For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

മംഗല്യ തന്തുനാനേന




ജീവിതം ഒരു പ്രഹേളികയാണ്..
ദിവസങ്ങളും മാസങ്ങളും എത്ര വേഗമാണ്‌ ഓടിപോകുന്നത്!!
ഈ ജീവിത തിരക്കിനിടയില്‍ പഴയ കാര്യങ്ങള്‍ അയവിറക്കുന്നത് ഒരു സുന്ദരമായ ഭാഗ്യമാണ്.ജീവിതത്തിലെ സന്തോഷങ്ങളും കൊച്ചു കൊച്ചു നൊമ്പരങ്ങളും മനസിലോടിയെത്തുമ്പോള്‍, നാമറിയാതെ ഒരു പുഞ്ചിരി നമ്മളില്‍ വിടരും.
ഈ പോസ്റ്റും ഒരു യാത്രയാണ്..
ഭാവിയില്‍ നിന്നും ഭൂതകാലത്തേക്കൊരു യാത്ര..

2008 ജൂലൈ 19..
അന്നേ ദിവസം അതിരാവിലെ ഏഴ് മണിക്കാണ്‌ ഞാന്‍ ബാംഗ്ലൂരില്‍ നിന്നും ബസ്സില്‍ കായംകുളത്ത് വന്ന് ഇറങ്ങിയത്.ഈ വരവിനു ഒരു ഉദ്ദേശമുണ്ട്..
സെപ്റ്റംബര്‍ ആദ്യ ആഴ്ച നിശ്ചയം നടക്കുന്ന അനുജത്തിക്ക് ഒരുങ്ങാന്‍ സാരി വാങ്ങണം!!
അതിനായി ആദ്യം കോട്ടയത്ത് പോകാനായിരുന്നു തീരുമാനം.പുറമേ നിന്ന് നോക്കിയാല്‍ ചെറിയ കടയാണെന്നും, അതിനകത്ത് കയറി പുറത്തേക്ക് നോക്കിയാല്‍ വേറെ ഒരു വലിയ കട കാണാമെന്നുമുള്ള പരസ്യം കേട്ടപ്പോള്‍ ആലപ്പുഴയില്‍ പോയാല്‍ മതിയെന്ന് അമ്മ തീരുമാനിച്ചു.ആ തീരുമാനം നടപ്പിലാക്കുക എന്നതാണ്‌ എന്‍റെ വരവിന്‍റെ ഉദ്ദേശം തന്നെ.

കായംകുളം പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡില്‍ ചെന്ന് അടൂരിനുള്ള ബസ്സില്‍ കയറിയിരുന്നു.ബസ്സിലൊന്നും ആളേ ഇല്ല, സാധാരണ കായംകുളത്ത് വന്നിറങ്ങുന്ന നേരത്ത് തന്നെ ഒരു നാല്‌ പേരെങ്കിലും അന്വേഷണം നടത്തുന്നതാ..
ഞാന്‍ അത്ര ഫെയ്മസ്സ് ആണേ!!
ഇന്നാണെങ്കില്‍ ഒരു പട്ടികുഞ്ഞു പോലും തിരിഞ്ഞ് നോക്കുന്നില്ല.
"ചേട്ടാ, രാവിലെ എങ്ങോട്ട്?" ഒരു ചോദ്യം.
ആരാത്??
ഒരു ഇരുപത്തിയഞ്ച് വയസ്സ് പ്രായം വരുന്ന പയ്യന്‍.
നേരത്തെ കണ്ട ഒരു പരിചയം വരുന്നില്ല, എത്ര ആലോചിച്ചിട്ടും ആരാണെന്ന് ഓര്‍മ്മ കിട്ടണില്ല.എങ്കിലും സ്നേഹത്തിന്‍റെ പുറത്ത് ചോദിച്ചതല്ലേ, മറുപടി വിശദീകരിച്ച് നല്‍കി:
"അനുജത്തിയുടെ നിശ്ചയം വരുന്നു, ആലപ്പുഴയില്‍ പോയി തുണിയെടുക്കാന്‍ വന്നതാ"
അത് കേട്ടതും അവനങ്ങ് സന്തോഷമായി, ഓന്‍ പറഞ്ഞു:
"ചേട്ടാ ഈ വണ്ടി അടൂരിനുള്ളതാ, ആലപ്പുഴക്ക് പോകില്ല"
കാലമാടന്‍!!
കണ്ടക്ടറായിരുന്നോ??
"ഒരു ഒന്നാംകുറ്റി" ഞാന്‍ പതിയെ പറഞ്ഞു.

ഒന്നാംകുറ്റിയില്‍ ഇറങ്ങി വീട്ടിലേക്ക് നടപ്പ്..
ഒരു കിലോമീറ്റര്‍ ദൂരം.സാധാരണ ആരെങ്കിലും ലിഫ്റ്റ് തരുന്നതാ, ഇതിപ്പോ വഴിയിലെങ്ങും ആരുമില്ല.വീട് അടുക്കാറായപ്പോള്‍ എതിരെ ഒരു രൂപം വന്നു..
വീട്ടിലൊക്കെ പാല്‌ കൊണ്ട് തന്നോണ്ടിരുന്ന പാല്‍ക്കാരന്‍ അപ്പുപ്പന്‍.
അദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്ക് ഒരു കാര്യം ഉറപ്പായി..
ഒരാഴ്ച മുമ്പ് ഒരു അപ്പുപ്പന്‍ ചത്ത് പോയെന്ന് അമ്മ വിളിച്ച് പറഞ്ഞായിരുന്നു, അത് ഇങ്ങേരല്ല!!
എന്നേ കണ്ടതും അദ്ദേഹം ചോദിച്ചു:
"ഓ, വന്നോ?"
ഈ ചോദ്യത്തിനൊരു അര്‍ത്ഥമുണ്ട്..
നാശംപിടിച്ചവനേ, നീ പിന്നെയും വന്നോ??
മാത്രമല്ല, ഇതിനൊരു വ്യംഗ്യാര്‍ത്ഥവുമുണ്ട്..
വരില്ല, വരില്ല എന്ന് കരുതി.ഒടുവില്‍ വന്നു അല്ലേ??
അതേ, വന്നു!!

