For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

മധുമതി രാഘവം വീരഗാഥ


അല്ലേലും ചില മനുഷ്യര്‍ അങ്ങനെയാണ്, ഒരു സംഭവമായിരിക്കും.ഈ ഗണത്തില്‍ പെടുത്താവുന്ന ഒരാളായിരുന്നു എട്ടാം ക്ലാസ്സില്‍ ഞാന്‍ പരിചയപ്പെട്ട രാഘവന്‍ മാഷ്.മലയാളം അദ്ധ്യാപകനായിരുന്ന അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തിയത് ഏത് സാഹചര്യത്തിലും സത്യം മാത്രം പറയുന്ന അദ്ദേഹത്തിന്‍റെ സവിശേഷ സിദ്ധിയായിരുന്നു.
ഒരു റോള്‍ മോഡല്‍ ആക്കാന്‍ കൊള്ളാവുന്ന മനുഷ്യന്‍..
അതായിരുന്നു അദ്ദേഹം..
സത്യസന്ധനായ രാഘവന്‍ മാഷ്.

ഒരു ഫ്ലാഷ് ബാക്ക്.
നവോദയില്‍ ഞാന്‍ പഠിച്ചിരുന്ന കാലം.
എട്ടാം ക്ലാസ്സില്‍ കാല്‌ വച്ച്, ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥി എന്ന ലേബല്‍ സമ്പാദിച്ച്, അറമാദിച്ച് നടക്കുന്ന നേരം.ക്ലാസ്സ് മുറികളിലേയും മൈതാനങ്ങളിലേയും എന്‍റെ പെര്‍ഫോമന്‍സ് കണ്ട ചില അദ്ധ്യാപകര്‍ക്ക് ഒരു ദൈവവിളിയുണ്ടായി...
മനുവിനെ ഇങ്ങനെ വിട്ടാല്‍ ശരിയാകില്ല!!!
പ്രിന്‍സിപ്പാളിനോട് അവര്‍ തിരുവായ് കൊണ്ട് മൊഴിഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു...
കാരണം??
മറുപടി ഒന്നിച്ചായിരുന്നു:
"അവന്‍ തരികിടയാ"
അങ്ങനെ അച്ഛനും അമ്മയും പ്രിന്‍സിപ്പാളിനു മുന്നിലേക്ക് ആനയിക്കപ്പെട്ടു.
"മനു ഈസ്സ് എ ബ്രിലൈന്‍ഡ് ബോയ്, ഐ തിങ്ക്....., നവോദയീന്ന് പഠിക്കേണ്ടതൊക്കെ അവന്‍ പഠിച്ചു കഴിഞ്ഞുവെന്നാ"
അമ്മക്ക് അത്ഭുതം:
"അതിനു അവന്‍ എട്ടിലെല്ലേ ആയുള്ളു?"
പക്ഷേ അച്ഛനു എല്ലാം മനസിലായി, പുള്ളിക്കാരന്‍ പറഞ്ഞു:
"സാറ്‌ എന്നാ ആ റ്റീ.സി ഇങ്ങ് തന്നേരെ"
അങ്ങനെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രീസ്സീന്ന് ഇറങ്ങിയ പോലെ ഒരു നുള്ള്‌ മണ്ണെടുത്ത് നെറ്റിയില്‍ വച്ച് ഞാനും പടിയിറങ്ങി.
ഒരു ഇന്നിംഗ്സ്സ് അങ്ങനെ കഴിഞ്ഞു.

മാവേലിക്കരയില്‍ തട്ടാരമ്പലത്തിനടുത്ത് മറ്റം എന്നൊരു സ്ഥലമുണ്ട്, അവിടൊരു കിടിലന്‍ സ്ക്കൂളുണ്ട്.നവോദയീന്ന് അച്ഛന്‍ എന്നെ പറിച്ച് നട്ടത് ഈ സ്ക്കൂളിലേക്കായിരുന്നു.നവോദയീന്ന് വന്ന വിദ്യാര്‍ത്ഥി എന്ന പരിഗണനയില്‍, ഹെഡ്മിസ്ട്രസ്സും സാറന്‍മാരും എല്ലാം എന്നെ പ്രത്യേക രീതിയിലാണ്‌ സ്വീകരിച്ചത്.അവിടുത്തെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേരാനുള്ള അവരുടെ അഭ്യര്‍ത്ഥനയെ, ഞാനൊരു മലയാളിയാണെന്നും, മലയാളം എന്‍റെ മാതൃഭാഷയാണെന്നും പറഞ്ഞ് നിരുത്സാഹപ്പെടുത്തി.അതാരുന്നു മലയാളം അദ്ധ്യാപകനായ രാഘവന്‍ മാഷിനു എന്നോട് ഒരു പ്രത്യേക ഇഷ്ടം തോന്നാനുള്ള പ്രധാന കാരണം.

