For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു



ഏപ്രില്‍ മാസമായാല്‍ ഞങ്ങള്‍ നാട്ടുകാര്‍ക്ക് മനസിനകത്തൊരു തരിതരിപ്പും, ചങ്കിനകത്തൊരു പിടപിടപ്പുമാണ്.എന്താ കാരണമെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു, ഞങ്ങളുടെ ഗ്രാമത്തിന്‍റെ ഐശ്വര്യമായ ദേവീക്ഷേത്രത്തിലെ ഉത്സവം, പത്താമുദയ മഹോത്സവം.അതോടു കൂടി ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ തമ്പടിച്ചിരിക്കുന്ന നാട്ടുകാര്‍ കൂട്ടത്തോടെ നാട്ടിലേക്ക് വരികയായി...
പണ്ടൊരു ഉത്സവത്തിനു കൂമ്പിനു ഇടി കൊണ്ട് കുമളിക്ക് പോയ കുമാരന്‍..
പിന്നീടൊരു ഉത്സവത്തിനു കറുപ്പടിച്ച് കാശിക്ക് പോയ കുറുപ്പണ്ണന്‍..
കള്ളുകുടിച്ച് ഫിറ്റായപ്പോള്‍ തെങ്ങാണെന്ന് കരുതി ആനക്കാലില്‍ വലിഞ്ഞ് കയറി എന്ന ഒറ്റക്കാരണത്താല്‍ പട്ടാളത്തില്‍ ചേര്‍ന്ന പങ്കജാക്ഷന്‍...
എന്നിങ്ങനെ നാട്ടില്‍ പണ്ട് ഉണ്ടായിരുന്ന സകല കാല്‌ പിറപ്പുകളും പത്താമുദയത്തിനു നാട്ടിലെത്തും.

തുടര്‍ന്ന് അവര്‍ ഫോണെടുത്ത് അതു വരെ ലാന്‍ഡ് ചെയ്യാത്തവരെ വിളിക്കും.അങ്ങനെ കഴിഞ്ഞ ഏപ്രില്‍ ഇരുപതിനു, ബാംഗ്ലൂരില്‍ വിഹരിച്ച് കൊണ്ടിരുന്ന എനിക്കൊരു ഫോണ്‍ വന്നു, ഒരു മുടിഞ്ഞ ഫോണ്‍...
"എടാ മനു ഇത് ഞാനാ, കുരാമന്‍"
"കുരാമനോ?"
"അല്ലെടാ, കുമാരന്‍"
ഒന്ന് നിര്‍ത്തിയട്ട് അദ്ദേഹം ചോദിച്ചു:
"നീ എന്നാ വരുന്നേ?"
ലീവിനു അപ്ലിക്കേഷന്‍ പോലും കൊടുത്തില്ലെങ്കിലും ധൈര്യമായി വച്ച് കാച്ചി:
"പത്താമുദയം ഇരുപത്തി മൂന്നിനല്ലേ, ഞാന്‍ ഇരുപത്തി രണ്ടിനെത്തും"
"വരണം, നമുക്ക് ഉത്സവം ഉജ്ജ്വലമാക്കണം" കുമാരന്‍.
"ഏറ്റണ്ണാ, നമുക്ക് ഉജ്ജ്വലമാക്കിയേക്കാം"
ഇതൊരു അറം പറ്റിയ വാക്കാകുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും നിനച്ചിരുന്നില്ല..
കാരണം ആ ഉത്സവം എനിക്ക് ഉജ്ജ്വലമായിരുന്നു!!!

ദിവസം: ഏപ്രില്‍ ഇരുപത്തി ഒന്ന്.
സമയം: ഉച്ച കഴിഞ്ഞ് മൂന്ന് മണി.
സ്ഥലം: ബോസിന്‍റെ ക്യാബിന്‍.

കൈയ്യില്‍ മൌസ്സും, വായില്‍ പഫ്സ്സും, തലയില്‍ നൊസ്സുമായി, എന്‍റെ ബോസ്സ് വിശ്രമിക്കുന്ന ആ ക്യാബിനിലേക്ക് ഞാന്‍ ഓടി കുതിച്ചെത്തി.എന്‍റെ വരവും, മുഖത്തെ വിഭ്രാന്തിയും, കണ്ണിലെ ദൈന്യതയും ബോസിനെ തളര്‍ത്തി..
"എന്താ മനു, എന്ത് പറ്റി?"
"സാര്‍, എനിക്ക് നാട്ടില്‍ പോകണം, എന്‍റെ അപ്പുപ്പന്‍ മരിച്ചു"
ബോസിന്‍റെ മുഖത്ത് എന്ത് പറയണം എന്ന് അറിയാത്ത ഭാവം.തുടര്‍ന്ന് അദ്ദേഹത്തിന്‍റെ വക എനിക്കൊരു ഔദാര്യം:
"മനു പെട്ടന്ന് പോയ്ക്കൊള്ളു"
കേട്ടപാതി പുറത്തേക്ക് ഓടി, സിസ്റ്റം ഷട്ട് ഡൌണ്‍ ചെയ്ത് ബൈക്ക് സ്റ്റാന്‍ഡിലെത്തി വണ്ടി എടുത്ത് സ്റ്റാര്‍ട്ട് ചെയ്തതും ദുഃഖവാര്‍ത്തയറിഞ്ഞ് സഹപ്രവര്‍ത്തകയായ ശാലിനി അവിടെ ഓടിയെത്തി.സ്വരത്തില്‍ പരമാവധി സങ്കടം നിറച്ച് അവള്‍ ചോദിച്ചു:
"എങ്ങനാ അപ്പുപ്പന്‍ മരിച്ചത്?"
"ഹാര്‍ട്ട് അറ്റാക്കായിരുന്നു"
"എപ്പോഴാ സംഭവം?"
"മുപ്പത്തി രണ്ട് വര്‍ഷം മുമ്പുള്ള ഒരു ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക്"
എന്ത്???
അന്തം വിട്ട് നിന്ന അവളെ കണ്ടില്ലെന്ന് നടിച്ചു കൊണ്ട് ബൈക്കില്‍ വീട്ടിലേക്ക്...
അവിടുന്ന് തുണിയും മണിയും വാരികെട്ടി ബസ്സ്റ്റോപ്പിലേക്ക്..
തുടര്‍ന്ന് ബസ്സില്‍ നാട്ടിലേക്ക്..

ഒരു കാല്‌പിറപ്പ് കൂടി പത്താമുദയത്തിനു വരുന്നു...
എല്ലാവരെയും പോലെ എനിക്കും ഒരേ ഒരു ആഗ്രഹം മാത്രം..
ഉത്സവം ഉജ്ജ്വലമാക്കണം!!!

അങ്ങനെ ഏപ്രില്‍ 22നു ഞാന്‍ കായംകുളം ബസ്സ്റ്റാന്‍ഡില്‍ ലാന്‍ഡ് ചെയ്തു.കൃത്യം ഈ സമയത്ത് അമ്പലഗ്രൌണ്ടിനു മുകളില്‍ ഒരു വെട്ടുകിളി വട്ടമിട്ട് പറന്നു എന്ന് വാസുവണ്ണന്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്തിരുന്നു.അത് പിന്നെ അങ്ങനെയാ, മഹാന്‍മാര്‍ വരുമ്പോള്‍ വല്ലതുമൊക്കെ സംഭവിക്കും!!

ഇനി ഉത്സവം.
നോട്ടീസ് പ്രകാരം പ്രധാന പരിപാടികള്‍..
നിര്‍മ്മാല്യം, ഭാഗവതപാരായണം, ഊരുവലത്ത്, കെട്ടുകാഴ്ച, ദീപാരാധന, സേവ, ഗാനമേള, എഴുന്നെള്ളിപ്പ്.ഇതില്‍ നിര്‍മ്മാല്യവും, ദീപാരാധനയും, എഴുന്നെള്ളിപ്പും സ്ത്രീജനങ്ങളുടെ ഇഷ്ട പരിപാടികളാണ്.ഭാഗവതം വായിക്കാന്‍ അറിയാവുന്നവര്‍ സൌകര്യാര്‍ത്ഥം അന്നേ ദിവസം ഇടവിട്ട് വായിച്ചു കൊണ്ടിരിക്കും.ദീപാരാധനക്ക് ശേഷം ദേവിയെ എഴുന്നെള്ളിച്ചിരുത്തി നാദസ്വരവും, തകിലും വായിക്കുന്ന 'സേവ' എന്ന ക്ഷേത്രാചാരം പ്രായമായവരാണ്‌ ആസ്വദിക്കുന്നത്.

