For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

എന്നെ പ്രവചിച്ച ഗുരുനാഥന്‍


ഒരുപാട് ഗുരുക്കന്‍മാര്‍ നിങ്ങളുടെ ജീവിതത്തില്‍ കടന്ന് വന്നിരിക്കാം.അവരില്‍ ആരെങ്കിലും നിങ്ങള്‍ ആരാകുമെന്നോ, എന്താകുമെന്നോ പ്രവചിച്ചിട്ടുണ്ടോ.നിങ്ങളുടെ കാര്യം എനിക്ക് അറിയില്ല, എന്നാല്‍ ഞാന്‍ ആരാകുമെന്നും, എന്താകുമെന്നും പ്രവചിച്ച ഒരു ഗുരുനാഥന്‍ എനിക്ക് ഉണ്ട്. ഇന്ന്, ഈ ഓര്‍മ്മകള്‍ അദ്ദേഹത്തെ കുറിച്ച് മാത്രമാണ്.
എന്നെ പ്രവചിച്ച എന്‍റെ ഗുരുനാഥന്‍.

എണ്ണിപറയാന്‍ ഒരുപാട് ഗുരുക്കന്‍മാര്‍ ജീവിതത്തിലുണ്ട്, എല്ലാവരെയും ഓര്‍ത്ത് പറയാന്‍ സമയമില്ലെങ്കിലും ഒറ്റ നോട്ടത്തില്‍ കടന്ന് വരുന്നവരെ പറയാം.അക്ഷരം പഠിപ്പിച്ച ആശാന്‍, ട്യൂഷന്‍ എടുത്ത് തന്ന മായ അക്ക, ലത അക്ക, ഹരിയണ്ണന്‍ തുടങ്ങിയവര്‍, മലയാളത്തെ സ്നേഹിപ്പിച്ച ഭാഗ്യഭവനത്തെ സാര്‍, ട്യൂട്ടോറിയല്‍ എന്തെന്ന് മനസിലാക്കി തന്ന തമ്പാന്‍സാറും ഹരിസാറും, പുള്ളിക്കണക്കിലെ ശാന്തകുമാരിയമ്മ ടീച്ചറും, സുഭദ്രസാറും, നവോദയയിലെ ശ്രീകല ടീച്ചര്‍, മിനി ടീച്ചര്‍ തുടങ്ങിയവര്‍, കോളേജ് കാലത്തെ ജോര്‍ജ്ജ് ജോണ്‍ സാര്‍, ജയമാതയിലെ ജോര്‍ജ്ജ് സാര്‍, ഉമാ മേഡം, വളര്‍മതി മിസ്സ് തുടങ്ങിയവര്‍.
അങ്ങനെ കൂട്ടിയാല്‍ കൂടാത്ത ഗുരുക്കന്‍മാര്‍.
ഇവരെല്ലാം എന്നെ പ്രവചിച്ചിരുന്നു...
ഞാന്‍ ഡോക്ടറാകും, അമേരിക്കയില്‍ പോയി കാശുണ്ടാക്കുന്ന എഞ്ചിനിയര്‍ ആകും, ചിലപ്പോ ഐ എ എസ്സുകാരനാകും, എന്തിനു, ഞാന്‍ കള്ളനാണോ എന്ന് വരെ ചോദിച്ചവര്‍ ആ ലിസ്റ്റിലുണ്ട്.
ക്ഷമിക്കണം ഗുരുക്കന്‍മാരെ, നിങ്ങളുടെ പ്രവചനം എല്ലാം തെറ്റി.
ഞാന്‍ ഇതില്‍ ആരും ആയില്ല.

ഇവിടെയാണ്‌ ആ ഗുരുനാഥന്‍റെ പ്രസക്തി, ഞാന്‍ ആരാകുമെന്ന് വളരെ കൃത്യമായി, വ്യക്തമായി അദ്ദേഹം പ്രവചിച്ചു.ആ ഗുരുനാഥന്‍ മറ്റാരുമല്ല, എന്‍റെ നവോദയയിലെ ആദ്യത്തെ പ്രിന്‍സിപ്പാള്‍ ജോണ്‍ സാര്‍ ആണ്.
അതൊരു കഥയാണ്...

ആലപ്പുഴയിലെ ചെന്നിത്തല നവോദയയിലെ ആദ്യ ബാച്ചായിരുന്നു ഞങ്ങള്‍, ആകെ എണ്‍പത് പേര്‍. അന്ന് നവോദയ ഇന്ന് കാണുന്ന പോലെ ആയിരുന്നില്ല, അക്കേഷ്യ മരങ്ങള്‍ക്ക് ഇടയില്‍ താല്ക്കാലികമായി തട്ടി കൂട്ടി ഒരുക്കിയ ഒരു സ്ഥാപനം.എല്ലാം ഒന്നേന്ന് തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു.ഞങ്ങള്‍ എണ്‍പത് പേരും ആദ്യമായാണ്‌ വീട് വിട്ട് നില്‍ക്കുന്നത്.ഞയറാഴ്ചകളില്‍ മാതാപിതാക്കള്‍ കാണാന്‍ വരുമ്പോള്‍ എല്ലാവരും കരഞ്ഞ് കൊണ്ട് തിരികെ കൊണ്ട് പോകാന്‍ അഭ്യര്‍ത്ഥിച്ചു.പിന്നീട് അന്നേ ദിവസം ആ ദുഃഖത്തില്‍ കഴിഞ്ഞ് കൂടി.


അങ്ങനെ ഉള്ള ഒരു ഞയറാഴ്ച രാത്രി.
ഞങ്ങളെല്ലാം വിഷമത്തില്‍ ഹാളില്‍ ഇരിപ്പുണ്ട്, അങ്ങോട്ടേക്ക് ജോണ്‍ സാര്‍ വന്നു.സാറിനു അറിയാം എല്ലാവരും നല്ല വിഷമത്തിലാണെന്ന്.സാര്‍ കുറേ കഥകള്‍ പറഞ്ഞു, ആര്‍ക്കും മാറ്റമൊന്നുമില്ല.ഒടുവില്‍ സാര്‍ ചോദിച്ചു, നിങ്ങള്‍ക്ക് ചിരിക്കാന്‍ അറിയുമോ, അറിയാം എന്ന് ഞങ്ങള്‍ തലയാട്ടി.അപ്പോ വന്നു അടുത്ത ചോദ്യം, നിങ്ങള്‍ക്ക് പല രീതിയില്‍ ചിരിക്കാന്‍ അറിയുമോ.
ആരും മിണ്ടിയില്ല.
അങ്ങനെ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ മുന്നിലേക്ക് കടന്ന് വരാന്‍ സാര്‍ പറഞ്ഞു.പല രീതിയില്‍ ചിരിക്കാന്‍ അറിയാത്ത കൊണ്ടാണോ അതോ ഇത്രയും പേരെ അഭിമുഖീകരിക്കാനുള്ള പ്രശ്നം കൊണ്ടാണോ എന്ന് അറിയില്ല, ആരും വന്നില്ല.
ഒരു നിമിഷം സദസ്സ് നിശബ്ദമായി.
സാര്‍ ഒരോരുത്തരെയും നോക്കി, ഒടുവില്‍ ആ നോട്ടം എന്നിലേക്ക് എത്തി.അച്ഛനും അമ്മയും തിരികെ പോയ വിഷമത്തില്‍ മനസ്സില്‍ കരഞ്ഞ് കൊണ്ടിരുന്ന ഞാന്‍ അറിയാതെ എഴുന്നേറ്റു.എന്നിട്ട് സാറിനു അരികിലെത്തി, തുടര്‍ന്ന് കൂട്ടുകാരെ നോക്കി പല രീതിയില്‍ ചിരിച്ച് കാണിച്ചു, പുലിയായും പൂച്ചയായും, കാക്കയായും കഴുകനായും, നരിയായും നരനായും ഞാന്‍ ചിരിച്ചു.
ഒരോ ചിരിക്കും സദസ്സില്‍ നിന്ന് കൂട്ടച്ചിരി ഉയര്‍ന്നു.
ഒടുവില്‍ നീണ്ട കൈയ്യടിക്ക് ഇടയില്‍ തിരികെ വന്ന് ഇരിക്കുമ്പോ എന്‍റെ മനസിലെ ദുഃഖവും പാടെ മാഞ്ഞിരുന്നു.

അതൊരു തുടക്കമായിരുന്നു.
പിന്നെ നവോദയയിലെ പല വേദികളിലും ഞാന്‍ കയറി, എന്‍റെ വിഷമങ്ങള്‍ മറക്കാന്‍ ഞാന്‍ കൂട്ടുകാരെ ചിരിപ്പിച്ചു, ആ നിമിഷത്തില്‍ അവരും അവരുടെ വിഷമങ്ങള്‍ മറന്നു.അങ്ങനെ കാലം കടന്ന് പോയി.ഒടുവില്‍ നവോദയ വിടേണ്ട ഒരു സമയം ​ആഗതമായി.ഒമ്പതാം ക്ലാസ്സില്‍ മറ്റൊരു സ്ക്കൂളിലേക്ക് മാറാന്‍ തീരുമാനിച്ചതോടെ ഞാന്‍ വീണ്ടും എന്നിലേക്ക് ഒതുങ്ങി.പോകുന്ന അന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം യാത്ര പറയാന്‍ ചെല്ലവേ, തലയില്‍ കൈ വച്ച് അനുഗ്രഹിച്ചു കൊണ്ട്, എന്‍റെ അച്ഛനെയും അമ്മയേയും നോക്കി സാര്‍ പറഞ്ഞു:
"ഹീ ഈസ്സ് എ ജോക്കര്‍"
അതായിരുന്നു ആ പ്രവചനം, ഇവന്‍ ഒരു ജോക്കര്‍ ആണ്.
അഥവാ ഞാന്‍ ഒരു കോമാളിയാണ്.