മറ്റം സ്ക്കൂളിലെ കലോത്സവം കഴിഞ്ഞ സമയത്താണ്‌ ഞാന്‍ ജോയിന്‍ ചെയ്തത്.അന്ന് ലളിതഗാന മത്സരത്തിനും പദ്യപാരായണത്തിനും ഒന്നാം സ്ഥാനം നേടിയ മധുമതി പഠിക്കുന്ന ക്ലാസ്സില്‍ തന്നെയായിരുന്നു എനിക്കും സീറ്റ് കിട്ടിയത്.ക്ലാസ്സ് ലീഡറായും ക്ലാസിലെ ഒരു സംഭവമായും അവള്‍ വിലസിയിരുന്ന ആ ക്ലാസ്സിലേക്ക് ഞാന്‍ വലതുകാല്‍ വച്ച് കയറി...
എന്നെ കണ്ടതും കസേരയില്‍ ഇരുന്ന രാഘവന്‍ മാഷ് പതിയെ എഴുന്നേറ്റു, തുടര്‍ന്ന് എന്നെ ചേര്‍ത്ത് പിടിച്ച് അവരോട് പറഞ്ഞു:
"ഇത് മനു, നിങ്ങളെ പോലല്ല, ഭയങ്കര മിടുക്കനാ, നവോദയീന്ന് വന്നതാ"
അങ്ങേര്‍ക്ക് എന്തിന്‍റെ കേടാന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടില്ല, മൂപ്പീന്നിന്‍റെ ആ ഒരു വാചകം കൊണ്ട് ക്ലാസ്സിലുള്ള പകുതി പേരും എന്‍റെ ശത്രുക്കളായി.ബാക്കി പകുതി തുടര്‍ന്നുള്ള എന്‍റെ പെരുമാറ്റം മൂലം ശത്രുക്കളായി, അത് വേറെ സത്യം.

