For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

സൊബാസ്റ്റ്യന്‍ സാറിനു അയിത്തമില്ല


ഏമാന്‍മാര്‍ മാറി മാറി വരുന്ന പോലീസുകാരെക്കാള്‍ കഷ്ടമാണ്‌ പ്രോജക്റ്റ് മാനേജേഴ്സ്സ് മാറി മാറി വരുന്ന ഐ.ടി എഞ്ചിനിയറുടെ ലൈഫ്...
കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ പൊട്ടി!!
ചില മാനേജേഴ്സ്സ് കൊന്നു കൊലവിളിക്കും, മറ്റ് ചിലര്‍ ചിരിച്ചോണ്ട് കഴുത്ത് അറുക്കും, ഇനി ചില മാനേജറുമാര്‍ കുടത്തിലടച്ച ഭൂതത്തെ കിട്ടിയ മുക്കുവനെ പോലാ, തീരുമ്പോ തീരുമ്പോ പണി തരും.
മേല്‍ പറഞ്ഞവരില്‍ നിന്നൊക്കെ വ്യത്യസ്തനായിരുന്നു എന്‍റെ പ്രോജക്റ്റ് മാനേജര്‍, നമുക്ക് ഇദ്ദേഹത്തെ സൊബാസ്റ്റ്യന്‍ എന്ന് വിളിക്കാം...
സുന്ദരന്‍, സുമുഖന്‍, സുകുമാരന്‍, സര്‍വ്വോപരി സുനുഷ്കരന്‍..
അതേ, അതാണ്‌ സൊബാസ്യന്‍...
മിസ്റ്റര്‍ സൊബാസ്റ്റ്യന്‍!!!

ഇതിയാന്‍റെ ചില സ്വഭാവ സവിശേഷതകള്‍...
എന്തിനും ഏതിനും ഇദ്ദേഹത്തിനു സ്വന്തമായി ഒരു സിദ്ധാന്തമുണ്ട്, അത് മറ്റുള്ളവരെ അറിയിക്കാന്‍ ചറപറാന്ന് സംസാരിക്കുന്ന സ്വഭാവമില്ല.പറയാനുള്ള കാര്യത്തിന്‍റെ പോയിന്‍റ്‌ മാത്രമേ പറയു.ഇത് മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ സ്വല്പം ബുദ്ധിമുട്ടുമാണ്.നടുഭാവം പൂച്ച കൊണ്ട് പോയത് പോലാ, തലയും വാലും മാത്രമേ പറയൂ, ബാക്കി ഊഹിച്ച് എടുത്തോണം.
മറ്റൊരു സവിശേഷത ഇദ്ദേഹം ഭയങ്കര വര്‍ക്ക് ഹോളിക്കാണ്‌ എന്നതാണ്.വെളുപ്പാന്‍ കാലത്ത് നാലുമണിക്ക് തന്നെ ഓഫീസില്‍ ഹാജരാവുമത്രേ, തുടര്‍ന്ന് രാത്രി രണ്ട് മണി വരെ ജോലി തന്നെ ജോലി.രണ്ട് മണിക്ക് ഓഫീസ്സ് പൂട്ടി കാറുമെടുത്ത് തൃശുരിലേ വീട്ടിലേക്ക് ഒറ്റ പോക്കാ.കൊച്ചുവെളുപ്പാന്‍ കാലത്ത് കതകില്‍ തട്ടി ഭാര്യയേയും കൊച്ചിനേയും ഉണര്‍ത്തും, തുടര്‍ന്ന് താനിപ്പോഴും ജീവിച്ചിരുപ്പുണ്ടെന്ന് ബോധ്യപ്പെടുത്തിയിട്ട് അതേ കാറില്‍ തിരിച്ച് ഓഫീസിലേക്ക്...
കൃത്യം നാലുമണിക്ക് ഓഫീസില്‍ ഹാജര്‍.
ഇതാണ്‌ ദിനചര്യ!!!

വര്‍ഷത്തില്‍ ഒരു ദിവസമെങ്കിലും ലീവ് എടുക്കാത്തവര്‍ കാണില്ല, എന്നാല്‍ ഇദ്ദേഹം ലീവേ എടുക്കാറില്ല.അതിയാനു മുന്നൂറ്റി അറുപത്തിയഞ്ച് ദിവസത്തില്‍ കൂടുതല്‍ ലീവ് ബാലന്‍സ് ഉണ്ടെന്നാണ്‌ ജനസംസാരം.
അങ്ങനെയുള്ള ഇദ്ദേഹം കഴിഞ്ഞ ആഴ്ച ഒരു ലീവെടുത്തു!!
അതും തിങ്കളാഴ്ച.
അത് ബൃഹത്തായ ഒരു സംഭവത്തിന്‍റെ തുടക്കമായിരുന്നു...

ആ തിങ്കളാഴ്ച.
ഓഫീസില്‍ ചെന്നപ്പോള്‍ ടീമിലുള്ളവരെല്ലാം കൂടി കുട്ടിം കോലും കളിക്കുന്നു.അപ്പോഴേ മനസിലായി, മാനേജര്‍ ഈസ് മിസ്സിംഗ്.
എവിടെ പോയോ എന്തോ??
കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് മെയില്‍ ബോക്സ്സ് തുറന്നപ്പോ ഒരു മെയില്‍...
കാള്‍ മീ!!!
ആ ഇരുന്ന ഇരുപ്പില്‍ മൂന്ന് പ്രാവശ്യം ഉറക്കെ വിളിച്ചു:
"പ്രോജക്റ്റ് മാനേജരേ, പ്രോജക്റ്റ് മാനേജരേ, പ്രോജക്റ്റ് മാനേജരേ....."
ഇല്ല, ആരും വിളി കേള്‍ക്കുന്നില്ല.
സൌണ്ട്  മാറ്റി വീണ്ടും വിളിച്ചു:
"സൊബാസ്റ്റ്യന്‍, സൊബാസ്റ്റ്യന്‍, എടാ സൊബാസ്റ്റ്യാ......"
നോ ആന്‍സര്‍!!!
തിരിച്ച് മെയില്‍ അയച്ചു...
ഐ കാള്‍ഡ്, ബട്ട് നോ ആന്‍സര്‍.
അഞ്ച് മിനിറ്റിനകം അദ്ദേഹം എന്‍റെ ഫോണില്‍ വിളിച്ചു:
"മനു, ഞാനിന്ന് ലീവാ"
"എന്ത് പറ്റി സാര്‍?"
"കണ്ണ്‌ ദീനമാണെന്ന് തോന്നുന്നു, കണ്ണൊക്കെ ചുവന്നിരിക്കുന്നു, ഇന്ന് വന്നാല്‍ ശരിയാകില്ല"
അത് സത്യമാണ്.
ചുവന്ന കണ്ണുമായി അദ്ദേഹം വന്നാല്‍ ശരിയാകത്തില്ല.
അത് മറ്റൊന്നും കൊണ്ടല്ല, വന്നാല്‍ സാധാരണ മുങ്ങി നടക്കുന്നവര്‍ വരെ അദ്ദേഹത്തിന്‍റെ ക്യാബിനില്‍ ചെല്ലും, എന്നിട്ട് ചുവന്ന കണ്ണിലൊന്ന് നോക്കും, തുടര്‍ന്ന് 'ഇത് നോക്കിയാ പകരുന്ന രോഗമാ, അല്ലേ സാറേ' എന്നൊന്ന് ചോദിച്ചിട്ട് തിരിച്ച് പോകും.
പിറ്റേന്ന് അവരില്‍ നിന്നൊക്കെ ഒരു ഫോണ്‍ പ്രതീക്ഷിക്കാം:
"സാര്‍, കണ്ണൊക്കെ ചൊറിയുന്നു, ചെറിയ ചുവപ്പുമുണ്ട്, ഐ തിങ്ക്......!!!"
പ്രോജക്റ്റ് മാനേജര്‍ക്ക് വല്ലതും പറയാന്‍ പറ്റുമോ, താനല്ലേ കാരണം, ഒടുവില്‍ മനസില്ലാ മനസ്സോടെ അദ്ദേഹത്തിനു പറയേണ്ടി വരും:
"ലീവെടുത്തോളു."
ഒരാഴ്ച അവരങ്ങ് ആഘോഷിക്കും, ഫേസ്സ് ബുക്കില്‍ സ്റ്റാറ്റസ്സ് ചെയിഞ്ച് ചെയ്യും..
മദ്രാസ്സ് ഐ, പ്ലീസ്സ് ലൈക്ക് മീ, പ്ലീസ്സ് ഷെയര്‍ മീ!!
എല്ലാവരും ലൈക്ക് ചെയ്യും, മാക്സിമം ആള്‍ക്കാര്‍ ഷെയര്‍ ചെയ്യും, അങ്ങനെ ഐ.ടി കമ്പനികളിലെ എംപ്ലോയ്സ്സ് കൂട്ടത്തോടെ ലീവെടുക്കും.
ഇങ്ങനെയൊരു സിറ്റുവേഷന്‍ ഒഴിവാക്കാന്‍ വേണ്ടി അദ്ദേഹം ആ തീരുമാനമെടുത്തു:
"കണ്ണ്‌ ദീനമാണെന്ന് തോന്നുന്നു, കണ്ണൊക്കെ ചുവന്നിരിക്കുന്നു, ഇന്ന് വന്നാല്‍ ശരിയാകില്ല"
എ ഗ്രേറ്റ് ഡിസിഷന്‍!!

അങ്ങനെ ജോലി ആരംഭിച്ചു...
ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് കാണും, എച്ച്.ആര്‍ ഒരു പുതിയ എംപ്ലോയിയേയും കൂട്ടി എന്‍റെ അടുത്ത് വന്നു, എന്നിട്ട് പറഞ്ഞു:
"ന്യൂ ജോയിനാ, നിങ്ങടെ ടീമാ, പ്രോസസ്സ് ഒക്കെ ഒന്ന് പരിചയപ്പെടുത്താന്‍ സാര്‍ പറഞ്ഞു"
ഓക്കേ.
ആളെ പരിചയപ്പെട്ടു..
വണ്‍ മിസ്റ്റര്‍ ജയിംസ്.
അത്യാവശ്യം ഭേദപ്പെട്ട ഒരു കമ്പനിയില്‍ നിന്നാണ്‌ വരവ്.പ്രോജക്റ്റിനെ കുറിച്ചൊന്ന് പരിചയപ്പെടുത്തിയിട്ട് അദ്ദേഹത്തെ ഒരു സീറ്റില്‍ പ്രതിഷ്ഠിച്ചു.
വീണ്ടും ജോലിയില്‍ മുഴുകി.

അരമണിക്കൂര്‍ കഴിഞ്ഞ് ജയിംസ് അടുത്ത് വന്നു, എന്നിട്ട് ചോദിച്ചു:
"ആരാ നമ്മുടെ പ്രോജക്റ്റ് മാനേജര്‍?"
"മിസ്റ്റര്‍ സൊബാസ്റ്റ്യന്‍" ഞാന്‍ മറുപടി പറഞ്ഞു.
എന്നില്‍ നിന്ന് വ്യക്തമായ മറുപടി കേട്ടപ്പോള്‍ ജയിംസ് പറഞ്ഞു:
"താങ്ക്യൂ"
ആ താങ്ക്യൂ എനിക്കങ്ങ് ബോധിച്ചു, ജയിംസ്സ് ആളൊരു സംസ്ക്കാര സമ്പന്നന്‍ തന്നെ.ഞാന്‍ തിരികെ പറഞ്ഞു:
"വെല്‍കം"
അത് കേട്ടതും ഒന്ന് ചിരിച്ച് കാണിച്ചിട്ട് ജയിംസ് തിരികെ നടന്നു.ഇതാണ്‌ ഇംഗ്ലീഷിന്‍റെ ഒരു കുഴപ്പം, ഒരാളോട് 'വെല്‍കം' എന്ന് പറഞ്ഞാല്‍ അയാള്‍ അകത്തോട്ട് വരുമോ അതോ പുറത്തോട്ട് പോകുമോന്ന് സാഹചര്യം അനുസരിച്ച് മാത്രമേ തീരുമാനിക്കാന്‍ പറ്റു.
ഇതിനെ ആരാണോ യൂണിവേഴ്സല്‍ ലാംഗേജ് ആക്കിയത്??
അമര്‍ഷം മറച്ച് വച്ച് വീണ്ടും വര്‍ക്കിലേക്ക്....

അരമണിക്കൂര്‍ കഴിഞ്ഞ് ജയിംസ് വീണ്ടും ആഗതനായി.
"മിസ്റ്റര്‍ മനു, വണ്‍ ഡൌട്ട്..."
"യെസ്സ്"
"വെര്‍ ഈസ്സ് സൊബാസ്റ്റ്യന്‍ സാര്‍?"
"സാര്‍ ഇന്ന് ലീവാണ്"
എന്‍റെ മറുപടി കേട്ടപ്പോള്‍ അവന്‍ പറഞ്ഞു:
"താങ്ക്യൂ!!!"
ഇക്കുറി ഞാന്‍ വെല്‍കം പറഞ്ഞില്ല, ഇനി ഞാന്‍ 'വെല്‍കം' എന്ന് പറഞ്ഞാല്‍ ഇവന്‍ തിരിച്ച് പോകുമോ അതോ എന്‍റെ മടിയില്‍ കയറി ഇരിക്കുമോന്ന് ആര്‍ക്ക് അറിയാം??
അവന്‍ തിരിച്ച് പോയി, ഞാന്‍ വീണ്ടും ജോലിയിലേക്ക്...

സമയം ഇഴഞ്ഞ് നീങ്ങി..
ജയിംസ്സ് വീണ്ടും വന്നു.
"മിസ്റ്റര്‍ മനു, വണ്‍ മോര്‍ ഡൌട്ട്..."
നാശം!!!
എന്താണാവോ??
"സൊബാസ്റ്റ്യന്‍ സാര്‍ എന്തിനാണ്‌ ലീവെടുത്തത്?"
"അങ്ങേര്‍ക്ക് കണ്ണ്‌കടിയാ" ഞാന്‍ പിറുപിറുത്തു.
"സോറി" ജയിംസ് അത് വ്യക്തമായി കേട്ടില്ല.
"ഐ മീന്‍ ക്ലയിന്‍റ്‌ മീറ്റിംഗ്"
ഓഹോ??
യെസ്സ്, മീറ്റിംഗ്സ്സ് ആന്‍ഡ് മീറ്റിംഗ്സ്സ്.
ഇന്ന് അമേരിക്ക, നാളെ ദുഫായ്, പിന്നെ ചാലക്കുടി, പേരാമ്പ്ര,..എക്സട്രാ...എക്സട്രാ...
മീറ്റിംഗ്സ്സ് ആന്‍ഡ് മീറ്റിംഗ്സ്സ്, ലോട്ട്സ്സ് ഓഫ് മീറ്റിംഗ്സ്സ്!!
ജയിംസിനു പ്രോജക്റ്റ് മാനേജരെ കുറിച്ചൊരു മതിപ്പായി..
ഭയങ്കരന്‍, ആളൊരു സംഭവം തന്നെ!!

ചൊവ്വാഴ്ചയായി...
സൊബാസ്റ്റ്യന്‍ സാര്‍ അന്നും ലീവ്, കണ്ണിലെ ചുവപ്പ് മാറിയില്ലത്രേ.
ഉച്ചക്ക് ജയിംസ് ചോദിച്ചു:
"സാര്‍ വന്നില്ലല്ലേ?"
"ഇല്ല"
"ക്ലയിന്‍റ്‌ മീറ്റിംഗിനു പോയതായിരിക്കും, അല്ലേ?"
"അതേ...അതേ..."
"ഇന്ന് എവിടെയാ മീറ്റിംഗ്?"
"ഉഗാണ്ടയില്"
അവനു സന്തോഷമായി, അവന്‍ പറഞ്ഞു:
"താങ്ക്യൂ!!!"
ഉവ്വ, വരവ് വച്ചിരിക്കുന്നു.
അവന്‍ പോയി.

ബുധനാഴ്ച പ്രോജക്റ്റ് മാനേജര്‍ വന്നു.ഓടി റൂമിലെത്തി ഞാന്‍ നോക്കി, ഇല്ല, കണ്ണിനു ചുവപ്പില്ല.അപ്പോ ഇനി പകരില്ലല്ലോ എന്ന എന്‍റെ ചോദ്യത്തിനു ചിരിച്ച് കൊണ്ട് അദ്ദേഹം മറുപടി നല്‍കി:
"നിങ്ങളൊക്കെ കരുതുന്ന പോലെ കണ്ണുദീനം നോക്കിയാ പകരില്ല, അത് സ്പര്‍ശനത്തിലൂടെ മാത്രമേ പകരു"
അതെനിക്ക് ഒരു പുതിയ അറിവായിരുന്നു.
അതായത് പ്രോജക്റ്റ് മാനേജര്‍ കണ്ണ്‌ തുടച്ച് കൈ കൊണ്ട് നമ്മളെ സ്പര്‍ശിച്ചാല്‍, രോഗാണുക്കള്‍ നമ്മളിലും എത്താന്‍ ചാന്‍സ് കൂടുതലാണ്.അതിനാല്‍ തന്നെ ഞാന്‍ അദ്ദേഹത്തെ സ്പര്‍ശിക്കാതിരിക്കാന്‍ മാക്സിമം ശ്രദ്ധിച്ചു, അതേ പോലെ മറ്റുള്ളവരെ സ്പര്‍ശിക്കാതിരിക്കാന്‍ പ്രോജക്റ്റ് മാനേജരും ശ്രദ്ധിച്ചു.
മീറ്റിംഗുകള്‍ ഒന്നൊന്നായി നടന്നു.
ഒടുവില്‍ പുതിയ ടീം അംഗമായ ജയിംസിനെ പരിചയപ്പെടുന്ന മീറ്റിംഗായി...

കോണ്‍ഫ്രണ്‍സ്സ് റൂമില്‍ ഞാനും ജയിംസും ഇരിക്കുന്നിടത്തേക്ക് പ്രോജക്റ്റ് മാനേജര്‍ കടന്ന് വന്നു.വന്നപാടെ ഓര്‍ക്കാതെ കൈ നീട്ടി അദ്ദേഹം പറഞ്ഞു:
"ഞാന്‍ സൊബാസ്റ്റ്യന്‍"
ജയിംസ് അദ്ദേഹത്തിനു ഷെയ്ക്ക് ഹാന്‍ഡ് നല്‍കി പറഞ്ഞു:
"ഞാന്‍ ജയിംസ്"
അത് കണ്ട് നിന്ന എനിക്കൊരു ഉള്‍ക്കിടിലമുണ്ടായി...
ജയിംസ് സൊബാസ്റ്റ്യന്‍ സാറിനെ സ്പര്‍ശിച്ചിരിക്കുന്നു!!!
അപകടം!!!
ഞാനത് പ്രോജക്റ്റ് മാനേജറുടെ ശ്രദ്ധയില്‍ പെടുത്തി:
"സാര്‍, ജയിംസ് സാറിനെ തൊട്ടു"
അബദ്ധം മനസിലാക്കിയ പ്രോജക്റ്റ് മാനേജര്‍ ഒരു നിമിഷം തലയില്‍ കൈ വച്ചു, എന്നിട്ട് ജയിംസിനോടായി ചോദിച്ചു:
"ഷെയ്ക്ക് ഹാന്‍ഡ് തന്നാരുന്നു, അല്ലേ?"
"സോറി" അവനു ആ ചോദ്യം മനസിലായില്ല.
"ജയിംസ് എന്നെ തൊട്ടായിരുന്നു, അല്ലേ?" മാനേജര്‍ ചോദ്യം സിംപിളാക്കി.
"തൊട്ടായിരുന്നു സാര്‍"
"എങ്കില്‍ ടൊയിലറ്റില്‍ പോയി പെട്ടന്ന് കൈ സോപ്പിട്ട് തേച്ച് കഴുകി കൊള്ളു"
മാനേജരുടെ ഉപദേശം.
ജയിംസ്സ് ഒന്ന് ഞെട്ടി, അവന്‍ അമ്പരപ്പോടെ എന്നെ നോക്കി...
അവന്‍ ഇത്രയും നാളത്തെ എക്സ്പീരിയന്‍സിനിടക്ക് ഒരുപാട് പ്രോജക്റ്റ് മാനേജേഴ്സിനെ കണ്ടിട്ടുണ്ട്, തൊട്ടിട്ടുണ്ട്.പക്ഷേ തൊട്ടതിന്‍റെ പേരില്‍ കൈ സോപ്പിട്ട് കഴുകേണ്ടി വരുന്നത് ആദ്യമായിട്ടാ.
ഇതെന്താ ഇങ്ങനെ??
അയിത്തമാണോ??
അമ്പരന്നുള്ള ആ നോട്ടത്തിനുള്ളിലെ ചോദ്യത്തിനുള്ള ഉത്തരം പിന്നെ പറയാമെന്ന് ഞാന്‍ കണ്ണടച്ച് കാണിച്ചു, അയാള്‍ കൈ കഴുകി തിരികെ വന്നു.
മീറ്റിംഗ് തുടര്‍ന്നു...

മീറ്റിംഗ് തീര്‍ന്നു സൊബാസ്റ്റ്യന്‍ സാര്‍ ഇറങ്ങിയതിനു പിന്നാലെ ജയിംസ് എന്‍റെ അരികില്‍ വന്നു, എന്നിട്ട് ചോദിച്ചു:
"ഇതെന്താ ഇങ്ങനെ?"
"എന്ത്?"
"പുള്ളിക്കാരനെ തൊട്ടതിനു സോപ്പിട്ട് കൈ കഴുകാന്‍ പറഞ്ഞത്...?!!"
ഞാന്‍ ചുറ്റും നോക്കി, അടുത്തൊന്നും ആരുമില്ല, പറ്റിയ അവസരം.
പതിഞ്ഞ സ്വരത്തില്‍ ഞാന്‍ മറുപടി നല്‍കി:
"ജയിംസിനോടായത് കൊണ്ട് ഞാന്‍ സത്യം പറയാം, നമ്മടെ സൊബാസ്റ്റ്യന്‍ സാര്‍ ഉണ്ടല്ലോ, നമുക്കൊന്നും തൊടാന്‍ കൊള്ളാവുന്ന വ്യക്തിയല്ല.അബദ്ധത്തില്‍ തൊട്ടാല്‍ ഞങ്ങളെല്ലാം സോപ്പിട്ട് കൈ കഴുകാറുണ്ട്"
റിയലി??
അവനു അമ്പരപ്പ്.
"യെസ്സ്, റിയലി....ശരിക്കും ഡെറ്റോളിട്ടാ കഴുകേണ്ടത്, തത്ക്കാലം സോപ്പായാലും മതി"
ഞാന്‍ തറപ്പിച്ചു പറഞ്ഞു.
പ്രോജക്റ്റ് മാനേജരെ കുറിച്ചുള്ള ചീട്ടു കൊട്ടാരം തകര്‍ന്ന് അടിഞ്ഞ വേദനയില്‍ ജയിംസ്സ് ആ റൂമില്‍ നിന്ന് ഇറങ്ങി, വല്ലാത്തൊരു ആത്മനിര്‍വൃതിയില്‍ ഞാനും..

പിറ്റേന്ന് മുതല്‍ പ്രോജക്റ്റ് മാനേജരെ തൊടാതിരിക്കാന്‍ ജയിംസ് കഴിവതും ശ്രദ്ധിക്കുമായിരുന്നു.ഒരിക്കല്‍ ഏതോ വര്‍ക്ക് കംപ്ലീറ്റ് ആക്കിയതിനു പ്രോജക്റ്റ് മാനേജര്‍ എനിക്ക് ഷെയ്ക്ക് ഹാന്‍ഡ് തന്നത് കണ്ട് അവന്‍ എന്നോട് രഹസ്യമായി ചോദിച്ചു:
"ഞാന്‍ ഡെറ്റോള്‌ കൊണ്ട് വന്നിട്ടുണ്ട്, വേണോ?"
വേണ്ട, ഞാന്‍ സോപ്പിട്ട് കഴുകി കൊള്ളാം!!
പൊട്ടന്‍.
സത്യം മനസിലാക്കാത്ത വിഡ്ഡി.
അവനോട് ആ നിമിഷം പോലും സത്യം പറയാതിരുന്നത് അപകടമായി പോയെന്ന് എനിക്ക് ബോധ്യം വന്നത് പിന്നെയും രണ്ട് ദിവസം കഴിഞ്ഞാണ്.
ശരിക്കു പറഞ്ഞാല്‍ ഓഫീസിലെ ക്രിസ്തുമസ്സ് ന്യൂ ഇയര്‍ ആഘോഷ വേളയില്‍..

ക്രിസ്തുമസ്സ് -  ന്യൂ ഇയര്‍ ആഘോഷം.
എല്ലാ സ്റ്റാഫും അവരുടെ കുടുംബവും പങ്കെടുക്കുന്ന ആഘോഷ വേള.അതിനിടയില്‍ എപ്പോഴോ ജയിംസിന്‍റെ വൈഫ് മറ്റൊരു സ്റ്റാഫിന്‍റെ വൈഫിനോട് പറഞ്ഞു...
ഇവരുടെ പ്രോജക്റ്റ് മാനേജരെ തൊട്ടാ സോപ്പിട്ട് കൈ കഴുകണം!!
കാത് കാതിനോട് കിന്നാരം പറഞ്ഞു, ആ വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു.ഗായത്രി എന്നെ മാറ്റി നിര്‍ത്തി ചോദിച്ചു:
"സൊബാസ്റ്റ്യന്‍ സാറിനെ തൊട്ടാ നിങ്ങളൊക്കെ സോപ്പിട്ട് കൈ കഴുകുമോ?"
എന്‍റമ്മേ!!!
എന്‍റെ നട്ടെല്ലില്‍ കൂടി ഒരു എലിവാണം പാഞ്ഞു പോയി!!!
"നിന്നോട് ആര്‌ പറഞ്ഞു?"
"അതിവിടെ അങ്ങാടി പാട്ടാ" അവളുടെ മറുപടി.
എന്‍റെ കാര്യത്തിലൊരു തീരുമാനമായി.

അപ്പോഴാണ്‌ സൊബാസ്റ്റ്യന്‍ സാറിന്‍റെ ഭാര്യയും രണ്ട് വയസ്സുകാരന്‍ മകനും ഞങ്ങളുടെ അടുത്തേക്ക് വന്നത്.ആ പയ്യനെ കണ്ടപ്പോള്‍ ജയിംസിന്‍റെ ഭാര്യക്ക് ഒരു സംശയം, അവരത് തുറന്ന് ചോദിച്ചു:
"എപ്പോഴും സോപ്പിട്ട് കഴുകുന്ന കൊണ്ടായിരിക്കും മോന്‍റെ കൈയ്യൊക്കെ വെളുത്തിരിക്കുന്നത്, അല്ലേ?"
ഒരു ഒടുക്കത്തെ സംശയം തന്നെ!!
എന്‍റെ കഞ്ഞിയില്‍ പാറ്റ ഇട്ടിട്ടേ ഈ പെണ്ണുമ്പിള്ള അടങ്ങത്തുള്ളന്നാ തോന്നുന്നത്.കൈ വിട്ട ആയുധവും വാ വിട്ട വാക്കും തിരിച്ച് എടുക്കാന്‍ പറ്റത്തില്ലെന്ന് പറയുന്നത് എത്ര സത്യമാ.എന്‍റെ പറശ്ശിനിക്കടവ് മുത്തപ്പാ, സാറിന്‍റെ ഭാര്യക്ക് സംശയമൊന്നും തോന്നല്ലേ.
പ്രാര്‍ത്ഥന ഫലിച്ചു, ആ സാധു സ്ത്രീ മറുപടി പറഞ്ഞു:
"അയ്യോ, എപ്പോഴുമൊന്നും കഴുകാറില്ല.പിന്നെ അദ്ദേഹത്തെ തൊടുമ്പോ മാത്രം കൈ കഴുകിപ്പിക്കും"
നല്ല  മറുപടി, ശുദ്ധമായ പാല്‍ പോലെ വെളുത്തത്!!
സാറിനെ തൊടുമ്പോ മാത്രമേ കൈ കഴുകത്തൊള്ളത്രേ.
ഇത് കേട്ടതും താന്‍ പറഞ്ഞത് ശരിയല്ലേ എന്ന മട്ടില്‍ ജയിംസ് തല ഉയര്‍ത്തി അവന്‍റെ ഭാര്യയെ നോക്കി, അവള്‍ തല കുലുക്കി...
നിങ്ങളൊരു ഭയങ്കരന്‍ തന്നെ!!

