For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

മനസ്സ് പ്രക്ഷുബ്ധമാണ്..


പണ്ടൊക്കെ എന്ത് സുഖമായിരുന്നു...
ഓര്‍മ്മകള്‍, അവ ഞാനൊന്ന് അയവിറക്കുന്നു..
ചം, ചം, ചം..

"ഹായ് മനു, ആര്‍ യൂ മാരീഡ്?"
"നോ, നോ, ഐയാം എ ബാച്ചി"
"ബാച്ചി?"
"യെസ്സ്, ബാച്ചി"
മച്ചി, കൊച്ചി, പിച്ചി എന്നൊക്കെ പറയുന്ന പോലെ ബാച്ചി!!!
പറയാനും, കേള്‍ക്കാനും ഇമ്പമുള്ള വാക്ക്.

ഓഫീസില്‍  ചെല്ലുമ്പോള്‍ ബോസ്സ് 'എന്താടാന്ന്' ചോദിച്ചാല്‍ 'നീ പോടാന്ന്' പറയാനുള്ള ചങ്കൂറ്റം, ഇനി ഇവിടെ ജോലി ചെയ്യേണ്ടാന്ന് എച്ച്.ആര്‍ പറഞ്ഞാല്‍, 'ചുവന്ന നൈലോണ്‍ സാരിയില്‍ നിങ്ങള്‍ സുന്ദരിയാണെന്ന്' സൂചിപ്പിക്കാനുള്ള മഹാമനസ്ക്കത, ഇത്രേം ശമ്പളമേ തരൂന്ന് കമ്പനി പ്രഖ്യാപിച്ചാല്‍ 'ഐ ഡോണ്ട് ലൈക്ക് ദിസ്സ് ഡേര്‍ട്ടി കമ്പനി' എന്ന് വിളിച്ച് കൂവാനുള്ള ആര്‍ജ്ജവം, എന്നിങ്ങനെ എണ്ണപ്പെട്ട കഴിവുകള്‍ ഈ ബാച്ചി ലൈഫില്‍ എന്നോടൊപ്പമുണ്ടായിരുന്നു.

പക്ഷേ കല്യാണം കഴിഞ്ഞതോടെ എല്ലാം കീഴ്മേല്‍ മറിഞ്ഞു...
ജോലി ഉണ്ടായിട്ട് വക വയ്ക്കാത്തവര്‍ (ഭാര്യയല്ല!), ജോലി ഇല്ലെങ്കില്‍ എങ്ങനെ ട്രീറ്റ് ചെയ്യും എന്നത് മനോമുകുരത്തില്‍ മൊട്ടായി വിരിഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് തീരുമാനിച്ചു, ഓഫീസില്‍ ഇനി ഞാന്‍ ഒരു മര്യാദരാമന്‍ ആയിരിക്കും.അങ്ങനെ ഞാന്‍ ഒരു പുതിയ ജീവിതം ആരംഭിച്ചു, അതോടെ എന്‍റെ ദിവസങ്ങള്‍ തിരക്ക് പിടിച്ചതായി തുടങ്ങി.

എന്നും രാവിലെ സഹധര്‍മ്മിണിയുടെ ആവലാതികള്‍..
"ചേട്ടാ, ഉപ്പില്ല, മുളകില്ല, പാലില്ല, തൈരില്ല...."
വൈകിട്ട് കൊണ്ട് വരാമേ!!!!

ഓഫീസില്‍ പ്രോജക്റ്റ് മാനേജരുടെ അന്വേഷണങ്ങള്‍..
"ഡോക്കുമെന്‍റ്‌ എവിടെ? കോഡ് എവിടെ? ആപ്ലിക്കേഷന്‍ എവിടെ?"
ഇപ്പോ തയാറാക്കാമേ!!!!

ഇടക്കിടെ എച്ച്. ആര്‍ (കമ്പനിയിലെ ഏറ്റവും സുന്ദരി) വരും..
കുണുങ്ങി കുണുങ്ങിയുള്ള വരവ് കാണുമ്പോള്‍ ഊഹിച്ചോണം, ഇട്ടിരിക്കുന്നത് പുതിയ ഡ്രസ്സാ.അതിനെ പറ്റിയുള്ള അഭിപ്രായം അറിയാനുള്ള വരവാ.നമ്മളായിട്ട് എന്തിനാ കുറക്കുന്നത്, വെറുതെ വച്ച് കാച്ചി:
"മേഡം, ഈ ഡ്രസ്സില്‍ സുന്ദരി ആയിരിക്കുന്നു"
അവരൊന്ന് വെളുക്കെ ചിരിച്ചു, എന്നിട്ട് പരിഭവത്തോടെ ചോദിച്ചു:
"എന്താ മനു, ഈ ഡ്രസ്സിടുമ്പോള്‍ മാത്രമാണോ ഞാന്‍ സുന്ദരി ആയത്?"
'അയ്യോ അല്ലേ, ഡ്രസ്സൊന്നും ഇട്ടില്ലെങ്കിലും മാഡം സുന്ദരിയാണേ' എന്ന് പറയാന്‍ വന്നത് മനപൂര്‍വ്വം വിഴുങ്ങി, പകരം ഒരു ചിരി ചിരിച്ചു, നാക്ക് വച്ച് ചുണ്ടൊന്ന് നനച്ചു(വെറുതെ!), അത്രമാത്രം.

വൈകിട്ട് വീട്ടിലെത്തി സഹധര്‍മ്മിണിയോട് ഈ തമാശ ഉണര്‍ത്തിച്ചു, എല്ലാം കേട്ടപ്പോള്‍ അവളും പൊട്ടിച്ചിരിച്ചു.തുടര്‍ന്ന് കിരണ്‍ ടീവി ഓണ്‍ ചെയ്തു കൊണ്ട് ഊണ്‌ കഴിക്കാന്‍ ഇരുന്നു.വിഷമങ്ങള്‍ മറന്ന് പൊട്ടിച്ചിരിക്കാന്‍ താഹ ഒരുക്കിയ മലയാളം പടം..
ഈ പറക്കും തളിക!!
ദിലീപിന്‍റെയും ഹരിശ്രീ അശോകന്‍റെയും തമാശകള്‍ കണ്ട്കൊണ്ട്, മാമ്പഴപുളിശ്ശേരിയും, കടുമാങ്ങായും കൂട്ടി കുഴച്ച് വലിയൊരു ഉരുള വായിലേക്ക് വച്ചപ്പോള്‍ സഹധര്‍മ്മിണി ചോദിച്ചു:
"എച്ച്. ആറിലെ ആ പെണ്ണ്‌ അത്ര സുന്ദരിയാണോ?"
ഗ്ലും!!!!
ഉരുള അറിയാതെ വിഴുങ്ങി പോയി!!!
കര്‍ത്താവേ, പണിയായോ??
"ആണോ ചേട്ടാ, സുന്ദരിയാണോ?"
ആയി, പണിയായി!!!
ശെടാ, ഒന്നും വേണ്ടായിരുന്നു.
ഒടുവില്‍ അവള്‍ക്ക് സമാധാനമാകട്ടെ എന്ന് കരുതി പറഞ്ഞു:
"ഹേയ്, ഇന്ന് ആ ഡ്രസ്സില്‍ കൊള്ളാമെന്ന് തോന്നി, അതാ പറഞ്ഞത്"
ഇത് കേട്ടതും വാമഭാഗത്തിന്‍റെ മുഖമിരുണ്ടു.
"ഹും! ഞാന്‍ എത്രയോ പുതിയ ഡ്രസ്സിട്ടിരിക്കുന്നു.അന്നൊന്നും നിങ്ങളിത് പറഞ്ഞിട്ടില്ലല്ലോ?"
ഹാവു, പൂര്‍ത്തിയായി!!

എന്താണാവോ ഈ സന്ദര്‍ഭത്തിനു ചേര്‍ന്ന പഴംചൊല്ല്..
മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാ വീണെന്നോ??
അതോ നായരു പിടിച്ച പുലി വാലെന്നോ??
എന്തായാലും ഭേഷായി!!

എന്തൊക്കെയോ വിളിച്ച് കൂവി കൊണ്ട് അവള്‍ അടുക്കളയിലേക്ക് കയറി.ഏതൊക്കെയോ പാത്രങ്ങള്‍ താഴെ വീഴുന്ന ശബ്ദം, നാലഞ്ച് പ്ലേറ്റുകള്‍ അന്തരീക്ഷത്തിലൂടെ പറന്നു പോയി.സംഭവവികാസങ്ങളെ കുറിച്ച് അറിയാതെ ആ മുഹൂര്‍ത്തത്തില്‍ വീട്ടിലേക്ക് കടന്ന് വന്ന അളിയന്‍ ഒന്ന് അമ്പരന്നു, എന്നിട്ട് അന്തം വിട്ട് ചോദിച്ചു:

"എന്താദ്?"

അതിനു മറുപടി എണ്ണായിരം രൂപ കൊടുത്ത് ഞാന്‍ വാങ്ങിയ ടീവിയുടെ വക ആയിരുന്നു..

"പറക്കും തളിക..
ഇത് മനുഷ്യരെ കറക്കും തളിക.."

അത് കേട്ടിട്ടും മനസിലാവാത്ത അളിയന്‍ വീണ്ടും തിരക്കി::
"എന്താ ചേട്ടാ കാര്യം?"
"ഒരു ബാച്ചിയല്ലാത്ത ഞാനൊരു തമാശ കാച്ചി, അത് കേട്ട് അവളെന്നെ കീച്ചി"
"എന്ത് തമാശ?"
ഛേ, ഛേ, അതൊരു വൃത്തികെട്ട തമാശയാ, അളിയന്‍ കേള്‍ക്കേണ്ടാ!!

ഇതാണ്‌ ജീവിതം.

കൊച്ചു കൊച്ചു ടെന്‍ഷനുകളുമായി എന്നും ഒരോ പുകിലുകള്‍.മനസാ വാചാ അറിയാത്ത കാര്യങ്ങള്‍ പാമ്പായി എന്നെ കൊത്തി തുടങ്ങി.വന്ന് വന്ന് എല്ലാത്തിലും ടെന്‍ഷനായി.അങ്ങനെ വിഷമിച്ചിരിക്കെ സഹപ്രവര്‍ത്തകയായ ശാലിനി എന്‍റെ അരികില്‍ വന്നു..
"എന്താ മനു, എന്ത് പറ്റി?"
ഒട്ടും കുറച്ചില്ല, ഇച്ഛിരി കട്ടിക്ക് പറഞ്ഞു:
"മനസ്സ് പ്രക്ഷുബ്ധമാണ്‌ ശാലിനി"
അര്‍ത്ഥം മനസിലായില്ലെങ്കിലും, ഞാന്‍ ടെന്‍ഷനിലാണെന്ന് അവള്‍ക്ക് മനസിലായി.അവള്‍ എന്നെ ഉപദേശിച്ചു:
"മനു യോഗക്ക് പോ, മനസ്സ് ശാന്തമാകും, മാത്രമല്ല നല്ല കണ്‍ട്രോളും കിട്ടും"
ഓഹോ, എന്നാ അതൊന്ന് പരീക്ഷിച്ചിട്ട് തന്നെ!!

അങ്ങനെ ശാലിനി സ്ഥിരമായി യോഗ ചെയ്യുന്നിടത്ത് എന്നെയും കൂട്ടി കൊണ്ട് പോയി.അവിടെ ശാലിനിയെ കൂടാതെ എന്‍റെ ഓഫീസിലെ കുറേ ലലനാമണികളും, സുന്ദരകുട്ടപ്പന്‍മാരും ഉണ്ട് എന്നത് എനിക്ക് കൂടുതല്‍ സന്തോഷം പകര്‍ന്നു.

യോഗ പഠിപ്പിക്കുന്ന രവീന്ദ്രന്‍മാഷ് ആഗതനായി.
ശാലിനി എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തിയപ്പോള്‍ മാഷ് ചോദിച്ചു:
"ആസനം വല്ലതും അറിയാമോ?"
അയ്യേ!!!
എന്ത് വൃത്തികെട്ട ചോദ്യം!!!!
ശാലിനിയുടെ മുമ്പില്‍ വച്ച് എന്ത് മറുപടി നല്‍കുമെന്ന് കരുതി തല താഴ്ത്തി നിന്നപ്പോള്‍ അദ്ദേഹം വീണ്ടും ചോദിച്ചു:
"പറയൂ, ആസനം വല്ലതും പരിചയമുണ്ടോ?"
"അത് ഓഫീസില്‍ കൂടെ ജോലി ചെയ്യുന്നവരുടെ എല്ലാം മുഖം പരിചയമുണ്ട്, പക്ഷേ...."
"പക്ഷേ....?"
"ആസനം ഒന്നും പരിചയമില്ല"
ഠോ!!!
രവീന്ദ്രന്‍ മാഷിന്‍റെ തലക്കകത്ത് ഒരു കതിന പൊട്ടി!!!
അദ്ദേഹത്തിനു എന്നെ കുറിച്ച് നല്ല മതിപ്പായെന്ന് തോന്നുന്നു.

അന്ന് അവിടുന്ന് ഇറങ്ങിയപ്പോള്‍ ശാലിനി എന്നോട് പറഞ്ഞു:
"സാറ്‌ ആസനം എന്ന് പറയുന്നത് ക്രിയക്കാ"
"എന്ത് ക്രിയക്ക്?"
"യോഗയിലെ ഒരോ മുറകള്‍ക്ക്"
"ഓഹോ, അപ്പോള്‍ ശരിക്കുള്ള ആസനത്തിനു ഇങ്ങേര്‌ എന്തോന്നാ പറയുന്നത്?"
ഇക്കുറി കതിന പൊട്ടിയത് ശാലിനിയുടെ തലക്കകത്താ!!
പാവം കൊച്ച്..
എന്‍റെ ബുദ്ധിപരമായ ചോദ്യത്തിനു അവള്‍ക്ക് മറുപടിയില്ല!!
അല്ലേലും ഞാന്‍ പണ്ടേ ഇങ്ങനാ, എന്‍റെ സംശയങ്ങള്‍ ആരുടെയും വാ അടപ്പിക്കും.

യോഗാഭ്യാസത്തിന്‍റെ ആദ്യദിനങ്ങള്‍...
രവീന്ദ്രന്‍ മാഷ് ക്രീയകള്‍ ഒരോന്ന് കാണിച്ച് തന്നു തുടങ്ങി..
നല്ല പെടപ്പ് സാധനങ്ങള്‍, ഒരോന്നിനും വെടിക്കെട്ട് പേരുകളും, ഒട്ടും സഹിക്കാന്‍ പറ്റാതെ പോയത് അവയുടെ ഗുണങ്ങള്‍ വിവരിച്ചതാണ്.

"ഇത് പവനമുക്താസനം, മലശോധന മെച്ചപ്പെടാന്‍ ഗംഭീരം"
"ഇതാണ്‌ മല്‍സ്യാസനം, ആര്‍ത്തവ പ്രശ്നങ്ങള്‍ പരിഹരിക്കും"
"ഇപ്പോ കാണുന്നത് ധനുരാസനം, പൃഷ്ഠത്തിലെ പേശികള്‍ക്ക് നല്ല വ്യായാമം തരും"

മേല്‍ സൂചിപ്പിച്ചതൊന്നും എന്നെ ബാധിക്കുന്നത് അല്ലാത്തതിനാലും, മേലനങ്ങി പണി എടുക്കുന്നത് പണ്ടേ ഇഷ്ടമല്ലാത്തതിനാലും ഞാന്‍ സത്യം ബോധിപ്പിച്ചു:
"അട്ട ചുരുളുന്ന പോലെ ഉള്ളതല്ലാതെ വേറെ ഒന്നും ഇല്ലേ?"
അതിനു മറുപടിയായി മലര്‍ന്ന് കിടന്ന് അദ്ദേഹം മൊഴിഞ്ഞു:
"ഇത് തനിക്ക് പറ്റിയതാ, ശവാസനം"
ശവം!!!

വെളുപ്പാന്‍ കാലത്ത് സ്വന്തം ബഡ്റൂമില്‍ കിടന്നുറങ്ങേണ്ട ഞാന്‍, മാസം അഞ്ഞൂറ്‌ രൂപ ഫീസു കൊടുത്ത് രവീന്ദ്രന്‍ മാഷിന്‍റെ യോഗക്ലാസില്‍ പോയി ശവാസനം ചെയ്യാന്‍ തുടങ്ങി.അഞ്ഞൂറ്‌ രൂപ പോയെങ്കിലെന്താ മനസ്സ് ശാന്തമായി.വിവരം അറിഞ്ഞപ്പോള്‍ അപ്പച്ചിയുടെ മോള്‍ ഗായത്രിയോട് ചോദിച്ചു:
"മനുവിന്‍റെ ടെന്‍ഷന്‍ ഒക്കെ മാറിയോ?"
"ഉം. യോഗ ചെയ്തതില്‍ പിന്നാ"
അതോടെ ചേച്ചിയുടെ ചോദ്യം എന്‍റെ നേരെയായി:
"മനു, ഇവിടുത്തെ ചേട്ടനു അവിടൊരു അഡ്മിഷന്‍ ശരിയാക്കാമോ?"
അഞ്ഞൂറ്‌ രൂപ കൊടുത്ത് ശവാസനം ചെയ്യാന്‍ ഒരാള്‍ കൂടി!!
ചേച്ചിയെ നിരാശപ്പെടുത്താനായി പറഞ്ഞു:
"എന്‍റെ കൂടെ ജോലി ചെയ്യുന്ന ശാലിനിയാ അവിടെ എനിക്ക് അഡ്മിഷന്‍ ശരിയാക്കിയത്, അവളോട് ചോദിച്ച് നോക്കട്ടെ, ഉറപ്പില്ല"
"ശരി, അത് മതി"

ചേച്ചി പോയപ്പോള്‍ ഗായത്രി അരികിലെത്തി:
"ആരാ ഈ ശാലിനി?"
ഈശ്വരാ!!!!!
പുലിവാലായോ?? തേങ്ങാ വീണോ??
"അത് കൂടെ ജോലി ചെയ്യുന്ന പെണ്ണാ" അലക്ഷ്യമായ മറുപടി.
"അവടെ കൂടാണോ ഇത്ര നാളും യോഗക്ക് പോയത്?" ഒരു ക്ലാരിഫിക്കേഷന്‍ ചോദ്ദ്യം.
യെസ്സ് ഓര്‍ നോ?? എന്തോ പറയും??
സത്യം ദുഃഖമാണുണ്ണി, കള്ളമല്ലോ സുഖപ്രദം!!
"ഹേയ് അല്ല, ശാലിനി യോഗ ചെയ്യില്ല"

ഇങ്ങനെ കൊച്ച് കൊച്ച് കള്ളങ്ങളുമായി ജീവിതം വീണ്ടും മുമ്പോട്ട്.
മനസ്സ് ഇപ്പോഴും പ്രക്ഷുബ്ധമാണ്..

ഒരോ പയ്യന്‍മാരെ കാണുമ്പോള്‍ അറിയാതെ ഞാനും ചോദിക്കും:
"ആര്‍ യൂ മാരീഡ്?"
"നോ, നോ, ഐയാം എ ബാച്ചി"
ആണല്ലേ??
നീ അനുഭവിക്കാന്‍ കിടക്കുന്നതേ ഉള്ളടാ!!

മധുമതി രാഘവം വീരഗാഥ


അല്ലേലും ചില മനുഷ്യര്‍ അങ്ങനെയാണ്, ഒരു സംഭവമായിരിക്കും.ഈ ഗണത്തില്‍ പെടുത്താവുന്ന ഒരാളായിരുന്നു എട്ടാം ക്ലാസ്സില്‍ ഞാന്‍ പരിചയപ്പെട്ട രാഘവന്‍ മാഷ്.മലയാളം അദ്ധ്യാപകനായിരുന്ന അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തിയത് ഏത് സാഹചര്യത്തിലും സത്യം മാത്രം പറയുന്ന അദ്ദേഹത്തിന്‍റെ സവിശേഷ സിദ്ധിയായിരുന്നു.
ഒരു റോള്‍ മോഡല്‍ ആക്കാന്‍ കൊള്ളാവുന്ന മനുഷ്യന്‍..
അതായിരുന്നു അദ്ദേഹം..
സത്യസന്ധനായ രാഘവന്‍ മാഷ്.

ഒരു ഫ്ലാഷ് ബാക്ക്.
നവോദയില്‍ ഞാന്‍ പഠിച്ചിരുന്ന കാലം.
എട്ടാം ക്ലാസ്സില്‍ കാല്‌ വച്ച്, ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥി എന്ന ലേബല്‍ സമ്പാദിച്ച്, അറമാദിച്ച് നടക്കുന്ന നേരം.ക്ലാസ്സ് മുറികളിലേയും മൈതാനങ്ങളിലേയും എന്‍റെ പെര്‍ഫോമന്‍സ് കണ്ട ചില അദ്ധ്യാപകര്‍ക്ക് ഒരു ദൈവവിളിയുണ്ടായി...
മനുവിനെ ഇങ്ങനെ വിട്ടാല്‍ ശരിയാകില്ല!!!
പ്രിന്‍സിപ്പാളിനോട് അവര്‍ തിരുവായ് കൊണ്ട് മൊഴിഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു...
കാരണം??
മറുപടി ഒന്നിച്ചായിരുന്നു:
"അവന്‍ തരികിടയാ"
അങ്ങനെ അച്ഛനും അമ്മയും പ്രിന്‍സിപ്പാളിനു മുന്നിലേക്ക് ആനയിക്കപ്പെട്ടു.
"മനു ഈസ്സ് എ ബ്രിലൈന്‍ഡ് ബോയ്, ഐ തിങ്ക്....., നവോദയീന്ന് പഠിക്കേണ്ടതൊക്കെ അവന്‍ പഠിച്ചു കഴിഞ്ഞുവെന്നാ"
അമ്മക്ക് അത്ഭുതം:
"അതിനു അവന്‍ എട്ടിലെല്ലേ ആയുള്ളു?"
പക്ഷേ അച്ഛനു എല്ലാം മനസിലായി, പുള്ളിക്കാരന്‍ പറഞ്ഞു:
"സാറ്‌ എന്നാ ആ റ്റീ.സി ഇങ്ങ് തന്നേരെ"
അങ്ങനെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രീസ്സീന്ന് ഇറങ്ങിയ പോലെ ഒരു നുള്ള്‌ മണ്ണെടുത്ത് നെറ്റിയില്‍ വച്ച് ഞാനും പടിയിറങ്ങി.
ഒരു ഇന്നിംഗ്സ്സ് അങ്ങനെ കഴിഞ്ഞു.

മാവേലിക്കരയില്‍ തട്ടാരമ്പലത്തിനടുത്ത് മറ്റം എന്നൊരു സ്ഥലമുണ്ട്, അവിടൊരു കിടിലന്‍ സ്ക്കൂളുണ്ട്.നവോദയീന്ന് അച്ഛന്‍ എന്നെ പറിച്ച് നട്ടത് ഈ സ്ക്കൂളിലേക്കായിരുന്നു.നവോദയീന്ന് വന്ന വിദ്യാര്‍ത്ഥി എന്ന പരിഗണനയില്‍, ഹെഡ്മിസ്ട്രസ്സും സാറന്‍മാരും എല്ലാം എന്നെ പ്രത്യേക രീതിയിലാണ്‌ സ്വീകരിച്ചത്.അവിടുത്തെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേരാനുള്ള അവരുടെ അഭ്യര്‍ത്ഥനയെ, ഞാനൊരു മലയാളിയാണെന്നും, മലയാളം എന്‍റെ മാതൃഭാഷയാണെന്നും പറഞ്ഞ് നിരുത്സാഹപ്പെടുത്തി.അതാരുന്നു മലയാളം അദ്ധ്യാപകനായ രാഘവന്‍ മാഷിനു എന്നോട് ഒരു പ്രത്യേക ഇഷ്ടം തോന്നാനുള്ള പ്രധാന കാരണം.

മറ്റം സ്ക്കൂളിലെ കലോത്സവം കഴിഞ്ഞ സമയത്താണ്‌ ഞാന്‍ ജോയിന്‍ ചെയ്തത്.അന്ന് ലളിതഗാന മത്സരത്തിനും പദ്യപാരായണത്തിനും ഒന്നാം സ്ഥാനം നേടിയ മധുമതി പഠിക്കുന്ന ക്ലാസ്സില്‍ തന്നെയായിരുന്നു എനിക്കും സീറ്റ് കിട്ടിയത്.ക്ലാസ്സ് ലീഡറായും ക്ലാസിലെ ഒരു സംഭവമായും അവള്‍ വിലസിയിരുന്ന ആ ക്ലാസ്സിലേക്ക് ഞാന്‍ വലതുകാല്‍ വച്ച് കയറി...
എന്നെ കണ്ടതും കസേരയില്‍ ഇരുന്ന രാഘവന്‍ മാഷ് പതിയെ എഴുന്നേറ്റു, തുടര്‍ന്ന് എന്നെ ചേര്‍ത്ത് പിടിച്ച് അവരോട് പറഞ്ഞു:
"ഇത് മനു, നിങ്ങളെ പോലല്ല, ഭയങ്കര മിടുക്കനാ, നവോദയീന്ന് വന്നതാ"
അങ്ങേര്‍ക്ക് എന്തിന്‍റെ കേടാന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടില്ല, മൂപ്പീന്നിന്‍റെ ആ ഒരു വാചകം കൊണ്ട് ക്ലാസ്സിലുള്ള പകുതി പേരും എന്‍റെ ശത്രുക്കളായി.ബാക്കി പകുതി തുടര്‍ന്നുള്ള എന്‍റെ പെരുമാറ്റം മൂലം ശത്രുക്കളായി, അത് വേറെ സത്യം.

'ബയങ്കര' മിടുക്കനായ കൊണ്ടാവണം ​സാറ്‌ എന്നെ ഫസ്റ്റ് ബഞ്ചില്‍ തന്നെ ഇരുത്തി.ലോക്ലാസ്സ് ടിക്കറ്റെടുത്ത് സ്ക്രീനിനു മുന്നിലിരുന്ന സിനിമ കാണുന്ന പ്രേക്ഷകന്‍റെ ദയനീയവസ്ഥ ആദ്യമായി ഞാന്‍ പഠിച്ചത് അവിടുന്നായിരുന്നു.
ദിവസങ്ങള്‍ കഴിഞ്ഞ് പോയി...
ഇടക്കിടക്കുള്ള ദിവസങ്ങളില്‍ മധുമതി ക്ലാസ്സില്‍ വരാറില്ല.
ഇവളിത് എവിടെ പോകുന്നു??
എന്‍റെ മനസ്സില്‍ ഒരു പെടപെടപ്പ്.
ഞാനും മിടുക്കന്‍, ആ കുട്ടിയും മിടുക്കി, അപ്പോ സ്വഭാവികമായി നമ്മള്‍ ഒന്ന് തിരക്കി പോകും...
"മധുമതി എന്താ വരാത്തത്?"
കേട്ടവര്‍ കേട്ടവര്‍ ഒരു കള്ളച്ചിരിയോടെ,  'ഉം...ഉം..' എന്ന ഒരു മൂളല്‍ മൂളി തല കുലുക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.മാത്രമല്ല പിന്നീട് മധുമതി ക്ലാസ്സില്‍ വരുന്ന ദിവസങ്ങളില്‍ 'ദേണ്ടടാ, മധുമതി' എന്ന ഭാവത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും എന്നെ നോക്കിയപ്പോ എനിക്കങ്ങ് നാണമായി പോയി..
ശ്ശോ, ആ കുട്ടി എന്ത് വിചാരിക്കുമോ എന്തോ???
ഒടുവില്‍ ഞാന്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചു, എന്‍റെ അന്വേഷണത്തെ പറ്റിയറിഞ്ഞ് മധുമതി എന്‍റെ അരികിലേക്ക് വന്നു.ശരീരത്തിനു ഒരു തളര്‍ച്ച പോലെ, ഉമിനീര്‌ വറ്റുന്ന പോലെ, ഇവളെന്തിനാ എന്‍റെ അടുത്തേക്ക് വരുന്നത്, ദേ എന്‍റെ കണ്ണിലോട്ട് നോക്കുന്നു...
നവോദയിലെ തരികിടയുടെ മുട്ടുകള്‍ കൂട്ടി ഇടിച്ചു, ഒടുവില്‍ ധൈര്യം സംഭരിച്ച് ഞാന്‍ ചോദിച്ചു [പരമാവധി നിഷ്കളങ്കമായി, അതും മധുമതി ആരാണെന്ന് എനിക്ക് അറിയാത്ത രീതിയില്‍]:
"എന്താ?"
"കുട്ടി എന്നെ പറ്റി അന്വേഷിച്ചോ?"
അവളുടെ മറുചോദ്യം.
"ഇല്ല"
"ഇല്ലേ?"
"ഉവ്വ്"
മധുമതിയുടെ മുഖത്ത് ഒരു നാണം കലര്‍ന്ന ചിരി പ്രത്യക്ഷപ്പെട്ടു, ശബ്ദം താഴ്ത്തി അവള്‍ പറഞ്ഞു:
"ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാനായി ലളിത ഗാനത്തിനും പദ്യപാരായണത്തിനും പ്രാക്റ്റീസ്സ് ചെയ്യാന്‍ പോകുന്ന കൊണ്ടാ വരാത്തത്"
"ആയിക്കോട്ടേ" എന്‍റെ മറുപടി.
"മനു പാടില്ലേ?" അവളുടെ കിന്നാരം.
"പാട്ടൊക്കെ പെണ്‍കുട്ടികള്‍ക്കാ നല്ലത്, ആണുങ്ങളെ വെറുതെ പ്രസംഗിക്കാനെ കൊള്ളാവു"
ഇങ്ങനൊരു പുന്നാര മറുപടി ചൊല്ലി ഞാന്‍ തടിയൂരി.
പിന്നെ കുറേനേരം നിശബ്ദത.
ഒടുവില്‍ അവള്‍ പറഞ്ഞു:
"താങ്ക്സ്സ്"
"എന്തിനു?" ഞാന്‍.
"എന്നെ പറ്റി അന്വേഷിച്ചതിനു"
ഇത്രയും പറഞ്ഞിട്ട് ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചിട്ട് അവള്‍ പുറത്തേക്ക് ഓടി.
മനസ്സില്‍ ഒരു കുളിര്‍മഴ!!!
ഭാവനായകന്‍ മധു എന്നിലേക്ക് ആവാഹിക്കപ്പെട്ടു...
മധുമതി, ഇനി നീ വരാത്ത ദിവസങ്ങളില്‍ ഞാന്‍ ഈ ക്ലാസ്സിലൂടെ പാടി പാടി നടക്കും.ഒരോ കുട്ടികളോടും ഞാന്‍ ചോദിക്കും...
എവിടെ എന്‍റെ മധുമതി...
എവിടെ എന്‍റെ മധുമതി???
ഈ ചിന്തകളുമായി നിന്ന എന്‍റെ അരികിലേക്ക് ലാസ്റ്റ് ബഞ്ചിലെ സ്ഥിരം കക്ഷികളായ മൂന്ന് പേര്‍ വന്ന് ചോദിച്ചു:
"എന്തുവാ അവള്‍ പറഞ്ഞത്?"
'അത് തന്നെ' എന്ന അര്‍ത്ഥത്തില്‍ ഒന്ന് കണ്ണടച്ച് കാണിച്ച്, ചുണ്ടിലുള്ള പുഞ്ചിരി നന്നായി ഒന്ന് പ്രദര്‍ശിപ്പിച്ചിട്ട് ഞാനും ക്ലാസ്സിനു പുറത്തേക്ക് നടന്നു.
പിന്നില്‍ നിന്ന മൂവര്‍ സംഘത്തിന്‍റെ കണ്ണില്‍ ഒരു നഷ്ടബോധമുണ്ടായിരുന്നു.