ഇനി എന്‍റെയും സുഹൃത്തുക്കളുടെയും വിശ്വാസപ്രകാരം ഉത്സവം എന്നാല്‍ ഊരുവലത്തും, കെട്ടുകാഴ്ചയും, ഗാനമേളയും മാത്രമാണ്.ഇതിനു കാരണമുണ്ട്, ഞങ്ങള്‍ക്ക് ചെത്താന്‍ പറ്റുന്നത് ഈ അവസരത്തില്‍ മാത്രമാണ്.ഗാനമേളക്ക് സ്റ്റേജിനു മുമ്പില്‍ നിന്ന് ഡാന്‍സ് കളിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമുള്ളതിനാല്‍ ഗാനമേളയുടെ നടത്തിപ്പ് സമതിയില്‍ ഞാന്‍ ആക്റ്റീവല്ല, ആ ജോലി കുമാരന്‍റെതാണ്.

ഇനി കെട്ടുകാഴ്ച..
ഇത് രണ്ട് തരമാണ്.ഒന്ന്, ദിവസങ്ങളോളം പിരിവെടുത്ത് കരക്കാര്‍ അണിയിച്ചൊരുക്കി കൊണ്ട് വരുന്ന കുതിരയും തേരും വിവിധ പ്ലോട്ടുകളും അടങ്ങിയത്.രണ്ട്, ഈ കെട്ടുകാഴ്ച കാണാന്‍ ബ്യൂട്ടീപാര്‍ലറില്‍ നിന്ന് അണിഞ്ഞൊരുങ്ങി വന്ന് നിലയുറപ്പിക്കുന്ന കൊച്ചമ്മമാരുടെ വിവിധ പോസുകള്‍ അടങ്ങിയത്.ഒരു മാന്യനായതിനാലാവാം, രണ്ട് തരം കെട്ടുകാഴ്ചകളും ആസ്വദിക്കുന്നത് എനിക്ക് ഇഷ്ടമാണ്.അതിനാല്‍ തന്നെ കെട്ടുകാഴ്ചയുടെ നടത്തിപ്പ് സമതിയിലും ഞാന്‍ ആക്റ്റീവല്ല, ആ ജോലി കുറുപ്പിന്‍റെയാണ്.

ഇനി ഊരുവലത്ത് എന്ന ചടങ്ങിനെ കുറിച്ച് രണ്ട് വാക്ക്..
ഞങ്ങളുടെ ദേവിക്ഷേത്രത്തിനു നാല്‌ കരകളാണ്‌ ഉള്ളത്, തെക്കേക്കര, വടക്കേക്കര, കിഴക്കേക്കര, പടിഞ്ഞാറേക്കര.ഈ ഒരോ കരയുടെയും പ്രത്യേകത പറയുകയാണെങ്കില്‍ കിഴക്കേക്കരക്കാര്‍ ഒരു കാരണവുമില്ലാതെ ഇടി തരുന്നവരാണ്.തെക്കേക്കരക്കാര്‍ കാരണം ഉണ്ടാക്കി ഇടി തരുന്നവരാണ്.പടിഞ്ഞാറേകരക്കാര്‍ ഇടിച്ച ശേഷം കാരണം ഉണ്ടാക്കുന്നവരാണ്.വടക്കേക്കരക്കാരാണെങ്കില്‍ കാരണമുണ്ടെങ്കിലേ ഇടിക്കു എന്ന് ഒരു നിര്‍ബന്ധ ബുദ്ധിയും ഇല്ലാത്തവരാണ്.ഇങ്ങനെ അടി കിട്ടാന്‍ മാക്സിമം ചാന്‍സുള്ള ഈ കരകളുടെ അതിര്‍ത്തിയില്‍ കൂടി അമ്പലത്തിലെ തിരുമേനിയും, കൂടെ ദേവിയുടെ ഉടവാള്‍ പിടിച്ച ഒരു കുട്ടിയും കൂടി നെറ്റിപട്ടം കെട്ടിയ ആനപുറത്ത് കേറി നാട് മൊത്തം ചുറ്റുന്ന ചടങ്ങാണ്‌ ഊരുവലത്ത്.നാട്ടില്‍ അലഞ്ഞ് നടക്കുന്ന ഭൂത പ്രേതാതികളെ ആവാഹിച്ച് ക്ഷേത്രത്തില്‍ എത്തിക്കുന്നതായോ മറ്റോ ആണ്‌ ഐതിഹം.

ഈ ചടങ്ങിന്‍റെ സംഘാടക ചുമതല എനിക്കാണ്.
ഇത് വല്യ ടെന്‍ഷനുള്ള പണിയൊന്നുമല്ല, ഒരു ആന വേണം, അത് ദേവസ്വം ഓഫീസീന്നു കിട്ടും.ദേവീവിഗ്രഹവുമായി ആനപ്പുറത്തിരിക്കാന്‍ തിരുമേനിയുണ്ട്.ഉടവാള്‍ പിടിച്ച് ആനപ്പുറത്തിരിക്കാന്‍ ഒരു പയ്യന്‍ നേരത്തെ നേര്‍ന്നിട്ടുണ്ട്.മേളക്കാര്‍ ഉത്സവത്തിനു വരുന്ന മേളക്കാര്‍ തന്നെ ആയിരിക്കും.പിന്നെ ആനയുടെ മുന്നില്‍ കുത്തുവിളക്ക് പിടിച്ച് നടക്കാന്‍ ഐസ്ക്രീം വാങ്ങി തരാമെന്ന് പ്രലോഭിപ്പിച്ച് ഒരുത്തനെ ഞാന്‍ ശരിയാക്കി വച്ചിട്ടുണ്ട്.എന്‍റെ കൂടെ കുമാരനും കുറുപ്പും കാണും, ആകെയുള്ള ബുദ്ധിമുട്ട് കാവികൈലിയും ഉടുത്ത്, കാവി തോര്‍ത്ത് തോളിലുമിട്ട്, മുറിക്കി ചുവപ്പിച്ച്, എല്ലാം ഞാനാണ്‌ നടത്തുന്നത് എന്ന മട്ടില്‍ ഗ്രാമത്തെ ചുറ്റി ഒരു പന്ത്രണ്ട് കിലോമീറ്റര്‍ നടക്കണം എന്നത് മാത്രമാണ്.

ഉത്സവത്തിന്‍റെ തലേ ദിവസം ഉച്ച സമയം..
കരപ്രമാണിമാരും സംഘാടകരുമായുള്ള ഫൈനല്‍ മീറ്റിംഗ്..
"മനുവിനല്ലേ ഊരുവലത്തിന്‍റെ ചുമതല"
"അതേ"
"ഒറ്റക്ക് നടത്താമോ, അതോ സഹായത്തിനു ആരെങ്കിലും വേണോ?"
ആ ചോദ്യം എന്നെ ഒന്ന് ചൊടിപ്പിച്ചു, ഞാന്‍ വെട്ടി തുറന്ന് പറഞ്ഞു:
"ഞാനിത് ആദ്യമായല്ല"
അതോടെ കരപ്രമാണിമാരുടെ നാവടഞ്ഞു, അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു:
"ഊരുവലത്ത് ഉജ്ജ്വലമാക്കണം"
ഏറ്റു!!!

അങ്ങനെ ഊരുവലത്ത് നടത്തുന്നതിനാവശ്യമായ തുകയും കൈപറ്റി, ഉത്സവത്തലേന്ന് അമ്പലപ്പറമ്പില്‍ ഒരു വിശ്രമം.അമ്പലത്തില്‍ തൊഴുതു തിരിച്ച് വരുന്ന ബാല്യകാല സഖി സേതുവും, അവളുടെ പച്ചപരിഷ്ക്കാരി കെട്ടിയോനും ഒരു ഹായ്.തുടര്‍ന്ന് സേതു വീട്ടിലേക്ക് പോയപ്പോള്‍ അവളുടെ കെട്ടിയോന്‍ ശ്രാവണ്‍ ചോദിച്ചു:
"ഉത്സവമായി വെള്ളമടി ഒന്നുമില്ലേ?"
"പിന്നേ, അതെല്ലാം നാളെ ദീപാരാധന കഴിഞ്ഞ് മാത്രം"
"ഇവിടതൊക്കെ പബ്ലിക്കാണല്ലേ?"
ശ്രാവണ്‍ എന്താ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല, ഞാന്‍ തിരികെ ചോദിച്ചു:
"അതെന്താ അങ്ങനെ ചോദിച്ചത്?"
"അല്ല, നോട്ടീസില്‍ കണ്ടായിരുന്നു"
കര്‍ത്താവേ!!!!
ഉത്സവ കമ്മറ്റി നോട്ടീസില്‍ വെള്ളമടിയെ പറ്റിയോ??
ഈ അമ്പരപ്പ് എന്‍റെ ചോദ്യത്തില്‍ വ്യക്തമായിരുന്നു:
"നോട്ടീസില്‍ എന്ത് കണ്ടെന്നാ?"
മറുപടിയായി നോട്ടീസിലെ ഒരു വരി അവന്‍ എന്നെ ചൂണ്ടി കാട്ടി...
ദീപാരാധനക്ക് ശേഷം സേവ ഉണ്ടായിരിക്കുന്നതാണ്!!!!
പഹയന്‍!!
ക്ഷേത്ര ആചാര ചടങ്ങായ 'സേവയെ' വെറും സേവ ആക്കിയ ഇവന്‍റെ കൂമ്പിനു ചവിട്ടണോ, കരണത്തടിക്കണോ, അതോ തന്തക്ക് വിളിക്കണോന്ന് ആലോചിച്ച് നിന്ന സമയത്ത് കുമാരന്‍ അവിടേക്ക് ഓടിവന്നു, അതും ഒരു ഞെട്ടിക്കുന്ന വാര്‍ത്തയുമായി..

