For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

മൂന്നാമത്തെ ചോദ്യം


"ഒരു പ്രേത കഥയായി എനിക്ക് ഇത് പറയാന്‍ പറ്റില്ല, എന്നാ ഇതില്‍ പ്രേതമുണ്ട്.ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത് ഒരു വെറും കഥയല്ല, എന്‍റെ അനുഭവമാ"

ഇത്രയും പറഞ്ഞ ശേഷം ഞാന്‍ അവന്‍റെ മുഖത്തേക്ക് നോക്കി, അവനു അറിയാനുള്ള ആകാംക്ഷയുണ്ട്, അല്ല അത് വേണം, അതാണല്ലോ അവന്‍റെ പണി.പ്രേതങ്ങളെ പറ്റി ഡോക്യുമെന്‍ററി ഉണ്ടാക്കുക, അതിനായി എന്ത് സാഹസം കാണിക്കാനും അവന്‍ ഒരുക്കമാണ്.അതു കൊണ്ടാണല്ലോ ഈ സന്ധ്യാ നേരത്ത് ഒരിക്കല്‍ കൂടി (ശരിക്ക് പറഞ്ഞാല്‍ മൂന്നാം തവണ) എനിക്ക് ഇവിടെ വരേണ്ടി വന്നത്.
ഇവിടെ എന്നത് കൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത് ഈ എസ്റ്റേറ്റിനെയാണ്...
വാഷിംഗ്ടണ്‍ വില്ല എന്ന ഈ എസ്റ്റേറ്റിനെ.
ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ ഇവിടുത്തെ ഈ പ്രേത ബംഗ്ലാവിനെ...
അവളുടെ ആത്മാവ് അലഞ്ഞ് തിരിയുന്ന ഈ ബംഗ്ലാവ്...
റോസ്സ് ജാസ്മിന്‍!!!

1994 ജൂണ്‍ മാസത്തിലെ ഒരു വെള്ളിയാഴ്ച.
അന്നായിരുന്നു കൃത്യം ഒരു വര്‍ഷത്തിനു ശേഷം ഞാന്‍ ദേവാലയില്‍ എത്തിയത്.
(എന്‍റെ രണ്ടാമത്തെ വരവ്)

ദേവാല.
സൌത്ത് ഇന്ത്യയിലെ ചിറാപുഞ്ചി!!
മഴക്കാലമായാല്‍ പിന്നെ പറയേണ്ടാ, എന്താ കാറ്റ്, എന്താ മഴ.ചേരമ്പാടി കഴിഞ്ഞ് പന്തല്ലൂര്‍ എത്തിയപ്പോള്‍ തന്നെ ബസ്സിലിരുന്ന് ആരൊക്കെയോ മഴയുടെ ശക്തിയെ പറ്റി വര്‍ണ്ണിക്കുന്നത് കേട്ടു.ആദ്യമായിട്ടല്ല ഞാന്‍ ഇങ്ങോട്ട് വരുന്നത്, ഒരു വര്‍ഷം മുമ്പ്, അതായത് 1993 ലെ ജൂണ്‍ മാസത്തില്‍ ഞാന്‍ ഇവിടെ ഉണ്ടായിരുന്നു, അന്ന് കണ്ടതാണ്‌ മഴയുടെ ശക്തി.അറബിക്കടലിലെ വെള്ളം മുഴുവനും തണുത്ത് ഉറഞ്ഞ് ദേവാലയുടെ മുകളില്‍ വര്‍ഷിക്കുന്നത് പോലെ.

അന്നത്തെ വരവിനു ദേവാലയില്‍ ഇറങ്ങിയ എന്നെ കാത്ത് വഴിയില്‍ ചാമി നില്‍പ്പുണ്ടായിരുന്നു, അയാളാണ്‌ എനിക്ക് ബംഗ്ലാവിലേക്കുള്ള വഴി കാട്ടിയത്.വളരെ വിചിത്രമായ പെരുമാറ്റമായിരുന്നു ചാമിയുടെത്, ചില നേരം ഈ എസ്റ്റേറ്റിന്‍റെ ഉടമ അയാളാണെന്ന് തോന്നി പോകും.ആറടി ഉയരവും, വസൂരിക്കലയുള്ള മുഖവും, ഇടത്തെ കണ്ണിലെ വെളുത്ത കൃഷ്ണമണിയും ആരെയും ഭയപ്പെടുത്തുന്നതായിരുന്നു.തോട്ടം പണിക്ക് വന്ന ഏതോ കന്നടക്കാരിക്ക് കിട്ടിയ സമ്മാനമാണ്‌ ചാമി, പക്ഷേ വളര്‍ത്തിയത് തമിഴത്തി മാരിയാണ്, അത് കൊണ്ട് തന്നെ ചാമി പറയുന്നത് താനൊരു തമിഴനാണെന്നാണ്.

