For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

അഗ്രജന്‍ ആധിയിലാണ്‌



(2010 ജനുവരി 9 നു വിവാഹിതരായ വിനോദിനും ചിത്രക്കും ഈ കഥ സമര്‍പ്പിക്കുന്നു)

ഒരു മുന്‍കൂര്‍ ജാമ്യം..
ഈ കഥയുടെ തലക്കെട്ട് കാണുമ്പോഴേ ഊഹിക്കാം, ഒരു ജ്യേഷ്ഠന്‍റെ വെപ്രാളമായിരിക്കും കഥയുടെ മൂലഹേതു എന്ന്.അതേ, അത് തന്നെയാണ്‌ കാരണം.
അപ്പോള്‍ സബജക്റ്റോ?
അത് മറ്റൊന്നുമല്ല, പെങ്ങളുടെ കല്യാണം!!
കായംകുളം, പെരുങ്ങാല മുറിയില്‍, പൂവണ്ണാര്‍മഠത്തില്‍, രാമന്‍ പിള്ള മകന്‍, രാധാകൃഷ്ണപിള്ളയുടെ സന്താനവും, അഞ്ചടി പത്തിഞ്ച് ഉയരത്തില്‍ അലമ്പ് സ്വഭാവത്തോട് കൂടിയവനുമായ, അരുണിന്‍റെ പെങ്ങളുടെ കല്യാണമല്ല സബ്ജക്റ്റ്.
പിന്നെയോ?
കായംകുളം സൂപ്പര്‍ഫാസ്റ്റെന്ന ബ്ലോഗിലെ മിക്ക കഥകളിലേ നായകനും, തികച്ചും സാങ്കല്‍പ്പിക കഥാപാത്രവുമായ മനുവിന്‍റെ പെങ്ങളുടെ കല്യാണമാ സബ്ജക്റ്റ്.മനുവിന്‍റെ പെങ്ങളായ മായ, അവരുടെ അമ്മാവന്‍റെ മകനായ രമേഷിനെ കല്യാണം കഴിക്കാന്‍ പോകുന്നു.
ടം ഡ ഡേ!!
മുന്‍കൂര്‍ ജാമ്യം ഇവിടെ അവസാനിക്കുന്നു.
ഇനി കഥ..

ഡയറി എഴുത്ത് ഒരു നല്ല സ്വഭാവമാ, നവോദയില്‍ പഠിക്കുന്ന കാലത്ത് ഡയറി എഴുതേണ്ടത് ജീവിതത്തിന്‍റെ ഒരു ഭാഗമായിരുന്നു.മറ്റൊരാളുടെ ഡയറി വായിക്കുന്നത് ശരിയല്ലെങ്കില്‍ തന്നെയും, കുട്ടികളുടെ ഡയറി എഴുത്തിന്‍റെ സ്റ്റാന്‍ഡേര്‍ഡ് അറിയാന്‍ ഇടക്കിടെ ഒരോരുത്തരെ കൊണ്ട് പ്രിന്‍സിപ്പാള്‍ ഡയറി വായിപ്പിക്കും.നല്ല രീതിയില്‍ ഡയറി എഴുതുന്നവരെ പ്രിന്‍സിപ്പാള്‍ അഭിനന്ദിക്കും, മോശം രീതിയില്‍ എഴുതിയാല്‍ ശിക്ഷിക്കും.ഈ പ്രപഞ്ചസത്യം അറിയാവുന്ന കൊണ്ട്, അന്നെല്ലാം ഞാന്‍ വിശദീകരിച്ച് ഡയറി എഴുതുമായിരുന്നു..

ആ കാലഘട്ടത്തിലെ ഒരു ദിവസം..
"ഇന്ന് മനു ഡയറി വായിക്കു" പ്രിന്‍സിപ്പാളിന്‍റെ ആജ്ഞ.
അസംബ്ലിയില്‍ കുട്ടികളെ അഭിമുഖീകരിച്ച് മൈക്കിലൂടെ വേണം ഡയറി വായിക്കാന്‍.മീനുവും, നീനുവും, സോനുവുമെല്ലാം നില്‍ക്കുന്ന അസംബ്ലി.മാത്രമല്ല, ആദ്യമായാണ്‌ എനിക്ക് ഡയറി വായിക്കാനുള്ള അവസരം കിട്ടുന്നതും.എങ്കില്‍ തന്നെയും തലേദിവസത്തെ സംഭവങ്ങള്‍ വിശദമായി എഴുതി വച്ചിരുന്നതിനാല്‍ ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല, ഞാന്‍ ഉറക്കെ വായിച്ചു തുടങ്ങി:

"രാവിലെ എഴുന്നേറ്റു...
തൂറി പല്ല്‌ തേച്ച് പെടുത്ത് മുഖം കഴുകി ആഹാരം കഴിക്കാന്‍ പോയി...."
ഇത്രേം കേട്ടതും അസംബ്ലിയില്‍ ഒരു ആരവമുയര്‍ന്നു!!

എന്‍റെ ഡയറി എഴുത്തിന്‍റെ ഹൈ സ്റ്റാന്‍ഡേര്‍ഡ് കണ്ടിട്ടാണോ അതോ കളിയാക്കിയാണോ എന്നറിയില്ല, സോനുവും മീനുവും നീനുവും ചിരിയോട് ചിരി.ചില അധ്യാപകരുടെ മുഖത്ത് ഞാന്‍ വായിച്ചതെല്ലാം നേരില്‍ കണ്ട പോലത്തെ ഭാവം.
എന്തോ പറ്റി??
ഞാന്‍ കറക്റ്റായിട്ടാണല്ലോ വായിച്ചത്??
അമ്പരന്ന് നിന്ന എന്നോട് ദയനീയ സ്വരത്തില്‍ പ്രിന്‍സിപ്പാള്‍ ചോദിച്ചു"
"എന്തോന്നാടാ ഇത്?"
"ദിനചര്യയാണ്‌ സാര്‍" മാന്യമായ ഉത്തരം.
ഇത് കൂടി കേട്ടതോടെ അദ്ദേഹം അലറി ചോദിച്ചു:
"ഇതാണോടാ നിന്‍റെ ദിനചര്യ?"
ആ ചോദ്യത്തോടൊപ്പം അസംബ്ലിയില്‍ കൂട്ടച്ചിരി!!
അതോടെ എനിക്ക് ഒരു കാര്യം ഉറപ്പായി..
എവിടെയോ ഒരു പിശക് പറ്റി!!
എഴുതി വച്ചിരുന്ന വാചകം വായിച്ച ഈണത്തിനു മനസിലൊന്ന് പറഞ്ഞ് നോക്കി..
തൂറി പല്ല്‌ തേച്ച്, പെടുത്ത് മുഖം കഴുകി, ആഹാരം കഴിക്കാന്‍ പോയി!!
അയ്യേ!!
എന്തൊരു വൃത്തികേട്ട വാചകം??
കര്‍ത്താവേ, എന്നോട് ഈ ചതി വേണ്ടായിരുന്നു!!

