For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ഇത് ശകുന്തളയുടെ കഥ




ശകുന്തള..
കാളിദാസന്‍ എന്ന മഹത് പ്രതിഭ രചിച്ച, ശാകുന്തളം എന്ന അതിമനോഹരമായ പ്രണയകാവ്യത്തിലെ നായിക, സൌന്ദര്യത്തിന്‍റെ നിറകുടമായ മുനികുമാരി, പേര്‌ കേള്‍ക്കുമ്പോള്‍ തന്നെ ഏതൊരു ആണിന്‍റെ മനസിലും വശ്യമോഹം ഉണര്‍ത്താന്‍ കഴിവുള്ള മായാജാലക്കാരി...
ഇല്ല, ഈ നായികയെ കുറിച്ച് വര്‍ണ്ണിക്കാന്‍ എനിക്ക് വാക്കുകളില്ല!!
കല്യാണ മോഹവുമായി നടക്കുന്ന യുവകോമളന്‍മാരോട് ഒരു ചോദ്യം..
നിങ്ങള്‍ക്ക് ശകുന്തളയെ കല്യാണം കഴിക്കാന്‍ ഒരു അവസരം ലഭിച്ചാല്‍....?
പെട്ടന്ന് ഒരു മറുപടിയില്ല, അല്ലേ?
എന്നാല്‍ ഈ ചോദ്യം നിങ്ങള്‍ എന്നോടാണ്‌ ചോദിച്ചതെങ്കില്‍ എനിക്ക് ഒരു മറുപടി ഉണ്ട്.
കാരണം എനിക്ക് ഒരിക്കല്‍ ആ അവസരം ലഭിച്ചിരുന്നു.
അത് വിശദീകരിക്കണമെങ്കില്‍ ഏകദേശം ഒരു വര്‍ഷം പുറകിലേക്ക് പോകണം.
അതായത് എനിക്ക് കല്യാണം ആലോചിക്കുന്ന കാലഘട്ടത്തിലേക്ക്..

എന്‍റെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ പെണ്ണ്‌ കാണാന്‍ പോയത് ഉത്തരയെ ആയിരുന്നു.അത് ഞാന്‍ നേരത്തെ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.അവള്‍ എന്നെ വേണ്ട എന്ന് പറഞ്ഞതോട് കൂടി ഞാന്‍ മാനസികമായി തളര്‍ന്നു.എന്‍റെ മനസ്സില്‍ ഒരു സംശയം ബാക്കിയായി..
എനിക്ക് എന്താ ഒരു കുറവ്?
മീശയ്ക്ക് മീശയില്ലേ?
കീശയ്ക്ക് കീശയില്ലേ??
കീശയില്‍ കാശുമില്ലേ???
പിന്നെന്താ ഉത്തര എന്നെ വേണ്ടാ എന്ന് പറഞ്ഞത്?
ഒരു പെണ്ണിനേ മറ്റൊരു പെണ്ണിനെ മനസിലാകു എന്ന പൊതു തത്വത്തില്‍ വിശ്വസിച്ച് ഞാന്‍ എന്‍റെ അനിയത്തിയോട് ചോദിച്ചു:
"മോളേ, നീ പറ, എനിക്ക് എന്തിന്‍റെ കുറവാ?"
വിഷമിച്ച് നില്‍ക്കുന്ന എന്നെ അടിമുടി ഒന്ന് നോക്കിയിട്ട്, അവള്‍ മൊഴിഞ്ഞു:
"ചേട്ടനിപ്പോള്‍ ഒരേ ഒരു കുറവേ ഉള്ളു, അതൊരു വാലിന്‍റെയാ."
പോടീ പുല്ലേ!!
ഞാനെന്താ കുരങ്ങാണോ?
കഷ്ടം!!

അങ്ങനെയിരിക്കേ ഒരു ഞയറാഴ്ച..
ഏകദേശം ഒരു പതിനൊന്ന് മണി ആയി കാണണം.എന്‍റെ വീടിനു മുമ്പില്‍ ഒരു മാരുതികാര്‍ വന്നു നിന്നു.അതില്‍ നിന്നും ടിപ്പ് ടോപ്പില്‍ വേഷം ധരിച്ച ഒരു സുന്ദരന്‍ ഇറങ്ങി.അയാള്‍ എന്നെ ചൂണ്ടി ഒരു സംശയഭാവത്തില്‍ ചോദിച്ചു:
"മനു അല്ലേ?"
"അതേ"
എന്‍റെ മറുപടി കേട്ടതും കൂളിംഗ്ലാസ്സ് ഒന്ന് നേരെ പിടിച്ചു വച്ച് അയാള്‍ വീണ്ടും ചോദിച്ചു:
"അച്ഛനുണ്ടോ?"
എന്‍റെ റബ്ബേ!!
കാര്‍ക്കോടകന്‍ ചോദിച്ചത് കേട്ടില്ലേ?
എനിക്ക് അച്ഛനുണ്ടോന്ന്??
ഡാഷ് മോനേ, കൂമ്പിനിട്ട് ഒരു ഇടി തരട്ടേ?
ഉള്ളില്‍ തിളച്ച് വന്ന ദേഷ്യം കടിച്ചമര്‍ത്തി ഞാന്‍ തിരികെ ചോദിച്ചു:
"എന്താ ഉദ്ദേശിച്ചത്?"
എന്‍റെ ചോദ്യത്തില്‍ അപകടം മണത്ത അതിഥി, തന്‍റെ ചോദ്യം വിശദമാക്കി:
"അച്ഛന്‍ വീട്ടില്‍ ഉണ്ടോ?"
ഓ, എന്ന്..
"ഉണ്ട്"