സംഭവത്തിന്‍റെ ഗതി കണ്ട് തലയില്‍ കൈ വച്ചിരുന്ന എനിക്ക് അരികിലേക്ക് അതേ പോസില്‍ പ്രോജക്റ്റ് മാനേജര്‍ വന്നിരുന്നു.കാര്യങ്ങളൊക്കെ അറിഞ്ഞുള്ള വരവാണ്, ഞാന്‍ തല തിരിച്ച് നോക്കാന്‍ പോയില്ല.അദ്ദേഹം എന്‍റെ മുഖത്ത് നോക്കിയില്ല, നേരെ നോക്കി ഇരുന്ന് ചോദിച്ചു:
"എന്നെ തൊട്ടാ കൈ കഴുകണമെന്ന് മനു ആരോടെങ്കിലും പറഞ്ഞോ?"
"അത് സാറല്ലേ പറഞ്ഞത്?" എന്‍റെ നിഷ്കളങ്കമായ ചോദ്യം.
പിന്നെ സാറിനു ചോദ്യമില്ല, അദ്ദേഹം എഴുന്നേറ്റ് പോയി.
ആ മനസ്സ് വിഷമിച്ചോ എന്തോ??
അദ്ദേഹത്തെ ഒന്ന് സന്തോഷിപ്പിക്കണമെന്ന് എനിക്ക് തോന്നി, കുഞ്ഞുങ്ങളെ സന്തോഷിപ്പിച്ചാല്‍ ഏത് അച്ഛന്‍റെയും അമ്മയുടെയും മനസ്സ് സന്തോഷിക്കും എന്ന സാമാന്യ തത്വത്തില്‍ മനസ്സ് അര്‍പ്പിച്ച് സാറിന്‍റെ മോനെ ഞാന്‍ എടുത്തു...
ആ നിമിഷം തന്നെ അവനെന്‍റെ ദേഹത്ത് പുണ്യാഹം തളിച്ചു.
ദുഷ്ടന്‍!!
മാനേജരുടെ മോന്‍ തന്നെ...
വെറുതെ പണി തരും!!!
സ്ത്രീ ജനങ്ങളുടെ ചിരി ഉയര്‍ന്നപ്പോള്‍ ഞാനവനെ താഴെ നിര്‍ത്തി.അപ്പോള്‍ നിഷ്കളങ്കമായ ചിരിയോടെ അവന്‍ ചോദിച്ചു:
"ഇഷ്ടപ്പെട്ടോ?"
ഏതാണ്ട് വല്യ പുണ്യപ്രവര്‍ത്തി ചെയ്ത പോലാ അവന്‍റെ ചോദ്യം.
ഇഷ്ടപ്പെട്ടോന്ന്??
ഇഷ്ടപ്പെട്ടു...ഇഷ്ടപ്പെട്ടു...ഒരുപാട് ഇഷ്ടപ്പെട്ടു!!
"സോറി, അവനിങ്ങനെ ചെയ്യുമെന്ന് കരുതിയില്ല"
സൊബാസ്റ്റ്യന്‍ സാറിന്‍റെ വൈഫിന്‍റെ ക്ഷമാപാണം.
അതിനു എന്ത് മറുപടി പറയണമെന്നറിയാതെ വിഷമിച്ച് നിന്നപ്പോള്‍ ഗായത്രി സഹായത്തിനെത്തി:
"ഇതൊന്നും ചേട്ടനു പുത്തരിയല്ല, നാട്ടിലുള്ള കുട്ടികളൊക്കെ ചേട്ടന്‍റെ മേത്താ മൂത്രമൊഴിക്കുന്നത്"
അവളെന്താണാവോ ഉദ്ദേശിച്ചത്??
ഓഫീസില്‍ കൂട്ടച്ചിരി.
അവള്‍ തിരുത്തി:
"എല്ലാ കുട്ടികളുമില്ല, ചേട്ടന്‍ എടുക്കുന്നവര്‍ മാത്രം"
വീണ്ടും ചിരി.
അത് കേട്ടതും പറഞ്ഞത് ശരിയല്ലേ എന്ന മട്ടില്‍ അവള്‍ എന്നെ നോക്കി....
ശരിയാണ്‌, വളരെ ശരിയാണ്...
ഇവിടം കൊണ്ട് നിര്‍ത്തിക്കോണം.

ടൊയിലറ്റില്‍ കേറി കൈയ്യും ദേഹവും തുടച്ച് കൊണ്ടിരുന്നപ്പോള്‍ സംഭവിച്ചതൊന്നും അറിയാതെ ജയിംസ് അവിടേക്ക് വന്നു.രംഗം ഒന്ന് നോക്കിയട്ട് അവന്‍ ചോദിച്ചു:
"എന്നാ പറ്റി?"
"ഹേയ്, നമ്മടെ സൊബാസ്റ്റ്യന്‍ സാറിന്‍റെ മോനേ ഒന്ന് എടുത്തതാ"
എന്‍റെ മറുപടി കേട്ടതും അവന്‍ ചോദിച്ചു:
"അപ്പോ സാറിന്‍റെ മോനേ എടുത്താലും സോപ്പിട്ട് കഴുകണോ?"
നാക്കില്‍ ചൊറിഞ്ഞ് വന്നത് വിഴുങ്ങി ഞാനവനെ രൂക്ഷമായൊന്ന് നോക്കി, അത് മനസിലാക്കാതെ അവന്‍ വീണ്ടും ചോദിച്ചു:
"എന്‍റെ കൈയ്യില്‍ ഡെറ്റോളുണ്ട്, വേണോ?"
ഇവന്‍ പൊട്ടനാണോ അതോ ബുദ്ധിമാനോ??
എനിക്കാകെ സംശയമായി.
എങ്കിലും പറഞ്ഞു:
"വേണ്ടാ"

കുറ്റബോധം കൊണ്ട് നീറിയ മനസ്സുമായി പ്രോജക്റ്റ് മാനേജരുടെ അടുത്തേക്ക്.
സത്യം ബോധിപ്പിച്ചു, എന്നിട്ട് പറഞ്ഞു:
"ഒരു തമാശയായി കരുതിയതാ, ഇങ്ങനാവുമെന്ന് നിരീച്ചില്യ"
അദ്ദേഹം ഒന്ന് ചിരിച്ചു, എന്നിട്ട് പറഞ്ഞു:
"നിങ്ങക്ക് ഒക്കെ ഒരു വിചാരമുണ്ട് ഞാന്‍ നിങ്ങളെ മനപൂര്‍വ്വം ദ്രോഹിക്കുന്നതാണെന്ന്.സത്യം പറഞ്ഞാ എനിക്കും മാനേജ്മെന്‍റീന്ന് പ്രഷറുണ്ട്.അവരെയും കുറ്റം പറയേണ്ടാ, അവര്‍ക്ക് ക്ലൈന്‍റീന്ന് നല്ല പ്രഷര്‍ കാണും."
അത് കേട്ടതും സ്വഭാവികമായി ഉണ്ടായ ഒരു സംശയം ഞാന്‍ ചോദിച്ചു:
"അപ്പോ ക്ലയിന്‍റിനു മാത്രം ഒരു കുഴപ്പവുമില്ല, അല്ലേ സാര്‍?"
പ്രോജക്റ്റ് മാനേജര്‍ സ്വയമൊന്ന് ചിരിച്ചു, എന്നിട്ട് ചോദിച്ചു:
"നമ്മളെ പോലുള്ളവര്‍ ഉണ്ടാക്കുന്ന പ്രോഡക്റ്റ്സ്സ് അല്ലേ അവര്‍ ഉപയോഗിക്കുന്നത്, അതില്‍ കൂടുതല്‍ എന്ത് കുഴപ്പം വരാനാ?"
അതിനു എനിക്ക് മറുപടി ഇല്ലെന്ന് കണ്ടപ്പോ അദ്ദേഹം പറഞ്ഞു:
"ഈ ലോകത്ത് പ്രശ്നങ്ങള്‍ ഇല്ലാത്ത മനുഷ്യനില്ല മനു"
സത്യം.
പ്രശ്നങ്ങള്‍ മനുഷ്യന്‍റെ കൂടെപിറപ്പാണ്.

ആ കൂടികാഴ്ച പിരിയുന്നതിനു മുമ്പ് സത്യന്‍ അന്തിക്കാടിന്‍റെ പടത്തില്‍ മോഹന്‍ലാല്‍ ഉപദേശിക്കുന്ന പോലെ ഒരു ഉപദേശവും അദ്ദേഹം തന്നു.ഈ പുതുവര്‍ഷ വേളയില്‍, അയിത്തമില്ലാത്ത സൊബാസ്റ്റ്യന്‍ സാറിന്‍റെ ആ ഉപദേശം ഞാന്‍ നിങ്ങള്‍ക്കൊപ്പം പങ്ക് വയ്ക്കുന്നു...

"പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും കാണും, ഒളിച്ചോടുന്നത് ഭീരുത്വമാ, തല്ലി തോല്‍പ്പിക്കാമെന്ന് വിചാരിക്കുന്നത് മണ്ടത്തരവും, ഏറ്റവും ബെസ്റ്റ് ചിരിച്ചോണ്ട് നേരിടുന്നതാ, അപ്പോ വിജയം നമുക്ക് തന്നെയാവും"

വിജയങ്ങള്‍ നിറഞ്ഞ ഒരു പുതുവര്‍ഷത്തിനായി പ്രാര്‍ത്ഥിച്ച് കൊണ്ട്...
എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ്സ് പുതുവത്സര ആശംസകള്‍.


യന്ത്രങ്ങള്‍ക്ക് ഹൃദയമുണ്ടോ?!


"ന്‍റെ പ്പൂപ്പാക്ക് ഒരു ആന ഉണ്ടാര്‍ന്നു"
സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് ഇമ്മാതിരി ഡയലോഗ് വീശിയാണ്‌ ഞാന്‍ ഒരു ഹീറോ ആയി വിലസിയത്.കുറേ നാള്‍ കഴിഞ്ഞ് ആനയുടെ മാര്‍ക്കറ്റ് പോയപ്പോ വീട്ടില്‍ ടീ.വി ഉണ്ടെന്ന് പറഞ്ഞ് ചെത്തി നടന്നു.പിന്നെ ബി.എസ്സ്.എ - എസ്സ്.എല്‍.ആര്‍ സൈക്കിളിലായി വിലസല്.കാലം എന്നെ ബൈക്കില്‍ കേറ്റി, താമസിയാതെ അതിന്‍റെ മാര്‍ക്കറ്റും പോയി. അപ്പോഴായിരുന്നു അവന്‍ വന്നത്..
പിന്നീടുള്ള ചുവടു വയ്പ്പുകളിലെ എന്‍റെ സന്തത സഹചാരി...
നാല്‌ വീലും, പോരാഞ്ഞതിനു സ്റ്റെപ്പിനിയുമുള്ള ഒരു ജഗജില്ലി..
ഒരു പച്ച കാറ്.
അങ്ങനെ അന്ന് മുതല്‍ ഞാനൊരു കാര്‍ മുതലാളിയായി.

പുതുപ്പെണിനെ മണിയറയില്‍ കേറ്റുന്ന പോലെ മുല്ലപ്പൂ വിതറിയ തറയില്‍ അതിനെ പാര്‍ക്ക് ചെയ്തു.പകരം പുത്തനച്ചി പുരപ്പുറം തൂക്കുന്ന പോലെ പ്രത്യേകിച്ച് കംപ്ലയിന്‍റൊന്നുമില്ലാതെ അത് എന്നെ വഹിച്ച് നടന്നു.
കാലം കടന്ന് പോയി...
നീണ്ട പത്ത് വര്‍ഷം.
എ ലോങ്ങ് ടെന്‍ ഇയേഴ്സ്സ്!!!
വാര്‍ദ്ധക്യത്തില്‍ അസ്ഥിക്ഷയം വന്നത് കൊണ്ടാകാം, മച്ചാനു ആകെ മിസ്സിംഗ്.
ആദ്യം ഏ.സി കേടായി, അത് ഞാന്‍ ക്ഷമിച്ചു, കേരളത്തിലെ കാലാവസ്ഥയില്‍ എന്തിനാ ഏ.സി?
പിന്നെ ബാറ്ററി വീക്കായി, അത് ഒരു പ്രോബ്ലമല്ലായിരുന്നു, ചാര്‍ജ്ജ് ചെയ്താല്‍ ശരിയാകുമല്ലോ!!
നാലു വീലും മൊട്ടയായി, അതെനിക്ക് ഒരു ലോട്ടറിയായിരുന്നു, ഇപ്പോ മുടി ചീകാന്‍ കണ്ണാടിയില്‍ നോക്കണ്ട, ടയറില്‍ നോക്കിയാ മതി.
ഇനി എന്ത് എന്ന് ഞാന്‍ കുറേ ആലോചിച്ചു, പക്ഷേ ഒന്നും സംഭവിച്ചില്ല‍, കാര്‍ സുഗമമായി ഓടി.
അങ്ങനെയിരിക്കെ ഒരു നാള്‍....

അന്നൊരു തിങ്കളാഴ്ചയായിരുന്നു.
ആ വിക്കെന്‍ഡിനു ഞാന്‍ നാട്ടില്‍ പോയിരുന്നില്ല, എന്നാല്‍ ഞയറാഴ്ച വൈകിട്ട് ഗായത്രിയുടെ അച്ഛന്‍ വിളിച്ച് പിറ്റേന്ന് ഗായത്രിയെയും കുഞ്ഞിനേയും അത്യാവശ്യമായി നാട്ടില്‍ എത്തിക്കണമെന്ന് പറഞ്ഞു.ഓഫീസിലെ തിരക്ക് കാരണം മറ്റ് വഴി ഇല്ലാത്തതിനാല്‍ രാവിലെ എട്ട് മണിക്കുള്ള ട്രെയിനിനു അച്ഛന്‍ സൌത്ത് റെയില്‍ വെ സ്റ്റേഷനില്‍ എത്താമെന്നും, ഞാന്‍ അവരെ അവിടെ എത്തിച്ചാല്‍ തിരികെ പത്തിന്‍റെ ട്രെയിനിനു അവരെയും കൊണ്ട് അച്ഛന്‍ പോയ്ക്കൊള്ളാമെന്നും പിന്നെ എനിക്ക് ഓഫീസില്‍ പോകാമെന്നും തീരുമാനമായി.
അങ്ങനെയാണ്‌ ഞാന്‍ ആ യാത്രക്ക് തയ്യാറായത്.

രാവിലെ മുതല്‍ ഒരു ചാറ്റമഴ!!!
എങ്കിലും എട്ടര ഒമ്പത് ആയപ്പൊഴേക്കും പച്ച കാറില്‍ ഇടപ്പള്ളിയില്‍ നിന്ന് സൌത്ത് റെയില്‍ വെ സ്റ്റേഷന്‍ ലക്ഷ്യമാക്കി ഞാന്‍ യാത്ര തിരിച്ചു.
ചങ്ങമ്പുഴ പാര്‍ക്ക് - മാമംഗലം - പാലാരിവട്ടം - കലൂര്‍ - നോര്‍ത്ത് പാലം - പിന്നെ ചിറ്റൂര്‍ റോഡ് വഴി സൌത്ത് റെയില്‍ വേ സ്റ്റേഷന്‍.
തടസ്സങ്ങളൊന്നും ഇല്ലെങ്കില്‍ കൃത്യം പതിനെട്ട് മിനിറ്റ്.
എങ്ങനെ പോയാലും ഒമ്പത് അമ്പതിനുള്ളില്‍ സൌത്തിലെത്തും.
വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അച്ഛന്‍ വിളിച്ചു:
"എവിടായി മോനേ?"
അച്ഛന്‍ പേടിക്കാതിരിക്കാന്‍ കള്ളം പറഞ്ഞു:
"പാലാരിവട്ടം"
തുടര്‍ന്ന് സൈഡിലിരുന്ന ഗായത്രിയെ കണ്ണടച്ച് കാണിച്ചിട്ട് വണ്ടി മുന്നോട്ടെടുത്തു.

രാവിലത്തെ ട്രാഫിക്കില്‍ വണ്ടിക്ക് ഒച്ചിന്‍റെ വേഗം.സൈഡില്‍ കൂടി നടന്ന് പോകുന്നവരൊക്കെ ഓവര്‍ ടേക്ക് ചെയ്ത് പോകുന്നു.പത്ത് മിനിറ്റ് കഴിഞ്ഞ് അച്ഛന്‍ വീണ്ടും വിളിച്ചു:
"എവിടായി?"
സത്യസന്ധയായ ഗായത്രി മറുപടി നല്‍കി:
"പാലാരിവട്ടം"
"ഇപ്പഴുമാ വട്ടത്തിലാണോ?" അച്ഛന്‍റെ മറുചോദ്യം.
തെറ്റ് മനസിലാക്കിയ ഗായത്രി തിരുത്തി:
"അത് മുമ്പേ ചേട്ടന്‍ കള്ളം പറഞ്ഞതാ"
ശ്ശെ..
മാനം പോയി.
അച്ഛന്‍ എന്നെ പറ്റി എന്ത് കരുതി കാണുമോ എന്തോ??
കാര്‍ വീണ്ടും മുന്നോട്ട്.

കലൂര്‍ പള്ളിക്ക് മുന്നില്‍ വന്‍ ആള്‍കൂട്ടം.
പുണ്യാളനെ തൊഴാനും കാണിക്ക ഇടാനും മെഴുകുതിരി കത്തിക്കാനുമായി ചാറ്റ മഴ വക വയ്ക്കാതെ ആളുകള്‍ തിരക്ക് കൂട്ടുന്നു.വണ്ടിയുടെ സ്പീഡ് പിന്നെയും കുറഞ്ഞു...
അച്ഛന്‍റെ ഫോണ്‍:
"എവിടാ?"
ഗായത്രി മാത്രമല്ല സത്യസന്ധതയെന്ന് തെളിയിക്കാന്‍ ഞാന്‍ മറുപടി നല്‍കി:
"കലൂര്‍ പള്ളി"
"നേരമില്ലാത്ത നേരത്ത് നിങ്ങള്‌ പള്ളീലും കയറിയോ?" അച്ഛന്‍റെ മറുചോദ്യം.
ഒന്നും പറഞ്ഞില്ല.
ഫോണ്‍ കട്ട് ചെയ്ത് ട്രാഫിക്ക് മാറുന്ന നോക്കി അക്ഷമനായി കാത്തിരിക്കെ ഗായത്രി ചോദിച്ചു:
"പുണ്യാളനു പെട്ടന്ന് പോയൊരു കാണിക്ക ഇട്ടാലോ?"
എന്‍.എച്ച് ഫോര്‍ട്ടി സെവന്‍ ഹൈവേക്ക് നടുക്ക് കാര്‍ നിര്‍ത്തി കാണിക്ക ഇടാനുള്ള ആ ആപ്ലിക്കേഷന്‍ സ്വീകരിക്കാന്‍ എന്‍.എച്ച് ഫോര്‍ട്ടി സെവന്‍ എന്‍റെ അച്ഛന്‍റെ വകയല്ലല്ലോ, മാത്രമല്ല എനിക്ക് തലക്ക് ഓളവുമില്ല, സോ, അത് കേട്ടില്ലെന്ന് നടിച്ചു.
അതൊരു വലിയ തെറ്റായിരുന്നു!!!
ഒരുപക്ഷേ അപ്പോ പുണ്യാളനു കാണിക്ക ഇട്ടിരുന്നെങ്കില്‍ തുടര്‍ന്നുണ്ടാവാന്‍ പോകുന്ന സംഭവവികാസങ്ങളില്‍ നിന്ന് പുണ്യാളന്‍ എന്നെ രക്ഷിച്ചേനെ, പക്ഷേ വരാനുള്ളത് വഴിയില്‍ തങ്ങത്തില്ലല്ലോ?
സൌത്ത് ലക്ഷ്യമാക്കി വീണ്ടും മുന്നോട്ട്...

കലൂര്‍ ബസ്സ് സ്റ്റാന്‍ഡും കഴിഞ്ഞ് നോര്‍ത്ത് പാലം ആകാറായി.പാലത്തിന്‍റെ പണി നടക്കുന്നതിനാല്‍ നിശ്ചിത സമയത്തേക്ക് ഒരു വശത്തൂന്ന് വണ്ടി കയറ്റി വിടും, അതിനു ശേഷം മറു സൈഡീന്ന് വണ്ടി വിടും, ഇതാണ്‌ നിയമം.
നമ്മുടെ സൈഡീന്ന് വണ്ടി കേറ്റി വിടാനായി കാത്തിരുപ്പ്.
വീണ്ടും അച്ഛന്‍റെ ഫോണ്‍:
"മോനേ, ട്രെയിന്‍റെ സമയമാകുന്നു, നിങ്ങളെവിടാ?"
പാവം!!
വെളുപ്പാന്‍ കാലത്ത് ട്രെയിന്‍ കേറി വന്ന്, എട്ട് മണി മുതല്‍ കാത്തിരിക്കുവാ.പത്തിന്‍റെ ട്രെയിന്‍ കിട്ടിയില്ലേല്‍ പിന്നെ രണ്ട് മണിക്കേ ട്രെയിനുള്ളു.മനസ്സിലെ ടെന്‍ഷന്‍ മറച്ച് വച്ച് മറുപടി നല്‍കി:
"പേടിക്കേണ്ടാ, ദേ നോര്‍ത്ത് പാലം കേറി ഇറങ്ങിയാ പിന്നെ പെട്ടന്നെത്താം"
തുടര്‍ന്ന് സംസാരിക്കാന്‍ തുനിഞ്ഞപ്പോ മുന്നില്‍ നിന്ന പോലീസുകാരന്‍ അലറി:
"വണ്ടി എടടാ!!!"
ഞങ്ങടെ സൈഡീന്ന് വണ്ടി പോകാനുള്ള സിഗ്നല്‍ ആയിരിക്കുന്നു, എങ്കിലും അയാള്‍ പറഞ്ഞ രീതി എനിക്ക് ഇഷ്ടമായില്ല.അതിന്‍റെ അമര്‍ക്ഷം എന്‍റെ നോട്ടത്തില്‍ ഉണ്ടായിരുന്നു, അത് കണ്ടാകാം അയാള്‍ പിന്നെയും അമറി:
"കണ്ണുരുട്ടാതെ വണ്ടി എടടാ!!"
ഇങ്ങനെ മര്യാദക്ക് സംസാരിക്കുന്ന പോലീസുകാരെ എനിക്ക് പണ്ടേ ഭയങ്കര ഇഷ്ടമാ, അതു കൊണ്ട് ഒന്നും മിണ്ടാതെ ഞാന്‍ കാര്‍ മുന്നോട്ടെടുത്തു...
കാര്‍ നോര്‍ത്ത് പാലത്തിലേക്ക് ഇരച്ച് ഇരച്ച് കയറി...

കാറ്‌ പാലത്തിന്‍റെ മുകളിലെത്താറായപ്പോള്‍ എനിക്ക് ഒന്നും കാണാന്‍ പറ്റുന്നില്ല.
"മഴയാണോ മഞ്ഞാണോ?" ഞാന്‍ ഗായത്രിയോട് ചോദിച്ചു.
"അല്ല ചേട്ടാ, നമ്മടെ കാറീന്ന് പുകയാ" ഗായത്രിയുടെ പരിഭ്രാന്തി കലര്‍ന്ന് മറുപടി.
അപ്പൊഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത്, എഞ്ചിന്‍റെ ചൂട് മാക്സിമമാണ്, റേഡിയേറ്ററിന്‍റെ ഫാന്‍ കംപ്ലയിന്‍റായി എഞ്ചിന്‍ ചൂട് കൂടി, ബോണറ്റിന്‍റെ അവിടുന്ന് ഉയര്‍ന്ന പുകയാണ്‌ എന്‍റെ കാഴ്ചയെ മറക്കുന്നത്.
ഈശ്വരാ!!!!
പെട്ടന്നുള്ള വെപ്രാളത്തില്‍ കാര്‍ ഇടത്തേക്ക് വെട്ടിച്ചു.
"അയ്യോ, പാലത്തിന്‍റെ കൈവരിയാ" ഗായത്രിയുടെ അലര്‍ച്ച.
പാലത്തീന്ന് താഴോട്ട് വീഴാതിരിക്കാന്‍ റിവേഴ്സ്സ് ഇട്ട് പിന്നിലേക്ക് എടുത്തു.ഇടത്തോട്ട് തിരിച്ചതിനാല്‍ കാര്‍ പിന്നിലേക്ക് വന്നത് റോഡിനു കുറുകേ ആയി.ഇരു സൈഡിലേക്കും ഒരു വണ്ടിക്കും പോകാന്‍ കഴിയാത്ത വിധം കുറുകെ വന്ന് നിന്ന നിമിഷം തന്നെ കാര്‍ ഓഫായി.
സ്വിച്ച് ഒന്ന് തിരിച്ച് നോക്കി...
ഇല്ല, വണ്ടിക്ക് അനക്കമില്ല.
ഒന്നൂടെ തിരിച്ചു..
ഇല്ല, അറിഞ്ഞ മട്ടില്ല..
ഈശ്വരാ, പണി പാളി!!!

നല്ല തിരക്കുള്ള ഒരു തിങ്കളാഴ്ച, ചാറ്റ മഴ പെയ്യുന്ന എറണാകുളം സിറ്റിയില്‍, നഗരത്തിന്‍റെ മര്‍മ്മ കേന്ദ്രങ്ങളില്‍ ഒന്നായ നോര്‍ത്ത് പാലത്തിനു കുറുകേ, ഒരു വണ്ടിക്കും മുന്നോട്ട് പോകാന്‍ കഴിയാത്ത വിധത്തില്‍ ജഗജില്ലിയായ ഒരു പച്ച കാറ്‌ വഴി മുടക്കി കിടക്കുവാണെന്നും, അതിന്‍റെ സാരഥി ഞാനാണെന്നുമുള്ള നഗ്നസത്യം ഒരു തരിപ്പായി കാലിലൂടെ പടര്‍ന്ന് കയറി...
പറക്കും തളിക സിനിമയിലെ പാട്ട് മറ്റൊരു വിധത്തില്‍ മനസ്സില്‍ ഓടി വന്നു...

"വടി കഠാരമിടി പടഹമോടെ ജനം ഇടി തുടങ്ങി മകനേ
കടു കഠോര കുടു ശകടമാണ്‌ ശനി ശരണമാകു  ശിവനേ
ഗതി കെട്ടൊരു വട്ടനു വീര പൊട്ടനു ഇഷ്ടം വന്നതു പോലെയിതാ
ഒരു കാറുകാരനൊരു കാറു വാങ്ങി അതൊരു അസ്സല്‍ സംഭവമായി"

ബോണറ്റില്‍ നിന്ന് ഉയരുന്ന പുക കണ്ടപ്പോ പാട്ടിന്‍റെ ബാക്കി കൂടി ഓര്‍മ്മ വന്നു...

"ഇത് പറക്കും തളിക ...
മനുഷ്യനെ കറക്കും തളിക..."

ഈശ്വരാ!!!

"ഭാഗ്യം!! കുഴപ്പമില്ലാതെ കാറ്‌ നിന്നല്ലോ" ഗായത്രിയുടെ കമന്‍റ്.
അതിനു ശേഷം താന്‍ പറഞ്ഞത് ശരിയല്ലേ എന്ന മട്ടില്‍ അവള്‍ എന്നെ നോക്കി...
ഞാന്‍ എന്ത് പറയാന്‍??
ശരിക്കും പറഞ്ഞാ ഇതില്‍ കൂടുതല്‍ ഇനി എന്ത് കുഴപ്പം വരാനാ??
ചോദിച്ചില്ല, പതിയെ പുറത്തിറങ്ങി.

അച്ഛന്‍റെ ഫോണ്‍:
"മോനേ, എവിടായി?"
പാതളത്തില്!!!
വായി വന്ന മറുപടി വിഴുങ്ങി, എന്നിട്ട് പറഞ്ഞു:
"വന്നോണ്ട് ഇരിക്കുവാ"
പോ...പോ...!!!! പുറകിലൊരു ബസ്സിന്‍റെ ഹോണടി, തല തിരിച്ച് നോക്കിയപ്പോ ഡ്രൈവര്‍ വിളിച്ച് ചോദിച്ചു:
"കാറ്‌ കുറുകെ ഇട്ടാണോടാ, ഫോണ്‍ ചെയ്ത് കളിക്കുന്നത്?"
അണ്ണന്‍ ചൂടിലാ, ഫോണ്‍ കട്ട് ചെയ്തിട്ട് സമാധാനിപ്പിക്കാന്‍ പറഞ്ഞു:
"വണ്ടി ഓഫായി"
"ഓണാക്കി മുന്നോട്ട് എടടാ"
"കൈവരിയാ"
"എന്നാ പിന്നോട്ട് എടടാ"
"കൈവരിയാ"
"ങാഹാ, ഇവനിന്ന് വാങ്ങിക്കും" അയാള്‍ ബസ്സില്‍ നിന്ന് ചാടി ഇറങ്ങി.
അതോടെ ഒന്ന് ഉറപ്പായി...
ഞാനിന്ന് വാങ്ങിക്കും!!!

"വടി കഠാരമിടി പടഹമോടെ ജനം ഇടി തുടങ്ങി മകനേ
കടു കഠോര കുടു ശകടമാണ്‌ ശനി ശരണമാകു  ശിവനേ"
ഈശ്വരാ!!!