ആകെ വിയര്‍ത്ത് കുളിച്ച്, മേലാകെ തൊലിയുരിഞ്ഞ ഫീലിംഗില്‍ നിന്ന എന്നോട് അദ്ദേഹം വീണ്ടും ചോദിച്ചു:
"ഇത് തന്നാണോടാ നിന്‍റെ ദിനചര്യ?"
"രണ്ട് കോമ കൂടിയുണ്ട് സാര്‍"
"എന്ത്?" സാറിന്‍റെ കണ്ണ്‌ തള്ളി.
വായിച്ചപ്പോള്‍ അബദ്ധം പറ്റിപോയി, വിശദീകരിക്കേണ്ടത് ആവശ്യവുമാണ്‌.അതിനാല്‍ തന്നെ രണ്ട് കോമ കൂടി ഇട്ട് ഞാന്‍ വിശദമാക്കി:
"തൂറി, പല്ല്‌ തേച്ച്, പെടുത്ത്, മുഖം കഴുകി, ആഹാരം കഴിക്കാന്‍ പോയി..."
അസംബ്ലിയില്‍ ഇക്കുറി പൊട്ടിച്ചിരി!!
എന്തോന്ന് ഇത്ര ചിരിക്കാന്‍??
എനിക്കാകെ കരച്ചില്‍ വന്നു, എങ്കിലും മസിലുപിടിച്ച് സാറിനോട് ഞാന്‍ ചോദിച്ചു:
"ബാക്കി കൂടി വായിക്കട്ടെ സാര്‍?"
പ്രിന്‍സിപ്പാളിനു മറുപടിയില്ല, അദ്ദേഹം തലക്ക് കൈയ്യും വച്ച് നിലത്തേക്കിരുന്നു.അത് കണ്ടിട്ടാകണം ക്ലാസ്സ് ടീച്ചര്‍ എന്‍റെ അരുകിലെത്തി ഡയറി കൈയ്യില്‍ വാങ്ങി, എന്നിട്ട് പറഞ്ഞു:
"മനു ഇനി ഡയറി എഴുതേണ്ട"
വേണ്ടങ്കില്‍ വേണ്ട..
ആര്‍ക്കാ ചേതം??
കൂട്ടച്ചിരി കേട്ടില്ലെന്ന് കരുതി ഞാന്‍ തിരികെ ക്ലാസിലേക്ക് നടന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞ് പോയി..
നവോദയിലെ സംഭവത്തിനു ശേഷം ഡയറി കൈ കൊണ്ട് തൊടാത്ത ഞാന്‍ കഴിഞ്ഞ മാസം ഒരു ഡയറി സ്വന്തമാക്കി.അത് കൈയ്യില്‍ കിട്ടിയപ്പോള്‍ തന്നെ ഒരു കാര്യം ഞാന്‍ മനസിലുറപ്പിച്ചു..
ഈ ഡയറി ദിനചര്യ എഴുതാനുള്ളതല്ല, പെങ്ങളുടെ കല്യാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രം.
ഫോര്‍ എക്സാമ്പിള്‍..
ആരെയൊക്കെ കല്യാണം വിളിക്കേണം, ആരെയൊക്കെ കല്യാണം വിളിക്കേണ്ടാ, ആരോടെല്ലാം 'വരണം എന്നാല്‍ വരരുത്' എന്ന് ഭാവത്തില്‍ കല്യാണം പറയണം, ആര്‍ക്കൊക്കെ തുണി വാങ്ങണം...
ലിസ്റ്റ് ഇങ്ങനെ പോകുന്നു.

മാത്രമല്ല, വാങ്ങേണ്ട സ്വര്‍ണ്ണത്തിന്‍റെ ലിസ്റ്റും ഇതില്‍ തന്നെ.
ആ ലിസ്റ്റെടുക്കല്‍ ചടങ്ങ്..
അമ്മുമ്മമാരും, അമ്മായിമാരും, അപ്പച്ചിമാരും, ചേച്ചിമാരും, പിന്നെ ഒരു പണിയുമില്ലാത്ത കുറേ നാട്ടുകാരു പെണ്ണുങ്ങളും, കൂടെ അമ്മയും മായയും ഗായത്രിയും..
ഒരു സൈഡില്‍ ഡയറിയുമായി ഞാനും, മറുസൈഡില്‍ വിശറിയുമായി അച്ഛനും..
ഡയറി ലിസ്റ്റ് എഴുതാന്‍, വിശറി അച്ഛനു വീശാന്‍!!

"നൂറ്‌ വള വേണം" അമ്മ.
"എന്തിനാ കഴുത്തില്‍ കൂടി ഇടാനാണോ?" അച്ഛന്‍.
ഒടുവില്‍ എഴുപത് വളയില്‍ ലേലം ഉറപ്പിച്ചു!!

"കാശ്മാല വേണം, കനകമാല വേണം, കരിമണിമാല വേണം" പെങ്ങള്‍.
"അരപ്പട്ട, അരിഞ്ഞാണം, നെക്ലസ്സ്,പാദസരം" ഗായത്രി.
ഡയറിയിലെ ലിസ്റ്റും, അച്ഛന്‍റെ മുഖത്തെ ടെന്‍ഷനും കൂടി കൂടി വരുന്നു..

"ഒരു പന്ത്രണ്ട് മോതിരം വേണം" അപ്പച്ചിമാര്.
"അതിന്‌ പത്ത് വിരലെല്ലേ ഉള്ളു" എന്‍റെ സംശയം.
"രണ്ടെണ്ണം ഞങ്ങള്‍ക്കാ" ക്ലാരിഫിക്കേഷന്‍.
ഓക്കേ, എഗ്രീഡ്!!

"മാട്ടി, പുട്ടി, ചുട്ടി ഇത്രേം മസ്റ്റാ"
ഇത് പറഞ്ഞ അയലത്തെ ചേച്ചിയെ നോക്കി അച്ഛന്‍ പതിയെ പറഞ്ഞു:
"പോടി പട്ടി"

ലിസ്റ്റ് എടുപ്പ് പുരോഗമിച്ചു കൊണ്ടിരുന്നു..
കമ്മല്, മൂക്കുത്തി, പത്ത് മാല...
ലിസ്റ്റ് എഴുതി ഒരു പരുവമായപ്പോള്‍ ഞാന്‍ കളിയാക്കി ചോദിച്ചു:
"കിരീടം വേണ്ടേ?"
അനുജത്തിയുടെ കണ്ണില്‍ ഒരു തിളക്കം!!
അവള്‍ തിരിച്ച് ചോദിച്ചു:
"എനിക്ക് മാത്രമാണോ അതോ രമേഷേട്ടനും വാങ്ങണോ?"
ങ്ങേ!!
കുരിശായോ??
അച്ഛന്‍ എന്നെ ഒരു നോട്ടം നോക്കി, അര്‍ത്ഥം മനസിലാക്കിയ ഞാന്‍ ആധിയോടെ ചോദിച്ചു:
"തലയില്‍ കിരീടം വച്ചാ മുല്ലപ്പൂ എന്തോ ചെയ്യും?"
"അത് വേണേല്‍ കവറിലാക്കി കൈയ്യില്‍ പിടിച്ചോളാം"
അമ്പട പുളുസു!!
കല്യാണ ദിവസം തലയില്‍ കിരീടവും, ഒരു കവറിലാക്കിയ മുല്ലപ്പൂവുമായി അവള്‍ നിന്നോളാമെന്ന്!!
ഹോ വാട്ട് എ ത്യാഗം.
ഡിയര്‍ സിസ്റ്റര്‍, പൊന്നിന്‍കുടത്തിനെന്തിനാ പൊട്ട്??
മുല്ലാപ്പൂ മാത്രം പോരേ??
സംഭവം പ്രശ്നമാവുമെന്ന് മനസിലായ അച്ഛന്‍ പ്രഖ്യാപിച്ചു:
"ഇത്രേം ഐറ്റം മതി, കിരീടം വേണ്ടാ.."
തുടര്‍ന്ന് ഫാദര്‍ എന്നോട് ചോദിച്ചു:
"ഭീമാ ജ്യുവലറി മൊത്തത്തില്‍ വാങ്ങുന്നതാണോ, അതോ ഇതെല്ലാം സെപ്പറേറ്റ് വാങ്ങുന്നതാണോ ലാഭം?"
അത് മൊത്തത്തില്‍ വാങ്ങുന്നതാ ലാഭം!!
അങ്ങനെ സ്വര്‍ണ്ണം വാങ്ങി ബാങ്കില്‍ കൊണ്ട് വച്ചു.

