For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ഉലൂപിയുടെ പുത്രന്‍



രക്ഷപെടാനുള്ള ഓട്ടമാണ്, ഞാനും ശെല്‍വരാജും പിന്നെ ആ പെണ്‍കുട്ടിയും.പിടിക്കപ്പെടരുത്, പിടിക്കപ്പെട്ടാല്‍ എന്താവും ശിക്ഷയെന്ന് അറിയുകയുമില്ല, രക്ഷപെടണം, രക്ഷപെട്ടേ മതിയാവൂ.നൂറ്‌ വാരെ ദൂരെ കാറ്‌ കണ്ടപ്പോള്‍ സമാധാനമായി...
ഈ കുവാഗില്‍ നിന്ന്, ഇവിടെ വച്ച് അല്പം മുമ്പ് സംഭവിച്ച പ്രശ്നങ്ങളില്‍ നിന്ന്, രക്ഷപെടാന്‍ ഇനി നൂറ്‌ വാര കൂടി മാത്രം.
"വാ, ശീഘ്രം വാ"
ശെല്‍വ കാറിനരുകില്‍ എത്തിയിരിക്കുന്നു.
എന്‍റെ കൂടെ ഓടി വരുന്ന പെണ്‍കുട്ടിയെ തളര്‍ച്ച ബാധിച്ച് തുടങ്ങിയെന്നത് അവളുടെ ഓട്ടത്തില്‍ നിന്ന് വ്യക്തമാണ്..
ആരാണിവള്‍??
അറിയില്ല.
ഇന്നാണ്‌ ഇവളെ ആദ്യമായി പരിചയപ്പെടുന്നത്.പക്ഷേ ഒന്നെനിക്ക് അറിയാം, അവളുടെ പേര്...
അത് കതിര്‍വേണിയെന്നാണ്.

ഏകദേശം ആറ്‌ മാസം മുമ്പാണ്‌ കുവാഗെന്ന ഈ ഗ്രാമത്തില്‍ ഞാന്‍ ആദ്യമായി എത്തുന്നത്, അന്നും ശെല്‍വയായിരുന്നു അതിനു കാരണക്കാരന്‍.

സേലത്തിനടുത്തുള്ള വില്ലുപുരത്ത് നിന്ന് സുമാര്‍ മുപ്പത് കിലോമീറ്റര്‍ അകലെയാണ്‌ കുവാഗം.തളിര്‍ത്ത പാടങ്ങളും വിളഞ്ഞ കരിമ്പും നിറഞ്ഞ ഒരു അപരിഷ്കൃത ഗ്രാമം, അതില്‍ കൂടുതലൊന്നും അന്നെനിക്ക് തോന്നിയില്ല.ആറ്‌ മാസത്തിനു ശേഷം അതേ വീഥികളിലൂടെ ജീവന്‍ രക്ഷിക്കാനായി ഓടേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചുമില്ല.അതിനാല്‍ അന്ന് അത്ഭുതത്തോടെ ശെല്‍വയോട് ഞാന്‍ ചോദിച്ചു:
"എന്ന ശെല്‍വ, എതുക്ക് ഇങ്കെ വന്തേ?"
മറുപടി പറയാതെ ബൈക്ക് അവന്‍ നിര്‍ത്തി.തുടര്‍ന്ന് ഇടത് വശത്തേക്ക് കൈ ചൂണ്ടി അവന്‍ പറഞ്ഞു:
"ഇത് താന്‍ കുത്താണ്ടര്‍ കോവില്‍"
"അതുക്ക്?"
"കൊഞ്ചം നാളുക്കപ്പുറം ഇങ്കെ ഒരു വിശേഷമിറുക്ക്, ഉങ്കള്‍ക്ക് തേവെയാര്‍ന്ന സ്റ്റോറി അന്നേക്ക് കിടക്കും"
മലയാളം ഇടകലര്‍ന്ന തമിഴില്‍ ശെല്‍വ മറുപടി നല്‍കി.

ടെലിഫിലിമിനു കഥ അന്വേഷിച്ച് നടന്ന എനിക്ക് വ്യത്യസ്തമായ ഒരു സ്റ്റോറി ലഭിക്കുമെന്ന ശെല്‍വയുടെ വാക്കുകള്‍ സത്യമാണെന്ന് തിരിച്ച റിയാന്‍ ഇന്നത്തെ വരവ് വേണ്ടി വന്നു, പക്ഷേ ഇപ്പോള്‍ മനസില്‍ ടെലിഫിലിമില്ല, ഒരു ചിന്ത മാത്രം, രക്ഷപെടണം, എത്രയും വേഗം ഈ കുഗ്രാമത്തില്‍ നിന്ന് പുറത്ത് കടക്കണം, സ്വയം രക്ഷപെടുന്നതിനൊപ്പം കതിര്‍വേണിയെ രക്ഷിക്കുകയും വേണം...
ഒരുവിധത്തില്‍ പറഞ്ഞാല്‍ ഇപ്പോഴത്തെ ഈ ഓട്ടം ഇവള്‍ക്ക് വേണ്ടിയാണ്, ഇവള്‍ കാരണമാണ്...
ശരിക്കും ആരാണിവള്‍??
രക്ഷപെടാനുള്ള വ്യഗ്രതക്ക് ഇടക്കും എന്‍റെ മനസ്സ് എന്നോട് ചോദിക്കുന്ന ചോദ്യം.മുജ്ജ്ന്മത്തില്‍ എവിടെയെങ്കിലും ഇവളെന്‍റെ ആരെങ്കിലും ആയിരുന്നിരിക്കുമോ?
ആവോ, ആര്‍ക്കറിയാം.

ഇന്ന് ഉച്ചക്കാണ്‌ ആദ്യമായി ഞാനിവളെ കാണുന്നത്.
കുവാഗിലേക്ക് കാര്‍ ഓടിക്കുന്ന വഴി വലിയൊരു പാടം ചുറ്റിയപ്പോള്‍ ശെല്‍വ പറഞ്ഞു:
"ഇന്ത പാടം ക്രോസ്സ് ചെയ്താല്‍ ഷോര്‍ട്ട് കട്ടാ, ബട്ട് കാറില്‍ ചുറ്റിതാന്‍ പോക മുടിയും"
വിശാലമായ പാടം.
പക്ഷേ കഴിഞ്ഞ തവണത്തെ പോലെ പച്ചപ്പില്ല, കരിഞ്ഞ് ഉണങ്ങിയിരിക്കുന്നു.ആ പാടം ക്രോസ്സ് ചെയ്ത് നടന്ന് പോകുന്ന ഒരു പെണ്‍കുട്ടി, അത് ഇവളായിരുന്നു, കതിര്‍വേണി.
അവളുടെ ലക്ഷ്യവും കുത്താണ്ടര്‍ കോവിലായിരുന്നു...

ചിലയിടങ്ങളില്‍ ഇരവന്‍ എന്നറിയപ്പെടുന്ന അരവനാണ്‌ കുത്താണ്ടര്‍ കോവിലിലെ പ്രതിഷ്ഠ.കുത്താണ്ടര്‍ എന്നറിയപ്പെടുന്നതും ഇദ്ദേഹത്തെ തന്നെ...
അരവന്‍ ഉലൂപിയുടെ പുത്രനാണ്!!
പഞ്ചപാണ്ഡവരിലെ വില്ലാളിയായ അര്‍ജ്ജുനനു, നാഗറാണിയായ ഉലൂപിയില്‍ പിറന്ന പുത്രന്‍.മഹാഭാരതത്തിലെ ഒരു പ്രത്യേക സംഭവത്തിനാല്‍, ഭീമപുത്രനായ ഘഡോല്‍കചനെക്കാള്‍, ചക്രവ്യൂഹം ഭേദിച്ച അഭിമന്യുവിനെക്കാള്‍ ഒരുപിടി മുകളിലായി അരവനു നമുക്ക് സ്ഥാനം കൊടുക്കാം.
അതിനു കാരണമായ കഥക്ക് കുത്താണ്ടര്‍ കോവിലിലെ ഉത്സവവുമായി ബന്ധമുണ്ട്.അതിനാല്‍ തന്നെയാണ്‌ ഇന്ന് ഞാന്‍ കുത്താണ്ടര്‍ കോവിലിലെത്തിയത്, കാരണം ഇന്ന് ഇവിടുത്തെ ഉത്സവമാണ്...