ദേവാലയില്‍ നിന്ന് കുറേ നടന്നാല്‍ മാത്രമേ എസ്റ്റേറ്റില്‍ എത്തുകയുള്ളു, ഈ നാട്ടുകാര്‍ക്ക് അല്ലാതെ അധികമാര്‍ക്കും ഇങ്ങനൊരു എസ്റ്റേറ്റിനെ കുറിച്ച് അറിവുള്ളതായി തോന്നുന്നില്ല.എസ്റ്റേറ്റില്‍ കൂടി ഒരു രണ്ട് കിലോമീറ്ററില്‍ കൂടുതല്‍ നടന്നാല്‍ ബംഗ്ലാവായി.ചെറിയൊരു കുന്നിന്‍ മുകളില്‍ നില്‍ക്കുന്ന ആ ബംഗ്ലാവിനു നേരെ ഒരു അഞ്ഞൂറ്‌ മീറ്റര്‍ മുന്നിലായി ഒരു ചൂണ്ടുപലകയുണ്ട്, ആ ബംഗ്ലാവിന്‍റെ പേര്‌ ആകെ എഴുതി വച്ചിരുന്നത് അതിലായിരുന്നു...
റോസ്സ് ജാസ്മിന്‍!!!

ഇക്കുറി ചാമിക്ക് പകരം മരതകമാണ്‌ എനിക്ക് സഹായി ആയി വന്നത്.ആ വലിയ ഗേറ്റിനു മുന്നിലെത്തിയപ്പോള്‍ മരതകം നിന്നു, സമയം രാത്രി ആകുന്നു.എനിക്കറിയാം ഇനി മരതകം അകത്തേക്ക് വരില്ല, മരതകം മാത്രമല്ല, അലറി കരഞ്ഞാല്‍ പോലും ആരും അകത്തേക്ക് വരില്ല.കാരണം ആ ആത്മാവ് ഇവിടെയുണ്ട്, ഈ പരിസരത്ത്, ഈ ബംഗ്ലാവില്‍, ഇവിടെ എവിടെയോ....
അവള്‍...
ജാസ്മിന്‍.

കതക് തുറന്ന് ബംഗ്ലാവിലേക്ക് കയറുന്നതിനു മുന്നേ മരതകം സ്ഥലം വിട്ടായിരുന്നു.അകത്ത് കയറിയ ഉടനെ എന്‍റെ നോട്ടം ചെന്നത് ഇടത് വശത്തുള്ള ഡൈനിംഗ് ടേബിളിലേക്കായിരുന്നു.കാരണം ഒരു വര്‍ഷം മുമ്പ് ഞാന്‍ അവിടുന്ന് തിരിച്ച് പോകാന്‍ ഒരുങ്ങിയ ആ വെള്ളിയാഴ്ച രാത്രിയില്‍ ആ ഡൈനിംഗ് ടേബിളിലായിരുന്നു അവള്‍ക്കായി അവര്‍ ആഹാരം ഒരുക്കിയത്, അപ്പവും ചിക്കന്‍ കറിയും, പിന്നെ സ്ഫടിക ഗ്ലാസ്സില്‍ ചുവന്ന രക്തം പോലെ വൈനും.

അന്ന്...
ആ രാത്രിയില്‍...
എനിക്ക് അതൊരു പുതുമയായിരുന്നു.കാരണം ഒരു മാസമായി ഞാന്‍ ഇവിടെ താമസിക്കുന്നു, പക്ഷേ അന്ന് മാത്രം ഒരു പ്രത്യേകത ഉണ്ടായിരുന്നു.

ചിക്മണ്ടൂറിലെ ട്രെയിനിംഗിനു ശേഷം എനിക്ക് കിട്ടിയ ആദ്യത്തെ ജോലിയായിരുന്നു വാഷിംഗ്ടണ്‍ വില്ല എസ്റ്റേറ്റിലേക്ക് ഒരു പ്ലാന്‍റെഷന്‍ സോഫ്റ്റ് വെയറിന്‍റെ ഇന്‍സ്റ്റാലേഷന്‍.ട്രെയിനിംഗ് കഴിഞ്ഞതിന്‍റെ ആവേശം ഒരു വശത്ത്, സോഫ്റ്റ് വെയര്‍ എന്ന് കേട്ടുകേള്‍വി ഇല്ലാത്ത ആ കാലത്ത് ഒരു കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍ക്ക് കിട്ടാവുന്ന പരിഗണനയെ കുറിച്ചുള്ള സ്വപ്നങ്ങള്‍ മറുഭാഗത്ത്.അങ്ങനെയാണ്‌ ഞാന്‍ ഇവിടെ എത്തിയത്.

അന്നും എന്തിനും ഏതിനും ചാമിയുണ്ടായിരുന്നു, പക്ഷേ രാത്രിയായാല്‍ ചാമി ബംഗ്ലാവിലേക്ക് കയറില്ല, ഗേറ്റ് വരെ മാത്രം.
തിരക്കിട്ട ദിവസങ്ങള്‍...
എസ്റ്റേറ്റിലെ പണി എല്ലാം കഴിഞ്ഞ് രാത്രി എപ്പോഴോ ബംഗ്ലാവിലെത്തും, പിന്നെ വിയര്‍ത്ത് ഒലിച്ച ദേഹവുമായി ഒറ്റ കിടപ്പാണ്, രാവിലെ ചാമിയുടെ വിളിയാണ്‌ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തുന്നത്.അതിലും ഒരു തമാശയുണ്ട്, ആദ്യ ദിനം ക്ഷീണം കാരണം നന്നായി ഉറങ്ങി, ചാമി വിളിച്ചപ്പോള്‍ ഞാന്‍ എഴുന്നേറ്റില്ല, പിന്നെ ആരുടെയൊക്കെയോ ശബ്ദം കേട്ടാണ്‌ ഉണര്‍ന്നത്.കതക് തുറന്ന് നോക്കിയപ്പോള്‍ ആ നാട്ടുകാരെല്ലാം മുന്നിലുണ്ട്.എന്നെ കണ്ടതും അത്ഭുതം കൊണ്ട് ചാമി വിളിച്ച് കൂവി:
"കടവുളേ, അവര്‍ ഉയിരോടിറുക്ക്"
ഞാന്‍ മരിച്ചില്ലെന്ന്!!!