കല്യാണത്തിന്‍റെ തലേദിവസമായി..
സേഫ്റ്റീ ലോക്കറില്‍ നിന്ന് സ്വര്‍ണ്ണത്തെ എടുത്ത് വീട്ടില്‍ കൊണ്ട് വച്ചു..
ബ്യൂട്ടി പാര്‍ലറില്‍ നിന്ന് പെണ്ണിനെ എടുത്ത് വീട്ടില്‍ കൊണ്ട് നിര്‍ത്തി..
ലോക്കല്‍ ബാറില്‍ നിന്ന് ഫ്രണ്ട്സിനെ എടുത്ത് ലോഡ്ജില്‍ കൊണ്ട് കിടത്തി..
എല്ലാം ചെയ്യാന്‍ ഞാന്‍ മാത്രം!!
തളര്‍ന്ന് നിന്ന എന്നോട് ഒരു മഹാന്‍ പറഞ്ഞു:
"ഓഡിറ്റോറിയത്തിനടുത്തുള്ള കടയില്‍ പൊറോട്ടയും പോത്തിറച്ചിയും കിട്ടും, പോയി തട്ടിക്കോ, ഒരു ഉന്‍മേഷമാകും"
നേരേ ഹോട്ടലിലേക്ക്..

കൈ കഴുകി കസേരയില്‍ ഇരുന്ന എന്‍റെ മുന്നില്‍ പൊറോട്ട കൊണ്ട് വച്ചിട്ട് ആ പയ്യന്‍ ചോദിച്ചു:
"ഇക്ക പോത്താണോ?"
ഞാന്‍ പോത്താണോന്ന്??
അല്ല മോനേ, ഞാന്‍ പോത്തല്ല!!
മനസില്‍ ഇങ്ങനെ പറഞ്ഞിട്ട്, പതിയെ അവനോട് പറഞ്ഞു:
"അതേ"
അത് കേട്ടതും പയ്യന്‍ അകത്തേക്ക് നോക്കികൊണ്ട് എന്നെ ചൂണ്ടി വിളിച്ച് പറഞ്ഞു:
"ദേ..ഇവിടൊരു പോത്ത്"
ഈശ്വരാ!!
കയ്യിലുള്ള കാശ് കൊടുത്ത് എന്തെല്ലാം കേള്‍ക്കണം??
താമസിയാതെ പോത്ത് കറി മുന്നിലെത്തി.

കഴിക്കാന്‍ എടുത്തപ്പോള്‍ ഒരു സംശയം..
നാളെ കല്യാണമാ, ഇറച്ചി നല്ലതായിരിക്കുമോ?
സംശയം തീര്‍ക്കാന്‍ ഞാന്‍ കൌണ്ടറിലിരുന്ന ചേട്ടനോട് ചോദിച്ചു:
"കഴിക്കുന്ന കൊണ്ട് കുഴപ്പമില്ലല്ലോ, അല്ലേ?"
ഉടന്‍ വന്നു മറുപടി:
"സാറ്‌ നല്ല പോത്താണേല്‍ കഴിച്ചാല്‍ മതി"
കേട്ടില്ലേ??
ഞാന്‍ നല്ല പോത്താണേല്‍ കഴിച്ചാല്‍ മതിയെന്ന്!!
എന്തോ ചെയ്യാനാ??
ഒടുവില്‍ ഞാന്‍ ഒരു നല്ല പോത്താണേന്ന് സ്വയം സങ്കല്‍പ്പിച്ച്, പോറോട്ടയും കറിയും കഴിച്ചു.എന്നിട്ട് നേരെ ഓഡിറ്റോറിയത്തിലെത്തി ഉറക്കം പിടിച്ചു.
ആ ദിവസം അങ്ങനെ തീര്‍ന്നു.

പിറ്റേന്ന് പ്രഭാതം..
രാവിലെ മുതല്‍ തിരക്ക് തന്നെ.ഒരുങ്ങണം, ആളുകളെ മണ്ഡപത്തിലെത്തിക്കണം, അതിഥികളെ സ്വീകരിക്കണം.
ഇതിനിടയില്‍ ഒരു വല്യമ്മ വന്നു..
"അയ്യോ മോനങ്ങ് വളര്‍ന്നെല്ലോ, എന്നെ മനസിലായോ മോന്?"
കല്യാണത്തിനു വന്നവരെ അറിയില്ലെന്ന് എങ്ങനെ പറയുക, അതിനാല്‍ പതിയെ ചിരിച്ച് കൊണ്ട് പറയും:
"മനസിലായി മനസിലായി"
അത് കേട്ടതും അവര്‍ക്കങ്ങ് സന്തോഷമായി, അവരെല്ലാവരെയും നോക്കി പറഞ്ഞു:
"കണ്ടോ മോനെന്നെ മനസിലായി, ഇങ്ങനാ സ്നേഹമുള്ള കുഞ്ഞുങ്ങള്‍.."
തുടര്‍ന്ന് എന്നോടൊരു ആജ്ഞയും:
"മോന്‍ എല്ലാവര്‍ക്കുമൊന്ന് പറഞ്ഞ് കൊടുത്തേ ഞാന്‍ ആരാണെന്ന്"
കര്‍ത്താവേ!!
ഇവരാരാ??
തേന്‍മാവിന്‍ കൊമ്പത്തിലെ കുതിരവട്ടം പപ്പുവിന്‍റെ ഡയലോഗ് ഓര്‍മ്മ വന്നു:
"ഞാനാരാണെന്ന് നിനക്കറിയില്ലെങ്കി നീ എന്നോട് ചോദിക്ക് ഞാനാരാണെന്ന്, അപ്പോ നിനക്ക് ഞാന്‍ പറഞ്ഞ് തരും ഞാനാരെന്ന്, ഇനി നീ ആരാണെന്ന്...."
അപ്പോഴേക്കും അമ്മ ഓടിയെത്തി..
"ചേച്ചിയെന്താ ഇവിടെ തന്നെ നിന്നത് അകത്തോട്ട് വാ"
അവര്‍ അകത്തേക്ക് പോയി, അത് കണ്ടതും ഞാന്‍ അമ്മയോട് ചോദിച്ചു:
"ഏതാമ്മേ ആ മാരണം?"
എന്‍റെ ചോദ്യം കേട്ടതും വെപ്രാളത്തില്‍ അമ്മ തിരികെ ചോദിച്ചു:
"അവരെ നിനക്ക് മനസിലായില്ലേ?"
"ഇല്ല"
"എന്നാ നമുക്ക് അച്ഛനോട് ചോദിക്കാം"
ഹത്ശരി!!