അയാള്‍ ആധൂനിക ബ്രോക്കറാണത്രേ!!
എനിക്ക് പറ്റിയ പെണ്ണിനെ കണ്ട് പിടീക്കാന്‍ അയാള്‍ക്ക് മാത്രമേ കഴിയൂ എന്നാണ്‌ അയാളുടെ അവകാശവാദം.അയാളുടെ വാചകമടി കേട്ട് അന്തം വിട്ടിരുന്ന അച്ഛനോട് അയാള്‍ ഒരു പെണ്‍കുട്ടിയുടെ ഡീറ്റയില്‍സ്സ് പറഞ്ഞു..
യാഥാസ്ഥിതിക കുടുംബത്തിലെ പെണ്‍കുട്ടി, തറവാടി, പെണ്ണിനു ഇരുപത്തി മൂന്ന് വയസ്സ്, സുന്ദരി, സുശീല, സുമുഖ, സര്‍വ്വോപരി സര്‍വ്വജ്ഞ...
ഇത്രയും കേട്ടതോടെ എന്നിലെ തളരിതഹൃദയന്‍ തിരിച്ച് വന്നു, ആകാംക്ഷ സഹിക്കാന്‍ കഴിയാതെ ഞാന്‍ ചോദിച്ചു:
"എന്താ കുട്ടിയുടെ പേര്‌?"
എന്‍റെ ചോദ്യത്തിനു മറുപടിയായി പെണ്‍കുട്ടിയുടെ പേര്‌ അയാള്‍ പ്രഖ്യാപിച്ചു:
"ശകുന്തള"
ആ പേര്‌ കേട്ട നിമിഷം ഞാനൊരു ദുഷ്യന്തനായി!!
അവളുടെ കാലില്‍ മുള്ള്‌ കൊള്ളുന്നതും, ഞാനത് എടുത്ത് കൊടുക്കുന്നതും, കുറേ വണ്ടുകള്‍ ചീറിപറക്കുന്നതും, സഖിമാര്‍ ആര്‍ത്ത് ചിരിക്കുന്നതും, എന്ന് വേണ്ടാ ആ നിമിഷം തന്നെ അവളേം കൊണ്ട് ഞാന്‍ യൂറോപ്പില്‍ പോയി ഒരു ഡ്യൂയറ്റ് വരെ പാടി.
ഞാന്‍ ഇങ്ങനെ സന്തോഷിച്ച് നിന്നപ്പോഴാണ്‌ ബ്രോക്കര്‍ ഒരു പ്രശ്നം ഉന്നയിച്ചത്:
"മോനു ജോലി ബാംഗ്ലൂരിലായ കാരണം ആ കാരണവര്‍ സമ്മതിക്കുമോന്നാ സംശയം"
((ഠോ))
യൂറോപ്യന്‍ സിറ്റിക്ക് നടുവില്‍ ഒരു കാടുണ്ടാക്കി, അവിടെ ശകുന്തളയുമായി ഡ്യൂയറ്റ് പാടി നടന്ന എന്‍റെ നെഞ്ചില്‍ ഏതോ ഒരു കാരണവര്‍ വെടിവച്ചു.
ആരാണയാള്‍??
നിമിഷ നേരം കൊണ്ട് തളരിത ഹൃദയന്‍ പഴയ വൃണ ഹൃദയനായി!!
വെറുതെ കൊതിപ്പിച്ചട്ട് ബ്രോക്കര്‍ പറഞ്ഞത് കേട്ടില്ലേ?
കാരണവര്‍ കല്യാണത്തിനു സമ്മതിക്കില്ലത്രേ!!
ബ്രോക്കറുടെ തല തല്ലി പൊട്ടിക്കുകയാ വേണ്ടത്..
ബ്ലഡി ബ്രോക്കര്‍, ഐ വില്‍ ബ്രോക്ക് യൂ!!

പിന്നീടാണ്‌ കാര്യങ്ങളുടെ കിടപ്പ് വശം അയാള്‍ വ്യക്തമാക്കിയത്.ആ വീട്ടില്‍ മൂന്ന് കാരണവന്‍മാരാ ഉള്ളത്.ഒരു അപ്പുപ്പന്‍ കാരണവര്‍, ഒരു അമ്മുമ്മ കാരണവര്‍, ഒരു ആന്‍റി കാരണവര്‍.ഇവര്‍ക്ക് മൂന്ന് പേര്‍ക്കും പയ്യനെ ഇഷ്ടമാകണം.
അവിടെയാ കുഴപ്പം..
ബാംഗ്ലൂര്‍ എന്ന് പറഞ്ഞാല്‍ മയക്ക് മരുന്ന്, കഞ്ചാവ് എന്നിങ്ങനെയുള്ള കാര്യങ്ങളെ അവര്‍ കേട്ടിട്ടുള്ളു.അവര്‍ കണ്ടിട്ടുള്ള സിനിമകളില്‍ ബാംഗ്ലൂരില്‍ ജീവിക്കുന്ന ആണ്‍കുട്ടികളെല്ലാം വഴി പിഴച്ച് പോയവരാണത്രേ.
എന്താ പറയുക..
മലയാള സിനിമയുടെ മഹത്തായ സംഭാവന!!
അവസാനം എന്‍റെ വീട്ടുകാരേയും കുടുംബത്തെയും പറ്റി കേട്ടതോടെ പെണ്ണ്‌ കാണല്‍ ചടങ്ങ് ഒരുക്കാന്‍ അവര്‍ തയ്യാറായി.അടുത്ത ഞയറാഴ്ച വീട്ടില്‍ ചെല്ലാന്‍ പറഞ്ഞു.അന്നുമുതല്‍ ഞാന്‍ ദിവസങ്ങള്‍ എണ്ണീ നീക്കി.ഒടുവില്‍ ഞാന്‍ കാത്തിരുന്ന ആ ദിവസം സമാഗതമായി.നെഞ്ചില്‍ പെരുമ്പറയും, മുഖത്ത് അരിമ്പാറയുമായി, ശകുന്തളയെ കാണാന്‍ ഞാന്‍ അവളുടെ വീട്ടിലേക്ക് യാത്രയായി...

