For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

എന്‍റമ്മോ, എന്തൊരു ടെന്‍ഷന്‍




ജീവിതമാകുമ്പോള്‍ എത്രയോ ടെന്‍ഷന്‍ നിറഞ്ഞ മുഹൂര്‍ത്തങ്ങളെ അഭിമുഖീകരിക്കണം, എന്നാല്‍ എല്ലാം കഴിഞ്ഞ് ആ നിമിഷങ്ങളെ ഒന്ന് വീണ്ടും ഓര്‍ത്ത് നോക്കിയാല്‍ അറിയാതെ ചിരിച്ച് പോകും.കഴിഞ്ഞ രണ്ടാഴ്ച എനിക്ക് ഇത്തരം ടെന്‍ഷന്‍ നിറഞ്ഞതായിരുന്നു, ആ ടെന്‍ഷനുകളെ സ്വല്പം ഏരിവും പുളിയും മസാലയും ചേര്‍ത്ത് ഞാനിവിടെ വിളമ്പുന്നു...
കോമഡി ഇല്ലാതെ, അനുഭവങ്ങള്‍ നിറഞ്ഞ ഒരു ടെന്‍ഷന്‍ പോസ്റ്റ്...
അതാണ്‌ ഈ പോസ്റ്റ്...
എന്‍റമ്മോ, എന്തൊരു ടെന്‍ഷന്‍!!!

ഈ കഥ തുടങ്ങുന്നത് മൂന്നാഴ്ച മുമ്പേയാണ്..
അന്ന്, കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന ബുക്കിന്‍റെ പ്രകാശന വേളയില്‍, എന്‍.ബി പബ്ലിക്കേഷന്‍റെ അടുത്ത ബുക്ക് അരുണിന്‍റെ കലിയുഗവരദന്‍ എന്ന നോവലാണെന്ന് പബ്ലിഷറായ ജോ പ്രഖ്യാപിച്ചു.സത്യം പറയട്ടെ, വേദിയിലിരുന്നു ഞാനങ്ങ് കോള്‍മയിര്‍ കൊണ്ടു.ആ പ്രഖ്യാപനം കേട്ട് നിന്ന നാട്ടുകാര്‍ക്കും അതേ പോലെ എന്തോ കൊണ്ടു!!
അവരെ കുറ്റംപറയേണ്ടാ, പാല്‌ തരാം, സദ്യ തരാം എന്നൊക്കെ മോഹന വാഗ്ദാനം നല്‍കി ക്ഷണിച്ചിട്ട്, കൈയ്യില്‍ ഒരു ബുക്കും കൊടുത്ത്, കത്തി കാട്ടി അതിന്‍റെ രൂപയും വാങ്ങിച്ചിട്ട് അരമണിക്കൂര്‍ പോലുമായില്ല, അതിനു മുമ്പേ അടുത്ത ബുക്കും വരുന്നത്രേ!!
എന്തായാലും സംഭവം നാട്ടില്‍ പാട്ടായി...
അരുണിന്‍റെ അടുത്ത ബുക്ക് വരുന്നു...
അരുണ്‍ അതിന്‍റെ പ്രസവവേദനയിലാണ്!!!

ഒരുവിധപ്പെട്ട എഴുത്തുകാരനൊക്കെ ടെന്‍ഷനടിക്കാന്‍ ഇത് തന്നെ ധാരാളം, എന്നാല്‍ രണ്ടാഴ്ച മുമ്പ് ഇലക്ഷനു നാട്ടില്‍ ചെല്ലുന്ന വരെ എനിക്ക് പ്രത്യേകിച്ച് ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല.അവിടെ വോട്ട് ചെയ്യാനുള്ള നീണ്ട ക്യൂവിന്‍റെ സൈഡില്‍ നില്‍ക്കുന്ന എന്നെ നോക്കി ആള്‍ക്കാര്‍ ചിരിക്കുന്ന കണ്ടപ്പോള്‍ ആദ്യമായി എനിക്ക് ചെറിയ ടെന്‍ഷന്‍ തോന്നി തുടങ്ങി...
ഇതെന്താ ഇങ്ങനെ??
എല്ലാവരും എന്നെ പരിചയമുള്ള പോലെ ചിരിക്കുന്നു..
ഇത് സത്യമോ അതോ എന്‍റെ മാനസിക വിഭ്രാന്തിയോ??
എനിക്ക് വട്ടായോന്ന് ഞാന്‍ തന്നെ ആലോചിച്ച് നില്‍ക്കെ ഒരു പോലീസുകാരന്‍ അടുത്തേക്ക് വന്നു, എന്നിട്ട് ചോദിച്ചു:
"സാര്‍ ഈ പ്രാവശ്യം ഇലക്ഷനു നില്‍ക്കുന്നുണ്ടോ?"
"ഇല്ല, എന്തേ?"
"അല്ല, സാറിവിടെ നിന്ന് എല്ലാവരെയും നോക്കി ചിരിച്ച് കാണിക്കുന്ന കൊണ്ട് ചോദിച്ചതാ"
അപ്പം അതാണ്‌ കാര്യം!!
വഴിയെ പോകുന്നവരെയും, വാലേ തൂങ്ങുന്നവരെയും ഞാന്‍ ഇളിച്ച് കാണിക്കുന്ന കൊണ്ട്, അവരെല്ലാം തിരികെ ചിരിക്കുന്നതാ.'വാ അടയ്ക്കടാ പുല്ലേ' എന്നാണ്‌ പോലീസുകാരന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം.ഞാന്‍ പതിയെ വാ അടച്ചു, വായില്‍ ഈച്ച കേറാതെ നോക്കണമെല്ലോ?
പോലീസുകാരനെ നോക്കി ഞാന്‍ വിരണ്ട് നില്‍ക്കുന്ന കണ്ടിട്ടാകാം, എനിക്ക് വേണ്ടി ക്യൂവില്‍ നില്‍ക്കുന്ന ഒരു വല്യമ്മ പോലീസുകാരനോട്‌ ഒരു ചെറിയ റിക്വസ്റ്റ്:
"അതിനെ ഒന്നും ചെയ്യല്ലേ സാറെ, എഴുത്തിന്‍റെ സൂക്കേടുള്ള പയ്യനാ"
ഠിം!!!
ശരിക്കും എന്‍റെ മുഖത്തെ ചിരി മാഞ്ഞു, ഇപ്പോ ചിരി നാട്ടുകാരുടെ മുഖത്ത്!!!

