ഈ ഒമ്പത് ദിവസവും വീടിനടുത്തുള്ള ദേവീക്ഷേത്രത്തില്‍ ആഘോഷമാണ്.ഇതില്‍ എല്ലാ വര്‍ഷവും വിജയദശമി നാളില്‍ പ്രോഗ്രാം നടത്തുന്നത് ഞങ്ങളാണ്.ഞങ്ങളെന്ന് പറയുമ്പോ, ഞാനും കുറുപ്പും കുമാരനും പിന്നെ ശശിയണ്ണനും.ഈ പ്രാവശ്യം അതിനായി ഒരു യോഗം തന്നെ ശശിയണ്ണന് വിളിച്ചു കൂട്ടി, അതില്‍ ഞങ്ങളെല്ലാം പങ്കെടുത്തു.
"വെറൈറ്റി, അതായിരിക്കണം നമ്മടെ ലക്ഷ്യം" ശശിയണ്ണന് പ്രഖ്യാപിച്ചു.
"അതേ, അതാണ് നമ്മടെ ലക്ഷ്യം" ഞങ്ങളും പ്രഖ്യാപിച്ചു.
പക്ഷേ എങ്ങനെ??
മുന്നില്‍ ഒരു ചോദ്യ ചിഹ്നം പ്രത്യക്ഷമായി.
വിജയദശമിക്ക് ഒരു വെറൈറ്റി!!!
എങ്ങനെ??
ഒടുവില്‍ ശശിയണ്ണന് തന്നെ വഴി കണ്ടു പിടിച്ചു...
ആയിരത്തെട്ട് താമര പൂവ് കൊണ്ട് ദേവിക്ക് അര്‍ച്ചന!!!
ബലഭേഷ്!!!
ആ അര്‍ച്ചനയുടെ മാഹാത്മ്യം ബോധ്യപ്പെടുത്താന്‍ ശശിയണ്ണന് അവിടെ നിന്ന് ഒരു പാട്ടും പാടി...
"ആയിരം താമര പൂവില്‍
അമരുന്നൊരംബികെ കൈ തൊഴുന്നേ...."
എന്നിട്ട് അണ്ണന് ചോദിച്ചു:
"എങ്ങനുണ്ട്?"
"നല്ല പാട്ട്, അണ്ണന് ദിവസവും സാധനം ചെയ്യാറുണ്ടോ?" കുറുപ്പിന്റെ മറുചോദ്യം.
"സാധനമല്ല, സാധകം" ഞാന്‍ തിരുത്തി.
"എന്തായാലും സംഭവം കലക്കനാ" കുമാരനും ഓക്കെ പറഞ്ഞു.
പതിവു പോലെ പൂക്കള്‍ക്ക് ഓര്‍ഡര്‍ കൊടുക്കുന്ന ചുമതല എന്റെ തലയിലായി.ഞാന്‍ പതിയെ ഫോണില്‍ കുത്തി...
"ഹലോ" മറുസൈഡില്‍ പുഷ്പം പുഷ്ക്കരന്‍ എന്ന പൂ കച്ചവടക്കാരന് ഫോണ്‍ അറ്റന്‍ഡ് ചെയ്തു.
"ഞാനാ, മനു"
"പറ സാറേ, എന്നാ വേണം"
ചാര്‍ത്താനുള്ള മാലകള്‍, അലങ്കാര മാല, ആവശ്യമായ പൂവിന്റെ കണക്ക്, ഇങ്ങനെ എല്ലാം പറഞ്ഞ ശേഷം ആയിരത്തെട്ട് താമര പൂ കൂടി വേണമെന്ന് പറഞ്ഞു.എന്നിട്ട് ഒരു ഉറപ്പിനു ചോദിച്ചു:
"താമര പൂ കിട്ടുമല്ലോ, അല്ലേ?"
"കിട്ടും കിട്ടും, ആയിരമല്ല ലക്ഷമായാലും ഞാന്‍ അറേഞ്ച് ചെയ്യും, അതാണ് പുഷ്പം പുഷക്കരന്‍" അയാളുടെ ഉറപ്പ്.
അതോടെ ഞങ്ങള്‍ പ്രഖ്യാപിച്ചു...
വിജയദശമി ദിനത്തില്‍ വെറൈറ്റി...