അടുത്ത ദിവസം.
കണക്ക് സാറ്‌ ക്ലാസ്സ് എടുത്ത് കൊണ്ടിരിക്കെ  സ്ക്കൂളിലെ പ്യൂണ്‍ അങ്ങോട്ട് വന്നു.അയാള്‍ ഒരു കുറിപ്പ് എടുത്ത് സാറിന്‍റെ കയ്യിലേക്ക് കൊടുത്തു.അത് വായിച്ചിട്ട് സാര്‍ എന്‍റെ മുഖത്തേക്ക് ഒന്ന് നോക്കി, എന്നിട്ട് എന്നെ വിളിച്ചു:
"മനു ഇങ്ങ് വന്നേ"
എന്താ സംഭവമെന്ന് അറിയാതെ ഞാന്‍ സാറിനു അരികിലേക്ക് ചെന്നു.
"മധുമതിയും വാ"
സാറിന്‍റെ ഘനഗംഭീര ശബ്ദം ഒരു ഞെട്ടലോടെയാണ്‌ ഞാന്‍ കേട്ടത്.
മധുമതി പതിയെ എഴുന്നേറ്റ് എന്‍റെ അരികില്‍ വന്നു.
"രണ്ട് പേരും പോയി ഹെഡ്മിസ്ട്രസ്സിനെ കണ്ടിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി"
സാറിന്‍റെ ഓര്‍ഡര്‍.
എന്താ സംഭവമെന്ന് അറിയാതെ അമ്പരപ്പോടെ മധുമതി എന്നെ നോക്കി, ആ നോട്ടം നേരിടാനാകാതെ ഞാന്‍ തല കുനിച്ചു.ആദ്യം അവള്‍ ക്ലാസ്സിനു പുറത്തേക്ക് ഇറങ്ങി, പുറകിനു ഞാനും.ഇറങ്ങുന്നതിനു മുമ്പ് ക്ലാസ്സിലുള്ള സഹപാഠികളെ ഞാനൊന്ന് നോക്കി, എല്ലാവരും അമ്പരന്ന് ഇരിക്കുകയാണ്, എന്നാല്‍ ലാസ്റ്റ് ബഞ്ചിലെ മൂവര്‍ സംഘത്തിന്‍റെ ചുണ്ടില്‍ ഒരു ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു.
അതോടെ എനിക്ക് ഒരു കാര്യം ഉറപ്പായി...
ഇവന്‍മാര്‍ എനിക്കിട്ട് പണിഞ്ഞു!!!

നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി..
ഞാന്‍ ഹെഡ്മിസ്ട്രസ്സിന്‍റെ റൂമിനു മുന്നില്‍ നില്‍ക്കുകയാണ്.മധുമതിയെ അകത്തേക്ക് വിളിച്ച് കയറ്റിയിട്ട് അര മണിക്കൂറോളമായ പോലെ.രാഘവന്‍ മാഷും ഹെഡ്മിസ്ട്രസ്സും പിന്നെ വേറെ ആരൊക്കെയോ അകത്തുണ്ട്.
പാവം മധുമതി.
അവളുടെ മനസ്സ് ഒരുപാട് വേദനിക്കുന്നുണ്ടാവും.
എനിക്ക് ഇതൊക്കെ നല്ല പരിചയമായ കൊണ്ട് അത്ര വിഷമം തോന്നിയില്ല.എന്നാലും അടുത്ത ദിവസം അച്ഛന്‍ വന്ന റ്റീ.സി വാങ്ങി പോകണമെല്ലോന്ന് ആലോചിച്ചപ്പോ ഒരു ചെറിയ സങ്കടം.
ഹെഡ്മിസ്ട്രസ്സിന്‍റെ മുറിയുടെ വാതില്‍ പതിയെ തുറന്നു, സുമംഗല ടീച്ചറും പ്യൂണ്‍ ചേട്ടനും പുറത്തേക്ക് ഇറങ്ങി.വരാന്തയില്‍ വളിച്ച ചിരിയുമായി നില്‍ക്കുന്ന എന്നെ ചൂണ്ടി പ്യൂണേട്ടന്‍ പറഞ്ഞു:
"ഇതാ കക്ഷി"
സുമംഗല ടീച്ചറിന്‍റെ മുഖത്ത് ഒരു വല്ലാത്ത ചിരി, ടീച്ചറെന്‍റെ കവളില്‍ പിടിച്ചോണ്ട് പറഞ്ഞു:
"കൊള്ളാം കൊള്ളാം"
അയ്യേ, ഇവരെന്താ ഇങ്ങനെ??
ടീച്ചറെന്തിനാ കവിളില്‍ നുള്ളിയതെന്ന് ആലോചിച്ച്, നടന്ന് നീങ്ങുന്ന അവരെ നോക്കി നില്‍ക്കെ രാഘവന്‍ മാഷിന്‍റെ സ്വരം...
"മനു എന്ത് നോക്കി നില്‍ക്കുവാ?"
ഈ ചോദ്യത്തോടെ ടീച്ചര്‍ പോയ ഭാഗത്തേക്ക് നോക്കിയ രാഘവന്‍ മാഷും ആ പിന്‍നട കണ്ടു.
ഭേഷ്!!! ഓസിനു ഒരു കുറ്റം കൂടി ആയി.
എന്‍റെ ഗതി.

ഹെഡ്മിസ്ട്രസ്സിന്‍റെ മുറി.
കഥാപാത്രങ്ങളായി രാഘവന്‍ മാഷും ഹെഡ്മിസ്ട്രസ്സും ഞാനും പിന്നെ മധുമതിയും മാത്രം.മധുമതി തല കുനിച്ച് ഒരേ നില്‍പ്പാണ്, രാഘവന്‍ മാഷാണെങ്കില്‍ 'ടീച്ചര്‍ ചോദിക്ക്' എന്ന ഭാവത്തില്‍ ഹെഡ്മിസ്ട്രസ്സിനെ നോക്കുന്നു.
ഒടുവില്‍ ഹെഡ്മിസ്ട്രസ്സ് ആമുഖമിട്ടു:
"മനുവിനെ പറ്റി ഞങ്ങള്‍ ഇങ്ങനല്ല കരുതിയത്"
തെറ്റ് പറ്റി പോയി!!!
അതിനാല്‍ തന്നെ എനിക്ക് മറുപടിയില്ല.
"മധുമതിയോട് മനു വല്ലതും പറഞ്ഞോ?"
അടുത്ത ചോദ്യം.
സത്യത്തില്‍ ഞാനൊന്നും പറഞ്ഞില്ല, ആ കൊച്ചാ ഇങ്ങോട്ട് വന്ന് സംസാരിച്ചത്, എന്നിട്ടിപ്പോ കുറ്റം മൊത്തം എന്‍റെയാണെന്ന രീതിയിലാ ടീച്ചറിന്‍റെ ചോദ്യം.
എനിക്കാകെ സങ്കടം വന്നു, ഞാന്‍ പറഞ്ഞു:
"ഇല്ല ടീച്ചര്‍"
"ഒന്നും പറഞ്ഞില്ലേ?"
"ഇല്ല"
"മനു നല്ലൊരു പ്രാസംഗികനാണെന്ന് മധുമതിയോടു പറഞ്ഞില്ലേ?" ടീച്ചറിന്‍റെ ചോദ്യം.
എപ്പോ??
ഒന്നും മനസ്സിലാകാതെ ഞാന്‍ അന്തം വിട്ട് നിന്നപ്പോ മധുമതി അത് വിശദീകരിച്ചു:
"ഞാന്‍ പെണ്‍കുട്ടി ആയതു കൊണ്ട് പാടുമെന്നും മനു ആണ്‍കുട്ടി ആയത് കൊണ്ട് പ്രസംഗിക്കുമെന്നും മനു പറഞ്ഞില്ലേ?"
ആണ്‍കുട്ടികളെ വെറുതെ പ്രസംഗിക്കാനെ കൊള്ളാവൂന്ന് പറഞ്ഞതിനെ ചുവട് പിടിച്ചാണ്‌ ഈ കണ്ടുപിടുത്തമെന്ന് മനസ്സിലാക്കിയപ്പോ ഞാന്‍ ഒരു നിമിഷത്തേക്ക് നിശബ്ദനായി.
അവടെ കോപ്പിലെ കണ്ടുപിടുത്തും!!
"നമ്മുടെ സ്ക്കൂളില്‍ പ്രസംഗിക്കുന്ന ആരുമില്ല, മനു ഒരു ഭാഷാ സ്നേഹിയായത് കൊണ്ടും, നല്ലൊരു പ്രാസംഗികനായത് കൊണ്ടും ജില്ലാതലത്തില്‍ പ്രസംഗിക്കാന്‍ മനു പോണം.രാഘവന്‍ മാഷ് എല്ലാ സഹായവും ചെയ്യും"
ഹെഡ്മിസ്ട്രസ്സിന്‍റെ ഉത്തരവ്.
നേരെ ചൊവ്വേ നാല്‌ പേര്‌ കൂടി നില്‍ക്കുന്ന കണ്ടാ മുട്ടിടിക്കുന്ന ഞാന്‍ ജില്ലാതലത്തില്‍ പ്രസംഗിക്കണമെന്ന് കേട്ടപ്പോഴുണ്ടായ ഷോക്കില്‍ എനിക്കൊന്നും പറയാന്‍ പറ്റിയില്ല.എന്നെ പോലൊരു മിടുക്കനു ഇതൊക്കെ നിസ്സാരമെന്ന് കരുതി ആ യോഗം പിരിഞ്ഞു.
ക്ലാസ്സില്‍ കയറുന്നതിനു മുന്നേ ആ എന്തിരവള്‍ എന്നോട് ചോദിച്ചു:
"മനുവിനു സന്തോഷമായോ?"
പിന്നേ, ഭയങ്കര സന്തോഷമായി!!!
ഇതിലും വലുത് എന്തോ വരാനിരുന്ന സമയമാണെന്നാ തോന്നുന്നത്.

'ഓണം എന്ന ദേശിയ ഉത്സവം', 'ഗാന്ധിജി എന്ന മനുഷ്യസ്നേഹി','ഭാരതം എന്ന ഇന്ത്യ', ഇങ്ങനെ മൂന്ന് വിഷയങ്ങളെ കുറിച്ച് രാഘവന്‍മാഷ് എഴുതി തന്നാരുന്നു.ഈ വിഷയങ്ങളെല്ലാം നന്നായി പഠിച്ചാണ്‌ ഞാന്‍ കലോത്സവ വേദിയിലെത്തിയത്.ഞാന്‍ ചെല്ലുന്നതിനു മുന്നേ തന്നെ എന്‍റെ വരവിനെ കുറിച്ച് അവിടെ എല്ലാവരും അറിഞ്ഞിരുന്നു.നവോദയില്‍ പഠിച്ചിരുന്ന ഒരു മിടുക്കന്‍ വന്നിരിക്കുന്നു, അവന്‍ പ്രസംഗികനാണ്.
മക്കളെ കലാതിലകവും കലാപ്രതിഭയും ആക്കാന്‍ കച്ചകെട്ടി ഇറങ്ങിയ രക്ഷകര്‍ത്താക്കാള്‍ ആകാംക്ഷയോടെ ചോദിച്ചു...
ആരാണ്....ആരാണവന്‍??
എന്നെ ചൂണ്ടി എല്ലാവരും പറഞ്ഞു..
ഇവന്‍...
ഇവനാണ്‌ ലവന്‍.
ഞങ്ങ പറഞ്ഞ പ്രസംഗികന്‍!!!

അങ്ങനെ പ്രസംഗ വേദിയിലേക്ക് ഞാന്‍ ആനയിക്കപ്പെട്ടു.
അഞ്ച് മിനിറ്റ് അറമാദിക്കണം!!!
ഇതാണ്‌ രാഘവന്‍ മാഷ് എനിക്ക് തന്ന ഉപദേശങ്ങളുടെ രത്നചുരുക്കം.അതായത് ആരൊക്കെ പറഞ്ഞാലും, എന്തൊക്കെ സംഭവിച്ചാലും അഞ്ച് മിനിറ്റ് സ്റ്റേജില്‍ തന്നെ നില്‍ക്കണം.ഒരു വേദിയെ ഫെയ്സ്സ് ചെയ്യാന്‍ പേടി ഉണ്ടായിരുന്നെങ്കിലും, അത് ഞാന്‍ തലകുലുക്കി സമ്മതിച്ചു.പ്രസംഗത്തിനു പത്ത് മിനിറ്റ് മുമ്പാണ്‌ ആ ഞെട്ടിക്കുന്ന സത്യം ഞാന്‍ കേട്ടത്, പ്രസംഗിക്കാനുള്ള വിഷയം അവര്‍ തരുമത്രേ.
അതെങ്ങനെ ശരിയാകും??
അപ്പോ ഞാന്‍ പഠിച്ചതൊന്നും വേണ്ടേ??
കുറേ ചോദ്യങ്ങള്‍ ആരോ മനസ്സിലിരുന്ന് ചോദിച്ചു.
മറുപടിയായി പ്രസംഗ വിഷയം കിട്ടി....
'ലോഹങ്ങളിലെ ചെമ്പിന്‍റെ അംശത്തിന്‍റെ പ്രശ്നങ്ങള്‍'
ഇത് എന്ത് വിഷയം??
ഞാന്‍ മാത്രമല്ല, എന്‍റെ കൂടെ പ്രസംഗിക്കേണ്ട പത്ത് പേരും ഇതേ അവസ്ഥയിലായിരുന്നു.രാഘവന്‍ മാഷ് പെട്ടന്ന് 'അലര്‍ജി, ചൊറി, ചിരങ്ങ്' എന്നിങ്ങനെ കുറേ ക്ലൂ തന്നിട്ട് അപ്രത്യക്ഷനായി.അങ്ങനെ പ്രസംഗിക്കാനായുള്ള കാത്തിരുപ്പ് തുടങ്ങി.ആറാം നമ്പരുകാരനായ ഞാന്‍, മൈല്‍ക്കുറ്റിയില്‍ ഓന്ത് ഇരിക്കുന്ന പോലെ ഒരു കസേരയില്‍ ഇരുപ്പ് ഉറപ്പിച്ചു.
ഒടുവില്‍ മത്സരം ആരംഭിച്ചു...

ഒന്നാം നമ്പറുകാരനും രണ്ടാം നമ്പറുകാരനും എന്തൊക്കെയോ പറഞ്ഞു, മൂന്നാം നമ്പരുകാരന്‍ സ്റ്റേജില്‍ നിന്ന് കരഞ്ഞു, നാലാമന്‍ നാണം കെട്ടു, അഞ്ചാമന്‍ അടിച്ചു കസറി.
ഇനി ഞാനാണ്‌..
ആറാമന്‍!!!
"നമ്പര്‍ - സിക്സ്സ്"
അനൌണ്‍സ്മെന്‍റ്‌ ഒരു ഇരമ്പല്‌ പോലാ എന്‍റെ കാതില്‍ കേട്ടത്.അടുത്ത നിമിഷം സദസ്യര്‍ നിശബ്ദരായി.എല്ലാവരുടെയും നോട്ടം സ്റ്റേജിലേക്ക് കയറിയ എന്‍റെ നേര്‍ക്കായി.ആറാം നമ്പരുകാരനും നവോദയ പ്രോഡക്റ്റുമായ മനു എന്തോ മല മറിക്കുമെന്ന ഭാവം എല്ലാവരുടെയും മുഖത്ത്.വിധികര്‍ത്താക്കള്‍ വരെ എന്നെ ചിരിച്ച് കാണിച്ചു.ഞാന്‍ മൈക്കിനു മുന്നിലെത്തി.
എന്ത് പറയും??
ഞാന്‍ കുറേ നേരം ആലോചിച്ചു, എന്നിട്ട് അഭിസംബോധന ചെയ്യാന്‍ തുടങ്ങി:
"പ്രിയപ്പെട്ട....."
ഇത്രയും പറഞ്ഞപ്പോ ഒരു സംശയം...
പ്രിയപ്പെട്ട സദസ്സിനെന്നാണോ  അതോ അദ്ധ്യക്ഷനെന്നാണോ ആദ്യം പറയേണ്ടത്??
ഒടുവില്‍ രണ്ടും കല്‍പ്പിച്ച് പറഞ്ഞു:
"പ്രിയപ്പെട്ട സദ്ധ്യക്ഷനു"
സദസ്സില്‍ ഒരു ആരവം.
പണ്ട് 'പ്രിയ സഹോദരി സഹോദരന്‍മാരേ' എന്ന് വിവേകാനന്ദന്‍ അഭിസംബോധന ചെയ്തപ്പോ കരഘോഷം മുഴക്കിയ പോലെ ഒരു ശബ്ദമായിരിക്കുമെന്നാണ്‌ ഞാന്‍ ആദ്യം കരുതിയത്.എന്നാല്‍ ആയിരുന്നില്ല, ഞാന്‍ എന്നതാ പറഞ്ഞതെന്ന് അവര്‍ പരസ്പരം ചോദിച്ചതായിരുന്നു.ഇവര്‍ക്കൊന്നും മലയാളത്തില്‍ എന്‍റെ അത്രേം അവബോധം ഉണ്ടെന്ന് തോന്നുന്നില്ല.ദൂരെ ഒരു രക്ഷിതാവ് എന്തോ ബുക്ക് മറിച്ച് നോക്കുന്നത് കണ്ടു, അത് മലയാളം നിഘണ്ടു ആവാനാ ചാന്‍സ്സ്, ഞാന്‍ പറഞ്ഞ വാക്കിന്‍റെ അര്‍ത്ഥമായിരിക്കണം മൂപ്പീന്ന് തപ്പിയത്.
കിട്ടുമോ എന്തോ??

അഭിസംബോധന ചെയ്ത് രണ്ട് മിനിറ്റോളം എന്‍റെ വായില്‍ ഒന്നും വന്നില്ല.ഘോരഘോരം ഞാന്‍ പ്രസംഗിക്കുന്ന കേട്ട് സായൂജ്യമടയാന്‍ വന്നവരൊക്കെ നിരാശരായി തുടങ്ങി.ഒടുവില്‍ നടത്തിപ്പുകാരിയായ ടീച്ചര്‍ അടുത്ത് വന്ന് രഹസ്യമായി പറഞ്ഞു:
"തീര്‍ന്നെങ്കില്‍ മോന്‍ ഇറങ്ങിക്കോ"
ഞാന്‍ പതിയെ വാച്ചില്‍ നോക്കി, രണ്ട് മിനിറ്റേ ആയുള്ളു.രാഘവന്‍ മാഷ്  പറഞ്ഞത് അഞ്ച് മിനിറ്റ് നിക്കണമെന്നാ, ഈ ചിന്തയില്‍ ഞാന്‍ മറുപടി നല്‍കി:
"തീര്‍ന്നില്ല, ഇനിയുമുണ്ട്"
ഇനി എന്ത് പറയണമെന്ന് അറിയാതെ ആ ടീച്ചറൊന്ന് അമ്പരന്ന് നിന്ന്, എന്നിട്ട് പതിയെ ഇറങ്ങി പോയി.അവര്‌ ഇങ്ങനൊരുത്തനെ ആദ്യമായി കാണുവാണെന്ന് തോന്നുന്നു, പാവം.ഇപ്രകാരം നിശബ്ദനായി നിന്ന് ഞാന്‍ അഞ്ച് മിനിറ്റ് പൂര്‍ത്തിയാക്കി.ഒടുവില്‍ 'നന്ദി, നമസ്ക്കാരം' പറഞ്ഞ് സ്റ്റേജില്‍ നിന്ന് ഇറങ്ങിയപ്പോ പലരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു, അവര്‍ക്കൊക്കെ എന്‍റെ പ്രകടനം അത്രക്ക് ബോധിച്ചെന്നാ തോന്നുന്നത്.മിക്കവാറും എനിക്കായിരിക്കും ഫസ്റ്റ്.
എന്നാല്‍ അത് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമായിരുന്നു, എനിക്ക് ഒന്നും കിട്ടിയില്ല.പിന്നീട് എന്നെ കണ്ടപ്പോ മധുമതി പറഞ്ഞു:
"പ്രസംഗം കേക്കാന്‍ പറ്റീല്ല, ഓടി വന്നപ്പോഴേക്കും തീര്‍ന്നാരുന്നു, കൈയ്യടി മാത്രമേ കേട്ടുള്ളു"
അത് എന്തായാലും ഭാഗ്യമായി!!!
പക്ഷേ എല്ലാം കേട്ട രാഘവന്‍ മാഷ് മാത്രം അന്ന് എന്നോട് മിണ്ടിയേ ഇല്ല.മറ്റുള്ളവരുടെ മുന്നില്‍ ഞാനും സാറും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ പെരുമാറ്റം.
അങ്ങനെ ആ മത്സരം കഴിഞ്ഞു, എന്നാല്‍ ഞാന്‍ ശരിക്കും ഈശ്വരനെ വിളിച്ചത് അടുത്ത അദ്ധ്യാപന ദിവസമായിരുന്നു...

അന്ന്...
സ്ക്കൂളിലെ അസംബ്ലി ഗൌണ്ട്.
ആകാംക്ഷയോടെ നില്‍ക്കുന്ന കൂട്ടുകാരുടെ മുന്നില്‍ വച്ച് ഒരോ മത്സരാര്‍ത്ഥിയുടെയും അനുഭവം ഹെഡ്മിസ്ട്രസ്സ് ചോദിച്ച് അറിയുകായാണ്.എന്‍റെ നമ്പര്‍ എത്തിയപ്പോ ഞാന്‍ പറഞ്ഞു:
"എല്ലാം രാഘവന്‍ മാഷിന്‍റെ അനുഗ്രഹം, സാറ്‌ പറഞ്ഞ് തന്ന പോലെ ഞാന്‍ പ്രവര്‍ത്തിച്ചു, അത്രമാത്രം"
ഈ മറുപടി പാരയായി, എന്‍റെ പ്രസംഗത്തെ പറ്റി രണ്ട് വാക്ക് പറയാന്‍ ഹെഡ്മിസ്ട്രസ്സ് രാഘവന്‍ മാഷിനെ വിളിച്ചു.സത്യസന്ധനായ രാഘവന്‍ മാഷ് മൈക്ക് കയ്യിലെടുത്തു.ഇങ്ങേരിപ്പൊ എല്ലാം സത്യസന്ധമായി വിവരിക്കുമല്ലോ കര്‍ത്താവേന്ന് ഓര്‍ത്തപ്പോള്‍ എന്‍റെ ഹൃദയം പട പടാന്ന് ഇടിച്ച് തുടങ്ങി.
എന്നെ ഒന്ന് നോക്കിയട്ട് അദ്ദേഹം സംസാരിച്ച് തുടങ്ങി:
"മനുവിന്‍റെ പ്രസംഗത്തെ പറ്റി പറയാന്‍ എനിക്ക് വാക്കുകളില്ല"
പാവം!!!
"ശരിക്കും മനു അവിടെ നിന്ന് പ്രസംഗിക്കുകയായിരുന്നില്ല"
സത്യം!!!
"മനുവിന്‍റെ ഒരോ വാക്കും എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്"
അതും ശരിയാ, ആകെ ആറ്‌ വാക്കേ ഞാന്‍ പറഞ്ഞിട്ടുള്ളു.
"മനു ഒരു സാധാരണ വ്യക്തിയല്ല"
ശരിയാണ്‌, ഇറങ്ങി പോകാന്‍ ഒരു ടീച്ചര്‍ പറഞ്ഞിട്ടും സ്റ്റേജില്‍ അഞ്ച് മിനിറ്റ് കുറ്റിയടിച്ച് നിന്ന ഞാന്‍ ഒരു അസാധാരണ വ്യക്തി തന്നെ.
"മനുവിന്‍റെ സംബോധന അപ്രതീക്ഷിതമായിരുന്നു"
പ്രിയപ്പെട്ട സദ്ധ്യക്ഷന്!!!
"തീര്‍ന്നപ്പോഴുള്ള കയ്യടി എന്നെ അത്ഭുതപ്പെടുത്തി"
തീര്‍ന്നല്ലോ എന്ന് ഓര്‍ത്തുള്ള കയ്യടി!!

സാറ്‌ ഇത്രയും പറഞ്ഞ് നിര്‍ത്തിയപ്പോ ഹെഡ്മിസ്ട്രസ്സ് ചോദിച്ചു:
"പിന്നെന്താ മനുവിനു ഫസ്റ്റ് കിട്ടാഞ്ഞത്"
സാറ്‌ ഒരു നിമിഷം നിശബ്ദനായി, എന്നിട്ട് പറഞ്ഞു:
"ശരിക്കും മനു എന്താ പറഞ്ഞതെന്ന് വിധി കര്‍ത്താക്കള്‍ക്ക് പോലും മനസിലായില്ല"
പരമമായ സത്യം!!!

ഓര്‍മ്മകളില്‍ തങ്ങി നിന്ന്, ഒരു നിമിഷം നെടുവീര്‍പ്പിട്ടിട്ട് സാറ്‌ മൈക്ക് കൈ മാറുമ്പോള്‍, ഇനിയുള്ള രണ്ട് വര്‍ഷങ്ങളിലും പ്രസംഗിക്കേണ്ടി വരുമോന്ന് ഓര്‍ത്ത് ഞാന്‍ ഞെട്ടി നില്‍ക്കുകയായിരുന്നു.എന്നാല്‍ അപ്പോഴും സഹപാഠികള്‍ക്ക് ഇടയില്‍ നിന്ന് മധുമതി കൈയ്യടിച്ചു കൊണ്ടേ ഇരുന്നു.


മാവേലി ഒരു മനുഷ്യനല്ല


"അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നതാണ്.നാടകത്തിന്‍റെ പേര്...
മാവേലി ഒരു മനുഷ്യനല്ല.
ജില്‍!!!!"

നാടക അനൌണ്‍സ്മെന്‍റിന്‍റെ ഒരു റിഹേഴ്സല്‍ കാണിച്ച് കൊടുത്തിട്ട് ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കി.പ്രസാദും വികാസും പ്രത്യേകിച്ച് ഒരു ഭാവഭേദവുമില്ലാതെ എന്നെ തന്നെ നോക്കിയിരുന്നു.അവരുടെ നിസംഗത എന്നെ ചൊടിപ്പിച്ചെങ്കിലും അത് മറച്ച് വച്ച് ഞാന്‍ ചോദിച്ചു:
"മനസിലായോ?"
രണ്ട്പേരും 'ഉവ്വ്' എന്ന് തലയാട്ടി.
ദൈവമേ, ഇവരിത് കുളമാക്കുമെന്നാ തോന്നുന്നത്!!!
ഏറ്റെടുത്തപ്പോ ഇത്ര വലിയ കുരിശാണെന്ന് വിചാരിച്ചില്ല.ഇനിയിപ്പോ ഒഴിയാനും പറ്റില്ല, വിജയിക്കാന്‍ എല്ലാ സാദ്ധ്യതയുമുണ്ട്, പക്ഷേ ഈ രണ്ട് കുരങ്ങന്‍മാര്‌ എന്താക്കി തീര്‍ക്കുമോ എന്തോ??
ഒരു ചെറിയ പരാജയം പോലും പ്രോജക്റ്റ് മാനേജരായ സൊബാസ്റ്റ്യന്‍ സാറ്‌ ക്ഷമിക്കുമെന്ന് തോന്നുന്നില്ല.അങ്ങേരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, ഓഫീസില്‍ കൊണ്ട് പിടിച്ച് പണി നടക്കുമ്പോഴാ ഓണാഘോഷത്തിനിടയില്‍ അവതരിപ്പിക്കാനുള്ള നാടകത്തിന്‍റെ റിഹേഴ്സലിനായി ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും രണ്ട് ദിവസം 'ഓണ്‍ ഡ്യൂട്ടി' എന്ന ഓമനപേരില്‍ അവധി അനുവദിച്ചു തന്നത്.നാളെയാണ്‌ ഓണാഘോഷം, പക്ഷേ നാടകവും ഡയലോഗും ഇവന്മാരുടെ തലയില്‍ കയറിയെന്ന് എനിക്ക് ഒരു വിശ്വാസവുമില്ല.എന്‍റെ ഈ മനോവിഷമം ഇത് വായിക്കുന്ന നിങ്ങള്‍ക്ക് മനസിലാവാന്‍ ഒരു ചാന്‍സുമില്ല, അത് മനസിലാകണമെങ്കില്‍ നിങ്ങള്‍ ഇതിന്‍റെ കഥ അറിയണം.
ഈ നാടകത്തിന്‍റെ കഥ...

മഹാനായ മഹാബലി ചക്രവര്‍ത്തിയോട് വാമനന്‍ മൂന്നടി മണ്ണ്‌ യാചിക്കുന്നു.അസുരഗുരുവായ ശുക്രാചാര്യര്‍ വാമനന്‍റെ ചതി മനസിലാക്കി മഹാബലിയെ ദാനം കൊടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ സത്യസന്ധനായ മഹാബലി ദാനം ചെയ്യാന്‍ തയ്യാറാകുന്നു.രണ്ടടി കൊണ്ട് ലോകം മൊത്തം അളന്ന വാമനന്‍ മൂന്നാമത്തെ അടി മഹാബലിയുടെ തലയില്‍ വയ്ക്കുകയും, അദ്ദേഹത്തെ പാതാളലോകത്തില്‍ ഒന്നായ സുതലം എന്ന ലോകത്തിലേക്ക് കാല്‍പാദം തലയില്‍ വച്ച് അനുഗ്രഹിച്ച് യാത്രയാക്കുകയും ചെയ്യുന്നു.
ഇതാണ്‌ കഥ...
വെരി സിംപിള്‍ സ്റ്റോറി!!
ഇതില്‍ ഞാനാണ്‌ മഹാബലി, വികാസ്സ് വാമനന്‍, പിന്നെ ശുക്രാചാര്യരായി പ്രസാദും.പക്ഷേ ഞാന്‍ കഥയും കഥാപാത്രങ്ങളേയും ഡയലോഗും എത്ര വിവരിച്ചിട്ടും പൊട്ടന്‍മാരുടെ തലയില്‍ അത് കേറുന്നില്ല എന്നതാണ്‌ എന്‍റെ പ്രശ്നം.
ഈ രംഗമാണ്‌ നിങ്ങള്‍ മുകളില്‍ കണ്ടത്....

നാടക അനൌണ്‍സ്മെന്‍റിന്‍റെ ഒരു റിഹേഴ്സല്‍ കാണിച്ച് കൊടുത്തിട്ട് ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കി.പ്രസാദും വികാസും പ്രത്യേകിച്ച് ഒരു ഭാവഭേദവുമില്ലാതെ എന്നെ തന്നെ നോക്കിയിരുന്നു.അവരുടെ നിസംഗത എന്നെ ചൊടിപ്പിച്ചെങ്കിലും അത് മറച്ച് വച്ച് ഞാന്‍ ചോദിച്ചു:
"മനസിലായോ?"
രണ്ട്പേരും 'ഉവ്വ്' എന്ന് തലയാട്ടി.
എന്നിട്ടും വിശ്വാസം ആകാതെ ഞാന്‍ പറഞ്ഞു:
"പ്രസാദേ, നീയാണ്‌ ശുക്രാചാര്യര്‍"
അത് കേട്ട് തലകുലുക്കി കൊണ്ട് അവന്‍ പറഞ്ഞു:
"അറിയാം അണ്ണാ, ഞാനല്ലേ മഹാബലിയെ ചവുട്ടി താഴ്ത്തുന്നത്"
മാങ്ങാതൊലി!!!
വായില്‍ ചൊറിഞ്ഞ് വന്നത് ചവച്ചിറക്കി ഞാന്‍ പറഞ്ഞു:
"എടാ കോപ്പേ, നീ അസുരഗുരുവാണ്‌, മഹാബലിയെ ചവുട്ടി താഴ്ത്തുന്നത് വാമനനാ"
"അത് ആരാ അണ്ണാ?"
ചോദ്യം വാമനനായി അഭിനയിക്കേണ്ട വികാസിന്‍റെ വകയായിരുന്നു.ഇവനോടൊക്കെ ഇനി എന്ത് മറുപടി പറയണമെന്ന് ആലോചിച്ച് നിന്ന എന്നോട് അവന്‍ വീണ്ടും ചോദിച്ചു:
"ആരാ അണ്ണാ വാമനന്‍?"
വായില്‍ വന്നത് ഓര്‍ക്കാതെ പുറത്ത് ചാടി:
"വാമനന്‍ നിന്‍റെ അമ്മേടേ......"
ചാടിയതിനെ ഇവിടെ വച്ച് വിഴുങ്ങി നാക്കിനെ വളച്ചെടുത്തു:
"... നിന്‍റെ  അമ്മേടേ വീടിനടുത്തുള്ള ഒരു മാമനാ"
അതേയോ എന്ന അര്‍ത്ഥത്തില്‍ തലയാട്ടിയ അവനോട് ഞാന്‍ പറഞ്ഞു:
"എന്‍റെ പൊന്നു വികാസേ, അത് നീയാണ്"
എല്ലാം മനസിലായ മട്ടില്‍ അവന്‍ തലയാട്ടി, അത് ശരി വയ്ക്കുന്ന രീതിയില്‍ പ്രസാദും.

