For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

മനസില്‍ ഒരു ഗജരാജയോഗം





'വിഷു..'
ഏത് മറുനാട്ടില്‍ ആയാലും മലയാളിയുടെ മനസ്സില്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന വാക്ക്.ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തില്‍ ജനിച്ച് വളര്‍ന്ന ഏതൊരു ആളേയും പോലെ വിഷുകണിയും വിഷുകൈനീട്ടവും സ്വാധീനിച്ച ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു.ഈ പറഞ്ഞ വിഷുവിന്‌ കുറച്ച് നാള്‍ മുമ്പേ ഞങ്ങളുടെ നാട്ടില്‍ ഉത്സവസീസണ്‍ തുടങ്ങും.ആനയും ആലവട്ടവും താലപ്പൊലിയും എല്ലാം ഉള്ള അടിപൊളി ഉത്സവസീസണ്‍.

അങ്ങനെ എന്‍റെ കുട്ടിക്കാലത്തെ ഒരു വിഷുവിനു മുമ്പുള്ള ഒരു ഉത്സവസീസണ്‍...
അച്ഛന്‍റെ കൈയ്യില്‍ തൂങ്ങി ഉത്സവപറമ്പിലൂടെ നടന്നപ്പോള്‍ എന്‍റെ മനസ്സില്‍ ഒരു ആഗ്രഹം തോന്നി,ഏതൊരു കുട്ടിയ്ക്കും തോന്നാവുന്ന നിര്‍ദ്ദോഷമായ ഒരു ആഗ്രഹം.പിള്ളമനസ്സില്‍ കള്ളമില്ല എന്നല്ലേ,അതുകൊണ്ട് തന്നെ ആഗ്രഹം അച്ഛനോട് പറയാന്‍ ഞാനൊരു മുഖവുരയിട്ടു:
"അച്ഛാ,എനിച്ചൊരു കാര്യം വാങ്ങിച്ച് തരുമോ?"
സ്നേഹസമ്പന്നനായ അച്ഛന്‍ രണ്ട് കൈയ്യും കൊണ്ട് എന്നെ കോരി എടുത്ത് നെറ്റിയ്ക്ക് ഒരു ഉമ്മയും തന്നു, എന്നിട്ട് ചോദിച്ചു:
"എന്‍റെ മോനെന്താ വേണ്ടത്?"
ആഗ്രഹം പറയാന്‍ പറ്റിയ സമയം,ഞാന്‍ പറഞ്ഞു:
"എനിച്ച് ഒരു ആനയെ വേണം"
എന്‍റെ നിസ്സാരമായ ആവശ്യം കേട്ട് ഒരു സാദാ സര്‍ക്കരുദ്യോഗസ്ഥനായ അച്ഛന്‍ ഒന്ന് ഞെട്ടി.രണ്ട് കൈ കൊണ്ടും എന്നെ കോരിയെടുത്ത അച്ഛന്‍ അതേ പോലെ താഴെ നിര്‍ത്തി.എന്നിട്ട് പറഞ്ഞു:
"മിണ്ടാതിരുന്നോണം,ഇല്ലേ നിന്നെ മാക്രി പിടുത്തക്കാര്‍ക്ക് കൊടുക്കും"
ആ ഭീഷണി ഫലിച്ചു,പിന്നെ ഞാന്‍ മിണ്ടിയില്ല.

മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ആ കാലഘട്ടത്തില്‍, ഉത്സവപ്പറമ്പില്‍ വച്ച് മൊട്ടിട്ട ആ ആനക്കമ്പം , അന്ന് വൈകുന്നേരത്തിനുള്ളില്‍ തന്നെ പടര്‍ന്ന് പന്തലിച്ച് വലിയ മരമായി മാറി.സ്വന്തമായി ഒരു ആന വേണമെന്ന ഈ ആഗ്രഹമാണ്‌ ശിവന്‍കുട്ടിയുമായുള്ള എന്‍റെ സൌഹൃദത്തെ ഊട്ടി ഉറപ്പിച്ചത്.മേലേടത്തേ ശിവന്‍കുട്ടി എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ നാട്ടിലെ ഒരു പ്രമാണിയുടെ മകനാ.ഞങ്ങളുടെ നാട്ടില്‍ ആകെ ആനയുള്ളത് അവന്‍റെ വീട്ടിലാ.അതായിരുന്നു അവനെ എന്‍റെ കൂട്ടുകാരനായി ഞാന്‍ അംഗീകരിക്കാനുള്ള കാരണവും.

