For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ഒരു നവോദിയന്‍ അപാരത


ഇതിനു മുമ്പ് പല കഥകള്‍ എഴുതിയെങ്കിലും, ഇന്നായിരുന്നു നവോദയിലെ ശരിക്കുള്ള ഗെറ്റ് റ്റുഗദര്‍, ആലപ്പുഴയിലെ ലേക്ക് റിസോര്‍ട്ടില്‍.പത്ത് മണിക്കാരുന്നു പരിപാടി തുടങ്ങുന്നത്, കൃത്യം പന്ത്രണ്ടിനു ഞാന്‍ സ്ഥലത്തെത്തി.ലേക്ക് റിസോര്‍ട്ടിന്‍റെ മെയിന്‍ ഗേറ്റ് കായലിനു അഭിമുഖമാ, ഇനി പുറക് വശത്ത് ഒരു ഗേറ്റുണ്ട്, പാടത്തോട് ചേര്‍ന്ന്, അവിടെ വണ്ടിയിട്ട് ഞാന്‍ അകത്തേക്ക് പ്രവേശിച്ചു.
വിശാലമായ റിസോര്‍ട്ട്.
ഒരു കെട്ടിടത്തില്‍ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് പോകുവാന്‍ അവിടൊരു വണ്ടിയുണ്ട്, ഒരു പ്രത്യേക തരം വണ്ടി.സെക്യൂരിറ്റി പറഞ്ഞത് അനുസരിച്ച് അതില്‍ കയറിയട്ട് ഞാന്‍ പറഞ്ഞു:
"ഒരു ഗെറ്റ് റ്റുഗദറാ, ഏത് കെട്ടിടത്തിലാണെന്ന് അറിയില്ല"
എല്ലാം ഞങ്ങള്‍ക്ക് അറിയാം എന്ന ഭാവത്തില്‍ അവരെന്നെ ഒരു കെട്ടിടത്തില്‍ കൊണ്ട് ഇറക്കി.ഹാളിലേക്ക് കയറുന്നതിനു മുന്നേ ഞാന്‍ വളരെ നെര്‍വസായി.ഒരുപാട് നാളിനു ശേഷമാ കൂട്ടുകാരെ ഒക്കെ കാണുന്നത്, എല്ലാവരും ഒരുപാട് മാറി പോയി കാണും.
വലതുകാല്‍ വച്ച് ഹാളിലേക്ക് കയറി.
എന്‍റെ ഊഹം തെറ്റിയില്ല!!!
എല്ലാവരും ഒരുപാട് മാറിയിരിക്കുന്നു, ആണുങ്ങളും പെണ്ണുങ്ങളും നന്നായി വെളുത്തിട്ടുണ്ട്.കണ്ടാല്‍ സായിപ്പും മാദാമ്മയും ആണെന്നെ പറയു.കൂട്ടത്തില്‍ കറുത്തിരിക്കുന്നത് ഞാന്‍ മാത്രമാണ്‌ എന്ന കോംപ്ലക്സ്സില്‍ ഞാനൊന്നു ചിരിച്ച് കാണിച്ചു.
എല്ലാവരും എനിക്ക് വെല്‍ക്കം പറഞ്ഞു.എന്നിട്ട് കുറേ ചോദ്യങ്ങള്‍, അതും ഇംഗ്ലീഷില്‍.ഓക്സ്സ് ഫോര്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഇംഗ്ലീഷിലെ അറ്റവും മൂലയും ചുരണ്ടി എടുത്തപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി, ഞാന്‍ കേറിയ സ്ഥലം മാറിയിരിക്കുന്നു.ഡോക്ടര്‍മാരുടേ എന്തോ ഇന്‍റര്‍നാഷണല്‍ കോണ്‍ഫ്രണ്‍സ്സ് ഹാളിലാണ്‌ എന്നെ വണ്ടിയില്‍ കൊണ്ട് ഇറക്കിയിരിക്കുന്നത്.
ഞാന്‍ ഏത് മെഡിക്കല്‍ കോളേജിലെ ഡോക്ടറാണെന്നാ ചോദ്യം??
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആണെന്ന് പറഞ്ഞാ, എന്നാ ഒരു സര്‍ജറി ചെയ്തേ എന്ന് ആവശ്യപ്പെട്ടാല്‍ പെട്ടു.
ദൈവമേ, എനിക്ക് മാതം എന്താ ഇങ്ങനെ??
ഞാന്‍ കേറിയ സ്ഥലം മാറിപ്പോയി എന്ന കാര്യം ഇംഗ്ലീഷില്‍ തന്നെ ഞാന്‍ അവതരിപ്പിച്ചു, അതും വളരെ സഭ്യമായി:
"സോറി, പ്ലേസ്സ് ചേഞ്ച്ഡ്"
സ്ഥലം മാറി!!!
എന്‍റെ ഓക്സ്സ് ഫോര്‍ഡ് ഇംഗ്ലീഷില്‍ സംതൃപ്തരായ ആ ജനതയെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ഞാന്‍ പുറത്തേക്ക് ഇറങ്ങി.
വാതുക്കല്‍ ആ വണ്ടിക്കാരന്‍ കാത്ത് നില്‍പ്പുണ്ടായിരുന്നു.
അയാള്‍:
"എന്ത് പറ്റി സാര്‍?"
ഞാന്‍:
"ഈ മീറ്റിംഗ് അല്ല"
അയാള്‍:
"സാര്‍ വിഷമിക്കേണ്ടാ, ഇവിടെ അഞ്ച് മീറ്റിംഗ് ഉണ്ട്, അഞ്ചിടത്തും ഞാന്‍ എത്തിക്കാം സാര്‍"
അയാള്‍ക്കാണോ അതോ എനിക്കാണോ വട്ട് എന്ന് ഞാന്‍ കുറേ ചിന്തിച്ചു.
എന്നിട്ട് പറഞ്ഞു:
"വേണ്ടാ, നടന്ന് പോയ്ക്കോള്ളാം"
അങ്ങനെ ഞാന്‍ ഡെസ്റ്റിനേഷനില്‍ എത്തി.അവിടെയതാ എന്‍റെ പ്രിയ കൂട്ടുകാരന്‍ കോശിയും, എന്‍റെ കൂടെ പഠിച്ച ഒരു പെണ്‍കുട്ടിയും (അവളുടെ പേര്‌ എനിക്ക് അങ്ങോട്ട് ഓര്‍മ്മ വന്നില്ല എന്നതാണ്‌ സത്യം) സംസാരിച്ച് നില്‍ക്കുന്നു.
