For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

എന്‍റമ്മോ, എന്തൊരു ടെന്‍ഷന്‍




ജീവിതമാകുമ്പോള്‍ എത്രയോ ടെന്‍ഷന്‍ നിറഞ്ഞ മുഹൂര്‍ത്തങ്ങളെ അഭിമുഖീകരിക്കണം, എന്നാല്‍ എല്ലാം കഴിഞ്ഞ് ആ നിമിഷങ്ങളെ ഒന്ന് വീണ്ടും ഓര്‍ത്ത് നോക്കിയാല്‍ അറിയാതെ ചിരിച്ച് പോകും.കഴിഞ്ഞ രണ്ടാഴ്ച എനിക്ക് ഇത്തരം ടെന്‍ഷന്‍ നിറഞ്ഞതായിരുന്നു, ആ ടെന്‍ഷനുകളെ സ്വല്പം ഏരിവും പുളിയും മസാലയും ചേര്‍ത്ത് ഞാനിവിടെ വിളമ്പുന്നു...
കോമഡി ഇല്ലാതെ, അനുഭവങ്ങള്‍ നിറഞ്ഞ ഒരു ടെന്‍ഷന്‍ പോസ്റ്റ്...
അതാണ്‌ ഈ പോസ്റ്റ്...
എന്‍റമ്മോ, എന്തൊരു ടെന്‍ഷന്‍!!!

ഈ കഥ തുടങ്ങുന്നത് മൂന്നാഴ്ച മുമ്പേയാണ്..
അന്ന്, കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന ബുക്കിന്‍റെ പ്രകാശന വേളയില്‍, എന്‍.ബി പബ്ലിക്കേഷന്‍റെ അടുത്ത ബുക്ക് അരുണിന്‍റെ കലിയുഗവരദന്‍ എന്ന നോവലാണെന്ന് പബ്ലിഷറായ ജോ പ്രഖ്യാപിച്ചു.സത്യം പറയട്ടെ, വേദിയിലിരുന്നു ഞാനങ്ങ് കോള്‍മയിര്‍ കൊണ്ടു.ആ പ്രഖ്യാപനം കേട്ട് നിന്ന നാട്ടുകാര്‍ക്കും അതേ പോലെ എന്തോ കൊണ്ടു!!
അവരെ കുറ്റംപറയേണ്ടാ, പാല്‌ തരാം, സദ്യ തരാം എന്നൊക്കെ മോഹന വാഗ്ദാനം നല്‍കി ക്ഷണിച്ചിട്ട്, കൈയ്യില്‍ ഒരു ബുക്കും കൊടുത്ത്, കത്തി കാട്ടി അതിന്‍റെ രൂപയും വാങ്ങിച്ചിട്ട് അരമണിക്കൂര്‍ പോലുമായില്ല, അതിനു മുമ്പേ അടുത്ത ബുക്കും വരുന്നത്രേ!!
എന്തായാലും സംഭവം നാട്ടില്‍ പാട്ടായി...
അരുണിന്‍റെ അടുത്ത ബുക്ക് വരുന്നു...
അരുണ്‍ അതിന്‍റെ പ്രസവവേദനയിലാണ്!!!

ഒരുവിധപ്പെട്ട എഴുത്തുകാരനൊക്കെ ടെന്‍ഷനടിക്കാന്‍ ഇത് തന്നെ ധാരാളം, എന്നാല്‍ രണ്ടാഴ്ച മുമ്പ് ഇലക്ഷനു നാട്ടില്‍ ചെല്ലുന്ന വരെ എനിക്ക് പ്രത്യേകിച്ച് ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല.അവിടെ വോട്ട് ചെയ്യാനുള്ള നീണ്ട ക്യൂവിന്‍റെ സൈഡില്‍ നില്‍ക്കുന്ന എന്നെ നോക്കി ആള്‍ക്കാര്‍ ചിരിക്കുന്ന കണ്ടപ്പോള്‍ ആദ്യമായി എനിക്ക് ചെറിയ ടെന്‍ഷന്‍ തോന്നി തുടങ്ങി...
ഇതെന്താ ഇങ്ങനെ??
എല്ലാവരും എന്നെ പരിചയമുള്ള പോലെ ചിരിക്കുന്നു..
ഇത് സത്യമോ അതോ എന്‍റെ മാനസിക വിഭ്രാന്തിയോ??
എനിക്ക് വട്ടായോന്ന് ഞാന്‍ തന്നെ ആലോചിച്ച് നില്‍ക്കെ ഒരു പോലീസുകാരന്‍ അടുത്തേക്ക് വന്നു, എന്നിട്ട് ചോദിച്ചു:
"സാര്‍ ഈ പ്രാവശ്യം ഇലക്ഷനു നില്‍ക്കുന്നുണ്ടോ?"
"ഇല്ല, എന്തേ?"
"അല്ല, സാറിവിടെ നിന്ന് എല്ലാവരെയും നോക്കി ചിരിച്ച് കാണിക്കുന്ന കൊണ്ട് ചോദിച്ചതാ"
അപ്പം അതാണ്‌ കാര്യം!!
വഴിയെ പോകുന്നവരെയും, വാലേ തൂങ്ങുന്നവരെയും ഞാന്‍ ഇളിച്ച് കാണിക്കുന്ന കൊണ്ട്, അവരെല്ലാം തിരികെ ചിരിക്കുന്നതാ.'വാ അടയ്ക്കടാ പുല്ലേ' എന്നാണ്‌ പോലീസുകാരന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം.ഞാന്‍ പതിയെ വാ അടച്ചു, വായില്‍ ഈച്ച കേറാതെ നോക്കണമെല്ലോ?
പോലീസുകാരനെ നോക്കി ഞാന്‍ വിരണ്ട് നില്‍ക്കുന്ന കണ്ടിട്ടാകാം, എനിക്ക് വേണ്ടി ക്യൂവില്‍ നില്‍ക്കുന്ന ഒരു വല്യമ്മ പോലീസുകാരനോട്‌ ഒരു ചെറിയ റിക്വസ്റ്റ്:
"അതിനെ ഒന്നും ചെയ്യല്ലേ സാറെ, എഴുത്തിന്‍റെ സൂക്കേടുള്ള പയ്യനാ"
ഠിം!!!
ശരിക്കും എന്‍റെ മുഖത്തെ ചിരി മാഞ്ഞു, ഇപ്പോ ചിരി നാട്ടുകാരുടെ മുഖത്ത്!!!

ആ ആഴ്ച അങ്ങനെ കഴിഞ്ഞു.
അതോടെ എന്‍റെ ടെന്‍ഷന്‍ കൂടി കൂടി വന്നു തുടങ്ങി.കാരണം അടുത്ത ബുക്ക് വൃശ്ചിക മാസത്തില്‍ ഇറക്കുമെന്ന് പ്രഖ്യാപിച്ച ജോയുടെ അനക്കമൊന്നുമില്ല.മറ്റൊരു ഡയറക്റ്ററായ കണ്ണനുണ്ണി ദിവസവും വിളിക്കാറുണ്ടെങ്കിലും ഇതിനെ കുറിച്ചൊന്നും പറയുന്നില്ല.
അപ്പോ അടുത്ത ബുക്ക് ഇവര്‍ ഇറക്കില്ലേ??
അറിയാതെ ആശിച്ച് പോയി, ആ വിഷമത്തില്‍ രാത്രികള്‍ ഉറക്കമില്ലാത്തതായി, എപ്പോഴോ ഉറങ്ങിയപ്പോള്‍ അബോധമനസ്സ് പിറുപിറുത്തു:
"ദൈവമേ, ഞാനും എന്‍റെ ആശയും മാത്രം ബാക്കി ആകുമോ?"
ദൈവം മറുപടി പറഞ്ഞില്ല!!!
ആ രാത്രി അങ്ങനെ കഴിഞ്ഞു.
പിറ്റേന്ന് ഉണര്‍ന്നപ്പോള്‍ ചായ കൊണ്ട് തന്ന ഭാര്യയുടെ മുഖത്ത് ചായക്കില്ലാത്ത കടുപ്പം.
"എന്താടി?"
"ആരാ ഈ ആശ?"
കര്‍ത്താവേ, ഇവള്‍ക്ക് ഉറക്കമില്ലേ??
ഒന്നും മിണ്ടാതെ പുറത്തേക്ക്...

ഒടുവില്‍ ടെന്‍ഷനുകള്‍ക്ക് അവധി കൊടുക്കാന്‍ ഒരു കാരണം കിട്ടി, അത് മറ്റൊന്നുമല്ല ബുക്ക് ഇറക്കാന്‍ തയ്യാറാണെന്ന് ജോ വിളിച്ച് പറഞ്ഞു.പുതിയിടം കൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ച് പ്രകാശനം നടത്താന്‍ കഴിയുമോന്ന് അറിയാന്‍ ഞാനും കണ്ണനുണ്ണിയും കൂടി അവിടുത്തെ ഗുരുസ്വാമിയായ അശ്വിനിദേവിനെ കണ്ടു, അപ്പോള്‍ അദ്ദേഹം പറഞ്ഞു:
"അടുത്താഴ്ച തൃക്കുന്നപ്പുഴ ക്ഷേത്രത്തില്‍ വച്ച് അയ്യപ്പ സേവാ സംഘത്തിന്‍റെ സംസ്ഥാന തല സ്പെഷ്യല്‍ കണ്‍വെന്‍ഷനുണ്ട്.അതിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പന്തളം മഹാരാജാവ് വരുന്നുണ്ട്.നമുക്ക് അദ്ദേഹത്തെ കൊണ്ട് പ്രകാശനം ചെയ്യിക്കാം"
പന്തളം മഹാരാജാവ്...
രേവതി തിരുന്നാള്‍ രാമവര്‍മ്മ തമ്പുരാന്‍!!
സാക്ഷാല്‍ അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനത്തുള്ള വ്യക്തി!!!
അയ്യപ്പാ, ഇത് സത്യമോ?
അവിടെ തലകുത്തി നില്‍ക്കാന്‍ തോന്നി, അലറി വിളിച്ചൊന്ന് ഓടാന്‍ തോന്നി, മരത്തിനു മറഞ്ഞ് നിന്ന് പൊട്ടിച്ചിരിക്കാന്‍ തോന്നി...
"അത് മതിയോ?" വീണ്ടും അശ്വനിസ്വാമി.
മതിയെന്ന് ഞാന്‍ പറയുന്നതിനു മുമ്പേ കണ്ണനുണ്ണി പറഞ്ഞു:
"അത് മതിയേ!!!!"

മുമ്പില്‍ അഞ്ച് ദിവസമുണ്ട്...
ശനിയാഴ്ച പരിപാടി, അതിനുള്ളില്‍ ബുക്ക് തയ്യാറാക്കണം.പിന്നെ അതിനായി ശ്രമങ്ങള്‍..
നന്ദേട്ടന്‍ കവര്‍ റെഡിയാക്കി, ഞാന്‍ മാറ്റര്‍ അയച്ചു കൊടുത്തു, കണ്ണനുണ്ണി പ്രൂഫ് നോക്കി, നിത സെറ്റ് ചെയ്തു, ശ്രീനി ഫോട്ടോ അയച്ച് കൊടുത്തു, ജോ എല്ലാം ഏകോകിപ്പിച്ച് ഓടി നടന്നു, ഒടുവില്‍ വ്യാഴാഴ്ച ഉച്ചക്ക് സംഭവം പ്രസ്സില്‍ എത്തിച്ചു, വെള്ളിയാഴ്ച ബുക്ക് തരാമെന്ന് അവര്‍ വാക്ക് നല്‍കി.ആ വിശ്വാസത്തില്‍ പരിപാടിക്കായി ഞാന്‍ ബന്ധുക്കളെയും നാട്ടുകാരെയും ക്ഷണിച്ചു.

വെള്ളിയാഴ്ച രാവിലെ..
ആദ്യ ഫോണ്‍ നാട്ടില്‍ നിന്നായിരുന്നു:
"അരുണേ, പന്തളം രാജാവ് ബോംബയിലാ, ചിലപ്പോഴെ നാളെ രാവിലെ എത്തുകയുള്ളു"
ഞെട്ടി പോയി!!
വിവരം അറിയിക്കാന്‍ ജോയെ വിളിച്ചപ്പോള്‍ ജോ പറഞ്ഞു:
"അരുണേ, പ്രസ്സിനടുത്തുള്ള പോസ്റ്റില്‍ ലോറി ഇടിച്ചു, കരണ്ടില്ല, ബുക്ക് ചിലപ്പോഴേ ഇന്ന് കിട്ടു"
കുശാലായി!!!
ഫോണ്‍ ബെല്ലടിക്കുന്നു, എടുത്തപ്പോള്‍ കണ്ണനുണ്ണി...
"എന്താ കണ്ണനുണ്ണി?"
"അരുണേ, എനിക്ക് ശനിയാഴ്ചയും പണിയുണ്ട്, പ്രകാശനത്തിനു ഞാന്‍ കാണില്ല"
എനിക്ക് മിണ്ടാട്ടമില്ല.
"എന്താ അരുണേ, ഞെട്ടിയോ?"
ഹും! സാക്ഷാല്‍ പന്തളം മഹാരാജാവ് ഇല്ലെന്ന് പറഞ്ഞിട്ട് ഞെട്ടിയ ക്ഷീണം മാറിയില്ല, പിന്നെങ്ങനെ വീണ്ടും ഞെട്ടും!!
പിന്നെയും ഫോണ്‍, നന്ദേട്ടന്‍:
"എടാ, ഞാനും , പ്രവീണ്‍ വട്ടപറമ്പത്തും, നിരക്ഷരനും ജോയുടെ കൂടെ നാളെ വരുന്നുണ്ട്"
എന്നാത്തിനാ??
ചോദിച്ചില്ല, പകരം പറഞ്ഞു:
"തൃപ്തിയായി നന്ദേട്ടാ, തൃപ്തിയായി"
ഒരു ബുക്ക് പ്രകാശനമെന്ന് പറഞ്ഞാല്‍ ഇങ്ങനെ വേണം..
രചയിതാവ് ബാംഗ്ലൂരില്‍, ബുക്ക് പ്രസ്സില്‍, പ്രകാശനം ചെയ്യേണ്ട വ്യക്തി ബോംബെയില്‍, പ്രകാശന സ്ഥലം തൃക്കുന്നപ്പുഴയും, ക്ഷണിക്കപ്പെട്ടവര്‍ വരുമെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു..
സന്തോഷിക്കാന്‍ ഇതില്‍ കൂടുതല്‍ എന്നാ വേണം??
തലക്ക് കൈയ്യും കൊടുത്ത് ഉച്ച വരെ ഒരേ ഇരുപ്പ്.

ഉച്ചക്ക് ബോധോദയം ഉണ്ടായപ്പോള്‍ അശ്വനി സ്വാമിയെ വിളിച്ചു, വിഷമം പറഞ്ഞപ്പോള്‍ അദ്ദേഹം മറുപടി നല്‍കി:
"എന്തായാലും വാ നമുക്ക് നോക്കാം"
ഒരു കടമ്പ കടന്നു, അടുത്തത് ബുക്ക്...
"ജോ, എന്തായി?"
"ഉറപ്പില്ല അരുണേ, നോക്കാം എന്നേ ഉള്ളു"
"അയ്യോ, അപ്പോ എന്ത് ചെയ്യും?"
"നമുക്ക് ബ്ലോഗിന്‍റെ പ്രിന്‍റൌട്ട് എടുത്ത് പ്രകാശനം ചെയ്യിച്ചാലോ?"
കഷ്ടം!!

സമയം പാതിരാത്രി...
ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് പ്രകാശനത്തിനായി ഒരു യാത്ര.എനിക്ക് ഉറക്കമില്ല, മനസില്‍ ടെന്‍ഷന്‍ മാത്രം, എന്തായി തീരും?
രാജാവ്..ബുക്ക്...രാജാവ്..ബുക്ക്...
ഒടുവില്‍ ഒരു മണി ആയപ്പോള്‍ ബുക്ക് കൈയ്യില്‍ കിട്ടിയെന്ന് ജോ വിളിച്ച് പറഞ്ഞു.രാവിലെ എല്ലാവരുമായി അവിടെ എത്താമെന്ന് വാക്കും തന്നു.ഇപ്പോ മനസില്‍ ഒരു ടെന്‍ഷന്‍ മാത്രം..
പന്തളം മഹാരാജാവ്...
ശ്രീ രേവതി തിരുന്നാള്‍ രാമവര്‍മ്മ തമ്പുരാന്‍!!
അദ്ദേഹം വരുമോ?
കാത്തിരുന്നു കാണുക തന്നെ.

ശനിയാഴ്ച രാവിലെ അശ്വനിദേവ് ചേട്ടനും, എന്‍റെ ബന്ധുവായ ജയപ്രകാശ് ചേട്ടനും, ഞാനും കൂടി തൃക്കുന്നപ്പുഴയിലെ അയ്യപ്പസ്വാമി ക്ഷേത്രത്തിനു മുന്നിലെ ഗ്രൌണ്ടിലെ സമ്മേളന വേദിയിലെത്തി.എറണാകുളത്ത് നിന്ന് ജോയും, നന്ദേട്ടനും, മനോജ് ചേട്ടനും, പ്രവീണും, പിന്നെ ജോയുടെ കൂട്ടുകാരനായ അജീഷ് പട്ടണക്കാട് എന്ന ഫോട്ടോഗ്രാഫറും, ബുക്കുമായി ഹരിപ്പാടെത്തി.അവിടുന്നു ഗോപന്‍ അവരെയും കൂട്ടി തൃക്കുന്നപ്പുഴയിലെത്തി.അയ്യപ്പസേവാ സംഘത്തിന്‍റെ ആള്‍ക്കാരും മറ്റ് ക്ഷണിക്കപ്പെട്ടവരും അവിടെ ഉണ്ടായിരുന്നു..
പക്ഷേ, രാജാവിനെ മാത്രം കണ്ടില്ല!!

കണ്ണടച്ച് പ്രാര്‍ത്ഥിച്ച് നില്‍ക്കെ നന്ദേട്ടന്‍റെ വാക്കുകള്‍ അമൃതായി കാതിലെത്തി:
"രാജാവ് വന്നു!!"
വന്നെന്ന് മാത്രമല്ല, നന്ദേട്ടന്‍ അദ്ദേഹത്തിന്‍റെ ഫോട്ടോയും എടുത്തത്രേ.ഞാനും നന്ദേട്ടനും ആ ഫോട്ടോ ആസ്വദിച്ച് നില്‍ക്കെ വിവരമറിഞ്ഞ് മനോജേട്ടന്‍ അവിടെ എത്തി.ഫോട്ടോ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു:
"ഇത് രാജാവല്ല, മുന്‍ എം.പി ശ്രീ തെന്നല ബാലകൃഷ്ണനാ"
കര്‍ത്താവേ!!!
ഞെട്ടി നിന്ന എന്നെ നോക്കി മനോജേട്ടന്‍ ചോദിച്ചു:
"അപ്പോ നീയും ഇത് വരെ രാജാവിനെ കണ്ടിട്ടില്ലേ?"
ഇല്ല ചേട്ടാ, ഇല്ല!!
എല്ലാവരും എന്നെ കളിയാക്കി നടന്ന് നീങ്ങിയപ്പോള്‍ എനിക്കൊരു സംശയം...
നന്ദേട്ടന്‍ ഇത് വരെ തെന്നല ബാലകൃഷ്ണന്‍ സാറിനെ കണ്ടിട്ടില്ലേ??
ആവോ, ആര്‍ക്കറിയാം.

ഒടുവില്‍ ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയെത്തിയ അശ്വനിചേട്ടനാണ്‌ എന്നെ ആശ്വസിപ്പിച്ചത്.രാജാവ് ക്ഷേത്രത്തില്‍ ഉണ്ടത്രേ, ബുക്ക് പ്രകാശനം ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചത്രേ, മാത്രമല്ല അയ്യപ്പ സേവാ സംഘം സ്‌റ്റേറ്റ് കൌണ്‍സില്‍ പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാര്‍ സാറും, സ്വാഗത സംഘം ചെയര്‍മാന്‍ മുഞ്ഞിനാട്ടു രാമചന്ദ്രന്‍ സാറും കൂടി ആദ്യ പുസ്തകം മുന്‍ എം പി യും അയ്യപ്പ സേവാസംഘം ​ദേശീയ അധ്യക്ഷനുമായ ശ്രീ തെന്നല ബാലകൃഷ്ണ പിള്ളയ്ക്ക് നല്‍കാനുള്ള ഏര്‍പ്പാട് ഉണ്ടാക്കാമെന്നും സമ്മതിച്ചത്രേ!!
അങ്ങനെ ഒടുവില്‍ ദൈവാധീനം കൊണ്ട് എല്ലാം മംഗളമായി വന്നു..
ഇതാ ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍...















ചടങ്ങിനു ശേഷം പുസ്തകം വില്‍പ്പന...
സദസ്സിനു സമീപം സ്റ്റാളും കസേരയുമിട്ട് പ്രവീണിന്‍റെ നേതൃത്വത്തില്‍ അത് ആരംഭിച്ചു.ചുറ്റും കൂടിയവര്‍ അവിടെ തൂക്കി ഇട്ടിരിക്കുന്ന ഷോ കാര്‍ഡിന്‍റെയും, അവരിരിക്കുന്ന കസേരയുടെയും, ബുക്ക് വച്ചിരിക്കുന്ന മേശയുടെയും, ജോയുടെ ചിരിയുടെയും വില ചോദിച്ച് മടങ്ങി.
ഒടുവില്‍ പായും മടക്കി പരിവാരങ്ങള്‍ കായംകുളത്തേക്ക്...
അന്ന് രാത്രിയില്‍ പുതിയിടം ക്ഷേത്രത്തില്‍ വച്ച് അശ്വനിദേവിന്‍റെ നേതൃത്വത്തില്‍ ചെറിയൊരു പ്രകാശന ചടങ്ങ്.ശബരിമലക്ക് നടന്ന് പോകാന്‍ ഭജനമിരിക്കുന്ന സ്വാമിമാരെല്ലാം അതില്‍ പങ്കെടുത്തു.
എല്ലാം ഭംഗിയായി കലാശിച്ചപ്പോള്‍ ജോയും കൂട്ടരും തിരികെ എറണാകുളത്തേക്ക്...
പോകുന്നതിനു മുമ്പ് ജോ ചോദിച്ചു:
"അരുണേ, ബുക്കെല്ലാം മണ്ഡലകാലത്ത് തന്നെ വിറ്റ് പോകുമായിരിക്കും, അല്ലേ?"
ചോദ്യം ചോദിച്ചിട്ട് അവരെല്ല്ലാം യാത്രയായി, പക്ഷേ ചോദ്യം മാത്രം മനസില്‍ ബാക്കിയായി...
വിറ്റ് തീരുമോ??
ആളുകള്‍ ബുക്ക് വാങ്ങുമോ??
ദേ, അടുത്ത ടെന്‍ഷന്‍ ആരംഭിക്കുന്നു...
എന്‍റമ്മോ, എന്തൊരു ടെന്‍ഷന്‍!!!

രാജാവിനെ സേവിക്കുന്നവന്‍



മക്കളെ നല്ല നിലയില്‍ എത്തിക്കുക എന്നത് ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ്.കഴിവതും തങ്ങളുടെ തന്നെ പാതയില്‍ മക്കള്‍ വരണമെന്നാണ്‌ അവരുടെ ആഗ്രഹം.മന്ത്രിക്ക് മകനെ മന്ത്രിയും, ഡോക്ടര്‍ക്ക് മകനെ ഡോക്ടറും, കള്ളനു മകനെ കള്ളനും ആക്കണമെന്ന് ആഗ്രഹിക്കുന്നടത്തോളം കാലം സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ എന്‍റെ അച്ഛനും അമ്മയും ഞാനൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകണമെന്ന് ആഗ്രഹിച്ചതില്‍ തെറ്റ് പറയാനില്ല.അതിനാല്‍ തന്നെ കുട്ടിക്കാലത്ത് അവര്‍ എന്നെ കൃഷ്ണന്‍ കണിയാന്‍റെ മുമ്പിലെത്തിച്ചു, അതിയാന്‍ കവടി നിരത്തി...
"പത്തില്‍ സൂര്യനാ, മോനു രാജയോഗമുണ്ട്"
ലോകത്തിനു തന്നെ ജനാധിപത്യത്തിനു ഉദാഹരണമായ ഇന്ത്യാമഹാരാജ്യത്തില്‍ ഞാനൊരു രാജാവാകുമെന്ന് ഓര്‍ത്ത് അമ്മയൊന്ന് സന്തോഷിച്ചു, നാഷണല്‍ ഹൈവേയില്‍ കൂടി ഒരു കിരീടവും വച്ച്, കൈയ്യില്‍ വാളും പിടിച്ച് ഞാന്‍ കുതിര ഓടിച്ച് പോകുന്ന സീന്‍ അച്ഛന്‍ സ്വപ്നത്തില്‍ കണ്ടു.
അതേ, ഞങ്ങളുടെ മകനു രാജയോഗമുണ്ട്...
അവന്‍ നാളത്തെ രാജാവാണ്!!
അച്ഛനും അമ്മയും ഒരേ പോലെ സന്തോഷിച്ചു.