കോവിലിനു അരകിലോമീറ്റര്‍ അകലെ കാര്‍ നിര്‍ത്തിയട്ട് ഞാനും ശെല്‍വയും നടന്നാണ്‌ കോവിലിലേക്ക് പോയത്.കഴിഞ്ഞ പ്രാവശ്യം വന്ന പോലെ ആയിരുന്നില്ല അവിടുത്തെ അവസ്ഥ.ഒരിക്കല്‍ ഓണം കേറാമൂലയെന്ന് ഞാന്‍ കരുതിയ സ്ഥലങ്ങളിലൊക്കെ വഴിവാണിഭക്കാരുടെ ഒരു സംഘം തന്നെ ഉണ്ടായിരുന്നു.പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയത് അതൊന്നുമായിരുന്നില്ല, ആ പ്രദേശത്ത് ഭൂരിഭാഗവും കാണപ്പെട്ട മനുഷ്യരായിരുന്നു...
ആണും പെണ്ണും കെട്ടവരെന്ന് നമ്മള്‍ ചിരിച്ച് തള്ളുന്ന കുറേ മനുഷ്യര്‍...
തമിഴ്നാട്ടില്‍ അറവാണികള്‍ എന്ന് അറിയപ്പെടുന്ന ഹിജഡകള്‍!!!
"എന്ന ശെല്‍വാ ഇത്?"
"ശൊല്ലലാം, നീ ഇവര്‍ക്കിട്ടെ പേശി പാറ്, ഇവര്‍ക്ക് നിറയെ സ്റ്റോറി ചൊല്ലേണ്ടിയിറിക്ക്"
ശെല്‍വ ഒരിക്കല്‍ സൂചിപ്പിച്ചത് ഇവരെ കുറിച്ചാണെന്നും, സ്റ്റോറി ലഭിക്കുന്നത് ഇവരുടെ കഥകളിലൂടെയാണെന്നും മനസിലായപ്പോള്‍ ഞാന്‍ അവരുമായി സംസാരിച്ചു.
വിവിധഭാഷക്കാരായ അവര്‍ക്ക് ഒരോരുത്തര്‍ക്കും ഒരോ കഥ പറയാനുണ്ടായിരുന്നു.എന്നാല്‍ എല്ലാ കഥകളും ചെന്നു നില്‍ക്കുന്നത് ബതായ് ആഘോഷത്തിലേക്കായിരുന്നു...
അവരുടെ വരുമാന മാര്‍ഗ്ഗമായ ബതായ് ആഘോഷത്തിലേക്ക്...
ആ ആഘോഷവേളയിലെ അവരുടെ സങ്കടങ്ങളിലേക്ക്...

"ജനിച്ച് വീഴുന്ന കുട്ടി ആണായാലും പെണ്ണായാലും എല്ലാവരും ഞങ്ങളെ വിളിക്കും, ബതായി ആഘോഷത്തിനു...."
ഒരു നിമിഷം നിര്‍ത്തിയട്ട് സങ്കടത്തോടെ അവരിലൊരുവള്‍ പറഞ്ഞു:
"അങ്ങനെ ആഘോഷിച്ചില്ലെങ്കില്‍ ആ കുട്ടികളും ഞങ്ങളെ പോലെ ഹിജഡകളായി പോകുമെന്നാ രക്ഷിതാക്കളുടെ പേടി"
അവരിങ്ങനെ പറഞ്ഞപ്പോള്‍ ചുറ്റും കൂടി നില്‍ക്കുന്നവര്‍ക്ക് മിണ്ടാട്ടമില്ല, എല്ലാവരുടെയും മനസ്സ് ബതായ് ആഘോഷത്തിലാണെന്ന് തോന്നുന്നു.സ്വപ്നത്തില്‍ നിന്ന് തിരികെ വന്നപ്പോള്‍ ഒരോരുത്തരും ഒരോ കഥ പറഞ്ഞു, അവരുടെ ജീവിതത്തിന്‍റെ കഥ.അതില്‍ നിന്ന് പൊതുവായി എനിക്ക് ഒന്ന് മനസിലായി...
ആദ്യമൊക്കെ സ്ത്രീയുടെ മനസ്സും ആണിന്‍റെ ശരീരവുമായിരുന്നു പലര്‍ക്കും.പിന്നെ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയും ക്രിതൃമമായ സിലിക്കോണ്‍ സ്തനങ്ങള്‍ വച്ച് പിടിപ്പിച്ചും പലരും സ്ത്രീയാവാന്‍ ശ്രമിച്ചു.പക്ഷേ സ്ത്രീത്വത്തിന്‍റെ പൂര്‍ണ്ണതയായ മാതൃത്വം അവകാശപ്പെടാന്‍ അവര്‍ക്ക് ആകുമായിരുന്നില്ല.
"ബതായി ആഘോഷവേളയില്‍ ഒരോ കുഞ്ഞുങ്ങളെ താലോലിക്കുമ്പോഴും അറിയാതെ കരച്ചില്‍ വരും സാറേ"
അത്രയും പറഞ്ഞപ്പോഴേക്കും അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.മാതൃത്വം നിഷേധിക്കപ്പെട്ട സ്ത്രീയുടെ വേദന അന്നാദ്യമായി ഞാന്‍ കണ്ടു.

മാതൃത്വം മാത്രമായിരുന്നില്ല, മംഗല്യവും അവര്‍ക്ക് പ്രശ്നമായിരുന്നു.അതിനെ പറ്റിയും അവര്‍ പറഞ്ഞത് ബതായ് ആഘോഷങ്ങളെ കൂട്ടുപിടിച്ചായിരുന്നു...
"കുട്ടികള്‍ ജനിക്കുമ്പോ മാത്രമല്ല, ഗൃഹപ്രവേശത്തിനും, കല്യാണവേളയിലും എല്ലാവര്‍ക്കും ഞങ്ങളെ വേണം.എന്‍റെ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ വിവാഹവേഷത്തിലിരിക്കുമ്പോള്‍ ചെറിയ സങ്കടമൊക്കെ തോന്നാറുണ്ട്"
ഒരുത്തിയുടെ സാക്ഷ്യം.
കഥകള്‍ പുതിയ മേച്ചില്‍ പുറം തേടുന്ന കണ്ടിട്ടോ അതോ കഥ പറയുന്നവരുടെ കണ്ണുകള്‍ ഈറനണിയുന്ന കണ്ടിട്ടോ, എന്താണെന്ന് അറിയില്ല ഒരുവള്‍ ഉപസംഹാരമെന്നോണം പറഞ്ഞു:
"എല്ലാ സങ്കടങ്ങളും ഞങ്ങള്‍ മറക്കുന്നത് ഈയൊരു ദിവസത്തിന്‍റെ ഓര്‍മ്മയിലാണ്.കാരണം ഇന്ന് ഞങ്ങളുടെ വിവാഹമാണ്, ഞങ്ങള്‍ക്കെല്ലാം ഈയൊരു ദിവസം വധുവിന്‍റെ റോളാണ്, നാളെ വിധവയുടെയും"
അവരത് പറഞ്ഞപ്പോള്‍ ശെല്‍വ എന്‍റെ കാതില്‍ മന്ത്രിച്ചു:
"ഇന്നേക്ക് മാംഗല്യം, നാളേക്ക് വൈധവ്യം.അത് താന്‍ ഞാന്‍ ചൊന്ന സ്റ്റോറി"
അത് കേട്ട് അത്ഭുതപ്പെട്ട് നിന്ന എന്നോട് അതിനു കാരണമായ കഥ അവര്‍ പറഞ്ഞു, അത് കുത്താണ്ടര്‍ കോവിലിന്‍റെ കഥയായിരുന്നു...