"മനു നീ അറിഞ്ഞോ?"
"എന്താ?"
"ദേവസ്വത്തില്‍ നിന്ന് അലോട്ട് ചെയ്ത ആനക്ക് മദമിളകി, അത് നാളെ വരില്ല"
ഭഗവതി!!!!!!!!
ഇനി എന്ത് ചെയ്യും???
എനിക്ക് തല കറങ്ങുന്ന പോലെ തോന്നി.കാരണം ഊരുവലത്ത് പൂര്‍ണ്ണമായും ഞാന്‍ ഏറ്റതാണ്, ഇനി അത് നടത്തേണ്ട ചുമതല എനിക്കാണ്.ആനയില്ലാതെ നടത്താനും പറ്റില്ല.

ഒടുവില്‍ നേരെ ദേവസ്വം ഓഫീസിലേക്ക് ഫോണ്‍ ചെയ്തു:
"അതേ, ഞങ്ങടെ അമ്പലത്തിലേക്ക് അലോട്ട് ചെയ്ത ആനക്ക് മദമിളകി"
"അതിന്?"
"നാളത്തേക്ക് മദമിളകാത്ത ഒരു ആനയെ തരാമോ?"
"പിന്നെന്താ മോനൊരു സൈക്കിളുമായി വാ, ആനയെ കവറിലിട്ട് തരാം"
ആക്കിയതാ!!!
ഉറപ്പിനു വീണ്ടും ചോദിച്ചു:
"ദേവസ്വം ഓഫീസല്ലേ?"
"അല്ലെടാ കഴുവേറി, ഇത് പോലീസ് സ്റ്റേഷനാ"
ഉജ്ജ്വലമായി!!!!

വീണ്ടും ഫോണ്‍ കുത്തി..
"ഹലോ ദേവസ്വം ഓഫീസല്ലേ?"
"അതേ"
"ആനയുണ്ടോ?"
"ഭാസ്ക്കരന്‍ സാറിനെയാണോ ഉദ്ദേശിച്ചത്?"
"അയ്യോ അല്ല, മദമിളകാത്ത ആനയുണ്ടോ?"
"പവിത്രന്‍ സാറ്‌ പുറത്ത് പോയേക്കുവാ"
ശെടാ!!!
എനിക്കാകെ ദേഷ്യം വന്നു, ഞാന്‍ ചൂടായി ചോദിച്ചു:
"ആരാടോ ഈ ഭാസ്ക്കരനും പവിത്രനും?"
"അവരൊക്കെ വലിയ താപ്പാനകളാ"
അയ്യേ!!!!
ഒടുവില്‍ ഞാന്‍ സത്യം ബോധിപ്പിച്ചു.ഭാസ്ക്കരനെയും പവിത്രനെയും പോലുള്ള താപ്പാനകളെ വേണ്ടാ എന്നും, എനിക്ക് വേണ്ടത് കരയിലെ വലിയ ജീവിയായ ആനയെ ആണെന്നും പറഞ്ഞപ്പോള്‍ അദ്ദേഹം സത്യം ബോധിപ്പിച്ചു:
"നാളത്തേക്ക് ആനയില്ല, മറ്റേന്നാള്‍ വേണേല്‍ തരാം"
എന്നാത്തിനാ??
പുഴുങ്ങി തിന്നാനോ??

ഓടി കരപ്രമാണിമാരുടെ അടുത്ത് ചെന്നു..
"എന്താ മനു?"
"ഉത്സവം നാളെ തന്നെ നടത്തണോ?"
"എന്താ?"
"അല്ല, ഊരുവലത്ത് മറ്റേന്നാള്‍ നടത്തിയാല്‍ പ്രശ്നമുണ്ടോ?"
"എങ്ങനെ?"
"അതേ ആനയില്ല, നാളെ ചിലപ്പോഴേ ഊരുവലത്ത് നടത്താന്‍ പറ്റുകയുള്ളു"
അതിനു കരപ്രമാണിമാര്‍ ഒറ്റക്കെട്ടായി മറുപടി നല്‍കി:
"നാളെ ഊരുവലത്ത് നടത്തിയില്ലെങ്കില്‍ നിന്നെ ഞങ്ങള്‍ കെട്ടുകാഴ്ചക്ക് ഗരുഡന്‍ തൂക്കം തൂക്കും"
ഉജ്ജ്വലമായി!!!!

ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു കാഴ്ച കാണാം..
അമ്പലക്കുളത്തിനരികില്‍ നീണ്ട് നിവര്‍ന്ന് കിടക്കുന്ന ഒരു രൂപം, സമീപം വീശി കൊണ്ടിരിക്കുന്ന വേറെ രണ്ട് രൂപങ്ങള്‍.ആ നീണ്ട് നിവര്‍ന്ന് കിടക്കുന്നത് ഞാനാ, വീശി കൊണ്ടിരിക്കുന്നത് കുമാരനും കുറുപ്പും.
"ഇനി എന്നാ ചെയ്യുമെടാ?" എന്‍റെ സ്വരം ചിലമ്പിച്ചിരുന്നു.
"ഒരു വഴിയുണ്ട്, പ്രൈവറ്റ് ആനയെ വരുത്തണം, കാശാകും" കുമാരന്‍റെ മറുപടി.
കാശ് എനിക്ക് പ്രശനമല്ലായിരുന്നു, എനിക്ക് വേണ്ടത് ആനയെ ആയിരുന്നു.അങ്ങനെ കുമാരന്‍റെ ഉപദേശപ്രകാരം അവന്‍ തന്ന നമ്പരിലേക്ക് ഞാന്‍ വിളിച്ചു:
"ഹലോ കൊടുമണ്‍ മത്തായി സ്പീക്കിംഗ്"
"മത്തായി ചേട്ടാ, വീട്ടില്‍ ആനയുണ്ടോ?"
"ആനയുണ്ടോന്നോ?"
ഈ ചോദ്യത്തെ തുടര്‍ന്ന് ഒരു പൊട്ടിച്ചിരി ശബ്ദം, അതിനു ഒടുവില്‍ വീണ്ടും അങ്ങേരുടെ ശബ്ദം:
"എന്നെ നാട്ടുകാര്‌ വിളിക്കുന്നത് തന്നെ ആനമത്തായി എന്നാണ്"
അത് നന്നായി!!
തുടര്‍ന്ന് ആവശ്യം പറഞ്ഞു.രാവിലെ എട്ട് മണിക്ക് ആനയെ ലോറിയില്‍ എത്തിക്കാമെന്ന് ആനമത്തായി ഏറ്റു.ഒമ്പത് മണിക്കത്തെ ഊരുവലത്തിനു ആന ഒത്തു എന്ന സന്തോഷത്തില്‍ വീട്ടിലേക്ക് നടന്നപ്പോള്‍ കുമാരന്‍ വിളിച്ചു പറഞ്ഞു:
"ഊര്‌ വലത്തു ഉജ്ജ്വലമാക്കണം"
ഏറ്റു!!!