ആ ആഴ്ച അങ്ങനെ കഴിഞ്ഞു.
അതോടെ എന്‍റെ ടെന്‍ഷന്‍ കൂടി കൂടി വന്നു തുടങ്ങി.കാരണം അടുത്ത ബുക്ക് വൃശ്ചിക മാസത്തില്‍ ഇറക്കുമെന്ന് പ്രഖ്യാപിച്ച ജോയുടെ അനക്കമൊന്നുമില്ല.മറ്റൊരു ഡയറക്റ്ററായ കണ്ണനുണ്ണി ദിവസവും വിളിക്കാറുണ്ടെങ്കിലും ഇതിനെ കുറിച്ചൊന്നും പറയുന്നില്ല.
അപ്പോ അടുത്ത ബുക്ക് ഇവര്‍ ഇറക്കില്ലേ??
അറിയാതെ ആശിച്ച് പോയി, ആ വിഷമത്തില്‍ രാത്രികള്‍ ഉറക്കമില്ലാത്തതായി, എപ്പോഴോ ഉറങ്ങിയപ്പോള്‍ അബോധമനസ്സ് പിറുപിറുത്തു:
"ദൈവമേ, ഞാനും എന്‍റെ ആശയും മാത്രം ബാക്കി ആകുമോ?"
ദൈവം മറുപടി പറഞ്ഞില്ല!!!
ആ രാത്രി അങ്ങനെ കഴിഞ്ഞു.
പിറ്റേന്ന് ഉണര്‍ന്നപ്പോള്‍ ചായ കൊണ്ട് തന്ന ഭാര്യയുടെ മുഖത്ത് ചായക്കില്ലാത്ത കടുപ്പം.
"എന്താടി?"
"ആരാ ഈ ആശ?"
കര്‍ത്താവേ, ഇവള്‍ക്ക് ഉറക്കമില്ലേ??
ഒന്നും മിണ്ടാതെ പുറത്തേക്ക്...

ഒടുവില്‍ ടെന്‍ഷനുകള്‍ക്ക് അവധി കൊടുക്കാന്‍ ഒരു കാരണം കിട്ടി, അത് മറ്റൊന്നുമല്ല ബുക്ക് ഇറക്കാന്‍ തയ്യാറാണെന്ന് ജോ വിളിച്ച് പറഞ്ഞു.പുതിയിടം കൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ച് പ്രകാശനം നടത്താന്‍ കഴിയുമോന്ന് അറിയാന്‍ ഞാനും കണ്ണനുണ്ണിയും കൂടി അവിടുത്തെ ഗുരുസ്വാമിയായ അശ്വിനിദേവിനെ കണ്ടു, അപ്പോള്‍ അദ്ദേഹം പറഞ്ഞു:
"അടുത്താഴ്ച തൃക്കുന്നപ്പുഴ ക്ഷേത്രത്തില്‍ വച്ച് അയ്യപ്പ സേവാ സംഘത്തിന്‍റെ സംസ്ഥാന തല സ്പെഷ്യല്‍ കണ്‍വെന്‍ഷനുണ്ട്.അതിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പന്തളം മഹാരാജാവ് വരുന്നുണ്ട്.നമുക്ക് അദ്ദേഹത്തെ കൊണ്ട് പ്രകാശനം ചെയ്യിക്കാം"
പന്തളം മഹാരാജാവ്...
രേവതി തിരുന്നാള്‍ രാമവര്‍മ്മ തമ്പുരാന്‍!!
സാക്ഷാല്‍ അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനത്തുള്ള വ്യക്തി!!!
അയ്യപ്പാ, ഇത് സത്യമോ?
അവിടെ തലകുത്തി നില്‍ക്കാന്‍ തോന്നി, അലറി വിളിച്ചൊന്ന് ഓടാന്‍ തോന്നി, മരത്തിനു മറഞ്ഞ് നിന്ന് പൊട്ടിച്ചിരിക്കാന്‍ തോന്നി...
"അത് മതിയോ?" വീണ്ടും അശ്വനിസ്വാമി.
മതിയെന്ന് ഞാന്‍ പറയുന്നതിനു മുമ്പേ കണ്ണനുണ്ണി പറഞ്ഞു:
"അത് മതിയേ!!!!"

മുമ്പില്‍ അഞ്ച് ദിവസമുണ്ട്...
ശനിയാഴ്ച പരിപാടി, അതിനുള്ളില്‍ ബുക്ക് തയ്യാറാക്കണം.പിന്നെ അതിനായി ശ്രമങ്ങള്‍..
നന്ദേട്ടന്‍ കവര്‍ റെഡിയാക്കി, ഞാന്‍ മാറ്റര്‍ അയച്ചു കൊടുത്തു, കണ്ണനുണ്ണി പ്രൂഫ് നോക്കി, നിത സെറ്റ് ചെയ്തു, ശ്രീനി ഫോട്ടോ അയച്ച് കൊടുത്തു, ജോ എല്ലാം ഏകോകിപ്പിച്ച് ഓടി നടന്നു, ഒടുവില്‍ വ്യാഴാഴ്ച ഉച്ചക്ക് സംഭവം പ്രസ്സില്‍ എത്തിച്ചു, വെള്ളിയാഴ്ച ബുക്ക് തരാമെന്ന് അവര്‍ വാക്ക് നല്‍കി.ആ വിശ്വാസത്തില്‍ പരിപാടിക്കായി ഞാന്‍ ബന്ധുക്കളെയും നാട്ടുകാരെയും ക്ഷണിച്ചു.