"കടവുളെ, കാറ്‌ക്ക് എന്നാച്ച്?"
ശെല്‍വയുടെ സ്വരമാണ്‌ എന്ന് ചിന്തകളില്‍ നിന്ന് ഉണര്‍ത്തിയത്.ഓടി വന്നതും കാറില്‍ കയറിയതുമെല്ലാം യാന്ത്രികമായിരുന്നു.എന്നാല്‍ ശെല്‍വ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചിട്ട് കാര്‍ സ്റ്റാര്‍ട്ടാവുന്നില്ല.
"എന്നടാ?"
"തെരിയാത്" ശെല്‍വയുടെ മുഖത്ത് പരിഭ്രമം.
ദൂരെ നിന്ന് ആരൊക്കെയോ ഓടിവരുന്ന ശബ്ദം.അത് അവരാണ്‌, ഈ ഗ്രാമവാസികള്‍....
"കാര്‍ സ്റ്റാര്‍ട്ട് ആവതുക്ക് ഞാന്‍ ട്രൈ പണ്ണലാം, നീ ഇന്ത പൊണ്ണുമായി പോ"
ശെല്‍വയുടെ ഉപദേശം.
ആലോചിച്ച് നില്‍ക്കാന്‍ നേരമില്ല, കതിര്‍വേണിയെ രക്ഷിക്കണം.അവളുടെ കൈ പിടിച്ച് വിശാലമായ പാടത്തിനു നേര്‍ക്ക് ഞാന്‍ ഓടി, ഉലൂപിയുടെ പുത്രനായ അരവന്‍ രക്ഷിക്കുമെന്ന പ്രതീക്ഷയില്‍...

മഹാഭാരത യുദ്ധത്തിന്‍റെ പതിനെട്ടാം നാള്‍.
പാണ്ഡവര്‍ വിജയിക്കണമെന്നാല്‍ പാണ്ഡവപക്ഷത്ത് നിന്ന് ഒരാളെ കാളിദേവിക്ക് ബലി നല്‍കിയേ മതിയാവൂ.പക്ഷേ ആര്‌ സ്വയം ബലിയാടാവാന്‍ തയ്യാറാവും?
ഇവിടെയാണ്‌ അരവന്‍റെ പ്രസക്തി!!
അദ്ദേഹം അതിനു തയ്യാറായി, അതോടൊപ്പം അന്ത്യാഭിലാക്ഷമായി കൃഷ്ണഭഗവാനോട് ഒരു കാര്യം ആവശ്യപ്പെടുകയും ചെയ്തു...
ബലിക്ക് മുമ്പ് ഒരുനാള്‍ എങ്കിലും വിവാഹിതനായി ജീവിക്കണം.എന്നാല്‍ ഒരുനാള്‍ നീണ്ടുനില്‍ക്കുന്ന ദാമ്പത്യവും അതിനു ശേഷത്തെ വൈധവ്യവും ഏറ്റുവാങ്ങാന്‍ ഒരു സ്ത്രീയും തയ്യാറായില്ല.ഒടുവില്‍ കൃഷ്ണന്‍ മോഹിനി വേഷത്തില്‍ അരവന്‍റെ ഭാര്യയായി.

കുത്താണ്ടര്‍ കോവിലിലെ ഉത്സവത്തിനും ഈ കഥയുടെ പിന്‍ബലമാണുള്ളത്.ഒരു നാളത്തെയെങ്കില്‍ ഒരു നാളത്തെ ദാമ്പത്യം, ഈ ഒരു ലക്ഷ്യം മുന്നില്‍ കണ്ടാണ്‌ ഹിജഡകള്‍ അന്നേ ദിവസം ഉത്സവാഘോഷത്തോടെ അവിടെ എത്തുന്നത്....
തുടര്‍ന്ന് സന്ധ്യയാകുന്നതോടെ കുപ്പിവള കിലുക്കങ്ങള്‍ മുഴങ്ങുകയായി..
വഴിവാണിഭക്കാരുടെ കൂട്ടത്തില്‍ നിന്നും കുപ്പിവളകള്‍ വാങ്ങുന്ന കൂട്ടത്തില്‍ ഒരു ഹിജഡ ആരോടോ ചോദിക്കുന്നത് കേട്ടു:
"ആരമ്മാ നീ?"
"കതിര്‍വേണി" ഒരു കളമൊഴി.
തിരിഞ്ഞ് നോക്കിയപ്പോള്‍ ഉച്ചക്ക് പാടത്ത് കൂടി നടന്ന് പോയ അതേ പെണ്‍കുട്ടി.കുവാഗില്‍ നടക്കുന്ന ഒരോ ചടങ്ങും അവള്‍ കൌതുകത്തോടെ നോക്കുന്നു..

കുത്താണ്ടര്‍ കോവിലിനുള്ളില്‍ മഞ്ഞളിന്‍റെയും കര്‍പ്പൂരത്തിന്‍റെയും ഗന്ധം മാത്രം.ശില്പഭംഗിയില്ലാത്ത കോവിലില്‍ കുറച്ച് ആള്‍ക്കാര്‍ക്ക് മാതമേ ഒരേ സമയം നില്‍ക്കുവാന്‍ സാധിക്കുകയുള്ളു.അവിടെ വച്ച് കൃഷ്ണന്‍റെ മോഹിനി വേഷത്തെ അരവാന്‍ താലി കെട്ടിയ സങ്കല്‍പ്പത്തില്‍ മംഗല്യ സ്വപ്നവുമായി വന്ന ഹിജഡകള്‍ സുമംഗലിമാരാവുന്നു.അങ്ങനെ അവര്‍ അരവാന്‍ ഭാര്യമാരായി, അഥവാ അറവാണികളായി.

ഇനി മണിയറ പൂകുന്ന തിരക്കാണ്..
ഇഷ്ടപ്പെട്ട പുരുഷന്‍മാര്‍ക്കൊപ്പം കരിഞ്ഞുണങ്ങിയ വയലുകളിലേക്ക് ഒരോരുത്തരായി നീങ്ങി...
അതാണവരുടെ മണിയറ!!
ഇനി വയല്‍പ്പാടങ്ങളില്‍ നിന്ന് ഉയരുന്നത് സീല്‍ക്കാര സ്വരങ്ങളാകാം, നെടുവീര്‍പ്പുകളാവാം.എന്തായാലും നാളെ നേരം വെളുക്കുമ്പോള്‍ ഈ ഉത്സവം അവസാനിക്കും, അതോടൊപ്പം ഇവരുടെ ദാമ്പത്യവും.മോഹിനിക്ക് അരവാന്‍ നഷ്ടപ്പെട്ട പോലെ കൂടെ കിടന്ന പുരുഷന്‍മാര്‍ ഇവരെ ഉപേക്ഷിച്ച് യാത്രയാവും.അതോടെ വൈധവ്യ ദുഃഖത്തിലെ കൂട്ടകരച്ചില്‍ അവിടെ മുഴങ്ങും.ഒരു രാത്രി കൊണ്ട് വിധവകള്‍ ആകേണ്ടി വരുന്ന ഒരു കൂട്ടം സ്ത്രീകളുടെ വിലാപം അവിടെ അലയടിക്കും.
"പോലാമാ?" ശെല്‍വയുടെ ശബ്ദം.
ശരിയെന്ന അര്‍ത്ഥത്തില്‍ ഞാന്‍ തല കുലുക്കി.
കുത്താണ്ടര്‍ കോവില്‍ പരിസരത്ത് നിന്ന് ഞങ്ങള്‍ പുറത്തേക്ക് നടന്നു...