അടിക്കാന്‍ വന്ന അയാള്‍ പുക കണ്ട് ഒന്ന് നിന്നു, എന്നിട്ട് ചോദിച്ചു:
"ഇതെന്താ പുക, കാറിലിരുന്നാണോ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നത്?"
വളിച്ച തമാശ ആസ്വദിക്കാന്‍ പറ്റാത്ത നേരമായിട്ടും ഞാന്‍ മറുപടി നല്‍കി:
"അല്ല, സ്റ്റീം ബാത്താ"
രൂക്ഷമായി എന്നെയും കാറും ഒന്ന് നോക്കിയട്ട് അയാള്‍ ചോദിച്ചു:
"ബ്ലോക്കായത് കണ്ടില്ലേ?"
പറക്കും തളികയിലെ ഹരിശ്രീ അശോകന്‍റെ ഡയലോഗ് എടുത്തിട്ട് അലക്കി:
"കഴിഞ്ഞാഴ്ച കലൂര്‍ സ്റ്റാന്‍ഡില്‍ ഉണ്ടാക്കിയ ബ്ലോക്കിന്‍റെ അത്രയില്ല"
മറുപടിയായി ദിലീപിന്‍റെ ഡയലോഗ് ഡ്രൈവറും പറഞ്ഞു:
"അന്ന് തന്‍റെ മുഖത്തിന്‍റെ ഷേപ്പ് മാറ്റിയ വീരപ്പന്‍ കുറുപ്പിന്‍റെ അനിയന്‍മാരാ ഇവിടുത്തെ പോലീസുകാര്‍, അവരിപ്പോ വരും"
അത് ശരിയായിരുന്നു...
അവര്‍ പാലം കേറി വരുന്നുണ്ടായിരുന്നു...
മഴ നനയാതിരിക്കാന്‍ കോട്ടിട്ട രണ്ട് പോലീസുകാര്‍...
അവരുടെ ലക്ഷ്യം ഞാനും എന്‍റെ കാറും ആയിരുന്നു.

അമല്‍ നീരദിന്‍റെ സിനിമ പോലെ സ്ലോ മോഷനില്‍ നടന്ന് വന്നപാടെ മുതിര്‍ന്ന പോലീസുകാരന്‍ ചോദിച്ചു:
"വാട്ടീസ്സ് ദിസ്സ്?"
ദിസ്സ് ഈസ്സ് എ കാര്‍!!!
വി ആര്‍ ഡൂയിംഗ് എ കാര്‍!!!
ആ രംഗമോര്‍ത്തപ്പോള്‍ അറിയാതെ ചിരി വന്നു, അത് മറച്ച് പറഞ്ഞു:
"ഓടിച്ച് വന്നപ്പോള്‍ സ്റ്റക്കായതാ"
ഞാന്‍ പാലത്തിനു കുറുകെ എങ്ങനെയാ കാര്‍ ഓടിച്ചതെന്ന് മനസിലാകാതെ അയാളൊന്ന് അമ്പരന്നു, തുടര്‍ന്ന് അയാള്‍ ആകാശത്തൂന്ന് വല്ലതും പൊട്ടി വീണതാണോ എന്ന സംശയത്തില്‍ മുകളിലേക്ക് നോക്കി.
രണ്ടാമത്തെ പോലീസുകാരന്‍ ചൂടനായിരുന്നു, ഇയാളായിരുന്നു കണ്ണുരുട്ടാതെ എന്ന് പറഞ്ഞ് എന്നെ പേടിപ്പിച്ചത്, അയാള്‍ക്ക് പറ്റുന്നതില്‍ വെച്ച് മാക്സിമം സഭ്യമായ ഭാഷയിലാണ്‌ അയാള്‍ തുടങ്ങിയത് തന്നെ...
"പന്ന പു...."
ഇത്രയുമായപ്പോഴാണ്‌ മുന്നിലത്തെ ഡോര്‍ തുറന്ന് ഗായത്രിയും മോളും പുറത്തിറങ്ങിയത്, അവരെ കണ്ടതും അണ്ണന്‍ മാന്യനായി:
"പു...പു...പുറോബിളം എന്താ?"
"കാര്‍ സ്റ്റക്കായി" എന്‍റെ മറുപടി.
"സാര്‍, നോര്‍ത്ത് പാലത്തില്‍ കാറ്‌ സ്റ്റക്കായതാണ്" അയാള്‍ വയര്‍ലെസ്സിലൂടെ മെസ്സേജ് പാസ്സ് ചെയ്തു.
കേരളം മുഴുവന്‍ അത് കേള്‍ക്കുമെന്നും അങ്ങനെ എന്‍റെ കാര്‍ ഒരു ആഗോള സംഭവമാകുമെന്നും ഓര്‍ത്തപ്പോള്‍ ഞാന്‍ കോള്‍ മയിര്‍ കൊണ്ടു (നന്നായി വായിക്കണേ!!).
അപ്പോഴാണ്‌ അച്ഛന്‍റെ ഫോണ്‍:
"മോനേ, നോര്‍ത്ത് പാലത്തില്‍ കേറണ്ട.ഏതോ വിവരക്കേട് അവിടെ കാറ്‌ കുറുകേ ഇട്ടെന്ന്.ചിറ്റൂര്‍ റോഡും എം.ജിറോഡും ഫുള്‍ സ്റ്റക്കാണേന്ന്"
ഒരു നിമിഷത്തേക്ക് ഒന്നും മിണ്ടിയില്ല, പിന്നെ പതിയെ പറഞ്ഞു:
"ആ വിവരക്കേട് ഞാനാണച്ഛാ"

സമയം ഇഴഞ്ഞ് നീങ്ങി.
പത്തിന്‍റെ ട്രെയിന്‍ പോയി കാണും, ഇനി ഞങ്ങക്ക് തിരക്ക് കൂട്ടിയിട്ട് ഒരു കാര്യവുമില്ല.രണ്ട് മണിക്കേ അടുത്ത ട്രെയിനുള്ളു, കാത്തിരിക്കുന്നവരുടെ ആസനത്തില്‍ ആല്‌ കിളിക്കാനുള്ള സമയമുണ്ട്.ട്രാഫിക്ക് ബ്ലോക്ക് കാരണം ഓഫീസില്‍ വരാന്‍ താമസിക്കുമെന്ന് പറയാന്‍ പ്രോജക്റ്റ് മാനേജരെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:
"മനു, നോര്‍ത്തില്‍ ആരോ കാര്‍ കുറുകെ ഇട്ട കാരണം ഞാനും എം.ജി റോഡില്‍ സ്റ്റക്കാ.പിന്നെ കൈയ്യില്‍ ലാപ്പ്ടോപ്പുള്ളതു കൊണ്ട് എന്‍റെ പണി നടക്കും.ഇങ്ങനുള്ള സന്ദര്‍ഭങ്ങളില്‍ മനുവും ഒരു ലാപ്പ്ടോപ്പ് കരുതുന്നത് നല്ലതാ"
പിന്നേ, നന്നായിരിക്കും!!!
നോര്‍ത്ത് പാലത്തിനു കുറുകേ കാറ്‌ ഇട്ടിട്ട് ലാപ്പ്ടോപ്പില്‍ പണി ചെയ്യാന്‍ എനിക്കെന്താ വട്ടാണോ???
നിരുത്സാഹപ്പെടുത്തിയില്ല, മറുപടി പറഞ്ഞു:
"നെക്സ്റ്റ് ടൈം അങ്ങനെ ചെയ്യാം സാര്‍"
"ഗുഡ്"
അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു.
"അപ്പോ ഇതൊരു സ്ഥിരം ഏര്‍പ്പാടാക്കാനാണോ തന്‍റെ പ്ലാന്‍?"
ചോദ്യം അടുത്ത് നിന്ന പോലീസുകാരന്‍റെ വകയാണ്.
മറുപടിയായി ഒരു വളിച്ച ചിരി ചിരിച്ചു.

"ഏലൈസ ഏലൈസ...
ഏലൈസ ഏലൈസ....."

പുറകില്‍ കിടക്കുന്ന വണ്ടികള്‍ താഴെയുള്ള പമ്പിലേക്ക് കേറ്റിയിട്ട് പോലീസുകാരും നാട്ടുകാരും കൈ വച്ചു (എന്നെയല്ല, കാറിനെ!!).
കാര്‍ പതിയെ താഴേക്ക്...
ഇടക്ക് ആ പോലീസുകാരനു വീണ്ടും സംശയം:
"എന്നാലും താന്‍ എങ്ങനാ ഈ കാര്‍ അങ്ങനെ നിര്‍ത്തിയത്?"
നാളെ കാണിച്ച് തരാമെന്ന് മറുപടി പറയാനുള്ള ധൈര്യം ഇല്ലാത്ത കൊണ്ട് മിണ്ടാതെ നിന്നു.
ആരൊക്കെയോ മൊബൈലില്‍ പിടിക്കുന്നത് കണ്ടു, ഏതെങ്കിലും ഫെയ്സ്സ് ബുക്ക് പിരാന്തനായിരിക്കും, ഇനി ഇത് നെറ്റിലും വരുമല്ലോ ഈശ്വരാ!!
കാര്‍ താഴെയെത്തി.
ട്രാഫിക്ക് പതിയെ പഴയ പടിയായി.
ഒരു ഓട്ടോ പിടിച്ച് ഗായത്രിയെയും കുഞ്ഞിനെയും കൊണ്ട് റെയില്‍വേ സ്റ്റേഷനിലെത്തി.രണ്ട് മണിക്കേ ട്രെയിനുള്ളു എന്ന് അറിയാമെങ്കിലും വെറുതെ ചോദിച്ചു:
"ട്രെയിനു സമയമാകുന്നതേ ഉള്ളല്ലോ, അല്ലേ അച്ഛാ?"
അച്ഛന്‍ മറുപടി ഒന്നും പറയാതെ എന്നെ ഒന്ന് രൂക്ഷമാക്കി  നോക്കി, എന്നിട്ട് അവരുമായി അകത്തേക്ക് കയറി, ചുറ്റുപാടും ഒന്നു നോക്കിയിട്ട് ഞാന്‍ പുറത്തേക്കും നടന്നു.

തിരികെ കാറിന്‍റെ അരികിലെത്തിയപ്പോ അതവിടെ തളര്‍ന്ന് കിടക്കുന്നുണ്ടായിരുന്നു.
'മനു, ഇനി എനിക്ക് വയ്യടാ!!, ഇനി നിന്‍റെ കൂടെ ഞാന്‍ നിന്നാ ശരിയാവില്ല'
അത് എന്നോട് മന്ത്രിക്കുന്ന പോലെ എനിക്ക് തോന്നി.വേദനയോടാണെങ്കിലും ഞാന്‍ ആ തീരുമാനമെടുത്തു, കാറ്‌ മാറ്റണം.
എക്സ്ചേഞ്ച് ഓഫറില്‍ കാറ്‌ കൊടുത്തപ്പോ എന്‍റെ മനസ്സ് ഒന്ന് പിടഞ്ഞു.പത്ത് വര്‍ഷമായി കൂടെയുണ്ടായിരുന്ന സുഹൃത്ത് എന്നില്‍ നിന്ന് അകന്ന് പോകുന്നു.എന്‍റെ വിജയങ്ങള്‍ എന്നോടൊപ്പം ആഘോഷിച്ച, എന്‍റെ വിഷമങ്ങള്‍ ആരും കാണാതെ കരഞ്ഞ്  തീര്‍ക്കാന്‍ എന്നെ സഹായിച്ച എന്‍റെ കാറ്, അത് എന്നെ വിട്ട് പോകുന്നു...
മറ്റൊരു വീട്ടിലേക്ക്, മറ്റൊരു ആളുടെ അടുത്തേക്ക്...
ഒരുപക്ഷേ ജീവിതത്തില്‍ എവിടേലും വച്ച് കണ്ട്മുട്ടിയെന്ന് വരാം, അതേ പോലെ കണ്ടില്ലെന്നും വരാം.
അതൊരു നഗ്നസത്യമാണ്.

ഒരു സംശയം..
യന്ത്രങ്ങള്‍ക്ക് ഹൃദയമുണ്ടോ??
ഉണ്ടെങ്കില്‍ ഒരു പക്ഷേ എന്‍റെ കാറ്‌ എന്നോട് പറയുമായിരുന്നു...

"യുഗത്തിന്‍ വഴിത്താരയില്‍ നാം കൊളുത്തിയ സ്നേഹദീപം
കാലത്തിന്‍ കുത്തൊഴുക്കില്‍ അണയാതിരിക്കട്ടെ..."

അതിനാലാവാം എന്‍റെ മനസ്സ് മന്ത്രിച്ചു...
പ്രിയപ്പെട്ട സുഹൃത്തേ, നിനക്ക് വിട.
മറക്കില്ല നിന്നെ ഞാന്‍, ഒരിക്കലും, ഒരിക്കലും....

ദിവസങ്ങള്‍ കഴിഞ്ഞു.
പുതിയ സുഹൃത്ത്, നാല്‌ വീലും സ്റ്റെപ്പിനിയും, പോരാത്തതിനു പവര്‍ സ്റ്റിയറിംഗുമുള്ള ഒരു ജഗജില്ലി, ഒരു സില്‍വര്‍ കളര്‍ കാര്‍ എന്‍റെ ജീവിതത്തിലേക്ക് കടന്ന് വരുന്ന സുദിനമായി.ഗണപതി ഭഗവാനു ഒരു തേങ്ങ അടിച്ച്, ശാസ്തിവിനൊരു ശരണം വിളിച്ച്, സകല ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച്, കരിമുട്ടത്തമ്മയെ കൈ കൂപ്പി തൊഴുത്, ഞാന്‍ കാറിന്‍റെ കീ തിരിച്ചു.
വണ്ടി സ്റ്റാര്‍ട്ടായി.
പിന്നെ അത് എന്നെയും വഹിച്ച് കൊണ്ട് നിരത്തിലേക്ക് ഇറങ്ങി.
ഒരു പുതിയ ബന്ധത്തിന്‍റെ തുടക്കം....

വിദ്യാരംഭം കരിഷ്യാമി



നവരാത്രി മഹോത്സവം.
ഈ ഒമ്പത് ദിവസവും വീടിനടുത്തുള്ള ദേവീക്ഷേത്രത്തില്‍ ആഘോഷമാണ്.ഇതില്‍ എല്ലാ വര്‍ഷവും വിജയദശമി നാളില്‍ പ്രോഗ്രാം നടത്തുന്നത് ഞങ്ങളാണ്.ഞങ്ങളെന്ന് പറയുമ്പോ, ഞാനും കുറുപ്പും കുമാരനും പിന്നെ ശശിയണ്ണനും.ഈ പ്രാവശ്യം അതിനായി ഒരു യോഗം തന്നെ ശശിയണ്ണന്‍ വിളിച്ചു കൂട്ടി, അതില്‍ ഞങ്ങളെല്ലാം പങ്കെടുത്തു.
"വെറൈറ്റി, അതായിരിക്കണം നമ്മടെ ലക്ഷ്യം" ശശിയണ്ണന്‍ പ്രഖ്യാപിച്ചു.
"അതേ, അതാണ്‌ നമ്മടെ ലക്ഷ്യം" ഞങ്ങളും പ്രഖ്യാപിച്ചു.
പക്ഷേ എങ്ങനെ??
മുന്നില്‍ ഒരു ചോദ്യ ചിഹ്നം പ്രത്യക്ഷമായി.
വിജയദശമിക്ക് ഒരു വെറൈറ്റി!!!
എങ്ങനെ??

ഒടുവില്‍ ശശിയണ്ണന്‍ തന്നെ വഴി കണ്ടു പിടിച്ചു...
ആയിരത്തെട്ട് താമര പൂവ് കൊണ്ട് ദേവിക്ക് അര്‍ച്ചന!!!
ബലഭേഷ്!!!
ആ അര്‍ച്ചനയുടെ മാഹാത്മ്യം ബോധ്യപ്പെടുത്താന്‍ ശശിയണ്ണന്‍ അവിടെ നിന്ന് ഒരു പാട്ടും പാടി...

"ആയിരം താമര പൂവില്‍
അമരുന്നൊരംബികെ കൈ തൊഴുന്നേ...."

എന്നിട്ട് അണ്ണന്‍ ചോദിച്ചു:
"എങ്ങനുണ്ട്?"
"നല്ല പാട്ട്, അണ്ണന്‍ ദിവസവും സാധനം ചെയ്യാറുണ്ടോ?" കുറുപ്പിന്‍റെ മറുചോദ്യം.
"സാധനമല്ല, സാധകം" ഞാന്‍ തിരുത്തി.
"എന്തായാലും സംഭവം കലക്കനാ" കുമാരനും ഓക്കെ പറഞ്ഞു.

പതിവു പോലെ പൂക്കള്‍ക്ക് ഓര്‍ഡര്‍ കൊടുക്കുന്ന ചുമതല എന്‍റെ തലയിലായി.ഞാന്‍ പതിയെ ഫോണില്‍ കുത്തി...
"ഹലോ" മറുസൈഡില്‍ പുഷ്പം പുഷ്ക്കരന്‍ എന്ന പൂ കച്ചവടക്കാരന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.
"ഞാനാ, മനു"
"പറ സാറേ, എന്നാ വേണം"
ചാര്‍ത്താനുള്ള മാലകള്‍, അലങ്കാര മാല, ആവശ്യമായ പൂവിന്‍റെ കണക്ക്, ഇങ്ങനെ എല്ലാം പറഞ്ഞ ശേഷം ആയിരത്തെട്ട് താമര പൂ കൂടി വേണമെന്ന് പറഞ്ഞു.എന്നിട്ട് ഒരു ഉറപ്പിനു ചോദിച്ചു:
"താമര പൂ കിട്ടുമല്ലോ, അല്ലേ?"
"കിട്ടും കിട്ടും, ആയിരമല്ല ലക്ഷമായാലും ഞാന്‍ അറേഞ്ച് ചെയ്യും, അതാണ്‌ പുഷ്പം പുഷക്കരന്‍" അയാളുടെ ഉറപ്പ്.
അതോടെ ഞങ്ങള്‍ പ്രഖ്യാപിച്ചു...
വിജയദശമി ദിനത്തില്‍ വെറൈറ്റി...
ആയിരത്തെട്ട് താമര പൂ കൊണ്ട് അര്‍ച്ചന!!!

കാക്ക കാക്കയോട് പറഞ്ഞു, പൂച്ച പൂച്ചയോട് പറഞ്ഞു, മനുഷ്യന്‍ മനുഷ്യനോട് മാത്രം പറഞ്ഞില്ല, എന്നിട്ടും ആ കാര്യം നാട്ടില്‍ പാട്ടായി...
മനുവും കൂട്ടരും ഒരുക്കുന്ന വെറൈറ്റി...
ആയിരത്തെട്ട് താമര പൂ കൊണ്ട് അര്‍ച്ചന!!!
ഗ്രാമ വീഥികളിലൂടെ അനൌണ്‍സ്മെന്‍റുമായി ഓട്ടോകള്‍ ഓടി തുടങ്ങി....
"ഭക്തജനങ്ങളേ, ഈ വരുന്ന വിജയദശമി ദിനത്തില്‍....."
ഒരു ഏരിയയില്‍ ഉള്ളവര്‍ ഇത്രയും കേള്‍ക്കുമ്പോഴേക്ക് ആ ഓട്ടോ ഓടി പോകും, അടുത്ത ഏരിയയിലുള്ളവരാണ്‌ ബാക്കി കേള്‍ക്കുന്നത്...
"ആയിരം താമര പൂ കൊണ്ട്....."
ഓട്ടോ ആ ഏരിയയില്‍ നിന്നും പോയി.
ഒന്നും മനസ്സിലാകാത്തവര്‍ പരസ്പരം ചോദിച്ചു:
"എന്താ പ്രശ്നം?"
പാതി കേട്ടവര്‍ മറുപടി പറഞ്ഞു:
"താമര, ബി.ജെ.പിയുടെ  സംസ്ഥാന സമ്മേളനം വല്ലതും ആയിരിക്കും"
അങ്ങനെയുള്ളവരുടെ സംശയം മാറ്റാന്‍ ഒരോ ഏരിയയിലും ഓട്ടോ നിര്‍ത്തി ഞങ്ങള്‍ പാട്ട് ഇട്ടു....

"ആയിരം താമര പൂവില്‍
അമരുന്നൊരംബികെ കൈ തൊഴുന്നേ...."

എന്നിട്ടും ചിലര്‍ക്ക് സംശയം, അവര്‍ ഞങ്ങളോട് വെട്ടി തുറന്ന് ചോദിച്ചു:
"നിങ്ങള്‌ ബി.ജെ.പി ആണോ?"
"അതെന്താ ചേട്ടാ അങ്ങനെ ചോദിച്ചത്?"
"നിങ്ങള്‌ താമരയല്ലേ സെലക്ട് ചെയ്തത്"
ആ ലോജിക്ക് എനിക്ക് മനസിലായില്ല, ബി.ജെ.പി സൈഡ് പിടിച്ചത് കൊണ്ടാവാം താമര എന്നും, ഇനി കമ്മ്യുണിസ്റ്റ് ആയിരുന്നേല്‍ ആരിവാള്‍ ചുറ്റിക നക്ഷത്രം കൊണ്ടും, കോണ്‍ഗ്രസ്സ് ആയിരുന്നേല്‍ കൈ പത്തി കൊണ്ടും അഭിഷേകം ചെയ്യുമെന്നാവാം ഇവര്‍ കരുതിയിരിക്കുന്നത്.
അവരുടെ സംശയം മാറ്റാന്‍ വിശദീകരിച്ച് കൊടുത്തു:
"ആക്ച്വലി, സരസ്വതി ദേവി താമരയിലാ ഇരിക്കുന്നത്"
"ഓഹോ, അവരും ബി.ജെ.പി ആണോ?" അയാളുടെ മറുചോദ്യം.
കോപ്പ്.
അടിമുടി ചൊറിഞ്ഞ് വന്നു, സഹികെട്ട് ഞാന്‍ പറഞ്ഞു:
"സരസ്വതി ദേവി മാത്രമല്ല, ലക്ഷ്മി ദേവിയും ബി.ജെ.പിയാ"
"ചുമ്മാതല്ല നാട്‌ നന്നാവാത്തത്" അയാളുടെ കമന്‍റ്.
ഇനി അവിടെ നിന്നാ അടി വീഴുമെന്ന് മനസിലായ ശശിയണ്ണന്‍ പറഞ്ഞു:
"പോകാം"
നടന്ന് നീങ്ങിയപ്പോള്‍ അനൌണ്‍സ്മെന്‍റിലെ പാട്ട് പിന്നില്‍ നിന്ന് കേള്‍ക്കുന്നുണ്ടായിരുന്നു...

"ആയിരം താമര പൂവില്‍
അമരുന്നൊരംബികെ കൈ തൊഴുന്നേ...."

ഇന്ന് മഹാനവമി.
നാളെയാണ്‌ വിജയദശമി.ഒന്ന് ഉറപ്പിക്കാന്‍ രാവിലെ തന്നെ പുഷ്ക്കരനേ വിളിച്ചു:
"പൂവില്ലേ?"
"വൈകിട്ട് എത്തിച്ചാ പോരേ?" അവന്‍റെ മറുചോദ്യം.
"മതി, മതി" ഞാന്‍ മറുപടി പറഞ്ഞു.
വൈകിട്ട് എത്തിയാല്‍ പിന്നെ വെള്ളം തളിച്ച് വച്ചാല്‍ മതി, വിജയദശമിദിനത്തിലും വാടത്തില്ല.ഒരു ഉറപ്പിനു തിരുമേനിയോട് തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു:
"തെറ്റി താമര സപ്താന..."
"എന്ന് വച്ചാ?"
"തെറ്റിയും താമരയും പറിച്ച് കഴിഞ്ഞാ ഏഴ് ദിവസം വരെ ഉപയോഗിക്കാം"
ഓഹോ, വെരി ഗുഡ്.

അന്ന് വൈകുന്നേരം.
പുഷ്ക്കരന്‍ വണ്ടി നിറയെ പൂവുമായി എത്തി.ഒരോ കൂട ഇറക്കുമ്പോഴും ഞങ്ങള്‍ ആവേശത്തോടെ തുറന്ന് നോക്കി, അലങ്കാര മാലകള്‍, ചാര്‍ത്താനുള്ള മാലകള്‍, പൂക്കള്‍ എല്ലാം കൃത്യം കൃത്യം.
താമര പൂ മാത്രം കാണാനില്ല.
ഇനി ഒരു വല്ലം കൂടി ബാക്കിയുണ്ട്, അത് ഇറക്കി താഴെ വച്ചിട്ട് പുഷ്ക്കരന്‍ പറഞ്ഞു:
"സാറെ ഒരു ചെറിയ പ്രശ്നമുണ്ട്"
അയാള്‍ പറയാന്‍ പോകുന്ന പ്രശ്നം മനസ്സില്‍ കണ്ട ശശിയണ്ണന്‍ രഹസ്യമായി ചെവിയില്‍ എന്നോട് പറഞ്ഞു:
"ആയിരത്തെട്ട് താമര തികച്ച് കിട്ടി കാണില്ല, വഴക്കിനൊന്നും നില്‍ക്കണ്ട, ഒള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം"
ശരിയെന്ന് തലയാട്ടിയട്ട്, ഞാന്‍ ചോദിച്ചു:
"എന്താ പ്രശ്നം?"
"താമര പൂ കിട്ടിയില്ല" അയാളുടെ മറുപടി.
പത്ത് ഇരുന്നൂറ്‌ താമര പൂ കുറവായിരിക്കുമെന്ന മറുപടി പ്രതീക്ഷിച്ച് നിന്ന ഞങ്ങളൊന്ന് ഞെട്ടി.കുറുപ്പ് ദയനീയ ശബ്ദത്തില്‍ ചോദിച്ചു:
"ഒരു പൂ പോലും ഇല്ലേ?"
"ഇല്ല..."
ഒന്ന് നിര്‍ത്തിയട്ട് താഴ്ത്തി വച്ച വല്ലം ചൂണ്ടി അയാള്‍ പറഞ്ഞു:
"പകരം ചെമ്പരത്തി പൂ കൊണ്ട് വന്നിട്ടുണ്ട്"
ഇത് കേട്ടതും ശശിയണ്ണന്‍ അത് വരെ ഞാന്‍ കേട്ടിട്ടില്ലാത്ത ഒരു തെറി വിളിച്ച് കൊണ്ട് പുഷ്പം പുഷ്ക്കരന്‍റെ കരണ കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു.അടി കൊണ്ട പുഷ്ക്കരന്‍ നിലത്ത് വീഴാതെ ഒന്ന് ബാലന്‍സ് ചെയ്തു നിന്നു, എന്നിട്ട് ചോദിച്ചു:
"അപ്പോ ചെമ്പരത്തി പൂ വേണ്ടേ?"
എന്നാത്തിനാ, ചെവിയില്‍ വെയ്ക്കാനോ??
ഓടടാ!!!
അത് കേട്ടതും ഒരു മുട്ടന്‍ സോറി പറഞ്ഞിട്ട് പുഷ്പം പുഷ്ക്കരന്‍ അരങ്ങൊഴിഞ്ഞു.

ഇനിയെന്തെന്ന് ആലോചിച്ച് നില്‍ക്കുമ്പോഴാണ്‌ ശങ്കരിയമ്മ അത് വഴി വന്നത്.വന്നപാടെ അവര്‍ ചോദിച്ചു:
"വൈകിട്ട് ഒരു ആറ്‌ മണി ആകുമ്പോ അര്‍ച്ചന തുടങ്ങുമായിരിക്കും, അല്ലേ?"
മറുപടിയൊന്നും പറയാതെ ഞാന്‍ ശശിയണ്ണനെ നോക്കി, അണ്ണന്‍ കുറുപ്പിനെയും, കുറുപ്പ് കുമാരനേയും നോക്കി, ഗത്യന്തരമില്ലാതെ കുമാരന്‍ എന്നെ നോക്കി.
എന്ത് മറുപടി പറയും???
ഞങ്ങള്‍ മിണ്ടാതെ നില്‍ക്കുന്ന കണ്ട് ശങ്കരിയമ്മ വീണ്ടും പറഞ്ഞു:
"അര്‍ച്ചന കാണാന്‍ തിരുവനന്തപുരത്ത് നിന്ന് എന്‍റെ മരുമോനും വീട്ടുകാരും വരുന്നുണ്ട്"
ഞങ്ങടെ മഹാഭാഗ്യം!!!
ഈ അര്‍ത്ഥത്തില്‍ ഞാനൊന്ന് ചിരിച്ച് കാണിച്ചു, അവര്‍ സന്തോഷത്തോടെ യാത്രയായി.
ഓട്ടോയിലെ അനൌണ്‍സ്മെന്‍റിന്‍റെ പാട്ട് അവിടെങ്ങും മുഴങ്ങി...

"ആയിരം താമര പൂവില്‍
അമരുന്നൊരംബികെ കൈ തൊഴുന്നേ...."

അത് കേട്ട കുറുപ്പ്‌ ശശിയണ്ണനോട് ചോദിച്ചു:
"നിങ്ങക്ക് എവിടുന്നാ ഈ പാട്ട് കിട്ടിയത്?"
അണ്ണനു മിണ്ടാട്ടമില്ല, പുള്ളിക്കാരന്‍ ദയനീയമായി എന്നെ ഒന്ന് നോക്കി, എന്നിട്ട് ചോദിച്ചു:
"ഇനി എന്തോ ചെയ്യും മനു?"
"നാട് വിട്ടാലോ?" കുമാരന്‍ ആകാംക്ഷയോടെ ചോദിച്ചു.
എനിക്ക് മറുപടിയില്ല.

ഒടുവില്‍ ഒരു ഐഡിയ ശശിയണ്ണന്‍ തന്നെ കണ്ടെത്തി....
രാത്രിയില്‍ പാടത്തിറങ്ങി താമര പൂ പറിക്കുക!!!
പക്ഷേ എവിടെ??
കുറേ അന്വേഷിച്ചപ്പോഴാണ്‌ ചെട്ടികുളങ്ങര അമ്പലത്തിനടുത്ത് ഒരു പാടത്തില്‍ പൂ ഉണ്ടെന്ന് അറിഞ്ഞത്.പക്ഷേ പറിക്കുന്നന്ന് കരക്കാര്‌ അറിഞ്ഞാ തല്ല്‌ കിട്ടുമത്രേ.ആവശ്യക്കാരനു ഔചിത്യമില്ലാത്തതിനാല്‍ രാത്രിയില്‍ മോഷ്ടിക്കാന്‍ തീരുമാനിച്ചു.കാറ്‌ ദൂരെ മാറ്റി നിര്‍ത്തി പാടത്തിറങ്ങി...