എന്നെ കണ്ടതും കോശി ഓടി വന്ന് കെട്ടിപ്പിടിച്ചു!!!
ഒരു സുഹൃത്തിന്‍റെ ആലിംഗനത്തില്‍ നില്‍ക്കുമ്പോള്‍, ആ സൌഹൃദം സത്യസന്ധമാണെങ്കില്‍ നമ്മള്‍ നമ്മെ തന്നെ മറക്കും.ആ ഒരു അനുഭൂതിയില്‍, അവന്‍റെ കുടെ സംസാരിച്ച് നിന്ന പെണ്‍കുട്ടിയെ ഒളികണ്ണിട്ട് നോക്കി കൊണ്ട്, വളരെ നിഷ്കളങ്കമായി ഞാന്‍ അവനോട് ചോദിച്ചു:
"എല്ലാവരും ഇങ്ങനെ കെട്ടിപ്പിടിക്കുമോടാ"
'ഒഫ്കോഴ്സ്സ്' എന്ന മറുപടി അവന്‍റെ വായില്‍ വന്നു എന്ന് എനിക്ക് മനസ്സിലായി, പക്ഷേ അടുത്ത നിമിഷം ചോദ്യം എന്‍റെയാണ്‌ എന്ന സത്യവും അവന്‍റെ മനസ്സില്‍ വന്നു എന്ന് തോന്നുന്നു.
അവന്‍ പറഞ്ഞു:
"സോറീടാ, എല്ലാവരും കെട്ടിപ്പിടിക്കില്ല"
പിന്നെ എന്ത് കോപ്പിനാണോ ഇവന്‍ എന്നെ കെട്ടിപ്പിടിച്ചത്??
ആവോ, ആര്‍ക്കറിയാം!!!
കെട്ടിപ്പിടിച്ചില്ലെങ്കിലും അടുത്ത് വന്ന് ആ പെണ്‍കുട്ടി എന്നോട് ചോദിച്ചു:
"എന്നെ മനസ്സിലായോ?"
കൂടെ പഠിച്ച ഒരുവളെ മനസ്സിലായില്ല എന്ന് പറയുന്നതിലെ ശരിക്കേട് ഓര്‍ത്ത് ഞാന്‍ പറഞ്ഞു:
"ഉവ്വ്, മനസ്സിലായി"
അപ്പോള്‍ അവള്‍:
"എന്നാ പറ, ഞാന്‍ ആരാ?"
ഈ കല്യാണത്തിനു ഒക്കെ പോകുമ്പോ ചില അമ്മുമ്മമാരുണ്ട്, ഇതേ ചോദ്യം ചോദിക്കും.ആദ്യം എന്നെ മനസ്സിലായോ എന്ന്, മനസ്സിലായി എന്ന് പറഞ്ഞാ ഞാന്‍ ആരാന്ന്, അവിടെ നമ്മള്‍ പെട്ട് പോകും.
അതേ അവസ്ഥയാണ്‌ ഇവിടെയും.
ആകാംക്ഷയോടെ അവള്‍:
"പറയെടാ, ഞാന്‍ ആരാ?"
തേന്‍മാവിന്‍ കൊമ്പത്തിലെ കുതിരവട്ടം പപ്പുവിന്‍റെ ഡയലോഗാ മനസ്സില്‍ വന്നത്:
"ഞാന്‍ ആരാന്ന് നിനക്ക് അറിയില്ലെങ്കില്‍ നീ എന്നോട് ചോദിക്ക് ഞാന്‍ ആരാണെന്ന്, ഇനി നീ ആരാന്ന് നിനക്ക് അറിയില്ലെങ്കില്‍ നീ എന്നോട് ചോദിക്ക് നീ ആരാണെന്ന്, അപ്പോ ഞാന്‍ പറയും, ഞാന്‍ ആരാണെന്നും നീ ആരാണെന്നും"
ഉമിനീരിറക്കി നിന്നപ്പോ അവള്‍ സ്നേഹത്തോടെ:
"പറയെടാ ഞാന്‍ ആരാ?"
ഒരു നിമിഷം ജഗതി എന്നിലേക്ക് ആവാഹിച്ചു...
താന്‍ ആരുവാ??
ആ ചോദ്യം കുറിക്ക് കൊണ്ടു, അവള്‍ പറഞ്ഞു:
"ഞാന്‍ റീന"
തുടര്‍ന്ന് ഹാളിലെക്ക് കയറി, അവിടെയതാ എന്‍റെ കൂട്ടുകാരെല്ലാം നിരന്ന് ഇരിക്കുന്നു.എന്നെ കണ്ടതും കുറേ പേര്‍ കെട്ടിപ്പിടിച്ചു, കുറേ പേര്‍ താടിയില്‍ പിടിച്ചു, കുറേ പേര്‍ നോക്കി ചിരിച്ചു.
ഗെറ്റ് റ്റുഗദര്‍ തുടങ്ങി!!!
സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍...
മത്സര ബുദ്ധിയോടെ ചിക്കനും ഫിഷും തട്ടിയ നിമിഷങ്ങള്‍...
കൊതിയും നുണയും പറഞ്ഞ് പൊട്ടിച്ചിരിച്ച നിമിഷങ്ങള്‍...
പലരും ജീവിതത്തില്‍ ഒരിക്കല്‍ കൂടി പ്രത്യക്ഷപ്പെട്ടു...
നിഷ്കളങ്കമായി സംസാരിക്കുന്ന ആന്‍.
മെച്യൂരിറ്റി കൂടി പോയ അഭിലാഷ്.
മസ്സിലു പെരുപ്പിച്ച് വന്നിട്ടും, കൂടെ പഠിച്ച സ്മിതയുടെ ഭര്‍ത്താവ് അതിനെക്കാള്‍ മസില്‌ പെരുപ്പിച്ച് വന്നത് കണ്ട് തകര്‍ന്ന് പോയ ജെയ്‌സണ്‍.