പിറ്റേന്ന് പ്രഭാതം.
രാവിലെ കുളിച്ചൊരുങ്ങി അമ്പലത്തില്‍ തൊഴുത്, തിരിച്ച് വന്നു ഭക്ഷണം കഴിച്ചു, കാവികൈലിയും തോര്‍ത്തുമിട്ട് ഞാന്‍ ഒരുങ്ങി വീട്ടില്‍ തന്നെ നിന്നു.എട്ട് മണിയായി, ആന വന്നില്ല.എട്ടരയായി, ആന വന്നില്ല.എട്ടേ മുക്കാലായി ആന വന്നില്ല.ഒമ്പതായി, ആന വന്നില്ല.
കര്‍ത്താവേ!!!
ഗരുഡന്‍ തൂക്കം!!!
ഞെട്ടി നിന്ന എന്‍റെ അടുത്തേക്ക് കുറുപ്പ് ഓടി വന്നു...
"അളിയാ"
"എന്താടാ?"
"ആന വന്നു"
ഈശ്വരോ, രക്ഷതു!!!
"പക്ഷേ..."
"എന്താ കുറുപ്പേ, ഒരു പക്ഷേ...?"
"അളിയന്‍ അങ്ങോട്ട് വാ, അപ്പോ മനസിലാകും"
ഈശ്വരാ, ഇതെന്ത് കുരിശെന്ന് ആലോചിച്ച് കൊണ്ട് ഞാന്‍ അമ്പലത്തിലേക്ക് ഓടി..

അവിടെ കണ്ട് കാഴ്ച..
അവിടെ ഒരു ആന നില്‍പ്പുണ്ട്, പക്ഷേ അതിനു വാലില്ല, അതേ പോലെ കൊമ്പും ഇല്ല!!
അതിന്‍റെ അടുത്ത് നിന്ന പാപ്പാനോട് ഞാന്‍ അമ്പരന്ന് ചോദിച്ചു:
"എന്താ ഇത്?"
"ഇതാ ആന"
ഓഹോ, ഇതാണോ ആന??
അതെനിക്ക് അറിയില്ലായിരുന്നു!!
പിന്നല്ല, കൊമ്പും വാലും ഇല്ലാത്തത് എന്താ എന്ന ചോദ്യത്തിനുള്ള മറുപടി കേട്ടില്ലേ??
ആനയാണ്‌ പോലും!!
"ചേട്ടാ, ആനയുടെ കൊമ്പ് എന്തിയേ?"
"പിടിയാനക്ക് കൊമ്പില്ല"
ആ മറുപടി എന്‍റെ സപ്തനാഡികളെയും തളര്‍ത്തി.കാരണം ഇത്രയും നാളും കൊമ്പനാന പുറത്താണ്‌ ഊരുവലത്തിനു പോയികൊണ്ടിരുന്നത്.പിടിയാന ആണെന്ന് അറിഞ്ഞാല്‍ നാട്ടുകാര്‍ കൈ വയ്ക്കാന്‍ ചാന്‍സുണ്ട്.ഞെട്ടി നില്‍ക്കുന്ന എന്നെ നോക്കി പാപ്പാന്‍ വീണ്ടും പറഞ്ഞു:
"ഞാന്‍ പറഞ്ഞത് സത്യമാ, പിടിയാനക്ക് കൊമ്പില്ല"
തികട്ടി വന്ന ദേഷ്യം കടിച്ചമര്‍ത്തിയപ്പോള്‍ അറിയാതെ ഒരു ആത്മഗതം ജന്മം കൊണ്ടു:
"അപ്പോ പിടിയാന ആണല്ലേ?"
അതിനും പാപ്പാനു വ്യക്തമായ മറുപടി ഉണ്ടായിരുന്നു:
"പിടിയാന ആണല്ല, പെണ്ണാണ്"
ഉജ്ജ്വലമായി!!!

സംഭവത്തിന്‍റെ ഗുരുതരാവസ്ഥ കണ്ടപ്പോഴേ കൂട്ടുകാരൊക്കെ മുങ്ങി.ഞാനും, തിരുമേനിയും, വാള്‍ എടുക്കുന്ന കുട്ടിയും, വിളക്ക് എടുക്കുന്ന പയ്യനും, മേളക്കാരും, ആനയും, പാപ്പാനും മാത്രം ബാക്കി ആയി.ഒടുവില്‍ എഴുന്നെള്ളിക്കാന്‍ തീരുമാനിച്ചു.അങ്ങനെ ആനക്ക് നെറ്റിപട്ടം കെട്ടി, തിരുമേനിയേയും വാള്‍ എടുക്കുന്ന കുട്ടിയേയും മുകളിലിരുത്തി, വിളക്കെടുക്കുന്ന പയ്യനേയും മേളക്കാരെയും മുന്നില്‍ നിര്‍ത്തി, എല്ലാവര്‍ക്കും സൈഡിലായി ഞാനും നടന്ന് കൊണ്ട് ഊരുവലത്ത് ആരംഭിച്ചു.

കിഴക്കോട്ട് നടന്ന്, കിഴക്കേ കരയുടെ അതിര്‍ത്തിയിലേത്തി, അതിലേ തെക്കോട്ട് നടന്ന്, തെക്കേക്കരയുടെ അതിര്‍ത്തിയിലൂടെ പടിഞ്ഞാട്ട് നടന്ന്, പടിഞ്ഞാറേക്കരയുടെ അതിര്‍ത്തിയിലൂടെ വടക്കോട്ട് നടന്ന്, വടക്കേ കരയുടെ അതിര്‍ത്തിയിലൂടെ കിഴക്കോട്ട് നടന്ന് കിഴക്കേ കരയുടെ അതിര്‍ത്തിയില്‍ എത്തുക, തുടര്‍ന്ന് തിരികെ അമ്പലത്തിലേക്ക്, ഇതാണ്‌ ഊരുവലത്തിന്‍റെ റൂട്ട്.
ആകെ പന്ത്രണ്ട് കിലോമീറ്റര്‍!!
ഈ പോകുന്ന വഴിയിലെല്ലാം ആ കരകളിലെ ആളുകള്‍ തൊഴാനായി ഇറങ്ങി നില്‍ക്കും.ഇക്കുറി അങ്ങനെ ഇറങ്ങി നിന്നവര്‍ക്കെല്ലാം ആനയെ കണ്ടതോടെ ഒരു വല്ലായ്മ.

ആദ്യത്തെ ചോദ്യം കിഴക്കേക്കരയിലെ രവിയണ്ണന്‍റെ വകയായിരുന്നു..
"മനു, എന്താടാ ഒരു വശപ്പിശക്?"
"അണ്ണാ, ഇത് പിടിയാനയാ"
"ഹും! നിനക്ക് പെണ്ണുങ്ങളെ കാണുമ്പോള്‍ ഹാലിളകും എന്നറിയാം, എന്നാലും ഒരു പിടിയാനയേ...!!!!"
ഈശ്വരാ..
ആദ്യത്തെ ചോദ്യം ഉജ്ജ്വലമായി!!

മൌനം ആചരിക്കുന്നതും, സത്യസന്ധതയും എനിക്ക് പണിയാകുമെന്ന് അതോടെ ഉറപ്പായി.വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്ന രീതിയില്‍ വച്ച് കാച്ചാന്‍ തീരുമാനിച്ചു.ചോദ്യങ്ങള്‍ തുടരുകയായി..

"മനുവേ, ഇതിന്‍റെ വാലെന്തിയേ?"
"അത് ആന അകത്തേക്ക് വലിച്ച് പിടിച്ചിരിക്കുവാ"
"അതെന്നാത്തിനാ?"
"അപ്പോ തുമ്പിക്കൈയ്ക്ക് നീളം കൂടും പോലും"
ഓഹോ!!

"മനുവേ, ഇതിന്‍റെ കൊമ്പെന്തിയേ?"
"അലക്കാന്‍ കൊടുത്തു"
"എന്തിന്?"
"ഒന്ന് വെളുക്കാന്‍"
"അയ്യോ, ഞാന്‍ ആദ്യമായി കേള്‍ക്കുവാ"
"എന്ത്? അലക്കിയാ വെളുക്കുമെന്നോ?"
"അല്ല, ആനകൊമ്പ് അലക്കുമെന്ന്"
കലികാലം കലികാലം!!!

"അല്ല മനു, ഇത് പെണ്ണാന അല്ലിയോ?"
"അതിനെന്താ?"
"പെണ്ണാനയുടെ പുറത്താണോ എഴുന്നെള്ളിക്കുന്നത്"
"അതേ, ദേവിയും പെണ്ണല്ലേ?"
"അതും ശരിയാ"
അതാ ശരി!!!