വെള്ളിയാഴ്ച രാവിലെ..
ആദ്യ ഫോണ്‍ നാട്ടില്‍ നിന്നായിരുന്നു:
"അരുണേ, പന്തളം രാജാവ് ബോംബയിലാ, ചിലപ്പോഴെ നാളെ രാവിലെ എത്തുകയുള്ളു"
ഞെട്ടി പോയി!!
വിവരം അറിയിക്കാന്‍ ജോയെ വിളിച്ചപ്പോള്‍ ജോ പറഞ്ഞു:
"അരുണേ, പ്രസ്സിനടുത്തുള്ള പോസ്റ്റില്‍ ലോറി ഇടിച്ചു, കരണ്ടില്ല, ബുക്ക് ചിലപ്പോഴേ ഇന്ന് കിട്ടു"
കുശാലായി!!!
ഫോണ്‍ ബെല്ലടിക്കുന്നു, എടുത്തപ്പോള്‍ കണ്ണനുണ്ണി...
"എന്താ കണ്ണനുണ്ണി?"
"അരുണേ, എനിക്ക് ശനിയാഴ്ചയും പണിയുണ്ട്, പ്രകാശനത്തിനു ഞാന്‍ കാണില്ല"
എനിക്ക് മിണ്ടാട്ടമില്ല.
"എന്താ അരുണേ, ഞെട്ടിയോ?"
ഹും! സാക്ഷാല്‍ പന്തളം മഹാരാജാവ് ഇല്ലെന്ന് പറഞ്ഞിട്ട് ഞെട്ടിയ ക്ഷീണം മാറിയില്ല, പിന്നെങ്ങനെ വീണ്ടും ഞെട്ടും!!
പിന്നെയും ഫോണ്‍, നന്ദേട്ടന്‍:
"എടാ, ഞാനും , പ്രവീണ്‍ വട്ടപറമ്പത്തും, നിരക്ഷരനും ജോയുടെ കൂടെ നാളെ വരുന്നുണ്ട്"
എന്നാത്തിനാ??
ചോദിച്ചില്ല, പകരം പറഞ്ഞു:
"തൃപ്തിയായി നന്ദേട്ടാ, തൃപ്തിയായി"
ഒരു ബുക്ക് പ്രകാശനമെന്ന് പറഞ്ഞാല്‍ ഇങ്ങനെ വേണം..
രചയിതാവ് ബാംഗ്ലൂരില്‍, ബുക്ക് പ്രസ്സില്‍, പ്രകാശനം ചെയ്യേണ്ട വ്യക്തി ബോംബെയില്‍, പ്രകാശന സ്ഥലം തൃക്കുന്നപ്പുഴയും, ക്ഷണിക്കപ്പെട്ടവര്‍ വരുമെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു..
സന്തോഷിക്കാന്‍ ഇതില്‍ കൂടുതല്‍ എന്നാ വേണം??
തലക്ക് കൈയ്യും കൊടുത്ത് ഉച്ച വരെ ഒരേ ഇരുപ്പ്.

ഉച്ചക്ക് ബോധോദയം ഉണ്ടായപ്പോള്‍ അശ്വനി സ്വാമിയെ വിളിച്ചു, വിഷമം പറഞ്ഞപ്പോള്‍ അദ്ദേഹം മറുപടി നല്‍കി:
"എന്തായാലും വാ നമുക്ക് നോക്കാം"
ഒരു കടമ്പ കടന്നു, അടുത്തത് ബുക്ക്...
"ജോ, എന്തായി?"
"ഉറപ്പില്ല അരുണേ, നോക്കാം എന്നേ ഉള്ളു"
"അയ്യോ, അപ്പോ എന്ത് ചെയ്യും?"
"നമുക്ക് ബ്ലോഗിന്‍റെ പ്രിന്‍റൌട്ട് എടുത്ത് പ്രകാശനം ചെയ്യിച്ചാലോ?"
കഷ്ടം!!

സമയം പാതിരാത്രി...
ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് പ്രകാശനത്തിനായി ഒരു യാത്ര.എനിക്ക് ഉറക്കമില്ല, മനസില്‍ ടെന്‍ഷന്‍ മാത്രം, എന്തായി തീരും?
രാജാവ്..ബുക്ക്...രാജാവ്..ബുക്ക്...
ഒടുവില്‍ ഒരു മണി ആയപ്പോള്‍ ബുക്ക് കൈയ്യില്‍ കിട്ടിയെന്ന് ജോ വിളിച്ച് പറഞ്ഞു.രാവിലെ എല്ലാവരുമായി അവിടെ എത്താമെന്ന് വാക്കും തന്നു.ഇപ്പോ മനസില്‍ ഒരു ടെന്‍ഷന്‍ മാത്രം..
പന്തളം മഹാരാജാവ്...
ശ്രീ രേവതി തിരുന്നാള്‍ രാമവര്‍മ്മ തമ്പുരാന്‍!!
അദ്ദേഹം വരുമോ?
കാത്തിരുന്നു കാണുക തന്നെ.

ശനിയാഴ്ച രാവിലെ അശ്വനിദേവ് ചേട്ടനും, എന്‍റെ ബന്ധുവായ ജയപ്രകാശ് ചേട്ടനും, ഞാനും കൂടി തൃക്കുന്നപ്പുഴയിലെ അയ്യപ്പസ്വാമി ക്ഷേത്രത്തിനു മുന്നിലെ ഗ്രൌണ്ടിലെ സമ്മേളന വേദിയിലെത്തി.എറണാകുളത്ത് നിന്ന് ജോയും, നന്ദേട്ടനും, മനോജ് ചേട്ടനും, പ്രവീണും, പിന്നെ ജോയുടെ കൂട്ടുകാരനായ അജീഷ് പട്ടണക്കാട് എന്ന ഫോട്ടോഗ്രാഫറും, ബുക്കുമായി ഹരിപ്പാടെത്തി.അവിടുന്നു ഗോപന്‍ അവരെയും കൂട്ടി തൃക്കുന്നപ്പുഴയിലെത്തി.അയ്യപ്പസേവാ സംഘത്തിന്‍റെ ആള്‍ക്കാരും മറ്റ് ക്ഷണിക്കപ്പെട്ടവരും അവിടെ ഉണ്ടായിരുന്നു..
പക്ഷേ, രാജാവിനെ മാത്രം കണ്ടില്ല!!

കണ്ണടച്ച് പ്രാര്‍ത്ഥിച്ച് നില്‍ക്കെ നന്ദേട്ടന്‍റെ വാക്കുകള്‍ അമൃതായി കാതിലെത്തി:
"രാജാവ് വന്നു!!"
വന്നെന്ന് മാത്രമല്ല, നന്ദേട്ടന്‍ അദ്ദേഹത്തിന്‍റെ ഫോട്ടോയും എടുത്തത്രേ.ഞാനും നന്ദേട്ടനും ആ ഫോട്ടോ ആസ്വദിച്ച് നില്‍ക്കെ വിവരമറിഞ്ഞ് മനോജേട്ടന്‍ അവിടെ എത്തി.ഫോട്ടോ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു:
"ഇത് രാജാവല്ല, മുന്‍ എം.പി ശ്രീ തെന്നല ബാലകൃഷ്ണനാ"
കര്‍ത്താവേ!!!
ഞെട്ടി നിന്ന എന്നെ നോക്കി മനോജേട്ടന്‍ ചോദിച്ചു:
"അപ്പോ നീയും ഇത് വരെ രാജാവിനെ കണ്ടിട്ടില്ലേ?"
ഇല്ല ചേട്ടാ, ഇല്ല!!
എല്ലാവരും എന്നെ കളിയാക്കി നടന്ന് നീങ്ങിയപ്പോള്‍ എനിക്കൊരു സംശയം...
നന്ദേട്ടന്‍ ഇത് വരെ തെന്നല ബാലകൃഷ്ണന്‍ സാറിനെ കണ്ടിട്ടില്ലേ??
ആവോ, ആര്‍ക്കറിയാം.