അങ്ങനെ പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുമായി ഒരോരുത്തരും.
അതിനിടയില്‍ ഓര്‍ഗനൈസര്‍ അനീഷ് പറഞ്ഞു:
"ഇനി വ്യത്യസ്ഥമായ ഒരു അനുഭവം, ഹൌസ്സ് ബോട്ടില്‍ കയറി കായലിലൂടെ ഒരു സഞ്ചാരം"
അത് കേട്ടതും നാവിക സേനയില്‍ ജോലി ചെയ്യുന്ന ശ്യാം പല്ല്‌ കടിച്ച് കൊണ്ട് എന്നോട് പറഞ്ഞു:
"നടുക്കടലില്‍ നാള്‌ കഴിച്ച് കൂട്ടേണ്ടി വന്നത് സഹിക്കാതാ നാട്ടിലേക്ക് വന്നത്. ആ എന്നെയാ ഇവന്‍ ബോട്ടില്‍ കേറ്റി കായലില്‍ കൊണ്ട് പോകുന്നത്"
റൈറ്റ് ഡയലോഗ് അറ്റ് റൈറ്റ് ടൈം!!!
എങ്കിലും ഞാന്‍ അവനെ ആശ്വസിപ്പിച്ചു:
"പോട്ടെടാ, നീ ക്ഷമിക്ക്"
അങ്ങനെ ഓളപ്പരപ്പില്‍ കായലിലൂടെ ഒരു യാത്ര.
സൌഹൃദങ്ങള്‍ പങ്കിട്ട് ചില നിമിഷങ്ങള്‍.
ഒടുവില്‍ യാത്ര പറയേണ്ട നിമിഷങ്ങള്‍.
ആദ്യം യാത്ര പറഞ്ഞത് സ്റ്റീനയാ, കൈ കുഞ്ഞും അമ്മയുമായി വന്ന അവള്‍ യാത്ര ചോദിച്ചപ്പോഴാണ്‌ ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തില്ലല്ലോന്ന് ഓര്‍ത്തത്.കൂട്ടത്തിലെ ആസ്ഥാന ഫോട്ടോഗ്രാഫര്‍ ബിനുവാണ്, നല്ലൊരു ആര്‍ക്കിടെക്റ്റര്‍ കൂടിയായ അവന്‍റെ കൈയ്യോപ്പ് പതിഞ്ഞ് ഫോട്ടോകള്‍ക്ക് ഒക്കെ ഒരു പ്രത്യേക ഭംഗിയാണ്.
എല്ലാവരും അവനോടായി:
"ബിനു ഒരു ഫോട്ടൊ"
അവന്‍ :
"ക്യാമറ കാറിലാ"
തുടര്‍ന്ന് അത് എടുക്കാന്‍ എന്ന ഭാവേന അവന്‍ പുറത്തേക്ക് ഇറങ്ങി.അവന്‍ ക്യാമറയുമായി വരുന്നതിനു മുന്നേ ബാത്ത് റൂമില്‍ കേറി മുഖമൊന്ന് ഫ്രഷാക്കുക എന്ന ഉദ്ദേശത്തില്‍ ഞാനും.
ബാത്ത് റൂമിലേക്ക് പോകുന്ന വഴിയാണ്‌ ഞാന്‍ ആ കാഴ്ച കണ്ടത്, അവിടെ ചില്ലുകള്‍ക്ക് അപ്പുറത്ത് കൈ കുഞ്ഞിനേയും പിടിച്ച് ഏകയായി നില്‍ക്കുന്ന സ്റ്റീനയുടെ കൂടെ വന്ന അമ്മ.അത് അവളുടെ അമ്മയാണോ അമ്മായിയമ്മയാണോ എന്ന് അറിയില്ല, എങ്കിലും ഒന്ന് കണ്ട് ബഹുമാനിക്കണമെന്ന് തോന്നി.പക്ഷേ ചില്ല്‌ വാതില്‍ തുറന്ന്പ്പോഴാണ്‌ കരയുന്ന കുഞ്ഞിനെ മാനേജ് ചെയ്യാന്‍ ആ അമ്മ പാട് പെടുകാണെന്ന് മനസ്സിലായത്.സ്റ്റീന ഇറങ്ങി വരാത്ത ദേഷ്യം ആ മുഖത്ത് ഉണ്ടോന്ന് ഒരു സംശയം.ഇപ്പോ ബഹുമാനിക്കാന്‍ പോയാല്‍ ആ കുഞ്ഞിനെ എന്‍റെ കൈയ്യില്‍ തന്നിട്ട്, എന്നാ നീ ഇതിന്‍റെ കരച്ചില്‍ നിര്‍ത്തെന്ന് പറഞ്ഞാ എന്‍റെ കാര്യം ഗോപി.
ഞാന്‍ തീരുമാനിച്ചു...
വേണ്ടാ, ബഹുമാനിക്കേണ്ട!!!
നേരെ ബാത്ത്റൂമിലേക്ക്...
അവിടതാ പേടിച്ചിരിക്കുന്ന ബിനു, നമ്മുടെ ക്യാമറാമാന്‍.
"എന്തടാ?" എന്‍റെ ചോദ്യം.
രഹസ്യമായി അവന്‍:
"ക്യാമറ എടുക്കാന്‍ മറന്നു പോയി, അത് പറഞ്ഞാ അവരെന്നെ തല്ലി കൊല്ലും"
അവന്‍റെ അവസ്ഥയും, അവന്‍ ക്യാമറയുമായി വരുമ്പോ ഫോട്ടോ എടുക്കാന്‍ നില്‍ക്കുന്ന സ്റ്റീനയുടെ അവസ്ഥയും, സ്റ്റീന വന്നിട്ട് കുഞ്ഞിന്‍റെ കരച്ചില്‍ മാറുവെന്ന് പ്രതീക്ഷിച്ച് നില്‍ക്കുന്ന ആ അമ്മയുടെ അവസ്ഥയും, ആ ഫോട്ടോയില്‍ സുന്ദരനാവാന്‍ വേണ്ടി ഒരുങ്ങാന്‍ വന്ന എന്‍റെ അവസ്ഥയും ഒരു നിമിഷം എന്‍റെ മനതാരില്‍ വിളയാടി.