'ബയങ്കര' മിടുക്കനായ കൊണ്ടാവണം ​സാറ്‌ എന്നെ ഫസ്റ്റ് ബഞ്ചില്‍ തന്നെ ഇരുത്തി.ലോക്ലാസ്സ് ടിക്കറ്റെടുത്ത് സ്ക്രീനിനു മുന്നിലിരുന്ന സിനിമ കാണുന്ന പ്രേക്ഷകന്‍റെ ദയനീയവസ്ഥ ആദ്യമായി ഞാന്‍ പഠിച്ചത് അവിടുന്നായിരുന്നു.
ദിവസങ്ങള്‍ കഴിഞ്ഞ് പോയി...
ഇടക്കിടക്കുള്ള ദിവസങ്ങളില്‍ മധുമതി ക്ലാസ്സില്‍ വരാറില്ല.
ഇവളിത് എവിടെ പോകുന്നു??
എന്‍റെ മനസ്സില്‍ ഒരു പെടപെടപ്പ്.
ഞാനും മിടുക്കന്‍, ആ കുട്ടിയും മിടുക്കി, അപ്പോ സ്വഭാവികമായി നമ്മള്‍ ഒന്ന് തിരക്കി പോകും...
"മധുമതി എന്താ വരാത്തത്?"
കേട്ടവര്‍ കേട്ടവര്‍ ഒരു കള്ളച്ചിരിയോടെ,  'ഉം...ഉം..' എന്ന ഒരു മൂളല്‍ മൂളി തല കുലുക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.മാത്രമല്ല പിന്നീട് മധുമതി ക്ലാസ്സില്‍ വരുന്ന ദിവസങ്ങളില്‍ 'ദേണ്ടടാ, മധുമതി' എന്ന ഭാവത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും എന്നെ നോക്കിയപ്പോ എനിക്കങ്ങ് നാണമായി പോയി..
ശ്ശോ, ആ കുട്ടി എന്ത് വിചാരിക്കുമോ എന്തോ???
ഒടുവില്‍ ഞാന്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചു, എന്‍റെ അന്വേഷണത്തെ പറ്റിയറിഞ്ഞ് മധുമതി എന്‍റെ അരികിലേക്ക് വന്നു.ശരീരത്തിനു ഒരു തളര്‍ച്ച പോലെ, ഉമിനീര്‌ വറ്റുന്ന പോലെ, ഇവളെന്തിനാ എന്‍റെ അടുത്തേക്ക് വരുന്നത്, ദേ എന്‍റെ കണ്ണിലോട്ട് നോക്കുന്നു...
നവോദയിലെ തരികിടയുടെ മുട്ടുകള്‍ കൂട്ടി ഇടിച്ചു, ഒടുവില്‍ ധൈര്യം സംഭരിച്ച് ഞാന്‍ ചോദിച്ചു [പരമാവധി നിഷ്കളങ്കമായി, അതും മധുമതി ആരാണെന്ന് എനിക്ക് അറിയാത്ത രീതിയില്‍]:
"എന്താ?"
"കുട്ടി എന്നെ പറ്റി അന്വേഷിച്ചോ?"
അവളുടെ മറുചോദ്യം.
"ഇല്ല"
"ഇല്ലേ?"
"ഉവ്വ്"
മധുമതിയുടെ മുഖത്ത് ഒരു നാണം കലര്‍ന്ന ചിരി പ്രത്യക്ഷപ്പെട്ടു, ശബ്ദം താഴ്ത്തി അവള്‍ പറഞ്ഞു:
"ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാനായി ലളിത ഗാനത്തിനും പദ്യപാരായണത്തിനും പ്രാക്റ്റീസ്സ് ചെയ്യാന്‍ പോകുന്ന കൊണ്ടാ വരാത്തത്"
"ആയിക്കോട്ടേ" എന്‍റെ മറുപടി.
"മനു പാടില്ലേ?" അവളുടെ കിന്നാരം.
"പാട്ടൊക്കെ പെണ്‍കുട്ടികള്‍ക്കാ നല്ലത്, ആണുങ്ങളെ വെറുതെ പ്രസംഗിക്കാനെ കൊള്ളാവു"
ഇങ്ങനൊരു പുന്നാര മറുപടി ചൊല്ലി ഞാന്‍ തടിയൂരി.
പിന്നെ കുറേനേരം നിശബ്ദത.
ഒടുവില്‍ അവള്‍ പറഞ്ഞു:
"താങ്ക്സ്സ്"
"എന്തിനു?" ഞാന്‍.
"എന്നെ പറ്റി അന്വേഷിച്ചതിനു"
ഇത്രയും പറഞ്ഞിട്ട് ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചിട്ട് അവള്‍ പുറത്തേക്ക് ഓടി.
മനസ്സില്‍ ഒരു കുളിര്‍മഴ!!!
ഭാവനായകന്‍ മധു എന്നിലേക്ക് ആവാഹിക്കപ്പെട്ടു...
മധുമതി, ഇനി നീ വരാത്ത ദിവസങ്ങളില്‍ ഞാന്‍ ഈ ക്ലാസ്സിലൂടെ പാടി പാടി നടക്കും.ഒരോ കുട്ടികളോടും ഞാന്‍ ചോദിക്കും...
എവിടെ എന്‍റെ മധുമതി...
എവിടെ എന്‍റെ മധുമതി???
ഈ ചിന്തകളുമായി നിന്ന എന്‍റെ അരികിലേക്ക് ലാസ്റ്റ് ബഞ്ചിലെ സ്ഥിരം കക്ഷികളായ മൂന്ന് പേര്‍ വന്ന് ചോദിച്ചു:
"എന്തുവാ അവള്‍ പറഞ്ഞത്?"
'അത് തന്നെ' എന്ന അര്‍ത്ഥത്തില്‍ ഒന്ന് കണ്ണടച്ച് കാണിച്ച്, ചുണ്ടിലുള്ള പുഞ്ചിരി നന്നായി ഒന്ന് പ്രദര്‍ശിപ്പിച്ചിട്ട് ഞാനും ക്ലാസ്സിനു പുറത്തേക്ക് നടന്നു.
പിന്നില്‍ നിന്ന മൂവര്‍ സംഘത്തിന്‍റെ കണ്ണില്‍ ഒരു നഷ്ടബോധമുണ്ടായിരുന്നു.

അടുത്ത ദിവസം.
കണക്ക് സാറ്‌ ക്ലാസ്സ് എടുത്ത് കൊണ്ടിരിക്കെ  സ്ക്കൂളിലെ പ്യൂണ്‍ അങ്ങോട്ട് വന്നു.അയാള്‍ ഒരു കുറിപ്പ് എടുത്ത് സാറിന്‍റെ കയ്യിലേക്ക് കൊടുത്തു.അത് വായിച്ചിട്ട് സാര്‍ എന്‍റെ മുഖത്തേക്ക് ഒന്ന് നോക്കി, എന്നിട്ട് എന്നെ വിളിച്ചു:
"മനു ഇങ്ങ് വന്നേ"
എന്താ സംഭവമെന്ന് അറിയാതെ ഞാന്‍ സാറിനു അരികിലേക്ക് ചെന്നു.
"മധുമതിയും വാ"
സാറിന്‍റെ ഘനഗംഭീര ശബ്ദം ഒരു ഞെട്ടലോടെയാണ്‌ ഞാന്‍ കേട്ടത്.
മധുമതി പതിയെ എഴുന്നേറ്റ് എന്‍റെ അരികില്‍ വന്നു.
"രണ്ട് പേരും പോയി ഹെഡ്മിസ്ട്രസ്സിനെ കണ്ടിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി"
സാറിന്‍റെ ഓര്‍ഡര്‍.
എന്താ സംഭവമെന്ന് അറിയാതെ അമ്പരപ്പോടെ മധുമതി എന്നെ നോക്കി, ആ നോട്ടം നേരിടാനാകാതെ ഞാന്‍ തല കുനിച്ചു.ആദ്യം അവള്‍ ക്ലാസ്സിനു പുറത്തേക്ക് ഇറങ്ങി, പുറകിനു ഞാനും.ഇറങ്ങുന്നതിനു മുമ്പ് ക്ലാസ്സിലുള്ള സഹപാഠികളെ ഞാനൊന്ന് നോക്കി, എല്ലാവരും അമ്പരന്ന് ഇരിക്കുകയാണ്, എന്നാല്‍ ലാസ്റ്റ് ബഞ്ചിലെ മൂവര്‍ സംഘത്തിന്‍റെ ചുണ്ടില്‍ ഒരു ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു.
അതോടെ എനിക്ക് ഒരു കാര്യം ഉറപ്പായി...
ഇവന്‍മാര്‍ എനിക്കിട്ട് പണിഞ്ഞു!!!

നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി..
ഞാന്‍ ഹെഡ്മിസ്ട്രസ്സിന്‍റെ റൂമിനു മുന്നില്‍ നില്‍ക്കുകയാണ്.മധുമതിയെ അകത്തേക്ക് വിളിച്ച് കയറ്റിയിട്ട് അര മണിക്കൂറോളമായ പോലെ.രാഘവന്‍ മാഷും ഹെഡ്മിസ്ട്രസ്സും പിന്നെ വേറെ ആരൊക്കെയോ അകത്തുണ്ട്.
പാവം മധുമതി.
അവളുടെ മനസ്സ് ഒരുപാട് വേദനിക്കുന്നുണ്ടാവും.
എനിക്ക് ഇതൊക്കെ നല്ല പരിചയമായ കൊണ്ട് അത്ര വിഷമം തോന്നിയില്ല.എന്നാലും അടുത്ത ദിവസം അച്ഛന്‍ വന്ന റ്റീ.സി വാങ്ങി പോകണമെല്ലോന്ന് ആലോചിച്ചപ്പോ ഒരു ചെറിയ സങ്കടം.
ഹെഡ്മിസ്ട്രസ്സിന്‍റെ മുറിയുടെ വാതില്‍ പതിയെ തുറന്നു, സുമംഗല ടീച്ചറും പ്യൂണ്‍ ചേട്ടനും പുറത്തേക്ക് ഇറങ്ങി.വരാന്തയില്‍ വളിച്ച ചിരിയുമായി നില്‍ക്കുന്ന എന്നെ ചൂണ്ടി പ്യൂണേട്ടന്‍ പറഞ്ഞു:
"ഇതാ കക്ഷി"
സുമംഗല ടീച്ചറിന്‍റെ മുഖത്ത് ഒരു വല്ലാത്ത ചിരി, ടീച്ചറെന്‍റെ കവളില്‍ പിടിച്ചോണ്ട് പറഞ്ഞു:
"കൊള്ളാം കൊള്ളാം"
അയ്യേ, ഇവരെന്താ ഇങ്ങനെ??
ടീച്ചറെന്തിനാ കവിളില്‍ നുള്ളിയതെന്ന് ആലോചിച്ച്, നടന്ന് നീങ്ങുന്ന അവരെ നോക്കി നില്‍ക്കെ രാഘവന്‍ മാഷിന്‍റെ സ്വരം...
"മനു എന്ത് നോക്കി നില്‍ക്കുവാ?"
ഈ ചോദ്യത്തോടെ ടീച്ചര്‍ പോയ ഭാഗത്തേക്ക് നോക്കിയ രാഘവന്‍ മാഷും ആ പിന്‍നട കണ്ടു.
ഭേഷ്!!! ഓസിനു ഒരു കുറ്റം കൂടി ആയി.
എന്‍റെ ഗതി.

