For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

സമവാക്യത്തിന്‍റെ സൃഷ്ടികര്‍മ്മം





മാമ്പഴക്കാലം..
മാവില്‍ ഞാന്ന് നില്‍ക്കുന്ന മാങ്ങകള്‍...
മംഗലശ്ശേരില്‍ നീലകണ്ഠന്‍ മകന്‍ കാര്‍ത്തികേയന്‍ പറയുന്ന പോലെ,
"പല രൂപത്തില്‍, പല ഭാവത്തില്‍.."
മൂങ്ങാണ്ടന്‍ മാങ്ങാ, കിളിച്ചുണ്ടന്‍ മാങ്ങാ, നാട്ട് മാങ്ങാ, കാട്ട് മാങ്ങാ, കണ്ണി മാങ്ങാ, പച്ച മാങ്ങാ, പഴുത്ത മാങ്ങാ, പുഴുത്ത മാങ്ങാ..
ഇങ്ങനെ പോകുന്നു ഈ വകഭേദങ്ങള്‍.
ആരെന്തൊക്കെ പറഞ്ഞാലും മാങ്ങാ എന്ന് പറഞ്ഞാല്‍ എനിക്ക് ജീവനാ..
ഇത് വായിച്ച് ആരും മാങ്ങാ എനിക്ക് പ്രാണനാ എന്ന് തെറ്റിദ്ധരിക്കരുത്, കാരണം മേല്‍ സൂചിപ്പിച്ച ജീവന്‍ എന്‍റെ കൂട്ടുകാരനാ.അവന്‍റെ വീട്ടില്‍ എല്ലാത്തരം മാവുമുണ്ട്.കുട്ടിക്കാലത്ത് ഏത് മാങ്ങാ വേണം എന്ന് പറഞ്ഞാല്‍ മതി, അവന്‍ കൊണ്ട് വന്ന് തരും.ആ മാങ്ങാ വാങ്ങി തിന്നപ്പോള്‍, പിന്നീട് പ്രീഡിഗ്രി കാലത്ത് കണക്കില്‍ പഠിച്ചതിനെക്കാള്‍ വലിയൊരു സമവാക്യം എന്‍റെ മനസ്സില്‍ ഊരിത്തിരിഞ്ഞു,
മാങ്ങാ ഈസ്സ് ഈക്യുല്‍ റ്റു ജീവന്‍..
മാങ്ങാ ജീവനു തുല്യമാണ്!!
അഥവാ ജീവന്‍ മാങ്ങായ്ക്ക് തുല്യനാണ്!!
ഭൂമിമലയാളത്തിനു എന്‍റെ വക ഒരു സമവാക്യം!!

പക്ഷേ എന്‍റെ സമവാക്യം തെറ്റാണെന്ന് കാലം തെളിയിച്ചു..
ഞാന്‍ പ്രീഡിഗ്രിക്ക് പഠിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിലാണ്‌ എന്‍റെ സമവാക്യം തെറ്റി പോയത്.
അന്നത്തെ ഒരു സുപ്രഭാതം..
എന്നത്തെയും പോലെ കണ്ണുകള്‍ മുറുക്കെ അടച്ച് ഞാന്‍ മാങ്ങയേ പറ്റി ഓര്‍ത്തു, അപ്പോള്‍ മനസ്സില്‍ ജീവന്‍റെ മുഖം തെളിഞ്ഞു വന്നു.എന്‍റെ സമവാക്യത്തിന്‍റെ അടുത്ത പടി എന്ന നിലയില്‍ ഞാന്‍ കണ്ണുകള്‍ മുറുക്കെ അടച്ച് ജീവനെ കുറിച്ച് ഓര്‍ത്തു, അപ്പോള്‍ മനസ്സില്‍ അവന്‍റെ പെങ്ങള്‍ ഗംഗയുടെ മുഖം തെളിഞ്ഞു വന്നു.
മാങ്ങാ ഈസ്സ് ഈക്യുല്‍ റ്റു ജീവന്‍.
ജീവന്‍ ഈസ്സ് ഈക്യുല്‍ റ്റു ഗംഗ.
മാങ്ങായ്ക്ക് തുല്യം ജീവനാണെങ്കില്‍, ജീവനു തുല്യം ഗംഗ!!
എന്‍റീശ്വരാ..
സമവാക്യം തെറ്റി!!

അല്ലെങ്കില്‍ തന്നെ പണ്ടേ ഞാന്‍ ഇങ്ങനാ..
കൂട്ടുകാരന്‍റെ പെങ്ങളെ സ്വന്തം പെങ്ങളായിട്ട് മാത്രമേ കാണു എന്നോ, സംസാരിക്കു എന്നോ ഉള്ള അഹങ്കാരങ്ങളൊന്നും എനിക്കില്ല.അവര്‍ക്കിഷ്ടമാണെങ്കില്‍ അതുങ്ങളെ കാമുകിയായോ, ഭാര്യയായോ ഒക്കെ സങ്കല്‍പ്പിക്കാന്‍ എനിക്ക് വലിയ സാമര്‍ത്ഥ്യമാ.എന്‍റെ അമ്മ എപ്പോഴും പറയും,
അവനു ഒരു കാര്യത്തിലും പിടിവാശിയില്ല!!
സത്യമാ, വളരെ നല്ല സ്വഭാവം!!
അതിനാല്‍ തന്നെ ഒരു കൂട്ടുകാരുടെയും പെങ്ങന്‍മാര്‍ എന്നെ അവരുടെ ചേട്ടന്‍റെ സ്ഥനത്ത് കാണാറില്ല.അതുകൊണ്ടാകാം ഞാന്‍ അവരുടെ വീട്ടില്‍ ചെന്നാല്‍ എന്‍റെ അടുത്തോട്ട് ഇവരൊന്നും വരികയേ ഇല്ല.
ഭയങ്കര നാണമാ!!