ഒടുവില്‍ ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയെത്തിയ അശ്വനിചേട്ടനാണ്‌ എന്നെ ആശ്വസിപ്പിച്ചത്.രാജാവ് ക്ഷേത്രത്തില്‍ ഉണ്ടത്രേ, ബുക്ക് പ്രകാശനം ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചത്രേ, മാത്രമല്ല അയ്യപ്പ സേവാ സംഘം സ്‌റ്റേറ്റ് കൌണ്‍സില്‍ പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാര്‍ സാറും, സ്വാഗത സംഘം ചെയര്‍മാന്‍ മുഞ്ഞിനാട്ടു രാമചന്ദ്രന്‍ സാറും കൂടി ആദ്യ പുസ്തകം മുന്‍ എം പി യും അയ്യപ്പ സേവാസംഘം ​ദേശീയ അധ്യക്ഷനുമായ ശ്രീ തെന്നല ബാലകൃഷ്ണ പിള്ളയ്ക്ക് നല്‍കാനുള്ള ഏര്‍പ്പാട് ഉണ്ടാക്കാമെന്നും സമ്മതിച്ചത്രേ!!
അങ്ങനെ ഒടുവില്‍ ദൈവാധീനം കൊണ്ട് എല്ലാം മംഗളമായി വന്നു..
ഇതാ ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍...















ചടങ്ങിനു ശേഷം പുസ്തകം വില്‍പ്പന...
സദസ്സിനു സമീപം സ്റ്റാളും കസേരയുമിട്ട് പ്രവീണിന്‍റെ നേതൃത്വത്തില്‍ അത് ആരംഭിച്ചു.ചുറ്റും കൂടിയവര്‍ അവിടെ തൂക്കി ഇട്ടിരിക്കുന്ന ഷോ കാര്‍ഡിന്‍റെയും, അവരിരിക്കുന്ന കസേരയുടെയും, ബുക്ക് വച്ചിരിക്കുന്ന മേശയുടെയും, ജോയുടെ ചിരിയുടെയും വില ചോദിച്ച് മടങ്ങി.
ഒടുവില്‍ പായും മടക്കി പരിവാരങ്ങള്‍ കായംകുളത്തേക്ക്...
അന്ന് രാത്രിയില്‍ പുതിയിടം ക്ഷേത്രത്തില്‍ വച്ച് അശ്വനിദേവിന്‍റെ നേതൃത്വത്തില്‍ ചെറിയൊരു പ്രകാശന ചടങ്ങ്.ശബരിമലക്ക് നടന്ന് പോകാന്‍ ഭജനമിരിക്കുന്ന സ്വാമിമാരെല്ലാം അതില്‍ പങ്കെടുത്തു.
എല്ലാം ഭംഗിയായി കലാശിച്ചപ്പോള്‍ ജോയും കൂട്ടരും തിരികെ എറണാകുളത്തേക്ക്...
പോകുന്നതിനു മുമ്പ് ജോ ചോദിച്ചു:
"അരുണേ, ബുക്കെല്ലാം മണ്ഡലകാലത്ത് തന്നെ വിറ്റ് പോകുമായിരിക്കും, അല്ലേ?"
ചോദ്യം ചോദിച്ചിട്ട് അവരെല്ല്ലാം യാത്രയായി, പക്ഷേ ചോദ്യം മാത്രം മനസില്‍ ബാക്കിയായി...
വിറ്റ് തീരുമോ??
ആളുകള്‍ ബുക്ക് വാങ്ങുമോ??
ദേ, അടുത്ത ടെന്‍ഷന്‍ ആരംഭിക്കുന്നു...
എന്‍റമ്മോ, എന്തൊരു ടെന്‍ഷന്‍!!!

രാജാവിനെ സേവിക്കുന്നവന്‍



മക്കളെ നല്ല നിലയില്‍ എത്തിക്കുക എന്നത് ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ്.കഴിവതും തങ്ങളുടെ തന്നെ പാതയില്‍ മക്കള്‍ വരണമെന്നാണ്‌ അവരുടെ ആഗ്രഹം.മന്ത്രിക്ക് മകനെ മന്ത്രിയും, ഡോക്ടര്‍ക്ക് മകനെ ഡോക്ടറും, കള്ളനു മകനെ കള്ളനും ആക്കണമെന്ന് ആഗ്രഹിക്കുന്നടത്തോളം കാലം സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ എന്‍റെ അച്ഛനും അമ്മയും ഞാനൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകണമെന്ന് ആഗ്രഹിച്ചതില്‍ തെറ്റ് പറയാനില്ല.അതിനാല്‍ തന്നെ കുട്ടിക്കാലത്ത് അവര്‍ എന്നെ കൃഷ്ണന്‍ കണിയാന്‍റെ മുമ്പിലെത്തിച്ചു, അതിയാന്‍ കവടി നിരത്തി...
"പത്തില്‍ സൂര്യനാ, മോനു രാജയോഗമുണ്ട്"
ലോകത്തിനു തന്നെ ജനാധിപത്യത്തിനു ഉദാഹരണമായ ഇന്ത്യാമഹാരാജ്യത്തില്‍ ഞാനൊരു രാജാവാകുമെന്ന് ഓര്‍ത്ത് അമ്മയൊന്ന് സന്തോഷിച്ചു, നാഷണല്‍ ഹൈവേയില്‍ കൂടി ഒരു കിരീടവും വച്ച്, കൈയ്യില്‍ വാളും പിടിച്ച് ഞാന്‍ കുതിര ഓടിച്ച് പോകുന്ന സീന്‍ അച്ഛന്‍ സ്വപ്നത്തില്‍ കണ്ടു.
അതേ, ഞങ്ങളുടെ മകനു രാജയോഗമുണ്ട്...
അവന്‍ നാളത്തെ രാജാവാണ്!!
അച്ഛനും അമ്മയും ഒരേ പോലെ സന്തോഷിച്ചു.