പെട്ടന്നാണ്‌ സ്ഥിതിഗതികള്‍ ആകെ മാറിയത്.
വയലിനു ഇടയില്‍ എവിടെ നിന്നോ ഒരു പെണ്‍കുട്ടിയുടെ വിലാപം.ഓടി ചെന്നപ്പോള്‍ ഒരു പെണ്‍കുട്ടിയെ ഒരുവന്‍ ബലമായി പ്രാപിക്കാന്‍ ശ്രമിക്കുന്ന കാഴ്ച.നിലാവെളിച്ചത്തില്‍ അത് കതിര്‍വേണിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഒന്നും ആലോചിച്ചില്ല, മുന്നില്‍ കണ്ട കല്ലെടുത്ത് അവന്‍റെ തലയില്‍ ആഞ്ഞടിച്ചു.
ഒരു നിമിഷം...
അവന്‍റെ ആര്‍ത്തനാദം അവിടെയെങ്ങും മുഴങ്ങി.
കരിക്ക് വെട്ടുമ്പോള്‍ വെള്ളം ചീറ്റുന്ന പോലെയാണ്‌ രക്തം ചീറ്റിയത്.അലര്‍ച്ച കേട്ട് അവന്‍റെ ആളുകള്‍ ഓടി വരുന്നത് കണ്ട് ഞാന്‍ കതിര്‍ വേണിയുടെ കൈയ്യും പിടിച്ച് ഓടി, കൂടെ ശെല്‍വയും.

ആ ഓട്ടമാണിപ്പോള്‍ പാടത്തിനു നടുവിലൂടെ ഓടുന്നത്.ദൂരെ നിന്ന് ഒരു കാറിന്‍റെ വെളിച്ചം.ദൈവം തുണച്ചു, അത് പാടം ചുറ്റി വരുന്ന ശെല്‍വയുടെ കാറ്‌ തന്നെ.ഓടി കാറില്‍ കയറിയപ്പോഴാണ്‌ ശ്വാസം നേരെ വീണത്.കുവാഗില്‍ നിന്ന് അകലെയായെന്ന് ബോധ്യമായപ്പോള്‍ കതിര്‍വേണിയോട് ചോദിച്ചു:
"ശരിക്കും നീ ആരാണ്?"
കൈയ്യിലിരുന്ന് പേഴ്സ് മുറുകെ പിടിച്ച് അവള്‍ പറഞ്ഞു:
"പണ്ട് കതിരേശന്‍, ഇന്ന് കതിര്‍വേണി"
ആണില്‍ നിന്ന് പെണ്ണിലേക്ക് രൂപം മാറിയവള്‍...
ഹിജഡ!!!
ശെല്‍വ അറിയാതെ കാറിന്‍റെ ബ്രേക്കില്‍ ആഞ്ഞ് ചവുട്ടി.

ഒരു നാളത്തെ ദാമ്പത്യം ആഗ്രഹിച്ചു വന്ന അറവാണികളില്‍ ഒരുവളാണ്‌ കൂടെയുള്ളത്, അല്ലാതെ ഞങ്ങള്‍ കരുതിയ പോലെ ഇവള്‍ പെണ്ണായി ജനിച്ചവളല്ല.
പിന്നെന്തിനാണ്‌ ഇവള്‍ കരഞ്ഞത്?
രക്ഷിക്കണമെന്ന് അലറിയത്?
ഞങ്ങളുടെ സംശയത്തിനവള്‍ ഇങ്ങനെ മറുപടി നല്‍കി:
"കുത്താണ്ടര്‍ കോവിലില്‍ വന്നാല്‍ എന്നെ പോലുള്ളവര്‍ക്ക് മംഗല്യം നടക്കുമെന്നറിഞ്ഞാണ്‌ ഞാന്‍ വന്നത്.പക്ഷേ...."
പക്ഷേ??
"അരവന്‍റെ ഭാര്യയെന്ന പേരില്‍ ഒരുനാളത്തെ ദാമ്പത്യത്തിനു ഒടുവില്‍ വീണ്ടും തെരുവിലേക്ക്.എനിക്കത് വേണ്ടാ, എനിക്ക് ജീവിക്കണം, ഒരു ഭാര്യയായി, കുടുംബിനിയായി..."
മഹാഭാരതത്തില്‍ അരവന്‍റെ ഭാര്യയാവാന്‍ വിസമ്മതിച്ച സ്ത്രീകളുടെ ആഗ്രഹവും ഇതു തന്നെ ആയിരുന്നില്ലേ?
ഒരു ഭാര്യയായി, ഒരു കുടുംബിനിയായി ദീര്‍ഘകാലം ജിവിക്കാനുള്ള ആഗ്രഹം!!
ഇവിടെ ഞാന്‍ ആകെ കണ്ട വ്യത്യാസം കൂടുംബിനിയായും ഭാര്യയായും കരുതുന്നതിനു മുമ്പേ ഒരു സ്ത്രീയായി അംഗീകരിക്കപ്പെടണമെന്ന ആഗ്രഹവും ഇവളിലുണ്ട്.മാതൃത്വം നിഷേധിക്കപ്പെട്ടെങ്കിലും സ്ത്രീത്വത്തെ അംഗികരിക്കണമെന്ന അഭ്യര്‍ത്ഥന മാത്രം.

ഞങ്ങള്‍ക്ക് കൂടുതലായി ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല, ഒന്നും അറിയണമെന്നും ഉണ്ടായിരുന്നില്ല, എങ്കിലും അവള്‍ തന്‍റെ ജീവിതം വിവരിച്ചു....
പാലക്കാട്ടാണവളുടെ അച്ഛന്‍റെ തറവാട്, അമ്മയുടെ കുടുംബം കോയമ്പത്തൂരും.പ്രസവത്തോടെ അമ്മ മരിച്ചു, ആണും പെണ്ണുമല്ലെന്ന് അറിഞ്ഞതോടെ അവഹേളനങ്ങള്‍ മാത്രം ബാക്കിയായി.ഒടുവില്‍ ഉപേക്ഷിക്കാതെ കൂടെ നിന്നവരുടെ സഹായത്തോടെ ആണിന്‍റെ ശരീരം ഉപേക്ഷിച്ച് പെണ്ണിലേക്ക് ഒരു കൂടുമാറ്റം.അപ്പോഴും പെണ്ണായിട്ട് അംഗീകരിക്കാന്‍ സമൂഹം തയ്യാറാവാത്തതിനാല്‍ കോയമ്പത്തൂരുള്ള മുത്തച്ഛന്‍റെ അടുത്തേക്ക് താമസം മാറ്റി.കഥകള്‍ അവിടെയും വ്യാപിച്ചപ്പോള്‍ ആ നാട്ടുകാരും അവളെ പെണ്ണന്ന് അംഗീകരിക്കാന്‍ വിസമ്മതിച്ചു.കല്യാണവും കുടുംബവുമെല്ലാം സ്വപ്നം മാത്രമാണെന്ന് കരുതവെയാണ്‌ കുത്താണ്ടര്‍ കോവിലിലെ ഉത്സവത്തെ കുറിച്ച് കേട്ടത്.അറവാണികള്‍ക്ക് ഇവിടെ മംഗല്യഭാഗ്യമുണ്ടാവുമെന്ന അറിവിലാണ്‌ അവളിവിടെ വന്നത്.കോവിലില്‍ എത്തിയപ്പോഴാണ്‌ അത് ഒരുനാള്‍ മംഗല്യമാണെന്ന് അറിഞ്ഞത്.അപ്പോഴേക്കും നേരം ഇരുട്ടി, പുലര്‍ച്ചെ തിരികെ വീട്ടിലേക്ക് പോകാമെന്ന് കരുതവെയാണ്‌ ഒരുവന്‍ അവളെ ആക്രമിക്കാന്‍ ശ്രമിച്ചത്.ആ രക്ഷക്കായുള്ള ഓട്ടമാണ്‌ ഇപ്പോള്‍ കാറില്‍ ഞങ്ങളുടെ സഹയാത്രികയായി അവളെ മാറ്റിയത്.
കഥകള്‍ കേള്‍ക്കവേ ശെല്‍വ കാറിന്‍റെ സ്പീഡ് വര്‍ദ്ധിപ്പിച്ചു....