ഈ സകല പെങ്ങന്‍മാര്‍ക്കും ഒരു അപവാദമായിരുന്നു ഗംഗ, കടമിഴിയില്‍ കമലദളമുള്ള എന്‍റെ നാണക്കാരി.അവള്‍ എന്‍റെ അരികില്‍ വരും, സംസാരിക്കും, എനിക്ക് കുടിക്കാന്‍ വെള്ളം കൊണ്ട് തരും...
അതേ അവള്‍ സ്നേഹസമ്പന്നയായിരുന്നു!!
ഒരു സ്നേഹസമ്പന്നയെ സ്നേഹിക്കുന്നത് തെറ്റാണോ??
അല്ലേയല്ല!!
കിളിച്ചുണ്ടന്‍ മാങ്ങായുടെ ഒരു കഷ്ണം പൂളി, അവള്‍ എന്‍റെ കൈയ്യില്‍ തന്നപ്പോള്‍ ഞാന്‍ മനസ്സ് തുറന്നു:
"എനിക്കിഷ്ടമാ"
അവള്‍ എന്നെ തല തിരിച്ചൊന്ന് നോക്കി..
ആ നോട്ടം കണ്ടതും എന്‍റെ ഉള്ളൊന്ന് കാളി!!
കടമിഴിയില്‍ കനല്‍ എരിഞ്ഞുവോ??
എരിഞ്ഞു!!
കര്‍ത്താവേ, കുരിശായി!!
"മനുചേട്ടന്‍ എന്താ പറഞ്ഞത്?" ഗൌരവത്തിലുള്ള ചോദ്യം.
അതിസങ്കീര്‍ണ്ണമായ ആ സാഹചര്യത്തില്‍ എന്‍റെ നാവില്‍ സരസ്വതി വിളയാടി:
"കിളിച്ചുണ്ടന്‍ മാങ്ങാ എനിക്കിഷ്ടമാ"
അത്രേ ഉള്ളോ എന്ന ചോദ്യത്തോടെ അവള്‍ വീട്ടിലേക്ക് പോയി.
അത്രേം അല്ലായിരുന്നു കുട്ടി...
പക്ഷേ ഇനി അത്രേ ഉള്ളു!!
അല്ലെങ്കില്‍ തന്നെ എനിക്ക് എന്തിനാ വമ്പ്??

എന്തിനും ഏതിനും ഒരു സമയം ഉണ്ടന്നാണ്‌ പറയുന്നത്.എന്‍റെ അനുഭവത്തില്‍ അത് സത്യമാ, കറക്ട് സമയമായപ്പോള്‍ എനിക്ക് ഗംഗയോടുള്ള പ്രേമത്തിനു ഒരു വഴിത്തിരുവുണ്ടായി.അത് അവള്‍ പ്രീഡിഗിക്ക് പഠിക്കുന്ന സമയത്താണ്‌ സംഭവിച്ചത്.സ്വന്തമായി ഒരു തീരുമാനമെടുക്കാനും, അത് നടപ്പിലാക്കാനും എനിക്ക് കഴിയും എന്ന് എനിക്ക് ബോധ്യം വന്നത് ആ സംഭവത്തോട് കൂടി ആയിരുന്നു.

ഞങ്ങളുടെ നാട്ടില്‍ കിണര്‍ കോരി വറ്റിക്കുന്നത് ഞാനടക്കമുള്ള ഒരുപറ്റം ചെറുപ്പക്കാരാണ്.മാമ്പഴക്കാലത്താണ്‌ ഞങ്ങള്‍ കിണര്‍ വറ്റിക്കാനിറങ്ങുന്നത്.ഈ സേവനം തികച്ചും സൌജന്യമാണ്, എങ്കിലും ഇതിനു പകരമായി വീട്ടുകാര്‍ മാമ്പഴം, ചക്ക തുടങ്ങിയവ തന്ന് ഞങ്ങളെ സന്തോഷിപ്പിച്ചേ വിടാറുള്ളു.അതിനൊരു കാരണമുണ്ട്..
കിണര്‍ വറ്റിക്കുന്നവരെ സന്തോഷിപ്പിച്ചില്ലങ്കില്‍, വറ്റിച്ചതിന്‍റെ പിറ്റേദിവസം കിണറ്റില്‍ പൂച്ച ചത്ത് കിടക്കും പോലും,അത്തരത്തില്‍ രണ്ടോ, മൂന്നോ അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ്‌ കാരണവന്‍മാര്‍ പറയുന്നത്.
ഒരോരോ അന്ധവിശ്വാസങ്ങള്‍!!
എനിക്ക് ഇതിലൊന്നും ഒരു വിശ്വാസവുമില്ല...
വീട്ടുകാര്‌ വല്ലതും തന്നാലും, ഇല്ലെങ്കിലും ഞാന്‍ കിണര്‍ വറ്റിക്കാന്‍ പോകും.വറ്റിച്ച് കഴിഞ്ഞ് മാങ്ങാ വല്ലതും തന്നാല്‍ തിന്നും, ഇല്ലെങ്കില്‍ എന്‍റെ വീടിന്‍റെ തട്ടിന്‍ പുറത്ത് താമസിക്കുന്ന പൂച്ചകളുടെ കൂട്ടത്തില്‍ നിന്നും ഒരു പൂച്ചയെ കാണാതെയാകും.
ഈ പൂച്ച എവിടെ പോകുന്നതാണോ എന്തോ??
ദൈവത്തിനറിയാം!!