ദിവസങ്ങള്‍ കടന്ന് പോകവേ എനിക്ക് ഒരു കാര്യം മനസ്സിലായി, റോസ്സ് ജാസ്മിന്‍ എന്ന ബംഗ്ലാവിനെ ചുറ്റി പറ്റി എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്.ഒരു മാസമായി അവിടെ താമസിക്കുന്ന ഞാന്‍ ജീവിച്ചിരിക്കുന്നത് തന്നെ നാട്ടുകാര്‍ക്കെല്ലാം ഒരു അത്ഭുതമാണ്, യുക്തിവാദം തലക്ക് പിടിച്ച സമയമായത് കൊണ്ട് എനിക്ക് അതെല്ലാം ഒരു രസമായിരുന്നു.പക്ഷേ അന്ന്...
ആ രാത്രിയില്‍...

അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു.
അന്ന് വൈകുന്നേരമായപ്പോഴേക്കും വാഷിംഗ്ടണ്‍ വില്ലയിലെ എന്‍റെ ജോലി തീര്‍ന്നു.ഇന്ന് തന്നെ നാട്ടിലേക്ക് പോകുകയാണെന്ന് ചാമിയോട് പറഞ്ഞിട്ട് ഞാന്‍ ബംഗ്ലാവിലേക്ക് പോയി.രാത്രിയോട് കൂടി കല്‍പ്പറ്റയിലുള്ള ഒരു സുഹൃത്ത് ജീപ്പുമായി ദേവാലയില്‍ വരാമെന്ന് ഏറ്റിട്ടുണ്ട്, അത് കൊണ്ട് സന്ധ്യ വരെ ഞാന്‍ കിടന്ന് ഉറങ്ങി, പിന്നെ കുളിച്ച് ഒരുങ്ങി മുറിയിലിരുന്ന് ബാഗ് അടുക്കി വച്ചപ്പൊഴേക്കും രാത്രിയായി.സമയം കടന്ന് പോകുന്നു, എനിക്കാണെങ്കില്‍ നല്ല വിശപ്പും, ഞാന്‍ ബാഗുമായി ഹാളിലെത്തി.അപ്പോഴാണ്‌ ആ കാഴ്ച കണ്ടത്...

ഡൈനിംഗ് ടേബിള്‍ നന്നായി ഒരുക്കി വച്ചിരിക്കുന്നു, അതില്‍ ഒരു പ്ലേറ്റില്‍ അപ്പവും ചിക്കന്‍ കറിയും, പിന്നെ വൈനും.കണ്ടത് സ്വപ്നമാണോന്ന് അറിയാന്‍ ഞാന്‍ തലയൊന്ന് വെട്ടിച്ച് നോക്കി, അല്ല, സത്യം.
പരമമായ സത്യം!!!
എന്തായിത്??
പെട്ടന്നാണ്‌ എന്നെ ഞെട്ടിച്ച് കൊണ്ട് ഒരു സ്ത്രീയുടെ അലര്‍ച്ച അവിടെ മുഴങ്ങിയത്....
"ഹെല്‍പ്പ് മീ...ഹെല്‍പ്പ് മീ"
ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ ഞാനൊന്ന് പകച്ചു, അടുത്ത നിമിഷം ആ ശബ്ദം കേട്ടിടത്തേക്ക് ഓടി.അവിടെ ഒരു മുറിയില്‍ ഒരു മദാമ്മയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന പ്രാകൃത രൂപത്തിലുള്ള രണ്ട് പേര്‍.അവരെ തടയാന്‍ മുന്നിലേക്ക് കുതിച്ച എനിക്ക് തടസ്സമായി ആറ്‌ അടിയിലധികം ഉയരമുള്ള ഒരു സായിപ്പ് പ്രത്യക്ഷനായി.ഓര്‍ക്കാപ്പുറത്ത് അങ്ങനൊരു മനുഷ്യനെ കണ്ട് പതറി പോയ എന്നെ പിന്നില്‍ നിന്ന് ബലിഷ്ടമായ രണ്ട് കൈകള്‍ വരിഞ്ഞ് മുറുക്കി.അടുത്ത നിമിഷം ഞാന്‍ പുറത്തേക്ക് വലിച്ച് ഇഴക്കപ്പെട്ടു.ബംഗ്ലാവിനു വെളിയിലേക്ക് എന്നെ തള്ളിയ ആ മനുഷ്യന്‍ ഒരു മഫ്ളര്‍ കൊണ്ട് മുഖം മൂടിയിരുന്നു.എങ്കിലും ആ കതക് അടയുന്നതിനു മുമ്പ് ഞെട്ടലോടെ ഞാനൊരു കാര്യം മനസ്സിലാക്കി, ആ മനുഷ്യന്‍റെ ഇടത്തേ കണ്ണിലെ കൃഷ്ണമണി വെളുത്തതായിരുന്നു.
മനസ്സ് മന്ത്രിച്ചു...
ചാമി!!!