എന്‍റെ അമ്മയ്ക്ക് ആ ഒരു വാചകം താങ്ങാവുന്നതില്‍ അധികമായിരുന്നു, മകന്‍ ഒരു മിടുക്കനാണ്, സമര്‍ത്ഥനാണ്, ഭാവിയുടെ വാഗ്ദാനമാണ്‌ എന്നൊക്കെ കേട്ടിരുന്ന സമയത്താണ്, ഒരു സ്ക്കൂളിന്‍റെ പ്രധാന അധ്യാപകന്‍ ആ പയ്യന്‍റെ മാതാപിതാക്കള്‍ക്ക് മുന്നില്‍ വച്ച് 'അവന്‍ ഒരു ജോക്കര്‍ ആണെന്ന്' അനുഗ്രഹിക്കുന്നത്.അമ്മയുടെ വിഷമം കണ്ടപ്പോള്‍ ഞാന്‍ തീരുമാനിച്ചു, ഇനി ഞാന്‍ ജോക്കര്‍ ആവില്ല.നേരെ ചേര്‍ന്നത് മറ്റം സെന്‍റ്‌ ജോണ്‍സ്സ് സ്ക്കൂളിലാണ്, അവിടെ അടുത്തുള്ള തമ്പാന്‍ സാറിന്‍റെ ട്യൂട്ടോറിയില്‍ ഞാന്‍ ട്യൂഷനു ചേര്‍ന്നു.അവിടെ വച്ച് ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഹരിസാര്‍ പറഞ്ഞു, ഇംഗ്ലീഷില്‍ മൂന്ന് ടെന്‍സ്സ് ഉണ്ട്, പാസ്റ്റ്, പ്രസന്‍റ്‌, ഫ്യൂച്ചര്‍.
അതില്‍ പ്രപഞ്ച സത്യങ്ങളെ സൂചിപ്പിക്കാന്‍ സിംപിള്‍ പ്രസന്‍റ്‌ ടെന്‍സ്സ് ഉപയോഗിക്കുമത്രേ.
സണ്‍ റൈസസ്സ് ഇന്‍ ഈസ്റ്റ്!!!
സൂര്യന്‍ കിഴക്ക് ഉദിക്കുന്നു.
ഇതൊരു പ്രപഞ്ച സത്യമാണ്.
ആ നിമിഷം അറിയാതെ ആ വാചകം വീണ്ടും മനസിലേക്ക് തികട്ടി വന്നു...
ഹീ ഈസ്സ് എ ജോക്കര്‍!!!
ഇത് സിംപിള്‍ പ്രസന്‍റ്‌ ടെന്‍സ് ആണ്.
ഇതൊരു പ്രപഞ്ച സത്യമാണ്...
ഞാനൊരു കോമാളിയാണ്.
അതോടു കൂടി വീണ്ടും ആ കോമാളി വേഷം കെട്ടാന്‍ ഞാന്‍ തീരുമാനിച്ചു.

പിന്നീട് ചിരിച്ചും ചിരിപ്പിച്ചും പല വേദികള്‍.ആ കഥകള്‍ കേള്‍ക്കുമ്പോള്‍ അമ്മ പറയും, അമ്മയുടെ മനസില്‍ സാര്‍ പറഞ്ഞ വാചകമാണെന്ന്...
'ഹി ഈസ്സ് എ ജോക്കര്‍'
നര്‍മ്മ കഥകള്‍ എഴുതുന്നത് വായിച്ച് ചിലരെങ്കിലും ചിരിച്ച കാര്യം അനുജത്തി പറഞ്ഞപ്പോഴും അമ്മ പറഞ്ഞു,
അന്നേ സാര്‍ പറഞ്ഞിരുന്നു..
ഹീ ഈസ്സ് എ ജോക്കര്‍!!!
എനിക്ക് അന്നും മനസിലാകാത്തത് ഒരു കാര്യം മാത്രമായിരുന്നു, എന്തിനാ അദ്ദേഹം എന്നെ ഒരു കഴിവും ഇല്ലാത്ത ജോക്കറിനോട് ഉപമിച്ചത്.വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം, കുറേ നാള്‍ മുമ്പ്, 'ജോക്കര്‍' എന്ന റോളിനു സര്‍ക്കസ്സിലുള്ള പ്രാധാന്യത്തെ കുറിച്ചുള്ള ഒരു ഇംഗ്ലീഷ് ബുക്കിന്‍റെ മലയാളം പതിപ്പ് ഞാന്‍ വായിച്ചു.
ആരാണ്‌ ജോക്കര്‍??
സ്വയം ചിരിക്കുമ്പോഴും സ്വയം കരയുമ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കാന്‍ കഴിയുന്നവനാകണം ജോക്കര്‍.കൊച്ചു കുട്ടികളേ വരെ ചിരിപ്പിക്കുന്ന മനുഷ്യത്വമുള്ളവനാകണം ജോക്കര്‍.നല്ലൊരു നടനായിരിക്കണം ജോക്കര്‍.ഇതിലൊക്കെ ഉപരിയായി സര്‍ക്കസിലെ ഏറ്റവും നല്ല അഭ്യാസി ആയിരിക്കണം ജോക്കര്‍.അവനു എന്തും കാണിക്കാന്‍ പറ്റണം, അവന്‍ എന്തും കാണിക്കണം.
അവനാണ്‌ ജോക്കര്‍.
കാണികള്‍ കരുതുന്ന പോലെ ജോക്കര്‍ വെറും കോമാളിയല്ല, മുഖത്തെ ചായക്കൂട്ടുകള്‍ അവന്‍റെ വേഷ പകര്‍ച്ച മാത്രം.അവനാണ്‌ നട്ടെല്ല്, അവനാണ്‌ നെടും തൂണ്, ആട്ടത്തിലെ പാളിച്ചകള്‍ മുഴുവന്‍ പരിഹരിക്കേണ്ടത് അവനാണ്, ശരിക്കും അവനാണ്‌ നായകന്‍.
ജോക്കര്‍ ഈസ്സ് എ ഹീറോ!!!
ആ നിമിഷം സാറിന്‍റെ അനുഗ്രഹം ഒരിക്കല്‍ കൂടി മനസ്സില്‍ മുഴുകി...
ഹീ ഈസ്സ് എ ജോക്കര്‍!!!

ഇത് വരെയുള്ള ജീവിതം ഒരിക്കല്‍ കൂടി ഓര്‍ത്ത് നോക്കി...
പൊട്ടിച്ചിരിക്കുന്ന സമയത്ത് കൂടെ ഉള്ളവരെ ഞാന്‍ ചിരിപ്പിച്ചിട്ടുണ്ട്.
ഇഷ്ടപ്പെടുന്നത് പലതും നഷ്ടപ്പെട്ടപ്പോള്‍ മനസ്സില്‍ പൊട്ടിക്കരഞ്ഞ് കൊണ്ട്, മുഖത്ത് ചായക്കൂട്ടുകള്‍ വിതറിയും കൂടെ നിന്നവരെ ഞാന്‍ ചിരിപ്പിച്ചു.
തികഞ്ഞ ഒരു അഭ്യാസി ആയിട്ടും, എന്‍റെ അഭ്യാസത്തിന്‍റെ പകുതി പോലും എത്താത്തവരുടെ മുന്നിലും കോമാളി വേഷം കെട്ടിയാടി.

ഇതെന്‍റെ വിധിയാണ്...
സാറിന്‍റെ പ്രവചനം സത്യമാണ്.
ഞാനൊരു ജോക്കര്‍ ആണ്.

ഓര്‍ക്കുമ്പോള്‍ ഇതൊന്നും എന്‍റെ കഴിവല്ല.
ദൈവാദീനമാണ്...
എന്‍റെ കരിമുട്ടത്തമ്മയുടെ അനുഗ്രഹമാണ്...
പിന്നെ ആ ഗുരുനാഥന്‍റെ ആശിര്‍വാദമാണ്...
തലയില്‍ കൈ വച്ച് മനസ്സ് നിറഞ്ഞ് പറഞ്ഞ ആ വാചകമാണ്...
ഹീ ഈസ്സ് എ ജോക്കര്‍!!!

മറ്റു ഗുരുക്കന്‍മാര്‍ ക്ഷമിക്കണം, എനിക്ക് നിങ്ങളുടെ പ്രവചനങ്ങളെ സത്യമാക്കാന്‍ പറ്റിയില്ല. ഞാന്‍ ഡോക്ടറായില്ല, അമേരിക്കയില്‍ പോയ എഞ്ചിനിയര്‍ ആയില്ല, രാഷ്ട്രിയക്കാരനോ ഐ എ എസ്സ് കാരനോ ആയില്ല, ദൈവാനുഗ്രഹത്താല്‍ കള്ളനോ കൊലപാതകിയോ ആയില്ല. ഞാനൊരു കോമാളി ആയിരുന്നു, ഇപ്പോഴും ഞാനൊരു കോമാളി ആണ്, ഇനിയും ഞാനൊരു കോമാളി ആയിരിക്കും.