കിണര്‍ കോരി വറ്റിക്കുന്നതിലുമുണ്ട് ചില സത്യങ്ങള്‍.ഏറ്റവും ധീരനായിരിക്കും കിണറിന്‍റെ ഏറ്റവും താഴെ ഇറങ്ങുന്നത്.പേടി ഉള്ളവര്‍ അധികം താഴേക്കിറങ്ങാറില്ല, അവര്‍ കിണറിന്‍റെ മുകളിലെ തൊടികളില്‍ നില്‍ക്കും.ഈ പേടിത്തൊണ്ടന്‍മാരും, ധീരന്‍മാരും കൂടി കിണര്‍ വറ്റിക്കുമ്പോള്‍, കിണറിനടുത്ത് ഒരു കസേരയിട്ട്, അതില്‍ ഇരുന്ന്, എത്ര കുടം വെള്ളം കോരി എന്ന് എണ്ണുന്നതായിരുന്നു എന്‍റെ ജോലി.
വളരെ ഉത്തരവാദിത്തമുള്ള ജോലി!!
എണ്ണം തെറ്റിയാല്‍ കിണര്‍ വറ്റിയില്ലങ്കിലോ??
കോരി വറ്റിക്കുന്നത് ബാക്കിയുള്ളവരാണെങ്കിലും, കിണര്‍ വറ്റുന്നത് വരെ ടെന്‍ഷന്‍ എനിക്കായിരുന്നു.
എല്ലാത്തിനും ഞാനൊരാളെല്ലേ ഉള്ളു!!

പക്ഷേ ഒരു പ്രാവശ്യം ജീവന്‍റെ വീട്ടിലെ കിണര്‍ വറ്റിക്കാന്‍ നേരം, ഗംഗയുടെ മുമ്പില്‍ ധീരനാണെന്ന് തെളിയിക്കാന്‍ ഏറ്റവും താഴെ ഞാനിറങ്ങി.അന്ന് കിണര്‍ വറ്റിച്ചു കഴിഞ്ഞ് മുകളിലേക്ക് കേറിക്കൊണ്ടിരുന്ന എന്‍റെ കാലൊന്ന് വഴുതി.
അടുത്ത നിമിഷം ഞാനൊരു സത്യം മനസിലാക്കി..
ഐസക്ക് ന്യൂട്ടന്‍ കള്ളം പറഞ്ഞിട്ടില്ല!!
ഭൂമിക്ക് ശരിക്കും ഗുരുത്വാകര്‍ഷണ ബലമുണ്ട്!!
സ്പൈഡറിനെ പോലെ മുകളിലേക്ക് കയറിയവന്‍ സ്പൈഡര്‍മാനെ പോലെ താഴേക്ക് ലാന്‍ഡ് ചെയ്തു..
പട്ക്കോ!!
ഒരു മുട്ടന്‍ ശബ്ദം!!
"എടാ ഒരു കൊടം കിണറ്റില്‍ വീണെന്ന് തോന്നുന്നു" ആ പറഞ്ഞത് ഷാജിയാ.
"നാല്‌ കൊടവും ഇവിടുണ്ടല്ലോടാ" ജീവന്‍റെ മറുപടി.
ദ്രോഹികള്‍..
ഇവിടൊരുത്തന്‍ നടുവടിച്ച് വീണ സൌണ്ടാ!!
വേദന കൊണ്ട് പിടഞ്ഞപ്പോള്‍, കരയുന്ന ശബ്ദത്തില്‍ ഞാന്‍ അലറി പറഞ്ഞു:
"കൊടമല്ലടാ"
പണ്ടേ നാക്കിനൊരു കൊത്തയുള്ളതിനാല്‍ 'ട' എന്ന് പറഞ്ഞാല്‍ മറ്റുള്ളവര്‍ 'ത' എന്നേ കേള്‍ക്കു.ഇവിടിപ്പോള്‍ കിണറിന്‍റെ എക്കോയും...
അതിനാലായിരിക്കാം ഞാന്‍ വിളിച്ച് കൂവിയ കേട്ട് എല്ലാവരും ചിരിച്ചത്!!
പണ്ട് ഞാന്‍ സ്റ്റേജില്‍ കയറി 'അമ്മിണിക്കുട്ടിയുടെ കൊടം' എന്ന കഥാപ്രസംഗം പറഞ്ഞപ്പോള്‍ കേട്ട അതേ ടോണിലുള്ള ചിരി.
സാമദ്രോഹികള്‍!!

അവസാനം അവരെല്ലം കൂടി എന്നെ കിണറിനു വെളിയില്‍ എത്തിച്ചു.തലയുയര്‍ത്തി ആരേയും നോക്കാന്‍ പറ്റണില്ല.ശരീരത്തെക്കാള്‍ വേദന കൂടുതല്‍ മനസ്സിനാ.മൊത്തത്തില്‍ അബദ്ധമായി..
നാണംകെട്ട് നാറാണത്ത് കല്ലായി!!
ദേഹമാസകലം വേദനയുമായി തിരിച്ച് വീട്ടിലേക്ക് പോയപ്പോള്‍ ഗംഗ പറഞ്ഞു:
"ചേട്ടാ, ഗെറ്റ് വെല്‍ സൂണ്‍"
ഗെറ്റ് എന്നാല്‍ കിട്ടുക, വെല്‍ എന്നാല്‍ കിണര്‍, സൂണ്‍ എന്നാല്‍ പെട്ടന്ന്..
എത്രയും പെട്ടന്നൊരു കിണര്‍ കിട്ടട്ടേന്ന്!!
എന്തിനാ..
നിന്നെ കുഴിച്ചു മൂടാനാണോ??
പരമദുഷ്ട!!
എന്നെ ആക്കിയതാ!!
ഇനി നിന്നെ പ്രേമിക്കാന്‍ വേറെ ആളെ നോക്ക്!!
കുട്ടിക്കാലത്ത് എന്‍റെ മനസ്സില്‍ മൊട്ടിട്ട പ്രേമം, അവളെ കെട്ടിക്കുന്ന വരെ കാത്ത് നില്‍ക്കാതെ, ആ സായംസന്ധ്യയില്‍ ആത്മഹത്യ ചെയ്തു.
അങ്ങനെ ആ പ്രേമത്തിനു വഴിത്തിരുവായി!!