ഹെഡ്മിസ്ട്രസ്സിന്‍റെ മുറി.
കഥാപാത്രങ്ങളായി രാഘവന്‍ മാഷും ഹെഡ്മിസ്ട്രസ്സും ഞാനും പിന്നെ മധുമതിയും മാത്രം.മധുമതി തല കുനിച്ച് ഒരേ നില്‍പ്പാണ്, രാഘവന്‍ മാഷാണെങ്കില്‍ 'ടീച്ചര്‍ ചോദിക്ക്' എന്ന ഭാവത്തില്‍ ഹെഡ്മിസ്ട്രസ്സിനെ നോക്കുന്നു.
ഒടുവില്‍ ഹെഡ്മിസ്ട്രസ്സ് ആമുഖമിട്ടു:
"മനുവിനെ പറ്റി ഞങ്ങള്‍ ഇങ്ങനല്ല കരുതിയത്"
തെറ്റ് പറ്റി പോയി!!!
അതിനാല്‍ തന്നെ എനിക്ക് മറുപടിയില്ല.
"മധുമതിയോട് മനു വല്ലതും പറഞ്ഞോ?"
അടുത്ത ചോദ്യം.
സത്യത്തില്‍ ഞാനൊന്നും പറഞ്ഞില്ല, ആ കൊച്ചാ ഇങ്ങോട്ട് വന്ന് സംസാരിച്ചത്, എന്നിട്ടിപ്പോ കുറ്റം മൊത്തം എന്‍റെയാണെന്ന രീതിയിലാ ടീച്ചറിന്‍റെ ചോദ്യം.
എനിക്കാകെ സങ്കടം വന്നു, ഞാന്‍ പറഞ്ഞു:
"ഇല്ല ടീച്ചര്‍"
"ഒന്നും പറഞ്ഞില്ലേ?"
"ഇല്ല"
"മനു നല്ലൊരു പ്രാസംഗികനാണെന്ന് മധുമതിയോടു പറഞ്ഞില്ലേ?" ടീച്ചറിന്‍റെ ചോദ്യം.
എപ്പോ??
ഒന്നും മനസ്സിലാകാതെ ഞാന്‍ അന്തം വിട്ട് നിന്നപ്പോ മധുമതി അത് വിശദീകരിച്ചു:
"ഞാന്‍ പെണ്‍കുട്ടി ആയതു കൊണ്ട് പാടുമെന്നും മനു ആണ്‍കുട്ടി ആയത് കൊണ്ട് പ്രസംഗിക്കുമെന്നും മനു പറഞ്ഞില്ലേ?"
ആണ്‍കുട്ടികളെ വെറുതെ പ്രസംഗിക്കാനെ കൊള്ളാവൂന്ന് പറഞ്ഞതിനെ ചുവട് പിടിച്ചാണ്‌ ഈ കണ്ടുപിടുത്തമെന്ന് മനസ്സിലാക്കിയപ്പോ ഞാന്‍ ഒരു നിമിഷത്തേക്ക് നിശബ്ദനായി.
അവടെ കോപ്പിലെ കണ്ടുപിടുത്തും!!
"നമ്മുടെ സ്ക്കൂളില്‍ പ്രസംഗിക്കുന്ന ആരുമില്ല, മനു ഒരു ഭാഷാ സ്നേഹിയായത് കൊണ്ടും, നല്ലൊരു പ്രാസംഗികനായത് കൊണ്ടും ജില്ലാതലത്തില്‍ പ്രസംഗിക്കാന്‍ മനു പോണം.രാഘവന്‍ മാഷ് എല്ലാ സഹായവും ചെയ്യും"
ഹെഡ്മിസ്ട്രസ്സിന്‍റെ ഉത്തരവ്.
നേരെ ചൊവ്വേ നാല്‌ പേര്‌ കൂടി നില്‍ക്കുന്ന കണ്ടാ മുട്ടിടിക്കുന്ന ഞാന്‍ ജില്ലാതലത്തില്‍ പ്രസംഗിക്കണമെന്ന് കേട്ടപ്പോഴുണ്ടായ ഷോക്കില്‍ എനിക്കൊന്നും പറയാന്‍ പറ്റിയില്ല.എന്നെ പോലൊരു മിടുക്കനു ഇതൊക്കെ നിസ്സാരമെന്ന് കരുതി ആ യോഗം പിരിഞ്ഞു.
ക്ലാസ്സില്‍ കയറുന്നതിനു മുന്നേ ആ എന്തിരവള്‍ എന്നോട് ചോദിച്ചു:
"മനുവിനു സന്തോഷമായോ?"
പിന്നേ, ഭയങ്കര സന്തോഷമായി!!!
ഇതിലും വലുത് എന്തോ വരാനിരുന്ന സമയമാണെന്നാ തോന്നുന്നത്.

'ഓണം എന്ന ദേശിയ ഉത്സവം', 'ഗാന്ധിജി എന്ന മനുഷ്യസ്നേഹി','ഭാരതം എന്ന ഇന്ത്യ', ഇങ്ങനെ മൂന്ന് വിഷയങ്ങളെ കുറിച്ച് രാഘവന്‍മാഷ് എഴുതി തന്നാരുന്നു.ഈ വിഷയങ്ങളെല്ലാം നന്നായി പഠിച്ചാണ്‌ ഞാന്‍ കലോത്സവ വേദിയിലെത്തിയത്.ഞാന്‍ ചെല്ലുന്നതിനു മുന്നേ തന്നെ എന്‍റെ വരവിനെ കുറിച്ച് അവിടെ എല്ലാവരും അറിഞ്ഞിരുന്നു.നവോദയില്‍ പഠിച്ചിരുന്ന ഒരു മിടുക്കന്‍ വന്നിരിക്കുന്നു, അവന്‍ പ്രസംഗികനാണ്.
മക്കളെ കലാതിലകവും കലാപ്രതിഭയും ആക്കാന്‍ കച്ചകെട്ടി ഇറങ്ങിയ രക്ഷകര്‍ത്താക്കാള്‍ ആകാംക്ഷയോടെ ചോദിച്ചു...
ആരാണ്....ആരാണവന്‍??
എന്നെ ചൂണ്ടി എല്ലാവരും പറഞ്ഞു..
ഇവന്‍...
ഇവനാണ്‌ ലവന്‍.
ഞങ്ങ പറഞ്ഞ പ്രസംഗികന്‍!!!