രണ്ട് പൂ പറിച്ച് ചാക്കിലിട്ടപ്പോഴേക്കും ടോര്‍ച്ചിന്‍റെ വെളിച്ചം കണ്ട് ആള്‍ക്കാര്‌ വന്നു തുടങ്ങി.ഒന്നും മിണ്ടാതെ മാന്യന്‍മാരായിട്ട് നടന്ന് നീങ്ങാന്‍ നോക്കിയ ഞങ്ങളെ അവര്‌ തടഞ്ഞു.
"ആരാ?" നേതാവിന്‍റെ ചോദ്യം.
"മാക്രി പിടുത്തക്കാരാ" റെഡിമെയ്ഡ് മറുപടി.
"അതിനു ഇവിടെ മാക്രി ഇല്ലല്ലോ?"
"അത് മനസിലാക്കിയ കൊണ്ട് തിരിഞ്ഞ് പോകുവാ"
ഇങ്ങനെ പറഞ്ഞ് നടന്ന് നീങ്ങിയപ്പോ കൂട്ടത്തില്‍ ഒരുവന്‍ ചോദിച്ചു:
"ചാക്കിലെന്താ?"
"പൂവന്‍ കോഴിയുടെ തല അറുത്തതാ" കുമാരന്‍റെ മറുപടി.
"ഒന്ന് നിന്നേ, നോക്കട്ടെ" ആരോ വിളിക്കുന്നു.
അത് കേട്ട് അവിടെ നിക്കാന്‍ ഞങ്ങക്ക് വട്ടില്ലല്ലോ, ജീവനും കൊണ്ട് ഓടി.

വീണ്ടും അന്വേഷിച്ചപ്പോള്‍ രാമപുരത്തിനടുത്ത് ഒരു പാടമുണ്ടെന്ന് അറിഞ്ഞു.കാറുമായി അവിടെയെത്തി, നേരത്തെ പറ്റിയ അബദ്ധം പറ്റാതിരിക്കാന്‍ ടോര്‍ച്ച് പോലും എടുക്കാതെ പാടത്തിറങ്ങി, എണ്ണി കൊണ്ട് പറിച്ച് തുടങ്ങി...
ഒന്ന്...രണ്ട്...മൂന്ന്....
സമയം ഇഴഞ്ഞു നീങ്ങി.
ആയിരത്തി ആറ്, ആയിരത്തി ഏഴ്, ആയിരത്തി എട്ട്.
ഓപ്പറേഷന്‍ സക്സ്സസ്സ്!!
കാറില്‍ പൂ നിറച്ച ചാക്കുമായി അമ്പല പറമ്പിലേക്ക്...
കാര്‍ ഗ്രൌണ്ടിലിട്ട് സമാധാനമായി ഉറങ്ങി.
നാളെ വിജയദശമി...
കുരുന്നുകള്‍ വിദ്യാരംഭം കുറിക്കുന്ന ദിനം.
അന്ന് തന്നെ അര്‍ച്ചനയും...
മനസില്‍ ആ പാട്ട് മുഴങ്ങി...

"ആയിരം താമര പൂവില്‍
അമരുന്നൊരംബികെ കൈ തൊഴുന്നേ...."

കാതര!!!....എന്തിര്??


ആശയ ദാരിദ്ര്യം, മുഴുത്ത ആശയദാരിദ്ര്യം!!
കൂടെ ഭയങ്കര ജോലിയും.പിന്നെ വീട്ടില്‍ വന്നാല്‍ മകളുടെ ഒപ്പം കളിയും ചിരിയും.
പണ്ടേ ദുര്‍ബലയായിരുന്നു, പിന്നെ ഗര്‍ഭിണിയായി, ഒന്നു പ്രസവിച്ചതിന്‍റെ പിറ്റേന്നാള്‍ വീണ്ടും ഗര്‍ഭിണിയായി.ഈ പറഞ്ഞ പോലെയാ എന്‍റെ അവസ്ഥ.എന്‍റെയീ അവസ്ഥ നിങ്ങളോട് പറഞ്ഞിട്ട് ഒരു കഥയുമില്ലെന്ന് എനിക്കറിയാം, അതുപോലെ എഴുതാന്‍ എന്‍റെ കൈയ്യിലും ഒരു കഥയുമില്ല എന്നതായിരുന്നു സത്യം.
അങ്ങനെയിരിക്കെ ഒരു നാള്‍...

ഭാര്യ നാട്ടിലാണ്, വീട്ടില്‍ ഞാന്‍ ഒറ്റക്കാണെന്ന് അറിഞ്ഞാണ്‌ റോഹനും ജോയും എന്നെ കാണാന്‍ വന്നത്.എറണാകുളം ഒന്നു കറങ്ങണം, ഒത്താല്‍ മെട്രോ ട്രെയിനു സ്ഥലമെടുത്തിരിക്കുന്നത് ശരിയായ രീതിയിലാണോന്ന് ഒന്നു നിഗമനത്തിലെത്തണം എന്നൊക്കെ അവര്‍ പറഞ്ഞപ്പോ, 'ശരി, നിങ്ങളിരി' എന്ന് പറഞ്ഞ് ഞാന്‍ കുളിക്കാന്‍ കയറി.കുളിച്ചു കൊണ്ടിരിക്കെ എന്‍റെ ഫോണ്‍ ബെല്ലടിക്കുന്നതും, അത് റോഹന്‍ അറ്റന്‍ഡ് ചെയ്തതും ഞാന്‍ കേട്ടു.പെട്ടന്ന് ബാത്ത് റൂമിന്‍റെ വാതിലില്‍ അവര്‍ ആഞ്ഞ് തട്ടി...
"മാഷേ, പെട്ടന്ന് വാ" റോഹന്‍റെ ശബ്ദം.
എന്തോ അത്യാഹിതം സംഭവിച്ചിരിക്കുന്നു!!!
ഞാന്‍ കുളി പൂര്‍ത്തിയാക്കി ചാടി ഇറങ്ങി, റോഹനതാ എന്‍റെ മൊബൈലില്‍ നോക്കി അത്ഭുതപ്പെട്ടിരിക്കുന്നു, അവന്‍ അമ്പരപ്പോടെ എന്നെയും ഫോണിനെയും മാറി മാറി നോക്കി.ജോയും സ്തബ്ധനായി ഇരിക്കുകയാണ്.
"എന്താ എന്ത് പറ്റി?"
നോ ആന്‍സര്‍.
"അവാര്‍ഡ് പടത്തില്‍ അഭിനയിക്കാതെ കാര്യം പറയടാ" വീണ്ടും ഞാന്‍.
മറുപടിയില്ല.

ഞാന്‍ ഫോണ്‍ വാങ്ങി നോക്കി.അറിയാത്ത ഒരു നമ്പരില്‍ നിന്ന് ഒരു കോള്‍ വന്നിട്ടുണ്ട്, ആരായിരിക്കും?
ചോദ്യം റോഹനോടായി:
"ആരാ വിളിച്ചത്"
"ഫാസിലാ" റോഹന്‍റെ മറുപടി.
"ഏത് ഫാസില്‍?" എനിക്ക് സംശയമായി.
"എടാ പാച്ചിക്ക" ജോയുടെ ക്ലാരിഫിക്കേഷന്‍.
പാവക്കാന്നും, കോവക്കാന്നും, വാഴക്കാന്നുമൊക്കെ കേട്ടിട്ടുണ്ട്, ഇതെന്താ ഈ പാച്ചിക്ക??
എനിക്ക് മനസിലായില്ലെന്ന് എന്‍റെ മുഖഭാവം വിളിച്ച് പറയുന്നുണ്ടായിരുന്നു, അതിനാലാവാം, ജോ വ്യക്തമാക്കി:
"എന്‍റെ അരുണേ, സംവിധായകന്‍ ഫാസില്‍, പാച്ചിക്ക"
ഫാസില്‍!!!
മണിച്ചിത്രത്താഴ് പോലെയുള്ള സിനിമകളുടെ സംവിധായകന്‍, സിദ്ധിക്ക് ലാലിനെ പോലുള്ള സംവിധായകരുടെ ഗുരു, മോഹന്‍ലാലിനെ പോലുള്ളവരെ ഫിലിം ഫീല്‍ഡില്‍ ഇന്‍ട്രൊഡ്യൂസ്സ് ചെയ്ത മഹാന്‍, സിനിമക്കാരുടെ സ്വന്തം പാച്ചിക്ക, മലയാളികളുടെ പ്രിയ സംവിധായകന്‍ ഫാസില്‍ എന്നെ വിളിച്ചിരിക്കുന്നു...
അതും എന്‍റെ സ്വന്തം ഫോണിലേക്ക്....
ഒരു ഇന്‍കമിംഗ് കാള്‍!!!
എന്‍റെ മനസില്‍ ഒരു വെള്ളിടി വെട്ടി.

ഒരു കുപ്പി വെള്ളം ഒറ്റയിരുപ്പിനു കുടിച്ച് കഴിഞ്ഞപ്പോഴാണ്‌ സ്വബോധം വീണ്ട് കിട്ടിയത്, എങ്കിലും ഒരു സംശയം ബാക്കിയായി...
എന്തിന്??
"നീ ഇന്‍റര്‍നെറ്റില്‍ വല്ലോം ഫാസിലിനെ കുറിച്ച് എഴുതുകയോ സംസാരിക്കുകയോ ചെയ്തോ?" ജോയുടെ ചോദ്യം.
"ഇല്ല"
"ഒന്ന് ഓര്‍ത്ത് നോക്കിയേ?" കൂട്ടുകാര്‍ നിര്‍ബന്ധിച്ചു.
"ഇല്ല ഉറപ്പാ...ങ്ഹാ...പിന്നെ, ഇന്നലെ ടീവിയില്‍ വിസ്മയതുമ്പത്ത് വന്നപ്പോ അതിന്‍റെ ഫസ്റ്റ് ഹാഫ് ഫാസില്‍ നന്നായിട്ട് എടുത്തിട്ടുണ്ടെന്ന് പറഞ്ഞാരുന്നു"
ഞാന്‍ വ്യക്തമാക്കി.
"അപ്പോ അതാണ്‌ കാര്യം, സെക്കന്‍ഡ് ഹാഫിന്‍റെ കുഴപ്പമറിയാന്‍ ഫാസില്‍ വിളിക്കുന്നതാകും" റോഹന്‍റെ മറുപടി.
അവന്‍ ആ പറഞ്ഞത് സ്വബോധത്തോടാണോന്ന് എനിക്ക് ഇപ്പോഴും സംശയമുണ്ട്.അത് ഉറപ്പിക്കാന്‍ അന്നേരം ഞാനവനോട് ചോദിച്ചു:
"എന്‍റെ വീട്ടില്‍ ടീവിയുടെ മുന്നിലിരുന്ന് ഞാന്‍ പറഞ്ഞത് ഫാസില്‍ എങ്ങനറിയും?"
"അത് പിന്നെ വിസ്മയത്തുമ്പത്ത് ഫാസിലിന്‍റെ സിനിമയല്ലേ, അപ്പൊ പുള്ളി അറിയത്തില്ലേ?"
അവന്‍റെ മറുചോദ്യം.
"അതേ, അത് ശരിയാ" ജോയുടെ സപ്പോര്‍ട്ട്.
"ശ്ശെടാ, എന്നാലും ഞാന്‍ പറഞ്ഞത് ഫാസില്‍ എങ്ങനറിയും?"
"എടാ നീ എഴുതിയ കഥയെ പറ്റി ആരേലും പറഞ്ഞാ നീ അറിയില്ലേ, അതു പോലെ ഫാസിലും അറിയും" ജോ എനിക്ക് വിശദമാക്കി തന്നു.
"എടാ എന്നാലും ഞാന്‍ എന്‍റെ വീട്ടില്‍ ടീവിയുടെ മുന്നിലിരുന്ന് പറഞ്ഞത്...."
ഞാന്‍ ചോദിച്ച് വരുന്നതിനു ഇടക്ക് കയറി റോഹന്‍ ചോദിച്ചു:
"വിസ്മയത്തുമ്പത്ത് ഫാസിലിന്‍റെ പടമാണോ?"
"അതേ"
"അപ്പോ നീ പറഞ്ഞാല്‍ ഫാസിലറിയും"
ശെടാ, ടെക്നോളജിയുടെ ഒരു വികസനമേ??
ഇതൊക്കെ ആരറിഞ്ഞു??

ഇവര്‍ ഈ പറയുന്നത് സത്യമാണെങ്കില്‍ പ്രിയദര്‍ശനും, സിദ്ധിക്ക്-ലാലുമൊക്കെ ഇനിയെന്നെ വിളിച്ച് തുടങ്ങുമായിരിക്കും...
അരുണേ, എന്‍റെ ആ ഷോട്ടിനെന്താ കുഴപ്പം??
അത് എങ്ങനെ എടുക്കണമെന്നാ അരുണിന്‍റെ അഭിപ്രായം??
സംശയം ചോദിച്ച് വിളിക്കുന്ന ആരെയും പിണക്കരുത്, കറക്റ്റ് ആന്‍സര്‍ കൊടുക്കണം...
എന്‍റമ്മേ, എനിക്ക് വയ്യ, ഞാനൊരു സംഭവമാകും!!
ഞാന്‍ ഇങ്ങനെ ആലോചിച്ചിരിക്കെ ജോയ്ക്ക് ഒരു സംശയം:
"അല്ല, ഇവന്‍ ഇവന്‍റെ വീട്ടില്‍ ടീവിയുടെ മുന്നിലിരുന്ന് പറഞ്ഞത് ഫാസില്‍ എങ്ങനറിയും?"
ഇതല്ലേ എന്‍റെ ചോദ്യം??
"എടാ വിസ്മയത്തുമ്പത്ത് ഫാസിലിന്‍റെ പടമല്ലേ, അപ്പോ..."
പറഞ്ഞ് വന്നത് നിര്‍ത്തി റോഹനൊന്ന് സ്റ്റക്കായി, എന്നിട്ട് എന്നോട് ചോദിച്ചു:
"നീ നിന്‍റെ  വീട്ടില്‍ ടീവിയുടെ മുന്നിലിരുന്ന് പറഞ്ഞത് ഫാസില്‍ എങ്ങനറിയും?"
കോപ്പ്.
ഇതല്ലേ എന്‍റെ ചോദ്യം??
മൂവരും വീണ്ടും ആലോചനയിലായി.

"അദ്ദേഹം വേറെ ഒന്നും പറഞ്ഞില്ലേ?" ജോ ചോദിച്ചു.
"ഒരു കഥയെ പറ്റി സംസാരിക്കണമെന്ന് മാത്രം പറഞ്ഞു" റോഹന്‍ വ്യക്തമാക്കി.
"അതിനു ഞാന്‍ കഥയെഴുതുമെന്ന് പുള്ളിക്ക് എങ്ങനെ അറിയാം?"
"നിന്‍റെ ബുക്ക് വായിച്ച് കാണും, അതിലെ നമ്പരില്‍ വിളിച്ചതായിരിക്കും" റോഹന്‍ ബുദ്ധിപരമായി ചിന്തിച്ചു.
"പക്ഷേ എന്‍റെ ബുക്കില്‍ ജോയുടെ നമ്പരല്ലേ ഉള്ളു, പിന്നെങ്ങനാ എന്നെ വിളിക്കുന്നത്?"
"അതെന്താ അരുണേ അങ്ങനെ പറഞ്ഞത്, എന്നെ വിളിക്കുമ്പോ ഞാന്‍ അരുണിന്‍റെ നമ്പര്‌ കൊടുക്കത്തില്ലേ?" ജോ ചോദിച്ചു.
"ശരിയാ, അങ്ങനെ നമ്പര്‌ വാങ്ങിയായിരിക്കും ഇപ്പോ വിളിച്ചത്" റോഹന്‍റെ ബുദ്ധി കൂടി കൂടി വന്നു.
"അതാവാന്‍ ചാന്‍സുണ്ട്" ജോ പറഞ്ഞു.
ഞാന്‍ അറിയാതെ തലയില്‍ കൈ വച്ച് പോയി...
പൊട്ടന്‍മാര്!!!!
ഇവന്‍മാരിത് കുളമാക്കും.

ഒരു സമാധാനത്തിനു ഞാന്‍ ദീപയെ വിളിച്ചു, അവളുടെ അമ്മയാണ്‌ ഫോണെടുത്തത്.ഒറ്റയടിക്ക് കാര്യം പറഞ്ഞു, ദീപ അമ്പലത്തില്‍ പോയെന്നും തിരികെ വരുമ്പോ പറയാമെന്നും പറഞ്ഞ്, എനിക്ക് ഒരു ഓള്‍ ദി ബെസ്റ്റും പറഞ്ഞ് അമ്മ ഫോണ്‍ കട്ട് ചെയ്തു.
അപ്പോള്‍ മൊബൈല്‍ വീണ്ടും ബെല്ലടിച്ചു...
അതേ നമ്പറില്‍ നിന്ന്, വീണ്ടും ഇന്‍കമിംഗ് കാള്‍...
പാച്ചിക്ക....മലയാളികളുടെ സ്വന്തം ഫാസില്‍!!!

ഫോണെടുത്തതോടെയാണ്‌ സത്യം മനസിലായത്, വിളിച്ചത് ഫാസിലും പ്രിയദര്‍ശനുമൊന്നുമല്ല, ആളുടെ പേര്‌ ബസീലെന്നാണ്, ബസില്‍ ജോസഫ്.ടെക്നോ പാര്‍ക്കില്‍ വര്‍ക്ക് ചെയ്യുന്ന ഒരു കലാകാരന്‍.അദ്ദേഹം ഫോണില്‍ പറഞ്ഞ പേര്‌ കേട്ട റോഹന്‍ അതിനെ ഫാസിലെന്നും, ജോ അതിനെ പാച്ചിക്കാന്നും മാറ്റിയതാണെന്ന നഗ്നസത്യം ഞാന്‍ തിരിച്ചറിഞ്ഞു.ചമ്മല്‌ മറച്ച് വച്ച് കാര്യം തിരക്കി, അദ്ദേഹം മറുപടിയും നല്‍കി....
പുള്ളിക്ക് കായംകുളം സൂപ്പര്‍ഫാസ്റ്റിലെ ഒരു കഥ ടെലിഫിലിം ആക്കാന്‍ ആഗ്രഹം, സന്തോഷത്തോടെ സമ്മതം കൊടുത്തു.

തുടര്‍ന്ന് ജോയോടും റോഹനോടും കാര്യങ്ങള്‍ വിശദീകരിച്ചിരിക്കെ വീണ്ടുമൊരു ഫോണ്‍, ഹരിപ്പാട്ട് നിന്നാണ്, ദീപയുടെ ഒരു അകന്ന ബന്ധു, ഫോണ്‍ അറ്റന്‍ഡ് ചെയ്തു:
"ഹലോ"
"ഹലോ...ആ ..അരുണല്ലേ? ഫാസിലിന്‍റെ പുതിയ പടത്തിനു മോനാണോ എഴുതുന്നത്?"
ങ്ങേ!!!!!
ഞെട്ടല്‌ മറച്ച് ചോദിച്ചു:
"ആര്‌ പറഞ്ഞു?"
"അമ്മയിപ്പോ വിളിച്ചാരുന്നു"
ഈശ്വരാ!!!!
നാടു മൊത്തം അറിഞ്ഞോ??
"ഫാസിലിനു വേണ്ടി മാത്രമല്ല കേട്ടോ, സിദ്ധിഖിനു വേണ്ടിയും എഴുതണം"
അദ്ദേഹത്തിന്‍റെ ഉപദേശം.
"സിദ്ധിഖിനു മാത്രമല്ല, സ്പിന്‍ബര്‍ഗിനും ജയിംസ് കാമറൂണിനും വേണ്ടി എഴുതണമെന്നാ എന്‍റെ ആഗ്രഹം"
ഞാന്‍ തിരിച്ചടിച്ചു.
"ഉവ്വോ? അവരൊക്കെ ആരാ?"
"എന്‍റെ അമ്മാവന്‍മാരാ"
"ഓഹോ, അവരും സിനിമാ ഫീല്‍ഡിലാണോ?"
കുന്തം!!!
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

ദിവസങ്ങള്‍ കഴിഞ്ഞു...
ഇന്നലെ (28-09-12) ആ ഷോര്‍ട്ട് ഫിലിം റിലീസായി...

സംവിധാനം : ബസില്‍ ജോസഫ്
കഥ : അരുണ്‍ കായംകുളം
ക്യാമറ : നിതിന്‍ നന്ദകുമാര്‍
എഡിറ്റിംഗ്: അപ്പു എന്‍ ഭട്ടതിരി
മ്യൂസിക്ക് : സിദ്ധാര്‍ത്ഥ പ്രദീപ്
പിന്നെ ബസിലിന്‍റെ ഒരു കൂട്ടം സുഹൃത്തുക്കളും.

എല്ലാം ദൈവാധീനമാണെന്നാണ്‌ എന്‍റെ വിശ്വാസം.കരിമുട്ടത്തമ്മയെ മനസില്‍ ധ്യാനിച്ച് കൊണ്ട് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബസിലിനും കൂട്ടര്‍ക്കും ഞാന്‍ ആദ്യമേ നന്ദി പറഞ്ഞു കൊള്ളട്ടേ.അവര്‍ യൂടൂബിലിട്ട വീഡിയോയുടെ ലിങ്ക് ഞാനിവിടെ കൊടുക്കുന്നു.എല്ലാ സുഹൃത്തുക്കളും അത് കാണണമെന്നും, അഭിപ്രായം അവിടെ രേഖപ്പെടുത്തണമെന്നും, കഴിയുമെങ്കില്‍ ഷെയര്‍ ചെയ്ത് കൂടുതല്‍ കൂട്ടുകാരെ കാണിക്കണമെന്നും അപേക്ഷിക്കുന്നു.എന്നെ പോലെ ഇതിന്‍റെ അണിയറ പ്രവര്‍ത്തകരും നിങ്ങളുടെ അഭിപ്രായത്തിനായി കാത്തിരിക്കുകയാണ്...

യൂടൂബ് ലിങ്ക്:

പ്രിയംവദ കാതരയാണോ?!

 


കൂടുതല്‍ വിവരങ്ങള്‍ക്ക്:
നമ്മുടെ ബൂലോകം

കഥയിലേക്കുള്ള ലിങ്ക്:
പ്രിയംവദ...

ഫേസ്ബുക്ക് പേജ്:
കാതരയാണോ?


നിങ്ങളുടെ അഭിപ്രായങ്ങള്‍ യൂടൂബില്‍ നിന്ന് അറിയാമെന്ന വിശ്വാസത്തില്‍ ഇവിടെ കമന്‍റ്‌ ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യുന്നു, ദയവായി സഹകരിക്കുക.

ഒരിക്കല്‍ കൂടി നന്ദിയോടെ...
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം

കമ്മട്ടത്തിന്‍റെ ഉത്പന്നം തേടി..



കമ്മട്ടം...
രാജഭരണ കാലത്ത് നോട്ടടിക്കുന്നത് ഈ യന്ത്രത്തിലായിരുന്നത്രേ.
ഇന്ന് കാലം മാറി, ഇപ്പോ കമ്മട്ടത്തിന്‍റെ സ്ഥാനത്ത് റിസര്‍വ്വ് ബാങ്കിലെ പ്രസ്സ് വന്നു.എങ്കിലും അത്യന്തികമായി പറയുമ്പോള്‍ കമ്മട്ടത്തില്‍ നിന്ന് ഇറങ്ങുന്ന കടലാസു നോട്ടുകള്‍ക്ക് പിന്നാലെയാണ്‌ ഒരോ  മനുഷ്യനും...
ജീവിക്കാന്‍ വേണ്ടി, വെട്ടി പിടിക്കാന്‍ വേണ്ടി, ഒരു യാത്ര.
ലക്ഷങ്ങള്‍ സമ്പാദിച്ചാല്‍ പ്രഭു ആകുമെന്നും, കോടികള്‍ സമ്പാദിച്ചാല്‍ ഈശ്വരന്‍ ആകുമെന്നും വിശ്വസിച്ച്, നാളത്തെ ലക്ഷപ്രഭുവും കോടീശ്വരനും ആകാനായി ഒരു അലച്ചില്‍...
ഈയുള്ളവന്‍റെ ജീവിതവും അങ്ങനെ തന്നെ!!
ആ ജീവിതം വിശേഷിപ്പിക്കണമെങ്കില്‍ ആദ്യം പറയണ്ട ഒരു സ്ഥല പേരുണ്ട്, ബാംഗ്ലൂര്‍.ആ നാടിനെ കുറിച്ച് എത്ര വിശേഷിപ്പിച്ചാലും മതിയാവില്ല, കാരണം ഒട്ടുമിക്ക സോഫ്റ്റ് വെയര്‍ എഞ്ചിനിയറുടെയും ലൈഫിലെ ടേണിംഗ് പോയിന്‍റ്‌ ഇവിടമാണ്, ഈ മെട്രോ നഗരം.

ബാംഗ്ലൂരിലെ ജീവിതം..
ആദ്യമൊക്കെ പൊരുത്തപ്പെടാന്‍ കുറച്ച് സമയമെടുത്തു, പിന്നെ പിന്നെ ശീലമായി.ജോലിയും ലീവുമെല്ലാം ജീവിതത്തിന്‍റെ ഭാഗമായി, ഞാനുമൊടു മെട്രോ മാനായി.ഞാന്‍ ജോലിക്ക് വന്ന കാലഘട്ടത്തില്‍ ബാംഗ്ലൂരില്‍ ജോലിയാണെന്ന് പറഞ്ഞാല്‍ മയക്ക് മരുന്ന് സിറിഞ്ചും, കഞ്ചാവ് പുകയുമാണ്‌ നാട്ടുകാരുടെ മനസ്സില്‍ ഓടിയെത്തുക.കാലക്രമേണ ആ ചിന്താഗതി മാറി, കമ്മട്ടത്തിന്‍റെ ഉത്പന്നം തേടി ഒരുപാട് ആളുകള്‍ ഈ മെട്രോയിലേക്ക് കുടിയേറി.ആദ്യമായി വരുന്നവര്‍ ഒരു ഷെല്‍ട്ടറിനായി തങ്ങളുടെ മുന്‍ഗാമികളെ ആശ്രയിച്ച് തുടങ്ങി.
കാലത്തിന്‍റെ കുത്തൊഴുക്ക് എന്നെയും ഒരു മുന്‍ഗാമിയാക്കി, അത് എനിക്ക് മനസിലായത് പാക്കരന്‍ വല്യപ്പാന്‍റെ മകന്‍ സുകു ചേട്ടന്‍റെ കല്യാണത്തിനന്ന് ആയിരുന്നു, ഭാര്‍ഗ്ഗവമാമ ആയിരുന്നു അതെനിക്ക് ബോധ്യപ്പെടുത്തി തന്നത്.
അന്ന്..
ആ കല്യാണ ദിവസം...

എന്‍റെ പേര്‌ മനുവെന്ന് ആണെന്നും, എനിക്ക് സ്വന്തമായി ഡെബിറ്റ് കാര്‍ഡ് ഉണ്ടെന്നും പറഞ്ഞ് സുന്ദരികളായ പെണ്‍കുട്ടികളെ പരിചയപ്പെട്ട് നില്‍ക്കവെയാണ്‌ ഒരു ശബ്ദം ഞാന്‍ കേട്ടത്:
"ടാ മനു, ഇങ്ങട്ട് വാടാ"
തിരിഞ്ഞ് നോക്കി.
ഭര്‍ഗ്ഗവമാമയാണ്, കൂടെ കുറേ ലലനാമണികളും.ഞാന്‍ അങ്ങോട്ട് ചെല്ലവേ മാമന്‍ എന്നെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി:
"മനു, മനസിലായില്ലേ?"
"പിന്നെ, നമ്മടെ മനു" ഒരു കോറസ്സ്.
ആ കൂട്ടത്തില്‍ ആര്‍ക്കൊക്കെ പെണ്‍മക്കളുണ്ട്, ആര്‍ക്കൊക്കെയില്ല എന്ന് അറിയാത്തതിനാല്‍ എല്ലാവരെയും നോക്കി, ഒരേ നീളത്തിലും വീതിയിലും ഞാന്‍ ചിരിച്ച് കാണിച്ചു.
"ഇവനു ഞങ്ങള്‌ ബാംഗ്ലൂരാ ജോലി ശരിയാക്കിയത്" ഭാര്‍ഗ്ഗവമാമ എഗൈന്‍.
മാമാ പറയുന്ന കേട്ടാല്‍ തോന്നും അവര്‌ കുടുംബക്കാരെല്ലാം കൂടാ എനിക്ക് ജോലി ശരിയാക്കി തന്നതെന്ന്.പ്രതിഷേധിച്ചില്ല, ശരിയെന്ന അര്‍ത്ഥത്തില്‍ തല കുലുക്കി.
കോറസ്സ് വീണ്ടും ചിരിച്ചു.
ഇവരൊക്കെ ആരാ??
എന്നാത്തിനാ എന്നെ ഇങ്ങനെ കുറ്റിയടിച്ച് നിര്‍ത്തിയേക്കുന്നത്??
എനിക്ക് ഒരു പിടിയും കിട്ടിയില്ല.