ആലപ്പുഴക്ക് പോകാന്‍ സമയമായി..
വീട്ടിലെല്ലാവരും കണ്‍ഫ്യൂഷനിലാണ്..
സാരി എടുക്കാന്‍ പോകുന്നതിനു, ഏത് സാരി ഉടുക്കണമെന്ന കണ്‍ഫ്യൂഷന്‍ അമ്മക്ക്..
കാഞ്ചീപുരം വേണോ, ബനാറസ്സ് വേണോ, അതോ കാശിപട്ടോ എന്ന കണ്‍ഫ്യൂഷന്‍ പെങ്ങക്ക്..
സാരി വാങ്ങാനോ, അതോ തുണിക്കട മൊത്തത്തില്‍ വാങ്ങാനോ ഈ പോക്കെന്ന കണ്‍ഫ്യൂഷന്‍ അച്ഛന്..
നിശ്ചയത്തിനു ഇങ്ങനെങ്കില്‍, കല്യാണത്തിനു എങ്ങനെയെന്ന കണ്‍ഫ്യൂഷന്‍ എനിക്ക്..
ആകെ മൊത്തം ടോട്ടല്‍ കണ്‍ഫ്യൂഷന്‍!!

ഈ സമയത്താണ്‌ വീട്ടിലെ ഫോണ്‍ ബെല്ലടിച്ചത്..
അത് അറ്റന്‍ഡ് ചെയ്തിട്ട് അമ്മ വന്നു പറഞ്ഞു:
"ഹരിപ്പാട്ടു ഭാഗത്തുള്ള ഒരു ബ്രോക്കറാ, ആലപ്പുഴക്ക് പോകുന്ന വഴി ഹരിപ്പാട് ഒരു വീട്ടില്‍ കയറി പെണ്ണ്‌ കാണാന്‍ പറ്റുമോന്ന് ചോദിക്കാന്‍ വിളിച്ചതാ"
"പിന്നെ, ആനക്കാര്യത്തിനിടയിലല്ലേ ചേനക്കാര്യം?"
ഇങ്ങനെ ഒരു ചോദ്യം ചോദിച്ചിട്ട് അടുത്തുള്ള ബ്യൂട്ടി പാര്‍ലറിലേക്ക് ഞാനോടി..
ഇനി ചിലപ്പോ പെണ്ണ്‌ കാണേണ്ടി വന്നാലോ??
മുഖത്ത് വൈറ്റ് വാഷടിച്ച്, എന്‍റെ തിരിച്ചുള്ള വരവ് കണ്ട് അച്ഛന്‍ പറഞ്ഞു:
"പോകുന്ന വഴി നിങ്ങളവിടൊന്ന് കേറിയേരെ"
അച്ഛന്‍ നിര്‍ബന്ധിച്ചതല്ലിയോ...
എങ്ങനാ പറ്റില്ലാന്ന് പറയുക??
ഞങ്ങള്‍ ഹരിപ്പാട്ടെ വീട്ടില്‍ കയറി പെണ്ണ്‌ കാണാന്‍ തീരുമാനിച്ചു.

എന്‍റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണ്‌ കാണല്‍..
പെണ്ണ്‌ പെരക്കകത്താ, അവടെ അമ്മ അടുക്കളയിലും.ആങ്ങള ഒരുത്തനുണ്ടെന്ന് കേട്ടതല്ലാതെ അരങ്ങത്ത് പ്രത്യക്ഷമായില്ല.പെണ്ണിന്‍റെ അച്ഛന്‍ മാത്രം ഹാളിലുണ്ട്..
വളരെ നല്ല മനുഷ്യന്‍, എന്തെല്ലാമോ സംസാരിക്കുന്നുണ്ട്.പക്ഷേ ടെന്‍ഷന്‍ കാരണം എനിക്ക് ഒന്നും ശ്രദ്ധിക്കാന്‍ പറ്റണില്ല.എനിക്ക് ആകെ സപ്പോര്‍ട്ട്, കൂടെയിരിക്കുന്ന അമ്മയും പെങ്ങളുമാ.അനുജത്തിയാണെങ്കില്‍ ഇടക്കിടെ കണ്ണ്‌ കൊണ്ട് എന്തെങ്കിലും സംസാരിക്കാന്‍ ആംഗ്യം കാണിക്കുന്നുണ്ട്.
എന്ത് സംസാരിക്കാന്‍??
പെണ്ണിന്‍റെ അച്ഛനോട് എന്ത് ചോദിക്കാന്‍??
ആകെ ടെന്‍ഷന്‍!!
ഒടുവില്‍ ആ വീട്ടിലേക്ക് കയറുന്നതിനു മുമ്പ് ബ്രോക്കര്‍ തന്ന ജാതകത്തില്‍ പെണ്ണിന്‍റെ പേര്‌ കണ്ട ഓര്‍മ്മക്ക് ചോദിച്ചു:
"മോള്‍ക്ക് എന്തേ ഭരണി എന്ന് പേരിട്ടത്?"
അച്ഛന്‍റെ മുഖത്തൊരു അമ്പരപ്പ്, അദ്ദേഹം പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:
"ഭരണി മോളുടെ നാളാ, പേര്‌ ദീപാന്നാ"
എന്‍റമ്മച്ചിയേ.
അലറി വിളിച്ചോണ്ട് ആ വീട്ടില്‍ നിന്നിറങ്ങി ഓടാന്‍ തോന്നി!!
അനുജത്തിയുടെയും അമ്മയുടെയും മുഖത്ത് ചോരമയമില്ല..
പെണ്ണിന്‍റെ നാള്‌ മൂലം ആകാഞ്ഞത് നന്നായി!!

താമസിയാതെ പെണ്ണിന്‍റെ ആങ്ങള രംഗപ്രവേശനം ചെയ്തു.ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബാംഗ്ലൂരില്‍ അശ്വമേധം നടത്തിയ ജന്മം.വന്നപാടെ എന്നോട് ചോദിച്ചു:
"ഏത് കമ്പനിയിലാ ജോലി?"
ഞാന്‍ കമ്പനിയുടെ പേരു പറഞ്ഞു.
അവന്‍ ആ കമ്പനിയെ പറ്റി കേട്ടിട്ടുണ്ടത്രേ!!
ഭയങ്കരന്‍!!
ഞാന്‍ പോലും ഇന്‍റര്‍വ്യൂവിനു വന്നപ്പോഴാ ആദ്യമായി കമ്പനിയുടെ പേര്‌ കേട്ടത്.അതിനാലാവാം ആ ആങ്ങളയോട് എനിക്കൊരു ബഹുമാനം തോന്നിയത്, സത്യം!!