പഷ്ട്!!!
വെറുതേ ഫെയര്‍ ആന്‍റ്‌ ലൌലി ഇട്ട്.
വേണ്ടായിരുന്നു!!!
ഒടുവില്‍ ഫോട്ടോ എടുക്കാതെ എല്ലാവരും പിരിഞ്ഞു.പക്ഷേ ഒത്ത് കൂടിയ ഒരോരുത്തരുടെയും മനസ്സില്‍ ഒരായിരം ഫ്ലാഷ് മിന്നിയെന്ന് എനിക്ക് ഉറപ്പാണ്.ഒരോ നിമിഷങ്ങളും ഒരോ ഫ്രെയ്മായി മനസ്സില്‍ പതിഞ്ഞിരിക്കുന്നു.ഇനി ഒരു മീറ്റു വരെ മറിച്ച് നോക്കാനുള്ള നിറമാര്‍ന്ന സ്വപ്നങ്ങളുടെ ആല്‍ബം എന്‍റെ മനസ്സിലുമുണ്ട്.എങ്കിലും ഇറങ്ങിയപ്പോള്‍ മനസ്സിലൊരു നീറ്റല്‍, പ്രിയ സുഹൃത്തുക്കളെ പിരിയുന്നത് ഓര്‍ത്ത് മാത്രമല്ല, പ്രതീക്ഷിച്ച പലരും വരാത്തത് ഓര്‍ത്തും.പക്ഷേ ടെക്നോളജി വളരുന്ന ഈ കാലഘട്ടത്തില്‍ ഒരു സ്വപ്നമുണ്ട്, ഒരുനാള്‍, ഒരുനാള്‍, എല്ലാവരും വരും, സൌഹൃദങ്ങളിലേക്കും, ഓര്‍മ്മകളിലേക്കും ഊളിയിടാന്‍.
ഞാന്‍ കാത്തിരിക്കുന്നു...
ആ ഒരു നാളിനായി...

ഡയാനാ, നീ എവിടെയാ?


ആദ്യമേ പറയട്ടെ, ഈ കഥയിലെ കഥാപാത്രങ്ങള്‍ മിക്കവരും ജീവിച്ചിരിക്കുന്നവരാണ്, ഈ കഥയ്ക്ക് കാരണമായ ത്രെഡ് എന്‍റെ വ്യക്തി ജീവിതത്തില്‍ നിന്നുമാണ്, എന്നാല്‍ കഥ, അത് തികച്ചും സാങ്കല്‍പ്പികമാണ്.

ആലപ്പുഴയിലുള്ള ചെന്നിത്തലയിലെ നവോദയാ വിദ്യാലയത്തിലെ ആദ്യ ബാച്ചില്‍ ഒരുവനാണ്‌ ഞാന്‍.ആകെ എണ്‍പത് പേരായിരുന്നു ആ ബാച്ചില്‍ ഉണ്ടായിരുന്നത്.എന്‍റെ ബാച്ചില്‍ എനിക്ക് പ്രിയപ്പെട്ട ഒരു കൂട്ടുകാരി ഉണ്ടായിരുന്നു.
ഈ കൂട്ടുകാരിയാണ്‌ എന്‍റെ ഈ കഥയിലെ നായിക.
ഡയാന...
ഡയാനാ മാത്യൂ.

അഞ്ചാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ നവോദയയില്‍ പഠിക്കാന്‍ സൌകര്യമുണ്ട്, എന്നാല്‍ ഒമ്പതില്‍ ആയപ്പോഴേക്കും എനിക്ക് ആവശ്യത്തിനു വിവരമായെന്ന് അധ്യാപകര്‍ വീട്ടുകാരെ അറിയിച്ചു.അതോടെ നവോദയയില്‍ നിന്ന് മറ്റൊരു സ്ക്കൂളിലേക്ക് മാറ്റാന്‍ എന്‍റെ അച്ഛനും അമ്മയും നിര്‍ബന്ധിതരായി.ഈ സംഭവത്തിനു കുറച്ച് നാള്‍ മുമ്പാണ്‌ എന്‍റെ പ്രിയ കൂട്ടുകാരി ഡയാന ഒരു തെറ്റിദ്ധാരണയുടെ പേരില്‍ എന്നില്‍ നിന്ന് അകന്നത്.ആ സങ്കടം ഒരു വശത്ത്, പന്ത്രണ്ട് വരെ നവോദയയില്‍ പഠിക്കാന്‍ പറ്റാത്ത സങ്കടം മറുവശത്ത്, ഇത് കൂടാതെ മുന്നിലും പിന്നിലുമായി വേറെ കുറേ സങ്കടം കൂടി ഉണ്ടായിരുന്നു, അത് ഞാന്‍ ഓര്‍ക്കുന്നില്ല.

അങ്ങനെ സ്ക്കൂളില്‍ നിന്ന് പടിയിറങ്ങുന്ന ദിവസം...
എല്ലാ കൂട്ടുകാരോടും യാത്ര ചോദിച്ചു, പക്ഷേ ആ കൂട്ടത്തില്‍ ഡയാന ഇല്ല.മൈതാനത്തും ക്ലാസ്സ് മുറികളിലും അവളില്ല.പാറക്കല്ലിലും പച്ചതുരുത്തിലും അവളില്ല.
എന്‍റെ മനസ്സ് മന്ത്രിച്ചു...
ഡയാനാ, നീ എവിടെയാ??
അവള്‍ എങ്ങുമില്ല.