"മനസിലായില്ലേ, ഇത് സരോജം, മാളിക വീട്ടിലെ"
ഭാര്‍ഗ്ഗവമാമ ഒരു സ്ത്രീയെ എനിക്ക് പരിചയപ്പെടുത്തി തന്നു.
മാമയുടെ ആ പരിചയപ്പെടുത്തലില്‍ നിന്ന് അവരെ ഞാന്‍ മനസിലക്കേണ്ടത് അത്യന്താപേക്ഷിതമായ ഒരു സംഗതിയാണെന്നും, അതു കൊണ്ട് ഭാവിയില്‍ എനിക്ക് എന്തൊക്കെയോ ഗുണങ്ങളുണ്ടെന്നും എന്നിലെ ബുദ്ധിമാന്‍ മനസിലാക്കി, അതിനാല്‍ 'ഓ നിങ്ങളാണോ ആ സ്ത്രീ, മാളിക വീട്ടിലെ സരോജം!' എന്ന ഭാവത്തില്‍ ഞാന്‍ അവരെ ഒന്നു നോക്കി, ഒന്നു തൊഴുതു കാണിച്ചു.
"സരോജത്തിന്‍റെ മകന്‍ എഞ്ചിനിയറിംഗ് കഴിഞ്ഞു" അമ്മാവന്‍.
സന്തോഷം!!!
"നീ അവനെ ബാംഗ്ലൂരില്‍ കൊണ്ട് പോയി ഒരു ജോലി വാങ്ങിച്ച് കൊടുത്തേരെ"
എന്ത്??
അമ്മാവന്‍ ആ പറഞ്ഞത് എനിക്ക് മനസിലായില്ല.കുട്ടന്‍മാമന്‍റെ കടയില്‍ കൊണ്ട് പോയി ഒരു ചായ വാങ്ങിച്ച് കൊടുത്തേരെന്നുള്ള അതേ ലാഘവത്തില്‍ ആ വാചകം ഉള്‍കൊള്ളാന്‍ എനിക്ക് കഴിഞ്ഞില്ലതെന്നതാ സത്യം.
ഞാന്‍ അമ്പരന്ന് നില്‍ക്കെ ആ സ്ത്രീ പറഞ്ഞു:
"മോന്‍, പേടിക്കുകയും ഒന്നും വേണ്ടാ, അവനു ഡിസ്റ്റിംഗഷനുണ്ട്"
അതിന്??
അല്ല, ആ സ്ത്രീയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ബാംഗ്ലുരില്‍ ഡിസ്റ്റിംഗ്ഷനു ഒണക്കമത്തിയുടെ വില പോലും ഇല്ലെന്ന് അവര്‍ക്ക് അറിയില്ലല്ലോ.അവര്‍ ആകാംക്ഷയോടെ എന്നെ നോക്കുന്നു...
ഒടുവില്‍ ആ ദുര്‍ബല നിമിഷത്തില്‍ ഞന്‍ പറഞ്ഞു:
"റസ്യൂം ശരിയാക്ക്, ഞാന്‍ നോക്കാം"

ആ പ്രാവശ്യം ബാംഗ്ലൂരില്‍ പോകുന്നതിനു മുന്നേ അവരുടെ വീട്ടില്‍ ഞാന്‍ പോയി.പയ്യന്‍റെ റസ്യൂം കൈയ്യില്‍ തന്ന് ആ അമ്മ പറഞ്ഞു:
"ഇനി എല്ലാം മോന്‍റെ കൈയ്യിലാ"
അത് എനിക്ക് മനസിലായില്ല...
ആ സ്ത്രീ കല്യാണം കഴിച്ചത് എന്നോട് പറഞ്ഞിട്ടല്ല, അവര്‍ക്കൊരു മോനുണ്ടായതും ഞാനറിഞ്ഞില്ല, അവനെ എഞ്ചിനിയറിംഗ് വിട്ടതും തന്നിഷ്ടപ്രകാരമാ, എന്നിട്ട് അവസാനം ഒരു തുണ്ട് പേപ്പറ്‌ കൈയ്യില്‍ തന്നട്ട് എല്ലാം എന്‍റെ കൈയ്യിലാണെന്ന് പറയുന്നത് എന്ത് ഔചിത്യത്തിന്‍റെ പുറത്താണോ ആവോ?
ഒടുവില്‍ മലയാളി അമ്മമാരുടെ പൊതുവായ സ്വഭാവമാണെന്ന് ഓര്‍ത്ത് സമാധാനിച്ചു.
"പോന്നതൊക്കെ കൊള്ളാം, ജോലി വാങ്ങി കൊടുത്തോണം"
ആ പയ്യന്‍റെ അമ്മുമ്മയുടെ സ്വരമായിരുന്നത്, ഒരു ഭീക്ഷണി ധ്വനി ഉണ്ടൊ എന്തോ??
ഇറങ്ങാന്‍ നേരം പയ്യന്‍ പറഞ്ഞു:
"സത്യം പറഞ്ഞാല്‍ എന്‍റെ റസ്യൂം വങ്ങി പോകുന്ന ഏഴാമത്തെ ആളാ ചേട്ടന്‍, ഇത് വരെ ഇത് കൊണ്ട് പോയവരാരും പിന്നെ തിരിച്ച് വന്നിട്ടില്ല"
എന്‍റമ്മേ!!!
ആ റസ്യൂം കൈയ്യിലിരുന്ന് ഒന്ന് വിറച്ചു.
എല്ലാവരും ചത്തോ??
എന്‍റെ അമ്പരപ്പ് കണ്ടാകാം, അവന്‍ പറഞ്ഞു:
"ആറ്‌ പേരും ഇപ്പോഴും ഗള്‍ഫിലാ"
ഹത് ശരി!!
അവനെ സമാധാനിപ്പിക്കാനായി പറഞ്ഞു:
"ഇത് അങ്ങനെ ആകില്ല, മോന്‍ കൂടെ പോരെ"

അങ്ങനെ അവനും എന്‍റെ കൂടെയായി.അവനു എന്നോടുള്ള സ്നേഹവും പരിചരണവും കണ്ടപ്പോള്‍ എന്‍റെ ജോലി രാജി വച്ചാല്‍ അത് അവനു കിട്ടുമെങ്കില്‍ അതിനും ഞാന്‍ തയ്യാറായി.അത്ര പാവമായിരുന്നു അവന്‍, ഒരു പഞ്ചപാവം.ഒടുവില്‍ ഈശ്വരന്‍ കടാക്ഷിച്ചു അവനും ജോലിയായി.അതോടെ പുതിയ സുഹൃദ്ബന്ധങ്ങള്‍ അവനെ തേടി വന്നു, ഒരു നാള്‍ റ്റാ റ്റാ പറഞ്ഞ് അവന്‍ യാത്രയായി.മാസങ്ങള്‍ക്ക് ശേഷം ഫോറത്തില്‍ വച്ച് അവനെ കണ്ടപ്പോള്‍ അവന്‍ ആളാകെ മാറിയിരുന്നു...

"ഹായ് മനു, ഹൌ ആര്‍ യൂ, ഹൌ ഈസ് ലൈഫ്..." പത്ത് ക്വസ്റ്റൈന്‍.
"ഹൂ ഈസ് ദിസ്?" അവനോടൊപ്പമുള്ള പെണ്‍കുട്ടിക്ക് അവജ്ഞ.
"മനു, ഫ്രം മൈ പ്ലേസ്സ്" അവന്‍റെ മറുപടി.
അതായത് അവന്‍റെ സ്ഥലത്ത് നിന്ന് ബാംഗ്ലൂരില്‍ കുടിയേറിയ ഒരു പാവം മനു.അത് കേട്ട് 'ഓ പുവര്‍ വില്ലേജര്‍' എന്നോ മറ്റോ ആ പെണ്‍കുട്ടി പറഞ്ഞിരുന്നേല്‍ സത്യമായും സ്ത്രീ പീഡന കേസില്‍ ഞാന്‍ അകത്ത് ആയേനെ, ഭാഗ്യത്തിനു അത് ഉണ്ടായില്ല.
അവന്‍റെ പെരുമാറ്റത്തില്‍ വിഷമിച്ച് അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല, റൂം മേറ്റായ സന്ദീപിനോട് ഞാന്‍ ചോദിച്ചു:
"കാക്കകൂട്ടില്‍ കുയിലു മുട്ടയിടും, ഒടുവില്‍ തന്നെ ചതിച്ച് ആ കുഞ്ഞ് പറന്ന് പോകുമ്പോള്‍ തള്ളകാക്ക ഒരു പാട് വിഷമിക്കും അല്ലേടാ?"
സന്ദീപിനു മറുപടിയില്ല.
വിഷമം കാണും, ഒരു അനുജന്‍ എന്നുള്ള പരിഗണന സന്ദീപും അവനു നല്‍കിയിരുന്നതാ, അപ്പോ ശരിക്കും വിഷമം കാണും.
മറ്റൊരു തള്ള കാക്ക!!
അവനെയും ആശ്വസിപ്പിക്കേണ്ടത് എന്‍റെ ചുമതലയാണ്, അത് കൊണ്ട് ഞാന്‍ വീണ്ടും ചോദിച്ചു:
"കൂട്ടില്‍ കിടക്കുന്ന മുട്ട കാക്കയുടെതാണോ, കുയിലിന്‍റെതാണോന്ന് എങ്ങനെ അറിയനാ, അല്ലേടാ?"
ഇപ്പോഴും സന്ദീപിനു മറുപടിയില്ല, അവന്‍ എന്തോ ആലോചിക്കുകയാണ്.അത് കണ്ട് ഞാന്‍ ചോദിച്ചു:
"എന്താടാ ആലോചിക്കുന്നത്?"
"മുട്ട കോഴിയുടെതാണെങ്കില്‍ ബുള്‍സൈ ഉണ്ടാക്കാമായിരുന്നു" അവന്‍റെ മറുപടി.
മണ്ണാങ്കട്ട!!!
ഇവനോടൊക്കെ വേദാന്തം പറയാന്‍ പോയ എന്നെ തല്ലണം, ഞാന്‍ തലവഴി പുതപ്പ് മൂടി.

കാലം കടന്ന് പോയി...
അതനുസരിച്ച് ഒരുപാട് കുയിലുകള്‍ വന്നു, ഒടുവില്‍ പറക്കമറ്റാറായപ്പോള്‍ അവ പറന്നു പോയി, പക്ഷേ തള്ള കാക്ക കരഞ്ഞില്ല.ഒരുവിധപ്പെട്ട കുയിലുകളുടെ മുട്ട കൊണ്ട് വന്നത് ഭാര്‍ഗ്ഗവമാമയയിരുന്നു.അതിന്‍റെ നീരസവും എനിക്കുണ്ടായിരുന്നു, ഒളിഞ്ഞും തെളിഞ്ഞും ഞാനത് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്, പക്ഷേ മാമന്‍ കേട്ടില്ലെന്ന് നടിച്ചു.
അങ്ങനെയിരിക്കെ ഒരുനാള്‍ കരിക്ക് ചെത്താനായി പിച്ചാത്തിക്ക് മൂര്‍ച്ച കൂട്ടി കൊണ്ടിരിക്കെ ഭാര്‍ഗ്ഗവമാമ വീട്ടില്‍ വന്നു..
സിറ്റൌട്ടില്‍ കാര്യം പറഞ്ഞിരിക്കേ മാമന്‍ പറഞ്ഞു:
"മ്മടെ ലീലെടെ മോന്‍ എഞ്ചിനിയറിംഗ് കഴിഞ്ഞു...."
മുഖവുരയില്‍ നിന്ന് കാര്യം മനസിലാക്കി അച്ഛന്‍ തലകുനിച്ചു, മാമന്‍ അമ്മയോടായി ചോദിച്ചു:
"അല്ല, മനുവെന്തിയേ?"
"അവനവിടെ പിച്ചാത്തുക്ക് മൂര്‍ച്ച കൂട്ടി കൊണ്ടിരിക്കുവാ" അമ്മയുടെ മറുപടി.
ഭാര്‍ഗ്ഗവമാമ ഞെട്ടിയോ എന്തോ, അതിയാന്‍ പയ്യെ എഴുന്നേറ്റു.
"എന്തിനാ മനുവിനെ തിരക്കിയത്?" അമ്മ.
"വെറുതെ"
ഇങ്ങനെ പറഞ്ഞ് കൊണ്ട് അമ്മാവന്‍ അരങ്ങൊഴിഞ്ഞു.
അതില്‍ പിന്നെ മാമന്‍ വരുമ്പോഴൊക്കെ പിച്ചാത്തി എടുത്ത് മൂര്‍ച്ച കൂട്ടുന്നത് എന്‍റെ പതിവായി, അങ്ങനെ കുയിലുകളുടെ എണ്ണം കുറഞ്ഞു, ഒടുവില്‍ എന്‍റെ കല്യാണം കഴിഞ്ഞതോടെ പൂര്‍ണ്ണമായും നിലച്ചു.

വര്‍ഷങ്ങള്‍ കഴിഞ്ഞു...
എനിക്കൊരു കുഞ്ഞ് ജനിച്ചു.ഭാര്യയും കുഞ്ഞും നാട്ടിലാണ്, ബാംഗ്ലൂരിനോട് വിട ചൊല്ലേണ്ട സമയമായി.എറണാകുളത്ത് ജോലി ശരിയാക്കി പോകാനായി തയ്യാറാവവേ എനിക്കൊരു കോള്‍ വന്നു, എന്‍റെ കുഞ്ഞമ്മയുടെ ഫോണ്‍.
കുഞ്ഞമ്മയുടെ ആവശ്യം സിംപിളും ഹംപിളുമായിരുന്നു...
"മോനേ മനു, ഉണ്ണികുട്ടന്‍ എഞ്ചിനിയറിംഗ് കഴിഞ്ഞു.നീ അവനു ജോലി ഒന്നും വാങ്ങി കൊടുക്കേണ്ടാ, ഒരു രണ്ട് ദിവസം കൂടെ നിര്‍ത്തി അവനെ ബാംഗ്ലൂരൊന്ന് കാണിച്ച് കൊടുത്താല്‍ മതി"
വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌ ബാംഗ്ലൂരിലേക്ക് ഒരാള്‍ എന്‍റെ സഹായം അഭ്യര്‍ത്ഥിച്ച് വരുന്നത്, അതും ഒള്ളി റ്റൂ ഡേയ്സ്സ്!!
മാത്രമല്ല, അവന്‍ എന്‍റെ അനിയനുമാണ്.
ഏറ്റു.

അങ്ങനെ ഉണ്ണിക്കുട്ടന്‍ ബാംഗ്ലൂരെത്തി.ഞാനും അളിയന്‍ ദീപുവും കൂടി അവനെ ബാംഗ്ലൂര്‌ കാണിക്കാനിറങ്ങി...
"മോനേ, ഇതാണ്‌ ഫോറം"
കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, ഒരുപാട് കേട്ടിട്ടുണ്ട്!!
"മോനേ, ഇതാണ്‌ ലാല്‍ ബാഗ്"
കണ്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്, ഫോട്ടോയില്‍ കണ്ടിട്ടുണ്ട്!!!
"മോനേ, ഇതാണ്‌ മജസ്റ്റിക്ക്"
മനസിലായി, മനസിലായി, കണ്ടപ്പോഴേ മനസിലായി!!!
ഇങ്ങനെ രണ്ട് ദിവസം കൊണ്ട് ബാംഗ്ലൂര്‍ കവര്‍ ചെയ്തു.നാട്ടുകാരെ മൊത്തം ബാംഗ്ലൂരെത്തിച്ച് ജോലി വാങ്ങി കൊടുക്കാന്‍ സഹായിച്ച എനിക്ക് അനുജനെ സഹായിക്കാന്‍ പറ്റാത്തതില്‍ ചെറിയ വിഷമമുണ്ടായിരുന്നു, അത് സൂചിപ്പിച്ചപ്പോള്‍ അവന്‍ പറഞ്ഞു:
"സാരമില്ല ചേട്ടാ, അത് കുഴപ്പമില്ല"
അവന്‍റെ വലിയ മനസിനു നന്ദി.

അങ്ങനെ ഉണ്ണിക്കുട്ടന്‍ തിരിച്ച് പോകുന്നതിന്‍റെ തലേ ദിവസമായി.അന്ന് അളിയന്‍ ദീപുവിനു അത്യാവശ്യമായി ഓഫീസില്‍ പോകണമായിരുന്നു.ഞാനും ഉണ്ണിക്കുട്ടനും മാത്രമേ വീട്ടിലുള്ളു.ഒരു വൈകുന്നേരമായപ്പോള്‍ ദീപുവിന്‍റെ ഫോണ്‍ വന്നു, അവന്‍ വരാന്‍ വൈകുമത്രേ.
രാത്രിയില്‍ എന്ത് കഴിക്കുമെന്ന് ആലോചിച്ചിരിക്കെ ഉണ്ണിക്കുട്ടന്‍ ചോദിച്ചു:
"ചേട്ടാ, എന്നതാ ഈ പിസ്സ?"
ആ ചോദ്യത്തില്‍ നിന്ന് അവനു പിസ കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് എനിക്ക് മനസിലായി.എന്നെ മനസിലാക്കിയ എന്‍റെ അനുജനു ഒരു പിസ, അത് വാങ്ങി കൊടുക്കേണ്ടത് എന്‍റെ ചുമതലയാണ്.മനസില്‍ ഇങ്ങനെ കരുതി അത് വരെ പിസ കടകളില്‍ പോയി കഴിച്ചിട്ടില്ലാത്ത ഞാന്‍ അന്ന് അതിനു തയ്യാറായി.
നേരേ പിസ്സാ ഷോപ്പിലേക്ക്...
ഒരു സംഭവത്തിന്‍റെ തുടക്കാമായിരുന്ന് അത്..

ഏഴ് മണി ആകുമ്പോഴേക്കും പിസ്സ കടയില്‍ ആളുകള്‍ വന്നു തുടങ്ങും.ഞാനും ഉണ്ണിക്കുട്ടനും ബൈക്കില്‍ അങ്ങ് എത്തിയപ്പോഴേക്ക് സമയം എട്ട് കഴിയാറായി.അല്ലേല്‍ തന്നെ കൃത്യസമയത്ത് ഹാജരാകാന്‍ എസ്സ്.എസ്സ്.എല്‍.സി പരീക്ഷാ ഹാളൊന്നുമല്ലല്ലോ.
"സാര്‍, സിംഗിള്‍, ഡബിള്‍, ഫാമിലി. ഏത് വേണം?" വെയിറ്ററുടെ ചോദ്യം.
ഇതൊക്കെ എന്തുവാണെന്നും, ഇവ തമ്മിലുള്ള വ്യത്യാസം എന്നതാണെന്നും ഉണ്ണിക്കുട്ടന്‍റെ മുന്നില്‍ വച്ച് ചോദിക്കാന്‍ മനസ്സ് അനുവദിക്കാത്തതിനാല്‍ വച്ച് കാച്ചി:
"ഫാമിലി"
സാധനം മുന്നിലെത്തിയപ്പോഴാണ്‌ കോണ്ടിറ്റി കൂടുതലാണെന്ന് മനസിലായത്.പതിനഞ്ച് രൂപയുടെ കോള, പേപ്പര്‍ ഗ്ലാസിലാക്കി നൂറ്റമ്പത് രൂപക്ക് തന്നത് കുടിക്കുക കൂടി ചെയ്തതോടെ ഒരു വക കഴിക്കാന്‍ വയ്യാത്ത അവസ്ഥ.
"ചേട്ടാ, ഒരുപാട് ബാക്കി വന്നു" ഉണ്ണിക്കുട്ടന്‍റെ ഓര്‍മ്മപ്പെടുത്തല്‍.
യെസ്സ്, ശരിയാണ്!!
എന്ത് ചെയ്യും??

ആഹാരം വേയ്സ്റ്റ് ആക്കുന്നത് ഒരു നല്ല ശീലമല്ല, അതും തീ പാറുന്ന വിലയുള്ള പിസ്സ.അളിയന്‍ ദീപുവിനെ വിളിച്ചപ്പോള്‍ എടുത്തോണ്ട് വരാമെങ്കില്‍ അവന്‍ തിന്നോളാമെന്ന് പറഞ്ഞു..
പക്ഷേ എങ്ങനെ കൊണ്ട് പോകും?
ഞാന്‍ ചുറ്റും നോക്കി...
ഇടത് വശത്ത് കുറേ പെണ്‍കുട്ടികളാണ്, വലത് വശത്ത് ഒരു ഫാമിലിയും.കയ്യില്‍ പിടിച്ച് കൊണ്ട് ആരെയും നോക്കാതെ പുറത്തേക്ക് ഇറങ്ങിയാലും ഫ്രണ്ട് ഫുള്‍ ഗ്ലാസ്സ് ആയത് കൊണ്ട് ബൈക്ക് എടുത്ത് പോകുന്ന വരെ എല്ലാവരും കാണും.
നാണക്കേട്!!!
ഇത്തരം സന്ദര്‍ഭങ്ങളില്‍ ബുദ്ധിപരമായ നീക്കങ്ങള്‍ കൊണ്ടേ കാര്യമുള്ളു.ഞാന്‍ ഉണ്ണിക്കുട്ടനോട് പറഞ്ഞു:
"മോനൊരു കാര്യം ചെയ്യ്, ടിഷ്യു പേപ്പറില്‍ പൊതിഞ്ഞ് പിസയുമായി പുറത്തേക്ക് പോയ്ക്കോ, ഞാന്‍ പുറകിനു വരാം"
"എന്തെങ്കിലും പ്രശ്നമുണ്ടോ ചേട്ടാ?" അവനു സംശയം.
"ഹേയ് എന്ത് പ്രശ്നം, ഞാനില്ലേ ഇവിടെ?" എന്‍റെ മറുപടി.
അങ്ങനെ ആരും കാണാതെ വളരെ ബുദ്ധിപരമായി അവന്‍ ബാക്കി വന്ന പിസ്സ ടിഷ്യു പേപ്പറില്‍ പൊതിഞ്ഞു.എന്നിട്ട് എന്നെ ഒന്ന് നോക്കിയ ശേഷം അതുമായി പതിയെ എഴുന്നേറ്റു.തുടര്‍ന്ന് ആരു വിളിച്ചാലും തിരിഞ്ഞ് നോക്കില്ല എന്ന ഭാവത്തില്‍ കതക് തുറന്ന് പുറത്തേക്ക് ഇറങ്ങി, എന്നിട്ട് ബൈക്ക് ലക്ഷ്യമാക്കി നടന്നു...
ഓപ്പറേഷന്‍ സക്സ്സസ്സ്!!
എന്‍റെ മനസ്സ് മന്ത്രിച്ചു.

"സാറ്‌ മലയാളി ആണല്ലേ?"
ബില്ലുമായി വന്ന വെയിറ്ററുടെ ചോദ്യം ചാട്ടുളി പോലാ നെഞ്ചിലൂടെ പാഞ്ഞ് പോയത്.
"ഹതേ..എന്തേ...?"
മറുചോദ്യത്തില്‍ ഒരു വിക്കുണ്ടോ എന്തോ?
"തോന്നി"
കണ്ണാടി ചില്ലിലൂടെ ഞാന്‍ വെയിറ്ററോടെ സംസാരിക്കുന്നത് വേവലാതിയോടെ നോക്കുന്ന ഉണ്ണിക്കുട്ടനെ നോക്കിയായിരുന്നു അവന്‍റെ മറുപടി.
എനിക്കൊരു കാര്യം ഉറപ്പായി, ഞങ്ങടെ പ്രവൃത്തി അവന്‍ കണ്ടിരിക്കുന്നു...
പപ്പി ഷെയിം..പപ്പി ഷെയിം...
"ആക്ച്വലി..അത്..." ന്യായികരിക്കാന്‍ ഞാന്‍ പതിയെ ശ്രമിച്ചു.
"സാറിനത് പായ്ക്ക് ചെയ്ത് തരണോ?" അവന്‍ പെട്ടന്ന് ചോദിച്ചു.
അപ്പോഴാണ്‌ ബാക്കി വരുന്നത് പായ്ക്ക് ചെയ്ത് കൊടുക്കുമെന്ന് ഞാന്‍ ആദ്യമായി മനസിലാക്കിയത്.ഇതറിഞ്ഞായിരുന്നേല്‍ ഇത്രേം കഷ്ടപ്പെടില്ലായിരുന്നു, ചമ്മലോടെ തല തിരിച്ച് നോക്കിയപ്പോള്‍ അടുത്തിരിക്കുന്ന പെണ്‍കുട്ടികള്‍ എന്നെ നോക്കി ചിരിക്കുന്നു...
അവരും മലയാളികളാണെന്നാ തോന്നുന്നത്!!
അവരെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചിട്ട് ഞാന്‍ വെയിറ്ററോട് പറഞ്ഞു:
"പായ്ക്ക് ചെയ്ത് തന്നേരെ"

എന്‍റെ മറുപടി കേട്ടതും അയാള്‍ 'പ്ലീസ്സ് വെയിറ്റ്' എന്ന് എന്നോട് പറഞ്ഞിട്ട് ഉണ്ണിക്കുട്ടനെ ഒന്നു നോക്കി.പിസ്സയും ഒളിപ്പിച്ച് കണ്ണാടി ചില്ലിലൂടെ ഞങ്ങളെ നോക്കി നിന്ന ഉണ്ണിക്കുട്ടന്‍ പതിയെ തല തിരിച്ചു, എന്നിട്ട് ഒളികണ്ണിലൂടെ വീണ്ടും നോക്കി...
"സാര്‍, പ്ലീസ്സ് കം" വെയിറ്റര്‍ കൈയാട്ടി വിളിച്ചു.
ഉണ്ണി അത് കേള്‍ക്കാത്ത ഭാവത്തില്‍ രണ്ട് അടി മുന്നോട്ട് നടന്നു.എനിക്ക് അത് കണ്ടതും കാര്യം പിടി കിട്ടി, പൊതിഞ്ഞോണ്ട് പോയത് എന്തോ കുറ്റമാണെന്നായിരിക്കണം അവന്‍ ധരിച്ച് വച്ചിരിക്കുന്നത്.
"സാര്‍ നിങ്ങളെയാണ്‌ വിളിക്കുന്നത്, പ്ലീസ്സ് കം" വെയിറ്ററുടെ ശബ്ദം ഉച്ചത്തിലായി.
ആ കടയിലിരുന്നവരുടെയെല്ലാം ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു.
ഉണ്ണിക്കുട്ടനു അനക്കമില്ല..
നിങ്ങള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ പരിധിക്ക് പുറത്താണ്‌ എന്ന ഭാവത്തില്‍ അവന്‍ ദൃഷ്ടി ആകാശത്തിലേക്ക് മാറ്റി.
ഇപ്പോ കടയിലിരിക്കുന്നവര്‍ എന്നെയും ഉണ്ണിക്കുട്ടനെയും മാറിമാറി നോക്കി തുടങ്ങി.
"പ്ലീസ്സ് കം"
വെയിറ്ററുടെ അലര്‍ച്ച കേട്ടാകണം ഉണ്ണിക്കുട്ടനു അരികിലൂടെ പോയ ഒരു സ്ത്രീ അവനെ തോണ്ടി കടക്ക് നേരെ ചൂണ്ടി കാണിച്ചു.അവനു കടയുടെ നേരെ നോക്കുകയല്ലാതെ മറ്റ് വഴി ഉണ്ടായിരുന്നില്ല.ഇങ്ങോട്ട് നോക്കിയ അവന്‍ എല്ലാവരും കൈ ആട്ടി വിളിക്കുന്ന കണ്ട് ഒന്ന് ഞെട്ടി.അവന്‍ പേടിക്കാതിരിക്കാന്‍ കുഴപ്പമില്ലെന്ന് ഞാന്‍ കൈ വീശി കാണിച്ചു, അത് കണ്ടതും പിസ്സയും കക്ഷത്തില്‍ വച്ച് അവന്‍ ഒറ്റ ഓട്ടം...
തരൂല്ല, ഈ പിസ വിട്ട് തരൂല്ല, ഇത് സത്യം, സത്യം, സത്യം.
ഈശ്വരാ!!
കണ്ണടച്ചു കസേരയിലേക്ക് ഇരുന്ന എന്‍റെ അരികില്‍ വന്നു വെയിറ്റര്‍ പറഞ്ഞു:
"സാര്‍, അയാള്‍ ഓടി പോയി"
ഉവ്വോ??
അത്ഭുതം തന്നെ!!!
ഈ ഒരു ഭാവത്തില്‍ വെയിറ്ററുടെ മുഖത്ത് നോക്കിയട്ട് ഞാന്‍ പറഞ്ഞു:
"പട്ടിക്ക് കൊടുക്കാനാ ആ പിസ്സ എടുത്തത്, മണി ഒമ്പതായില്ലേ, അതിനു വിശക്കുന്നുണ്ടാകും, ഓടി കൊണ്ട് കൊടുത്തോട്ടേ, തടയണ്ട"
ഞാന്‍ പറഞ്ഞത് സത്യമാണോ, കള്ളമാണോന്ന് അറിയാതെ വെയിറ്റര്‍ എന്നെ നോക്കി, എന്നിട്ട് ബില്ലും വാങ്ങി തിരികെ നടന്നു.