പഴയ തറവാട് സ്റ്റൈലില്‍ പണിത ഒരു ആധൂനിക വീട്, അതായിരുന്നു ശകുന്തളയുടെ ഗൃഹം.
ഞങ്ങള്‍ നാല്‌ പേരാണ്‌ ആ വീട്ടിലേക്ക് കടന്ന് ചെന്നത്..
തലയില്‍ ഒരു ബക്കറ്റ് എണ്ണ തേച്ച് പിടിപ്പിച്ച്, മുടി ഒരു സൈഡിലേക്ക് ഒതുക്കി വച്ച്,ഒരു കസവ് മുണ്ടും ഉടുത്ത്, തിളങ്ങുന്ന ഒരു ഷര്‍ട്ടും ഇട്ട്, നെറ്റിയില്‍ ഒരു കുറിയും, അതിനു മുകളില്‍ സ്വല്പം സിന്ദൂരവും, അതിനും മുകളിലായി ഭസ്മം വച്ച് മൂന്ന് വരയും വരച്ച് ഞാന്‍,
പട്ട് പാവാടയും ബ്ലൌസുമിട്ട് അനിയത്തി,
പട്ട് സാരിയുടുത്ത് പ്രൌഡഗംഭീര സ്റ്റൈലില്‍ അമ്മ,
നായ് നടുക്കടലില്‍ പോയാലും നക്കിയേ കുടിക്കു എന്ന് പറഞ്ഞപോലെ ടിപ്പ് ടോപ്പ് സ്റ്റൈലില്‍ ബ്രോക്കര്‍.
ഞങ്ങള്‍ നാല്‌ പേരെയും അപ്പൂപ്പന്‍ കാരണവര്‍ വീട്ടിലേക്ക് ആനയിച്ചു.വിശാലമായ ഹാളിലെ പുലിത്തോല്‍ വിരിച്ച സോഫായില്‍ അദ്ദേഹം ഞങ്ങളെ ഇരുത്തി.ചുറ്റുപാട് കണ്ടതോടെ എന്‍റെ മനസ്സ് എന്നോട് പറഞ്ഞു,
സെറ്റപ്പ് കൊള്ളാം!!

ആദ്യത്തെ ചോദ്യം അപ്പൂപ്പന്‍ കാരണവരുടെ വകയായിരുന്നു:
"ബാംഗ്ലൂരിലാ ജോലി അല്ലേ?"
"അതേ"
പിന്നെ കുറേ നേരം നിശബ്ദത.
അതോട് കൂടി എന്‍റെ ടെന്‍ഷന്‍ കൂടി കൂടി വന്നു..
ഈശ്വരാ, ഇവര്‍ എങ്ങനെയായിരിക്കും എന്നെ പരീക്ഷിക്കുക?
ഞാന്‍ വഴിപിഴച്ചവനാണോ അല്ലയോ എന്നറിയാന്‍ ഇവര്‍ എന്ത് വഴിയായിരിക്കും സ്വീകരിക്കുക?
എന്ത് തന്നെയായാലും കാത്തോളണേ.
ഞാന്‍ ഇങ്ങനെ ടെന്‍ഷനടിച്ച് ഇരിക്കവേ ആന്‍റികാരണവര്‍ എന്‍റെ അടുത്തോട്ട് വന്നു, എന്നിട്ട് ചോദിച്ചു:
"കുടിക്കാന്‍ ചൂടുള്ളത് വേണോ, അതോ തണുപ്പുള്ളത് മതിയോ?"
എന്‍റെ മുത്തപ്പാ..
പരീക്ഷണം തുടങ്ങി കഴിഞ്ഞു..
ഹോട്ട് വേണോ, അതോ ബിയര്‍ മതിയോന്ന്??
എന്ത് മറുപടി പറഞ്ഞാലും കുരിശാണല്ലോ കര്‍ത്താവേ എന്ന് കരുതി ഞാന്‍ മിണ്ടാതെ ഇരുന്നപ്പോള്‍ അനിയത്തി പറഞ്ഞു:
"ചായ മതി"
അയ്യേ..
അതായിരുന്നോ???
ചായ എടുക്കാന്‍ അടുക്കളയിലോട്ട് നടന്ന ആന്‍റി ഒരു നിമിഷം തിരിഞ്ഞ് നിന്നു, എന്നിട്ട് സംശയത്തോട് ചോദിച്ചു:
"മോന്‍ ഷുഗര്‍ ഉപയോഗിക്കുമോ?"
ബ്രൌണ്‍ ഷുഗറോ, അതോ പഞ്ചസാരയോ??
എന്താ ഉദ്ദേശിച്ചത്?
അവിടെയും അനിയത്തി രക്ഷിച്ചു:
"മധുരം ചേട്ടനിഷ്ടമാ"
ഭാഗ്യം!!