എല്ലായിടയും നോക്കി, ഇനി ലേഡീസ്സ് ഹോസ്റ്റലില്‍ കേറി മുറികളിലൊക്കെയേ നോക്കാനുള്ളു.ആ ത്യാഗത്തിനും ഞാന്‍ തയ്യാര്‍ ആയിരുന്നു, പക്ഷേ അത് വരെ ഉണ്ടാക്കിയെടുത്ത പേരു ദോഷത്തിനു മുകളില്‍ ഒരു പൊന്‍തൂവല്‍ കൂടി വയ്ക്കാന്‍ ചില സാറന്‍മാരു സമ്മതിച്ചില്ല.അതു കൊണ്ട് അച്ഛനും അമ്മക്കും ഒപ്പം സ്ക്കൂളിന്‍റെ ഗേറ്റ് കടന്നപ്പോള്‍ ഞാന്‍ ഒരിക്കല്‍ കൂടി ഒന്ന് തിരിഞ്ഞ് നോക്കി, കണ്ണില്‍ നിറഞ്ഞ് ഒഴുകിയ കണ്ണുനീര്‍ കാഴ്ചകളെ മറച്ചു.വലം കൈ കൊണ്ട് കണ്ണ്‌ തുടച്ച് നോക്കിയപ്പോ ഞാനൊരു സത്യം ​മനസ്സിലാക്കി, എന്നെ യാത്രയയക്കാന്‍ അവിടെങ്ങും ഒരു പട്ടിക്കുഞ്ഞ് പോലും ഇല്ല.നായകന്‍ നടന്ന് പോകുമ്പോള്‍ കൂട്ടുകാരെല്ലാം പിന്നില്‍ നിന്ന് കൈ വീശി കാണിക്കുന്നത് സിനിമയില്‍ മാത്രമേ ഉള്ളു എന്ന നഗ്നസത്യം അന്നാണ്‌ എനിക്ക് മനസ്സിലായത്.
പുല്ല്!!!
തിരിഞ്ഞ് നോക്കണ്ടായിരുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞു, ഞാന്‍ വളര്‍ന്നു, ഒപ്പം എന്‍റെ മനസ്സിലെ പഴയ ഓര്‍മ്മകളും.പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞു നവോദയയിലെ കൂട്ടുകാര്‍ പല വഴിക്ക് പിരിഞ്ഞു.പിന്നീട് എപ്പോഴോ അവരൊരു ഗെറ്റ് റ്റുഗദറിനു പ്ലാനിട്ടപ്പോള്‍ അവര്‍ എന്നെയും വിളിച്ചു.
"ഹലോ, അരുണല്ലേ?"
ലാന്‍ഡ് ഫോണിലേക്ക് പതിവില്ലാത്ത ഒരു സ്ത്രീ സ്വരം കേട്ടപ്പോള്‍ മനസ്സിലൊരു തരി തരിപ്പ്.സാധാരണ ഞാന്‍ അങ്ങോട്ട് വിളിച്ചാല്‍ പോലും പെണ്‍കുട്ടികള്‍ ഫോണെടുക്കാത്ത ആ കാലത്ത്, ഒരുത്തി ദേ ഇങ്ങോട്ട് വിളിക്കുന്നു.
ഗമ ഒട്ടും കുറച്ചില്ല:
"യെസ്സ്, അരുണ്‍ സ്പീക്കിംഗ്!!!"
"എടാ, ഞാന്‍ സ്മിതയാടാ, മ്മടെ ഗെറ്റുഗദറുണ്ട്, നീ വരണം ട്ടോ"
ഒരു ചാളമേരി ടൈപ്പ് സംസാരം.എങ്കിലും ഏത് സ്മിത എന്നോ, ആരുടെ ഗെറ്റുഗദറെന്നോ ചോദിക്കേണ്ടി വന്നില്ല, എനിക്ക് എല്ലാം മനസ്സിലായി.
ഞാന്‍ ശബ്ദം താഴ്ത്തി രഹസ്യമായി ചോദിച്ചു:
"അവള്‍ വരുമോ, ഡയാന"
അത് കേട്ടതും അതിലും ശബ്ദം താഴ്ത്തി സ്മിത പറഞ്ഞു:
"അതൊക്കെ പഴയ കാര്യമല്ലേ അരുണേ. ദേ ഒരു കാര്യം, നീ ഇപ്പോഴും അവളെ പറ്റി തിരക്കുന്നെന്ന് നമ്മുടെ കൂട്ടുകാരോട് നീ പറയരുത്, മോശമാ, മനസ്സിലായോ?"
മനസ്സിലായി, മനസ്സിലായി, എല്ലാം മനസ്സിലായി!!
അവളുടെ ഉപദേശം ഞാന്‍ ശിരസ്സാ വഹിച്ചു, ഡയാനയെ പറ്റി തിരക്കുന്നത് ഞാന്‍ ആരോടും പറഞ്ഞില്ല.പക്ഷേ അവളുണ്ടല്ലോ, ആ സ്മിത, അവള്‍ അന്ന് രാത്രി തന്നെ ആലപ്പുഴ ജില്ലയുടെ ഡയറക്ടറി നോക്കി എല്ലാ ലവന്‍മാരെയും ലവളുമാരെയും വിളിച്ച് പറഞ്ഞു...
അറിഞ്ഞോ, നമ്മുടെ അരുണ്‍, എന്നോട് ചോദിക്കുവാ, ഡയാന വരുമോന്ന്???
എന്നാല്‍ ഇവള്‌ ഡയാനയോട് മാത്രം അത് പറഞ്ഞുമില്ല, അന്ന് അവള്‍ അതൊന്ന് പറഞ്ഞിരുന്നെങ്കില്‍, ഡയാന ഒന്ന് അറിഞ്ഞിരുന്നെങ്കില്‍.....
വേണ്ടാ, എന്തിനാ വെറുതെ ചത്ത കുഞ്ഞിന്‍റെ ജാതകം നോക്കുന്നത്.
എന്തായാലും ആ മീറ്റിംഗ് അങ്ങനെ കഴിഞ്ഞു, ഡയാന വന്നില്ല.
വീണ്ടും മനസ്സ് മന്ത്രിച്ചു...
ഡയാനാ, നീ എവിടെയാ??

ഡയാനയെ പറ്റി അറിയാനുള്ള എന്‍റെ വഴികളെല്ലാം അടഞ്ഞു, ഓര്‍ക്കുട്ടിലും ഫെയ്സ്സ് ബുക്കിലും അവളില്ല.കൂട്ടുകാരോട് ചോദിച്ചാല്‍ കളിയാക്കി കൊല്ലും, അതുകൊണ്ട് ആ സാഹസത്തിനും മുതിര്‍ന്നില്ല.ഒരിക്കല്‍ കൂടെ പഠിച്ച അനീഷിനെ കണ്ടപ്പോള്‍ അവന്‍ ഡയാന ഒഴികെ കൂടെ പഠിച്ച എല്ലാവരെ പറ്റിയും എന്നോട് പറഞ്ഞു, ഒരോരുത്തരെ പറ്റി പറയുമ്പോഴും ഞാന്‍ കരുതും അടുത്തത് ഇവന്‍ ഡയാനയെ പറ്റി പറയുമായിരിക്കും.