എന്തിനേറെ പറയുന്നു, ആ പെണ്ണ്‌ കാണലങ്ങ് കുറിക്ക് കൊണ്ടു.പെങ്ങടെ നിശ്ചയത്തിനു തുണിയെടുക്കാന്‍ പോയ ഞാന്‍ എനിക്ക് പറ്റിയൊരു പെണ്ണിനെ കണ്ട് പിടിച്ചു..
പിന്നീട് ചടങ്ങുകളുടെ ബഹളമായിരുന്നു..
കൊട്ടക്കകത്ത് കോഴിക്കുഞ്ഞുങ്ങളെ അടുക്കി വക്കുന്ന പോലെ ബന്ധുക്കളെ നിറച്ച വാനുമായി അച്ഛന്‍ ഹരിപ്പാട്ടേക്ക്.ചാടി അടിക്കുന്നവനെ പറന്ന് വെട്ടുന്ന രീതിയില്‍ ഹരിപ്പാട്ടു നിന്ന് ഒരു കൂട്ടര്‌ വീട്ടിലേക്ക്.പറന്ന് വെട്ടുന്നവനെ എറിഞ്ഞിടും എന്ന ഭാവത്തില്‍ അച്ഛനും അപ്പച്ചിമാരും അങ്ങോട്ട്..
ഇത് കേരളത്തില്‍.

ഇനി ബാംഗ്ലൂരില്‍ എന്നെ കുറിച്ച് അന്വേഷിക്കാന്‍ സി.ഐ.ഡി ഇറങ്ങി.
ആ സി.ഐ.ഡി മറ്റാരും ആയിരുന്നില്ല, അത് എന്‍റെ വരുംകാല അളിയനായിരുന്നു!!
അദ്ദേഹം അന്വേഷണാര്‍ത്ഥം വന്നത് എന്‍റെ ഓഫീസിലായിരുന്നു..
ഞാനാരാ മോന്‍??
എന്‍റെ കൂടെ ജോലി ചെയ്യുന്നവര്‍ക്ക് ചിലവ് ചെയ്യാം എന്ന ഉറപ്പില്‍ അളിയന്‍റെ മുന്നില്‍ വച്ച് എല്ലാവരെ കൊണ്ടും എന്നെ സാറേ എന്ന് വിളിപ്പിച്ചു..
അതങ്ങ് ഏറ്റു!!
അളിയന്‍ വീട്ടിലോട്ട് സ്വല്പം സ്റ്റാറ്റസ്സ് കൂട്ടി വിളിച്ച് പറഞ്ഞു:
"അച്ഛാ, സൂപ്പര്‍ ബന്ധം.ചേട്ടനു ബാംഗ്ലൂരില്‍ പത്ത് കമ്പനിയുണ്ട്"
നന്ദി അളിയാ, നന്ദി!!

അങ്ങനെ അനുജത്തിയുടെ നിശ്ചയത്തിനു ഒരാഴ്ച മുന്നേ എന്‍റെ നിശ്ചയം നടന്നു.പെങ്ങടെ കല്യാണം ഒരു വര്‍ഷം കഴിഞ്ഞ് മതിയെന്നും, എന്‍റെ കല്യാണം ഉടനെ നടത്താമെന്നും തീരുമാനമായി..
ഇത് ഒരു പുതിയ പ്രശ്നത്തിനു വഴി തെളിച്ചു!!
സാധാരണ രീതിയില്‍ ഞങ്ങളുടെ നാട്ടില്‍ പെണ്‍കുട്ടിയുടെ കല്യാണ ശേഷം മാത്രമേ ആങ്ങളയുടെ കല്യാണം നടത്തുകയുള്ളു.ഇത് നിയമമൊന്നുമല്ല, കാലാകാലങ്ങളായി തുടരുന്ന ഒരു സമ്പ്രദായം.അത്രേയുള്ളു!!
അതിനെതിരായ അച്ഛന്‍റെ പ്രവൃത്തിയറിഞ്ഞ് ഒരു കാരണവര്‍ വീട്ടിലെത്തി, എന്നിട്ട് അച്ഛനെ ഉപദേശിച്ചു:
"ആദ്യം മോടെ കല്യാണം നടത്തിയാല്‍ മതി എന്നാ എന്‍റെ അഭിപ്രായം"
സത്യം പറയണമല്ലോ, ആ അഭിപ്രായം കേട്ടപ്പോള്‍ ആ പഹയന്‍റെ മോന്തക്കൊരു കടി കൊടുക്കാന്‍ തോന്നി!!
ദുഷ്ടന്‍..
ഈ മാതിരി ജന്മങ്ങളാ നമ്മുടെ നാട് വളരാന്‍ സമ്മതിക്കാത്തത്!!
എന്തായാലും അങ്ങേരുടെ വിലപ്പെട്ട ആ വാചകം ഒരു തുറന്ന ചര്‍ച്ചക്ക് വകയൊരുക്കി.അച്ഛന്‍ തന്‍റെ തീരുമാനത്തില്‍ ഉറച്ച് നിന്നു, എന്ത് സംഭവിച്ചാലും ആദ്യം മകന്‍റെ കല്യാണം എന്ന തീരുമാനത്തില്‍!!
കുത്തിതിരുപ്പ് ഉണ്ടാക്കാന്‍ ഒരു വഴിയും കാണാഞ്ഞപ്പോള്‍ കാരണവര്‍ എടുത്ത് ചോദിച്ചു:
"ഒന്നൂടൊന്ന് ആലോചിച്ച് കൂടെ?"
അത് കേട്ടതും അടുത്തോട്ട് ചെന്ന് ഞാന്‍ ആ മഹാന്‍റെ ചെവിയില്‍ പറഞ്ഞു:
"ഇനി ഇവിടെ നിന്നാല്‍ തന്‍റെ പതിനാറടിയന്തിരം ഞാന്‍ ആലോചിക്കും"
അദ്ദേഹം കൃതാര്‍ത്ഥനായി!!
തിരിച്ചുള്ള യാത്രയില്‍ വഴിയില്‍ കണ്ടവരോടൊക്കെ പുള്ളിക്കാരന്‍ പറഞ്ഞു:
"രാധന്‍റെ മോന്‍ നല്ല വകതിരിവുള്ളവനാ"
ഉവ്വ!!