ആയിരത്തെട്ട് താമര പൂ കൊണ്ട് അര്‍ച്ചന!!!
കാക്ക കാക്കയോട് പറഞ്ഞു, പൂച്ച പൂച്ചയോട് പറഞ്ഞു, മനുഷ്യന് മനുഷ്യനോട് മാത്രം പറഞ്ഞില്ല, എന്നിട്ടും ആ കാര്യം നാട്ടില്‍ പാട്ടായി...
മനുവും കൂട്ടരും ഒരുക്കുന്ന വെറൈറ്റി...
ആയിരത്തെട്ട് താമര പൂ കൊണ്ട് അര്‍ച്ചന!!!
ഗ്രാമ വീഥികളിലൂടെ അനൌണ്സ്മെന്റുമായി ഓട്ടോകള്‍ ഓടി തുടങ്ങി....
"ഭക്തജനങ്ങളേ, ഈ വരുന്ന വിജയദശമി ദിനത്തില്‍....."
ഒരു ഏരിയയില്‍ ഉള്ളവര്‍ ഇത്രയും കേള്‍ക്കുമ്പോഴേക്ക് ആ ഓട്ടോ ഓടി പോകും, അടുത്ത ഏരിയയിലുള്ളവരാണ് ബാക്കി കേള്‍ക്കുന്നത്...
"ആയിരം താമര പൂ കൊണ്ട്....."
ഓട്ടോ ആ ഏരിയയില്‍ നിന്നും പോയി.
ഒന്നും മനസ്സിലാകാത്തവര്‍ പരസ്പരം ചോദിച്ചു:
"എന്താ പ്രശ്നം?"
പാതി കേട്ടവര്‍ മറുപടി പറഞ്ഞു:
"താമര, ബി.ജെ.പിയുടെ സംസ്ഥാന സമ്മേളനം വല്ലതും ആയിരിക്കും"
അങ്ങനെയുള്ളവരുടെ സംശയം മാറ്റാന്‍ ഒരോ ഏരിയയിലും ഓട്ടോ നിര്‍ത്തി ഞങ്ങള്‍ പാട്ട് ഇട്ടു....
"ആയിരം താമര പൂവില്‍
അമരുന്നൊരംബികെ കൈ തൊഴുന്നേ...."
എന്നിട്ടും ചിലര്‍ക്ക് സംശയം, അവര്‍ ഞങ്ങളോട് വെട്ടി തുറന്ന് ചോദിച്ചു:
"നിങ്ങള്‍ ബി.ജെ.പി ആണോ?"
"അതെന്താ ചേട്ടാ അങ്ങനെ ചോദിച്ചത്?"
"നിങ്ങള്‍ താമരയല്ലേ സെലക്ട് ചെയ്തത്"
ആ ലോജിക്ക് എനിക്ക് മനസിലായില്ല, ബി.ജെ.പി സൈഡ് പിടിച്ചത് കൊണ്ടാവാം താമര എന്നും, ഇനി കമ്മ്യുണിസ്റ്റ് ആയിരുന്നേല്‍ ആരിവാള്‍ ചുറ്റിക നക്ഷത്രം കൊണ്ടും, കോണ്‍ഗ്രസ്സ് ആയിരുന്നേല്‍ കൈ പത്തി കൊണ്ടും അഭിഷേകം ചെയ്യുമെന്നാവാം ഇവര്‍ കരുതിയിരിക്കുന്നത്.
അവരുടെ സംശയം മാറ്റാന്‍ വിശദീകരിച്ച് കൊടുത്തു:
"ആക്ച്വലി, സരസ്വതി ദേവി താമരയിലാ ഇരിക്കുന്നത്"
"ഓഹോ, അവരും ബി.ജെ.പി ആണോ?" അയാളുടെ മറുചോദ്യം.
കോപ്പ്.
അടിമുടി ചൊറിഞ്ഞ് വന്നു, സഹികെട്ട് ഞാന്‍ പറഞ്ഞു:
"സരസ്വതി ദേവി മാത്രമല്ല, ലക്ഷ്മി ദേവിയും ബി.ജെ.പിയാ"
"ചുമ്മാതല്ല നാട് നന്നാവാത്തത്" അയാളുടെ കമന്റ്.