തുടര്‍ന്ന് വന്നത് നാട്ടിലെ പ്രധാന രാഷ്ട്രീയക്കാരനും അയാളുടെ പി.എയുമാ, അവരെ കണ്ടതും സന്തോഷത്തോടെ ഞാന്‍ ചോദിച്ചു:
"ആഹാ, സാറ്‌ വന്നോ?"
"പിന്നെ, മോന്‍റെ കല്യാണത്തിനു വരാതിരിക്കാന്‍ പറ്റുമോ?"
"അയ്യോ, കല്യാണം പെങ്ങടയാ"
ഒരു നിമിഷം അയാളൊന്ന് അമ്പരന്ന് നിന്നു, എന്നിട്ട് പെട്ടന്ന് പറഞ്ഞു:
"ഞാനുദ്ദേശിച്ചത് മോന്‍റെ വീട്ടിലേ കല്യാണമെന്നാ"
ഇത്രേം പറഞ്ഞ് ഓഡിറ്റോറിയത്തിലോട്ട് കേറുന്ന വഴി അദ്ദേഹം പി.എ യോട് ചോദിക്കുന്ന കേട്ടു:
"ഇന്ന് വൈകിട്ട് ശവസംസ്ക്കാരമുള്ളത് മണിയന്‍റെയോ, അതോ അയാളുടെ ഭാര്യയുടെയോ"
അതിനു പി.എയുടെ മറുപടി:
"മണിയനും ഭാര്യയും ഒരു കൊല്ലം മുമ്പ് ചത്തു, ഇന്ന് ചത്തത് മണിയന്‍റെ മോനാ!"
ബെസ്റ്റ്!!
രാഷ്ട്രീയക്കാരനായാല്‍ ഇങ്ങനെ വേണം.
ഓര്‍ക്കുക, ഇവനൊക്കെയാ കേരളം ഭരിക്കുന്നത്!!

കല്യാണ സമയമായി..
ചെറുക്കനെയും പെണ്ണിനേയും കതിര്‍മണ്ഡപത്തില്‍ സ്വീകരിച്ചിരുത്തി.
ഓഡിറ്റോറിയത്തിലിരുന്ന ഒരു അമ്മാവന്‍ സ്റ്റേജില്‍ നിന്ന എന്നെ കൈയ്യാട്ടി വിളിച്ചു, ഞാന്‍ ഓടി ചെന്നു..
"എന്താ അമ്മാവാ?"
"ഞാന്‍ കെട്ട് കാണാന്‍ വന്നതാ, നാല്‌ കൊട്ട കാണാന്‍ വന്നതല്ല"
തിരിഞ്ഞ് നോക്കി..
അമ്മാവന്‍ പറഞ്ഞത് ശരിയാ!!
സ്റ്റേജിലിരിക്കുന്ന പെണ്ണിനെയും ചെറുക്കനേയും കാണാനില്ല, പകരം വീഡിയോയും ഫോട്ടോയും എടുക്കുന്ന നാല്‌ പേര്‌ പുറം തിരിഞ്ഞ് കുനിഞ്ഞ് നില്‍ക്കുന്ന കാഴ്ച..
നാല്‌ കൊട്ട തിരിച്ച് വച്ച പോലേ!!
ഞാന്‍ അവരുടെ അടുത്തേക്ക് ഓടി, എന്നിട്ട് പറഞ്ഞു:
"ചേട്ടന്‍മാരേ, അതൊന്ന് മാറ്റി വയ്ക്കണം"
അവര്‍ക്കെല്ലാം മനസിലായി, അവര്‍ നാലും മാറ്റി വച്ചു!!

തുടര്‍ന്ന് എന്‍റെ വക ഗോഡ്ഫാദര്‍ ഫിലിമിലെ ഡയലോഗ്:
"കൊട്ടടാ മേളം, കെട്ടടാ താലി"
അത് കേട്ടതും രമേഷ് കെട്ടി, മായ സുമംഗലിയായി!!

അതോടെ കൂടി ഉസ്താദിലെ മോഹന്‍ലാലിനെ പോലെ സ്റ്റേജിലൂടെ തെക്ക് വടക്ക് ഞാനൊന്ന് നടന്നു, കൂടെ ലാലേട്ടന്‍റെ പെങ്ങളായി അഭിനയിച്ച ദിവ്യാഉണ്ണിയുടെ കല്യാണത്തോട് അനുബന്ധിച്ചുള്ള പാട്ടും പാടി..

"വെണ്ണിലാ കുന്നിലെ രാപ്പാടി
ഇന്ന് നീ ഏട്ടന്‍റെ ശിങ്കാരി"

ആഹാ, പെര്‍ഫെക്റ്റ്!!

പിന്നെ സദ്യ, ഒരുക്ക്, സെറ്റ് സാരി ഉടുത്ത് നാല്‌ ഫോട്ടോ, മന്ത്രകോടി ഉടുത്ത് പത്ത് ഫോട്ടോ, ബന്ധുക്കളെ നിരത്തി നിര്‍ത്തി ഫോട്ടോ, അത്യാവശ്യക്കാരെ കമ്പേ കുത്തി നിര്‍ത്തി ഫോട്ടോ..
ചടങ്ങോട് ചടങ്ങ്!!

ഊണും കഴിഞ്ഞ് പല്ലും കുത്തി നില്‍ക്കുന്ന ഒരു വല്യപ്പന്‍.
വെറുതെ ഒരു കുശലം:
"കല്യാണത്തിനു മരുമോളുമൊന്നും വന്നില്ലേ അമ്മാവാ"
"ഹോ, അവളിത്തരം ഇടത്തരം കല്യാണത്തിനൊന്നും പോകത്തില്ല.."
ഒന്ന് നിര്‍ത്തിയട്ട് അമ്മാവന്‍ എന്‍റെ ചെവിയില്‍ പറഞ്ഞു:
"..അവരൊക്കെ വലിയ കുടുംബക്കാരാ"
ഓഹോ!!
ചോദിച്ച ഞാനാരായി??
വേറെ ആരെങ്കിലും കേട്ടോന്ന് ചുറ്റും നോക്കി നിന്ന എന്നോട് അദ്ദേഹം ഒരു ദയ കൂടി കാട്ടി:
"മോന്‍ ബാക്കിയുണ്ടെങ്കില്‍ ഒരു പൊതി ചോറിങ്ങ് പാഴ്സല്‌ താ, ഞാന്‍ മരുമോളേ കൊണ്ട് തീറ്റിക്കാം"
വേണ്ടാ, താന്‍ അങ്ങനെ തീറ്റിക്കണ്ടാ!!

പെണ്ണിനേം ചെറുക്കനേം യാത്രയാക്കേണ്ട സമയമായി..
അന്ന് കിട്ടിയ ഗിഫ്റ്റെല്ലാം കാറില്‍ കേറ്റി വച്ച് യാത്രയാക്കാന്‍ നേരം ഞാന്‍ അവളോട് പറഞ്ഞു:
"മോള്‌ ധൈര്യത്തേ പോയ്ക്കോ, വൈകിട്ട് ചേട്ടന്‍ ക്ഷേമം അന്വേഷിക്കാന്‍ വരാം"
അത് കേട്ടതും പൊട്ടിക്കരഞ്ഞു കൊണ്ടവള്‍ പറഞ്ഞു:
"വരുമ്പോള്‍ വീട്ടിലിരിക്കുന്ന ഗിഫ്റ്റൂടെ കൊണ്ട് വരണേ"
ഞാന്‍ എന്ത് പറയാന്‍??
ഒന്നും മിണ്ടാതെ തലകുലുക്കി.