അങ്ങനെ പ്രസംഗ വേദിയിലേക്ക് ഞാന്‍ ആനയിക്കപ്പെട്ടു.
അഞ്ച് മിനിറ്റ് അറമാദിക്കണം!!!
ഇതാണ്‌ രാഘവന്‍ മാഷ് എനിക്ക് തന്ന ഉപദേശങ്ങളുടെ രത്നചുരുക്കം.അതായത് ആരൊക്കെ പറഞ്ഞാലും, എന്തൊക്കെ സംഭവിച്ചാലും അഞ്ച് മിനിറ്റ് സ്റ്റേജില്‍ തന്നെ നില്‍ക്കണം.ഒരു വേദിയെ ഫെയ്സ്സ് ചെയ്യാന്‍ പേടി ഉണ്ടായിരുന്നെങ്കിലും, അത് ഞാന്‍ തലകുലുക്കി സമ്മതിച്ചു.പ്രസംഗത്തിനു പത്ത് മിനിറ്റ് മുമ്പാണ്‌ ആ ഞെട്ടിക്കുന്ന സത്യം ഞാന്‍ കേട്ടത്, പ്രസംഗിക്കാനുള്ള വിഷയം അവര്‍ തരുമത്രേ.
അതെങ്ങനെ ശരിയാകും??
അപ്പോ ഞാന്‍ പഠിച്ചതൊന്നും വേണ്ടേ??
കുറേ ചോദ്യങ്ങള്‍ ആരോ മനസ്സിലിരുന്ന് ചോദിച്ചു.
മറുപടിയായി പ്രസംഗ വിഷയം കിട്ടി....
'ലോഹങ്ങളിലെ ചെമ്പിന്‍റെ അംശത്തിന്‍റെ പ്രശ്നങ്ങള്‍'
ഇത് എന്ത് വിഷയം??
ഞാന്‍ മാത്രമല്ല, എന്‍റെ കൂടെ പ്രസംഗിക്കേണ്ട പത്ത് പേരും ഇതേ അവസ്ഥയിലായിരുന്നു.രാഘവന്‍ മാഷ് പെട്ടന്ന് 'അലര്‍ജി, ചൊറി, ചിരങ്ങ്' എന്നിങ്ങനെ കുറേ ക്ലൂ തന്നിട്ട് അപ്രത്യക്ഷനായി.അങ്ങനെ പ്രസംഗിക്കാനായുള്ള കാത്തിരുപ്പ് തുടങ്ങി.ആറാം നമ്പരുകാരനായ ഞാന്‍, മൈല്‍ക്കുറ്റിയില്‍ ഓന്ത് ഇരിക്കുന്ന പോലെ ഒരു കസേരയില്‍ ഇരുപ്പ് ഉറപ്പിച്ചു.
ഒടുവില്‍ മത്സരം ആരംഭിച്ചു...

ഒന്നാം നമ്പറുകാരനും രണ്ടാം നമ്പറുകാരനും എന്തൊക്കെയോ പറഞ്ഞു, മൂന്നാം നമ്പരുകാരന്‍ സ്റ്റേജില്‍ നിന്ന് കരഞ്ഞു, നാലാമന്‍ നാണം കെട്ടു, അഞ്ചാമന്‍ അടിച്ചു കസറി.
ഇനി ഞാനാണ്‌..
ആറാമന്‍!!!
"നമ്പര്‍ - സിക്സ്സ്"
അനൌണ്‍സ്മെന്‍റ്‌ ഒരു ഇരമ്പല്‌ പോലാ എന്‍റെ കാതില്‍ കേട്ടത്.അടുത്ത നിമിഷം സദസ്യര്‍ നിശബ്ദരായി.എല്ലാവരുടെയും നോട്ടം സ്റ്റേജിലേക്ക് കയറിയ എന്‍റെ നേര്‍ക്കായി.ആറാം നമ്പരുകാരനും നവോദയ പ്രോഡക്റ്റുമായ മനു എന്തോ മല മറിക്കുമെന്ന ഭാവം എല്ലാവരുടെയും മുഖത്ത്.വിധികര്‍ത്താക്കള്‍ വരെ എന്നെ ചിരിച്ച് കാണിച്ചു.ഞാന്‍ മൈക്കിനു മുന്നിലെത്തി.
എന്ത് പറയും??
ഞാന്‍ കുറേ നേരം ആലോചിച്ചു, എന്നിട്ട് അഭിസംബോധന ചെയ്യാന്‍ തുടങ്ങി:
"പ്രിയപ്പെട്ട....."
ഇത്രയും പറഞ്ഞപ്പോ ഒരു സംശയം...
പ്രിയപ്പെട്ട സദസ്സിനെന്നാണോ  അതോ അദ്ധ്യക്ഷനെന്നാണോ ആദ്യം പറയേണ്ടത്??
ഒടുവില്‍ രണ്ടും കല്‍പ്പിച്ച് പറഞ്ഞു:
"പ്രിയപ്പെട്ട സദ്ധ്യക്ഷനു"
സദസ്സില്‍ ഒരു ആരവം.
പണ്ട് 'പ്രിയ സഹോദരി സഹോദരന്‍മാരേ' എന്ന് വിവേകാനന്ദന്‍ അഭിസംബോധന ചെയ്തപ്പോ കരഘോഷം മുഴക്കിയ പോലെ ഒരു ശബ്ദമായിരിക്കുമെന്നാണ്‌ ഞാന്‍ ആദ്യം കരുതിയത്.എന്നാല്‍ ആയിരുന്നില്ല, ഞാന്‍ എന്നതാ പറഞ്ഞതെന്ന് അവര്‍ പരസ്പരം ചോദിച്ചതായിരുന്നു.ഇവര്‍ക്കൊന്നും മലയാളത്തില്‍ എന്‍റെ അത്രേം അവബോധം ഉണ്ടെന്ന് തോന്നുന്നില്ല.ദൂരെ ഒരു രക്ഷിതാവ് എന്തോ ബുക്ക് മറിച്ച് നോക്കുന്നത് കണ്ടു, അത് മലയാളം നിഘണ്ടു ആവാനാ ചാന്‍സ്സ്, ഞാന്‍ പറഞ്ഞ വാക്കിന്‍റെ അര്‍ത്ഥമായിരിക്കണം മൂപ്പീന്ന് തപ്പിയത്.
കിട്ടുമോ എന്തോ??