പ്രിയപ്പെട്ട ജോണ്‍ സാര്‍,
ഇന്നലെ അന്വേഷിച്ചപ്പോ താങ്കള്‍ അമേരിക്കയില്‍ ആണെന്ന് അറിഞ്ഞു. ഈ കുറിപ്പ് താങ്കള്‍ വായിക്കുമെന്ന് എനിക്ക് ഒരു ഉറപ്പുമില്ല, വായിച്ചാല്‍ തന്നെ എന്നെ ഓര്‍ക്കുമെന്നും എനിക്ക് തോന്നുന്നില്ല. എന്നാല്‍ എന്‍റെ ഓര്‍മ്മയില്‍ താങ്കള്‍ എന്നുമുണ്ട്. കാരണം എന്നെ പ്രവചിച്ച ഒരേ ഒരു ഗുരുനാഥന്‍ താങ്കള്‍ ആണ്.
താങ്കളുടെ നാവ് പൊന്നായിരിക്കട്ടെ.
എന്നും എല്ലാവരെയും ചിരിപ്പിക്കാനുള്ള കഴിവ് എനിക്ക് ദൈവം തരട്ടെ.
അത് മാത്രമാണ്‌ എന്‍റെ പ്രാര്‍ത്ഥന.

സാര്‍,
താങ്കള്‍ ശരിയാണ്...
താങ്കളാണ്‌ ശരി...
നൂറ്‌ ശതമാനം ശരി.

കാരണം ഞാന്‍ ഒരു കോമാളിയാണ്.
ഇതൊരു പ്രപഞ്ച സത്യമാണ്.

ഐയാം എ ജോക്കര്‍!!!
ഗുരു ചരണം ശരണം.

ഒരു കാര്യം ​കൂടി...
ഈ കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന ബ്ലോഗ് മുഴുവന്‍ ആ ജോക്കറുടെ കഥകളാണ്, ഞാന്‍ കണ്ട, ഞാന്‍ കേട്ട, എന്നെ ചിരിപ്പിച്ച, എന്നെ ചിന്തിപ്പിച്ച കഥകള്‍.

ഏവര്‍ക്കും സ്വാഗതം.

എന്‍റെ ചിന്തകളിലേക്ക്...
എന്‍റെ ചിരിയിലേക്ക്...
ഈ ജോക്കറുടെ കഥകളിലേക്ക്...

സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം


ഒരു ബുള്‍സ്സ് ഐ കഥ


കായംകുളത്ത് ഒരു തട്ടുകടയുണ്ട്, കൃത്യമായി പറഞ്ഞാല്‍ പോലീസ്സ് സ്റ്റേഷന്‍ കഴിഞ്ഞ് കിഴക്കോട്ട് പത്തടി നടന്നാല്‍ വലതുവശത്താണ്‌ അത് സ്ഥിതി ചെയ്യുന്നത്.എന്‍റെ അയല്‍ക്കാരായ ചേട്ടനും ചേച്ചിയുമാണ്‌ കട മുതലാളിമാര്‍. കിടിലന്‍ ദോശ, കുറച്ച് ചുവന്ന ചമ്മന്തി, ആവശ്യത്തിനു വെള്ള ചമ്മന്തി, കുറച്ച് കടലക്കറി, പിന്നെ അവിടുത്തെ മാത്രം സ്പെഷ്യലായി സവാള അരിഞ്ഞത് ഒരു പിടി.ഇവിടുന്ന് അഞ്ച് ദോശയും ഒരു ഡബിള്‍ ബുള്‍സ്സ് ഐയുമാണ്‌ എന്‍റെ സ്ഥിരം കോട്ട. ബുള്‍സ്സ് ഐ കഴിക്കുമ്പോള്‍ മഞ്ഞ കഴിക്കാറില്ല, പകരം മഞ്ഞക്ക് ചുറ്റുമുള്ള വെള്ള ചുരണ്ടി കഴിക്കുന്നതാണ്‌ എന്‍റെ ഒരു സ്റ്റൈല്.

അങ്ങനെ തിന്നും തിന്നാതെയും കടന്ന് പോയ സന്തോഷകരമായ ദിവസങ്ങള്‍!!!

കഥയുടെ ഗതി മാറുന്നത് രണ്ട് ദിവസം മുമ്പാണ്.അതായത് ചൊവ്വാഴ്ച വൈകുന്നേരം, മണ്ഡല കാലത്തിന്‍റെ തലേ ദിവസം.അന്ന് ഓഫീസില്‍ ജോലി ചെയ്ത് ഇരിക്കേ ബുള്‍സൈ ചര്‍ച്ചാ വിഷയമായി.ബുള്‍സൈയുടെ ചുറ്റുമുള്ള വെള്ള കഴിച്ചിട്ട്, മഞ്ഞ പൊട്ടാതെ വായിലേക്ക് ഇട്ട് 'ഗ്ലും' എന്ന് ഇറക്കിയട്ട് ഒരു ഗ്ലാസ്സ് ചൂട് വെള്ളം കൂടി കുടിച്ചാലുണ്ടാവുന്ന മനോസുഖത്തേയും, ആ രുചിയേയും, മനസ്സിന്‍റെ ഒരു സന്തോഷത്തേയും കുറിച്ച് കൂടെ വര്‍ക്ക് ചെയ്യുന്ന സുരേഷ് വിശദീകരിച്ചപ്പോള്‍ എന്‍റെ വായില്‍ കപ്പലോടിക്കാനുള്ള വെള്ളം ഉണ്ടായി.
ഞാന്‍ തീരുമാനിച്ചു....
ഇന്ന് ഒരു ബുള്‍സ്സ് ഐ ഇത് പോലെ കഴിക്കണം.

ഇതൊരു വലിയ തീരുമാനമാണ്, കാരണം ജീവിതത്തില്‍ മുട്ടയുടെ മഞ്ഞ കഴിക്കില്ലെന്ന് ശപഥമെടുത്ത മഹാനാണ്‌ ഞാന്‍.ആ ശപഥമാണ്‌ തെറ്റിക്കാന്‍ തീരുമാനിച്ചത്.അതിനായി ഞാന്‍ മുപ്പത്തിമുക്കോടി ദൈവങ്ങളോടും പ്രാര്‍ത്ഥിച്ചു...
"ദൈവമേ, ഇന്നേക്ക്, ഇന്നേക്ക് മാത്രം എന്നെ ഒന്ന് അനുവദിക്കു.ഈ മണ്ഡലക്കാലം ആരംഭിച്ചാല്‍, അതായത് രാത്രി പന്ത്രണ്ട് മണി ആയാല്‍ ഞാന്‍ പിന്നെ ജീവിതത്തില്‍ മുട്ടയുടെ മഞ്ഞ കഴിക്കില്ല, ഇത് സത്യം സത്യം സത്യം"
ഒരു മുട്ടന്‍ സത്യം!!!

എറണാകുളത്തെ ഏതെങ്കിലും തട്ടുകടയില്‍ നിന്ന് കാര്യം സാധിക്കാനായിരുന്നു എന്‍റെ ഉദ്ദേശം.എന്നാല്‍ അന്ന് അത്യാവശ്യമായി നാട്ടില്‍ പോകേണ്ടി വന്ന സാഹചര്യം വന്നപ്പോള്‍ ഞാന്‍ ഒന്ന് തീരുമാനിച്ചു, ബുള്‍സ്സ് ഐ കായംകുളത്തൂന്ന് തന്നെ.ഏഴരക്ക് ഓഫീസില്‍ നിന്ന് കാര്‍ എടുത്തപ്പോ മുതല്‍ മനസ്സില്‍ ഒരു സ്വപ്നം മാത്രം...
കായംകുളം എത്തുന്നു, കടയില്‍ കയറുന്നു, ദോശ കഴിക്കുന്നു, തുടര്‍ന്ന് ഡബിള്‍ ബുള്‍സ്സ് ഐ വാങ്ങി വെള്ള ചുരണ്ടി കഴിച്ചിട്ട് മഞ്ഞ 'ഗ്ലും' എന്ന് വിഴുങ്ങുന്നു, അതോടൊപ്പം ഒരു ഗ്ലാസ്സ് ചൂട് വെള്ളവും കുടിക്കുന്നു.
എറണാകുളത്ത് നിന്ന് ചേര്‍ത്തല വഴി ആലപ്പുഴയിലേക്ക് പോകുന്ന വഴി ചിന്തകള്‍ കൂടി കൂടി വന്നു, അതോടൊപ്പം വായില്‍ വെള്ളം നിറഞ്ഞ് നിറഞ്ഞ് വന്നു.ആലപ്പുഴ എത്തിയതോടെ ആക്രാന്തം അടക്കാന്‍ വയ്യാതെ ആയി, എങ്കിലും കായംകുളം എന്ന ടാര്‍ജറ്റില്‍ മുറുകെ പിടിച്ച് ഞാന്‍ ആക്‌സിലേറ്ററില്‍ ആഞ്ഞ് ചവുട്ടി.ഒരു പത്ത് മണി കഴിഞ്ഞപ്പോഴേക്ക് ഞാന്‍ ഡെസ്റ്റിനേഷന്‍ പോയിന്‍റിലെത്തി.
നേരെ കടയിലേക്ക്....