ദിവസങ്ങള്‍ മുന്നോട്ട് നീങ്ങി..
ഇപ്പോള്‍ എന്‍റെ ആശ്രയം റിലയന്‍സ് ഫോണാ, ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് എസ്.റ്റീ.ഡി ഫ്രീ!!
പണ്ട് കോളേജില്‍ പഠിച്ചിരുന്ന കാലത്ത്, ചില റോമിയോകള്‍ തങ്ങളുടെ ജൂലിയറ്റിനെ വിളിച്ചുള്ള കിന്നാരങ്ങള്‍ എന്‍റെ ജീവിതത്തിലും സംഭവിച്ച് തുടങ്ങി.തലവഴി മൂടി കിടക്കുന്ന റൂംമേറ്റിനെ മൈന്‍ഡ് ചെയ്യാതെ ഫോണുമായി ഞാനിരിക്കും, എന്നിട്ട് അന്വേഷണങ്ങള്‍ തുടങ്ങുകയായി..
"കഴിച്ചോ?"
"കഴിച്ചു"
"എന്തുവാ?"
"ചോറ്"
"കൂട്ടാന്‍?"
"മീന്‍"
"വറുത്തതോ, പൊരിച്ചതോ?"
"അല്ലെടാ, തൊ#$@*#$ച്ചത്........!!!!"
ങ്ങേ!!
ആ മറുപടി ഭാവിവധുവിന്‍റെ ആയിരുന്നില്ല, റൂംമേറ്റിന്‍റെതായിരുന്നു!!
പെട്ടന്നുണ്ടായ ഷോക്കില്‍ ഫോണ്‍ കട്ട് ചെയ്ത് നിന്ന എന്നോടവന്‍ പറഞ്ഞു:
"കേറി കിടന്നുറങ്ങടാ പുല്ലേ, പാതിരാത്രിക്കാ ഒരു കിന്നാരം"
എനിക്കെല്ലാം മനസിലായി, അവന്‌ അസൂയയാ!!

അങ്ങനെ ആ ദിവ്യദിനം ആഗതമായി..
കതിര്‍മണ്ഡപത്തില്‍ വിറയലോടിരുന്ന എന്‍റെ കൈയ്യില്‍ താലിചരട് കിട്ടി..
"കെട്ടടാ"
ആണ്‍കെട്ടോ പെണ്‍കെട്ടോ ഏതാ ആദ്യം??
പത്താംക്ലാസ്സ് പരീക്ഷയ്ക്ക് ഉത്തരം അറിയാത്തവന്‍ അടുത്ത പേപ്പറില്‍ എത്തിനോക്കുന്നപോലെ സംശയത്തോടെ ഞാന്‍ അച്ഛനെയൊന്നു നോക്കി.
"മുഹൂര്‍ത്തം കഴിയാറായി,കെട്ടടാ" അച്ഛന്‍ ഒരു അലര്‍ച്ച.
പിന്നെ ഒന്നും ആലോചിച്ചില്ല,കെട്ടി.
ഒന്നല്ല,രണ്ടല്ല,മൂന്നല്ല...
പല പ്രാവശ്യം,ചറപറാന്ന് കെട്ടി...
ആണ്‍കെട്ട്,പെണ്‍കെട്ട്,വലംപിരികെട്ട്,ചവട്ടികൂട്ടി കെട്ട് എന്ന് വേണ്ടാ, താലിചരട് കെട്ടി കെട്ടി പൂമാലയുടെ വലിപ്പം ആകുന്നവരെ ഞാന്‍ കെട്ടി.

'മംഗല്യ തന്തുനാനേന, മമ ജീവന ഹേതുനാ'
ഈശ്വരന്‍മാരേ, കാത്തുകൊള്ളേണേ!!

അപ്പോള്‍ പറഞ്ഞ് വന്നത് എന്തെന്നാല്‍ 2008 ഡിസംബര്‍ 22 ആയിരുന്നു ആ സുദിനം.ഇന്ന് മറ്റൊരു ഡിസംബര്‍ 22.ഞങ്ങളുടെ ദാമ്പത്യജീവിതത്തിലെ ആദ്യത്തെ വിവാഹവാര്‍ഷികം!!
അവളങ്ങ് കേരളത്തിലും, ഞാനിങ്ങ് ബാംഗ്ലൂരും..
ഇന്നും റിലയന്‍സ് തന്നെ ശരണം!!
ഈശ്വരന്‍മാര്‍ കഴിഞ്ഞാല്‍ നന്ദി പറയേണ്ടത് അംബാനി കുടുംബത്തിനാ, ഈ റിലയന്‍സ് കണ്ട് പിടിച്ചതിന്.ഒത്താല്‍ ഇന്ന് അമ്പലത്തില്‍ പോയി അവരുടെ കുടുംബവഴക്ക് തീരാന്‍ ഒരു അര്‍ച്ചന നടത്തണം!!
ഇനി ഞാന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചാലും ഇല്ലെങ്കിലും നിങ്ങളെല്ലാം ഞങ്ങക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം, ഒരു അപേക്ഷയാണ്..
എല്ലാവരുടെയും അനുഗ്രഹം എന്നും ഉണ്ടാവണം..

വാല്‍ക്കഷണം അഥവാ ടെയില്‍ പീസ്സ്:

ദീപ നാട്ടില്‍ ആയി പോയതിന്‍റെ കാരണം അറിയേണ്ടേ, എന്‍റെ നിശ്ചയം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് നിശ്ചയിച്ച അനുജത്തിയുടെ കല്യാണമാ.ഞങ്ങളുടെ അമ്മാവന്‍റെ മകനാ വരന്‍..

ഇനി ഔദ്യോഗികമായി പറഞ്ഞാല്‍..
ചിത്രയും വിനോദും തമ്മിലുള്ള വിവാഹം 2010 ജനുവരി ഒമ്പതിനു കായംകുളം ട്രാന്‍സ്പോര്‍ട്ട് ബസ്സ് സ്റ്റാന്‍ഡിനു അടുത്തുള്ള ജി.ഡി.എം ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്നതാണ്.ഉച്ചക്ക് 12 നും 12.30നും ഇടക്കാണ്‌ മുഹൂര്‍ത്തം.എല്ലാ പ്രിയ സുഹൃത്തുക്കളുടെയും സഹകരണവും, അനുഗ്രഹവും പ്രതീക്ഷിക്കുന്നു..

ഒരു കാര്യം കൂടി..
എല്ലാ സ്നേഹിതര്‍ക്കും ഞങ്ങളുടെ ക്രിസ്തുമസ്സ്-പുതുവത്സര ആശംസകള്‍!!

സ്നേഹപൂര്‍വ്വം
അരുണ്‍ ആന്‍ഡ് ഫാമിലി..
ഫ്രം കായംകുളം.