ഒരിക്കല്‍ കൂടി അകത്തേക്ക് ഇടിച്ച് കയറാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.ചാമിയടക്കം കരുത്തന്‍മാരായ നാല്‌ പേരോട് ഏറ്റുമുട്ടാന്‍ ഞാന്‍ ആളല്ല, അത് കൊണ്ട് ബാഗുമെടുത്ത് വിങ്ങുന്ന മനസ്സോടെ പുറത്തേക്ക് നടന്നു.ഗേറ്റ് അടുക്കാറായപ്പോള്‍ ഒന്ന് തിരിഞ്ഞ് നോക്കി, അപ്പോ ഞാനൊരു കാഴ്ച കണ്ടു, വളരെ വിചിത്രമായ കാഴ്ച...
അവിടെ ഡൈനിംഗ് ടേബിളില്‍ ആ മാദാമ്മ ഇരിക്കുന്നു.അവള്‍ ആസ്വദിച്ച് വൈന്‍ നുകരുകയാണ്, മുന്നിലിരിക്കുന്ന അപ്പമോ ചിക്കനോ കണ്ട ഭാവമില്ല, വൈന്‍ മാത്രം കുടിച്ച് കൊണ്ടിരിക്കുന്നു.ചാമിയോ, സായിപ്പോ, പ്രാകൃതരായ രൂപങ്ങളോ ഒന്നും അവിടെ ഉണ്ടായിരുന്നുല്ല.എന്‍റെ പെരുവിരലില്‍ നിന്നും ഒരു തരിപ്പ്‌ മുകളിലേക്ക് കയറി, ഭയമെന്തെന്ന് ഞാന്‍ അറിഞ്ഞു, അലറിക്കരഞ്ഞ് കൊണ്ട് ഞാന്‍ ഓടി...
ദേവാലയിലേക്ക്.

ഒരിക്കലും ഇങ്ങോട്ട് വരില്ലെന്ന് അന്ന് തീരുമാനിച്ചതാണ്,  പക്ഷേ ജോലിയുടെ ഭാഗമായി രണ്ടാം തവണയും എനിക്ക് വരേണ്ടി വന്നു.അതിനുള്ള ധൈര്യം തന്നത് മറ്റാരുമായിരുന്നില്ല, ചാമി തന്നെയായിരുന്നു.മരിക്കുന്നതിനു മുമ്പ് അവന്‍ എന്നെ തേടി വന്നു, ചെയ്ത് പോയ തെറ്റിനു എന്‍റെ മുന്നിലിരുന്നു കുറേ കരഞ്ഞു.പിന്നെ ഒന്നും മിണ്ടാതെ അയാള്‍ നടന്ന് നീങ്ങി, അകലേക്ക്....

രണ്ടാം തവണ ദേവാലയില്‍ വന്നിറങ്ങിയപ്പോ ചാമിയെ ഞാന്‍ പ്രതീക്ഷിച്ചിരുന്നു.പകരം കറുത്ത് കൊലുന്നനെയുള്ള ഒരു പയ്യനാണ്‌ മുന്നില്‍ വന്നത്.
അവന്‍റെ എന്‍റെ ബാഗ് എടുത്തു കൊണ്ട് സ്വയം പരിചയപ്പെടുത്തി:
"മരതകം"
എന്‍റെ കണ്ണുകള്‍ ചാമിയെ ആയിരുന്നു തിരഞ്ഞത്.അത് മനസ്സിലാകാതെ നിന്ന് അവനോട് ഞാന്‍ ചോദിച്ചു:
"ചാമി?"
"പോച്ച്"
ഇത്രയും പറഞ്ഞിട്ട് ബാഗുമായി മരതകം എന്‍റെ കൂടെ നടന്നു.ചാമി എങ്ങനെയാണ്‌ മരിച്ചതെന്ന് ഞാന്‍ തിരക്കിയില്ല, എന്തു കൊണ്ടെന്നാല്‍ അതിന്‍റെ കാരണം എനിക്ക് അറിയാമായിരുന്നു.

ബംഗ്ലാവില്‍ എത്തിയ ഞാന്‍ ബാഗ് മേശപ്പുറത്ത് വച്ചിട്ട് നന്നായി ഒന്നു കുളിച്ചു.അതോടു കൂടി ശരീരവും മനസ്സും ഒന്നു തണുത്തു.പിന്നെ കഴിഞ്ഞ വരവിനു ആ പെണ്‍കുട്ടി അലറിക്കരഞ്ഞ മുറിയിലേക്ക് നടന്നു.ഇപ്പോ എനിക്കറിയാം, ഈ മുറിയില്‍ വച്ചാണ്‌ ജാസ്മിനെ ആ പ്രാകൃത രൂപികള്‍ മൃഗീയമായി നശിപ്പിച്ചത്.ഒരു ദീര്‍ഘനിശ്വാസം എന്നില്‍ നിന്ന് അറിയാതെ പുറപ്പെട്ടു.ഞാന്‍ തിരികെ ഹാളിലെത്ത്, എന്നിട്ട് അവിടെ കണ്ട ഒരു ചാരുകസേരയില്‍ ഇരുപ്പ് ഉറപ്പിച്ചു.