പടിഞ്ഞാറേ കരയില്‍ എത്തിയപ്പോഴാണ്‌ വാസുവണ്ണന്‍ അടിച്ച് പാമ്പായി മുന്നില്‍ വന്നത്.ആനപ്പുറത്ത് ദേവിയെ ഇരുത്തി വരുന്നത് കണ്ടപ്പോഴേ അണ്ണന്‍ സാഷ്ടാംഗം നമസ്ക്കരിച്ചു.
"അമ്മേ മഹാമായേ"
തുടര്‍ന്ന് എന്നോട് ചോദിച്ചു:
"ഏതാ ഈ ആന?"
"കൊടുമണ്ണില്‍ ഉള്ളതാ"
"എന്താ ഇതിന്‍റെ പേര്?"
"കാതറിന്‍"
"അപ്പോ ക്രിസ്ത്യാനിയാ അല്ലേ?"
ആന ക്രിസ്ത്യാനി ആണോന്ന്??
"അതേ വാസുവണ്ണാ, മാമോദീസ മുക്കിയ ആനയാ"
അത് കേട്ടതും അണ്ണന്‍ ഒരു കുരിശ് വരച്ചു, തുടര്‍ന്ന് നാലാള്‍ കേള്‍ക്കെ 'ഈശ്വോയേന്ന്' ഒരു വിളിയും.അത് കണ്ടതോട് കൂടി പാപ്പാന്‍ സിക്ക്‌കാരന്‍ ആണെന്ന കാര്യം ഞാന്‍ മറച്ചു വച്ചു, അല്ലെങ്കില്‍ അണ്ണന്‍ അവിടെ നിന്ന് താടി വളര്‍ത്തിയേനെ.!!

"ആനയുടെ കൊമ്പും വാലും എന്തിയെ?"
ആ ചോദ്യം തങ്കപ്പന്‍ ആചാരിയുടെ വകയായിരുന്നു, അത് കേട്ടില്ലെന്ന് നടിച്ചു.അല്ലേലും അതിയാന്‍ ഒരു പാരയാ.
"അല്ല മോനേ, ആനയുടെ കൊമ്പും വാലും എന്തിയെ?"
ദേ വീണ്ടും.
ഒടുവില്‍ വച്ച് കാച്ചി:
"കൊമ്പും വാലും അമ്പലത്തില്‍ ഊരി വച്ചിരിക്കുവാ"
ങ്ങേ!!
തങ്കപ്പണ്ണന്‍റെ മുഖത്തൊരു അത്ഭുതം.
"അതെന്തിനാ?"
"ഒരു സ്പെഷ്യല്‍ പൂജയുണ്ട്"
അമ്പരന്ന് നിന്ന അദ്ദേഹത്തിനു ഞാന്‍ വ്യക്തമാക്കി കൊടുത്തു:
"ആനയെ നിര്‍ത്തി ചെയ്യിക്കേണ്ട പൂജയാ, കൊമ്പും വാലും വയ്ക്കുമ്പോള്‍ നടുക്ക് ആന ഉണ്ടെന്ന് സങ്കല്‍പ്പം"
"ഹോ, ഭയങ്കരം തന്നെ"
അതേ, അതേ, ഭയങ്കരം തന്നെ!!

"അണ്ണാ, ഇതൊന്ന് വിളക്കില്‍ ഒഴിക്കാമോ?"
ഒരു കൊച്ച് പെണ്‍കുട്ടി ബ്രാണ്ടിയുടെ ക്വോട്ടര്‍ കുപ്പിയില്‍ എണ്ണ നിറച്ച് നില്‍ക്കുന്നു.അവള്‍ കൊണ്ട് വന്ന എണ്ണ ആനക്ക് മുമ്പിലുള്ള വിളക്കില്‍ ഒഴിക്കണം, അതാ ആവശ്യം.കുപ്പി വാങ്ങി കൈയ്യില്‍ വച്ചു.വീണ്ടും നടപ്പ്..
വടക്കേ കരയിലെത്തി...
"എന്തുവാടാ ഇത്?" ചോദ്യം സ്ഥലത്തെ പ്രധാന റൌഡി ആയ രാജപ്പന്‍റെ വകയാണ്.
ആനയെ കണ്ടാണ്‌ ആ ചോദ്യമെന്ന് കരുതി ഞാന്‍ മിണ്ടാതെ നിന്നു.എന്‍റെ മറുപടി കാണാഞ്ഞിട്ടാകാം എന്‍റെ കൈയ്യില്‍ എണ്ണ നിറച്ച് വച്ച കോട്ടര്‍ കുപ്പി അദ്ദേഹം തട്ടിയെടുത്തു.
"അണ്ണാ, ഞാനൊന്ന് പറയട്ടെ"
"ഓടടാ!!"
ഒന്നും മിണ്ടാതെ കിഴക്കേ കരയിലേക്ക്..

ഏകദേശം അമ്പലത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ആയപ്പോള്‍ ആനക്കാരന്‍ ആനയെ പിടിച്ച് നിര്‍ത്തി.മേളക്കാര്‌ നടന്നിട്ടും ആന നടക്കുന്നില്ല.ഞാന്‍ പതുക്കെ പാപ്പാനു അരികിലെത്തി:
"എന്താ ചേട്ടാ?"
"മണി പതിനൊന്നായി"
"അതിന്?"
"പതിനൊന്ന് കഴിഞ്ഞാല്‍ ആനയെ നടത്തരുതെന്ന് കോടതി വിധിയുണ്ട്"
കടവുളേ!!!
അത് എന്ന് മുതല്‍??
"ചേട്ടാ, അഞ്ച് മിനിറ്റിന്‍റെ നടപ്പേ ഉള്ളു"
നോ രക്ഷ!!!

ഒടുവില്‍ ഒരു ലോറി വിളിച്ചു.ലോറിക്ക് മുകളില്‍ ആനയും, ആനക്ക് മുകളില്‍ തിരുമേനിയും ഇരുന്നു.നാല്‌ ബൈക്കിലായി മേളക്കാരെ ലോറിക്ക് മുന്നില്‍ കൊട്ടിച്ച് കൊണ്ട് അമ്പലത്തിലെത്തി..
"എന്തുവാടാ ഇത്?"
ചോദ്യം ചിറ്റപ്പന്‍റെ വകയാ, അതിനാല്‍ സത്യം ബോധിപ്പിച്ചു:
"വിധി പ്രകാരമാ"
"ക്ഷേത്രവിധി പ്രകാരം എവിടാടാ ലോറി പുറത്ത് ആനയെ കേറ്റണമെന്ന് പറഞ്ഞിട്ടുള്ളത്?"
ഭഗവതി, കണ്‍ട്രോള്‍ നല്‍കണേ!!!
തുടര്‍ന്ന് സൌമ്യനായി പറഞ്ഞു:
"ചിറ്റപ്പാ, കോടതി വിധിയാ"
"ആനയെ ലോറി പുറത്ത് കേറ്റണം എന്നത് കോടതി വിധിയാണോ?" വീണ്ടും ചിറ്റപ്പന്‍.
അല്ലേ അല്ല, ഇത് എന്‍റെ വിധിയാ!!

തുടര്‍ന്ന് ആല്‍ത്തറയിലേക്ക് നടന്നപ്പോള്‍ ചിരിച്ച് കൊണ്ട് കുമാരന്‍ വരുന്നു:
"എങ്ങനെ ഉണ്ടായിരുന്നു ഊര്‌ വലത്ത്?"
"എന്‍റെ എല്ലാ പാപവും മാറി"
"അപ്പോ ഉജ്ജ്വലമായിരുന്നു അല്ലേ?"
"അതേ, ഉജ്ജ്വലമായിരുന്നു"

ഇനിയെങ്കിലും മനസമാധാനമാകും എന്ന് കരുതി ആല്‍ത്തറയില്‍ ഇരുന്നപ്പോള്‍ കുറുപ്പ് ഓടി വന്നു:
"മനു നീ അറിഞ്ഞോ, രാജപ്പണ്ണനു കള്ളാണെന്ന് പറഞ്ഞ് ആരോ എണ്ണ കൊടുത്തു"
ങ്ങേ!!
അമ്പരന്ന് നിന്ന എന്നോട് അവന്‍ വീണ്ടും പറഞ്ഞു:
"കൊടുത്തവനെ അറിയാമെന്നും, അവന്‍റെ തല തല്ലി പൊളിക്കുമെന്നും ആശുപത്രിയില്‍ വച്ച് അണ്ണന്‍ പറഞ്ഞത്രേ"
കര്‍ത്താവേ, എന്‍റെ തല!!!
അറിയാതെ തലക്ക് കൈ വച്ചപ്പോള്‍ കുറുപ്പിന്‍റെ സ്വരം വീണ്ടും കേട്ടു:
"അണ്ണന്‍ പറഞ്ഞാല്‍ പറഞ്ഞപോലെ ചെയ്യും"
തന്നെ??
ഈശ്വരാ..
ഉജ്ജ്വലമായി!!