ഒടുവില്‍ ആ വര്‍ഷത്തെ വിഷുവായി,കൊന്നപൂവ്വ് വച്ചുള്ള കണിയ്ക്ക് ശേഷം വിഷുക്കൈനീട്ടം ശേഖരിക്കുന്നതിലായി എന്‍റെ ശ്രദ്ധ.അന്ന് വൈകുന്നേരം ആത്മമിത്രമായ ശിവന്‍കുട്ടി എനിക്ക് ഒരു ഓഫര്‍ തന്നു,ഒരു സ്നേഹിതനും തരാത്ത ഒരു ഗംഭീര ഓഫര്‍,
അവന്‍ എന്നോട് പറഞ്ഞു:
"ഒരു പത്ത് രൂപാ തരാമെങ്കില്‍ വീട്ടിലെ ആനയെ നിനക്ക് തരാം"
എനിക്ക് ആകെ കൈനീട്ടം കിട്ടിയത് പന്ത്രണ്ട് രൂപയാ.അത് കൊണ്ട് തന്നെ ഞാന്‍ അവനോട് ചോദിച്ചു:
"കുറച്ച് കുറയ്ക്കാന്‍ പറ്റുമോ?"
"എത്ര തരും?" അവന്‍റെ മറുചോദ്യം.
"എട്ട് രൂപ" ഞാന്‍ എന്‍റെ നയം വ്യക്തമാക്കി.
"ശരി, സമ്മതിച്ചു"
അങ്ങനെ ആ കച്ചവടം ഉറപ്പിച്ചു!!!
എന്‍റെ കൈയ്യില്‍ നിന്നും എട്ട് രൂപാ വാങ്ങിച്ചിട്ട്, അവന്‍റെ വീട്ടിലെ ആനയുടെ ഉടമസ്ഥന്‍ ഞാനാണെന്ന് ശിവന്‍കുട്ടി പ്രഖ്യാപിച്ചു.
എട്ട് രൂപ പോയാലെന്താ,സ്വന്തമായി ഒരു ആന ആയില്ലേ?

വീട്ടിലെ തൊഴുത്തില്‍ ആനയെ കെട്ടാന്‍ സ്ഥലമില്ല എന്ന എന്‍റെ തിരിച്ചറിവാണ്‌ ആനയെ ശിവന്‍കുട്ടിയുടെ വീട്ടില്‍ തന്നെ നിര്‍ത്താന്‍ ഞാന്‍ തീരുമാനിച്ചതിന്‍റെ പ്രധാന കാരണം.ആന എന്‍റെ വീട്ടില്‍ ആയിരുന്നില്ലെങ്കിലും, ഞാന്‍ ആനയെ വാങ്ങി എന്ന വാര്‍ത്ത എന്‍റെ കൂട്ടുകാരുടെ ഇടയില്‍ കാട്ടുതീ പോലെ പടര്‍ന്നു.
അവര്‍ക്ക് ഇടയില്‍ ഞാനൊരു ഹീറോ ആയി!!!
നാരങ്ങാ മിഠായിയും, ബോംബെ പൂടയും, സേമിയ ഐസ്സും എല്ലാം അവര്‍ എനിക്ക് കാഴ്ച വെച്ചു.പകരം എല്ലാവര്‍ക്കും ഒരേ ഒരു കാര്യമേ വേണ്ടിയിരുന്നുള്ളൂ,
'എലിഫെന്‍റ്‌ ടെയില്‍ ഹെയര്‍' അഥവാ 'ആനവാല്‍ രോമം'!!!
എന്നെ പോലെ ഒരു ആനമുതലാളിയ്ക്ക് സിംപിളായി സാധിച്ച് കൊടുക്കാന്‍ പറ്റുന്ന ഒരു ആഗ്രഹം.അതുകൊണ്ട് തന്നെ ഞാന്‍ പറഞ്ഞു:
"ഐ വില്‍ ഗീവ് "