ആ കാറ്‌ പതിയെ ഓഡിറ്റോറിയം വിട്ട് റോഡിലേക്കിറങ്ങിയപ്പോള്‍ പെങ്ങളുടെ കല്യാണമെന്ന വലിയൊരു ടെന്‍ഷന്‍ മനസില്‍ നിന്ന് ഇറങ്ങിയ പോലേ, അതേ സമയം ശരീരത്തിന്‍റെ ഒരു ഭാഗം അടര്‍ന്ന് പോയ പോലെ ഒരു വേദനയും.അറിയാതെ കണ്ണ്‌ നിറഞ്ഞു, പിന്നെ നല്ലൊരു ഭാവിക്കായുള്ള യാത്രയാണെന്നോര്‍ത്തപ്പോള്‍ മനസ്സും നിറഞ്ഞു.കണ്ണുനീരില്‍ കാഴ്ച മറഞ്ഞപ്പോള്‍, കൈ കൂപ്പി പ്രാര്‍ത്ഥിച്ചു:
"ഈശ്വരാ, അവരെ കാത്ത് കൊള്ളേണമേ"
ആ പ്രാര്‍ത്ഥന ഭഗവാന്‍ കേട്ടെന്ന് ഞങ്ങളെ മനസിലാക്കിക്കാന്‍ അന്ന് വൈകിട്ട് പതിവില്ലാതെ മഴ പെയ്തു.ഏതൊരു ശുഭകാര്യത്തിനു ശേഷവും ഒരു മഴ കാണുമെന്നാണ്‌ ശാസ്ത്രം സത്യമായി..
ആ മഴയില്‍ ഭൂമി തണുത്തു, കൂടെ ഞങ്ങളുടെ മനസ്സും!!
ഇനി എനിക്കൊരു പണിയുണ്ട്, ഈ കഥയുടെ തലക്കെട്ട് മാറ്റണം..
കാരണം, ഇപ്പോ അഗ്രജന്‍ ആധിയിലല്ല, ഹാപ്പിയിലാണ്!!
എല്ലാവര്‍ക്കും നന്ദി.

അനന്തപുരി To സിലിക്കണ്‍വാലി





പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സഹമുറിയന്‍റെ തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂര്‍ വരെ വന്ന യാത്രാ വിവരണം (വിത്ത് ലേഡി), ഞാനിവിടെ നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ്.ഇത് സഹമുറിയനുള്ള എന്‍റെ സമര്‍പ്പണം.
(സമര്‍പ്പണം എന്നു കേട്ട് അവന്‍ തുലഞ്ഞു എന്ന് ആരും വിചാരിക്കരുത്.ഞാന്‍ ഉദ്ദേശിച്ചത് ഇതിന്‍റെ കടപ്പാട് അവനോടാണു മാത്രമാണ് എന്നാണ്.)
ഒരു കാര്യം കൂടി:വിവരണത്തിനുള്ള സൌകര്യാര്‍ത്ഥം അവനു പകരം ഞാന്‍ നായകനായി.
എന്ന് സ്വന്തം മനു.

ജൂലൈ 2008 ഒരു ഞയറാഴ്ച, ഉച്ച സമയം
സ്ഥലം : തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍.
"....തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂര്‍ വരെ പോകുന്ന തൊള്ളായിരത്തി തൊള്ളായിരത്തി തൊണ്ണുറ്റി ഒമ്പത് ലൈലാന്‍ഡ് എക്സ്സ്`പ്രസ്സ് ഏതാനും മിനിറ്റുകള്‍ക്കകം ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്നും പുറപ്പെടുന്നതാണ്..."
ഇത് ആ പരട്ട പെണ്ണാ, ഇവള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ?
ഇടക്കിടക്ക് ഇപ്പം പോകും, ഇപ്പം പോകും എന്നു പറയും,,എന്നാല്‍ ട്രെയിന്‍ പോകത്തുമില്ല. അരമണിക്കുര്‍ മുമ്പ് ഇവള്‍ പറഞ്ഞു തുടങ്ങിയതാ.സ്വസ്ഥമായിട്ട് ഒരു ചായ കുടിക്കാനിരുന്നപ്പോഴാ ആദ്യം അനൌണ്‍സ്മെന്‍റ് കേട്ടത്.ആ ചൂടു ചായ അണ്ണാക്കിലോട്ടോഴിച്ച് ഓടി വന്നു കയറിയതാ.ചൂടു ചായ ആയത് കൊണ്ട് അത് വയറ്റിലെത്തിയ വഴി നല്ലപോലെ മനസിലായി.വന്‍കുടലിനും ചെറുകുടലിനും എന്തോ നീളമുണ്ടന്ന് ആ ഓട്ടത്തിനിടയില്‍ കാല്‍ക്കുലേറ്റ് ചെയ്യാന്‍ പറ്റി.
"യാത്രികോം പ്രത്യേക ധ്യാന്‍ കീജിയേ...."
കൊള്ളാം,ദേ ഹിന്ദിയില്‍ പറഞ്ഞു തുടങ്ങി,യാത്രക്കാര്‍ ഇരുന്നു ധ്യാനിക്കാന്‍.വേണ്ടിവരും.ഇങ്ങനെ പോയാല്‍ ട്രെയിന്‍ ഓടാന്‍ വേണ്ടി ധ്യാനിക്കേണ്ടി വരും.
ഇവളെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.ഇവടെ ഒക്കെ കൈയ്യില്‍ മൈക്കും കൊടുത്ത് ഇരുത്തിയവന്‍മാരെ പറഞ്ഞാല്‍ മതി.എല്ലാ സ്റ്റേഷനിലും കാണും ഇങ്ങനൊരെണ്ണം.ഏത് ട്രെയിനാണ്,എങ്ങോട്ട് പോകുന്നതാണ്,എപ്പോള്‍ പോകുന്നതാണു എന്ന് ഒരു ബോധവും കാണില്ല.എന്നാലും വെറുതെ ഇപ്പം വരും,ഇപ്പം പോകും എന്നിങ്ങനെ പറഞ്ഞു കൊണ്ടിരിക്കും.
മനുഷ്യരെ പറ്റിക്കുന്നതിനു ഒരു അതിരില്ലേ?
ശരിക്കും എപ്പം പോകും എന്നു ചോദിക്കാന്‍ സ്റ്റേഷനില്‍ ചെന്നാല്‍ അവിടിരിക്കുന്നവന്‍മാര്‍ പറയും അങ്ങനെ വിളിച്ചു പറയുന്ന ഒരുത്തി അവിടൊന്നും ഇല്ല,എല്ലാം റെക്കാര്‍ഡ് ഇട്ടതാണന്ന്.എന്തോന്നു റെക്കാര്‍ഡെന്നാ എനിക്ക് മനസിലാകാത്തത്.