കോയമ്പത്തൂരില്‍ വച്ച് കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു:
"എപ്പടി നന്ദി സൊല്ലണമെന്ന് തെരിയാത്"
ഒന്നും പറയാതെ ഒന്ന് ചിരിച്ച് കാട്ടിയട്ട് ഞങ്ങള്‍ വണ്ടി മുന്നോട്ടെടുത്തു.കാറിന്‍റെ കണ്ണാടിയിലൂടെ അകന്ന് പോകുന്ന ഞങ്ങളെ നോക്കുന്ന അവളെ ഞാന്‍ ഒരിക്കല്‍ കൂടി കണ്ടു, അപ്പോള്‍ അവള്‍ കാഴ്ചകള്‍ മറക്കുന്ന കണ്ണുനീരിനെ തുടക്കുകയായിരുന്നു.
പാലക്കാട്ട് എത്തുന്ന വരെ ഞാനോ ശെല്‍വയോ പരസ്പരം ഒന്നും സംസാരിച്ചില്ല.പാലക്കാട്ട് കാറില്‍ നിന്ന് ഇറങ്ങിയപ്പോഴാണ്‌ ഞാനത് കണ്ടത്, കാറിന്‍റെ പിന്‍ സീറ്റില്‍ കതിര്‍വേണിയുടെ പേഴ്സ്.ഒരു ആകാംക്ഷക്കായി അത് തുറന്ന് നോക്കിയ ഞങ്ങള്‍ സ്തംഭിച്ച് പോയി...
അതിലൊരു താലിയായിരുന്നു!!!
ആരെങ്കിലും കഴുത്തിലണിഞ്ഞ് തരുമെന്ന് വിശ്വസിച്ച് കതിര്‍വേണി കൂടെ കൊണ്ട് നടന്ന മംഗല്യസൂത്രം.
അതവള്‍ മറന്ന് വച്ചതോ, അതോ മനപ്പൂര്‍വ്വം ഉപേക്ഷിച്ചതോ??
പുരാണത്തില്‍ അരവന്‍റെ ഭാര്യയാവാന്‍ വിസമ്മതിച്ച സ്ത്രീകള്‍ക്ക് പിന്നെ മംഗല്യഭാഗ്യം ലഭിച്ചോന്ന് അറിയില്ല, അവരെയെല്ലാം അരവന്‍ മനസ്സാ ശപിച്ച് കാണാനും വഴിയില്ല.ആ ഉലൂപിയുടെ പുത്രനു കതിര്‍വേണിയെ പോലുള്ളവരുടെ വിഷമം മനസിലാവാതിരിക്കില്ല..
അതിനാല്‍ ആ മംഗല്യസൂത്രം കൈയ്യില്‍ പിടിച്ച് ഞാന്‍ പ്രാര്‍ത്ഥിച്ചു...
ദൈവമേ, കതിര്‍വേണിക്ക്, അല്ല....കതിര്‍വേണിമാര്‍ക്ക് നല്ലൊരു ദാമ്പത്യം ലഭിക്കണേ...
അവരുടെ സ്വപ്നങ്ങളും പൂവണിയണേ.
മനുഷ്യരായി പിറന്ന് അവഹേളനങ്ങള്‍ ഏറ്റുവാങ്ങുന്ന അവറ്റകളെ കണ്ടില്ലെന്ന് നടിക്കരുതേ.
ഉലൂപിയുടെ പുത്രന്‍ ഈ പ്രാര്‍ത്ഥന കേട്ടിരിക്കുമോ??
കതിര്‍വേണിമാരുടെ സ്വപ്നങ്ങള്‍ പൂവണിയുമോ??
ആവോ, ആര്‍ക്കറിയാം..
കാത്തിരുന്ന് കാണുക തന്നെ.

മോഹന്‍ജെദാരോ കോളനി



ജീവിതത്തില്‍ പരിചയപ്പെടുന്ന പലവിധം മനുഷ്യര്‍, ചോരയുടെ മണമുള്ളവര്‍, കണ്ണീരിന്‍റെ നനവുള്ളവര്‍.ചിലരെ നമ്മള്‍ പെട്ടന്ന് മറക്കും, എന്നാല്‍ മറ്റു ചിലരെ നമ്മള്‍ ഓര്‍ത്തിരിക്കും.അത്തരത്തില്‍ ഞാന്‍ ഓര്‍ത്തിരിക്കുന്ന ഒരു വ്യക്തിയെ കുറിച്ച് ഏതാനും വാക്കുകള്‍..

പെണ്ണ്‌ കെട്ടി ഒരു മാസം കഴിഞ്ഞപ്പോള്‍ പെമ്പ്രന്നോത്തിയെ നാട്ടില്‍ നിര്‍ത്തി ജോലിസംബന്ധമായി ഞാനിങ്ങ് ബാംഗ്ലൂരിലെത്തി.ഇങ്ങനൊരു സാഹചര്യത്തില്‍ അകപ്പെടുന്ന ഏതൊരു പുതുമാപ്ലയേയും പോലെ ആഴ്ചയില്‍ ആഴ്ചയില്‍ ഞാന്‍ ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് വണ്ടി കേറും.
പണ്ട് മൂന്ന് മാസത്തില്‍ ഒരിക്കല്‍ വരുന്നവന്‍, എല്ലാ ആഴ്ചയിലും വരുന്നത് കണ്ടാകാം അച്ഛന്‍ ചോദിച്ചു:
"നീയെന്തിനാ ഇടക്കിടെ വരുന്നത്?"
നല്ല ബെസ്റ്റ് ചോദ്യം!!
ആ ചോദ്യത്തിനു മുമ്പില്‍ ആദ്യം ഒന്ന് പതറിയെങ്കിലും, ധൈര്യം സംഭരിച്ച് ഞാന്‍ തിരിച്ച് ചോദിച്ചു:
"നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം എന്നല്ലേ അച്ഛാ?"
അത് കേട്ടതും അച്ഛന്‍ ഒന്ന് പൊട്ടിച്ചിരിച്ചു.
നാട്ടിന്‍പുറത്ത് നിന്നും എനിക്ക് എന്ത് നന്മയാ ലഭിക്കുന്നത് എന്ന് ബോധ്യമുള്ള അച്ഛന്‍ പറഞ്ഞു:
"ഈ കുറി ബാംഗ്ലൂര്‍ പോകുമ്പോള്‍ നിന്‍റെ പെണ്ണുമ്പിള്ളയെ കൂടി കൊണ്ട് പോയ്ക്കോ"
ങ്ങേ!!
അച്ഛനെന്താ അങ്ങനെ പറഞ്ഞത്??
അന്തം വിട്ട് നിന്ന എന്നെ നോക്കി അച്ഛന്‍ ഒരു വാചകം കൂടി പറഞ്ഞു:
"ഇനി ബാംഗ്ലൂരിലും നന്മ വിരിയട്ടെ"
അയ്യേ!!
അച്ഛന്‍ തെറ്റിദ്ധരിച്ചു!!
അങ്ങനെ ബാംഗ്ലൂരിലേക്ക് തിരിച്ചപ്പോള്‍ വാമഭാഗത്തിനു ഒരു സംശയം:
"നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം എന്ന് ചേട്ടന്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ എന്തിനാ ചിരിച്ചത്?"
അതോ, അതിനു കാരണം ഒരു സംഭവമാ, പത്താംക്ലാസ്സില്‍ വച്ച് നടന്ന ഒരു സംഭവം.