അഭിസംബോധന ചെയ്ത് രണ്ട് മിനിറ്റോളം എന്‍റെ വായില്‍ ഒന്നും വന്നില്ല.ഘോരഘോരം ഞാന്‍ പ്രസംഗിക്കുന്ന കേട്ട് സായൂജ്യമടയാന്‍ വന്നവരൊക്കെ നിരാശരായി തുടങ്ങി.ഒടുവില്‍ നടത്തിപ്പുകാരിയായ ടീച്ചര്‍ അടുത്ത് വന്ന് രഹസ്യമായി പറഞ്ഞു:
"തീര്‍ന്നെങ്കില്‍ മോന്‍ ഇറങ്ങിക്കോ"
ഞാന്‍ പതിയെ വാച്ചില്‍ നോക്കി, രണ്ട് മിനിറ്റേ ആയുള്ളു.രാഘവന്‍ മാഷ്  പറഞ്ഞത് അഞ്ച് മിനിറ്റ് നിക്കണമെന്നാ, ഈ ചിന്തയില്‍ ഞാന്‍ മറുപടി നല്‍കി:
"തീര്‍ന്നില്ല, ഇനിയുമുണ്ട്"
ഇനി എന്ത് പറയണമെന്ന് അറിയാതെ ആ ടീച്ചറൊന്ന് അമ്പരന്ന് നിന്ന്, എന്നിട്ട് പതിയെ ഇറങ്ങി പോയി.അവര്‌ ഇങ്ങനൊരുത്തനെ ആദ്യമായി കാണുവാണെന്ന് തോന്നുന്നു, പാവം.ഇപ്രകാരം നിശബ്ദനായി നിന്ന് ഞാന്‍ അഞ്ച് മിനിറ്റ് പൂര്‍ത്തിയാക്കി.ഒടുവില്‍ 'നന്ദി, നമസ്ക്കാരം' പറഞ്ഞ് സ്റ്റേജില്‍ നിന്ന് ഇറങ്ങിയപ്പോ പലരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു, അവര്‍ക്കൊക്കെ എന്‍റെ പ്രകടനം അത്രക്ക് ബോധിച്ചെന്നാ തോന്നുന്നത്.മിക്കവാറും എനിക്കായിരിക്കും ഫസ്റ്റ്.
എന്നാല്‍ അത് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമായിരുന്നു, എനിക്ക് ഒന്നും കിട്ടിയില്ല.പിന്നീട് എന്നെ കണ്ടപ്പോ മധുമതി പറഞ്ഞു:
"പ്രസംഗം കേക്കാന്‍ പറ്റീല്ല, ഓടി വന്നപ്പോഴേക്കും തീര്‍ന്നാരുന്നു, കൈയ്യടി മാത്രമേ കേട്ടുള്ളു"
അത് എന്തായാലും ഭാഗ്യമായി!!!
പക്ഷേ എല്ലാം കേട്ട രാഘവന്‍ മാഷ് മാത്രം അന്ന് എന്നോട് മിണ്ടിയേ ഇല്ല.മറ്റുള്ളവരുടെ മുന്നില്‍ ഞാനും സാറും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ പെരുമാറ്റം.
അങ്ങനെ ആ മത്സരം കഴിഞ്ഞു, എന്നാല്‍ ഞാന്‍ ശരിക്കും ഈശ്വരനെ വിളിച്ചത് അടുത്ത അദ്ധ്യാപന ദിവസമായിരുന്നു...