മേടം പത്ത്, അതായത് വിഷു കഴിഞ്ഞുള്ള പത്താമത്തെ ദിവസം....
അന്നാണ്‌ എന്‍റെ വീടിനടുത്തുള്ള ദേവിക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം.അതോട് കൂടി ഉത്സവസീസണ്‍ തീരും.ആ വര്‍ഷം ഉത്സവത്തിനു എഴുന്നെള്ളിച്ചത് 'എന്‍റെ ആനയെ' ആയിരുന്നു.എഴുന്നെള്ളിപ്പ് കഴിഞ്ഞ് ആനയുമായി വിശ്രമിയ്ക്കുകയായിരുന്ന പാപ്പാന്‍റെ അടുത്ത്, ആനവാല്‍ രോമം ആവശ്യപ്പെട്ട എന്‍റെ കൂട്ടുകാരയും വിളിച്ച് കൊണ്ട് ഞാന്‍ ചെന്നു.ഞങ്ങളെല്ലാം ആനയ്ക്ക് ചുറ്റും കൂടുന്നത് കണ്ട് പാപ്പാന്‍ പറഞ്ഞു:
"പിള്ളാരൊക്കെ ഒന്ന് മാറി നിന്നേ"
എന്‍റെ കൂടെ വന്നവരെ അപമാനിച്ചത് ഇഷ്ടപ്പെടാഞ്ഞതിനാല്‍ ഞാന്‍ പാപ്പാനോട് പറഞ്ഞു:
"അവരൊക്കെ എന്‍റെ കൂടെ വന്നവരാ"
അത് കേട്ടതും പാപ്പാന്‍ എന്നെ ഒന്ന് നോക്കി, എന്നിട്ട് ചോദിച്ചു:
"താനാരാ?"
ഒരു ആനമുതലാളിയോട് ഒരു പാപ്പാന്‍ ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ചോദ്യം.അതു കൊണ്ട് തന്നെ അയാളെ നോക്കി കണ്ണൂരുട്ടി കൊണ്ട് ഞാന്‍ പറഞ്ഞു:
"ഞാന്‍ ഈ ആനയുടെ മുതലാളിയാ"
അത് കേട്ടതും അയാളൊന്ന് ഞെട്ടി എന്ന് തോന്നുന്നു.ഇരുന്നിടത്ത് നിന്നും അയാള്‍ പതുക്കെ എഴുന്നേറ്റ് എന്‍റെ അടുത്ത് വന്നു.അയാളെ നോക്കി കണ്ണൂരുട്ടി നിന്നിരുന്ന എന്നെ തിരിച്ച് നിര്‍ത്തി ചന്തിയ്ക്ക് മുട്ടന്‍ രണ്ട് അടി തന്നിട്ട് അയാള്‍ അലറി പറഞ്ഞു:
"ഓടെടാ.."
ഓര്‍ക്കപ്പുറത്ത് അടി കിട്ടിയ ഞാന്‍ കരയണോ അതോ ഓടണോ എന്ന് ഒരു നിമിഷം ശങ്കിച്ച് നിന്നു.പിന്നെ ഊരി പോയ നിക്കര്‍ വലിച്ച് കയറ്റി, കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് ഓടി.

പിറ്റേന്ന് ഞാനും എന്‍റെ കൂട്ടുകാരും കൂടി ശിവന്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ്‌ അവന്‍ ആ സത്യം പറഞ്ഞത്,
അവന്‌ ആനയെ വില്‍ക്കാനുള്ള അധികാരമേ ഉള്ളത്രേ!!!
പാപ്പാനെ വില്‍ക്കാനുള്ള അവകാശം അവന്‍റെ അച്ഛനാണ്‌ പോലും!!!
അവനെ വിശ്വാസമില്ലങ്കില്‍ ആനയെ അഴിച്ച് കൊണ്ട് പോയ്കൊള്ളാനും അവന്‍ എന്നോട് പറഞ്ഞു.
തലേന്ന് കൊണ്ട് അടിയുടെ ചൂടും, മാക്രിപിടുത്തകാര്‍ക്ക് എന്നെ കൊടുക്കും എന്ന അച്ഛന്‍റെ ഭീഷണിയും മനസ്സില്‍ ഉള്ളതിനാല്‍ വെറും മൂന്ന് രൂപയ്ക്ക് ആനയെ ശിവന്‍കുട്ടിയ്ക്ക് തന്നെ തിരിച്ച് വിറ്റിട്ട് ഞാന്‍ വീട്ടിലേക്ക് നടന്നു.
അഞ്ച് രൂപാ നഷ്ടം വന്നാലെന്താ,എന്തൊരു മനസമാധാനം!!!