അന്ന് രാത്രിയില്‍ പുറത്ത് തകര്‍ത്ത് പെയ്യുന്ന മഴയുടെ താളം ആസ്വദിച്ച് കിടന്നപ്പോള്‍ ഗായത്രി പറഞ്ഞു:
"മനുചേട്ടാ, എനിക്കൊരു സംശയം...."
സാധാരണ സിനിമയിലൊക്കെ ഭാര്യമാരിങ്ങനെ പറയുന്നത് എന്തെങ്കിലും കുനുഷ്ട് കാര്യം വരുമ്പോഴാണല്ലോ കര്‍ത്താവേ എന്ന് മനസ്സ് മന്ത്രിച്ചു, എങ്കിലും ചോദിച്ചു:
"എന്ത് സംശയം?"
"മഹാബലി ഷര്‍ട്ടിടുമോ?"
"ഇല്ല, എന്തേ?"
"അപ്പോ ചേട്ടന്‍ ഷര്‍ട്ടില്ലാതാണോ നാളെ അഭിനയിക്കാന്‍ പോകുന്നത്?"
അപ്പോ അതാണ്‌ കാര്യം.
എന്തേലും നല്ല മറുപടി നല്‍കിയില്ലെങ്കില്‍ പെണ്‍കുട്ടികളുള്ള ഓഫീസില്‍ ഇങ്ങനെ അഭിനയിക്കാന്‍ നാണമില്ലേന്നാവും അടുത്ത ചോദ്യം.
ഒരു സെക്കന്‍ഡ് ഒന്ന് ആലോചിച്ചിട്ട് ഞാന്‍ മറുപടി നല്‍കി:
"മഹാബലി ഷര്‍ട്ട് ഇടാന്‍ പാടില്ല, അത് ആ വലിയ മഹാനോട് ചെയ്യുന്ന അനാദരവാണ്."
ഒന്ന് നിര്‍ത്തി ഇടം കണ്ണിട്ട് ഞാന്‍ അവളെ ഒന്ന് നോക്കി.ഏറ്റ മട്ടുണ്ട്, മുകളില്‍ കറങ്ങുന്ന ഫാനിനെ നോക്കി കിടക്കുവാ.
ഒന്നു കൂടി ഉറപ്പിക്കാനായി പറഞ്ഞു:
"ഞാന്‍ ഈ പറഞ്ഞത് സത്യമാണെന്ന് മനസിലാക്കണേല്‍ മഹാബലിയെ വാമനന്‍ ചവുട്ടി താഴ്ത്തുന്ന ഏതേലും പടം മനസ്സില്‍ ഓര്‍ത്താല്‍ മതി"
ഏറ്റു, അതേറ്റു.
എനിക്ക് ഉറപ്പായി.
"ചേട്ടാ, ഒരു സംശയം" വീണ്ടും അവള്‍.
"എന്തേ?"
"ഈ പടങ്ങളിലൊക്കെ വാമനന്‍ കോണകം ഉടുത്താ നില്‍ക്കുന്നത്, നാളെ വികാസ്സും ഇങ്ങനാണോ നില്‍ക്കാന്‍ പോകുന്നത്?"
ഹോ, വാട്ട് എ കൊസ്റ്റ്യന്‍!!!
പക്ഷേ ഈ  ചോദ്യത്തിനു എനിക്ക് മറുപടി ഉണ്ടായിരുന്നില്ല, തല വഴി പുതപ്പ് മൂടി കൂര്‍ക്കം വലിയുടെ ശബ്ദമുണ്ടാക്കി കിടന്നു.അല്ലേല്‍ തന്നെ ഇതിനൊക്കെ മറുപടി പറയാന്‍ പോയി ഒരു കുടുംബ കലഹമുണ്ടാക്കാന്‍ എനിക്ക് ടൈം ഇല്ലാരുന്നു.കാരണം നാളെ രാവിലെ പുറപ്പെടണം, പാലാരിവട്ടത്ത് നിന്ന് ശുക്രാചാര്യരായി അഭിനയിക്കുന്ന പ്രസാദിനെയും കൂട്ടി പത്ത് മണിക്ക് മുമ്പേ ഓഫീസിലെത്തണം.ഓഫീസ്സ് ഇരിക്കുന്ന കെട്ടിടത്തിന്‍റെ താഴത്തെ ഹാള്‍ വാടകക്ക് എടുത്തിട്ടുണ്ട്, അവിടെ വച്ചാണ്‌ പരിപാടികള്‍.
എല്ലാം ജോര്‍ ആക്കണം!!!
ചിന്തകള്‍ ഇത്രത്തോളമായപ്പോ ഗായത്രി പിറുപിറുക്കുന്നത് കേട്ടു:
"ഇങ്ങേര്‍ക്കോ നാണമില്ല, അവറ്റകള്‍ക്കും അതില്ലേ?"
വാമനനെ കുറിച്ചാണെന്ന് തോന്നുന്നു, മറുപടി പറഞ്ഞില്ല, കൂര്‍ക്കം വലിയുടെ ശബ്ദം കൂട്ടി.
അപ്പോഴും പുറത്ത് മഴ തകര്‍ത്ത് പെയ്യുകയായിരുന്നു.

രാവിലെ ഒരുങ്ങി പുറത്തിറങ്ങിയപ്പോ, കൊച്ചുവെളുപ്പാന്‍ കാലത്ത് കുളിച്ചൊരുങ്ങി നില്‍ക്കുന്ന പുതു പെണ്ണിനെ പോലെ തലേ ദിവസത്തെ മഴ മൊത്തം നനഞ്ഞ ബൈക്ക് അവിടെ ഇരിക്കുന്നു.കൈലേസ്സ് കൊണ്ട് സീറ്റ് തുടച്ച് ബൈക്കില്‍ കയറി ഇരുന്നു, കണ്ണാടിയില്‍ നോക്കി സൌന്ദര്യത്തിനു കോട്ടം തട്ടിയിട്ടില്ലെന്ന് ഉറപ്പ് വരുത്തി.തുടര്‍ന്ന് ബൈക്കില്‍ പാലാരിവട്ടത്തേക്ക്...
അവിടെ കാത്ത് നിന്ന ശുക്രാചാര്യനേയും കൂട്ടി അടുത്തുള്ള വെജിറ്റേറിയന്‍ ഹോട്ടലില്‍ കയറി.
"രണ്ട് ഊത്തപ്പം, രണ്ട് ചായ"
ബ്രേക്ക് ഫാസ്റ്റ് ടേബിളില്‍ നിരന്നു.
കഴിച്ചു കൊണ്ട് ഇരിക്കുമ്പോ വാമനന്‍റെ ഫോണ്‍:
"എവിടാ?"
"പാലാരിവട്ടം. ഊത്തപ്പം കഴിക്കുവാ, നീയോ?"
"ഓഫീസിലാ, നിങ്ങള്‌ പെട്ടന്ന് വാ, ഒരു റിഹേഴ്സല്‍ കൂടി എടുക്കാം"
ഫോണ്‍ കട്ട് ചെയ്ത് കാര്യം പറഞ്ഞപ്പോ ശുക്രാചാര്യന്‍ പറഞ്ഞു:
"ഡയലോഗ് എല്ലാം പഠിച്ചു, പക്ഷേ ഫോര്‍ട്ട് കൊച്ചിയിലെ മച്ചാന്‍ ഭാഷയാ വരുന്നത്.ഈ ഗുരുവും രാജാവുമൊക്കെ സംസാരിക്കുന്ന സ്ലാങ്ങ് ശരിയാവുന്നില്ല"
ഞാന്‍ അവനെ ആശ്വസിപ്പിച്ചു:
"അതിനൊരു വഴിയുണ്ട്, ഇപ്പോ മുതല്‍ ആ സ്ലാങ്ങില്‍ സംസാരിച്ച് നോക്ക്, അപ്പോ ആ പ്രശ്നം വരില്ല"
അപ്പോഴാണ്‌ വെയിറ്റര്‍ അരികിലേക്ക് വന്നത്...
"സാര്‍, എനിതിംഗ് എല്‍സ്?"
ഇനിയെന്തെങ്കിലും വേണോന്നുള്ള അങ്ങേരുടെ ചോദ്യം കേട്ടപ്പോള്‍ ഞാന്‍ പ്രസാദിനെ നോക്കി.മറുപടിയായി അസുരഗുരു മൊഴിഞ്ഞു:
"നോമിനു തിറുപ്പ്തിയായി"
ഇത് കേട്ട് വെയിറ്റര്‍ അന്തംവിട്ട് അവന്‍റെ മുഖത്ത് നോക്കി, അത് കണ്ട ഭാവം നടിക്കതെ അവന്‍ എന്നോട് ചോദിച്ചു:
"നോമിനോ..??"
മറുപടി പറയാതെ തരമില്ല, ഞാനും പറഞ്ഞു:
"നോമിനും തിറുപ്പ്തിയായി"
പിന്നെ വെയിറ്റര്‍ ഒന്നും ചോദിച്ചില്ല, അയാള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.
ഞങ്ങള്‍ ഓഫീസിലേക്ക്...

ബൈക്ക് പാലാരിവട്ടം ബൈപ്പാസ് ക്രോസ്സ് ചെയ്ത്, ചെമ്പുമുക്കും, വാഴക്കാലയും, പടമുകളും കടന്ന്, സിവില്‍ സ്റ്റേഷനു മുമ്പിലുള്ള സിഗ്നലിനു സമീപമെത്തി.
പ്രശ്നങ്ങള്‍ തുടങ്ങിയത് ഇവിടെ നിന്നായിരുന്നു.
മേല്‍ സൂചിപ്പിച്ച പ്രശ്നങ്ങള്‍ മുന്നില്‍ അവതരിച്ചത് ഒരു കാക്കിയിട്ട പോലീസ്സുകാരന്‍റെ രൂപത്തിലായിരുന്നു, അയാള്‍ പറഞ്ഞു:
"അങ്ങോട്ട് നീക്കി നിര്‍ത്ത്, ബുക്കും പേപ്പറുമൊന്ന് പരിശോധിക്കണം"
"ഇപ്പോഴോ?" അറിയാതെ ഞാന്‍ ചോദിച്ചു പോയി.
"പിന്നെ നിന്‍റെ സൌകര്യത്തിനാണോടാ, പന്ന &%##**....## മോനേ"
അയാളുടെ മറുപടി.
നോമിനു തിറുപ്പ്തിയായി!!!
ഞാന്‍ പ്രസാദിനെ നോക്കി...
നോമിനോ??
നോമിനും തിറുപ്പ്തിയായി!!!!
അവന്‍റെ മുഖഭാവം അത് വിളിച്ച് പറയുന്നുണ്ടായിരുന്നു.

"ഇനി എന്ത് ചെയ്യുമെടാ?"
പ്രസാദിന്‍റെ ചോദ്യത്തില്‍ ഒരു ദീനതയുണ്ടായിരുന്നു.
"നമ്മള്‍ ഓണാഘോഷത്തിനു പോകുന്നവരാണെന്ന് പറഞ്ഞ് നോക്കാം, വേറെ വഴിയൊന്നും ഞാന്‍ കാണുന്നില്ല"
"അത് പറഞ്ഞാ വിടുമോ?" പ്രസാദിനു ആകാംക്ഷ.
"പോലീസുകാരന്‍ മലയാളിയല്ലേ, വിടും, ഉറപ്പ്."
എനിക്ക് ആ വിശ്വാസമുണ്ടായിരുന്നു.
അതിന്‍ പ്രകാരം ഞാനും പ്രസാദും പോലീസുകാരനു അരികിലേക്ക് നടന്നു.രണ്ട് കോളേജ് പിള്ളാരെ തടഞ്ഞ് സംസാരിച്ച് കൊണ്ടിരുന്ന അയാളോടായി പ്രസാദ് പറഞ്ഞു:
"സാര്‍, ഒരു അപേക്ഷയുണ്ട്..."
പോലീസുകാരന്‍ തല ഉയര്‍ത്തി നോക്കിയപ്പോ എന്നെ ചൂണ്ടി അവന്‍ പറഞ്ഞു:
"സര്‍, ഇദ്ദേഹത്തെ എത്രയും വേഗം പറഞ്ഞ് വിടണം.കാരണം ഇദ്ദേഹം മഹാബലിയാണ്"
പോലീസ്സുകാരന്‍റെ കണ്ണ്‌ തള്ളി!!!
രണ്ട് അവന്‍മാരെ വാഹന പരിശോധനക്ക് പിടിച്ചപ്പോ ദേ ഒരുത്തന്‍ പറയുന്നു മറ്റവന്‍ മഹാബലിയാണെന്ന്.പോലീസുകാരന്‍ ആകെ തെറ്റിദ്ധരിച്ച മട്ടുണ്ട്.അതിനാല്‍ അങ്ങേര്‌ എന്നെ സൂക്ഷിച്ച് നോക്കിയപ്പോ ഞാന്‍ പറഞ്ഞു:
"ആക്ച്വലി, സാര്‍ ഉദ്ദേശിക്കുന്ന മഹാബലിയല്ല ഞാന്‍"
പോലീസുകാരന്‍ തല ചൊറിഞ്ഞ് തുടങ്ങി.
അയാള്‍ ചോദിച്ചു:
"ഞാന്‍ ഉദ്ദേശിക്കുന്ന മഹാബലിയല്ലേ താന്‍?"
ആ ചോദ്യത്തെ തുറുപ്പ് ഗുലാനിട്ട് പ്രസാദ് വെട്ടി:
"ആണ്‌ സാര്‍, സാര്‍ ഉദ്ദേശിക്കുന്ന മഹാബലി തന്നാ ഇവന്‍"
പോലീസുകാരന്‍ ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കി.വട്ടാണോ, അതോ കഞ്ചാവാണോ എന്നായിരിക്കണം അങ്ങേര്‌ മനസ്സില്‍ ഓര്‍ത്തത്.സംഭവം ഇത്രയുമായപ്പോ പ്രസാദ് ഇടക്ക് കയറി പറഞ്ഞു:
"സാറിനോടായ കൊണ്ട് സത്യം പറയാം, സാറായിട്ട് ആരോടും പറയരുത്, ഞാനാണ്‌ സാക്ഷാല്‍ ശുക്രാചാര്യന്‍"
ഇപ്പോ പോലീസുകാരനു അനക്കമില്ല.
അങ്ങേര്‌ തലക്ക് അടി കിട്ടിയ പോലെ ഒരേ നില്‍പ്പ്.
ബോധം വീണ്ടു കിട്ടയപ്പോഴാകണം, ദയനീയമായി അയാള്‍ ചോദിച്ചു:
"ഏത് ശുക്രാചാര്യന്‍?"
"സാര്‍, അസുരഗുരുവായ ശുക്രാചാര്യന്‍, അതാണ്‌ ഞാന്‍"
പ്രസാദ് നല്ല കോണ്‍ഫിഡന്‍റായി മറുപടി നല്‍കി.
ഇത്രയുമായപ്പോഴേക്കും സംഭവം കൈ വിട്ട് പോകുകയാണെന്ന് എന്‍റെ മനസ്സ് പറഞ്ഞു, അത് ശരിയായിരുന്നു.പോലീസുകാരന്‍ ഞങ്ങളോടായി പറഞ്ഞു:
"ഒരു കാര്യം ചെയ്യ്, ഗുരുവും ബലിയും അങ്ങോട്ട് മാറി നില്‍ക്ക്, ഞാന്‍ ഇപ്പോ വരാം"
ഞങ്ങള്‍ തിരിച്ച് നടക്കുമ്പോ, കോളേജ് പിള്ളാരോടായി പോലീസുകാരന്‍ പറഞ്ഞു:
"നിങ്ങള്‌ പോയ്ക്കോ, ഇന്നത്തേക്ക് രണ്ട് മുട്ടന്‍ സ്രാവുകളെ കിട്ടിയട്ടുണ്ട്"
അതോടെ എനിക്ക് ഉറപ്പായി, സംഭവം കോംപ്ലിക്കേറ്റഡാണ്!!!
പൊട്ടന്‍ പ്രസാദിനു അപ്പോഴും ഒന്നും മനസിലായില്ല, അവന്‍ എന്നോട് ചോദിച്ചു:
"നീ മഹാബലിയാണെന്ന് അറിഞ്ഞിട്ടും ഇങ്ങേരെന്താ നമ്മളെ വിടാത്തത്?"
ഞാന്‍ മറുപടി പറഞ്ഞില്ല, പകരം രൂക്ഷമായി അവനെ ഒന്ന് നോക്കി.
"ഓ, വാമനന്‍ കൂടെ ഇല്ലാത്ത കൊണ്ടാവും, അല്ലേ?"
വീണ്ടും അവന്‍റെ ചോദ്യം.
കശ്മലന്‍!!!
ഇവന്‍ ഗുണം പിടിക്കില്ല.

ഞങ്ങളെ നിര്‍ത്തി മുഷിയിപ്പിക്കാതെ പോലീസുകാരന്‍ പെട്ടന്ന് അരികിലേക്ക് വന്നു, എന്നിട്ട് ചോദിച്ചു:
"നിങ്ങളില്‍ ആരാ മഹാബലിയെന്നാ പറഞ്ഞത്?"
പ്രസാദ് എന്നെ ചൂണ്ടി:
"ഇവനാണ്‌ സാര്‍"
പോലീസുകാരന്‍ എന്നെ അടിമുടി നോക്കിയപ്പോള്‍ സൈഡില്‍ നിന്നൊരു സ്വരം:
"രാമകൃഷ്ണാ, എന്താ പ്രശ്നം?"
തല തിരിച്ച് നോക്കിയപ്പോള്‍ കുറച്ച് മാറി പോലീസ്സ് ജീപ്പില്‍ ചാരി നില്‍ക്കുന്ന എസ്സ്.ഐ സാര്‍.അദ്ദേഹത്തെ നോക്കി രാമകൃഷ്ണന്‍ എന്ന പോലീസ്സുകാരന്‍ പറഞ്ഞു:
"മഹാബലിയും ശുക്രാചാര്യനുമാണ്‌ സാര്‍, പാതാളത്തീന്ന് വരുന്ന വഴിയാ, റോഡ് നിയമങ്ങളെ പറ്റി വലിയ പിടിയില്ലെന്ന് തോന്നുന്നു"
"അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലടോ, കഴിഞ്ഞ വര്‍ഷം വന്നിട്ട് ഇപ്പോഴല്ലേ വീണ്ടും വരുന്നത്.ട്രാഫിക്കിന്‍റെയും ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്‍റെയും തലപ്പത്ത് മാറ്റം വന്നത് അവര്‍ അറിഞ്ഞു കാണാന്‍ വഴിയില്ല"
പോലീസുകാരനും എസ്സ്.ഐയ്യും കൂടി മാറി മാറി വാരുന്നത് നോക്കി, ഇവരെ ഇനി എന്ത് പറഞ്ഞ് ബോധ്യപ്പെടുത്തും എന്ന് ആലോചിച്ച് നിന്ന എന്നോട് എസ്സ്.ഐ പറഞ്ഞു:
"മാവേലി ആ ബുക്കും പേപ്പറുമെടുത്ത് ഇങ്ങ് വാ"
ആശ്വാസം!!!
ബുക്കും പേപ്പറും കാണിച്ചാല്‍ രക്ഷപ്പെടാമല്ലോ, ഒറിജിനല്‍ കൈയ്യില്‍ ഇല്ലെങ്കിലും എല്ലാത്തിന്‍റെയും ഫോട്ടോസ്റ്റാറ്റ് ബൈക്കില്‍ ഉണ്ട്, പിന്നെ ഏതോ ഒരു അവകാശ നിയമപ്രകാരം ഒറിജിനല്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ കാണിച്ചാല്‍ മതിയത്രേ.
ഈ ധൈര്യത്തില്‍ ബൈക്കിന്‍റെ ടാങ്ക് കവറില്‍ കൈയ്യിട്ട് ബുക്കും പേപ്പറും എടുക്കാന്‍ ശ്രമിച്ചു.കൈയ്യെത്തി സാധനം എടുക്കുന്ന വരെ ഓവര്‍ കോണ്‍ഫിഡന്‍സായിരുന്നു, പക്ഷേ സംഭവം കൈയ്യില്‍ കിട്ടയതോടെ ഞാന്‍ അടിമുടി തകര്‍ന്നു.തലേദിവസത്തെ മഴ മുഴുവന്‍ നനഞ്ഞു ബുക്കും പേപ്പറും കൂടി ചേര്‍ന്ന് ഒരു ഉണ്ട പോലെ ആയിരിക്കുന്നു.
കടവുളേ, വാട്ട് കാന്‍ ഐ ഡൂ???
ഇനി എന്നാ ചെയ്യാന്‍ പറ്റും??
എസ്സ്.ഐ കാത്തിരിക്കുന്നു...

മുന്നിലേക്ക് നീട്ടിയ ഉണ്ടയിലേക്ക് എസ്സ്.ഐ കുറേ നേരം നോക്കി നിന്നു, എന്നിട്ട് ചോദിച്ചു:
"ഇതെന്തുവാ കൂവേ, കൊഴക്കട്ടയോ?"
"അല്ല സാര്‍, ബുക്കും പേപ്പറുമാ.ആര്‍.സി ബുക്കും, ടാക്സ്സും, ഇന്‍ഷുറന്‍സ്സും, പുകയുടെ പേപ്പറും എല്ലാം ഇതിലുണ്ട്"
"ഇതീന്ന് ആ ഇന്‍ഷുറന്‍സിന്‍റെ പേപ്പര്‍ എടുത്ത് കാണിച്ചിട്ട് മഹാബലി പോയ്ക്കോ"
എസ്സ്.ഐയുടെ ഔദാര്യം.
ഇപ്പോ തന്നെ എടുക്കാന്‍ ശ്രമിച്ചാല്‍ എല്ലാ പേപ്പറും കീറി പോകും.ഒന്ന് ഉണങ്ങാതെ രക്ഷയില്ല, അതിനാല്‍ പറഞ്ഞു:
"നനഞ്ഞ് ഇരിക്കുവാണ്‌ സാര്‍, ഉണങ്ങാതെ എടുക്കാന്‍ പറ്റില്ല, സമയമെടുക്കും"
"ഞങ്ങള്‍ക്ക് തിരക്കില്ല" എസ്സ്.ഐയുടെ മറുപടി.
തകര്‍ന്നു!!!
നടുറോഡില്‍ ഒരു കൊഴക്കട്ടയെടുത്ത് കൈയ്യില്‍ പിടിച്ച് സൂര്യപ്രകാശം കൊള്ളിക്കുന്ന മഹാബലിയേയും ശുക്രാചാര്യനെയും നോക്കി കൊണ്ട് അനേകം യാത്രക്കാര്‍ ആ വഴി കടന്ന് പോയി.
ഇടക്ക് വികാസിന്‍റെ ഫോണ്‍:
"എടാ, ഓണസദ്യക്ക് സമയമായി, സൊബാസ്റ്റ്യന്‍ സാര്‍ ആകെ ചൂടിലാ, നിങ്ങള്‍ എവിടാ?"
"ഒരു കൊഴക്കട്ട പ്രശ്നത്തിലാ" സിംപോളിക്കായി പ്രശ്നം ബോധിപ്പിച്ചു.
അതിനുള്ള മറുപടി ഞങ്ങളോട് പറയാതെ സാറിനോട് പറയുന്നത് എനിക്ക് ഫോണിലൂടെ വ്യക്തമായി കേള്‍ക്കാമായിരുന്നു:
"നേരത്തെ ഊത്തപ്പമായിരുന്നു സാര്‍, ഇപ്പോ കൊഴക്കട്ട, അവരു തിന്നോണ്ടിരിക്കുവാ"
തെണ്ടി!!
കാര്യം അറിയാതെ ഡയലോഗ് വിടുന്നു.
വിശദീകരിക്കാന്‍ നിന്നില്ല, ഫോണ്‍ കട്ട് ചെയ്തു.

എസ്സ്.ഐ പറഞ്ഞത് സത്യമായിരുന്നു, അവര്‍ക്ക് ഒട്ടും തിരക്കില്ലായിരുന്നു.ഒരുപാട് ബൈക്ക് യാത്രക്കാരെ കേറ്റി വിട്ടെങ്കിലും രാവിലെ അവരെ കളിയാക്കാന്‍ വന്നവരാണ്‌ ഞങ്ങള്‍ എന്ന ധാരണയില്‍ ഞങ്ങളെ മാത്രം വിട്ടില്ല.ഒടുവില്‍ കാല്‌ പിടിച്ച്, ഫൈനും അടച്ച്, ബൈക്കെടുത്ത് ഓഫീസില്‍ എത്തിയപ്പോള്‍ അവിടെ സമ്മാനദാന ചടങ്ങ് നടക്കുകയാണ്.
വികാസ്സ് അടുത്ത് വന്ന് പറഞ്ഞു:
"സൊബാസ്റ്റ്യന്‍ സാര്‍ ആകെ ചൂടിലാണ്"
നേരെ സാറിന്‍റെ അടുത്തേക്ക്...
"സാര്‍, ഞങ്ങള്‍ നാടകം അവതരിപ്പിക്കാന്‍ തയ്യാറാണ്"
സാറ്‌ കസേരയെടുത്ത് തലക്കടിച്ചില്ല എന്നേയുള്ളു, പക്ഷേ ആ നോട്ടം അത് വ്യക്തമാക്കുന്നുണ്ടായിരുന്നു.ഒടുവില്‍ സത്യം ബോധിപ്പിച്ചപ്പോ സാര്‍ പറഞ്ഞു:
"സമ്മാനദാനം വരെ കഴിഞ്ഞു.നിങ്ങള്‍ അവതരിപ്പിച്ചോ, പക്ഷേ സദസ്സില്‍ ഉള്ളവരോട് ഇരിക്കണമെന്ന് കംപല്‍ ചെയ്യാന്‍ സാദ്ധ്യമല്ല, ഇരിക്കുന്നവര്‍ കാണട്ടേ"
അങ്ങനെ ഞങ്ങള്‍ നാടകം അവതരിപ്പിക്കാന്‍ തയ്യാര്‍ എടുക്കുന്നതിനായി മേക്കപ്പ് റൂമിലേക്ക് കയറി.

ഒരുക്കം പൂര്‍ത്തിയായപ്പോള്‍ ഞാന്‍ അനൌണ്‍സ്സ് ചെയ്തു:
"അടുത്ത ബെല്ലോടു കൂടി നിങ്ങള്‍ ആകാംഷയോടെ കാത്തിരുന്ന നാടകം ആരംഭിക്കുന്നതാണ്.നാടകത്തിന്‍റെ പേര്...
മാവേലി ഒരു മനുഷ്യനല്ല.
ജില്‍!!!!"
കര്‍ട്ടന്‍ പൊങ്ങിയപ്പോ ഒരു സൈഡില്‍ കത്തുന്ന കണ്ണുകളോടെ നില്‍ക്കുന്ന സൊബാസ്റ്റ്യന്‍ സാര്‍ മാത്രമേയുള്ളു, ബാക്കി കസേരയെല്ലാം ഒഴിഞ്ഞ് കിടക്കുന്നു.ഐ.ടി ഫീല്‍ഡിലെ ഓണാഘോഷത്തിനു സമ്മാനദാനം കഴിഞ്ഞ് കലാസ്നേഹികള്‍ കാത്തിരിക്കുമെന്ന് കരുതിയ എന്നെ പറഞ്ഞാ മതിയല്ലോ.
ഇനി എന്ത്??
ശൂന്യമായ സദസ്സിനെ നോക്കി മഹാബലിയും ശുക്രാചാര്യരും വാമനനും അന്തം വിട്ട് നിന്നു.ഒടുവില്‍ വാമനന്‍ സൊബാസ്റ്റ്യന്‍ സാറിനോടായി ചോദിച്ചു:
"സാറ്‌ മാത്രമല്ലേ കാണാനുള്ളു, ഇനി ഞാന്‍ മൂന്നടി ചോദിക്കണോ?"
"വേണ്ടടാ, ചോദിക്കാതെ തന്നെ നിനക്കൊക്കെ അത് ഞാന്‍ തരാം"
സാറിന്‍റെ മറുപടി.
സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദത്തില്‍ സാറ്‌ മിക്കവാറും തല്ലാനാണ്‌ സാധ്യത!!!
എന്തെങ്കിലും പറഞ്ഞ്  രക്ഷപ്പെടണം.
എന്ത് പറയണമെന്ന് ആലോചിച്ച് നില്‍ക്കെ ഹാള്‍ ക്ലീന്‍ ചെയ്യുന്നവരെയും കൂട്ടി വന്ന സെക്യൂരിറ്റിക്കാരന്‍ പറഞ്ഞു:
"ഒന്നു പുറത്തോട്ട് ഇറങ്ങിയിരുന്നെങ്കില്‍ ഇവിടം ഞങ്ങള്‍ക്ക് ക്ലീന്‍ ആക്കാമായിരുന്നു"
ഉര്‍വ്വശി ശാപം ഉപകാരം!!!
ഓലക്കുടയും ചൂടി പുറത്തേക്ക് ഇറങ്ങിയപ്പോ ക്ലീന്‍ ചെയ്യാന്‍ വന്നവരില്‍ ഒരുവന്‍ ചോദിച്ചു:
"സാറാണോ മഹാബലി?"
രാവിലെ മുതലുള്ള സംഭവങ്ങളുടെ ആകെ തുകയായി ഒരിക്കല്‍ കൂടി വായില്‍ വന്നത് ഓര്‍ക്കാതെ പുറത്ത് ചാടി:
"അല്ലെടാ, മഹാബലി നിന്‍റെ അമ്മേടേ......"
ചാടിയതിനെ ഇവിടെ വച്ച് വിഴുങ്ങി നാക്കിനെ വളച്ചെടുത്തു:
"... നിന്‍റെ  അമ്മേടേ വീടിനടുത്തുള്ള ഒരു മാമനാ"
തന്നേ??
തന്നടേ, തന്നെ.


സത്യം വദ ധര്‍മ്മം ചര


[ഇതൊരു നര്‍മ്മ കഥയല്ല, എന്‍റെയും ഏതാനും കൂട്ടുകാരുടെയും ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരു ഏട് മാത്രമാണ്, എന്നാല്‍ കഥയും കഥാപാത്രങ്ങളും സാങ്കല്പികമാണ്]
കഥ, അല്ല ഏട്, തുടങ്ങുന്നു..