എവിടെ??
കോശി, രമ്യ, റീന, ബിനു, ബ്രിജേഷ്...
അവന്‍റെ ലിസ്റ്റ് ഇങ്ങനെ നീണ്ട് നീണ്ട് പോയി.
ഡയാന ഒഴികെ എല്ലാവരെ പറ്റിയും പറഞ്ഞ് കഴിഞ്ഞ്, ഇനി എന്ത് പറയാന്‍ എന്ന അര്‍ത്ഥത്തില്‍ അവന്‍ നിശബ്ദനായപ്പോ, ഞാന്‍ ദയനീയമായി ചോദിച്ചു:
"ബാക്കി ഉള്ളവരൊക്കെ എന്ത് പറയുന്നു?"
അത് കേള്‍ക്കെ എന്‍റെ മുഖത്തേക്ക് നിസംഗഭാവത്തില്‍ നോക്കിയട്ട് അവന്‍ ചോദിക്കും:
"ബാക്കി ആര്? ഇനിയുള്ളത് നീയും ഞാനുമാ."
കോപ്പ്.
ഇവന്‍റെ നാക്ക് പിഴുത് ചൂടുവെള്ളത്തില്‍ കൊണ്ട് മുക്കി വയ്ക്കണം.

കഥ ഇന്നത്തെ കാലഘട്ടത്തിലെത്തി, വയസ്സ് മുപ്പത്തിയാറായി.സ്വന്തമെന്ന് പറയാന്‍ ചിലരൊക്കെ ജീവിതത്തിലേക്ക് കടന്ന് വന്നു.ഡയാനാ മാത്യൂ, അവള്‍ എവിടെയാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ലാരുന്നു.ജീവിതത്തില്‍ ഈ പ്രഹേളികയ്ക്ക് ഉള്ള ഉത്തരം കിട്ടില്ലെന്ന് എന്‍റെ മനസ്സ് എന്നോട് പറഞ്ഞു തുടങ്ങി.ഞാനും ആ സത്യം പൂര്‍ണ്ണമായി മനസ്സിലാക്കി.
അങ്ങനെയിരിക്കെ ഒരു ദിവസം.
എനിക്ക് ഒരു ഫോണ്‍, ഫോണെടുത്തപ്പോ മനസിലായി, ഹാസിം ആണ്, കൂടെ പഠിച്ച ഒരു കൂട്ടുകാരനാണ്.രണ്ട് കാര്യം പറയാനാണ്‌ അവന്‍ വിളിച്ചത്, ഒന്ന്, ആദ്യ ബാച്ചിന്‍റെ ഒരു വാട്ട്സ്സ് അപ്പ് ഗ്രൂപ്പ് ഉണ്ടെന്നും അതിലേക്ക് എന്നെ ആഡ് ചെയ്യുന്നെന്നതുമാണ്.രണ്ട്, വരുന്ന ഞയറാഴ്ച ആലപ്പുഴയില്‍ ഒരു ഗെറ്റ് റ്റുഗദര്‍ ഉണ്ടെന്നാതുമാണ്.അങ്ങനെ വാട്ട്സ്സ് അപ്പ് ഗ്രൂപ്പില്‍ ഞാനും മെമ്പറായി.കുറേ പേര്‍ വെല്‍ക്കം പറയുന്നു, കുറേ പേര്‍ തൊഴുതു കാണിക്കുന്നു, വേറെ കുറെയെണ്ണം സലാം പറയുന്നു.
ആകെ ജഗപുഗ.
അന്ന് രാത്രി, കൃത്യമായി പറഞ്ഞാല്‍ ഒരു പതിനൊന്നെര കഴിഞ്ഞ് കാണും.വാട്ട്സ്സ് അപ്പ് ഗ്രൂപ്പില്‍ വെല്‍ക്കം പറഞ്ഞവര്‍ക്കെല്ലാം താങ്ക്സ്സ് പറഞ്ഞ് ആകെ ക്ഷീണിതനായി ഞാന്‍ ഇങ്ങനെ ഇരിക്കുകയാണ്.അപ്പോള്‍ ആ ഗ്രൂപ്പില്‍ ഒരു ഫോര്‍വേര്‍ഡ് മെസ്സേജ് വന്നു, പ്രധാനമന്ത്രി കാഷ്‌ലെസ്സ് എന്ന് പറഞ്ഞപ്പോ കേട്ടത് എ.ടി.എം മാത്രമാണെന്നാണ്‌ ആ മെസ്സേജ്.ആ മെസ്സേജിനു മുകളില്‍ ഒരു നമ്പറും അതിനു സമീപമായി അത് അയച്ച ആളിന്‍റെ പേരും...
~Dayana Mathew
യെസ്സ്, ഡയാനാ മാത്യൂ!!!!
എന്‍റെ നെഞ്ചിലൊരു പടപടപ്പ്, ആകെ ഒരു തരിതരിപ്പ്, കൈയ്യും കാലും വിറക്കുന്ന പോലെ, ദേ അവള്‍, പഴയ കളിക്കൂട്ടുകാരി, ഡയാന, ഡയാനാ മാത്യൂ.
ഹോ മൈ ഗോഡ്!!!
ആകെ പരവശം, അടുക്കളയിലേക്ക് ഓടി പോയി ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചു, ജനലില്‍ കൂടി പാതിരാത്രി വെളുത്ത കാക്ക വല്ലതും മലര്‍ന്ന് പറക്കുന്നുണ്ടോന്ന് നോക്കി..
നോ, നതിംഗ്!!!