പിന്നീടുള്ള പത്ത് മിനിറ്റ് ഒരു അവാര്‍ഡ് സിനിമ മാതിരി ആയിരുന്നു, ആര്‍ക്കും മിണ്ടാട്ടമില്ല.അപ്പോഴാണ്‌ ആ നിശബ്ദതയെ കീറി മുറിച്ച് കൊണ്ട് ഒരു ബൈക്ക് പാഞ്ഞ് വന്ന് നില്‍ക്കുന്ന ശബ്ദം കേട്ടത്.അടുത്ത നിമിഷം ഒരു ജീന്‍സ്സും, ടീഷര്‍ട്ടും ധരിച്ച്, ആറടി ഉയരമുള്ള ഒരു പയ്യന്‍ ഹാളിലേക്ക് കടന്ന് വന്നു.ഇതാണോ പെണ്ണിന്‍റെ ആങ്ങള?
എന്തായാലും ആളൊരു ജിം തന്നെ!!
നല്ല ബോഡി!!
അ പയ്യനെ അപ്പുപ്പന്‍ കാരണവര്‍ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി:
"ഇതാ എന്‍റെ കൊച്ചുമോള്‍, ശകുന്തള"
എന്ത്??
ഞാന്‍ അറിയാതെ എഴുന്നേറ്റ് പോയി.
കര്‍ത്താവേ!!
ഇതാണോ ആ മൊതല്??
കാലില്‍ മുള്ള്‌ കൊണ്ട ശകുന്തള!!
എന്‍റെ പൊന്ന് കാളിദാസാ..
ഇവരോട് പൊറുക്കേണമേ!!
ഞെട്ടി നിന്ന ഞങ്ങളെ നോക്കിയിട്ട്, അവള്‍ എന്നോട് ചോദിച്ചു:
"ആര്‍ യൂ മിസ്റ്റര്‍ മനു?"
കൊള്ളാം!!!
ആരാ മിസ്റ്റര്‍ മനു എന്ന്??
ഞാനാ!!

ഞങ്ങളുടെ മുമ്പിലുള്ള ഒരു കസേരയില്‍, കാലിന്‍ മേല്‍ കാലും കേറ്റി വച്ച് ഇരുന്നു കൊണ്ട്, അവള്‍ സ്വയം വിശദീകരിക്കാന്‍ തുടങ്ങി.അവളുടെ ഒരോ വിശദീകരണത്തിനും ഒരായിരം സംശയങ്ങള്‍ മനസ്സിലുണ്ടായെങ്കിലും എന്‍റെ ദേഹരക്ഷയെ കരുതി ഞാന്‍ നിശബ്ദനായി നിന്നു.അവളുടെ വിശദീകരണവും എന്‍റെ മൌനമായി പോയ മറുചോദ്യങ്ങളും ഏകദേശം ഇപ്രകാരമായിരുന്നു...

"ഞാന്‍ ശകുന്തള"
ഡ്രാക്കുള അല്ലല്ലോ??

"ഞാന്‍ ഒരു ഓപ്പണ്‍ ടൈപ്പാ"
ദൈവമേ, എന്ന് വച്ചാല്‍???

"എനിക്ക് പറയാനുള്ളത് ഞാന്‍ വെട്ടി തുറന്ന് പറയും"
ഒഹോ, അത്രേ ഉള്ളോ?
കര്‍ത്താവിനു സ്തോത്രം!!

"എനിക്ക് ഒരുപാട് ബോയ്ഫ്രണ്ട്സ്സ് ഉണ്ട്"
അവര്‍ക്ക് അറിയാമോ നീ പെണ്ണാണെന്ന്??

"എന്‍റെ പേരന്‍റ്‌സ്സ് സ്റ്റേറ്റിലാ"
ഏത് സ്റ്റേറ്റില്‍?
കേരളം, തമിഴ്നാട്, കര്‍ണ്ണാടക, മധ്യപ്രദേശ്, ....?

"ഐ മീന്‍ അമേരിക്കയില്‍"
ഓ, അങ്ങനെ.

"ഞാന്‍ ജനിച്ചത് ബോംബയിലാ"
ആ സമയത്തും പേരന്‍റ്‌സ്സ് സ്റ്റേറ്റില്‍ ആയിരുന്നോ??

"എനിക്ക് ഇനിയും വളരണം"
ഇപ്പം തന്നെ ആറടി ഉണ്ടല്ലോ??

"ഐ മീന്‍ കരിയറില്‍ ഇനിയും വളരണം"
ഓ, എന്ന്.

"കല്യാണത്തിനോട് എനിക്ക് വലിയ താല്‍പര്യം ഒന്നുമില്ല"
സത്യം പറഞ്ഞാല്‍, ഇപ്പം എനിക്കും താല്‍പര്യമില്ല.എന്താണോ എന്തോ??

"കല്യാണം കഴിക്കുകയാണെങ്കില്‍, കേരളത്തില്‍ നിന്നുമുള്ള ഒരു ഹസ്സ്‌ബെന്‍ഡിനെ വേണം എന്നതാ എന്‍റെ ആഗ്രഹം"
അതിനു ആ ഹസ്സ്‌ബെന്‍ഡിന്‍റെ ഭാര്യ സമ്മതിക്കുമോ എന്തോ??

"ഒരു മലയാളി വേണം എന്‍റെ ഭര്‍ത്താവാകാന്‍, താങ്കള്‍ക്കോ?"
എനിക്ക് ഭര്‍ത്താവാകാന്‍ ആരെയും വേണ്ടാ, ഭാര്യ ആകാന്‍ ആളേ മതി.

"എനിക്ക് മനുവിനെ ഇഷ്ടമായി, മനുവിനോ?"
എനിക്കും എന്നെ ഇഷ്ടമായി!!

വിവരം വീട്ടില്‍ ചെന്നിട്ട് വിളിച്ച് പറയാം എന്ന് പറഞ്ഞ് ഒരു വിധത്തില്‍ ഞാന്‍ തല ഊരി.ശകുന്തളയെ കണ്ട് ബോധം കെട്ട് കിടക്കുന്ന അമ്മയേയും അനിയത്തിയേയും കാറില്‍ കയറ്റി വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ബ്രോക്കര്‍ എന്നോട് പറഞ്ഞു:
"വിവരം അറിയാന്‍ ഞാന്‍ വീട്ടിലോട്ട് വരാം"
ഇനി വീട്ടിലോട്ട് വന്നാല്‍ താന്‍ വിവരം അറിയും!!
ബ്ലഡി ബ്രോക്കര്‍, ഐ വില്‍ ബ്രോക്ക് യൂ!!!