അലക്കുകാരനു അലക്കൊഴിഞ്ഞ് കാശിക്ക് പോകാന്‍ നേരമില്ലെന്ന് പറഞ്ഞ പോലാ എന്‍റെ അവസ്ഥ.ജോലിയോട് ജോലി, എന്നാ എന്നതാ ജോലീന്ന് ചോദിച്ചാ, ഉള്ളി അടര്‍ത്തിയ പോലാ, അവസാനം വരുമ്പോ ശൂന്യമാ.
അങ്ങനെയിരിക്കെ ഒരു നാള്‍..
ഫോണിലേക്ക് ഒരു അപരിചിതന്‍റെ കാള്‍.
അറ്റന്‍ഡ് ചെയ്തപ്പോ മറുതലക്ക് ഗംഭീരശബ്ദം:
"മനുവേ, ഞാനാ പ്രതാപ്, നവോദയിലെ നിന്‍റെ പഴയ ഗഡി"
ഓര്‍മ്മകള്‍ കുറച്ച് പിന്നിലേക്ക്...
വള്ളിനിക്കറുമിട്ട ഒരു കൊച്ചന്‍ മുന്നില്‍ നിന്ന് ചിരിക്കുന്ന ദൃശ്യം മുന്നില്‍ തെളിഞ്ഞ് വന്നു.മൂക്ക് തുടച്ചു കൊണ്ട് അവന്‍ പറഞ്ഞു:
"എന്നെ എല്ലാരും മോനേന്നാ വിളിക്കുന്നത്, പച്ചേങ്കി വേറെ ഒരു പേരുണ്ട്, പ്രതാപന്‍"
ആര്‍ക്കൈവ് ഫോള്‍ഡറില്‍ നിന്ന് അവന്‍റെ ബയോടേറ്റാ തപ്പി എടുത്ത് ഓര്‍മ്മകള്‍ നേരെയാക്കിയപ്പോള്‍ അവന്‍ പറഞ്ഞു:
"എടാ, നമ്മാളാരുന്നു നവോദയിലെ ഫസ്റ്റ് ബാച്ച്, സോ ഒരു ഗെറ്റ് റ്റുഗതര്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്, നീ വരണം"
"സോറീടാ, പറ്റില്ല. പണിയൊണ്ട്" ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

പത്ത് മിനിറ്റിനുള്ളില്‍ അടുത്ത കോള്‍.
അന്ന് കൂടെ പഠിച്ച ഒരു സുന്ദരി കുട്ടിയുടെതാണ്:
"മനു, നിന്നെ കാണണമെന്ന് അതിയായ മോഹം.ഗെറ്റ് റ്റുഗതറിനു നീ വരില്ലേ?"
കൂടുതല്‍ ആലോചിക്കാതെ മറുപടി പറഞ്ഞു:
"പിന്നെ, തീര്‍ച്ചയായും വരും"
"നിനക്ക് തിരക്ക് ഒന്നുമില്ലല്ലോ?" വീണ്ടും അവള്‍.
"എന്ത് തിരക്ക്, എന്തായാലും വരും" ഞാന്‍ ഉറപ്പ് നല്‍കി.
അല്ലേലും പെണ്‍കുട്ടികളെ നിരാശപ്പെടുത്തുന്നത് എനിക്ക് പണ്ടേ ഇഷ്ടമല്ല.
പെട്ടന്ന് പ്രതാപിനെ വിളിച്ചു:
"അളിയാ, നീ പറഞ്ഞിട്ട് എങ്ങനാ വരാതിരിക്കുന്നത്, ഞാന്‍ വരാം"
ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം അവന്‍ ചോദിച്ചു:
"അവള്‌ വിളിച്ചാരുന്നു, അല്ലേ?"
മറുപടി പറയാതെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

പരിപാടിയുടെ തലേദിവസം സുന്ദരിക്കുട്ടിയെ ഞാന്‍ അങ്ങോട്ട് വിളിച്ചു.ആ ഫോണ്‍വിളിക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു, പഠിച്ചിരുന്ന കാലത്ത് കൂടെ പഠിച്ച രണ്ട് പെണ്‍കുട്ടികളെ കാണുമ്പോ എന്തെന്നില്ലാത്ത ഒരു പരവേശവും നെഞ്ചിടുപ്പും ഉണ്ടാകാറുണ്ടായിരുന്നു.വലുതാവുമ്പോ ഇതിലൊന്നിനെ കെട്ടണമെന്ന് ഒരു പ്ലാനുമുണ്ടായിരുന്നു, അവരില്‍ ആരെങ്കിലും വരുമോന്ന് അറിയണം.അവര്‍ ഇത് വരെ കെട്ടിയട്ടില്ലെങ്കില്‍ എന്തേ കെട്ടാഞ്ഞതെന്ന് തിരക്കണം, ഇനി കെട്ടി കുട്ടികളുള്ളതാണെങ്കില്‍ ആ കൊച്ചിന്‍റെ തലക്ക് കൈ വച്ച് എനിക്ക് പിറക്കാതെ പോയ മോനാണ്‌ നീയെന്ന് പറയണം.
ഇങ്ങനെ വന്‍ പ്ലാനിംഗില്‍ ഫോണ്‍ വിളിച്ചിട്ട് ഞാന്‍ ചോദിച്ചു:
"നമ്മടെ അശ്വതിയും, രേവതിയും വരുമോ?"
"എന്തിനാ?"
"വെറുതേ!!"
കുറേ ആലോചിച്ചിട്ട് അവള്‍ മറുപടി നല്‍കി:
"എനിക്കറിയില്ല, നീ എന്തായാലും നിന്‍റെ ഫാമിലിയുമായി വാ"
ഫാമിലിയുമായി വരാനോ??
എന്തിന്??
അതിന്‍റെ ഒരു ആവശ്യവുമില്ല.
ഞാന്‍ തീരുമാനിച്ചു.

അന്നേ ദിവസം രാവിലെ ഭാര്യയെയും കുട്ടിയേയും കൂട്ടി എറണാകുളത്ത് നിന്ന് യാത്ര തിരിക്കുമ്പോള്‍, എത്രയും വേഗം ​ഫാമിലിയെ വീട്ടില്‍ ആക്കിയിട്ട് നവോദയിലേക്ക് പോകുന്നത് മാത്രമായിരുന്നു എന്‍റെ ചിന്ത.
ചേര്‍ത്തലയില്‍ നിന്ന് ആലപ്പുഴയിലേക്ക് പ്രവേശിച്ചപ്പോള്‍ അറിയാതെ വായില്‍ പഴയൊരു കവിത ഓര്‍മ്മ വന്നു..

"ഒരു വട്ടം കൂടിയാ പഴയവിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം
അടരുന്ന കായ്കനികള്‍ പൊഴിയുമ്പോള്‍ ചെന്നെടുത്തതിലൊന്ന് തിന്നുവാന്‍ മോഹം
തൊടിയിലെ കിണര്‍വെള്ളം കോരി കുടിച്ചെന്ത് മധുരമെന്ന് ഓതുവാന്‍ മോഹം"

നൊസ്റ്റാള്‍ജിയ, നൊസ്റ്റാള്‍ജിയ!!!
കംപ്ലീറ്റ് നൊസ്റ്റാള്‍ജിയ.
അശ്വതി വരുമോ??
രേവതി വരുമോ??
എന്താവുമോ എന്തോ??

വീട്ടിലെത്തിയതും എത്രയും വേഗം സ്ക്കൂളിലെത്തിയാ മതിയെന്ന ചിന്തയായി എനിക്ക്.പക്ഷേ നേരത്തെ ചെന്നിട്ട് ഒരു കാര്യവുമില്ലല്ലോ, സമയമാവണ്ടേ?
എന്തു ചെയ്യും??
കുറേ ആലോചിച്ചപ്പോഴാണ്‌ ഓട്ടോഗ്രാഫ് പടത്തിലെ നായകന്‍ ചേരനെ ഓര്‍മ്മ വന്നത്.പിന്നെ സമയം കളഞ്ഞില്ല, കോട്ടും സ്യൂട്ടുമിട്ട്, സൈക്കിളുമെടുത്ത് വീടിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒന്ന് കറങ്ങി, കൂടേ ആ പാട്ടും പാടി...

"ഞാപകം വരുതേ ഞാപകം വരുതേ ഞാപകം വരുതേ
പുക്കിഷമാക നെഞ്ചില്‍ പുതഞ്ച നിനവുകളെല്ലാം ഞാപകം വരുതേ"
ആഹാ, പെര്‍ഫെക്റ്റ്!!!
തിരികെ വീട്ടിലേക്ക്..

സ്ക്കൂളില്‍ ചെല്ലണ്ടേതിനു കൃത്യം അരമണിക്കൂര്‍ മുന്നേ വീട്ടില്‍ അടഞ്ഞ കിടന്ന എന്‍റെ റൂമില്‍ തട്ടി, ഗായത്രിയോട് ഞാന്‍ പറഞ്ഞു:
"മോളേ, ഗായൂ, ഞാന്‍ സ്കൂളിലേക്ക് പോകുകയാണ്.ഇനി കുറച്ച് സമയമെല്ലോ ഉള്ളു, അതിനുള്ളില്‍ ഒരുങ്ങി വരാന്‍ നിനക്ക് പറ്റില്ലല്ലോ, അല്ലേ? കഷ്ടമായി പോയി, നീയൂടെ വരണ്ടതായിരുന്നു..."
ഇത്രേം പറഞ്ഞപ്പോഴേക്കും ആ വാതില്‍ തുറന്നു.അവിടെ ഒരുങ്ങി നില്‍ക്കുന്ന ഗായത്രിയെയും കുഞ്ഞിനെയും കണ്ട് ഞാനൊന്ന് ഞെട്ടി, അറിയാതെ ചോദിച്ചു പോയി:
"നീയെന്താ ഒരുങ്ങി നില്‍ക്കുന്നത്?"
"നമുക്ക് സ്ക്കൂളില്‍ പോണ്ടേ?" അവളുടെ മറുചോദ്യം.
മിണ്ടാതെ പോയി കാറിന്‍റെ ഫ്രണ്ട് ഡോര്‍ തുറന്ന് കൊടുത്തു.
തുടര്‍ന്ന് കാറില്‍ സ്ക്കൂളിലേക്ക്...

കാര്‍ പാര്‍ക്ക് ചെയ്ത് അകത്തേക്ക് കയറിയപ്പോള്‍ മുന്നില്‍ ആ വാചകം വെണ്ടക്ക അക്ഷരത്തില്‍ എഴുതി വച്ചിരിക്കുന്നു..
സത്യം വദ ധര്‍മ്മം ചര.
"ഇതിന്‍റെ അര്‍ത്ഥമെന്താ?" ഗായത്രിയുടെ ചോദ്യം.
ഓര്‍മ്മകള്‍ മനസ്സില്‍ അലയടിച്ചു...
പ്രിന്‍സിപ്പാള്‍ ക്ലാസിലുണ്ട്, അദ്ദേഹമാണ്‌ ആദ്യമായി ഈ വാചകം ഞങ്ങളോട് പറയുന്നത്:
"സത്യം വദ ധര്‍മ്മം ചര, ആര്‍ക്കെങ്കിലും പറയാമോ എന്താ ഇതിന്‍റെ അര്‍ത്ഥമെന്ന്?"
ആരും മിണ്ടുന്നില്ല!!
അവസാനം സാറിന്‍റെ നോട്ടം എന്നിലേക്കായി.ഇപ്പോ ഈ ചോദ്യം എന്നോട് ചോദിക്കും, മറുപടി പറയണം അല്ലേല്‍ മാനം പോകും.പക്ഷേ എന്ത് മറുപടി?
ആലോചന അത്രയും ആയപ്പോഴേക്കും സാറിന്‍റെ ചോദ്യമെത്തി:
"മനു പറയൂ, എന്താണ്‌ സത്യം വദ ധര്‍മ്മം ചര എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്?"
വായില്‍ തോന്നിയത് കോതക്ക് പാട്ട്, ഞാന്‍ മറുപടി പറഞ്ഞു:
"സത്യത്തെ വധിക്കുക, ധര്‍മ്മത്തെ ചെരക്കുക"
പറഞ്ഞ് കഴിഞ്ഞ് ഞാന്‍ ചുറ്റുമൊന്ന് നോക്കി, ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോന്ന് അറിയാന്‍.
ഇല്ല, ആര്‍ക്കും എതിര്‍പ്പില്ല!!!
സാറ്‌ മാത്രം നിശബ്ദനായി നില്‍പ്പുണ്ട്, കുറേ കഴിഞ്ഞ് അദ്ദേഹം പറഞ്ഞു:
"മനു ഇരുന്നോളു"
അന്ന് പിന്നെ സാറ്‌ ക്ലാസ്സെടുത്തില്ല, നിര്‍വ്വികാരനായി പുറത്തേക്ക് നോക്കി ഒറ്റ ഇരുപ്പായിരുന്നു.
എന്താണോ എന്തോ??
"എന്താ ചേട്ടാ ഇതിന്‍റെ അര്‍ത്ഥം?" ഗായത്രിയുടെ ചോദ്യമാണ്‌ ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്.
ഭാഗ്യം!! ഇപ്പോ എനിക്ക് അര്‍ത്ഥമറിയാം, ഞാന്‍ വിശദീകരിച്ചു:
"സത്യം പറയുക, ധര്‍മ്മം ചെയ്യുക."
സത്യം വദ ധര്‍മ്മം ചര.

ഭൂമി ദേവിയെ നമസ്ക്കരിച്ച്, വലതുകാല്‍ വച്ച് ഞാന്‍ ആ സരസ്വതി മണ്ഡപത്തിലേക്ക് കയറി.ആദ്യം കണ്ടതേ ഒരു കൂട്ടുകാരി തന്‍റെ കുഞ്ഞിനെയും എടുത്ത് നില്‍ക്കുന്നതാ.ഒരു ചെറിയ കുശലപ്രശ്നം അവളോട് നടത്തിയട്ട് കുഞ്ഞിനോട് ചോദിച്ചു:
"എന്തുട്ടാ പേര്?"
കരണക്കുറ്റിക്ക് ഒന്ന് പൊട്ടിച്ചിട്ട് അവന്‍ പറഞ്ഞു:
"ഛോട്ടാ ബീം"
താങ്ക്യൂ.
പിന്നെ ഒരു കുട്ടിയേയും പരിചയപ്പെടാന്‍ ഞാന്‍ താല്പര്യപ്പെട്ടില്ല!!!
"ഹായ്" ഒരു ശബ്ദം.
അത് അവളുടെ ഹസ്സ്ബന്‍റായിരുന്നു, ഒരു ബഡാ ബീം.
അടി കൊള്ളാതിരിക്കാന്‍ രണ്ട് കരണത്തും കൈ വച്ച് ഞാന്‍ പറഞ്ഞു:
"ഹായ്"

തുടര്‍ന്ന് കുശലപ്രശ്നങ്ങളും സ്നേഹാന്വേഷണങ്ങളും നിറഞ്ഞ കുറേ നിമിഷങ്ങള്‍...
അശ്വതിയും, രേവതിയും വരില്ല എന്നറിഞ്ഞതിലുള്ള ഞെട്ടലില്‍ കുറേ നിമിഷങ്ങള്‍....
സൂര്യനു ശക്തി കൂടിയപ്പോള്‍ വെയിലു കൊണ്ട് കറുത്ത് പോകാതിരിക്കാനായി തണലത്തോട്ട് മാറി നിന്ന കുറേ നിമിഷങ്ങള്‍...
ഓര്‍മ്മകളുമായി നിമിഷങ്ങളുടെ വേലിയേറ്റം!!!
എവിടെ നെല്ലിമരം??
എവിടെ കിണര്‍??
കണ്ണുകള്‍ മോഹസാക്ഷാത്ക്കാരത്തിനായി ചുറ്റും തിരഞ്ഞു.
പക്ഷേ...
നെല്ലിമരം നിന്നിടത്ത് ടെന്നീസ്സ് കോര്‍ട്ട്, കിണറ്‌ നിന്നിടത്ത് കൊടിമരം, സ്ക്കൂള്‍ ആകെ മാറിയിരിക്കുന്നു.
മാറ്റം പ്രകൃതി നിയമമാണ്!!
ആ മാറ്റങ്ങള്‍ കാണാഞ്ഞായി ഞങ്ങള്‍ അവിടെല്ലാം ഒന്നു ചുറ്റി.

ലേഡീസ്സ് ടൊയിലറ്റിനു മുന്നിലെത്തിയപ്പോ പ്രതാപന്‍ ചോദിച്ചു:
"മനു, ഓര്‍മ്മയുണ്ടോ ഇവിടം?"
ഞാന്‍ ചുറ്റുപാടും നോക്കി, നോട്ടം കൂട്ടത്തില്‍ കൃഷ്ണനുണ്ടോന്ന് ആയിരുന്നു.അത് മനസിലാക്കിയട്ടാകാം പ്രതാപന്‍ പറഞ്ഞു:
"ഇല്ല, അവന്‍ വന്നില്ല."
ഓര്‍മ്മകള്‍ കുറേ വര്‍ഷം പിന്നിലേക്ക്...

ഒമ്പതില്‍ പഠിക്കുന്ന കാലം.
അന്ന് വൈകുന്നേരം കൃഷ്ണനാണ്‌ ആ ഞെട്ടിക്കുന്ന സത്യം പറഞ്ഞത്, പ്രതാപനും വേറെ രണ്ട് ഫ്രണ്ട്സും കൂടി ഫസ്റ്റ് ഷോ കാണാന്‍ മതിലു ചാടി.വേറെ ഒരു കശ്മലന്‍ ഇത് മനോജ് സാറിനെ അറിയിച്ചു, സാര്‍ അവര്‍ തിരികെ വരുമ്പോ കൈയ്യോടെ പിടികൂടാന്‍ ഇരിക്കുവാണത്രേ.
രക്ഷിക്കണം, കൂടെ നിക്കുന്ന കൃഷ്ണന്‍റെ ജീവന്‍ കൊടുത്തെങ്കിലും കൂട്ടുകാരെ രക്ഷിക്കണം.
പക്ഷേ എങ്ങനെ??
ഒടുവില്‍ ഒരു ഐഡിയ മനസ്സില്‍ തെളിഞ്ഞു.അവര്‍ തിരിച്ച് മതിലു ചാടി ഹോസ്റ്റലില്‍ എത്തുന്ന വരെയുള്ള സമയത്ത് മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക.ഞങ്ങടെ സ്ക്കൂളില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഡോര്‍മെറ്ററി ഒരേ കോമ്പൌണ്ടിലാണ്, പക്ഷേ മെയിന്‍ സ്വിച്ച് ലേഡീസിന്‍റെ ഡോര്‍മെറ്ററിക്ക് അരികിലുള്ള അവരുടെ ബാത്ത് റൂമിന്‍റെ പുറകിലാണ്.
രാത്രിയില്‍ അവിടെ പോയി സ്വിച്ച് ഓഫ് ചെയ്യാന്‍ തീരുമാനമായി.

ഫസ്റ്റ് ഷോ കഴിഞ്ഞ് മതിലു ചാടേണ്ട ഏകദേശ സമയം ആയപ്പോള്‍ ഞാനും കൃഷ്ണനും ലേഡീസ്സ് ബാത്ത് റൂമിന്‍റെ പിന്നിലെത്തി.മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുകയും പെട്ടന്ന് കരണ്ട് പോയത് കൊണ്ട് ഏതോ ഒരു ബാത്ത് റൂമില്‍ കുളിച്ചു കൊണ്ടിരുന്ന പെണ്‍കൊച്ച് അലറുകയും ചെയ്തത് ഒരുമിച്ചായിരുന്നു.ആരൊക്കെയോ ഓടി വരുന്ന ശബ്ദം കേട്ട് അടുത്ത് കണ്ട ടൊയിലറ്റിലേക്ക് ഞാനും കൃഷ്ണനും ഓടി കയറി.
ശാസമടക്കി പിടിച്ച നിമിഷങ്ങള്‍!!
പുറത്ത് ഓടി കൂടിയവരുടെ ശബ്ദങ്ങള്‍.
"എന്താ എന്ത് പറ്റി?" അത് പ്രതാപന്‍റെ ശബ്ദമാണ്.
ഭാഗ്യം, അവര്‍ തിരിച്ച് സുരക്ഷിതരായി എത്തിയിരിക്കുന്നു.
"ഹേയ്, കുഴപ്പമൊന്നുമില്ല, എല്ലാരും തിരികെ പോയ്ക്കോ" മനോജ് സാറീന്‍റെ സ്വരം.
എല്ലാവരും തിരികെ നടക്കുന്ന ശബ്ദങ്ങള്‍.
"അല്ല സാറേ, അങ്ങനങ്ങ് പോയാലോ? ബാത്ത് റൂമിലോ ടൊയിലറ്റിലോ വേറേ ഏതെങ്കിലും പെണ്‍കൊച്ച് ബോധം കെട്ട് കിടപ്പുണ്ടോന്ന് നോക്കണ്ടേ?"
പ്രതാപന്‍റെ ഈ ചോദ്യം ഒരു ഞെട്ടലോടാണ്‌ ഞാനും കൃഷ്ണനും കേട്ടത്.
ഒരോ ടൊയിലറ്റിലും തട്ടി തുറക്കുന്ന ശബ്ദങ്ങള്‍.
ടക്ക്..ടക്ക്..ടക്ക്..
ഞങ്ങള്‍ ഒളിച്ചിരിക്കുന്ന ടൊയിലറ്റില്‍ ആരോ മുട്ടുന്നു.
"സാറേ, ഇതിനകത്ത് ആരോ ഉണ്ട്" പ്രതാപന്‍റെ ശബ്ദം.
ദ്രോഹി, കൊലക്ക് കൊടുത്തേ അടങ്ങു!!!

"ആരാ? ആരാ?"
പലരുടെയും ചോദ്യങ്ങള്‍.
പെണ്ണുങ്ങളുടെ സ്വരത്തില്‍ മറുപടി പറഞ്ഞു:
"മായയാ"
"അതിനു ഞാനിവിടെ ഉണ്ടല്ലോ?" പുറത്ത് നിന്ന് മായയുടെ സ്വരം.
രക്ഷയില്ല!!!
പതിയെ കതക് തുറന്ന് കൃഷ്ണന്‍ പുറത്തിറങ്ങി.
"നീയോ?" മനോജ് സാറിനു അത്ഭുതം.
"നീയെങ്ങനെ ഇതിനകത്ത് എത്തി?"
അതാ സാര്‍ പറഞ്ഞത്, എല്ലാം ഒരു മായയാ!!!
കൃഷ്ണന്‍ മിണ്ടാതെ നിന്നു.
"പറയെടാ, നീ ഇതിനകത്ത് എന്തിനാ കേറിയത്?" സാറിന്‍റെ ചോദ്യത്തിനു ഒരു ഘനം.
അത് കൊണ്ട് തന്നെ നല്ല മണി മണി പോലെ കൃഷ്ണന്‍ മറുപടി നല്‍കി:
"ഞാന്‍ കേറിയതല്ല സാര്‍, മനു എന്നെ വലിച്ചു കയറ്റിയതാ"
തകര്‍ന്നു!!!
കൂടുതല്‍ ചോദ്യം വരുന്നതിനു മുന്നേ വാതില്‍ തുറന്ന് പുറത്ത് ഇറങ്ങി.എല്ലാവരും എന്നെ സൂക്ഷിച്ച് നോക്കി...
ദേ, ഒരു വൃത്തികെട്ടവന്‍!!

"എന്താ ഇവിടെ തന്നെ നിന്ന് കളഞ്ഞത്?"
ഗായത്രിയുടെ ചോദ്യമാണ്‌ ഓര്‍മ്മയില്‍ നിന്ന് ഉണര്‍ത്തിയത്.
"ഓ, മനു പണ്ട് ലേഡീസ്സ് ടൊയിലറ്റില്‍ കയറിയ കാര്യം ആലോചിച്ച് നില്‍ക്കുവാരുന്നു"
പ്രതാപന്‍റെ ഈ മറുപടി ഒരു ഞെട്ടലോടാണ്‌ കേട്ടത്, ഞാനും ഗായത്രിയും.
"ആണോ ചേട്ടാ?" ഗായത്രിയുടെ ചോദ്യം.
ആകാംക്ഷയോടെ എന്‍റെ മറുപടി നോക്കി നില്‍ക്കുന്ന മറ്റ് സുഹൃത്തുക്കളുടെ കുടുംബാംഗങ്ങള്‍.
ആ ചോദ്യത്തിനു ശ്യാമയായിരുന്നു മറുപടി നല്‍കിയത്:
"ആണോന്നോ, ഹും! മനു മാത്രമല്ല, കൂടെ വേറൊരാളും ഉണ്ടായിരുന്നു"
അയ്യേ!!!
ഗായത്രിയുടെ രൂക്ഷമായ നോട്ടം!!
മറ്റു കുടുംബാംഗങ്ങളുടെ സൂക്ഷ്മമായ നോട്ടം...
ദേ, ഒരു വൃത്തികെട്ടവന്‍!!!

ഒടുവില്‍ എല്ലാവരെയും സത്യം ബോധിപ്പിച്ച്, ഫുഡ് കഴിക്കാന്‍ കയറി.എല്ലാവര്‍ക്കും ഓര്‍ഡര്‍ ചെയ്തത് ചിക്കന്‍ ബിരിയാണി.കര്‍ക്കടക മാസത്തിലെ നൊയമ്പ് ആയതിനാല്‍ ഞാന്‍ മാത്രം പട്ടിണി കിടന്നു, ബാക്കി എല്ലാവരും തിന്നു - എല്ലടക്കം.
തുടര്‍ന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ മനസില്‍ എവിടെയോ ഒരു നൊമ്പരം,
ഇനി എന്നാണ്, ഇങ്ങനൊരു കൂടി കാഴ്ച??
തീരുമാനം ദൈവത്തിനു വിട്ടു കൊണ്ട് കാറില്‍ നേരെ എറണാകുളത്തേക്ക്..
നെല്ലിമരവും കിണറുമെല്ലാം ഓര്‍മ്മകള്‍ മാത്രം.ഇതൊക്കെ ഇങ്ങനെ ആവുമെന്ന് കവിക്ക് നേരത്തെ അറിയാമെന്ന് തോന്നുന്നു.
മോഹങ്ങള്‍, അത് എന്നും വെറുതെയാണ്...

"വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം"

ഗായത്രിയും മോളും ഒരു സൈഡിലിരുന്നു ഉറങ്ങി തുടങ്ങിയിരിക്കുന്നു.മനസ്സിലെ നൊമ്പരം ഇപ്പോഴും മാറിയിട്ടില്ല.പഴയ കുറേ കൊച്ചു കൊച്ചു സന്തോഷങ്ങളും ദുഃഖങ്ങളും തികട്ടി തികട്ടി വരുന്നു.കണ്ണുനീര്‍, അത് സന്തോഷത്തിന്‍റെയാണോ ദുഃഖത്തിന്‍റെയാണോന്ന് അറിയില്ല, എങ്കിലും അത് കാഴ്ചകളെ മറക്കാതിരിക്കാന്‍ ഞാന്‍ കൈയ്യുയര്‍ത്തി കണ്ണു തുടച്ചു.
അപ്പോഴും ഒഴിഞ്ഞ വയറും, നിറഞ്ഞ മനസ്സുമായി ഇരിക്കുന്ന എന്നെയും വഹിച്ചു കൊണ്ട്, കാര്‍ എറണാകുളം ലക്ഷ്യമാക്കി പായുകയായിരുന്നു.

ഹൃദയപൂര്‍വ്വം പഞ്ചവര്‍ണ്ണം


"പാന്‌ഥര്‍ പെരുവഴിയമ്പലം തന്നിലെ
താന്തരായ് കൂടി വിയോഗം വരും പോലെ
നദ്യാ ഒഴുകുന്ന കാണ്ഡങ്ങള്‍ പോലെയും
എത്രയും ചഞ്ചലം ആലയ സംഗമം"
[രാമായണം - ലക്ഷ്മണോപദേശം]

ഒരു സത്രത്തില്‍ കണ്ടുമുട്ടി വേര്‍പിരിയുന്ന യാത്രികരെ പോലെ, അല്ലെങ്കില്‍ നദിയിലൂടെ ഒഴുകി വരുന്ന കൂട്ടത്തില്‍ കൂട്ടിമുട്ടിയും വേര്‍പെട്ടും ഒഴുകുന്ന വിറക് കഷ്ണങ്ങളെ പോലെ, സ്ഥിരതയില്ലാത്തതാണ്‌ നമ്മുടെ ഈ ജീവിതം.ഏകദേശം ഇത് പോലെ തന്നെയാണ്‌ ഇന്നത്തെ പ്രൈവറ്റ് കമ്പനികളില്‍ തൊഴിലെടുക്കുന്ന യുവാക്കളുടെ ജീവിതവും.

പണ്ടൊക്കെ ഏതെങ്കിലും ഗവണ്‍മെന്‍റ്‌ സ്ഥാപനത്തില്‍ ജോലി കിട്ടിയാല്‍ അട്ട കടിച്ച പോലെ അവിടെ തൂങ്ങി കിടക്കുമായിരുന്നു, ഇനി ഗള്‍ഫിലായിരുന്നെങ്കിലോ കുടുംബത്തിനും നാട്ടുകാര്‍ക്കും വേണ്ടി ജീവിതം ഹോമിച്ച് അവിടെ തന്നെ അടിഞ്ഞ് കൂടുമായിരുന്നു.എന്നാല്‍ ഇന്ന്, പ്രത്യേകിച്ച് ഐ.ടി മേഖലയില്‍ ഇതല്ല സ്ഥിതി.ഒരു കമ്പനിയില്‍ സ്ഥിരമായി നില്‍ക്കാതെ അടുത്ത കമ്പനിയിലേക്ക് ചാടുന്നവനാണ്‌ മിടുക്കന്‍ എന്നൊരു മിഥ്യാ ധാരണ ഇവിടെ പരക്കെയുണ്ട്.

രാമായണത്തില്‍ ഒരു ഭാഗമുണ്ട്, കിഷ്കിധാ കാണ്ഡത്തിന്‍റെ അവസാനം അംഗദന്‍ അടക്കമുള്ള വാനരപ്പട ലങ്കയിലാണ്‌ സീതയുള്ളതെന്ന് കണ്ടെത്തുന്നു, പക്ഷേ ഉറപ്പ് വേണമെങ്കില്‍ സമുദ്രം ചാടി കടക്കണം.അതിനു ആര്‍ക്ക് സാധിക്കുമെന്ന് ചോദിച്ചപ്പോള്‍ ഒരോരുത്തരും പറഞ്ഞ മറുപടി വ്യത്യസ്ഥമായിരുന്നു...
ഒരു കുരങ്ങന്‍ : "ഒരു പത്തടി ചാടാം"
വേറൊരാള്‍: "ഇരുപതടി ചാടാം"
തുടര്‍ന്ന് മറ്റുള്ളവര്‍:
"മുപ്പതടി"
"അമ്പതടി"
"എഴുപതടി"
ആ കഥ അവിടെ നിക്കട്ടെ, പക്ഷേ എനിക്ക് ഒരു കാര്യം ഉറപ്പാണ്, ആ കൂട്ടത്തില്‍ ഐ.ടി ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്ന ഒരു കുരങ്ങന്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവന്‍ ഇങ്ങനെ മറുപടി പറഞ്ഞേനേ:
"ആക്ച്ച്വലി, ഒറ്റയടിക്ക് ചാടാന്‍ പറ്റുമെന്ന് തോന്നുന്നില്ല, ഒരു ആറ്‌ മാസം ഇടവിട്ട് ചാടി ചാടി പോയാ മതിയെങ്കി...ഐ വില്‍ റീച്ച് ലങ്ക"
ഇത് സത്യമാണ്...
ഇടക്കിടെ ചാടാന്‍ ഞങ്ങളോളം മിടുക്കര്‍ ആരുമില്ല.
ഇക്കരെ നിക്കുമ്പോ  ഞങ്ങള്‍ക്ക് എന്നും അക്കരെ പച്ചയാണ്!!!

ഇങ്ങനെ കൂടെ ജോലി ചെയ്യുന്നവരൊക്കെ കമ്പനി ചാടുമ്പോള്‍ അവരെ യാത്രയാക്കേണ്ടത് മറ്റുള്ളവരുടെ കടമായാണ്, പ്രത്യേകിച്ച് അവന്‍റെ ടീമിലുള്ളവരുടെ കടമ.പ്രോജക്റ്റ് മാനേജരുടെ അനുഗ്രഹത്തോടെ ഒരു ഗിഫ്റ്റ് വാങ്ങിച്ച്, ഹൃദയപൂര്‍വ്വം ആ വ്യക്തിക്ക് അത് സമ്മാനിച്ച്, സന്തോഷത്തോടെ യാത്രയാക്കുന്നതാണ്‌ കീഴ്വഴക്കം.ഇത് തന്നെയായിരുന്നു രണ്ട് ദിവസം മുമ്പ് ഓഫീസില്‍ അരങ്ങേറിയ സംഭവത്തിന്‍റെ കാതലും.

സിജില്‍, അതാണ്‌ അവന്‍റെ പേര്.ആറടി ഉയരവും എണ്‍പത് കിലോ തൂക്കവുമുള്ള ഒരു സോഫ്റ്റ് വെയര്‍ എക്സിക്യൂട്ടീവ്.ഞങ്ങടെ കമ്പനിയിലെ ഡയറക്റ്റ് സ്റ്റാഫ് അല്ല, വേറൊരു കമ്പനിയില്‍ നിന്ന് കോണ്‍ട്രാക്റ്റ് വ്യവസ്ഥയില്‍ വന്നവനാണ്.അതിയാനു ബാംഗ്ലൂരില്‍ ഒരു ഐടി കമ്പനിയില്‍ ജോലിയായി, അവിടേക്ക് പോകാന്‍ അവന്‍ തയ്യാറുമായി.ഇവന്‍ ഞങ്ങളുടെ ടീമിലല്ല, അവന്‍റെ ടീമില്‍ അവന്‍ മാത്രമേയുള്ളു.ഞങ്ങടെ കൂട്ടത്തില്‍ നിന്ന് സുധീഷ് മാത്രമാണ്‌ അവനൊപ്പം വര്‍ക്ക് ചെയ്തിട്ടുള്ളത്.പിന്നെ അവനുമായി കോണ്‍ടാക്റ്റ് ഉള്ളത് ടെസ്റ്റിംഗ് ടീമിന്‍റെ ലീഡ് മനേഷിനാണ്.എല്ലാത്തിനും തുടക്കവും ഇവരിലൂടെയായിരുന്നു.