എനിക്ക് നൂറുശതമാനം ഉറപ്പാണ്, ഞാന്‍ ഉറങ്ങിയിരുന്നില്ല.പുറത്ത് മഴ ശക്തമായി പെയ്യുന്ന ശബ്ദം കേള്‍ക്കാം.പെട്ടന്നാണ്‌ ജനലിലൂടെ ഏതോ ഒരു രൂപം അകത്തേക്ക് പ്രവേശിച്ചത്, അത് എന്‍റെ നേരെ പതിയെ അടുത്തു കൊണ്ടിരുന്നു.ചാടി എഴുന്നേല്‍ക്കാന്‍ ഞാനൊന്ന് ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല.അതെന്‍റെ ശരീരത്തിലേക്ക് അമരുന്നതായി എനിക്ക് അനുഭവപ്പെട്ടു, ഞെട്ടലോടെ ഞാന്‍ മനസ്സിലാക്കി, അത് അവളാണ്‌, ജാസ്മിന്‍.എന്‍റെ കഴുത്തില്‍ പിടി മുറുകിയിരിക്കുന്നു, ശ്വാസം കിട്ടുന്നില്ല, ഞാന്‍ കൈകാലിട്ടടിച്ചു, അലറിക്കരയാന്‍ ശ്രമിച്ചു, ഇല്ല, പറ്റണില്യ.
ഒരു നിമിഷം...
മരണത്തിനു മുന്നെയുള്ള ഒരേ ഒരു നിമിഷം...
സര്‍വ്വശക്തിയുമെടുത്ത് ഞാന്‍ എന്‍റെ ശരീരം ഒന്ന് കുടഞ്ഞു, അടുത്ത നിമിഷം ആ രൂപം അപ്രത്യക്ഷമായി, പിന്നെ എല്ലാം ശാന്തമായി.

ഞാന്‍ ആകെ വിയര്‍ത്ത് കുളിച്ചിരുന്നു.ഭയം കാരണം ഞാന്‍ ഹാളില്‍ കിടന്ന് ഉരുണ്ടു, ദിവസങ്ങളോളം വൃത്തിയാക്കാതെ കിടക്കുന്ന ആ ഹാളില്‍ കിടക്കവേ തല കറങ്ങുന്ന പോലെ എനിക്ക് തോന്നി, പിന്നെ പതിയെ എന്‍റെ ബോധം നഷ്ടമായി.രാവിലെ മരതകം വിളിക്കുന്ന ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ എനിക്ക് ബോധ്യമായി...
ഞാന്‍ മരിച്ചിട്ടില്ല!!!

ഡോക്യുമെന്‍ററി എടുക്കാന്‍ വന്ന ഈ യുവാവിനൊപ്പം മൂന്നാം തവണയാണ്‌ ഞാന്‍ റോസ്സ് ജാസ്മിന്‍ എന്ന ഈ ബംഗ്ലാവില്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്.ഇക്കുറി പ്രശ്നങ്ങള്‍ അനുഭവിച്ച സ്ഥലത്ത് വച്ച് അനുഭവ കഥ പറയുക എന്ന ദൌത്യം മാത്രമേ എനിക്കുള്ളു.കഥ പറയുക, അതിനു ശേഷം രണ്ടേ രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക, ഇതാണ്‌ ഞങ്ങള്‍ തമ്മിലുള്ള എഗ്രിമെന്‍റ്.അത് കഴിഞ്ഞാല്‍ പ്രതിഫലവും വാങ്ങി എനിക്ക് പോകാം, രാത്രിയില്‍ എന്നെ കൊണ്ട് പോകാനുള്ള വണ്ടി ദേവാലയില്‍ ഞാന്‍ അറേഞ്ച് ചെയ്തിട്ടുണ്ട്.

രാത്രി ഏറെ ആകുന്നു, പോകാനായി അക്ഷമനായി ഇരുന്ന എന്‍റെ മുന്നില്‍ കുളിച്ചൊരുങ്ങി നല്ല ഫ്രഷ് മനസ്സോടെ ആ യുവാവ് വന്നു, രണ്ടാമത്തെ പ്രാവശ്യം ഞാന്‍ വന്നപ്പോള്‍ ഇരുന്ന ചാരു കസേരയില്‍ ഇരുന്നിട്ട് അവന്‍ എന്നെ സൂക്ഷിച്ച് നോക്കി.തുടര്‍ന്ന് എനിക്കുള്ള പ്രതിഫലമെടുത്ത് മുന്നില്‍ വച്ചു.പ്രത്യേകിച്ച് അമിത ആവേശം കാണിക്കാതെ ഞാന്‍ അത് കൈക്കലാക്കി, എന്നിട്ട് പഴയ സ്ഥാനത്ത് ഇരുപ്പ് ഉറപ്പിച്ചു.
ഇനി രണ്ട് ചോദ്യം.
അതിനു ഉത്തരം പറഞ്ഞാല്‍ എനിക്ക് പോകാം.
ചോദ്യങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കെ അവന്‍ ആദ്യത്തെ ചോദ്യം ചോദിച്ചു:

"ജാസ്മിന്‍ എന്ന പ്രേതവും ഈ ബംഗ്ലാവും തമ്മിലുള്ള ബന്ധം എന്താണ്?"