അവളോട് പ്രേമം വേണ്ടാ എന്ന തീരുമാനം ഞാന്‍ നടപ്പിലാക്കിയട്ട് വര്‍ഷങ്ങളായി..
പിന്നെ ഞാന്‍ ഗംഗയെ കണ്ടത് കഴിഞ്ഞ ആഴ്ചയിലായിരുന്നു.പഴയപോലൊന്നുമല്ല, അവളങ്ങ് പച്ച പരിഷ്ക്കാരി ആയി പോയി.ഞാനിപ്പം ബാംഗ്ലൂരിലാണെന്ന് പറഞ്ഞപ്പോള്‍ അവളെന്നോട് ചോദിച്ചു:
"യുവര്‍ വൈഫ് ഈസ് സ്റ്റേയിങ്ങ് വിത്ത് യൂ?"
എന്‍റെ വൈഫ് എന്‍റെ കൂടാണോ താമസമെന്ന്??
പിന്നല്ലാതേ!!
വല്ലോന്‍റേം കൂടെ താമസിക്കുമോ??
അവളുടെ ആ മണ്ടന്‍ ചോദ്യം കേട്ടതോടെ എന്‍റെ മനസ്സില്‍ പുതിയോരു സമവാക്യം രുപം കൊണ്ടു..
ഗംഗ ഈസ്സ് ഈക്യുല്‍ റ്റു മണ്ടി..
ഗംഗ ഒരു മണ്ടിയാണ്!!

ഉത്തരാസ്വയംവരം മൂന്നാംഭാഗം





അര്‍ദ്ധനാരീശ്വരന്‍!!!!

ശിവനും ശക്തിയും ചേര്‍ന്നത് എന്നു സങ്കല്‍പ്പം. മഹത്തായ ഈ തത്വം മലയാളികരിച്ചാല്‍ ഒരു അര്‍ത്ഥം ഇപ്രകാരമാകാം. ആണായാല്‍ ഒരു പെണ്ണു വേണം,എങ്കിലെ പൂര്‍ണ്ണത വരു.അതിനു പഴമക്കാര്‍ തുടങ്ങിവച്ചതും ഇപ്പോള്‍ തുടരുന്നതുമായ ഒരു ചട ങ്ങാണു വിവാഹം.
എന്നാല്‍ ഇതിനു കടമ്പകള്‍ ഏറെ.എല്ലാ തടസ്സങ്ങളും തകര്‍ത്ത് വിവാഹം കഴിക്കണമെന്ന മോഹം എനിക്കുമുണ്ട്.എന്നാല്‍ ഇതുവരെ ശരിയായില്ല. കാരണം തുടക്കത്തിലെ പിഴച്ചു.അതിനെപ്പറ്റി പറയുന്നതിനു മുമ്പ് ഞാന്‍ എന്നെ സ്വയം പരിചയപ്പെടുത്താം.
എന്‍റെ പേര് മനു.
ഞാനൊരു സാങ്കല്‍പ്പിക കഥാപാത്രമാകാം,എങ്കിലും ഈ കഥയില്‍, സ്വയം ഒരു സുന്ദരന്‍ എന്നു വിശേഷിപ്പിക്കുന്ന ഞാന്‍ താന്നെ നായകന്‍.ഞാന്‍ മാത്രം. എന്നെ പറ്റി പറഞ്ഞാല്‍ പഠിത്തം കഴിഞ്ഞു.ജോലിയും ആയി.അനിയത്തിയുടെ വിവാഹവും ഉറച്ചു.കൂടെ പഠിച്ചവരും പിന്നെ പഠിച്ചവരും കെട്ടി.അപ്പോള്‍ ഈയുള്ളവനും തോന്നി,കെട്ടിക്കളയാം.പക്ഷേ ഞാന്‍ മാത്രം വിചാരിച്ചാല്‍ പോരാല്ലോ.മോനേ നീ കെട്ടിക്കോ എന്നു അച്ഛന്‍ പറയണ്ടേ.അതിനായി എന്‍റെ അടുത്ത ശ്രമം.
ആദ്യം അനിയത്തിയുടെ അടുത്ത് മുട്ടി നോക്കി:
"എടീ,ഇങ്ങനൊക്കെ നടന്നാല്‍ മതിയോ?നാത്തൂനുമായിട്ട് വഴക്ക് ഒക്കെ ഇടണ്ടേ?"
അവളുടെ പ്രതികരണം പെട്ടന്നായിരുന്നു:
"ഭഗവാനേ, ഒരിക്കലും അതിനു ഇടവരുത്തല്ലേ"
ഈശ്വരാ!!!
എന്താണവോ അവള്‍ ഉദ്ദേശിച്ചത്?നാത്തൂനുമായി വഴക്കിനു ഇടവരുത്തരുതെന്നോ അതോ ഞാന്‍ കെട്ടി ഒരു നാത്തൂന്‍ വരുന്നതിനു ഇടവരുത്തരുതെന്നോ?
എന്തായാലും അത് പാളി,അടുത്തത് അമ്മ.അതുകൊണ്ട് തന്നെ അമ്മ ചോര്‍ വിളമ്പുമ്പം ഞാന്‍ പറയും:
"അമ്മേ,കുറച്ച് വിളമ്പിയാല്‍ മതി ബാക്കി വച്ചാല്‍ കഴിക്കാനാരുമില്ലല്ലോ?"
ഭര്‍ത്താവ് കഴിച്ചതിന്‍റെ ബാക്കി ഭാര്യ കഴിക്കും എന്ന പഴയ ശീലം അമ്മയ്ക്കും അറിയാവുന്നതാണല്ലോ എന്ന് കരുതിയാ ഞാന്‍ അത്രയും പറഞ്ഞത്.അതിനു മറുപടിയായിട്ടുള്ള അമ്മയുടെ പ്രകടനം ഗംഭീരമായിരുന്നു. നാട്ടുകാരോടും വീട്ടുകാരോടും അമ്മ പറഞ്ഞു:
"അവനു എന്തോ സൂക്കേടുണ്ടന്നാ തോന്നുന്നെ.പഴയപോലെ ഒന്നും കഴിക്കുന്നില്ല."
എനിക്കിത് എന്തിന്‍റെ സൂക്കേടാണന്ന് അച്ഛനെങ്കിലും മനസ്സിലായാല്‍ മതിയാരുന്നു. എവിടെ?
ഇനി ഒരു വഴിയുണ്ട്,ദിവസവും പുതക്കുന്ന പുതപ്പിന്‍റെ പാതി കീറി അച്ഛന്‍റെ കൈയ്യില്‍ കൊടുത്തിട്ട് ചോദിക്കണം:
"അച്ഛാ,എനിക്ക് മാത്രം പുതയ്ക്കാന്‍ പാതി പുതപ്പ് പോരേ?"
പക്ഷേ അങ്ങനെ ചെയ്യുന്നത് മോശമല്ലേ?
മാത്രമല്ല ഇത് കേട്ടിട്ട് അച്ഛന്‍ പോയി ഒരു ഈരേഴന്‍ തോര്‍ത്ത് വാങ്ങി തന്നിട്ട് മോനേ നിനക്ക് മാത്രം പുതക്കാന്‍ ഇതായാലും മതി എന്ന് പറഞ്ഞാല്‍ തീര്‍ന്നു!!!!
അതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു.