എന്നാല്‍ കൃഷ്ണന്‍ കണിയാരുടെ നാവില്‍ വിളയാടിയ രാജയോഗമെന്തെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി...
"രാജയോഗമെന്ന് ഉദ്ദേശിച്ചത് രാജാവിനെ സേവിക്കാനുള്ള യോഗമാണ്, അതായത് സര്‍ക്കാരുദ്യോഗസ്ഥം ലഭിക്കുമെന്ന് സാരം"
അച്ഛന്‍റെ സ്വപ്നത്തില്‍ ഹൈവേയില്‍ കൂടി മുമ്പോട്ട് ഓടിയ കുതിര രണ്ട് മിനിറ്റ് പുറകോട്ട് ഓടി.അല്ലെങ്കില്‍ തന്നെ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും രാജവാഴ്ചക്കൊന്നും ഇനി ഇവിടൊരു കാര്യവുമില്ലെന്നും അമ്മ ആത്മഗതം ചെയ്തു.
അതേ, ഞങ്ങളുടെ മകന്‍ രാജാവാകില്ല....
പക്ഷേ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകും...
അങ്ങനെ അവന്‍ രാജാവിനെ സേവിക്കും!!!
അച്ഛനും അമ്മയും വീണ്ടും സന്തോഷിച്ചു.

അന്ന് മുതല്‍ അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങി.കസേരയില്‍ ഇരുന്ന് ഉറങ്ങാനും, ചുവന്ന മഷിയുടെ പേന കൊണ്ട് കുത്തി വരക്കാനും ഞാന്‍ ചെറുപ്പത്തിലെ പഠിച്ചു.വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ എന്‍റെ വിവരവും, വിദ്യാഭ്യാസവും, സൌന്ദര്യവും കണക്കിലെടുക്കാതെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗത്തിനും ഞാന്‍ അപേക്ഷ സമര്‍പ്പിച്ചു...
ഒന്നും സംഭവിച്ചില്ല.
മനു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയില്ല!!!
'മൂട്ടുവിന്‍ തുറക്കപ്പെടും' എന്നല്ലേ, ഞാന്‍ വീണ്ടും വീണ്ടും ശ്രമിച്ചു.ഒടുവില്‍ കേരളത്തില്‍ ഉടനീളമുള്ള ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ഒരു ജോലി ശരിയായി, ഒരു വിധത്തില്‍ പറഞ്ഞാല്‍ സര്‍ക്കാര്‍ ഉദ്യോഗം.

പോസ്റ്റിംഗ് കോഴിക്കോട്‌ റീജിയണില്‍...
അതായത് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, കാസര്‍കോഡ് എന്നിങ്ങനെ ആറ്‌ ജില്ലയിലെ ആ സ്ഥാപനത്തിന്‍റെ ഓഫീസുകളിലെ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട എന്ത് പ്രശ്നവും എന്‍റെ നെഞ്ചത്ത്.പക്ഷേ ഇവിടെ ഒരു ഗുണമുണ്ട്, എവിടെ എങ്കിലും ഒരു പ്രശ്നമുണ്ടായാല്‍ കോഴിക്കോട് ഓഫീസില്‍ നിന്ന് ആ കാരണം പറഞ്ഞ് ഇറങ്ങാം.പിന്നെ പ്രശ്നകാരിയായ ഓഫീസില്‍ ചെന്ന് കമ്പ്യൂട്ടറും പ്രോഗാമും നന്നാക്കാം.അതിനു ശേഷം നേരെ വീട്ടില്‍ പോകാം, പിന്നെ ഒരാഴ്ച കഴിഞ്ഞ് കോഴിക്കോട്ടെ ഓഫീസില്‍ ചെന്നാ മതി. അപ്പോഴത്തേക്കും പ്രശ്നകാരിയായ ഓഫീസിലെ എഞ്ചിനിയര്‍, 'മനു കഴിഞ്ഞ ഒരാഴ്ച ഇവിടെ ഭയങ്കര ജോലിയില്‍ ആയിരുന്നെന്ന്' പറഞ്ഞ് ഒരു ലെറ്റര്‍ കോഴിക്കോട്ടേക്ക് അയച്ചിരിക്കും.ഇത് ഞാനും മറ്റ് ഓഫീസിലെ സ്റ്റാഫും തമ്മിലുള്ള അഡ്ജസ്റ്റ്മെന്‍റ്.

അങ്ങനെയിരിക്കെയാണ്‌ കാസര്‍കോഡ് ഓഫീസില്‍ നിന്ന് ഒരു കാള്‍ വന്നത്.അവരുടെ കമ്പ്യൂട്ടറില്‍ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല പോലും.ശരിക്കും കാസര്‍കോഡ് റീജിയനില്‍ എനിക്ക് അന്ന് വരെ ഒരു പ്രോബ്ലവും ഇല്ലായിരുന്നു, എന്തെന്നാല്‍ അവിടെ വര്‍ക്ക് ചെയ്യുന്ന വയനാടുകാരനായ സതീശന്‍ ഒരു വിധപ്പെട്ട പ്രോബ്ലമെല്ലാം സോള്‍വ് ചെയ്യും.ഇതിപ്പോ സതീശനിങ്ങ് വയനാട്ടിലാ...
എന്തായാലും കാസര്‍കോഡിനു പോകുന്നതിനു മുമ്പ് സതീശനെ ഒന്ന് വിളിച്ചു:
"ഹലോ മാഷേ, ഞാന്‍ ഇന്ന് നിങ്ങടെ ഓഫീസിലേക്ക് തിരിക്കുക"
"എന്ത് പറ്റി?"
"അറിയില്ല എന്തോ പ്രോബ്ലം, പോയി നോക്കട്ടെ.പിന്നെ ഒരാഴ്ചത്തെ അവധി ഒപ്പിച്ച് തരണേ"
"അതേറ്റു, ഞാന്‍ മൂര്‍ത്തി സാറിനെ വിളിച്ച് പറയാം"
അങ്ങനെ ഞാന്‍ കാസര്‍കോഡിനു യാത്രയായി...

മൂര്‍ത്തി സാര്‍...
കൃഷ്ണമൂര്‍ത്തി എന്ന പാലക്കാടന്‍ പട്ടര്‌!!!
അദ്ദേഹമാണ്‌ കാസര്‍കോഡിലെ ഓഫീസിലെ ഏമാന്‍, അഥവാ മെയിന്‍ എഞ്ചിനിയര്‍.ഫോണിലൂടെ സംസാരിക്കുമ്പോഴെല്ലാം ഒരു ഭാഗവതരുടെ ശബ്ദമുള്ള ഇദ്ദേഹത്തെ ഞാന്‍ ആദ്യമായി കാണുന്നത് അന്ന് വൈകിട്ട് കാസര്‍കോഡില്‍ ചെന്നപ്പോഴായിരുന്നു.സ്വല്പം കഷണ്ടി വന്ന തല, വലിയ വയറ്‌, വെളുത്ത നിറം, നെറ്റിയില്‍ കുറി, ആകെ മൊത്തത്തില്‍ ആര്യഭവന്‍ ഹോട്ടലിലെ കൌണ്ടര്‍ മേശയില്‍ തലയാട്ടി ഇരിക്കുന്ന ബൊമ്മകൊലുസ്സ് മോഡല്‍ സാധനം.
"മനു വന്നല്ലോ, നോമിനു സന്തോഷമായി"
നോമിനും സന്തോഷമായി!!!
"വരിക വരിക അതാ കമ്പ്യൂട്ടര്‍"
ഞാന്‍ ആ ഓഫീസിലേക്ക് വലതുകാല്‍ വച്ചു കേറി...

ഹൈവേ സൈഡിലുള്ള ഒരു കെട്ടിടത്തിന്‍റെ രണ്ടാം നിലയിലാണ്‌ ഓഫീസ്.സ്റ്റാഫിനിരുന്ന് വര്‍ക്ക് ചെയ്യാന്‍ ഒരു ഹാള്‍, മൂലയില്‍ കണ്ണാടി കൂടിനകത്ത് കമ്പ്യൂട്ടര്‍, കട്ടില്‍ അടക്കമുള്ള സാമഗ്രികള്‍ അടങ്ങിയ ഒരു ഗസ്റ്റ് റൂം, അതിനോട് ചേര്‍ന്ന് ഇടുങ്ങിയ ഒരു സ്റ്റോര്‍ റൂം, അതിനു ഒപ്പമായി വിശാലമായ ഒരു ബാത്ത് റൂമും.ഹാളില്‍ ചിതറി കിടക്കുന്ന കസേരയും മേശയും, പിന്നെ ഒരു മൂലയില്‍ എഞ്ചിനിയറുടെ ക്യാബിനും.
ഇതാണ്‌ ഓഫീസിന്‍റെ സെറ്റപ്പ്!!!
ഗസ്റ്റ് റൂമില്‍ രണ്ട് പേര്‍ക്ക് താമസിക്കാനുള്ള സൌകര്യമുള്ളതിനാല്‍ വേറെ ലോഡ്ജില്‍ റൂമൊന്നും നോക്കണ്ടാണെന്നും ഭാഗവതര്‍ ഉണര്‍ത്തിച്ചു.
സന്തോഷത്തോടെ ഞാന്‍ ജോലി തുടങ്ങി...
ആദ്യം കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് നോക്കി, ഇല്ല മോണിറ്ററില്‍ ഒന്നും തെളിയുന്നില്ല.
"ഇദ് തന്നെ പ്രോബ്ളം, മൂന്ന് നാളായേ" പട്ടരുടെ പരിഭവം.
അത് പിന്നെ മോണിറ്ററിന്‍റെ പവര്‍ കേബിള്‍ ഊരി ഇട്ടാല്‍ ഇങ്ങനെ തന്നെ ആയിരിക്കും പട്ടരേന്ന് മനസില്‍ പറഞ്ഞ് കൊണ്ട് ഞാന്‍ പവര്‍ കേബിള്‍ കുത്തി, കമ്പ്യൂട്ടര്‍ ഓണായി!!
"യൂ ആര്‍ വെരി ബ്രില്യന്‍റ്" പട്ടരുടെ പ്രശംസ.
യെസ്, യെസ് ഐം വെരി ബ്രില്യന്‍റ്!!!
എന്‍റെ ആ ഓഫീസിലെ ജോലി തീര്‍ന്നു.

സമയം സന്ധ്യയായിരിക്കുന്നു...
ഇനിയിപ്പോ നാളെ രാവിലെ തിരികെ പോകാമെന്നും, ഇന്ന് ഇവിടെ കഴിയാമെന്നുമുള്ള മൂര്‍ത്തി സാറിന്‍റെ ക്ഷണം ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചു.വരുന്ന ഒരാഴ്ച ഞാന്‍ കാസര്‍കോഡില്‍ ഓണ്‍ഡ്യൂട്ടിയില്‍ ആയിരുന്നെന്ന് ലെറ്റര്‍ തരാമെന്ന പ്രലോഭനം വേറെ, എന്‍റെ നല്ല സമയം എന്നല്ലാതെ എന്ത് പറയാന്‍?
എനിക്കൂടെ ചേര്‍ന്ന് ആഹാരം വാങ്ങാന്‍ പുറത്തേക്ക് ഇറങ്ങിയ പട്ടര്‌ തിരിഞ്ഞ് നിന്ന് സംശയഭാവത്തില്‍ ഒരു ചോദ്യം:
"മനു വീശുമോ?"
ബിയറില്‍ സോഡ ഒഴിച്ച് കഴിച്ചിരുന്ന കാലഘട്ടത്തില്‍ നിന്ന് ഒരുപാട് പുരോഗമിച്ചിരുന്നെങ്കിലും, പെട്ടന്നുള്ള ആ ചോദ്യം എന്‍റെ മുഖത്ത് ഒരു വളിച്ച ചിരിയാണ്‌ ഉണ്ടാക്കിയത്.
"ശരി, ശരി, വരുമ്പോ ഞാന്‍ സാധനവുമായി വരാം"
തന്നെ, കുശാലായി!!

നെപ്പോളിയന്‍ ബ്രാണ്ടിയുടെ ഫുള്‍ കുപ്പിയും, ഫുഡുമായി സാര്‍ തിരിച്ച് വന്നു.ആദ്യത്തെ പെഗ് ചുണ്ടോട് അടുപ്പിച്ചപ്പോള്‍ കണിയാരുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങി...
"രാജാവിനെ സേവിക്കാന്‍ യോഗമുള്ള കുഞ്ഞാ"
ശരിയാ, സാക്ഷാല്‍ 'നെപ്പോളിയന്‍' മഹാരാജാവിനെ അല്ലിയോ ഇപ്പൊ സേവിച്ച് കൊണ്ടിരിക്കുന്നത്, ഇതാ പറയുന്നത് ജ്യോത്സ്യത്തില്‍ കാര്യമുണ്ടെന്ന്.
ഞാന്‍ രണ്ട് പെഗ്ഗ് തീര്‍ത്ത സമയം കൊണ്ട് പട്ടര്‌ പത്ത് പെഗ്ഗ് തീര്‍ത്തു, കുപ്പി കാലിയായി.പൊതിയഴിച്ച് മൂന്ന് പൊറാട്ടയും കറിയും എനിക്ക് തന്നിട്ട് ബാക്കിയുള്ളത് കവര്‍ അടക്കം അതിയാന്‍ അകത്താക്കി.
കിലുക്കത്തിലെ ജഗതിയുടെ ഡയലോഗ് മനസ്സില്‍ ഓടിയെത്തി...
"ചിക്കന്‍റെ ചാറ്‌ നിനക്ക്, കഷ്ണം എനിക്ക്"
ആയിക്കോട്ടേ!!!

ഫുഡ് കഴിഞ്ഞ് ഭാഗവതര്‍ സിഗര്‍റ്റിനു തീ കൊളുത്തിയപ്പോള്‍ കൈ കഴുകാനും, പാത്രങ്ങളൊക്കെ കഴുകി വയ്ക്കാനുമായി ഞാന്‍ പതിയെ ബാത്ത് റൂമിലേക്ക് നടന്നു.നെപ്പോളിയന്‍ പതുക്കെ തലക്ക് പിടിച്ച് തുടങ്ങിയിരിക്കുന്നു.എല്ലാം കഴുകി വൃത്തിയാക്കിയിട്ട് റൂമില്‍ തിരികെ എത്തിയപ്പോഴും ആശാന്‍ സിഗര്‍റ്റ് ആസ്വദിച്ച് കൊണ്ടിരിക്കുകയാണ്.എന്നെ കണ്ടതും അദ്ദേഹം മൃദുവായി ഒന്ന് മന്ദഹസിച്ചു, എന്നിട്ട് ചോദിച്ചു:
"ആരാ?"
"എന്താ സാര്‍?"
"താന്‍ ആരാണെന്ന്?"
ങ്ങേ!!!
സാറിന്‍റെ ഒരോ തമാശകളേ??
ചിരിച്ച് കൊണ്ട് മറുപടി നല്‍കി:
"സാര്‍, ഞാന്‍ മനു"
"ഏത് മനു?"
കര്‍ത്താവേ!!!! കളി കാര്യമാവുകയാണോ??
"സാര്‍, ഞാന്‍ ഓഫീസിലെ....." വിക്കി വിക്കി എന്‍റെ മറുപടി.
"സീ മിസ്റ്റര്‍ മനു, എന്ത് ഓഫീസ് കാര്യമായാലും രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ.താന്‍ ഇന്ന് പോയിട്ട് നാളെ പത്ത് മണി കഴിഞ്ഞ് വാ" പട്ടരുടെ ഉപദേശം.
സ്വല്പം മുമ്പ് കുടിച്ച രണ്ട് പെഗ്ഗും ആവിയായി!!!
സമയം പാതിരാത്രി ആകുന്നു, കള്ള്‌ തലക്ക് പിടിച്ചപ്പോള്‍ ഭാഗവതര്‍ എന്നെ മറന്നെന്നാ തോന്നുന്നത്.പറഞ്ഞത് കേട്ടില്ലേ, പോയിട്ട് പിന്നെ വരാന്‍.
എവിടെ പോകന്‍???
ഭഗവതി, ഞാനിനി എന്തോ ചെയ്യും???
ഇനി അദ്ദേഹം എന്നെ കളിയാക്കുകയാണോന്ന് സംശയത്തില്‍ ഞാന്‍ ചിരിച്ച് കൊണ്ട് ചോദിച്ചു:
"സാര്‍, തമാശ പറയുകയാണോ?"
"ഫ്! റാസ്ക്കല്‍..പറഞ്ഞാല്‍ മനസിലാവില്ലേ?...ഗെറ്റ് ഔട്ട്!!" പട്ടര്‌ ഒരു അലര്‍ച്ച.
ആ അലര്‍ച്ചയുടെ കാഠിന്യമായിരിക്കണം, ഗസ്റ്റ് റൂമില്‍ ഇരുന്ന ഞാന്‍ ഹാളും മറി കടന്ന്, തമിഴ് നായകന്‍റെ ഇടി കൊണ്ട വില്ലനെ പോലെ, ഓഫീസിനു പുറത്ത് തെറിച്ച് വീണു.

നട്ടപാതിരാത്രിക്ക് ഓഫീസിനു മുമ്പില്‍ താഴെ റോഡിലേക്ക് നോക്കി ഒരു ജന്മം, അത് ഞാന്‍ ആയിരുന്നു.അടിച്ച് ഫിറ്റായി ഗസ്റ്റ് റൂമിലെ കസേരയില്‍ സിഗററ്റും പൊകച്ചു കൊണ്ട് മറ്റൊരു ജന്മം, അത് അയാളായിരുന്നു, കൃഷ്ണമൂര്‍ത്തി എന്ന വട്ടന്‍ പട്ടര്‌.
ആദ്യത്തെ ഷോക്ക് ഒക്കെ മാറിയപ്പോള്‍ സമയം നോക്കാതെ സതീശനെ വിളിച്ചു:
"ഹലോ"
"ഹലോ സതീശാ, ഇത് ഞാനാ മനു"
'ഏത് നാശംപിടിച്ചവനാ ഈ നേരത്ത്?'
ഫോണില്‍ കൂടി അവന്‍റെ ഭാര്യ അവനോട് ചോദിക്കുന്നത് ഞാന്‍ വ്യക്തമായി കേട്ടു.
'ഇത് ആ കോഴിക്കോട് ഓഫീസിലെ മനുവാ'
സതീശന്‍ 'നാശംപിടിച്ചവന്‍റെ' ഡീറ്റയില്‍സ് ഭാര്യക്ക് കൈമാറിയതും ഞാന്‍ വ്യക്തമായി കേട്ടു.
തുടര്‍ന്ന് സ്നേഹസമ്പന്നമായ സ്വരത്തില്‍ എന്നോട്:
"എന്താ മനു, എന്ത് പറ്റി?"
കാര്യം ബോധിപ്പിച്ചു!!!
അപ്പുറത്തേ സൈഡില്‍ സതീശന്‍ ഞെട്ടല്‍ രേഖപ്പെടുത്തി, എന്നിട്ട് ഒരു സത്യം എന്നോട് പറഞ്ഞു:
"മനു അബദ്ധമായി പോയി, കള്ള്‌ വയറ്റിലെത്തിയാല്‍ മൂര്‍ത്തി സാര്‍ വയലന്‍റാ, കഴിഞ്ഞ മാസം ഓഫീസിലെ ജയിംസിനെ തീവ്രവാദി ആണെന്ന് പറഞ്ഞ് തലക്ക് അടിച്ച് കൊല്ലാന്‍ ശ്രമിച്ച വ്യക്തിയാ, സോ ബീ കെയര്‍ഫൂള്‍"
എന്‍റമ്മച്ചിയേ.
അകത്ത് സിഗററ്റും പുകച്ച് എന്‍റെ തല തല്ലി പൊട്ടിക്കാന്‍ തയ്യാറായി നില്‍ക്കുന്ന് മൂര്‍ത്തി സാറിന്‍റെ ദൃശ്യം എന്‍റെ അകതാരില്‍ തെളിഞ്ഞു.
കര്‍ത്താവേ!!!!

പതിയെ തിരികെ ഓഫീസില്‍ കയറി...
കതക് കുറ്റിയിട്ട് ഗസ്റ്റ് റൂമിന്‍റെ സൈഡിലെത്തി അകത്തേക്ക് കാത് കൂര്‍പ്പിച്ചു...
"ഇവനും തീവ്രവാദിയാ, ഇവനെയും തട്ടണം" പട്ടരു പുലമ്പുന്നത് എനിക്ക് വ്യക്തമായി കേള്‍ക്കാം.തുടര്‍ന്ന് അങ്ങേരുടെ വക പ്രാസത്തില്‍ ഒരു പാട്ടും:

"അവനെ കൈയ്യില്‍ കിട്ടും
ഉടനെ റൂമില്‍ പൂട്ടും
കത്തി വെച്ച് വെട്ടും
വെട്ടി വെട്ടി തട്ടും"

പിന്നെ, പിന്നെ ഇയാളു കൊറെ ഞൊട്ടും!!!

രക്ഷപെടണേല്‍ സ്വയം ബുദ്ധി പ്രയോഗിച്ചേ പറ്റു.ഇങ്ങനെ ചിന്തിച്ചു നിക്കേ ഫിറ്റായ ഭാഗവതര്‍ പതിയെ റൂമിനു വെളിയിലിറങ്ങി, ഞാന്‍ ഓടി ഹാളിലെ കസേരക്ക് പിന്നില്‍ ഒളിച്ചു.അവിടിരുന്നു ചെറിയ കല്ലുകള്‍ മറു സൈഡിലേക്ക് എറിഞ്ഞ് അങ്ങേരുടെ ശ്രദ്ധ തിരിച്ചു, ഒപ്പം ഒരു പരിചയവും ഇല്ലാത്തവനു ഒപ്പമിരുന്ന് വെള്ളമടിക്കില്ലെന്ന് മനസില്‍ പ്രതിജ്ഞയെടുത്തു, ജാതി മത ഭേദമന്യേ എല്ലാ ദൈവങ്ങളോടും രക്ഷിക്കണേന്ന് അപേക്ഷിച്ചു, തുടര്‍ന്ന് അയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു..

അങ്ങേര്‌ വേച്ച്, വേച്ച് ബാത്ത് റൂമിലേക്ക്, അകത്ത് കേറിയതും ഒരു വലിയ ശബ്ദം, 'നെപ്പോളിയന്‍' മഹാരാജാവിന്‍റെ 'വാള്' ഉറയില്‍ നിന്ന് ഊരി തെറിച്ചതാണെന്ന് എനിക്ക് മനസിലായി, തുടര്‍ന്ന് പല പല ശബ്ദങ്ങള്‍, കിരീടവും ആടയാഭരണങ്ങളും അതാ ഒന്നൊഴിയാതെ പോകുന്നു.ആലോചിച്ച് നില്‍ക്കാന്‍ സമയമില്ല, ഓടിചെന്ന് ബാത്ത് റൂം പുറത്ത് നിന്ന് കുറ്റിയിട്ടു..
മനസില്‍ മാപ്പപേക്ഷിച്ചു...
ഐം വെരി സോറി പട്ടരേ...
എനിക്കും ജീവിക്കണം!!!
തുടര്‍ന്ന് ഗസ്റ്റ് റൂമിലെത്തി അതും അകത്തു നിന്ന് കുറ്റിയിട്ട് സുഖനിദ്രയിലേക്ക്...

പിറ്റേന്ന് പ്രഭാതം..
ആറു മണിയായപ്പോഴേ ഓടിയെത്തി ബാത്ത് റൂം തുറന്നു.അത്തപ്പൂവിനു നടുവില്‍ ശവാസനത്തില്‍ മൂര്‍ത്തി സാര്‍.പതിയെ തട്ടി ഉണര്‍ത്തി...
"ഹായ് മനു, സുഖമാണോ?" അദ്ദേഹത്തിന്‍റെ ചോദ്യം.
'നായിന്‍റെ മോനേന്ന്' വായില്‍ വന്നത് വിഴുങ്ങി, പകരം തിരികെ ചോദിച്ചു:
"സാര്‍, ഇന്നലെ ഇവിടാണോ കിടന്നത്?"
"ഹേയ് അല്ല, റൂമിലായിരുന്നു, രാവിലെ ഇങ്ങോട്ട് മാറി കിടന്നതാ"
ഉവ്വ!!!
"ഇന്നലത്തെ പാര്‍ട്ടി ഞാനങ്ങ് ആസ്വദിച്ചു മനു"
ഞാനും!!
"കഴിഞ്ഞ രാത്രി ഞാന്‍ ഒരിക്കലും മറക്കില്ല, മനുവോ?"
ഞാനും ഒരിക്കലും മറക്കില്ല സാര്‍!!!
"ഇന്നൂടെ നിന്നിട്ട് നാളെ പോയാല്‍ പോരേ?"
എന്‍റമ്മച്ചിയേ!!!!!!
"അയ്യോ സാര്‍, എനിക്ക് ഇന്ന് തന്നെ പോണം"

ഒടുവില്‍ ബസ്സ് കേറ്റി വിടാന്‍ സാര്‍ കൂടി കൂടെ വന്നു, ബസ്സ് പുറപ്പെടുന്നതിനു മുമ്പ് പുറത്ത് നിന്ന് സാര്‍ വിളിച്ചു ചോദിച്ചു:
"ഇനി എന്നാ ഇങ്ങട്ട്?"
"വരാം സാര്‍"
തന്‍റെ പതിനാറടിയന്തിരത്തിനു വരാം!!!

തുടര്‍ന്ന് 'രാജാവിനെ സേവിച്ചവന്‍' നാട്ടിലേക്ക്...
'ദേവീ, നല്ല കാലം വരുത്തേണമേന്ന്' മനസില്‍ പ്രാര്‍ത്ഥിച്ചു.ദേവി ആ പ്രാര്‍ത്ഥന കേട്ടെന്ന് തോന്നുന്നു, ബസ്സിന്‍റെ കണ്ടക്ടര്‍ ടിക്കറ്റിനൊപ്പം ബാക്കി ഒരു രൂപ അമ്പത് പൈസ കൃത്യമായി തിരികെ തന്നു...
അതേ, നല്ല കാലത്തേക്ക് ആദ്യ ചുവട്‌വപ്പ്.