കഴിഞ്ഞ വര്‍ഷത്തെ വിഷു...
കൂട്ടുകാരുമൊത്ത് ആഘോഷത്തില്‍ മുഴുകിയിരുന്ന എന്‍റെ അടുത്ത് വന്ന് പഴയ ശിവന്‍കുട്ടി ചോദിച്ചു:
"അളിയാ എന്‍റെ ലാന്‍സര്‍ കാറ്‌ വില്‍ക്കാന്‍ പോകുവാ, നിനക്ക് വേണോ?"
പണ്ടത്തെ ആനയും ചന്തിയ്ക്ക് കിട്ടിയ അടിയും ഓര്‍മ്മയുള്ള ഞാന്‍ തിരിച്ച് ചോദിച്ചു:
"ഡ്രൈവറേയും കൂടെ വില്‍ക്കാമോ?"
എന്‍റെ ചോദ്യം കേട്ടതും പണ്ട് പാപ്പാനെ വില്‍ക്കാതെ പറ്റിച്ച സാത്താന്‍, ഒന്നും മിണ്ടാതെ തിരിച്ച് പോയി.

ഇന്ന് വിഷു...
കഴിവതും ശിവന്‍കുട്ടിയെ കാണാതെ നോക്കണം.അല്ലെങ്കില്‍ അവന്‍ ചോദിക്കും,
കേരള സംസ്ഥാനം വില്‍ക്കാന്‍ പോകുകയാ വേണോ എന്ന്?
മുഖ്യമന്ത്രിയേ കൂടെ വില്‍ക്കുമോ എന്ന് എനിക്ക് ചോദിക്കാന്‍ പറ്റത്തില്ലല്ലോ?

മാളികപ്പുറം എല്‍.പി.സ്ക്കൂള്‍



ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്‍പത്, ജനുവരി പന്ത്രണ്ടിനു, ഉച്ചക്ക് കൃത്യം രണ്ട് മുപ്പതിനു, മിത്രന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍, ശങ്കരപ്പണിക്കര്‍ കല്ലിട്ടു.രാജപ്പന്‍ മേശരി, സോമന്‍ ആശാരി, മൈക്കാട്‌കാരായ ദാസപ്പന്‍, കോലപ്പന്‍, പിന്നെ അസംഖ്യം തൊഴിലാളികളും ചോര നീരാക്കിയപ്പോള്‍ അത് സംഭവിച്ചു..
മാളികപ്പുറം കവലയില്‍ ഒരു എല്‍.പി സ്ക്കൂള്‍ സ്ഥാപിതമായി!!
പിഞ്ച് കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിക്കാന്‍, വരും തലമുറയെ വാര്‍ത്തെടുക്കാന്‍, മാളികപ്പുറം നിവാസികള്‍ക്ക് സ്വന്തമായി ഒരു സ്ക്കൂള്‍, മാളികപ്പുറം എല്‍.പി സ്ക്കൂള്‍.

ആ സ്ക്കൂളിലെ പ്രഥമ അധ്യാപിക ആകാന്‍ ഭാഗ്യം സിദ്ധിച്ചത് എന്‍റെ അമ്മക്കായിരുന്നു.അമ്മ ജോയിന്‍ ചെയ്ത് രണ്ട് മിനിറ്റ് കഴിഞ്ഞാണ്‌ അടുത്ത അധ്യാപിക ജോയിന്‍ ചെയ്തത് എന്നത് ഇന്നും ഒരു മഹാഭാഗ്യമായി ഞങ്ങള്‍ കരുതുന്നു.അങ്ങനെ ആയിരത്തി തൊള്ളായിരത്തി എണ്‍പതില്‍, മൂന്ന് അധ്യാപകരും മുപ്പത് കുട്ടികളുമായി, മാളികപ്പുറം കവലയെ കോരിത്തരിപ്പിച്ച് കൊണ്ട് എല്‍.പി സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു..

ഒന്നാം പ്രവൃത്തി ദിവസം..
കൂടി നില്‍ക്കുന്ന നാട്ടുകാരെ സാക്ഷിയാക്കി അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരേ സ്വരത്തില്‍ വിളിച്ച് കൂവി..

"തറ, തറ, തറ, തറ...
പന, പന, പന, പന...."