ദോശ കഴിക്കാനിരുന്ന എന്‍റെ സമീപത്തായി ആറടിയില്‍ അധികം ഉയരമുള്ള ഒരു അജാനബാഹു ഇരുപ്പുണ്ടായിരുന്നു.കൊമ്പന്‍ മീശ വച്ച്, കണ്ണുകള്‍ ചുവപ്പിച്ച്, കള്ളിന്‍റെ മണം ചുറ്റും പരത്തി ഇരിക്കുന്ന ടിയാന്‍, പഴയ പ്രേം നസീറിന്‍റെ കാലത്തെ ഏതോ ഗുണ്ടയാണെന്ന് എന്‍റെ മനസ്സ് പറഞ്ഞു.അതുകൊണ്ട് സ്വല്പം ഭയഭക്തി ബഹുമാനത്തോടെ ഞാന്‍ ചുരുണ്ട് കൂടി ഇരുന്ന് ദോശ തിന്നു.ഇനിയാണ്‌ ഞാന്‍ കാത്തിരിക്കുന്ന നിമിഷം, ഞാന്‍ ഉറക്കെ പറഞ്ഞു:
"ഒരു ഡബിള്‍ ബുള്‍സ്സ് ഐ"
ഞാന്‍ അത് പറഞ്ഞ അതേ നിമിഷം തന്നെ അടുത്തിരുന്ന തടിമാടനും ഒരു ഡബിള്‍ ബുള്‍സ്സ് ഐ ഓര്‍ഡര്‍ ചെയ്തു എന്നത് വിധിയുടെ വിളയാട്ടമായിരുന്നു.എനിക്ക് ആദ്യം കിട്ടുമോ, അയാള്‍ക്ക് ആദ്യം കിട്ടുമോന്ന് ഞാന്‍ ഓര്‍ത്ത് നില്‍ക്കെ ചേച്ചി ഡബിള്‍ ബുള്‍സ്സ് ഐ എനിക്ക് മുന്നിലേക്ക് കൊണ്ട് വച്ചു.
ഭാഗ്യം!!!
ഇനി കഴിച്ച് തുടങ്ങാം.
ഇങ്ങനെ ഞാന്‍ മനസ്സില്‍ കരുതവേ അടുത്തിരുന്ന ഗുണ്ട, തന്‍റെ സ്വരം കടുപ്പിച്ച് ചേച്ചിയോട് ഒരു ചോദ്യം:
"ഇവനു എന്തിനാ കൊടുത്തത്, ഞാനല്ലേ ആദ്യം ചോദിച്ചത്?"
ആ കടുപ്പവും ആ ചോദ്യത്തിന്‍റെ ഗാംഭീര്യവും എല്ലാം കേട്ടതോടെ എന്‍റെ ആവേശം പാതി കെട്ടടങ്ങി, ദൈവമേ, കുരിശായോ??
പക്ഷേ ചേച്ചി വളരെ വിദഗ്ദമായി ആ സന്ദര്‍ഭം കൈകാര്യം ചെയ്തു.
വളരെ വിനയത്തോടെ ചേച്ചി അയാളോട് പറഞ്ഞു:
"ഈ പയ്യന്‍ എന്നും ഇവിടുന്ന് കഴിക്കുന്നതാ, പാവമാ, മുട്ടയുടെ മഞ്ഞ കഴിക്കാത്ത ഒരു സാധുവാ. ചേട്ടന്‍ നോക്കിയേ ആ കാരണം കൊണ്ട് ഞങ്ങള്‌ വെള്ള പരത്തി ചുട്ട് കൊടുത്ത സ്പെഷ്യല്‍ ബുള്‍സ്സ് ഐയാ"
അയാള്‍ എന്‍റെ ബുള്‍സ്സ് ഐയിലേക്ക് നോക്കി, ഞാനും.
ചേച്ചി പറഞ്ഞത് ശരിയാ, വെള്ള പരത്തി ചുട്ടിട്ടുണ്ട്, നടുക്ക് രണ്ട് മഞ്ഞയും.അയാള്‍ക്ക് അതങ്ങ് ബോധിച്ചു, എരുമ അമറുന്ന പോലെ ഒന്ന് അമറിയട്ട് അയാള്‍ പറഞ്ഞു:
"കഴിച്ചോ"
പെട്ടു!!!
ഇനി ഞാന്‍ എന്തോ ചെയ്യും??
ഇത്രയും പറഞ്ഞിട്ട് മഞ്ഞ കഴിച്ചാല്‍ കാലമാടന്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഒരു പിടിയുമില്ല.കഴിക്കാതിരുന്നാല്‍ മണ്ഡലകാലത്തിനു രണ്ട് മണിക്കൂര്‍ കൂടി, ജീവിതത്തില്‍ മഞ്ഞ കഴിക്കാന്‍ പറ്റില്ല.അല്ലെങ്കില്‍ സത്യം തെറ്റിക്കണം, അത് പാപമാണ്.
ഇങ്ങനെയെല്ലാം ചിന്തിച്ച് നില്‍ക്കേ ചേച്ചി സ്നേഹത്തോടെ പറഞ്ഞു:
"മോന്‍ കഴിച്ചോ? പുള്ളിക്കാരനു ഞങ്ങള്‍ വേറെ ഉണ്ടാക്കി കൊടുത്തോളാം"
ഉവ്വോ??
അയാളും എന്നെ രൂക്ഷമായി നോക്കി...
അപ്പോ കഴിക്കുവല്ലേ??
ഒന്നും മിണ്ടിയില്ല, സ്വപ്നങ്ങള്‍ മനസ്സില്‍ ഒതുക്കി, മഞ്ഞക്ക് ചുറ്റും ചുരണ്ടാന്‍ തുടങ്ങി, ഒടുവില്‍ രണ്ട് മഞ്ഞ പ്ലേറ്റില്‍ അവശേഷിപ്പിച്ച് ഞാന്‍ പതിയെ എഴുന്നേറ്റു.
കാശ് കൊടുക്കാന്‍ നേരം ചേച്ചി പറഞ്ഞു:
"വല്ലപ്പോഴും മഞ്ഞ കഴിക്കുന്ന കൊണ്ട് കുഴപ്പമില്ല"
മറുപടി പറഞ്ഞില്ല, പറഞ്ഞാല്‍ എന്താവും പറയുകാന്ന് ഒരു നിശ്ചയമില്ല.ചില്ലറ എണ്ണി കൊടുത്തു, പതിയെ കാറില്‍ കയറി.
നേരെ വീട്ടിലേക്ക്...

വീട്ടിലെത്തിയപ്പോള്‍ സമയം പതിനൊന്ന് കഴിഞ്ഞു.മണ്ഡലകാലത്തിനു ഒരു മണിക്കൂര്‍ തികച്ചില്ല.ചെന്ന പാടെ ഭാര്യയോട് പറഞ്ഞു:
"ഒരു ഡബിള്‍ ബുള്‍സ്സൈ ഉണ്ടാക്ക്, വേഗം"
പാതിരാത്രി എനിക്ക് എന്നാ പറ്റി എന്ന മട്ടില്‍ അവള്‍ അന്തം വിട്ട് നിന്നു, തുടര്‍ന്ന് ഫ്രിഡ്ജ് തുറന്നിട്ട് അവള്‍ പറഞ്ഞു:
"ഒരു മുട്ടയേ ഉള്ളു"
"ഒന്നെങ്കില്‍ ഒന്ന്, വേഗമാകട്ടെ" എന്‍റെ നിലവിളി.
അങ്ങനെ സിംഗിള്‍ ബുള്‍സൈ മുന്നിലെത്തി.ചുറ്റുമുള്ള വെള്ള പെട്ടന്ന് തിന്നു, തുടര്‍ന്ന് മഞ്ഞ കഴിക്കുന്നതിനു മുമ്പാണ്‌ ചൂടു വെള്ളത്തിന്‍റെ കാര്യം ഓര്‍ത്തത്.അടുക്കളയില്‍ ഓടി പോയി ഒരു ഗ്ലാസ്സില്‍ ചൂടു വെള്ളവും എടുത്ത് തിരിഞ്ഞ് വന്നപ്പോ കണ്ട കാഴ്ച...
പ്ലേറ്റില്‍ ഇരുന്ന മഞ്ഞ എടുത്ത് വായിലേക്ക് ഇടാന്‍ പോകുന്ന ഭാര്യ!!
"മക്കളേ, അരുത്, അത് ചേട്ടനുള്ളതാ.മണ്ഡലകാലത്തിനു മുന്നേ....."
ഇത്രയും പറയണമെന്ന് മനസ്സില്‍ വിചാരിച്ചതേ ഉള്ളു, അതിനുള്ളില്‍ കൊക്ക് മീനെ വിഴുങ്ങുന്ന പോലെ അവള്‍ അത് വിഴുങ്ങി.തുടര്‍ന്ന് ഞാന്‍ കൈയ്യില്‍ പിടിച്ചിരുന്ന ചൂട് വെള്ളം വാങ്ങി ഒറ്റയടിക്ക് കുടിച്ചു.
എന്ത് പറയണമെന്ന് അറിയാതെ ഞെട്ടി നിന്ന എന്നെ നോക്കി അവള്‍ പറഞ്ഞു:
"ചേട്ടന്‍ മഞ്ഞ തിന്നത്തില്ലല്ലോ, അതാ കളയാതിരിക്കാന്‍ ഞാനങ്ങ് തിന്നത്"
ശരിയെന്ന് തലയാട്ടി.
അപ്പോ ഒരു ഉപദേശവും:
"വല്ലപ്പോഴും മഞ്ഞ തിന്നുന്നത് നല്ലതാ ചേട്ടാ"
എന്ത് പറയാന്‍???
വായില്‍ വന്നതൊക്കെ കടിച്ച് അമര്‍ത്തി, ആ മുട്ടയിട്ട കോഴിയെ വരെ പ്രാകി, എന്നിട്ട് കട്ടിലില്‍ പോയി മൂടി പുതച്ച് കിടന്നു.
സ്വപ്നത്തില്‍ അവള്‍ വന്നു എന്നെ ചിരിച്ച് കാണിച്ചു....
വെള്ളയില്‍ മഞ്ഞ കുരു ഉള്ളവള്‍...

ഒരു ബുള്‍സ്സ് ഐ.