എന്‍റെ മനസിന്‍റെ ഒരു പാതി അവളെ ചീത്ത വിളിച്ചപ്പോള്‍ മറുപാതി ദൈവത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു:
’‘എന്‍റെ ദൈവമേ,ഇങ്ങോട്ടുള്ള യാത്ര പോലെ ആകല്ലേ അങ്ങോട്ടുള്ള യാത്ര.’
പറയാന്‍ കാരണമുണ്ട്.ഇങ്ങോട്ട് വരാന്‍ കേറിയ ബോഗി നിറയെ പെണ്‍പിള്ളാരായിരുന്നു.ബാംഗ്ലൂരില്‍ നേഴ്സിംഗിനു പഠിക്കുന്നവര്‍. അതിനു ആകെ ഒരു അപവാദം സൈഡിലിരുന്ന അമ്മാവനാ.അതൊന്നും എനിക്കൊരു പ്രശ്നമല്ലായിരുന്നു.കുറെ ഗോപികമാര്‍ക്കിടയില്‍ ക്യഷ്ണനാകാന്‍ പറ്റിയ സമയം.അവരോട് എങ്ങനെ മുട്ടണം എന്നു ഞാന്‍ ആലോചിച്ചിരിക്കുമ്പോളാണു അമ്മാവന്‍ എന്‍റെ അടുത്ത് വന്നത്.എന്നിട്ടൊരു അഭ്യര്‍ത്ഥന:
"മോനേ,എന്‍റെ മോള്‍ S3 ല്‍ ഒറ്റക്കാ,മോനവിടെ പോയികിടന്നാല്‍ അവള്‍ക്ക് ഇങ്ങു വരാമായിരുന്നു"
ആ ചോദ്യത്തില്‍ നിന്നു ഞാനൊരു കാര്യം മനസ്സിലാക്കി. ഞാന്‍ ക്യഷ്ണനാണങ്കില്‍ അയാള്‍ കംസനാ.അല്ലങ്കില്‍ എന്നോട് ഇങ്ങനെ ചോദിക്കുമോ?
ഞാന്‍ മിണ്ടാതിരിക്കുന്ന കണ്ടിട്ടായിരിക്കും അയാള് ഒന്നു കൂടി പറഞ്ഞു:
"ഞങ്ങള്‍ക്ക് അങ്ങ് തിരുവനന്തപുരം വരെ പോകേണ്ടതാ"
എന്തിനാ തിരുവനന്തപുരം ആക്കുന്നത് അങ്ങ് കന്യാകുമാരി വരെ പോയിക്കൂടെ എന്ന മുഖഭാവത്തില്‍ തല ഉയര്‍ത്തിനോക്കിയ ഞാന്‍ കണ്ടത് എന്‍റെ പ്രതികരണം പ്രതീക്ഷിച്ചിരിക്കുന്ന ഒരു പറ്റം മഹിളാമണികളെയാണ്.ആ നിമിഷം ഞാനൊരു മഹാത്യാഗിയായി.ഒന്നും മിണ്ടാതെ ബാഗുമെടുത്തു S3 ലേക്ക് നടന്നു.അല്ലാതെന്താ ചെയ്യുക?
എന്‍റെ കര്‍ത്താവേ ചരിത്രം ആവര്‍ത്തിക്കല്ലേ....

ഇവിടെ എന്‍റെ ബോഗിയില്‍ തിരുവനന്തപുരത്ത് നിന്നും ഒരു പെണ്ണുണ്ട്.അത് ഉറപ്പാ.കാരണം റിസര്‍വേഷന്‍ ചാര്‍ട്ടില്‍ ഞാന്‍ കണ്ടു.ഇരുപത്തി ഒന്നു വയസ്സുള്ള ഒരു താര.പേരു താരയെന്നാണങ്കിലും രൂപം താടകയുടെയും സ്വഭാവം പൂതനയുടെയും ആകാതിരുന്നാല്‍ മതിയാരുന്നു.
എന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടു.വന്നു കയറിയത് ഒരു സുന്ദരി കുട്ടി.വന്നപാടെ അവള്‍ സൈഡ് സീറ്റില്‍ ഇരുന്നു , പുറത്തെക്ക് നോക്കി ഒറ്റ ഇരുപ്പ്.ട്രെയിന്‍ നീങ്ങി തുടങ്ങിയിട്ടും അതേ ഇരുപ്പു തന്നെ.
കഷ്ടം????
പുറം ലോകം ആദ്യമായി കാണുകയാ എന്നു തോന്നുന്നു.ഇങ്ങനുള്ള ഈ ജന്തുവിന്‍റെ അടുത്ത് എങ്ങനാ ഒന്നു മുട്ടുകാ?
സമയം നീങ്ങുന്ന അനുസരിച്ചു എന്‍റെ മനസിന്‍റെ പിരിമുറുക്കവും കൂടി വന്നു….
അപ്പോഴാണു പുറത്ത് ചെറുതായി മഴ ചാറി തുടങ്ങിയത്.ഒരു തുള്ളി വെള്ളം ശരീരത്തില്‍ വീണതും അവളുടെ സ്വഭാവം മാറി.ചാടി എഴുന്നേറ്റ് സൈഡ് വിന്‍റോയുടെ ഗ്ലാസ്സ് അടക്കാന്‍ ശ്രമം തുടങ്ങി.അവളുടെ പെരുമാറ്റം കണ്ടാലറിയാം അവള്‍ക്ക് വെള്ളം അലര്‍ജിയാണന്ന്.
പക്ഷേ ആ പരിപാടി അത്ര എളുപ്പമായിരുന്നില്ല.അവള്‍ എത്ര ശ്രമിച്ചിട്ടും ആ ഗ്ലാസ്സടയുന്നില്ല.ഇപ്പം എന്നോട് ചോദിക്കും ഒന്നു സഹായിക്കാമോ എന്ന്.അങ്ങനെ സഹായിക്കാന്‍ ചെന്നു പരിചയപ്പെടാം.ഈ ഐഡിയ മനസ്സില്‍ വന്നപ്പോള്‍ മുതല്‍ എന്‍റെ മനസ്സ് അവിടിരുന്നു മന്ത്രിക്കാന്‍ തുടങ്ങി:
ചോദിക്കു...ചോദിക്കു...ചോദിക്കു...
എവിടെ?
അവളവിടെ പുത്തൂരംപുത്രി ഉണ്ണിയാര്‍ച്ചയെ പോലെ ആ വിന്‍റോയില്‍ എന്തോക്കെയോ അഭ്യാസം കാണിക്കുന്നുണ്ട്.അത് കണ്ട് മഴക്ക് വരെ കഷ്ടം തോന്നി എന്നു തോന്നുന്നു.മഴ നിന്നു.
എന്‍റെ ആ പ്രതീക്ഷയും അസ്തമിച്ചു.