സനല്‍കുമാര്‍ ചികിത്സയിലാണ്‌



ഐ.ടി ഫീല്‍ഡിലുള്ള മിക്ക യുവതീ യുവാക്കളുടെയും മനസ്സില്‍ ഒരു ഗുരുവുണ്ട്, 'ഓര്‍ക്കാപ്പുറത്ത്' എന്ന പടത്തില്‍ മോഹന്‍ലാലിന്‍റെ രൂപത്തില്‍ വന്ന ഗുരു, 'ഒരു ജോലി കിട്ടിയട്ട് വേണം ലീവെടുക്കാന്‍' എന്ന് പ്രഖ്യാപിച്ച അതേ ഗുരു.ആ ഗുരുവിന്‍റെ കാല്പാദം പിന്തുടരുന്ന ഒരു ഉത്തമശിഷ്യനായിരുന്നു ഞാന്‍.എന്നാല്‍ ഒരു കാര്യവുമില്ലാതെ ലീവെടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല, എനിക്ക് ലീവെടുക്കണേല്‍ വ്യക്തമായ കാരണവും ആവശ്യമായിരുന്നു.

കൊച്ചിയില്‍ ജോയിന്‍ ചെയ്തതിന്‍റെ അടുത്ത ദിവസം തന്നെ അമ്മാതിരി ലീവെടുക്കാനുള്ള കാരണം ദൈവം കാട്ടി തന്നു, ആ കാരണമായിരുന്നു പല്ല്‌ വേദന.
'പല്ല്‌ വേദന സര്‍വ്വ വേദനാല്‍ പ്രധാനം' എന്നാണല്ലോ പഴഞ്ചൊല്ല്.അതിനാല്‍ തന്നെ ലീവെടുക്കാതെ മറ്റ് വഴി ഒന്നും ഉണ്ടായിരുന്നില്ല.
എന്നാലും ജോയിന്‍ ചെയ്ത് ഉടനെ ഒരു ലീവ്??
കമ്പനി എന്നെ പറ്റി എന്ത് കരുതും??
മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍.
എന്തായാലും ശ്രമിച്ച് നോക്കാം.

ലീവ് വേണേല്‍ പ്രോജക്റ്റ് മാനേജര്‍ സമ്മതിക്കണം.പക്ഷേ കല്യാണം കഴിക്കാന്‍ ലീവ് ചോദിച്ചാല്‍, 'അത് ഞാന്‍ മാനേജ് ചെയ്തോളാം താന്‍ വര്‍ക്ക് ചെയ്യ്' എന്ന് പറയുന്ന ജെനുസ്സില്‍ പെട്ടതാണത്രേ മാനേജര്‍.സംഭവം പല്ല്‌വേദന ആയതു കൊണ്ട്, 'തലവെട്ടി ഇവിടെ വച്ചേരെ ഞാന്‍ ശരിയാക്കി തരാം' എന്ന് പറയില്ലെന്ന സഹപ്രവര്‍ത്തകരുടെ ഉറപ്പില്‍ ലീവ് ചോദിക്കാന്‍ ഞാന്‍ തയ്യാറായി.
അങ്ങനെ ഉച്ചക്ക് കൃത്യം മൂന്ന് മണിക്ക് 'ടോം ആന്‍ഡ് ജെറി'യിലെ എലിയെ പോലെ പമ്മി പമ്മി പ്രോജക്റ്റ് മാനേജരുടെ റൂമിലേക്ക് ഞാന്‍ നടന്നു..
ബാക്ക്‌ഗൌണ്ടില്‍ അതേ മ്യൂസിക്ക്:
ട്യൂവ്..ട്യൂവ്..ട്യൂവ്..
എലിയുടെ തല ക്യാബിനിലേക്ക്...

ടോം പതിയെ തല ഉയര്‍ത്തി, എന്നിട്ട് വിഷ് ചെയ്തു:
"ഹായ് മനു"
ഹായ്.
തിരിച്ചും ഒരു വിഷ്.
"കമ്പനിയൊക്കെ ഇഷ്ടമായോ?" മാനേജരുടെ സ്നേഹാന്വേഷണം.
ഇഷ്ടമായില്ലെങ്കില്‍ വേറെ കമ്പനിയില്‍ ജോലി വാങ്ങി തരുമോന്ന് ചോദിക്കാന്‍ വന്നത് വിഴുങ്ങി, എന്നിട്ട് കാര്യം അവതരിപ്പിച്ചു:
"ഇഷ്ടായി..ഇഷ്ടായി...ഒരുപാട് ഇഷ്ടായി...പക്ഷേ...!!"
പക്ഷേ???
വാട്ട് ഹാപ്പന്‍ഡ്??
"എന്താണ്‌ മനു പ്രശ്നം? പറയൂ എന്താണേലും സാധിച്ച് തരാം? കമോണ്‍..." പ്രോജക്റ്റ് മാനേജര്‍ ദേ സ്നേഹിച്ച് കൊല്ലുന്നു.
ഇത്ര സ്നേഹസമ്പന്നനായ ഒരു മനുഷ്യനു മുന്നില്‍ എനിക്ക് ഒളിച്ച് വയ്ക്കാന്‍ ഒന്നുമില്ല, ഞാന്‍ സത്യം ബോധിപ്പിച്ചു:
"എനിക്ക് ഒരാഴ്ചത്തെ ലീവ് വേണം"
ങ്ങേ!!
പ്രോജക്റ്റ് മാനേജരുടെ കണ്ണ്‌ തള്ളി!!!
"ലീവോ?"
ഈ ചോദ്യത്തോടൊപ്പം ജീവിതത്തില്‍ ഇന്ന് വരെ 'ലീവ്' എന്നൊരു വാക്ക് കേള്‍ക്കാത്ത ഒരു സാധു മനുഷ്യന്‍റെ ഭാവപ്രകടനം മാനേജരുടെ മുഖത്ത് വിരിഞ്ഞു.മലയാള സിനിമയിലായിരുന്നു ഈ ഭാവാഭിനയമെങ്കില്‍ അള്ളാണേ അവാര്‍ഡ് ഉറപ്പ്.
"യൂ മീന്‍ ലീവ്?" കേട്ടത് അശരീരിയാണോ, അതോ എന്‍റെ വായീന്ന് തന്നാണോന്ന് ഉറപ്പിക്കാനാകാം വീണ്ടും ചോദിച്ചത്.
ആവശ്യക്കാരനു ഔചിത്യം പാടില്ലാത്തതിനാല്‍ ഉറപ്പിച്ച് പറഞ്ഞു:
"യെസ്സ്, ലീവ്"
എന്‍റെ അഹങ്കാരം കണ്ട് ഞാനൊരു സംഭവമാണെന്ന് കരുതിയാണോ അതോ പല്ല്‌ വേദന കാരണം മുഖത്ത് നീര്‌ വന്ന കണ്ടാണോന്ന് അറിയില്ല, ലീവ് സാങ്ങ്‌ഷനായി.
"താങ്ക്യൂ സാര്‍" ജെറിയുടെ വക നന്ദി.
എല്ലാ പ്രാവശ്യവും എലി വഴുതി പോകുമ്പോള്‍, 'അടുത്ത പ്രാവശ്യം നിന്നെ എടുത്തോളാമെടാ' എന്ന ടോമിന്‍റെ ഭാവം ഞാന്‍ ഒരിക്കല്‍ കൂടി ദര്‍ശിച്ചു, എന്നിട്ട് പതിയെ പുറത്തേക്ക് ഇറങ്ങി..