എന്നാല്‍ കൃഷ്ണന്‍ കണിയാരുടെ നാവില്‍ വിളയാടിയ രാജയോഗമെന്തെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി...
"രാജയോഗമെന്ന് ഉദ്ദേശിച്ചത് രാജാവിനെ സേവിക്കാനുള്ള യോഗമാണ്, അതായത് സര്‍ക്കാരുദ്യോഗസ്ഥം ലഭിക്കുമെന്ന് സാരം"
അച്ഛന്‍റെ സ്വപ്നത്തില്‍ ഹൈവേയില്‍ കൂടി മുമ്പോട്ട് ഓടിയ കുതിര രണ്ട് മിനിറ്റ് പുറകോട്ട് ഓടി.അല്ലെങ്കില്‍ തന്നെ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും രാജവാഴ്ചക്കൊന്നും ഇനി ഇവിടൊരു കാര്യവുമില്ലെന്നും അമ്മ ആത്മഗതം ചെയ്തു.
അതേ, ഞങ്ങളുടെ മകന്‍ രാജാവാകില്ല....
പക്ഷേ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകും...
അങ്ങനെ അവന്‍ രാജാവിനെ സേവിക്കും!!!
അച്ഛനും അമ്മയും വീണ്ടും സന്തോഷിച്ചു.

അന്ന് മുതല്‍ അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങി.കസേരയില്‍ ഇരുന്ന് ഉറങ്ങാനും, ചുവന്ന മഷിയുടെ പേന കൊണ്ട് കുത്തി വരക്കാനും ഞാന്‍ ചെറുപ്പത്തിലെ പഠിച്ചു.വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ എന്‍റെ വിവരവും, വിദ്യാഭ്യാസവും, സൌന്ദര്യവും കണക്കിലെടുക്കാതെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗത്തിനും ഞാന്‍ അപേക്ഷ സമര്‍പ്പിച്ചു...
ഒന്നും സംഭവിച്ചില്ല.
മനു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയില്ല!!!
'മൂട്ടുവിന്‍ തുറക്കപ്പെടും' എന്നല്ലേ, ഞാന്‍ വീണ്ടും വീണ്ടും ശ്രമിച്ചു.ഒടുവില്‍ കേരളത്തില്‍ ഉടനീളമുള്ള ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ഒരു ജോലി ശരിയായി, ഒരു വിധത്തില്‍ പറഞ്ഞാല്‍ സര്‍ക്കാര്‍ ഉദ്യോഗം.

പോസ്റ്റിംഗ് കോഴിക്കോട്‌ റീജിയണില്‍...
അതായത് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, കാസര്‍കോഡ് എന്നിങ്ങനെ ആറ്‌ ജില്ലയിലെ ആ സ്ഥാപനത്തിന്‍റെ ഓഫീസുകളിലെ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട എന്ത് പ്രശ്നവും എന്‍റെ നെഞ്ചത്ത്.പക്ഷേ ഇവിടെ ഒരു ഗുണമുണ്ട്, എവിടെ എങ്കിലും ഒരു പ്രശ്നമുണ്ടായാല്‍ കോഴിക്കോട് ഓഫീസില്‍ നിന്ന് ആ കാരണം പറഞ്ഞ് ഇറങ്ങാം.പിന്നെ പ്രശ്നകാരിയായ ഓഫീസില്‍ ചെന്ന് കമ്പ്യൂട്ടറും പ്രോഗാമും നന്നാക്കാം.അതിനു ശേഷം നേരെ വീട്ടില്‍ പോകാം, പിന്നെ ഒരാഴ്ച കഴിഞ്ഞ് കോഴിക്കോട്ടെ ഓഫീസില്‍ ചെന്നാ മതി. അപ്പോഴത്തേക്കും പ്രശ്നകാരിയായ ഓഫീസിലെ എഞ്ചിനിയര്‍, 'മനു കഴിഞ്ഞ ഒരാഴ്ച ഇവിടെ ഭയങ്കര ജോലിയില്‍ ആയിരുന്നെന്ന്' പറഞ്ഞ് ഒരു ലെറ്റര്‍ കോഴിക്കോട്ടേക്ക് അയച്ചിരിക്കും.ഇത് ഞാനും മറ്റ് ഓഫീസിലെ സ്റ്റാഫും തമ്മിലുള്ള അഡ്ജസ്റ്റ്മെന്‍റ്.

അങ്ങനെയിരിക്കെയാണ്‌ കാസര്‍കോഡ് ഓഫീസില്‍ നിന്ന് ഒരു കാള്‍ വന്നത്.അവരുടെ കമ്പ്യൂട്ടറില്‍ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല പോലും.ശരിക്കും കാസര്‍കോഡ് റീജിയനില്‍ എനിക്ക് അന്ന് വരെ ഒരു പ്രോബ്ലവും ഇല്ലായിരുന്നു, എന്തെന്നാല്‍ അവിടെ വര്‍ക്ക് ചെയ്യുന്ന വയനാടുകാരനായ സതീശന്‍ ഒരു വിധപ്പെട്ട പ്രോബ്ലമെല്ലാം സോള്‍വ് ചെയ്യും.ഇതിപ്പോ സതീശനിങ്ങ് വയനാട്ടിലാ...
എന്തായാലും കാസര്‍കോഡിനു പോകുന്നതിനു മുമ്പ് സതീശനെ ഒന്ന് വിളിച്ചു:
"ഹലോ മാഷേ, ഞാന്‍ ഇന്ന് നിങ്ങടെ ഓഫീസിലേക്ക് തിരിക്കുക"
"എന്ത് പറ്റി?"
"അറിയില്ല എന്തോ പ്രോബ്ലം, പോയി നോക്കട്ടെ.പിന്നെ ഒരാഴ്ചത്തെ അവധി ഒപ്പിച്ച് തരണേ"
"അതേറ്റു, ഞാന്‍ മൂര്‍ത്തി സാറിനെ വിളിച്ച് പറയാം"
അങ്ങനെ ഞാന്‍ കാസര്‍കോഡിനു യാത്രയായി...

മൂര്‍ത്തി സാര്‍...
കൃഷ്ണമൂര്‍ത്തി എന്ന പാലക്കാടന്‍ പട്ടര്‌!!!
അദ്ദേഹമാണ്‌ കാസര്‍കോഡിലെ ഓഫീസിലെ ഏമാന്‍, അഥവാ മെയിന്‍ എഞ്ചിനിയര്‍.ഫോണിലൂടെ സംസാരിക്കുമ്പോഴെല്ലാം ഒരു ഭാഗവതരുടെ ശബ്ദമുള്ള ഇദ്ദേഹത്തെ ഞാന്‍ ആദ്യമായി കാണുന്നത് അന്ന് വൈകിട്ട് കാസര്‍കോഡില്‍ ചെന്നപ്പോഴായിരുന്നു.സ്വല്പം കഷണ്ടി വന്ന തല, വലിയ വയറ്‌, വെളുത്ത നിറം, നെറ്റിയില്‍ കുറി, ആകെ മൊത്തത്തില്‍ ആര്യഭവന്‍ ഹോട്ടലിലെ കൌണ്ടര്‍ മേശയില്‍ തലയാട്ടി ഇരിക്കുന്ന ബൊമ്മകൊലുസ്സ് മോഡല്‍ സാധനം.
"മനു വന്നല്ലോ, നോമിനു സന്തോഷമായി"
നോമിനും സന്തോഷമായി!!!
"വരിക വരിക അതാ കമ്പ്യൂട്ടര്‍"
ഞാന്‍ ആ ഓഫീസിലേക്ക് വലതുകാല്‍ വച്ചു കേറി...