സിജില്‍ പോകുന്നതിന്‍റെ തലേ ദിവസം.
സുധീഷാണ്‌ ആവശ്യം മുന്നോട്ട് വച്ചത്:
"സിജില്‍ നാളെ പോകുവാ, യാത്രയാക്കേണ്ടേ?"
മനേഷ് പിന്താങ്ങി:
"വേണം, വേണം..."
തുടര്‍ന്ന് എന്നോട് ഒരു അപേക്ഷയും:
"മനു, നീ ഒന്ന് സംസാരിക്ക്"
ഇത് കോഡാണ്, പ്രോജക്റ്റ് മാനേജരായ സൊബാസ്റ്റ്യന്‍ സാറിനോട് സംസാരിക്കാനുള്ള കോഡ്.നല്ലൊരു കാര്യത്തിനല്ലേ എന്ന ചിന്തയോടെ ഞാന്‍ സാറിന്‍റെ ക്യാബിനിലേക്ക് പോയി.എച്ച്.ആര്‍ മാഡവും സാറും തമ്മില്‍, അമേരിക്കയില്‍ തേയിലക്ക് വില കുറഞ്ഞതിനെ പറ്റിയോ എന്തോ സംസാരിച്ച് നില്‍ക്കുന്ന സമയത്ത് തല ഉള്ളിലേക്കിട്ട് ഞാന്‍ പറഞ്ഞു:
"നാളെ സിജില്‍ പോകുവാണ്, ഒരു ഗിഫ്റ്റ് കൊടുക്കേണ്ടേ?"
മിസ്റ്റര്‍ സൊബാസ്റ്റ്യന്‍ തല ഉയര്‍ത്തി എന്നെ രൂക്ഷമായി ഒന്ന് നോക്കി, നോ മറുപടി.ചോദ്യം മനസിലാകാഞ്ഞിട്ടാണോ ഇദ്ദേഹം മിണ്ടാത്തത് എന്ന് ആലോചിച്ച് നില്‍ക്കേ സ്ഥലം കാലിയാക്കി കൊള്ളാന്‍ എച്ച്.ആര്‍ സിഗ്നല്‍ തന്നു, ഞാന്‍ പതിയെ സ്ക്കൂട്ടായി.

"എന്തായി ഗിഫ്റ്റ്?" മനേഷിന്‍റെ ചോദ്യം.
"ഒന്നും പറഞ്ഞില്ല" എന്‍റെ മറുപടി.
"സിജില്‍ കോണ്‍ട്രാക്റ്റ് എംപ്ലോയി ആയതു കൊണ്ടാണോ?"
സുധീഷിന്‍റെ ആ ചോദ്യത്തിനു ഞാന്‍ കൈ മലര്‍ത്തി...
എനിക്ക് അറിയില്ല!!
രഹസ്യത്തിന്‍റെ ചുരുളഴിയാതെ സമയം ഇഴഞ്ഞ് നീങ്ങി...
മീറ്റിംഗ് കഴിഞ്ഞ് ക്യാബിനു വെളിയില്‍ വന്ന എച്ച്.ആര്‍ എന്നോട് രഹസ്യമായി പറഞ്ഞു:
"നാളെ ഞാനടക്കം മാനേജുമെന്‍റിലെ എല്ലാവരും ലീവാണ്.സൊബാസ്റ്റ്യന്‍ സാര്‍ മാത്രമേ ഓഫീസിലുള്ളു.നമുക്ക് വളരെ വേണ്ടപ്പെട്ട ഒരു വി.ഐ.പി നാളെ ഇവിടെ വരുന്നുണ്ട്, അദ്ദേഹത്തെ ഒറ്റക്ക് സ്വീകരിക്കേണ്ടി വരുമെന്ന ടെന്‍ഷനിലാ സാറ്"
അപ്പോ അതാണ്‌ കാര്യം.
ആ പാവം മനുഷ്യനെ ഞാന്‍ വെറുതെ സംശയിച്ചു.
മനേഷിനു അരികിലെത്തി ഞാന്‍ പ്രഖ്യാപിച്ചു:
"നമ്മള്‍ നാളെ ഗിഫ്റ്റ് കൊടുക്കുന്നു"
തുടര്‍ന്ന് എല്ലാവരുടെയും കൈയ്യില്‍ നിന്ന് പൈസ പിരിച്ച് സുധീഷിനെ ഏല്‍പ്പിച്ചിട്ട് ഉപദേശിച്ചു:
"ഗിഫ്റ്റ് എന്തുവായാലും മനോഹരമായിരിക്കണം, ഒരു പഞ്ചവര്‍ണ്ണ കിളിയേ പോലെ മോഹിപ്പിക്കുന്നതാവണം"
അവന്‍ തല കുലുക്കി.
ആ ദിവസം അങ്ങനെ കഴിഞ്ഞു.

അടുത്ത ദിവസം.
ഇന്നാണ്‌ സിജില്‍ പോകുന്നത്.
രാവിലെ ഗിഫ്റ്റ് വാങ്ങി വരാമെന്ന് ഏറ്റ സുധീഷ് എന്നോട് പറഞ്ഞു:
"ഒരു ചെറിയ പ്രശ്നമുണ്ട്..."
"എന്തേ?"
"എറണാകുളം മൊത്തം തപ്പിയിട്ടും പഞ്ചവര്‍ണ്ണ കിളിയെ കിട്ടിയില്ല"
ഒരു നിമിഷത്തേക്ക് ഞാന്‍ മിണ്ടിയില്ല.
സ്വല്പം ആലങ്കാരികമായി ഉപദേശിച്ചത് കേട്ട് എറണാകുളം മൊത്തം പഞ്ചവര്‍ണ്ണ കിളിയെ അന്വേഷിച്ച എന്‍റെ സുഹൃത്തിന്‍റെ മുഖത്ത് നോക്കി നിന്നപ്പോള്‍, പുതിയൊരു മലയാളം സിനിമയിലെ രണ്ട് വരി പാട്ട് മനസില്‍ മുഴങ്ങി...
ഹോ...ഹോ... ഒരു കിളി പോയി!!!
ഞങ്ങള്‍ക്ക് ഇടയിലെ നിശബ്ദതക്ക് വിരാമമിട്ട് കൊണ്ട് അവന്‍ വീണ്ടും പറഞ്ഞു:
"പകരം അഞ്ച് വര്‍ണ്ണമുള്ള ഒരു ബാഗ് വാങ്ങി"
അവന്‍ നീട്ടിയ ഗിഫ്റ്റ് കണ്ട് തലക്ക് വീണ്ടും മന്ദിപ്പ്.ചുവപ്പ്, പച്ച, നീല, മഞ്ഞ, ഓറഞ്ച്, ഇത്രയും നിറങ്ങള്‍ തലങ്ങും വിലങ്ങും പൂശിയ ഒരു ബാഗ്.വെറുതെ കൊടുത്താല്‍ പോലും സാമാന്യ ബോധമുള്ളവന്‍ തലക്ക് അടിക്കുന്ന സാധനം.
"ഹൌ ഈസ്സ് ഇറ്റ്?" സുധീഷിന്‍റെ ചോദ്യം.
വായില്‍ വന്ന മറുപടി പറഞ്ഞില്ല, പറഞ്ഞാല്‍ മലയാള സിനിമയിലാണെങ്കില്‍ ഒരു 'ബീപ്' ശബ്ദം മാത്രമേ കേള്‍ക്കു.
മൌനം വിദ്വാനു ഭൂക്ഷണം.

സൊബാസ്റ്റ്യന്‍ സാറിന്‍റെ ക്യാബിനിലേക്ക് തലയിട്ട് ഞാന്‍ ഓര്‍മ്മിപ്പിച്ചു:
"സാര്‍, സിജിലിനു ഗിഫ്റ്റ്...."
അത്രയും പറഞ്ഞപ്പോഴാണ്‌ സാറിനു അടുത്തിരിക്കുന്ന മറ്റൊരു വ്യക്തിയെ കണ്ടത്, ഇതായിരിക്കണം എച്ച്.ആര്‍ പറഞ്ഞ വി.ഐ.പി.
രണ്ട് പേരും എന്നെ രൂക്ഷമായി നോക്കി.
എന്‍റെ സമയ ദോഷത്തെ മനസ്സാ ശപിച്ചു കൊണ്ട് ഞാന്‍ വീണ്ടും സ്ക്കൂട്ടായി.

"സൊബാസ്റ്റ്യന്‍ സാര്‍ വന്നില്ലെങ്കില്‍, മനു നീ കൊടുക്കണം"
സുധീഷ് പ്രഖ്യാപിച്ചു.
"ഞാന്‍ എന്തിനു കൊടുക്കണം, നീയല്ലേ അവന്‍റെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ളത്?"
എന്‍റെ ചോദ്യം ന്യായമായിരുന്നു.
"തല ഇരിക്കുമ്പോ എങ്ങനാടാ വാലാടുന്നത്?" സുധീഷിന്‍റെ മറുചോദ്യം.
"അങ്ങനാണേല്‍ മനേഷ് കൊടുക്കട്ടേ" ഞാന്‍ വീണ്ടും വാദിച്ചു.
"അതെങ്ങനാടാ ശരിയാകുന്നത്? അവന്‍ പോകുന്നത് ബാംഗ്ലൂര്‍ക്ക് അല്ലേ, നീ വന്നതും ബാംഗ്ലൂരില്‍ നിന്ന്....അതായത് ബാംഗ്ലൂരും ബാംഗ്ലൂരും...മച്ചാ മച്ചാ...അപ്പോ നീയല്ലെ മനു കൊടുക്കേണ്ടത്?"
"അങ്ങനൊക്കെയുണ്ടോ?" എനിക്ക് ആകെ കണ്‍ഫ്യൂഷനായി.
"ഇന്നാള്‌ മനുവല്ലേ കമ്പനിയില്‍ നിന്ന് പോകുന്നവര്‍ക്ക് ഗിഫ്റ്റ് കൊടുക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞത്?"
ചോദ്യം ടീമിലെ ഒരു പെണ്‍കുട്ടിയുടെ വകയാണ്.
ഇതിനു വേറൊരു മറുവശമുണ്ട്.കുറേ നാള്‍ മുമ്പേ ഓഫീസില്‍ നിന്ന് ഒരു പെണ്‍കുട്ടി പോയാരുന്നു, അന്ന് അവള്‍ക്ക് ഗിഫ്റ്റ് കൊടുത്തത് അവളുടെ ടീമിലുള്ള മറ്റൊരു പെണ്‍കുട്ടിയാണ്.ഗിഫ്റ്റ് വാങ്ങിയ ശേഷം പോകുന്ന പെണ്‍കുട്ടി, ഗിഫ്റ്റ് കൊടുത്തവളുടെ കവിളിലൊരു മുത്തം കൊടുത്തു.ഇത് കണ്ട എന്‍റെ നിഷ്കളങ്ക മനസ്സ് ഒരു ഗിഫ്റ്റ് കൊടുക്കാന്‍ ആഗ്രഹമുണ്ടെന്ന് [പാല്‌ പോലെ ശുദ്ധമായ ഉദ്ദേശത്തോടെ മാത്രം] ഒന്ന് പ്രഖ്യാപിച്ച് പോയി.അതാണ്‌ ഇപ്പോ കുരിശ് ആയിരിക്കുന്നത്.
എല്ലാവരും നിര്‍ബന്ധിക്കുന്നു...
മനു ഗിഫ്റ്റ് കൊടുക്കണ്മം.
അങ്ങനെ ഒടുവില്‍ ഞാന്‍ സമ്മതിച്ചു...
ഞാന്‍ ഗിഫ്റ്റ് കൊടുക്കാം!!!

കോണ്‍ഫ്രണ്‍സ്സ് റൂമില്‍ വച്ച് ടീമിന്‍റെ മൊത്തം സാന്നിദ്ധ്യത്തില്‍ ഹൃദയപൂര്‍വ്വം പഞ്ചവര്‍ണ്ണം ഞാന്‍ കൈമാറി.അപ്പോഴാണ്‌ ഫോട്ടോ എടുത്തില്ലെന്ന് ആരോ ഓര്‍മ്മിപ്പിച്ചത്.അത് കേട്ടപാതി ആസ്ഥാന ഫോട്ടോഗ്രാഫര്‍ ജസ്റ്റിന്‍ അവതരിച്ചു.ഓര്‍മ്മ വന്നത് കിലുക്കത്തിലെ ജഗതിയെയാണ്...
"ഐയാം നിശ്ചല്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍.
വെല്‍ക്കം ടു ഊട്ടി, നൈസ് റ്റു മീറ്റ് യൂ."
ഒരിക്കല്‍ കൂടി ഗിഫ്റ്റ് കൈമാറി.
ക്ലിക്ക്!!!
ഫ്ലാഷടിച്ചു.
ആ സമ്മാനദാനം അങ്ങനെ കഴിഞ്ഞു.എല്ലാം നല്ലരീതിയില്‍ നടന്ന സന്തോഷത്തോടെ ഞങ്ങള്‍ സീറ്റിലേക്ക് മടങ്ങി.
എന്നാല്‍ എല്ലാ പ്രശ്നങ്ങളുടെയും തുടക്കം ഇവിടെയായിരുന്നു...

പ്ലീസ്സ് കം.
പത്ത് മിനിറ്റ് കഴിഞ്ഞപ്പോ സൊബാസ്റ്റ്യന്‍ സാറിന്‍റെ മെസ്സേജ്.
എന്ത് കുരിശെന്ന് ആലോചിച്ച് ഞാന്‍ ക്യാബിനിലേക്ക് ചെന്നു.വി.ഐ.പി അവിടെ ഇല്ല, എന്നെ കണ്ടതും മുഖത്ത് ഒരു ചിരി വരുത്തി സാര്‍ പറഞ്ഞു:
"സിജിലിനു ഗിഫ്റ്റ് കൊടുക്കേണ്ടേ, ടീമിനെ എല്ലാം കോണ്‍ഫ്രണ്‍സ് ഹാളിലോട്ട് വിളിക്ക്, നമുക്ക് ആ ചടങ്ങ് അങ്ങ് നടത്തിയേക്കാം"
അത് കേട്ടതും എനിക്ക് സപ്തനാഡികളും തളരുന്ന പോലെ തോന്നി.പത്ത് മിനിറ്റ് മുമ്പേ ഞാന്‍ ടീമിനെ സാക്ഷി നിര്‍ത്തി കൊടുത്ത ഗിഫ്റ്റ് കൊടുക്കാന്‍ അദ്ദേഹം തയ്യാറാണെന്ന്.ഭൂമി രണ്ടായി പിളര്‍ന്ന് അങ്ങ് താഴേക്ക് പോണേന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച് പോയി.
എന്‍റെ അനങ്ങാപ്പാറ നയം കണ്ടാകണം, സൊബാസ്റ്റ്യന്‍ സാര്‍ വീണ്ടും പറഞ്ഞു:
"മനു പെട്ടന്നാട്ടേ, നമുക്ക് ഗിഫ്റ്റ് കൊടുക്കേണ്ടേ?"
അത് കൂടി കേട്ടതോടെ ഞാന്‍ അവിടെ നിന്നങ്ങ് ചത്തു, പിന്നെ മറുപടി പറഞ്ഞത് എന്‍റെ ശവമായിരുന്നു:
"ആ ഗിഫ്റ്റ് കൊടുത്തു സാര്‍"
"വാട്ട്???!!!!" സാര്‍ ചാടി എഴുന്നേറ്റു, എന്നിട്ട് ചോദിച്ചു:
"ആരാ കൊടുത്തത്?"
ഞാനായിരുന്നു സാര്‍, ആ ഭാഗ്യവാന്‍!!!
"എടോ ആരാ കൊടുത്തതെന്ന്?"
"ഞാനാണ്‌ സാര്‍"
"താനോ? താനെന്തിനാ കൊടുത്തത്?"
എനിക്ക് മറുപടിയില്ല.
"അങ്ങനെ കൊടുക്കുവാണേല്‍ തന്നെ സുധീഷല്ലെ കൊടുക്കേണ്ടത്?"
എന്ത് പറയാന്‍??
തലയിരിക്കുമ്പോ വാലാടില്ലന്ന് പറഞ്ഞാലോ??
വേണ്ട.
"പോട്ടേ, അറ്റ്ലീസ്റ്റ് മനേഷിനെ കൊണ്ടെങ്കിലും കൊടുപ്പിക്കേണ്ടേ?"
മനേഷിന്‍റെ ന്യായം തികട്ടി വന്നു...
ഞാന്‍ ബാംഗ്ലൂരീന്ന് വന്നു, അവന്‍ ബാംഗ്ലൂരിലേക്ക് പോണു, മച്ചാ..മച്ചാ...
സാമദ്രോഹി!!!

കുറേ നേരം നിശബ്ദത.
ഒടുവില്‍ സാര്‍ ചോദിച്ചു:
"ഇവിടിരുന്ന വി.ഐ.പി ആരാണെന്ന് അറിയാമോ?"
ഇല്ലെന്ന് കണ്ണടച്ച് കാണിച്ചു.
"എടോ അതാണ്‌ സിജിലിനെ കോണ്‍ട്രാക്റ്റില്‍ വിട്ട കമ്പനിയുടെ എം.ഡി.അവനുള്ള ഗിഫ്റ്റ് അദ്ദേഹത്തെ കൊണ്ട് കൊടുപ്പിക്കാനായിരുന്നു എന്‍റെ പ്ലാന്‍.ഞാനതു പറഞ്ഞതും അദ്ദേഹം ബാത്ത്റൂമിലേക്ക് പോയി"
"അതെന്തിനാണ്‌ സാര്‍?"
"എടോ ഫ്രഷ് ആകാന്‍, ഇപ്പോ അയാള്‍ വരും, എന്ത് മറുപടി പറയും?"
സാര്‍ ആകെ പരിഭ്രാന്തിയിലാണ്, ഞാന്‍ പതിയെ ചോദിച്ചു:
"കൊടുത്ത ഗിഫ്റ്റ് തിരിച്ച് വാങ്ങി ഒന്നൂടെ കൊടുത്താലോ സാര്‍?"
സാര്‍ മറുപടി പറയുന്നതിനു മുന്നേ വി.ഐ.പി അകത്തേക്ക് വന്നു, എന്നിട്ട് പറഞ്ഞു:
"ഐയാം റെഡി"
ആ വാക്ക് ഒരു വെള്ളിടി പോലാ എന്‍റെ ചെവിയില്‍ കേട്ടത്.ദയനീയമായി സാറിനെ നോക്കിയപ്പോ അദ്ദേഹം പറഞ്ഞു:
"അറേഞ്ച് ദ മീറ്റിംഗ്"
ഓക്കേ സാര്‍.

നേരെ സിജിലിന്‍റെ  അടുത്ത് ചെന്നു.
"സിജിലേ, ആ ഗിഫ്റ്റ് ഒന്ന് തിരിച്ച് തരണം"
"എന്തിനാടാ?"
"നിനക്ക് സമ്മാനിക്കാനാ"
അവന്‍ അന്തം വിട്ട് തല ഉയര്‍ത്തിയപ്പോ ഞാന്‍ കാര്യം ചെവിയില്‍ വിശദീകരിച്ചു.അങ്ങനെ ഗിഫ്റ്റ് ശരിയായി.കോണ്‍ഫ്രണ്‍സ് ഹാളില്‍ വച്ച് കൈ മാറാനായി വി.ഐ.പിയെ ഏല്‍പ്പിച്ചപ്പോ അദ്ദേഹം അതിനെ അമ്പരന്ന് നോക്കി, എന്നിട്ട് ചോദിച്ചു:
"വാട്ടീസ്സ് ദിസ്സ്?"
ദിസ്സ് ഈസ്സ് പഞ്ചവര്‍ണ്ണ കിളി!!
ഹോ...ഹോ...ഒരു കിളി പോയി.
സമ്മാനദാനം കെങ്കേമമായി നടന്നു.ജസ്റ്റിന്‍ പുറത്തേക്ക് പോയതിനാല്‍ അവന്‍റെ ക്യാമറയില്‍ മനേഷാണ്‌ ഫോട്ടോ എടുത്തത്.ഫോട്ടോ ഒന്ന് അയച്ച് തരണമെന്ന് പറഞ്ഞു കൊണ്ട് വി.ഐ.പി ബാഗ് കൈ മാറിയപ്പോള്‍ ടീമിലുള്ള ഒരു പെണ്‍കുട്ടി ആശ്ചര്യപ്പെട്ടു:
"ഹോ, മുമ്പേ കൊടുത്ത പോലത്തെ ഒരു ബാഗ്"
"ശരിയാ, അതാണെന്നേ തോന്നു" അടുത്തവളുടെ അഭിപ്രായം.
ഞാന്‍ സുധീഷിനോട് ചെവിയില്‍ ചോദിച്ചു:
"ഇവറ്റകളെന്താ പൊട്ടികളാണോ?"
കുറേ നേരം ആലോചിച്ചിട്ട് അവന്‍ മറുപടി നല്‍കി:
"രണ്ടും ഒരേ പോലത്തെ ബാഗ് ആയതു കൊണ്ടുള്ള സംശയമാ, നീ ക്ഷമിക്ക്"
ഹത് ശരി.
കടിച്ചതിനെക്കാള്‍ വലുതാ പൊനത്തിലുള്ളത്.
അങ്ങനെ ആ ചടങ്ങ് കഴിഞ്ഞു.

വി.ഐ.പി തിരികെ പോകാന്‍ സമയമായി.
അദ്ദേഹത്തെ റെയില്‍വേ സ്റ്റേഷന്‍ വരെ കൊണ്ട് വിടേണ്ട ചുമതല എനിക്കാണ്.അങ്ങനെ ഞാനും വി.ഐ.പിയും സൊബാസ്റ്റ്യന്‍ സാറും സാറിന്‍റെ ക്യാബിനില്‍ ഇരിക്കുമ്പോ ജസ്റ്റിന്‍ അകത്തേക്ക് വന്നു, എന്നിട്ട് പറഞ്ഞു:
"സാര്‍ ഗിഫ്റ്റ് കൊടുക്കുന്ന ഫോട്ടോ അയക്കാന്‍ മനേഷ് പറഞ്ഞാരുന്നു, അത് അയച്ചിട്ടുണ്ട്"
ആകാംക്ഷയോടെ മെയില്‍ തുറന്ന സൊബാസ്റ്റ്യന്‍ സാറും ഞാനും ആ ഫോട്ടോ കണ്ട് ഞെട്ടി...
അത് ഞാന്‍ സിജിലിനു ഗിഫ്റ്റ് കൊടുക്കുന്ന ഫോട്ടോ ആയിരുന്നു!!!
"യ്യോ!!!!"
വി.ഐ.പിയുടെ കണ്ണ്‌ തള്ളി.
"ഇത് സിജിലല്ലേ?" വി.ഐ.പിയുടെ ചോദ്യം.
"അതേ സാര്‍"
"അത് താനല്ലേ?"
"അതേ സാര്‍"
"അപ്പോ ഞാനെന്തിയേ?"
നല്ല നയണ്‍ വണ്‍ സിക്സ്സ് മാര്‍ക്ക് ക്വസ്റ്റ്യന്‍!!
ആകാംക്ഷയോടെ അദ്ദേഹം വീണ്ടും ചോദിച്ചു:
"എടോ ഞാനെവിടാ?"
നിഷ്കളങ്കമായി മറുപടി നല്‍കി:
"സാറല്ലേ, ഇപ്പോ ഞങ്ങടെ മുമ്പി ഇരിക്കുന്നത്"
അദ്ദേഹം കുറേ നേരം തല ചൊറിഞ്ഞു, എന്നിട്ട് സൊബാസ്റ്റ്യന്‍ സാറിനോട് ചോദിച്ചു:
"ഇതാര്?"
"ലവന്‍"
"ലതാര്?"
"ഇവന്‍"
"അപ്പോ ഞാനെന്തിയേ?"
എന്നെ ഒന്ന് നോക്കിയട്ട് സാര്‍ ചോദിച്ചു:
"സാറല്ലേ, ഇപ്പോ ഞങ്ങടെ മുമ്പി ഇരിക്കുന്നത്"
വി.ഐ.പി കൈയ്യെടുത്ത് സ്വന്തം തലയില്‍ രണ്ട് പ്രാവശ്യമടിച്ചു.ഇത് കണ്ട് ജസ്റ്റിന്‍ രഹസ്യമായി ചോദിച്ചു:
"മൂപ്പര്‍ക്ക് വട്ടാണോ?"
"മിണ്ടരുത്" ഞാന്‍ നിര്‍ദ്ദേശിച്ചു.

വി.ഐ.പിയുടെ ചോദ്യം ജസ്റ്റിനോടായി:
"ഗിഫ്റ്റ് കൊടുത്തത് ആരാ?"
ജസ്റ്റിന്‍ എന്‍റെ നേരെ ചൂണ്ടി:
"ഇവനല്ലേ?"
അത് കേട്ടതും വി.ഐ.പി ചൂടായി:
"അതെങ്ങനാ, അത് ഞാനല്ലേ?"
ഇപ്പോ ജസ്റ്റിന്‍ തല ചൊറിഞ്ഞ് തുടങ്ങി, ചിലമ്പിച്ച സ്വരത്തില്‍ അവന്‍ ചോദിച്ചു:
"എന്തോന്നാടേ?"
"നീ വാ പറയാം"
അവനെയും കൂട്ടി പുറത്തിറങ്ങി.സത്യം ബോധിപ്പിച്ചപ്പോ അവന്‍ പറഞ്ഞു:
"ഹോ വല്ലാത്ത ചതി തന്നെ, അങ്ങേര്‌ സത്യമറിഞ്ഞാ എന്താകും സ്ഥിതി?"
ഞാന്‍ മറുപടി പറഞ്ഞില്ല, പകരം തിരികെ ക്യാബിനിലേക്ക് കയറി..

ക്യാബിനില്‍ ഒരു മൂകനാടകത്തിന്‍റെ പ്രതീതി.
സൊബാസ്റ്റ്യന്‍ സാര്‍ സത്യമെല്ലാം ബോധിപ്പിച്ചെന്നാ തോന്നുന്നത്, വി.ഐ.പി എന്നെ രൂക്ഷമായി നോക്കുന്നു.ഞാന്‍ തല കുനിച്ച് അവിടെ നിന്നു...
"മനു സാറിനെ ഒന്ന് ഡ്രോപ്പ് ചെയ്യ്"
സൊബാസ്റ്റ്യന്‍ സാറിന്‍റെ വാക്കുകള്‍ തീ കോരി ഇടുന്ന പോലെ തോന്നി.റെയില്‍വേ സ്റ്റേഷന്‍ വരെ ഇയാടെ കൂടെ എങ്ങനെ പോകും?
എന്തായാലും പോയല്ലേ പറ്റു.
യാത്ര ആരംഭിച്ചു...
വഴിയിലെല്ലാം വി.ഐ.പി മിണ്ടിയില്ല.ചെറിയ കുറ്റബോധത്തോടെയും ടെന്‍ഷനോടെയും ഞാന്‍ വണ്ടി ഓടിച്ചു.
ശ്ശോ, ഒന്നും വേണ്ടായിരുന്നു.
റെയില്‍വേ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തി ഒരു കുറ്റവാളിയെ പോലെ ഞാന്‍ തല കുനിച്ചിരുന്നു.വണ്ടിയില്‍ നിന്ന് ഇറങ്ങിയ വി.ഐ.പി കുറേ നേരം എന്തോ ആലോചിച്ചിരുന്നു, എന്നിട്ട് ചോദിച്ചു:
"ഗിഫ്റ്റ് കൊടുത്തത് ഞാന്‍, പക്ഷേ ഫോട്ടോയില്‍ വന്നപ്പോ താന്‍, അത്ഭുതം തന്നെ അല്ലേ?"
ങ്ങേ!!!
ഈ പൊട്ടനു ഇപ്പോഴും കാര്യം മനസിലായില്ലേ??
എന്‍റെ മനസ്സിലൊരു കുളിര്‍ മഴ പെയ്തു!!!
"മനുവിനു എന്ത് തോന്നുന്നു?"
വി.ഐ.പിയുടെ ചോദ്യം, ഒന്ന് ആലോചിച്ചിട്ട് ഞാന്‍ മറുപടി നല്‍കി:
"കര്‍ത്താവിന്‍റെ അത്ഭുത പ്രവര്‍ത്തി ആകാനാ സാര്‍ ചാന്‍സ്"
അദ്ദേഹം തല കുലുക്കിയപ്പോ ഞാന്‍ വണ്ടി മുന്നോട്ട് എടുത്തു.കുറേ ദൂരം മുന്നോട്ട് പോയിട്ട് കണ്ണാടിയിലൂടെ അദ്ദേഹത്തെ ഞാന്‍ നോക്കി...
അങ്ങേര്‌  അവിടെ തന്നെ നില്‍ക്കുകയായിരുന്നു...
അയാളുടെ കണ്ണുകളില്‍ അപ്പോഴും ആ സംശയം ബാക്കി ഉണ്ടായിരുന്നു...
ശ്ശെടാ, എന്നാലും....ഇതെങ്ങനെ സംഭവിച്ചു??

അന്ന് പെയ്ത മഴയില്‍..


കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടുന്നു.
ഏത് നിമിഷവും മഴ പെയ്യാം, ആദ്യം ചെറിയ ചാറ്റമഴ പോലെ, പിന്നെ പിന്നെ...
എപ്പോഴോ പെയ്ത് ഒഴിഞ്ഞപ്പോ ശാന്തമായി, മനസ്സും ആകാശവും.

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ്...
എഞ്ചിനിയറിംഗ് കഴിഞ്ഞുള്ള നാളുകള്‍, ഒരുപാട് ആഗ്രഹങ്ങളായിരുന്നു.ആദ്യം ഒരു ജോലി വേണം, പിന്നെ ആഗ്രഹിച്ച പലതും സ്വന്തമാക്കണം.പക്ഷേ എന്തിനും ഏതിനും ആദ്യം വേണ്ടത് ജോലി തന്നെ.
അപേക്ഷകള്‍ അയച്ചത് മിച്ചം!!
ആര്‍ക്കും എന്നെ പോലൊരു മിടുക്കനെ വേണ്ടാത്രേ.
ഒരുപാട് ഇന്‍റര്‍വ്യുകളില്‍ പങ്കെടുത്തു.തോല്‍വി വിജയത്തിലേക്കുള്ള ചവിട്ടുപടി ആണെങ്കില്‍ ഞാനങ്ങ് ഹിമായലത്തിനു മുകളില്‍ എത്തിയേനെ, അമ്മാതിരി തോല്‍വികള്‍.
ഒടുവില്‍ പല ജോലികളും പയറ്റിയ ശേഷം ബാംഗ്ലൂരിലേക്ക്.
പുതിയ കളികള്‍ പഠിക്കാനും, ചിലത് പഠിപ്പിക്കാനും...

ഉറ്റസുഹൃത്തിന്‍റെ ഫ്ലാറ്റില്‍ ഒരു കൊച്ചു വെളുപ്പാന്‍ കാലത്ത് മുണ്ടും ഉടുത്ത് കേറി ചെന്നപ്പോ അവനൊന്ന് ഞെട്ടി.അവനെ ചുറ്റി നില്‍ക്കുന്ന സുഹൃത്ത് ബന്ധത്തെ ധരിപ്പിക്കാനായാവാം, അവന്‍ ചോദിച്ചു:
"ഹേയ് ഡ്യൂഡ്, വാട്ടീസ് ദിസ്സ്?"
നാട്ടില്‍ വച്ച് 'അളിയോ, എന്നതാ?' എന്ന ചോദ്യം മെട്രോയില്‍ ഇങ്ങനായി.'ഓ, ഇങ്ങനങ്ങ് പോകുന്നു' എന്ന മറുപടി ഞാനും ഇംഗ്ലീഷിലാക്കി:
"ഓ, ഗോയിംഗ് ദിസ്സ് വേ"
സുഹൃത്ത് ബന്ധത്തിന്‍റെ കണ്ണ്‌ തള്ളി!!
അവര്‍ ഒരേ സ്വരത്തില്‍ ഓരിയിട്ടു:
"ഓ..ഓ..ഓ..."
ആ ഓരിയിടല്‍ എന്തിനെന്ന് എനിക്ക് മനസിലായില്ല, പക്ഷേ ജീവിതത്തില്‍ ഒരിക്കല്‍ കൂടി ഞാനത് കേട്ടു, അത് വഴിയെ പറയാം.

