For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ലേഡി ഡോക്ടര്‍ തിരക്കിലാണ്‌





അന്ന് നവരാത്രി മഹോത്സവത്തിന്‍റെ ആരംഭമായിരുന്നു...
ദേവീചൈതന്യത്തിന്‍റെ വിവിധ രൂപങ്ങളെ ആരാധിക്കാനുള്ള ഒമ്പത് രാത്രികള്‍ അടങ്ങിയ പുണ്യ ദിനങ്ങളിലെ ആദ്യ ദിവസം.അന്ന് പ്രഭാതത്തില്‍ കുളിച്ചൊരുങ്ങി, അമ്പലത്തില്‍ പോകാന്‍ കതക് തുറന്ന ഞാന്‍ ഒന്ന് ഞെട്ടി, അതാ ഗേറ്റിനു മുമ്പില്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു കണി..
ഒരു പശു പുറം തിരിഞ്ഞ് നില്‍ക്കുന്നു!!
കണി കണ്ട വിവരം വീട്ടില്‍ വിളിച്ച് പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞു:
"മോനേ ഭാഗ്യമാടാ, മഹാഭാഗ്യം!!"
ശരിയാണ്‌, ബാംഗ്ലൂര്‍ പോലെയുള്ള ഒരു മഹാനഗരത്തില്‍, ഒരു പശുവിനെ കണികാണുക എന്ന് പറഞ്ഞാല്‍ ഒരു മഹാഭാഗ്യം തന്നെ.തിരക്കേറിയ റോഡിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെ കാണാറുണ്ടെങ്കിലും, ഇത് വരെ അതിലൊരു പശുവും എന്‍റെ വീടിന്‍റെ മുന്നില്‍ വന്ന് കണി കാണിച്ചിട്ടില്ല.ആദ്യമായി അങ്ങനെയൊരു പശുവിനെ കണി കണ്ടപ്പോള്‍ എന്‍റെ മനസ്സും പറഞ്ഞു..
ഹോ, മഹാഭാഗ്യം തന്നെ!!

അമ്പലത്തില്‍ നിന്ന് തിരിച്ച് വന്ന ശേഷം, പ്രിയതമ കൊണ്ട് വച്ച ഒരു കറിയില്‍ (അവളതിനെ സാമ്പാര്‍ എന്ന് വിളിക്കും), ചെറിയ സൈസില്‍ ഉരുട്ടി വച്ച ദോശമാവ് (വാമഭാഗത്തിന്‍റെ ഭാഷയില്‍ ഇഡലി) മുക്കി തിന്നോണ്ടിരുന്നപ്പോഴാണ്‌ അവള്‍ ആദ്യമായി ഓക്കാനിക്കുന്ന ശബ്ദം കേട്ടത്.പാതി വഴിക്ക് തീറ്റ നിര്‍ത്താന്‍ വഴികാട്ടിയ കര്‍ത്താവിനു നന്ദി പറഞ്ഞ് കൊണ്ട് ഞാനോടി അവളുടെ അടുത്തെത്തി, എന്നിട്ട് വിറക്കുന്ന സ്വരത്തില്‍ ചോദിച്ചു:
"എന്താടി ശര്‍ദ്ദിക്കുന്നത്?"
"അറിയില്ല, ഒരു മനംപിരട്ടല്‍ പോലെ" അവളുടെ മറുപടി.
എനിക്കാണെങ്കില്‍ അസുഖമെന്ന് കേട്ടാലേ പേടിയാണ്.കയ്യേ മുള്ള്‌ കൊണ്ടാല്‍ മെഡിക്കല്‍ കോളേജില്‍ പോകാന്‍ കാറ്‌ വിളിക്കുന്ന സ്വഭാവം.അതിനാല്‍ തന്നെ അവളുടെ ഈ ഒരു അവസ്ഥ കണ്ട് ഞാന്‍ പേടിച്ച് പോയി.വെപ്രാളത്തിനു അമ്മയെ വിളിച്ച് ഞാന്‍ കാര്യം അറിയിച്ചു...
ഒരു നിമിഷം മറുഭാഗത്ത് നിശബ്ദത, പിന്നെ സന്തോഷത്തോടെ അമ്മയുടെ ഉപദേശം:
"നീ പെട്ടന്ന് അവളെ കൊണ്ട് പോയി ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്ക്"
എന്തിന്???
മറുപടിയില്ല, പകരം അമ്മ അച്ഛനോട് വിളിച്ച് കൂവുന്നത് ഫോണിലൂടെ കേള്‍ക്കാം..
"ചേട്ടാ, അറിഞ്ഞോ...!!!!"
പണ്ട് പത്താംക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് അസംബ്ലിക്ക് നില്‍ക്കുമ്പോള്‍, ഹെഡ്മിസ്ട്രസ്സ് മൈക്കിലൂടെ പറയുന്നതാ ഓര്‍മ്മ വന്നത്..
"പ്രിയപ്പെട്ട കുട്ടികളേ, ഞാനൊരു സന്തോഷ വാര്‍ത്ത പറയാം......"
അതേ പോലെ തന്നെയാ അമ്മയും...
"പ്രിയപ്പെട്ട നാട്ടുകാരെ, ഞാനൊരു സന്തോഷ വാര്‍ത്ത പറയാം......"
അയ്യേ, നാണക്കേട്!!!

ഭാവിയില്‍ സംഭവിക്കേണ്ട ഒന്നാണെങ്കിലും, ഇത്ര പെട്ടന്ന് ഒരു ഗൈനക്കോളജിസ്റ്റിനെ ജീവനോടെ കാണേണ്ടി വരുമെന്ന് ഞാന്‍ കരുതിയില്ല.അതിനാലാവണം ആകെ ഒരു മരവിപ്പ്, തലക്ക് അകത്ത് ഒരു മന്ദത പോലെ.എനിക്ക് ചുറ്റുമുള്ള ഭൂമിയില്‍ എന്തെല്ലാമോ സംഭവിക്കുന്ന ഫീലിംഗ്.ഒരു അഞ്ച് മിനിറ്റ് വേണ്ടി വന്നു ഞാനൊന്ന് നോര്‍മലാകാന്‍.
ഇനി എന്ത്??
ഫോണെടുത്ത് നേരെ അവളുടെ വീട്ടില്‍ വിളിച്ചു.അവളുടെ അമ്മയോടെ ഇപ്പോള്‍ പറയേണ്ടാ എന്നും, അച്ഛനോട് കാര്യം അവതരിപ്പിക്കാമെന്നും കരുതി വിളിച്ച എന്‍റെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു.കാരണം ഫോണെടുത്തത് അമ്മയായിരുന്നു.മറുഭാഗത്ത് ഞാനാണെന്ന് അറിഞ്ഞ മാത്രയില്‍ എന്‍റെ പുന്നാര അമ്മായിഅമ്മ ഒരേ ഉപദേശം..
ഞാന്‍ ഒരു വിധത്തിലും പേടിക്കേണ്ടാ എന്നും, അന്ന് വൈകിട്ട് ബസ്സ് കേറി പിറ്റേന്ന് രാവിലെ അമ്മ ബാംഗ്ലൂരില്‍ വരുമെന്നും, അതിനായി അച്ഛന്‍ ബസ്സ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പോയിട്ടുണ്ടെന്നും, രാവിലെ തന്നെ ഗൈനക്കോളജിസ്റ്റിനെ കാണണമെന്നും, ഒത്താല്‍ നടുറോഡില്‍ തലകുത്തി നില്‍ക്കണമെന്നുമുള്ള ഉപദേശങ്ങള്‍ കേട്ട് വിളറി പിടിച്ച ഞാന്‍ തിരികെ ചോദിച്ചു:
"അമ്മ എങ്ങനെ അറിഞ്ഞു?"
"അത് മോന്‍റെ അമ്മ ഇപ്പോള്‍ വിളിച്ചാരുന്നു"
ഓഹോ..
അപ്പോള്‍ അമ്മ നാട് മൊത്തം അറിയിച്ച് തുടങ്ങി..
"പ്രിയപ്പെട്ട നാട്ടുകാരെ, ഞാനൊരു സന്തോഷ വാര്‍ത്ത പറയാം......"
അയ്യേ, ഇച്ഛീച്ഛി!!!

എന്‍റെ ഊഹം ശരിയായിരുന്നു...
അഭിനന്ദനപ്രവാഹവുമായി ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നും ഫോണ്‍ കോള്‍ വന്നു തുടങ്ങി.അപ്പച്ചിമാര്, അമ്മായിമാര്, ചേച്ചിമാര്, ചേട്ടന്‍മാര്, അനിയന്‍മാര്, അനിയത്തിമാര്, എന്തിന്‌ ഏറെ പറയുന്നു...
തെക്കേലെ തോമസുകുട്ടി, പടീറ്റേലെ പാറുവമ്മ, വടക്കേലെ വാമദേവന്‍, കിഴക്കേലെ കുഞ്ഞിരാമന്‍..
ആകെ അഭിനന്ദനപ്രവാഹം..
കണ്‍ഗ്രാറ്റ്സ്സ്, കണ്‍ഗ്രാജുലേഷന്‍, സൂപ്പര്‍ മച്ചാ, അഭിനന്ദനങ്ങള്‍, ആശംസകള്‍, കുന്തം, കുടച്ചക്രം..
അത് മാത്രമല്ല, കൂടെ കുറേ ഉപദേശങ്ങള്‍..
ഇനി സൂക്ഷിക്കണം, കുറച്ച് ഉത്തരവാദിത്തം വേണം, മാങ്ങാ വാങ്ങണം, മസാല ദോശ വാങ്ങണം, മണ്ണാങ്കട്ട വാങ്ങണം..
ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോകുന്നതിനു വേറെ ചില അഭിപ്രായങ്ങള്‍..
ലേഡി ഡോക്ടര്‍ ആയിരിക്കണം, നടന്ന് പോകരുത്, ഇരുന്ന് പോകരുത്, കിടന്ന് പോകരുത്, ബസ്സേ പോകരുത്, ബൈക്കേ പോകരുത്, അത്യാവശ്യമാണേല്‍ കാറേലോ, പ്ലെയിനിലോ പോകാം!!
രാവിലെ കണി കണ്ട പശു ചെവിക്ക് താഴെ ഇരുന്ന് അമറുന്ന പോലെയാണ്‌ ഇതൊരോന്നും എന്‍റെ കാതില്‍ എത്തിയത്.കൂടെ അകമ്പടിയായി അമ്മയുടെ വാചകങ്ങളും..
മോനേ ഭാഗ്യമാടാ, മഹാഭാഗ്യം!!

ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോകുന്നതിനു മുമ്പ് അമ്മയെ വിളിച്ച്, നാട്ടുകാരെ ഈ വാര്‍ത്ത അറിയിക്കുന്നത് നിര്‍ത്തേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ബോധിപ്പിക്കാന്‍ ഞാന്‍ വീട്ടിലേക്ക് ഡയല്‍ ചെയ്തു..
ഫോണ്‍ എന്‍ഗേജ്ഡ്!!
പാവം അമ്മ..
നാട്ടുകാരെയും, വീട്ടുകാരെയും, കൂട്ടുകാരെയും എല്ലാം വിളിച്ച് അറിയിച്ച ശേഷം, ആലപ്പുഴയുടെ ടെലിഫോണ്‍ ഡയറക്ടറി എടുത്ത് കാണുന്ന നമ്പരിലൊക്കെ വിളിച്ച് 'വിശേഷം' അറിയിക്കുകയായിരിക്കും!!
"ഹലോ, ഇത് 222222 ആണോ?"
"അതേ"
അറിഞ്ഞോ, മരുമോള്‍ക്ക് വിശേഷമുണ്ട്?"
"നിങ്ങളാരാ?"
"മരുമോള്‍ടെ അമ്മായിഅമ്മയാ"
ഠിം!!!
ഈ രംഗം ഓര്‍ത്തപ്പോള്‍ എനിക്ക് തല കറങ്ങി തുടങ്ങി.
എന്‍റെ കര്‍ത്താവേ..
ഞാന്‍ എന്ത് തെറ്റാ ചെയ്തത്??
ഇനി നാട്ടിലേക്ക് പോകേണ്ടതില്ലന്നും, എന്തെങ്കിലും അത്യാവശ്യത്തിനു പോകേണ്ടി വന്നാല്‍, ഞാന്‍ മനുവല്ലന്നും മനുവിന്‍റെ മുഖസാദൃശ്യം ഉള്ള മറ്റൊരാളാണെന്ന് പറയണമെന്നും തീരുമാനിച്ച് കൊണ്ട് അടുത്ത വിഷയത്തിലേക്ക് ഞാന്‍ ശ്രദ്ധയൂന്നി.

അത് അടുത്ത പ്രശ്നം..
സ്ഥലം ബാംഗ്ലൂര്‍ ആണെങ്കിലും, താമസം ഒരു മലയാളി ഏരിയയിലാണ്.അതിനാല്‍ തന്നെ തത്ക്കാലത്തേക്ക് ഈ ന്യൂസ്സ് അവിടെ ഫ്ലാഷാകരുതെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.സംഭവം സന്തോഷമുള്ള കേസാണെങ്കിലും, ഉറപ്പിക്കുന്നതിനു മുമ്പ് ആരോടെങ്കിലും പറയാന്‍ ഒരു മടി.അതുകൊണ്ട് ചുറ്റുവട്ടത്തുള്ള ആരേയും അറിയിക്കാതെ, ഒരു ഇന്‍ഡിക്ക ടാക്സികാര്‍ വരുത്തി, ലോക്കറില്‍ സ്വര്‍ണ്ണം വയ്ക്കുന്ന പോലെ വളരെ സൂക്ഷ്മതയോടെ പ്രിയതമയെ അതില്‍ ഇരുത്തി ഹോസ്പിറ്റലിലേക്ക് യാത്രയായി.സംഗതി സത്യമാണെങ്കില്‍ ഇന്ന് കണി കണ്ട പോലത്തെ ഒരു പശുവിനെ വാങ്ങി, മെയിന്‍ വാതിലിന്‍റെ അവിടെ പുറം തിരിച്ച് കെട്ടി ഇടണമെന്നും മനസ്സില്‍ തീരുമാനിച്ചു.
എന്നും ഒരു നല്ല കണി കാണാന്‍ വേണ്ടി മാത്രം!!
(അല്ലാതെ എന്നും 'വിശേഷ'ത്തിനല്ല!!)

കാര്‍ ഹോസ്പിറ്റലിലെത്തി..
അതൊരു മലയാളി ഹോസ്പിറ്റലാണ്, മാത്രമല്ല ഗൈനക്കോളജിസ്റ്റ് പ്രഗല്ഭയായ ഒരു സ്ത്രീയുമാണ്.അതിനാല്‍ തന്നെ ഒരുവിധപ്പെട്ട ബാംഗ്ലൂര്‍ മലയാളി ഗര്‍ഭിണികളെല്ലാം അവിടെയാണ്‌ വരുന്നത്.ഞങ്ങള്‍ ചെന്നപ്പോള്‍ ഒരു പൂരത്തിനുള്ള ഗര്‍ഭിണികള്‍ അവിടെയുണ്ട്.അത് കണ്ടതും പ്രിയതമക്ക് ഒരു നാണക്കേട്, അവള്‍ക്ക് ക്യൂവില്‍ കയറാന്‍ വയ്യത്രേ, ഞാന്‍ കേറി ഇരിക്കണം പോലും.ബാംഗ്ലൂര്‍ ജനസംഖ്യയുടെ മുപ്പത് ശതമാനവും ഗര്‍ഭിണികളാണല്ലോ കര്‍ത്താവേന്ന് മനസ്സില്‍ കരുതി, ഒരു ടോക്കണുമെടുത്ത്, നാണക്കാരിയായ പ്രിയതമക്ക് പകരം ആ ക്യൂവില്‍ ഞാന്‍ കയറി ഇരുന്നു.

മനസില്‍ ഒരേ ഒരു പ്രാര്‍ത്ഥന മാത്രം..
പരിചയമുള്ള മുഖമൊന്നും കാണരുത്!!
ആ പ്രാര്‍ത്ഥന ഫലിച്ചു, ഞാന്‍ പരിചയമുള്ള മുഖമൊന്നും കണ്ടില്ല.എന്നാല്‍ പരിചയമുള്ള ഒരു മുഖം എന്നെ കണ്ടു..
"എടാ നീ എന്താ ഇവിടെ?"
ഒരു ഉള്‍ക്കിടിലത്തോടെയാണ്‌ ആ ചോദ്യം കേട്ട ഭാഗത്തേക്ക് ഞാന്‍ നോക്കിയത്..
കര്‍ത്താവേ, പിള്ള ചേട്ടന്‍!!
ബാംഗ്ലൂരില്‍ ഞാന്‍ താമസിക്കുന്ന കോളനിയിലെ പ്രധാന ആകാശവാണി..
ഒരു അമ്പത് വയസ്സിനടുത്ത് പ്രായമുള്ള ഇദ്ദേഹത്തിനു ഇച്ഛിരി വട്ട് ഉണ്ടെന്നാണ്‌ എല്ലാവരും പറയുന്നത്, ഞാന്‍ ഇത് വരെ അത് വിശ്വസിച്ചിട്ടില്ല.കാരണം എന്നോട് വളരെ മാന്യമായെ ഇടപെട്ടിട്ടുള്ളു.അദ്ദേഹം എന്നെ കണ്ട് കഴിഞ്ഞു, എന്‍റെ മറുപടി ഇല്ലാത്തതിനാലാകാം വീണ്ടും ചോദ്യം:
"നീ എന്താ ഇവിടെ?"
ഈശ്വരാ, എന്ത് പറയും??
പെങ്ങടെ കല്യാണം വിളിക്കാന്‍ വന്നതാണെന്ന് പറഞ്ഞാലോ??
കള്ളം പറഞ്ഞ് പിടിക്കപ്പെട്ടാലുണ്ടാവുന്ന ഭവിഷ്യത്ത് ഓര്‍ത്ത് പതിഞ്ഞ സ്വരത്തില്‍ ഞാന്‍ പറഞ്ഞു:
"ഗര്‍ഭം ഉണ്ടോന്ന് ഒരു സംശയം"
ഇത് കേട്ടതും സഹതാപപൂര്‍വ്വത്തോടെ എന്‍റെ കുടവയറില്‍ കൈ വച്ച് ഉഴിഞ്ഞ് അങ്ങേരൊരു ആത്മഗതം:
"വന്ന് വന്ന് ആണ്‍കുട്ടികള്‍ക്കും ഗര്‍ഭോ?? ശിവ! ശിവ! കലികാലം അല്ലാതെന്താ??"
എന്‍റെ പറശ്ശിനിക്കടവ് മുത്തപ്പാ..
ഈ കെളവനു ശരിക്കും വട്ടാണോ??
ഡിയര്‍ ബ്ലഡി പിള്ളേ, ഐയാം നോട്ട് ഗര്‍ഭ്!!
എനിക്ക് ഗര്‍ഭമില്ല!!
മനസില്‍ വന്ന മറുപടി പുറത്ത് പറയാന്‍ കഴിയാതെ അന്തം വിട്ട് നിന്ന എന്നെ മറി കടന്ന് അങ്ങേര്‌ നടന്ന് നീങ്ങി.

തലക്ക് കൈയ്യും വച്ച് ക്യുവില്‍ ഇരുന്ന എന്നെ മറ്റൊരു കാഴ്ച അത്ഭുതപ്പെടുത്തി.ഭാര്യയും ഭര്‍ത്താവും കൂടി ഡോക്ടറെ കാണാന്‍ കയറും, അല്പം കഴിയുമ്പോള്‍ കയ്യിലെന്തോ മറച്ച് പിടിച്ച് ഭര്‍ത്താവ് മാത്രം ഇറങ്ങി ഓടുന്ന കാണാം.ഒരു രണ്ട് മൂന്ന് ജോടികളുടെ കാര്യത്തില്‍ ഈ സെയിം സംഭവം കണ്ടതോടെ എനിക്ക് പരിഭ്രമമായി.ഓടി വന്ന ഒരു ഭര്‍ത്താവിനെ തടഞ്ഞ് നിര്‍ത്തി ഞാന്‍ ചോദിച്ചു:
"എന്താ, എന്ത് പറ്റി?"
"ഹേയ്, നതിംഗ്, നതിംഗ്"
അയാള്‍ ഓടി പോയി.