മദ്യം മനോഹരം


ഒരോരുത്തരും കഥ എഴുതുന്നത് ഒരോ രീതിയിലാണ്.കാമ്പും കഴമ്പുമുള്ള കഥ എഴുതുന്നവനാണത്രേ നല്ല സാഹിത്യകാരന്‍. ചില സാഹിത്യകാന്‍മാരെ പോലെ കാമ്പുള്ള കഥകള്‍ എഴുതാന്‍ എന്നെ ഉപദേശിച്ച സുഹൃത്തുക്കള്‍ക്കായി അങ്ങനൊരു സാഹസത്തിനു ഞാന്‍ മുതിര്‍ന്നു.എഴുതിയത് പ്രണയ കഥയാ, വായിച്ചിട്ട് അവരു പറയുവാ ഇതല്ല സാഹിത്യമെന്ന്.ഞാന്‍ പൂര്‍ണ്ണമായി ഒരു കാര്യം മനസ്സിലാക്കി, ഈ സാഹിത്യം എനിക്ക് പറ്റിയ പണിയല്ല.നമുക്ക് ആകെ പറ്റുന്നത് ഓര്‍മ്മയില്‍ മിന്നി മറഞ്ഞതും, പറഞ്ഞ് കേട്ടതുമായ ചില ഇന്‍സിഡന്‍റ്‌സ്സ് കുത്തി കുറിക്കാനാണ്.

നീട്ടി പിടിച്ചൊരു പ്രണയ കഥ എഴുതുന്നതിനു പകരം, പ്രണയവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു ഇന്‍സിഡന്‍റ്‌ എഴുതിയിരുന്നേല്‍ പിന്നേം നന്നയേനെ എന്ന് അതേ സുഹൃത്തുക്കള്‍ ഉപദേശിച്ചപ്പോഴാണ്‌ ഞാന്‍ സതീശന്‍റെ കാര്യം ഓര്‍ത്തത്.ഈ കഥയിലെ സതീശനും അമിത്തും പേര്‌ മാറ്റിയ രണ്ട് കഥാപാത്രങ്ങളാണ്.അവരുടെ കഥ തുടങ്ങുന്നത് ഒരു ദിവസം വൈകുന്നേരം സതീശന്‍റെ വീട്ടിലാണ്.

അന്ന് സതീശന്‍ നല്ല ഫിറ്റിലായിരുന്നു, കഴിക്കുന്നത് ബ്രാണ്ടിയാണ്, ഏതാണ്ട് മൂന്ന് പെഗ്ഗില്‍ കൂടുതല്‍ കഴിച്ചിട്ടുമുണ്ട്.കൂടെ ഇരിക്കുന്ന അമിത്ത് അത്യാവശ്യം ഫിറ്റാണ്.എന്‍റെ നോട്ടം മൊത്തം സതീശനിലാണ്, അവന്‍ ആകെ അപ്‌സെറ്റാണ്.
സതീശന്‍ പിറുപിറുത്ത് തുടങ്ങി:
"അവള്‌ പോയ് അളിയാ, അവള്‌ പോയി"
ഇതിപ്പോ മുപ്പത്തിരണ്ടാമത്തെ തവണയാണ്‌ അതിയാന്‍ ഇതേ പല്ലവി.സംഭവം സ്ഥിരം പറ്റുന്നത് തന്നെ, കാമുകിയുടെ കല്യാണം കഴിഞ്ഞു.തളര്‍ന്ന് ഇരിക്കുന്ന സതീശനെ ആശ്വസിപ്പിക്കാനാണ്‌ കൈയ്യിലിരുന്ന കാശും കൊടുത്ത് കള്ളും വാങ്ങി ഈ സിറ്റിംഗ്.ഇവിടെ സതീശനെ ആശ്വസിപ്പിക്കേണ്ടത് ആത്മാര്‍ത്ഥ സുഹൃത്ത് എന്ന നിലയില്‍ എന്‍റെ കടമയാണ്.കുപ്പി പൊട്ടിച്ച നിമിഷം മുതല്‍ അമിത്ത് തന്‍റെ ശ്രദ്ധ അതിലേക്കായി, സതീശന്‍ എന്‍റെ തലയിലായി.
"അവള്‌ പോയ് അളിയാ, അവള്‌ പോയി"
ദേ, പിന്നേം.
മുപ്പത്തി മൂന്ന്.

ഇവിടെയാണ്‌ ഒരു ആത്മാര്‍ത്ഥ സുഹൃത്തായ ഞാന്‍ ബുദ്ധിപരമായി നീങ്ങേണ്ടത്.വാക്കുകള്‍ കുറിക്ക് കൊള്ളുന്നതാവണം, വാചകം അര്‍ത്ഥ സംപുഷ്ടമായിരിക്കണം.ഞാന്‍ പതിയെ സംസാരിച്ച് തുടങ്ങി:
"സതീശാ, ഇതാണ്‌ വിധി"
ഫിറ്റായ തല നാല്‍പ്പത്തിയഞ്ച് ഡിഗ്രി ചരിച്ച് അതിയാന്‍ ഒരു നോട്ടം.വിധി എന്ന് പറഞ്ഞത് തീരെ ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു.കളം മാറ്റി പിടിക്കാം.
ശ്രദ്ധയോടെ മുന്നേറാന്‍ ഞാന്‍ തീരുമാനിച്ചു.
"രാധാകൃഷ്ണന്‍"
ഇത്രയും പറഞ്ഞിട്ട് ഞാനൊന്ന് നിര്‍ത്തി, എന്നിട്ട് നാടകിയമായി ചോദിച്ചു:
"കേട്ടിട്ടുണ്ടോ സതീശാ നീ?"
ഫിറ്റായ സതീശന്‍:
"പിന്നെ, നിന്‍റെ അച്ഛനല്ലേ?"
ശരിയാണ്.
അരുണ്‍ കായംകുളം എന്ന പേരില്‍ എഴുതുമെങ്കിലും അരുണ്‍ ആര്‍ എന്നാണ്‌ ശരിക്കുള്ള പേര്.ഇവിടെ ആര്‍ സ്റ്റാന്‍ഡ്സ്സ് ഫോര്‍ രാധാകൃഷ്ണപിള്ള, അതായത് എന്‍റെ അച്ഛന്‍.പക്ഷേ അതായിരുന്നില്ല എന്‍റെ ചോദ്യം.

ഞാന്‍ വീണ്ടും ഒന്നേന്ന് തുടങ്ങി:
"അത് രാധാകൃഷ്ണന്‍, ഞാന്‍ പറഞ്ഞത് രാധാ കൃഷ്ണന്‍"
അമിത്തും ആകാംക്ഷയോടെ ശ്രദ്ധിച്ച് തുടങ്ങി.
അടിച്ച് ഫിറ്റായവന്‍മാരുടെ അടുത്ത് രാധയേയും കൃഷ്ണനേയും പറ്റി പറഞ്ഞാ വല്ലതും മനസ്സിലാവുമോ എന്തോ?
എങ്കിലും സതീശനെ ആശ്വസിപ്പിക്കാനുള്ള അവസാന ശ്രമമാണ്, കട്ടക്ക് തുടങ്ങി:
"എടാ, രാധ കൃഷ്ണനെക്കാള്‍ മുതിര്‍ന്നവളായിരുന്നു, പക്ഷേ കൃഷ്ണന്‍റെ പ്രണയിനി ആയിരുന്നു.കര്‍മ്മഫലം നിമിത്തം കൃഷ്ണനു രാധയെ ഉപേക്ഷിക്കേണ്ടി വന്നു.പിന്നീട് പതിനായിരത്തെട്ട് പേരെ അദ്ദേഹം കല്യാണം കഴിച്ചു, സ്നേഹിച്ചു, സുഖമായി ജീവിച്ചു"
ഞാന്‍ സൂക്ഷിച്ച് നോക്കി, സംഭവം ഏറ്റ മട്ടുണ്ട്, അമിത്തും സതീശനും ശ്രദ്ധ പൂര്‍ണ്ണമായി എന്നിലേക്കാക്കി.
ഞാന്‍ തുടര്‍ന്നു:
"കാര്യങ്ങള്‍ ഇങ്ങനൊക്കെ ആണേങ്കിലും നീ ഒന്ന് ആലോചിച്ച് നോക്കിയെ, നമ്മള്‍ കൃഷ്ണന്‍റെ പ്രണയം എന്ന് പറയുമ്പോ രുക്മിണിയേയോ, സത്യഭാമയേയോ, ജാംബവതിയേയോ, കാളിന്ദിയേയോ ഓര്‍ക്കാറില്ല, എല്ലാവരും ഓര്‍ക്കുന്നത് ഒരേ ഒരു മുഖം മാത്രം, രാധ"
എ പെര്‍ഫക്റ്റ് എക്സാമ്പിള്‍.

ഇനി കാമുകി എവിടെ ആയിരുന്നാലും പ്രണയം ശ്വാശ്വതമാണെന്നും, അത് അനന്തമാണെന്നും പറഞ്ഞാ എന്‍റെ വാചകം പൂര്‍ത്തിയാവും.നേരിട്ട് അത് പറഞ്ഞാ ഒരു പഞ്ചില്ല, അതിനു ഒരു പ്രത്യേക രീതി വേണം.
ഞാന്‍ വീണ്ടും തുടങ്ങി:
"രാധാ കൃഷ്ണന്‍, ഇപ്പോ മനസ്സിലായോ?"
അമിത്തിനെ നോക്കിയപ്പോ മനസ്സിലായ മട്ടില്‍ അവന്‍ തലയാട്ടി.ഞാന്‍ തല തിരിച്ച് സതീശനെ നോക്കി:
"മനസ്സിലായോ സതീശാ നിനക്ക്?"
എന്‍റെ ചോദ്യം കേട്ടതും എല്ലാം മനസ്സിലായ മട്ടില്‍ തല കുലുക്കിയട്ട് സതീശന്‍ ചോദിച്ചു:
"പിന്നെ, നിന്‍റെ അച്ഛനല്ലേ?"
എന്‍റെ കണ്ണില്‍ കൂടി പൊന്നീച്ച് പറന്നു.
ബ്ലഡി ഫൂള്‍!!!
ചുമ്മാതല്ല ഇവനെ പെണ്ണ്‌ ഉപേക്ഷിച്ച് പോയത്.
ഇനി എന്ത് പറയണമെന്ന് അറിയാതെ ദയനീയമായി അമിത്തിനെ നോക്കിയപ്പോ അവന്‍ എന്നോട്:
"നിന്‍റെ വീട്ടില്‍ ഇത്ര പ്രശ്നം ഉണ്ടായിരുന്നോ?"
ഉണ്ട!!!
ചില മദ്യപാന സദസ്സുകള്‍ കൊലപാതകത്തില്‍ കലാശിക്കുന്നത് ഇങ്ങനായിരിക്കും.ഒന്നും മിണ്ടാതെ ആ പിമ്പിരികളെ അവിടെ വിട്ടിട്ട് ഞാന്‍ ഇറങ്ങി നടന്നു.ഇനി മേലാല്‍ കാമുകിയെ നഷ്ടപ്പെട്ട ഒരു കാമുകനെയും ഉപദേശിക്കാന്‍  ഞാനില്ല, എന്‍റെ കൃഷ്ണാ, കണ്ണാ, മുകുന്ദാ, കാത്തോളണേ.

അച്ഛന്‍കുട്ടി അവതാരമായി




കൊച്ച് കൊച്ച് സന്തോഷങ്ങള്‍ ഞാന്‍ എന്നും പങ്ക് വച്ചത് നിങ്ങളോടൊപ്പമാണ്, ഇതാ എന്‍റെ ജീവിതത്തിലെ മറ്റൊരു സന്തോഷം, എനിക്കൊരു പെണ്‍കുട്ടി ജനിച്ചിരിക്കുന്നു.ഈ കന്നി മാസത്തിലെ തിരുവാതിര നാളില്‍ അവള്‍ എന്‍റെ ജീവിതത്തിലേക്ക് കടന്ന് വന്നു.കരിമുട്ടത്തമ്മ കനിഞ്ഞ് നല്‍കിയ കുഞ്ഞിനൊപ്പം ഇരുന്നപ്പോള്‍ എല്ലാവര്‍ക്കും നന്ദി പറയേണമെന്ന് തോന്നി...
നന്ദിയുണ്ട്, എല്ലാവരോടും...
നിങ്ങളുടെ പ്രാര്‍ത്ഥനക്ക്, ആശംസക്ക്....
നന്ദി, നന്ദി, നന്ദി.
(അമ്മയും കുഞ്ഞും ഈശ്വരാനുഗ്രഹത്താല്‍ സുഖമായി ഇരിക്കുന്നു, ഈ ഞാനും)

മേല്‍ സൂചിപ്പിച്ചത് എന്‍റെയും ദീപയുടെയും ജീവിതം.എന്നാല്‍ ഇനി പറയാനുള്ളത് ഈ ബ്ലോഗിലെ നായകനായ മനുവിന്‍റെയും, അവന്‍റെ ഭാര്യ ഗായത്രിയുടെയും ജീവിതത്തെ കുറിച്ചാണ്, അവരുടെ കുഞ്ഞിനെ കുറിച്ചാണ്...
കഥ മനുവിന്‍റെ കാഴ്ചപ്പാടില്‍...

2010 സെപ്റ്റംബര്‍ 30
എല്ലാവരും ടെന്‍ഷനിലാണ്...

ഞാന്‍, എന്‍റെ വീട്ടുകാര്‍, നാട്ടുകാര്‍, കൂട്ടുകാര്‍, എന്തിനു ഇന്ത്യാ മഹാരാജ്യം തന്നെ ആകാംക്ഷയോടെ ഉറ്റ് നോക്കുന്നു.എല്ലാവര്‍ക്കും ഒരേ ഒരു ചിന്ത മാത്രം...
അയോധ്യാവിധി എന്താവും??
ഞാന്‍ അതിലും ടെന്‍ഷനിലാ, എനിക്ക് അയോധ്യാവിധി മാത്രമല്ല പ്രശ്നം, എന്‍റെ പെമ്പ്രന്നോത്തി ലേബര്‍ റൂമിലാ...
ആ വിധി എന്താവും??
രണ്ട് വിധിയെ കുറിച്ചും ആലോചിച്ചിരിക്കേണ്ടി വന്നത് എന്‍റെ വിധി.അക്ഷമനായി, ഈശ്വരനെയും പ്രാര്‍ത്ഥിച്ച് ആ ലേബര്‍ റൂമിനു മുമ്പില്‍ ഞാന്‍ സമയം തള്ളി നീക്കി കൊണ്ടിരുന്നു...

സത്യത്തില്‍ രാവിലെ അവളെ മുറിയില്‍ കയറ്റിയതാ, ചെറിയ വേദന ഉണ്ടെന്ന് നേഴ്സ് പറഞ്ഞു, പിന്നെ ഒന്നും അറിയില്ല.ഇടക്കിടെ നേഴ്സുമാര്‍ പുറത്തേക്ക് ഓടുന്നു, ഡോക്ടര്‍ അകത്തേക്ക് ഓടുന്നു, വേറെ ഗര്‍ഭിണികള്‍ ലേബര്‍ റൂമിലേക്ക് ചാടി കയറുന്നു, എന്ന് വേണ്ടാ, ആകെ ബഹളം.ഇച്ഛിരി രാഷ്ട്രിയത്തിന്‍റെ അസ്ക്കിത ഉള്ള ചേട്ടനാണ്‌ ബ്ലഡ് ആവശ്യമുണ്ടെങ്കില്‍ കൊടുക്കാനായി വന്നിട്ടുള്ളത്.അതിനാല്‍ തന്നെ വിധി വരുന്നതിനു മുന്നേ പ്രസവം നടക്കണമെന്നാണ്‌ എന്‍റെ ആഗ്രഹം.ഇല്ലെങ്കില്‍ വിധി പ്രഖ്യാപിക്കുമ്പോള്‍ 'ഭാരത് മാതാ കീ ജയ്' എന്ന് വിളിച്ച് അലറി കൊണ്ട് ചേട്ടന്‍ ഇറങ്ങി ഓടിയാല്‍ ഞാന്‍ എന്തോ ചെയ്യും??
ആകെ ടെന്‍ഷന്‍!!

മൂന്ന് മൂന്നര ആയപ്പോള്‍ ടെന്‍ഷന്‍ സഹിക്കാന്‍ വയ്യാതെ ഞാന്‍ താഴെ ക്യാന്‍റീനില്‍ പോയി ഒരു ചായ കുടിച്ചിട്ട് തിരിച്ച് വന്നു.നോക്കിയപ്പോള്‍ എല്ലാവരും ചിരിച്ചോണ്ട് നില്‍ക്കുന്നു.ആകാംക്ഷ സഹിക്കാന്‍ വയ്യാതെ നിന്ന എന്‍റെ അടുത്തേക്ക് ചേട്ടന്‍ വന്നു, എന്നിട്ട് പറഞ്ഞു:
"ഡോണ്ട് വറി, ദൈവം സഹായിച്ചു"
"എന്തായി?"
"മൂന്നായിട്ട് പകുത്ത് എടുക്കാന്‍ തീരുമാനമായി"
"എന്ത്?"
"അയോധ്യാ ഭൂമി"
ശ്ശെടാ!!!
പേടിച്ച് പോയി.

അങ്ങനെ അന്ന് മൊത്തം കാത്തിരുന്നത് വെറുതെയായി, അവള്‍ പ്രസവിച്ചില്ല.
ഒക്റ്റോബര്‍ ഒന്ന്...
രാത്രി പന്ത്രണ്ട് മണി...

വാതുക്കല്‍ ഉറക്കം തൂങ്ങി നിന്ന എന്നെ വിളിച്ചുണര്‍ത്തി സിസ്റ്റര്‍ പറഞ്ഞു:
"ചെറിയ വേദന തുടങ്ങിയട്ടുണ്ട്"
ദൈവമേ, കാത്തോളണേ...
സത്യത്തില്‍ ഗായത്രിയെയും കൂട്ടി മൂന്ന് ഗര്‍ഭിണികള്‍ ലേബര്‍ റൂമിലുണ്ട്.പക്ഷേ ഒരുത്തിയുടെ ഹസ്സ് ഗള്‍ഫിലാ, മറ്റവുളുടേത് എസ്സ്.ഐ ആണത്രേ, അയോധ്യാവിധി വന്ന കാരണം ഡ്യൂട്ടിയിലാണ്‌ പോലും.അതിനാല്‍ തന്നെ അന്നേ ദിവസം ലേബര്‍ റൂമിനു മുന്നിലിരുന്ന് ടെന്‍ഷനടിക്കാന്‍ പാവം ഞാന്‍ മാത്രം, വേറെ ഒരു ഹസ്സ്‌ബന്‍റും എനിക്ക് കൂട്ടിനില്ല.

അങ്ങനെ രാവിലെ എട്ട് മണി ആയപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിസ്റ്റര്‍മാര്‍ പോയി, വേറെ സിസ്റ്റര്‍മാര്‍ വന്നു.എല്ലാം പിശക് സാധനങ്ങള്‍, എന്ത് ചോദിച്ചാലും ചൂടായി മാത്രമേ മറുപടി പറയു.
എട്ടര ആയപ്പോള്‍ അതിലൊരുത്തി വന്ന് ചോദിച്ചു:
"ഗായത്രിയുടെ ആരെങ്കിലും ഉണ്ടോ?"
ഉണ്ടേ, അടിയനുണ്ടേ!!
ആകാംക്ഷയോടെ ഓടി ചെന്ന എന്നോട് അവര്‍ പറഞ്ഞു:
"നിങ്ങളുടെ ഭാര്യക്ക് ഓപ്പറേഷന്‍ നടത്തേണ്ടി വരും"
"എന്തേ?"
"നിങ്ങളുടെ കുട്ടിയുടെ തല മുകളിലാണ്"
അറിയാതെ തിരികെ ചോദിച്ച് പോയി:
"അപ്പോ മറ്റ് കുട്ടികളുടെ തല കാലിന്‍റെ താഴെയാണോ?"
പാവം സിസ്റ്റര്‍!!
അവര്‍ക്ക് മിണ്ടാട്ടമില്ല.
മനസാന്നിദ്ധ്യം വീണ്ട് കിട്ടിയപ്പോള്‍ അവര്‍ പറഞ്ഞു:
"എന്നല്ല, അമ്മയുടെ വയറ്റില്‍ കുഞ്ഞിന്‍റെ തല മുകളിലായ പൊസിഷനിലാ.തല താഴെയും, കാല്‌ മുകളിലും വന്നാല്‍ മാത്രമേ സുഖ പ്രസവം നടക്കു"
ഓ, എന്ന്...
അല്ലേലും എന്‍റെ കുഞ്ഞിനു തലകുത്തി നില്‍ക്കുന്ന സ്വഭാവം കാണില്ല.

ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ വീണ്ടും വന്ന് പറഞ്ഞു:
"ദൈവം കാത്തു, സുഖപ്രസവം, പെണ്‍കുഞ്ഞ്"
ഒരു നിമിഷം...
മനസ്സില്‍ ആയിരം തിരമാല ഒന്നിച്ച് ഉയരുന്ന പോലെ ആകെ സന്തോഷം, ഒരു ധൈര്യത്തിനു വീഴാതിരിക്കാന്‍ അടുത്ത് നിന്ന അമ്മയെ മുറുകെ പിടിച്ചു.ഒരു രണ്ട് മിനിറ്റ് എടുത്തു ഒന്ന് നോര്‍മലാകാന്‍...

പിന്നെ ആകെ ബഹളം...
ഞങ്ങളുടെ നാട്ടില്‍ ഒരു ചടങ്ങുണ്ട്, കുട്ടിയുടെ അച്ഛന്‍ സ്വര്‍ണ്ണം തേനില്‍ ചാലിച്ച് കുഞ്ഞിന്‍റെ വായില്‍ വച്ച് കൊടുക്കണം.എന്നിട്ടേ മറ്റുള്ള ബന്ധുക്കളെ കുഞ്ഞിനെ കാണിക്കാന്‍ കൊണ്ട് പോകുകയുള്ളു.അങ്ങനെ തേനും, സ്വര്‍ണ്ണവുമായി അകത്തേക്ക് ഞാനും അമ്മയും കയറിയപ്പോള്‍ അച്ഛന്‍ ചെവിയില്‍ പറഞ്ഞു:
"ദക്ഷിണ കൊടുത്തേ കുഞ്ഞിനെ വാങ്ങാവു"
ശരി അച്ഛാ!!
കുറച്ചില്ല, അഞ്ഞൂറ്‌ രൂപ ദക്ഷിണ കൊടുത്തു.കുഞ്ഞിനെ കൈയ്യില്‍ വാങ്ങി സ്വര്‍ണ്ണം അരച്ച തേന്‍ നാക്കില്‍ പുരട്ടിയപ്പോള്‍ അവള്‍ നുണഞ്ഞ് ഇറക്കുന്നു.
പതിയെ കുഞ്ഞുമായി പുറത്തേക്ക്...

കണ്ടവര്‍ കണ്ടവര്‍ അഭിപ്രായം രേഖപ്പെടുത്തി...
"മൂക്ക് അച്ഛനെ പോലെയാ" വല്യമ്മ.
"നാക്ക് അമ്മയെ പോലെയാ" കുഞ്ഞമ്മ.
"കണ്ണ്‌ അച്ഛനെ പോലെയാ" അപ്പച്ചി.
"ചിരി അച്ഛനെ പോലെയാ" അമ്മാവി.
മാക്സിമം പോയിന്‍റ്‌ അച്ഛന്...
എല്ലാവരും കൂട്ടത്തോടെ പറഞ്ഞു:
"ഇത് അച്ഛന്‍കുട്ടി തന്നെ"
വീണ്ടും എന്‍റെ മനസ്സ് നിറഞ്ഞു.

സിസ്റ്ററുടെ അഭിപ്രായ പ്രകാരം കുഞ്ഞിനെ തിരികെ കിടത്താന്‍ ലേബര്‍ റൂമിലേക്ക് തിരിച്ച് കയറിയപ്പോഴാണ്‌ സപ്തനാഡികളും തകര്‍ക്കുന്ന ഒരു ദൃശ്യം ഞാന്‍ കണ്ടത്....
നിറവയറുമായി ഗായത്രി അതാ മുന്നില്‍!!!
അവള്‍ ഒരു ചോദ്യം:
"ചേട്ടാ, ഇത് ഏതാ കുട്ടി?"
കര്‍ത്താവേ!!!
ഇത് ഏതാ കുട്ടി???
വിക്കി വിക്കി ഞാന്‍ തിരികെ ചോദിച്ചു:
"നീ പ്രസവിച്ചില്ലേ?"
"ഇല്ല, മറ്റേ കുട്ടിയാ പ്രസവിച്ചത്, അതും ഗായത്രിയാ"
എന്‍റെ കാടാമ്പുഴ ഭഗവതി!!!
കൂമ്പിനു ഇടി കിട്ടാന്‍ ഇനി എന്തോ വേണം??
എനിക്ക് തല കറങ്ങി തുടങ്ങി.

പുറത്ത് വന്ന് സത്യം പറഞ്ഞപ്പോള്‍ ആര്‍ക്കും അനക്കമില്ല.തലക്ക് കൈയ്യും കൊടുത്ത് ഇരിക്കുന്ന എന്‍റെ കൈയ്യില്‍ ദക്ഷിണയായി വാങ്ങിയ അഞ്ഞൂറ്‌ രൂപ തിരികെ തന്നിട്ട് സിസ്റ്റര്‍ ചോദിച്ചു:
"താന്‍ ആരുടെ ഭര്‍ത്താവാ?"
"ഗായത്രിയുടെ..."
"തനിക്കത് നേരത്തെ പറഞ്ഞ് കൂടായിരുന്നോ?"
ശരിയാ, പറയാമായിരുന്നു.

അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ ഒരു പേപ്പര്‍ കൊണ്ട് വന്നു, ഗായത്രിക്ക് ഓപ്പറേഷന്‍ വേണമത്രേ, ഭര്‍ത്താവ് ഒപ്പിട്ട് കൊടുക്കണം പോലും...
ഒപ്പിട്ട് കൊടുത്തു!!
പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ സിസേറിയന്‍ കഴിഞ്ഞതായി അറിയിപ്പ് വന്നു.മനസില്‍ തിരമാലയില്ല, കണ്ണില്‍ ആകാംക്ഷയില്ല, നെഞ്ചില്‍ ആക്രാന്തമില്ല.തേനും സ്വര്‍ണ്ണവുമായി പതിയെ അകത്തേക്ക്...

റൂമില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച...
ദേ നിറവയറുമായി ഗായത്രി നില്‍ക്കുന്നു!!!
കടവുളേ..
ഇവള്‍ ഇത് വരെ പ്രസവിച്ചില്ലേ??
എന്‍റെ സംശയം അമ്മ ഉറക്കെ ചോദിച്ചു:
"ഇപ്പോഴും മോളല്ലേ പ്രസവിച്ചത്?"
"ഹേയ്, അത് ഞാനാകാന്‍ വ്ഴിയില്ല" അവളുടെ മറുപടി.
അഞ്ഞൂറ്‌ രൂപ കിട്ടുമെന്ന് കരുതിയാകണം പഴയ സിസ്റ്റര്‍ ഓടി വന്നു, ഗായത്രിയെ ചൂണ്ടി അവരോട് ഞാന്‍ പറഞ്ഞു:
"സിസ്റ്റര്‍, ഈ ഗായത്രിയാ എന്‍റെ ഭാര്യ"
അവര്‍ അറിയാതെ തലയില്‍ കൈ വച്ചു.

ഹല്ല, അവര്‍ എന്നെ കൊണ്ട് തോറ്റ് കാണണം.ആദ്യം ഗള്‍ഫുകാരന്‍റെ കുഞ്ഞിനു സ്വര്‍ണ്ണം കലക്കി കൊടുത്തു, പിന്നെ എസ്.ഐയുടെ ഭാര്യയുടെ സിസേറിയന്‍ നടത്താന്‍ ഒപ്പിട്ട് കൊടുത്തു, എല്ലാം കഴിഞ്ഞിട്ടും എന്‍റെ ഭാര്യ നിറവയറുമായി അവിടെ നില്‍ക്കുന്നതേയുള്ളു...
അത് പിന്നെ ഞാനറിഞ്ഞോ, എസ്.ഐയുടെ ഭാര്യയും ഗായത്രി ആണെന്ന്??
എന്തായാലും ഇക്കുറി കുഞ്ഞിനെ പുറത്തേക്ക് കൊണ്ട് പോയില്ല, അതിനാല്‍ തന്നെ ഇതും എന്‍റെ കുഞ്ഞാണെന്ന് ആരും പറഞ്ഞുമില്ല, ഭാഗ്യം.

പത്തര ആയപ്പോള്‍ സിസ്റ്റര്‍ വീണ്ടും വന്നു.ഗായത്രിയെ ഓപ്പറേഷന്‍ തീയറ്ററിലേക്ക് കൊണ്ട് പോകുവാണെന്ന് കേട്ടപ്പോള്‍ അറിയാതെ ചോദിച്ചു:
"വേറെ ഗര്‍ഭിണികള്‍ അകത്ത് ഇല്ലല്ലോ, അല്ലേ?"
"ഇല്ലേ, ഇല്ല" സിസ്റ്ററിന്‍റെ മുഖത്ത് ചിരി.
പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ അറിയിപ്പ് വന്നു..
സിസേറിയന്‍ കഴിഞ്ഞു...
പെണ്‍കുട്ടി!!
വല്യമ്മ ഓടി വന്ന് സന്തോഷവര്‍ത്തമാനം അറിയിച്ചു:
"എടാ, നിന്‍റെ മൂന്നാമത്തെ കുഞ്ഞും പെണ്‍കുഞ്ഞാ"
എന്‍റെയോ??
"അല്ല, ഈ കുഞ്ഞും പെണ്‍കുഞ്ഞാ" വല്യമ്മ തിരുത്തി.

കുഞ്ഞിനെ സ്വീകരിച്ചപ്പോള്‍ ഡോക്ടറോട് നേരിട്ട് ചോദിച്ചു:
"ഡോക്ടര്‍, ഇത് എന്‍റെ കുഞ്ഞ് തന്നല്ലേ?"
തൊട്ട് മുമ്പ് നടന്ന സംഭവങ്ങള്‍ അറിയാത്ത ഡോക്ടര്‍ അമ്പരപ്പോടെ തിരികെ ചോദിച്ചു:
"താനെന്തുവാ ഉദ്ദേശിച്ചത്?"
ഹേയ്, ഒന്നുമില്ല!!

തിരികെ കുഞ്ഞുമായി പുറത്ത് വന്നപ്പോള്‍ വല്യമ്മക്ക് പിന്നേം സംശയം:
"ഇതിനെ നമ്മുടെ ഗായത്രി തന്നാണോ പ്രസവിച്ചത്?"
"അതേ വല്യമ്മേ"
"എന്നാ മൂക്ക് നിന്‍റെ പോലെ തന്നെ"
കണ്ണും, കാലും, എല്ലാം നിന്നെ പോലെ...
ചുറ്റുവട്ടത്ത് നിന്ന് അഭിപ്രായങ്ങള്‍ ഏറുന്ന്..
അതേ, എനിക്ക് കുഞ്ഞ് ജനിച്ചിരിക്കുന്നു..
അച്ഛന്‍കുട്ടി അവതാരമായി!!

വാല്‍കഷ്ണം:

മനുവിന്‍റെ കഥ അങ്ങനെ നില്‍ക്കട്ടെ, ഇനി എന്‍റെ മകളുടെ കാര്യം പറയുകയാണെങ്കില്‍ ഒക്റ്റോബര്‍ 28 നു അവള്‍ക്ക് പേരിട്ടു...

ഗൌരിനന്ദ


അങ്ങനെ അതായി..



എന്‍.ബി പബ്ലിക്കേഷന്‍സിന്‍റെ ഒരു മുതലാളിയായ കണ്ണനുണ്ണി, പുസ്തകപ്രകാശനത്തിനു കാറില്‍ പോകാമെന്ന് പറഞ്ഞപ്പോ എന്തെന്നില്ലാത്ത സന്തോഷം.കമ്പനിക്ക് മൊട്ടുണ്ണി എന്ന ബ്ലോഗെഴുതുന്ന റോഹനും കൂടി വരാമെന്ന് പറഞ്ഞപ്പോ സന്തോഷം ഇരട്ടിയായി...
കണ്ണനുണ്ണിയുടെ ഹോണ്ടാ സിറ്റിയില്‍ നാട്ടിലേക്ക്...



മുതലാളി കാറിന്‍റെ പിന്നില്‍ കിടന്ന് സുഖ ഉറക്കം, റോഹന്‍ മുന്‍ സീറ്റില്‍ വന്നിരുന്നു ഡൈവ് ചെയ്യുന്ന എനിക്കും, ആ സീറ്റില്‍ ചാരികിടന്നുറങ്ങി കണ്ണനുണ്ണിക്കും ഒരേ സമയം കമ്പനി നല്‍കി.
ശനിയാഴ്ച കാറ്‌ ഒരുവിധം നാട്ടിലെത്തിച്ചു.



വൈകിട്ട് ജോയും, നന്ദേട്ടനും, ഷാജി ചേട്ടനും എത്തി.കണ്ണനുണ്ണിയും, മാര്‍ക്കറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്ന ദിലീപിനോടും ഒപ്പം കാര്യ പരിപാടികള്‍ ആസൂത്രണം ചെയ്തു.അങ്ങനെ ഞയറാഴ്ചയായി, പുണ്യമായ വിജയദശമി ദിനം, കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന ബുക്കിന്‍റെ പ്രകാശന ദിനം..

സ്ഥലം: കരിമുട്ടും ദേവീക്ഷേത്രം



അന്ന് രാവിലെ തന്നെ ബ്ലോഗേഴ്സ് എല്ലാം എത്തി. ബ്ലോഗമാരായ ജി മനുവും , വേദവ്യാസനും സകുടുംബം ആണ് ചടങ്ങിനു എത്തിയത്.എന്‍ ബി പബ്ലിക്കേഷന്‍ ഡയരക്ടര്‍ ശ്രീ കണ്ണനുണ്ണി, മറ്റ് ബ്ലോഗ്ഗറുമാരായ ഡോ.ജയന്‍ ഏവൂര്‍, വാഴക്കോടന്‍, ധനേഷ്, പഥികന്‍, മുള്ളൂക്കാരന്‍, നന്ദന്‍, ഹരീഷ് തൊടുപുഴ, മൊട്ടുണ്ണി, സാബു കൊട്ടോട്ടിക്കാരന്‍, ലീഗല്‍ അഡ്വൈസര്‍ അഡ്വ.വിഷ്ണു സോമന്‍, എന്‍ ബി പബ്ലിക്കേഷന്‍ മാര്‍ക്കറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്ന ദിലീപ്.കെ എന്നിവരും അവിടെ ഹാജര്‍.



"എന്താ അരുണേ സ്പെഷ്യല്‍?" ചോദ്യം ഷാജി ചേട്ടന്‍റെ വകയാ.
വിട്ട് കൊടുത്തില്ല, വച്ച് കാച്ചി:
"പ്രകാശന സമയത്ത് ഹെലികോപ്റ്ററില്‍ ആകാശത്ത് നിന്നു പുഷ്പവൃഷ്ടി"
അത് കേട്ടതും പുട്ട് കുറ്റി പോലത്തെ ക്യാമറയും തൂക്കി നാലുപേര്‍ ആകാശത്ത് നോക്കി നില്‍പ്പായി.
അഹോ, കഷ്ടം!!!



ചടങ്ങ് തുടങ്ങി, മനു ചേട്ടന്‍റെ സ്വാഗത പ്രസംഗം..



അദ്ധ്യക്ഷന്‍ വരേനില്‍ പരമേശ്വരന്‍ പിള്ള യോഗം ഉദ്ഘാടനും ചെയ്തു..



അതിനു ശേഷം ശശിസാര്‍ ബുക്ക് പ്രകാശനവും ചെയ്തു...



ഹരീഷേട്ടന്‍ നിലത്തിരുന്ന് ഫോട്ടോ എടുക്കുന്നത് കണ്ടപ്പോള്‍ മുണ്ട് ഉടുക്കാതെ പാന്‍സ് ഇട്ടാ മതിയാരുന്നെന്ന് മനസ്സ് പറഞ്ഞു...



തുടര്‍ന്ന് പ്രസാധകന്‍ ജോ ഒരു പ്രസംഗം പ്രസംഗിച്ചു...
ഞാനൊരു പ്രാരാബ്ധക്കാരനാണെന്നും, ഷര്‍ട്ട് പോലുമില്ലാതെയാണ്‌ കായംകുളത്ത് വന്നതെന്നും, മേശപ്പുറത്ത് വിരിച്ചിരിക്കുന്ന ബഡ്ഷീറ്റ് കീറി താല്‍ക്കാലികമായി തയ്പ്പിച്ച ഷര്‍ട്ടാണിപ്പൊ ഇട്ടിരിക്കുന്നതെന്നും അതിയാന്‍ വച്ച് കാച്ചിയപ്പോള്‍ സദസ്യര്‍ വിങ്ങി പൊട്ടി, ഞാന്‍ അറിയാതെ നെഞ്ചില്‍ കൈ വച്ചു...



അടുത്തത് പുസ്തകം ഏറ്റ് വാങ്ങിയ ജയപ്രകാശിന്‍റെ വക ആശംസകള്‍...
'എന്‍റെ കര്‍ത്താവേ, ആദ്യപ്രതി എന്നെ പിടിച്ചേല്‍പ്പിച്ചല്ലോന്ന്' അദ്ദേഹം വാവിട്ട് നെഞ്ചില്‍ കൈ വച്ചപ്പോള്‍ പ്രസാധകന്‍ മ്ലാനനായി, പ്രകാശകന്‍ മൂക്കില്‍ കൈ വച്ചു, പാവം ഞാന്‍ പിന്നിലേക്ക് ബോധം കെട്ട് വീണു.



തുടര്‍ന്ന് വാഴക്കോടനും, ജയന്‍ ഏവൂരും ആശംസകള്‍ അര്‍പ്പിച്ചു.എനിക്ക് ബ്ലോഗിലൂടെ ഇത് വരെ നാല്‌ ലക്ഷത്തോളം ഹിറ്റ് കിട്ടിയെന്നവരിലൂടെ അറിഞ്ഞപ്പോ സദസ്സില്‍ ഇരിക്കുന്ന പലരും എന്നെ പരിഭവത്തോറ്റെ നോക്കി...
'ഇത്രേം കിട്ടിയിട്ട് നീ ഞങ്ങക്കൊന്നും തന്നില്ലല്ലോടാ!!'
ആ നോട്ടവും അവരുടെ മുഖഭാവത്തിലെ ചോദ്യവും കണ്ടപ്പോള്‍ അന്ന് തന്നെ ഹിറ്റുകള്‍ വീതിച്ച് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.



അങ്ങനെ വിശദമായി പറഞ്ഞിട്ട് വാഴക്കോടനും, ജയന്‍ ഏവൂരും എന്നെ ഒരു നോട്ടം നോക്കി, എനിക്ക് എല്ലാം മനസിലായി...
'എടാ അരുണേ, പറഞ്ഞ് തന്ന പോലെ പറഞ്ഞിട്ടുണ്ട്, തരാമെന്ന് പറഞ്ഞ കാശ് തരണം'
തരാമേ!!!




തുടര്‍ന്ന് എന്‍റെ മറുപടി പ്രസംഗം.എന്താണെന്ന് അറിയില്ല, ആ പ്രസംഗം തുടങ്ങി രണ്ട് മിനിറ്റിനുള്ളില്‍ ആശാനും വിളക്കും മാത്രം ബാക്കിയായി...



ഈ ചടങ്ങുകള്‍ വിശദമായി കാണണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് താഴെ കാണുന്ന വീഡിയോകള്‍ നോക്കാവുന്നതാണ്...

കായംകുളം സൂപ്പര്‍ഫാസ്റ്റ് ഭാഗം ഒന്ന്
കായംകുളം സൂപ്പര്‍ഫാസ്റ്റ് ഭാഗം രണ്ട്

ഒരു സന്തോഷ വാര്‍ത്ത :

18-11-2010 ലെ മെട്രോ വാര്‍ത്തയുടെ പ്രിന്‍റ്‌ എഡീഷനിലെ പതിമൂന്നും പതിനാലും പേജുകളില്‍, 'മാദാമ്മ നായരാണോ?' എന്ന ടൈറ്റിലില്‍ അനൂപ് മോഹന്‍ എഴുതിയ ലേഖനത്തിലൂടെ, എന്‍.ബി പബ്ലിക്കേഷന്‍ പുറത്തിറക്കിയ കായംകുളം സൂപ്പര്‍ഫാസ്റ്റെന്ന ബുക്കിനെ, അവര്‍ പരിചയപ്പെടുത്തിയിരിക്കുന്നു..



ലേഖനം പൂര്‍ണ്ണമായി വായിക്കണമെന്നുള്ളവര്‍ക്ക് താഴെയുള്ള ഓണ്‍ലൈന്‍ വാര്‍ത്താ ലിങ്ക് ഉപകാരമാകുമെന്ന് കരുതുന്നു..

അനൂപിന്‍റെ ലേഖനം

നന്ദി അനൂപ്, നന്ദി മെട്രോ വാര്‍ത്ത, നന്ദി ജയകൃഷ്ണന്‍ ചേട്ടാ.

ബുക്ക് വേണമെന്ന് ആഗ്രഹമുള്ളവര്‍ ദയവായി താഴെ കാണുന്ന ഐഡിയിലേക്ക് മെയില്‍ അയക്കുക...

orders@nbpublication.com

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി, സഹായ സഹകരണങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം

യാത്രികോം പ്രത്യേക ധ്യാന്‍ദീജിയേ...


ഗുരുവായൂര്‍ കേശവന്‍ ഒരു ആനയാണ്, ആറന്‍മുള പാര്‍ത്ഥനും ഒരു ആനയാണ്, അതേ പോലെ പുല്ലുകുളങ്ങര ഗണേശനും ഒരു ആനയാണ്, എന്നാല്‍ നന്ദപര്‍വ്വം നന്ദകുമാര്‍ ഒരു ആനയല്ല, അദ്ദേഹം ഒരു പുലിയാണ്, പുലി..
ദാ ആ പുലിയുടെ ഐഡിയയില്‍ വിരിഞ്ഞ ഒരു സൃഷ്ടി...
കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന പുസ്തകത്തിന്‍റെ പ്രകാശനത്തിനു വരുന്ന എല്ലാവര്‍ക്കും അദ്ദേഹം കഷ്ടപ്പെട്ട് റിസര്‍വേഷന്‍ ടിക്കറ്റ് ഉണ്ടാക്കിയിരിക്കുന്നു, പ്രകാശന പരിപാടിയിലേക്ക് നിങ്ങളെ ക്ഷണിക്കാന്‍ ഞാന്‍ ആ ടിക്കറ്റ്, ഒരു ഇന്‍വിറ്റേഷനാക്കി ഇവിടെ ഇടുന്നു...

യാത്രികോം പ്രത്യേക ധ്യാന്‍ദീജിയേ...
(യാത്രക്കാര്‍ പ്രത്യേകമായി ധ്യാനിച്ച് കൊണ്ടിരുന്നോ....)

കായംകുളം സൂപ്പര്‍ഫാസ്റ്റ് ബുക്ക് ആക്കുന്നത് പുതുമകളും വിവിധ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും ഉള്‍പ്പെടുത്തിയാണ്.അവ വിവരിക്കാനുള്ള ഒരു അവസരമായി ഞാന്‍ ഈ പോസ്റ്റിനെ ഉപയോഗിച്ചോട്ടെ....

ആദ്യം പുതുമ..
എല്ലാവര്‍ക്കും വേണ്ടത് അതാണ്.ആട്ടം, പാട്ട്, ഡാന്‍സ്, എന്തിനു ബ്ലോഗിലെ പോസ്റ്റുകള്‍ക്ക് വരെ എല്ലാവരും പുതുമ ആഗ്രഹിക്കുന്നു.അങ്ങനെയിരിക്കെ, കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന ബ്ലോഗിലെ കുറേ കഥകള്‍ ചേര്‍ത്ത് വെറുതെ ഒരു ബുക്ക് ഇറക്കിയാല്‍ അതിലെന്ത് പുതുമ??
ചോദ്യം ന്യായമാണ്.
ഈ ചോദ്യത്തിനുള്ള ഉത്തരം പൂര്‍ണ്ണമായി ഞാന്‍ തരുന്നില്ല, കാരണം അപ്പോ പുതുമ പോകും എന്നത് തന്നെ.എങ്കിലും തിരഞ്ഞെടുത്ത കഥകളിലും, അവയുടെ ഓര്‍ഡറിംഗിലും തുടങ്ങി, മറ്റ് പല കാര്യങ്ങളിലും പുതുമ കൊണ്ട് വരാന്‍ ഈ ബുക്കിലൂടെ എല്ലാവരും ശ്രമിച്ചിട്ടുണ്ട്.അതെല്ലാം കൂടെ സഹകരിച്ച ബ്ലോഗേഴ്സിന്‍റെ ഐഡിയയും, പ്രയത്നഫലങ്ങളും ആയിരുന്നു, എല്ലാവരോടും അതിനു എനിക്ക് നന്ദിയുണ്ട്.

മനുവിന്‍റെ മാര്‍ക്കറ്റിംഗ് തന്ത്രം...
എന്നെ സഹിച്ചു കൊണ്ടിരിക്കുന്ന നിങ്ങളോടെ, എന്‍റെ കഥകള്‍ അടങ്ങിയ ബുക്ക് വാങ്ങണേന്ന് പറയുന്നത് ഒരു മഹാപാതകമായി ഞാന്‍ കരുതുന്നു.അതിനാല്‍ തന്നെ നിങ്ങള്‍ വായിക്കാനായി ഈ ബുക്ക് വാങ്ങണേന്ന് ഞാന്‍ അപേക്ഷിക്കുന്നില്ല.എന്നാല്‍ നിങ്ങളുടെ കാമുകിക്കോ\കാമുകനോ, അല്ലെങ്കില്‍ ഭര്‍ത്താവിനോ\ഭാര്യക്കോ, അല്ലെങ്കില്‍ നാട്ടുകാര്‍ക്കോ\കൂട്ടുകാര്‍ക്കോ, അങ്ങനെ ആര്‍ക്കെങ്കിലും (അവര്‍ക്ക് മലയാളം അറിയേണമെന്ന് നിര്‍ബന്ധമില്ല!!) സമ്മാനമായി കൊടുക്കാന്‍ ഈ ബുക്ക് വാങ്ങണേന്ന് അപേക്ഷിക്കുന്നു.ഇനി നിങ്ങള്‍ക്ക് അങ്ങനെ പ്രത്യേകിച്ച് ആര്‍ക്കും സമ്മാനം കൊടുക്കാനില്ലെങ്കില്‍ കാശ് കൊടുത്ത് ഈ ബുക്ക് വാങ്ങി, എനിക്ക് തന്നെ അയച്ച് തരണേന്ന് അപേക്ഷിക്കുന്നു.ഞാന്‍ നായകനായ കഥകള്‍ നിങ്ങളെ ആത്ര വെറുപ്പിക്കുന്നെങ്കില്‍ ഈ ബുക്ക് വാങ്ങി നിങ്ങളുടെ ശത്രുക്കള്‍ക്ക് നല്‍കേണമെന്ന് അപേക്ഷിക്കുന്നു.
(എങ്ങനെ ആയാലും ബുക്ക് വാങ്ങണേ...)

എന്തായാലും 2010 ഒക്റ്റോബര്‍ 17നു (വിജയദശമിദിനത്തില്‍) കരിമുട്ടം ദേവിക്ഷേത്രത്തിനു മുമ്പിലുള്ള നവരാത്രി മണ്ഡപത്തില്‍ വച്ച്, രാവിലെ 9.30നു ശേഷം ക്ഷേത്രഭരണസമതി പ്രസിഡന്‍റ്‌ ശ്രീ .പാലമുറ്റത്ത് വിജയകുമാറിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍, സുപ്രസിദ്ധ കവിയും ചരിത്ര ഗവേഷകനുമായ ഡോ:ചേരാവള്ളി ശശിയാണ്‌ കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന പുസ്തകം പ്രകാശനം ചെയ്യുന്നത്.ആ ശുഭമുഹൂര്‍ത്തത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

ക്ഷേത്രത്തില്‍ എത്തിചേരാനുള്ള വഴി..


കായംകുളത്ത് നിന്നും അടൂര്‍ഭാഗം ലക്ഷ്യമാക്കി പോകുന്ന കെ.പി റോഡില്‍ കൂടി ഒന്നെര കിലോമീറ്റര്‍ അഥവാ ഒരു മൈല്‍ സഞ്ചരിക്കുമ്പോള്‍ ഒന്നാംകുറ്റി എന്ന സ്ഥലത്ത് എത്തുന്നു.അവിടെ നിന്നും ഇടത് വശത്തേക്ക് ഒരു കിലോമീറ്റര്‍ ദൂരം യാത്ര.

ഇനി നന്ദേട്ടന്‍റെ മറ്റൊരു സൃഷ്ടി...
കായംകുളം സൂപ്പര്‍ഫാസ്റ്റ് ബുക്കിന്‍റെ ഷോ കാര്‍ഡ്...



ശരിക്കും കായംകുളം സൂപ്പര്‍ഫാസ്റ്റ് ബുക്കിന്‍റെ ഷോ കാര്‍ഡില്‍ രണ്ട് വിരലുകള്‍ ' വീ ' പോലെ വച്ച്, തലയില്‍ ഒരു കിരീടവും വച്ച്, ചിരിച്ചോണ്ടിരിക്കുന്ന എന്‍റെ ഫോട്ടോ വരുമെന്നാണ്‌ കരുതിയത്, പക്ഷേ ദുഷ്ടന്‍ നന്ദേട്ടന്‍ അങ്ങനെ ചെയ്ത് തന്നില്ല.
ഹും, കലാബോധമില്ലാത്ത മനുഷ്യന്‍!!

പുസ്തകപ്രകാശനത്തിനു എല്ലാവരും വരേണമെന്നും, ഈ പരിപാടിയും പുസ്തകവും വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും, സ്നേഹത്തിന്‍റെ ഭാഷയില്‍, ത്യാഗത്തിന്‍റെ ഭാഷയില്‍, മോഹത്തിന്‍റെ ഭാഷയില്‍ അപേക്ഷിക്കുന്നു...
(സോറി, തെരഞ്ഞെടുപ്പ് സീസണിലെ മൈക്ക് അനൌണ്‍സ്മെന്‍റെ ഓര്‍ത്ത് പോയി!!)

വരണേ....വിജയിപ്പിക്കണേ...

സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം

സംഗതി കേറി സീരിയസ്സായി..



എന്‍റെ ജീവിതം എന്നും കൊച്ച് കൊച്ച് മോഹങ്ങള്‍ നിറഞ്ഞതായിരുന്നു..
അമിതാബച്ചനെ പോലെ സിനിമാനടനാകണം, ബില്‍ഗേറ്റ്സിനെ പോലെ പണക്കാരനാകണം, ഒത്ത് വന്നാല്‍ ഐശ്വര്യാറായെ കല്യാണം കഴിക്കണം എന്നിങ്ങനെയുള്ള വളരെ ചെറിയ ആഗ്രങ്ങളുമായി ജീവിക്കുന്ന ഒരു സാധാ മനുഷ്യനായിരുന്നു ഞാന്‍.പക്ഷേ ഒന്നും നടന്നില്ല, അതിനാലാവാം ജീവിതം വിധി പോലെയേ വരുകയുള്ളെന്ന് പണ്ടുള്ളവര്‍ പറയുന്നത്.