ആദ്യമായി സ്ക്കൂളിന്‍റെ പ്രവര്‍ത്തനം കാണാന്‍ നിന്ന നാട്ടുകാര്‍ അമ്പരന്ന് ചോദിച്ചു:
"എന്തോന്നാ ടീച്ചറേ ഇത്?"
"പഠിപ്പിക്കുവാ"
"ഇതൊക്കെയാണോ പഠിപ്പിക്കുന്നത്?"
"അതേ, ഇതാണ്‌ സിലബസ്സ്"
ങ്ങേ!!!
എല്ലാവര്‍ക്കും അമ്പരപ്പ്.
ഇതാണോ സിലബസ്സ്??
ആറ്റുനോറ്റുണ്ടായ സ്ക്കൂളില്‍ വലത് കാല്‌ വച്ച കുട്ടിക്ക് ചൊല്ലി കൊടുത്തത് കേട്ടില്ലേ??
ഇത് കേട്ട് പഠിക്കുന്ന കുട്ടികളുടെ അവസ്ഥ....???
മാതാപിതാക്കന്‍മാരുടെ ഈ സംശയത്തിനു മറുപടി എന്ന പോലെ സിലബസിലെ പാഠങ്ങള്‍ അവിടെ മറ്റൊലി കൊണ്ടു...

തറ, തറ, തറ, തറ...!!!!

ഇത് സ്ക്കൂളിലെ കഥ.ഇനി എന്‍റെ വീട്ടിലെ കാര്യം പറയുകയാണെങ്കില്‍ സ്കുള്‍ ജനിച്ച അതേ ആയിരത്തി തൊള്ളായിരത്തി എണ്‍പതില്‍ അമ്മയുടെ സന്താനമായി ഞാന്‍ അവതരിച്ചു.ഈ വിവരം നാട്ടില്‍ പാട്ടായി, പണിക്കത്തി തള്ള പറഞ്ഞ് പാറുവമ്മ അറിഞ്ഞു.അവരുടെ മകന്‍ ഈ ശുഭവാര്‍ത്ത മാളികപ്പുറത്തെ ആസ്ഥാന ചായക്കടകാരനായ പീതാംബരനെ അറിയിച്ചു.കേട്ടപാതി പീതാംബരേട്ടന്‍ സ്ക്കൂളിലേക്ക് ഓടി...
ഓടിവരുന്ന പീതാംബരനെ എതിരേറ്റത് കഞ്ഞി വയ്ക്കുന്ന മീനാക്ഷിയമ്മ ആയിരുന്നു.

"എന്താ പീതാംബരാ?"
"മ്മടെ സാവത്രി ടീച്ചര്‍..."
"അയ്യോ, ടീച്ചര്‍ ഇവിടെ ഇല്ലല്ലോ പീതാംബരാ, ആശുപത്രിയിലാ"
"അതല്ല, ടീച്ചര്‍ക്ക് ഒരു കുട്ടി ജനിച്ചു"
"ആണോ, ടീച്ചറ്‌ വരുമ്പോള്‍ ഞാന്‍ പറയാം"
ങ്ങേ!!!!

സാവത്രി ടീച്ചര്‍ പ്രസവിച്ച കാര്യം, സാവത്രി ടീച്ചറിനെ കാണുമ്പോള്‍ മീനാക്ഷിയമ്മ പറയുമോ എന്ന് ആലോചിച്ച് അമ്പരന്ന് നിന്ന പീതാംബരനെ വകഞ്ഞ് മാറ്റി, അവര്‍ കഞ്ഞിക്കുള്ള അരിയിട്ടു.എന്നാല്‍ മീനാക്ഷിയമ്മ ഉദ്ദേശിച്ച ടീച്ചര്‍ ഭാനുമതി ടീച്ചര്‍ ആയിരുന്നു..
മാളികപ്പുറത്തെ രണ്ടാമത്തെ ടീച്ചര്‍.

വിവരം അറിഞ്ഞപ്പോള്‍ ഭാനുമതി ടീച്ചര്‍ ചോദിച്ചു:
"എന്ത് കുട്ടിയാ?"
ആ ചോദ്യം ഒരു മരീചിക ആയിരുന്നു.
ഉത്തരം മീനാക്ഷിയമ്മക്ക് അറിയത്തില്ലായിരുന്നു, അവര്‍ പീതാംബരനോട് വിളിച്ച് ചോദിച്ചു:
"ടീച്ചറിനു എന്ത് കുട്ടിയാ?"
പീതാംബരന്‍ കൈ മലര്‍ത്തി, എന്നാല്‍ ഒന്നാം ക്ലാസില്‍ കുട്ടികള്‍ അപ്പോഴും വിളിച്ച് കൂവുന്നുണ്ടായിരുന്നു..

തറ, തറ, തറ, തറ...!!!!

സത്യം.
അത് ഞാനായിരുന്നു...
ഈ മനുവായിരുന്നു...
വെറും തറയായിരുന്നു.