ഞങ്ങളുടെ ഊഴമെത്തി..
ഗായത്രിയുമായി അകത്ത് ചെന്ന എന്നെ അവര്‍ സ്വീകരിച്ച് ഇരുത്തി.നല്ല ഒരു ഡോക്ടര്‍..
കുലീന, കുടില, കുശ്മള..
അവര്‍ അനുഭാവപൂര്‍വ്വം ചോദിച്ചു:
"എന്താ വിശേഷം?"
പെങ്ങടെ കല്യാണമാ!!
പിന്നല്ല!!
ഭാര്യയും ഭര്‍ത്താവും കൂടി ഗൈനക്കോളജിസ്റ്റിനെ കാണാന്‍ ചെന്നപ്പോള്‍, ചോദിച്ചത് കേട്ടില്ലേ..
എന്താ വിശേഷമെന്ന്??
പല്ല്‌ കടിച്ചിരുന്ന എന്‍റെ മനോഭാവം മനസിലാക്കി ആകണം ഗായത്രി പറഞ്ഞു:
"ഒരു ചെക്കപ്പിനു വന്നതാ"
അത് കേട്ടതും ഗായത്രിയെയും കൂട്ടി അവര്‍ അകത്തൊരു മുറിയിലേക്ക് പോയി.

അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ മാത്രം തിരിച്ച് വന്നു.എന്നിട്ട് എന്നോട് ചോദിച്ചു:
"എന്താ താങ്കളുടെ പേര്?"
"മനു"
പേരു കേട്ടതും ശബ്ദം താഴ്ത്തി അവരെന്നോട് പറഞ്ഞു:
"മിസ്റ്റര്‍ മനു, മൂത്രം ഒന്ന് ടെസ്റ്റ് ചെയ്യണം"
"എന്‍റെ ആണോ??"
"അയ്യേ അല്ല, നിങ്ങളുടെ വൈഫിന്‍റെ!!"
ഓ എന്ന്..
ഒരു കുപ്പിക്കാത്ത് അവര്‍ തന്ന മൂത്രവുമായി ലാബിലേക്ക് പോകാന്‍ കതക് തുറക്കാന്‍ പോയപ്പോഴാണ്‌, കൈയ്യിലെന്തോ തപ്പിപ്പിടിച്ച് ഓടുന്ന ഭര്‍ത്താക്കന്‍മാരുടെ മുഖം മനസ്സില്‍ ഓടി വന്നത്..
ഈശ്വരാ, ഇതാരുന്നോ ആ 'നതിംഗ്'??
എന്നെ ഇനിയും പരീക്ഷിക്കല്ലേ!!
രണ്ടും കല്പിച്ച് ഞാന്‍ പുറത്തേക്ക് ഇറങ്ങി.

വാതുക്കല്‍ പിള്ള ചേട്ടന്‍...
ചെകുത്താന്‍ പോയില്ലാരുന്നോ??
അവിടെയിരിക്കുന്ന സ്ത്രീ ജനങ്ങളുടെ മുന്നില്‍ വച്ച് അങ്ങേര്‌ ഒരു ചോദ്യം:
"എന്താ നിന്‍റെ കൈയ്യില്‍??"
എന്തായാലും നനഞ്ഞു, ഇനി കുളിച്ച് കയറാം.നാണം മാറ്റി വച്ച് ഞാന്‍ പറഞ്ഞു:
"മൂത്രമാ, ടെസ്റ്റ് ചെയ്യാന്‍ കൊണ്ട് പോകുവാ"
അത് കേട്ടതും കാലമാടന്‍ ഒരു ചോദ്യം:
"കടവുളെ, നിനക്ക് ശരിക്കും ഗര്‍ഭമുണ്ടോ??"
ആ കെട്ടിടം ഇടിഞ്ഞ് തലയില്‍ വീഴണേന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച് പോയി!!
പക്ഷേ ഒന്നും സംഭവിച്ചില്ല, സ്ത്രീജനങ്ങളുടെ കൂട്ടച്ചിരി മാത്രം ബാക്കി.
എടോ പരട്ട പിള്ളേ..
കാല്‌ മടക്കി ഒരു ചവിട്ടു തന്നാല്‍ പിന്നെ കണ്ണ്‌ തുറക്കുമ്പോള്‍ താന്‍ നരകത്തിലായിരിക്കും!!
മനസ്സില്‍ ഇങ്ങനെ പ്രാകി കൊണ്ട് ഞാന്‍ ലാബിലേക്ക് പോയി.'മനുവിന്‍റെ ഗര്‍ഭം' എന്ന ആധുനിക ലോകത്തിന്‍റെ മറ്റൊരു പ്രതിഭാസത്തെ കുറിച്ച് കോളനി നിവാസികളെ അറിയിക്കാന്‍ പിള്ള ചേട്ടന്‍ കോളനിയിലേക്കും പോയി.
ഇനി എന്തെല്ലാം അനുഭവിക്കണമോ ആവോ??

തിരിച്ച് ഡോക്ടറിന്‍ അടുത്തെത്തി.റിസള്‍ട്ട് നോക്കിയട്ട് അവര്‍ ചിരിച്ച് കൊണ്ട് പറഞ്ഞു:
"നെഗറ്റീവാ"
എന്ന് വച്ചാല്‍..
ഗര്‍ഭം ഉണ്ടെന്നോ അതോ ഇല്ലന്നോ??
അതോ ഇനി നെഗറ്റീവ് എന്നാല്‍ പെണ്‍കുട്ടിയും പോസിറ്റീവ് എന്നാല്‍ ആണ്‍കുട്ടിയുമാണോ??
എന്‍റെ ആകാംക്ഷ കണ്ട് അവര്‍ വിശദീകരിച്ചു:
"പ്രഗ്നന്‍റ്‌ അല്ല, എന്തോ ദഹനക്കേട് കാരണം ശര്‍ദ്ദിച്ചതാ"
'മേ..മേ...മേ'
കണി കണ്ട പശു അമറുന്ന ശബ്ദം!!
അല്പം കഴിഞ്ഞപ്പോള്‍ തലക്ക് മുകളില്‍ അതേ പശു ചാണകം ഇട്ട പോലത്തെ ഒരു തണുപ്പം പടര്‍ന്നു..
പിന്നെ സുഖം, സ്വസ്ഥം, ശാന്തം!!

അങ്ങോട്ട് കാറില്‍ പോയവര്‍ തിരിച്ച് ബസ്സില്‍ വന്നിറങ്ങി.നടക്കുന്ന വഴിയിലെല്ലാം അര്‍ത്ഥം വച്ചുള്ള നോട്ടങ്ങള്‍, ആക്കിയ ചിരികള്‍....
പിള്ള ചേട്ടന്‍ പണിപറ്റിച്ചു!!
തലകുനിച്ച് നടന്ന എന്‍റെ മുന്നിലെത്തി ഫ്രെഡി അങ്കിള്‍ പറഞ്ഞു:
"അറിഞ്ഞു..അറിഞ്ഞു.."
എന്ത് അറിഞ്ഞെന്നാ??
ഗായത്രി ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോയെന്നോ??
അതോ എനിക്ക് ഗര്‍ഭമുണ്ടെന്നോ??
ഡിയര്‍ ഫ്രെഡി അങ്കിള്‍, ഐയാം നോട്ട് ഗര്‍ഭ്!!
അങ്കിള്‍ കടന്ന് പോയപ്പോള്‍ വിഷമ സ്വരത്തില്‍ ഗായത്രിയുടെ ആത്മഗതം:
"ഛേ! നാണക്കേടായി"
"നാണക്കേട് നിനക്കല്ല മോളേ, എനിക്കാ!!"
"അതെങ്ങനെ??"
അതങ്ങനാ, ഇപ്പോള്‍ ഗര്‍ഭം എനിക്കല്ലേ??

വീട്ടിലെത്തിയ ആദ്യം ചെയ്തത് അമ്മയെ വിളിക്കുകയായിരുന്നു.കാര്യം എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു:
"ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ ദഹനക്കേടായിരിക്കുമെന്ന്!!"
ങ്ങേ!!
എപ്പോ??
ആകെ ഒരു പരവശം..
ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച് മനസ്സ് കൂളാക്കിയതിനു ശേഷമാണ്‌ ഗായത്രിയുടെ വീട്ടില്‍ വിളിച്ചത്.ഈ പ്രാവശ്യവും ഫോണ്‍ എടുത്തത് അമ്മയായിരുന്നു.എന്‍റെ സ്വരം കേട്ടപ്പോള്‍ അമ്മ പറഞ്ഞു:
"അച്ഛന്‍ ബസ്സ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ പോയി മോനേ"
"അപ്പോള്‍ കാര്യം അറിഞ്ഞോ?"
"ഉവ്വ, മോന്‍റെ അമ്മ ഇപ്പോ വിളിച്ചായിരുന്നു"
അത് ശരി..
അപ്പോള്‍ അമ്മ ടെലിഫോണ്‍ ഡയറക്ടറിയുമായി വീണ്ടും ഇരുന്നു അല്ലേ?
"ഹലോ, ഇത് 222222 ആണോ?"
"അതേ"
"നേരത്തെ ഞാനൊരു വിശേഷം പറഞ്ഞില്ലേ, അത് വിശേഷമല്ല!!"
"ഇത് പറയാന്‍ നിങ്ങളാരാ?"
"ഞാന്‍ മുമ്പേ വിളിച്ച ആളാ"
ഠിം!!

അന്ന് രാത്രി..
സംഭവിച്ച മണ്ടത്തരങ്ങളോര്‍ത്ത് തലക്ക് കൈവച്ചിരുന്ന എനിക്കൊരു ഫോണ്‍ വന്നു, എന്‍റെ അച്ഛന്‍റെ ഫോണ്‍:
"എടാ, നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്?"
"എന്താ അച്ഛാ?"
"ഇന്ന് രാവിലെ നീ കണ്ട് ജന്തു പശു തന്നെ ആയിരുന്നോ?"
ഇപ്പോ എനിക്കും ഒരു സംശയം..
ഒരു പക്ഷേ അത് കാള ആയിരിക്കും!!

ആദ്യത്തെ കുറി വടക്ക് കിഴക്ക്





പെണ്ണിന്‍റെ വീടായാലും ആണിന്‍റെ വീടായാലും ഒരു കല്യാണമായാല്‍ പല പഴിയും കേള്‍ക്കേണ്ടി വരും.ചിലപ്പോള്‍ അത് സദ്യ കേന്ദ്രീകരിച്ചാവാം,അതായത് സാമ്പാറില്‍ മുരിങ്ങക്ക കൂടി പോയി,അടുത്ത് ഇരുന്നവനു നാലുതവി കൂടുതല്‍ വിളമ്പി എന്നിങ്ങനെ പോകുന്നു.ചിലപ്പോള്‍ പഴിക്ക് കാരണമാകുന്നത് തുണി എടുപ്പാകാം,അതായത് അവള്‍ക്ക് കാഞ്ചീപുരം പട്ട് സാരി എടുത്തു എനിക്ക് വെറും ബനാറിസ്സ്,അവടെ വീട്ടില്‍ എല്ലാര്‍ക്കും തുണി വാങ്ങി കൊടുത്തു,എന്‍റെ മോനു കോണകം വാങ്ങിയില്ല എന്നിങ്ങനെ പോകുന്നു ഈ വകഭേദങ്ങള്‍.ഇതോക്കെ നമുക്ക് പരിഹരിക്കാം,പക്ഷേ എത്ര ശ്രമിച്ചാലും പഴികേള്‍ക്കുന്ന ഒന്നുണ്ട്.അതാണ്` കല്യാണം വിളി എന്ന വിവാഹക്ഷണം.

ഇതിന്‍റെ പഴിമാത്രം ദൈവംതമ്പുരാനു പോലും കാല്‍ക്കുലേറ്റ് ചെയ്യാന്‍ പാടാണ്.അത് എങ്ങനെ വേണേലും വരാം.അതായത്,എന്നെ വിളിച്ചില്ല,വീട്ടില്‍ പെണ്ണുങ്ങളെ വിളിച്ചില്ല,പട്ടിക്കുട്ടിയെ വിളിച്ചില്ല എന്നു വേണ്ട കറവക്കാരന്‍ ശങ്കരന്‍കുട്ടിയെ വിളിച്ചില്ല എന്നു വരെ പറഞ്ഞ് കളയും.അത് കൊണ്ട് തന്നെ ഞാന്‍ ഒന്നു തീരുമാനിച്ചു,കല്യാണം വിളി വെല്‍ പ്ലാന്‍ഡ് ആയിരിക്കണം.വിളിക്കണ്ട എല്ലാരുടെയും ലിസ്റ്റ് ശേഖരിച്ചു,ആരെയും മറക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.എന്നിട്ടാണ്` കല്യാണകുറി തയാറാക്കിയത്,

ഒരു കെട്ട് താളിയോല !!!
അതായിരുന്നു എന്‍റെ കല്യാണകുറി.ഒരു നാലു ഓലക്കാലില്‍ നാരായം വെച്ച് എഴുതിയപോലെ ഡീറ്റയില്‍സ്,എന്നിട്ട് ഈ നാലു ഓല കീറും കൂടി ഒരു സ്വര്‍ണ്ണനൂലിട്ട് കെട്ടിയ പോലെ,അതായത് ഒരു വീടിനു ഒരു താളിയോല കെട്ട് .സ്വല്പം കാശ് ചിലവായാലെന്താ സാധാരണ കാര്‍ഡ് കൊടുക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും ഒരു അന്തസ്സ്.

ഇനി ആരെ ആദ്യം വിളിക്കണം?എന്നു വിളി തുടങ്ങണം?
ആദ്യം ഏതെങ്കിലും ഒരു കാരണവരെ തന്നെ വിളിക്കാം.പക്ഷേ എന്നാണിത് തുടങ്ങേണ്ടത്?അതറിയാനായിരുന്നു ഞാനും അമ്മയും കൂടി സ്ഥിരം ജ്യോത്സ്യന്‍റെ അടുത്ത് പോയത്.പതിവു പോലെ അയാളുടെ കലാപരിപാടികള്‍...

കവടി നിരത്ത്,മുഖത്ത് കുറേ നേരം നോക്കിയിരിക്കുക,എന്തോ ചിന്തിക്കുന്നതായി ഭാവിക്കുക,കണക്ക് കൂട്ടുക ഇത്യാദി സ്ഥിരം ഐറ്റംസ്സ്.പണ്ട് മുതലെ എനിക്ക് ഇങ്ങേരെ പഥ്യമല്ല,എനിക്ക് വന്ന ഒരുപാട് ആലോചന മുടക്കിയ മഹാനാണ്.നിരവധി ആലോചനകള്‍ക്ക് ഈ പഹയന്‍ ജാതകം ചേരുമോന്നു നോക്കി മുടക്കാന്‍ പറഞ്ഞ വാചകങ്ങള്‍ വിചിത്രമാണ്,മോന്‍റെ ഏട്ടില്‍ നിന്ന് നോക്കുമ്പോള്‍ പെണ്ണിന്‍റെ ഏഴില്‍ ഒരു ദൃഷ്ടിയുണ്ട്,പെണ്ണിന്‍റെ പത്തില്‍ നിന്നും നോക്കുമ്പോള്‍ മോന്‍റെ ഏട്ട് ശൂന്യമാണ്` എന്നു വോണ്ടാ ഒന്നിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള അക്കങ്ങള്‍ കൊണ്ട് പത്ത് മുപ്പത് ആലോചനകള്‍ നിര്‍വീര്യമാക്കിയ മഹാന്‍.

എന്‍റെ കല്യാണം തീരുമാനിച്ചതോടെ ഒരു സ്ഥിരം കസ്റ്റമറേ നഷ്ടപ്പെട്ട വിഷമം അയാള്‍ക്ക് ഉണ്ട്.അതുകൊണ്ട് തന്നെ അയാള്‍ എന്തെങ്കിലും കുരുക്ക് ഉണ്ടാക്കുമോ എന്ന് പേടിച്ചാണു എന്‍റെ ഇരുപ്പ്.എന്‍റെ ഭയം അസ്ഥാനത്താണ്` എന്ന് തെളിയിച്ച് കൊണ്ട് അയാള്‍ മൊഴിഞ്ഞു:
"ഞയറാഴ്ച നല്ല ദിവസമാ,വീടിന്‍റെ വടക്ക് കിഴക്ക് ദിശയില്‍ ആണുങ്ങളെ മാത്രം വിളിച്ച് തുടങ്ങിക്കോ"
ഇത്രയും ബോധിപ്പിച്ച ശേഷം അയാള്‍ എന്നെ നോക്കി,ഞാന്‍ ഒരു അമ്പത് രൂപയ്ക്ക് പറഞ്ഞിട്ടുണ്ട് ഇനി വല്ലതും വേണോ എന്ന അര്‍ത്ഥത്തില്‍....
വേണ്ടാ,എന്‍റെ കൈയ്യില്‍ ആകെ അമ്പത് രൂപയെ ഉള്ളു.

ആദ്യത്തെ വിളിക്ക് ആണുങ്ങളെ മാത്രം വിളിച്ചാല്‍ മതിയത്രെ,അപ്പോള്‍ അമ്മയോ പെങ്ങളോ കൂടെ വരണ്ട ആവശ്യമില്ല.ഞാനോ അച്ഛനോ പോയാല്‍ മതി,അത് ഞാന്‍ പോകാം എന്ന് തീരുമാനിച്ചു.വടക്ക് കിഴക്ക് ഒരു കാരണവര്‍,അതായിരുന്നു അടുത്ത പ്രശ്നം.കുടുംബത്തിലെ ഒരുവിധപെട്ട കാരണവന്‍മാരെല്ലാം പണ്ടേ തെക്കോട്ട് പോയി.ഇനി ജീവിച്ചിരുപ്പുള്ളവര്‍ വടക്കും പടിഞ്ഞാറുമായി ചിതറി കിടക്കുകയാണ്.ഈ വടക്ക് കിഴക്ക് ഒരു കാരണവര്‍,അതും ആണുങ്ങളെ മാത്രം വിളിക്കേണ്ട വീട്,ഒരു കുഴക്കുന്ന പ്രശ്നം തന്നെ.അവസാനം കണ്ട് പിടിച്ചു,തായ് വഴി പറഞ്ഞ് വരുമ്പോള്‍ ഒരു അമ്മാവനുണ്ട്.തനി നാട്ടിന്‍പുറത്തുകാരന്‍,മക്കളൊന്നുമില്ല,അമ്മാവനും അമ്മായിയും മാത്രമ്മേ ഉള്ളു.അവിടെയാകുമ്പോള്‍ ആണുങ്ങളെ മാത്രം വിളിച്ചാലും പരാതിയില്ല.അവരുടെ വീട് എന്‍റെ വീട്ടില്‍ നിന്നും ഒരു നാല്‍പത് കിലോമീറ്റര്‍ ദൂരെ വടക്ക് കിഴക്കായി ഒരു ഗ്രാമത്തിലാണ്,എന്‍റെ സുധാറാണിയുടേ ഗ്രാമത്തില്‍.

പണ്ട് ഞാന്‍ ആ ഗ്രാമത്തില്‍ സ്ഥിരം പോകുമായിരുന്നു.അമ്മാവനോടുള്ള സ്നേഹം കൊണ്ടല്ല,ആ ഗ്രാമത്തിലെ ചെറുപ്പക്കാരുടെ രോമാഞ്ചകുഞ്ചുകമായ സുധാറാണിയെ കാണാന്‍.അവസാനം പോയത് നാലുവര്‍ഷം മുമ്പാണ്,അന്ന് ഞാന്‍ അവള്‍ക്ക് ഒരു പ്രേമലേഖനം കൊടുത്തു,അവള്‍ അത് അവടെ അച്ഛന്‍റേ കൈയ്യില്‍ കൊടുത്തു,അങ്ങേര്‍ എന്നോട് ഒരു ചോദ്യം:
"മോനേ,നമുക്ക് ഈ ബന്ധം വേണോ?"
വേണ്ടാ അമ്മാവാ,വേണ്ടാ.അമ്മാവന്‍റെ മോള്‍ ഇത്ര പെഴയാണന്ന് അറിഞ്ഞില്ല.
ഇങ്ങനെ മനസ്സില്‍ പറഞ്ഞ് അന്ന് അവിടുന്നു പോന്നതാ,പിന്നെ ഇപ്പോഴാ ഒരു അവസരം കിട്ടിയത്.ഇത് വരെ സുധാറാണിയുടെ കല്യാണം കഴിഞ്ഞിട്ടില്ല എന്നതാണ്` ഈ അടുത്ത കാലത്ത് അവിടെനിന്നും കിട്ടിയ ലേറ്റസ്റ്റ് ന്യൂസ്സ്.