അറിയാവുന്ന രീതിയില്‍ ഞാന്‍ അതിനു മറുപടി നല്‍കി...
റൌണ്ട് ബാറ്റില്‍ പ്രഭുമിന്‍റെ മകളാണ്‌ റോസ്സ് ജാസ്മിന്‍!!
യൌവന യുക്തയായ അവളുടെ പേരിലായിരുന്നു സായിപ്പ് ഈ ബംഗ്ലാവ് വാങ്ങിയത്.മകളോട് നല്ല ഇഷ്ടമായിരുന്നെങ്കിലും നാട്ടുകാര്‍ക്ക് ഈ സായിപ്പൊരു ക്രൂരനായിരുന്നു.ഒരുപാട് ആദിവാസി പെണ്ണുങ്ങളെ ഈ സായിപ്പ് നശിപ്പിച്ചിരുന്നത്രേ.എല്ലാത്തിനും ഒരു മറുവശവും ഉണ്ടല്ലോ, ഏതോ ആദിവാസി പെണ്ണിന്‍റെ സഹോദരര്‍ ഇതിനു പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു.അങ്ങനെ സായിപ്പിനെ അവര്‍ ഒരു ദിവസം അമ്പ് എയ്ത് കൊന്നു, എന്നിട്ടും കലി അടങ്ങാതെ അവര്‍ ഈ ബംഗ്ലാവിലെത്തി.ഞാന്‍ നേരത്തെ കാണിച്ച മുറിയില്‍ വച്ച് വളരെ മൃഗീയമായി ബലാല്‍സംഘം ചെയ്ത് ജാസ്മിനെ അവര്‍ കൊല്ലാ കൊല ചെയ്തു.
അന്ന് ജാസ്മിന്‍റെ ഇരുപത്തി മൂന്നാം പിറന്നാള്‍ ആയിരുന്നു!!
അവള്‍ക്കായി അപ്പവും ചിക്കന്‍ കറിയും വിഞ്ഞും ഒരുക്കി വച്ചിട്ട് പള്ളീലച്ചനെ കൊണ്ട് വരാനായി സായിപ്പ് പുറത്തേക്ക് പോയപ്പോഴാണ്‌ അയാള്‍ കൊല്ലപ്പെട്ടതും, പിന്നീട് ഈ അതിക്രമം നടന്നതും.ആദിവാസികള്‍ ഉപേക്ഷിച്ച് പോയ ജാസ്മിന്‍ ഇഴഞ്ഞ് ഇഴഞ്ഞ് വന്ന് ഡൈനിംഗ് ടേബിളിനു സമീപമെത്തി അവിടിരുന്ന വൈന്‍ എടുത്ത് കുടിച്ചതിനു ശേഷം മരിച്ച് വീഴുകയായിരുന്നു.പ്രതികാര ദാഹിയായ അവളുടെ പ്രേതം ആ ആദിവാസി യുവാക്കളെ കൊന്ന് കൊണ്ടാണ്‌ തന്‍റെ വേട്ട തുടങ്ങിയതെന്ന് ചരിത്രം.

അവന്‍ എല്ലാം കുറിച്ചെടുത്തു.
എന്നിട്ട് രണ്ടാമത്തെ ചോദ്യം ചോദിച്ചു...

"എന്തായിരുന്നു ഈ കഥയില്‍ ചാമിയുടെ റോള്‍? ആദ്യത്തെ വരവില്‍ ഒരു മാസം ഇവിടെ താമസിച്ചിട്ടും നിങ്ങളെ ഉപദ്രവിക്കാതിരുന്ന പ്രേതം രണ്ടാമത്തെ വരവില്‍ നിങ്ങളെ ഉപദ്രവിക്കാന്‍ എന്താണ്‌ കാരണം?"

ശരിക്കും രണ്ടാമത് അവന്‍ രണ്ട് ചോദ്യങ്ങളാണ്‌ ചോദിച്ചത്....
എന്തായിരുന്നു ഈ കഥയില്‍ ചാമിയുടെ റോള്‍?
ആദ്യത്തെ വരവില്‍ ഒരു മാസം ഇവിടെ താമസിച്ചിട്ടും നിങ്ങളെ ഉപദ്രവിക്കാതിരുന്ന പ്രേതം രണ്ടാമത്തെ വരവില്‍ നിങ്ങളെ ഉപദ്രവിക്കാന്‍ എന്താണ്‌ കാരണം?

ഇതിനു ആദ്യത്തെ ചോദ്യത്തിനു ഉത്തരം പറയേണ്ട ചുമതല മാത്രമേ എനിക്ക് ഉള്ളു.രണ്ടാമത്തെ ചോദ്യത്തിന്‍റെ ഉത്തരം അറിയാമെങ്കിലും അതിന്‍റെ മറുപടി പറയില്ല എന്ന് മനസ്സില്‍ കരുതി ഞാന്‍ അവന്‍റെ ആദ്യത്തെ ചോദ്യത്തിനുള്ള മറുപടി നല്‍കി.

എന്തായിരുന്നു ഈ കഥയില്‍ ചാമിയുടെ റോള്‍?