സെന്‍റ്‌മേരീസ് ഗേള്‍സ് ഹൈസ്ക്കൂള്‍..
കായംകുളത്തിന്‍റെ മധ്യഭാഗത്ത് നില കൊള്ളുന്ന പച്ച പരിഷ്ക്കാരി സ്ക്കൂള്‍.യൂണീഫോമിന്‍റെ നിറം നീലയും വെള്ളയും.അത് തന്നെയാണ്‌ സ്ക്കൂളിന്‍റെ കളറും.പേര്‌ സൂചിപ്പിക്കുന്ന പോലെ തന്നെ പെണ്‍കുട്ടികളാണ്‌ ഈ സ്ക്കൂളിന്‍റെ മുഖമുദ്ര.എല്‍.കെ.ജി(-1), യൂ.കെ.ജി(0), പിന്നെ ഒന്ന് മുതല്‍ പത്ത് വരെ, ഇന്ന് ഇപ്പോള്‍ പന്ത്രണ്ട് വരെയും, നാട്ടിലെ പേരു കേട്ട വീട്ടിലെ നാരികള്‍ പഠിക്കുന്നത് ഇവിടെയാണ്, അന്നും ഇന്നും.
എന്‍റെ വിദ്യാഭ്യാസം തുടങ്ങിയത് ഈ സ്ക്കൂളിലായിരുന്നു!!!!
ഞാന്‍ ആണ്‍കുട്ടിയല്ലേ??
നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ഇന്നുണ്ടായ ഈ സംശയം എനിക്ക് അന്നുണ്ടായി.നാലാം ക്ലാസ്സ് വരെ ആണ്‍കുട്ടികള്‍ക്കും അഡ്മിഷന്‍ ഉള്ള ആ സ്ക്കൂളില്‍ ചേര്‍ത്തപ്പോള്‍ നാട്ടിലെ കൂട്ടുകാര്‍ എന്നോട് ചോദിച്ചു:
"നീ ആണോ പെണ്ണോ?"
അറിയാവുന്ന രീതിയില്‍ മറുപടി നല്‍കി:
"നാലാം ക്ലാസ്സ് വരെ പെണ്ണ്, അത് കഴിഞ്ഞ് ആണ്"
അത് അവര്‍ക്കൊരു പുതിയ അറിവായിരുന്നു.

ഇനി എന്‍റെ വിദ്യാഭ്യാസം..
എബിസിഡി..., വണ്‍ടൂത്രീ... ഇങ്ങനെ മാളികപ്പുറം സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കാത്ത പലതും ഞാന്‍ സെന്‍റ്‌മേരീസീന്ന് പഠിച്ചു.അമ്മയോടൊപ്പം മാളികപ്പുറത്ത് എത്തിയ ഒരു ദിവസം എബിസിഡി ഇരുപത്തിയാറ്‌ അക്ഷരം ചൊല്ലി കേള്‍പ്പിച്ച് ഞാനൊരു ഹീറോ ആയി.അന്ന് തന്നെ മലയാളത്തിലെ അമ്പത്തിയൊന്ന് അക്ഷരം ചൊല്ലി കേള്‍പ്പിച്ച് അവരെന്നെ സീറോ ആക്കി.അതില്‍ പിന്നെ ഞാന്‍ ആ സ്ക്കൂളില്‍ പോകാറില്ലായിരുന്നു....
ഇരുപത്തിയാറിനെക്കാള്‍ വലുതാണ്‌ അമ്പത്തിയൊന്ന് എന്ന തിരിച്ചറിവ്..
അതെനിക്ക് താങ്ങാന്‍ പറ്റണതല്ല, സത്യം!!

വര്‍ഷങ്ങള്‍ കഴിഞ്ഞു..
കഴിഞ്ഞ മാര്‍ച്ചില്‍ ഞാന്‍ വീണ്ടും ആ സ്ക്കൂളിലെത്തി.അതിനൊരു കാരണമുണ്ടയിരുന്നു, നീണ്ട മുപ്പത് വര്‍ഷത്തെ സര്‍വ്വീസിനു ശേഷം അന്നായിരുന്നു അമ്മ പെന്‍ഷന്‍ ആകുന്നത്.മാളികപ്പുറത്തെ സ്നേഹസമ്പന്നരെല്ലാം കൂടി ഊഷ്മളമായ യാത്ര അയപ്പ് ചടങ്ങാണ്‌ അമ്മക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.അന്ന് വൈകുന്നേരം ആ ചടങ്ങിനു ഞാനും സഹധര്‍മ്മിണി ഗായത്രിയും മാളികപ്പുറത്തെത്തി.