കഴിഞ്ഞ ഞയറാഴ്ച ഷര്‍ട്ടും പാന്‍സു എടുത്ത് ഇന്‍സര്‍ട്ട് ചെയ്ത്,വിലകൂടീയ കൂളിംഗ്ലാസ്സും ഷൂസ്സും ധരിച്ച്,ഒരു ടൈയ്യും കെട്ടി നല്ല മണമുള്ള അത്തറു പൂശി,കയ്യില്‍ കല്യാണകുറി എന്ന താളിയോല കെട്ടും എടുത്ത്,എന്‍റെ സ്വന്തം മാരുതി കാറില്‍ വടക്ക് കിഴക്ക് ഉള്ള അമ്മാവനെ കല്യാണം വിളിക്കാന്‍ ആ ഗ്രാമത്തിലേക്ക് പോയപ്പോള്‍ എന്‍റെ മനസ്സില്‍ ,എന്‍റെ സ്വപ്നത്തില്‍ ഒരേ ഒരു ദൃശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.എന്‍റെ കല്യാണം അറിഞ്ഞ്,എന്നെ പോലെ ഒരു സുന്ദര കുട്ടപ്പനെ കല്യാണം കഴിക്കാന്‍ പറ്റാതെ നെഞ്ചത്ത് അടിച്ച് സുധാറാണി വാവിട്ട് കരയുന്ന ദൃശ്യം.മനുഷ്യന്‍ കൊതിക്കുന്നു,ദൈവം വിധിക്കുന്നു എന്നല്ലെ,ഞാന്‍ കൊതിച്ചത് ഇതെല്ലാമാണെങ്കില്‍ ദൈവം വിധിച്ചത് മറ്റൊന്നായിരുന്നു.തലയില്‍ വരച്ചത് അത്തറ്‌ പൂശിയാല്‍ പോകത്തില്ലല്ലോ?

വിശാലമായ പാടത്തിന്‍റേ സൈഡില്‍ വണ്ടി നിര്‍ത്തി.ഇനി കാര്‍ പോകത്തില്ല.പുഞ്ചപ്പാടത്തിന്‍റെ വരമ്പിലൂടെ പോയാല്‍ ഗോവിന്ദേട്ടന്‍റേ ഷാപ്പ്,ഷാപ്പിനു മുമ്പിലുള്ള വഴിയെ പോയാല്‍ അവസാനത്തെ വീട്,അതാണ്` എന്‍റെ ടാര്‍ഗറ്റ്.പാടം കടന്ന് ഷാപ്പിന്‍റെ മുമ്പില്‍ എത്തിയപ്പോള്‍ ഒരു അശരീരി:
"മോനേ മനു,നീ എന്താ ഇവിടെ?"
തിരിഞ്ഞ് നോക്കിയപ്പോള്‍ കാരണവരാ,ഒരു കൈയ്യില്‍ ലക്ഷണം തികഞ്ഞ ഒരു പശുവിനെയും പിടിച്ച് ഷാപ്പിന്‍റെ മുമ്പില്‍ നില്‍ക്കുന്നു.

തേടിയ വള്ളി കാലില്‍ ചുറ്റി!!!
ഞാന്‍ എന്‍റെ ആഗമനോദ്യേശം പറഞ്ഞു. എന്നിട്ട് അമ്മാവനോട് അമ്മാവന്‍റെ വീട്ടിലേക്ക് വരാന്‍ അപേക്ഷിച്ചു,ഔദ്യോഗികമായി കല്യാണം വിളിക്കാന്‍.കാര്യങ്ങള്‍ ഒക്കെ കേട്ടതോടെ സന്തോഷം കൊണ്ട് ആ പാവത്തിന്‍റെ കണ്ണ്` നിറഞ്ഞു.ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം പുള്ളിക്കാരന്‍ ആ പശുവിനെ ചൂണ്ടി എന്നോട് പറഞ്ഞു:
"മോനെ ഇത് കല്യാണി,ചന്തയില്‍ നിന്ന് ഇപ്പോള്‍ വാങ്ങിച്ചതേയുള്ളു,നിന്‍റെ അമ്മായി പോലും അറിഞ്ഞില്ല.നല്ല അകിടുള്ള പശുവാ,ഇതിനെ കൊണ്ട് ഞാന്‍ ഇപ്പോള്‍ അങ്ങോട്ട് വന്നാല്‍ അയല്‍ക്കൂട്ടം കണ്ണ്` വച്ച് ഒന്നിനും കൊള്ളാത്തതാക്കി കളയും"
അതിന്` ????
ഒരു നിമിഷം നിര്‍ത്തിയട്ട് അമ്മാവന്‍ എന്‍റെ ചങ്കില്‍ കൊള്ളുന്ന ഒരു വാചകം പറഞ്ഞു:
"നീ കല്യാണിയുമായി അങ്ങോട്ട് പോയ്ക്കോ,അമ്മാവി ചോദിച്ചാല്‍ പോലും ഒന്നും പറയണ്ടാ.ഞാന്‍ ഇച്ചിരി കഴിഞ്ഞ് പുറകിന്` അങ്ങ് വരാം"
അയല്‍ക്കാര്‍ കണ്ണ്` വയ്ക്കും എന്ന കാരണത്താല്‍ പശുനേം കൊണ്ട് ഞാന്‍ പോകാനോ???

അങ്കിള്‍,ഐയാം മനു,ഫ്രം ബാംഗ്ലൂര്‍.ഐ ഡോണ്‍ഡ് ലൈക്ക് നാല്‍ക്കാലീസ്സ്...

ഇങ്ങനെയോക്കെ പറയാനാണ്` വായില്‍ വന്നത്.അന്നേരം ആ പാവത്തിന്‍റെ മുഖത്ത് നോക്കി പറയാന്‍ തോന്നിയില്ല.അമ്പരന്ന് നില്‍ക്കുന്ന എന്‍റെ കൈയ്യിലോട്ട് ആ പശുവിന്‍റെ കയര്‍ തന്നിട്ട് ആ കാലമാടന്‍ ഷാപ്പിലോട്ട് ഒറ്റ പോക്ക്.

ഈശ്വരാ,വലഞ്ഞു!!!
ഒരു കയ്യില്‍ താളിയോലയും മറുകയ്യില്‍ ലക്ഷണമൊത്ത ഒരു പശുവിന്‍റെ കയറുമായി ഷാപ്പിന്‍റെ മുമ്പില്‍ കോട്ടും സ്യൂട്ടും കൂളിംഗ്ലാസ്സും ടൈയ്യും ഇട്ട് ഞാന്‍.ഭൂമി രണ്ടായിട്ട് പിളര്‍ന്ന് അങ്ങ് കീഴോട്ട് പോണെ എന്ന് പ്രാര്‍ത്ഥിച്ച നിമിഷം.

എന്തായാലും സംഭവിച്ചത് സംഭവിച്ചു.ഇനി ആലോചിച്ച് നിന്നിട്ട് ഒരു കാര്യവുമില്ല.അതുകൊണ്ട് പശുവിനെയും കൊണ്ട് ഞാന്‍ വീടിനു നേരെ നടന്നു.ഒരു പത്ത് അടി നടന്നില്ല,അതാ എതിരെ സുധാറാണിയും തോഴിമാരും.കല്യാണം തീരുമാനിച്ച എനിക്ക് ഇനി സുധാറാണിയല്ല,ഉലക അഴകി എതിരെ വന്നാലും ഒന്നുമില്ല എന്ന മാനസികാവസ്ഥയിലായി ഞാന്‍.മാത്രമല്ല അമ്മാവന്‍റെ വീട്ടില്‍ പോയി ഔദ്യോഗികമായി പറഞ്ഞതിനു ശേഷം സുധാറാണിയോട് പറയാം എന്ന ഉറച്ച തീരുമാനത്തില്‍ അവരെ മൈന്‍ഡ് ചെയ്യാതെ ആ പശുവിനെയും കൊണ്ട് ഞാന്‍ അമ്മാവന്‍റെ വീട്ടിലേക്ക് നടന്നു.

അമ്മാവന്‍റെ വീട്ടില്‍ എത്തിയപ്പോഴാണ്` അയല്‍ക്കൂട്ടം എന്നാല്‍ അയല്‍ക്കാരല്ലന്നും,കുടുംബശ്രീ,മഹിളാശ്രീ എന്ന പോലെ പത്ത് ഇരുപത് പ്രായമായ അമ്മമാരും ചേച്ചിമാരും ചേര്‍ന്ന ഒരു ഗ്രൂപ്പാണന്നും മനസ്സിലായത്.ഞാന്‍ ആ വീട്ടിലോട്ട് ചെന്നപ്പോള്‍ ഇരുപത് പേരും അവിടെ ഉണ്ടായിരുന്നു.നാട്ടിന്‍ പുറത്ത് പപ്പടം ഉണ്ടാക്കി അമേരിക്കയിലേക്ക് കയറ്റി അയക്കുന്നതിനേകുറിച്ചുള്ള ഡിസ്ക്കഷനിലായിരുന്നു അവര്‍.കൃത്യം ആ സമയത്ത് തന്നെയാണു ഒരു കൈയ്യില്‍ താളിയോല കെട്ടും മറുകൈയ്യില്‍ ഒരു പശുവിനെയും പിടിച്ച് സര്‍വ്വാഭരണവിഭൂഷിതനായി ഞാന്‍ അങ്ങോട്ട് ചെന്നത്.എന്‍റെ വരവും നില്‍പും ഭാവവും കണ്ട് അവരെല്ലാം എന്നെ അമ്പരന്ന് നോക്കി,ഇത് എന്തിന്‍റെ കുഞ്ഞാ എന്ന മട്ടില്‍.

ഭാഗ്യത്തിനു കൂട്ടത്തില്‍ ഇരുന്ന അമ്മായിക്ക് എന്നെ മനസ്സിലായി.അമ്മായി വെപ്രാളത്തോടെ ചാടി ഇറങ്ങി വന്ന് ചോദിച്ചു:
"മനു,എന്താടാ"
പശുവിനെ കുറിച്ച് ഒന്നും പറയരുത് എന്ന അമ്മാവന്‍റെ അഭ്യര്‍ത്ഥന മനസ്സില്‍ ഓര്‍ത്ത് ഞാന്‍ വന്ന കാര്യം മാത്രം പറഞ്ഞു:
"കല്യാണമാ.."
എന്‍റെ മറുപടി കേട്ടതും ആ സാധു സ്ത്രീ അമ്പരപ്പോടെ എന്നെയും പശുവിനെയും മാറിമാറി നോക്കി.അവരുടെ നോട്ടത്തിലെ പന്തികേട് കണ്ട് ഞാന്‍ മനസ്സിലോര്‍ത്തു.എന്തായിരിക്കും അവര്‍ ആലോചിക്കുന്നത്?
എനിക്കും ഈ പശുവിനും കല്യാണമാണോ എന്നോ?
അതോ എനിക്ക് വട്ടായോ എന്നോ?
അതല്ല നാട്ടില്‍ ഇത്രയും പെണ്ണുങ്ങളുണ്ടായിട്ട് എനിക്ക് ഈ പശുവിനെ മാത്രമേ കിട്ടിയുള്ളോ എന്നോ?

എന്തായാലും എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലായ ഞാന്‍ അമ്മായിയുടേ ആ ധാരണ തിരുത്താന്‍ പറഞ്ഞു:
"കല്യാണം വിളിക്കാന്‍ വന്നതാ"
ഈ പ്രാവശ്യം അമ്മായി മാത്രമല്ല,അവിടിരുന്ന ഇരുപത് പേരും ഞെട്ടി.അവരുടെ നാട്ടില്‍ കല്യാണം വിളിക്കാന്‍ പോകുമ്പോള്‍ പെണ്ണിന്‍റെ ഭാഗം വിളിക്കാന്‍ അമ്മയോ,അമ്മായിയോ,പെങ്ങളോ എന്തിന്` അയലത്തെ ചേച്ചിയെ വരെ കൊണ്ട് പോയ ചരിത്രമുണ്ട്.പക്ഷേ അവരുടെ ജീവിതത്തില്‍ ഇത് ആദ്യ അനുഭവും ആണത്രേ,ഒരാള്‍ പശുവിനെയും കൊണ്ട് പെണ്ണിന്‍റെ ഭാഗം വിളിക്കാന്‍ വരുന്നത്.
ഞാന്‍ എന്ത് പറയാന്‍?
പശുനേം കൊണ്ട് കല്യാണം വിളിക്കാന്‍ വന്നതാണന്നോ അല്ലന്നോ പറയാന്‍ പറ്റാത്ത് അവസ്ഥ.എനിക്ക് തല കറങ്ങുന്ന പോലെ തോന്നി.

അമ്മായിയുടെ മുഖം പതുക്കെ ഇരുണ്ട് തുടങ്ങിയ പോലെ.അവരെ കുറ്റം പറയണ്ടാ,അവരുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവം.ഒരു അല്പം സമയം കിട്ടിയിരുന്നെങ്കില്‍ സത്യം പറഞ്ഞ് ബോധ്യപ്പെടുത്താമായിരുന്നു.ഞാന്‍ ഇങ്ങനെ ആലോചിച്ച് നിന്നപ്പോള്‍ അമ്മായി പതുക്കെ തല തിരിച്ച് കോഴിക്കൂട്ടിലേക്ക് നോക്കി.എന്‍റെ പ്രകടനത്തിനു പകരമായി കല്യാണത്തിനു അമ്മാവന്‍റെ കൂടെ ഏതെങ്കിലും പിടക്കോഴിയെ പറഞ്ഞ് വിടാം എന്നാലോചിക്കുകയായിരിക്കും, പാവം,എനിക്ക് തന്നെ സഹതാപം തോന്നി.

ഞാന്‍ ഇങ്ങനെ ധര്‍മ്മസങ്കടത്തില്‍ നിന്നപ്പോള്‍ കൂട്ടത്തില്‍ നിന്നും ഒരു പ്രായമായ സ്ത്രീ എന്‍റെ അടുത്ത് വന്ന് ചോദിച്ചു:
"മോനെവിടാ ജോലി?"
കൂട്ടത്തില്‍ ഇച്ചിരി വകതിരിവും കാര്യബോധവും ഉള്ളത് ഇവര്‍ തന്നെ എന്നുറപ്പിച്ച് ഞാന്‍ പറഞ്ഞു:
"ബാംഗ്ലൂരിലാ"
അവര്‍ എല്ലാം മനസ്സിലായ രീതിയില്‍ ഒന്നു തല കുലുക്കി.എന്നിട്ട് തിരിഞ്ഞ് എല്ലാരോടുമായി പ്രഖ്യാപിച്ചു:
"പയ്യന്‍ ബാംഗ്ലൂരിലാ.അവിടെ എല്ലാര്‍ക്കും തിരക്കല്ലിയോ?അവിടെ ഇതൊക്കെ പതിവാ"
പിന്നെ,ബംഗ്ലൂരില്‍ ജീവിത തിരക്ക് കാരണം കല്യാണം വിളിക്കാന്‍ കാളയേയും പശൂനേം അല്ലിയോ പറഞ്ഞ് വിടുന്നത്?

എന്‍റെ ദൈവമേ,വീരപ്പന്‍ ചത്തില്ലായിരുന്നെങ്കില്‍ വിളിച്ചോണ്ട് വന്ന് ഇവരെയെല്ലാം വെടിവച്ച് കൊല്ലിക്കാമായിരുന്നു.

എന്‍റെ കൈയ്യില്‍ ഇരിക്കുന്ന താളിയോല കെട്ട് കണ്ട് കൂട്ടത്തില്‍ ഒരു ചേച്ചിക്ക് ഒരു സംശയം.അവരത് മറച്ച് വയ്ക്കാതെ ചോദിക്കുകയും ചെയ്തു:
"മോന്‍റെ കൈയ്യിലെന്താ,പശുവിനുള്ള വൈക്കോലാ"
എന്‍റെ കാടാമ്പുഴ ഭഗവതി !!!
ഒരു കുറിക്ക് പത്ത് രൂപ കൊടുത്ത് ഞാന്‍ അടിപ്പിച്ച താളിയോല കെട്ട് നോക്കി ചോദിച്ച ചോദ്യം കേട്ടില്ലെ?
മൈ ഡിയര്‍ യംഗ് ലേഡി,ഡോണ്‍ഡ് ബീ ദിസ്സ് മച്ച് ക്രൂവല്‍.
ഉള്ളീല്‍ തിളച്ച് വന്ന രോഷം അടക്കി ഞാന്‍ പറഞ്ഞു:
"അല്ല,കല്യാണ കുറിയാ"
ഇത് കേട്ടതോടെ അവിടിരുന്ന ഒരു അമ്മുമ്മ തന്‍റെ സഹതാപം രേഖപ്പെടുത്തി:
"കഷ്ടം!!! മോനൊരു കാര്‍ഡ് എങ്കിലും അടിക്കാമായിരുന്നു.ഇതിപ്പോ ഓലക്കാലിലൊക്കെ എഴുതികൊണ്ട് വരികാ എന്നു വച്ചാല്‍ ഒരു പഴഞ്ചന്‍ ഏര്‍പ്പാടാ"
കണ്ണില്‍ ചോരയില്ലാതെ തള്ള പറഞ്ഞത് കേട്ടില്ലേ?
കര്‍ത്താവേ,കേരളത്തിലെ ഗ്രാമങ്ങളില്‍ വികസനം ഇല്ലന്ന് ആരാ പറഞ്ഞത്?

"മോന്‍ എങ്ങനാ വന്നത്?"
ഒരു അമ്മാമ്മ.അവര്‍ക്ക് അത് മാത്രം അറിഞ്ഞാല്‍ മതി.പാവം ,ഞാന്‍ മറുപടി കൊടുത്തു:
"കാറിലാ"
എന്‍റെ മറുപടി കേട്ടതും അവരുടെ മുഖത്ത് ഒരു അത്ഭുതഭാവം ഞാന്‍ കണ്ടു.അവര്‍ അതേ ഭാവത്തോടെ പശുവിനെ നോക്കി.ഞാന്‍ നോക്കിയിരിക്ക തന്നെ അവരുടെ മുഖത്ത് പല ഭാവങ്ങള്‍ മിന്നി മറഞ്ഞു.
ഉം..ഉം..മനസ്സിലായി..
ഞാന്‍ ഈ പശുവിനെ കാറിന്‍റെ ഫ്രണ്ട് സീറ്റിലാണോ അതോ ബാക്ക് സീറ്റിലാണോ ഇരുത്തി കൊണ്ട് വന്നത് എന്ന് ആലോചിക്കുകയാവും.അതോ എന്തോരം വലിയ കാറിലാ ഞാന്‍ വന്നത് എന്ന് ആലോചിക്കുകയാണോ?
ആദ്യത്തെ വിളിക്ക് ഇങ്ങോട്ട് പുറപ്പെട്ട നിമിഷത്തെ ഞാന്‍ മനസ്സാല്‍ ശപിച്ചു.ഏത് നേരമാണോ എനിക്ക് ഈ ദൌത്യം ഏല്‍ക്കാന്‍ തോന്നിയത്?
അപ്പോഴും അമ്മാമ്മയുടെ മുഖത്ത് വിവിധ ഭാവങ്ങളായിരുന്നു.അവരുടെ പിടുത്തം ഇപ്പോഴും പശുവിന്‍റെ മേത്ത് തന്നെ.

നല്ല വെയില്‍.കൂടാതെ മണ്ടന്‍ ചോദ്യങ്ങളും.ഞാന്‍ തളര്‍ന്നു.ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല.അപ്പോഴാണു ദൈവദൂതയെ പോലെ ഒരു ചേച്ചി ചോദിച്ചത്:
"വിശന്ന് തളര്‍ന്ന് കാണും അല്ലേ?"
ഞാന്‍ വിശന്നെന്നോ ഇല്ലന്നോ പറഞ്ഞില്ല,ദയനീയമായി ആ ചേച്ചിയേ ഒന്നു നോക്കുക മാത്രം ചെയ്തു.അവര്‍ എന്‍റെ അടുത്തോട്ട് വന്നു.എന്നിട്ട് ചോദിച്ചു:
"കുറച്ച് കാടിയും വൈക്കോലും എടുക്കട്ടേ?"
"എനിക്കാണോ?"
"അല്ല,പശുവിന്"
ഞാന്‍ വെറുതെ തലയാട്ടി.പാവം ആ നാല്‍ക്കാലിയുടെയെങ്കിലും വയര്‍ നിറയട്ടെ.