ഹൈവേ സൈഡിലുള്ള ഒരു കെട്ടിടത്തിന്‍റെ രണ്ടാം നിലയിലാണ്‌ ഓഫീസ്.സ്റ്റാഫിനിരുന്ന് വര്‍ക്ക് ചെയ്യാന്‍ ഒരു ഹാള്‍, മൂലയില്‍ കണ്ണാടി കൂടിനകത്ത് കമ്പ്യൂട്ടര്‍, കട്ടില്‍ അടക്കമുള്ള സാമഗ്രികള്‍ അടങ്ങിയ ഒരു ഗസ്റ്റ് റൂം, അതിനോട് ചേര്‍ന്ന് ഇടുങ്ങിയ ഒരു സ്റ്റോര്‍ റൂം, അതിനു ഒപ്പമായി വിശാലമായ ഒരു ബാത്ത് റൂമും.ഹാളില്‍ ചിതറി കിടക്കുന്ന കസേരയും മേശയും, പിന്നെ ഒരു മൂലയില്‍ എഞ്ചിനിയറുടെ ക്യാബിനും.
ഇതാണ്‌ ഓഫീസിന്‍റെ സെറ്റപ്പ്!!!
ഗസ്റ്റ് റൂമില്‍ രണ്ട് പേര്‍ക്ക് താമസിക്കാനുള്ള സൌകര്യമുള്ളതിനാല്‍ വേറെ ലോഡ്ജില്‍ റൂമൊന്നും നോക്കണ്ടാണെന്നും ഭാഗവതര്‍ ഉണര്‍ത്തിച്ചു.
സന്തോഷത്തോടെ ഞാന്‍ ജോലി തുടങ്ങി...
ആദ്യം കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് നോക്കി, ഇല്ല മോണിറ്ററില്‍ ഒന്നും തെളിയുന്നില്ല.
"ഇദ് തന്നെ പ്രോബ്ളം, മൂന്ന് നാളായേ" പട്ടരുടെ പരിഭവം.
അത് പിന്നെ മോണിറ്ററിന്‍റെ പവര്‍ കേബിള്‍ ഊരി ഇട്ടാല്‍ ഇങ്ങനെ തന്നെ ആയിരിക്കും പട്ടരേന്ന് മനസില്‍ പറഞ്ഞ് കൊണ്ട് ഞാന്‍ പവര്‍ കേബിള്‍ കുത്തി, കമ്പ്യൂട്ടര്‍ ഓണായി!!
"യൂ ആര്‍ വെരി ബ്രില്യന്‍റ്" പട്ടരുടെ പ്രശംസ.
യെസ്, യെസ് ഐം വെരി ബ്രില്യന്‍റ്!!!
എന്‍റെ ആ ഓഫീസിലെ ജോലി തീര്‍ന്നു.

സമയം സന്ധ്യയായിരിക്കുന്നു...
ഇനിയിപ്പോ നാളെ രാവിലെ തിരികെ പോകാമെന്നും, ഇന്ന് ഇവിടെ കഴിയാമെന്നുമുള്ള മൂര്‍ത്തി സാറിന്‍റെ ക്ഷണം ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചു.വരുന്ന ഒരാഴ്ച ഞാന്‍ കാസര്‍കോഡില്‍ ഓണ്‍ഡ്യൂട്ടിയില്‍ ആയിരുന്നെന്ന് ലെറ്റര്‍ തരാമെന്ന പ്രലോഭനം വേറെ, എന്‍റെ നല്ല സമയം എന്നല്ലാതെ എന്ത് പറയാന്‍?
എനിക്കൂടെ ചേര്‍ന്ന് ആഹാരം വാങ്ങാന്‍ പുറത്തേക്ക് ഇറങ്ങിയ പട്ടര്‌ തിരിഞ്ഞ് നിന്ന് സംശയഭാവത്തില്‍ ഒരു ചോദ്യം:
"മനു വീശുമോ?"
ബിയറില്‍ സോഡ ഒഴിച്ച് കഴിച്ചിരുന്ന കാലഘട്ടത്തില്‍ നിന്ന് ഒരുപാട് പുരോഗമിച്ചിരുന്നെങ്കിലും, പെട്ടന്നുള്ള ആ ചോദ്യം എന്‍റെ മുഖത്ത് ഒരു വളിച്ച ചിരിയാണ്‌ ഉണ്ടാക്കിയത്.
"ശരി, ശരി, വരുമ്പോ ഞാന്‍ സാധനവുമായി വരാം"
തന്നെ, കുശാലായി!!

നെപ്പോളിയന്‍ ബ്രാണ്ടിയുടെ ഫുള്‍ കുപ്പിയും, ഫുഡുമായി സാര്‍ തിരിച്ച് വന്നു.ആദ്യത്തെ പെഗ് ചുണ്ടോട് അടുപ്പിച്ചപ്പോള്‍ കണിയാരുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങി...
"രാജാവിനെ സേവിക്കാന്‍ യോഗമുള്ള കുഞ്ഞാ"
ശരിയാ, സാക്ഷാല്‍ 'നെപ്പോളിയന്‍' മഹാരാജാവിനെ അല്ലിയോ ഇപ്പൊ സേവിച്ച് കൊണ്ടിരിക്കുന്നത്, ഇതാ പറയുന്നത് ജ്യോത്സ്യത്തില്‍ കാര്യമുണ്ടെന്ന്.
ഞാന്‍ രണ്ട് പെഗ്ഗ് തീര്‍ത്ത സമയം കൊണ്ട് പട്ടര്‌ പത്ത് പെഗ്ഗ് തീര്‍ത്തു, കുപ്പി കാലിയായി.പൊതിയഴിച്ച് മൂന്ന് പൊറാട്ടയും കറിയും എനിക്ക് തന്നിട്ട് ബാക്കിയുള്ളത് കവര്‍ അടക്കം അതിയാന്‍ അകത്താക്കി.
കിലുക്കത്തിലെ ജഗതിയുടെ ഡയലോഗ് മനസ്സില്‍ ഓടിയെത്തി...
"ചിക്കന്‍റെ ചാറ്‌ നിനക്ക്, കഷ്ണം എനിക്ക്"
ആയിക്കോട്ടേ!!!