ജീവിതത്തില്‍ ഒരു ഭാഗത്ത് കൊച്ച് കൊച്ച് മോഹങ്ങള്‍ നടക്കാതെ പോയപ്പോള്‍ മറ്റൊരു ഭാഗത്ത് വലിയ വലിയ നേട്ടങ്ങള്‍ എന്നെ തേടി വന്നു...
ചായ ഉണ്ടാക്കാന്‍ പഠിച്ചതും, നാരങ്ങാ പിഴിയാന്‍ പഠിച്ചതും, ചാമ്പക്ക തിന്നാന്‍ പഠിച്ചതുമെല്ലാം ഇന്നും എനിക്ക് അത്ഭുതങ്ങളാണ്.
അല്ലെങ്കില്‍ തന്നെ അത്ഭുതങ്ങള്‍ നിറഞ്ഞതാണല്ലോ ജീവിതം!!

ഈ അടുത്ത സമയത്തും എന്‍റെ ജീവിതത്തില്‍ ഒരു അത്ഭുതം നടന്നു, അതും തീരെ പ്രതീക്ഷിക്കാതെ.അത് വിവരിക്കുന്നതിനു മുമ്പ് ഒരു ആമുഖം പറയാം...
അത്യാവശ്യം അറിയപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു ബ്ലോഗറെയും പോലെ എന്‍റെ രചനകളും അച്ചടി മഷി പുരളണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.ആദ്യം ശ്രമിച്ചത് പ്രസിദ്ധമായ ഒരു ദിനപത്രത്തിന്‍റെ ബ്ലോഗുകളെ കുറിച്ച് പ്രതിപാദിക്കുന്ന പംക്തിയിലേക്കാണ്, അയച്ച് കൊടുത്ത കഥകളൊക്കെ മൊഴിമാറ്റി വേറെ ഏതെങ്കിലും ഭാഷയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോന്ന് അറിയില്ലെങ്കിലും അതില്‍ വന്നിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.
സത്യം.

അങ്ങനെ ഒരു കൂട്ടം കഥകളുടെ പ്രിന്‍റും എടുത്ത് വിഷമിച്ചിരിക്കുന്ന എന്നെ നോക്കി അച്ഛന്‍ ചോദിച്ചു:
"എന്താ മോനേ, എന്ത് പറ്റി?"
മറുപടി പറയാന്‍ വാക്കുകള്‍ വന്നില്ല, അറിയാതെ കണ്ണുകള്‍ നിറയുന്നു.ഒടുവില്‍ അച്ചടി മഷി പുരളാത്ത കഥകളെ കുറിച്ചുള്ള എന്‍റെ ഹൃദയവേദന ഞാന്‍ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.എല്ലാം കേട്ടപ്പോല്‍ അച്ഛന്‍ പറഞ്ഞു:
"നീ വിഷമിക്കേണ്ടാ, അതിനു വഴിയുണ്ടാക്കാം"
അച്ഛന്‍ വാക്ക് പാലിച്ചു!!
അന്ന് വൈകിട്ട് കായംകുളത്ത് ടൌണില്‍ പോയി തിരിച്ച് വന്ന അച്ഛന്‍, എന്‍റെ കൈയ്യില്‍ ഒരു ചെറിയ കുപ്പി തന്നിട്ടു പറഞ്ഞു:
"ഇത് വളരെ നല്ല അച്ചടി മഷിയാ, നല്ല വിലയുള്ളത്....."
അതിന്??
"...മോന്‌ ആഗ്രഹമുള്ള കഥകളിലൊക്കെ ഈ മഷി പുരട്ടിക്കോ"
എത്ര നല്ല അച്ഛന്‍..
എന്നെ ആക്കിയതാ!!
ഒരു കൈയ്യില്‍ മഷിയും, മറുകൈയ്യില്‍ കഥയുമായി നിന്ന ഒരു പാവം കലാകാരന്‍റെ മനോവേദന ഞാന്‍ ആരോട് പറയും? ആര്‌ വിശ്വസിക്കും?
വിശ്വസിക്കു സുഹൃത്തുക്കളെ, ഇത് സത്യമാണ്!!!

ദിവസങ്ങള്‍ മാറി മറഞ്ഞ്‌ കൊണ്ടിരുന്നു...
ഒരു സൈഡില്‍ സ്വര്‍ണ്ണവില കൂടി കൂടി വന്നപ്പോള്‍, മറുസൈഡില്‍ എന്‍റെ ആഗ്രഹം കുറഞ്ഞ് കുറഞ്ഞ് വന്നു.ഒടുവില്‍ ഞാന്‍ ആ സത്യം മനസിലാക്കി..
ഇതൊന്നും നടക്കാന്‍ പോകുന്നില്ല!!

അങ്ങനെയിരിക്കെ ഒരു ദിനം...
മാനത്ത് വട്ടമിട്ട് പറക്കുന്ന പരുന്തിനെ നോക്കി അതിനു തല കറങ്ങില്ലേന്ന് ആലോചിച്ചിരുന്നപ്പോള്‍ ഒരു ശബ്ദം കേട്ടു, എന്‍റെ ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദം.എടുത്ത് നോക്കിയപ്പോള്‍ നമ്മുടെ ബൂലോകം എന്ന ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലിന്‍റെ സാരഥി ജോ ആണ്.പരുന്തിനോട് പിന്നെ കാണാമെന്ന് മനസില്‍ പറഞ്ഞിട്ട് ഞാന്‍ ആ ഫോണ്‍ അറ്റന്‍റ്‌ഡ് ചെയ്തു.
"എന്താ ജോ?"
"അരുണിന്‍റെ കുറച്ച് കഥകളുടെ ലിങ്ക് വേണം"
"എന്തേ? അടുപ്പിലിടാന്‍ വേറെ ഒന്നും കിട്ടിയില്ലേ?"
"അരുണ്‍, ഇതൊരു സീരിയസ്സ് മാറ്ററിനാ"
"കാര്യം വ്യക്തമായി പറ ജോ"
"അത് നമ്മുടെ ബൂലോകം പബ്ലിക്കേഷന്‍റെ ബാനറില്‍ ഒരു ബുക്ക് ഇറക്കാന്‍ ആഗ്രഹം, അത് അരുണിന്‍റെ കായംകുളം സൂപ്പര്‍ഫാസ്റ്റ് ഇറക്കണമെന്നാ എന്‍റെ ആഗ്രഹം"
ഒരു നിമിഷം...
സംസാരത്തിലെ പുച്ഛഭാവം മാറി, അറിയാതെ ചാടി എഴുന്നേറ്റ് മുണ്ടിന്‍റെ മടക്കി കുത്ത് അഴിച്ചു പോയി, എന്നിട്ട് ഭവ്യതയോട് ചോദിച്ചു...
തമ്പുരാനെ, അടിയന്‍ എന്താണാവോ ചെയ്യേണ്ടത്??
"ഹേയ്, അരുണ്‍ ഒന്നും ചെയ്യേണ്ടാ.എല്ലാം ഞങ്ങള്‍ ചെയ്തോളാം"
ഉവ്വോ??
നന്ദി..നന്ദി...ഒരായിരം നന്ദി.

ജോ പറഞ്ഞത് ശരിയായിരുന്നു, ഒരു വലിയ സുഹൃത് വലയം തന്നെ ഇതിനായി മുന്നിട്ട് വന്നു.കണ്ണനുണ്ണി, നന്ദേട്ടന്‍, നിരക്ഷരന്‍ ചേട്ടന്‍, സജീവേട്ടന്‍, മനുചേട്ടന്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത് എന്ന് തുടങ്ങി ഒരുപാട് സുഹൃത്തുക്കള്‍ ഈ സംരംഭത്തിനായി പ്രത്യക്ഷമായും, പരോക്ഷമായും മുന്നിട്ട് വന്നു.മുകളില്‍ കൊടുത്ത സുഹൃത്തുക്കളുടെ ലിസ്റ്റ് അപൂര്‍ണ്ണമാണെന്ന് എനിക്കറിയാം, പക്ഷേ എല്ലാവരുടെയും പേര്‌ എഴുതാന്‍ പോയാല്‍ അത് തന്നെ ഒരു ചെറിയ പോസ്റ്റിനുള്ള വലിപ്പം വരും, ഇനി ആരുടെയും പേര്‌ പ്രത്യേകമായി പറയണ്ടാന്ന് വിചാരിച്ചാല്‍ ഞാന്‍ പറഞ്ഞത് കള്ളമാണെന്ന് പറയും, എന്താ ചെയ്യുക, കലികാലം തന്നെ.

അങ്ങനെ ഒരു വെള്ളിയാഴ്ച പ്രിന്‍റ്‌ ചെയ്ത കോപ്പികളുടെ പ്രൂഫ് റീഡിംഗിനായി ഞാനും കണ്ണനുണ്ണിയും കൂടി നാട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചു.കണ്ണനുണ്ണി ആയിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്, ഏഴ് മുപ്പതിനു ബാംഗ്ലൂരില്‍ നിന്നുള്ള 'ഐരാവതം' എന്ന കര്‍ണ്ണാടകയുടെ വോള്‍വോ ബസിലാണ്‌ ടിക്കറ്റ് കിട്ടിയത്...
ആ ബസ്സില്‍ എറണാകുളം വരെ പോകുക, ബസ്സ് സ്റ്റാന്‍ഡില്‍ ജോ പ്രിന്‍റുമായി വരും, അതുമായി കായംകുളത്തിനു പോകുക, പിന്നെ വിശദമായി പ്രൂഫ് വായിക്കുക, ഞയറാഴ്ച തിരിച്ച് വരുന്ന വഴി അത് ജോയെ ഏല്‍പ്പിക്കുക, തിരികെ ബാംഗ്ലൂരില്‍ വരുക...
ഇതാണ്‌ പ്ലാന്‍!!

ആ വെള്ളിയാഴ്ച വൈകുന്നേരം...
ആറര ആയപ്പോള്‍ ഓഫീസില്‍ നിന്ന് ഇറങ്ങിയ എനിക്ക് ഒരു ഫോണ്‍, കണ്ണനുണ്ണിയാ...
"ഹലോ, അരുണേ, പെട്ടന്ന് വാ"
"എന്താ കണ്ണനുണ്ണി?"
"ഇത് പ്രൈവറ്റ് ബസ്സ് പോലെയല്ല, ഏഴര എന്നാല്‍ ഏഴരയാ, ഭയങ്കര കൃത്യനിഷ്ഠയാ"
ഓഹോ...
പിന്നെ ഒന്നും നോക്കിയില്ല, എം.ജി റോഡില്‍ നിന്നും കമ്പേ കുത്തി ചാടി ഞാന്‍ ബസ്സ്‌ സ്റ്റാന്‍ഡിലെത്തി, സമയം ഏഴ് ഇരുപത്.തുടര്‍ന്ന് കണ്ണനുണ്ണിയുമായി ബസ്സ് കാത്ത് നില്‍പ്പ്...
ഏഴരയായി, ഏഴെ മുക്കാലായി, എട്ടായി...
ബസ്സ് വന്നില്ല!!
കണ്ണനുണ്ണിയുടെ വാക്കുകള്‍ മനസില്‍ ഓര്‍ത്തു...
"ഏഴരാന്ന് പറഞ്ഞാല്‍ ഏഴരയാ"
ഇതിപ്പോ ഏഴര മാത്രമല്ല, കണ്ടകനും കൂടിയാണെന്നാ തോന്നുന്നത്!!
പിന്നെയും ഒരു അരമണിക്കൂര്‍ കൂടി കാത്ത് നില്‍പ്പ്...
"കറക്റ്റ് സമയത്ത് വരേണ്ടതാ, വളരെ കൃത്യനിഷ്ഠയുള്ള ബസ്സാ" എട്ടരയായപ്പോള്‍ കണ്ണനുണ്ണിയുടെ ആത്മഗതം.
ഒരു മണിക്കൂര്‍ ലേറ്റായ ശേഷവും, ബസ്സിനു കൃത്യനിഷ്ഠയുണ്ടെന്ന് കണ്ണനുണ്ണിയെ പോലൊരു ലെജന്‍ഡിനു മാത്രമേ പറയാന്‍ സാധിക്കൂ, ഉറപ്പ്!!

എട്ടേ മുക്കാലായപ്പോള്‍ ബസ്സെത്തി...
യാത്ര തുടങ്ങിയ കാര്യം അറിയിക്കാന്‍ വീട്ടില്‍ വിളിച്ചപ്പോള്‍ വല്യമ്മ ചേദിച്ചു:
"മോന്‍ എങ്ങനാ വരുന്നത്?"
"ഐരാവതത്തിലാ..."
"ആനപ്പുറത്തോ?" വല്യമ്മയുടെ മറുചോദ്യം.
ആ ചോദ്യത്തോടൊപ്പം നാലു കൊമ്പുള്ള ഒരു വെളുത്ത ആനപ്പുറത്ത് സാക്ഷാല്‍ ദേവേന്ദ്രനെ പോലെ ഞാന്‍ വരുന്നത് വല്യമ്മ മനസിലും കണ്ട് കാണും.
ഈ വല്യമ്മയുടെ ഒരു കാര്യം!!

തുടര്‍ന്ന് എറണാകുളത്തേക്ക് യാത്ര...
സംസാരം കായംകുളം സൂപ്പര്‍ഫാസ്റ്റിനെ കുറിച്ച് മാത്രം.ഇടക്ക് കണ്ണനുണ്ണി ചോദിച്ചു:
"പ്രഫസറുടെ ലോകം വായിച്ചിട്ടുണ്ടോ?"
"ഏത് പ്രഫസറുടെ?"
"അരുണേ, പ്രഫസറുടെ ലോകം എന്ന പുസ്തകം"
ഇല്ലെന്ന് മറുപടി നല്‍കിയപ്പോള്‍ കാഥികന്‍റെ പേരും വിവരങ്ങളും പറഞ്ഞ് കൊണ്ട് ആ പുസ്തകത്തെ കുറിച്ച് ഒരു ചെറുവിവരണം തന്നു.സംഭവം കോമഡിയാണെന്ന് കേട്ടപ്പോള്‍ ഒരു ആകാംക്ഷക്ക് ചോദിച്ചു:
"അപ്പോ നമ്മുടെ പുസ്തകം പോലെ, അല്ലേ?"
"ഹേയ് അങ്ങനൊന്നുമല്ല, അത് സൂപ്പര്‍ സാധനമാ" കണ്ണനുണ്ണിയുടെ മറുപടി.
എന്ന് വച്ചാല്‍???
ഞെട്ടി നിന്ന എന്നെ നോക്കി ഒരു വളിച്ച ചിരിയോടെ കണ്ണനുണ്ണി പറഞ്ഞു:
"ഞാന്‍ ഉദ്ദേശിച്ചത്...."
വേണ്ടാ, പറയേണ്ടാ...മനസിലായി!!!
"അയ്യോ അരുണേ, അങ്ങനല്ല..."
ഉവ്വ, മനസിലായന്നേ.
ഒരു പ്രാര്‍ത്ഥനയോടെ പതിയെ ഉറക്കത്തിലേക്ക്..

എന്തായാലും കുറ്റം പറയരുത്, പിറ്റേന്ന് വെളുപ്പിനെ ആറ്‌ മണിക്ക് 'ആന' എറണാകുളത്തെത്തി.അവിടെ ജോ കാത്തു നില്‍പ്പിണ്ടായിരുന്നു, ഒരു കെട്ട് പ്രിന്‍റുമായി...
അവ കൈയ്യില്‍ ഏല്‍പ്പിച്ചിട്ട് ജോ ചോദിച്ചു:
"തുടങ്ങിയാലോ?"
"എന്ത്?"
"പ്രൂഫ് റീഡിംഗ്"
കൊച്ച് വെളുപ്പാന്‍ കാലത്ത് കൊതുകു കടിയും കൊണ്ട് എറണാകുളം ബസ്സ് സ്റ്റാന്‍ഡില്‍ ഇരുന്നു പ്രൂഫ് റീഡിംഗ് നടത്താനാ ജോയുടെ പരിപാടിയെന്ന് മനസിലായപ്പോള്‍ കണ്ണനുണ്ണിയുടെ മുഖം ഇരുണ്ടു, എന്‍റെ മുഖം കറുത്തു.ഒടുവില്‍ പിറ്റേന്ന് പ്രൂഫ് റീഡ് ചെയ്ത തരാമെന്ന് ജോയെ സമാധാനിപ്പിച്ച് ബസ്സില്‍ കായംകുളത്തേക്ക്, കൂടെ കുറേ മനോഹര സ്വപ്നങ്ങളും....
വൈക്കം മുഹമ്മദ് ബഷീര്‍, തകഴി ശിവശങ്കരപ്പിള്ള, എം.ടി.വാസുദേവന്‍ നായര്‍, അരുണ്‍ കായംകുളം...
ഹോ, എനിക്ക് വയ്യ!!
തോട്ടപ്പള്ളി ഭാഗത്തെ ഗട്ടറുകളില്‍ വീണ്‌ വണ്ടി ഉലഞ്ഞപ്പോള്‍, ആര്‍പ്പുവിളികളുമായി ആള്‍ക്കാര്‍ ആനപ്പുറത്ത് കൊണ്ട് പോകുന്നതായാ മനസില്‍ ഓര്‍ത്തതെന്ന് തോന്നുന്നു.അധികം താമസിക്കാതെ കായംകുളമെത്തി, വീട്ടില്‍ ചെന്ന് ഒരു നൂറ്‌ പേജിന്‍റെ ബുക്ക് വാങ്ങി ഓട്ടോഗ്രാഫ് എഴുതി കൊടുക്കാന്‍ പഠിക്കണമെന്ന് മനസില്‍ ആലോചിച്ചു കൊണ്ട് സ്റ്റാന്‍ഡിലേക്ക് വലതുകാല്‍ വച്ചു.
തുടര്‍ന്ന് കണ്ണനുണ്ണി രാമപുരത്തേക്കും, ഞാന്‍ ഒന്നാംകുറ്റിക്കും..

പ്രൂഫ് റീഡിംഗ് ആരംഭിച്ചു...
എന്‍റെ കഥകളുടെ പ്രൂഫ് നോക്കാന്‍ ഞാന്‍ കുറേ കഷ്ടപ്പെട്ടപ്പോള്‍, മഹാഭാരത്തിന്‍റെ പ്രൂഫ് നോക്കാന്‍ വ്യാസമഹര്‍ഷി എത്രത്തോളം കഷ്ടപ്പെട്ട് കാണുമെന്ന് ആലോചിച്ചു പോയി, അറിയാതെ അദ്ദേഹത്തെ ബഹുമാനിച്ചു പോയി.
പതിയെ കണ്ണനുണ്ണിയെ വിളിച്ചു:
"കണ്ണനുണ്ണി, ഇപ്പോ ഏത് കഥയാ?"
"ഞാന്‍ ലാസ്റ്റ് കഥയാ നോക്കുത്തത്"
"ഇത്ര പെട്ടന്നോ?"
"അല്ല, ഞാന്‍ ലാസ്റ്റീന്നാ തുടങ്ങിയത്"
നീ പെണ്ണ്‌ കെട്ടിയട്ടാണോടാ എന്‍ഗേജ്മെന്‍റ്‌ നടത്തുന്നതെന്ന് ചോദിക്കാന്‍ വന്നത് വിഴുങ്ങി, എന്നിട്ട് പറഞ്ഞു:
"ശരി മച്ചാ, കാര്യം നടക്കട്ടെ"
ഗുഡ് നൈറ്റ്!!

പിറ്റേന്ന് തിരികെ പ്രൂഫ് ജോയെ ഏല്‍പ്പിച്ചു, ഇപ്പോള്‍ അത് പ്രിന്‍റിന്‍റെ പണിപ്പുരയിലാണ്.ഞാന്‍ എന്തിനാണ്‌ ഇതെല്ലാം ഇവിടെ വിവരിച്ചതെന്ന് ചോദിച്ചാല്‍ ഇങ്ങനെയും കുറേ സംഭവങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട് എന്ന് അറിയിക്കാന്‍ വേണ്ടിയാണ്, ബ്ലോഗര്‍ ഷായുടെ വാക്കുകള്‍ പ്രകാരം...

"ടിം ടിം ടിം... യാത്രിയോം കൃപയാ ധ്യാന്‍ ദീജിയേ... മലയാള ബൂലോകം സേ ലേകര്‍ ഭൂലോകം തക് ജാനേവാലീ കായംകുളം സൂപ്പര്‍ഫാസ്റ്റ്, നമ്മുടെ ബൂലോകം പബ്ളിക്കേഷന്‍ പ്ളാറ്റ്ഫോം സേ ഏക് മഹീനേ കേ ബാദ് രവാനാ ഹോ ജായേംഗേ... ഹേ.. ഹും.. ഹോ..."

എല്ലാവരും അനുഗ്രഹിക്കണം, സഹകരിക്കണം, പ്ലീസ്.

ഈ സംരംഭത്തേ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും ദയവായി താഴെയുള്ള ലിങ്കില്‍ രേഖപ്പെടുത്തുക...

സ്നേഹിതരുടെ അഭിപ്രായങ്ങള്‍

സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം

പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍




അമ്പലവാസി, അയല്‍വാസി, ദരിദ്രവാസി...
പ്രവാസി!!!
കേരളം എന്ന ഇട്ടാവട്ടത്തില്‍ എത്ര എത്ര വാസികള്‍.

ഏതൊരു ചെറുപ്പക്കാരനെയും പോലെ ഗള്‍ഫ് മോഹം എന്നിലും ഉണ്ടായിരുന്നു.ഗള്‍ഫില്‍ പോകണം, അറിയപ്പെടുന്ന പ്രവാസി ആകണം, കോടി കോടി സമ്പാദിക്കണം, അങ്ങനെ സമ്പാദിച്ചു സമ്പാദിച്ചു ഒരു പണക്കാരനാകണം, ബസ്സ് വാങ്ങണം, ലോറി വാങ്ങണം, ആനേ വാങ്ങണം...
ഹോ, എത്ര എത്ര മോഹങ്ങള്‍.

എന്നാല്‍ ഒടുവില്‍ ബാംഗ്ലൂര്‍ എന്ന ദേശത്ത്, ഒരു ചെറിയ സോഫ്റ്റ്വെയര്‍ കമ്പനിയില്‍ എഞ്ചിനിയര്‍ എന്ന് അറിയപ്പെടാനായിരുന്നു എനിക്ക് വിധി.അങ്ങനെ ഇരിക്കെയാണ്‌ എന്നിലെ ഗള്‍ഫ് മോഹം പിന്നെയും തല പൊക്കിയത്.കൂടെ ഒരു ചോദ്യവും..
ഏത് രാജ്യത്ത് പോകണം??
സൌദി ഈസ്സ് എ ഡേര്‍ട്ടി കണ്ട്രി...
അവിടെ കള്ള്‌ കുടിച്ചാല്‍ തല വെട്ടുമത്രേ!!!
ദുബായ് ഈസ്സ് എ നോട്ടി കണ്ട്രി...
അവിടെ കാശ് പോവാന്‍ നൂറ്‌ വഴിയുണ്ടത്രേ!!
പിന്നെയോ?
ആ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഖത്തര്‍.
സൌദിയുടെ സ്ട്രിക്റ്റും, ദുബായുടെ ഫിറ്റും ഉള്ള കണ്ട്രി.അങ്ങനെ അടിയന്‍ അവിടേക്ക് പോകുവാന്‍ തീരുമാനിച്ചു.

എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല, ആദ്യം പാസ്പോര്‍ട്ട് വേണം, പിന്നെ വിസ വേണം, അതേ പോലെ അവിടൊരു ജോലി വേണം..
എത്രയെത്ര കടമ്പകള്‍!!!
ഒടുവില്‍ ബാല്യകാല സുഹൃത്തും, ഇപ്പോള്‍ ഖത്തറില്‍ അറബിയുടെ കീഴില്‍ ജോലി ചെയ്യുന്നവനുമായ ശേഖര്‍ അതിനു എന്നെ സഹായിച്ചു, അവന്‍റെ കമ്പനിയിലെ ഐടി മാനേജരായി അവന്‍ എനിക്കൊരു ജോലി തരപ്പെടുത്തി, തരക്കേടില്ലാത്ത ശമ്പളവും.
അന്ന് തന്നെ കമ്പനിയില്‍ രാജി കത്ത് നല്‍കി.
ഹോ, സോറി.
ഐടി കമ്പനിയില്‍ രാജി കത്ത് നല്‍കി എന്ന് പറയാന്‍ പാടില്ല, 'പേപ്പര്‍ ഇട്ടു' എന്നാണ്‌ ശരിയായ പ്രയോഗം.അതായത്, 'സാര്‍ ഈ കമ്പനിയിലെ സേവനം ​എന്നെ ഉയരങ്ങളില്‍ എത്തിച്ചു എന്നും, ഇനി ഉയരാന്‍ സ്ഥലമില്ലാത്തതിനാല്‍ വിശ്രമ ജീവിതം ആഗ്രഹിക്കുന്നുവെന്നും' കമ്പിനിയെ ബോധിപ്പിച്ചു കൊണ്ടുള്ള ഒരു മെയില്‍ അയക്കുക എന്ന പ്രോസസ്സ്.
ഇങ്ങനെ പേപ്പര്‍ ഇട്ട് കഴിഞ്ഞാല്‍ പിന്നെ മൂന്ന് കടമ്പയുണ്ട്...