ചിത്രഗുപ്തന്‍റെ സുവിശേഷങ്ങള്‍


രാത്രി മൊബൈലില്‍ മെസന്‍ജറില്‍ ചാറ്റ് ചെയ്ത് ഇരിക്കവേയാണ്‌ സദാനന്ദനു ഒരു ഉള്‍വിളി ഉണ്ടായത്, താനിപ്പോ ചാവും.അതിനുള്ള ലക്ഷണം എല്ലാം കാണുന്നുണ്ട്, കൈയ്യില്‍ നിന്ന് തോളിലേക്ക് വ്യാപിക്കുന്ന പെരുപ്പ്, ശ്വാസതടസ്സം, ഇതൊന്നും പോരാത്തതിനു നെഞ്ചിലൊരു വേദനയും.ചാവും, അത് ഉറപ്പായി.തന്‍റെ കുട്ടികള്‍, അമ്മ, ഭാര്യ എല്ലാം സദാനന്ദന്‍റെ മനസില്‍ ഒരു നിമിഷം തെളിഞ്ഞു.
അവര്‍ക്ക് ഇനി ആരുണ്ട്?
ഉത്തരം എന്ന പോലെ മുന്നില്‍ പുകചുരുളുകള്‍ പ്രത്യക്ഷമായി.സുസ്മേരവദനനായി ഒരാള്‍ സദാനന്ദനു മുന്നില്‍ പ്രത്യക്ഷമായി.ഇതായിരിക്കുമോ കാലന്‍, ആവാന്‍ വഴിയില്ല, പോത്തില്ല, കാലപാശമില്ല, കൊമ്പുള്ള കിരീടമില്ല, ഒരു ചെറിയ യുവാവ്.
"ആരാ?"
"ചിത്രഗുപ്തന്‍"
ഒറ്റവാക്കില്‍ ഉത്തരം.

ആളെ പിടികിട്ടി, കാലന്‍റെ കണക്കപ്പിള്ള.തന്‍റെ സമയം ആയി കാണും, അതിന്‍റെ കണക്ക് കൂട്ടാനും കുറയ്ക്കാനുമുള്ള വരവാ.
ചിത്രഗുപ്തന്‍ മൃദുവായി ചോദിച്ചു:
"എന്താ അവസാന ആഗ്രഹം?"
എന്ത് ആഗ്രഹിച്ചിട്ടും കാര്യമില്ല, അവസാന ആഗ്രഹമാ, അത് പൂര്‍ത്തീകരിക്കുന്നതോടെ ക്ലിപ്പ് വീഴും.സാധാരണ മനുഷ്യര്‍ക്ക് ഒന്നും ഇങ്ങനെ ഒരു ചാന്‍സ്സ് കിട്ടില്ലത്രേ, ഇത് മഹാഭാഗ്യമാണെന്ന്.പിന്നേ, ആത്മാവിനെ എടുത്തോണ്ട് പോകുന്നതിനു മുന്നേ ആഗ്രഹം സാധിച്ച് കൊടുക്കുന്നതല്ലേ മഹാഭാഗ്യം, ഒരോ ഭോഷ്ക്ക്, അല്ലാതെന്താ.ചിത്രഗുപതനോട് സംസാരിച്ചപ്പോ ഒരു കാര്യം മനസിലായി, അവസാന ആഗ്രഹം പറഞ്ഞേ പറ്റു.ഇല്ലെങ്കില്‍ അങ്ങേര്‍ക്ക് ഇഷ്ടപ്പെട്ട ആഗ്രഹം സാധിച്ച് തന്നിട്ട് അത് തന്‍റെ അവസാന ആഗ്രഹം ആണെന്ന് വരുത്തി തീര്‍ക്കും പോലും.എന്താല്ലേ? ചിത്രഗുപ്തനൊക്കെ എന്തും ആകാമെന്ന് ആയിട്ടുണ്ട്.ദൈവത്തെ കാണുമ്പോ ഇതിനൊക്കെ ഒരു നീക്ക് പോക്ക് വേണമെന്ന് പറയണം.അതിനൊക്കെ മുന്നേ ഒരു ആഗ്രഹം വേണമല്ലോ, എന്താ ഈ ജന്മത്ത് സാധിക്കാതെ പോയത്.
സദാനന്ദന്‍ ആശയക്കുഴപ്പത്തിലായി.

ഒരുപാട് ചിന്തിച്ചിട്ടാ ആ ആഗ്രഹം സദാനന്ദന്‍ കണ്ടെത്തിയത്, സിംപിള്‍ ആണ്, ഒരു മരിച്ച വീട്ടില്‍ പോകണം.കാരണം പ്രായം അമ്പതിനു അടുത്തായി, ഇത് വരെ മരിച്ച വീട്ടില്‍ പോയിട്ടില്ല, സ്വന്തം വീട്ടില്‍ ആരും മരിച്ചിട്ടുമില്ല.പലരും പറഞ്ഞ് കേട്ടിട്ടുണ്ട്, ആളുകള്‍ പലയിടത്തായി കൂട്ടം കൂടി നില്‍ക്കുന്ന മരിച്ച വീടുകള്‍.ഒരു ചന്ദനത്തിരിയുടെ മണം കാണും.ഹാളില്‍ നീട്ടി നിവര്‍ത്തി കിടത്തിയിരിക്കും, അതിനെ ശവം എന്നും ബോഡി എന്നുമൊക്കെ വിളിക്കും.കത്തിച്ച് വച്ച വിളക്ക്, അലമുറ ഇടുന്ന സ്ത്രീജനങ്ങള്‍, ഇതൊന്നും പോരാഞ്ഞ് ചില വീടുകളില്‍ ദൂരെ മാറി സങ്കടം മാറാന്‍ കള്ള്‌ കുടിയും ഉണ്ടത്രേ.സദാനന്ദന്‍ ഇതൊന്നും കാണാന്‍ പോകാറില്ല, കാരണം പേടിച്ച് മരിച്ച് പോകുമെന്ന ചിന്തയാ.ഇനി എന്ത് പേടിക്കാന്‍, സാക്ഷാല്‍ ചിത്രഗുപ്തനല്ലേ മുന്നില്‍ നില്‍ക്കുന്നത്.
സദാനന്ദന്‍ ഉറപ്പിച്ച് പറഞ്ഞു:
"എനിക്ക് മരിച്ച വീട്ടില്‍ പോകണം"

ചിത്രഗുപ്തന്‍ ആദ്യമൊന്ന് അമ്പരന്നു എന്നത് നേരാ, പിന്നെ കൈ കറക്കി എന്തോ മന്ത്രം ചൊല്ലി.അങ്ങനെയാണ്‌ സദാനന്ദന്‍ ആ വീടിനു മുന്നിലെത്തിയത്, പക്ഷേ വിചാരിച്ച പോലെ ആയിരുന്നില്ല കാര്യങ്ങള്‍.ചന്ദനത്തിരിയുടെ മണമില്ല, ആള്‍ക്കൂട്ടമില്ല, ആരവമില്ല, സാധാരണ വീട് പോലത്തെ ഒരു വീട്.ചിലപ്പോള്‍ ആരെങ്കിലും മരിച്ചിട്ടേ ഉണ്ടായിരിക്കു, ആള്‌ അറിഞ്ഞ് വരാന്‍ ഇനിയും സമയം കാണും.സദാനന്ദന്‍ ആ വീട്ടിലേക്ക് കയറി.ഹാളില്‍ ഒരു സ്ത്രീ ഇരുന്ന് സീരിയല്‍ കാണുന്നുണ്ടായിരുന്നു, ആരോ മരിച്ചത് അറിയാതെ സീരിയല്‍ ആസ്വദിക്കുന്ന ദുഷ്ട.
"അല്ലയോ, ഉന്നതകുലജാതയായ മഹിളാരത്നമേ, ഈ വീട്ടില്‍ ആരോ മരിച്ചിരിക്കുന്നു"
സദാനന്ദന്‍ അലറിയാണ്‌ പറഞ്ഞത്, പക്ഷേ അവര്‍ അത് കേട്ടില്ല, എന്തിനു അവര്‍ക്ക് സദാനന്ദനെ കാണാന്‍ കൂടി സാധ്യമല്ല.ആരാ മരിച്ചതെന്ന് അറിയാന്‍ സദാനന്ദന്‍ ആ വീട്ടിലേക്ക് കയറി.ഒരു മുറിയില്‍ അടച്ചിരുന്നു കാമുകനോട് ഫോണില്‍ കിന്നാരം പറയുന്ന ഒരു പെണ്‍കുട്ടി.മറ്റൊരു മുറിയില്‍ ഒറ്റക്കിരുന്ന് ലാപ്ടോപ്പില്‍ ഇക്കിളിപടം കാണുന്ന ഒരു ആണ്‍കുട്ടി.ഹാളില്‍ ഒരു സൈഡിലായി മുകളില്‍ തൂക്കി ഇരിക്കുന്ന ഒരു പ്രായമായ സ്ത്രീയുടെ ഫോട്ടോ.
"ഇതാരാ?"
"ഗൃഹനാഥന്‍റെ അമ്മയാ, ഇവര്‍ക്ക് നോക്കാന്‍ വയ്യാത്തതിനാല്‍ വൃദ്ധസദനത്തിലാ"
ചിത്രഗുപ്തന്‍റെ മറുപടി.
"മരിച്ചോ?"
"ഇല്ല, ഇപ്പോഴും ജീവനുണ്ട്"
അതോടെ സദാനന്ദനു ഒരു കാര്യം ഉറപ്പായി, മരിച്ചത് ഗൃഹനാഥനാണ്.