"അമ്മ ഇവിടെ ഫെയ്മസാ അല്ലേ?" ഗായത്രി.
"പിന്നെ, എത്ര നാളായി പഠിപ്പിക്കുന്നു.ഇവിടുത്തെ ഒരു വിധപ്പെട്ട ചെറുപ്പക്കാര്‍ ഒക്കെ ഈ സ്ക്കൂളില്‍ പഠിച്ചവരാ" എന്‍റെ മറുപടി.
ഗായത്രിയുടെ കണ്ണുകളില്‍ അമ്മായിഅമ്മയെ കുറിച്ച് ഓര്‍ത്ത് അഭിമാനം.
ചടങ്ങ് തുടങ്ങി..

പി.ടി.എ പ്രസിഡന്‍റിന്‍റെ സ്വാഗത പ്രസംഗം.
സാവിത്രി ടീച്ചര്‍ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും.താന്‍ ഇന്നൊരു നിലയിലാകാന്‍ കാരണം ആ വിദ്യാഭ്യാസ കാലമാണെന്നും അദ്ദേഹം വിനയത്തോടെ ഉണര്‍ത്തിച്ചു.ആ പ്രസംഗം കേട്ടപ്പോള്‍ അമ്മയുടെ സ്ക്കൂളില്‍ പഠിക്കാതിരുന്നതില്‍ എനിക്ക് വിഷമം തോന്നി.
"അദ്ദേഹം സര്‍ക്കാരുദ്യോഗസ്ഥനാണോ?"
ഗായത്രിയുടെ ചോദ്യം പി.ടി.എ പ്രസിഡന്‍റിനെ കുറിച്ചാണ്.
"അല്ലെന്നാ തോന്നുന്നത്"
"പിന്നെ ഗള്‍ഫ്കാരനാണോ?"
നാശം, ഞാന്‍ എങ്ങനെ അറിയാനാ??
അടുത്ത് നിന്ന ചേട്ടനോട് പതിയെ തിരക്കി:
"ആരാ അത്?"
"അറിയില്ലേ, അതാണ്‌ പനങ്കള്ള്‌ ചെത്തുന്ന വാസു"
ആ മറുപടി കേട്ടതും ഗായത്രി എന്നെ ഒരു നോട്ടം നോക്കി.തുടര്‍ന്ന് അവള്‍ ചോദിച്ചത് ഞാന്‍ കേട്ടില്ല, എന്‍റെ ചെവിയില്‍ മുഴങ്ങിയത് ഒന്നാംക്ലാസിലെ സിലബസ്സായിരുന്നു...

തറ, തറ, തറ, തറ...
പന, പന, പന, പന....

തുടര്‍ന്ന് വേറൊരു രക്ഷകര്‍ത്താവ്, അദ്ദേഹം കവിയാണെന്നാണ്‌ പരിചയപ്പെടുത്തിയത് (ബ്ലോഗിലെ കവി ആണോന്ന് അറിയില്ല).അദ്ദേഹത്തിന്‍റെ വക ഒരു കുഞ്ഞ് കവിത..

"സാവത്രി ടീച്ചര്‍ പോകുന്നു
പോകുന്നു പോകുന്നു
ഭാനുമതി ടീച്ചര്‍ വരുന്നു
വരുന്നു വരുന്നു"

സദസ്സില്‍ ഗംഭീര കൈയ്യടി!!!
ഞാനും കൈയ്യടിച്ചു.
ഇതിനെക്കാള്‍ വൃത്തികെട്ട സാധനത്തിനു കൈയ്യടിച്ചിട്ടുണ്ട്, പിന്നാ ഇത്!!

തുടര്‍ന്ന് ഭാനുമതി ടീച്ചറിന്‍റെ നേതൃത്വത്തില്‍ അമ്മക്ക് അവര്‍ ഒരു നിലവിളക്ക് സമ്മാനമായി നല്‍കി.തലഭാഗത്ത് മയിലിന്‍റെ രൂപമുള്ള ആ വിളക്ക് കണ്ടപ്പോള്‍ ഗായത്രി അത്ഭുതപ്പെട്ടു:
"അയ്യോ, കല്യാണത്തിനു ദേവി എനിക്ക് സമ്മാനിച്ചതും ഇതേ പോലൊരു വിളക്കായിരുന്നു"
ഞാന്‍ ഒന്നും മിണ്ടിയില്ല.
കാരണം അവള്‍ പറഞ്ഞത് സത്യമായിരുനു..
ഞങ്ങളുടെ കല്യാണത്തിനു ഗായത്രിയുടെ കൂട്ടുകാരി ദേവി ഇത്തരത്തിലുള്ള ഒരു നിലവിളക്ക് സമ്മാനിച്ചിരുന്നു.ഭാനുമതി ടീച്ചറിന്‍റെ പുതിയ വീടിന്‍റെ പാലുകാച്ചിനു ഞാനത് ഭംഗിയായി പൊതിഞ്ഞ് ടീച്ചറിനു സമ്മാനമായി കൊടുത്തു.ഇന്ന് ദേ ആ കാലമാട അത് എന്‍റെ അമ്മക്ക് സമ്മാനമായി നല്‍കിയിരിക്കുന്നു.....
ഭൂമി ഉരുണ്ടത് തന്നെ!!