എന്തായാലും അവര്‍ എന്നെ പട്ടിണിക്കിട്ടില്ല.സ്വല്പം പ്രായമായ ഒരു സ്ത്രീ ഒരു മൊന്തയ്ക്കകത്ത് സംഭാരവുമായി വന്നു.അത് എന്‍റെ നേരെ നീട്ടികൊണ്ട് നാണത്തോടെ ഒരു ചോദ്യം:
"പേരെന്താ?"
"മനു" ഞാന്‍ മറുപടി പറഞ്ഞു.
"അയ്യോ,മോന്‍റെയല്ല.."
ഓ,പശുവിന്‍റെ..
അല്ലേലും നാട്ടിന്‍പുറത്തിലുള്ളവരെല്ലാം ഇങ്ങനാ,വളര്‍ത്ത് മൃഗങ്ങളോടെ വളരെ സ്നേഹമുള്ളവരാ.ഇങ്ങനെ മനസ്സിലോര്‍ത്ത് ഞാന്‍ പശുവിന്‍റെ പേര്‌ പറഞ്ഞു:
"കല്യാണി"
അവര്‍ക്ക് അത് ബോധിച്ചു എന്ന് തോന്നുന്നു.നിറഞ്ഞ മനസ്സോടെ ഒന്നു ചിരിച്ചു.എന്നിട്ട് എല്ലാരോടും ഒരു ചോദ്യം:
"മനു-കല്യാണി,നല്ല ചേര്‍ച്ച.അല്ലേ?"
ങ്ങേ!!!
അപ്പം പശുവിന്‍റെ പേരല്ലേ ചോദിച്ചത്,പെണ്ണിന്‍റെ പേരായിരുന്നോ?അയ്യോ..
ഞാന്‍ പെട്ടന്ന് തിരുത്തി:
"കല്യാണി ഈ പശുവാ,പെണ്ണിന്‍റെ പേര്‌ ഗായത്രി"
ചുറ്റും നിന്നവരുടെ കണ്ണിലൊക്കെ എന്നോട് ഒരു ആരാധന ഞാന്‍ കണ്ടു.സ്വന്തം പെണ്ണിനെ മറന്ന് പശുവിനെ സ്നേഹിച്ചവന്‍,യഥാര്‍ത്ഥ മൃഗസ്നേഹി!!!

കെട്ടിയോനോടും മക്കളോടും കായംകുളത്ത് നിന്നും ഒരുത്തന്‍ പശുവിനെയും കൊണ്ട് കല്യാണം വിളിക്കാനായി വന്ന കഥ പറയാനായി ഒരോരുത്തര്‍ അരങ്ങ് ഒഴിഞ്ഞു.എല്ലാരും പോയികഴിഞ്ഞപ്പോള്‍ ഞാന്‍ അമ്മായിയോട് സത്യം പറഞ്ഞു.നിനക്ക് ഇത് നേരത്തെ പറഞ്ഞ് കൂടായിരുന്നോ മനുകുട്ടാ എന്ന അര്‍ത്ഥത്തില്‍ അമ്മായി താടിക്ക് കൈയ്യും കൊടുത്ത് ഒരു വശത്ത് ഇരുന്നു.പറ്റിയത് പറ്റി,ഇന്ന് കണി കണ്ടവനെ നാളെ കാണാതിരിക്കാന്‍ നോക്കണം എന്ന് ചിന്തിച്ചു കൊണ്ട് ഞാനും ഒരു മൂല കരസ്ഥമാക്കി.അപ്പോഴാണ്` നമ്മുടെ അമ്മാവന്‍ അങ്ങോട്ട് വന്നത്.വന്നപാടെ അമ്മായിയോട് ഒരു ചോദ്യം:
"അറിഞ്ഞോ വിശേഷം?മനുകുട്ടന്‍റെ ജീവിതത്തില്‍ പലതും സംഭവിക്കാന്‍ പോകുകയാ"
ഇതില്‍ കൂടുതല്‍ ഇനി എന്ത് സംഭവിക്കാനാ അമ്മാവാ?ചോദിച്ചില്ല,പകരം ചിരിച്ച മുഖത്തോടെ കല്യാണം വിളിച്ച് ഞാന്‍ അവിടെ നിന്നും ഇറങ്ങി.

തിരിച്ച് വരുന്ന വഴിക്കാണു ഞാന്‍ വീണ്ടും അവളെ കണ്ടത്,നമ്മുടെ സുധാറാണിയെ.എന്നിലെ പ്രതികാരി വീണ്ടും സട കുടഞ്ഞു.ഇന്ന് ഇതുവരെ സംഭവിച്ചത് എല്ലാം മറക്കണം,മാത്രമല്ല എന്‍റെ കല്യാണം അറിഞ്ഞ് സുധാറാണി തലതല്ലി കരയണം.എന്നീ ഉദ്ദേശങ്ങളോടെ ഞാന്‍ പറഞ്ഞു:
"അറിഞ്ഞോ,എനിക്ക് ഒരു കുടുംബമൊക്കെയായി"
ഇത് കേട്ടതും എനിക്ക് ഒരു മന്ദഹാസം സമ്മാനിച്ചിട്ട് അവള്‍ മൊഴിഞ്ഞു:
"ഇങ്ങോട്ട് വന്നപ്പോഴേ ഞാന്‍ കണ്ടായിരുന്നു.എന്തേ വൈഫിനെ അവിടെ കെട്ടി ഇട്ടേച്ച് പോകുന്നത്?"
മാക്രികണ്ണി,മരത്തവളെ നീ എന്താ ഉദ്ദേശിച്ചത്?
ഞാന്‍ ആ പശുവിനെ കെട്ടി കുടുംബം നടത്തുകയാണന്നോ?
ചുമ്മാതല്ലടി നിന്നെ കെട്ടാന്‍ ആരും വരാത്തത്.നീ മൂക്കികൂടെ പല്ല്` കിളിച്ച് പണ്ടാരമടങ്ങി പോകട്ടെ.

അങ്ങനെ ആദ്യത്തെ വിളി കഴിഞ്ഞ് തിരിച്ച് വീട്ടിലോട്ട് കാറോടിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ അമ്മാവന്‍റെ വാചകമായിരുന്നു,
'മനുകുട്ടന്‍റെ ജീവിതത്തില്‍ പലതും സംഭവിക്കാന്‍ പോകുകയാ'
പടച്ചോനേ,കാത്തോളണേ.

കര്‍മ്മണ്യേ വാധികാരസ്തേ






'കര്‍മ്മണ്യേ വാധികാരസ്തേ, മാ ഫലേഷു കദാചനാ'
പ്രതിഫലം ഇച്ഛിക്കാതെ കര്‍മം ചെയ്യുക എന്നാണ്‌ കൃഷ്ണഭഗവാന്‍ ഭഗവത് ഗീതയില്‍ ഉപദേശിച്ചത്.ശരിയാണ്, കര്‍മം ആണ്‌ പ്രധാനം.അതിനു ലഭിക്കേണ്ട ഫലം എന്ത് തന്നെ ആയാലും അത് നമ്മളെ തേടി വരും.
നമ്മളില്‍ എത്ര പേര്‍ ഈ തത്വത്തില്‍ വിശ്വസിച്ച് ജീവിക്കുന്നുണ്ട്?
ഞാന്‍ പരിചയപ്പെട്ട വ്യക്തികളില്‍ ഭൂരിഭാഗവും, ചെയ്യുന്ന ജോലിക്ക് കൂലി വേണം എന്ന് ആഗ്രഹിക്കുന്നവരായിരുന്നു.

ഈ കാലഘട്ടത്തില്‍ ഭഗവാന്‍റെ വാക്കുകളെ ഞാന്‍ മാനിക്കുന്നു, എന്നാല്‍ 'മണി ഫസ്റ്റ്, പണി നെക്സ്റ്റ്' എന്ന് കരുതിയിരുന്ന ഒരു ജീവിത രീതി എനിക്കും ഉണ്ടായിരുന്നു.കര്‍മ്മത്തെക്കാള്‍ ഏറെ പ്രതിഫലത്തിനു പ്രാധാന്യം കൊടുത്തിരുന്ന ഒരു കാലഘട്ടം.
ഈ കഥ നടക്കുന്നത് അങ്ങനെ ഒരു കാലഘട്ടത്തിലാണ്..

ആഡംബരമായി കല്യാണം കഴിഞ്ഞ ശേഷം, മധുവിധു സ്വപ്നങ്ങളുമായി മണിയറ പൂകുന്ന നവമിഥുനങ്ങളെ, പിറ്റേന്ന് കൊച്ച്‌വെളുപ്പാന്‍ കാലത്ത് വിളിച്ചുണര്‍ത്തി, 'വിശേഷം വല്ലതുമായോ?' എന്ന് ചോദിക്കുന്ന ഗ്രാമമാണ്‌ എന്‍റെത്.അതിനാല്‍ തന്നെ എഞ്ചിനിയറിംഗിലെ അവസാന കടമ്പയായ പ്രോജക്റ്റ് റിപ്പോര്‍ട്ടും സമര്‍പ്പിച്ച്, ഇനി റിസള്‍ട്ട് വരുന്നത് വരെ വീട്ടില്‍ വിശ്രമം എന്ന് ദൃഡപ്രതിജ്ഞയുമെടുത്ത്, നാട്ടിലെത്തിയ എന്നെ കാണാന്‍ വന്ന അയല്‍ക്കാരും ആവേശത്തോടെ ചോദിച്ചു:
"മോനു ജോലി വല്ലതും ആയോ?"
അയല്‍ക്കാരുടെ ആത്മാര്‍ത്ഥതയില്‍ മനസ്സ് നിറഞ്ഞ് ഞാന്‍ മറുപടി കൊടുത്തു:
"ഇല്ല, നോക്കണം"
എന്‍റെ മറുപടി കേട്ടതും, ഞാന്‍ പഠിത്തം കഴിഞ്ഞ് തിരിച്ച് വന്നതില്‍ സന്തോഷിച്ച് നില്‍ക്കുന്ന അച്ഛന്‍റെ പുറത്ത് തട്ടി, നല്ലവനായ ഒരു അയല്‍ക്കാരന്‍ പറഞ്ഞു:
"വിഷമിക്കേണ്ടാ, എല്ലാം ശരിയാകും"
അയാളുടെ ആ വാചകം കേട്ട് അന്ധാളിപ്പോടെ അച്ഛന്‍ ചോദിക്കുന്നത് കേട്ടു:
"എനിക്ക് എന്ത് വിഷമം?"
പാവം അച്ഛന്‍!!
ജീവിതത്തിലെ സമ്പാദ്യം എല്ലാം ചിലവാക്കി മകനെ എഞ്ചിനിയറിംഗ് ബിരുദധാരി ആക്കിയ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍, ഒരു മുതുകിളവന്‍ വന്ന് 'വിഷമിക്കേണ്ടാ' എന്ന് പറഞ്ഞ വിരോധാഭാസം മനസിലായി കാണില്ല.

ദിവസങ്ങള്‍ കടന്ന് പോയി..
റിസള്‍ട്ട് വന്നു, പ്രതീക്ഷിച്ച പോലെ(ആര്??) നല്ല വിജയം!!
ഇനി ജോലി..
ഗാന്ധിജി 'ക്യുറ്റ് ഇന്ത്യ' എന്ന് പറഞ്ഞത് ഇംഗ്ലീഷ്കാരോട് മാത്രമല്ല, ഇംഗ്ലീഷ് ഭാഷയോടും കൂടിയാണെന്ന വിശ്വാസം എന്നില്‍ ശക്തമായിരുന്നു.അതിനാല്‍ തന്നെ ഇംഗ്ലീഷിലെ പരിചയകുറവിനെ ഒരു അഭിമാനമായി ഞാന്‍ കരുതി പോന്നു.ഇതിനോടൊപ്പം നെറ്റിയില്‍ ഭസ്മവും, ചെവിയില്‍ പൂവും, കൈയ്യില്‍ കവടിയുമായി ജനിച്ച് വീഴുന്ന 'ജ്യോത്സ്യന്‍' എന്ന വര്‍ഗ്ഗത്തിലെ ചില മഹാനുഭാവികള്‍ 'സമയ ദോഷം' എന്ന പട്ടം ചാര്‍ത്തി തന്നത് എന്‍റെ 'ജോലി' സ്വപ്നങ്ങള്‍ക്ക് ഒരു വിഘാതവുമായി.

എങ്കില്‍ തന്നെയും, 'ഈശ്വരോ രക്ഷതു' എന്ന ആപ്ത വാക്യത്തില്‍ വിശ്വസിച്ച്, കാലത്ത് കുളിച്ചൊരുങ്ങി, അമ്പലത്തില്‍ തൊഴാന്‍ പോകുന്നത്, ഞാന്‍ ഒരു പതിവാക്കി മാറ്റി.ദിവസവും ജോലി അപേക്ഷക്ക് വേണ്ടിയുള്ള ഈ യാത്ര കാണുമ്പോള്‍, അമ്പലപരിസരത്തുള്ള ആല്‍ത്തറയില്‍ ഇരുന്ന് പണിക്കത്തിത്തള്ള ചോദിക്കും:
"മോനു ജോലി ഒന്നും ആയില്ല അല്ലേ?"
ബഹുമാനത്തോടെ ഞാന്‍ മറുപടി കൊടുക്കും:
"ഇല്ല അമ്മേ, ആവുമായിരിക്കും"
ജോലി ആയില്ല എന്ന എന്‍റെ മറുപടി കേട്ട്, ഒരു പ്രത്യേക സന്തോഷഭാവത്തില്‍ അവരെന്നെ തിരിച്ച് അനുഗ്രഹിക്കും:
"മോന്‍ നന്മ ഉള്ളവനാ, നന്നായി വരും""
ശരി!!
ഇതൊരു തുടര്‍ക്കഥയായി..
ദിവസവും 'ജോലി ആയോന്നുള്ള' ചോദ്യവും എന്‍റെ വിഷമ മറുപടിയും, പിന്നെ അവരുടെ അനുഗ്രഹവും.ഇത് കേട്ട് കേട്ട് ഞാന്‍ മടുത്തു.ജോലിയെ കുറിച്ചുള്ള ആ ചോദ്യത്തെ തന്നെ ഞാന്‍ വെറുത്തു.അങ്ങനെ ഒരുനാള്‍ അമ്പലത്തില്‍ പോയ എന്നോട് അവര്‍ പതിവ് ചോദ്യം ചോദിച്ചു:
"മോനു ജോലി ഒന്നും ആയില്ല അല്ലേ?"
പെട്ടന്നുണ്ടായ മനോവിഷമത്തില്‍ ഞാന്‍ അലറി പറഞ്ഞു:
"തള്ളേടെ പതിനാറടിയന്തിരത്തിനു മുമ്പ് ജോലി ആയാല്‍ ഞാന്‍ വീട്ടില്‍ വന്ന് പറയാം"
((ഠോ))
അമ്പലത്തില്‍ ഒരു വെടി ശബ്ദം!!
ഓര്‍ക്കാപ്പുറത്ത് ഉള്ള ഈ മറുപടിയില്‍ അവരൊന്ന് ഞെട്ടി, പിന്നെ രണ്ട് കൈയ്യും അവരുടെ തലയില്‍ വച്ച് എന്നെ മാക്സിമം അനുഗ്രഹിച്ചു:
"നീയൊരു നശൂലമാടാ, നീ മുടിഞ്ഞ് പോകും"
പിന്നെ, മുടിഞ്ഞ് പോകും പോലും..
നന്നാവും എന്ന് പറഞ്ഞിട്ട് നന്നായില്ല, പിന്നാ നശിക്കുന്നത്!!
വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു..
സത്യാവസ്ഥ മനസിലാക്കി അച്ഛന്‍ എന്നെ അനുഗ്രഹിച്ചു:
"ഇനി നിനക്ക് മനസമാധാനം ലഭിക്കും"
ശരിയായിരുന്നു..
അതില്‍ പിന്നെ 'ജോലി ആയോന്ന്' നാട്ടില്‍ ആരും തിരക്കിയില്ല!!

ഭാര്‍ഗ്ഗവന്‍മാമ, എന്‍റെ വകയിലൊരു അമ്മാവനാ..
അങ്ങേര്‍ക്ക് ആകെ ഉള്ളത് ഒരു മകനും ഒരു മകളുമാ.മകളെ കെട്ടിച്ച് അയച്ചു, മകന്‍റെ പഠിത്തം കഴിഞ്ഞ് ജോലിയുമായി.വെറ്റില മുറുക്കും, സ്വന്തം മക്കളെ പൊക്കി പറയുന്ന സ്വഭാവവും മാറ്റി നിര്‍ത്തിയാല്‍ വളരെ നല്ല മനുഷ്യനാണ്‌ ഈ കഥാനായകന്‍.
ജോലി ആയോന്ന് ചോദിക്കുന്നവരെ, അത് ആരു തന്നെ ആയാലും, തിരിച്ച് തന്തക്ക് വിളിക്കുന്ന മാനസികാവസ്ഥയിലേക്ക് ഞാന്‍ മാറിയ ആ കാലഘട്ടത്തിലാണ്‌ ഇങ്ങേര്‌ ക്ഷേമം അന്വേഷിക്കാന്‍ എന്‍റെ വീട്ടില്‍ വന്നത്..
നാലും കൂട്ടി മുറുക്കി, നാട്ടുകാരോടും അച്ഛനോടുമെല്ലാം പരദൂക്ഷണം പറഞ്ഞ് കൊണ്ട് അദ്ദേഹം ഇങ്ങനെ ഇരിക്കുന്നു.അമ്മയും മറ്റ് സ്ത്രീ ജനങ്ങളും ബഹുമാന ഭാവത്തില്‍ അടുത്ത് ഉണ്ട്.അപ്പോഴാണ്‌ കഷ്ടകാലത്തിനു ഞാന്‍ അവിടെ ചെന്നത്.
ഭാര്‍ഗ്ഗവന്‍മാമ ഒരു ചോദ്യം:
"എന്താടാ, വേലയും കൂലിയും ഒന്നും ഇല്ലേ?"
"ഒന്നും ആയില്ല"
എന്‍റെ മറുപടി കേട്ടതും മുഖത്ത് ഒരു പരിഹാസ ചിരി വരുത്തി, വായില്‍ കിടക്കുന്ന മുറുക്കന്‍ ആസ്വദിച്ച് ചവച്ച്, ഒരു പ്രത്യേക ടോണില്‍ അദ്ദേഹം പറഞ്ഞു:
"എന്‍റെ മോന്‍ പഠിച്ച് ഇറങ്ങിയ അന്നു തന്നെ ജോലി ആയി"
അത് കേട്ടതും, അതേ ടോണില്‍ ഞാന്‍ ചോദിച്ചു:
"മാമന്‍റെ മോള്‌ കെട്ടിയ അന്നു തന്നെ നാല്‌ പെറ്റോ?"
ഹോ, വാട്ട് എ കൊസ്റ്റ്യന്‍!!
കാലിന്‍ മേല്‍ കാല്‌ കേറ്റി വച്ച് ഇരുന്ന ഭാര്‍ഗ്ഗവന്‍മാമ അറിയാതെ എഴുന്നേറ്റതും, തലയില്‍ കൈ വച്ച് അച്ഛന്‍ കുത്തിയിരുന്നതും ഒരേ നിമിഷം ആയിരുന്നു.ഇപ്പോള്‍ മാമയുടെ വായില്‍ മുറുക്കാന്‍ ഇല്ല, ഓര്‍ക്കാപ്പുറത്ത് ഞെട്ടിയപ്പോള്‍ അത് വയറ്റില്‍ എത്തിയതാവാം.
പാവം മാമന്‍!!
('ചത്താല്‍ തിരിഞ്ഞ് നോക്കില്ല' എന്ന് പ്രഖ്യാപിച്ചു അന്നവിടെ നിന്നും പോയ മാമന്‍ ഇന്നലെ വീണ്ടും വീട്ടില്‍ വന്നു.ചോദിച്ചപ്പോള്‍ പറയുവാ, 'ചത്തില്ലന്ന്'!!)

മാമനോടുള്ള എന്‍റെ ആ ചോദ്യത്തിന്‍റെ ആഫ്ക്ടര്‍ ഇഫക്ടായിരുന്നു, അച്ഛന്‍ മുന്‍കൈ എടുത്ത് നാട്ടില്‍ വാങ്ങി തന്ന ജോലി.കാശിനോടുള്ള ആര്‍ത്തിയും, വല്യ വല്യ മോഹങ്ങളും അവിടെ നിന്നും എന്നെ ബാംഗ്ലൂരില്‍ എത്തിച്ചു.നാട്ടില്‍ കഞ്ഞിയും കുടിച്ച് കപ്പ കഷ്ണവും തിന്നു നടന്ന എനിക്ക് ബാംഗ്ലൂര്‍ ജീവിതം ഒരു അത്ഭുതമായിരുന്നു.ഇവിടുത്തെ തിരക്കിനിടയില്‍ ജീവിതം കരു പിടിപ്പിക്കാന്‍ ഒരു നെട്ടോട്ടം.ദൈവം കനിഞ്ഞു, ആഗ്രഹിച്ചതു പോലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ആയി.