ആദ്യത്തെ വരവില്‍ വിചിത്രമായ കുറേ കാഴ്ചകള്‍ കണ്ട് ഇവിടുന്ന് ഓടി പോയ ഞാന്‍ ആ ഷോക്കില്‍ നിന്ന് മുക്തനാകാന്‍ കുറേ നാള്‍ എടുത്തു.യുക്തിവാദം മനസ്സില്‍ നിന്ന് അകന്നു, ദൈവങ്ങളില്‍ കുറേശ്ശേ വിശ്വാസം വന്ന് തുടങ്ങി.പിന്നെയും ഒരു നാല്‌ മാസം കഴിഞ്ഞ് എന്നെ കാണാന്‍ ഒരാള്‍ വന്നു...
അത് ചാമിയായിരുന്നു!!!
ചാമിയാണ്‌ വര്‍ഷങ്ങള്‍ക്ക് മുമ്പേ ബംഗ്ലാവിനെ ബാധിച്ച പ്രേതകഥ എനിക്ക് പറഞ്ഞ് തന്നത്.
കൂട്ടത്തില്‍ അന്ന് സംഭവിച്ചതിനെ പറ്റിയും ചാമി പറയുകയുണ്ടായി.....
റോസ്സ് ജാസ്മിന്‍ കൊല്ലപ്പെട്ട സമയത്ത് അവളുടെ അനുജന്‍ ഇംഗ്ലണ്ടിലായിരുന്നു, സ്വഭാവികമായി ആ ബംഗ്ലാവിന്‍റെ ഉടമസ്ഥ അവകാശം അവനായി.അവന്‍റെ വംശത്തില്‍ പെട്ട ഒരു സായിപ്പും മകളും ഇന്ത്യയിലേക്ക് വന്നു.ആ മകളുടെ പേരും ജാസ്മിന്‍ എന്നായിരുന്നു. ബംഗ്ലാവിലെത്തിയ മകള്‍ പഴയ കഥകളെല്ലാം അറിഞ്ഞു, ദിവസങ്ങള്‍ കഴിയവേ അവള്‍ ചില മാനസിക വിഭ്രാന്തി കാണിക്കാന്‍ തുടങ്ങി.മരിച്ച് പോയ ജാസ്മിന്‍ താന്‍ തന്നെയാണെന്ന് അവള്‍ വിശ്വസിച്ച് തുടങ്ങി.അതില്‍ നിന്ന് അവളെ രക്ഷിക്കാന്‍ ഏതോ മനശാസ്ത്രജ്ഞനന്‍റെ ഉപദേശ പ്രകാരം ഒരു സൈക്കോളജിക്കല്‍ മൂവിനു സായിപ്പ് തയ്യാറായി.നശിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രാകൃത രൂപികളില്‍ നിന്ന് രക്ഷപ്പെട്ട് വൈന്‍ കുടിക്കുന്നതോടെ അവളുടെ മാനസിക വിഭ്രാന്തി മാറും എന്ന സങ്കല്പത്തില്‍ വിശ്വസ്തനായ ചാമിയോടൊത്ത് ഒരു നാടകത്തിനു സായിപ്പ് തയ്യാറായി.ഞാന്‍ തിരിച്ച് പോകാന്‍ തയ്യാറായ വെള്ളിയാഴ്ച ആയിരുന്നു അതിനായി അവര്‍ തിരഞ്ഞെടുത്തത്.
അതായിരുന്നു ആദ്യത്തെ വരവിനു എനിക്കുണ്ടായ വിചിത്ര അനുഭവങ്ങളുടെ ആധാരം!!!

അന്ന് വൈകുന്നേരം ചാമിയോട് ഞാന്‍ പോകുവാണെന്ന് പറഞ്ഞത് കൊണ്ട് ചാമി അതിനെ പറ്റി എന്നോട് പറഞ്ഞുമില്ല.രാത്രിയില്‍ അപ്രതീക്ഷിതമായി എന്നെ കണ്ട ചാമിക്ക് ബലപ്രയോഗത്തിലൂടെ എന്നെ ഒഴിവാക്കേണ്ടി വന്നു.ആ തെറ്റ് ചാമിയെ വല്ലാതെ വിഷമിപ്പിച്ചു.അസുഖം ഭേദമായതോടെ ജാസ്മിനും സായിപ്പും തിരികെ ഇംഗ്ലണ്ടിലേക്ക് പോയി.പിന്നീട് കൃത്യം ഒരു മാസം കഴിഞ്ഞ അന്ന് ചാമി രക്തം ശര്‍ദ്ദിച്ചു.തന്‍റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന് മനസ്സിലാക്കിയ ചാമി എന്നെ കാണാന്‍ വന്നു.കഥകള്‍ അറിഞ്ഞ എന്നില്‍ നിന്നും 'ക്ഷമിച്ചു' എന്നൊരു വാക്ക് ചാമി പ്രതീക്ഷിച്ചിരുന്നെന്ന് തോന്നുന്നു, പക്ഷേ ഞാന്‍ ഒന്നും പറഞ്ഞില്ല.അയാള്‍ തിരികെ പോയി.ഒരു വര്‍ഷത്തിനു ശേഷം സോഫ്റ്റ് വെയര്‍ അപ്പ്ഗ്രേഡിനായി ദേവാലയിലേക്ക് വന്ന എനിക്ക് ചാമിയെ കണ്ട് 'സാരമില്ല' എന്ന് പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു.പക്ഷേ അവിടെ എന്നെ സ്വീകരിക്കാന്‍ ചാമി ഉണ്ടായിരുന്നില്ല, പകരം വന്നത് മരതകമായിരുന്നു.അവനില്‍ നിന്നാണ്‌ ചാമി മരിച്ച വിവരം ഞാന്‍ അറിഞ്ഞതും.അതോട് കൂടി ചാമിയുടെ റോള്‍ അവസാനിച്ചു.

കഥയുടെ കിടപ്പ് വശം ബോധ്യപ്പെടുത്തിയട്ട് മൂന്നാം തവണ ഞാന്‍ ആ ബംഗ്ലാവിന്‍റെ പടിയിറങ്ങി.എനിക്കറിയാം അവന്‍റെ മനസ്സ് ഇപ്പോഴും മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ്...