മുകളിലത്തെ മുറിയിലേക്ക് ഓടിയാണ്‌ സദാനന്ദന്‍ ചെന്നത്, അവിടെ മൊബൈല്‍ നെഞ്ചോട് ചേര്‍ത്ത് കണ്ണടച്ച് കിടക്കുന്ന ഗൃഹനാഥന്‍.മരിച്ചു, ഗൃഹനാഥന്‍ മരിച്ചു, ഇതൊരു മരിച്ച വീടാണ്.ഉറപ്പിക്കാനായി ഗൃഹനാഥന്‍റെ മൂക്കിനു താഴെ കൈ വച്ച് നോക്കി, ശ്വാസമുണ്ട്! അപ്പോ ഉറക്കമാണ്.
പിന്നെ ആരാ മരിച്ചത്? ഇത് എങ്ങനാ മരിച്ച വീട് ആകുന്നത്? ചിത്രഗുപ്തനു തെറ്റിയോ?
ഒരുപാട് ചിന്തകളോടാണ്‌ സദാനന്ദന്‍ ആ വീട്ടില്‍ നിന്ന് പടി ഇറങ്ങിയത്.പോകുന്നതിനു മുന്നേ ആ വീടിന്‍റെ പേരൊന്ന് നോക്കി, കറുത്ത മാര്‍ബിള്‍ പലകയില്‍ വെളുത്ത അക്ഷരത്തില്‍ കൊത്തിയ പേര്...
കൌസ്തുഭം.
ഞെട്ടലോടെ ആണ്‌ സദാനന്ദന്‍ ചാടി എഴുന്നേറ്റത്.കാരണം കൌസ്തുഭം സദാനന്ദന്‍റെ വീടാണ്.കൈയ്യിലിരുന്ന മൊബൈല്‍ ദൂരേക്ക് എറിഞ്ഞ് സദാനന്ദന്‍ നെഞ്ചില്‍ കൈ വച്ച് നോക്കി, ഉണ്ട് ഹൃദയം ഇടിക്കുന്നുണ്ട്.
താന്‍ മരിച്ചിട്ടില്ല.
പക്ഷേ തന്‍റെ വീടാണ്‍ ചിത്രഗുപ്തന്‍ പറഞ്ഞ മരിച്ച വീട്.
ഇവിടെ ആരാണ്‌ മരിച്ചത്?
ഓടി ചെന്ന് മകന്‍റെ മുറിയില്‍ തട്ടി, എന്തോ കള്ളം ഒളിപ്പിച്ച പോലെ മുറി തുറന്ന് നോക്കുന്ന മകന്‍.അടുത്ത് മുറിയില്‍ തട്ടിയപ്പോള്‍ മൊബൈല്‍ പിന്നിലേക്ക് മറച്ച് പിടിച്ച് മകള്‍ ചോദിച്ചു:
"എന്താ അച്ഛാ?"
ഒന്നും മിണ്ടാതെ ഓടി ഹാളിലെത്തി മുകളിലേക്ക് നോക്കി, അമ്മയുടെ ഫോട്ടോ അവിടെ ഉണ്ട്.താനും ഭാര്യയും കൂടി തഞ്ചത്തില്‍ വൃദ്ധസദനത്തിലാക്കിയ തന്‍റെ പൊന്ന് അമ്മ.അയാള്‍ വൃദ്ധസദനത്തിലേക്ക് ഫോണ്‍ ചെയ്തു, അമ്മ ജീവനോടെ ഉണ്ട്.ടീവി കാണുന്ന ഭാര്യയെ കൂടി കണ്ടപ്പോ സദാനന്ദന്‍റെ മനസ്സില്‍ ഒരു മുട്ടന്‍ സംശയം രൂപപ്പെട്ടു...
ഇനി മരിച്ചത് ചിത്രഗുപ്തനായിരിക്കുമോ?
അയാള്‍ വീടിനു പുറത്തേക്ക് ഓടി, അവിടെ സദാനന്ദനെ കാത്ത് എന്ന പോലെ ചിത്രഗുപ്തന്‍ നില്‍പ്പുണ്ടായിരുന്നു.

"അല്ലയോ ചിത്രഗുപ്താ, മരിച്ച വീട് കാണിക്കാന്‍ പറഞ്ഞിട്ട് എന്‍റെ വീടാണോ കാണിച്ചത്, എങ്കില്‍ കേട്ടോളു, ഇവിടെ ആരും മരിച്ചിട്ടില്ല"
സദാനന്ദന്‍ ഇത്ര ശബ്ദമെടുത്ത് ആക്രോശിക്കുന്നത് ആദ്യമായിട്ട് ആയിരുന്നു.
നിശബ്ദനായി അവനെ നോക്കിയട്ട് ചിത്രഗുപ്തന്‍ ചോദിച്ചു...
നിന്‍റെ അമ്മ എവിടെ ആണ്?
വൃദ്ധസദനത്തില്‍.
ഈ വീട്ടില്‍ വന്നാല്‍ നിന്‍റെ മകന്‍ എന്ത് ചെയ്യുന്നു?
മുറിയില്‍ കയറി ലാപ്ടോപ്പുമായി ഇരിക്കുന്നു.
മകള്‍ വീട്ടില്‍ എന്താണ്‌ ചെയ്യുക?
മുറിയില്‍ കയറി ആരെയോ ഫോണ്‍ വിളിച്ച് സമയം കളയും.
നിന്‍റെ ഭാര്യയോ?
ടിവി സീരിയല്‍ കണ്ട് സമയം കളയും.
സദാനന്ദാ, നീയോ?
ഫോണില്‍ ചാറ്റ് ചെയ്ത് നേരം പോക്കും.
ഒരു നിമിഷം നിര്‍ത്തിയട്ട് ചിത്രഗുപ്തന്‍ പറഞ്ഞു:
"അവസാനമായി ഒരു ചോദ്യം കൂടി"
ആകാംക്ഷയോട് നോക്കിയ സദാനന്ദനോടായി ചിത്രഗുപ്തന്‍ ചോദിച്ചു:
"എന്തായിരുന്നു നിന്‍റെ അവസാന ആഗ്രഹം"
"മരിച്ച വീട്ടില്‍ പോകണമെന്ന്"
ചിത്രഗുപ്തന്‍ ഒന്ന് പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു:
"അത് നിന്‍റെ വീടാ സദാനന്ദാ"
തുടര്‍ന്ന് ചിത്രഗുപ്തന്‍ നടന്ന് നീങ്ങി.അകലെ മറയുന്ന ചിത്രഗുപ്തനെ നോക്കി സദാനന്ദന്‍ നിന്നു, ജീവിച്ചിരിക്കുന്നെങ്കിലും മരിച്ച് പോയ അനേകം ആളുകളുടെ പ്രതീകം പോലെ.

സുംബാ സുംബാ ലേ ലേ...


കൃത്യമായി പറഞ്ഞാല്‍ ഒരു മാസം മുമ്പുള്ള ഒരു ബുധനാഴ്ച രാത്രി എട്ട് മണിക്കാണ്‌ സംഭവം.ഒരു ഇംഗ്ലീഷ് ഹൊറര്‍ മൂവി ലാപ്ടോപ്പില്‍ കണ്ട് ഞെട്ടി ഇരിക്കുന്ന എന്‍റെ അരികിലേക്ക് പ്രിയതമ കടന്ന് വരുന്നു, അതും ശബ്ദമുണ്ടാക്കാതെ.
മര്‍ജ്ജാര കാല്‍വയ്പ്പുകളോടെ അവള്‍ അരികിലെത്തി.പ്രേതം ഇപ്പോള്‍ വരുമോ ഇല്ലയോ എന്ന് പേടിച്ച് ലാപ്പ്ടോപ്പിലേക്ക് കണ്ണ്‌ നട്ട് നില്‍ക്കുന്ന എന്‍റെ പുറകില്‍ അവള്‍ വന്നു നിന്നു.ആ വരവിനെ കുറിച്ചോ നില്‍പ്പിനെ കുറിച്ചോ യാതൊരു ധാരണയും ഇല്ലാതെ സിനിമ കാണുന്ന എന്‍റെ ചെവിക്ക് അരികിലേക്ക് മുഖം താഴ്ത്തി അവള്‍:
"അതേയ്..."
ഹൊറര്‍ സിനിമയിലെ പ്രേതം ലാപ്പ്ടോപ്പില്‍ നിന്ന് ചാടി ഇറങ്ങി ചിരിച്ച് കാണിച്ചാല്‍ ഉണ്ടാകുന്ന ഒരു ആന്തരിക സ്ഫോടനം എന്‍റെ നെഞ്ചിലുണ്ടായി.അടിവയറ്റില്‍ ഉരുണ്ട് കൂടിയ തീ ഗോളം ശരീരത്തിന്‍റെ പലഭാഗത്തേക്കും വ്യാപിച്ചു.എന്‍റമ്മച്ചിയേന്ന് അലറി ചാടി എഴുന്നേറ്റത് ഓര്‍മ്മയുണ്ട്, കുറേ നേരം ചുറ്റുമുള്ളത് ഒന്നും കണ്ടില്ല, ബോധം ​വന്നപ്പോള്‍ കട്ടിലേല്‍ ആയിരുന്നു.
പരിഭ്രാന്തിയോടെ ചാടി എഴുന്നേറ്റ എന്നെ നോക്കി അവള്‍:
"എങ്ങനുണ്ട്?"
ഇപ്പോ കുഴപ്പമില്ല, പെട്ടന്ന് നിന്നെ കണ്ടപ്പോള്‍ പ്രേതമാണെന്ന് വിചാരിച്ചതാണെന്ന് പറഞ്ഞാല്‍ പിന്നെ ഒരു ആഴ്ചയിലേക്ക് ചോറ്‌ കിട്ടില്ലന്ന് അറിയാവുന്ന കൊണ്ട് മറുപടി ഒറ്റവാക്കില്‍ ഒതുക്കി:
"കുഴപ്പമില്ല"
അത് കേട്ടതും വീണ്ടും മുഖത്തൊരു ചിരി വരുത്തി അരികിലേക്ക് ഇരുന്ന് അവള്‍:
"അതേയ്..."
അത് കേട്ടതും പ്രേതത്തെ കണ്ടില്ലങ്കിലും എന്‍റെ നെഞ്ച് പട പടാന്ന് ഇടിച്ച് തുടങ്ങി.
അതിനു ഒരു കാരണമുണ്ട്.