ഓഫീസിലെ ആദ്യ ദിവസങ്ങള്‍..
പ്രത്യേകിച്ച് പണി ഒന്നും ഇല്ല.രാവിലെ വരുക, സിസ്റ്റം ഓണ്‍ ചെയ്യുക, കുഷ്യന്‍ ഇട്ട കസേരയില്‍ സിസ്റ്റത്തിനു അഭിമുഖമായി ഇരിക്കുക, ഗൂഗിളില്‍ വെറുതെ സെര്‍ച്ച് ചെയ്യുക..
ഇത് തന്നെ പണി!!
അങ്ങനെ ഇരിക്കെ എന്‍റെ എക്സ്റ്റെന്‍ഷന്‍ നമ്പരിലേക്ക് ഒരു കോള്‍ വന്നു.'റിസോഴ്സ് അലോട്ട്‌മെന്‍റ്‌ ഡിപ്പാര്‍ട്ട്‌മെന്‍റ്‌' അഥാവാ 'വെറുതെ ഇരിക്കുന്നവര്‍ക്ക് പണി കൊടുക്കുന്ന' വിഭാഗത്തിലെ ഒരു സുമുഖി ആയ മായാചന്ദ്രന്‍റെ ഫോണായിരുന്നു അത്..
"ഈസ് ഇറ്റ് മനു?"
ഇംഗ്ലീഷില്‍ മനു ആണോന്ന് ചോദ്യം.വിട്ട് കൊടുത്തില്ല, വച്ച് കാച്ചി:
"യെസ്സ്, യെസ്സ്, യെസ്സ്, മനു"
സൂപ്പര്‍സ്റ്റാര്‍ രജനി കാന്തിനെ പോലെ എക്കോ വച്ച് സംസാരിച്ചതിനാലാവാം, മറു സൈഡില്‍ ഒരു നിശബ്ദത.അല്പം കഴിഞ്ഞ് വീണ്ടും കിളിനാദം:
"ആര്‍ യൂ ഇന്‍ ബഞ്ച്?"
ഞാന്‍ ബഞ്ചിലാണോന്ന്??
ഐടി കമ്പിനികളില്‍ ജോലി കിട്ടുന്നവര്‍ക്ക്, പ്രത്യേകിച്ച് പ്രോജക്റ്റ് ഒന്നും ഇല്ലെങ്കില്‍ 'ബഞ്ചില്‍' ആണെന്നാണ്‌ പറയുക.നാട്ടിന്‍ പുറത്ത് നിന്നും എത്തിയ എനിക്ക്, ആകെ അറിയാവുന്നത് പത്താം ക്ലാസ്സ് വരെ പഠിച്ച സ്ക്കുളുകളിലെ ബഞ്ചാണ്.മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ഞാന്‍ ഇരിക്കുന്ന പോലത്തെ കസേര കൂടാതെ ബഞ്ചും ഉണ്ടെന്നത് ആ ചോദ്യത്തില്‍ നിന്നാണ്‌ ആദ്യമായി ഞാന്‍ മനസിലാക്കിയത്.
എന്‍റെ മറുപടി ലഭിക്കാത്തതിനാലാകാം, അവള്‍ വീണ്ടും ചോദിച്ചു:
"മനു, ആര്‍ യൂ ഇന്‍ ബഞ്ച്?"
അറിയാവുന്ന ഇംഗ്ലീഷില്‍ ഞാന്‍ മറുപടി കൊടുത്തു:
"നോ, ഐ അം ഇന്‍ ചെയര്‍"
മറുഭാഗത്ത് ഫോണ്‍ കട്ട് ചെയ്യുന്ന ശബ്ദം!!
എന്ത് പറ്റി??
ഞാന്‍ ഇരിക്കുന്നത് കസേരയില്‍ ആണല്ലോ??

മായാചന്ദ്രന്‍ മലയാളി ആയിരുന്നതിനാല്‍, ഈ സംഭവം കമ്പനിയിലെ മലയാളികളില്‍ മാത്രം ഒതുങ്ങി.മായയുടെ സഹായത്താല്‍ ഞാന്‍ ഒരു പ്രോജക്റ്റിലും കയറി..
റിസോഴ്സ് അലോക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ നിന്നും, എന്‍റെ പ്രോജക്റ്റിന്‍റെ എച്ച്.ആര്‍ വിഭാഗത്തിലേക്ക് മായക്ക് മാറ്റവുമായി.പ്രോജക്റ്റ് തീര്‍ന്നപ്പഴത്തേക്കും ഞാനും മായയും തമ്മില്‍ നല്ല കമ്പനിയായി.
ആ ഫ്രണ്ട്ഷിപ്പിന്‍റെ പുറത്ത് മായ എന്നോട് ഒരു കാര്യം പറഞ്ഞു..
ഞാന്‍ പ്രോജക്റ്റ് ചെയ്ത് കൊടുത്ത കമ്പനിയില്‍ നിന്നും ഒരു സായിപ്പ് വരുന്നുണ്ടത്രേ.മായക്കും, ടീം ലീഡിനും, അയാളൊടൊത്ത് സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ ഒരു ഡിന്നര്‍ കമ്പനി സ്പോണ്‍സര്‍ ചെയ്തു പോലും.
എനിക്ക് സഹിക്കുമോ??
ജോലി ചെയ്തത് ഞാനൂടെ ചേര്‍ന്ന് അല്ലേ??
അപ്പോള്‍ എനിക്കും ഡിന്നര്‍ വേണം!!

ഒടുവില്‍ മായ ഇടപെട്ട് ടീമിനു മുഴുവനായി സായിപ്പിനോടൊത്ത് സെവന്‍ സ്റ്റാര്‍ ഹോട്ടലിലെ വിരുന്നിനു അനുമതി വാങ്ങി.കര്‍ണ്ണാടകകാരനായ ടീം ലീഡ്, സായിപ്പ്, എന്‍റെ കൂടെ വര്‍ക്ക് ചെയ്യുന്ന ആന്ധ്രാ സ്വദേശി ശ്രീഹരി, പിന്നെ മലയാളികളായ ഞാനും മായയും..
വിരുന്നിന്‍റെ തീയതിയും എന്‍റെ റും മേറ്റ് ശരത് പിറന്നാള്‍ ചിലവ് തരാമെന്ന് ഏറ്റ തീയതിയും ഒന്ന് തന്നെ.ശരത് വാങ്ങി തരാന്‍ പോകുന്ന നാല്‌ കെ.എഫ്.സി ചിക്കനെക്കാള്‍, സെവന്‍ സ്റ്റാര്‍ ഡിന്നറിനെ ഞാന്‍ വിലമതിക്കുന്നു.
അങ്ങനെ ഡിന്നറിനു പോകാന്‍ ഞാന്‍ തീരുമാനിച്ചു.
പക്ഷേ ഒരു കുഴപ്പം..
കത്തിയും മുള്ളും ഉപയോഗിച്ച് ആഹാരം കഴിക്കാന്‍ അറിയില്ല!!
ഡിന്നറിന്‍റെ തലേ ദിവസം കൂട്ടുകാരോടൊപ്പം വന്‍ ട്രെയിനിംഗ്..
അങ്ങനെ ഡിന്നര്‍ ദിവസം സമാഗതമായി...

സെവന്‍ സ്റ്റാര്‍ ഹോട്ടല്‍..
ആ ഹോട്ടലിന്‍റെ പേരിവിടെ പരാമര്‍ശിക്കുന്നില്ല.എന്നാല്‍ സൌകര്യങ്ങള്‍ പറയാം.
വിശാലമായ ഹാള്‍, നനുത്ത ഏസി, കൊട്ടാരം പോലത്തെ ഡെക്കറേഷന്‍, ആകെ അടിപൊളി..
വാതില്‍ പടിയില്‍ തൊട്ട് കുമ്പിട്ട്, ഞാന്‍ ഡിന്നര്‍ ഹാളില്‍ കയറി.എന്നിട്ട് എല്ലാവരും ചെയ്യുന്ന പോലെ, എനിക്കായുള്ള സീറ്റില്‍ ആസനം ഉറപ്പിച്ചു.അങ്ങനെ സെവന്‍ സ്റ്റാര്‍ ഫുഡിംഗ് ആരംഭിച്ചു.

രാജാവിനെ പോലെ കിരീടം വച്ച ഒരാള്‍ വന്ന് നാല്‌ ഗ്ലാസ്സ് ടേബിളില്‍ വച്ചു.തൊട്ട് പിറകിനു മന്ത്രി വന്ന് നാല്‌ ഗ്ലാസിലും വെള്ളം നിറച്ചു.അതിനു ശേഷം രാജാവും മന്ത്രിയും തിരികെ പോയി.
പിന്നെ ഒരു അനക്കവുമില്ല!!
ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ രാജാവ് വന്നു നാല്‌ പ്ലേറ്റ് വച്ചു.
എനിക്കാണെങ്കില്‍ വിശന്നു തുടങ്ങി....
സായിപ്പ് മുന്നിലിരിക്കുന്ന കാരണം മാനേഴ്സ് കീപ്പ് ചെയ്യണമെല്ലോ!!
ഞാന്‍ മായയെ നോക്കിയപ്പോള്‍ അവളും പ്രാന്ത് പിടിച്ച് എന്നെ നോക്കുന്നു.
ഈശ്വരാ..
ഇതെന്ത് പരീക്ഷണം??
ആഹാരം ഓര്‍ഡര്‍ ചെയ്യാനുള്ള മെനു എവിടെ?

അപ്പോള്‍ രാജാവ് ആകെ മൂടി പിടിപ്പിച്ച, കൊട്ടാരത്തിലെ അലങ്കാര ഭരണി പോലത്തെ ഒരു പാത്രം മുന്നില്‍ കൊണ്ട് വച്ചു.മെനു നോക്കി ഒന്നും ഓര്‍ഡര്‍ ചെയ്യേണ്ടാ എന്നും, കമ്പിനിക്ക് വേണ്ടി താന്‍ നേരിട്ട് ഓര്‍ഡര്‍ ചെയ്ത സ്പെഷ്യല്‍ ആഹാരമാണ്‌ പാത്രത്തിലെന്നും ടീം ലീഡ് അറിയിച്ചു.
ചിക്കന്‍ ഉലുത്തിയത്, മട്ടന്‍ പരത്തിയത്, ബീഫ് തെരിത്തിയത്..
ഇങ്ങനെ കേട്ടിട്ടില്ലാത്ത കുറേ കറികള്‍ മനസില്‍ തെളിഞ്ഞു.
ഒടുവില്‍ മായ പാത്രത്തിന്‍റെ മൂടി തുറന്നു...
ഒരു നിമിഷം..
തുറന്നതിലും വേഗം അവള്‍ അത് അടച്ചു.എന്നിട്ട് ദയനീയ സ്വരത്തില്‍ എന്നോട് പറഞ്ഞു:
"ഇത് കഞ്ഞിയാടാ!!"
ങ്ങേ!!
കഞ്ഞിയോ??
മനസില്‍ ഒരു അഗ്നിപര്‍വ്വതം പൊട്ടിയതും, കെ.എഫ്.സിയില്‍ ശരത് ഓര്‍ഡര്‍ ചെയ്ത കോഴി 'കൊക്കരക്കൊക്കൊ' എന്ന് കൂവിയതും ഒരേ നിമിഷമായിരുന്നു..
എന്‍റെ ടീം ലീഡേ, ഇതൊരു മറ്റെടത്തെ പണിയായി പോയി!!
ഇനി എന്ത് ചെയ്യാന്‍??
കഞ്ഞിയെങ്കില്‍ കഞ്ഞി!!
'വിശിഷ്ട ഭോജ്യം' ഭുജിക്കുന്നതിനു മുമ്പ് എല്ലാവരും മുട്ടേല്‍ കുത്തി നിന്ന് പ്രാര്‍ത്ഥിക്കണമെന്ന് ടീം ലീഡിന്‍റെ ആഹ്വാനം.ഹൃദയ വേദനയോടെ ഞാനും പ്രാര്‍ത്ഥിച്ചു..
'സ്വര്‍ഗ്ഗസ്ഥനായ പിതാവേ, ടീം ലീഡിന്‍റെ തലയില്‍ ഇടിത്തീ വീഴേണമേ!!'

സായിപ്പ് വലിയ ആഹ്ലാദത്തിലാരുന്നു.പാത്രത്തിലോട്ട് കഞ്ഞി വിളമ്പിയതും അയാള്‍ അമറി:
"ഹായ് സൂപ്പ്, സൂപ്പ്, റൈസ്സ് സൂപ്പ്"
സൂപ്പോ..
സൂപ്പല്ല കോപ്പേ, ഇത് കഞ്ഞിയാ!!
"ഇന്‍ യുവര്‍ പ്ലേസ്സ് ദിസ് സൂപ്പ് ഈസ് ഫെയ്മസ്സ്, റൈറ്റ്?" സായിപ്പിന്‍റെ ചോദ്യം.
കേരളത്തില്‍ അരിയിട്ട സൂപ്പ് ഫെയ്മസ്സ് ആണോന്ന്??
തികട്ടി വന്ന ദേഷ്യം കടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു:
"യെസ്, ദെയര്‍ ദിസ് ഇസ് 'കഞ്ഞി' "
അത് കേട്ടതും എല്ലാമറിയുന്നവനാണെന്ന ഭാവത്തില്‍ സായിപ്പ് പറഞ്ഞു:
"ഐ നോ, ഐ നോ, കന്നി, കന്നി"
കന്നിയും, കര്‍ക്കടകവും ഒന്നുമല്ല സായിപ്പേ, കഞ്ഞി..
കെ.എ.എന്‍.എന്‍.ഐ!!
എവിടെ?? ആരോട്??

എന്‍റെ വിഷമം മനസിലാക്കി മായ ഇടപെട്ടു:
"വി ആര്‍ ഡെയ്‌ലി ഹാവിങ്ങ് 'കഞ്ഞി' "
അവള്‍ ദിവസവും കേരളത്തില്‍ വച്ച് കഞ്ഞി കുടിക്കും എന്ന് കേട്ടതും സായിപ്പിനൊരു ബഹുമാനം.അങ്ങേരുടെ കാഴ്ചപ്പാടില്‍ 'കഞ്ഞി' എന്നത് സെവന്‍ സ്റ്റാര്‍ ഹോട്ടലിലെ മാത്രം വിഭവം ആണ്.മായയെ മാത്രം സായിപ്പ് ബഹുമാനിക്കുന്നത് എനിക്ക് ഇഷ്ടമായില്ല.അറിയാവുന്ന ഇംഗ്ലീഷില്‍ ഞാനും പറഞ്ഞു:
"ഐയാം ആള്‍സോ കഞ്ഞി"
ഞാനും കഞ്ഞിയാണെന്ന് കേട്ടതോടെ സായിപ്പ് എന്നെയും ബഹുമാനത്തെ നോക്കി...
മതി, എനിക്ക് ഈ നോട്ടം മതി!!
മായയുടെ കണ്ണുകളില്‍ അമ്പരപ്പ്.
പാവം..
ഞാന്‍ ഇങ്ങനെ ഇടിച്ച് കയറി പറയുമെന്ന് കരുതി കാണില്ല!!
ഞാന്‍ ആരാ സാധനം??
വേണേല്‍, രാവിലെ വീട്ടില്‍ 'പഴങ്കഞ്ഞിയാണ്' ആഹാരം എന്ന അര്‍ത്ഥത്തില്‍, 'മോര്‍ണിംഗ് ഐയാം ഓള്‍ഡ് കഞ്ഞി' എന്ന് വരെ പറയാന്‍ എനിക്ക് യാതൊരു വിധ മടിയുമില്ലായിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍ രാജാവ് മറ്റൊരു വിശേഷ വിഭവവുമായി വന്നു..
മരച്ചീനി അഥവാ കപ്പ - പുഴുങ്ങിയത്, നാല്‌ പ്ലേറ്റ്!!
സായിപ്പിനു സന്തോഷം സഹിക്കാന്‍ പറ്റണില്ല..
"ഓ..ടപ്പിയോക്കാ, ടപ്പിയോക്കാ"
'വേലുത്തമ്പി ദളവ' എന്ന സിനിമയില്‍ പറമ്പില്‍ കപ്പ നില്‍ക്കുന്നത് കണ്ട്, 'ടപ്പിയോക്കാ, ടപ്പിയോക്കാ' എന്ന് ഒരു സായിപ്പ് പറഞ്ഞതാ ഓര്‍മ്മ വന്നത്.പറമ്പില്‍ വച്ചാണേല്‍ ബഹദൂര്‍ പറഞ്ഞ പോലെ മറുപടി പറയാമായിരുന്നു..
"തപ്പിനോക്കേണ്ടാ സായിപ്പേ, ചുവട്ടില്‍ തന്നെ കാണും"
ഇവിടെ ഇങ്ങേരോട് എന്ത് പറയാന്‍??
കത്തിയും മുള്ളും ഉപയോഗിച്ച് കഞ്ഞി കുടിക്കാന്‍ അറിയാത്തതിനാല്‍, രാജാവ് കൊണ്ട് വച്ച ഒരു സ്പൂണ്‍ ഉപയോഗിച്ച് ആ വിശിഷ്ട വിഭവം ഞാന്‍ കഴിച്ച് തുടങ്ങി..

അങ്ങനെ ആ സെവന്‍ സ്റ്റാര്‍ ഡിന്നര്‍ കഴിഞ്ഞു.'പേ' ചെയ്യാന്‍ വേണ്ടി രാജാവ് കൊണ്ട് വച്ച ബില്ല്‌ കണ്ടപ്പോള്‍, കമ്പിനി അനുവദിച്ചതിന്‍റെ ഇരട്ടി ബില്ലായെന്നും അത് കൈയ്യില്‍ നിന്നും കൊടുക്കേണ്ടി വരുമെന്നും മനസിലായപ്പോള്‍, ശരിക്കും നക്ഷത്രം എണ്ണി..
ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്..
ശരിയാ, ഏഴ് നക്ഷത്രം!!
ചുമ്മാതല്ല ഹോട്ടല്‍ സെവന്‍ സ്റ്റാറാണെന്ന് പറയുന്നത്!!

ശരത് ഓഫര്‍ ചെയ്ത കെ.എഫ്.സി ചിക്കനെ തള്ളി പറഞ്ഞ്, സെവന്‍ സ്റ്റാര്‍ ഡിന്നറിനു വന്ന്, കഞ്ഞിയും കപ്പയും കുടിച്ച എന്നോട്, എനിക്ക് തന്നെ പുച്ഛം തോന്നി.അല്ല, ഒരു പ്രോജക്റ്റ് ചെയ്ത് കൊടുത്തിട്ട് അവനവന്‍റെ കാര്യം നോക്കാനുള്ളതിനു പകരം, സെവന്‍ സ്റ്റാര്‍ ഡിന്നര്‍ ചോദിച്ച് വാങ്ങിച്ച എന്നെ പറഞ്ഞാല്‍ മതിയല്ലോ!!
സ്വയം കുരിശ് ചുമന്നത് ഓര്‍ത്ത്, ഏതാണ്ട് പോയ അണ്ണാനെ പോലെ നിന്ന എന്നെ, മായാചന്ദ്രന്‍ ഉപദേശിച്ചു:
"കര്‍മ്മണ്യേ വാധികാരസ്തേ, മാ ഫലേഷു കദാചനാ"
(കര്‍മം ചെയ്യുക, പ്രതിഫലം ഇച്ഛിക്കരുത്!!)
ഈശ്വരലീലകള്‍ അറിയാവുന്ന ഞാനും പറഞ്ഞു:
"ഭഗവാന്‍ തേരി മായാ"
(ഭഗവാനേ, എല്ലാം ഈ മായ കാരണമാ!!)