റൂമിലേക്ക് തിരിച്ച് ഓടി വന്ന് ആദ്യം തന്നെ ആ നമ്പര്‍ 'ഡയാനാ നവോദയ' എന്ന പേരില്‍ സേവ് ചെയ്തു.അപ്പോള്‍ തന്നെ അവളെ വിളിക്കാന്‍ ഫോണെടുത്തപ്പോഴാ സമയം ഒന്ന് നോക്കിയത്, മണി പന്ത്രണ്ട് ആകുന്നു.പാതിരാത്രിക്ക് ഒരു പെണ്ണിനെ വിളിച്ച് ഞാന്‍ നിന്‍റെ കളിക്കൂട്ടുകാരനാ എന്ന് പറയുന്നതില്‍ എന്തെങ്കിലും അസ്വഭാവികത ഉണ്ടോന്ന് ഒന്ന് ചിന്തിച്ചു.
എന്തോ ഒരു വശക്കേട്!!
ഇനി ഞാന്‍ ഓര്‍ക്കുന്ന പോലെ അവളെന്നെ ഓര്‍ക്കുന്നില്ലെങ്കില്‍ പണി പാളും.അവളുടെ കെട്ടിയോന്‍ വല്ല പോലീസ്സുമാണെങ്കില്‍ കൂമ്പിനിടി ഉറപ്പാ.
ഇനി എന്നാ ചെയ്യും??
ദൈവമേ, ആലിന്‍കായ് പഴുത്തപ്പോ കാക്കക്ക് വായില്‍ പുണ്ണെന്ന് പറഞ്ഞ പോലെ ആയല്ലോ!!!
ഒടുവില്‍ രാവിലെ അവള്‍ക്ക് വാട്ട്സ്സ് അപ്പില്‍ മെസ്സേജ് അയക്കാം എന്ന തീരുമാനത്തില്‍ ഞാന്‍ കിടന്ന് ഉറങ്ങി.

രാവിലെ എഴുന്നേറ്റു, ആദ്യം തന്നെ പല്ല്‌ തേച്ചു, മെസ്സേജ് അയക്കുമ്പോ അവള്‍ ഇങ്ങോട്ട് വിളിച്ചാല്‍ വായ്‌നാറ്റം അറിയരുത്.വാട്ട്സ്സ് അപ്പില്‍ നോക്കിയപ്പോള്‍ അവള്‍ ഓണ്‍ലൈന്‍.
ആദ്യം ഞാന്‍ ടൈപ്പ് ചെയ്തു...
ഹായ്.
ഹായ്.
മനസ്സിലായോ?
ഇല്ല.
ഗെറ്റ് റ്റു ഗദറിനു വരുമോ?
യെസ്സ്.
പ്രൊഫൈലില്‍ പടമെന്താ ഇടാത്തത്?
ഞാന്‍ ഈ ചോദ്യം ചോദിച്ചതും തിരിച്ച് അത്ര സുഖമല്ലാത്ത രീതിയില്‍ ഒരു ചിരി മാത്രം.ഞാന്‍ ആരെന്ന് അവളോട് പറയേണ്ട സമയം അടുത്തിരിക്കുന്നു.എനിക്കും അവള്‍ക്കും മാത്രം അറിയാവുന്ന ചില രഹസ്യങ്ങള്‍ (വല്ലാതെ അങ്ങ് തെറ്റിദ്ധരിക്കല്ലേ), അവ ചില കോഡ് ഭാഷയിലാക്കി ഞാന്‍ അയച്ചു കൊടുത്തു.അവള്‍ എല്ലാം കണ്ടെന്ന് രണ്ട് നീല ടിക്കുകള്‍ എന്നെ ബോധ്യപ്പെടുത്തി, അടുത്ത നിമിഷം അവള്‍ ഓഫ് ലൈനായി.
ശ്ശെ, നശിപ്പിച്ച്.
എട്ടുമണി ആയപ്പോ സ്മിതയുടെ ഫോണ്‍:
"എന്താടാ, നീ നന്നാവില്ലേ?"
ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ അവള്‍ ഫോണ്‍ കട്ട് ചെയ്തു.
എന്ത്??
പത്തരയായപ്പോ അനീഷിന്‍റെ ഫോണ്‍:
"അരുണേ.....ഉം...ഉം"
ആക്സിസ്സ് കൊണ്ട് കഴുത്ത് അറക്കുന്ന പോലെ ഒരു അരുണേ വിളിയും, കത്തി വച്ച് കുത്തുന്ന പോലെ രണ്ട് ഉം ഉമും.അവനും ഫോണ്‍ കട്ടാക്കി.
ശ്ശെടാ, എന്ത്??
എനിക്ക് ഒരു പിടിയും കിട്ടിയില്ല.
പിന്നെ ബാച്ചിലുള്ള പല അവന്‍മാരും വിളിച്ചു, ആരും കാര്യം വ്യക്തമാക്കാതെ വെറും ആക്കല്‍ മാത്രം.
ദൈവമേ, ഡയാന ചതിച്ചോ??
അതോ ഇനി അവള്‍ക്ക് എന്നെ മനസിലായില്ലേ??
രാത്രി സ്മിത ഒരിക്കല്‍ കൂടി വിളിച്ചു:
"അരുണേ, ഞയറാഴ്ച ഗെറ്റ് റ്റുഗദറിനു വരണം, ഒരു സര്‍പ്രൈസ്സുണ്ട്"
എന്‍റെ മനം നിറഞ്ഞു....
സര്‍പ്രൈസ്സ്!!!
അത് അവളാണ്....
ഡയാനാ, ഡയാനാ മാത്യൂ!!!

ഞയറാഴ്ച.
കഴിയുന്നത്ര ഒരുങ്ങി തന്നെയാണ്‌ ഗെറ്റുഗദറിനു ചെന്നത്.എല്ലാവരും ഓടി വന്ന് സ്നേഹം പുതുക്കി, അന്ന് ഫോണ്‍ ചെയ്തതിനെ പറ്റിയോ, അല്ലെങ്കില്‍ ഞാന്‍ സംശയിക്കുന്ന പോലെയോ അസ്വഭാവികമായി യാതൊന്നും ഇല്ല.
വെറുതെ പാവം ഡയാനയെ സംശയിച്ചു!!!
മീറ്റിംഗും ഈറ്റിംഗും പാരലലായി നടന്ന് കൊണ്ടിരുന്നു, ഞാന്‍ ചുറ്റും നോക്കി, എവിടെ?, ഡയാന എവിടെ?, എങ്ങും കാണാനില്ല.