ഇനി അറ്റകൈ?

സാങ്കല്‍പികമായി ഒരു പെണ്ണിനെ ഉണ്ടാക്കി എന്നിട്ട് കൂടെ ജോലി ചെയ്യുന്നതാണെന്നും,സുന്ദരിയാണന്നും വേറെ ജാതിയില്‍ പെട്ടതാണന്നും ആദ്യം തന്നെ അമ്മയെ ബോധിപ്പിച്ചു.പിന്നെ ഇരുപത്തിനാലു മണിക്കൂറും അവളെ പറ്റി മാത്രമായി എന്‍റെ സംസാരം. അന്നനടയാണന്നും,മുടി അഴിച്ചിട്ടാല്‍ താഴെ കിടക്കുമെന്നും(തിരുപ്പനല്ല..),അവള്‍ ചിരിച്ചാല്‍ മുത്ത് പൊഴിയും എന്നും, അതു പെറുക്കുന്നതാ എനിക്ക് ജോലി എന്നും മറ്റും ഞാന്‍ വച്ച് കാച്ചിയപ്പോള്‍ അമ്മ പേടിച്ചു പോയി.എന്‍റെ ആ നമ്പര്‍ ഏറ്റു.അമ്മ അച്ഛനോട് എന്തോക്കെയോ സംസാരിച്ചിട്ട് വന്ന് പറഞ്ഞു:
"എടാ,ഇനി ഇങ്ങനെ കാള കളിച്ച് നടന്നാല്‍ ശരിയാകില്ല.നീ ഒരു പെണ്ണു കെട്ടണം"
കാള കളിച്ച് നടന്നാല്‍ ശരിയാകില്ല എന്ന് പറയുന്നത് ചുമ്മാതാ,ഞാന്‍ മറ്റവളെ കെട്ടിക്കോണ്ട് വരുമെന്ന് പേടിച്ചിട്ടാ. അച്ഛനും അമ്മയും സമ്മതിച്ചതല്ലേ,മാത്രമല്ല ഇച്ചിരി നേരം കഴിഞ്ഞ് വേണ്ടാ എന്നു പറഞ്ഞാലോ?അതുകൊണ്ട് ഞാന്‍ ഒന്നും ആലോചിച്ചില്ല,അപ്പോള്‍ തന്നെ സമ്മതിച്ചു.കെട്ടിയേക്കാം

ഒരു കടമ്പ കഴിഞ്ഞു,വീട്ടുകാര്‍ സമ്മതിച്ചു.ഇനി വിവാഹസമയം ആയോ എന്നറിയണം.പ്രേമിക്കുന്നവര്‍ പോലും ജാതകം നോക്കി പ്രേമിക്കുന്ന കാലം.അപ്പോള്‍ ഇതിന്‍റെ കാര്യം പറയണോ?
ജോതിഷി കവടി നിരത്തി.ഈ പഹയന്‍ എന്നും പറയുന്ന ഒരു വാചകമുണ്ട്:
"കഷ്ടകാലമാ.."
ഇത് കേട്ട് നമ്മളൊന്ന് ഞെട്ടും,അപ്പോള്‍ നമ്മളെ ആശ്വസിപ്പിക്കാന്‍ എന്നവണ്ണം പറയും:
"പേടിക്കണ്ടാ,നല്ല കാലത്ത് ഗുണം വരും"
അങ്ങനുള്ള ഒരു കാലന്‍റെ മുമ്പിലാ ഇരിക്കുന്നത്.എന്താണാവോ തിരുമൊഴി?
തെറ്റിയില്ല,പതിവ് പല്ലവി:
"കഷ്ടകാലമാ.."
ദ്രോഹി!!!!
ഞാന്‍ ചുറ്റും നോക്കി.അപ്പുറത്ത് മാറി ഒരു വെട്ടുകത്തി ഇരിക്കുന്നത് കണ്ടു.എടുത്ത് ഒറ്റ വെട്ട് കൊടുത്താലോ?എന്‍റെ സ്വപ്നത്തിനു ചിത ഒരുക്കിയിട്ട് ഇവന്‍ സുഖിക്കേണ്ടാ. ഞാനിങ്ങനെയെല്ലാം വിചാരിക്കുന്നതിന്‍റെ ഇടക്ക് അങ്ങേര്‍ പിന്നെയും മൊഴിഞ്ഞു:
" പിന്നെ കഷ്ടകാല സമയത്ത് വിവാഹം കഴിക്കുത് നല്ലതാ,തീര്‍ന്ന് കിട്ടും"
ആര്?ഞാനോ അതോ കഷ്ടകാലമോ?
ഇങ്ങനെ തന്നെ ചോദിക്കാനാ വായില്‍ വന്നത്.പക്ഷേ ചോദിച്ചില്ല.അതു നന്നായി,അതുകൊണ്ട് തന്നെ അയാള്‍ ഞാന്‍ കെട്ടിക്കോ എന്നാ പറഞ്ഞത് എന്ന് അമ്മ ഉറപ്പിച്ചു. ഒരു പച്ചകൊടി...