രണ്ട് ദിവസം അവിടെ താമസിച്ചു, പിന്നെയാണ്‌ ജോണേട്ടന്‍റെ പി.ജിയിലേക്ക് താമസം മാറിയത്.ഇനി ഒരു ജോലി, ശ്രമം അതിനായി...
മൈന്‍ഡ് ട്രീ, റ്റി.സി.എസ്സ്, ഡെല്‍ തുടങ്ങി എല്ലാ കമ്പനിയിലും കേറി ചെന്നു.ചോദ്യം ചെയ്ത ശേഷം ഒരു ആറുമാസത്തേക്ക് ആ വഴി വരെരുതെന്ന് പറഞ്ഞ് അവരെന്നെ ഓടിച്ചു വിട്ടു.സ്വല്പം അഹങ്കാരമുണ്ടായിരുന്നത് പൂര്‍ണ്ണമായും മാറി, ഞാനൊരു മനുഷ്യനായി.

അങ്ങനെയിരിക്കെയാണ്‌ ഒരു കണ്‍സള്‍ട്ടന്‍സി മുഖാന്തിരം പ്രമുഖമായ ഒരു കമ്പനിയില്‍ ജോലി കിട്ടുന്നത്.മൂന്ന് മാസത്തേക്ക് ശമ്പളത്തിന്‍റെ പാതി കണ്‍സള്‍ട്ടന്‍സിക്ക്, ആവശ്യക്കാരനു ഔചിത്യമില്ലാത്തതിനാല്‍ സമ്മതിച്ചു.കമ്പനിയുടെ പേര്‌ കേട്ടാല്‍ തോന്നും അതില്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ഒക്കെ ഭയങ്കര ലോജിക്കാണെന്ന്, അത്തരം ഒരു പേര്.
ജോയിന്‍ ചെയ്തു.
ഞങ്ങള്‍ ആകെ അറുപത് പേര്‍, എല്ലാം നല്ല മുറ്റ് പാര്‍ട്ടികള്‍.ഞാനും ജാട ഒട്ടും കുറച്ചില്ല, കഴിഞ്ഞ കമ്പനി ഏതാരുന്നെന്ന് ചോദിച്ചവരോടെല്ലാം മൈക്രോസോഫ്റ്റെന്ന് വച്ച് കാച്ചി.കുറച്ച് കഴിഞ്ഞപ്പോ എന്നെക്കാള്‍ വേന്ദ്രന്‍മാര്‍ അവിടുണ്ടെന്ന് മനസിലായി, അതിലൊരുത്തന്‍ തന്‍റെ അപ്പുപ്പനാണ്‌ ബില്‍ഗേറ്റ്സ്സെന്ന് വരെ പറഞ്ഞു.അതോടെ ഞാനടങ്ങി.

അവിടെയും എനിക്ക് കുറച്ച് സുഹൃത്തുക്കളെ കിട്ടി, മനോഹരി, വീണ, എബി, സജേഷ് തുടങ്ങി കുറെ നല്ല സുഹൃത്തുക്കള്‍.ജീവിതം സന്തോഷത്തോടെ മുന്നോട്ട് നീങ്ങി.മൂന്ന് മാസം കഴിഞ്ഞു, അങ്ങനെയിരിക്കെ ഒരുനാള്‍..
അറുപത് പേരെയും കമ്പനി മുകളിലുള്ള ഓഡിറ്റോറിയത്തിലേക്ക് വിളിപ്പിച്ചു.ക്യാബിനു സമീപം ബാഗ് വച്ചിട്ട് ഞങ്ങളെല്ലാം മുകളിലെത്തി.
എന്തോ ഭയങ്കര മീറ്റിംഗ് ആണ്.
എച്ച്.ആര്‍ അടക്കം മാനേജ്മെന്‍റിലെ പലരും സന്നിദ്ധരാണ്.എച്ച്.ആര്‍ സംസാരിക്കാനായി എഴുന്നേറ്റപ്പോള്‍ എല്ലാവരും നിശബ്ദരായി.
എച്ച്.ആര്‍ ഞങ്ങളെ നോക്കി പറഞ്ഞു:
"ഹായ്, ഗുഡ്മോര്‍ണിംഗ്"
കാക്കക്കൂട്ടില്‍ കല്ലിട്ട ശബ്ദം മറുപടി പറഞ്ഞു:
"ഗുഡ്മോര്‍ണിംഗ്"
"ഡിയര്‍ ഫ്രണ്ട്സ്സ്, വി ഹാവ് എ ഗുഡ് ന്യൂസ്സ് ആന്‍ഡ് എ ബാഡ് ന്യൂസ്സ്"
എച്ച്.ആര്‍ മുഖവുരയിട്ടു.
എല്ലാവരും പരസ്പരം നോക്കി.
"ആദ്യം ഏത് വേണം?" എച്ച്.ആറിന്‍റെ ചോദ്യം [ഇംഗ്ലീഷിലാണേ]
ആര്‍ക്കും അനക്കമില്ല.
ആരും മറുപടി പറഞ്ഞില്ലേല്‍ എച്ച്.ആര്‍ രണ്ട് ന്യൂസ്സും പറയാതിരിക്കുമോ അതോ രണ്ടും കൂടി ഒന്നിച്ച് പറയുമോന്ന് എനിക്ക് സംശയമായി.അതിനാല്‍ തന്നെ ആദ്യം ബാഡ് ന്യൂസ്സ് കേട്ടിട്ട് പിന്നെ ഗുഡ് ന്യൂസ്സ് കേള്‍ക്കാം എന്ന് കരുതി ഞാന്‍ പറഞ്ഞു:
"ബാഡ് ന്യൂസ്സ്"

എച്ച്.ആര്‍ പറയാന്‍ തയ്യാറെടുത്തു, വീണ അത് കേള്‍ക്കാന്‍ ശക്തിയില്ലാത്ത പോലെ എന്‍റെ കൈയ്യില്‍ മുറുകെ പിടിച്ചു എന്നോട് ചേര്‍ന്ന് നിന്നു.ഇങ്ങനാണേല്‍ എച്ച്.ആര്‍ എപ്പോഴും ബാഡ് ന്യൂസ്സ് പറയണേന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട് ഞാന്‍ അത് കേള്‍ക്കാന്‍ തയ്യാറായി.
എച്ച്.ആര്‍ പതിയെ പിറുപിറുത്തു:
"വി ലോസ്റ്റ് അവര്‍ പ്രോജക്റ്റ്"
നമുക്ക് പ്രോജക്റ്റ് നഷ്ടപ്പെട്ടു!!!
ഒരു നിമിഷം നിശബ്ദത.
പിന്നെ എല്ലാവരും ഓരിയിട്ടു:
"ഓ...ഓ...ഓ..."
ഇപ്പോ ട്രിക്ക് പിടികിട്ടി, ബാഡ് ന്യൂസ്സ് കേട്ടാല്‍ ഓരിയിടണം, അതാണ്‌ മെട്രോ പോളിറ്റന്‍ സ്റ്റൈല്.
ഞാനും ഓരിയിട്ടു:
"കൂയ്...കൂയ്...കൂയ്"
പക്ഷേ ടൈമിംഗില്‍ ചെറിയൊരു പ്രശ്നം, എല്ലാവരും നിശബ്ദരായപ്പോഴാണ്‌ എന്‍റെ ശബ്ദം പുറത്ത് വന്നത്.പ്രോജക്റ്റ് നഷ്ടമായെന്ന് കേട്ടപ്പോ കൂവിയ എന്നെ നോക്കി എച്ച്.ആര്‍ പല്ല്‌ കടിച്ചു...
അഗ്ലി ഫെലോ!!!
ആ പറഞ്ഞത് എന്നെയാ.

"നീയെന്തിനാ കൂവിയത്?"
മനോഹരിയുടെ ചോദ്യം.
"എല്ലാരും കൂവി, ഞാനും കൂവി" ഞാനെന്‍റെ നയം വ്യക്തമാക്കി.
"അത് പറഞ്ഞപ്പോ കൂവണ്ടേ, അരമണിക്കൂര്‍ കഴിഞ്ഞാണോ കൂവുന്നത്?"
അവളുടെ ആ ചോദ്യം എന്‍റെ കണ്ണ്‌ തുറപ്പിച്ചു.കൂവണ്ട സമയത്ത് കൂവിയില്ലെങ്കില്‍ കൂവിയവനെ കൂവുമെന്ന് എനിക്ക് മനസിലായി.ഞാന്‍ ഒന്ന് മനസില്‍ ഉറപ്പിച്ചു...
ഗുഡ്ന്യൂസ്സ് പറയുമ്പോ ആദ്യം ഞാന്‍ കൈയ്യടിക്കും.
"നൌ ഗുഡ് ന്യൂസ്സ്"
എച്ച്.ആര്‍ പറയാന്‍ തയ്യാറായി, ഞാന്‍ കൈയ്യടിക്കാനും.
പ്രോജക്റ്റ നഷ്ടമായ സ്ഥിതിക്ക് ഞങ്ങളെ കമ്പനി എന്ന വ്യവസ്ഥയില്‍ പൂട്ടിയിടാന്‍ അവര്‍ ഉദ്ദേശിക്കുന്നില്ലത്രേ, ഫ്രീ ബേഡുകളായി തുറന്ന് വിടാന്‍ തീരുമാനിച്ച് പോലും.അതായത് നിനക്കൊന്നും ഇനി ജോലി ഇല്ല എന്നതിന്‍റെ ഏറ്റവും മാന്യമായ വാക്കുകള്‍.പക്ഷേ സംഗതി ഇംഗ്ലീഷ് ആയതിനാല്‍ എനിക്ക് പൂര്‍ണ്ണമായും മനസിലായില്ല, അതുകൊണ്ട് തന്നെ എച്ച്.ആര്‍ പറഞ്ഞ് നിര്‍ത്തിയതും ഞാന്‍ കൈയ്യടിച്ചതും ഒരുമിച്ചാരുന്നു.എല്ലാവരും നിശബ്ദരായി നിന്നപ്പോ ഒരു പൊട്ടന്‍ മാത്രം കൈയ്യടിക്കുന്നത് കണ്ടാകാം എച്ച്.ആറിന്‍റെ കണ്ണ്‌ തള്ളി.
പ്രോജക്റ്റ് നഷ്ടപ്പെട്ടതിനു കൂവുകയും, ജോലി പോയതിനു കൈയ്യടിക്കുകയും ചെയ്യുന്ന മഹാന്‍...
ഹോ, വാട്ട് എ മാന്‍!!!
ഇപ്പോ എല്ലാവരുടെയും ശ്രദ്ധ എന്നിലേക്ക്.എനിക്ക് ആകെ സംശയമായി, ഇവറ്റകളെന്താ കൈ അടിക്കാത്തത്?
എന്‍റെ കൈയ്യടിയുടെ ശക്തി കുറഞ്ഞ് കുറഞ്ഞ് വന്നു, അവസാനം കൈയ്യേലെ പൊടി തട്ടുന്ന പോലെയായി.രൂക്ഷമായി നോക്കുന്ന വീണയോട് ഞാന്‍ ചോദിച്ചു:
"എന്നാ പറ്റി?"
"കുന്തം"
മറുപടി പെട്ടന്നായിരുന്നു.

താഴെ എത്തിയപ്പോ ആട് കിടന്നിടത്ത് പൂട പോലും കാണാനില്ല എന്ന പോലത്തെ സ്ഥിതി.ഞങ്ങടെ ക്യാബിനൊക്കെ മടക്കി മാറ്റിയിരിക്കുന്നു.വിജനമായ ഹാള്‍ മാത്രം ബാക്കി, എല്ലാവരുടെയും ബാഗുകള്‍ ഒരു സൈഡില്‍ അടുക്കി വച്ചിട്ടുണ്ട്.ഈ കാഴച കണ്ട് ഞാനൊഴികെ എല്ലാവരും ബോധം കെട്ട് വീണു.
തീയില്‍ കുരുത്തവന്‍ വെയിലത്ത് വാടത്തില്ല!!!
ഒടുവില്‍ ഒരു കൈയ്യില്‍ വീണയേയും മറുകൈയ്യില്‍ മനോഹരിയേയും താങ്ങി ഞാന്‍ പുറത്തേക്ക് നടന്നു.എബിയും സജേഷും കുറേ നേരം ബോധം കെട്ട് കിടന്നിട്ട് ആരും താങ്ങാനില്ലെന്ന് മനസിലായപ്പോ പതിയെ എഴുന്നേറ്റ് വന്നു.
ഒരു അദ്ധ്യായം അങ്ങനെ അവസാനിച്ചു.

പിന്നെ കുറേ കമ്പനികള്‍, ഒടുവില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനി.അവിടെ ജോലി ചെയ്യുന്ന കാലഘട്ടത്തിലാണ്‌ എന്‍റെ ജീവിതത്തില്‍ പല നല്ല കാര്യങ്ങളും സംഭവിച്ചത്.
ഇപ്പോഴും ആ ദിനം ഓര്‍മ്മയിലുണ്ട്...
അന്ന് പുറത്ത് നല്ല  മഴക്കോള്‌ ഉണ്ടായിരുന്നു, എന്‍റെ മനസിലും.
കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടുന്നു.
ഏത് നിമിഷവും മഴ പെയ്യാം, ആദ്യം ചെറിയ ചാറ്റമഴ പോലെ, പിന്നെ പിന്നെ...
എപ്പോഴോ പെയ്ത് ഒഴിഞ്ഞപ്പോ ശാന്തമായി, മനസ്സും ആകാശവും.
തെളിഞ്ഞ ആകാശത്തിന്‍റെ ചുവട്ടിലിരുന്ന് ശാന്തമായ മനസ്സോടെ ഞാന്‍ ആ കഥ വായിച്ചു, മനസ്സ് മരം എന്ന എന്‍റെ ആദ്യ കഥ.
ഗണപതി ഭഗവാനു മനസ്സാല്‍ ഒരു തേങ്ങ അടിച്ച്, കരിമുട്ടത്തമ്മയെ ധ്യാനിച്ച് ഞാനെഴുതിയ ആദ്യ കഥ.കാര്‍മേഘങ്ങള്‍ പെയ്ത് ഒഴിഞ്ഞപ്പോ അറിയാതെ എഴുതിയ ആ കഥ.
അന്ന് ആ മഴ നനയാന്‍ ഒരുപാട് സുഹൃത്തുക്കള്‍ വന്നു, പിന്നീട് അവരുടെ ഉപദേശങ്ങളിലൂടെ ആശയങ്ങളിലൂടെ കാര്‍മേഘങ്ങള്‍ വീണ്ടും രൂപം കൊണ്ടും, കഥകള്‍ അനേകം ജനിച്ചു.
ഇപ്പോ  അഞ്ച് വര്‍ഷമാകുന്നു.
നന്ദിയുണ്ട്, എല്ലാവരോടും.
ഈ കരുതലിനു, ഈ സ്നേഹത്തിനു..

കായംകുളം സൂപ്പര്‍ഫാസ്റ്റിന്‍റെയും, എഴുത്തിന്‍റെ ലോകത്തേക്ക് ഞാന്‍ വന്നതിന്‍റെയും അഞ്ചാം പിറന്നാള്‍ ആഘോഷവേളയില്‍, എന്നെ പ്രോത്സാഹിപ്പിച്ച, പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞു കൊണ്ട്...
തത്ക്കാലത്തേക്ക് നിര്‍ത്തുന്നു, പക്ഷേ തുടരും...

സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം


ഗുഡ്നൈറ്റ് അലര്‍ജിയാണ്..


ജീവിതത്തില്‍ തിരക്ക് കൂടി കൂടി വരുന്നു.ജോലി തന്നെ ജോലി, ഒരു രക്ഷയുമില്ല.ദിവസവും രാവിലെ അമ്പലത്തില്‍ പോയിക്കൊണ്ടിരുന്ന എനിക്ക് ഇപ്പോ അതിനൂടെ സമയമില്ലാതായി...
ഈശ്വരാ, ക്ഷമിക്കണേ..
[ഈ ഒരു പ്രശ്നത്തെ വൈകുന്നേരം അമ്പലത്തില്‍ പോയാണ്‌ മറി കടക്കാറ്]
അങ്ങനെയുള്ള ഒരു വൈകുന്നേരം...

എറണാകുളത്ത് താമസിക്കുന്ന വീടിനടുത്തൂടെയാണ്‌ നാഷണല്‍ ഹൈവേ പോകുന്നത്.അതിനു മറുവശത്തുള്ള അമ്പലമായിരുന്നു എന്‍റെ ലക്ഷ്യം.ബൈക്ക് ഹൈവേയുടെ ഒരു സൈഡില്‍ നിര്‍ത്തി റോഡ് ക്രോസ്സ് ചെയ്തു.അമ്പത്തിലേക്ക് കാലെടുത്ത് വച്ചപ്പോഴാണ്‌ മുന്നില്‍ അവര്‍ പ്രത്യക്ഷപ്പെട്ടത്..
ഒരു പിച്ചക്കാരി!!!
"മോനേ, വല്ലതും തരണേ..."
മൈന്‍ഡ് ചെയ്യാതെ അമ്പലത്തില്‍ കയറി.മുന്നോട്ട് നടന്നപ്പോള്‍ മാലയുമായി മറ്റൊരാള്‍.
"മാല വേണ്ടാ" ഞാന്‍ പറഞ്ഞു.
"ഹേയ്, ഇത് ഞാന്‍ വാങ്ങിയ മാലയാ.അകത്ത് കയറണേല്‍ ഷര്‍ട്ടും ബനിയനും ഊരണം, ഇതൊന്ന് അകത്തേക്ക് കൊടുക്കാമോ?" അയാളുടെ ചോദ്യം.
മാലയുമായി അകത്തേക്ക്...
ഭഗവാനു മുന്നില്‍ മാല വച്ച് സത്യം ബോധിപ്പിച്ചു:
"വേറൊരാള്‌ തന്ന മാലയാ, പക്ഷേ കൊണ്ട് വച്ചത് ഞാനാ, അതുകൊണ്ട് ഇച്ചിരി പുണ്യം എനിക്ക് തരണേ"
ഭഗവാനൊന്ന് ചിരിച്ച പോലെ.....!!!
മനസ്സില്‍ കുളിര്‍മഴ പെയ്യുന്നതിനു മുന്നേ അവിടുന്നു ഒരു ചോദ്യം:
"ഒരു പ്രായമായ സ്ത്രീ എന്തേലും തരണേന്ന് പറഞ്ഞിട്ട് മൈന്‍ഡ് ചെയ്യാത്ത നിനക്ക് ഞാനെന്തിനാ പുണ്യം തരുന്നത്?"
കുറ്റബോധം!!!
ഭയങ്കര കുറ്റബോധം.
ആ സ്ത്രീക്ക് അഞ്ചു രൂപ കൊടുത്തിട്ട് തന്നെ ഇനി കാര്യം.
അമ്പലത്തിനു പുറത്തേക്ക്...

ഭാഗ്യം, അവര്‍ മുന്നില്‍ തന്നെ വന്നു.
റോഡ് തിരിഞ്ഞ് നില്‍ക്കുകയാണ്, അഞ്ചു രൂപയുമായി പിന്നിലെത്തി, എന്നിട്ട് മധുരമായി വിളിച്ചു:
"അമ്മച്ചി"
ആ സ്ത്രീ പതിയെ തിരിഞ്ഞു, മുഖം കണ്ടതും ഞാനൊന്ന് ഞെട്ടി, അത് ആ പിച്ചക്കാരിയല്ല.റോഡ് ക്രോസ്സ് ചെയ്യാന്‍ നില്‍ക്കുന്ന ഏതോ ഒരു സ്ത്രീ.
കൈയ്യില്‍ അഞ്ചു രൂപയും നീട്ടി നില്‍ക്കുന്ന എന്നോട് അവര്‍ ചോദിച്ചു:
"എന്തേ?"
എന്ത് മറുപടി പറയും എന്ന് ഒന്ന് ആലോചിച്ചു, ഒടുവില്‍ ഭഗവാന്‍റെ മുന്നിലായത് കൊണ്ട് സത്യം ബോധിപ്പിക്കാമെന്ന് തീരുമാനിച്ചു.എന്നിലെ പിഞ്ച് മനസ്സ് മൊഴിഞ്ഞു:
"ക്ഷമിക്കണം, പുറകീന്ന് കണ്ടപ്പോ പിച്ചക്കാരിയാണെന്ന് വിചാരിച്ചു"
"ഫ്‌അ!!!" ഒറ്റ ആട്ടായിരുന്നു മറുപടി.
അവര്‌ ആട്ടിയ ആട്ടിനു മുന്നില്‍ കുറച്ച് അരിയും ഉഴുന്നും കൂടി ഇട്ടിരുന്നേല്‍ പത്ത് ദോശക്കുള്ള മാവ് കിട്ടിയേനേ.

"എന്താ പ്രശ്നം?" സദാചാര പോലീസ്സ് പ്രത്യക്ഷമായി.
"ഇവനെന്നെ പണം തന്ന് മയക്കാന്‍ നോക്കുന്നു" ആ സ്ത്രീയുടെ മറുപടി.
"ആണോടാ?" സദാചാരം കണ്ണുരുട്ടി.
പേരണ്ടൂരമ്മേ, ഇടി പാഴ്സലായി കിട്ടിയത് തന്നെ!!!
ഭാഗ്യത്തിനു ആ സമയത്ത് യഥാര്‍ത്ഥ പിച്ചക്കാരി അവിടെ അവതരിച്ചു.
അവരെ ചൂണ്ടി ഞാന്‍ പറഞ്ഞു:
"ഇവരാണെന്ന് വച്ചാ ഞാന്‍ പൈസ നീട്ടിയത്"
സദാചാരത്തിന്‍റെ കണ്ണ്‌ വിടര്‍ന്നു:
"പിച്ച എടുക്കുന്ന ഈ പാവം സ്ത്രീയെ.....നിനക്ക് എങ്ങനെ മനസ്സ് വരുന്നെടാ??"
ശെടാ.
ഞാന്‍ ദയനീയമായി പിച്ചക്കാരിയെ നോക്കി.
"പിച്ച എടുത്താലും ഞാനാ പണിക്കില്ല" അവരുടെ ഡയലോഗ്.
എന്നെ അങ്ങ് കൊല്ല്!!!

സദാചാരം എന്നെ 'സാധാ ചാര'മാക്കുമെന്ന് മനസ്സ് മന്ത്രിച്ചപ്പോ അറിയാതെ ഭഗവാനെ വിളിച്ചു..
കണ്ണാ, പുറകീന്ന് കണ്ടപ്പോ പിച്ചക്കാരിയെ പോലുണ്ടെന്ന സത്യം പറഞ്ഞതിനാ ഇങ്ങനെ ക്രൂശിക്കുന്നത്, പ്ലീസ്സ് സേവ് മീ.
ഭഗവത് ഗീത വായിച്ചിട്ടില്ലേ?? കണ്ണന്‍റെ മറുചോദ്യം.
ഇല്ല, എന്തേ??
അതില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്.
എന്ത്??
അപ്രിയ സത്യങ്ങള്‍ പറയരുത്!!!
അപ്പോ ഭഗവാനും ഇത് പോലെ.....??!!
ഹേയ്, ഇല്ലില്ല.
അത് പോട്ടെ, പക്ഷേ ഇപ്പോ ഞാന്‍ എങ്ങനെ രക്ഷപെടും?
ഒരു വഴിയുണ്ട്..
എന്താ അത്?
ഓടിക്കോ.
കേട്ടപാതി അമാന്തിച്ചില്ല, ഓടി.
അപ്പോ ഓടിയ വഴി ഇനി പുല്ല്‌ കിളിക്കില്ല [കാരണം അത് നാഷണല്‍ ഹൈവേയിലൂടെ ആയിരുന്നു]

വൈകുന്നേരം സംഭവിച്ചതിന്‍റെ ക്ഷീണം തീര്‍ക്കാനാ ഞാന്‍ രണ്ടെണ്ണം വീശിയത്.
[നിയമപ്രകാരമുള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ്‌]
ഭാര്യ വീട്ടില്‍ ഇല്ലാത്തതിനാല്‍ കള്ള്‌ കുടിക്കുന്ന കൂട്ടത്തില്‍ കുറേ സുഹൃത്തുക്കളെ വിളിച്ച് ഞാന്‍ വിഷമം ബോധിപ്പിച്ചു.
[ഈ സീനിലും മേല്‍ പറഞ്ഞ സെയിം മുന്നറിയിപ്പ്]
ഇനിയുള്ള സീനുകളില്‍ മദ്യമില്ല, അത് കൊണ്ട് മുന്നറിയിപ്പും ഇല്ല...!!!!
[മുന്നറിയിപ്പ് കൊടുത്തത് പേടിച്ചിട്ടാ, സിഗററ്റ് വലിച്ചത് പോസ്റ്ററില്‍ വന്നതിനു സിനിമാ നടിക്കെതിരെയും, ഹെല്‍മറ്റില്ലാതെ ബൈക്കിലിരുന്നത് പോസ്റ്ററില്‍ വന്നതിനു സൂപ്പര്‍സ്റ്റാറിനെതിരെയും കേസ്സെടുത്ത നാടല്ലേ, ഇനി കള്ള്‌ കുടിച്ചെന്ന് എഴുതിയേനു എനിക്ക് എതിരെ കേസെടുത്താലോ?]
വീണ്ടും കഥയിലേക്ക്...

കള്ള്‌ തലക്ക് പിടിച്ചപ്പോ സിനിമ കണ്ടു, പിന്നെ ചപ്പാത്തി തിന്നു.ഇതിനിടക്ക് എന്നെ വന്ന് കടിച്ച രണ്ട് കൊതുകുകള്‍ ലഹരി മൂത്ത് തല കറങ്ങി വീണു.
സമയം ഇഴഞ്ഞ് ഇഴഞ്ഞ് നീങ്ങി.
മണി രാത്രി ഒന്നര.
ഉറങ്ങാന്‍ പാ വിരിച്ച് കിടന്നപ്പോള്‍ മൂളിപാട്ടുമായി വീണ്ടും കൊതുക്.ഗുഡ്നൈറ്റ് ലിക്യുഡ് പ്ലഗ്ഗില്‍ വച്ചു, പക്ഷേ വച്ചത് ശരിയായില്ല, അത് താഴെ വീണു പൊട്ടി.തറ വൃത്തിയാക്കി ശേഷിച്ച ലിക്യുഡുമായി അടുക്കളയിലേക്ക്.വാഷ് ബേസില്‍ ബാക്കി വന്നത് ഒഴിച്ച് കളയാന്‍ പോയപ്പോഴാണ്‌ ഇത് സൂക്ഷിച്ച് വച്ചാല്‍ പിറ്റേ ദിവസം കുറേ പരീക്ഷണങ്ങള്‍ നടത്താമെന്ന് വയറ്റില്‍ കിടന്ന കള്ള്‌ എന്നെ ഉപദേശിച്ചത്, അങ്ങനെ അത് അടുത്ത് കണ്ട സ്റ്റീല്‍ ഗ്ലാസ്സില്‍ ഒഴിച്ച് വച്ച് നേരെ കട്ടിലിലേക്ക്..
ബോധം കെട്ട് ഒറ്റ ഉറക്കം.
ആ രാത്രി അങ്ങനെ കഴിഞ്ഞു.

ചപ്പാത്തിയും കള്ളും നന്നായി പ്രവര്‍ത്തിപ്പിച്ചപ്പോഴുണ്ടായ ഡീ ഹൈഡ്രേഷന്‍ കൊണ്ടാകണം കൊച്ചു വെളുപ്പാന്‍ കാലത്ത് തന്നെ ഉണര്‍ന്നു.
ഭയങ്കര ദാഹം!!!
കൈലി വാരി ചുറ്റി അടുക്കളയിലേക്ക്, കൈയ്യില്‍ കിട്ടിയ ആദ്യത്തെ ഗ്ലാസ്സെടുത്ത് കലത്തീന്ന് വെള്ളം കോരി അണ്ണാക്കിലേക്ക് ഒഴിച്ചു..
ഗ്ലും!!!
ചെറിയൊരു നീറ്റലോടെ എന്തോ ഒരു ദ്രാവകം അണ്ണാക്കില്‍ നിന്ന് ആമാശയത്തിലേക്ക് ഇറങ്ങി പോയി.ആ നിമിഷം എന്‍റെ മനസ്സില്‍ ഒരു ഉള്‍വിളിയുണ്ടായി..
കര്‍ത്താവേ, ഗുഡ്നൈറ്റ്!!!
തലേദിവസം ഒഴിച്ചു വച്ച ഗുഡ്നൈറ്റ് ലിക്യുഡ് പച്ചവെള്ളവും ചേര്‍ത്ത് ഞാന്‍ കുടിച്ചിരിക്കുന്നു..
മാരക വിഷം!!
കടവുളേ, ഞാനിപ്പോ ചാകും.
നിന്ന നില്‍പ്പില്‍ ഒറ്റ അലര്‍ച്ചയായിരുന്നു, എന്ത് ചെയ്യണമെന്ന് അറിയാതെ ഓടി അടുത്ത മുറിയിലേക്ക് പോയി.അവിടെ അലമാരിയിലെ കണ്ണാടിയില്‍ എന്‍റെ രൂപം കണ്ട് വീണ്ടും അലറി.
തുടര്‍ന്ന് പുറത്തേക്ക് പാഞ്ഞു...

ചാകുന്നതിനു മുന്നേ ആശുപത്രിയിലെത്തണം.ചാടി കേറി ബൈക്കേല്‍ ഇരുന്നു, അപ്പോഴാ ഓര്‍ത്തത് ഷര്‍ട്ട് ഇട്ടിട്ടില്ല, മാത്രമല്ല ബൈക്കിന്‍റെ ചാവിയില്ല.ശരപഞ്ചരത്തില്‍ കുതിരയെ ജയന്‍ തടവുന്ന പോലെ ഷര്‍ട്ടുമില്ലാതെ ബൈക്കില്‍ ചാടി കയറിയ എന്നെ നോക്കി അടുത്ത വീട്ടിലേ ചേച്ചി ചോദിച്ചു:
"എന്ത് പറ്റി മനു?"
"ഗുഡ്നൈറ്റ്..." പറയാന്‍ വന്നത് നാക്കില്‍ തടഞ്ഞു.
"അയ്യേ, രാവിലെ ഗുഡ്മോര്‍ണിഗ് അല്ലേ?" ചേച്ചിയുടെ ചോദ്യം.
'മാങ്ങാത്തൊലി' എന്ന് മനസില്‍ പറഞ്ഞിട്ട് ഞാന്‍ വീണ്ടും റൂമിലേക്ക്.ഷര്‍ട്ടുമിട്ട് ബൈക്കിന്‍റെ ചാവിയുമെടുത്ത് താഴെ വന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തപ്പോ ചേച്ചി വീണ്ടും:
"മോണിംഗ് വാക്കിനു പോകുമാണോ?"
ബ്ലഡി ലേഡി, ഏതെങ്കിലും മനുഷ്യന്‍ ബൈക്കേ മോണിംഗ് വാക്കിനു പോകുമോ??
ചോദിച്ചില്ല, ബൈക്ക് പുറത്തേക്ക് പറത്തി...
ജംഗ്ഷനില്‍ എത്തിയപ്പോ ആകെ ഡൌട്ട്.
ഏത് ആശുപത്രിയില്‍ പോകണം?
അടുത്ത് കണ്ട പ്രായമായ ഓട്ടോക്കാരനോട് ചോദിച്ചു:
"ചേട്ടാ ഒരു ആശുപത്രി കാണിക്കാമോ?"
അയാള്‍ അടുത്തുള്ള ദന്താശുപത്രി ചൂണ്ടി കാട്ടി.
"അയ്യോ, ചേട്ടാ, വിഷം കഴിച്ച ആളെ കൊണ്ട് പോകാനാ"
അയാള്‍ അമ്പരന്ന് എന്നെ നോക്കി, എന്നിട്ട് ചോദിച്ചു:
"ആരാ വിഷം കഴിച്ചത്?"
"ഞാനാ" കുറ്റം സ്വയം ഏറ്റു.