നര്‍മ്മം എന്ന മര്‍മ്മം



ഒരു പാതിരാത്രി..
നിര്‍ത്താതെ ചിലക്കുന്ന കോളിംഗ് ബെല്ലിനെ ശപിച്ചു കൊണ്ട് കതക് തുറന്നു.
സുന്ദരനായ ഒരു യുവാവ്, ടിപ്പ് ടോപ്പ് വേഷം.റോമിയോ സ്റ്റൈലും റോഡിന്‍റെ നിറവും.
പുള്ളിക്കാരന്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു..
ആഹാ, എത്ര മനോഹരം..
കാക്ക തേങ്ങാ പൂള്‌ കൊത്തി കൊണ്ട് പോന്ന പോലെ തന്നെ!!
"ആരാ?"
"ഞാനൊരു ബുദ്ധിജീവിയായ ബ്ലോഗറാ"
"എന്ത് വേണം?"
"സീരിയസ്സായി കുറച്ച് കാര്യം സംസാരിക്കണം"
ശത്രുവിനു നേരെ വാതില്‍ കൊട്ടിയടക്കുന്നതിലും അപകടമാണ്‌ ഒരു ബുദ്ധിജീവി എന്ന് കരുതുന്ന വ്യക്തിക്ക് നേരെ വാതിലടക്കുന്നതെന്ന പൊതു സത്യം മനസിലോര്‍ത്ത്, ആ മുതു പാതിരാത്രിക്ക് അയാളുമായി ഞാന്‍ സംസാരിച്ചു.അയാളുടെ ആവശ്യങ്ങളും എന്‍റെ മനസിലെ സംശയങ്ങളും ഒരു ലേഖനമായി ഞാന്‍ ഇവിടെ കുറിക്കട്ടെ..

ബ്ലോഗ് ഇപ്പോഴും ശൈശവ അവസ്ഥയിലാണെന്നതാണ്‌ അദ്ദേഹത്തിന്‍റെ പരാതി.അദ്ദേഹത്തെ പോലെയുള്ള ബുദ്ധി ജീവികളെല്ലാം ഇപ്പോള്‍ അത് പറഞ്ഞ് കരയുകയാണത്രേ, കഷ്ടം.എന്ത് രീതിയിലാണ്‌ ബ്ലോഗ് ശൈശവ അവസ്ഥയിലാണെന്ന് ചോദിച്ചാല്‍ പ്രത്യേകിച്ച് കാരണം ഒന്നും പറയാനില്ല.ഒന്നൂടെ നിര്‍ബന്ധിച്ച് ചോദിച്ചാല്‍ ഒരു കാരണം നര്‍മ്മമാണത്രേ!!
ഏതൊരു മനുഷ്യനിലും ഒരു കുട്ടിയുണ്ടെന്നാണ്‌ പറയുന്നത്, കുട്ടിക്കാലം പലവിധ രസങ്ങളും നിറഞ്ഞതാണ്.ഒരുപക്ഷേ ഈ ചിന്തയാവാം നര്‍മ്മമാണ്‌ ബ്ലോഗിന്‍റെ ശൈശവ അവസ്ഥക്ക് പിന്നില്‍ എന്ന് പറയാന്‍.
ഇത് ആണോ കാരണം??
ആവോ, എനിക്കറിയില്ല!!

ആ ബുദ്ധിജീവിയുടെ ചിന്താഗതി ഏകദേശം ഇപ്രകാരമാണെന്ന് തോന്നുന്നു..
ഭൂരിഭാഗം പേരും നര്‍മ്മം എഴുതിയാല്‍ ബ്ലോഗ് ശൈശവ അവസ്ഥ.ഇതേ വിഭാഗം പ്രണയം എഴുതിയാല്‍ ബ്ലോഗ് കൌമാര ദശ.ഇവര്‍ ആനുകാലിക സംഭവങ്ങള്‍ എഴുതിയാല്‍ ബ്ലോഗ് യൌവനദശയാകും.ഇനി കുടുംബത്തെ കുറിച്ച് എഴുതിയാല്‍ ബ്ലോഗ് മദ്ധ്യവയസ്ക്കനാകും.ആത്മീയം എഴുതുന്നതോടെ ബ്ലോഗ് കിളവനാകും.പിന്നെ അധികം താമസിക്കാതെ ബ്ലോഗെന്ന മാധ്യമത്തെ തെക്കോട്ടെടുക്കും.അങ്ങനെ ബ്ലോഗിന്‍റെ പതിനാറടിയന്തിരം നടത്തിയട്ട് നമുക്ക് ഒരേ സ്വരത്തില്‍ പറയാം:
"ബ്ലോഗ് ഒരു നല്ല മാധ്യമം ആയിരുന്നു"
ഇതാണോ ഈ ബുദ്ധിജീവിക്ക് വേണ്ടത്??
ആവോ, എനിക്കറിയില്ല!!

ഇനി ചില ബുദ്ധിജീവികളില്‍ കണ്ട് വരുന്ന ഒരു പ്രശ്നമുണ്ട്, ആരെങ്കിലും നര്‍മ്മത്തില്‍ ചാലിച്ച് രണ്ട് കഥ അടുപ്പിച്ച് എഴുതിയാല്‍ ഇവര്‍ തല പൊക്കും.പിന്നീട് ഉപദേശങ്ങളുടെ ഘോഷയാത്രയായി..
ഇനി നര്‍മ്മം എഴുതരുത്, എഴുത്തിനെ സീരിയസ്സയി കാണണം, എഴുത്തില്‍ അസ്പുഷ്ടം വേണം, വായിക്കുമ്പോള്‍ ശിരോഉക്തി വേണം, ഇമ്മാതിരി കുറേ വാചകങ്ങള്‍!!
നിങ്ങളൊന്ന് ആലോചിച്ച് നോക്കിയെ, നന്നായി കവിത എഴുതുന്ന ഒരു വ്യക്തിയോടെ 'ഇനി കവിത എഴുതരുത്, നിങ്ങളൊരു കവി ആയി പോകും.അതിനാല്‍ ഇന്ന് മുതല്‍ കഥാപ്രസംഗം എഴുതു' എന്ന് പറഞ്ഞാല്‍ എങ്ങനിരിക്കും??
പോട്ടെ, നമ്മുടെ ഒരു സൂപ്പര്‍സ്റ്റാറിന്‍റെ അടുത്ത്, 'നായകനാകാന്‍ നിങ്ങള്‍ മിടുക്കനാ, ഇനി നായിക ആവ്' എന്ന് പറഞ്ഞാല്‍ അവര്‍ക്കെന്ത് തോന്നും??
എന്തിനു, മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന ഒരാളോട്, 'ഇനി മീന്‍ വില്‍ക്കേണ്ട, പോയി തെങ്ങേ കേറ്' എന്ന് പറഞ്ഞാലോ??
അയ്യേ, മ്ലേച്ചം.
ഒരു സംശയം, ഇതാണോ ബുദ്ധിജീവിയുടെ ലക്ഷണം??
ആവോ, എനിക്കറിയില്ല!!

ഇനി ഈ വിഭാഗത്തിനു ഒരു ചിന്താഗതിയുണ്ടെന്ന് തോന്നുന്നു, നര്‍മ്മം എഴുതുന്നത് എളുപ്പമാണെന്ന്.അല്ല സുഹൃത്തേ, ഒരിക്കലുമല്ല.കാരണം 'നര്‍മ്മം', എഴുതുന്ന ആളുടെ മനസിലല്ല, വായിക്കുന്ന വ്യക്തിയുടെ മനസിലാണ്‌ വരേണ്ടത്.അല്ലാതെ ഒരു പോസ്റ്റ് എഴുതിയട്ട്, ലേബല്‍ നര്‍മ്മം എന്നും കൊടുത്ത്, വായിക്കുന്ന കൂട്ടുകാരോട് പൊട്ടിച്ചിരിക്കാന്‍ കൂടി പറഞ്ഞാല്‍ അത് നര്‍മ്മം ആകുകയില്ല.അതിനാല്‍ പുതിയ ആളുകളെ ആയാലും, പഴയ ആളുകളെ ആയാലും നര്‍മ്മത്തിന്‍റെ പേരില്‍ തള്ളിക്കളയരുതെന്ന് ഒരു അപേക്ഷയുണ്ട്.

ഇനി മനസില്‍ തോന്നിയ ഒരു കാര്യം പറഞ്ഞോട്ടേ, ബ്ലോഗ് ശൈശവത്തിലാണെന്ന് തോന്നുന്നെങ്കില്‍ അതിനു കാരണം ഒരിക്കലും നര്‍മ്മമല്ല.മറ്റ് ഏതൊരു വിഭാഗത്തെയും പോലെ നര്‍മ്മവും നല്ലൊരു മേഖലയാണ്.നാല്‌ കഥ നര്‍മ്മത്തില്‍ എഴുതുന്ന ഒരു വ്യക്തിയും ആ ചട്ടക്കൂടില്‍ ഒതുങ്ങി പോകില്ല.എഴുതുന്ന ആള്‍ക്ക് താല്‍പര്യമുള്ള കാലത്തോളം അതില്‍ തുടരും എന്നേ ഉള്ളു.പിന്നെ ഏതൊരു മേഖലയും പോലെ ഇതില്‍ വിജയിക്കുന്ന സമയവും കാണും, അതേ പോലെ പരാജയപ്പെടുന്ന സമയവും കാണും.അതിനു ബ്ലോഗ് എന്ന മാധ്യമവുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല.

ബ്ലോഗ് ശൈശവ അവസ്ഥയിലാണെന്ന് പ്രതികരിക്കുന്നതല്ലാതെ, ഇതിനെ എങ്ങനെ രക്ഷപ്പെടുത്താം എന്ന് ആരും പ്രതികരിച്ച് കണ്ടില്ല.പാതിരാത്രി വന്ന ബുദ്ധിജീവിയോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു ആധൂനികവത്കരണം വേണമത്രേ!!
എന്താണ്‌ ആധൂനികവത്കരണം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്??
കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ അമ്മാനമാടുന്നതോ, അതോ എഴുതുന്നവനും വായിക്കുന്നവര്‍ക്കും ഒരേ പോലെ മനസിലാകാതെ ഇരിക്കുന്നതോ??
കവിതയും കഥകളും ആധൂനികവത്കരിക്കാന്‍ ഞാന്‍ ഒന്ന് ശ്രമിക്കട്ടെ..

ഉദാഹരണത്തിനു ഒരു കവിത..
"അങ്കണ തൈമാവില്‍ നിന്ന് ആദ്യത്തെ പഴം വീഴ്‌കേ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചൂട് കണ്ണീര്‍"

ഈ വരികള്‍ ഒന്നു ആധൂനിക വത്കരിക്കട്ടെ..
"കണ്ണിലെ അഗ്നികള്‍ അമ്മതന്‍ വേദന
മണ്ണിലെ മാമ്പഴം ഉണ്ണിതന്‍ ഓര്‍മ്മകള്‍"

എന്ത് മനസിലായി??
ഇങ്ങനെ കവിത എഴുതിയാല്‍ ബ്ലോഗ് രക്ഷപ്പെടുമോ??
ആവോ, എനിക്കറിയില്ല!!

ഇനി ഒരു ഗദ്യം..
"കര്‍ക്കടകം കഴിഞ്ഞു, ചിങ്ങം വന്നു.ഓണമായി പൊന്നോണമായി.മാവേലി മന്നനെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി"

ഒന്ന് ആധൂനികവത്കരിക്കട്ടെ..
"കഠോരകര്‍ക്കടകത്തിന്‍റെ മൃഗീയ കരങ്ങളില്‍ നിന്നും മോചനം.അങ്ങകലെ ചിങ്ങ പുലരിയുടെ പൊന്‍വെട്ടം.കാണം വിറ്റും ഓണം ഉണ്ണണമെന്ന് പറഞ്ഞ കോരനെ ഞെട്ടിക്കും വിധത്തില്‍ പൊന്നോണത്തിന്‍റെ കതിരവന്‍ ഉദിക്കുന്നു.പാതളത്തില്‍ നിന്ന് നിഷ്ക്രമിച്ച മാവേലി മന്നനു ഉത്കൃഷ്ട ഉദാത്ത സ്വീകരണത്തിനു കേരളം മാതൃക"

ഇങ്ങനെ എഴുതിയാല്‍ ബ്ലോഗ് രക്ഷപ്പെടുമോ??
ആവോ, എനിക്കറിയില്ല!!

ഇത്രയും വിശദീകരിച്ച് കഴിഞ്ഞ് ഞാന്‍ പാതിരാത്രിയിലെ ആ സന്ദര്‍ശകനോട് പറഞ്ഞു:
"പ്രിയപ്പെട്ട ബുദ്ധിജീവി, മറുപടി ആഗ്രഹിക്കുന്നു.മനസിലെ സംശയത്തിന്‍റെ അഹോരകരങ്ങളെ വ്യക്ത മറുപടിയുടെ ചൂട് നിശ്വാസങ്ങളാല്‍ ഒന്ന് ധന്യമാക്കു..
മഴകാത്ത് നില്‍ക്കുന്ന വേഴാമ്പലിനെ പോലെ ഞാന്‍ കാത്തിരിക്കുന്നു.."
പക്ഷേ അയാള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല!!
എന്താണ്‌ കാരണം??
ആവോ, എനിക്കറിയില്ല!!

ഇങ്ങനെയെല്ലാം എഴുതിയ സ്ഥിതിക്ക് എന്‍റെ ഒരു അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ബ്ലോഗ് ഇപ്പോഴും ശൈശവ അവസ്ഥയിലാണെന്ന വിലാപങ്ങള്‍ക്ക് കാരണം ഒരിക്കലും എഴുത്തുകാരല്ല.കവിത, ലേഖനം, നര്‍മ്മം, അങ്ങനെ എന്തുമായികൊള്ളട്ടെ, എഴുത്തുകാരന്‍ അവന്‍റെ സൃഷ്ടി കര്‍മ്മം നടത്തുന്നു.'കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്' എന്ന് പറയുന്ന പോലെ, ഏതൊരു എഴുത്തുകാരനും തങ്ങളുടെ രചനകള്‍ പ്രിയപ്പെട്ടതാണ്.അതിനെ കുറിച്ച് നല്ല നല്ല അഭിപ്രായങ്ങളും, പോസിറ്റീവായ വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നതില്‍ അവനെ തെറ്റ് പറയാന്‍ സാധിക്കുകയില്ല.ഇനി മറ്റ് മാധ്യമങ്ങളുടെ വിജയം എന്നത്, അതിനു സാധാരണ ജനങ്ങളിലേക്ക് വരെ ഇറങ്ങി ചെല്ലാന്‍ കഴിയുന്നു എന്നതാണ്.ഇവിടെയാണ്‌ ബ്ലോഗിന്‍റെ പരിമതി, കമ്പൂട്ടര്‍ വിജ്ഞാനവും ഇന്‍റെര്‍നെറ്റ് പരിജ്ഞാനവുമുള്ള ഏതൊരാള്‍ക്കും ബ്ലോഗ് ഒരു മരീചിക അല്ല.എന്നാല്‍ ഇവയെ കുറിച്ച് ഒരു ബോധവുമില്ലാത്ത ജനതയില്‍ കൂടി ബ്ലോഗിനെ കുറിച്ചുള്ള അറിവ് എത്തിച്ചാലേ നമ്മള്‍ ഉദ്ദേശിക്കുന്ന റിസള്‍ട്ട് ലഭിക്കുകയുള്ളന്നാണ്‌ എനിക്ക് തോന്നുന്നത്.പരസ്പരം പഴിചാരാതെ അതിനായി നമുക്ക് ശ്രമിക്കം, ബ്ലോഗ് എന്ന മാധ്യമത്തെ കൂടുതല്‍ ജനകീയമാക്കാനായി.അങ്ങനെയായാല്‍ അഭിമാനത്തോടെ നമുക്ക് പറയാം, ബ്ലോഗ് ശൈശവ അവസ്ഥയിലുള്ള മാധ്യമമല്ല, വളര്‍ന്ന് കൊണ്ടിരിക്കുന്ന മാധ്യമമാണെന്ന്.അതിനായി മുന്നിട്ട് ഇറങ്ങാന്‍ ഒരോരുത്തരോടും ഞാന്‍ അപേക്ഷിക്കുകയാണ്.നമുക്കായി, ബ്ലോഗിനായി, ഈ ബൂലോകത്തിനായി, എല്ലാവരും ശ്രമിക്കുക, പ്ലീസ്സ്!!

വാല്‍ക്കഷ്ണം:
ഈ പോസ്റ്റില്‍ ആദ്യം സൂചിപ്പിച്ച ബുദ്ധി ജീവിക്ക ജീവിച്ചിരിക്കുന്ന ഒരു ബുദ്ധിജീവിയുമായും ബന്ധമില്ല.അതൊരു സാങ്കല്‍പ്പിക കഥാപാത്രമാണ്, അല്ലെങ്കില്‍ അന്ന് പാതിരാത്രിക്ക് ഉറക്കത്തില്‍ ഞാന്‍ ഞെട്ടി ഉണരാന്‍ കാരണമായ കഥാപാത്രം.ഒന്ന് കൂടി, ആരേയും വേദനിപ്പിക്കാനല്ല ഈ പോസ്റ്റ്, ബ്ലോഗിന്‍റെ ഉയര്‍ച്ചക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് അറിയാന്‍ വേണ്ടി മാത്രമാണിത്.ഇതിനെ ഒരു അവിവേകമായി ആരെങ്കിലും കാണുന്നെങ്കില്‍ ദയവായി ക്ഷമിക്കുക.

ഇത് ശകുന്തളയുടെ കഥ




ശകുന്തള..
കാളിദാസന്‍ എന്ന മഹത് പ്രതിഭ രചിച്ച, ശാകുന്തളം എന്ന അതിമനോഹരമായ പ്രണയകാവ്യത്തിലെ നായിക, സൌന്ദര്യത്തിന്‍റെ നിറകുടമായ മുനികുമാരി, പേര്‌ കേള്‍ക്കുമ്പോള്‍ തന്നെ ഏതൊരു ആണിന്‍റെ മനസിലും വശ്യമോഹം ഉണര്‍ത്താന്‍ കഴിവുള്ള മായാജാലക്കാരി...
ഇല്ല, ഈ നായികയെ കുറിച്ച് വര്‍ണ്ണിക്കാന്‍ എനിക്ക് വാക്കുകളില്ല!!
കല്യാണ മോഹവുമായി നടക്കുന്ന യുവകോമളന്‍മാരോട് ഒരു ചോദ്യം..
നിങ്ങള്‍ക്ക് ശകുന്തളയെ കല്യാണം കഴിക്കാന്‍ ഒരു അവസരം ലഭിച്ചാല്‍....?
പെട്ടന്ന് ഒരു മറുപടിയില്ല, അല്ലേ?
എന്നാല്‍ ഈ ചോദ്യം നിങ്ങള്‍ എന്നോടാണ്‌ ചോദിച്ചതെങ്കില്‍ എനിക്ക് ഒരു മറുപടി ഉണ്ട്.
കാരണം എനിക്ക് ഒരിക്കല്‍ ആ അവസരം ലഭിച്ചിരുന്നു.
അത് വിശദീകരിക്കണമെങ്കില്‍ ഏകദേശം ഒരു വര്‍ഷം പുറകിലേക്ക് പോകണം.
അതായത് എനിക്ക് കല്യാണം ആലോചിക്കുന്ന കാലഘട്ടത്തിലേക്ക്..

എന്‍റെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ പെണ്ണ്‌ കാണാന്‍ പോയത് ഉത്തരയെ ആയിരുന്നു.അത് ഞാന്‍ നേരത്തെ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.അവള്‍ എന്നെ വേണ്ട എന്ന് പറഞ്ഞതോട് കൂടി ഞാന്‍ മാനസികമായി തളര്‍ന്നു.എന്‍റെ മനസ്സില്‍ ഒരു സംശയം ബാക്കിയായി..
എനിക്ക് എന്താ ഒരു കുറവ്?
മീശയ്ക്ക് മീശയില്ലേ?
കീശയ്ക്ക് കീശയില്ലേ??
കീശയില്‍ കാശുമില്ലേ???
പിന്നെന്താ ഉത്തര എന്നെ വേണ്ടാ എന്ന് പറഞ്ഞത്?
ഒരു പെണ്ണിനേ മറ്റൊരു പെണ്ണിനെ മനസിലാകു എന്ന പൊതു തത്വത്തില്‍ വിശ്വസിച്ച് ഞാന്‍ എന്‍റെ അനിയത്തിയോട് ചോദിച്ചു:
"മോളേ, നീ പറ, എനിക്ക് എന്തിന്‍റെ കുറവാ?"
വിഷമിച്ച് നില്‍ക്കുന്ന എന്നെ അടിമുടി ഒന്ന് നോക്കിയിട്ട്, അവള്‍ മൊഴിഞ്ഞു:
"ചേട്ടനിപ്പോള്‍ ഒരേ ഒരു കുറവേ ഉള്ളു, അതൊരു വാലിന്‍റെയാ."
പോടീ പുല്ലേ!!
ഞാനെന്താ കുരങ്ങാണോ?
കഷ്ടം!!