അപ്പോള്‍ തന്നെ മൂന്നാന്‍ അഥവാ ബ്രോക്കര്‍ എന്നറിയപ്പെടുന്ന സമൂഹത്തിനു മുമ്പില്‍ ഞാന്‍ എന്നെ സമര്‍പ്പിച്ചു.അവരെല്ലാവരും ചോദിച്ചു:
"പെണ്‍കുട്ടിയെ കുറിച്ചുള്ള സങ്കല്‍പ്പം?"
ഞാന്‍ എന്‍റെ അജണ്ട വ്യക്തമാക്കി:
"ഐശ്വര്യാ റായ്,സുസ്മിതാ സെന്‍,ഡയാനാ രാജകുമാരി......."
ആത്മഗതം പോലെ എന്തോ പറഞ്ഞ് കൊണ്ട് എല്ലാവരും പോയി.ഇവന്‍ കെട്ടിയത് തന്നെ എന്നോ മറ്റോ ആണോ?

എന്തായാലും ഉടനെ വിവാഹം നടക്കും എന്ന വിശ്വാസത്തില്‍ ഞാന്‍ ജോലി സ്ഥലത്തേക്ക് പോയി.ദൂരെ എവിടെയോ മത്തിയുടെ തലയും വെട്ടി ഇരിക്കുന്ന ആ അറിയാത്ത സുന്ദരിയെ കുറിച്ചോര്‍ത്ത് ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കി. അങ്ങനെയിരിക്കെ അമ്മയുടെ ഫോണ്‍ വന്നു.ഒരു ആലോചന വന്നിട്ടുണ്ടത്രേ.ജാതകവും ചേരും.പെണ്ണുകാണാന്‍ ഞയറാഴ്ച ചെല്ലണമെന്ന്.പ്രിയ സ്നേഹിതരേ,ഈ പെണ്ണാണ്‍ എന്‍റെ കഥയിലെ നായിക.അവളുടെ പേരാണ്,
ഉത്തര.
പത്താംക്ളാസ്സില്‍ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ വെപ്രാളമായിരുന്നു പിന്നെ എനിക്ക്.പെണ്ണു കാണലില്‍ പി.എച്ച്.ഡി എടുത്ത എല്ലാ മഹാന്‍മാരോടും ഞാന്‍ ചോദിച്ചു,എങ്ങനാ സംഭവം?അവര്‍ പെണ്ണിനോട് ചോദിക്കാന്‍ കുറെ ചോദ്യങ്ങളും പഠിപ്പിച്ചു തന്നു.അതായത്,
ഉത്തരേ,എന്താ നിന്‍റെ പേര്?
ഉത്തരക്ക് പച്ചമോര് കലക്കാനറിയാമോ?
ആഭരണങ്ങളോടും തുണിയോടും എല്ലാം താല്‍പര്യം വളരെ കുറവായിരിക്കും.ഇല്ലേ?
എന്നിങ്ങനെ കുറെ ചോദ്യങ്ങള്‍.ഇനി പെണ്ണിന്‍റെ മനസില്‍ എന്തായിരിക്കും?ഉടയതമ്പുരാനു പോലും മറുപടി പറയാന്‍ പറ്റാത്ത ചോദ്യം.ഒരു പെണ്ണിന്‍റെ മനസ്സ് മറ്റൊരു പെണ്ണിനറിയാം എന്നല്ലേ,അതുകൊണ്ട് എന്‍റെ കൂട്ടുകാരിയോട് ഞാന്‍ ചോദിച്ചു:
"ചെറുക്കന്‍ കാണാന്‍ വരുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ എന്താ തോന്നുക?"
നിനക്കിത് പറഞ്ഞ് തരാന്‍ ഈ ഭൂലോകത്ത് ഇപ്പോള്‍ ഞാന്‍ മാത്രമേ ഉള്ളു എന്ന ഭാവത്തില്‍ അവള്‍ വിശദീകരിച്ചു തന്നു.അതില്‍ നിന്ന് ഞാന്‍ മനസിലാക്കിയത് പെണ്ണിന്‍റെ മനസില്‍ പയ്യനെ കുറിച്ചുള്ള ചിന്തകള്‍ ഇപ്രകാരമാകാം.
പയ്യന്‍ വലിക്കുമോ? കുടിക്കുമോ? ചൊറിയുമോ? പിച്ചുമോ? മാന്തുമോ?