ആദിത്യന്‍റെ അച്ഛന്‍




'മദ്യം ശത്രുവാണ്'
(കുട്ടിക്കാലത്ത് അമ്മ തന്ന ഉപദേശങ്ങളില്‍, ഞാന്‍ ഏറ്റവും മാനിക്കുന്ന ഉപദേശം.)
'ശത്രുവിനെയും സ്നേഹിക്കുക'
(വളര്‍ന്ന് വന്നപ്പോള്‍ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കിയ മറ്റൊരു ഉപദേശം.)
ഈ കഥ ഇവിടെ തുടങ്ങുന്നു..
(ഉത്സവങ്ങളും ആഘോഷങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും, മദ്യത്തില്‍ അര്‍പ്പിച്ച് ജീവിക്കുന്ന, നല്ലവരായ എല്ലാ കുടിയന്‍മാരുടെയും, കരളിനും, വൃക്കക്കുമായി ഞാന്‍ ഈ കഥ സമര്‍പ്പിക്കുന്നു..
മേരേ പ്യാരാ കരള്‍സ്സ്, ദിസ് ഈസ് എ ഡ്രിങ്ക് സ്റ്റോറി..
ഇതൊരു മദ്യപാന കഥയാണ്..
ആദിത്യന്‍റെ അച്ഛന്‍ അഥവാ എന്‍റെ ഗള്‍ഫ് അളിയന്‍)

ഇനി ഭൂതകാലം..
ഒരു കുലയില്‍ മിനിമം അഞ്ച് കരിക്ക് എങ്കിലും വേണമെന്ന് വിശ്വസിച്ചിരുന്ന അമ്പതുകളിലാണ്‌ എന്‍റെ അമ്മ ജനിച്ചത്.അതിനാല്‍ തന്നെ, എണ്ണി ചുട്ട അപ്പം പോലെ അഞ്ച് സഹോദരങ്ങള്‍ അമ്മക്ക് ഉണ്ടായിരുന്നു.എന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, രണ്ട് അമ്മാവന്‍മാര്‍, രണ്ട് വല്യമ്മമാര്‍, ഒരു കുഞ്ഞമ്മ.ഇവരെയൊക്കെ ഞാന്‍ പരിചയപ്പെട്ടത് എന്‍റെ ജനന ശേഷമാണ്, അതായത് എണ്‍പത് കാലഘട്ടത്തില്‍..

'നാം രണ്ട്, നമുക്ക് രണ്ട്' എന്ന ആപ്തവാക്യമായിരുന്നു എണ്‍പതുകളുടെ പ്രത്യേകത.ഏത് വീട്ടില്‍ ചെന്നാലും രണ്ടെണ്ണം കാണും, ഒരു ആണ്‍കുട്ടിയും, ഒരു പെണ്‍കുട്ടിയും.എന്നാല്‍ കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ വളര്‍ന്ന എനിക്ക് പെങ്ങന്‍മാര്‍ കുറഞ്ഞു എന്നൊരു വിഷമം ഇല്ലായിരുന്നു.സ്വന്തമായി ഒരു പെങ്ങള്‍, പിന്നെ കുടുംബത്തിലെ കുറേ പെങ്ങന്‍മാര്‍, ഇതൊന്നും പോരാഞ്ഞിട്ട് നാട്ടിലെ ആ കാലഘട്ടത്തില്‍ ജനിച്ച വേറെ കുറെ പെങ്ങന്‍മാര്‍, സംഭവം കുശാലായി!!
(ഈ ഒരു ഒറ്റ കാരണത്താലാണ്, 'എല്ലാ ഭാരതിയരും എന്‍റെ സഹോദരി സഹോദരന്‍മാരാണ്' എന്ന പ്രതിജ്ഞ ചൊല്ലി തന്ന ഹെഡ്മാസ്റ്ററോട്, 'ആവശ്യത്തിനു പെങ്ങന്‍മാര്‍ വീട്ടിലുണ്ടന്നും, തത്ക്കാലം വെളിയില്‍ നിന്ന് ആളെ എടുക്കുന്നില്ലന്നും' പറയാന്‍ എന്നെ പ്രേരിപ്പിച്ചത്.)

ഇനി ഒരു പെങ്ങളെ പരിചയപ്പെടുത്തി തരാം..
അവളാണ്‌ ധന്യ..
രണ്ടാമത്തെ വല്യമ്മയുടെ രണ്ടാമത്തെ സന്താനം..
എന്നെക്കാള്‍ ഒരു വയസ്സ് മാത്രം ഇളപ്പമുള്ള എന്‍റെ പെങ്ങള്‍..
മിടുക്കി, മിക്കുടി, തക്കുടു, കുക്കുടു..
(ഇത് കുട്ടിക്കാലം)

വര്‍ഷങ്ങള്‍ ഓടി മറഞ്ഞു, ഈ ധന്യ വളര്‍ന്നു...സ്വാഭാവികം!!
വല്യമ്മ ഒരു ഗള്‍ഫ്കാരനു അവളെ കെട്ടിച്ച് കൊടുത്തു...സ്വാഭാവികം!!
അവര്‍ക്കൊരു കുട്ടി ജനിച്ചു...അതും സ്വാഭാവികം!!
ആ കുട്ടിയുടെ പേരാണ്‌ ആദിത്യന്‍.പക്ഷേ ഈ കഥയില്‍ നായകന്‍ ആദിത്യനല്ല, അവന്‍റെ അച്ഛനാ.മഹേഷ് എന്ന പേരില്‍ അറിയപ്പെടുന്നവനും, ധന്യയുടെ കെട്ടിയോനുമായ മഹിളിയന്‍ അഥവാ എന്‍റെ മഹി അളിയന്‍.