പത്താം ക്ലാസ്സിലെ ഒരു ദിവസം..
"നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം"
ഈ വാമൊഴി ഈണത്തില്‍ പാടിയിട്ട് മലയാളം മാഷ് പറഞ്ഞു:
"എല്ലാരും ഇതൊന്ന് വിശദീകരിച്ച് എഴുതിയേ"
അത് കേട്ടപാതി കേള്‍ക്കാത്ത പാതി ഞാനെന്‍റെ ബുക്കില്‍ വിശദീകരിച്ചു എഴുതി,

നാട്യപ്രധാനം നഗരം:-
സിംപിള്‍!!
നഗരത്തില്‍ നാട്യശാസ്ത്രത്തിനാണ്‌ പ്രാധാന്യം!!

ദരിദ്രം നാട്ടിന്‍പുറം:-
വെരി സിംപിള്‍!!
നാട്ടിന്‍പുറത്തുകാര്‌ ദരിദ്രരാണ്!!

നന്മ കള്ളാല്‍ സമൃദ്ധം:-
ഇതും സിംപിള്‍!!
കള്ള്‌ കുടിച്ചാല്‍ നന്മ ലഭിക്കും!!

അതായത് നാട്യശാസ്ത്രത്തിനു പ്രാധാന്യമുള്ള നഗരവാസികളും, ദരിദ്രരായ നാട്ടിന്‍പുറത്തുകാരും മനസ്സില്‍ നന്മ വേണമെങ്കില്‍ കള്ള്‌ കുടിക്കണം.
ഹോ, എത്ര നല്ല വിശദീകരണം!!

വിശദീകരണം സാറിനെ കാണിക്കാന്‍ ഞാന്‍ പതുക്കെ എഴുന്നേറ്റ് നിന്നു.
എന്‍റെ വിശദീകരണം വായിച്ച് സാറിന്‍റെ കണ്ണ്‌ തള്ളി!!
പിന്നെ കുറേ നേരം നിശബ്ദത..
സാറ്‌ ബുക്കിലും എന്‍റെ മുഖത്തും മാറി മാറി നോക്കുന്നതല്ലാതെ ഒന്നും പറയുന്നില്ല.ഒരു അഞ്ച് മിനിറ്റ് നെഞ്ചും തടവി അദ്ദേഹം ഒരേ നില്‍പ്പ് തന്നെ.അവസാനം ബുക്ക് മടക്കി തന്നിട്ട് ദയനീയ സ്വരത്തില്‍ പറഞ്ഞു:
"മനു, നി ഇങ്ങനെ എഴുതുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല"
അതേയോ??
ഞാന്‍ സാറിന്‍റെ പ്രതീക്ഷകള്‍ക്കപ്പുറം വളര്‍ന്നിരിക്കുന്നു!!
ഭയങ്കരന്‍ തന്നെ!!
എന്‍റെ അച്ഛനും അമ്മയ്ക്കും സന്തോഷിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തോ വേണം??
അന്ന് അങ്ങനെ സന്തോഷിച്ചത് ഓര്‍ത്താവാം അച്ഛന്‍ പൊട്ടിചിരിച്ചത്!!

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ബാംഗ്ലൂരില്‍ എത്തിയപ്പോഴാണ്‌ സാര്‍ അന്ന് പാടിയ വാമൊഴി ഞാന്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടത്.ഇവിടെ എല്ലാവര്‍ക്കും സ്വന്തം കാര്യം മാത്രം, അയലത്തു വീട്ടില്‍ താമസിക്കുന്നവനെ പോലും അറിയില്ല.കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ഞാന്‍ മനസിലാക്കിയ മഹാ സത്യം.
ബാംഗ്ലൂരില്‍ വലതുകാല്‍ വച്ചപ്പോള്‍ തന്നെ വൈഫിനോട് ഞാന്‍ ഇവിടുത്തെ സ്ഥിതി വിശേഷം പറഞ്ഞു കൊടുത്തു:
"നമ്മുടെ നാട് പോലെയല്ല ബാംഗ്ലൂര്‍"
"എന്തേ?"
"ചത്താ കിടന്നാല്‍ പോലും തിരിഞ്ഞ് നോക്കാത്ത അയല്‍ക്കാരാ"
ഞാന്‍ പറഞ്ഞത് മനസിലായെങ്കിലും അവളുടെ ലോല മനസ്സില്‍ ഉണ്ടായ ഒരു സംശയം അവള്‍ തിരിച്ച് ചോദിച്ചു:
"ചത്ത് കിടക്കുമ്പോള്‍ എങ്ങനാ ചേട്ടാ തിരിഞ്ഞ് നോക്കുന്നത്?"
കഷ്ടം!!
എന്നെ അങ്ങ് കൊല്ല്!!

മോഹന്‍ജെദാരോ കോളനി..
ഇവിടെയാണ്‌ എന്‍റെ പുതിയ വാടകവീട്.ബാച്ചിലറായി താമസിക്കുമ്പോള്‍ എവിടെ താമസിച്ചാലും ഒന്നുമില്ല, പക്ഷേ ഫാമിലി ലൈഫില്‍ അത് പറ്റില്ലല്ലോ.അതിനാല്‍ മാത്രമാണ്‌ ഞാന്‍ ഈ കോളനി തിരഞ്ഞെടുത്തത്.അടുത്തടുത്ത് വീടുകള്‍, എല്ലാരും ഫാമിലി ലൈഫ്, അത്യാവശം നല്ല പോഷ് ഏരിയ.ഒരു കുടുംബമായി താമസിക്കാന്‍ എന്ത് കൊണ്ടും നല്ലത്.
ഗൃഹപ്രവേശം കഴിഞ്ഞപ്പോള്‍ തന്നെ വാമഭാഗത്തിനോട് ഞാന്‍ മൊഴിഞ്ഞു:
"ഇനി ഇതാ നമ്മുടെ വീട്, ഇവിടെ നമ്മളെ ശല്യപ്പെടുത്താന്‍ ഒരുത്തനും വരില്ല"
ഞാന്‍ പറഞ്ഞ് നാക്കെടുത്തില്ല, അപ്പോഴേക്കും കോളിംഗ് ബെല്ല്‌ ശബ്ദിച്ചു,
'ടിങ്ങ് ടോങ്ങ്, ടിങ്ങ് ടോങ്ങ്'
ങ്ങേ!!
ആരാ?