ഒന്നും മിണ്ടാതെ നാട് വിട്ടു.തിരിച്ച് ഓഫീസില്‍ എത്തിയപ്പോള്‍ ബോസ്സ് ചോദിച്ചു:
"അപ്പുപ്പന്‍റെ ശവസംസ്ക്കാരം എങ്ങനെ ഉണ്ടായിരുന്നു?"
മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു!!

താഴത്തൊടിമഠത്തില്‍ ഭൈരവന്‍





ഭാസ്ക്കരേട്ടന്‍..
മറക്കില്ല ഈ മനുഷ്യനെ, നന്മയുടെ ഒരു നിറകുടം.
ഭാസ്ക്കരേട്ടാ എന്നാണ്‌ വിളിക്കുന്നതെങ്കിലും, എന്‍റെ അച്ഛനെക്കാള്‍ പത്ത് വയസ്സ് കൂടുതലുണ്ട്.എല്ലാരും ഭാസ്ക്കരേട്ടാ എന്ന് വിളിച്ചപ്പോള്‍ ഞാന്‍ 'ഭാസ്ക്കരേട്ടനമ്മാവാ' എന്ന് വിളിച്ചു.
ഒരുതരം ആണും പെണ്ണും കെട്ട വിളി!!
ഇനി എനിക്ക് കുട്ടികളുണ്ടാവുന്ന കാലഘട്ടത്തില്‍ 'ഭാസ്ക്കരേട്ടനമ്മാവനപ്പുപ്പാ' എന്ന വിളി കേള്‍ക്കേണ്ടി വരും എന്ന് ഭയന്നാകണം അദ്ദേഹം പറഞ്ഞു:
"മനുമോന്‍ എന്നെ ഭാസ്ക്കരേട്ടാ എന്ന് വിളിച്ചാല്‍ മതി"
മതിയെങ്കില്‍ മതി.
എനിക്കെന്താ ചേതം?
അങ്ങനെ അദ്ദേഹം എനിക്ക് ഭാസ്ക്കരേട്ടനായി.

പലപ്പോഴും അദ്ദേഹത്തെ കുറിച്ച് നാല്‌ വാക്ക് എഴുതണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്, പക്ഷേ കഴിഞ്ഞിട്ടില്ല.എന്ന് എഴുതാന്‍ തയ്യാറായാലും എന്‍റെ മുമ്പില്‍ തെളിഞ്ഞ് വരുന്ന ഒരു രംഗമുണ്ട്..
വെള്ളത്തുണിയില്‍ പൊതിഞ്ഞ് നിലത്ത് കിടക്കുന്ന ഭാസ്ക്കരേട്ടന്‍..
ശാന്തമായി ഉറങ്ങുന്ന പോലെ മുഖഭാവം..
തലക്കു സമീപം കത്തികൊണ്ടിരിക്കുന്ന നിലവിളക്ക്..
അന്തരീക്ഷത്തിലെങ്ങും ചന്ദനത്തിരി ഗന്ധം..
ആ കാഴ്ച മറക്കാന്‍ പറ്റണില്ല.
അന്ന് ഭാസ്ക്കരേട്ടന്‍റെ അടുത്തിരുന്ന് വാവിട്ട് കരയുന്ന സ്ത്രീജനങ്ങളെ കണ്ടപ്പോള്‍ എന്‍റെ കണ്ണും അറിയാതെ നിറഞ്ഞു.ഒരു ചേച്ചി നിലവിളിച്ച് കരയുന്നു:
"ഞാനിത് എങ്ങനെ സഹിക്കുമെന്‍റെ ദൈവമേ.."
ഏതാ ആ ചേച്ചി?
ആവോ, ആര്‍ക്കറിയാം!!
ആ ചേച്ചി ആരാണെന്നറിയണമെങ്കില്‍ ഇനി ഈ സീരിയല്‍ മൊത്തം കാണണം!!
ഞാന്‍ ഇത്രയും ചിന്തിച്ചപ്പോഴത്തേക്ക് സംവിധായകന്‍ പറയുന്നത് കേട്ടു:
"ഓക്കെ, കട്ട്"
ചത്ത പോലെ അഭിനയിച്ച് കിടന്ന ഭാസ്ക്കരേട്ടന്‍ എണിറ്റ് എന്‍റെ അരികില്‍ വന്നു.എന്നിട്ട് ചോദിച്ചു:
"എങ്ങനുണ്ടടാ എന്‍റെ അഭിനയം?"
ഞാന്‍ എന്ത് പറയാന്‍??
ആകെ ഒരേ ഒരു സീനില്‍..
അതും ശവമായി!!
ഇതില്‍ എന്തഭിനയം??
എങ്കിലും പറഞ്ഞു:
"ഭേഷായി"
"കുറച്ചു കൂടി ഭാവാഭിനയം ആവാരുന്നു. അല്ലേ?" ഭാസ്ക്കരേട്ടന്‍റെ സംശയം.
ഉവ്വ!!
ഇടക്കിടക്ക് ഒന്ന് പൊട്ടി ചിരിക്കാമായിരുന്നു!!
ചിരിക്കുന്ന ശവം, കുറച്ചു കൂടി ഭേഷായേനെ!!

ഈ ഭാസ്ക്കരേട്ടന്‍ വലിയൊരു ആനപ്രേമിയാ..
ഉത്സവങ്ങള്‍ ഇഷ്ടപ്പെടുന്ന, ചെണ്ടമേളം ഇഷ്ടപ്പെടുന്ന ഒരു ആനപ്രേമി.
വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ പോലെ ഭാസ്ക്കരേട്ടനെ പറ്റി നാട്ടുകാര്‍ പറയാറുണ്ട്..
ആനയെ കാണാന്‍ തേനിയില്‍ പോയ പാക്കരന്‍!!
ആനയെ പോലുള്ള രാധയെ കെട്ടിയ പാക്കരന്‍!!
രാധയെ കെട്ടുവാന്‍ ഫാദറെ തട്ടിയ പാക്കരന്‍!!
അതാണ്‌ പാക്കരന്‍..
ഭാസ്ക്കരേട്ടന്‍ സ്വന്തം വൈഫിനെ കമ്പയര്‍ ചെയ്യുന്ന പോലും ആനയോടാരുന്നു:
"എന്‍റെ രാധക്ക് ഒരു ആനചന്തമാ"
അത് ശരിയാ..
വലിയ ശരീരം, കറുത്ത നിറം, ചെറിയ കണ്ണുകള്‍, തുമ്പിക്കൈയ്യും വാലും ഉണ്ടോ എന്തോ??
അതെനിക്കറിയില്ല!!

അദ്ദേഹത്തിന്‍റെ ആനപ്രേമത്തെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടങ്കിലും അതിന്‍റെ തീവ്രത മനസ്സിലാക്കിയത് കുട്ടിക്കാലത്തെ ഒരു ഉത്സവ സീസണില്‍ ആയിരുന്നു..
ഞാനും ഭാസ്ക്കരേട്ടനും കൂടി അടുത്തുള്ള ഒരു ക്ഷേത്രത്തില്‍ ഉത്സവം കൂടാന്‍ പോയി.
മെയിന്‍ റോഡില്‍ നിന്നിറങ്ങിയാല്‍ സാമാന്യം വീതിയുള്ള ഒരു ഗ്രാവല്‍ റോഡിലൂടെ അരകിലോമീറ്റര്‍ നടക്കണം, എന്നാലേ ക്ഷേത്രത്തില്‍ എത്തുകയുള്ളു.
അങ്ങനെ നടന്നപ്പോള്‍ വഴിയിലതാ രണ്ടെണ്ണം,
ആനയല്ല, ആനപിണ്ഡം!!
വൈക്കോല്‍ വച്ച് ഉരുള ഉണ്ടാക്കിയ പോലെ, നല്ല ഷേപ്പ്!!
ഒരു വല്ലാത്ത മണം..
എനിക്ക് ശര്‍ദ്ദിക്കാന്‍ വരുന്ന പോലെ.
എന്നാല്‍ ഭാസ്ക്കരേട്ടന്‍ ആ മണം ആസ്വദിച്ച് കൊണ്ട് പറഞ്ഞു:
"താഴത്തൊടി മഠത്തിലെ ഭൈരവനാ, ഒത്ത ആനയാ"
അത് കേട്ടതും എനിക്കൊരു കാര്യം ഉറപ്പായി..
യഥാര്‍ത്ഥ ആനപ്രേമി ഭാസ്ക്കരേട്ടനാ!!
അല്ലേല്‍ ആനപിണ്ഡം മണത്ത് നോക്കി ആനയുടെ പേര്‌ പറയുമോ??
ഭാസ്ക്കരേട്ടാ, ചേട്ടനൊരു സംഭവമാ!!
ആ മുട്ടന്‍ ആനപ്രേമിയെ നോക്കി ബഹുമാനത്തോട് നിന്ന എന്നോട് അദ്ദേഹം വിശദീകരിച്ചു തന്നു:
"ഈ ഭൈരവനാ എല്ലാ വര്‍ഷവും വരുന്നത്"
ശ്ശെടാ, അങ്ങനാണോ?
അപ്പോള്‍ പിണ്ഡം മണത്ത് പറഞ്ഞതല്ല.
ഛേ, വെറുതെ തെറ്റിദ്ധരിച്ചു!!
എന്നാല്‍ ഭാസ്ക്കരേട്ടാ, ചേട്ടന്‍ അത്ര വലിയ സംഭവമൊന്നുമല്ല!!