അങ്ങനെയിരിക്കേ ഒരു ഞയറാഴ്ച..
ഏകദേശം ഒരു പതിനൊന്ന് മണി ആയി കാണണം.എന്‍റെ വീടിനു മുമ്പില്‍ ഒരു മാരുതികാര്‍ വന്നു നിന്നു.അതില്‍ നിന്നും ടിപ്പ് ടോപ്പില്‍ വേഷം ധരിച്ച ഒരു സുന്ദരന്‍ ഇറങ്ങി.അയാള്‍ എന്നെ ചൂണ്ടി ഒരു സംശയഭാവത്തില്‍ ചോദിച്ചു:
"മനു അല്ലേ?"
"അതേ"
എന്‍റെ മറുപടി കേട്ടതും കൂളിംഗ്ലാസ്സ് ഒന്ന് നേരെ പിടിച്ചു വച്ച് അയാള്‍ വീണ്ടും ചോദിച്ചു:
"അച്ഛനുണ്ടോ?"
എന്‍റെ റബ്ബേ!!
കാര്‍ക്കോടകന്‍ ചോദിച്ചത് കേട്ടില്ലേ?
എനിക്ക് അച്ഛനുണ്ടോന്ന്??
ഡാഷ് മോനേ, കൂമ്പിനിട്ട് ഒരു ഇടി തരട്ടേ?
ഉള്ളില്‍ തിളച്ച് വന്ന ദേഷ്യം കടിച്ചമര്‍ത്തി ഞാന്‍ തിരികെ ചോദിച്ചു:
"എന്താ ഉദ്ദേശിച്ചത്?"
എന്‍റെ ചോദ്യത്തില്‍ അപകടം മണത്ത അതിഥി, തന്‍റെ ചോദ്യം വിശദമാക്കി:
"അച്ഛന്‍ വീട്ടില്‍ ഉണ്ടോ?"
ഓ, എന്ന്..
"ഉണ്ട്"

അയാള്‍ ആധൂനിക ബ്രോക്കറാണത്രേ!!
എനിക്ക് പറ്റിയ പെണ്ണിനെ കണ്ട് പിടീക്കാന്‍ അയാള്‍ക്ക് മാത്രമേ കഴിയൂ എന്നാണ്‌ അയാളുടെ അവകാശവാദം.അയാളുടെ വാചകമടി കേട്ട് അന്തം വിട്ടിരുന്ന അച്ഛനോട് അയാള്‍ ഒരു പെണ്‍കുട്ടിയുടെ ഡീറ്റയില്‍സ്സ് പറഞ്ഞു..
യാഥാസ്ഥിതിക കുടുംബത്തിലെ പെണ്‍കുട്ടി, തറവാടി, പെണ്ണിനു ഇരുപത്തി മൂന്ന് വയസ്സ്, സുന്ദരി, സുശീല, സുമുഖ, സര്‍വ്വോപരി സര്‍വ്വജ്ഞ...
ഇത്രയും കേട്ടതോടെ എന്നിലെ തളരിതഹൃദയന്‍ തിരിച്ച് വന്നു, ആകാംക്ഷ സഹിക്കാന്‍ കഴിയാതെ ഞാന്‍ ചോദിച്ചു:
"എന്താ കുട്ടിയുടെ പേര്‌?"
എന്‍റെ ചോദ്യത്തിനു മറുപടിയായി പെണ്‍കുട്ടിയുടെ പേര്‌ അയാള്‍ പ്രഖ്യാപിച്ചു:
"ശകുന്തള"
ആ പേര്‌ കേട്ട നിമിഷം ഞാനൊരു ദുഷ്യന്തനായി!!
അവളുടെ കാലില്‍ മുള്ള്‌ കൊള്ളുന്നതും, ഞാനത് എടുത്ത് കൊടുക്കുന്നതും, കുറേ വണ്ടുകള്‍ ചീറിപറക്കുന്നതും, സഖിമാര്‍ ആര്‍ത്ത് ചിരിക്കുന്നതും, എന്ന് വേണ്ടാ ആ നിമിഷം തന്നെ അവളേം കൊണ്ട് ഞാന്‍ യൂറോപ്പില്‍ പോയി ഒരു ഡ്യൂയറ്റ് വരെ പാടി.
ഞാന്‍ ഇങ്ങനെ സന്തോഷിച്ച് നിന്നപ്പോഴാണ്‌ ബ്രോക്കര്‍ ഒരു പ്രശ്നം ഉന്നയിച്ചത്:
"മോനു ജോലി ബാംഗ്ലൂരിലായ കാരണം ആ കാരണവര്‍ സമ്മതിക്കുമോന്നാ സംശയം"
((ഠോ))
യൂറോപ്യന്‍ സിറ്റിക്ക് നടുവില്‍ ഒരു കാടുണ്ടാക്കി, അവിടെ ശകുന്തളയുമായി ഡ്യൂയറ്റ് പാടി നടന്ന എന്‍റെ നെഞ്ചില്‍ ഏതോ ഒരു കാരണവര്‍ വെടിവച്ചു.
ആരാണയാള്‍??
നിമിഷ നേരം കൊണ്ട് തളരിത ഹൃദയന്‍ പഴയ വൃണ ഹൃദയനായി!!
വെറുതെ കൊതിപ്പിച്ചട്ട് ബ്രോക്കര്‍ പറഞ്ഞത് കേട്ടില്ലേ?
കാരണവര്‍ കല്യാണത്തിനു സമ്മതിക്കില്ലത്രേ!!
ബ്രോക്കറുടെ തല തല്ലി പൊട്ടിക്കുകയാ വേണ്ടത്..
ബ്ലഡി ബ്രോക്കര്‍, ഐ വില്‍ ബ്രോക്ക് യൂ!!

പിന്നീടാണ്‌ കാര്യങ്ങളുടെ കിടപ്പ് വശം അയാള്‍ വ്യക്തമാക്കിയത്.ആ വീട്ടില്‍ മൂന്ന് കാരണവന്‍മാരാ ഉള്ളത്.ഒരു അപ്പുപ്പന്‍ കാരണവര്‍, ഒരു അമ്മുമ്മ കാരണവര്‍, ഒരു ആന്‍റി കാരണവര്‍.ഇവര്‍ക്ക് മൂന്ന് പേര്‍ക്കും പയ്യനെ ഇഷ്ടമാകണം.
അവിടെയാ കുഴപ്പം..
ബാംഗ്ലൂര്‍ എന്ന് പറഞ്ഞാല്‍ മയക്ക് മരുന്ന്, കഞ്ചാവ് എന്നിങ്ങനെയുള്ള കാര്യങ്ങളെ അവര്‍ കേട്ടിട്ടുള്ളു.അവര്‍ കണ്ടിട്ടുള്ള സിനിമകളില്‍ ബാംഗ്ലൂരില്‍ ജീവിക്കുന്ന ആണ്‍കുട്ടികളെല്ലാം വഴി പിഴച്ച് പോയവരാണത്രേ.
എന്താ പറയുക..
മലയാള സിനിമയുടെ മഹത്തായ സംഭാവന!!
അവസാനം എന്‍റെ വീട്ടുകാരേയും കുടുംബത്തെയും പറ്റി കേട്ടതോടെ പെണ്ണ്‌ കാണല്‍ ചടങ്ങ് ഒരുക്കാന്‍ അവര്‍ തയ്യാറായി.അടുത്ത ഞയറാഴ്ച വീട്ടില്‍ ചെല്ലാന്‍ പറഞ്ഞു.അന്നുമുതല്‍ ഞാന്‍ ദിവസങ്ങള്‍ എണ്ണീ നീക്കി.ഒടുവില്‍ ഞാന്‍ കാത്തിരുന്ന ആ ദിവസം സമാഗതമായി.നെഞ്ചില്‍ പെരുമ്പറയും, മുഖത്ത് അരിമ്പാറയുമായി, ശകുന്തളയെ കാണാന്‍ ഞാന്‍ അവളുടെ വീട്ടിലേക്ക് യാത്രയായി...

പഴയ തറവാട് സ്റ്റൈലില്‍ പണിത ഒരു ആധൂനിക വീട്, അതായിരുന്നു ശകുന്തളയുടെ ഗൃഹം.
ഞങ്ങള്‍ നാല്‌ പേരാണ്‌ ആ വീട്ടിലേക്ക് കടന്ന് ചെന്നത്..
തലയില്‍ ഒരു ബക്കറ്റ് എണ്ണ തേച്ച് പിടിപ്പിച്ച്, മുടി ഒരു സൈഡിലേക്ക് ഒതുക്കി വച്ച്,ഒരു കസവ് മുണ്ടും ഉടുത്ത്, തിളങ്ങുന്ന ഒരു ഷര്‍ട്ടും ഇട്ട്, നെറ്റിയില്‍ ഒരു കുറിയും, അതിനു മുകളില്‍ സ്വല്പം സിന്ദൂരവും, അതിനും മുകളിലായി ഭസ്മം വച്ച് മൂന്ന് വരയും വരച്ച് ഞാന്‍,
പട്ട് പാവാടയും ബ്ലൌസുമിട്ട് അനിയത്തി,
പട്ട് സാരിയുടുത്ത് പ്രൌഡഗംഭീര സ്റ്റൈലില്‍ അമ്മ,
നായ് നടുക്കടലില്‍ പോയാലും നക്കിയേ കുടിക്കു എന്ന് പറഞ്ഞപോലെ ടിപ്പ് ടോപ്പ് സ്റ്റൈലില്‍ ബ്രോക്കര്‍.
ഞങ്ങള്‍ നാല്‌ പേരെയും അപ്പൂപ്പന്‍ കാരണവര്‍ വീട്ടിലേക്ക് ആനയിച്ചു.വിശാലമായ ഹാളിലെ പുലിത്തോല്‍ വിരിച്ച സോഫായില്‍ അദ്ദേഹം ഞങ്ങളെ ഇരുത്തി.ചുറ്റുപാട് കണ്ടതോടെ എന്‍റെ മനസ്സ് എന്നോട് പറഞ്ഞു,
സെറ്റപ്പ് കൊള്ളാം!!

ആദ്യത്തെ ചോദ്യം അപ്പൂപ്പന്‍ കാരണവരുടെ വകയായിരുന്നു:
"ബാംഗ്ലൂരിലാ ജോലി അല്ലേ?"
"അതേ"
പിന്നെ കുറേ നേരം നിശബ്ദത.
അതോട് കൂടി എന്‍റെ ടെന്‍ഷന്‍ കൂടി കൂടി വന്നു..
ഈശ്വരാ, ഇവര്‍ എങ്ങനെയായിരിക്കും എന്നെ പരീക്ഷിക്കുക?
ഞാന്‍ വഴിപിഴച്ചവനാണോ അല്ലയോ എന്നറിയാന്‍ ഇവര്‍ എന്ത് വഴിയായിരിക്കും സ്വീകരിക്കുക?
എന്ത് തന്നെയായാലും കാത്തോളണേ.
ഞാന്‍ ഇങ്ങനെ ടെന്‍ഷനടിച്ച് ഇരിക്കവേ ആന്‍റികാരണവര്‍ എന്‍റെ അടുത്തോട്ട് വന്നു, എന്നിട്ട് ചോദിച്ചു:
"കുടിക്കാന്‍ ചൂടുള്ളത് വേണോ, അതോ തണുപ്പുള്ളത് മതിയോ?"
എന്‍റെ മുത്തപ്പാ..
പരീക്ഷണം തുടങ്ങി കഴിഞ്ഞു..
ഹോട്ട് വേണോ, അതോ ബിയര്‍ മതിയോന്ന്??
എന്ത് മറുപടി പറഞ്ഞാലും കുരിശാണല്ലോ കര്‍ത്താവേ എന്ന് കരുതി ഞാന്‍ മിണ്ടാതെ ഇരുന്നപ്പോള്‍ അനിയത്തി പറഞ്ഞു:
"ചായ മതി"
അയ്യേ..
അതായിരുന്നോ???
ചായ എടുക്കാന്‍ അടുക്കളയിലോട്ട് നടന്ന ആന്‍റി ഒരു നിമിഷം തിരിഞ്ഞ് നിന്നു, എന്നിട്ട് സംശയത്തോട് ചോദിച്ചു:
"മോന്‍ ഷുഗര്‍ ഉപയോഗിക്കുമോ?"
ബ്രൌണ്‍ ഷുഗറോ, അതോ പഞ്ചസാരയോ??
എന്താ ഉദ്ദേശിച്ചത്?
അവിടെയും അനിയത്തി രക്ഷിച്ചു:
"മധുരം ചേട്ടനിഷ്ടമാ"
ഭാഗ്യം!!

പിന്നീടുള്ള പത്ത് മിനിറ്റ് ഒരു അവാര്‍ഡ് സിനിമ മാതിരി ആയിരുന്നു, ആര്‍ക്കും മിണ്ടാട്ടമില്ല.അപ്പോഴാണ്‌ ആ നിശബ്ദതയെ കീറി മുറിച്ച് കൊണ്ട് ഒരു ബൈക്ക് പാഞ്ഞ് വന്ന് നില്‍ക്കുന്ന ശബ്ദം കേട്ടത്.അടുത്ത നിമിഷം ഒരു ജീന്‍സ്സും, ടീഷര്‍ട്ടും ധരിച്ച്, ആറടി ഉയരമുള്ള ഒരു പയ്യന്‍ ഹാളിലേക്ക് കടന്ന് വന്നു.ഇതാണോ പെണ്ണിന്‍റെ ആങ്ങള?
എന്തായാലും ആളൊരു ജിം തന്നെ!!
നല്ല ബോഡി!!
അ പയ്യനെ അപ്പുപ്പന്‍ കാരണവര്‍ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി:
"ഇതാ എന്‍റെ കൊച്ചുമോള്‍, ശകുന്തള"
എന്ത്??
ഞാന്‍ അറിയാതെ എഴുന്നേറ്റ് പോയി.
കര്‍ത്താവേ!!
ഇതാണോ ആ മൊതല്??
കാലില്‍ മുള്ള്‌ കൊണ്ട ശകുന്തള!!
എന്‍റെ പൊന്ന് കാളിദാസാ..
ഇവരോട് പൊറുക്കേണമേ!!
ഞെട്ടി നിന്ന ഞങ്ങളെ നോക്കിയിട്ട്, അവള്‍ എന്നോട് ചോദിച്ചു:
"ആര്‍ യൂ മിസ്റ്റര്‍ മനു?"
കൊള്ളാം!!!
ആരാ മിസ്റ്റര്‍ മനു എന്ന്??
ഞാനാ!!

ഞങ്ങളുടെ മുമ്പിലുള്ള ഒരു കസേരയില്‍, കാലിന്‍ മേല്‍ കാലും കേറ്റി വച്ച് ഇരുന്നു കൊണ്ട്, അവള്‍ സ്വയം വിശദീകരിക്കാന്‍ തുടങ്ങി.അവളുടെ ഒരോ വിശദീകരണത്തിനും ഒരായിരം സംശയങ്ങള്‍ മനസ്സിലുണ്ടായെങ്കിലും എന്‍റെ ദേഹരക്ഷയെ കരുതി ഞാന്‍ നിശബ്ദനായി നിന്നു.അവളുടെ വിശദീകരണവും എന്‍റെ മൌനമായി പോയ മറുചോദ്യങ്ങളും ഏകദേശം ഇപ്രകാരമായിരുന്നു...

"ഞാന്‍ ശകുന്തള"
ഡ്രാക്കുള അല്ലല്ലോ??

"ഞാന്‍ ഒരു ഓപ്പണ്‍ ടൈപ്പാ"
ദൈവമേ, എന്ന് വച്ചാല്‍???

"എനിക്ക് പറയാനുള്ളത് ഞാന്‍ വെട്ടി തുറന്ന് പറയും"
ഒഹോ, അത്രേ ഉള്ളോ?
കര്‍ത്താവിനു സ്തോത്രം!!

"എനിക്ക് ഒരുപാട് ബോയ്ഫ്രണ്ട്സ്സ് ഉണ്ട്"
അവര്‍ക്ക് അറിയാമോ നീ പെണ്ണാണെന്ന്??

"എന്‍റെ പേരന്‍റ്‌സ്സ് സ്റ്റേറ്റിലാ"
ഏത് സ്റ്റേറ്റില്‍?
കേരളം, തമിഴ്നാട്, കര്‍ണ്ണാടക, മധ്യപ്രദേശ്, ....?

"ഐ മീന്‍ അമേരിക്കയില്‍"
ഓ, അങ്ങനെ.

"ഞാന്‍ ജനിച്ചത് ബോംബയിലാ"
ആ സമയത്തും പേരന്‍റ്‌സ്സ് സ്റ്റേറ്റില്‍ ആയിരുന്നോ??

"എനിക്ക് ഇനിയും വളരണം"
ഇപ്പം തന്നെ ആറടി ഉണ്ടല്ലോ??

"ഐ മീന്‍ കരിയറില്‍ ഇനിയും വളരണം"
ഓ, എന്ന്.

"കല്യാണത്തിനോട് എനിക്ക് വലിയ താല്‍പര്യം ഒന്നുമില്ല"
സത്യം പറഞ്ഞാല്‍, ഇപ്പം എനിക്കും താല്‍പര്യമില്ല.എന്താണോ എന്തോ??

"കല്യാണം കഴിക്കുകയാണെങ്കില്‍, കേരളത്തില്‍ നിന്നുമുള്ള ഒരു ഹസ്സ്‌ബെന്‍ഡിനെ വേണം എന്നതാ എന്‍റെ ആഗ്രഹം"
അതിനു ആ ഹസ്സ്‌ബെന്‍ഡിന്‍റെ ഭാര്യ സമ്മതിക്കുമോ എന്തോ??

"ഒരു മലയാളി വേണം എന്‍റെ ഭര്‍ത്താവാകാന്‍, താങ്കള്‍ക്കോ?"
എനിക്ക് ഭര്‍ത്താവാകാന്‍ ആരെയും വേണ്ടാ, ഭാര്യ ആകാന്‍ ആളേ മതി.

"എനിക്ക് മനുവിനെ ഇഷ്ടമായി, മനുവിനോ?"
എനിക്കും എന്നെ ഇഷ്ടമായി!!

വിവരം വീട്ടില്‍ ചെന്നിട്ട് വിളിച്ച് പറയാം എന്ന് പറഞ്ഞ് ഒരു വിധത്തില്‍ ഞാന്‍ തല ഊരി.ശകുന്തളയെ കണ്ട് ബോധം കെട്ട് കിടക്കുന്ന അമ്മയേയും അനിയത്തിയേയും കാറില്‍ കയറ്റി വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ബ്രോക്കര്‍ എന്നോട് പറഞ്ഞു:
"വിവരം അറിയാന്‍ ഞാന്‍ വീട്ടിലോട്ട് വരാം"
ഇനി വീട്ടിലോട്ട് വന്നാല്‍ താന്‍ വിവരം അറിയും!!
ബ്ലഡി ബ്രോക്കര്‍, ഐ വില്‍ ബ്രോക്ക് യൂ!!!

ആദിത്യന്‍റെ അച്ഛന്‍




'മദ്യം ശത്രുവാണ്'
(കുട്ടിക്കാലത്ത് അമ്മ തന്ന ഉപദേശങ്ങളില്‍, ഞാന്‍ ഏറ്റവും മാനിക്കുന്ന ഉപദേശം.)
'ശത്രുവിനെയും സ്നേഹിക്കുക'
(വളര്‍ന്ന് വന്നപ്പോള്‍ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കിയ മറ്റൊരു ഉപദേശം.)
ഈ കഥ ഇവിടെ തുടങ്ങുന്നു..
(ഉത്സവങ്ങളും ആഘോഷങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും, മദ്യത്തില്‍ അര്‍പ്പിച്ച് ജീവിക്കുന്ന, നല്ലവരായ എല്ലാ കുടിയന്‍മാരുടെയും, കരളിനും, വൃക്കക്കുമായി ഞാന്‍ ഈ കഥ സമര്‍പ്പിക്കുന്നു..
മേരേ പ്യാരാ കരള്‍സ്സ്, ദിസ് ഈസ് എ ഡ്രിങ്ക് സ്റ്റോറി..
ഇതൊരു മദ്യപാന കഥയാണ്..
ആദിത്യന്‍റെ അച്ഛന്‍ അഥവാ എന്‍റെ ഗള്‍ഫ് അളിയന്‍)

ഇനി ഭൂതകാലം..
ഒരു കുലയില്‍ മിനിമം അഞ്ച് കരിക്ക് എങ്കിലും വേണമെന്ന് വിശ്വസിച്ചിരുന്ന അമ്പതുകളിലാണ്‌ എന്‍റെ അമ്മ ജനിച്ചത്.അതിനാല്‍ തന്നെ, എണ്ണി ചുട്ട അപ്പം പോലെ അഞ്ച് സഹോദരങ്ങള്‍ അമ്മക്ക് ഉണ്ടായിരുന്നു.എന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, രണ്ട് അമ്മാവന്‍മാര്‍, രണ്ട് വല്യമ്മമാര്‍, ഒരു കുഞ്ഞമ്മ.ഇവരെയൊക്കെ ഞാന്‍ പരിചയപ്പെട്ടത് എന്‍റെ ജനന ശേഷമാണ്, അതായത് എണ്‍പത് കാലഘട്ടത്തില്‍..