ഒരു ആഷ്പോഷ് കൊച്ചമ്മ, തലയില്‍ കരിയോയിലും പൂശി, മുഖത്ത് പുട്ടിയുമിട്ട്, വലിയൊരു കൂളിംഗ്ലാസ്സും വച്ച്, പട്ട് സാരി ചുറ്റി, സ്വര്‍ണ്ണ വളയിട്ട്, കൈയ്യിലൊരു ഹാന്‍ഡ് ബാഗും ആയി നില്‍ക്കുന്നു.പുറകില്‍ നിന്ന് നോക്കിയാല്‍ ശ്രീദേവിയെ പോലെയും, മുമ്പില്‍ നിന്ന് നോക്കിയാല്‍ മൂധേവിയെ പോലെയുമുള്ള അവരോട് ഞന്‍ ചോദിച്ചു:
"ആരാ?"
"ഞാന്‍ വനജ, വനജ കൊച്ചമ്മ എന്ന് എല്ലാവരും വിളിക്കും"
ഓഹോ!!
അന്തംവിട്ട് നിന്ന എന്നോട് അവര്‍ ചോദിച്ചു:
"വൈഫില്ലേ?"
എന്തേ, എനിക്ക് വൈഫില്ലെങ്കില്‍ വൈഫ് ആകാന്‍ വന്നതാണോ??
ഉണ്ട്, എനിക്കൊരു വൈഫ് ഉണ്ട്!!
"വിളിക്കൂ, ഞാന്‍ ഒന്ന് പരിചയപ്പെടട്ടേ" അവരുടെ ഓര്‍ഡര്‍.
അത് കേട്ടതും ഞാന്‍ വൈഫിന്‍റെ അടുത്തേക്ക് ഓടി.കോളിംഗ് ബെല്ല്‌ അടിച്ചത് ആരാ എന്ന് നോക്കാന്‍ പോയ കാന്തന്‍ ശരം വിട്ട പോലെ ഓടി വരുന്നത് കണ്ട് അവള്‍ ചോദിച്ചു:
"ആരാ വന്നത്?"
"പുടവ ചുറ്റിയ ഒരു പിടിയാന, നിന്നെ പരിചയപ്പെടാന്‍ വന്നതാ"
അങ്ങനെ ഞങ്ങള്‍ അവരെ പരിചയപ്പെട്ടു.

എന്‍റെ പ്രതീക്ഷ തെറ്റിയില്ല, അവര്‍ ഒരു സംഭവം ആയിരുന്നു!!
കോളനിയുടെ ഇപ്പോഴത്തെ സെക്രട്ടറി.സ്വന്തം ഹസ്സ്‌ബെന്‍റിനൊപ്പം, അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ സ്വന്തം ഹസ്സിനൊപ്പം അടുത്ത വീട്ടില്‍ താമസിക്കുന്നു.പ്രോഡക്ഷന്‍ യൂണിറ്റിന്‍റെ മേന്മ കാരണം ജനിച്ചത് മൂന്നും പെണ്‍ മക്കളായിരുന്നു.ഒന്നാമത്തവള്‍ അമേരിക്കയില്‍ പോയി, രണ്ടാമത്തവള്‍ ഒമാനില്‍ പോയി, മൂന്നാമത്തവള്‍ ഒളിച്ചോടി പോയി.ഇത് പഴയ കഥ.
ഇപ്പോള്‍ സ്വസ്ഥം, കോളനി ഭരണം.
സ്വന്തം കഥ വിശദീകരിച്ചിട്ട് അവര്‍ ചോദിച്ചു:
"ഇതാണ്‌ എന്‍റെ ഭൂതകാലം, ഇനി നിങ്ങളുടെ ഭൂതം എന്താണ്?"
ഞങ്ങളുടെ ഭൂതമോ??
അതാ മുമ്പില്‍ ഇരിക്കുന്നത്!!

അവര്‍ ഒരു ഭൂതം തന്നെയായിരുന്നു.ദിവസവും വീട്ടില്‍ വരും, എന്നിട്ട് ലോകത്തുള്ളവരുടെ കുറ്റം മൊത്തം പറയും, കൂട്ടത്തില്‍ അവരുടെ വീരസാഹസിക കഥകളും.ഗതി കെട്ടാല്‍ പൊളവനും കടിക്കും എന്നല്ലേ, അത് തന്നെ ഇവിടെയും സംഭവിച്ചു.അവരുടെ പൊങ്ങച്ചങ്ങള്‍ കേട്ട് കേട്ട് ഭാര്യയും തിരിച്ച് പറയാന്‍ തുടങ്ങി..
കൊച്ചമ്മ: "ഞാന്‍ ചുട്ട കോഴിയെ പറപ്പിച്ചിട്ടുണ്ട്"
ഭാര്യ: "ഞാന്‍ ചുട്ട കോഴിയെ പറപ്പിച്ച് അതിനെ കൊണ്ട് ഒരു കൊത്തൂടെ കൊത്തിച്ചിട്ടുണ്ട്"
ഈശ്വരാ!!
അറിയാതെ ഞാന്‍ തലയില്‍ കൈ വച്ച് പോയി.
ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഏകദേശ സംഭവം പിടി കിട്ടി കാണുമല്ലോ??
പക്ഷേ എന്തിനും ഒരു അവസാനമുണ്ട്..
ആയൂര്‍വേദം ,ഹോമിയോ എന്നീ മേഖലകളില്‍ ഭാര്യയ്ക്കാ അറിവ് കൂടുതലെന്ന് കൊച്ചമ്മയും,
ആരോഗ്യ മേഖയില്‍ കൊച്ചമ്മയ്ക്കാ അറിവ് കൂടുതലെന്ന് ഭാര്യയും പ്രഖ്യാപിച്ചു.അങ്ങനെ അവര്‍ തമ്മില്‍ ഒരു ധാരണയായി, അതെനിക്കൊരു മാരണമായി.

കൊച്ചമ്മയുടെ ഹസ്സിനു എന്തെങ്കിലും അസുഖമുണ്ടായാല്‍ അവര്‍ എന്‍റെ വീട്ടിലോട്ട് ഓടി വരും, എന്നിട്ട് ഗായത്രിയുടെ കൈയ്യില്‍ നിന്ന് എന്തെങ്കിലും ഒരു ഗുളികയും വാങ്ങി തിരിച്ച് പോകും.അതേ മാതിരി ആരോഗ്യത്തെ കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങള്‍ എന്‍റെ മേല്‍ പരീക്ഷിക്കാന്‍ അവര്‍ നിര്‍ബദ്ധിക്കുകയും ചെയ്യും.അങ്ങനെ എന്‍റെ കൊച്ച് വീട്ടില്‍ ദിവസവും ഒരോ സംഭവങ്ങള്‍ അരങ്ങേറാന്‍ തുടങ്ങി.എല്ലാമൊന്നും വിശദീകരിക്കാന്‍ സമയമില്ല, ഒരു മൂന്ന് സംഭവങ്ങള്‍ ഞാനിവിടെ വിശദീകരിക്കാം..