ഒരിക്കല്‍ ഇദ്ദേഹം എനിക്കൊരു ഉപകാരം ചെയ്തു, എന്നെ ആനപുറത്ത് കയറ്റി.
അന്ന് ഞാന്‍ ആറിലാ പഠിക്കുന്നത്..
ഞങ്ങളുടെ നാട്ടിലെ ദേവിക്ഷേത്രത്തില്‍ ഉത്സവത്തിനു ഊരുവലത്ത് എന്നൊരു പരിപാടിയുണ്ട്.അമ്പലത്തിലെ തിരുമേനിയും, കൂടെ ദേവിയുടെ ഉടവാള്‍ പിടിച്ച ഒരു കുട്ടിയും കൂടി ആനപുറത്ത് കേറി നാട് മൊത്തം ചുറ്റും.നാട്ടില്‍ അലഞ്ഞ് നടക്കുന്ന ഭൂത പ്രേതാതികളെ ആവാഹിച്ച് ക്ഷേത്രത്തില്‍ എത്തിക്കുന്നതായോ മറ്റോ ആണ്‌ ഐതിഹം.അക്കുറി തിരുമേനിയുടെ കൂടെ ഭാസ്ക്കരേട്ടന്‍ കയറ്റി വിട്ടത് എന്നെയായിരുന്നു, അതും താഴത്തൊടിമഠത്തിലെ ഭൈരവന്‍റെ പുറത്ത്..
നാലു മണിക്കൂര്‍ ആനപുറത്ത്...
ആരാധനയോടെ നോക്കുന്ന ബാല്യകാല സഖികള്‍..
അസൂയയോടെ നോക്കുന്ന കളിക്കൂട്ടുകാര്‍..
വളരെ വ്യത്യസ്തമായ ഒരു അനുഭവം!!
പെട്ടന്ന് ഞാന്‍ പ്രശസ്തനായ പോലെ!!

എന്നാല്‍ ശരിക്കും ഞാന്‍ പ്രശസ്തനായത് അന്നായിരുന്നില്ല, പിറ്റേ ദിവസമായിരുന്നു, ആ ഉത്സവത്തിന്‍റെ പിറ്റേ ദിവസം..
അന്നേ ദിവസം രാവിലെ കട്ടിലേന്ന് എഴുന്നേറ്റ് അടുക്കളയിലോട്ട് നടന്നപ്പോള്‍ എന്തോ ഒരു വൈക്ലബ്യം!!
കാല്‌ തമ്മില്‍ ചേര്‍ക്കാന്‍ പറ്റണില്ല.
ദൈവമേ..
ഇതെന്താ ഇങ്ങനെ??
അന്നത്തെ കാലത്ത് യൂറോപ്യന്‍ ക്ലോസറ്റ് ഇല്ലല്ലോ, ആകെയുള്ളത് ഇന്ത്യന്‍ ക്ലോസറ്റാ.അതിലോട്ട് ഇരിക്കാന്‍ നോക്കിയപ്പോള്‍ അതും പറ്റണില്ല.നില്‍പ്പും നടപ്പും, കാല്‌ കവച്ച് വച്ച് മാത്രമേ പറ്റുന്നുള്ളു.കാല്‌ തമ്മില്‍ ഒന്ന് അടുപ്പിക്കാനോ എവിടെയേലും സ്വസ്ഥമായി ഇരിക്കാനോ പറ്റുന്നില്ല.
ആനപ്പുറത്ത് ഇരുന്നാല്‍ ചന്തിക്ക് തഴമ്പെന്ന് കേട്ടിട്ടുണ്ട്..
അയ്യോ!!
അതാണോ ഇത്??
എനിക്ക് പേടിയായി തുടങ്ങി.
എന്‍റെ മനസിന്‍റെ കോണിലിരുന്നൊരു ആന ചിന്നം വിളിച്ചു!!
എന്‍റെ ദേവി, ഞാനിനി എന്തോ ചെയ്യും??
ഓട്ടംതുള്ളലുകാരെ പോലെ ഓടി നടന്ന പയ്യനാ, ദേ ഇപ്പോള്‍ കഥകളിക്കാരെ പോലെ..
എനിക്ക് തലകറങ്ങി തുടങ്ങി.

അയലത്തെ വീട്ടിലെ അപ്പുപ്പനാ ഇത് ആദ്യം കണ്ടെത്തിയത്.
അദ്ദേഹം ചോദിച്ചു:
"നിന്‍റെ കാലിങ്ങനിരിക്കാന്‍ ആരേലും കോലിട്ട് കുത്തിയോ?"
നല്ല പ്രാസം!!
അസ്ഥാനത്ത് അപ്പുപ്പന്‍റെയൊരു തമാശ.
കാരണവരെ, ഐ വില്‍ കൊല്ല്‌ യൂ..
ഞാന്‍ നിങ്ങളെ കൊന്ന് കളയും!!
"എന്താടാ?" വീണ്ടും.
ഞാന്‍ ദയനീയ സ്വരത്തില്‍ പറഞ്ഞു:
"ഇന്നലെ ആനപ്പുറത്ത് കയറിയതാ"
അത് കേട്ടതും അപ്പുപ്പന്‍റെ കണ്ണുകളില്‍ ഒരു അങ്കലാപ്പ്, പുള്ളി അടുത്ത് വന്ന് ചോദിച്ച്:
"എന്തേ, ആന അവിടെ തന്നെ ഇരിപ്പുണ്ടോ?"
പിന്നേ, എന്‍റെ ചോട്ടില്‍ തന്നെ ഇരുപ്പുണ്ട്!!
പ്രായമൊന്നും നോക്കരുത്, കാല്‌ മടക്കി ചവിട്ടണം!!
ഇങ്ങനെയൊക്കെ മനസ്സിലോര്‍ത്തെങ്കിലും, മനസ്സ് നിയന്ത്രിച്ച് ഞാന്‍ പറഞ്ഞു:
"ഇല്ല, അതിന്നലെ പോയി"
എന്‍റെ മറുപടി കേട്ടതും അപ്പുപ്പനൊന്ന് ചിരിച്ചു, പൊട്ടി പൊട്ടി ചിരിച്ചു.
അതൊരു കൊലച്ചിരി ആയിരുന്നു!!

അങ്ങേര്‌, അങ്ങേരെ കൊണ്ട് ആവാവുന്നത് ചെയ്തു..
നാട് മൊത്തം ഈ ന്യൂസ്സ് എത്തിച്ചു.
കേട്ടവര്‍ കേട്ടവര്‍ വീട്ടിലേക്ക് വന്നു, അങ്ങനെ വീടൊരു പൂരപ്പറമ്പായി.
തലേന്നത്തെ ഉത്സവത്തെക്കാള്‍ വലിയ ആള്‍ക്കൂട്ടം.
പല പല അഭിപ്രായങ്ങള്‍..
പല പല കണ്ടെത്തലുകള്‍..

ആദ്യം തുടങ്ങിയത് കല്യാണിയമ്മയാ:
"ഇന്നലെ ആനപുറത്ത് വാളും പിടിച്ചിരുന്ന പയ്യനാ..."
ഇത്രയും പറഞ്ഞ് എന്നെ നോക്കി ഒന്ന് നെടുവീര്‍പ്പിട്ടട്ട് ആ വാചകം പൂര്‍ത്തിയാക്കി:
"..ഇന്നിതാ പാറപ്പുറത്ത് കാലും കവച്ചിരിക്കുന്നു"
അയ്യേ!!
എന്തൊക്കെയാ ഈ പെണ്ണുമ്പിള്ള പറയുന്നത്??
എനിക്കാണെങ്കില്‍ ആകെ തൊലി ഉരിയുന്ന പോലെ.
ഏത് നശിച്ച നേരത്താണോ ആന പുറത്ത് കേറാന്‍ തോന്നിയത്??