മഴ മാറിയതും അവളൊരു പുസ്തകം എടുത്ത് വായന തുടങ്ങി.ഏതോ നോവലാ.സമയം സന്ധ്യയായിട്ടും അവളതില്‍ നിന്ന് തല എടുക്കുന്ന മട്ടില്ല.നോവലിലെ ഗ്രാമര്‍ മിസ്റ്റേക്ക് നോക്കുകയായിരിക്കും.
പാവം!!!!
ഇരുട്ടാകുകയല്ലേ,ലൈറ്റിട്ട് കൊടുത്തുകളയാം.ഒരു സഹായം.
ഞാന്‍ ലൈറ്റിട്ടതും അവള്‍ പുസ്തകം അടച്ചതും ഒരുമിച്ചായിരുന്നു.ഒന്നുങ്കില്‍ വെളിച്ചത്ത് കാട്ടാന്‍ കൊള്ളാത്ത എന്തോ ആണു അവള്‍ വായിച്ചുകൊണ്ടിരുന്നത് അല്ലങ്കില്‍ ന്യൂട്ടന്‍റെ മൂന്നാം നിയമം ശരിയാണന്ന് തെളിയിച്ചതാണ്.
'ഫോര്‍ എവരി ആക്ഷന്‍ ദെയര്‍ ഈസ് ആന്‍ ഈക്യുല്‍ ആന്‍ഡ് ഓപ്പസിറ്റ് റിയാക്ഷന്‍'
രണ്ടാമത് പറഞ്ഞതാ സത്യം എങ്കില്‍ പണ്ട് ന്യൂട്ടനും ഇതേ പോലെ ട്രെയിനില്‍ യാത്ര ചെയ്തപ്പോഴാകാം മൂന്നാംനിയമം കണ്ടുപിടിച്ചത്.
അടുത്ത സ്റ്റോപ്പ് എത്തിയപ്പോള്‍(സ്റ്റോപ്പ് ഞാന്‍ ഓര്‍ക്കുന്നില്ല) ഞങ്ങളുടെ ക്യാബിനില്‍ ഒരു ഫാമിലി കയറി.എന്നെ കണ്ടതും അവരുടെ കൂടെയുള്ള ഒരു അമ്മാവന് എന്‍റെ അടുത്തുവന്നു.എന്നിട്ടൊരു ആമുഖം:
"മോനേ,ഒരു ഉപകാരം ചെയ്യാമോ?"
ഈശ്വരാ, കംസന്‍!!!!
ആ ചോദ്യം കേട്ടതും ഞാന്‍ പതുക്കെ ബാഗും എടുത്ത് അയാളുടെ മുഖത്ത് നോക്കി.എങ്ങോട്ടാ പോകേണ്ടത് എന്ന അര്‍ത്ഥത്തില്‍?
അയാളുടെ ഫാമിലിയില്‍ പെട്ട രണ്ട് ആള്‍ക്കാര്‍ തൊട്ടടുത്തുള്ള ക്യാബ്ബിനിലാണു,ഞാനും താരയും അങ്ങോട്ട് മാറിയാല്‍ അവര്‍ക്ക് ഇവിടെ വന്നിരിക്കാം.തികച്ചും ന്യായമായ കാര്യം.
(താര എന്‍റെ കൂടെ വരും എന്നു പ്രതീക്ഷിച്ചിട്ടല്ല,ആവശ്യം പൊതുവേ ന്യായമായിരുന്നു)
പുതിയ ക്യാബിനില്‍ എത്തിയിട്ടും ഒരു മാറ്റവുമില്ല.ആകെ ഒരു വ്യത്യാസം അവിടെ അധികപ്പറ്റായി ഒരു കിളവന്‍ ഇരുപ്പുണ്ട്.ഞാന്‍ നോക്കുമ്പോഴെല്ലാം താരയുടെ കണ്ണ് തീവണ്ടിക്കു പുറത്തോട്ട്,ആ കിളവന്‍റെ കണ്ണ് താരയുടെ പുറത്തോട്ട്.
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്!!!!

രാത്രി ആയപ്പോള്‍ അവള്‍ തന്‍റെ ഹാന്‍ഡ് ബാഗില്‍ നിന്നും ഒരു ചങ്ങലയും പൂട്ടും എടുത്തു, എന്നിട്ട് അവളുടെ ലഗേജ് സൂക്ഷിച്ചിരുന്ന വലിയ ബാഗ് അതുപയോഗിച്ച് ട്രെയിനിന്‍റെ കമ്പിയില്‍ പൂട്ടി ഇട്ടു.ഇത് കണ്ട് ഞാന്‍ അമ്പരന്നു ഇരിക്കുന്നത് കണ്ടിട്ടാകണം എന്നോട് ഒരു വിശദീകരണം:
"കള്ളന്‍മാരുള്ള കാലമാണേ"
ഇനി ഞാന്‍ കള്ളനാണന്നാണോ അവള് ഉദ്ദേശിച്ചത്?
എന്തായാലും അവടെ ബുദ്ധി ഭയങ്കരം തന്നെ.ഒരു ബ്ലേഡ് ഉപയോഗിച്ച് കീറിക്കോണ്ട് പോകാവുന്ന ബാഗിനു ചങ്ങലയും പൂട്ടും.
മൈ ഗോഡ്,ഇവളപ്പം നാടന്‍ പട്ടിക്ക് ഗോള്‍ഡന്‍ ചെയിന്‍ ഇടുന്ന വര്‍ഗ്ഗമാണല്ലേ?
പക്ഷേ ഞാനെന്‍റെ മനോവിചാരങ്ങള്‍ പുറമേ കാട്ടിയതേ ഇല്ല.മാത്രമല്ല അവളായിട്ട് ഇങ്ങോട്ട് കയറി മുട്ടിയ അവസരം ഞാനായിട്ടെന്തിനാ പാഴാക്കുന്നത്?അതുകൊണ്ട് തന്നെ അവളുടെ ആ വിശദീകരണത്തെ ഞാന്‍ നല്ല രീതിയിലങ്ങ് പുകഴ്ത്തി:
"അതേ അതേ,സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ടാലോ"
അത് അവള്‍ക്കങ്ങ് ഇഷ്ടപ്പെട്ടന്ന് തോന്നുന്നു,അതുകൊണ്ടാരിക്കാം അവളൊരു മറുചോദ്യം ചോദിച്ചത്:
"ബാംഗ്ലൂരില്‍ എന്ത് ചെയ്യുന്നു?"
കൊള്ളാം.ബാംഗ്ലൂരില്‍ എഞ്ചിനിയറാണന്നും ആനയാണന്നും ചേനയാണന്നും പറയാന്‍ പറ്റിയ അവസരം.വിശദീകരണം കൊടുക്കാന്‍ വായ് തുറന്നതും പുറകില്‍ നിന്ന് ഒരു ചോദ്യം വന്നതും ഒരുമിച്ചായിരുന്നു:
"അളിയാ,നീ ഇത് എവിടെ പോകുന്നു?"
ങേ!!!
ആരാദ്?????
ഞാന്‍ തിരിഞ്ഞു നോക്കി.എന്‍റെ കൂടെ പഠിച്ച മുരളി.ഇവനെന്താ ഇവിടെ?അതും ഈ നേരത്ത്?പുതിയ ഒരാളെ കണ്ടതോടെ താര വീണ്ടും പുറത്തേക്ക് നോക്കി ഒറ്റ ഇരുപ്പ്.അതോടു കൂടി എന്‍റെ കണ്ട്രോളു പോയി.
നാശംപിടിച്ചവന്‍...
കെട്ടി എഴുന്നോള്ളാന്‍ കണ്ട സമയം.ഇവിടെ ബാക്കിയുള്ളവന്‍ ഉച്ച മുതലിരുന്നു വായിനോക്കി ഒരു വിധം കരക്കടുപ്പിച്ചപ്പോള്‍ നശിപ്പിക്കാനായി വന്നിരിക്കുന്നു.എന്‍റെ അവസ്ഥ ഒന്നു ആലോചിച്ചു നോക്കിയേ...
പുഴ നീന്തി വന്നപ്പോള്‍ കര അകന്നു പോയതുപോലേ!!!