ഒന്നാം കടമ്പ, നോട്ടീസ് പിരീഡ് :
അതായത് നമ്മള്‍ ഇത്ര നാളും ചെയ്ത ജോലി മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ വേണ്ടി ഒരു മാസം കൂടി കമ്പനിയെ സേവിക്കണം.എന്നാല്‍ ഞാന്‍ പ്രത്യേകിച്ച് പണി ഒന്നും ചെയ്തിട്ടില്ലെന്ന് കമ്പനിക്ക് അറിയാവുന്നതിനാലും, ഞെക്കി പിഴിഞ്ഞാല്‍ പോലും എന്നില്‍ നിന്ന് ഒരു വിവരവും ലഭിക്കാന്‍ വഴിയില്ലെന്ന് കമ്പനിക്ക് ബോധ്യം ഉള്ളതിനാലും എനിക്ക് നോട്ടീസ് പിരീഡ് അവര്‍ മൂന്ന് ദിവസമായി വെട്ടി ചുരുക്കി.ഒരുപക്ഷേ വെറുതെ ഞാന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് ഒരു മാസത്തെ കറന്‍റ്‌ കളയുന്നതിലും നല്ലത് ഇതാണെന്ന് അവര്‍ ചിന്തിച്ചു കാണും.

രണ്ടാം കടമ്പ, ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് :
ഇത് പ്രത്യേകിച്ച് ഒന്നുമില്ല, എല്ലാ ഡിപ്പാര്‍ട്ട്‌മെന്‍റിലും നടന്ന് ഞാനൊന്നും തല്ലി പൊട്ടിക്കുകയോ, നശിപ്പിക്കുകയോ ചെയ്തില്ല എന്ന് ഒപ്പിട്ട് വാങ്ങിക്കണം.
ഡെവലപ്പ്‌മെന്‍റ്‌, ഫിനാന്‍സ്, എച്ച്.ആര്‍, അങ്ങനെ ഒടുവില്‍ ലൈബ്രറിയിലെത്തി..
ലൈബ്രേറിയന്‍റെ മുഖത്തൊരു ചോദ്യഭാവം:
"എന്താ?"
"ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റില്‍ ഒരു ഒപ്പ് വേണം"
"ആരാ?"
"ഞാന്‍ മനു, ഇവിടുത്തെ ഒരു എംപ്ലോയിയാ"
ഒപ്പിടാന്‍ പേപ്പര്‍ വാങ്ങിയപ്പോള്‍ ഒരു പുച്ഛസ്വരത്തില്‍ അയാള്‍ പറഞ്ഞു:
"ഇത്ര നാളും ഇങ്ങോട്ടൊന്നും കണ്ടിട്ടില്ലല്ലോ?"
അതായത് എഴുത്തും വായനയും ഇല്ലാത്ത ഒരു ഏഴാം കൂലിയാണ്‌ ഞാനെന്ന് വ്യംഗ്യാര്‍ത്ഥം.ഒപ്പിട്ട് പേപ്പര്‍ കൈയ്യില്‍ കിട്ടുന്ന വരെ ഒന്നും മിണ്ടിയില്ല, പേപ്പര്‍ കിട്ടിയപ്പോള്‍ പതിയെ ചോദിച്ചു:
"സാര്‍ എന്താണാവോ ഇവിടിരിക്കുന്നത്?"
"ലൈബ്രേറിയന്‍ ലൈബ്രറിയില്‍ അല്ലേ ഇരിക്കേണ്ടത്?" അയാളുടെ മറുചോദ്യം.
അത് കേട്ടതും, ടേബിളില്‍ കിടക്കുന്ന നാലു പേപ്പറിലും, അലമാരയില്‍ ഇരിക്കുന്ന പത്ത് ബുക്കിലും നോക്കിയട്ട്, മുഖത്ത് മാക്സിമം പുച്ഛഭാവം വരുത്തി ഞാന്‍ ചോദിച്ചു:
"അപ്പോ ഇതിനാണ്‌ ലൈബ്രറി എന്ന് പറയുന്നത്.അല്ലേ?"
ഠിം!!!!
ലൈബ്രേറിയന്‍റെ മുഖത്ത് ചോരമയമില്ല.

മൂന്നാം കടമ്പ, എക്സിറ്റ് ഇന്‍റര്‍വ്യൂ :
ഏതൊരു എംപ്ലോയിയും കമ്പനി വിട്ട് പോകുന്നതിനു മുമ്പേ, അവരെ അവിടെ തന്നെ നിലനിര്‍ത്താന്‍ വല്ല വഴിയും ഉണ്ടോന്ന് അറിയാനുള്ള അവസാന ശ്രമം.എച്ച്.ആര്‍ മേഡവും, പ്രോജക്റ്റ് മാനേജറും കൂടിയാണ്‌ സാധാരണ ഇത് ചെയ്യുന്നത്.
"എന്താണ്‌ മനു ഈ ജോലി വിടാന്‍ കാരണം?"
ഇത് വളരെ അര്‍ത്ഥരഹിതമായ ചോദ്യമാണ്.
കാരണം ചോദിക്കുന്ന അവര്‍ക്കും, ഉത്തരം പറയാനിരിക്കുന്ന എംപ്ലോയിക്കും, വളരെ വ്യക്തമായി അറിയാം, വേറെ നല്ല ജോലിയും ശമ്പളവും കിട്ടിയട്ടാണ്‌ അവന്‍ പോകുന്നതെന്ന്.എന്നിട്ടും ഇപ്പോഴും അതേ ചോദ്യം..
എങ്കിലും സത്യം മറച്ച് വച്ച് ഞാന്‍ മറുപടി നല്‍കി:
"ഇനി നാട്ടില്‍ പോയി കൃഷി ചെയ്ത് ജീവിക്കണമെന്നാണ്‌ ആഗ്രഹം"
എച്ച്.ആറിന്‍റെ കണ്ണ്‌ തള്ളി!!!
"അയ്യോ, ഇത്രേം പഠിച്ചിട്ട് കൃഷി ചെയ്യുകാന്ന് വച്ചാല്‍....?"
"പഠിച്ചതൊക്കെ ആ മേഖലയില്‍ പ്രയോഗിക്കണം എന്നാണ്‌ എന്‍റെ ലക്ഷ്യം"
"വാട്ട് യൂ മീന്‍?"
"ഐ മീന്‍...കോഡിംഗിലൂടെ ഞാറ്‌ നടുക, ആന്‍റിവൈറസ്സ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കളകള്‍ നശിപ്പിക്കുക, റോബര്‍ട്ടിനെ യൂസ് ചെയ്ത് നെല്ല്‌ പറിക്കുക, എക്സട്രാ, എക്സട്രാ..."
ഠോ ഠോ ഠോ...
തൃശൂര്‍പൂരം കഴിഞ്ഞ നിശബ്ദത.
എച്ച്.ആര്‍ മേഡത്തിനും, പ്രോജക്റ്റ് മാനേജര്‍ക്കും അനക്കമില്ല.ഒരു കാര്യവുമില്ലാതെ ആ ചോദ്യം എന്നോട് ചോദിച്ച നിമിഷത്തെ അവര്‍ ശപിക്കുകയാണെന്ന് തോന്നുന്നു.ഒടുവില്‍ കുറേ നേരത്തെ നിശബ്ദതക്ക് ശേഷം പ്രോജക്റ്റ് മാനേജര്‍ പതിയെ പറഞ്ഞു:
"മനു ഈ കമ്പനിയില്‍ നിന്ന് പോകുന്നതില്‍ ഞങ്ങള്‍ക്ക് വളരെ വിഷമമുണ്ടു, ബിക്കോസ്..."
ബിക്കോസ്???
"ബിക്കോസ്, യൂ ആര്‍ ആന്‍ അസറ്റ്"
ഞാനൊരു അസത്താണെന്ന്!!
അതേ, ഞാനൊരു അസത്താണ്.
ആ അസത്തിതാ ഗള്‍ഫിലേക്ക്...

വിമാനത്തിലെ ആദ്യയാത്ര...
അടുത്തിരിക്കുന്നത് കോട്ടയത്തെ ഒരു അച്ചായനും, അച്ചായത്തിയും.അച്ചായനു ഒരു അറുപതും അച്ചായത്തിക്ക് ഒരു അമ്പത്തി മൂന്ന് വയസ്സും കാണുമെന്ന് തോന്നുന്നു.
"ഞാനിത് മൂന്നാമത്തെ പ്രാവശ്യമാ പ്ലെയിനില്‍ കേറുന്നത്" അച്ചായന്‍ തന്‍റെ വീരകഥ വിളമ്പി തുടങ്ങി....
"ആദ്യം ഞാന്‍ കയറിയത് എന്‍റെ മോളുടെ ഒന്നാമത്തെ പ്രസവത്തിനാ"
"അതു ശരി"
"രണ്ടാമത് ഞാന്‍ കയറിയത് എന്‍റെ മോളുടെ രണ്ടാമത്തെ പ്രസവത്തിനാ"
സ്വാഭാവികമായി മനസ്സില്‍ ഉണ്ടായ സംശയം അറിയാതെ ചോദിച്ചു പോയി:
"ഇപ്പോള്‍?"
"ഇപ്പോള്‍ ഞാന്‍ ദോഹക്ക് പോകുന്നത് എന്‍റെ മോളുടെ മൂന്നാമത്തെ പ്രസവത്തിനാ"
"ഓഹോ, അപ്പോ 'സണ്‍ ഇന്‍ ലോയ്ക്ക്' എന്താ പണി?"
"അവനു ഇതൊക്കെ തന്നാ പണി"
ഛേ, വേണ്ടായിരുന്നു!!!

വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ശേഖറുണ്ടായിരുന്നു, അവനൊപ്പം റൂമിലേക്ക്.അന്നേദിവസം അവിടെ അന്തിയുറങ്ങി പിറ്റേന്ന് രാവിലെ ഓഫീസിലേക്ക്...
ജോലിക്ക് കേറുന്നതിനു മുമ്പേ അറബിയുടെ അനുഗ്രഹം വാങ്ങാന്‍ അങ്ങേരുടെ റൂമില്‍ കയറി.ഈ അറബി അറബീന്ന് പറയുന്ന സാധനം നമ്മള്‍ കരുതുന്ന പോലെയൊന്നുമല്ല, അവരും മനുഷ്യരാ.നീണ്ട വെള്ള നിറത്തിലുള്ള മാക്സിയുമിട്ട്, ഒരു ഊശാന്‍ താടിയും വച്ച്, ബബിള്‍ഗം ചവച്ചോണ്ടിരിക്കുന്ന അറബിയെ കണ്ടാല്‍ ഫാത്തിമ്മേടെ വീട്ടിലെ മുട്ടനാട് കസേരയില്‍ കയറി ഇരിക്കുവാണോന്ന് വരെ തോന്നി പോകും.എന്തായാലും ഫസ്റ്റ് ഇംബ്രഷന്‍ ഈസ് ദ ബെസ്റ്റ് ഇംപ്രഷന്‍ എന്ന് മനസിലോര്‍ത്ത് ഞാന്‍ പതിയെ പറഞ്ഞു:
"ഗുഡ് മോര്‍ണിംഗ് സാര്‍"
അറബി എന്നെ ഒന്ന് നോക്കി, കണ്ണ്‌ കൊണ്ട് ഇരിക്കാന്‍ പറഞ്ഞു.എന്‍റെ സര്‍ട്ടിഫിക്കേറ്റെല്ലാം നോക്കിയട്ട് അറബി ചോദിച്ചു:
"ദുയുനോ ഇന്താനെറ്റ്?"
കര്‍ത്താവേ!!!!
ഇതെന്ത് ഭാഷ???
അന്തം വിട്ട് നിന്ന എന്നോട് അങ്ങേര്‍ വീണ്ടും ചോദിച്ചു:
"ദുയുനോ തൈപ്പിംങ്?"
ഇതിങ്ങനെ വിട്ടാല്‍ ശരിയാകില്ല, എനിക്ക് അറബി അറിയില്ലെന്ന് അങ്ങേരോട് പറഞ്ഞില്ലെങ്കില്‍ മൊത്തത്തില്‍ കുളമാകും.അതിനാല്‍ രണ്ടും കല്‍പ്പിച്ച് ഞാന്‍ പറഞ്ഞു:
"ഐ ഡോണ്ട് നോ അറബി, പ്ലീസ് സ്പീക്ക് ഇന്‍ ഇംഗ്ലീഷ്"
എന്‍റെ പൊന്നു സുല്‍ത്താനേ, എനിക്ക് അറബി അറിയില്ല, ദയവായി ഇംഗ്ലീഷില്‍ സംസാരിക്കു.
അത് കേട്ടതോടെ അങ്ങേര്‍ ചാടി എഴുന്നേറ്റ് കഥകളിക്കാര്‍ കാട്ടുന്ന പോലെ ആംഗ്യവിഷേപത്തോടെ ഭയങ്കര ബഹളം.അമ്പരന്ന് പോയ ഞാന്‍ കണ്ണാടി ചില്ലിലൂടെ പുറത്തേക്ക് നോക്കി...
പൊന്നു ശേഖറെ, ഓടി വാടാ, രക്ഷിക്കടാ...
അപകടം മണത്ത് ശേഖര്‍ അകത്തേക്ക് കുതിച്ചു, അറബിയോട് എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ച് എന്നെയും കൊണ്ട് പുറത്ത് ചാടി.

ആക്ച്വലി എന്താ സംഭവിച്ചത്??
എന്തിനാ അറബി ചൂടായത്??
ഓഫീസില്‍ കസേരയില്‍ പോയിരുന്നിട്ടും എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.മറുവശത്ത് ഇരിക്കുന്ന് ശേഖറാണെങ്കില്‍ ഞാന്‍ എന്തോ മഹാ അപരാധം ചെയ്ത പോലെ ഇടക്കിടെ എന്നെ നോക്കുന്നുമുണ്ട്.ഒടുവില്‍ ശേഖര്‍ ഒന്ന് തണുത്തെന്ന് തോന്നിയപ്പോള്‍ ഞാന്‍ അടുത്ത് ചെന്ന് ചോദിച്ചു:
"എന്താ അളിയാ പറ്റിയത്?"
"നിനക്ക് ഇന്‍റര്‍നെറ്റ് അറിയില്ലേ?" അവന്‍റെ മറുചോദ്യം.
"അറിയാം"
"പിന്നെ 'ഡു യൂ നോ ഇന്‍റര്‍നെറ്റ്' എന്ന് അറബി ചോദിച്ചപ്പോ നീ മിണ്ടാഞ്ഞത് എന്താ?"
ങ്ങേ!!!
അറബി അങ്ങനെ ചോദിച്ചോ?
അറബിയുടെ ആദ്യ ചോദ്യം മനസില്‍ ഒന്ന് അലയടിച്ചു...
ദുയുനോ ഇന്താനെറ്റ്?
ദു യു നോ ഇന്താനെറ്റ്??
ഡു യു നോ ഇന്തര്‍നെറ്റ്???
കര്‍ത്താവേ!!!!!
ഇതെന്ത് ചോദ്യം??
അപ്പോ എന്തായിരുന്നു അടുത്ത ചോദ്യം..
രണ്ടാമത്തെ ചോദ്യം തനിയെ ഒന്ന് ഡീക്കോട് ചെയ്ത് നോക്കി..
ദുയുനോ തൈപ്പിംങ്?
ദു യു നോ തൈപ്പിംങ്??
ഡു യു നോ ടൈപ്പിംഗ്???
വാവൂ..., സന്തോഷമായി ശേഖരേട്ടാ, സന്തോഷമായി.
നല്ല പച്ച അറബി പോലെ ഇംഗ്ലീഷ് പറഞ്ഞിരുന്ന ആ മഹാനോടാണ്‌ ഞാന്‍ അറബി അറിയില്ലെന്നും, ഇംഗ്ലീഷില്‍ സംസാരിക്കണമെന്നും വെച്ച് കാച്ചിയത്.ദൈവമേ, ഈ 'ഫസ്റ്റ് ഇംപ്രഷന്‍ ഈസ് ദി ബെസ്റ്റ് ഇംപ്രഷന്‍' എന്ന തത്വം ശരിയാണെങ്കില്‍ അങ്ങേര്‍ക്ക് എന്നെ കുറിച്ച് നല്ല മതിപ്പ് ആയി കാണും.

എന്‍റെ കഷ്ടകാലം അവിടെ ആരംഭിക്കുകയായിരുന്നു...
ഐ.ടി മാനേജര്‍ എന്ന പേരും, കമ്പ്യൂട്ടറിന്‍റെ മോണിറ്റര്‍ തുടക്കുന്ന പണിയും!!
എങ്കിലും കിട്ടുന്ന ശമ്പളവും, സമ്പാദിക്കാനുള്ള മോഹവും എന്നെ വീണ്ടും അവിടെ പിടിച്ച് നിര്‍ത്തി.അങ്ങനെ ഇരിക്കെ ഒരു ദിനം...
"എടാ അറബി നിന്നെ വിളിക്കുന്നു" ശേഖര്‍.
"എന്നാത്തിനാ?"
"ഈ കമ്പനി എഴുതി തരാനായിരിക്കും"
പോടാ പുല്ലേ!!!
റൂമില്‍ ചെന്നപ്പോല്‍ അറബി കാര്യം അവതരിപ്പിച്ചു.മെയിന്‍ ഓഫീസിലെ കമ്പ്യൂട്ടറില്‍ നിന്ന് അറബിയുടെ വീട്ടിലെ കമ്പ്യൂട്ടറിലേക്ക് ഒരു കണക്ഷന്‍ വേണമത്രേ.അതിനു ഞാന്‍ ഒരു വയര്‍ വലിച്ച് കണക്ഷന്‍ കൊടുക്കണം പോലും.
യെസ് സാര്‍, ഐ വില്‍ ഡൂ.
തിരികെ ശേഖറിന്‍റെ അടുത്ത് എത്തിയപ്പോള്‍ അവന്‍ പറഞ്ഞു:
"അറബിയുടെ വീടും ഈ ഓഫീസും തമ്മില്‍ നാല്‍പ്പതു കിലോമീറ്റര്‍ ദൂരമുണ്ട്"
കടവുളേ!!!
നാല്‍പ്പത് കിലോമീറ്റര്‍ വയര്‍ വലിക്കാനോ??
തല കറങ്ങുന്ന പോലെ തോന്നി, താഴെ വീഴാതിരിക്കാന്‍ ശേഖറിന്‍റെ കൈയ്യില്‍ പിടിച്ചു.ബോധം വന്നപ്പോല്‍ തിരികെ ചെന്ന് സുരേഷ് ഗോപിയെ മനസില്‍ ധ്യാനിച്ച് ഞാന്‍ പറഞ്ഞു:
"സാര്‍, ഇറ്റ് ഈസ് ഇംപോസിബിള്‍"
"നത്തിംഗ് ഈസ് ഇംപോസിബിള്‍" അറബി.
"ദെന്‍, ദിസ് ഈസ് നത്തിംഗ്" ഞാന്‍.
അതില്‍ ഞാന്‍ സ്ക്കോര്‍ ചെയ്തു, എനിക്ക് നൂറ്‌ മാര്‍ക്ക് അറബിക്ക് പൂജ്യം മാര്‍ക്ക്.അരമണിക്കൂറിനുള്ളില്‍ അറബി തിരിച്ച് സ്ക്കോര്‍ ചെയ്തു, എനിക്ക് എക്സിറ്റ് അടിച്ചു.ഇപ്പോള്‍ അറബിക്ക് നൂറ്‌ മാര്‍ക്ക് എനിക്ക് പൂജ്യം മാര്‍ക്ക്.സുരേഷ് ഗോപിയെ മനസില്‍ ധ്യാനിച്ച് ഞാന്‍ പറഞ്ഞ ഡയലോഗ് എന്‍റെ ജീവിതം ഗോപിയാക്കി.തുടര്‍ന്ന് ശേഖറിനു നന്ദി പറഞ്ഞ്, അറബിയെ തന്തക്ക് വിളിച്ച്, തിരികെ നാട്ടിലേക്ക്..
ഇനി അറബി നാട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ എന്‍റെ പട്ടി വരും.
എനിക്ക് ചേര്‍ന്നത് ഇന്ത്യയാണ്..

ഭാരത്മാതാ കീ ജയ്.

"ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം
കേരളമെന്ന് കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍"

ജയ് ഹിന്ദ്.

ത്രീ..ടൂ..വണ്‍..സീറോ...



തിരുവോണം..
ഏതൊരു മലയാളിയുടെയും മനസില്‍ സന്തോഷത്തിന്‍റെ പൂത്തിരി കത്തിക്കുന്ന പുണ്യ ദിവസം.ലോകത്ത് എവിടെയാണെങ്കിലും നാട്ടില്‍ ഓടിയെത്താനും മാതാപിതാക്കള്‍ക്കൊപ്പം ഒരുപിടി ചോറുണ്ണാനും ആഗ്രഹിക്കാത്തവര്‍ വിരളമാണ്.എന്നാല്‍ അങ്ങനെ ഒരു ഓണക്കാലം വരുന്നതോടെ ഞങ്ങള്‍ ബാംഗ്ലൂര്‍ നിവാസികളുടെ ചങ്കിടിപ്പ് വര്‍ദ്ധിക്കുകയായി, കാരണം മറ്റൊന്നുമല്ല, ടിക്കറ്റ് പ്രശ്നം തന്നെ.

ഓണക്കാലത്ത് ഓഫീസില്‍ നിന്ന് ഒരു ലീവ് കിട്ടാന്‍ എളുപ്പമാണ്, എന്നാല്‍ നാട്ടിലേക്ക് ഒരു ടിക്കറ്റ്, അത് ബസ്സാവട്ടെ ട്രെയിനാവട്ടെ, കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്.രണ്ട് വര്‍ഷം മുമ്പുള്ള ഒരു ഓണക്കാലത്ത് ഈ ബുദ്ധിമുട്ട് ഞാന്‍ ശരിക്കും അനുഭവിച്ചു, അത്തം മുതല്‍ അവിട്ടം വരെ ഒരു ട്രെയിനിലും ടിക്കറ്റില്ല.നോണ്‍ ഏ.സി മുതല്‍ വോള്‍വോ വരെയുള്ള ബസ്സുകളിലും സെയിം അവസ്ഥ.ഒടുവില്‍ അവസാന വഴി എന്ന രീതിയില്‍ പ്രഭാകരനെ വിളിച്ചു, ഇവന്‍ ഹരിപ്പാട്ട്‌കാരനാ, ഒരുവിധപ്പെട്ട എല്ലാ യാത്രാ ഏജന്‍സിയിലും നല്ല പിടിയുള്ളവന്‍.

"ഹലോ. അളിയാ, പ്രഭാകരാ. ഇത് ഞാനാ മനു"
"നാട്ടിലേക്ക് ടിക്കറ്റ് വേണമായിരിക്കും"
"അതേ, എങ്ങനെ മനസിലായി?"
"പട്ടി കാല്‌ വെറുതെ പൊക്കാറില്ല മോനേ"
കറക്റ്റ്!!
കഴിഞ്ഞ ഓണത്തിനു ഇതേ ആവശ്യത്തിനു ഞാന്‍ അവനെ വിളിച്ചതാ, പിന്നെ ഇന്നാ വിളിക്കുന്നത്.എന്ത് തന്നെ ആയാലും അവന്‍ ടിക്കറ്റ് സംഘടിപ്പിച്ച് തരുമെന്ന് കരുതി മിണ്ടാതെ നിന്ന എന്‍റെ സപ്തനാഡികള്‍ തകര്‍ത്തുന്നതായിരുന്നു അവന്‍റെ മറുപടി:

"അളിയാ നോ രക്ഷ.എന്‍റെ കസിന്‍ കാര്‍ത്തിക്കിന്‍റെ കല്യാണമാ അവിട്ടത്തിനു, അവനു വേണ്ടി നാട്ടിലേക്ക് ഒരു ടിക്കറ്റ് നോക്കിയട്ട് പറ്റിയില്ല.എന്തിനു, ഈ പ്രാവശ്യം എന്തായാലും ഓണത്തിനു കാണുമെന്ന് ഞാന്‍ അമ്മക്ക് വാക്ക് കൊടുത്തതാ, എനിക്ക് പോലും ടിക്കറ്റ് കിട്ടുന്നില്ല.ഒടുവില്‍ ഉത്രാടത്തിന്‍റെ അന്ന് വൈകിട്ടത്തേക്ക് കഷ്ടിച്ചാ രണ്ട് ടിക്കറ്റ് ഒപ്പിച്ചത്"

ഇനി എന്ത് ചെയ്യും??

ഇങ്ങനെ ചിന്തിച്ച് അന്തം വിട്ട് നിന്നപ്പോഴാണ്‌ രതീഷിന്‍റെ ഫോണ്‍ വന്നത്, അതും ഒരു ഉഗ്രന്‍ കോളുമായി.സംഭവം മറ്റൊന്നുമല്ല അവന്‍റെ കസിന്‍റെ വണ്ടി നാട്ടില്‍ എത്തിക്കണം.ആ വണ്ടി ഞാന്‍ കണ്ടിട്ടുണ്ട്, ഒരു സ്ക്കോര്‍പ്പിയോ, അടിപൊളി വണ്ടി.അതില്‍ പൂരാടത്തിന്‍റെ അന്ന് രാത്രിയില്‍ യാത്ര തിരിക്കാം എന്ന് തീരുമാനമായി.രതീഷും ഞാനും, കൂടെ പ്രഭാകരനേയും കാര്‍ത്തിക്കിനേയും കൂട്ടാം എന്ന് ഉറപ്പിച്ചു.വിവരം അറിഞ്ഞപ്പോ പ്രഭാകരന്‍ ചോദിച്ചു:
"ഏതാ വണ്ടി?"
"സ്ക്കോര്‍പ്പിയോ"
അവനും സന്തോഷമായി, ഉത്രാടത്തിനുള്ള ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് പൂരാടത്തിനു യാത്രതിരിക്കാന്‍ ഇപ്പോ നാല്‌ പേരായി.