എറണാകുളത്ത് പല്ല്‌ എടുക്കണ്ടാന്നും, അതിനു പറ്റിയ ആളുകള്‍ ഹരിപ്പാട്ടുണ്ടെന്നും ഗായത്രി പ്രഖ്യാപിച്ചു.കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അവള്‍ പറഞ്ഞത് ശരിയാണെന്നും, കവലയിലെ ചട്ടമ്പിയായ മാധവന്‍ ആ ജനുസ്സില്‍ പെട്ടതാണെന്നും മനസിലായി.ഒരിക്കല്‍ ഒറ്റയടിക്ക് ഒരു പോലീസ് ഏമാന്‍റെ പന്ത്രണ്ട് പല്ലാത്രേ അങ്ങേര്‌ എടുത്തത്.

ഈ മാധവനെ കൊണ്ടാണോ എന്‍റെ പല്ലെടുക്കാന്‍ പോകുന്നത് എന്ന എന്‍റെ ന്യായമായ സംശയത്തിനു, അങ്ങനെയല്ലെന്നും, പ്രസിദ്ധനായ ദന്തിസ്റ്റ് ഡോ.സനല്‍ കുമാര്‍ അവരുടെ കുടുംബസുഹൃത്താണെന്നും, വായ്ക്കും നാക്കിനും കേടില്ലാതെ അയാള്‍ പല്ലെടുത്ത് തരുമെന്നും അവള്‍ ഉറപ്പ് നല്‍കി.ഹരിപ്പാട്ട് പൂരത്തിനു പല്ല്‌ വേദന വന്ന് അലറിയ ഒരു ആനയുടെ പല്ല്‌ വരെ എടുത്തവനാണത്രേ ഡോ.സനല്‍കുമാര്‍.
അതോടെ ഞാനും പ്രഖ്യപിച്ചു...
എന്‍റെ പല്ല്‌, അത് ഡോ.സനല്‍കുമാറിനു അവകാശപ്പെട്ടതാണ്.
ഡോകടറേ, ഞാനിതാ വരുന്നു...
എന്നെ ധന്യനാക്കു!!!

മുഖത്ത് വായും, വായില്‍ പല്ലും, പല്ലില്‍ വേദനയുമായി ഞാന്‍ ഡോക്ടര്‍ക്ക് മുന്നിലെത്തി.അയാള്‍ എന്നെ പരിശോധിക്കാനായി അകത്തേ ഒരു മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി...
പരിശോധന ആരംഭിച്ചു.
വേദനയുള്ള ഭാഗങ്ങളില്‍ അദ്ദേഹം ആഞ്ഞ് കുത്തി.ഒരോ കുത്ത് കൊള്ളുമ്പോഴും എന്‍റെ കണ്ണില്‍ പൊന്നീച്ച പറന്നു.അത് വക വയ്ക്കാതെ വീണ്ടും വീണ്ടും കുത്തി കൊണ്ട് അങ്ങേര്‌ ചോദിച്ചു:
"ഇവിടെ വേദനയുണ്ടോ?"
അതിനു മറുപടിയായി അസഭ്യം ചൊരിയുന്നത് എനിക്ക് ആത്മഹര്‍ഷം വരുത്തുമെങ്കിലും, മുന്നില്‍ നില്‍ക്കുന്നത് ഒരു ഡോക്ടറാണെല്ലോന്ന് ഓര്‍ത്ത് ഞാന്‍ സംയമനം പാലിച്ചു.
(ആ സമയത്തെ എന്‍റെ അവസ്ഥ ഇതിലും നല്ല സാഹിത്യഭാഷയില്‍ പറയാന്‍ എനിക്ക് അറിയില്ല, എന്നോട് ക്ഷമി!!)

ദീര്‍ഘനേരത്തെ ഗവേഷണത്തിനൊടുവില്‍ അണപല്ല്‌ മാംസത്തിലേക്ക് കിളിക്കുന്നതാണ്‌ കൊടിയ വേദനക്ക് കാരണമെന്ന് അദ്ദേഹം കണ്ടെത്തി.ആ പല്ലെടുക്കാന്‍ സാധാരണ ദന്ത ഡോക്ടര്‍ക്ക് പറ്റില്ലെന്നും, അതിനു സര്‍ജന്‍ തന്നെ വേണമെന്നും, ചെറിയൊരു സര്‍ജറിയിലൂടെ മാത്രമേ പല്ല്‌ എടുക്കാന്‍ കഴിയുള്ളന്നും അദ്ദേഹം ബോധിപ്പിച്ചു.ഞാന്‍ കൊച്ചിയില്‍ ജോലി ചെയ്യുന്നതിനാല്‍ വൈറ്റിലയിലുള്ള ഒരു ദന്താശുപത്രിയില്‍ ഒരു സര്‍ജനുണ്ടെന്നും, അദ്ദേഹത്തിനെ ഡോകടര്‍ പരിചയപ്പെടുത്തി തരാമെന്നും ഉറപ്പ്‌ നല്‍കി.
അങ്ങനെ ആദ്യ പരിശോധന അവസാനിച്ചു.
ഇരുട്ട് മുറിയില്‍ നിന്ന് വെളിയില്‍ വന്നപ്പോള്‍ ഗായത്രി ചോദിച്ചു:
"എന്താ ഡോക്ടര്‍ , എന്താണ്‌ പ്രശ്നം"
എന്നോട് പറഞ്ഞത് മയത്തില്‍ ഡോക്ടര്‍ അവളോടും പറഞ്ഞു:
"അണപല്ല്‌ അകത്തേക്ക് കിളിക്കുന്നതാ പ്രശ്നം, ഇപ്പോ ഇവിടെ എടുക്കാന്‍ പറ്റില്ല...."
ഒന്ന് നിര്‍ത്തിയട്ട് അദ്ദേഹം തുടര്‍ന്നു:
"..വൈറ്റിലക്ക് പോണം, അവിടാണേല്‍ സര്‍ജറി ചെയ്ത് എടുക്കാം"
സര്‍ജറീന്ന് കേട്ടതോടെ ഗായത്രിയുടേ മുഖമൊന്ന് വാടി, കണ്ണൊന്ന് നിറഞ്ഞു.അത് കണ്ടതും ഡോക്ടറോട് നന്ദി പറഞ്ഞ് അവളേം കൊണ്ട് ഞാന്‍ തിരികെ അവളുടെ വീട്ടിലേക്ക് പോയി.