ഒരു ചോദ്യോത്തര പരിപാടി പോലെ അവനോട് എനിക്ക് കുറെ സമയം സംസാരിക്കേണ്ടി വന്നു..അവന്‍റെ ചോദ്യങ്ങള്‍ക്ക് ഞാന്‍ പറഞ്ഞ മറുപടികള്‍ ഞാനിവിടെ വിശദീകരിക്കുന്നില്ല.പകരം എന്‍റെ മനസ്സില്‍ തികട്ടിവന്ന മറുപടികള്‍(അവനോട് നേരിട്ട് പറയാതിരുന്നത്) ഞാനിവിടെ വെളിപ്പെടുത്തുന്നു.

"എടാ നീ എന്താ ഇവിടെ?"
നിന്‍റെ മറ്റവനു പിണ്ഡം വയ്ക്കാന്‍

"ഞാനിവിടെ നിന്നെ പ്രതീക്ഷിച്ചതേ ഇല്ല"
ചെകുത്താന്‍ പലരൂപത്തില്‍ വരും എന്നല്ലേ?ഞാന്‍ നിന്നെ പ്രതീക്ഷിച്ചാരുന്നു

"ഒരു അത്ഭുതം തന്നെ അല്ലേ?"
ഇതിനാണോടാ കാലമാടാ അത്ഭുതം എന്നു പറയുന്നത്?

"നീ ഒറ്റക്കാണോ?"
അല്ലടാ,ഇടവക മുഴുവനുണ്ട്.

"ഞാനവിടിരുന്നു ബോറടിക്കുകയായിരുന്നു"
അതുകൊണ്ടായിരിക്കും എന്‍റെ നെഞ്ചത്തോട്ട് കേറാന്‍ ഇങ്ങോട്ട് വന്നത്?

അതുകൊണ്ടൊന്നും അവനു മതിയായില്ല.അവിടുത്തെ സംസാരം കഴിഞ്ഞപ്പോള്‍ അവന്‍ എന്നെയും വിളിച്ചുകൊണ്ട് അവന്‍റെ ക്യാബിനില്‍ കൊണ്ടുപോയി.അവിടവന്‍റെ വളിച്ച തമാശയും കേട്ട് പതിനൊന്നു മണി വരെ ഇരുന്നു.ഒരു വിധം ഗുഡ്നൈറ്റ് പറഞ്ഞ് തിരിച്ച് എത്തിയപ്പോഴത്തേക്കും താര ഉറങ്ങി.

സമയം പാതിരാത്രി.
അവളെ വിളിച്ചുണര്‍ത്തി അവളുടെ ചോദ്യത്തിനു ഉത്തരമായി ഞാന്‍ ബാംഗ്ലൂരില്‍ എഞ്ചിനിയറാണെന്ന് പറഞ്ഞാലോ?
വേണ്ട.രാവിലെ പറയാം അതാ എന്‍റെ ശരീരത്തിനു നല്ലത്.
ആ രാത്രി കഴിഞ്ഞു.രാവിലെ ഉറക്കമുണര്‍ന്നു നോക്കിയപ്പോള്‍ കണി കണ്ടത് മുരളിയെ.ആ തിരുമോന്ത കണ്ടതും എനിക്ക് ഒരു കാര്യം ഉറപ്പായി,
ഇന്നത്തെ കാര്യവും ഗോവിന്ദാ!!!!!
ഞാന്‍ ഉണര്‍ന്നു എന്നു കണ്ടതും അവന്‍ ചോദ്യങ്ങളുടെ ഭാണ്ഡകെട്ട് അഴിക്കാന്‍ തുടങ്ങി:
"അളിയാ ഇന്നലെ ചോദിക്കാന്‍ വിട്ടുപോയി,ബാംഗ്ലൂരിലെന്താ ജോലി?"
ഞാനവിടെ ആരാച്ചാരാണടാ പുല്ലേ, ആരാച്ചാര്‍....

ഞങ്ങളിങ്ങനെ സംസാരിച്ചിരുന്നതും ഒരു കിളിനാദം കേട്ടു,അത് താരയുടെതായിരുന്നു:
"കെ.ആര്‍ പുരം ആയോ?"
ഞാന്‍ മെജസ്റ്റിക്കിലാണ് ഇറങ്ങുന്നത്.അതാണു ലാസ്റ്റ് സ്റ്റോപ്പ്.അവള്‍ ചോദിച്ചത് അതിനു മുന്‍പുള്ള ഒരു സ്റ്റോപ്പിനെ കുറിച്ചാണ്.ഇനി അവള്‍ക്ക് അവിടാണോ ഇറങ്ങേണ്ടത്?
ഞാനിത് ആലോചിച്ചിരുന്ന സമയം കൊണ്ട് അവളുടെ ചോദ്യത്തിനെ മുരളി ഹെഡ് ചെയ്തു:
"കെ.ആര്‍ പുരത്താണോ ഇറങ്ങേണ്ടത്?"
"അതേ"
അതിനുശേഷം അവിടെ സംഭവിച്ചത് എനിക്ക് ഒരു പിടിയും കിട്ടിയില്ല.അവള്‍ക്ക് കെ.ആര്‍ പുരത്താണു ഇറങ്ങേണ്ടതെന്നും,സ്ഥലം വലിയ പരിചയമില്ലന്നും ഏതോ ഒരു അഡ്രസ്സ് അറിയാമോ എന്നും ചോദിച്ചത് മനസ്സിലായി.മുരളിയുടെ സൈഡില്‍ നിന്നു പറയുകയാണങ്കില്‍ കെ.ആര്‍ പുരം അവന്‍റെ അപ്പുപ്പന്‍റെ വകയാണന്നും അവിടുത്തെ അഡ്രസ്സെല്ലാം അവന്‍റെ കീശയിലാണന്നും അവളെ സുരക്ഷിതമായി സ്ഥലത്ത് എത്തിക്കുന്ന ഉത്തരവാദിത്തം അവന്‍ ഏറ്റന്നും പറഞ്ഞതും ഓര്‍മ്മയുണ്ട്.
അപ്പോഴേക്കും കെ.ആര്‍ പുരം ആയി. എന്നോട് ഒരു വാക്കുപോലും പറയാതെ മുരളി അവളുടെ ബാഗുമെടുത്ത് ചാടി ഇറങ്ങി.പൂവന്‍റെ പിറകിനു പോകുന്ന പിടയെ പോലെ അവളും.എന്താണു സംഭവിച്ചത് എന്നു മനസ്സിലാകാതെ ആള്‍ക്കൂട്ടത്തിലേക്ക് നടന്നുനീങ്ങിയ അവരെ നോക്കി സ്തംഭിച്ചു നിന്ന ഞാന്‍ കാര്യങ്ങളുടെ കിടപ്പ് വശം മനസ്സിലാക്കി വന്നപ്പോഴേക്കും ട്രെയിന്‍ മെജസ്റ്റിക്കിലെത്തി.
പതുക്കെ എന്‍റെ ബാഗുമെടുത്ത് റൂമിലേക്ക് നടക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു ചോദ്യം മാത്രം അവശേഷിച്ചു:

ഇതിനാണോ മണ്ണും ചാരി ഇരുന്നവന്‍ പെണ്ണും കൊണ്ടു പോയി എന്നു പറയുന്നത്?





ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com