ഞങ്ങളുടെ ദിനചര്യ.
രാവിലെ എഴുന്നേറ്റ് ഞാന്‍ ഓഫീസില്‍ പോകും, മകള്‍ സ്ക്കൂളിലും പോകും.പിന്നെ ഒറ്റക്ക് ഇരിക്കുന്നത് ഭയങ്കര ബോര്‍  ആണെന്ന് വൈഫ് പറഞ്ഞത് കൊണ്ടാ അവളോട് ജോലി നോക്കാന്‍ പറഞ്ഞത്.ഇപ്പോ താല്ക്കാലികമായി ഒരു ഐറ്റി കമ്പനിയില്‍ അവള്‍ക്ക് ജോലി ആയിട്ടുണ്ട്.രാവിലെ പോകും, വൈകിട്ട് വരും, കിടന്ന് ഉറങ്ങും, ഇതാണ്‌ ഇപ്പോ അവളുടെ ഒരു ലൈന്‍.അത് കൊണ്ട് തന്നെ ഞാന്‍ സ്വല്പം റിലാക്സ്സും ആണ്.പ്രത്യേകിച്ച് ആവശ്യങ്ങള്‍ ഒന്നും ഇങ്ങോട്ട് ഉന്നയിക്കാറില്ല.എങ്കിലും ചില ദിവസങ്ങളില്‍ അവളുടെ കമ്പനിയിലെ തലപ്പത്ത് ഇരിക്കുന്ന ചില സാറുമ്മാരുടെ പ്രവര്‍ത്തികളെ പറ്റിയുള്ള പരാതികള്‍ പറയാറുണ്ട്.അത് കേട്ട് അവളെ ആശ്വസിപ്പിക്കാന്‍ അതൊന്നും മൈന്‍ഡ് ചെയ്യണ്ടാന്നും, അവരൊക്കെ പഞ്ചപാവങ്ങള്‍ ആയിരിക്കുമെന്നും, കിണറ്റില്‍ കിടക്കുന്ന തവളകള്‍ക്ക് അത് മാത്രമാണ്‌ ലോകമെന്ന് വിചാരം കാണുമെന്നും, അതിനാലാണ്‌ അവരെ കൂപമണ്ഡുകങ്ങള്‍ എന്ന് വിളിക്കുന്നതെന്നും വച്ച് കാച്ചി.ഇത് കേട്ട് അവള്‍ അവളുടെ കമ്പനിയില്‍ ചെന്ന് ഒരു കൂട്ടുകാരിയോട് തലപ്പത്ത് ഉള്ളവര്‍ എല്ലാം കൂപമണ്ഡുകങ്ങള്‍ ആണെന്ന് പറയുകയും, നല്ലവളായ ആ കൂട്ടുകാരി അന്ന് തന്നെ കൂട്ടത്തില്‍ ഒരു മണ്ഡൂകത്തോടെ ഇത് രഹസ്യമായി പറഞ്ഞ് കൊടുക്കുകയും ചെയ്തു.അതിന്‍റെ അനന്തര ഫലം ആയിരിക്കണം, വൈഫിനെ ടീം മാറ്റി, ഇപ്പോ ഏതോ കട്ട പണിയുള്ള ടീമിലാണ്.രണ്ട് ദിവസമായി പുള്ളിക്കാരി അതിന്‍റെ ഒരു ടെന്‍ഷനില്‍ ആയിരുന്നു.അങ്ങനെ മിണ്ടാട്ടം ഇല്ലാതെ ഇരിക്കുന്ന വൈഫ് ആണ്‌ ഇന്ന് പതിവില്ലാതെ ആ വാക്ക് പറഞ്ഞിരിക്കുന്നത്...
അതേയ്....!!!
ഈ വാക്ക് കേട്ടതും എന്‍റെ നെഞ്ച് പട പടാന്ന് ഇടിച്ച് തുടങ്ങി.
കാരണം കല്യാണം കഴിഞ്ഞ മിക്ക ആളുകള്‍ക്കും അറിയാവുന്ന ഒരു പരമാര്‍ത്ഥമാണ്, ഭാര്യ ഇങ്ങനെ ഒരു വാക്ക് പറഞ്ഞാല്‍ എന്തോ ഭീകരമായ ആവശ്യം വരാന്‍ പോകുന്നെന്ന് അര്‍ത്ഥം.ഇനി അവളുടെ കമ്പനിയിലെ ആരെ എങ്കിലും ആളെ വിട്ട് തല്ലിക്കണം എന്നോ മറ്റോ ആണോ ആവോ??
എങ്കിലും മുഖത്ത് ഭാവം മാറ്റാതെ ഞാന്‍ പറഞ്ഞു:
"എന്താ മോളേ, എന്ത് പറ്റി?"
"ഞാന്‍ ഒരു കാര്യം പറയട്ടെ"
പറയൂന്നേ...

അവള്‍ പറഞ്ഞത് ഒരു ഒന്ന് ഒന്നര കാര്യം ആയിരുന്നു.അവളുടെ കമ്പനിയില്‍ ലേഡീസ്സിനു വേണ്ടി സുംബാ ഡാന്‍സ്സ് തുടങ്ങുന്നു പോലും.ദിവസം ഒരു മണിക്കൂര്‍ വീതം അഞ്ച് ദിവസം, അതും ഒന്നിട വിട്ട ദിവസങ്ങളില്‍ പഠിപ്പിക്കും.പിന്നെ അവര്‍ തന്നെ അത് പ്രാക്റ്റീസ്സ് ചെയ്യും.അതോട് കൂടി ഈ ലോകത്ത് ഉള്ള അവരുടെ പ്രശ്നങ്ങള്‍ എല്ലാം മാറും.ഇതാണ്‌ അവള്‍ പറഞ്ഞതിന്‍റെ ചുരുക്ക രൂപം.
ആകെ തോന്നിയ സംശയം തുറന്ന് ചോദിച്ചു:
"ഈ പ്രശ്നങ്ങള്‍ ഒക്കെ മാറും എന്ന് വച്ചാല്‍?"
"അതായത്, സുംബ പഠിക്കുമ്പോള്‍ ആന്തരികമായി നമ്മള്‍ ഒരുപാട് ലെവലിലേക്ക് ഉയരപ്പെടും.വാക്ക്, നോക്ക്, ചലനം എല്ലാത്തിലും അത് പ്രതിഫലിക്കും.അതിന്‍റെ ആകെത്തുക ആഗോളവല്‍ക്കരണത്തില്‍ നിന്നും, പ്രത്യയഘടകങ്ങളില്‍ നിന്നും ഉള്ള ഉയര്‍ത്ത് എഴുന്നേല്‍പ്പ് ആയിരിക്കും"
അവള്‍ വിശദീകരിച്ചു.
എന്നതാ ആ പറഞ്ഞതെന്ന് മനസിലാകാതെ അന്തം വിട്ട ഞാന്‍ വിക്കി വിക്കി ചോദിച്ചു:
"ഇതൊക്കെ ആര്‌ പറഞ്ഞു?"
കണ്ഠം ശുദ്ധി വരുത്തി അവള്‍:
"പഠിപ്പിക്കുന്ന സാര്‍ പറഞ്ഞതാ, സുംബാ മാത്രമല്ല, കിക്ക് ബോക്സ്സിങ്ങും പഠിപ്പിക്കുമെന്നാ പറഞ്ഞത്."
ഒന്ന് നിര്‍ത്തിയട്ട് അവള്‍:
"വെറും ഇരുന്നൂറ്‌ രൂപയാ ഫീസ്സ്, ഞാന്‍ പൊയ്ക്കോട്ടേ"
എന്നിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഒന്ന് മനകണക്ക് കൂട്ടി നോക്കി, ഇരുന്നൂറ്‌ രൂപ നഷ്ടമില്ല, കുറച്ച് ലാഭം ആണോന്ന് സംശയമുണ്ട്.ഒന്നുമില്ലേലും കുടുംബത്തില്‍ ഒരു സുംബാക്കാരി ഉണ്ടെന്ന് പറയാമല്ലോ.ഞാന്‍ സമ്മതിച്ചു.

അങ്ങനെ സമ്മതം കൊടുത്തതിന്‍റെ അടുത്ത നാള്‍.
ഓഫീസില്‍ നിന്ന് തിരികെ എത്തി ക്ഷീണത്തോടെ കിടക്കാന്‍ ഭാവിച്ച എന്‍റെ അരികിലെത്തി അവള്‍:
"ഈ ഡെക്കാത്തണ്‍ എവിടാ ചേട്ടാ?"
"അത് ആ കളമശ്ശേരിക്ക് അടുത്താ"
എന്‍റെ ഒഴുക്കന്‍ ‌മറുപടി.
അത് കേട്ടതും അടുത്ത് വന്നിരുന്ന് എന്‍റെ കാല്‍ പതിയെ മസ്സാജ് ചെയ്ത് കൊണ്ട് അവള്‍:
"നാളെ ഹാഫ്ഡേ ലീവ് എടുക്കാന്‍ പറ്റുമോ?"
"എന്തിനു?"
"അതേയ്, ട്രാക്ക് സ്യൂട്ട് വാങ്ങിക്കണം, ടീഷര്‍ട്ട് വാങ്ങിക്കണം, പിന്നൊരു ഷൂസ്സും വാങ്ങിക്കണം"
ഒറ്റ നിമിഷം.
എന്‍റെ ക്ഷീണമെല്ലാം പമ്പ കടന്നു.
ചാടി എഴുന്നേറ്റ് ഞാന്‍ ചോദിച്ചു:
"ഇതൊക്കെ എന്തിനാ?"
അത് വരെ പിടിച്ച് കൊണ്ട് ഇരുന്ന എന്‍റെ കാല്‌ കട്ടിലിലേക്ക് ആഞ്ഞ് എറിഞ്ഞിട്ട് അവള്‍:
"പിന്നെ വെറുതെ സുംബാ കളിക്കാന്‍ പറ്റുമോ? നിങ്ങള്‌ പറഞ്ഞിട്ടല്ലേ ഞാന്‍ അതിനു ചേര്‍ന്നത്?"
ങേ!! ഇതെന്ത് ന്യായം??
"ഞാന്‍ പറഞ്ഞിട്ടോ? നീയല്ലേ സുംബക്ക് പോണമെന്ന് പറഞ്ഞത്?"
അത് കേട്ട് ചാടി എഴുന്നേറ്റിട്ട് അവള്‍:
"വേണ്ടാങ്കില്‍ അപ്പോ പറയണമായിരുന്നു, ഇതിപ്പോ പേര്‌ കൊടുത്ത് കഴിഞ്ഞ്, എല്ലാവരും പതിനായിരത്തിന്‍റെ ഷൂസ്സാ ഇടുന്നത് എനിക്ക് മിനിമം അയ്യായിരത്തിന്‍റെ എങ്കിലും വേണം"
വെട്ടി തിരിഞ്ഞ് അവള്‍ അടുക്കളയിലേക്ക് പോയി.
സാമ്പത്തികം തോറ്റു, സുംബ ജയിച്ചു, ട്രാക്ക് സ്യൂട്ടും, ടീഷര്‍ട്ടും, ഷൂസ്സുമായി ഒരു പതിനായിരം സ്വാഹഃ.