ഇനി അവിടെ നിന്നാ അടി വീഴുമെന്ന് മനസിലായ ശശിയണ്ണന് പറഞ്ഞു:
"പോകാം"
നടന്ന് നീങ്ങിയപ്പോള്‍ അനൌണ്‍സ്മെന്റിലെ പാട്ട് പിന്നില്‍ നിന്ന് കേള്‍ക്കുന്നുണ്ടായിരുന്നു...
"ആയിരം താമര പൂവില്‍
അമരുന്നൊരംബികെ കൈ തൊഴുന്നേ...."
ഇന്ന് മഹാനവമി.
നാളെയാണ് വിജയദശമി.ഒന്ന് ഉറപ്പിക്കാന്‍ രാവിലെ തന്നെ പുഷ്ക്കരനേ വിളിച്ചു:
"പൂവില്ലേ?"
"വൈകിട്ട് എത്തിച്ചാ പോരേ?" അവന്റെ മറുചോദ്യം.
"മതി, മതി" ഞാന്‍ മറുപടി പറഞ്ഞു.
വൈകിട്ട് എത്തിയാല്‍ പിന്നെ വെള്ളം തളിച്ച് വച്ചാല്‍ മതി, വിജയദശമിദിനത്തിലും വാടത്തില്ല.ഒരു ഉറപ്പിനു തിരുമേനിയോട് തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു:
"തെറ്റി താമര സപ്താന..."
"എന്ന് വച്ചാ?"
"തെറ്റിയും താമരയും പറിച്ച് കഴിഞ്ഞാ ഏഴ് ദിവസം വരെ ഉപയോഗിക്കാം"
ഓഹോ, വെരി ഗുഡ്.
അന്ന് വൈകുന്നേരം.
പുഷ്ക്കരന്‍ വണ്ടി നിറയെ പൂവുമായി എത്തി.ഒരോ കൂട ഇറക്കുമ്പോഴും ഞങ്ങള്‍ ആവേശത്തോടെ തുറന്ന് നോക്കി, അലങ്കാര മാലകള്‍, ചാര്‍ത്താനുള്ള മാലകള്‍, പൂക്കള്‍ എല്ലാം കൃത്യം കൃത്യം.
താമര പൂ മാത്രം കാണാനില്ല.
ഇനി ഒരു വല്ലം കൂടി ബാക്കിയുണ്ട്, അത് ഇറക്കി താഴെ വച്ചിട്ട് പുഷ്ക്കരന്‍ പറഞ്ഞു:
"സാറെ ഒരു ചെറിയ പ്രശ്നമുണ്ട്"
അയാള്‍ പറയാന്‍ പോകുന്ന പ്രശ്നം മനസ്സില്‍ കണ്ട ശശിയണ്ണന് രഹസ്യമായി ചെവിയില്‍ എന്നോട് പറഞ്ഞു:
"ആയിരത്തെട്ട് താമര തികച്ച് കിട്ടി കാണില്ല, വഴക്കിനൊന്നും നില്‍ക്കണ്ട, ഒള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം"
ശരിയെന്ന് തലയാട്ടിയട്ട്, ഞാന്‍ ചോദിച്ചു:
"എന്താ പ്രശ്നം?"
"താമര പൂ കിട്ടിയില്ല" അയാളുടെ മറുപടി.
പത്ത് ഇരുന്നൂറ് താമര പൂ കുറവായിരിക്കുമെന്ന മറുപടി പ്രതീക്ഷിച്ച് നിന്ന ഞങ്ങളൊന്ന് ഞെട്ടി.കുറുപ്പ് ദയനീയ ശബ്ദത്തില്‍ ചോദിച്ചു:
"ഒരു പൂ പോലും ഇല്ലേ?"
"ഇല്ല..."
ഒന്ന് നിര്‍ത്തിയട്ട് താഴ്ത്തി വച്ച വല്ലം ചൂണ്ടി അയാള്‍ പറഞ്ഞു:
"പകരം ചെമ്പരത്തി പൂ കൊണ്ട് വന്നിട്ടുണ്ട്"
ഇത് കേട്ടതും ശശിയണ്ണന് അത് വരെ ഞാന്‍ കേട്ടിട്ടില്ലാത്ത ഒരു തെറി വിളിച്ച് കൊണ്ട് പുഷ്പം പുഷ്ക്കരന്റെ കരണ കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു.അടി കൊണ്ട പുഷ്ക്കരന്‍ നിലത്ത് വീഴാതെ ഒന്ന് ബാലന്‍സ് ചെയ്തു നിന്നു, എന്നിട്ട് ചോദിച്ചു:
"അപ്പോ ചെമ്പരത്തി പൂ വേണ്ടേ?"