അങ്ങനെ ഞയറാഴ്ചയായി.'ബ്ളാക്ക് ബേബി' എന്നറിയപ്പെടുന്ന കറുത്ത കുഞ്ഞാണ് മൂന്നാന്‍.അങ്ങേര് പെണ്ണിന്‍റെ വീട്ടില്‍ കാണും നേരിട്ടങ്ങ് ചെന്നാല്‍ മതി എന്നു നേരത്തെ ബോധിപ്പിച്ചിട്ടുണ്ട്.ഞാനും ചേട്ടനും കൂടിയാണ്‍ പോകുന്നത്.ചേട്ടന്‍ എന്നാല്‍ അപ്പച്ചിയുടെ മകന്‍.എന്നെക്കാള്‍ ഇരുപത് വയസ്സ് മൂപ്പ്.ഇറങ്ങാന്‍ നേരം അമ്മ പറഞ്ഞു:
"എടാ,അവിടെ ചെന്ന് വള വളാന്ന് സംസാരിക്കരുത്.ചോദിക്കുന്നതിനു മാത്രം ഉത്തരം പറഞ്ഞാല്‍ മതി.ഇല്ലങ്കില്‍ പെണ്ണ് കിട്ടത്തില്ല."
അതെനിക്കൊരു പുതിയ അറിവായിരുന്നു.സംസാരിച്ചാല്‍ പെണ്ണ് കിട്ടത്തില്ല!!!!
ഉത്തരയ്ക്ക് ഒരു ചേട്ടന്‍ ഉണ്ടന്ന് അറിയാം,പിന്നെ അച്ഛനും അമ്മയും.ഇത്രയും പേരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനസ്സിലുറപ്പിച്ചു ആ വീട്ടിലോട്ട് ചെന്ന ഞാന്‍ ഞെട്ടിപ്പോയി.ഒരു പൂരത്തിനുള്ള ആള്‍ക്കര്‍ വീടിനു മുമ്പില്‍.
ആരെങ്കിലും ചത്തോ?
ഇതായിരുന്നു എന്‍റെ പേടി.അപ്പോഴാണ് ബ്ളാക്ക് ബേബി കാര്യം പറഞ്ഞത്:
"കൂട്ടുകുടുംബമാ!!,ഇന്നു വരാന്‍ പറ്റിയത് ഭാഗ്യം.എല്ലാവരുമുണ്ട്"
ചതി!!!!
ചതിയല്ലടാ ഇത് നിന്‍റെ വിധി എന്ന മട്ടില്‍ ചേട്ടന്‍ പറഞ്ഞു:
"ബാ,കേറാം"
തിരിച്ച് കാറിലോട്ട് കയറാനായിരുന്നെങ്കില്‍ ഞാന്‍ ചാടി കയറിയേനെ,ഇതാ വീട്ടിലോട്ട് കയറാനാ പറഞ്ഞത്.വിറയ്ക്കുന്ന കാല്‍ വയ്പ്പോടെ ഞാനാ വീട്ടില്‍ കയറി.
വിശാലമായ അകത്തളം.കുട്ടികളെകൂട്ടി മൊത്തം ഒരു നാല്‍പത് പേര് കാണും.പെണ്ണുങ്ങളാ കൂടുതല്‍.ആണുങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന മൂന്ന് കാരണവന്‍മാര്‍,ഇതു കൂടാതെ ഒരു മുതു കാരണവരും.അവിടെ നില്‍ക്കുന്ന പെണ്‍കുട്ടികളെ എല്ലാം കാണാന്‍ കൊള്ളാം.ഇതിലാരായിരിക്കും ഉത്തര എന്നു ഞാനാലോചിച്ചു നിന്നപ്പോള്‍ മുതു കാരണവര്‍ മൊഴിഞ്ഞു:
"ആസനസ്ഥനാകിന്‍"
എന്തോന്ന്?ഓ!! ഇരിക്കാന്‍.ഇങ്ങേര് പഴയ മലയാളം വിദ്ധ്വാനാണന്നാ തോന്നുന്നത്. ഇരുന്നു എന്ന് തോന്നും എന്നാല്‍ കസേരയില്‍ മുട്ടിയട്ടില്ലാത്ത ഒരു രീതി ഉണ്ടല്ലോ,ആ ഇരുപ്പാണ് ഞാന്‍ ഇരുന്നത്. കാര്‍ഗില്ലില്‍ പാകിസ്ഥാന്‍ പട്ടാളത്തിനു ഇടക്ക് അകപ്പെട്ട ഇന്ത്യക്കാരന്‍റെ അവസ്ഥ ഞാന്‍ ശരിക്കും മനസിലാക്കി. വായില്‍ ഉപ്പ് നോക്കാന്‍ പോലും ഉമിനീര്‍ ഇല്ലാത്ത അവസ്ഥ. ആകെ ഉള്ള സമാധാനം ചേട്ടനാണ്.
ഒന്നാമത്തെ കാരണവര്‍ ഒരു ചോദ്യം,അതും എന്നെ ചൂണ്ടിക്കൊണ്ട്:
"ഇതായിരിക്കും പയ്യന്‍ അല്ലേ?"
വിവരക്കേട് തന്നെ????
ഞങ്ങള്‍ മൂന്ന് പേരാ ചെന്നത്.അതില്‍ ഒന്നു ബ്രോക്കറാ,പിന്നെ ചേട്ടന്‍.കണ്ടാലറിയാം ചേട്ടനു നല്ല പ്രായമുണ്ടന്ന്.അപ്പോള്‍ ശരിക്കും അനാവശ്യമായ ഒരു ചോദ്യം.സാമാന്യമര്യാദയ്ക്ക് എന്ന പോലെ ചേട്ടന്‍ മറുപടി പറഞ്ഞു:
"അതേ, ഇവനാ പയ്യന്‍.പക്ഷേ, ഭയങ്കര നാണക്കാരനാ"
ദുഷ്ടന്‍!!!!
കൌരവപ്പടയിലേക്ക് കാല്‍ മാറിയിരിക്കുന്നു.
എന്തിനാ ശത്രുക്കള്‍,ഇതുപോലെ ഒരു ചേട്ടനുണ്ടായാല്‍ പോരെ?