സുംബ ഒന്നാം ദിനം.
ഫ്ലാറ്റിലേക് കേറിയപ്പോഴേ അവള്‍ മൂളിപാട്ട് പാടുന്നത് കേള്‍ക്കാം:
"സുംബാ സുംബാ ലാ ലാ
സുംബാ സുംബാ ലാ ലാ സുംബാ"
അവളുടെ ഒരു സന്തോഷത്തിനു ചോദിച്ചു:
"എങ്ങനുണ്ടായിരുന്നു?"
ചപ്പാത്തി ചുടുന്ന തവിയും കൈയ്യില്‍ പിടിച്ച് നിന്ന നില്‍പ്പില്‍ അവള്‍ രണ്ട് മൂന്ന് സ്റ്റെപ്പ് കാണിച്ചു തന്നു.
സന്തോഷമായി!!!
മേലു കഴുകി ചപ്പാത്തി തിന്നവേ അവള്‍ പറഞ്ഞു:
"കിക്ക് ബോക്സിംഗ് പഠിപ്പിക്കില്ല കേട്ടോ, ഒരു ദിവസം ഡെമോ കാണിച്ച് തരും.ഞങ്ങളുടെ സെല്‍ഫ് പ്രൊട്ടക്ഷനു അത് മതിയെന്നാ സാറു പറഞ്ഞത്"
ഉവ്വോ, നന്നായി.
ഒന്നുമില്ലങ്കിലും എനിക്ക് സമാധാനത്തോടെ  വഴക്കിടാമല്ലോ.
ആ രാത്രി അങ്ങനെ കഴിഞ്ഞു.

രണ്ടാം ദിവസം അവള്‍ ലീവായിരുന്നു, ആദ്യ ദിനം സുംബയുടെ ആഫ്റ്റര്‍ ഇഫക്ട്, ശരീര വേദന.അന്നേക്കുള്ള ആഹാരമൊക്കെ ഹോട്ടലില്‍ നിന്ന് വാങ്ങി, എന്നിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അതിന്‍റെ ചിലവ് മുഴുവന്‍ സുംബായുടെ കണക്കിലേക്ക് എഴുതി ചേര്‍ത്തു.പിന്നെ കുറേ ദിവസം സമാധാന പരമായിരുന്നു, ഇടക്കിടെ സുംബാ സ്റ്റെപ്പുകള്‍ കാണിച്ച് നടക്കും എന്നത് ഒഴിച്ചാല്‍ വൈഫിനെ കൊണ്ട് വേറെ ശല്യമൊന്നും ഇല്ലായിരുന്നു.ഒരു ദിവസം ഓഫീസില്‍ നിന്ന് വരികെ ഫ്ലാറ്റിലെ സെക്യൂരിറ്റി രഹസ്യമായി പറഞ്ഞു:
"സാറിന്‍റെ വൈഫ് എന്തൊക്കെയോ ആംഗ്യം കാണിച്ചാ മീനും പാലുമൊക്കെ വാങ്ങുന്നതെന്ന് ഫ്ലാറ്റിലൊരു സംസാരമുണ്ട്, ഒന്ന് സൂക്ഷിക്കണം"
ദൈവമേ, സുംബാ!!!
കാര്യത്തിന്‍റെ ഗൌരവം അവളെ അറിയിക്കാന്‍ ഓടി റൂമിലെത്തിയപ്പോള്‍ അവള്‍ ടീവിയില്‍ സിനിമ നടി ശോഭനയുടെ ഭരതനാട്യം കണ്ടോണ്ട് ഇരിക്കുവാ.എന്നെ കണ്ടതും അവള്‍:
"ശോഭനയുടെ ഡാന്‍സ്സ് പോരാ, സ്റ്റെപ്പൊന്നും അങ്ങോട്ട് ശരിയാവുന്നില്ല"
നാലു ദിവസം സുംബ പഠിച്ചവളാ നാട്യതിലകമായ ശോഭനയുടെ സ്റ്റെപ്പ് ശരിയാക്കുന്നത്.അടിമുടി ചൊറിഞ്ഞ് വന്നതാ, മിണ്ടിയില്ല.പണ്ട് ആരോ പറഞ്ഞ പോലെ, വിജയകരമായ ദാമ്പത്യത്തിനു മൌനത്തിനു അതിന്‍റെതായ സ്ഥാനമുണ്ട്.

അഞ്ചാം നാളിലെ സുംബ കഴിഞ്ഞപ്പോ അവള്‍ പറഞ്ഞു:
"ഇനി ഓഫീസില്‍ സുംബ ഇല്ല, എല്ലാവരും വീട്ടില്‍ പ്രാക്റ്റീസ്സ് ചെയ്താ മതിയെന്നാ തീരുമാനം"
സമാധാനമായി.
ആദ്യത്തെ രണ്ട് ദിവസം ഫ്ലാറ്റുകാര്‍ക്ക് ഒന്ന് സഹിക്കേണ്ടി വരും, പിന്നെ അവള്‍ തനിയെ അത് നിര്‍ത്തുമെന്ന് എനിക്ക് ഉറപ്പാ.അവള്‍ മാത്രമല്ല, കൂടെ പഠിച്ച എല്ലാവരും, അതാണ്‌ അതിന്‍റെ ഒരു ശാസ്ത്രം.
അന്ന് രാത്രി അവള്‍ ലാപ്ടോപ്പില്‍ എന്തോ തിരഞ്ഞ് കൊണ്ട് ഇരിക്കെ എന്നിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കണക്ക് കൂട്ടി.സുംബക്ക് ഫീസ്സ് ഇരുന്നൂറ്, ഡെക്കാത്തണില്‍ പതിനായിരം, ദേഹവേദന കാരണം ആഹാരം വാങ്ങിയ വക ആയിരത്തി മുന്നൂറ്, ദേഹവേദന മാറഞ്ഞുള്ള കുഴമ്പ്, ഗുളിക എന്നിവയ്ക്ക് മുന്നൂറ്റി ഇരുപത്, ഹാഫ് ഡേ ലീവെടുത്ത് ഡെക്കാത്തണ്ണില്‍ പോയ അന്ന് ഫുഡ് കഴിച്ച നാന്നൂറ്റി മുപ്പത്, അങ്ങനെ സുംബക്ക് ആകെ മൊത്തം പന്തീരായിരത്തി ഇരുന്നൂറ്റി അമ്പത്.
ചതിയായി പോയി!!!
ഇങ്ങനെ ചിന്തിച്ച് ഇരിക്കവെ അവള്‍ ഒരു ചോദ്യം:
"എന്ത് പറഞ്ഞാലും ഇരുന്നൂറ്‌ രൂപക്ക് സുംബാ ഒരു ലാഭം തന്നാ, അല്ലിയോ ചേട്ടാ?"
വെട്ടി ഇട്ട പോലാ ഞാന്‍ കട്ടിലിലേക്ക് വീണത്.മുഖത്തിന്‍റെ ഭാവവും, പിറുപിറുക്കുന്നതും അവള്‍ കാണാതിരിക്കാന്‍ മുഖം വഴി പുതപ്പ് ഇട്ട് മൂടി.അപ്പോള്‍ ലാപ്ടോപ്പില്‍ ഏതോ വീഡിയോ പ്ലേ ചെയ്ത് കൊണ്ട് അവളുടെ ശബ്ദം:
"അടുത്തത് കളരി പഠിക്കാനാ ഞങ്ങളുടെ പ്ലാന്‍"
അതിനെ ശരി വയ്ക്കുന്ന പോലെ ലാപ്ടോപ്പിലെ വീഡിയോയില്‍ കളരി അഭ്യാസിയുടെ ശബ്ദം:

"വലതുകൈ മുന്നോട്ട് വച്ച്
ഇടതു കാല്‍ പിന്നോട്ട് വച്ച്
തല മുകളോട്ട് വച്ച്
താടി കീഴോട്ട് വച്ച്"

ഇതെല്ലാം കേള്‍ക്കേ അവള്‍ക്ക് ഒരു സംശയം:
"ഇതില്‍ വലതുകാല്‍ എങ്ങോട്ടാ വയ്ക്ക്കേണ്ടത്?"
എന്‍റെ നെഞ്ചത്തോട്ട് വയ്ക്കടി.
അല്ല പിന്നെ!!!

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com