ബാംഗ്ലൂര്‍ - സേലം - കോയമ്പത്തൂര്‍ -പാലക്കാട് - തൃശൂര്‍ - എറണാകുളം - കായംകുളം.
പെര്‍ഫക്റ്റ് റൂട്ട്!!!
വൈകിട്ട് വിട്ടാല്‍ പിറ്റേന്ന് വെളുപ്പിനെ നാട്ടിലെത്താം.ഹരിപ്പാട്ട് പ്രഭാകരനെയും, കാര്‍ത്തിക്കിനേയും ഇറക്കാം, കായംകുളത്ത് എനിക്കും ഇറങ്ങാം, പിന്നെ രതീഷ് വണ്ടിയുമായി വര്‍ക്കലക്ക് പോകും.പൂരാടത്തിന്‍റെ അന്ന് വൈകിട്ട് അഞ്ച് മണിക്ക് രതീഷ് വണ്ടിയുമായി എം.ജി റോഡില്‍ വരാമെന്നും, അവിടുന്ന് ഞാനും രതീഷും കൂടി വീട്ടില്‍ വരുമെന്നും, പ്രഭാകരനും കാര്‍ത്തിക്കും എന്‍റെ വീട്ടില്‍ വന്നാല്‍ മതിയെന്നും, അവിടുന്ന് യാത്ര തിരിക്കാമെന്നും ഉറപ്പിച്ചു.

പൂരാടത്തിന്‍റെ അന്ന് വൈകുന്നേരം.
സമയം ആറ്‌ മണി, സ്ഥലം എം.ജി റോഡ്.

ഒരു മണിക്കൂറായി ഞാന്‍ വായിനോക്കി നില്‍ക്കുവാ, രതീഷിനെ കാണുന്നുമില്ല, വിളിച്ചിട്ട് കിട്ടുന്നുമില്ല.ഇടക്കിടെ പ്രഭാകരന്‍ വിളിക്കുന്നുണ്ട്.അവനും കാര്‍ത്തിക്കും എന്‍റെ വീടിന്‍റെ മുമ്പില്‍ വന്ന് കുറ്റിയടിച്ചിട്ട് അരമണിക്കൂര്‍ ആയത്രേ!!
ഇപ്പൊ സമയം ഏഴായി...
തൊണ്ണൂറ്‌ മോഡല്‍ ഒരു ചുവന്ന മാരുതി കാര്‍ എന്‍റെ മുന്നില്‍ വന്ന് പതിയെ നിന്നു.അതില്‍ നിന്നും വെളുക്കെ ചിരിച്ച് കൊണ്ട് രതീഷ് പുറത്തേക്ക് ഇറങ്ങി, എന്നിട്ട് പറഞ്ഞു:
"സോറി അളിയാ, താമസിച്ച് പോയി.നമുക്ക് പോകാം"
ഇതിലോ??
"സ്ക്കോര്‍പ്പിയോ എന്തിയേ?" എന്‍റെ സ്വരം ചിലമ്പിച്ചിരുന്നു.
"അതില്‍ കസിനും കുടുംബവും പോയി, ഇത് ചേച്ചിയുടെ വണ്ടിയാ, നമുക്ക് ഇതില്‍ പോകാം"
ബെസ്റ്റ്!!
തൊണ്ണൂറ്‌ മോഡല്‍ കാറില്‍, അതും ഏ.സി പോലും ഇല്ലാത്ത ശകടത്തില്‍, ബാംഗ്ലൂരില്‍ നിന്ന് കേരളം വരെ ഒരു യാത്ര.മറ്റ് വഴി ഇല്ലാത്തതിനാല്‍, ഏ.സി ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് നിക്കുന്ന പ്രഭാകരനോട് എന്ത് പറയും എന്ന ചിന്തയില്‍ ഞാന്‍ ആ കാറില്‍ കയറി.
കാര്‍ നേരെ എന്‍റെ വീട്ടിലേക്ക്...

സ്ക്കോര്‍പ്പിയോയിലെ യാത്ര സ്വപ്നം കണ്ട് നിന്നിരുന്ന രണ്ട് മഹാന്‍മാരുടെ മുന്നിലേക്ക് ഒരു തകരപ്പാട്ട പോലത്തെ സാധനം വന്നു നിന്നു.അകത്ത് നിന്ന് പുറത്തേക്ക് ഇറങ്ങിയ എന്നെയും ആ വണ്ടിയെയും പ്രഭാകരന്‍ മാറി മാറി നോക്കി, എന്നിട്ട് ദയനീയമായി ചോദിച്ചു:
"മനു, ഇത് ഏതാടാ വണ്ടി?"
"മാരുതി" എന്‍റെ ഉത്തരം വളരെ പെട്ടന്നായിരുന്നു.
"ഇത് മാരുതി ആണെന്ന് എനിക്ക് അറിയാം, സ്ക്കോര്‍പ്പിയോ എന്തിയെ?"
എനിക്ക് മറുപടി ഇല്ല!!
"ഇതിലാണോ നാട്ടില്‍ പോകാന്‍ പ്ലാനിട്ടത്?" വീണ്ടും പ്രഭാകരന്‍.
ഞാന്‍ വളിച്ച ചിരിയുമായി ഒരേ നില്‍പ്പ് തന്നെ.
"എന്താടാ വിഴുങ്ങല്‍സ്യ എന്ന് നില്‍ക്കുന്നത്?"
"ആക്ച്വലി...അളിയാ...അത് പിന്നെ...ഇതാ വണ്ടി"
അല്പ നേരം നിശബ്ദത...
ആര്‍ക്കും അനക്കമില്ല, പുറകില്‍ ആരോ ശോകഗാനം വായിക്കുന്ന പോലെ ഒരു സൌണ്ട്.ഒടുവില്‍ വേറെ ഒരു വഴിയും ഇനി മുന്നിലില്ലെന്ന് എന്നെ പോലെ ബോധവാനായ പ്രഭാകരന്‍ പറഞ്ഞു:
"ഇതില്‍ രാത്രി യാത്ര റിസ്ക്കാ, നമുക്ക് നാളെ രാവിലെ തിരിക്കാം"
ഓക്കെ!!

ഉത്രാടത്തിന്‍റെ അന്ന് വെളുപ്പിനെ മൂന്ന് മണി.
എല്ലാവരും എഴുന്നേറ്റ്, കുളിയും ജപവും കഴിഞ്ഞ്, കറക്റ്റ് നാല്‌ ആയപ്പോഴേക്കും റെഡിയായി.ഗണപതിക്ക് ഒരു തേങ്ങ അടിച്ച്, അയ്യപ്പനു ഒരു ശരണം വിളിച്ച്, ഞങ്ങള്‍ ആ ശകടത്തിലേക്ക് കയറി.ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന ഞാന്‍ പതിയെ താക്കോല്‍ തിരിച്ചു..
ബൂ..ബ്രൂ..ചൂ..ശൂ..ശും..
അത്രമാത്രം, വണ്ടിക്ക് വേറെ അനക്കം ഒന്നുമില്ല!!
മൂന്നു പേരും എന്നെ ഒന്ന് നോക്കി, പിന്നെ താക്കോലിട്ട ദ്വാരത്തിലും ഒന്ന് നോക്കി.ഞാനായിട്ട് എന്തിനാ കുറക്കുന്നത്, ഞാനും മൂന്നു പേരെയും നോക്കി, പിന്നെ താക്കോലിലും നോക്കി..
ഇല്ല, താക്കോലില്‍ തുരുമ്പില്ല!!
"എന്താടാ?" പ്രഭാകരന്‍.
"വണ്ടി സ്റ്റാര്‍ട്ടാവുന്നില്ല"
"അത് മനസിലായി, എന്താ സ്റ്റാര്‍ട്ട് ആവാത്തത്"
ആര്‍ക്കറിയാം!!
ഒരിക്കല്‍ കൂടി താക്കോല്‍ തിരിച്ചു...
ശൂ..ശും.
ഹാവു, ഒരു തീരുമാനമായി!!

"ഇനി എന്നാ ചെയ്യും?" ചോദ്യം കാര്‍ത്തിക്കിന്‍റെ വകയാ.
അവനെ കുറ്റം പറയേണ്ടാ, രാവിലെ കുളിച്ചൊരുങ്ങി ഇരിക്കുവാ.വണ്ടി സ്റ്റാര്‍ട്ട് ആയില്ലെന്ന് പറഞ്ഞ് ഇനി ഉറങ്ങാന്‍ കൂടി പറ്റില്ല.ആരറിഞ്ഞു, ഇങ്ങനൊരു കുരിശാകുമെന്ന്.
"ഇനി എന്നാ ചെയ്യും?" വീണ്ടും.
"വര്‍ക്ക് ഷോപ്പ് ഒമ്പതിനു തുറക്കും, വേറെ വഴിയില്ല"
"ഈശ്വരാ, അത് വരെ എന്ത് ചെയ്യും?" പ്രഭാകരന്‍റെ ആത്മഗതം.
"ഐഡിയ!!!" രതീഷ് ചാടി എഴുന്നേറ്റു.
"എന്താടാ?" എല്ലാരുടെയും മുഖത്ത് ആകാംക്ഷ.
"ഒമ്പത് വരെ നമുക്ക് ചീട്ട് കളിച്ചാലോ?"
മുട്ടുകാല്‌ എടുത്ത് അവന്‍റെ വയറ്റിലോട്ട് വയ്ക്കാന്‍ തോന്നി.
പിന്നല്ല!!

ഒമ്പത് മണിക്ക് വര്‍ഷോപ്പില്‍ വിളിച്ച് പറഞ്ഞു, എന്നിട്ട് കാര്യം ബോധിപ്പിക്കാന്‍ സ്ക്കോര്‍പ്പിയോയില്‍ യാത്ര തിരിച്ച രതീഷിന്‍റെ കസിനെ വിളിച്ചു:
"ചേട്ടാ, എവിടായി?"
"കൊല്ലത്ത്, കല്ലുവാതുക്കല്‍. നിങ്ങളോ?"
ഞങ്ങളോ??
ഇല്ലത്ത്, വീട്ടുവാതുക്കല്‍!!!

ഇപ്പോ സമയം ഒമ്പതര..
കൂട്ടുകാരെല്ലാം റൂമിലും, ഈ പാവം ഞാന്‍ മാത്രം വര്‍ക്ക്‌ഷോപ്പിലെ പയ്യനെ നോക്കി മുറ്റത്തും നില്‍ക്കുന്നു.ആ സമയത്താണ്‌ കന്നഡയില്‍ അലറി കൂവി കൊണ്ട് ഒരു മനുഷ്യന്‍ ആ തെരുവില്‍ പ്രത്യക്ഷപ്പെട്ടത്.സംഭവം കന്നഡ ആയിരുന്നെങ്കിലും അയാള്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു..
"പഴേ ഇരുമ്പ്,ചാക്ക്,തുരുമ്പ് വില്‍ക്കാനുണ്ടോ....."
കേള്‍ക്കാത്ത മട്ടില്‍ ഞാന്‍ നിന്നു.
വീടിനു മുമ്പിലെത്തി അയാള്‍ വീണ്ടും വിളിച്ച് ചോദിച്ചു:
"പഴേ ഇരുമ്പ്,ചാക്ക്,തുരുമ്പ് വില്‍ക്കാനുണ്ടോ....."
ഹേയ്, ഒന്നുമില്ല!!
മറുപടിയില്‍ വിശ്വാസം വരാതെ അതിയാന്‍ എന്നെ ഒന്ന് നോക്കി, തുടര്‍ന്ന് കാറിലും ഒന്ന് നോക്കി.
ഹരേ മിസ്റ്റര്‍ ആക്രി, ദിസ് ഈസ്സ് എ കാര്‍..
ഇതൊരു കാര്‍ ആകുന്നു!!!
നിരാശയോട് അദ്ദേഹം നടന്ന് നീങ്ങി.
ആ കാഴ്ച കണ്ട് ഇറങ്ങി വന്ന പ്രഭാകരന്‍ എന്നോട് ചോദിച്ചു:
"അളിയാ, ഈ കാറ്‌ വിറ്റ് നമുക്ക് ആ പൈസക്ക് ടാക്സിയില്‍ പോയാലോ?"
നോ, നോ, ഇറ്റ് ഈസ് ഇംപ്പോസിബിള്‍!!
സമയം പതുക്കെ ഇഴഞ്ഞ് നീങ്ങി.

പത്ത് ആയപ്പോള്‍ വര്‍ക്ക് ഷോപ്പിലെ പയ്യനെത്തി, കാറ്‌ മൊത്തം സ്ക്കാന്‍ ചെയ്തിട്ട് അവന്‍ പറഞ്ഞു:
"അണ്ണാ, പെട്രോളില്ല"
ഠിം!!!!
രതീഷിന്‍റെ മുഖത്തൊരു വളിച്ച ചിരി.
"സോറീ ഡാ, കസിന്‍ പറഞ്ഞാരുന്നു, ഞാനങ്ങ് മറന്ന് പോയി"
പല്ല്‌ കടിച്ച് നില്‍ക്കുന്ന പ്രഭാകരനെ കണ്ടില്ലെന്ന് നടിച്ച് കൊണ്ട് പറഞ്ഞു:
"പമ്പ് അടുത്താ, അരകിലോമീറ്റര്‍, ഒന്ന് കൈ വയ്ക്ക്"

ഏലൈസാ...ഏലൈസാ...
ഏലൈസാ...ഏലൈസാ...

കാര്‍ പതിയെ പമ്പിലേക്ക്..

പെട്രോള്‍ ആടിച്ചു തരുന്ന പയ്യന്‍റെ മുഖത്ത് ഒരു അത്ഭുതം.
"എന്താ മോനേ?"
"ഹല്ല, ബാംഗ്ലൂരില്‍ ഇത്ര പഴയ കാറ്‌ ആദ്യമായി കാണുവാ"
ഛേ, വേണ്ടായിരുന്നു!!

സമയം പതിനൊന്നര.
ത്രീ..ടൂ..വണ്‍..സീറോ...
((ഠോ))
ഫുള്‍ ടാങ്ക് പെട്രോളുമായി ശകടം കേരളത്തിലേക്ക്...

കാറ്‌ ഓടിക്കുന്നത് രതീഷാണ്, അതും കഷ്ടിച്ച് നാല്‍പ്പത് കിലോമീറ്റര്‍ സ്പീഡില്‍.സൈക്കളില്‍ പോകുന്നവരൊക്കെ കാറിനെ ഓവര്‍ ടേക്ക് ചെയ്ത് തുടങ്ങി.ഞങ്ങടെയൊക്കെ ക്ഷമ നശിച്ചു:
"എന്തോന്നാടാ ഇത്?"
"അണ്ണാ, ഇതാ മാക്സിമം സ്പീഡ്"
അള്ളാ!!!
ആ വിഷമം മാറ്റാന്‍ കോറസ്സ് ആയി ഒരു പാട്ട് പാടി:

"പോം...പോം...ഈ വണ്ടിക്ക് മദമിളകി...
വളഞ്ഞ് പുളഞ്ഞും...ചരിഞ്ഞും തിരിഞ്ഞും...
ഈ ശകടം ഓടുന്നിതാ..."

ഉച്ചക്ക് ശാപ്പാട് അടിക്കാനും, വൈകിട്ട് ചായ കുടിക്കാനും മാത്രം വിശ്രമം.അങ്ങനെ അന്ന് ഏഴ് മണി ആയപ്പോള്‍ സേലത്ത് എത്തി.അവിടൊരു ഹോട്ടലില്‍ നിന്ന് ആഹാരവും കഴിച്ച് പതുക്കെ കോയമ്പത്തൂര്‍ ലക്ഷ്യമാക്കി വണ്ടി നീങ്ങി.ഒരു പത്തര ആയി കാണും, സാമാന്യം വിജനമായ ഒരു പ്രദേശം, പെട്ടന്ന് വണ്ടിയുടെ ഹെഡ്‌ലൈറ്റ് ഓഫായി.
"എന്താടാ?"
"അറിയില്ല, നോക്കാം"
ചാടി ഇറങ്ങി ബോണറ്റ് ഉയര്‍ത്തി, ഒന്ന് എത്തി നോക്കി, തിരികെ ബോണറ്റ് അടച്ചു.ഇതില്‍ കൂടുതല്‍ നോക്കാന്‍ അറിയില്ല, അതാ സത്യം.എന്നെ കൊണ്ട് ലൈറ്റ് നന്നാക്കാന്‍ പറ്റില്ലെന്ന് അറിഞ്ഞപ്പോള്‍ രതീഷ് പറഞ്ഞു:
"ഒരു ടോര്‍ച്ച് ഉണ്ടായിരുനെങ്കില്‍....."
ഉണ്ടായിരുന്നെങ്കില്‍???
"അത് തെളിച്ച് മുന്നേ നടക്കാമായിരുന്നു"
അത് കേട്ടതും ഹാലിളകിയ പ്രഭാകരന്‍ എന്‍റെ ചെവിയില്‍ പറഞ്ഞു:
"ഇവന്‍റെ അന്ത്യം എന്‍റെ കൈ കൊണ്ടാവും"
വേണ്ടാ അണ്ണാ, അണ്ണന്‍ ക്ഷമിക്ക്!!

അന്ന് രാത്രിയില്‍ കാറില്‍ ഉറക്കം.
ഇടക്ക് എപ്പോഴോ പ്രഭാകരന്‍റെ ആത്മഗം:
"നാളെ തിരുവോണമാ, മൂന്നു മണിക്ക് ഉള്ളിലെങ്കിലും അങ്ങ് എത്തിയാല്‍ മതിയാരുന്നു"
ശരിയാ, അത് മതിയാരുന്നു!!
പാതിരാത്രിക്ക് എപ്പോഴോ ഒരു ബസ്സ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാര്‍ത്തിക്ക് അലറുന്നത് കേട്ടു:
"ദേ നമ്മള്‌ പോകേണ്ട ബസ്സ്"
അത്രയും പറഞ്ഞിട്ട് പിറുപിറുത്തത് ചീത്ത ആണെന്നും, അത് എന്നെ ആണെന്നും ആ ഉറക്കത്തിലും ഞാന്‍ മനസിലാക്കി.പക്ഷേ ഇടക്ക് 'കട് കട്' എന്ന് കേട്ട ശബ്ദം പല്ല്‌ കടിച്ചതാണോ അതോ നഖം കടിച്ചതാണോന്ന് അറിയില്ല, അന്നും ഇന്നും.

തിരുവോണ ദിവസം..
അതിരാവിലെ തന്നെ കാറ്‌ സ്റ്റാര്‍ട്ട് ചെയ്തു.ഒമ്പത് ആയപ്പോള്‍ കോയമ്പത്തൂരില്‍ എത്തി, അവിടൊരു ഹോട്ടലില്‍ കയറി ഫ്രഷായി, ബ്രേക്ക് ഫാസ്റ്റും കഴിച്ച് പാലക്കാട്ടേക്ക് യാത്ര തിരിച്ചു.ഒരു പതിനൊന്നെര ആയപ്പോഴേക്ക് വണ്ടി ഒന്ന് പാളി നിന്നു.
"പഞ്ചറായെന്ന് തോന്നുന്നു" ഡ്രൈവിംഗ് സീറ്റില്‍ നിന്നും പ്രഭാകരന്‍റെ ദീനരോദനം.
ആരോടും ഒന്നും പറയാന്‍ നിന്നില്ല, ചാടി ഇറങ്ങി ജാക്കി എടുത്ത് ടയര്‍ ഊരി.സ്റ്റെപ്പിനി ഇടാന്‍ തയ്യാറായപ്പോള്‍ അതും പിടിച്ച് നിന്ന രതീഷ് പറഞ്ഞു:
"ഇതും പഞ്ചറാ"
കര്‍ത്താവേ!!!!
എല്ലാവരെയും ഫെയിസ്സ് ചെയ്യുന്നതില്‍ നല്ലത് പഞ്ചറ്‌ കട നോക്കി പോകുന്നതാണെന്ന് കരുതി രണ്ട് ടയറും എടുത്ത് ഒരു ഓട്ടോയില്‍ ഞാന്‍ പതിയെ യാത്ര ആയി.ഒടുവില്‍ പഞ്ചറ്‌ ഒട്ടിച്ച് തിരികെ എത്തിയപ്പോള്‍ മണി ഒന്ന്.
എല്ലാം ശരിയാക്കി കാര്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ പ്രഭകരന്‍ പല്ല്‌ കടിച്ചു പറഞ്ഞു:
"ഇന്ന് തിരുവോണമാ"
ആണോ??
മഹാബലി ചക്രവര്‍ത്തി നീണാള്‍ വാഴട്ടെ!!!

ഉച്ചക്ക് പാലക്കാട്ട് ഒരു ചായക്കടയില്‍ നിന്ന് ആഹാരം, തുടര്‍ന്ന് വണ്ടി എടുത്തപ്പോള്‍ ഞങ്ങളൊരു തീരുമാനത്തിലെത്തി.എറണാകുളത്ത് എത്തുക, അവിടുന്ന് കാര്‍ത്തിക്കിനേയും പ്രഭാകരനെയും ബസ്സ് കേറ്റി വിടുക.എന്നിട്ട് എവിടേലും ഹെഡ് ലൈറ്റ് ശരിയാക്കാന്‍ പറ്റിയാല്‍ ഞങ്ങള്‍ കാറുമായി പോകും, ഇല്ലേല്‍ കാറില്‍ വിശ്രമിക്കും.
അങ്ങനെ എറണാകുളം ആകാറായി....
സമയം ആറര കഴിഞ്ഞിരിക്കുന്നു.
പെട്ടന്നാണ്‌ ഒരു പോലീസ് വണ്ടി വന്ന് കുറുകെ കൊണ്ട് വച്ചത്.ചാടി ഇറങ്ങിയ പോലീസുകാരന്‍ ചോദിച്ചു:
"എന്താടാ സന്ധ്യ ആയിട്ടും ലൈറ്റ് ഇടാതെ പോകുന്നത്?"
"സാര്‍, ഹെഡ്‌ലൈറ്റ് കേടായി"
"വണ്ടിയുടെ ബുക്കും പേപ്പറും എടുക്കടാ"
ഞാന്‍ രതീഷിനെ നോക്കി..
ബുക്കും പേപ്പറും എവിടെ??
"ബാഗിലാ"
"ബാഗ് എന്തിയെ?"
"അത് സ്ക്കോര്‍പ്പിയോയിലാ"
കടവുളേ!!!

ബുക്കും പേപ്പറും കൈയ്യിലില്ലന്ന് മനസിലായപ്പോള്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചു:
"ഈ കാറ്‌ എവിടുന്നു മോഷ്ടിച്ചതാടാ?"
ആര്‍ക്കും മറുപടിയില്ല, മാത്രമല്ല എല്ലാവരുടെയും മുഖത്തൊരു പുച്ഛഭാവവും.പിന്നല്ല, ബാംഗ്ലൂരില്‍ ഐ.ടി കമ്പനിയില്‍ വിലസുന്ന നാലു യുവ കോമളന്‍മാരോട് തൊണ്ണൂറു മോഡല്‍ കാറ്‌ മോഷ്ടിച്ചതാണോന്ന് ചോദിച്ചാല്‍ എങ്ങനെ പുച്ഛരസം വരാതിരിക്കും.
"പറയടാ, എവിടുന്നു പൊക്കിയതാടാ ഈ കാര്‍?" വീണ്ടും.
പുച്ഛം ഉച്ചത്തില്‍ ആയപ്പോള്‍ ഞാന്‍ തിരികെ ചോദിച്ചു:
"ഇത്രേം പഴയ കാര്‍ ആരെങ്കിലും മോഷ്ടിക്കുമോ സാറേ?"
ചോദ്യത്തിലെ നര്‍മം കുറിക്ക് കൊണ്ടു, പോലീസുകാരന്‍ തിരികെ ചോദിച്ചു:
"അപ്പോ പുതിയ കാര്‍ ആയിരുന്നേല്‍ നീ മോഷ്ടിച്ചേനേ, അല്ലേ?"
ഈശ്വരാ...
ഇതെന്ത് ചോദ്യം??
ഇപ്പോള്‍ പുച്ഛരസം പോലീസുകാരുടെ മുഖത്ത്.

തുടര്‍ന്ന് ഞങ്ങള്‍ പറഞ്ഞതൊന്നും കേള്‍ക്കാന്‍ പോലീസ്സുകാര്‍ തയ്യാറായിരുന്നില്ല.മദ്യപിച്ചോന്ന് അറിയാന്‍ ഊതിക്കുന്നു, ബ്ലഡ് ടെസ്റ്റ് ചെയ്യുന്നു, ആകെ ജഗപൊക.ഒടുവില്‍ സ്റ്റേഷനില്‍ കൊണ്ട് ഇരുത്തി, എന്നിട്ട് പറഞ്ഞു:
"ഏമാന്‍ വന്നിട്ട് തീരുമാനിക്കാം, എന്ത് വേണമെന്ന്"
തലക്ക് കൈ വച്ച് നാല്‌ ജന്മങ്ങള്‍ സ്റ്റേഷനില്‍!!!
ഇടക്കിടെ കാര്‍ത്തിക്കിന്‍റെ ദയനീയ സ്വരം:
"സാറേ, നാളെ എന്‍റെ കല്യാണമാ"
തുടര്‍ന്ന് കാര്‍ത്തിക്ക് എല്ലാവരെയും ഒന്ന് നോക്കും...
ശരിയാ സാറേ, നാളെ അവന്‍റെ കല്യാണമാ!!