വീട്ടിലെത്തിയതും പല്ല്‌ വേദന സഹിക്കാന്‍ കഴിയാത്തതിനാല്‍ എങ്ങനേലും കിടന്നൊന്ന് ഉറങ്ങാം എന്ന ഉദ്ദേശത്തില്‍ ഞാന്‍ മുകളിലത്തെ മുറിയിലേക്ക് പോയി, അതോടെ പ്രശ്നങ്ങള്‍ ആരംഭിക്കുകയായിരുന്നു, ഞാന്‍ സ്വപ്നത്തില്‍ പോലും കരുതാത്ത ചില വലിയ പ്രശ്നങ്ങള്‍...

ഞാന്‍ ഉറങ്ങിയട്ടും താഴത്തെ മുറിയിലിരുന്ന കരയുന്ന ഗായത്രിയുടെ അടുത്ത് വന്ന് അവളുടെ അമ്മ ചോദിച്ചു:
"എന്താ മോളേ, എന്ത് പറ്റി, ഡോക്ടര്‍ എന്ത് പറഞ്ഞു?"
കരച്ചിലിനു ഇടയില്‍ വിക്കി വിക്കി അവള്‍ക്ക് മനസിലായ സത്യം അവള്‍ ബോധിപ്പിച്ചു:
"അണപല്ല്‌ അകത്തേക്ക് കിളിക്കുന്നതാത്രേ പ്രശ്നം.അത് വായീന്ന് കീറി എടുക്കാന്‍ പറ്റില്ല പോലും.എങ്ങനേലും പല്ല്‌ ഊരി വയറ്റിലോട്ട് പോയാല്‍, ഒരു സര്‍ജറി ചെയ്ത് അവിടുന്ന് എടുക്കാമെന്നാ ഡോക്ടര്‍ പറഞ്ഞത്"
ഇത് കേട്ടതും അമ്മ ഞെട്ടിപ്പോയി!!!
ഒന്നൂടെ ഉറപ്പാക്കാന്‍ അമ്മ ചോദിച്ചു:
"ഡോക്ടര്‍ അങ്ങനെ പറഞ്ഞോ?"
"പറഞ്ഞമ്മേ, വയറ്റിലെത്തിയാല്‍ സര്‍ജറി ചെയ്ത് എടുക്കാമെന്ന് പറഞ്ഞു, സത്യം" ഗായത്രിയുടെ ഉറപ്പ്.

അമ്മ വിവരം അച്ഛനെ അറിയിച്ചു.പൊതുവേ സമാധാന പ്രിയനായ അച്ഛന്‍റെ വരെ കണ്‍ട്രോള്‌ പോയി..
"വയറ്റിലെത്തിയട്ട് പല്ലെടുക്കാനാണേല്‍ ഇയാളെന്തിനാ ദന്തഡോക്ടറാണെന്ന് പറഞ്ഞ് ഇരിക്കുന്നത്?"
ഈ ചോദ്യം ഡോക്ടറോട് ചോദിക്കാന്‍ പോകാനായി അച്ഛന്‍ ഷര്‍ട്ടും പാന്‍സും ഇട്ടപ്പോ എരിതീയില്‍ എണ്ണ എന്ന പോലെ, അച്ഛന്‍റെ ചോദ്യത്തിനുള്ള ഉത്തരമായി അമ്മ പറഞ്ഞു:
"ഈ ഡോക്ടറുടെ ഭാര്യ ഒരു ഗൈനക്കോളജിസ്റ്റാ, അവര്‌ വയറു കീറി കുഞ്ഞുങ്ങളെ എടുത്ത് ശീലമുള്ളവളാ, അതേ പോലെ പല്ലും എടുക്കാനാവും"
ഒന്ന് നിര്‍ത്തിയട്ട് അമ്മ അവസാനത്തെ ആണിയുമടിച്ചു:
"വാ കീറി എടുക്കുന്നതിന്‍റെ അഞ്ചിരട്ടിയെങ്കിലും വയറ്‌ കീറി എടുത്താല്‍ വാങ്ങിക്കാമല്ലോ, അതാ കാരണം"
അതായത് വെറുതെ പല്ലെടുത്താല്‍ മുന്നൂറ്‌ രൂപ.എന്നാല്‍ ഇതേ പല്ല്‌ ഊരി വയറ്റിലെത്തിയാല്‍ ഗൈനക്കോളജിസ്റ്റായ ഭാര്യയെ കൊണ്ട് സിസേറിയന്‍ നടത്തി എടുക്കാന്‍ മുവായിരം രൂപ.
ഹോ, വാട്ട് എ ഫൈന്‍ഡിംഗ്!!!

ഇങ്ങനെ രംഗം കഠോരമായിരിക്കുമ്പോഴാണ്‌ ഉറക്കച്ചെവിടോടെ ഞാന്‍ പതിയെ എഴുന്നേറ്റ് വന്നത്.അവസ്ഥ മോശമാണെന്ന് തോന്നിയപ്പോള്‍ അറിയാതെ ചോദിച്ചു:
"എന്താ അച്ഛാ, എന്ത് പറ്റി?"
മറുപടി ഒരു മറുചോദ്യമായിരുന്നു:
"വൈയറ്റിലെത്തിയാല്‍ സര്‍ജറി ചെയ്ത് പല്ലെടുക്കാമെന്ന് ഡോക്ടര്‍ പറഞ്ഞോ?"
"പറഞ്ഞു"
എന്‍റെ മറുപടി കേട്ടതും, 'ങാഹാ, അവന്‍ അത്രക്കായോ' എന്ന ചോദ്യത്തോടെ ബാധ കൂടിയ വെളിച്ചപ്പാടിനെ പോലെ അച്ഛന്‍ പുറത്തേക്ക് ഒറ്റ ഓട്ടം.
ശെടാ, ഇതെന്ത് പറ്റി??
എനിക്ക് ഒന്നും മനസിലായില്ല.