ഫുഡ് കഴിഞ്ഞ് ഭാഗവതര്‍ സിഗര്‍റ്റിനു തീ കൊളുത്തിയപ്പോള്‍ കൈ കഴുകാനും, പാത്രങ്ങളൊക്കെ കഴുകി വയ്ക്കാനുമായി ഞാന്‍ പതിയെ ബാത്ത് റൂമിലേക്ക് നടന്നു.നെപ്പോളിയന്‍ പതുക്കെ തലക്ക് പിടിച്ച് തുടങ്ങിയിരിക്കുന്നു.എല്ലാം കഴുകി വൃത്തിയാക്കിയിട്ട് റൂമില്‍ തിരികെ എത്തിയപ്പോഴും ആശാന്‍ സിഗര്‍റ്റ് ആസ്വദിച്ച് കൊണ്ടിരിക്കുകയാണ്.എന്നെ കണ്ടതും അദ്ദേഹം മൃദുവായി ഒന്ന് മന്ദഹസിച്ചു, എന്നിട്ട് ചോദിച്ചു:
"ആരാ?"
"എന്താ സാര്‍?"
"താന്‍ ആരാണെന്ന്?"
ങ്ങേ!!!
സാറിന്‍റെ ഒരോ തമാശകളേ??
ചിരിച്ച് കൊണ്ട് മറുപടി നല്‍കി:
"സാര്‍, ഞാന്‍ മനു"
"ഏത് മനു?"
കര്‍ത്താവേ!!!! കളി കാര്യമാവുകയാണോ??
"സാര്‍, ഞാന്‍ ഓഫീസിലെ....." വിക്കി വിക്കി എന്‍റെ മറുപടി.
"സീ മിസ്റ്റര്‍ മനു, എന്ത് ഓഫീസ് കാര്യമായാലും രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ.താന്‍ ഇന്ന് പോയിട്ട് നാളെ പത്ത് മണി കഴിഞ്ഞ് വാ" പട്ടരുടെ ഉപദേശം.
സ്വല്പം മുമ്പ് കുടിച്ച രണ്ട് പെഗ്ഗും ആവിയായി!!!
സമയം പാതിരാത്രി ആകുന്നു, കള്ള്‌ തലക്ക് പിടിച്ചപ്പോള്‍ ഭാഗവതര്‍ എന്നെ മറന്നെന്നാ തോന്നുന്നത്.പറഞ്ഞത് കേട്ടില്ലേ, പോയിട്ട് പിന്നെ വരാന്‍.
എവിടെ പോകന്‍???
ഭഗവതി, ഞാനിനി എന്തോ ചെയ്യും???
ഇനി അദ്ദേഹം എന്നെ കളിയാക്കുകയാണോന്ന് സംശയത്തില്‍ ഞാന്‍ ചിരിച്ച് കൊണ്ട് ചോദിച്ചു:
"സാര്‍, തമാശ പറയുകയാണോ?"
"ഫ്! റാസ്ക്കല്‍..പറഞ്ഞാല്‍ മനസിലാവില്ലേ?...ഗെറ്റ് ഔട്ട്!!" പട്ടര്‌ ഒരു അലര്‍ച്ച.
ആ അലര്‍ച്ചയുടെ കാഠിന്യമായിരിക്കണം, ഗസ്റ്റ് റൂമില്‍ ഇരുന്ന ഞാന്‍ ഹാളും മറി കടന്ന്, തമിഴ് നായകന്‍റെ ഇടി കൊണ്ട വില്ലനെ പോലെ, ഓഫീസിനു പുറത്ത് തെറിച്ച് വീണു.

നട്ടപാതിരാത്രിക്ക് ഓഫീസിനു മുമ്പില്‍ താഴെ റോഡിലേക്ക് നോക്കി ഒരു ജന്മം, അത് ഞാന്‍ ആയിരുന്നു.അടിച്ച് ഫിറ്റായി ഗസ്റ്റ് റൂമിലെ കസേരയില്‍ സിഗററ്റും പൊകച്ചു കൊണ്ട് മറ്റൊരു ജന്മം, അത് അയാളായിരുന്നു, കൃഷ്ണമൂര്‍ത്തി എന്ന വട്ടന്‍ പട്ടര്‌.
ആദ്യത്തെ ഷോക്ക് ഒക്കെ മാറിയപ്പോള്‍ സമയം നോക്കാതെ സതീശനെ വിളിച്ചു:
"ഹലോ"
"ഹലോ സതീശാ, ഇത് ഞാനാ മനു"
'ഏത് നാശംപിടിച്ചവനാ ഈ നേരത്ത്?'
ഫോണില്‍ കൂടി അവന്‍റെ ഭാര്യ അവനോട് ചോദിക്കുന്നത് ഞാന്‍ വ്യക്തമായി കേട്ടു.
'ഇത് ആ കോഴിക്കോട് ഓഫീസിലെ മനുവാ'
സതീശന്‍ 'നാശംപിടിച്ചവന്‍റെ' ഡീറ്റയില്‍സ് ഭാര്യക്ക് കൈമാറിയതും ഞാന്‍ വ്യക്തമായി കേട്ടു.
തുടര്‍ന്ന് സ്നേഹസമ്പന്നമായ സ്വരത്തില്‍ എന്നോട്:
"എന്താ മനു, എന്ത് പറ്റി?"
കാര്യം ബോധിപ്പിച്ചു!!!
അപ്പുറത്തേ സൈഡില്‍ സതീശന്‍ ഞെട്ടല്‍ രേഖപ്പെടുത്തി, എന്നിട്ട് ഒരു സത്യം എന്നോട് പറഞ്ഞു:
"മനു അബദ്ധമായി പോയി, കള്ള്‌ വയറ്റിലെത്തിയാല്‍ മൂര്‍ത്തി സാര്‍ വയലന്‍റാ, കഴിഞ്ഞ മാസം ഓഫീസിലെ ജയിംസിനെ തീവ്രവാദി ആണെന്ന് പറഞ്ഞ് തലക്ക് അടിച്ച് കൊല്ലാന്‍ ശ്രമിച്ച വ്യക്തിയാ, സോ ബീ കെയര്‍ഫൂള്‍"
എന്‍റമ്മച്ചിയേ.
അകത്ത് സിഗററ്റും പുകച്ച് എന്‍റെ തല തല്ലി പൊട്ടിക്കാന്‍ തയ്യാറായി നില്‍ക്കുന്ന് മൂര്‍ത്തി സാറിന്‍റെ ദൃശ്യം എന്‍റെ അകതാരില്‍ തെളിഞ്ഞു.
കര്‍ത്താവേ!!!!