അതോടെ ആളു കൂടി.എല്ലാവരും കൂടി എന്നെ ഒരു ഓട്ടോയില്‍ കേറ്റി, കൂടെ അഞ്ചാറ്‌ ഓട്ടോക്കാരും കയറി, ഓട്ടോ ഹോസ്പിറ്റലിലേക്ക്...
"എന്ത് വിഷമാ കുടിച്ചത്?" ഒരാളുടെ ചോദ്യം.
ഞാന്‍ മിണ്ടിയില്ല, കണ്ണടച്ചു കിടന്നു.
അതിനാലാവാം വേറൊരുത്തന്‍ ചോദിച്ചു:
"ബോധം പോയോ?"
അത് പണ്ടേ പോയി!!
പിന്നെ കേട്ടത് കുറേ ശബ്ദങ്ങള്‍ മാത്രം.
"പെട്ടന്ന് കൊണ്ടു പോടാ" ആരോ അലറുന്നു.
"ആരെങ്കിലുമാ കരയുന്ന ശബ്ദമൊന്ന് ഇടോ" വേറൊരുത്തന്‍.
ശബ്ദം കേട്ട് തുടങ്ങി...
കിയോ...കിയോ...കിയോ...കിയോ..
ലൈറ്റുമിട്ട് ഓട്ടോ ഹോസ്പിറ്റലിലേക്ക്...

ഹോസ്പിറ്റലിലെത്തിയപ്പോള്‍ കണ്ണ്‌ തുറന്ന് ഞാന്‍ പറഞ്ഞു:
"ഞാന്‍ നടന്ന് വരാം"
ആരും സമ്മതിച്ചില്ല, എല്ലാവരും കൂടി എന്നെ പൊക്കി കൊണ്ട് പോയി.അത് കണ്ട് അവിടെ ഇരുന്ന പ്രായമായ ഒരു മനുഷ്യന്‍ എഴുന്നേറ്റ് തൊഴുതു.പാവം, രാജാവിനെ പല്ലക്കില്‍ കൊണ്ട് വരുവാണെന്ന് വിചാരിച്ച് കാണും.ഏത് രാജ്യത്തെ ആയിരിക്കുമെന്ന് അമ്പരന്ന് നിന്ന അയാള്‍ക്ക് കണ്ണ്‌ കൊണ്ട് ഞാന്‍ മറുപടി കൊടുത്തു, കോത്താഴത്തേ!!!
തുടര്‍ന്ന് അകത്തേക്ക്..
അവിടെ എത്തിയപ്പോ അടുത്ത പ്രശ്നം, ഡോക്ടറില്ല.
ചെന്നപാടെ സിസ്റ്റര്‍ ഒരു തെര്‍മോ മീറ്ററെടുത്ത് വായില്‍ വച്ച് തന്നു.
"അല്ല സിസ്റ്ററേ, അയാള്...."
ഓട്ടോക്കാരന്‍ സത്യം പറയാന്‍ പോയപ്പോ സിസ്റ്റര്‍ കല്‍പ്പിച്ചു:
"നിങ്ങളൊക്കെ പുറത്തോട്ട് ഇറങ്ങിയേ"
എല്ലാവരും പുറത്തിറങ്ങി.വിഷം കഴിച്ച് വന്ന ഞാന്‍ പനിയുണ്ടോന്ന് അറിയാനായി തെര്‍മോ മീറ്ററും വായില്‍ വച്ച് കുത്തിയിരുന്നു.
അഞ്ച് മിനിറ്റ് കഴിഞ്ഞ് ടെമ്പറേറ്റര്‍ നോക്കിയട്ട് സിസ്റ്റര്‍ പറഞ്ഞു:
"പേടിക്കേണ്ട, നോര്‍മലാ"
അവരെ ദയനീയമായി ഞാനൊന്ന് നോക്കി, എന്നിട്ട് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:
"അതിനെനിക്ക് പനിയില്ല സിസ്റ്ററേ"
"പിന്നേ?"
"വിഷം കഴിച്ചതാ"
അത് കേട്ടതും അവര്‍ ബോധം കെട്ടു വീണു.

വിവരമറിഞ്ഞ് ഡോക്ടര്‍ ഓടി എത്തി.വന്നപാടെ സുന്ദരിയായ സിസ്റ്ററെ അയാള്‍ ശുശ്രൂഷിച്ചു, തുടര്‍ന്ന് എന്നോട് ചോദിച്ചു:
"എന്ത് വിഷമാ കഴിച്ചത്?"
"ഗുഡ്നൈറ്റിന്‍റെ ലിക്യുഡ്" എന്‍റെ മറുപടി.
ഡോക്ടറിനു ആകെ അമ്പരപ്പ്.
"തനിക്ക് എന്താ പണി?"
"സോഫ്റ്റ് വെയര്‍ എഞ്ചിനിയറാ"
"ചുമ്മാതല്ല, ഇത്ര അഹമ്മതി"
കുരുടാനും, എലിവിഷവുമൊന്നും കഴിക്കാതെ ഗുഡ്നൈറ്റ് വാങ്ങി കഴിച്ചത് കാശിന്‍റെ അഹങ്കാരത്തിലാണ്‌ എന്ന വിശ്വാസത്തില്‍ ഡോക്ടര്‍ എന്നെ ചികിത്സിച്ചു.
മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹം പ്രഖ്യാപിച്ചു:
"ഇനി കുഴപ്പമില്ല"

തിരിച്ച് കൊണ്ട് വിട്ട ഓട്ടോക്കാര്‍ക്ക് ഓട്ടോ കൂലിയായി നൂറു രൂപ കൊടുത്തപ്പോ അവര്‍ പറഞ്ഞു:
"ഈ ഓട്ടത്തിനു കാശ്‌ വേണ്ടാ"
അവരുടെ സന്മനസ്സിനു നന്ദി പറഞ്ഞ എന്‍റെ കൈയ്യീന്ന്, ഞാന്‍ ചത്തു പോകാത്തതില്‍ അവര്‍ക്കുണ്ടായ സന്തോഷത്തിനു, ആഘോഷിക്കാനുള്ള കള്ള്‌ വാങ്ങാനാണെന്ന് പറഞ്ഞ് ആയിരം രൂപ വാങ്ങി, കശ്മലന്‍മാര്‍.
വീട്ടിലെത്തി തളര്‍ന്ന് കിടന്നുറങ്ങി.
രക്തത്തില്‍ ഗുഡ്നൈറ്റ് ഉള്ളതു കൊണ്ടാവാം, അന്ന് കൊതുകു കടിച്ചില്ല.ദിവസങ്ങള്‍ കഴിഞ്ഞു, എങ്കിലും ആ ഷോക്ക് മാറിയിട്ടില്ല.
സത്യം പറയാമെല്ലോ...
ഇപ്പോ ഗുഡ്നൈറ്റ് അലര്‍ജിയാണ്..
എനിക്കും, കൊതുകിനും.


സേതുമാധവം പൂര്‍വ്വവൃത്തം



സേതുമാധവന്‍, എന്‍റെ പേര്.
ഇപ്പോ ഞാന്‍ ഓടിക്കുന്നത് എന്‍റെ കാറാണ്.നാഷണല്‍ ഹൈവേയിലൂടെ എണ്‍പത് കിലോമീറ്റര്‍ വേഗത്തില്‍ അത് ഓടി കൊണ്ടിരിക്കുന്നു.ഓര്‍മ്മകള്‍ അതിലും വേഗത്തില്‍ പിന്നിലേക്ക് ഓടി..

'സേതു,
ഒരുപാട് അന്വേഷിച്ചു.ഒടുവില്‍ കിട്ടിയത് നിന്‍റെ ഈ അഡ്രസ്സ് മാത്രം.എനിക്കറിയാം ഇതൊരു ഭാഗ്യപരീക്ഷണമാണെന്ന്, എങ്കിലും ശ്രമിച്ചു നോക്കുന്നു.......'
മാധവന്‍റെ കത്താണ്, അത് വീട്ടിലെത്തിയട്ട് ഒരാഴ്ചയില്‍ കൂടുതല്‍ ആയത്രേ.അല്ലെങ്കില്‍ തന്നെ നാടുമായിട്ടുള്ള ബന്ധം വല്ലപ്പൊഴുമുള്ള ഒരു ഫോണ്‍ വിളിയില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.കത്ത് അമ്മാവന്‍ ഫ്ലാറ്റിലെ അഡ്രസ്സില്‍ അയച്ച് തന്നത് കൊണ്ട് വായിക്കാന്‍ പറ്റി.ഒരാവര്‍ത്തി വായിച്ചിട്ട് ഫോണ്‍ കൈയ്യിലെടുത്തു.മാധവന്‍റെ നമ്പര്‍ അതില്‍ വയ്ക്കാന്‍ അവനു തോന്നിയ ബുദ്ധിക്ക് നന്ദി പറഞ്ഞു.
ആദ്യ റിംഗില്‍ തന്നെ മറുസൈഡില്‍ ശബ്ദം കേട്ടു..
"ഹലോ"
ഒരു നിമിഷം മിണ്ടാതെ നിന്നു, എന്നിട്ട് പറഞ്ഞു:
"സേതുവാണ്, സേതുമാധവന്‍"

ഒരു അലര്‍ച്ചയോടാണ്‌ ബ്രേക്ക് ചവുട്ടിയത്.റോഡിലൂടെ തെന്നി നീങ്ങി കാര്‍ ആ ആല്‍മരത്തിനു ചുവട്ടില്‍ നിന്നു.ലോറിക്കാരന്‍ ഒന്നു സ്ലോ ചെയ്തിട്ട് വണ്ടി മുന്നോട്ട് എടുത്തു.തെറ്റ് തന്‍റെ ഭാഗത്താണ്, ലോറി വന്നത് കണ്ടില്ല.മനസ്സില്‍ മാധവന്‍റെ വാക്കുകളായിരുന്നു:
"നമ്മടെ സത്യന്‍...."
ആ അര്‍ദ്ധവിരാമത്തിനു അവന്‍ തൊട്ട് മുമ്പ് പറഞ്ഞ എല്ലാ വാചകത്തിനും അതിന്‍റെതായ സീരിയസ്സ് നല്‍കാന്‍ കഴിവുണ്ടായിരുന്നു.ഒരു തുടര്‍ച്ച എന്നോണം അവന്‍ പറഞ്ഞു:
"അടുത്ത ആഴ്ച എല്ലാവരും കൂടുന്നുണ്ട്, നീ വരണം, കഴിയുമെങ്കില്‍..."
മുഴുവിപ്പിക്കാന്‍ സമ്മതിച്ചില്ല, അതിനു മുമ്പേ ഞാന്‍ പറഞ്ഞു:
"വരും, ഉറപ്പായും വരും"

"നോക്കി ഓടിക്കണേ സാറേ"
കരിക്ക് വില്പനക്കരന്‍റെ ഉപദേശം.ലോറിയുടെ മുമ്പീന്ന് രക്ഷപെട്ടതിന്‍റെ ഞെട്ടല്‍ മാറിയില്ല.ആലിനു സമീപം വില്‍ക്കാനായി കൂട്ടിയിട്ട കരിക്കീന്ന് ഒന്ന് വാങ്ങി കുടിച്ചപ്പോ ക്ഷീണം മാറി.തിരികെ കാറിലേക്ക് നടക്കവെയാണ്‌ ആ വിലപ്പെട്ട ഉപദേശം എനിക്ക് കിട്ടിയത്.അയാളെ നോക്കി ഒന്ന് മന്ദഹസിച്ചിട്ട് ഞാന്‍ കാര്‍ ലക്ഷ്യമാക്കി നടന്നു.
ലോക്ക് ചെയ്തില്ലെന്ന് ഉള്‍ക്കിടിലത്തോടെയാണ്‌ മനസിലാക്കിയത്.വെപ്രാളത്തില്‍ ഫ്രണ്ട് സീറ്റില്‍ ഇരിക്കുന്ന ബാഗ് തുറന്ന് നോക്കി.
ഭാഗ്യം, ഒന്നും നഷ്ടപ്പെട്ടില്ല!!
വീണ്ടും കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ എന്‍റെ മുന്നില്‍ മാധവന്‍റെയോ സത്യന്‍റെയോ മുഖം ഉണ്ടായിരുന്നില്ല.പകരം ഓര്‍മ്മയില്‍ ഒരു മുഖം മാത്രം.
അത് അവളുടെ മുഖമായിരുന്നു...
ഇന്ദുവിന്‍റെ.

പത്താം ക്ലാസ്സ് വരെ ആ സ്ക്കൂളായിരുന്നു എന്‍റെ ലോകം, അടുത്ത കൂട്ടുകാരന്‍ മാധവനും.ശത്രു ഒരാള്‍ മാത്രം, സത്യന്‍.അത് ശത്രുതയാണോ അതോ സ്ക്കൂള്‍ ടോപ്പറായ ഒരുത്തനോടുള്ള ലാസ്റ്റ് ബഞ്ചുകാരന്‍റെ അസൂയയാണോ?
ശത്രുത തന്നെ!!
കാരണം അവള്‍, ഇന്ദു.
എട്ടാം ക്ലാസ്സിലെ കലോല്‍സവത്തിനാണ്‌ ആദ്യമായി ഇന്ദുവിനെ കണ്ടത്, അവള്‍ ആ പദ്യം പാടുന്നത് കേട്ടത്...

"ഒരു വട്ടം കൂടി ആ പഴയ വിദ്യാലയ
തിരുമുറ്റത്തെത്തുവാന്‍ മോഹം...."

"അവളും പഠിക്കുന്നതാ, സത്യനും പഠിക്കുന്നതാ, അപ്പോ അവരല്ലേ കൂട്ടുകാര്?"
മാധവന്‍ ചോദിച്ചപ്പോള്‍ അറിയാതെ പല്ലിറുമ്മി, എന്നിട്ട് പിറുപിറുത്തു:
"ആ കൂട്ടുകെട്ട് ഞാന്‍ പൊളിക്കും"
പക്ഷേ ഒന്നും സംഭവിച്ചില്ല, അച്ഛനു സ്ഥലം മാറ്റം വന്നതോടെ ആ നാട്ടില്‍ നിന്നേ ഞാന്‍ അകന്നു.ജീവിതം എന്നെ ഒരു ബിസനസ്സുകാരനാക്കി, കാലം കോടീശ്വരനുമാക്കി.

സ്ക്കൂള്‍ മുറ്റത്ത് കാറ്‌ കൊണ്ട് നിര്‍ത്തിയപ്പോ ഒരു കാര്യം ഉറപ്പായി, ചടങ്ങ് തുടങ്ങിയിരിക്കുന്നു.ഒരു ഹാളിന്‍റെ മുന്നില്‍ നിന്ന യുവാവ് എന്‍റെ അരികിലേക്ക് അതിവേഗം നടന്ന് വന്നു, കുറച്ച് സമയമെടുത്തു അത് മാധവനാണെന്ന് മനസിലാക്കാന്‍.
"സേതു..."
കരച്ചിലിന്‍റെ വക്കോളമെത്തിയ ആ വിളിയോടെ അവനെന്നെ കെട്ടിപ്പിടിച്ചു.
പിന്നീട് ഞങ്ങള്‍ ഹാള്‌ ലക്ഷ്യമാക്കി നടന്നു.
ചടങ്ങുകള്‍ കഴിഞ്ഞിരിക്കുന്നു, ഒരോരുത്തരായിട്ട് സ്റ്റേജിലേക്ക് കയറുന്നുണ്ട്.പഴയ കരുണാകരന്‍ മാഷ് സ്റ്റേജിലുണ്ട്, പ്രായമായിരിക്കുന്നു.അദ്ദേഹമാണ്‌ അനൌണ്‍സ്സ് ചെയ്യുന്നത്.
"സാറ്‌ പെന്‍ഷനായി, ഇന്നത്തേക്ക് വിളിച്ചോണ്ട് വന്നതാ" മാധവന്‍റെ വാക്കുകള്‍.
സാറിന്‍റെ അനൌണ്‍സ്സ്മെന്‍റ്‌ ഞാന്‍ ശ്രദ്ധിച്ചു..
"മാണിക്യന്‍ പത്ത്"
"സുമലത ഇരുപത്തഞ്ച്"
ലാസ്റ്റ് ബെഞ്ച് സ്റ്റുഡന്‍റെന്ന് എന്നെ കളിയാക്കിയ സ്ക്കൂള്‍, ഒരിക്കലും ഞാന്‍ നന്നാവില്ലെന്ന് കളിയാക്കിയ കരുണാകരന്‍ മാഷ്, ഇവിടെ എന്‍റെ വിജയമാണ്.ആ വിജയം കാണാന്‍ അവള്‍ കൂടി വേണം, ഞാന്‍ ചുറ്റും നോക്കി.
"നീ ആരെയാ നോക്കുന്നത്?"
മാധവന്‍റെ ചോദ്യത്തിനു ദൃഡമായി ഞാന്‍ പറഞ്ഞു:
"ഇന്ദു"
അവള്‍ വരില്ല"
അവന്‍റെ സ്വരത്തിനു ഒരു പ്രത്യേക ശാന്തത ഉണ്ടായിരുന്നു.രൂക്ഷമായിട്ട് അവനെ ഒന്ന് നോക്കിയട്ട് ഞാന്‍ സ്റ്റേജിലേക്ക് കയറി.എന്നെ കണ്ടിട്ട് ആരുടെയും മുഖത്ത് ഒരു പ്രതീക്ഷയില്ല.അവരൊക്കെ ഒന്നിച്ച് കളിച്ച് വളര്‍ന്നവര്‍, ഞാന്‍ അങ്ങനെയല്ലല്ലോ, ഇടക്ക് വച്ച് ഇട്ടിട്ട് പോയവനല്ലേ?
പ്രതീക്ഷിക്കുന്നതിനും ഒരു അളവില്ലേ?
ആരെന്ന് മനസിലാകാതെ മാഷ് അമ്പരന്ന് നോക്കി.
"സേതുവാണ്‌ സാര്‍"
മാഷിനു മനസിലായോന്ന് അന്വേഷിക്കാന്‍ നിന്നില്ല, കയ്യിലിരുന്ന ബാഗ് സാറിനു നേരെ നീട്ടി, തുറന്ന് നോക്കിയ സാറിന്‍റെ കണ്ണൊന്ന് തിളങ്ങി, അദ്ദേഹം ചോദിച്ചു:
"ഇത് എത്ര?"
"രണ്ടര" എന്‍റെ മറുപടി.
വിശ്വാസം വരാതെ സാര്‍ എടുത്ത് ചോദിച്ചു:
"രണ്ടര ലക്ഷമോ?"
അതേന്ന് ഞാന്‍ തലയാട്ടി, ഞാന്‍ എത്രത്തോളം വളര്‍ന്നെന്ന് അറിയാതെ പോയതിന്‍റെ അമ്പരപ്പ് ഇപ്പോ മാധവന്‍റെ മുഖത്തും കാണാം.അവന്‍ തന്നെയാണ്‌ ആദ്യം കൈയ്യടിച്ച് തുടങ്ങിയതെന്ന് തോന്നുന്നു, പിന്നെ പിന്നെ എല്ലാവരും കൈയ്യടിച്ചു.കരഘോഷത്താല്‍ മുഴങ്ങിയ ആ ഹാളില്‍ ഒരു നിമിഷം ഞാനൊന്ന് തല ഉയര്‍ത്തി നിന്നു, പിന്നെ പതിയെ പുറത്തേക്ക് ഇറങ്ങി..

"അഞ്ച് ലക്ഷവും തികഞ്ഞു, താങ്ക്സ്സ് മച്ചാ, താങ്ക്സ്സ്"
മാധവനു സന്തോഷം അടക്കാന്‍ പറ്റുന്നില്ല.അവന്‍ വാ തോരാതെ സംസാരിച്ചു:
"ഞെട്ടിയില്ലേ, എല്ലാരും ഞെട്ടിയില്ലേ? നീ..നീ കലക്കി അളിയാ...രണ്ടര ലക്ഷം"
എന്‍റെ നോട്ടം കണ്ടാകാം അവന്‍ നിര്‍ത്തി, അപ്പോ ഞാന്‍ പറഞ്ഞു:
"അത് കാണാന്‍ അവള്‍ കൂടി വേണ്ടതായിരുന്നു, സത്യന്‍റെ ബെസ്റ്റ് ഫ്രണ്ട്, ഇന്ദു"
അത് കേട്ട് മാധവന്‍ പുഞ്ചത്തിലൊന്ന് ചിരിച്ചു, എന്നിട്ട് പറഞ്ഞു:
"അവള്‍ വരില്ലളിയാ.അച്ഛന്‍ മരിച്ചതോടെ അവള്‌ പഠിപ്പ് നിര്‍ത്തി, സത്യന്‍റെ കൂടുള്ള പ്രണയത്തിനു പിന്നെ നിലനില്‍പ്പില്ലാതായി.അവസാനം അവടെ അപ്പച്ചിയുടെ മോന്‍ കെട്ടി, അവനു കൂലിപണിയാ.ആ ജീവിതം അങ്ങനെയായി"
ഒന്ന് നിര്‍ത്തിയട്ട് പഴയതിന്‍റെ ബാക്കി എന്ന പോലെ അവന്‍ അലറി പറഞ്ഞു:
"എന്നാലും രണ്ടര ലക്ഷം, നീ കലക്കിയെടാ....!!!"

"രണ്ടര ലക്ഷമോ, എന്തിനാ അത്രേം?"
ഭാര്യയുടെ ചോദ്യത്തില്‍ ന്യായമുണ്ട്.പക്ഷേ മനസില്‍ മാധവന്‍റെ ഫോണ്‍ കോള്‍ മാത്രം...
"സേതു, എല്ലാവരും വരുന്നുണ്ട്.പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മാത്രമല്ല, ഒരു ചെറിയ പിരിവും പ്ലാനിലുണ്ട്, അത് നമ്മടെ സത്യനു വേണ്ടിയാ"
"എന്ത് പറ്റി?" പഴയ ശത്രുവിന്‍റെ ഇപ്പോഴത്തെ അവസ്ഥ അറിയാനുള്ള ആകാംക്ഷ.
വൃക്ക തകരാറിലായതാണത്രേ.ആദ്യം ഒന്നിനായിരുന്നു, ഇപ്പോ രണ്ടും പോയി.ഒന്നിടവിട്ട് ഡയാലിസിസ്സ് നടത്തുന്നുണ്ട്.ചെറിയ ജോലി ഉണ്ടായിരുന്നത് പോയി, വീട്ടിലെ കാര്യവും കഷ്ടം തന്നെ.ഇപ്പോ വൃക്ക മാറ്റി വയ്ക്കാന്‍ ഒരു അവസരം വന്നിരിക്കുന്നു, അഞ്ച് ലക്ഷം രൂപയോളം ചിലവാകും.നാട്ടില്‍ എന്നും പരസ്പരം ബന്ധപ്പെട്ടിരുന്ന കൂട്ടുകാര്‍ ആ ചിലവ് ഏല്‍ക്കാനുള്ള ഒരുക്കത്തിലാണ്.
വിശദീകരണം തുടരവേ അവന്‍ പറഞ്ഞു:
"നിന്നാലാവുന്ന സഹായവും ചെയ്യണം, നമ്മടെ സത്യന്‍...."
ആ അര്‍ദ്ധവിരാമത്തിനു അവന്‍ തൊട്ട് മുമ്പ് പറഞ്ഞ എല്ലാ വാചകത്തിനും അതിന്‍റെതായ സീരിയസ്സ് നല്‍കാന്‍ കഴിവുണ്ടായിരുന്നു.ഒരു തുടര്‍ച്ച എന്നോണം അവന്‍ പറഞ്ഞു:
"അടുത്ത ആഴ്ച എല്ലാവരും കൂടുന്നുണ്ട്, നീ വരണം, കഴിയുമെങ്കില്‍..."
വരാം എന്ന് ഉറപ്പ് കൊടുക്കുമ്പോഴെ ഒന്ന് മനസില്‍ ഉറപ്പിച്ചു, കഴിയുന്ന സഹായം ചെയ്യണം.അഞ്ച് ലക്ഷം രൂപ ഇന്ന് തനിക്ക് നിസ്സാരമാണ്, എന്നാല്‍ അത്രയും കൊടുക്കാന്‍ ഭാര്യ സമ്മതിക്കുന്നില്ല.ഒടുവില്‍ രണ്ടര ലക്ഷം കൊടുക്കാമെന്ന് ഉറപ്പിച്ചു.
"രണ്ടര ലക്ഷമോ, എന്തിനാ അത്രേം?" അവളുടെ ചോദ്യം.
കേട്ടില്ലെന്ന് നടിച്ചു.

"വളര്‍ത്തി വിടുന്ന ഒരോ കുട്ടികളെയും പറ്റി ഞങ്ങള്‍ അഭിപ്രായം പറയാറുണ്ട്, അവന്‍ ഡോക്ടറാകും, അവള്‍ എഞ്ചിനിയറാവും...."
കരുണാകരന്‍ മാഷ് ഒന്നു നിശബ്ദമായി, കണ്ണട ഊരി കണ്ണുകള്‍ തുടച്ചു, എന്നിട്ട് തുടര്‍ന്നു:
"അതൊക്കെ തീരുമാനിക്കാന്‍ ഞങ്ങളാരാ, മുകളില്‍ ഇരിക്കുന്ന ആളിനെല്ലേ പറ്റു"
ഞാന്‍ ഒന്നും മിണ്ടിയില്ല, എന്നെ ഒന്ന് നോക്കിയിട്ട് അദ്ദേഹം പറഞ്ഞു:
"മോനു ഈശ്വരന്‍ എല്ലാ സൌഭാഗ്യങ്ങളും നല്‍കട്ടെ"
അത് കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് സാറിന്‍റെ പഴയ വാചകമാണ്....
"ഇങ്ങനെ പോയാ നീയൊക്കെ തെണ്ടി നടക്കുന്നതും ഞാന്‍ കാണേണ്ടി വരും"
കാലത്തിനനുസരിച്ച് വാചകങ്ങള്‍ മാറ്റേണ്ടി വരുന്നു, എല്ലാം മുകളിലിരിക്കുന്ന ആളിന്‍റെ കളികള്‍.
"എല്ലാവരും കൂടി ഹോസ്പിറ്റിലിലേക്ക് പോകുവാ, സത്യനെ കാണണം, പിന്നെ ഈ പണവും കൊടുക്കണം, നീ വരുന്നോ?"
"ഇല്ല, എനിക്ക് അങ്ങനെ കാണണ്ട"
മറുപടി ഇങ്ങനെ ഒതുക്കി ഞാന്‍ സ്ക്കൂളിലൂടെ ഒന്ന് കറങ്ങി...

ഓടി നടന്ന വരാന്തകള്‍, സുമതി ടീച്ചറും നടരാജന്‍ മാഷും കരുണാകരന്‍ മാഷുമെല്ലാം ക്ലാസെടുത്ത ക്ലാസ്സ് റൂമുകള്‍, പച്ചവെള്ളം കോരി കുടിച്ച കിണര്‍...
ഓര്‍മ്മകളുടെ വേലിയേറ്റം.
ചടങ്ങ് നടന്ന ഹാളിനു പിന്നിലൊരു രൂപം, ആരാദ്?
മനസിലൊരു കൊള്ളിയാന്‍, മുഷിഞ്ഞ സാരിയും ധരിച്ച് നില്‍ക്കുന്നത് ഇന്ദുവല്ലേ?
അതേ, അത് ഇന്ദു തന്നെ!!
"ഇന്ദു..."
ഞെട്ടലോടെയാണ്‌ അവള്‍ തല തിരിച്ചത്.
"ഞാനാ സേതു"
"സേതു..."
ആ കണ്ണൊന്നു തിളങ്ങി, പിന്നെ എന്തോ ഓര്‍മ്മയില്‍ അത് നിറഞ്ഞു.കയ്യിലിരുന്ന കുറേ നോട്ടുകള്‍ നീട്ടി അവള്‍ ചോദിച്ചു:
"രണ്ടായിരം രൂപയുണ്ട്, ഇതൂടെ കൊടുക്കുമോ സത്യനു വേണ്ടി"
എന്ത് പറയണമെന്ന് അറിയാതെ നിന്നപ്പോള്‍ അവള്‍ തുടര്‍ന്നു:
"സുമലത പറഞ്ഞാ എല്ലാം അറിഞ്ഞത്, ചേട്ടനു ഇപ്പോ പണിയൊന്നുമില്ല, ആകെ കൂടി ഇത്രേ തരാനുള്ളു"
"തനിക്ക് കൊടുത്തു കൂടെ?" ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു.
വേണ്ടെന്ന് അവള്‍ തലയാട്ടി, എന്നിട്ട് പറഞ്ഞു:
"വല്യ വല്യ സംഖ്യകള്‍ക്ക് ഇടയില്‍ എങ്ങനാ ഇത് കൊടുക്കുക?"
പ്രതീക്ഷയോടെ എന്നെ നോക്കി അവള്‍ ചോദിച്ചു:
"ഇതൂടെ കൊടുക്കുമോ?"

പണവുമായി ഓടി ചെന്നപ്പോഴേക്കും എല്ലാവരും വണ്ടിയില്‍ കയറിയിരുന്നു.മുഷിഞ്ഞ നോട്ടുകള്‍ നീട്ടി ഞാന്‍ പറഞ്ഞു:
"ഒരു രണ്ടായിരം രൂപ കൂടിയുണ്ട്"
എല്ലാവരും പരസ്പരം നോക്കി, ഒടുവില്‍ മാധവന്‍ പറഞ്ഞു:
"അഞ്ച് ലക്ഷം രൂപ കിട്ടിയിട്ടുണ്ടടാ, അത് മതി"
"ഹാ, അതിന്‍റെ കൂടെ ഇതൂടെ വച്ചോ"
"അത് രണ്ടായിരമല്ലേ ഉള്ളു...." സുമലതയാണ്‌ ചോദിച്ചത്.
ഒപ്പം പിന്നില്‍ നിന്ന് മായയുടെ ശബ്ദം:
"അഞ്ചുലക്ഷമെന്നൊരു റൌണ്ടഡ് ഫിഗറ്‌ കൊടുക്കുന്നതാ അതിന്‍റെ ഒരു സ്റ്റാറ്റസ്സ്"
എല്ലാവരുടെയും മുഖത്ത് സമ്മതഭാവം, ഇന്ദുവിന്‍റെ നിഷ്കളങ്കമായ മുഖം ഓര്‍മ്മയിലെത്തി.വളയോ മാലയോ വിറ്റോ പണയം വച്ചോ ആയിരിക്കണം ആ പാവം ഈ പണവുമായി വന്നത്.മനുഷ്യന്‍റെ മാറ്റം അപാരം തന്നെ.
ഒന്ന് ആലോചിച്ചിട്ട് ഞാന്‍ പറഞ്ഞു:
"അങ്ങനാണെങ്കില്‍ ഞാന്‍ തന്ന രണ്ടര ലക്ഷത്തില്‍ നിന്ന് രണ്ടായിരം തിരികെ തന്നേരെ, എന്നിട്ട് പകരം ഇത് അവിടെ വച്ചോ"

അങ്ങനെ ആ രണ്ടായിരം രൂപയും വാങ്ങി അഞ്ച് ലക്ഷം എന്ന റൌണ്ടഡ് ഫിഗറുമായി ആ വണ്ടി യാത്രയായി, പിന്നാലെ ഹാളിന്‍റെ മറവില്‍ നിന്ന് പുറത്ത് വന്ന ഇന്ദുവും എന്നോട് യാത്ര പറഞ്ഞു.
ആ നല്ല മനസ്സിന്‍റെ ഉടമ നടന്ന് നീങ്ങിയപ്പോള്‍ അവള്‍ പാടിയ പദ്യം ആ അങ്കണത്തില്‍ അലയടിക്കുന്ന പോലെ...

"ഒരു വട്ടം കൂടി ആ പഴയ വിദ്യാലയ
തിരുമുറ്റത്തെത്തുവാന്‍ മോഹം...."