ആള്‍ക്കൂട്ടത്തില്‍ നിന്നും എന്നെ നോക്കുന്ന ഒരു തല, ബാല്യകാല സഖി ശാരി.
സംഭവം കേട്ട് വിഷമിച്ച് വന്നവള്‍ എന്‍റെ അവസ്ഥ കണ്ട് സങ്കടത്തോട് ചോദിച്ചു:
"എന്നാ പറ്റി?"
ഓ, ഇനി എന്നാ പറ്റാനാ??
കണ്ടില്ലേ??
ശാരി അടിമുടി എന്നെ നോക്കി, എന്നിട്ട് പൊട്ടിച്ചിരിച്ച് കൊണ്ട് തിരിഞ്ഞോടി.
പാവം..
ചിരിക്കുന്നു!!
ഒരു പക്ഷേ സങ്കടം രേഖപ്പെടുത്തിയതായിരിക്കും!!
പ്രിയപ്പെട്ട ശാരി..
നീ ഇങ്ങനെ ചിരിക്കാതെ..
ഇതൊരു താല്‍ക്കാലിക പ്രതിഭാസമാ!!

ഇങ്ങനെ ആകെ വിഷമിച്ച് നിന്ന എന്നോട് നാണുമൂപ്പത്തി പറഞ്ഞു:
"മോനൊന്ന് നടന്നേ"
അത്യാവശ്യം വൈദ്യമൊക്കെ അറിയാവുന്ന സ്ത്രീ.ഒരു പക്ഷേ എന്നെ രക്ഷിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞേക്കും.ആ വലിയ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞാന്‍ നടന്നു കാണിച്ചു.
അഞ്ച് മിനിറ്റ് എന്‍റെ നടപ്പ് ശ്രദ്ധിച്ചിട്ട് നാണുമൂപ്പത്തി പറഞ്ഞു:
"ശരിയാ, കാല്‌ കവച്ചാ നടക്കുന്നത്"
ആണല്ലേ??
പരമദ്രോഹി..
ഇത് പറയാനാണോ എന്നെ നടത്തിയത്??
നിങ്ങളെ ആന കുത്തി ചാവട്ടെ!!

അന്ന് ലോക്കല്‍ കേബിള്‍ ടിവിക്കാര്‍ ഉണ്ടായിരുന്നെങ്കില്‍..
എന്നെ വീഡിയോയില്‍ പിടിച്ച് ടീവിയില്‍ കാണിച്ചേനേ.
എന്നിട്ട് കൂടെ ഒരു അനൌണ്‍സ്സ്‌മെന്‍റും..

"ഇതാ ഒരു അപൂര്‍വ്വസംഭവം..
നിങ്ങളിപ്പോള്‍ കണ്ട്കൊണ്ടിരിക്കുന്നത് മനുവിനെയാണ്..
ആനപ്പുറത്ത് കേറി കാല്‌ കവച്ചു പോയ പാവം മനുവിനെ!!
താനിപ്പോഴും ആനപ്പുറത്താണെന്നും, തന്‍റെ ചോട്ടിലൊരു ആനയുണ്ടെന്നുമുള്ള മാനസിക വിഭ്രാന്തിയാവാം ഇതിനു പിന്നിലെന്നാണ്‌ പ്രശസ്ത മനശാസ്ത്രജ്ഞന്‍ ഡോ.അഡോള്‍ഫ് കുല്‍ക്കര്‍ണി വെളിവാക്കുന്നത്.
താഴത്തൊടിമഠത്തില്‍ ഭൈരവന്‍ എന്ന ആനയുടെ പുറം വ്യാസവും, കവച്ച് വച്ചിരിക്കുന്ന കാലിന്‍റെ അകം വ്യാസവും ഒന്ന് തന്നെ ആയതിനാല്‍, പ്രസ്തുത ആനക്കെതിരെ കേസ്സെടുക്കാന്‍ വകുപ്പൂണ്ട് എന്ന് പ്രശസ്ത അഡ്വക്കേറ്റ് പ്രെഫ.മരീഡിയ പ്രഖ്യാപിച്ചു.എന്നാല്‍ മനു ഇരുന്ന കാരണം ആനയുടെ പുറത്ത് ഒരു കുഴി ഉണ്ടായി എന്ന താഴത്തൊടി മഠത്തിലെ കുടുംബ വക്കിലിന്‍റെ വാദം മാത്രമാണ്‌ കേസെടുക്കുന്നതിനു ഒരേ ഒരു അപവാദം.
എന്നിരുന്നാലും മനു അനുഭവിക്കുന്ന ദുഃഖം ഇപ്പോള്‍ നിങ്ങള്‍ക്ക് നേരിട്ട് കാണാം."

തുടര്‍ന്ന് ഞാന്‍ നടക്കുന്ന പല ദൃശ്യങ്ങള്‍..
കവച്ച് വച്ച കാലും, ആനയുടെ പുറവും..
നാട്ടുകാര്‍ തേങ്ങി കരയുന്ന രീതിയില്‍, എന്‍റെ മുഖത്തെ ഭാവങ്ങള്‍..
സമീപവാസികളുടെ തേങ്ങലോട് കൂടിയ പല പല വിശദീകരണങ്ങള്‍..

ആദ്യ ഊഴം ശങ്കരേട്ടന്‍റെത്:
"മനു ഒരു പാവമാ, ആ ആനയാ ചതിച്ചത്"
ശരിയാ!!
വഴിയേ നടന്ന് പോയ എന്നെ തുമ്പിക്കൈയ്യില്‍ എടുത്ത് തോളേല്‍ വച്ചു!!

ബുദ്ധിജീവി സദാശിവന്‍:
"ആഗോള സാമ്പത്തികമാന്ദ്യത്തില്‍ നിലത്ത് നില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന പുതിയ തലമുറയുടെ പ്രതീകമാണ്‌ മനു"
കര്‍ത്താവേ..
ഇങ്ങേരുടെ ഊശാന്താടിക്ക് തീ പിടുപ്പിക്കേണ്ട സമയം അതിക്രമിച്ചു!!

മൃഗസ്നേഹി പുഷ്ക്കരാക്ഷന്‍:
"ആനയെ കുറ്റം പറയരുത്, ആനയും ഒരു മനുഷ്യനാ"
അത് ശരി!!
എന്താണാവോ ഉദ്ദേശിച്ചത്??

അങ്ങനെ ആകെ ജഗപൊക.
ഭാഗ്യത്തിനു ഇങ്ങനെയൊന്നും സംഭവിച്ചില്ല..
കാരണം അന്ന് ലോക്കല്‍ കേബിള്‍ ഇല്ലാരുന്നു!!

കാര്യം ഇങ്ങനൊക്കെ ആണേലും, ഞാന്‍ ആകെ വെട്ടിലായി.
ഈശ്വരാ, എന്നെ സഹായിക്കാന്‍ ആരുമില്ലേ??
ഭൂമിയുടെ രണ്ട് അറ്റത്തായി വിടര്‍ന്ന് നില്‍ക്കുന്ന കാലുകളെ നോക്കി ഞാന്‍ നെടുവീര്‍പ്പിട്ട് നിന്ന സമയത്ത് ഭാസ്ക്കരേട്ടന്‍ അവിടെ വന്നു.
എന്‍റെ അവസ്ഥ കണ്ടിട്ട് പറഞ്ഞു:
"മോന്‍ പേടിക്കേണ്ടാ, ഇത് നാളെ ശരിയാവും"
"ഉറപ്പ്?"
ഉറപ്പ്!!
അത് ശരിയായിരുന്നു, പിറ്റേന്ന് ശരിയായി!!

കാലം കടന്നു പോയി..
ഞാന്‍ വലുതായി, ഭാസ്ക്കരേട്ടനു വയ്യാതായി..
കഴിഞ്ഞ മാസം ഭാസ്ക്കരേട്ടനെ കണ്ടപ്പോള്‍ വളരെ അവശനായിരുന്നു.
ഞാന്‍ ബാംഗ്ലൂരിലാണെന്നും, ഒരു അമേരിക്കന്‍ ഐടി കമ്പനിയിലാണെന്നും കേട്ടപ്പോള്‍ അദ്ദേഹം വാര്‍ദ്ധക്യ അവശത മറന്ന് ചോദിച്ചു:
"നിങ്ങളുടെ കമ്പനിയില്‍ ആനയുണ്ടോ?"
ആനയോ??
ഐടി കമ്പനിയിലോ??
ഇല്ല ഭാസ്ക്കരേട്ടാ, അവിടെ പണിയെടുക്കുന്ന കഴുതകള്‍ മാത്രം..
കുറേ കോവര്‍ കഴുതകള്‍!!

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com