എന്നാത്തിനാ, ചെവിയില്‍ വെയ്ക്കാനോ??
ഓടടാ!!!
അത് കേട്ടതും ഒരു മുട്ടന്‍ സോറി പറഞ്ഞിട്ട് പുഷ്പം പുഷ്ക്കരന്‍ അരങ്ങൊഴിഞ്ഞു.
ഇനിയെന്തെന്ന് ആലോചിച്ച് നില്‍ക്കുമ്പോഴാണ് ശങ്കരിയമ്മ അത് വഴി വന്നത്.വന്നപാടെ അവര്‍ ചോദിച്ചു:
"വൈകിട്ട് ഒരു ആറ് മണി ആകുമ്പോ അര്‍ച്ചന തുടങ്ങുമായിരിക്കും, അല്ലേ?"
മറുപടിയൊന്നും പറയാതെ ഞാന്‍ ശശിയണ്ണനെ നോക്കി, അണ്ണന് കുറുപ്പിനെയും, കുറുപ്പ് കുമാരനേയും നോക്കി, ഗത്യന്തരമില്ലാതെ കുമാരന് എന്നെ നോക്കി.
എന്ത് മറുപടി പറയും???
ഞങ്ങള്‍ മിണ്ടാതെ നില്ക്കുന്ന കണ്ട് ശങ്കരിയമ്മ വീണ്ടും പറഞ്ഞു:
"അര്‍ച്ചന കാണാന്‍ തിരുവനന്തപുരത്ത് നിന്ന് എന്റെ മരുമോനും വീട്ടുകാരും വരുന്നുണ്ട്"
ഞങ്ങടെ മഹാഭാഗ്യം!!!
ഈ അര്‍ത്ഥത്തില്‍ ഞാനൊന്ന് ചിരിച്ച് കാണിച്ചു, അവര്‍ സന്തോഷത്തോടെ യാത്രയായി.
ഓട്ടോയിലെ അനൌണ്‍സ്മെന്റിന്റെ പാട്ട് അവിടെങ്ങും മുഴങ്ങി...
"ആയിരം താമര പൂവില്‍
അമരുന്നൊരംബികെ കൈ തൊഴുന്നേ...."
അത് കേട്ട കുറുപ്പ് ശശിയണ്ണനോട് ചോദിച്ചു:
"നിങ്ങക്ക് എവിടുന്നാ ഈ പാട്ട് കിട്ടിയത്?"
അണ്ണനു മിണ്ടാട്ടമില്ല, പുള്ളിക്കാരന് ദയനീയമായി എന്നെ ഒന്ന് നോക്കി, എന്നിട്ട് ചോദിച്ചു:
"ഇനി എന്തോ ചെയ്യും മനു?"
"നാട് വിട്ടാലോ?" കുമാരന് ആകാംക്ഷയോടെ ചോദിച്ചു.
എനിക്ക് മറുപടിയില്ല.
ഒടുവില്‍ ഒരു ഐഡിയ ശശിയണ്ണന് തന്നെ കണ്ടെത്തി....
രാത്രിയില്‍ പാടത്തിറങ്ങി താമര പൂ പറിക്കുക!!!
പക്ഷേ എവിടെ??
കുറേ അന്വേഷിച്ചപ്പോഴാണ് ചെട്ടികുളങ്ങര അമ്പലത്തിനടുത്ത് ഒരു പാടത്തില്‍ പൂ ഉണ്ടെന്ന് അറിഞ്ഞത്.പക്ഷേ പറിക്കുന്നന്ന് കരക്കാര് അറിഞ്ഞാ തല്ല് കിട്ടുമത്രേ.ആവശ്യക്കാരനു ഔചിത്യമില്ലാത്തതിനാല്‍ രാത്രിയില്‍ മോഷ്ടിക്കാന്‍ തീരുമാനിച്ചു.കാറ് ദൂരെ മാറ്റി നിര്‍ത്തി പാടത്തിറങ്ങി...