ഇവരുടെ കഥ ഇവിടെ നില്‍ക്കട്ടെ, ഇനി എന്‍റെ കാര്യം നോക്കാം..
ധന്യയെക്കാള്‍ ഒരു വര്‍ഷം മുമ്പേ ഞാന്‍ വളര്‍ന്നു...സ്വാഭാവികം!!
വീട്ടുകാര്‍ ഒരു നാടന്‍ പെണ്ണിനെ കെട്ടിച്ച് തന്നു..സ്വാഭാവികം!!
പക്ഷേ ഇത് വരെ കുട്ടി ജനിച്ചില്ല...അത് അസ്വഭാവികം!!

ബാംഗ്ലൂരില്‍ കുടുംബ സമേതം കഴിയുന്ന എന്നെ, എല്ലാ വെള്ളിയാഴ്ചയും മുടങ്ങാതെ വിളിക്കുന്ന മഹിളിയന്‍ പുതിയതായി ഒരു വീട് വച്ചു.വീട് ആറ്‌ നിലയാണെന്നും, വീടിന്‍റെ പാലുകാച്ചിനു വേണ്ടി ഓണത്തോട് അനുബന്ധിച്ച് നാട്ടില്‍ വരുമെന്നും, അപ്പോള്‍ നാട്ടിലെ യാത്രക്ക് ഒരു ബെന്‍സ് വാങ്ങിയെന്നും, ചന്തയില്‍ മീന്‍ വാങ്ങാന്‍ പോകാന്‍ സാന്‍ഡ്രോ വാങ്ങിയെന്നുമുള്ള ബഡായിസിനു ശേഷം പാലുകാച്ചിനു വരണം എന്നൊരു വാക്കും പറഞ്ഞു.ഓണം കൂടാന്‍ ഒരാഴ്ചത്തെ ലീവ് നേരത്തെ വാങ്ങിയ എനിക്ക്, അളിയന്‍റെ വീടിന്‍റെ പാലുകാച്ചിനു കൂടി ലീവ് തരാന്‍ കമ്പനി എന്‍റെ അച്ഛന്‍റെ വക അല്ലാത്തതിനാല്‍ ഓണത്തിനു വരുമ്പോള്‍ കാണാം എന്ന് ഉറപ്പ് കൊടുത്തിട്ട് ഞാന്‍ അളിയനോട് പറഞ്ഞു:
"ചേട്ടാ, ചിലവ് ചെയ്യണം"
"മനു കഴിക്കുമോ?" അളിയന്‍റെ മറു ചോദ്യം.
ആ ചോദ്യം കേട്ടതും എനിക്കങ്ങ് അത്ഭുതമായി.കാരണം അമ്മയുടെ വീട്ടില്‍ ആരും കഴിക്കാറില്ല.മദ്യപാനം എന്തോ വലിയ പാപമാണെന്ന ചിന്ത.അതിനാല്‍ തന്നെ അളിയനോട് ഞാനായിട്ട് ഒരിക്കലും വെള്ളമടിയെ പറ്റി സംസാരിച്ചിട്ടില്ല.ഇതാ ഒരു സുവര്‍ണ്ണ അവസരം..
ഞാന്‍ പതിയെ പറഞ്ഞു:
"കഴിക്കും"
"എന്നാല്‍ ഓണത്തിനു വരുമ്പോള്‍ വീട്ടിലോട്ട് വാ"
ശരി, ഏറ്റു!!

അളിയന്‍ അങ്ങനെ പറഞ്ഞതോട് കൂടി ഒരു സൈഡില്‍ സന്തോഷവും, മറുസൈഡില്‍ ടെന്‍ഷനുമായി.
ടെന്‍ഷനടിക്കാന്‍ പ്രധാനമായും മൂന്ന് കാര്യങ്ങളായിരുന്നു..
ഒന്ന്: ഗായത്രി സമ്മതിക്കണം.
രണ്ട്: ഗള്‍ഫില്‍ നിന്ന് കൊണ്ട് വരുന്ന സ്ക്കോച്ച് വിസ്കി എന്ന് കേട്ടിട്ടുള്ളതല്ലാതെ, ഇതിനെ കുറിച്ച് ഒരു പിടിയുമില്ല.സാധാരണ പോലെ ഗ്ലാസില്‍ ഒഴിച്ച് കുടിക്കണോ അതോ സ്ട്രോ ഇട്ട് കുടിക്കണോന്ന് ഒരു സംശയം.
മൂന്ന്: കട്ടന്‍ചായ പോലത്തെ കാടന്‍ റമ്മിനകത്ത് വെള്ളമൊഴിച്ച്, ഇടത്തെ കൈ വച്ച് മൂക്ക് പൊത്തി പിടിച്ച്, വലത്തെ കൈ കൊണ്ട് ഗ്ലാസിലെ ദ്രാവകം അണ്ണാക്കിലോട്ട് കമത്തുന്ന 'വെള്ളമടി' മാത്രമേ എനിക്ക് അറിയൂ, അത് അളിയന്‍ കണ്ടാല്‍ മോശമല്ലേ!!
കര്‍ത്താവേ, എന്തോ ചെയ്യും??