കടയില്‍ നിന്ന് പുറത്തിറങ്ങിയ ഞാന്‍ ബൈക്കിനു അടുത്തേക്ക് ഒറ്റ ഓട്ടമായിരുന്നു.വണ്ടി സ്റ്റാര്‍ട്ടാക്കി മുന്നോട്ട് എടുക്കുമ്പോള്‍ ഉണ്ണിക്കുട്ടനു വഴി തെറ്റി പോകുമോന്ന് ആയിരുന്നു പേടി.എന്നാല്‍ ഞാന്‍ വീട്ടിലെത്തി അഞ്ച് മിനിറ്റ് കഴിഞ്ഞതോടെ അവനും അങ്ങ് എത്തി, വിയര്‍ത്ത് കുളിച്ച കൈയ്യില്‍ അവന്‍ പിസ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.
"നീയെന്തിനാ ഓടിയത്?" എന്‍റെ ചോദ്യം.
"ചേട്ടനല്ലേ കൈ വീശി ഓടാന്‍ പറഞ്ഞത്?" അവന്‍റെ മറു ചോദ്യം.
അപ്പോ അതാണ്‌ കാര്യം!!!
"എന്താ കുഴപ്പം വല്ലതുമുണ്ടായോ?" ഉണ്ണിക്കുട്ടന്‍റെ കൈയ്യില്‍ നിന്ന് പിസ്സ വാങ്ങി കഴിക്കുന്ന കൂട്ടത്തില്‍ ദീപു ചോദിച്ചു.
മറുപടിയായി സംഭവിച്ചത് മുഴുവന്‍ പറയേണ്ടി വന്നു.എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അവന്‍ ചോദിച്ചു:
"എന്നിട്ട് എങ്ങനെ തലയൂരി?"
"പിസ്സയുമായി ഓടിയത് പട്ടിക്ക് കൊടുക്കാനാണെന്ന് പറഞ്ഞ് തലയൂരി"
എന്‍റെ മറുപടി കേട്ടതും അവന്‍ പൊട്ടിച്ചിരിച്ചു.പക്ഷേ എന്താണെന്ന് അറിയില്ല, ആ ചിരി അധികം നീണ്ടില്ല.വായില്‍ ചവച്ച് കൊണ്ടിരുന്ന പിസ്സ് ഇറക്കാതെ, കൈയ്യില്‍ ബാക്കി ഇരുന്ന പിസ്സയിലേക്കും എന്‍റെ മുഖത്തേക്കും അവന്‍ സംശയിച്ച് നോക്കി...
എനിക്കാണോ??
ആ പട്ടി ഞാനാണോ??
അബദ്ധം മനസിലാക്കിയ ഞാന്‍ വേഗം തിരുത്തി:
"ഹേയ്, നീ അല്ല, വേറെ പട്ടിയാ"
അവനു സമാധാനമായി, അവന്‍ വീണ്ടും കഴിച്ച് തുടങ്ങി.വീണ്ടും അബദ്ധമാണ്‌ പറഞ്ഞതെന്ന് മനസ്സ് മന്ത്രിച്ചെങ്കിലും തിരുത്താന്‍ പോയില്ല...
ആ ദിവസം അങ്ങനെ കഴിഞ്ഞു.

പിറ്റേ ദിവസം ഉണ്ണിക്കുട്ടന്‍ തിരികെ പോയി, ഒരാഴ്ചക്ക് ശേഷം ഞാനും ബാംഗ്ലൂര്‍ വിട്ടു.ഇന്നിപ്പോള്‍ ഉണ്ണിക്കുട്ടന്‍ തിരുവനന്തപുരത്താണ്, ദീപു ബാംഗ്ലൂരിലും, ഞാന്‍ കൊച്ചിയിലും.സ്വന്തം നാട്ടില്‍ നിന്ന് മാറി നിന്ന് ജീവിതം മുന്നോട്ട് നീക്കുന്നു, അതിനായി കമ്മട്ടത്തിന്‍റെ ഉത്പന്നം തേടിയുള്ള യാത്ര തുടരുന്നു...
ഞങ്ങളും, നിങ്ങളും...


രാജാവ് നഗ്നനല്ല

കായംകുളം സൂപ്പര്‍ഫാസ്റ്റിനു നാലു വയസ്സ് തികയുകയാണ്, ഒപ്പം എന്‍റെ എഴുത്തിനും.നന്ദിയുണ്ട്, എല്ലാവരോടും.ഈ നാലാം ജന്മദിന വേളയില്‍, ഐ.ടി മേഖലയില്‍ ജീവിതം ഹോമിച്ച (തുലച്ചത് എന്ന് പറയുന്നതാണ്‌ കൂടുതല്‍ ശരി) , എന്‍റെ എല്ലാ ഐ.ടി സുഹൃത്തുക്കള്‍ക്കുമായി ഞാന്‍ ഈ കഥ ഡെഡിക്കേറ്റ് ചെയ്യുന്നു...
രാജാവ് നഗ്നനല്ല!!!
(ഇതൊരു നര്‍മ്മ കഥയല്ല, ആക്ഷേപ ഹാസ്യമാണ്)

കഷായം എന്ന തന്‍റെ പുസ്തകത്തില്‍ സുകുമാര്‍ സാര്‍ പറഞ്ഞത് ഒന്ന് ഓര്‍മ്മിപ്പിക്കട്ടെ...

'നര്‍മ്മമെന്നതൊരു മലര്‍ശരം താന്‍
ശരവ്യനും അതാഹ്ലാദമേകണം,
ഹാസ്യമെന്നത് ഗുസ്ബെറിയല്ലയോ
കയ്പാണാദ്യം മധുരമൊടുക്കവും'

നിങ്ങളുടെ അനുവാദത്തോടെ കഥക്കുള്ള ബെല്ലടിക്കാന്‍ പോകുകയാണ്.
ടിര്‍ണി...ടിര്‍ണി...ടിര്‍ണി....

ഭാരതം..
നമ്മുടെ നാട്...
വേദങ്ങളാലും ഉപനിഷത്തുകളാലും സമ്പന്നമായ സംസ്ക്കാരമുള്ള രാജ്യം!!
എന്നാല്‍ ഈ വേദങ്ങളും ഉപനിഷത്തുകളും എന്നും സാധാരണക്കാരനു അപ്രാപ്യമായിരുന്നു, അവയുടെ അന്തസത്ത മനസിലാക്കുവാന്‍ അവനു കഴിയാതെ വന്നു.ഇത് മനസിലാക്കിയതിനാലാവാം, നമ്മുടെ ഋഷിവര്യന്‍മാര്‍ പുരാണ കഥകളിലൂടെയും, ഇതിഹാസങ്ങളിലൂടെയും ഇവയുടെ വിശദീകരണം തരാന്‍ തയ്യാറായത്...
അങ്ങനെ രാമായണവും മഹാഭാരതവും ഉടലെടുത്തു.
ഭാരതത്തിലെ ഇതിഹാസങ്ങള്‍!!!

ഇതിഹാസം...
ഇതിഹ അഥവാ മൂല്യം, അത് ഉള്ളതെന്തോ അതാണ്‌ ഇതിഹാസം.
രാമായണത്തിലൂടെ ധര്‍മ്മിഷ്ടനായ മനുഷ്യജീവിതത്തിന്‍റെ അര്‍ത്ഥം അറിയിക്കാന്‍ വാല്മീകി ശ്രമിച്ചപ്പോള്‍ മഹാഭാരതത്തിലൂടെ ലോകത്തെ തന്നെ അറിയിക്കുവാനാണ്‌ വ്യാസന്‍ ശ്രമിച്ചത്.അതിനായി അദ്ദേഹം മഹാഭാരതത്തെ കഥകളുടെ കൂമ്പാരമാക്കി, ഒരോ കഥാപാത്രത്തിനും, ഒരോ സന്ദര്‍ഭത്തിനും ഒരോ കഥകള്‍, ഒരോ കഥകള്‍ക്കും ഒരോ ഉപകഥകള്‍, അവയ്ക്ക് പിന്നെയും ശാഖകള്‍, കഥകള്‍ തമ്മിലുള്ള ബന്ധങ്ങള്‍...
അങ്ങനെ മഹാഭാരതം ഇതിഹാസങ്ങളുടെ ഇതിഹാസമായി!!

എന്നാല്‍ കഥകളുടെ അക്ഷയഖനി എന്നറിയപ്പെടുന്നത് നമ്മുടെ മഹാഭാരതമല്ല എന്നത് തികച്ചും വിരോധാഭാസമാണ്.അതിനുള്ള ഭാഗ്യം സിദ്ധിച്ചത് മറ്റൊരു ഗ്രന്‌ഥത്തിനാണ്, അതാണ്‌ അറബിക്കഥകളുടെ വിളഭൂമിയായ ആയിരത്തൊന്നു രാവുകള്‍ എന്ന കൃതി.

കഥ ഇങ്ങനെ...
തന്നെ വഞ്ചിച്ച രാജ്ഞിയെ വധിച്ചു കളയുന്ന സുല്‍ത്താന്‍, സ്ത്രീകള്‍ പൊതുവേ ചതിക്കുന്നവരാണെന്ന് വിശ്വസിക്കുന്നു.അതിനാല്‍ ദിവസവും ഒരോ കന്യകയെ വിവാഹം കഴിക്കുകയും, ആ രാത്രി അവരോടൊത്ത് കഴിഞ്ഞിട്ട് അടുത്ത ദിവസം രാവിലെ അവരെ വധിക്കുകയും ചെയ്യുന്നു, എന്നിട്ട് അടുത്ത കന്യകയെ വിവാഹം കഴിക്കുന്നു.
(ജനിക്കുവാണേല്‍ ഇമ്മാതിരി സുല്‍ത്താനായിട്ട് ജനിക്കണം, ഹല്ല പിന്നെ!)

അങ്ങനെ ആ നാട്ടില്‍ കന്യകമാര്‍ കുറഞ്ഞ് കുറഞ്ഞ് വന്നു.ഇതിനൊരു പരിഹാരം കാണാനായി മന്ത്രികുമാരി സുല്‍ത്താന്‍റെ മണവാട്ടിയായി.അന്ന് രാത്രിയില്‍ നേരത്തെ നിശ്ചയിച്ച പ്രകാരം മന്ത്രികുമരിയുടെ അനുജത്തിയും മണിയറയില്‍ കയറി കൂടുന്നു, തുടര്‍ന്ന് മന്ത്രികുമാരിയോട് ഒരു കഥ പറയാന്‍ ആവശ്യപ്പെടുന്നു.

കുമാരി കഥ പറഞ്ഞ് തുടങ്ങി, ആവേശമുണര്‍ത്തുന്ന ആ കഥയുടെ ക്ലൈമാക്സ് ആകുന്നതിനു മുന്നേ സൂര്യനുദിച്ചു.കഥ കേള്‍ക്കാനുള്ള ആഗ്രഹത്തില്‍ സുല്‍ത്താന്‍ അന്ന് അവളെ വധിച്ചില്ല.ഇങ്ങനെ ആയിരത്തൊന്നു രാവുകള്‍ സുല്‍ത്താനു കഥ പറഞ്ഞ് കൊടുത്ത് മന്ത്രികുമാരി അദ്ദേഹത്തിന്‍റെ മനസ്സ് മാറ്റിയെടുക്കുന്നതാണ്‌ ആയിരത്തൊന്നു രാവുകള്‍ എന്ന കഥയുടെ പ്ലോട്ട്.

കാലഘട്ടത്തിനനുസരിച്ച് കഥകള്‍ ചേര്‍ക്കാന്‍ കഴിയും എന്നത് ആയിരത്തിന്നു രാവുകളെ കഥകളുടെ അക്ഷയ ഖനിയാക്കി.അതായത് പുതിയൊരു കഥാകൃത്തിനു ഇതില്‍ ഒരു കഥ ചേര്‍ക്കണമെങ്കില്‍, 'ആ കഥക്ക് ശേഷം മന്ത്രികുമാരി ഈ കഥ പറഞ്ഞു...' എന്നൊരു ആമുഖത്തോടെ ചേര്‍ക്കാന്‍ കഴിയും.ഇതേ രീതിയില്‍ കാലഘട്ടത്തിനനുസരിച്ച് വികസിപ്പിക്കാവുന്ന, അല്ലെങ്കില്‍ പുതിയ പുതിയ കഥകള്‍ ചേര്‍ക്കാവുന്ന ഒരു പ്ലോട്ട് നമുക്കും ഉണ്ടായിരുന്നു...
അതായിരുന്നു വിക്രമാദിത്യനും വേതാളവും ഉള്‍പ്പെട്ട കഥകള്‍..
വിക്രമാദിത്യ കഥകള്‍!!!

എന്നാല്‍ ഭാഗ്യമോ നിര്‍ഭാഗ്യമോ, വിക്രമാദിത്യകഥകള്‍ വികസിച്ചില്ല.അത് ആദ്യമുണ്ടായ ചട്ടക്കൂടില്‍ തന്നെ നിന്നു.വേതാളത്തെ തേടി പോകുന്ന വിക്രമാദിത്യനും, കഥ പറഞ്ഞ ശേഷം തിരികെ മുരിക്ക് മരത്തിലേക്ക് പറക്കുന്ന വേതാളവും നമുക്ക് മനസ്സില്‍ എണ്ണാവുന്ന കഥകള്‍ പറഞ്ഞ് അവസാനിപ്പിച്ചു.
ഒന്നു ചിന്തിക്കു സുഹൃത്തുക്കളെ...
ആയിരത്തൊന്നു രാവുകള്‍ പോലെ ഈ വിക്രമാദിത്യ കഥകളും വികസിച്ചിരുന്നെങ്കിലോ??
കാലഘട്ടത്തിനനുസരിച്ച് അക്ഷരസ്നേഹികള്‍ പുതിയ പുതിയ കഥകള്‍ ചേര്‍ത്തിരുന്നെങ്കിലോ??
തീര്‍ച്ചയായും വിക്രമാദിത്യകഥകളും മറ്റൊരു അക്ഷയഖനി ആയേനെ.അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഈ കാലഘട്ടത്തിലും വേതാളത്തിനു പറയാന്‍ ഒരു കഥ കാണും, ഒരു ഐ.ടി കമ്പനിയുടെ കഥ.ഒരു പക്ഷേ ഐ.ടി കമ്പനികളിലോ, അതിനു സമാനമായ ചുറ്റുപാടുകളിലോ ജോലി ചെയ്യുന്നവര്‍ക്ക് മാത്രം മനസിലാവുന്ന ഒരു കഥ.
പ്രത്യേകം ഓര്‍ക്കുക..
കഥയും കഥാപാത്രങ്ങളും ഐ.ടി കമ്പനിയും വെറും സാങ്കല്‍പ്പികമാണ്.
(വേറെ ഒരു കാര്യം എന്തെന്നാല്‍, ഞാന്‍ ജോലി ചെയ്തതോ, ചെയ്ത് കൊണ്ടിരിക്കുന്നതോ ആയ ഒരു കമ്പനിയുമായും ഈ കഥക്ക് ബന്ധമില്ല)

പഴയ പ്ലോട്ടിലേക്ക് ഒരു യാത്ര...
ശ്മശാനത്തിനു മുന്നില്‍ നില്‍ക്കുന്ന വിക്രമാദിത്യ ചക്രവര്‍ത്തി.ശവപറമ്പില്‍ എരിഞ്ഞടങ്ങുന്ന മനുഷ്യശരീരങ്ങള്‍, ആ വെളിച്ചം ചക്രവര്‍ത്തി ഊരി പിടിച്ച വാളിലും പ്രതിഫലിക്കുന്നു.
അതാ അങ്ങ് ദൂരെ...
മുരിക്കില്‍ തൂങ്ങി കിടക്കുന്ന പ്രേതം, അത് വേതാളമാണ്.ചക്രവര്‍ത്തി ഒരിക്കല്‍ കൂടി അതിനെ താഴെയിറക്കി, തുടര്‍ന്ന് തോളത്ത് തൂക്കിയിട്ട് യാത്ര ആരംഭിച്ചു...
"ഹി...ഹി...ഹി..ഹി.." വേതാളത്തിന്‍റെ ചിരി അവിടെങ്ങും മുഴങ്ങി.
അത് സംസാരിച്ച് തുടങ്ങി...
"മഹാരാജന്‍, ഈ യാത്രയുടെ വിരസത അകറ്റാന്‍ ഞാനൊരു കഥ പറയട്ടെ...."
കഥ തുടരുന്നു...

വലിയ വലിയ ഐ.ടി കമ്പനികളില്‍ പുതിയ വര്‍ക്ക് പിടിക്കുന്നതിനു മാര്‍ക്കറ്റിംഗ് വിഭാഗം പ്രത്യേകമായി ഉണ്ടായിരിക്കും.എന്നാല്‍ ഇടത്തരം കമ്പനികളിലും, ചില വലിയ കമ്പനികളിലും ഇത് എം.ഡിയോ, സി.ഇ.ഒ യോ നേരിട്ടായിരിക്കും ചെയ്യുന്നത്.അതിനായി അവര്‍ക്ക് ക്ലൈന്‍റുമായി ചില സല്‍ക്കാരങ്ങളില്‍ പങ്കെടുക്കേണ്ടി വരുന്നു.
അത്തരം ഒരു സല്‍ക്കാരവേള...
ക്ലൈന്‍റിനെ കൈയ്യിലെടുക്കാനായി എം.ഡി കസറുകയാണ്:

"ലോകത്തിലെ നമ്പര്‍ വണ്‍ ഐ.ടി കമ്പനിയാണ്‌ എന്‍റെതെന്ന് എനിക്ക് അഭിപ്രായമില്ല സര്‍, എന്നാല്‍ മൈക്രോസോഫ്റ്റിനെ മാറ്റി നിര്‍ത്തിയാല്‍ ഒരു പക്ഷേ ഞങ്ങളുടെ സ്ഥാനം അതാവാം"

മൂന്നാമത്തെ പെഗ്ഗില്‍ നിന്ന് രണ്ടാമത്തെ സിപ്പ് എടുക്കുന്ന കൂട്ടത്തില്‍ എം.ഡി ഒളികണ്ണിട്ട് ഒന്നു നോക്കി, ഏല്‍ക്കുന്ന ലക്ഷണമുണ്ട്.മണ്ടന്‍ ക്ലൈന്‍ഡ് മൈക്രോസോഫ്റ്റ് കഴിഞ്ഞാല്‍ തന്‍റെ കമ്പനിക്കാണ്‌ അടുത്ത സ്ഥാനമെന്ന് വിശ്വസിച്ച മട്ടാണ്.
അത് ശരിയായിരുന്നു!!
ആ വിശ്വാസത്തില്‍ ക്ലൈന്‍ഡ് ചോദിച്ചു:
"എങ്കില്‍ നിങ്ങള്‍ക്ക് എനിക്ക് വേണ്ടി ഒരു സോഫ്റ്റ്‌ വെയര്‍ ഉണ്ടാക്കി തരാന്‍ പറ്റുമോ?"
എന്താ എം.ഡി സാറേ, മനസിലൊരു ലഡു പൊട്ടിയോ??
പൊട്ടി...പൊട്ടി..ലഡു പൊട്ടി.
എം.ഡി ഒറ്റ ശ്വാസത്തിനു ചോദിച്ചു:
"എന്ത് സോഫ്റ്റ് വെയറാണ്‌ സാറിനു വേണ്ടത്?"
"എനിക്കൊരു ആനയെ തളക്കുന്ന സോഫ്റ്റ് വെയര്‍ വേണം" ക്ലൈന്‍റ്.
ങ്ങേ!!!!
ഇപ്പോ എംഡിയുടെ മനസ്സില്‍ ലഡുവല്ല, ബോംബാ പൊട്ടിയത്!!
ആനയെ തളക്കുന്ന സോഫ്റ്റ് വെയറോ??
സാറ്‌ തമാശിച്ചതാണോ??
"നോ, ഐ യാം സീരിയസ്സ്, എനിക്കൊരു ആനയെ തളക്കുന്ന സോഫ്റ്റ്  വെയര്‍ വേണം, എന്താ പറ്റില്ലേ?"
എന്‍റെ പൊന്നു സാറേ, എന്‍റെത് വലിയ കമ്പനിയൊന്നുമല്ല, കുട്ടന്‍ ചേട്ടന്‍റെ പെട്ടിക്കട പോലൊരു സാധനമാ, എന്നെ വെറുതെ വിട്ടേരെ...എന്ന് പറയണോ, അതോ, കൊട്ടേഷന്‍ ഏക്കണോ?
എം.ഡി ആലോചിച്ച് നില്‍ക്കേ ക്ലൈന്‍ഡ് വീണ്ടും ചോദിച്ചു:
"പറ്റില്ലേ??"
"പറ്റും..പറ്റും..."
ഇല്ലേല്‍ പറ്റിക്കാം.
"എപ്പോഴത്തേക്ക് ശരിയാവും?" വീണ്ടും ക്ലൈന്‍റ്.
"അതിപ്പോ തളക്കണ്ടത് ആനയെ ആവുമ്പോള്‍ ഡൊമൌന്‍ കരയാണ്.ഞങ്ങളുടെ മെയിന്‍ ഡൊമൈന്‍ കടലാണ്.അവിടെ നീല തിമിംഗലത്തിനെ തളക്കാനുള്ള സോഫ്റ്റ് വെയര്‍ ഞങ്ങടെ കൈയ്യിലുണ്ട്, ഒന്ന് ആള്‍ട്ടര്‍ ചെയ്യണം"
എം.ഡി പറഞ്ഞത് മനസിലായില്ലെങ്കിലും ക്ലൈന്‍ഡ് മൊഴിഞ്ഞു:
"ഐ യം എഗ്രീഡ്"
എം.ഡി തത്ക്കാലം രക്ഷപെട്ടു.

ഓഫീസിലെത്തി പ്രോജക്റ്റ് മാനേജരോടായി എം.ഡി പറഞ്ഞു:
"നമുക്ക് ഒരു സോഫ്റ്റ് വെയര്‍ ഉണ്ടാക്കണം, ഒരു ആനയെ തളക്കാനുള്ള സോഫ്റ്റ് വെയര്‍"
ഇത് കേട്ടതും പ്രോജക്റ്റ് മാനേജര്‍ ഒന്ന് ചിരിച്ചു, അതും ഫ്രണ്ട്സ്സ് സിനിമയില്‍ ശ്രീനിവാസന്‍ ചിരിച്ച പോലെ, എന്നിട്ട് കൂട്ടത്തില്‍ പറഞ്ഞു:
"സമ്മതിക്കണം, സാറിന്‍റെ ചില നേരത്തെ തമാശകള്‍!! ഹോ അമേസിംഗ്"
"തമാശയല്ല, സീരിയസ്സാ" എം.ഡി.
മാനേജരുടെ ചിരി മാഞ്ഞു.
"എന്താ?"
"എത്രയും പെട്ട്ന്ന് ആനയെ തളക്കുന്ന് സോഫ്റ്റ് വെയര്‍ ഉണ്ടാക്കണം..."
ഒന്ന് നിര്‍ത്തിയട്ട് എംഡി തുടര്‍ന്നു:
"സോഫ്റ്റ് വെയര്‍ നെയിം ഈസ്സ് എലിഫെന്‍റ്‌ ട്രാക്കര്‍"
"ക്രാക്കര്‍" പിറുപിറുത്ത് കൊണ്ട് മാനേജര്‍ ഇറങ്ങി.

അന്ന് രാത്രി അദ്ദേഹം ഉറങ്ങിയില്ല.വാമഭാഗം ചോദിച്ചു:
"എന്താ ചേട്ടാ?"
"ആനയെ തളക്കാന്‍ എന്താ വഴിയെന്ന് ആലോചിക്കുവാ" മറുപടി.
നല്ലൊരു സോഫ്റ്റ് വെയര്‍ ജോലി ഉപേക്ഷിച്ച് ആനയെ തളക്കാന്‍ അതിയാനിത് എന്തിന്‍റെ സൂക്കേടാണെന്ന് ചിന്തിച്ച് ആ സാധു സ്ത്രീ തിരിഞ്ഞ് കിടന്നു.
പിറ്റേന്ന് പ്രഭാതം.
ഇക്കുറി ലീഡ്സ്സിനാ പണി കിട്ടിയത്.കേട്ട പാടെ അന്തം വിട്ട് അവര്‍ ഒരേ സ്വരത്തില്‍ ചോദിച്ചു:
"ആനയോ?"
"അതേ..കണ്ടിട്ടില്ലേ..മറ്റേ..കറുത്ത, കൊമ്പും വാലും തുമ്പിക്കൈയ്യുമുള്ള...അതിനെ തളക്കണം"
ലീഡുകള്‍ പുറത്തേക്ക്...

ലീഡില്‍ നിന്ന് വാര്‍ത്ത ഡവലപ്പറിലേക്ക് പാഞ്ഞു.അന്തം വിട്ട് ലീഡിന്‍റെ മുറിയില്‍ നിന്ന് ഇറങ്ങി വന്ന ഡെവലപ്പറോട് കൂട്ടുകാരനായ ടെസ്റ്റര്‍ ചോദിച്ചു:
"എന്താടാ?"
"അയാള്‍ക്ക് വട്ടാഡാ!!!!!!" ഡെവലപ്പറുടെ മറുപടിയില്‍ എല്ലാമുണ്ടായിരുന്നു.
ഒടുവില്‍ ടെസ്റ്റര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഡെവലപ്പര്‍ കാര്യം പറഞ്ഞു.എല്ലാം കേട്ടതോടെ ടെസ്റ്റര്‍ ഒന്ന് ഞെട്ടി.കാരണം വര്‍ഷങ്ങളായി കാണുന്നതാ ഈ ഡെവലപ്പറിനെ, എന്ത് ചെയ്താലും പൊളിയും.ഇവന്‍ ഉണ്ടാക്കുന്ന 'എലിഫെന്‍റ്‌ ട്രാക്കര്‍' ടെസ്റ്റ് ചെയ്യാന്‍ പോയാ, ആന ചവുട്ടി കൊല്ലും, നൂറ്‌ തരം.
എന്ത് ചെയ്യും??
ഭീകരത മയപ്പെടുത്താന്‍ ടെസ്റ്റര്‍ ചോദിച്ചു:
"എന്തിനാടാ ആന, വല്ല കുഴിയാനയും പോരേ?"
ഡെവലപ്പറിനിതാ ഒരു രക്ഷാ മാര്‍ഗ്ഗം.
അവന്‍ ലീഡിന്‍റെ റൂമിലേക്ക്...

ഡെവലപ്പര്‍ ലീഡിനോട്:
"സാര്‍, വല്ല കുഴിയാന ആണെങ്കില്‍ നോക്കാം"
ലീഡ് മാനേജരോട്:
"കുഴിയാനയെ വച്ച് ഒരു പ്രോട്ടോടൈപ്പ് ഉണ്ടാക്കി നോക്കാം സാര്‍, ശരിയായാല്‍ ആനയെ നോക്കാം"
മാനേജര്‍ എം.ഡിയോടെ:
"കുഴിയാന ശരിയായി സാര്‍"
"എന്താ?"
"കുഴി...ആന...ശരിയായി...ബാക്കി നോക്കുവാ"
എംഡി ക്ലൈന്‍റിനോടേ:
"എന്‍റെ കുട്ടികള്‍ മിടുക്കരാണ്‌ സാര്‍, കുഴിയില്‍ ആനയെ വീഴിക്കുന്നത് ശരിയായി, ഇനി ബാക്കി നോക്കണം."
"ബാക്കി എന്താ?"
"അതായത്, ചങ്ങലക്ക് ഇടുന്നത്, വടം വച്ച് തളക്കുന്നത്, എക്സട്രാ..എക്സട്രാ...." എം.ഡി പൂര്‍ത്തിയാക്കി.
ഇത് കേട്ടതും സന്തുഷ്ടനായ ക്ലൈന്‍റ്‌ അപ്പോഴേ അഡ്വാന്‍സ് കൊടുത്തു.തുടര്‍ന്ന് മൂന്ന് മാസം കൊണ്ട് റിസള്‍ട്ട് വേണമെന്ന് പറയുകയും ചെയ്തു.

എം.ഡി മാനേജരോട്:
"രണ്ടര മാസത്തിനുള്ളില്‍ എലിഫെന്‍റ്‌ ട്രാക്കര്‍ പൂര്‍ത്തിയാക്കണം"
"സാര്‍ അത്..."
"ഒന്നും പറയണ്ട, രണ്ടര മാസം"
മാനേജര്‍ ലീഡിനോട്:
"രണ്ട് മാസത്തിനുള്ളില്‍ എലിഫെന്‍റ്‌ ട്രാക്കര്‍ പൂര്‍ത്തിയാക്കണം"
"അയ്യോ സാര്‍, ഞാന്‍ അന്ന് പറഞ്ഞില്ലേ?"
"അതൊന്നും എനിക്കറിയേണ്ടാ, രണ്ട് മാസം"
ലീഡ് ഡെവലപ്പറോട്:
"ഒന്നര മാസത്തിനുള്ളില്‍ എലിഫെന്‍റ്‌ ട്രാക്കര്‍ പൂര്‍ത്തിയാക്കണം"
"എങ്ങനെ?"
"തനിക്ക് അതിനുള്ള കഴിവ് ഉണ്ടെന്ന് എനിക്കറിയാം.ചിയറപ്പ് മാന്‍"
ഡവലപ്പറില്‍ നിന്ന് വിവരമറിഞ്ഞ ടെസ്റ്റര്‍ ഞെട്ടി.ഒന്നര മാസത്തിനുള്ളില്‍ ആന ചവുട്ടി ചാവുന്നതില്‍ നല്ലത് രാജി ആണെന്ന് കരുതി, അയാള്‍ രാജി വച്ചു.