ഒടുവില്‍ ഗായത്രിയില്‍ നിന്ന് സത്യം മനസിലായപ്പോള്‍, 'വൈറ്റിലക്ക്' എത്തിയാല്‍ പല്ല്‌ സര്‍ജറി ചെയ്ത് എടുക്കാമെന്നത്, 'വയറ്റിലേക്ക്' എത്തിയാല്‍ പല്ല്‌ സര്‍ജറി ചെയ്ത് എടുക്കാമെന്ന് ഗായത്രി മനസിലാക്കിയതിന്‍റെ ആഫ്റ്റര്‍ ഇഫക്ടാണ്‌ അച്ഛന്‍റെ പ്രകടനമെന്ന് ബോധ്യമായപ്പോള്‍, എന്‍റെ വലത്തെ കാലില്‍ നിന്ന് ഒരു പെരുപ്പ് കയറി അങ്ങ് തല വരെയെത്തി.
കര്‍ത്താവേ, എന്തൊക്കെ ടൈപ്പ് കുരിശുകളാ??
ഇവക്ക് ഇത്രക്ക് ബോധമില്ലേ??
കാര്യം മനസിലാക്കുന്നേല്‍ മനസിലാക്കട്ടേന്ന് കരുതി ദയനീയ സ്വരത്തില്‍ ഞാന്‍ ചോദിച്ചു:
"ഒരു ദന്തഡോക്ടര്‍ക്ക് വയറ്റില്‍ ഓപ്പറേഷന്‍ നടത്താന്‍ പറ്റില്ലെന്ന് അറിയില്ലേ?"
"അതറിയാം മോനേ, പക്ഷേ അവന്‍റെ ഭാര്യ ഗൈനക്കോളജിസ്റ്റാ, അവളു കീറും" അമ്മയുടെ മറുപടി.
പഷ്ട്!!
അമ്മയും മകളും നല്ല കോമ്പിനേഷന്‍.
തലയില്‍ കൈ വച്ച് നിലത്തിരുന്നപ്പോള്‍ ഒരു ഫോണ്‍ കോള്‍...
വിവരമറിഞ്ഞ് കായംകുളത്ത് നിന്ന് അമ്മ വിളിക്കുകയാണ്, ഞാന്‍ ഫോണെടുത്തു.

"ഹലോ"
"മോനേ, ഞാനാടാ, അമ്മയാ"
"എന്താ അമ്മേ?"
"നീ വിഷമിക്കേണ്ടാ, ഓപ്പറേഷന്‍ ചെയ്യാതെ വായീന്ന് തന്നെ നമുക്ക് പല്ലെടുക്കാം, കാശ് എത്രയായലും"
ഓ.
"ദേ അപ്പച്ചിക്ക് എന്തോ പറയണമെന്ന്..."
ഞാന്‍ എന്തെങ്കിലും പറയുന്നതിനു മുമ്പ്, ഫോണ്‍ കൈക്കലാക്കി അപ്പച്ചി പറഞ്ഞു:
"മനുക്കുട്ടാ, അബദ്ധത്തിലിനി പല്ല്‌ വയറ്റി പോയാലും ഓപ്പറേഷനൊന്നും ചെയ്യിക്കണ്ടാ, ട്ടോ"
"ശരി അപ്പച്ചി"
"പല്ല്‌ വയറ്റി പോയെന്ന് തോന്നിയാ, ഒരു കിലോ പാളയന്‍തോടന്‍ പഴം വാങ്ങി തിന്നോ, പിറ്റേന്ന് ശൂന്ന് ഇങ്ങ് പോരും"
അയ്യേ!!!
കൂടുതല്‍ കേള്‍ക്കാന്‍ ശക്തിയില്ലാത്തതിനാല്‍ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

തുടര്‍ന്ന് അമ്മയോടും ഗായത്രിയോടും സത്യം ബോധിപ്പിച്ചു.സ്വല്പം നേരത്തേക്ക് അമ്മക്ക് മിണ്ടാട്ടമുണ്ടായിരുന്നില്ല, ബോധം വീണപ്പോള്‍ അമ്മ പറഞ്ഞു...
"അയ്യോ, അച്ഛന്‍ അങ്ങോട്ട് പോയേക്കുവാ, ആ ഡോക്ടര്‍..."
അപ്പോഴാണ്‌ ഞാനും ആ കാര്യം ഓര്‍ത്തത്.
പിന്നെ ഒറ്റ ഓട്ടമായിരുന്നു...
എന്‍റെ ഒരു പല്ലെടുക്കാനുള്ള വഴി പറഞ്ഞ് തന്ന ഡോക്ടറുടെ മുപ്പത്തിരണ്ട് പല്ലും അച്ഛന്‍ എടുക്കുന്നതിനു മുമ്പേ എനിക്കവിടെ എത്താന്‍ പറ്റി.സത്യം ബോധിപ്പിച്ച് അച്ഛനെയും കൊണ്ട് തിരിച്ച് വീട്ടിലെത്തി.
ഗായത്രിയെ കണ്ടപ്പോള്‍ അച്ഛന്‍ പറഞ്ഞു:
"ഒറ്റയടിക്ക് നിന്‍റെ അണപല്ലടിച്ച് താഴെയിടുകയാ വേണ്ടത്"
അത് കേട്ടതും അവള്‍ പറഞ്ഞു:
"ആ അടി മനുചേട്ടനു കൊടുത്താല്‍ സര്‍ജറിയുടെ കാശെങ്കിലും ലാഭിക്കാം"
'അത് ശരിയാ'ന്ന് അമ്മ പറയുമോന്ന് എനിക്ക് പേടിയുണ്ടായിരുന്നു, പക്ഷേ അമ്മ പറഞ്ഞില്ല.അതിനാലാവാം അച്ഛന്‍ അടിച്ചുമില്ല.പല്ല്‌ എന്‍റെ വായില്‍ തന്നെ ഇരുന്നു, അതേ വേദനയുമായി..

ബാക്കിപത്രം:
കൃത്യം മൂന്നാഴ്ചക്ക് ശേഷം വൈറ്റിലയിലെ ആശുപത്രിയില്‍ വച്ച് വിവാദ കഥാപാത്രമായ പല്ല്‌ ഞാന്‍ നീക്കം ചെയ്യിച്ചു.അങ്ങനെ എല്ലാം ശുഭമായി കലാശിച്ചു.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com