ഒന്നാമത്തെ സംഭവം..
എന്ത് അസുഖമായാലും, ഏത് പാതിരാത്രി ആയാലും ആ പെണ്ണുമ്പിള്ള എന്‍റെ വീട്ടിലോട്ട് ഓടി വരുന്നത് എനിക്ക് ഒരു കുരിശായി മാറി.ഇവരെ എങ്ങനെ ഒഴിവാക്കാം എന്നതായി എന്‍റെ ചിന്ത.ഉറക്കം വരാത്ത രാത്രികള്‍..
അങ്ങനെയിരിക്കെ ഒരു കൊച്ച് വെളുപ്പാന്‍ കാലത്ത്, ഒരു മൂന്ന് മണി ആയി കാണണം ആരോ കോളിംഗ് ബെല്ല്‌ അടിക്കുന്നത് കേട്ടാ ഞാന്‍ എഴുന്നേറ്റത്.കതക് തുറന്ന് നോക്കിയപ്പോള്‍ കൊച്ചമ്മ.അവര്‍ വെപ്രാളത്തോടെ ചോദിച്ചു:
"ഹസ്സ്‌ബെന്‍റിന്‍റെ ഗ്യാസ്സ് പോകാന്‍ എന്ത് ചെയ്യണം?"
ഒരു ഉലക്ക എടുത്ത് തലക്കടിച്ചാല്‍ മതി!!
ഗ്യാസ്സ് പോയി ആള്‌ പെട്ടന്ന് വടി ആകും.ഹല്ല പിന്നെ??
വാ തുറന്ന് ഇങ്ങനെ പറയാന്‍ പോയ എന്നോട് അവര്‍ പറഞ്ഞു:
"ഇന്നലെ രാത്രിയില്‍ ഉരുളന്‍ കിഴങ്ങ് കറി കൂട്ടിയതാ, ഇപ്പം ഗ്യാസ്സായി"
അയ്യോ, ആ ഗ്യാസ്സായിരുന്നോ??
എന്നാ വൈഫിനോട് ചോദിക്കാം.

രണ്ടാമത്തെ സംഭവം..
ഇക്കുറി ആരോഗ്യമാ സംസാര വിഷയം.
ആരോഗ്യത്തിന്‍റെ മേന്മകളെ കുറിച്ചും, ആരോഗ്യവാനായി ഇരിക്കേണ്ട ആവശ്യത്തെ കുറിച്ചും കൊച്ചമ്മ ഗായത്രിക്ക് ക്ലാസ്സെടുക്കുന്നു.ഗായത്രിയോടൊപ്പം ഞാനുമത് കേട്ടിരുന്നു..
"കൊളസ്ട്രോള്‍, പ്രഷര്‍, ഡയബറ്റീസ്സ്.. ആരോഗ്യം ശ്രദ്ധിച്ചില്ലേ ഭയങ്കര പ്രശ്നമാ"
നല്ല വിവരം ഉള്ള സ്ത്രീ!!
"മോളു വേണം മനുവിന്‍റെ ആരോഗ്യം നോക്കാന്‍"
ഹോ, എന്നോടെന്ത് വാത്സല്യമാ!!
"മനുവിന്‌ ദിവസവും വെളുപ്പിനെ ഒരോ ഗ്ലാസ്സ് പാവയ്ക്കാ ജൂസ്സ് കൊടുക്കണം"
പാവയ്ക്കാ ജ്യൂസ്സോ??
വെളുപ്പാന്‍ കാലത്തോ??
പരട്ട തള്ളേ..
അത് നിങ്ങടെ മറ്റവന്‌ കൊണ്ട് കൊട്!!
പിന്നീട് അവരുടെ സംസാരം ഹോളിവുഡിലെയും ബോളിവുഡിലെയും നായകന്‍മാരെ കുറിച്ചായി.അവരുടെ ആരോഗ്യ സംരക്ഷണം ആയിരുന്നു സംസാര വിഷയം.ശരീരഘടന, മസില്‍, വയര്‍..
സംസാരം ഇങ്ങനെ നീണ്ട് പോയി..
അവിടെ നായകന്‍മാരുടെ വയര്‍ സിക്സ്സ് പായ്ക്ക് ആണത്രേ!!
എന്‍റെയും, അവളുടെ അച്ഛന്‍റെയും കുടവയര്‍ മാത്രം കണ്ട് പരിചയമുള്ള ഗായത്രിയോട് കൊച്ചമ്മ ചോദിച്ചു:
"എന്‍റെ ഹസ്സിന്‍റെയും സിക്സ്സ് പായ്ക്കാ, മനുവിന്‍റെയോ?"
ആദ്യം ഒന്ന് അമ്പരന്നെങ്കിലും അവള്‍ വിക്കി വിക്കി മറുപടി പറഞ്ഞു:
"ചേട്ടന്‍റെ....ചേട്ടന്‍റെ ഫാമിലി പായ്ക്കാ"
കര്‍ത്താവേ!!
ഫാമിലി പായ്ക്കോ??
കുടവയറിനെ ആണോ ഇവള്‍ ഉദ്ദേശിച്ചത്??
കൊച്ചമ്മയ്ക്ക് ഒപ്പം ഞാനും ഞെട്ടി!!

മൂന്നാമത്തെ സംഭവം..
മറ്റ് കേസുകള്‍ പോലെ നിസ്സാരമായിരുന്നില്ല ഈ കേസ്സ്, പ്രശ്നം രോഗം തന്നെ.
ഫുഡ് പോയ്സ്സണ്‍!!
പതിവു പോലെ കൊച്ചമ്മ വീട്ടില്‍ ഓടിയെത്തി, എന്നിട്ട് പറഞ്ഞു:
"ഹസ്സിനു ലൂസ്സ് മോഷന്‍. എന്താ ചെയ്യുക?"
ടൊയിലറ്റില്‍ പോകണം എന്നാ വായില്‍ വന്നതെങ്കിലും, കാര്യത്തിന്‍റെ സീരിയസ്സ് അറിയാവുന്ന ഞാന്‍ പെട്ടന്ന് ഗായത്രിയോട് മരുന്നെടുക്കാന്‍ പറഞ്ഞു.അവള്‍ രണ്ട് 'ഡയാസിന്‍' ഗുളികയുമായി വന്നു.അത് കൈയ്യില്‍ വാങ്ങിയട്ട് അവര്‍ ചോദിച്ചു:
"ഇത് എങ്ങനെയാ യൂസ്സ് ചെയ്യണ്ടത്?"
എന്തിനും ഏതിനും വീട്ടില്‍ വന്ന് ശല്യപ്പെടുത്തുന്ന അവരെ നോക്കി ഞാന്‍ പിറുപിറുത്തു:
"ലൂസ്സ് മോഷന്‍ വരുമ്പോള്‍ ഒരെണ്ണം എടുത്ത് തിരുകി വച്ചാല്‍ മതി"
"എന്താ?"
ഭാഗ്യം, അവര്‍ കേട്ടില്ല!!
ഭാര്യ മറുപടി പറഞ്ഞു:
"ഒരെണ്ണം കഴിച്ചാല്‍ മതി"
"അത് കൊണ്ട് മാറുമോ?" അവര്‍ക്ക് പിന്നെയും സംശയം.
മാറിയില്ലങ്കില്‍ അടുത്തതും കൂടി തിരുകി വയ്ക്കണം!!
ഞാന്‍ എന്താ പറയാന്‍ വന്നത് എന്ന് മനസിലായ വൈഫ് അതേ അര്‍ത്ഥത്തില്‍ പറഞ്ഞു:
"അപ്പോള്‍ രണ്ടാമത്തതും യൂസ്സ് ചെയ്യണം"
"അത് മതിയോ?"
അത് മതി!!
ഗുളികയും കൊണ്ട് ഓടിയ അവര്‍ ഒരു നിമിഷം നിന്നു, എന്നിട്ട് തിരിഞ്ഞ് വിഷമത്തോടെ ചോദിച്ചു:
"എന്നിട്ടും മാറിയില്ലങ്കിലോ?"
നമുക്ക് ഒരു ആപ്പ് വയ്ക്കാം!!
പിന്നല്ല!!

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com