ഇനി താന്‍ പറയണ്ടാ എന്ന മട്ടില്‍ ചേട്ടനെ രൂക്ഷമായി ഒന്നു നോക്കിയട്ട് അടുത്ത കാരണവര്‍ എന്നോട് ഒരു ചോദ്യം:
"എന്താ പേര്?"
മഹിക്ഷാസുരന്‍!!!!
ഈ മറുപടിയാ പറയണ്ടേ.പിന്നല്ല,എന്നെ കുറിച്ച് ലോകം മൊത്തം തിരക്കിയതാ.എന്നിട്ട് ചോദിച്ച ചോദ്യം കണ്ടില്ലേ?പോട്ടെ,പെണ്ണു കിട്ടണ്ടതല്ലേ എന്നു കരുതി ഞാന്‍ വിനയകുനയിതനായി പറഞ്ഞു:
"മനു"
എന്നിട്ട് എല്ലാരുടെയും മുഖത്ത് നോക്കി,നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലങ്കില്‍ ഗസറ്റില്‍ മാറ്റാം എന്ന അര്‍ത്ഥില്‍.കുഴപ്പമില്ല,എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.
രണ്ടാമത്തെ കാരണവരുടെ ഊഴം:
"എന്ത് ചെയ്യുന്നു?"
എന്തും ചെയ്യും എന്നു പറഞ്ഞാല്‍ അപ്പോള്‍ തന്നെ ഇറക്കി വിടും.അതുകൊണ്ട് ഞാന്‍ സത്യം ബോധിപ്പിച്ചു:
"ബാംഗ്ളൂരില്‍ എഞ്ചിനിയറാ"
അന്നേരം തന്നെ വന്നു ആ കാരണവരുടെ കമന്‍റ്:
"ഇവിടുത്തെ ബാലു അമേരിക്കയിലാ"
അതിനു ഞാന്‍ എന്തോ വേണം?തലയും കുത്തി നില്‍ക്കണോ?

അപ്പോ ഴാണ് മൂന്നാമത്തെ കാരണവര്‍ തന്‍റെ വിവരക്കേട് വെളിവാക്കാനായി ഒരു ചോദ്യം ചോദിച്ചത്:
"പാടുമോ?"
എന്തിനാ കച്ചേരി നടത്താനാ? എന്നാ ചോദിക്കണ്ടേ,എങ്കിലും ഞാന്‍ പറഞ്ഞു:
"ഇല്ല"
"അയ്യേ,അങ്കിളിനു പാടാന്‍ അറിയില്ല"
ങേ!!!ഒരു കാന്താരി,മൂന്നിലോ നാലിലോ പഠിക്കുന്ന പ്രായം.അവളിത് പറഞ്ഞതും എല്ലാവരും കൂടി ഒറ്റ ചിരി.ഇതില്‍ എന്തോന്നിത്ര ചിരിക്കാന്‍?
മാക്രി വരെ കേറി മജിസ്ടേറ്റാകുന്ന കാലം.
കാര്യങ്ങളുടെ കിടപ്പ് വശം ഇങ്ങനാണങ്കില്‍ പെണ്ണു എന്നെ കാണാന്‍ എന്‍റെ വീട്ടില്‍ വന്നാല്‍ മതിയാരുന്നു.ഞാനൊരു പാവാടയും ബ്ളൌസ്സുമിട്ട് ചായ കൊണ്ട് കൊടുത്തേനെ.
അതായിരുന്നു ഇതിനെക്കാള്‍ ഭേദം!!!!

"എന്നാലിനി പെണ്ണിനെ വിളിക്കാം.അല്ലേ?"
അതു പറഞ്ഞ അമ്മാവനെ ഞാന്‍ മനസാല്‍ നമിച്ചു.കൈയ്യില്‍ ചായയുമായി വന്ന ഉത്തരയെ ഞാന്‍ ഒന്നു നോക്കി,ഒന്നേ നോക്കിയുള്ളു.മതിയായി.
പെണ്ണു സുന്ദരി തന്നെ.പക്ഷേ അന്നനടയ്ക്ക് പകരം ഒരു ആനനട.നല്ല വണ്ണം.സുനാമിയ്ക്ക് മുമ്പില്‍ പെട്ട മുക്കുവന്‍റെ അവസ്ഥയായി എന്‍റേത്.
ഗുരുവായൂര്‍ കേശവനു ചേര്‍ന്ന പെണ്ണിനെയാണോടാ എനിക്ക് കണ്ട് പിടിച്ചത് എന്ന അര്‍ത്ഥത്തില്‍ ഞാന്‍ കറുത്തകുഞ്ഞിനെ ഒന്നു നോക്കി.എന്നാല്‍ അയാളുടെ മുഖഭാവം ക്ണ്ടാല്‍ തോന്നും ഞങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയാണന്ന്,രാവണനും മണ്ഡോദരിയും പോലെ.
ഒരു വിധത്തിലാ അവിടുന്നു ഊരിപോന്നത്.അവരുടെ വീട്ടില്‍ വിളിച്ച് എന്ത് മറുപടി പറയും എന്ന് വിചാരിച്ചിരുന്ന എന്നെ ഞെട്ടിക്കുന്നതായിരുന്നു മൂന്നാന്‍ കൊണ്ട് വന്ന വാര്‍ത്ത.
പെണ്ണിന്‍ എന്നെ ഇഷ്ടപ്പെട്ടില്ലന്ന്.അതിനു രണ്ടാ കാരണം.
ഒന്ന്: ഞാന്‍ സുന്ദരനല്ലത്രേ!!!!
എന്‍റെ വലിയ ഒരു അഹങ്കാരം അവിടെ തീര്‍ന്ന് കിട്ടി.
രണ്ട്: ഞാന്‍ ആള്‍ക്കരുമായി മിംഗിള്‍ ചെയ്യില്ലന്ന്???
അമ്മേ,നന്ദി!!!
അമ്മ അധികം സംസാരിക്കരുത് എന്നു പറഞ്ഞിട്ടാ,ഇല്ലങ്കില്‍ അതെന്‍റെ തലയില്‍ ആയേനെ.
പെണ്ണു കാണലിനെ കുറിച്ച് അന്വേഷിക്കാന്‍ വന്നവരോടെല്ലാം ഞാന്‍ പറഞ്ഞു:
"പെണ്ണു സുന്ദരിയാ,പക്ഷേ വേണ്ടാന്നു വച്ചു.അവള്‍ക്ക് ഭയങ്കര വണ്ണം"
ഇത് കേട്ടവരുടെ കണ്ണിലെല്ലാം ഒരു സംശയം ഞാന്‍ കണ്ടു,ഇതാ പഴയ കുറുക്കനല്ലേ എന്ന സംശയം,

കിട്ടാത്ത മുന്തിരി പുളിക്കും എന്നു പറഞ്ഞ കുറുക്കന്‍.





ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com