ഇനി എന്ത് സംഭവിക്കും??
ഒന്നുങ്കില്‍ ഒരു തട്ടി കൂട്ട് പ്രോജക്റ്റ് ഉണ്ടാകാം, അല്ലേല്‍ ഈ പ്രോജക്റ്റ് പൊളിയാം, അതിന്‍റെ പേരില്‍ ഡവലപ്പറെ പറഞ്ഞ് വിട്ടെന്ന് വരാം, ഒരു പക്ഷേ കമ്പനിക്കെതിരെ ക്ലൈന്‍ഡ് കേസ്സ് കൊടുത്തെന്നും വരാം.മാക്സിമം ദുഃഖപര്യവസായി ആകാവുന്ന ഈ കഥ വേതാളം ഇങ്ങനെ പറഞ്ഞു തീര്‍ത്തു.

"മഹാരാജന്‍ കഥ മനോഹരമല്ലേ?" വേതാളത്തിന്‍റെ ചോദ്യം.
വിക്രമാദിത്യന്‍ മിണ്ടിയില്ല, കാരണം അതാണ്‌ കരാര്‍.ചക്രവര്‍ത്തി മിണ്ടിയാല്‍ വേതാളം തിരികെ പോകും.
"എനിക്കൊരു ചോദ്യമുണ്ട് മഹാരാജന്‍, ഉത്തരം അറിയാമെങ്കില്‍ അങ്ങ് തീര്‍ച്ചയായും പറയണം, ഇല്ലെങ്കില്‍ അങ്ങയുടെ തല പൊട്ടി തെറിച്ച് പോകും"
വേതാളത്തിന്‍റെ വാക്കുകള്‍.
ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം വേതാളം ചോദിച്ചു:
"മഹാരാജന്‍ ഈ കഥയില്‍ ആരാണ്‌ തെറ്റുകാരന്‍?"
ക്ലൈന്‍റോ, എം.ഡിയോ, മാനേജരോ, ലീഡോ, ഡവലപ്പറോ, ടെസ്റ്ററോ അതോ ആനയോ???
വിക്രമാദിത്യന്‍ പറഞ്ഞു:
"ടെസ്റ്ററാണ്‌ തെറ്റുകാരന്‍"
"കാരണം?"
"ആനയെ തളക്കണ്ട ആവശ്യം കുഴിയാന എന്ന് ഡീവിയേറ്റ് ചെയ്തു, പിന്നെ ആവശ്യ സമയത്ത് ഉത്തരവാദിത്തം മറന്ന് രാജി വച്ചു"
ഇത് കേട്ടതും വേതാളം വിക്രമാദിത്യനില്‍ നിന്ന് സ്വതന്ത്രനായി.എന്നിട്ട് ചിരിച്ച് കൊണ്ട് പറഞ്ഞു:
"അല്ലേലും ഭരിക്കുന്നവര്‍ എന്നും ഒറ്റക്കെട്ടാണ്"
തുടര്‍ന്ന് വേതാളം പറന്നകന്നു, രാജാവ് നഗ്നനാണെന്ന് പറയാന്‍ തന്‍റെടമുള്ള പുതിയൊരു വിക്രമാദിത്യനെ പ്രതീക്ഷിച്ചു കൊണ്ട്, തന്‍റെ പഴയ വാസ സ്ഥാനത്തേക്ക്...
അപ്പോഴും വിക്രമാദിത്യന്‍ സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു...
ടെസ്റ്റര്‍ തന്നെയാണ്‌ തെറ്റുകാരന്‍.
രാജാവും ചക്രവര്‍ത്തിയും ഒരിക്കലും തെറ്റുകാരാവില്ല.
അദ്ദേഹത്തിന്‍റെ മനസ്സ് മന്ത്രിച്ചു...
അല്ല..അല്ല..ഒരിക്കലുമല്ല..
രാജാവ നഗ്നനല്ല!!

വെളുമ്പിപശു പ്രസവിക്കരുത്


കല്യാണം കഴിഞ്ഞ് ആദ്യമായി ഗായത്രിയുടെ കുടുംബ വീട്ടില്‍ വിരുന്നിനു പോയപ്പോഴാ അവിടൊരു എരുത്തിലും, പാലു തരുന്ന പശുക്കളും, ഒരു കോഴിക്കൂടും ഏതാനും കോഴികളും ഉണ്ടെന്നറിഞ്ഞത്.ഭാര്യ വീട്ടുകാര്‍ മൃഗസ്നേഹികളാണെന്നറിഞ്ഞ് ഞാനങ്ങ് അഹങ്കരിച്ചു....
ഹോ, ഇന്നത്തെ കാലത്ത് ആര്‍ക്ക് കിട്ടും ഈ ഭാഗ്യം!!!
മനു, യൂ ആര്‍ ലക്കി.
ആ എരുത്തിലും അവിടുത്തെ പശുക്കളും ഒരിക്കലും എനിക്കൊരു ശല്യമായിട്ടില്ലായിരുന്നു, കഴിഞ്ഞ മാസത്തെ ഒരു ശനിയാഴ്ച വരെ...

അന്ന് ഗായത്രിയുടെ വീട്ടില്‍ നിന്ന് വന്ന ഒരു ഫോണ്‍കാളായിരുന്നു എല്ലാത്തിനും തുടക്കം.ആ കാള്‍ അറ്റന്‍ഡ് ചെയ്തിട്ട് ഗായത്രി പറഞ്ഞു:
"മീനാക്ഷി പ്രസവിക്കാറായത്രേ, വല്യമ്മയാ വിളിച്ച് പറഞ്ഞതെന്ന്"
"ഏത് മീനാക്ഷി?"
എന്‍റെ ചോദ്യത്തിനു അര്‍ത്ഥമുണ്ട്, എനിക്ക് മീനാക്ഷി എന്നൊരു ബന്ധുവിനെ അറിയില്ല.മറുപടി പെട്ടന്നായിരുന്നെന്ന് മാത്രമല്ല, വളരെ സ്വാഭാവികവുമായിരുന്നു:
"നമ്മടെ വെളുമ്പി പശു"
ഒരു മഹത്തായ സംഭവത്തിന്‍റെ തുടക്കമായിരുന്നത്....

മീനാക്ഷി പ്രസവിക്കാന്‍ പോകുന്ന വിവരം അറിഞ്ഞപ്പോള്‍ മുതല്‍ ഗായത്രിക്ക് ഒരു ആവശ്യം മാത്രം....
"എനിക്ക് വീട്ടില്‍ പോകണം"
"എന്തിന്??"
"മീനാക്ഷി പ്രസവിക്കുമ്പോ ഞാനും അവിടെ കാണണം"
അവളാ പറയുന്ന ലോജിക്ക് എനിക്ക് മനസിലായില്ല.വെറും ഒരു പശു പ്രസവിക്കുന്നതിനു ഇവളെന്തിനാ വീട്ടില്‍ പോകുന്നത്.ഇക്കണക്കിനു പോയാല്‍ നാളെ കോഴി മുട്ടയിടുന്നതിനും വീട്ടില്‍ പോകണമെന്ന് പറയില്ലേ??
സംശയം അവളോട് തന്നെ ചോദിച്ചു:
"അപ്പോ കോഴി മുട്ടയിടുമ്പോഴും നീ വീട്ടില്‍ പോകുമോ?"
അവളുടെ മുഖം വലിഞ്ഞ് മുറുകി, ദേഹത്ത് കള്ളിയങ്കാട്ട് നീലി കേറി, അവള്‍ അലറി പറഞ്ഞു:
"കോഴിയല്ല പശു, പശുവല്ല കോഴി, മനസ്സിലായോ?"
ഏതോ കൂടിയ ഇനമാണെന്ന് മനസിലായപ്പോ ഞാന്‍ തല കുലുക്കി....
മനസിലായേ, അടിയനു എല്ലാം മനസിലായേ, തമ്പ്രാട്ടി അങ്ങട്ട്...

അത് തീരുമാനമായി, ഞയറാഴ്ച രാവിലത്തെ ഇന്‍റര്‍സിറ്റിക്ക് അവളെയും കുഞ്ഞിനേയും കയറ്റി വിടാമെന്ന് ഉറപ്പിച്ചു.
"ചേട്ടന്‍ വരുന്നില്ലേ?"
ഞാനോ??
എനിക്ക് വട്ടില്ലല്ലോ!!
പിന്നെ എനിക്കാണോ വട്ട്??
സോറി ഡാ, അടിയന്‍ അറിയാതെ മൊഴിഞ്ഞതാ, ഒന്ന് ക്ഷമി!!
വിജയകരമായ ദാമ്പത്യ ജീവിതത്തിനു ഒരു ഭര്‍ത്താവിനു വേണ്ട രണ്ട് ഗുണങ്ങളാണ്‌ സഹിക്കാനും, ക്ഷമ ചോദിക്കാനുമുള്ള കഴിവ് എന്നത് കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ഞാന്‍ മനസിലാക്കിയിരുന്നു.'സോറി' എന്ന വാക്ക് കണ്ട് പിടിച്ചത് തന്നെ ഒരു ഇംഗ്ലീഷ് ഭര്‍ത്താവാണോന്ന് എനിക്ക് സംശയമുണ്ട്, ആണങ്കില്‍ അതിയാനോട് ലോകത്തിലെ സകലമാന ഭര്‍ത്താക്കന്‍മാരും കടപ്പെട്ടിരിക്കുന്നു.ഭാര്യക്ക് തെറ്റെന്ന് തോന്നുന്ന എന്തേലും സംഭവിച്ചാല്‍ ഒറ്റ വാക്ക്....
സോറീ ഡാ!!!
(പ്രത്യേകം ശ്രദ്ധിക്കുക : 'സോറി ഡീ' എന്ന് പറയരുത്, അത് അപമാനിക്കുന്നതിനു തുല്യാത്രേ, സോ ഒള്ളി സോറി ഡാ)

റെയില്‍വേ സ്റ്റേഷനില്‍ കയറ്റി വിടാന്‍ നിന്നപ്പോഴാണ്‌ പഴയൊരു സുഹൃത്ത് റെജി, അവന്‍റെ അമ്മായി അപ്പനെ പായ്ക്ക് ചെയ്തിട്ട് അത് വഴി വന്നത്.ഗായത്രിയേയും മോളേം മാത്രമായി ഞാന്‍ കയറ്റി വിടുന്നത് കണ്ട് അവന്‍ ചോദിച്ചു:
"എന്താ ഇവിടെ?"
"ഗായത്രി ഒരു പ്രസവത്തിനു പോകുവാ" എന്‍റെ മറുപടി.
അവന്‍റെ കണ്ണുകളില്‍ അത്ഭുത ഭാവം!!!
എറണാകുളത്ത് എന്‍റെ കൂടെ താമസിക്കുകയും, പ്രസവിക്കണമെന്ന് തോന്നുമ്പോള്‍ ഇന്‍റര്‍സിറ്റിക്ക് നാട്ടില്‍ പോയി പ്രസവിക്കുകയും ചെയ്യുന്നവളാണോ എന്‍റെ ഭാര്യാന്ന് ചിന്തിക്കുകയാണെന്ന് തോന്നുന്നു.
വിശദമാക്കി കൊടുത്തു:
"പ്രസവം മീനാക്ഷിക്കാ"
"ആരാ മീനാക്ഷി?"
"അതൊരു പശുവാ!!"
വെളുപ്പാന്‍ കാലത്ത് ഞാന്‍ ആക്കിയതാണോ അല്ലിയോന്ന് മനസിലാകാതെ കുറേ നേരം കൂടി എന്നെ നോക്കിയിട്ട് അവന്‍ നടന്ന് നീങ്ങി...

ട്രെയിന്‍ നീങ്ങിയപ്പോള്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറായ ഞാന്‍ പിന്നില്‍ നിന്ന് ഒരു സ്ത്രീ സ്വരം കേട്ടു...
"എടാ, മനു..."
തല തിരിച്ച് നോക്കി, ഇരുട്ടില്‍ നിന്ന് വെളിച്ചത്തേക്ക് നീങ്ങുന്ന ഒരു സ്ത്രീ രൂപം, കൈയ്യില്‍ ഒരു ബാഗുമുണ്ട്.മുഖം ദൃശ്യമായപ്പോള്‍ മനസ്സ് എന്ന കമ്പ്യൂട്ടര്‍ അവള്‍ ആരെന്നുള്ള വിവരങ്ങള്‍ എനിക്ക് വെളിപ്പെടുത്തി...

പേര്: ജയന്ത
വയസ്സ്: ഏകദേശം 32 ആയി കാണും.
ബന്ധം : എഞ്ചിനിയറിംഗ് സീനിയര്‍
കോളിറ്റി : ലൈസന്‍സ് ഇല്ലാത്ത നാക്ക്

ഇവളെന്താ ഇവിടെ??
മറുപടി അവളില്‍ നിന്ന് തന്നെ മനസിലാക്കി...
ഏതോ എക്സാം എഴുതാന്‍ വന്നതാണത്രേ.രാത്രി വണ്ടിക്കാ വന്നത്, എക്സാം ഉച്ചക്കാണ്, രാവിലെ ആയിട്ട് എവിടേലും പോയി ഫ്രഷ് ആകണമെന്ന് കരുതി നില്‍ക്കുകയായിരുന്നു, എന്നെ കണ്ട സ്ഥിതിക്ക് എന്നെ കുറ്റി വയ്ക്കാമെന്ന് തീരുമാനിച്ചു...
അങ്ങനെ ബാധ കൂടെ കൂടി!!!
പുറത്തേക്ക് നടക്കുന്ന കൂട്ടത്തില്‍ ഞാന്‍ റെയില്‍ വേ സ്റ്റേഷനില്‍ എത്താനുള്ള കാരണം അറിഞ്ഞപ്പോള്‍ അവള്‍ അമ്പരന്ന് ചോദിച്ചു:
"പശു പ്രസവിക്കുന്നതിനു ഗായത്രി എന്തിനാ പോയത്?"
ഒരു രാത്രി മുഴുവന്‍ ഞാന്‍ എന്നോട് ചോദിച്ച ചോദ്യം, മറുപടി ഇല്ലതിനാല്‍ തല കുനിച്ച് നടന്നു, പിന്നില്‍ നിന്ന് അവളുടെ ആത്മഗതം കേള്‍ക്കാമായിരുന്നു:
"ഒരു പക്ഷേ പശുക്കുട്ടിക്ക് നിന്‍റെ മുഖഛായ ഉണ്ടോന്ന് നോക്കാനായിരിക്കും"
പോടി പുല്ലേ!!!

പുറത്ത് ഇറങ്ങിയപ്പോള്‍ മിന്നല്‍ പോലെ റെജി.എന്‍റെ കൂടെ മറ്റൊരു പെണ്‍കുട്ടിയെ കണ്ട് അവന്‍ ഞെട്ടി:
"ആരടാ ഇത്?"
സത്യം ബോധിപ്പിച്ചു:
"ജയന്തി, എന്‍റെ സീനിയറാ"
എല്ലാം മനസിലായ മട്ടില്‍ ഒരു ചോദ്യം:
"അപ്പോ ഇതിനാണല്ലേ പശു പെറ്റെന്ന് പറഞ്ഞ് ലവളെ പായ്ക്ക് ചെയ്തത്?"
ങ്ങേ!!
അമ്പരന്ന് നില്‍ക്കെ അവന്‍റെ കോംപ്ലിമെന്‍റ്....
മിടുക്കനാ നീ, മിടുക്കന്‍!!
ആ നിമിഷം മനതാരിലിരുന്നു ആരോ മൊഴിഞ്ഞു...
ഡിയര്‍ മനു, യു ആര്‍ ഇന്‍ ട്രബിള്‍!!!
അത് സത്യമായിരുന്നു..

അവിവാഹിതനായ ഏതൊരു യുവാവിനും സുന്ദരിയായ കൂട്ടുകാരിക്ക് ഒപ്പം കറങ്ങുന്നത് സുഖകരമായ ഒരു സംഭവമാണ്.ആരുമില്ലാത്ത സമയത്ത് അവള്‍ വീട്ടിലോട്ട് വരികാന്ന് വച്ചാല്‍ അതിലും സന്തോഷമുള്ള മറ്റൊരു അവസ്ഥയില്ല.പക്ഷേ വിവാഹിതനായ ഒരു യുവാവിനു ഇത്രയും വേദനാ ജനകമായ മറ്റൊരു അവസ്ഥ ഇല്ലെന്നതാണ്‌ നഗ്നസത്യം.
അതായിരുന്നു എന്‍റെയും അവസ്ഥ...
കെട്ടിയതോടെ ഞാന്‍ പെട്ടു, ഇപ്പോ പെണ്ണെന്ന് കേട്ടാ ഞെട്ടും!!!
ആ സമയത്താണ്‌ ജയന്തി കൂടെ വരാന്‍ തയ്യാറായിരിക്കുന്നത്.ആലിന്‍ കാ പഴുത്തപ്പോ കാക്കക്ക് വായില്‍ പുണ്ണെന്ന് ആരാണാവോ പറഞ്ഞത്, ആരായാലും ആളൊരു മഹാനാ.
കാറില്‍ ജയന്തിയുമായി വീട്ടിലേക്ക്...

വാടകയ്ക്ക് താമസിക്കുന്നത് മുകളിലത്തെ നിലയിലാണ്.താഴെ വീട്ട് ഉടമസ്ഥരായ അങ്കിളും ആന്‍റിയും.അവരിന്ന് സ്ഥലത്തില്ല, ഗുരുവായൂരില്‍ പോയിരിക്കുകയാണ്, അതു കൊണ്ട് ജയന്തിയുമായി വീട്ടിലെത്തിയപ്പോള്‍ എനിക്ക് മറ്റ് ചോദ്യങ്ങളൊന്നും നേരിടേണ്ടി വന്നില്ല.ജയന്തി മുകളിലേക്ക് കയറിയപ്പോള്‍ അയലത്തെ ചേച്ചി മതിലിനു മുകളിലൂടെ ഒന്ന് എത്തി നോക്കി, തുടര്‍ന്ന് സിറ്റൌട്ടിലിരുന്ന അവരുടെ കുട്ടിയേയും എടുത്ത് അകത്ത് കയറി വാതില്‍ ശക്തിയായി അടച്ചു.
ചേച്ചി തെറ്റിദ്ധരിച്ചോ എന്തോ??
തെറ്റിദ്ധാരണകള്‍ ആദ്യമേ മാറ്റേണ്ടത് ആവശ്യമായതിനാല്‍ അവിടെ ചെന്ന് കോളിംഗ് ബെല്ലടിച്ചു, വാതില്‍ തുറന്ന് തല പുറത്തേക്കിട്ട് ചേച്ചി ചോദിച്ചു:
"എന്താ മനു?"
സത്യം എങ്ങനെ ബോധിപ്പിക്കണമെന്ന് ഒരു നിമിഷം ആലോചിച്ചു, എന്നിട്ട് ആദ്യം മുതല്‍ പറയാമെന്ന് കരുതി പറഞ്ഞു:
"ഗായത്രിയുടെ വീട്ടിലെ വെളുമ്പി പശു പ്രസവിക്കാറായി...."
"അതിന്?" ചേച്ചിയുടെ മുഖത്ത് അമ്പരപ്പ്.
"അതിന്...അതിന്...ഗായത്രി നാട്ടില്‍ പോയി, കുഞ്ഞിനേയും കൊണ്ട് പോയി" ഒരു വിധം പറഞ്ഞ് ഒപ്പിച്ചു.
"എന്താ മനു, എന്ത് പറ്റി?" ചേച്ചിയുടെ ഭര്‍ത്താവ്, മിസ്റ്റര്‍ ചേട്ടന്‍ പ്രത്യക്ഷനായി.
അതിനു മറുപടി പറഞ്ഞത് ചേച്ചിയായിരുന്നു:
"ഗായത്രിയുടെ വീട്ടിലെ പശു പ്രസവിക്കാറായന്നു കേട്ടതും, ഗായത്രി മനുവിനെ ഉപേക്ഷിച്ച് കുഞ്ഞുമായി പോയത്രേ"
കടവുളേ!!!
ഈ സ്ത്രീ എന്തുവാ ഈ പറയുന്നത്??
അവരുടെ തെറ്റിദ്ധാരണ ഞാന്‍ തിരുത്തി:
"അയ്യോ, അതല്ല, ജയന്തി എന്‍റെ സീനിയറാണെന്ന് പറയാന്‍ വന്നതാ"
ചേട്ടന്‍ ഞാന്‍ എന്താ പറയുന്നതെന്ന് ആലോചിച്ച് അമ്പരന്ന് നില്‍ക്കെ ചേച്ചി വിശദമാക്കി:
"പാവം, ഗായത്രി പോയ വിഷമത്തില്‍ പിച്ചും പേയും പറയുന്നതാ"
എനിക്ക് വട്ടായെന്ന്...
വട്ട് നിന്‍റെ കെട്ടിയോനാ!!!
ഒന്നും മിണ്ടാതെ ആ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍, കതക് അടക്കുന്ന കൂട്ടത്തില്‍ ചേച്ചി ചേട്ടനോട് പറയുന്നത് കേട്ടു....
"ഒരു പശു പ്രസവിച്ചതിനു എന്തിനാ ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നത്, കണ്ണില്‍ ചോരയില്ലാത്ത വര്‍ഗ്ഗം തന്നെ"
ഒരു കാര്യം ഉറപ്പായി...
വട്ട് കെട്ടിയോനല്ല, ഈ മാരണത്തിനാ!!
നേരെ മുകളിലേക്ക്.....

താഴത്തെ കലാപരിപാടി കഴിഞ്ഞ് ഞാന്‍ ചെന്നപ്പൊഴേക്കും ജയന്തി കുളിച്ച് ഒരുങ്ങി കഴിഞ്ഞിരുന്നു.ഈറനോടുള്ള തല ഉണക്കവേ അവള്‍ ചോദിച്ചു:
"ചായ ഉണ്ടാക്കട്ടേ?"
"എനിക്ക് ചായ ഉണ്ടാക്കാന്‍ നീ ആരാ, എന്‍റെ കെട്ടിയോളോ?" വെറുതെ ഒരു കുസൃതി ചോദ്യം.
നാണത്തോടെ അവളുടെ മറുപടി:
"ഇന്നത്തേക്ക് അങ്ങനെ കരുതിയാലും എനിക്ക് പ്രശ്നമില്ല"
ങ്ങേ!!!
ഇവളെന്താ ഉദ്ദേശിച്ചത്??
അമ്പരന്ന് നിന്ന എന്നെ തള്ളിമാറ്റി ചിരിച്ച് കൊണ്ട് അവള്‍ അടുക്കളയിലേക്ക് പോയി, അതോടെ എന്‍റെ സമാധാനവും പോയി....

ജയന്തി കാണാന്‍ സുന്ദരിയൊക്കെയാ, പക്ഷേ ഞാനൊരു വിവാഹിതനല്ലേ.പാപവും പുണ്യവും തിരിച്ചറിയാനുള്ള കഴിവുള്ളവനാ ഞാന്‍, ഒരിക്കലും തെറ്റ് ചെയ്യില്ല.പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് ഞാനിരിക്കെ ജയന്തി ചായയുമായി വന്നു, അത് വാങ്ങിക്കെ അവളുടെ വിരലുകള്‍ എന്‍റെ വിരലില്‍ സ്പര്‍ശിച്ചത് ഒരു ഉള്‍ക്കിടിലത്തോടെ ഞാന്‍ മനസിലാക്കി.
"എങ്ങനുണ്ട്?" അവളുടെ ചോദ്യം.
കുടിക്കുന്ന ചായയുടെ രുചി പോലും മനസിലാകുന്നില്ല, നെഞ്ചില്‍ ഒരു പെരുമ്പറ ശബ്ദം മാത്രം, എങ്കിലും പറഞ്ഞു:
"നല്ല ചായ"
"അയ്യോ, അത് ചായയല്ല, കാപ്പിയാ, തേയില കണ്ടില്ലാരുന്നു"
ഉവ്വോ??
എന്നാ നല്ല കാപ്പി!!!

എനിക്ക് കാപ്പി തന്നിട്ട് അവള്‍ ഫ്രിഡ്ജില്‍ നിന്ന് ആപ്പിളെടുത്ത് കഴിക്കുന്ന കണ്ടപ്പോള്‍ മനസമാധാനമായി...
ഈശ്വരന്‍ കാത്തു!!!
പണ്ട് ആപ്പിളു തിന്നപ്പോഴല്ലേ ഹവ്വക്ക് നാണവും മാനവും ഉണ്ടായത്, ആ ബോധം ജയന്തിക്കും ഉണ്ടാവണേ ഈശ്വരാ....
പാപ പുണ്യങ്ങളെ കുറിച്ച് അവള്‍ ബോധമുള്ളവളാവണേ...
എന്‍റെ പ്രാര്‍ത്ഥന ഇങ്ങനെ നീണ്ട് പോയി.
ആപ്പിള്‍ തിന്നിട്ട് അരികിലെത്തി അവള്‍ ചോദിച്ചു:
"ഒന്ന് കിടന്നാലോ?"
ഞാന്‍ ഭയപ്പെട്ടിരുന്ന ചോദ്യം!!!
വിക്കി വിക്കി മറുപടി പറഞ്ഞു:
"സോറി ജയന്തി, ഞാന്‍ ഇപ്പോ കിടക്കാന്‍ പറ്റിയ മൂഡിലല്ല"
"നീ എന്തിനാ കിടക്കുന്നത്, ഞാന്‍ പറഞ്ഞത് ഞാനൊന്ന് കിടക്കുന്ന കാര്യമാ"
"ഒറ്റക്കോ?"
"പിന്നല്ലാതെ നാട്ടുകാരെ കൂടെ കിടത്തണോ?" അവളുടെ മറുചോദ്യം.
മൈ ഗോഡ്, രക്ഷപെട്ടു!!!
ഒന്നുങ്കില്‍ ഇവളെ ഞാന്‍ തെറ്റിദ്ധരിച്ചതാ, അല്ലെങ്കില്‍ ശരിക്കും ഹവ്വ തിന്ന അതേ മരത്തിലെ ആപ്പിളാ ഇവളും തിന്നത്, എന്തായാലും രക്ഷപെട്ടു.

ഏ.സി ഇട്ട് കിടക്കാനായി അവള്‍ തയ്യാറായപ്പോ ഞാന്‍ പറഞ്ഞു:
"കതക് കുറ്റി ഇട്ടേരെ"
"എനിക്ക് നിന്നെ പേടിയില്ല" അവളുടെ മറുപടി.
പക്ഷേ എനിക്ക് എന്നെ പേടിയാ!!
അതിനാല്‍ ആ കതക് ഞാന്‍ പുറമേ നിന്ന് പൂട്ടി.അവള്‍ ഉണര്‍ന്ന് വന്നപ്പോള്‍ ഉച്ചയായി, നേരെ പുറത്ത് പോയി ആഹാരം കഴിച്ചു, എന്നിട്ട് പരിക്ഷാ സെന്‍ററില്‍ കൊണ്ട് ബാധ ഒഴിപ്പിച്ചു.
തിരികെ വീട്ടിലെത്തിയപ്പോള്‍ അയലത്തെ ചേച്ചി വിളിച്ച് ചോദിച്ചു:
"നോര്‍മലായോ?"
എനിക്കാകെ ചൊറിഞ്ഞ് വന്നു, ഞാന്‍ തിരികെ ചോദിച്ചു:
"നോര്‍മലായാല്‍ ചേച്ചി എന്നെ കെട്ടുമോ?"
അത് കേട്ടതും അവരോടി അകത്ത് കയറി കതകടച്ചു, കൂട്ടത്തില്‍ ഭര്‍ത്താവിനോടായി പറയുന്നത് വ്യക്തമായി കേട്ടു:
"മനു ഇപ്പോഴും വയലന്‍റാ, ആ പശു പ്രസവിച്ചതാ എല്ലാത്തിനും കാരണം"
ഒന്നും മിണ്ടാതെ ഞാന്‍ വീട്ടിലേക്ക്...

ആ ദിവസം അങ്ങനെ കഴിഞ്ഞു.
പിറ്റേന്ന് ഗായത്രി തിരിച്ച് എത്തിയപ്പോള്‍, മറ്റാരെങ്കിലും പറഞ്ഞ് അറിയുന്നതിലും നല്ലത്, സംഭവിച്ചതെല്ലാം  ഞാന്‍ തന്നെ പറയുന്നതാണെന്ന് വിശ്വസിച്ച് സത്യം ബോധിപ്പിച്ചു:
"എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു..."
"എന്താ ചേട്ടാ?"
"ഇന്നലെ റെയില്‍ വേ സ്റ്റേഷനില്‍ വച്ച് നിന്നെ കേറ്റി വിട്ട് കഴിഞ്ഞപ്പോ, ജയന്തി വന്നാരുന്നു..."
ഗായത്രിയുടെ മുഖഭാവം മാറി തുടങ്ങിയിരിക്കുന്നു, പുരികം മുകളിലേക്ക് ഉയര്‍ത്തി അവള്‍ ചോദിച്ചു:
"ഏത് ജയന്തി?"
ഭാവമാറ്റം ഭീകരമാണ്, സത്യം ഇവളെ സംഹാരമൂര്‍ത്തിയാക്കും, തീര്‍ച്ച.
നിന്ന നില്‍പ്പില്‍ പ്ലേറ്റ് മാറ്റി:
"ജയന്തി....ജയന്തി ജനതാ എക്സ്സ്പ്രസ്സ്!!"
"എന്നിട്ട്....?" അവള്‍ക്ക് ബാക്കി കൂടി അറിയണം.
"എന്നിട്ട്...മെയിലു വന്നു, വേണാട് വന്നു, അമൃത വന്നു, അവസാനം കണ്ണൂര്‍ ഇന്‍റര്‍സിറ്റിയും വന്നു"
ഒരു വിധത്തില്‍ തലയൂരി, പിന്നല്ല!!!