തുടര്‍ന്ന് അമ്മയുടെ നന്ദി പ്രസംഗം..
മുപ്പത് വര്‍ഷം ജീവിതത്തോട് ചേര്‍ന്ന് നിന്ന, ജീവിതം തന്നെ മുന്നോട്ട് കൊണ്ട് പോയ ജോലി ഉപേക്ഷിക്കുന്നതിലെ വിഷമം അമ്മയുടെ വാക്കുകളില്‍ ശരിക്കും അറിയാനുണ്ട്.വിതുമ്പി വിതുമ്പി പറയുന്ന വാക്കുകളിലെ വിഷമം കേള്‍ക്കാന്‍ ശക്തിയില്ലാത്തതിനാല്‍ പതിയെ പുറത്തേക്ക് ഇറങ്ങി.സ്ക്കൂളിനു ചുറ്റും ഒരു നടത്തം.തുടര്‍ന്ന് നേരെ പീതാംബരേട്ടന്‍റെ ചായക്കടയിലേക്ക്..

ടീച്ചറിന്‍റെ മകനാണെന്ന് അറിഞ്ഞപ്പോല്‍ ഒരു സ്പെഷ്യല്‍ ചായ.ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സിമ്മിംഗ് പൂളില്‍ മുങ്ങി കുളിക്കുന്ന പോലെ, ചായയില്‍ നീന്തി തുടിക്കുന്ന ഉറുമ്പുകളെ തട്ടി തെറിപ്പിച്ച് ചുണ്ടോട് ചേര്‍ത്തപ്പോള്‍ പീതാംബരേട്ടന്‍റെ വക വിശദീകരണം:
"മോനെയും ഇവിടെ പഠിപ്പിക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം.പക്ഷേ...."
പക്ഷേ.....??
"....മോനിവിടെ പഠിച്ചാല്‍ മറ്റ് കുട്ടികളെക്കാള്‍ അധികം സ്നേഹം കിട്ടി വഷളാകുമെന്ന് കരുതി വേറെ സ്ക്കൂളില്‍ ചേര്‍ത്തതാ"
"ആര്‌ പറഞ്ഞു?"
"ടീച്ചര്‍ ഇന്നാള്‌ എന്നോട് പറഞ്ഞതാ"
ബെസ്റ്റ്!!!
എന്നെ സെന്‍റ്‌മേരീസില്‍ പഠിപ്പിച്ചതിനു അമ്മ കണ്ടെത്തിയ കാരണം കൊള്ളാം.അമ്മയെ മനസ്സ് കൊണ്ട് ഒന്ന് അഭിനന്ദിക്കണം എന്ന് തോന്നി, ആ നിമിഷം സദസ്സില്‍ കൈയ്യടി ശബ്ദം.
നന്ദി പ്രസംഗം തീര്‍ന്നിരിക്കുന്നു.

തുടര്‍ന്ന് അമ്മയെയും കൊണ്ട് വീട്ടിലേക്ക്...
കാര്‍ ഗ്രൌണ്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ആ സരസ്വതി ക്ഷേത്രത്തിന്‍റെ മുന്നില്‍ നിന്ന് ഒരു വമ്പിച്ച ജനാവലി കൈ വീശി കാണിച്ചു.അവര്‍ക്ക് തിരികെ കൈ വീശിയപ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.കാര്‍ സ്ക്കൂളിന്‍റെ ഗേറ്റിലെത്തിയപ്പോള്‍ കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് ഒരു ബാനര്‍ ഉയര്‍ത്തി കാട്ടി, അതില്‍ ഇങ്ങനെ എഴുതിയിരുന്നു..
നന്ദി ടീച്ചറേ, നന്ദി.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com