സ്ക്കൂള്‍ ഗേറ്റിനു സമീപമെത്തിയ ഇന്ദു ഒരിക്കല്‍ കൂടി തിരിഞ്ഞ് നോക്കി.കണ്ണുനീര്‍ കാഴ്ചയെ മറക്കുന്നു.രണ്ടര ലക്ഷവുമായി വന്ന എനിക്കും രണ്ടായിരവുമായി വന്ന ഇന്ദുവിനും മദ്ധ്യേ അതൊരു മറ തീര്‍ത്തു, അവള്‍ ഗേറ്റ് കടന്ന് പോയത് ഞാന്‍ കണ്ടില്ല, ആളൊഴിഞ്ഞ അങ്കണത്തില്‍ ഞാന്‍ മാത്രമായി, ഒരുപാട് മോഹങ്ങള്‍ ജനിപ്പിച്ച അങ്കണാവും ഞാനും മാത്രം.അങ്ങനെ മോഹിച്ച ഒരു പെണ്‍കുട്ടിയുടെ ജീവിതം അവള്‍ പാടിയ പദ്യത്തിലുണ്ടായിരുന്നു....

"വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കാന്‍ മോഹം"

ഇന്ദു, നിനക്ക് നന്മകള്‍ നേരുന്നു, ഒപ്പം സത്യനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
ജീവിതം തുടരുന്നു...


ജിതേന്ദ്രന്‍ വിട വാങ്ങുന്നു..



ജോലിത്തിരക്കില്‍ മുഴുകിയിരിക്കെയാണ്‌ ഞെട്ടിക്കുന്ന ആ വാര്‍ത്ത കേട്ടത്, ജിതേന്ദ്രന്‍ സാറ്‌ പെന്‍ഷനാവുവാണത്രേ, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സ്വയം പിരിഞ്ഞ് പോകാന്‍ തീരുമാനിച്ചിരിക്കുന്നു.
സാറിന്‍റെ ഭാഗത്തും ന്യായമുണ്ട്...
പ്രായം ഏറി വരുന്നു, പണ്ടത്തെ പോലെ ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റണില്യ, മാത്രമല്ല മൂത്ത മോള്‌ പ്രസവം കഴിഞ്ഞ് ഇംഗ്ലണ്ടില്‍ വിശ്രമിക്കാന്‍ തുടങ്ങിയട്ട് മാസം രണ്ടായി.വിഷമത്തോടെയാണെങ്കിലും ഞങ്ങള്‍ സമ്മതിച്ചു, സാറ്‌ പോയ്ക്കോ!!!
പറയുമ്പോ മനസ്സില്‍ വിഷമമാണോ അതോ സന്തോഷമോ??
ആള്‌ കോളിറ്റി ടീമിന്‍റെ മാനേജരാ, പോയ്ക്കോട്ടേ, ഇനി പുതിയ ആള്‌ വരുന്ന വരെ ഇച്ഛിരി കോളിറ്റി കുറയുമായിരിക്കും, സാരമില്ല.ഇങ്ങനെ കരുതിയിരിക്കെയാണ്‌ യുവകോമളന്‍മാരുടെ മനസ്സില്‍ കുളിര്‌ കോരിയിടുന്ന ഒരു വാര്‍ത്ത ഞങ്ങളുടെ പ്രോജക്റ്റ് മാനേജരായ സൊബാസ്റ്റ്യന്‍ സാറ്‌ പറഞ്ഞത്:
"പകരം ആള്‌ വരുന്നുണ്ട്, പേര്‌ സുനന്ദ, കാശ്മീരീന്നാ"

സുനന്ദ!!!
അതും കാശ്മീരീന്ന്.
അവിടുത്തെ പെമ്പിള്ളാരൊക്കെ ആപ്പിള്‌ പോലെന്നാ കേട്ടിട്ടുള്ളത്.തള്ളേ, ഇനി ഫുള്‍ കോളിറ്റി ആയിരിക്കും, എനിക്ക് വയ്യ!!!
'ഏയ് ഓട്ടോ' സിനിമയിലെ 'സുധീ...മീനുക്കുട്ടി...' വിളികള്‍ മനസില്‍ അലയടിച്ചു...
"സുനന്ദാ....."
"മനൂ....."
അറിയാതെ ആ പാട്ട് മൂളി പോയി...
"എ..ഇ..ഐ...ഒ...യു...
ലൂപ്പുകള്‍ ചൊല്ലി പഠിച്ചും ചൊല്ലി കൊടുത്തും ഞാനുമൊരാളാകും
സോഫ്റ്റ് വെയര്‍ ടെക്കീന്ന് പേരാകും....
എ..ഇ..ഐ...ഒ...യു..."
"സുനന്ദാ....!!!!"
"മനൂ....!!!"
സുന്ദരമായ ആ ഓര്‍മ്മകളില്‍ അറിയാതെ ഞാനൊന്ന് പുഞ്ചിരിച്ചു, എന്‍റെ അപ്പുറത്തിരുന്ന മനോജും പുഞ്ചിരിച്ചു, പിന്നെ ടീമിലെ പല അവന്‍മാരും പുഞ്ചിരിച്ചു.
ഞങ്ങള്‍ പരസ്പരം നോക്കി.
പുതിയ കോളിറ്റി മാനേജര്‍....
സുനന്ദ!!!
പേരിനു തന്നെ ഒരു കോളിറ്റി ഉണ്ടളിയാ!!!
പക്ഷേ പിറ്റേന്ന് ആളെ കണ്ടപ്പോ ഞങ്ങളൊക്കെ ഞെട്ടി...
സംഭവം പെണ്ണല്ല, ആണാണ്.
സുനന്ദ ഭട്ടാചാര്യ!!!
മ്മടെ ലാലേട്ടന്‍റെ 'ബാബാ കല്യാണി' പോലൊരു സാധനം.
എന്‍റെ പിന്നിലിരുന്ന ഇന്ദു ഒന്ന് ചിരിച്ചു, പിന്നെ സന്ധ്യ ചിരിച്ചു, തുടര്‍ന്ന് ടീമിലുള്ള പല അവളുമാരും ചിരിച്ചു.
ഞങ്ങളെ ആക്കിയതാ!!!

"മനു, ജിതേന്ദ്രന്‍ സാര്‍ പോകുന്നതിനും, സുനന്ദ വരുന്നതിനുമായി ഒരു ടീം ലഞ്ച് അറേഞ്ച് ചെയ്യണം"
സൊബാസ്റ്റ്യന്‍ സാറിന്‍റെ അപേക്ഷ.
ടീമുമായി കൂടി ആലോചിച്ചു, എല്ലാവര്‍ക്കും നൂറ്‌ വട്ടം സമ്മതം.
പല പല അഭിപ്രായങ്ങള്‍...
"ബുഫേ മതി"
"വലിയ ഏതേലും ഹോട്ടലില്‍ പോണം"
"ഡെസര്‍ട്ട് വേണം"
ആഹാരത്തെ പറ്റി ഒരു തീരുമാനമായി!!
പക്ഷേ ടീം തന്നെ കാശ്‌ പിരിക്കണമെന്ന് പറഞ്ഞപ്പോള്‍ ഇത്ര ആവേശമില്ലായിരുന്നു.
അവിടെയും അഭിപ്രായങ്ങള്‍...
"മാക്സിമം തലക്ക് അഞ്ഞൂറ്‌ രൂപ"
"അഞ്ഞൂറോ എന്നാത്തിനാ, മുന്നൂറ്‌ മതി"
"ഹേയ്, അത്രയുമൊന്നും വേണ്ടന്നേ, പത്തോ നൂറോ രൂപയുടെ ഐറ്റംസ്സ് മതി"
ഇതെല്ലാം കേട്ടപ്പോള്‍ എനിക്ക് നാടോടി കാറ്റിലെ ലാലേട്ടന്‍റെ ഡയലോഗാണ്‌ ഓര്‍മ്മ വന്നത്:
"രണ്ട് റൂം വിത്ത് ബാത്ത് റൂം അറ്റാച്ച്ഡ്, പിന്നെ വലിയ ഹാള്, കിച്ചന്‍....അത് വേണം, അതുപോലെ കാറിടാന്‍ സൌകര്യം വേണം, വേണമെങ്കില്‍ പൂന്തോട്ടം ആവാം, എല്ലാം കൂടി ഒരു അമ്പത് അമ്പത്തഞ്ച് രൂപക്ക് നിക്കണം"
"മനു എന്ത് പറയുന്നു?" സൊബാസ്റ്റ്യന്‍ സാറിന്‍റെ ചോദ്യം.
തല കുലുക്കി കൊണ്ട് ഞാന്‍ പറഞ്ഞു:
"ശരിയാക്കി തരാം"

ദൂരെയെങ്ങും പോയില്ല, തൊട്ടടിത്തുള്ള ഗസ്റ്റ് ഹൌസിലെ ക്യാന്‍റീനില്‍ ഓര്‍ഡര്‍ കൊടുത്തു.മുപ്പത് പേരെങ്കിലും കാണുമെന്ന് പറഞ്ഞിട്ട് ഞാന്‍ സൂചിപ്പിച്ചു:
"എല്ലാം ഐറ്റവും വേണം എന്നാ ഒന്ന് അഡ്ജസ്റ്റ് ചെയ്തേരെ"
തലക്ക് നൂറ്റമ്പത് രൂപ എന്ന മുഖവുരയോടെ അവള്‍ ഐറ്റംസ്സ് അവതരിപ്പിച്ചു.
ആ മെനു ഇങ്ങനെയായിരുന്നു...
1. വെല്‍ക്കം ഡ്രിങ്ക് [ചിലവ് ചുരുക്കലിന്‍റെ ഭാഗമായി നാരങ്ങാ വെള്ളം]
2. ചപ്പാത്തി വിത്ത് കറി
3. ലെമണ്‍-റൈസ്സ്
4. ചിക്കന്‍ / ഗോപി മഞ്ചൂരി
5. അച്ചാറ്, പപ്പടം, വെള്ളം
6. ലാസ്റ്റ് ഒരോ ഐസ്ക്രീമും [ചിലവ് ചുരുക്കലിന്‍റെ ഭാഗമായി ജംഗ്ഷനില്‍ നിന്ന് അഞ്ച് രൂപയുടെ ഐസ്ക്രീം വരുത്തിക്കും]
വിവരമറിഞ്ഞ ടീം അംഗങ്ങള്‍ ഒന്നിച്ച് പറഞ്ഞു:
"ബലഭേഷ്!!!"
ഞാനൊരു സംഭവം തന്നെ!!!

സംഭവ ദിവസം..
നടന്ന് പോകാനുള്ള ദൂരമേ ഉള്ളു.സൊബാസ്റ്റ്യന്‍ സാര്‍ വൃത്തിയും പ്രോസസ്സുമൊക്കെ നോക്കുന്ന ആളാ, അതു കൊണ്ട് തന്നെ എല്ലാവരും വരിവരിയായി പോകണമെന്ന് വല്ലോം പറയുമോന്ന് ഒരു പേടി ഉണ്ടായിരുന്നു, പക്ഷേ പേടിച്ച പോലെ സംഭവിച്ചില്ല.തള്ളക്കോഴിക്ക് പിന്നാലെ കോഴി കുഞ്ഞുങ്ങള്‍ പോകുന്ന പോലെ സാറ്‌ മുമ്പിലും ഞങ്ങള്‍ പിറകിലുമായി ക്യാന്‍റീനിലേക്ക് നടന്നു.ഞങ്ങളെന്ന് പറഞ്ഞാല്‍ ഫുള്‍ ടീം, എച്ച്.ആര്‍, ജിതേന്ദ്രന്‍ സാര്‍, പിന്നെ ഹിന്ദിയും ഇംഗ്ലീഷും മാത്രം പറയുന്ന സുനന്ദ ഭട്ടാചാര്യയും.
ചെന്നപാടെ ക്യാന്‍റ്റീന്‍കാരു ഞങ്ങളെ സ്വീകരിച്ച് അകത്തേക്ക് കൊണ്ട് പോയി.ഹാളിന്‍റെ നടുക്ക് ടേബിളുകള്‍ അടുപ്പിച്ചിട്ടത് കണ്ടപ്പോ ചുണ്ടന്‍ വള്ളമാ ഓര്‍മ്മ വന്നത്.അതിനു ഇരുവശവും കസേരയിട്ട് ഞങ്ങളെ അതില്‍ പ്രതിഷ്ഠിച്ചു.
അങ്ങനെ ആ പാര്‍ട്ടി ആരംഭിച്ചു...

ആദ്യ പരിപാടി ജിതേന്ദ്രന്‍ സാറിനെ കുറിച്ച് എല്ലാവരും രണ്ട് വാക്ക് പറയുക എന്നതായിരുന്നു.
"നിങ്ങള്‍ക്ക് എന്തും പറയാം" സാറിന്‍റെ ആഹ്വാനം.
ശരിക്കും പറയാനുള്ളത് മൊത്തം പറഞ്ഞാല്‍ സാറ്‌ പിന്നെ ആഹാരം കഴിച്ചില്ലെങ്കിലോന്ന് കരുതി 'നല്ല വാക്ക്' മാത്രമേ പറയാവെന്ന് ഞാന്‍ കണ്ണ്‌ കൊണ്ട് ആംഗ്യം കാട്ടി, എന്നിട്ട് ഒരു തുടക്കവുമിട്ടു:
"ജിതേന്ദ്രന്‍ സാര്‍, സാറൊരു സംഭവമാണ്"
തൊട്ട് പുറകിനു മനോജ് പറഞ്ഞു:
"സാര്‍ ഒരു സംഭവമല്ല, ഒരു ഒന്ന് ഒന്നര സംഭവമാണ്"
തുടര്‍ന്ന് എല്ലാവരും ഒരു 'അര സംഭവം' വീതം കൂട്ടി കൊണ്ടിരുന്നു.അങ്ങനെ ഇരുപത്തിയഞ്ച് പേര്‌ അഭിപ്രായം പറഞ്ഞതോടെ സാറ്‌ പന്ത്രണ്ടര സംഭവമായി.
എച്ച്.ആര്‍ മാത്രം വ്യത്യസ്തമായി സംസാരിച്ചു:
"സാറിനോട് ടീമിനുള്ള സ്നേഹം, അതാണ്‌ സാര്‍ ഇപ്പോ ആഹാരമായി തരാന്‍ പോകുന്നത്"
അത് കേട്ടതും ടീം മൊത്തം കൈയ്യടിച്ചു...
ഞങ്ങളുടെ സ്നേഹം, അതാണ്‌ സാര്‍ ഈ പാര്‍ട്ടി!!!
ഇതെല്ലാം കേട്ടതും സാറ്‌ ഗദ്ഗദകണ്ഠനായി:
"മറക്കില്ല, ഞാന്‍ ഒരിക്കലും"
അതൊരു അറം പറ്റിയ വാചകമായിരുന്നു!!!

"ലെറ്റസ്സ് സ്റ്റാര്‍ട്ട്"
സൊബാസ്റ്റ്യന്‍ സാറിന്‍റെ വാചകം കേട്ടതും ഞാനൊന്ന് ഞെട്ടി.മുന്നില്‍ പ്ലേറ്റും ഗ്ലാസ്സും മാത്രമേ ഉള്ളു, ഇതുവരെ ആഹാരമൊന്നും വന്നില്ല, പിന്നെ എന്നാ കോപ്പ് കണ്ടാണോ ആവോ ഇങ്ങേര്‌ സ്റ്റാര്‍ട്ട് പറയുന്നത്??
"യെസ്സ്, ലെറ്റസ്സ് സ്റ്റാര്‍ട്ട്" ജിതേന്ദ്രന്‍ സാറിന്‍റെ അനുമതി.
"ലെറ്റസ്സ് സ്റ്റാര്‍ട്ട്" താനായിട്ട് കുറക്കണ്ടാന്ന് വിചാരിച്ചാകാം സുനന്ദയും പറഞ്ഞു.
തുടര്‍ന്ന് എല്ലാ കണ്ണുകളും എന്‍റെ നേര്‍ക്ക്...
ഇനി അടുത്തത് ഞാനായിരിക്കും പറയേണ്ടത്, ഞാനും പറഞ്ഞു:
"ലെറ്റസ്സ് സ്റ്റാര്‍ട്ട്"
"വാട്ട്???!!!" സൊബാസ്റ്റ്യന്‍ സാറിനു അത്ഭുതം.
അതിനു എന്ത് മറുപടി പറയണമെന്ന് അറിയാതെ ആലോചിച്ച് ഇരുന്നപ്പോ മനോജ് ചെവിയില്‍ മന്ത്രിച്ചു:
"നീയല്ലിയോ ഓര്‍ഡര്‍ ചെയ്തത്, പോയി വെല്‍ക്കം ഡ്രിങ്ക് കൊണ്ട് വരാന്‍ പറയടാ"
അത് കേട്ടതും ഞാന്‍ കിച്ചണിലേക്ക് ഓടി, കൂടെ മനോജും.

"വെല്‍ക്കം ഡ്രിങ്ക് എന്തിയേ?"
എന്‍റെ ചോദ്യം കേട്ടതും ആ പെണ്‍കുട്ടി ഒന്ന് പരുങ്ങി, എന്നിട്ട് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:
"സാര്‍, നാരങ്ങ എത്തിയതേ ഉള്ളു, പ്രിപ്പയര്‍ ചെയ്യാന്‍ കുറച്ച് സമയം വേണം, ലാസ്റ്റ് കൊടുത്താല്‍ പോരേ?"
എന്ത് പറയണമെന്ന് അറിയാതെ അമ്പരന്ന് നിന്നപ്പോ മനോജ് ദയനീയമായി ചോദിച്ചു:
"വെല്‍ക്കം ഡ്രിങ്ക് എങ്ങനാ ലാസ്റ്റ് കൊടുക്കുന്നത്??"
"സാര്‍ ഒരു ചെറിയ അഡ്ജസ്റ്റ് മെന്‍റ്, പ്ലീസ്സ്" പെണ്‍കുട്ടി അപേക്ഷിക്കുന്നു.
ഞാനും മനോജും എന്ത് പറയണമെന്ന് അറിയാതെ അമ്പരന്ന് നില്‍ക്കേ സുനന്ദ അങ്ങോട്ട് വന്നു, തുടര്‍ന്ന് ചോദിച്ചു:
"ക്യാ ഹുവാ?"
ഹുവാ ഹുവാ...
നടന്നത് നടന്നു.
ഇനി പറഞ്ഞിട്ട് എന്ത് കാര്യം??
അല്ലെങ്കില്‍ തന്നെ വെല്‍ക്കം ഡ്രിങ്ക് അവസാനമേ കിട്ടുകയുള്ളന്ന് ഈ കാലമാടനോട് ഹിന്ദിയില്‍ എങ്ങനെ പറഞ്ഞ് കൊടുക്കാനാ?
"ടെല്‍ മീ ഇന്‍ ഇംഗ്ലീഷ്" വീണ്ടും സുനന്ദ.
അറിയാവുന്ന ഇംഗ്ലിഷില്‍ പറഞ്ഞ് ഒപ്പിച്ചു:
"സാര്‍, ദേ ആര്‍ റെഡി റ്റൂ സെര്‍വ്വ് വെല്‍ക്കം ഡ്രിങ്ക് അറ്റ് ലാസ്റ്റ് ഒള്ളി"
അത് സുനന്ദക്ക് ഒരു അത്ഭുതമായിരുന്നു, അങ്ങ് കാശ്മീരിലൊക്കെ വെല്‍ക്കം ഡ്രിങ്ക് ആദ്യം തന്നെ കൊടുക്കുമത്രേ.ചുമ്മാതല്ല പാകിസ്ഥാന്‍ കാശ്മീരിനെ ആക്രമിക്കുന്നത്, അവര്‍ക്ക് വെല്‍ക്കം ഡ്രിങ്ക് ആദ്യം കൊടുക്കുന്നവരെ കണ്ണെടുത്താല്‍ കണ്ടു കൂടാ.എന്‍റെ ഈ വിശദീകരണം കേട്ട് ആകണം, അടുത്ത പ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ ഗവണ്‍മെന്‍റിനോട് പറഞ്ഞ് വെല്‍ക്കം ഡ്രിങ്ക് അവസാനം കൊടുക്കുന്ന രീതിയില്‍ ഒരു റൂള്‍ കൊണ്ട് വരണമെന്ന വിചാരത്തില്‍ സുനന്ദ പിന്‍വാങ്ങി.
"ഒരു കുരിശ് ഒഴിഞ്ഞു, ഇനി ടീമിനോട് എന്ത് പറയും" മനോജിന്‍റെ ചോദ്യം.
അവന്‍റെ മുഖത്ത് ഒന്ന് നോക്കിയിട്ട് ഞാന്‍ പറഞ്ഞു:
"വഴിയുണ്ട്"

"നമ്മുടെ വെല്‍ക്കം ഡ്രിങ്ക് നാരങ്ങാ വെള്ളമാണ്, അതായത് സിട്രിക്ക് ആസിഡ്.നമുക്ക് എല്ലാം അറിയാവുന്നതാണ്‌ സിട്രിക്ക് ആസിഡ് ദഹനത്തിനു നല്ലതാണെന്ന്. സോ നമ്മുടെ വെല്‍ക്കം ഡ്രിങ്കായ സിട്രിക്ക് ആസിഡ് ആഹാരത്തിനു ശേഷം പോരേ?"
എന്‍റെ ചോദ്യം ജിതേന്ദ്രന്‍ സാറിനോടായിരുന്നു.സിട്രിക്ക് ആസിഡ് എന്ന് ആദ്യമായി കേള്‍ക്കുന്ന ആ മനുഷ്യന്‍ അമ്പരന്ന് എന്നെ ഒന്ന് നോക്കി, തുടര്‍ന്ന് ടീമിനെ ആകമാനം നോക്കി, എല്ലാവരുടെയും ശ്രദ്ധ തന്നിലേക്കാണെന്ന് മനസിലായപ്പോള്‍ മാനം രക്ഷിക്കാന്‍ വേണ്ടി അദ്ദേഹം പറഞ്ഞു:
"യെസ്സ്..യെസ്സ്..സിട്രിക്ക് ആസിഡ് ഈസ്സ് ഗുഡ് ഫോര്‍ ഡൈജഷന്‍.വെല്‍ക്കം ഡ്രിങ്ക് ലാസ്റ്റ് മതി"
മനോജിനെ ഒന്ന് നോക്കിയിട്ട് സമാധാനത്തോടെ ഞാന്‍ കസേരയിലേക്ക് ഇരുന്നു.
ആ പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ ടീമിനുള്ള ആഹാരം വിളമ്പി തുടങ്ങി...

"ഈ പപ്പടം ഭയങ്കര ചെറുതാണല്ലോ?"
സൊബാസ്റ്റ്യന്‍ സാറിന്‍റെ ചോദ്യം.
ശരിയാണ്‌, പ്ലേറ്റില്‍ വച്ചിരിക്കുന്ന പപ്പടം ഭയങ്കര ചെറുതാണ്.മാത്രമല്ല ചുട്ട ലക്ഷണമൊന്നുമില്ല, പച്ച പപ്പടം പോലിരിക്കുന്നു.ചോദ്യഭാവത്തില്‍ പെണ്‍കുട്ടിയെ നോക്കിയപ്പോള്‍ അവള്‍ പറഞ്ഞു:
"അത് ചപ്പാത്തിയാണ്‌ സാര്‍"
എന്‍റെ തലക്ക് അകത്ത് കൂടി ഒരു വിമാനം ഇരമ്പി പാഞ്ഞ് പോയി.ആറാം ഇന്ദ്രിയം അപകടം മണത്തു.ഇനി എന്നെ രക്ഷിക്കാന്‍ ദൈവത്തിനേ കഴിയും.
"ഇതെന്താ അച്ചാറിനു ഒരു എരിവ്?"
പ്ലേറ്റിനു സൈഡില്‍ ഇച്ഛിരി വിളമ്പിയിരിക്കുന്ന അച്ചാറില്‍ കൈ മുക്കി നാക്കില്‍ വച്ചിട്ടാണ്‌ മനോജ് ചോദിച്ചത്.ഒരിക്കല്‍ കൂടി ചോദ്യഭാവത്തില്‍ ഞാന്‍ ആ പെണ്‍കുട്ടിയെ നോക്കി, അവള്‍ മൊഴിഞ്ഞു:
"അച്ചാറല്ല, ചിക്കന്‍ കറിയാ"
അത് കേട്ടതും മനോജ് പറഞ്ഞു:
"ഏതോ ദാരിദ്യം പിടിച്ച വീട്ടിലെ കോഴിയാ, എല്ല്‌ പോലും കിട്ടാനില്ല"
ഞാന്‍ ഒന്നും മിണ്ടാതെ നഖം കടിച്ച് കൊണ്ട് തല കുനിച്ചു.

എന്തിനേറെ പറയുന്നു, പിന്നീടെല്ലാം ഒരു ചടങ്ങ് പോലായിരുന്നു.ലെമണ്‍ റൈസ്സ് എന്ന് പേരിട്ടിട്ട് ലെമണും റൈസ്സും പ്രത്യേകം പ്രത്യേകം വിളമ്പി.മെനു തന്നപ്പോല്‍ ലെമണിനും റൈസിനും ഇടക്ക് ഒരു ഹൈഫണ്‍ (-) ഉള്ളത് ഞാന്‍ കാണാതെ പോയത് എന്‍റെ കുറ്റമാണെന്ന് ആ പെണ്‍കുട്ടി കട്ടായം പറഞ്ഞു.
ബാക്കി വിഭവങ്ങളും ഗംഭീരമായിരുന്നു...
എല്ലാവര്‍ക്കും കൂടി ഒരു കുഞ്ഞ് പാത്രത്തില്‍ ഇച്ഛിരി അച്ചാറ്.ഒരു പപ്പടത്തിന്‍റെ നാലിലൊന്ന് വീതം ഒരോരുത്തര്‍ക്ക്.കണ്ണില്‍ മരുന്ന് ഒഴിക്കുന്ന പോലെ രണ്ട് തുള്ളി കറി പ്ലേറ്റില്‍ ഇറ്റിച്ച് വച്ചത് കണ്ട് ഞാന്‍ ആ പെണ്‍കുട്ടിയോട് ചോദിച്ചു:
"എന്താ ഇത്?"
"ഗോപി"
"എന്‍റെ അവസ്ഥയല്ല ചോദിച്ചത്, എന്താ ഈ കറി?"
"അതാ സാര്‍ പറഞ്ഞത്, ഗോപി മഞ്ചൂരി"
ഓ, സന്തോഷം!!!
അവര്‍ വിളമ്പി കഴിഞ്ഞപ്പോ ഒരു സാമാന്യ മര്യാദക്ക് ഞാന്‍ ടീമിനോടായി പറഞ്ഞു:
"ഇന്ന് കിട്ടിയ പോലെ എന്നും അന്നം കിട്ടണേന്ന് നമുക്ക് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കാം"
"ഇന്ന് കിട്ടിയ പോലോ.....??!!!" ചോദ്യം സൊബാസ്റ്റ്യന്‍ സാറില്‍ നിന്നായിരുന്നു.
ഞാന്‍ പ്രാര്‍ത്ഥന തിരുത്തി:
"എന്നും അന്നം കിട്ടണേന്ന് നമുക്ക് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കാം"
ഒരു നിമിഷം എല്ലാവരും കണ്ണടച്ച് അത് തന്നെ പ്രാര്‍ത്ഥിച്ചു, ഞാന്‍ മാത്രം ടീം എന്നെ തല്ലി കൊല്ലല്ലേന്ന് പ്രാര്‍ത്ഥിച്ചു.തുടര്‍ന്ന് ഞങ്ങള്‍ ആഹാരത്തിലേക്ക് മുഖം പൂഴ്ത്തി.

പാര്‍ട്ടിക്ക് ശേഷം ഞാന്‍ ഒരു കവര്‍ കൊണ്ട് പോയി സാറിനു നേരെ നീട്ടി, എന്നിട്ട് പറഞ്ഞു:
"ഞങ്ങടെ ഒരു സമ്മാനമാണ്‌ സാര്‍"
ഒരു നിമിഷം ശങ്കിച്ച് നിന്ന ശേഷം സാര്‍ ആ പൊതി കൈ പറ്റി.എന്നിട്ട് എന്നെ വിളിച്ച് മാറ്റി നിര്‍ത്തിയട്ട് പറഞ്ഞു:
"വിരോധമുണ്ടെങ്കില്‍ പറഞ്ഞ് തീര്‍ക്കണം, അല്ലാതെ ഇങ്ങനൊരു പാര്‍ട്ടി തന്ന് അപമാനിക്കരുത്.സ്നേഹം ആഹാരത്തീന്ന് മനസിലാക്കണം പോലും, ത്ഫൂ"
ഒരു നിമുഷത്തേക്ക് ഞാന്‍ കണ്ണുകളൊന്ന് മുറുക്കി അടച്ചൂ, പിന്നെ പതിയെ തുറന്നു.അപ്പോഴേക്കും ഒരു കൊടുങ്കാറ്റ് പോലെ സാര്‍ പുറത്തേക്ക് നടന്നിരുന്നു.ടീമംഗങ്ങളെല്ലാം എന്താണ്‌ സാര്‍ രഹസ്യമായി പറഞ്ഞത് എന്നറിയാന്‍ ആകാംക്ഷയോട് ഇരിക്കുവാണെന്ന് മനസിലായപ്പോള്‍ സാര്‍ പോയ ഭാഗത്തേക്ക് നോക്കി വലതു കൈ ഉയര്‍ത്തി ഞാന്‍ ഉറക്കെ പറഞ്ഞു:
"താങ്ക്യൂ സാര്‍!!"
എല്ലാവരുടെയും മുഖത്ത് ആശ്വാസം.
പിന്നിട് എച്ച്.ആറിനെ ഒറ്റക്ക് കിട്ടിയപ്പോ ഞാന്‍ ചോദിച്ചു:
"എന്നാ തേങ്ങാക്കുലക്കാ, ആഹാരമാണ്‌ സ്നേഹമെന്ന് വച്ച് കാച്ചിയത്?"
എന്നെ അടിമുടി ഒന്ന് നോക്കിയട്ട് എച്ച്.ആര്‍ തിരികെ ചോദിച്ചു:
"അതിനു താന്‍ ഇത്രേം വലിയ ദരിദ്രവാസിയാണെന്ന് ഞാനെങ്ങനെ അറിയാനാ?"
ഉത്തരം മുട്ടിയപ്പോ ഞാന്‍ കൊഞ്ഞനം കുത്തി കാണിച്ചു, എന്നിട്ട് പതിയെ ഓഫീസിലേക്ക് നടന്നു.

ഇനി ആകെ പ്രതീക്ഷ കൊടുത്ത സമ്മാനമാ.ബോംബാണെന്ന് കരുതി സാര്‍ വലിച്ച് എറിഞ്ഞില്ലെങ്കില്‍ നല്ലൊരു ഷര്‍ട്ട് സാറിനു കിട്ടും, ഒപ്പം ഒരു ആശംസാ കാര്‍ഡില്‍ ഹൃദയം കൊണ്ട് കുറിച്ച ഏതാനും വരികളും.
ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, ആ വരികള്‍ ഇങ്ങനെയായിരുന്നു....

ഹൃദയം കൊണ്ട് ഞങ്ങളെ സ്നേഹിച്ച, പ്രൊഫഷണലിസം കൊണ്ട് ഞങ്ങളെ വിസ്മയിപ്പിച്ച, പ്രിയപ്പെട്ട സാര്‍,
ഈ വേളയില്‍ പറയാന്‍ ഞങ്ങള്‍ക്ക് വാക്കുകളില്ല.
കൂടുതല്‍ അനുയായികളെ സൃഷ്ടിക്കുന്നവനല്ല, മറിച്ച് കൂടുതല്‍ നേതാക്കന്‍മാരെ സൃഷ്ടിക്കുന്നവനാണ്‌ മികച്ച നേതാവെന്ന് കുറഞ്ഞ കാലയളവില്‍ ഞങ്ങളെ പഠിപ്പിച്ച പ്രിയ നേതാവേ,
താങ്കള്‍ക്ക് നന്മകള്‍ നേരുന്നു.

സോറി റ്റു സേ ഗുഡ്ബൈ
ബട്ട് ഹാപ്പി റ്റു സീ എഗൈന്‍.

ആള്‍ ദി ബെസ്റ്റ്.


ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com