പോം വഴി ഇല്ലാത്ത കാര്യമില്ലല്ലോ, പ്രത്യേകിച്ച് വെള്ളമടിക്ക്..
പ്രശ്നം ഉണ്ടാക്കി പരിഹരിക്കുന്നതില്‍ പേരു കേട്ട എനിക്ക് ഇതൊക്കെ സിംപിളായിരുന്നു..
മേല്‍ സൂചിപ്പിച്ച മൂന്ന് പ്രശ്നത്തിനും ഞാന്‍ പോംവഴി കണ്ടെത്തി..
ഒന്ന്: ഗായത്രിയുടെ കാല്‌ പിടിച്ചു.വര്‍ഷത്തില്‍ ഒരിക്കല്‍ സ്ക്കോച്ച് വിസ്ക്കി കഴിക്കുന്നത് വെളുക്കാന്‍ നല്ലതാണെന്ന് കേട്ടപ്പോള്‍ അവള്‍ സമ്മതിച്ചു.നന്നായി വെളുക്കുമെങ്കില്‍ ഒരു ഗ്ലാസ് അവള്‍ക്കും വേണമത്രേ(പടച്ചോനേ!!).ഒടുവില്‍ സ്ക്കോച്ച് കുടിക്കുന്നത് ഗര്‍ഭപാത്രത്തില്‍ വിള്ളലുണ്ടാക്കും എന്നൊരു കളവ് പറഞ്ഞു.
രണ്ട്:സ്ക്കോച്ച് ഐസ് ഇട്ടാണ്‌ കുടിക്കേണ്ടതെന്ന് ധാരണയായി.
മൂന്ന്: സുഹൃത്തുക്കളുടെ സഹായത്താല്‍ സിപ്പ് ചെയ്ത് കഴിക്കാന്‍ പഠിച്ചു.ഒരു ഗ്ലാസ്സ് വെള്ളവുമായി, അലമാരയുടെ മുന്നിലുള്ള കണ്ണാടിയില്‍ നോക്കി നാല്‌ പ്രാവശ്യം 'ചിയേഴ്സ്' പറഞ്ഞതോട് കൂടി സ്വയം ഒരു ആധൂനിക കുടിയനാണെന്ന് വിശ്വാസമായി.
അങ്ങനെ ഓണം അവധിയായി..

ഓണത്തിനു ശേഷമുള്ള ശനിയാഴ്ച വൈകുന്നേരം ഞാന്‍ അളിയന്‍റെ വീട്ടിലേക്ക് യാത്രയായി.സൈഡ് സീറ്റില്‍ ഗായത്രിയെ ഇരുത്തി കാറോടിക്കുന്ന കൂട്ടത്തില്‍, അവളെ നോക്കി ഒരു കള്ള ചിരിയോടെ ഞാന്‍ പാടി..

"നീയറിഞ്ഞോ മേലേ മാനത്ത്
ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട്.."

കാര്‍ അളിയന്‍റെ വീട്ടിലെത്തി.അളിയനും പെങ്ങളും ആദിത്യനും സന്തോഷപൂര്‍വ്വം ഞങ്ങളെ സ്വീകരിച്ചു.ഹാളിലോട്ട് കയറിയ എന്നെ നോക്കി ചിരിച്ചോണ്ട് ഒരാള്‍ ചോദിച്ചു:
"ങ്ഹാ, മോനിങ്ങ് വന്നോ?"
ആ ചോദ്യകര്‍ത്താവിന്‍റെ തിരുമോന്ത കണ്ടതും എന്‍റെ ചങ്കൊന്ന് പിടച്ചു..
കടവുളേ, പണിക്കത്തി തള്ള!!

അവരെ കുറിച്ച് പറയാനാണെങ്കില്‍ കുറേ ഉണ്ട്....
വളരെ വളരെ നല്ലൊരു സ്ത്രീ, ഒരു കുടുംബം കലക്കാന്‍ ഒറ്റക്ക് കഴിവുള്ളവള്‍!!
കുട്ടിക്കാലത്ത് എന്നെ എടുത്തോണ്ട് നടന്നത് മാത്രമാണ്‌ ഞങ്ങള്‍ തമ്മിലുള്ള ആകെ ബന്ധം.ആ ബന്ധത്തിനെ പറ്റി വിവരിച്ച് തുടങ്ങി, ഒടുക്കം ഞാന്‍ പായില്‍ പെടുത്ത കഥ വരെ അവര്‍ ഗായത്രിയോട് പറഞ്ഞു.ഇടക്കിടെ എന്നോട് ചോദിക്കും:
"മോനിതൊക്കെ ഓര്‍മ്മയുണ്ടോ?"
എവിടെ??
മറുപടിയായി ഒന്ന് ചിരിച്ച് കാണിച്ചിട്ട്, മനസില്‍ അറിയാവുന്ന ഭാഷയിലൊക്കെ അവരെ തന്തക്ക് വിളിച്ചോണ്ടിരുന്ന എന്നോട് അളിയന്‍ ചോദിച്ചു:
"ഈ കുരിശ് പോയിട്ട് കഴിച്ചാല്‍ പോരെ?"
മതി, എനിക്ക് ധൃതിയില്ല!!