രാത്രി ഒരുമണി ആയപ്പോള്‍ ഏമാന്‍ വന്നു.എല്ലാം കേട്ടപ്പോള്‍ കാര്‍ത്തിക്കിന്‍റെ വീട്ടില്‍ വിളിച്ചു, കല്യാണ ചെറുക്കനെ കാണാഞ്ഞ് വിഷമിച്ചിരുന്ന അവര്‍ മകന്‍ സ്റ്റേഷനിലാണെന്നു കേട്ടിട്ടും സന്തോഷിച്ചു.സത്യം ബോധ്യമായപ്പോള്‍ ഏമാന്‍ പറഞ്ഞു:
"സോറി, പോയ്ക്കോ"
ഹും, പോയ്ക്കോന്ന്!!!
ഹെഡ്‌ലൈറ്റില്ലാത്ത വണ്ടിയില്‍ രാത്രിയില്‍ എങ്ങനെ പോകാനാ?
ഒരു ദിവസത്തേക്ക് പോലീസ് ജീപ്പ് കടം തരുമോന്ന് ചോദിച്ചാലോ??
അല്ലേ വേണ്ടാ, എന്തിനാ കൂമ്പിനു ഇടി വാങ്ങി കൂട്ടുന്നത്!!
ഒടുവില്‍ വാടക കൊടുക്കാതെ പോലീസ് സ്റ്റേഷന്‍റെ വരാന്തയില്‍ കിടക്കാന്‍ അനുമതി കിട്ടി.പിറ്റേന്ന് വെളുപ്പിനെ കാര്‍ ഇറക്കി, പത്തരക്ക് മുഹൂര്‍ത്തം.ഒരു ഒമ്പത് ആയപ്പോള്‍ ഹരിപ്പാടെത്തി.കറക്റ്റ് സമയത്ത് എത്തിച്ച ചാരിതാര്‍ത്ഥ്യത്തില്‍ രതീഷ് ചോദിച്ചു:
"ഇപ്പോ സന്തോഷമായോ?"
"പോടാ നായിന്‍റെ മോനേ!!"
ആ മറുപടിയില്‍ എല്ലാം ഉണ്ടായിരുന്നു.
കായംകുളത്തേക്ക് വണ്ടി ഓടിച്ചപ്പോള്‍ രതീഷ് പിറുപിറുത്തു:
"ഇതാ ഈ കാലത്ത് ഒരു ഉപകാരവും ചെയ്യരുതെന്ന് പറയുന്നത്"
ഇമ്മാതിരി ഉള്ള ഉപകാരമാണെങ്കില്‍ ചെയ്യാതിരിക്കുന്നതാ നല്ലത്!!!
പറഞ്ഞില്ല, പകരം ഒന്ന് ചിരിച്ച് കാണിച്ചു.

അങ്ങനെ അവിട്ടത്തിന്‍റെ അന്ന് പത്ത് മണി ആയപ്പോള്‍ വീട്ടിലെത്തി.ചെന്ന് കയറിയപ്പൊ അമ്മുമ്മ ചോദിച്ചു:
"യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു മോനേ?"
"വളരെ വളരെ സുഖകരമായിരുന്നു അമ്മുമ്മേ"
പതുക്കെ മുറിയിലേക്ക്..
ഇനി ഒന്ന് കുളിക്കണം, വല്ലോം കഴിക്കണം, ഒന്ന് ഉറങ്ങണം.എന്നിട്ട് വൈകിട്ടത്തെ കല്ലട ബസ്സില്‍ തിരികെ ബാംഗ്ലൂര്‍ക്ക് പോകണം.അങ്ങനെ മലയാളി മനസ്സില്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഒരു ഓണം കൂടി പൂര്‍ത്തിയായി.

മഹാനായ അക്ബര്‍ചക്രവര്‍ത്തി




കൃഷ്ണപുരം എന്ന അതിമനോഹരമായ ഗ്രാമം.
ടുംഡു ടുംഡു ടുഡുടുഡു...ടുംഡു ടുംഡു ടുഡുടുഡു..

കളകളം പാടുന്ന കിളികളും, പാടത്ത് ചാടുന്ന തവളയും, മാനത്ത് ചുറ്റുന്ന പരുന്തും, എന്ന് വേണ്ടാ ഒരു ടിപ്പിക്കല്‍ മലയാളം സിനിമയില്‍ കാണുന്ന എല്ലാ ഗ്രാമീണ പ്രഭാവങ്ങളും (ഓ പറയാന്‍ മറന്നു, രാവിലെ സൂര്യന്‍ ഉദിക്കുമ്പോള്‍ കേള്‍പ്പിക്കുന്ന വീണയുടെ ശബ്ദവും, അത് കഴിഞ്ഞുള്ള 'കൌസല്യാ സുപ്രഭാ...' എന്നുള്ള പാട്ടും) ഈ ഗ്രാമത്തിലും ഉണ്ടായിരുന്നു.

ഇവിടെ ആയിരുന്നു എന്‍റെ അമ്മയുടെ കുടുംബം.
അമ്മയുടെ വാക്കുകളില്‍ പറഞ്ഞാല്‍, പണ്ട് ആന ഉണ്ടായിരുന്ന തറവാട്!!
(ചുമ്മാതാ, മണ്ണ്‌ തുരന്ന് നോക്കിയാല്‍ അഞ്ചാറ്‌ കുഴിയാനകള്‍ കാണും, അത്ര മാത്രം)

സത്യം ഇതാണെങ്കിലും ഞങ്ങളുടെത് വലിയ കുടുംബമാണെന്നും, അവിടെ ആന ഉണ്ടായിരുന്നെന്നും, ആനപുറത്ത് പോയാ അമ്മാവന്‍ കല്യാണം കഴിച്ചതെന്നും, എന്തിന്‌, വീട് നില്‍ക്കുന്ന സ്ഥലം മുതല്‍ തെക്കോട്ട് കന്യാകുമാരി വരെ അപ്പുപ്പന്‍റെ സ്വന്തമായിരുന്നെന്നും, നോക്കി നടത്താനുള്ള ബുദ്ധിമുട്ട് കാരണം പാവങ്ങള്‍ക്ക് ഇഷ്ടദാനം കൊടുത്തതായിരുന്നെന്നും ഞാനും നിര്‍ലോഭം തട്ടി വിട്ടിരുന്നു.ഇതിലൊന്നും വിശ്വസിക്കാത്ത ചില അവിശ്വാസികളെ, വീടിനോട് ചേര്‍ന്നുള്ള ഒരു നിലവറയുടെ വാതില്‍ കാണിച്ച്, അതൊരു തുരങ്കമാണെന്നും, ആ തുരങ്കത്തിന്‍റെ മറ്റേ അറ്റം കൃഷ്ണപുരം കൊട്ടാരത്തിലെ കുളത്തിന്‍റെ നടുക്ക് ആണെന്നും, മാര്‍ത്താണ്ഡവര്‍മ്മ ആക്രമിച്ചപ്പോള്‍ ആ കുളത്തില്‍ മുങ്ങിയ കായംകുളം മഹാരാജാവ് ഇവിടെ പൊങ്ങിയാണ്‌ തല തോര്‍ത്തിയതെന്നും, നിലവറയുടെ വാതിലില്‍ ഇരുന്ന് കൃഷ്ണപുരം കൊട്ടാരത്തിലെ കുളത്തില്‍ ചൂണ്ട ഇടുന്നതാണ്‌ അപ്പുപ്പന്‍റെ പ്രധാന ഹോബിയെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ടായിരുന്നു.

ഒടുവില്‍ എന്‍റെ ഗീര്‍വാണത്തില്‍ സഹികെട്ട ഒരു സുഹൃത്ത് അവന്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ പുനര്‍ജന്മമാണെന്നും, കായംകുളം രാജാവിന്‍റെ ബന്ധുക്കളെ എല്ലാവരെയും കൊല്ലുകയാ അവന്‍റെ ജന്മലക്ഷ്‌യം എന്നും പ്രഖ്യാപിച്ചതോടെ എന്‍റെ സൂക്കേടങ്ങ് തീര്‍ന്നു.ഉറക്കത്തില്‍ മധുരസ്വപ്നം കാണുന്നതിനു പകരം കുതിരപ്പുറത്ത് വാളുമായി വരുന്ന അവന്‍റെ മുഖം കണ്ടതോടെ 'ആരാണ്‌ കായംകുളം മഹാരാജാവ്? ശശിയാണോ? അതോ സോമനോ?' എന്നൊക്കെ ചോദിച്ച്, എനിക്കും രാജാവിനും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് വരുത്തി തീര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചു.

ആ സംഭവത്തിനു ശേഷം ആരോടും തറവാടിനെ കുറിച്ച് വിശദീകരിക്കാറില്ലെങ്കിലും, അവിടെ പോകുന്നത് എനിക്ക് വളരെ ഇഷ്ടമായിരുന്നു.ഒരു കൂട്ടുകുടുംബ വ്യവസ്ഥയില്‍ എല്ലാവരും ചേര്‍ന്ന് താമസിക്കുന്ന അവിടെ കുട്ടികള്‍ ധാരാളം ഉണ്ടായിരുന്നു എന്നതാണ്‌ എന്നെ അവിടേക്ക് ആകര്‍ക്ഷിക്കുന്ന മുഖ്യഘടകം.അമ്മാവന്‍റെയും, വല്യമ്മയുടെയും,കുഞ്ഞമ്മയുടെയും സന്താനങ്ങള്‍ക്ക് ഒപ്പം ഞാന്‍ കൂടി ചേരുന്നതോടെ ജീവിതം ആഘോഷിക്കാനുള്ളതായി തീരും.

അവിടുത്തെ എന്‍റെ ജീവിതത്തെ കുറിച്ച് രണ്ട് വാക്ക്..
അമ്മാവന്‍റെ മകനായ രമേഷ് ആണ്‌ തറവാട്ടില്‍ എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്.വീട്ടുകാര്‍ കാണാതെ വീടിനോട് ചേര്‍ന്നുള്ള പാടത്ത് പട്ടം പറപ്പിക്കുന്നതും, അമ്മാവന്‍ കുഴിച്ച് വച്ച ചീനികമ്പ് ഊരി എടുത്ത് ചോട്ടില്‍ ചീനി വന്നോ എന്ന് നോക്കുന്നതും, അമ്മായി തൂത്ത് വൃത്തിയാക്കിയ നടുമുറ്റത്ത് കരിയില കൊണ്ട് അത്തപ്പൂ ഇടുന്നതും ഞങ്ങള്‍ ഒന്നിച്ച് തന്നെ.ഇത് കൂടാതെ മറ്റ് കുട്ടികളെ നാടകം കളിച്ച് കാണിക്കുക എന്നതും ഞങ്ങളുടെ ചുമതലയാണ്.

നാടകത്തിന്‍റെ പേര്..
മഹാനായ അക്ബര്‍ചക്രവര്‍ത്തി.

ഇതില്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ വേഷം എനിക്കാണ്.കൂടെ ബുദ്ധിമാനായ ബീര്‍ബലായി രമേഷും.ചക്രവര്‍ത്തിയുടെ വീരസാഹസികങ്ങള്‍ കാണിക്കാന്‍ അമ്പും വില്ലും വച്ച് കാക്കയെ എയ്യുന്നതും, ശൌര്യം കാണിക്കാന്‍ ഉത്തരവുകള്‍ ഇറക്കുന്നതും, പ്രൌഡി കാണിക്കാന്‍ ബീര്‍ബലിനോട് ആജ്ഞാപിക്കുന്നതും ഞാന്‍ തന്നെ.

അങ്ങനെയുള്ള ഒരു ഞയറാഴ്ച.
അക്ബര്‍ ചക്രവര്‍ത്തിയായി ഞാന്‍ അരങ്ങ് തകര്‍ക്കുകയാണ്.
അപ്പോഴാണ്‌ ഇളയ അമ്മാവന്‍ അങ്ങോട്ടേക്ക് വന്നത്...
ഇദ്ദേഹം പൊതുവേ ശുദ്ധനാണ്, പക്ഷേ ഞങ്ങള്‍ കുട്ടികള്‍ക്ക് അമ്മാവനെ ഒരു ഭയമുണ്ട്.ദേഷ്യം വന്നാല്‍ ഓടിച്ചിട്ട് തല്ലുന്നതും, അല്ലാത്തപ്പോള്‍ കെട്ടിയിട്ട് തല്ലുന്നതും ഇദ്ദേഹത്തിന്‍റെ ഹോബിയാണ്.ആ അമ്മാവനാണ്‌ അക്ബര്‍ ചക്രവര്‍ത്തിയായി വിലസിയിരുന്ന എന്‍റെ മുന്നിലേക്ക് വന്നത്.വന്നപാടെ അദ്ദേഹം മൊഴിഞ്ഞു:

"വെറുതെ വേഷം കെട്ടി നില്‍ക്കാതെ കണ്ടത്തിലെ കളയൊക്കെ ഒന്ന് പറിച്ച് കളഞ്ഞേ"

അമ്മാവന്‍ ഈ വാചകം പറഞ്ഞത് എന്നോടായിരുന്നു, പക്ഷേ പ്രതികരിച്ചത് എന്‍റെ ഉള്ളില്‍ ഉറങ്ങി കിടന്ന മഹാനായ അക്ബര്‍ ചക്രവര്‍ത്തി ആയി പോയി:

"ആരവിടെ! അക്ബറുടെ കണ്ടത്തില്‍ കളയോ? വരട്ടെ രണ്ട് തരുണീമണികള്‍, പറിക്കട്ടെ കള"

കൈവിട്ട ആയുധവും, വാ വിട്ട വാക്കും തിരിച്ച് പിടിക്കാന്‍ പറ്റില്ലാന്ന് കേട്ടിട്ടില്ലേ, അതാ അന്ന് സംഭവിച്ചത്.ഉത്തരവ് ഇറക്കിയ ശേഷം തല ഉയര്‍ത്തിയ അക്ബര്‍ ചക്രവര്‍ത്തി കണ്ടത് കണ്ണും ചുവപ്പിച്ച് നില്‍ക്കുന്ന അമ്മാവനെയാണ്.
'ബീര്‍ബല്‍, നോം ഇനി എന്ത് ചെയ്യും' എന്ന ഭാവത്തില്‍ ഞാന്‍ രമേഷ് നിന്ന ഭാഗത്തേക്ക് നോക്കി..
അത്ഭുതം!!!
അവിടം ശൂന്യമായിരുന്നു!!!

എന്‍റമ്മച്ചിയേ.

"ആജ്ഞാപിക്കാന്‍ നീ ആരാടാ?" അമ്മാവന്‍റെ ഗര്‍ജ്ജനം.
നോം മഹാനായ അക്ബര്‍ ചക്രവര്‍ത്തി.

ദൈവം സഹായിച്ച് ഇങ്ങനൊരു മറുപടി വായില്‍ വന്നില്ല.അതിനാല്‍ പത്ത് അടി കുറച്ച് വാങ്ങി.അന്നത്തെ കോട്ടാ തന്ന് കഴിഞ്ഞ് അമ്മാവന്‍ മനസമാധാനത്തോടെ തിരിച്ച് വീട്ടിലേക്ക് കയറി, ഞാന്‍ കള പറിക്കാന്‍ മോങ്ങി കൊണ്ട് കണ്ടത്തിലേക്കും നടന്നു..
അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച..
ബീര്‍ബലും കൂട്ടരും മാന്യമായി കള പറിക്കുന്നു.
മഹാനായ അക്ബര്‍ ചക്രവര്‍ത്തി മാത്രം ചതിക്കപ്പെട്ടു!!!!

മോങ്ങി കൊണ്ട് വരുന്ന എന്നെ ആശ്വസിപ്പിക്കാന്‍ രമേഷ് തയ്യാറായി:
"ചേട്ടന്‍ വിഷമിക്കരുത്, ചിറ്റപ്പന്‍ സാമൂഹ്യപാഠം പഠിച്ചിട്ടില്ല"
അത് ആദ്യ അടി കൊണ്ടപ്പോള്‍ തന്നെ മനസിലായിരുന്നു!!!

തുടര്‍ന്ന് കള പറിക്കല്‍..
എത്രയോ പൂരത്തിനു അമ്മാവന്‍ പോകുന്നതാ, എന്നിട്ടും അവിടൊന്നും ആന ഇടഞ്ഞില്ലല്ലോന്ന് ചിന്തിച്ച് കൊണ്ടാണ്‌ കള പറിക്കാന്‍ ഇരുന്നത്.ആ മഹാനോടുള്ള വാശി കാരണം മുന്നില്‍ കണ്ടതെല്ലാം പറിച്ചു, അത് കളയാണോ, എള്ളാണോ, നെല്ലാണോ, തെങ്ങാണോ എന്നൊന്നും നോക്കാന്‍ മിനക്കെട്ടില്ല എന്നതാണ്‌ സത്യം.

"ഇന്ന് ഞയറാഴ്ചയാ, അഞ്ച് മണിക്ക് സൂപ്പര്‍മാനുണ്ട്" വല്യമ്മയുടെ മകള്‍ ആണ്‌ ആദ്യം തിരിയിട്ടത്.
"അഞ്ചരക്ക് ജെയിന്‍റ്‌ റോബര്‍ട്ടുണ്ട്" രമേഷന്‍റെ ആത്മഗതം.
"ആറ്‌ മണിക്ക് കോട്ടയം കുഞ്ഞച്ചനുണ്ട്" കുഞ്ഞമ്മയുടെ മകന്‍റെ ഓര്‍മ്മപ്പെടുത്തല്‍.

ഞാന്‍ ഒന്നും കേട്ടതായി ഭാവിച്ചില്ല.

ഈ പറഞ്ഞതൊക്കെ കാണാനായി കുടുംബത്ത് ടീവി ഇല്ല, അതിനു അയല്‍ വീട് തന്നെ ശരണം.അവിടെ പോയി ടീവി കാണണമെങ്കില്‍ അമ്മാവന്‍റെ അനുമതി വേണം.അതിനു ഞാന്‍ വേണം മുന്നിട്ട് ഇറങ്ങാന്‍, ആ ഉദ്ദേശത്തിലാണ്‌ ദൂരദര്‍ശന്‍ കേന്ദ്രം പ്രക്ഷേപണം ചെയ്യുന്ന പരിപാടികള്‍ സഹോദരങ്ങള്‍ എന്‍റെ മുന്നില്‍ വിളമ്പിയത്.

"നമക്ക് കാണാന്‍ പോകേണ്ടേ?" ഒത്തൊരുമയോടുള്ള ചോദ്യം.
"ഞാനില്ല, നിങ്ങള്‍ പോയ്ക്കോ"
കണ്ടത്തിലെ സകലമാന കളയും കളയാതെ അക്ബര്‍ ചക്രവര്‍ത്തിക്ക് ഇനി വിശ്രമമില്ല....
ഇത് സത്യം, സത്യം, സത്യം!!!

കള പറിച്ച് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് നടന്നപ്പോള്‍ വെറുതെ എരുത്തിലില്‍ ഒന്ന് നോക്കി, അവിടെ നന്ദിനി പശു മിസിംഗ്.ചെങ്കല്ലിന്‍റെ നിറമുള്ള നന്ദിനിയെ തേടി ഒരു അന്വേഷണം..
ഒടുവില്‍ കണ്ടു, തെക്കേ തറയുടെ കന്നിമൂലക്ക് ഓര്‍മ്മകള്‍ അയവിറക്കി നില്‍ക്കുന്ന കഥനായിക.മിണ്ടാതെ പിന്നില്‍ ചെന്ന് കയറില്‍ പിടി കൂടീ.വല്യ കയര്‍ അടുത്തുള്ള തെങ്ങില്‍ ചുറ്റി കുരുങ്ങിയതിനാല്‍ ആണ്‌ ആളവിടെ സ്റ്റക്കായത് എന്ന് മനസിലായി.പതിയെ കുരുക്കഴിച്ച് നന്ദിനിയുമായി വീട്ടിലേക്ക്.

എരുത്തിലില്‍ നന്ദിനിയെ കെട്ടി, കൈയ്യും കാലും കഴുകി പതുക്കെ അമ്മയുടെ മുന്നില്‍ ചെന്നു.
"അവരൊക്കെ ടീവി കാണാന്‍ പോയി, നീ പോണില്ലേ?"
ആ ചോദ്യം പൂര്‍ത്തിയാകുന്നതിനു മുന്നേ അയല്‍ പക്കത്തിലേക്ക് ഓടി.

സൂപ്പര്‍മാന്‍, ജെയിന്‍റ്‌ റോബര്‍ട്ട്, കോട്ടയം കുഞ്ഞച്ചന്‍..
ഷോ തകര്‍ക്കുകയാണ്.

കോട്ടയം കുഞ്ഞച്ചനില്‍ ഉപ്പുകണ്ടം ബ്രദേഴ്സ്സിന്‍റെ ഇടി കണ്ട് കൊണ്ടിരുന്നപ്പോള്‍ അതിനു സമാനമായ ഒരു വഴക്കിന്‍റെ ശബ്ദം ചെവിയില്‍ ഒഴുകി വന്നു.ഇതെന്ത്, ഡിജിറ്റല്‍ ഡോള്‍ബിയോന്ന് ചിന്തിച്ച് തല ഉയര്‍ത്തിയപ്പോള്‍ ടീവിയുടെ ഓണര്‍ ഓടിവന്ന് പറഞ്ഞു:

"എടാ മനു, നിന്‍റെ അമ്മാവനെ ദേ അവിടെ തല്ലുന്നു"

ഇത് കേട്ടതും എന്‍റെ ചോര തിളച്ചു.കോട്ടയം കുഞ്ഞച്ചനിലെ മമ്മൂക്കയെ മനസിലേക്ക് ആവാഹിച്ച് സംഭവസ്ഥലത്തേക്ക് കുതിച്ചു.ആള്‍ക്കൂട്ടത്തെ വകഞ്ഞ് മാറ്റുന്ന കൂട്ടത്തില്‍ അലറി ചോദിച്ചു:

"ആരെടാ എന്‍റെ അമ്മാവനെ തല്ലുന്നത്?"

ഇന്‍ഡോര്‍ സ്റ്റേഡിയം പോലെ ചുറ്റി നില്‍ക്കുന്ന കാഴ്ചക്കാരെ മാറ്റി ഗ്രൌണ്ടിലേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച..
ആറടിയും തൊണ്ണൂറു കിലോയുമുള്ള, അയല്‍ വാസിയും പേരുകേട്ട ഗുണ്ടയുമായ വസന്തന്‍, ഇളയ അമ്മാവനെ എയറില്‍ നിര്‍ത്തി ഇടിക്കുന്നു.അമ്മാവന്‍റെ അവസ്ഥയും, വസന്തന്‍റെ മസിലും കണ്ടപ്പോള്‍, ആ നിമിഷം ഞാനൊരു മര്യാദരാമനായി.'ആരെടാ എന്‍റെ അമ്മാവനെ തല്ലുന്നത്' എന്ന ചോദ്യത്തിനു ഞാന്‍ തന്നെ മറുപടി രൂപപ്പെടുത്തി..

'ങ്ഹാ! വസന്തന്‍ ചേട്ടനായിരുന്നോ?'
എന്നാ കുഴപ്പമില്ല.

ഇടി കൊണ്ട് താഴെ വീണ അമ്മാവനെ അളിയന്‍മാര്‍ തൂത്ത് വാരി കൊട്ടയിലാക്കി വീട്ടിലേക്ക് എടുത്തപ്പോള്‍ വസന്തന്‍റെ വക ഭീഷണി വീണ്ടും:

"ഇനി ഇമ്മാതിരി ചെറ്റത്തരം കാണിച്ചാല്‍ നിന്നെ വച്ചേക്കില്ല"

എന്ത് പറ്റി??
എന്താ കാര്യം??

അതിനു മറുപടിയായി അമ്മാവന്‍ ഇങ്ങനെ പറഞ്ഞു:

"നമ്മടെ നന്ദിനിയെയും കൊണ്ട് ഞാന്‍ ബ്ലോക്കില്‍ പോയപ്പോള്‍, ആരോ വസന്തന്‍റെ പശുവിനെ കൊണ്ട് വന്ന് നമ്മുടെ എരുത്തിലില്‍ കെട്ടി.അത് ഞാനാണെന്ന് പറഞ്ഞാ അവന്‍ തല്ലിയത്"

കര്‍ത്താവേ!!!!!
അത് നന്ദിനി അല്ലായിരുന്നോ??

മരുമക്കത്തായം നിലവില്‍ ഇല്ലാത്ത ആ കാലഘട്ടത്തില്‍, അനിന്തരവനു പാഴ്സലായി കിട്ടേണ്ട ഇടി ഒന്നൊഴിയാതെ വാങ്ങി കൂട്ടിയ അമ്മാവനെ കണ്ടപ്പോള്‍ കഷ്ടം തോന്നി, സത്യം ലോകത്തോട് വിളിച്ച് പറഞ്ഞാലോന്ന് ആലോചിച്ചു.എന്നാല്‍ 'സത്യമായും നന്ദിനി പശുവാണെന്ന് കരുതിയാ ഞാനതിനെ എരുത്തിലില്‍ കെട്ടിയത്, അല്ലാതെ വസന്തന്‍ അമ്മാവനെ തല്ലണമെന്ന് യാതൊരു ഉദ്ദേശവും എനിക്കില്ലായിരുന്നു' എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് എന്‍റെ മനസ്സ് പറഞ്ഞു.അതിനാല്‍ ഒന്നും മിണ്ടാതെ അവിടുന്ന് സ്ക്കൂട്ടായി..

അന്ന് അത്താഴത്തിനു ഇരുന്നപ്പോഴും അമ്മാവന്‍റെ ആത്മഗതം കേട്ടു:
"ശെടാ, എന്നാലും അതാരാ അങ്ങനെ ചെയ്തത്?"
അമ്മാവാ, അത് നോം ആയിരുന്നു..
മഹാനായ അക്ബര്‍ചക്രവര്‍ത്തി.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com