"ഇതാണോ ചേട്ടനു പറയാനുള്ളത്?" അവള്‍ക്ക് സംശയം.
ഇത് മാത്രമല്ല, ഒരു ഉപദേശവുമുണ്ട്...
എന്ത് ഉപദേശം??
റെയില്‍ വേ സ്റ്റേഷനിലേക്ക് പല ട്രെയിനുകള്‍ വരും.വരുന്നവ സ്റ്റേഷനില്‍ സ്ഥിര താമസമാക്കാതെയും, കൂട്ടിയിടിക്കാതെയും നോക്കേണ്ടത് സ്റ്റേഷന്‍ മാസ്റ്ററാണ്.അതിനു പകരം വെളുമ്പി പശു പ്രസവിച്ചെന്നും പറഞ്ഞ് സ്റ്റേഷന്‍ മാസ്റ്റര്‍ വീട്ടില്‍ പോയാല്‍ അപകടമാണ്....
ഇത് തന്നെയാണ്‌ ജീവിതവും!!!


ഞാന്‍ പറയാനുദ്ദേശിച്ച ഗുണപാഠം:
ഉപദേശത്തിലെ റെയില്‍വേ സ്റ്റേഷന്‍ ഭര്‍ത്താവാണെങ്കില്‍, ഭാര്യ സ്റ്റേഷന്‍ മാസ്റ്ററാണ്.

ഭാര്യ മനസിലാക്കിയ ഗുണപാഠം:
വെളുമ്പി പശു പ്രസവിക്കുന്നത് അപകടമാണ്!!!
(അത് റെയില്‍വേ സ്റ്റേഷനിലായാലും, ജീവിതത്തിലായാലും)

വെളിച്ചം ദുഃഖമാണുണ്ണി...




"വെളിച്ചം ദുഃഖമാണുണ്ണി
തമസ്സല്ലോ സുഖപ്രദം"

അക്കിത്തത്തിന്‍റെ ഈ വരികള്‍ അതിന്‍റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ എനിക്ക് മനസിലായത് ഒരു ഇലക്ഷന്‍ കാലഘട്ടത്തിലായിരുന്നു.അതിനെന്നെ സഹായിച്ചത് എന്‍റെ പ്രിയപ്പെട്ട നാട്ടുകാരായിരുന്നു, ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരെ തിരഞ്ഞെടുക്കുന്ന പ്രിയ വോട്ടര്‍മാരായിരുന്നു.അത് വിശദീകരിക്കുന്നതിനു മുമ്പ് നമ്മുടെ നാടിന്‍റെ ഭരണസ്ഥിതിയിലേക്ക് ഒരു എത്തിനോട്ടം..

അഞ്ച് വര്‍ഷം ഒരു കൂട്ടരു ഭരിക്കും, പിന്നൊരു അഞ്ച് വര്‍ഷം അടുത്ത കൂട്ടര്‌ ഭരിക്കും, ഇതിങ്ങനെ മാറി മറിഞ്ഞ് വരും.പാലുകുടിക്കുന്ന കൊച്ചു കുട്ടിക്ക് പോലും ഇപ്പോള്‍ ഭരിക്കുന്നത് ആരാണെന്ന് അറിഞ്ഞാല്‍ അടുത്ത ഭരണം ആരുടേതായിരിക്കുമെന്ന് പറയാന്‍ പറ്റുന്ന അവസ്ഥ.കേരളത്തെ സംബന്ധിച്ച് ഇതൊരു പ്രപഞ്ച സത്യമാ, അതിനാല്‍ തന്നെ ഇതിനെ ഞാന്‍ 'സിംപിള്‍ പ്രസന്‍റ്‌ ടെന്‍സില്‍' പറയാന്‍ ആഗ്രഹിക്കുന്നു.
അപ്പോള്‍ ഒരു സംശയം...
പിന്നെന്തിനാണാവോ ഇലക്ഷന്‍??
കയ്യിലൊരു കറുത്ത കുത്തിടാനോ???
ഒരോ പ്രാവശ്യവും കറുത്ത കുത്ത് കൈയ്യില്‍ വീഴുമ്പോ ആശ്വസിക്കും, ഇക്കുറി നാട് നന്നാവുമായിരിക്കും.
എവിടെ???
രണ്ടാഴ്ചത്തേക്ക് കണ്ണ്‌ കിട്ടാതിരിക്കാന്‍ കയ്യിലാ കറുത്ത കുത്ത് മാത്രം ബാക്കി കാണും.ഭരണവും ജീവിതവുമെല്ലാം പണ്ടത്തേന്‍റെ പിന്നത്തേതായിരിക്കും.
അതോട് കൂടി നമ്മള്‍ ഒരേ സ്വരത്തില്‍ പറയും:
"ഹും, അടുത്ത തവണ കാണിച്ച് തരാം, നിനക്കൊന്നും വോട്ടില്ല"
ഇതറിയാവുന്ന അവര്‍ പരസ്പരം പറയും:
"അല്ലേല്‍ തന്നെ അടുത്ത തവണ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല"
അപ്പോള്‍ അതിന്‍റെ അടുത്ത തവണയോ??
കേരളമല്ലേ, അവര്‍ ജയിച്ചിരിക്കും!!!

അങ്ങനെയിരിക്കെ ഒരു ഇലക്ഷന്‍ കാലം.
നാട്ടിലെ തിളക്കുന്ന രക്തത്തിന്‍റെ ഉടമകളായ കുറേ യുവജനങ്ങള്‍ക്ക് ഒരു വെളിപാടുണ്ടായി..
ഈ സമ്പ്രദായങ്ങള്‍ മാറിയെ പറ്റു, പുതിയൊരു കേരളം ഉണ്ടായേ പറ്റു, എല്ലാവരുടെയും മനസ്സ് ഏറ്റു പാടി...

"മാറ്റുവിന്‍ ചട്ടങ്ങളേ അല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍"

എല്ലാം മാറ്റി കംപ്ലീറ്റ് ക്ലീനാക്കണം, അവര്‍ തീരുമാനിച്ചു...
എ സൂപ്പര്‍ ഡിസിഷന്‍!!!

പക്ഷേ എങ്ങനെ??
ആ ചോദ്യത്തിനുത്തരമായിരുന്നു കൂട്ടത്തില്‍ അലമ്പനായ സുധീഷിനെ (പൊതുവേ സ്ഥാനാര്‍ത്ഥികള്‍ തരികിട ആയിരിക്കണമെന്നായിരുന്നു അവരുടെ ധാരണ) ഇലക്ഷനു നിര്‍ത്താനുള്ള തീരുമാനം.അങ്ങനെ രണ്ട് പ്രബല പാര്‍ട്ടികള്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ സ്വതന്ത്രനായി, മാറ്റത്തിന്‍റെ കൊടുങ്കാറ്റിനായി സുധീഷ് മത്സരിച്ചു.ഇരുട്ടില്‍ തപ്പുന്ന ജനങ്ങള്‍ക്ക് പുതിയൊരു വെളിച്ചം എന്ന രീതിയില്‍ 'കത്തുന്ന മെഴുകുതിരി' ചിഹ്നവും.

സംഗതിയുടെ കിടപ്പ് വശം ഇങ്ങനെ ആയിരുന്ന സമയത്താണ്‌ ഇതൊന്നുമറിയാതെ ഞാന്‍ ബാംഗ്ലൂരില്‍ നിന്ന് നാട്ടിലേക്ക് വന്നത്.തിരഞ്ഞെടുപ്പിന്‍റെ പ്രചരണങ്ങള്‍ നേരിട്ട് കാണുക, ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടി കുത്തുക, ചായക്കടയില്‍ പോയിരുന്നു ടെന്‍ഷനടിച്ച് (?) റിസള്‍ട്ട് അറിയുക, തിരികെ ബാംഗ്ലൂര്‍ക്ക് പോകുക എന്നീ ലക്ഷ്‌യത്തില്‍ നാട്ടിലെത്തിയ ഞാന്‍ സുധീഷ് സ്ഥാനാര്‍ത്ഥിയായ വിവരമറിഞ്ഞ് കോള്‍മയിര്‍ (ശരിക്കും വായിക്കണേ!!) കൊണ്ടു.അങ്ങനെ ഇലക്ഷന്‍ പ്രചാരണത്തിനു ഞാനും സജീവമായി...

സുധീഷിനെ വിജയിപ്പിക്കുക എന്ന ലക്ഷ്‌യം സഫലമാക്കാന്‍ 'കത്തുന്ന മെഴുകുതിരി' ജനങ്ങളുടെ മനസ്സില്‍ പ്രതിഷ്ഠിക്കാനായി ഞങ്ങളുടെ ആദ്യ ശ്രമം.അതിനായി ഒരോ വീട്ടിലും, ഓരാള്‍ ഒരു മെഴുകുതിരി കത്തിച്ച് പിടിച്ച് പോകാന്‍ തീരുമാനമായി.അതിന്‍റെ ആദ്യ പടി എന്ന നിലയില്‍ മൂന്ന് വീടുകളില്‍ പോയാല്‍ മതിയെന്നും, അതിനു ശേഷം ഈയൊരു അപ്രോച്ചിന്‍റെ ഗുണഗണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിട്ട് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്നും ഞങ്ങള്‍ ഉറപ്പിച്ചു.വരുന്ന ശനിയാഴ്ച തന്നെ ദൌത്യം തുടങ്ങാന്‍ തീരുമാനമായി, വീടുകളില്‍ മെഴുകുതിരിയുമായി പോകുന്ന കാര്യം കുമാരന്‍ ഏല്‍ക്കുകയും ചെയ്തു.

അങ്ങനെ ശനിയാഴ്ചയായി...
പത്തായി, പത്തരയായി, പതിനൊന്നായി, പന്ത്രണ്ടായി...
കുമാരന്‍ വന്നില്ല!!!
ഒടുവില്‍ മറ്റാരെങ്കിലും പോകാന്‍ തീരുമാനമായി, അതിനായി അവര്‍ തിരഞ്ഞെടുത്തത് എന്നെയായിരുന്നു.കേട്ടപാടെ ഞാന്‍ പറഞ്ഞു:
"ഹേയ്, അത് ശരിയാവില്ല"
ഞാനിങ്ങനെ പറയാന്‍ കാരണമുണ്ട്, ഒന്നാമത് വോട്ട് ചോദിച്ച് പോകാന്‍ നിശ്ചയിച്ച വീടൊന്നും എനിക്ക് പരിചയമില്ല.മാത്രമല്ല നട്ടുച്ചക്ക് മെഴുകുതിരിയും കത്തിച്ച് പിടിച്ച് ഒരു വീട്ടില്‍ കയറി ചെല്ലാന്‍ എനിക്ക് വട്ടില്ലല്ലോ.
പക്ഷേ സുഹൃത്തുക്കള്‍ എന്നെ ആശ്വസിപ്പിച്ചു:
"നീ വിഷമിക്കേണ്ടാടാ, ഞങ്ങള്‍ റോഡില്‍ കാണും, എന്തേലും പ്രശ്നമുണ്ടായാല്‍ ഞങ്ങള്‍ നോക്കികൊള്ളാം"
"എന്നാലും?"
"എന്‍റെ മനു ഇത് ഈ നാടിന്‍റെ രക്ഷക്കല്ലേ?"
ആണോ??
പിന്നല്ലാതേ??
അങ്ങനെ ജനിച്ച നാടിന്‍റെ രക്ഷക്കായി ഞാന്‍ ആ ദൌത്യം ഏറ്റെടുത്തു, മെഴുകുതിരിയുമായി അന്നേ ദിവസം മൂന്ന് വീട്ടില്‍ കയറുക എന്ന പുണ്യ ദൌത്യം.

ആദ്യ ഭവനം.
സമയം കൃത്യം നട്ടുച്ച.
കത്തിച്ചു പിടിച്ച വലിയൊരു മെഴുകുതിരിയുമായി ഞാന്‍ ആ വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറി.
പതിയെ കോളിംഗ് ബെല്ലടിച്ചു.
ടിം...ടിം...
കതക് തുറന്ന് പുറത്തേക്ക് വന്നത് ഒരു വല്യമ്മയായിരുന്നു.നട്ടുച്ച അടുത്ത നേരത്ത് ഒരുത്തന്‍ കത്തുന്ന മെഴുകുതിരിയുമായി നില്‍ക്കുന്ന കണ്ടാകണം തള്ളയുടെ മുഖത്തൊരു അത്ഭുതം, അത് അവരുടെ ആത്മഗതത്തില്‍ പ്രകടമായിരുന്നു:
"എന്‍റെ ശിവനേ, ഇതേതോ കൂടിയ ഇനമാണല്ലോ!!"
കുരിശ്.
തള്ള എനിക്ക് വട്ടാണെന്ന് ഉറപ്പിച്ചു!!!

ആവശ്യക്കാരനു ഔചിത്യം പാടില്ലെന്ന് അറിയാവുന്നതിനാല്‍ അവരുടെ ധാരണ തിരുത്താന്‍ ഞാന്‍ തയ്യാറായി:
"അമ്മേ, ഇത് കണ്ട് തെറ്റിദ്ധരിക്കരുത്.ഇരുട്ടില്‍ തപ്പുന്ന ജനതക്ക് ഒരു ചെറു വെളിച്ചം എന്നേ ഞങ്ങള്‍ ഉദ്ദേശിച്ചുള്ളു"
"ഈ നട്ടുച്ചക്കോ?"
"അയ്യോ ഇപ്പൊഴല്ല"
"പിന്നെ രാത്രീലോ?"
"അയ്യോ അതുമല്ല"
"പിന്നെ?"
"അമ്മേ സത്യം പറയാം.എന്‍റെ പേര്‌ മനു, ഞങ്ങളുടെ സുഹൃത്ത് സുധീഷ് ഇക്കുറി ഇലക്ഷനില്‍ നില്‍ക്കുന്നുണ്ട്, അവനു വേണ്ടി വോട്ട് ചോദിക്കാന്‍ വന്നതാണ്"
"അതിനെന്തിനാ ഈ മെഴുകുതിരി കത്തിച്ച് കൈയ്യില്‍ പിടിക്കുന്നത്?"
"കത്തിച്ച് വച്ച മെഴുകുതിരിയാണ്‌ അവന്‍റെ ചിഹ്നം"
"അപ്പോ ചിഹ്നം ആന ആയിരുന്നെങ്കിലോ?"
പോക്കറ്റിലിട്ട് കൊണ്ട് വന്നേനെ!!!
പിന്നല്ല!!!
ചോദ്യം കേട്ടില്ലേ??
ഒടുവില്‍ സംയമനം പാലിച്ച് പറഞ്ഞു:
"അതിന്‌ ആനയല്ലല്ലോ അമ്മേ, മെഴുകുതിരിയല്ലേ"
ഒന്ന് നിര്‍ത്തിയട്ട് ഞാന്‍ അപേക്ഷിച്ചു:
"അമ്മ സുധീഷിനു വോട്ട് ചെയ്യണം"
"എന്തിന്?"
"നമ്മള്‍ ആദ്യം ഒരു പാര്‍ട്ടിയെ വിശ്വസിച്ചു, അവര്‍ നമ്മടെ ഖജനാവ് കൊള്ളയടിച്ചു.പിന്നെ നമ്മള്‍ മറ്റൊരു പാര്‍ട്ടിയെ വിശ്വസിച്ചു, അവരും നമ്മടെ ഖജനാവ് കൊള്ളയടിച്ചു.ഇനി സുധീഷിനു ഒരവസരം നല്‍കണം"
"എന്തിന്, ഖജനാവ് കൊള്ളയടിക്കാനോ?"
ങ്ങേ!!!
അന്തം വിട്ട് നിന്ന എന്നെ ഒന്ന് നോക്കിയട്ട് തള്ള അകത്ത് കയറി വാതിലടച്ചു.എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ പതിയെ പുറത്തേക്കിറങ്ങി...

മെഴുകുതിരി ഊതിയണച്ച് പുറത്ത് എത്തിയ എനിക്ക് ചുറ്റും കൂട്ടുകാര്‍ വളഞ്ഞു.
"അവരെന്താ മനു കതകടച്ചത്?"
"സ്വല്പം കഴിഞ്ഞ് തുറക്കാനായിരിക്കും"
വേറെ എന്ത് പറയാന്‍??
മനുഷ്യനാകെ ചമ്മി തിരിച്ച് വന്നപ്പോള്‍ അവന്‍റെയൊക്കെ ചോദ്യം കേട്ടില്ലേ...
തള്ളയെന്താ കതകടച്ചതെന്ന്??
എന്‍റെ മുഖഭാവത്തെ വിഷമം കണ്ടാകണം സുധീഷ് ചോദിച്ചു:
"എന്താടാ? എന്ത് പറ്റി"
"ഈ പരിപാടി ശരിയാവില്ലടാ" ഞാന്‍ മറുപടി കൊടുത്തു.
"അതെന്താ?"
"ഞാന്‍ നട്ടുച്ചക്ക് മെഴുകുതിരിയും കത്തിച്ച് ചെന്നാല്‍ എന്‍റെ അമ്മയാണേലും കതകടക്കും, പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയണോ?"
അതും ശരിയാ!!!
ഇനി എന്ത്??
അതിനു മറുപടിയായിരുന്നു മെഴുകുതിരിയുമായി രാത്രിയില്‍ പോകാനുള്ള തീരുമാനം.
അത് ഞാനും സമ്മതിച്ചു.

അന്ന് രാത്രി.
ഞാനും സുധീഷും ദൌത്യവുമായിറങ്ങി...
ഒരു ഭവനത്തിനു മുന്നിലെത്തി സുധീഷ് പറഞ്ഞു:
"എടാ മനു, ഇതാ ദാമോദരേട്ടന്‍റെ വീട്.ഇവിടെ ചേട്ടനും ചേച്ചിക്കും വോട്ടുണ്ട്, അവരുടെ മോള്‍ക്ക് വോട്ടുണ്ടോന്ന് അറിയില്ല, എന്തായാലും നീയൊന്ന് ചെന്ന് നോക്ക്"
നേരെ അകത്തേക്ക്...
കതകില്‍ മുട്ടിയപ്പോള്‍ വാതില്‍ തുറന്നത് മോള്‍ ആണ്, തേടിയ വള്ളി കാലില്‍ ചുറ്റി.മോള്‍ക്ക് വോട്ടുണ്ടോന്ന് അറിയാനുള്ള സുവര്‍ണ്ണ അവസരം.
ഞാനിങ്ങനെ ചിന്തിച്ച് നില്‍ക്കേ എന്നേയും, കൈയ്യിലെ മെഴുകുതിരിയും നോക്കി ആ പെണ്‍കുട്ടി ചോദിച്ചു:
"ആരാ? എന്ത് വേണം?"
"എനിക്ക് വേണ്ടത് ഞാന്‍ മോളുടെ അച്ഛനോട് ചോദിച്ചോളാം, മോളൊരു കാര്യം മാത്രം പറഞ്ഞാല്‍ മതി, മോള്‍ക്ക് പ്രായപൂര്‍ത്തിയായോ"
അത് കേട്ടതും പെണ്ണ്‌ എന്നെ രൂക്ഷമായൊന്ന് നോക്കിയിട്ട് അകത്തേക്ക് ഒറ്റപോക്ക്.
ശെടാ, എന്നാ പറ്റി??
എന്‍റെ ഈ സംശയത്തിനുള്ള മറുപടി ആ വീടിനകത്തു നിന്നുള്ള ദാമോദരേട്ടന്‍റെ അലര്‍ച്ചയായിരുന്നു:
"ഏത് നായിന്‍റെ മോനാടാ എന്‍റെ മോള്‍ക്ക് പ്രായമായോന്നറിയാന്‍ മെഴുകുതിരിയും കത്തിച്ച് വന്നത്?"
എന്തിര്??
"അയ്യോ വേണ്ടാച്ഛാ" മോളുടെ സ്വരം.
"വിടടീ, ഇന്നവനെ ഞാന്‍ രണ്ട് കഷണമാക്കും"
എന്‍റമ്മേ.
മെഴുകുതിരി എടുത്ത് തെക്കോട്ട് ഒരു ഏറ്‌ കൊടുത്തിട്ട് ഒറ്റ ഓട്ടമായിരുന്നു.ഓടി റോഡിലെത്തിയപ്പോള്‍ അങ്ങ് ദൂരെ നിന്ന് സുധീഷിന്‍റെ സ്വരം കേട്ടു:
"എടാ...ഇതിലെ...ഇതിലെ...ഇതിലെ വാ"
പെണ്‍കുട്ടിയോടുള്ള എന്‍റെ ചോദ്യം കേട്ടപ്പോള്‍ തന്നെ ഇതിങ്ങനേ സംഭവിക്കുമെന്ന് മനസിലാക്കി നേരത്തെ ഓടിയിരിക്കുന്നു, മിടുക്കന്‍.

അങ്ങനെ ദാമോദരേട്ടന്‍റെ ഏരിയയില്‍ നിന്ന് മാറി മറ്റൊരിടത്തെത്തി പട്ടി അണക്കുന്ന പോലെ കിതച്ച് കൊണ്ടിരിക്കെ അറിയാതെ ചോദിച്ച് പോയി:
"ആരെയാടാ ഇന്ന് കണി കണ്ടത്?"
സുധീഷിനു മറുപടിയില്ല.
സ്വല്പം കഴിഞ്ഞ് ദൂരെ കാണുന്ന വെളിച്ചം ചൂണ്ടി അവന്‍ പറഞ്ഞു:
"എടാ മൂന്ന് വീട് നമ്മള്‍ തീരുമാനിച്ചതാ, എന്തായാലും ആ വീട്ടിലൂടൊന്ന് കേറി നോക്കാം"
ങ്ങേ!!!
ഇനിയുമോ??
"അത് ആരുടെ വീടാ?"
"ആരുടെ ആയാലെന്താ, എന്തായാലും നനഞ്ഞില്ലേ, ഇനി കുളിച്ച് കയറാം"
ശരിയാ, ഒരു ശ്രമം കൂടിയാവാം.
നേരെ ആ വീട്ടിലേക്ക്...

പതിവു പോലെ റോഡിന്‍റെ സൈഡിലായി സുധീഷ് നിന്നു, കത്തിച്ച മെഴുകുതിരിയുമായി ഞാന്‍ അകത്തേക്ക്..
ടക്ക്...ടക്ക്..ടക്ക്...
കതകില്‍ മുട്ടി, അനക്കമില്ല.
"ഹലോ, ആരുമില്ലേ?"
പതിയെ കതക് തുറന്നു, അകത്ത് നിന്ന് ഒരു കിളിനാദം:
"പെട്ടന്ന് അകത്തേക്ക് വാ"
എന്തിന്??
ഞാന്‍ അമ്പരന്ന് നില്‍ക്കെ പെട്ടന്ന് ആരൊക്കെയോ 'ആരെടാ, പിടിയടാ' എന്ന് അലറി കൊണ്ട് അങ്ങോട്ട് ഓടിയെത്തുന്ന സ്വരം.കൂട്ടത്തില്‍ അങ്ങ് ദൂരെ നിന്ന് സുധീഷിന്‍റെ അലര്‍ച്ചയും:
"എടാ മനു അത് മറ്റേ കേസുകെട്ടിന്‍റെ വീടാ, സരസൂന്‍റെ.ഓടിക്കോടാ!!!"
ഒരു നിമിഷത്തേക്ക് അകത്തെ കിളിനാദം ഓര്‍മ്മ വന്നു...
പെട്ടന്ന് അകത്തേക്ക് വാ!!!
കര്‍ത്താവേ...
നാട്ടുകാര്‌ ആരെങ്കിലും എന്നെ തിരിച്ചറിഞ്ഞാല്‍......????
എന്ത് ചെയ്യും??
പഴയ വരികള്‍ മനസില്‍ ഓടി വന്നു...

"വെളിച്ചം ദുഃഖമാണുണ്ണി
തമസ്സല്ലോ സുഖപ്രദം"

ഒറ്റ ഊത്..
മെഴുകുതിരി അണഞ്ഞു!!!
അടുത്ത നിമിഷം ഞാന്‍ അവിടെ നിന്ന് അപ്രത്യക്ഷനായി.
ഓടി അമ്പലത്തിലെ ആല്‍ത്തറക്ക് അരികില്‍ എത്തിയപ്പോള്‍ 'നീയെന്താ താമസിച്ചത്?' എന്ന മുഖഭാവത്തില്‍ സുധിഷ് അവിടെ എന്നെ കാത്ത് ഇരുപ്പുണ്ടായിരുന്നു, മിടുക്കന്‍.

കാര്യം നാട്ടുകാരില്‍ നിന്ന് രക്ഷപെട്ടെങ്കിലും അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ ഈ രഹസ്യം പരസ്യമായി.അവര്‍ പറഞ്ഞു പലരുമറിഞ്ഞു, ഇലക്ഷന്‍ കഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ തയ്യാറായി നിന്ന എന്നോട് അവരിലൊരുവന്‍ ചോദിച്ചു:
"നീ സരസൂന്‍റെ വീട്ടില്‍ പോയെന്ന് കേട്ടു"
"അയ്യേ, ഞാനൊന്നും പോയില്ല"
"നീയും സുധീഷും കൂടി പോയെന്നാ ഞാന്‍ കേട്ടത്"
"ഓ അതോ, അത് വോട്ട് ചോദിക്കാന്‍ പോയതാ"
"പിന്നെ പാതിരാത്രിക്കല്ലിയോ വോട്ട് ചോദിക്കാന്‍ പോകുന്നത്, അതും സരസൂന്‍റെ വീട്ടില്‍"
"അയ്യോ ചേട്ടാ സത്യാ"
"ഉവ്വ...ഉവ്വ.."

ഇതാ നമ്മുടെ നാട് നന്നാവാത്തത്.രണ്ട് പേര്‌ നല്ലത് ചെയ്യണമെന്ന് ആഗ്രഹിച്ചാലും അതില്‍ കുറ്റം കണ്ടെത്തുന്ന നാട്ടുകാരുള്ളിടം ഒരിക്കലും നന്നാവില്ല.നല്ല കാര്യം ചെയ്യാന്‍ ശ്രമിച്ച ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ആക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന നാട്ടുകാരെ പറ്റി ഓര്‍ത്ത് വിഷമിച്ച് നില്‍ക്കെ ആ ചേട്ടന്‍ എന്നോട് പറഞ്ഞു:
"എടാ മനു, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു കാര്യത്തില്‍ നിന്നെ കുറിച്ച് എനിക്ക് മതിപ്പുണ്ട്"
എന്ത്??
അവസാനം ഒരാള്‍ എന്നെ മനസിലാക്കിയിരിക്കുന്നു...
ഞാന്‍ ചെയ്ത നല്ല കാര്യത്തില്‍ അയാള്‍ അഭിമാനിക്കുന്നു!!
എങ്കിലും ചേട്ടനില്‍ നിന്ന് നേരിട്ട് കേള്‍ക്കാനുള്ള ആഗ്രഹത്തില്‍ ചോദിച്ചു:
"അത് എന്ത് കാര്യമാ ചേട്ടാ?"
"പാതിരാത്രി ആയാലും സരസൂന്‍റെ വീട്ടില്‍ തലയില്‍ മുണ്ടിട്ടാ എല്ലാവരും പോകുന്നത്.അവിടെ മെഴുകുതിരി കത്തിച്ച് പിടിച്ച് പോകാനുള്ള ധൈര്യം നിനക്ക് മാത്രമേയുള്ളു"
"അയ്യോ ചേട്ടാ അത് ചിഹ്നമാ"
"ഉവ്വ..ഉവ്വേ..."
ഛായ്, മ്ലേച്ഛം!!!

കാലം മറയ്ക്കാത്ത മുറിവുകളില്ലന്നാ, പക്ഷേ എത്ര മറച്ചാലും തിരഞ്ഞെടുപ്പ് കാലത്ത് ഏതെങ്കിലും കാലമാടന്‍ ഇത് ഓര്‍മ്മിപ്പിക്കും.വെറുതെ വഴിയെ നടക്കുന്ന എന്നോടവന്‍ ചോദിക്കും:
"എന്നാലും മനു, നീയല്ലാതെ ആരെങ്കിലും മെഴുകുതിരിയും കത്തിച്ച് പിടിച്ച് സരസൂന്‍റെ വീട്ടില്‍ പോകുമോ?"
"അയ്യോ സത്യമായും അത് ചിഹ്നമാ"
ഉവ്വ...ഉവ്വേ!!
ആരോട്?? എന്തിന്??
ഹും, നമ്മുടെ നാട് നന്നാവുന്ന ലക്ഷണമില്ല.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com