അന്ന്...
സ്ക്കൂളിലെ അസംബ്ലി ഗൌണ്ട്.
ആകാംക്ഷയോടെ നില്‍ക്കുന്ന കൂട്ടുകാരുടെ മുന്നില്‍ വച്ച് ഒരോ മത്സരാര്‍ത്ഥിയുടെയും അനുഭവം ഹെഡ്മിസ്ട്രസ്സ് ചോദിച്ച് അറിയുകായാണ്.എന്‍റെ നമ്പര്‍ എത്തിയപ്പോ ഞാന്‍ പറഞ്ഞു:
"എല്ലാം രാഘവന്‍ മാഷിന്‍റെ അനുഗ്രഹം, സാറ്‌ പറഞ്ഞ് തന്ന പോലെ ഞാന്‍ പ്രവര്‍ത്തിച്ചു, അത്രമാത്രം"
ഈ മറുപടി പാരയായി, എന്‍റെ പ്രസംഗത്തെ പറ്റി രണ്ട് വാക്ക് പറയാന്‍ ഹെഡ്മിസ്ട്രസ്സ് രാഘവന്‍ മാഷിനെ വിളിച്ചു.സത്യസന്ധനായ രാഘവന്‍ മാഷ് മൈക്ക് കയ്യിലെടുത്തു.ഇങ്ങേരിപ്പൊ എല്ലാം സത്യസന്ധമായി വിവരിക്കുമല്ലോ കര്‍ത്താവേന്ന് ഓര്‍ത്തപ്പോള്‍ എന്‍റെ ഹൃദയം പട പടാന്ന് ഇടിച്ച് തുടങ്ങി.
എന്നെ ഒന്ന് നോക്കിയട്ട് അദ്ദേഹം സംസാരിച്ച് തുടങ്ങി:
"മനുവിന്‍റെ പ്രസംഗത്തെ പറ്റി പറയാന്‍ എനിക്ക് വാക്കുകളില്ല"
പാവം!!!
"ശരിക്കും മനു അവിടെ നിന്ന് പ്രസംഗിക്കുകയായിരുന്നില്ല"
സത്യം!!!
"മനുവിന്‍റെ ഒരോ വാക്കും എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്"
അതും ശരിയാ, ആകെ ആറ്‌ വാക്കേ ഞാന്‍ പറഞ്ഞിട്ടുള്ളു.
"മനു ഒരു സാധാരണ വ്യക്തിയല്ല"
ശരിയാണ്‌, ഇറങ്ങി പോകാന്‍ ഒരു ടീച്ചര്‍ പറഞ്ഞിട്ടും സ്റ്റേജില്‍ അഞ്ച് മിനിറ്റ് കുറ്റിയടിച്ച് നിന്ന ഞാന്‍ ഒരു അസാധാരണ വ്യക്തി തന്നെ.
"മനുവിന്‍റെ സംബോധന അപ്രതീക്ഷിതമായിരുന്നു"
പ്രിയപ്പെട്ട സദ്ധ്യക്ഷന്!!!
"തീര്‍ന്നപ്പോഴുള്ള കയ്യടി എന്നെ അത്ഭുതപ്പെടുത്തി"
തീര്‍ന്നല്ലോ എന്ന് ഓര്‍ത്തുള്ള കയ്യടി!!

സാറ്‌ ഇത്രയും പറഞ്ഞ് നിര്‍ത്തിയപ്പോ ഹെഡ്മിസ്ട്രസ്സ് ചോദിച്ചു:
"പിന്നെന്താ മനുവിനു ഫസ്റ്റ് കിട്ടാഞ്ഞത്"
സാറ്‌ ഒരു നിമിഷം നിശബ്ദനായി, എന്നിട്ട് പറഞ്ഞു:
"ശരിക്കും മനു എന്താ പറഞ്ഞതെന്ന് വിധി കര്‍ത്താക്കള്‍ക്ക് പോലും മനസിലായില്ല"
പരമമായ സത്യം!!!

ഓര്‍മ്മകളില്‍ തങ്ങി നിന്ന്, ഒരു നിമിഷം നെടുവീര്‍പ്പിട്ടിട്ട് സാറ്‌ മൈക്ക് കൈ മാറുമ്പോള്‍, ഇനിയുള്ള രണ്ട് വര്‍ഷങ്ങളിലും പ്രസംഗിക്കേണ്ടി വരുമോന്ന് ഓര്‍ത്ത് ഞാന്‍ ഞെട്ടി നില്‍ക്കുകയായിരുന്നു.എന്നാല്‍ അപ്പോഴും സഹപാഠികള്‍ക്ക് ഇടയില്‍ നിന്ന് മധുമതി കൈയ്യടിച്ചു കൊണ്ടേ ഇരുന്നു.


ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com