രണ്ട് പൂ പറിച്ച് ചാക്കിലിട്ടപ്പോഴേക്കും ടോര്‍ച്ചിന്റെ വെളിച്ചം കണ്ട് ആള്ക്കാര് വന്നു തുടങ്ങി.ഒന്നും മിണ്ടാതെ മാന്യന്മാരായിട്ട് നടന്ന് നീങ്ങാന്‍ നോക്കിയ ഞങ്ങളെ അവര്‍ തടഞ്ഞു.
"ആരാ?" നേതാവിന്റെ ചോദ്യം.
"മാക്രി പിടുത്തക്കാരാ" റെഡിമെയ്ഡ് മറുപടി.
"അതിനു ഇവിടെ മാക്രി ഇല്ലല്ലോ?"
"അത് മനസിലാക്കിയ കൊണ്ട് തിരിഞ്ഞ് പോകുവാ"
ഇങ്ങനെ പറഞ്ഞ് നടന്ന് നീങ്ങിയപ്പോ കൂട്ടത്തില്‍ ഒരുവന് ചോദിച്ചു:
"ചാക്കിലെന്താ?"
"പൂവന് കോഴിയുടെ തല അറുത്തതാ" കുമാരന്റെ മറുപടി.
"ഒന്ന് നിന്നേ, നോക്കട്ടെ" ആരോ വിളിക്കുന്നു.
അത് കേട്ട് അവിടെ നിക്കാന്‍ ഞങ്ങക്ക് വട്ടില്ലല്ലോ, ജീവനും കൊണ്ട് ഓടി.
വീണ്ടും അന്വേഷിച്ചപ്പോള്‍ രാമപുരത്തിനടുത്ത് ഒരു പാടമുണ്ടെന്ന് അറിഞ്ഞു.കാറുമായി അവിടെയെത്തി, നേരത്തെ പറ്റിയ അബദ്ധം പറ്റാതിരിക്കാന്‍ ടോര്‍ച്ച് പോലും എടുക്കാതെ പാടത്തിറങ്ങി, എണ്ണി കൊണ്ട് പറിച്ച് തുടങ്ങി...
ഒന്ന്...രണ്ട്...മൂന്ന്....
സമയം ഇഴഞ്ഞു നീങ്ങി.
ആയിരത്തി ആറ്, ആയിരത്തി ഏഴ്, ആയിരത്തി എട്ട്.
ഓപ്പറേഷന് സക്സ്സസ്സ്!!
കാറില്‍ പൂ നിറച്ച ചാക്കുമായി അമ്പല പറമ്പിലേക്ക്...
കാര്‍ ഗ്രൌണ്ടിലിട്ട് സമാധാനമായി ഉറങ്ങി.
നാളെ വിജയദശമി...
കുരുന്നുകള്‍ വിദ്യാരംഭം കുറിക്കുന്ന ദിനം.
അന്ന് തന്നെ അര്‍ച്ചനയും...
മനസില്‍ ആ പാട്ട് മുഴങ്ങി...
"ആയിരം താമര പൂവില്‍
അമരുന്നൊരംബികെ കൈ തൊഴുന്നേ...."
20 comments:
ഈ കഴിഞ്ഞ വിജയദശമിക്ക് കരിമുട്ടത്തമ്മക്ക് മുമ്പില്‍ മകളെ എഴുത്തിനിരുത്തി.തിരക്കിനിടയില്‍ അറിയിക്കാന്‍ പറ്റിയില്ല, ക്ഷമിക്കണം.
അനുഗ്രഹിക്കണം.
:)
എങ്ങിനെയായാലും സംഭവം നടന്നല്ലോ.
പഴയതുപോലെ തന്നെ സരസമായ അവതരണം.
ചില ഭക്തർ പറയുന്നത് കേട്ടിട്ടുണ്ട്. ‘നൂറ് വീട് തെണ്ടി കാണിക്ക കൊണ്ടൊന്നോളാമേ...”ന്ന്. അതുപോലെ ഈ കട്ടു പറിച്ചതും ദൈവങ്ങൾ സ്വീകരിക്കുമെന്ന് തോന്നുന്നില്ല...!!