കൊച്ചു കള്ളി, ഒളിച്ചു നില്‍ക്കുവാണെന്നാ തോന്നുന്നത്.
ഡയാനാ, നീ എവിടെയാണ്??
ഞാന്‍ ഇങ്ങനെ നോക്കി നില്‍ക്കെ പ്രായമായ ഒരു സ്ത്രീ വന്ന് എന്നെ രൂക്ഷമായൊന്ന് നോക്കിയട്ട് അങ്ങ് പോയി.
ആരാദ്??
അപ്പോ അടുത്തേക്ക് വന്ന സ്മിത എന്നോട് ചോദിച്ചു:
"അരുണേ, നീ ആരെയാ നോക്കുന്നത്?"
അവള്‍ക്ക് അറിയാം ഞാന്‍ ആരെയാ നോക്കുന്നത് എന്ന്, എന്നിട്ടും ചോദിച്ച കേട്ടില്ലേ...
ഞാന്‍ ആരെയാ നോക്കുന്നതെന്ന്???
മറുപടിയായി വായില്‍ വന്നത് മുഴുത്ത ഒരു വാചകമാ, പക്ഷേ പറഞ്ഞില്ല.പകരം പ്രായമായ ആ സ്ത്രീയെ ചൂണ്ടി ചോദിച്ചു:
"ആരാ അവര്?"
സ്മിത:
"അതാ സര്‍പ്രൈസ്സ്. നീ നവോദയില്‍ നിന്ന് പോയ ശേഷം ഞങ്ങളെ പഠിപ്പിക്കാന്‍ വന്ന മാഡമാ, ധന്യാ മാഡം"
ഒന്ന് നിര്‍ത്തിയട്ട് അവള്‍ പറഞ്ഞു:
"മാഡം നമ്മുടെ ഗ്രൂപ്പിലുണ്ട്, ധന്യാ മാത്യൂ എന്നാ മുഴുവന്‍ പേര്, നീ അന്ന് ചാറ്റ് അയച്ചത് ഈ മാഡത്തിനാ"
ദൈവമേ!!!!!
എന്താ ഇവളിപ്പോ പറഞ്ഞത്???
ഞാന്‍ എന്താ കേട്ടത്???
ധന്യാ മാത്യൂ...
~Dhanya Mathew
ഭൂമി രണ്ടായി പിളര്‍ന്ന് താഴോട്ട് പോണേന്ന് അങ്ങ് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച് പോയി.തല കറങ്ങി താഴെ വീഴാതിരിക്കാന്‍ അടുത്ത് കണ്ട കസേരയില്‍ മുറുകെ പിടിച്ചു.പിന്നില്‍ അവ്യക്തമായി സ്മിതയുടെ ശബ്ദം കേട്ടു:
"മേഡം അന്ന് തന്നെ ഞങ്ങളെ ഒക്കെ വിളിച്ച് ചോദിച്ചു, ഏതാ ഈ കൊരങ്ങനെന്ന്??"
പൂര്‍ത്തിയായി!!!
മുറുകെ പിടിച്ച് നിന്ന കസേരയിലേക്ക് പതിയെ ഇരുന്നു.കുട്ടുകാര്‍ ഒരോരുത്തരായി വന്ന് എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് പോയി.ഞാന്‍ ചിരിക്കുവാരുന്നോ അതോ ബോധം കെട്ട് ഇരിക്കുവാരുന്നോ എന്ന് എനിക്ക് നല്ല ഓര്‍മ്മയില്ല.കുറച്ച് കഴിഞ്ഞപ്പോ ആ മാഡം എന്‍റെ അടുത്ത് വന്നു ചോദിച്ചു:
"നവോദയയില്‍ ഒക്കെ പഠിച്ചതല്ലേ, സ്വല്പം ബോധമോക്കെ വേണ്ടേ?"
വേണം, അത് തീര്‍ച്ചയായും വേണം.
ഞാന്‍ സമ്മതിക്കുന്ന രീതിയില്‍ തല കുലുക്കി.

അന്ന് രാത്രി ഇതെല്ലാം ആലോചിച്ച് കിടക്കവേ ഒരു മെസ്സേജ്...
അരുണ്‍, ഇത് ഞാനാ, ഡയാനാ.സംഭവിച്ചതെല്ലാം സ്മിത വിളിച്ച് പറഞ്ഞാരുന്നു.പണ്ട് നീ യാത്ര പറയാന്‍ വന്നപ്പോ മൈന്‍ഡ് ചെയ്യാത്ത കൊണ്ട് നീ എന്നോട് ദേഷ്യത്തിലാണെന്ന് കരുതിയാ എല്ലാരോടും നിന്നോട് എന്നെ കുറിച്ച് പറയരുതെന്ന് പറഞ്ഞത്.സോറീ ഡാ.
വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ട് നടന്ന ഒരു മഞ്ഞു മല ഒരു നിമിഷം കൊണ്ട് ഉരുകി.
ഞാന്‍ തിരിച്ച് മെസ്സേജ് അയച്ച് ചോദിച്ചു...
ഡയാനാ, നീ എവിടെയാ?
ഒറ്റവാക്കില്‍ മറുപടി വന്നു...
ബാംഗ്ലൂര്‍.
കൂടുതലൊന്നും ചോദിച്ചില്ല, മൊബൈല്‍ ഓഫ് ചെയ്തിട്ട്, കട്ടിലില്‍ ഭിത്തിയേല്‍ ചാരി ഇരുന്ന് പഴയ കാലത്തേക്ക് സഞ്ചരിക്കാനായി മനസ്സിനെ തുറന്ന് വിട്ടു.
ഇപ്പോ എനിക്ക് കാണാം...
നിറ കണ്ണുകളോടെ സ്ക്കൂളിന്‍റെ പടി ഇറങ്ങിയപ്പോള്‍ പുറകില്‍ നിന്ന് കൈ വീശി കാണിച്ച കൂട്ടുകാരേ, അവര്‍ക്കു നടുവില്‍ എന്നെങ്കിലും വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ കൈ വീശി അവളും നില്‍പ്പുണ്ടായിരുന്നു, എന്‍റെ പ്രിയ കൂട്ടുകാരി, ഡയാനാ, ഡയാനാ മാത്യൂ.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com