ഒടുവില്‍ പണിക്കത്തി തള്ള പോയി.ഞാനും ഗായത്രിയും അളിയനും കുടുംബവും മാത്രം ബാക്കിയായി.കാത്തിരുന്ന നിമിഷം ആഗതമായി..
ഡൈനിംഗ് ടേബിളിലേക്ക് ഞങ്ങള്‍ സ്വീകരിക്കപ്പെട്ടു..
സ്ക്കോച്ച് വിസ്ക്കിക്ക് എന്ത് നിറമായിരിക്കുമെന്ന് ചിന്തിച്ചിരുന്ന എന്‍റെ മുന്നില്‍ ഒരു പ്ലേറ്റില്‍ രണ്ട് ചപ്പാത്തിയും, മറ്റൊരു പ്ലേറ്റില്‍ ഒരു ചിക്കന്‍ കറിയും വച്ചിട്ട് അളിയന്‍ പറഞ്ഞു:
"കഴിച്ചോ"
ങ്ങേ!!
മനസിലായില്ല!!
ഇതെന്ത് കൂത്ത്??
എന്നെക്കാള്‍ അമ്പരപ്പ് ഗായത്രിക്കായിരുന്നു.അളിയന്‍ സ്ക്കോച്ച് കൊണ്ട് വയ്ക്കുമ്പോള്‍ പരിഭവത്തോടെ എന്നെ നോക്കാനും, എന്നിട്ട് മനസില്ലാമനസ്സോടെ സമ്മതിക്കാനും റിഹേഴ്സല്‍ നടത്തി വന്ന അവളുടെ മുഖത്തും ഒരു കരിവാളിപ്പ്.
വിറക്കുന്ന സ്വരത്തില്‍ ഞാന്‍ ചോദിച്ചു:
"അളിയാ, വീശാന്‍ ഒന്നുമില്ലേ?"
അളിയനെല്ലാം മനസിലായി, ഓന്‍ ധന്യയോട് പറഞ്ഞു:
"എടീ, ആ ഫാനൊന്ന് ഇട്ടേ"
ഇങ്ങേരെന്താ പൊട്ടനാണോ??
ഇനി ഗായത്രി ഇരിക്കുന്ന ചമ്മല്‌ കൊണ്ടായിരിക്കുമെന്ന് കരുതി ഞാന്‍ മനസ്സ് തുറന്നു:
"അളിയാ കുടിക്കാന്‍ ഒന്നും ഇല്ലേന്നാ ചോദിച്ചത്"
അത് കേട്ടതും അളിയന്‍ ഗായത്രിയെ ഒന്ന് നോക്കി.കുഴപ്പമില്ല എന്ന മട്ടില്‍ അവള്‍ ചിരിച്ച് കാണിച്ചു.ധൈര്യം കിട്ടിയ അളിയന്‍ പറഞ്ഞു:
"ടാങ്ക് ഉണ്ട്"
കിണര്‍ ഇല്ലേ??
പിന്നല്ല..
സ്ക്കോച്ച് വിസ്ക്കിയും സ്വപ്നം കണ്ടിരുന്ന എന്നോട് ടാങ്ക് കലക്കി തരാമെന്ന്..
മിസ്റ്റര്‍ ബ്രദറിന്‍ ലോ..
പെങ്ങള്‍ വിധവയാകുമെന്നോര്‍ത്താ, അല്ലായിരുന്നേല്‍ ഞാന്‍ തല്ലികൊന്നേനെ!!

താമസിയാതെ ടാങ്ക് കലക്കിയ വെള്ളം മുന്നിലെത്തി.നമ്മുടെ ചെങ്കല്‍ റോഡിലെ ഗട്ടറില്‍ കാണുന്ന പോലത്തെ നിറമുള്ള ദ്രാവകം.എന്‍റെ അവസ്ഥ കണ്ട് കരയണോ അതോ ചിരിക്കണോന്ന് അറിയാതെ വിഷമിച്ചിരിക്കുന്ന ഗായത്രിയെ നോക്കി ഞാന്‍ വിമ്മിഷ്ടപ്പെട്ടപ്പോള്‍ അളിയന്‍ പറഞ്ഞു:
"ചപ്പാത്തി കഴിക്ക്"
പഴയൊരു പാട്ടാ ഓര്‍മ്മ വന്നത്..
'അളിയാ പൊന്നളിയാ തിന്നളിയാ ചപ്പാത്തി!!'
കഷ്ടം..
ഒരോ കുരിശ് വരുന്ന വഴിയേ!!
കാലേല്‍ വീണാല്‍ കാലൊടിയും, പട്ടിയെ എറിഞ്ഞാല്‍ പട്ടി ചാവും എന്ന രീതിയിലുള്ള രണ്ട് ചപ്പാത്തി തിന്നെന്നു വരുത്തി കൈ കഴുകി.ഏഴെട്ട് ചപ്പാത്തി കഴിക്കേണ്ട സ്ഥാനത്ത് വെറും രണ്ട് ചപ്പാത്തി കഴിച്ചതിലുള്ള സങ്കടം അളിയന്‍ രേഖപ്പെടുത്തി:
"മനു കഴിക്കുമെന്ന് പറഞ്ഞപ്പോള്‍ ഇങ്ങനല്ല ഞാന്‍ പ്രതീക്ഷിച്ചത്"
അതിനെക്കാള്‍ സങ്കടത്തില്‍ എന്‍റെ മനസ്സ് പറഞ്ഞു..
ചേട്ടന്‍ കഴിക്കുമോന്ന് ചോദിച്ചപ്പോള്‍ ഇങ്ങനല്ല ഞാനും പ്രതീക്ഷിച്ചത്!!

തിരിച്ച് പോകാന്‍ കാറില്‍ കയറിയ എന്നോട് അളിയന്‍ പറഞ്ഞു:
"അളിയാ, അടുത്ത വരവ് കുറച്ച് കൂടി കൊഴുപ്പിക്കണം"
'അത് തന്‍റെ മറ്റവനോട് പറ' എന്ന് മനസിലും പറഞ്ഞ്, 'ശരി അളിയാ, കൊഴുപ്പിക്കാം' എന്ന് ഉറക്കെയും പറഞ്ഞ് ഞാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.ഈ പ്രാവശ്യം പാട്ട് പാടിയത് ഗായത്രിയായിരുന്നു, അതും ഒരു കള്ള ചിരിയോടെ..

"എന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ..
എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ..
അളിയനെ കാണേണം, ഗ്ലാസൊന്നെടുക്കേണം..
സ്ക്കോച്ചിലൊരു ഐസിട്ട് വീശേണം.."

പിന്‍കുറിപ്പ്:
സ്ക്കോച്ച് വിസ്ക്കിയുമായി വരുന്ന കൂട്ടുകാരനെ കാത്തിരിക്കുകയാണെന്ന് പറഞ്ഞ് ഈ കഥക്ക് ഉള്ള ത്രെഡ് തന്ന പ്രിയ സുഹൃത്തിനു നന്ദി.ഈ കഥ വായിച്ചിട്ട് ഏതെങ്കിലും അളിയനു ഇത് താനാണെന്ന് തോന്നുന്നെങ്കില്‍ ഒരു വാക്ക്..
"അളിയാ, ഇത് അളിയനല്ല"
വേറെ അളിയനാ!!

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com