന്ന് നിന്ന ഞങ്ങളെ നോക്കി ജാനുവമ്മ വിശദീകരിച്ചു:
"ഇനിയുള്ള കാലം ഈ നടയില്‍ കഴിച്ച് കൂട്ടാനാ എന്‍റെ തീരുമാനം"
കടവുളേ!!
പേരുകേട്ട ഗുണ്ടയായ പീതാംബരന്‍ ചേട്ടന്‍റെ കൈയ്യിലുള്ള മലപ്പുറം കത്തി എന്നെ നോക്കി ഒന്ന് പല്ലിളിച്ച പോലെ ഒരു ഫീലിംഗ്ഗ്!!
ആരോ കമ്പിപാരക്ക് തലക്ക് അടിച്ച പോലെ!!
ഹേയ്, ഇത് പ്രശ്നമാ.
"അന്ത്യകാലം ഇവിടെ കഴിച്ച് കൂട്ടി എനിക്ക് കൃഷ്ണ സന്നിധിയില്‍ ലയിക്കണം" അവരുടെ ആഗ്രഹം.
കുറ്റം പറയരുത്, വളരെ നല്ല ആഗ്രഹം!!
പക്ഷേ ജാനുവമ്മയില്ലാതെ തിരികെ ചെന്നാല്‍ പീതാംബരന്‍ ചേട്ടന്‍ എന്നെ കൃഷ്ണ സന്നിധിയില്‍ ലയിപ്പിക്കും, ഉറപ്പ്!!
ഞാന്‍ അവരുടെ കാല്‌ പിടിച്ചു:
"ജാനുവമ്മ വാശി പിടിക്കരുത്, വാ നമുക്ക് പോകാം"
"മനുക്കുട്ടന്‍ കൃഷ്ണ ഭക്തയായ മീരയെ കുറിച്ച് കേട്ടിട്ടുണ്ടോ?" അവരുടെ ചോദ്യം.
"ഉണ്ടെങ്കില്‍?"
"ഈ സന്നിധിയില്‍ ഞാനൊരു മീര ആകും"
ആകും ആകും..
ഈ സന്നിധിയില്‍ ഇവരൊരു പാര ആകും!!
എന്‍റെ കൃഷ്ണാ..
ഇനി എന്തോ ചെയ്യും??
ഞാന്‍ ദയനീയമായി മുത്തശ്ശിയെ നോക്കി.

മുത്തശ്ശി പതുക്കെ ഇടപെട്ടു:
"ജാനു നീ എന്ത് തോന്ന്യാസമാ പറയുന്നേ?"
"ചേച്ചിയും കൂടി ഇരിക്ക്, നമുക്ക് ഇനി ഇവിടെ കഴിയാം.മനു പോയ്ക്കോട്ടെ" അവരുടെ ആഹ്വാനം.
അത് കേട്ടതും മുത്തശ്ശിയുടെ കണ്ണില്‍ അത് വരെ ഇല്ലാത്ത ഒരു തിളക്കം ഞാന്‍ കണ്ടു.
കൊള്ളാം!!
രണ്ട് കെളവിമാരും കൂടി എന്നെ കൊലക്ക് കൊടുക്കാനുള്ള പ്ലാനാണല്ലേ??
ഡിയര്‍ ആന്‍റി പീസസ്സ്, യൂ വില്‍ ബിക്കം ട്വന്‍റി പീസസ്സ്..
നിങ്ങളെ ഞാന്‍ ഇരുപത് പീസ്സാക്കും!!
മര്യാദക്ക് വരുന്നുണ്ടോ?
ദയനീയമായി അവരെ നോക്കിയ എന്നോട് മുത്തശ്ശി ആകാംക്ഷയോടെ ചോദിച്ചു:
"ഞാനൂടെ ഇവിടെ ഇരുന്നാലോടാ?"
എന്‍റമ്മച്ചിയേ!!
നട്ടെല്ലില്‍ കൂടി പാഞ്ഞു പോയ ഒരു എലിവാണം തലക്കകത്ത് വന്ന് പൊട്ടിച്ചിതറി!!
തൊണ്ട ഒക്കെ വരളുന്ന പോലെ, കണ്ണില്‍ ഇരുട്ട് കേറുന്ന പോലെ..
ആരോ പൊട്ടി ചിരിക്കുന്ന ശബ്ദം.ആരാ, കണ്ണനാണോ??
തളര്‍ന്ന് താഴെയിരുന്ന ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു:
"ഭഗവാനേ, കൈ വിടല്ലേ.."
ഒരു നിമിഷം..
മിന്നല്‍ പോലെ ഒരു ഐഡിയ തലയില്‍ കത്തി!!
ചാടി എഴുന്നേറ്റ് ഞാന്‍ പറഞ്ഞു:
"ജാനുവമ്മ ഇവിടിരുന്നോ, ഒന്നുമില്ലങ്കിലും പീതാംബരന്‍ ചേട്ടന്‍റെ വീട്ടില്‍ ചേച്ചിക്ക് എങ്കിലും സമാധാനമാകുമല്ലോ"
മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീര്‌ കാണണം എന്ന് മാത്രം ആഗ്രഹമുള്ള ആ തള്ള ചാടി എഴുന്നേറ്റ് പറഞ്ഞു:
"അയ്യടാ, ഞാനും വരുന്നു.ആ എന്തിരവള്‌ അങ്ങനെ സുഖിക്കണ്ട"
മുകുന്ദാ, വാട്ട് ആന്‍ ഐഡിയ??
നന്ദി പ്രഭോ, നന്ദി!!

തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ നിന്ന അച്ഛന്‍ ചോദിച്ചു:
"എങ്ങനുണ്ടായിരുന്നു യാത്ര?"
ഒരു നിമിഷം കണ്ണടച്ച്, നെഞ്ചില്‍ കൈവച്ച് ഞാന്‍ ഉറക്കെ പറഞ്ഞു:
"ഗോവിന്ദ"
യാത്ര ഗോവിന്ദയായെന്നോ??
അച്ഛന്‍റെ മുഖത്ത് അമ്പരപ്പ്.
അല്ല, കണ്ണനെ വിളിച്ചതാ, സാക്ഷാല്‍ ഗോവിന്ദനെ..
കണ്ണാ, നന്ദി!!

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com