പതിയെ തിരികെ ഓഫീസില്‍ കയറി...
കതക് കുറ്റിയിട്ട് ഗസ്റ്റ് റൂമിന്‍റെ സൈഡിലെത്തി അകത്തേക്ക് കാത് കൂര്‍പ്പിച്ചു...
"ഇവനും തീവ്രവാദിയാ, ഇവനെയും തട്ടണം" പട്ടരു പുലമ്പുന്നത് എനിക്ക് വ്യക്തമായി കേള്‍ക്കാം.തുടര്‍ന്ന് അങ്ങേരുടെ വക പ്രാസത്തില്‍ ഒരു പാട്ടും:

"അവനെ കൈയ്യില്‍ കിട്ടും
ഉടനെ റൂമില്‍ പൂട്ടും
കത്തി വെച്ച് വെട്ടും
വെട്ടി വെട്ടി തട്ടും"

പിന്നെ, പിന്നെ ഇയാളു കൊറെ ഞൊട്ടും!!!

രക്ഷപെടണേല്‍ സ്വയം ബുദ്ധി പ്രയോഗിച്ചേ പറ്റു.ഇങ്ങനെ ചിന്തിച്ചു നിക്കേ ഫിറ്റായ ഭാഗവതര്‍ പതിയെ റൂമിനു വെളിയിലിറങ്ങി, ഞാന്‍ ഓടി ഹാളിലെ കസേരക്ക് പിന്നില്‍ ഒളിച്ചു.അവിടിരുന്നു ചെറിയ കല്ലുകള്‍ മറു സൈഡിലേക്ക് എറിഞ്ഞ് അങ്ങേരുടെ ശ്രദ്ധ തിരിച്ചു, ഒപ്പം ഒരു പരിചയവും ഇല്ലാത്തവനു ഒപ്പമിരുന്ന് വെള്ളമടിക്കില്ലെന്ന് മനസില്‍ പ്രതിജ്ഞയെടുത്തു, ജാതി മത ഭേദമന്യേ എല്ലാ ദൈവങ്ങളോടും രക്ഷിക്കണേന്ന് അപേക്ഷിച്ചു, തുടര്‍ന്ന് അയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു..

അങ്ങേര്‌ വേച്ച്, വേച്ച് ബാത്ത് റൂമിലേക്ക്, അകത്ത് കേറിയതും ഒരു വലിയ ശബ്ദം, 'നെപ്പോളിയന്‍' മഹാരാജാവിന്‍റെ 'വാള്' ഉറയില്‍ നിന്ന് ഊരി തെറിച്ചതാണെന്ന് എനിക്ക് മനസിലായി, തുടര്‍ന്ന് പല പല ശബ്ദങ്ങള്‍, കിരീടവും ആടയാഭരണങ്ങളും അതാ ഒന്നൊഴിയാതെ പോകുന്നു.ആലോചിച്ച് നില്‍ക്കാന്‍ സമയമില്ല, ഓടിചെന്ന് ബാത്ത് റൂം പുറത്ത് നിന്ന് കുറ്റിയിട്ടു..
മനസില്‍ മാപ്പപേക്ഷിച്ചു...
ഐം വെരി സോറി പട്ടരേ...
എനിക്കും ജീവിക്കണം!!!
തുടര്‍ന്ന് ഗസ്റ്റ് റൂമിലെത്തി അതും അകത്തു നിന്ന് കുറ്റിയിട്ട് സുഖനിദ്രയിലേക്ക്...

പിറ്റേന്ന് പ്രഭാതം..
ആറു മണിയായപ്പോഴേ ഓടിയെത്തി ബാത്ത് റൂം തുറന്നു.അത്തപ്പൂവിനു നടുവില്‍ ശവാസനത്തില്‍ മൂര്‍ത്തി സാര്‍.പതിയെ തട്ടി ഉണര്‍ത്തി...
"ഹായ് മനു, സുഖമാണോ?" അദ്ദേഹത്തിന്‍റെ ചോദ്യം.
'നായിന്‍റെ മോനേന്ന്' വായില്‍ വന്നത് വിഴുങ്ങി, പകരം തിരികെ ചോദിച്ചു:
"സാര്‍, ഇന്നലെ ഇവിടാണോ കിടന്നത്?"
"ഹേയ് അല്ല, റൂമിലായിരുന്നു, രാവിലെ ഇങ്ങോട്ട് മാറി കിടന്നതാ"
ഉവ്വ!!!
"ഇന്നലത്തെ പാര്‍ട്ടി ഞാനങ്ങ് ആസ്വദിച്ചു മനു"
ഞാനും!!
"കഴിഞ്ഞ രാത്രി ഞാന്‍ ഒരിക്കലും മറക്കില്ല, മനുവോ?"
ഞാനും ഒരിക്കലും മറക്കില്ല സാര്‍!!!
"ഇന്നൂടെ നിന്നിട്ട് നാളെ പോയാല്‍ പോരേ?"
എന്‍റമ്മച്ചിയേ!!!!!!
"അയ്യോ സാര്‍, എനിക്ക് ഇന്ന് തന്നെ പോണം"

ഒടുവില്‍ ബസ്സ് കേറ്റി വിടാന്‍ സാര്‍ കൂടി കൂടെ വന്നു, ബസ്സ് പുറപ്പെടുന്നതിനു മുമ്പ് പുറത്ത് നിന്ന് സാര്‍ വിളിച്ചു ചോദിച്ചു:
"ഇനി എന്നാ ഇങ്ങട്ട്?"
"വരാം സാര്‍"
തന്‍റെ പതിനാറടിയന്തിരത്തിനു വരാം!!!

തുടര്‍ന്ന് 'രാജാവിനെ സേവിച്ചവന്‍' നാട്ടിലേക്ക്...
'ദേവീ, നല്ല കാലം വരുത്തേണമേന്ന്' മനസില്‍ പ്രാര്‍ത്ഥിച്ചു.ദേവി ആ പ്രാര്‍ത്ഥന കേട്ടെന്ന് തോന്നുന്നു, ബസ്സിന്‍റെ കണ്ടക്ടര്‍ ടിക്കറ്റിനൊപ്പം ബാക്കി ഒരു രൂപ അമ്പത് പൈസ കൃത്യമായി തിരികെ തന്നു...
അതേ, നല്ല കാലത്തേക്ക് ആദ്യ ചുവട്‌വപ്പ്.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com