ആദ്യത്തെ വരവില്‍ ഒരു മാസം ഇവിടെ താമസിച്ചിട്ടും നിങ്ങളെ ഉപദ്രവിക്കാതിരുന്ന പ്രേതം രണ്ടാമത്തെ വരവില്‍ നിങ്ങളെ ഉപദ്രവിക്കാന്‍ എന്താണ്‌ കാരണം?
മൂന്നാമത്തെ ചോദ്യം!!!

ഉത്തരം ലളിതമായിരുന്നു...
രണ്ടാം തവണ തിരിച്ച് പോകുമ്പോ മരതകത്തിന്‍റെ വായില്‍ നിന്നാണ്‌ അതിനുള്ള ഉത്തരം എനിക്ക് കിട്ടിയത്.അത് ആ നാട്ടിലെ ഒരു വിശ്വാസമായിരുന്നു, അവിടുത്തെ മാത്രമല്ല, പൊതുവായുള്ള ഒരു വിശ്വാസമായിരുന്നു.നെഗറ്റീവ് ശക്തികള്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു സ്ഥലത്ത് നമ്മള്‍ ശുദ്ധമായ മനസ്സോടും ശരീരത്തോടും ഇരുന്നാല്‍ ആ ശക്തി നമുക്ക് അനുഭവപ്പെടും പോലും.എന്‍റെ അനുഭവം അത് ശരി വയ്ക്കുന്നതായിരുന്നു, ആദ്യത്തെ തവണ വന്നപ്പോള്‍ എന്നും വിയര്‍ത്ത് കുളിച്ച് മലിനമായ ശരീരത്തോടെയാണ്‌ ഞാന്‍ രാത്രി കഴിച്ച് കൂട്ടിയത്, രണ്ടാം തവണ പ്രേതം എന്നില്‍ ബാധിച്ചത് കുളിച്ച് വൃത്തിയായി ഇരുന്നപ്പോഴും.പിന്നീട് ഹാളിലെ പൊടിയില്‍ കിടന്നുരുണ്ടതിനു ശേഷം എനിക്ക് ആ അനുഭവം ഉണ്ടായുമില്ല.
സോ, ശുദ്ധമായി ഇരുന്നാല്‍ അവള്‍ വരും...
ജാസ്മിന്‍.
തീര്‍ച്ച!!!

ബംഗ്ലാവിന്‍റെ ഗേറ്റ് കടന്നപ്പോള്‍ ഞെട്ടലോടെ ഒരു കാര്യം കൂടി ഞാന്‍ ഓര്‍ത്തു, ചാരു കസേരയില്‍ കുളിച്ച് ശുദ്ധമായ ശരീരത്തോടെയാണ്‌ ആ യുവാവ് ഇരിക്കുന്നത്.
അതിനു ഒരു അര്‍ത്ഥമേയുള്ളു...
ഇന്ന്....
ഇന്ന് അവന്‍ കൊല്ലപ്പെടും!!!

എന്‍റെ കണക്ക് കൂട്ടല്‍ ശരിയായിരുന്നെന്ന് ഒരാഴ്ചക്ക് ശേഷമുള്ള പത്രവാര്‍ത്തയില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.ദേവാലക്ക് സമീപമുള്ള ഒരു എസ്റ്റേറ്റിലെ ബംഗ്ലാവില്‍ നിന്നും ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെടുത്ത് പോലും.പ്രേതങ്ങളെ കുറിച്ച് ഡ്യോകുമെന്‍ററി തയ്യാറാക്കുന്ന ഒരു യുവാവിന്‍റെ മൃതദേഹമാണ്‌ കണ്ടെടുത്തത്.അത്ര മാത്രമേ ആ വാര്‍ത്തയില്‍ ഉണ്ടായിരുന്നുള്ളു.അല്ലാതെ ആ യുവാവിനൊപ്പം മറ്റൊരാള്‍ ഉണ്ടായിരുന്നെന്നോ, മൂന്നാം തവണ ആ ബംഗ്ലാവില്‍ നിന്ന് ഇറങ്ങിയ വ്യക്തി, ഗേറ്റ് വരെ നടന്നതിനു ശേഷം ഭ്രാന്തമായ ഒരു ആവേശത്തില്‍ ബംഗ്ലാവിലേക്ക് തിരിച്ച് എത്തുകയും, ആ വരവ് കണ്ട് അമ്പരന്ന് ചാരുകസേരയില്‍ ഇരുന്ന യുവാവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്തുവെന്ന് ആരും വാര്‍ത്തയില്‍ പറഞ്ഞിരുന്നില്ല.

അല്ലെങ്കില്‍ തന്നെ അങ്ങനെ ഒരു വാര്‍ത്തയുടെ ആവശ്യമെന്ത്??

എന്‍റെ അറിവില്‍ ജീവിച്ചിരുന്നപ്പോള്‍ കുറേ പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ച ആ യുവാവിനെ കൊന്നത് അവളാണ്...
സ്ത്രീകള്‍ക്ക് എതിരെ അതിക്രമം കാണിക്കുന്നവരെയൊക്കെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതും അവളാണ്...
അവള്‍...
ജാസ്മിന്‍.
റോസ്സ് ജാസ്മിനിലെ അലയുന്ന ആത്മാവ്!!!

ഞാനോ??
ഞാന്‍ വെറുമൊരു കഥാകാരന്‍.
ഈ കഥ പറയാന്‍ നിങ്ങളുടെ മുന്നില്‍ വന്നവന്‍.
എന്‍റെ പേര്‌ മഹി...
മഹീന്ദ്രന്‍.


ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com