കാരണം അതല്ല ദൈവവിശ്വാസം..
(തേങ്ങ ആർക്കും വേണ്ടാത്തതായതു കൊണ്ട് ദൈവത്തിനും വേണ്ടെന്നു കരുതി എടുത്തില്ല ഉടക്കാൻ...!)
പറിച്ചത് താമരപൂവ് തന്നെയാണോ?
Oru twist pratheekshichu Still super.
അപ്പോള്‍ പൂവ് ശരിക്കും കിട്ടിയോ? ശ്ശേ.. രാമപുരത്തുകാരൊന്നും ശരിയല്ല..
ഹഹഹ...
ആയിരത്തിആറ്, ആയിരത്തിഏഴ്, ആയിരത്തി എട്ട്. താമരതന്നെയാണോ കിട്ടിയത്?
കലക്കി കേട്ടോ വിജയദശമിപോസ്റ്റ്.
ആയിരത്തെട്ട് പൂ.... രാമപുരത്തൂന്ന് മാത്രം!?
ചുമ്മാ പുളുവടിക്കല്ലേ!
രാമപുരം, എവൂർ, ചേപ്പാട്, പത്തിയൂർ.... മുഴുവൻ പാടത്തൂന്നും പൂ പറിച്ചോണ്ടു പൊയില്ലേ ഭയങ്കരാ!
രാമപുരത്തമ്പലത്തിലേക്ക് പൂ പറിക്കാൻ പോയ ഞങ്ങക്ക് പണി തന്നതാരാന്ന് ഇപ്പ പിടികിട്ടി!
ഞാന്‍ വിചാരിച്ചത്, പ്ലാസ്റ്റിക് താമരപൂ സംഘടിപ്പിക്കും എന്ന്. ജയന് ഡോക്ടര്‍ പറഞ്ഞപോലെ, എനിക്കും
സംശയം ഉണ്ട്!!!!
കൊള്ളാം .. പിന്നേം കലക്കി.. :)
ഇതൊരു തുറന്നുപറച്ചിലാണ്, ഒരു ബ്ലോഗ്ഗെറുടെ തുറന്നുപറച്ചിലുകള്‍...!!!
പ്രാര്‍ത്ഥനയോടെ , ആശംസകള്‍ ........ ബ്ലോഗില്‍ പുതിയ പോസ്റ്റ്....... അയാളും ഞാനും തമ്മില്‍....... വായിക്കണേ.....
നന്നായിട്ടുണ്ട് :) കൂടുതല്‍ ഐടെമ്സ് ഈ മാസം പ്രതേക്ഷിചൊട്ടെ? :P
തുറന്ന് പറയട്ടെ.............
പോസ്റ്റ് പഴയത് പോലെ ഉഷാറായില്ല.........
ഭാവിയില്‍ കൂടുതല്‍ സരസ്സമായ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..............
പോസ്റ്റ് കൊള്ളാം, പക്ഷേ ഒരു കിടിലന്‍ ക്ലൈമാക്സ് പ്രതീക്ഷിച്ചായിരുന്നു...
കുഞ്ഞൂസിനു എല്ലാ ആശംസകളും..
പൂ പറിക്കാൻ ഞങ്ങടെ നാട്ടിലും എത്ത്യാ അത് ശരി.. :) :)
ഇതിനൊരു രണ്ടാംഭാഗം പ്രതീക്ഷിക്കുന്നു. ഇത്തിരീംകൂടി ഉണ്ടല്ലോ? എന്താത്?
രാമപുരത്തെ പാടം എനിക്കറിയാം..... വിജയ ദശമിക്ക് ഒരാഴ്ച മുന്നേ അവിടെ അവിടെ പോയി , കണ്‍കുളിര്‍ക്കെ താമരകള്‍ വിരിഞ്ഞു നില്‍ക്കുന്നത് കണ്ടതാ.....
ഇപ്പൊ മനസ്സിലായി..... :)
"ആക്ച്വലി, സരസ്വതി ദേവി താമരയിലാ ഇരിക്കുന്നത്"
"ഓഹോ, അവരും ബി.ജെ.പി ആണോ?"
ഈ ഡയലോഗ് കലക്കി...
Oru comedy climax a pratheekshiche :-(
Nirashapeduthi kalanju..
Post a Comment