'നാം രണ്ട്, നമുക്ക് രണ്ട്' എന്ന ആപ്തവാക്യമായിരുന്നു എണ്‍പതുകളുടെ പ്രത്യേകത.ഏത് വീട്ടില്‍ ചെന്നാലും രണ്ടെണ്ണം കാണും, ഒരു ആണ്‍കുട്ടിയും, ഒരു പെണ്‍കുട്ടിയും.എന്നാല്‍ കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ വളര്‍ന്ന എനിക്ക് പെങ്ങന്‍മാര്‍ കുറഞ്ഞു എന്നൊരു വിഷമം ഇല്ലായിരുന്നു.സ്വന്തമായി ഒരു പെങ്ങള്‍, പിന്നെ കുടുംബത്തിലെ കുറേ പെങ്ങന്‍മാര്‍, ഇതൊന്നും പോരാഞ്ഞിട്ട് നാട്ടിലെ ആ കാലഘട്ടത്തില്‍ ജനിച്ച വേറെ കുറെ പെങ്ങന്‍മാര്‍, സംഭവം കുശാലായി!!
(ഈ ഒരു ഒറ്റ കാരണത്താലാണ്, 'എല്ലാ ഭാരതിയരും എന്‍റെ സഹോദരി സഹോദരന്‍മാരാണ്' എന്ന പ്രതിജ്ഞ ചൊല്ലി തന്ന ഹെഡ്മാസ്റ്ററോട്, 'ആവശ്യത്തിനു പെങ്ങന്‍മാര്‍ വീട്ടിലുണ്ടന്നും, തത്ക്കാലം വെളിയില്‍ നിന്ന് ആളെ എടുക്കുന്നില്ലന്നും' പറയാന്‍ എന്നെ പ്രേരിപ്പിച്ചത്.)

ഇനി ഒരു പെങ്ങളെ പരിചയപ്പെടുത്തി തരാം..
അവളാണ്‌ ധന്യ..
രണ്ടാമത്തെ വല്യമ്മയുടെ രണ്ടാമത്തെ സന്താനം..
എന്നെക്കാള്‍ ഒരു വയസ്സ് മാത്രം ഇളപ്പമുള്ള എന്‍റെ പെങ്ങള്‍..
മിടുക്കി, മിക്കുടി, തക്കുടു, കുക്കുടു..
(ഇത് കുട്ടിക്കാലം)

വര്‍ഷങ്ങള്‍ ഓടി മറഞ്ഞു, ഈ ധന്യ വളര്‍ന്നു...സ്വാഭാവികം!!
വല്യമ്മ ഒരു ഗള്‍ഫ്കാരനു അവളെ കെട്ടിച്ച് കൊടുത്തു...സ്വാഭാവികം!!
അവര്‍ക്കൊരു കുട്ടി ജനിച്ചു...അതും സ്വാഭാവികം!!
ആ കുട്ടിയുടെ പേരാണ്‌ ആദിത്യന്‍.പക്ഷേ ഈ കഥയില്‍ നായകന്‍ ആദിത്യനല്ല, അവന്‍റെ അച്ഛനാ.മഹേഷ് എന്ന പേരില്‍ അറിയപ്പെടുന്നവനും, ധന്യയുടെ കെട്ടിയോനുമായ മഹിളിയന്‍ അഥവാ എന്‍റെ മഹി അളിയന്‍.

ഇവരുടെ കഥ ഇവിടെ നില്‍ക്കട്ടെ, ഇനി എന്‍റെ കാര്യം നോക്കാം..
ധന്യയെക്കാള്‍ ഒരു വര്‍ഷം മുമ്പേ ഞാന്‍ വളര്‍ന്നു...സ്വാഭാവികം!!
വീട്ടുകാര്‍ ഒരു നാടന്‍ പെണ്ണിനെ കെട്ടിച്ച് തന്നു..സ്വാഭാവികം!!
പക്ഷേ ഇത് വരെ കുട്ടി ജനിച്ചില്ല...അത് അസ്വഭാവികം!!

ബാംഗ്ലൂരില്‍ കുടുംബ സമേതം കഴിയുന്ന എന്നെ, എല്ലാ വെള്ളിയാഴ്ചയും മുടങ്ങാതെ വിളിക്കുന്ന മഹിളിയന്‍ പുതിയതായി ഒരു വീട് വച്ചു.വീട് ആറ്‌ നിലയാണെന്നും, വീടിന്‍റെ പാലുകാച്ചിനു വേണ്ടി ഓണത്തോട് അനുബന്ധിച്ച് നാട്ടില്‍ വരുമെന്നും, അപ്പോള്‍ നാട്ടിലെ യാത്രക്ക് ഒരു ബെന്‍സ് വാങ്ങിയെന്നും, ചന്തയില്‍ മീന്‍ വാങ്ങാന്‍ പോകാന്‍ സാന്‍ഡ്രോ വാങ്ങിയെന്നുമുള്ള ബഡായിസിനു ശേഷം പാലുകാച്ചിനു വരണം എന്നൊരു വാക്കും പറഞ്ഞു.ഓണം കൂടാന്‍ ഒരാഴ്ചത്തെ ലീവ് നേരത്തെ വാങ്ങിയ എനിക്ക്, അളിയന്‍റെ വീടിന്‍റെ പാലുകാച്ചിനു കൂടി ലീവ് തരാന്‍ കമ്പനി എന്‍റെ അച്ഛന്‍റെ വക അല്ലാത്തതിനാല്‍ ഓണത്തിനു വരുമ്പോള്‍ കാണാം എന്ന് ഉറപ്പ് കൊടുത്തിട്ട് ഞാന്‍ അളിയനോട് പറഞ്ഞു:
"ചേട്ടാ, ചിലവ് ചെയ്യണം"
"മനു കഴിക്കുമോ?" അളിയന്‍റെ മറു ചോദ്യം.
ആ ചോദ്യം കേട്ടതും എനിക്കങ്ങ് അത്ഭുതമായി.കാരണം അമ്മയുടെ വീട്ടില്‍ ആരും കഴിക്കാറില്ല.മദ്യപാനം എന്തോ വലിയ പാപമാണെന്ന ചിന്ത.അതിനാല്‍ തന്നെ അളിയനോട് ഞാനായിട്ട് ഒരിക്കലും വെള്ളമടിയെ പറ്റി സംസാരിച്ചിട്ടില്ല.ഇതാ ഒരു സുവര്‍ണ്ണ അവസരം..
ഞാന്‍ പതിയെ പറഞ്ഞു:
"കഴിക്കും"
"എന്നാല്‍ ഓണത്തിനു വരുമ്പോള്‍ വീട്ടിലോട്ട് വാ"
ശരി, ഏറ്റു!!

അളിയന്‍ അങ്ങനെ പറഞ്ഞതോട് കൂടി ഒരു സൈഡില്‍ സന്തോഷവും, മറുസൈഡില്‍ ടെന്‍ഷനുമായി.
ടെന്‍ഷനടിക്കാന്‍ പ്രധാനമായും മൂന്ന് കാര്യങ്ങളായിരുന്നു..
ഒന്ന്: ഗായത്രി സമ്മതിക്കണം.
രണ്ട്: ഗള്‍ഫില്‍ നിന്ന് കൊണ്ട് വരുന്ന സ്ക്കോച്ച് വിസ്കി എന്ന് കേട്ടിട്ടുള്ളതല്ലാതെ, ഇതിനെ കുറിച്ച് ഒരു പിടിയുമില്ല.സാധാരണ പോലെ ഗ്ലാസില്‍ ഒഴിച്ച് കുടിക്കണോ അതോ സ്ട്രോ ഇട്ട് കുടിക്കണോന്ന് ഒരു സംശയം.
മൂന്ന്: കട്ടന്‍ചായ പോലത്തെ കാടന്‍ റമ്മിനകത്ത് വെള്ളമൊഴിച്ച്, ഇടത്തെ കൈ വച്ച് മൂക്ക് പൊത്തി പിടിച്ച്, വലത്തെ കൈ കൊണ്ട് ഗ്ലാസിലെ ദ്രാവകം അണ്ണാക്കിലോട്ട് കമത്തുന്ന 'വെള്ളമടി' മാത്രമേ എനിക്ക് അറിയൂ, അത് അളിയന്‍ കണ്ടാല്‍ മോശമല്ലേ!!
കര്‍ത്താവേ, എന്തോ ചെയ്യും??

പോം വഴി ഇല്ലാത്ത കാര്യമില്ലല്ലോ, പ്രത്യേകിച്ച് വെള്ളമടിക്ക്..
പ്രശ്നം ഉണ്ടാക്കി പരിഹരിക്കുന്നതില്‍ പേരു കേട്ട എനിക്ക് ഇതൊക്കെ സിംപിളായിരുന്നു..
മേല്‍ സൂചിപ്പിച്ച മൂന്ന് പ്രശ്നത്തിനും ഞാന്‍ പോംവഴി കണ്ടെത്തി..
ഒന്ന്: ഗായത്രിയുടെ കാല്‌ പിടിച്ചു.വര്‍ഷത്തില്‍ ഒരിക്കല്‍ സ്ക്കോച്ച് വിസ്ക്കി കഴിക്കുന്നത് വെളുക്കാന്‍ നല്ലതാണെന്ന് കേട്ടപ്പോള്‍ അവള്‍ സമ്മതിച്ചു.നന്നായി വെളുക്കുമെങ്കില്‍ ഒരു ഗ്ലാസ് അവള്‍ക്കും വേണമത്രേ(പടച്ചോനേ!!).ഒടുവില്‍ സ്ക്കോച്ച് കുടിക്കുന്നത് ഗര്‍ഭപാത്രത്തില്‍ വിള്ളലുണ്ടാക്കും എന്നൊരു കളവ് പറഞ്ഞു.
രണ്ട്:സ്ക്കോച്ച് ഐസ് ഇട്ടാണ്‌ കുടിക്കേണ്ടതെന്ന് ധാരണയായി.
മൂന്ന്: സുഹൃത്തുക്കളുടെ സഹായത്താല്‍ സിപ്പ് ചെയ്ത് കഴിക്കാന്‍ പഠിച്ചു.ഒരു ഗ്ലാസ്സ് വെള്ളവുമായി, അലമാരയുടെ മുന്നിലുള്ള കണ്ണാടിയില്‍ നോക്കി നാല്‌ പ്രാവശ്യം 'ചിയേഴ്സ്' പറഞ്ഞതോട് കൂടി സ്വയം ഒരു ആധൂനിക കുടിയനാണെന്ന് വിശ്വാസമായി.
അങ്ങനെ ഓണം അവധിയായി..

ഓണത്തിനു ശേഷമുള്ള ശനിയാഴ്ച വൈകുന്നേരം ഞാന്‍ അളിയന്‍റെ വീട്ടിലേക്ക് യാത്രയായി.സൈഡ് സീറ്റില്‍ ഗായത്രിയെ ഇരുത്തി കാറോടിക്കുന്ന കൂട്ടത്തില്‍, അവളെ നോക്കി ഒരു കള്ള ചിരിയോടെ ഞാന്‍ പാടി..

"നീയറിഞ്ഞോ മേലേ മാനത്ത്
ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട്.."

കാര്‍ അളിയന്‍റെ വീട്ടിലെത്തി.അളിയനും പെങ്ങളും ആദിത്യനും സന്തോഷപൂര്‍വ്വം ഞങ്ങളെ സ്വീകരിച്ചു.ഹാളിലോട്ട് കയറിയ എന്നെ നോക്കി ചിരിച്ചോണ്ട് ഒരാള്‍ ചോദിച്ചു:
"ങ്ഹാ, മോനിങ്ങ് വന്നോ?"
ആ ചോദ്യകര്‍ത്താവിന്‍റെ തിരുമോന്ത കണ്ടതും എന്‍റെ ചങ്കൊന്ന് പിടച്ചു..
കടവുളേ, പണിക്കത്തി തള്ള!!

അവരെ കുറിച്ച് പറയാനാണെങ്കില്‍ കുറേ ഉണ്ട്....
വളരെ വളരെ നല്ലൊരു സ്ത്രീ, ഒരു കുടുംബം കലക്കാന്‍ ഒറ്റക്ക് കഴിവുള്ളവള്‍!!
കുട്ടിക്കാലത്ത് എന്നെ എടുത്തോണ്ട് നടന്നത് മാത്രമാണ്‌ ഞങ്ങള്‍ തമ്മിലുള്ള ആകെ ബന്ധം.ആ ബന്ധത്തിനെ പറ്റി വിവരിച്ച് തുടങ്ങി, ഒടുക്കം ഞാന്‍ പായില്‍ പെടുത്ത കഥ വരെ അവര്‍ ഗായത്രിയോട് പറഞ്ഞു.ഇടക്കിടെ എന്നോട് ചോദിക്കും:
"മോനിതൊക്കെ ഓര്‍മ്മയുണ്ടോ?"
എവിടെ??
മറുപടിയായി ഒന്ന് ചിരിച്ച് കാണിച്ചിട്ട്, മനസില്‍ അറിയാവുന്ന ഭാഷയിലൊക്കെ അവരെ തന്തക്ക് വിളിച്ചോണ്ടിരുന്ന എന്നോട് അളിയന്‍ ചോദിച്ചു:
"ഈ കുരിശ് പോയിട്ട് കഴിച്ചാല്‍ പോരെ?"
മതി, എനിക്ക് ധൃതിയില്ല!!

ഒടുവില്‍ പണിക്കത്തി തള്ള പോയി.ഞാനും ഗായത്രിയും അളിയനും കുടുംബവും മാത്രം ബാക്കിയായി.കാത്തിരുന്ന നിമിഷം ആഗതമായി..
ഡൈനിംഗ് ടേബിളിലേക്ക് ഞങ്ങള്‍ സ്വീകരിക്കപ്പെട്ടു..
സ്ക്കോച്ച് വിസ്ക്കിക്ക് എന്ത് നിറമായിരിക്കുമെന്ന് ചിന്തിച്ചിരുന്ന എന്‍റെ മുന്നില്‍ ഒരു പ്ലേറ്റില്‍ രണ്ട് ചപ്പാത്തിയും, മറ്റൊരു പ്ലേറ്റില്‍ ഒരു ചിക്കന്‍ കറിയും വച്ചിട്ട് അളിയന്‍ പറഞ്ഞു:
"കഴിച്ചോ"
ങ്ങേ!!
മനസിലായില്ല!!
ഇതെന്ത് കൂത്ത്??
എന്നെക്കാള്‍ അമ്പരപ്പ് ഗായത്രിക്കായിരുന്നു.അളിയന്‍ സ്ക്കോച്ച് കൊണ്ട് വയ്ക്കുമ്പോള്‍ പരിഭവത്തോടെ എന്നെ നോക്കാനും, എന്നിട്ട് മനസില്ലാമനസ്സോടെ സമ്മതിക്കാനും റിഹേഴ്സല്‍ നടത്തി വന്ന അവളുടെ മുഖത്തും ഒരു കരിവാളിപ്പ്.
വിറക്കുന്ന സ്വരത്തില്‍ ഞാന്‍ ചോദിച്ചു:
"അളിയാ, വീശാന്‍ ഒന്നുമില്ലേ?"
അളിയനെല്ലാം മനസിലായി, ഓന്‍ ധന്യയോട് പറഞ്ഞു:
"എടീ, ആ ഫാനൊന്ന് ഇട്ടേ"
ഇങ്ങേരെന്താ പൊട്ടനാണോ??
ഇനി ഗായത്രി ഇരിക്കുന്ന ചമ്മല്‌ കൊണ്ടായിരിക്കുമെന്ന് കരുതി ഞാന്‍ മനസ്സ് തുറന്നു:
"അളിയാ കുടിക്കാന്‍ ഒന്നും ഇല്ലേന്നാ ചോദിച്ചത്"
അത് കേട്ടതും അളിയന്‍ ഗായത്രിയെ ഒന്ന് നോക്കി.കുഴപ്പമില്ല എന്ന മട്ടില്‍ അവള്‍ ചിരിച്ച് കാണിച്ചു.ധൈര്യം കിട്ടിയ അളിയന്‍ പറഞ്ഞു:
"ടാങ്ക് ഉണ്ട്"
കിണര്‍ ഇല്ലേ??
പിന്നല്ല..
സ്ക്കോച്ച് വിസ്ക്കിയും സ്വപ്നം കണ്ടിരുന്ന എന്നോട് ടാങ്ക് കലക്കി തരാമെന്ന്..
മിസ്റ്റര്‍ ബ്രദറിന്‍ ലോ..
പെങ്ങള്‍ വിധവയാകുമെന്നോര്‍ത്താ, അല്ലായിരുന്നേല്‍ ഞാന്‍ തല്ലികൊന്നേനെ!!

താമസിയാതെ ടാങ്ക് കലക്കിയ വെള്ളം മുന്നിലെത്തി.നമ്മുടെ ചെങ്കല്‍ റോഡിലെ ഗട്ടറില്‍ കാണുന്ന പോലത്തെ നിറമുള്ള ദ്രാവകം.എന്‍റെ അവസ്ഥ കണ്ട് കരയണോ അതോ ചിരിക്കണോന്ന് അറിയാതെ വിഷമിച്ചിരിക്കുന്ന ഗായത്രിയെ നോക്കി ഞാന്‍ വിമ്മിഷ്ടപ്പെട്ടപ്പോള്‍ അളിയന്‍ പറഞ്ഞു:
"ചപ്പാത്തി കഴിക്ക്"
പഴയൊരു പാട്ടാ ഓര്‍മ്മ വന്നത്..
'അളിയാ പൊന്നളിയാ തിന്നളിയാ ചപ്പാത്തി!!'
കഷ്ടം..
ഒരോ കുരിശ് വരുന്ന വഴിയേ!!
കാലേല്‍ വീണാല്‍ കാലൊടിയും, പട്ടിയെ എറിഞ്ഞാല്‍ പട്ടി ചാവും എന്ന രീതിയിലുള്ള രണ്ട് ചപ്പാത്തി തിന്നെന്നു വരുത്തി കൈ കഴുകി.ഏഴെട്ട് ചപ്പാത്തി കഴിക്കേണ്ട സ്ഥാനത്ത് വെറും രണ്ട് ചപ്പാത്തി കഴിച്ചതിലുള്ള സങ്കടം അളിയന്‍ രേഖപ്പെടുത്തി:
"മനു കഴിക്കുമെന്ന് പറഞ്ഞപ്പോള്‍ ഇങ്ങനല്ല ഞാന്‍ പ്രതീക്ഷിച്ചത്"
അതിനെക്കാള്‍ സങ്കടത്തില്‍ എന്‍റെ മനസ്സ് പറഞ്ഞു..
ചേട്ടന്‍ കഴിക്കുമോന്ന് ചോദിച്ചപ്പോള്‍ ഇങ്ങനല്ല ഞാനും പ്രതീക്ഷിച്ചത്!!

തിരിച്ച് പോകാന്‍ കാറില്‍ കയറിയ എന്നോട് അളിയന്‍ പറഞ്ഞു:
"അളിയാ, അടുത്ത വരവ് കുറച്ച് കൂടി കൊഴുപ്പിക്കണം"
'അത് തന്‍റെ മറ്റവനോട് പറ' എന്ന് മനസിലും പറഞ്ഞ്, 'ശരി അളിയാ, കൊഴുപ്പിക്കാം' എന്ന് ഉറക്കെയും പറഞ്ഞ് ഞാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.ഈ പ്രാവശ്യം പാട്ട് പാടിയത് ഗായത്രിയായിരുന്നു, അതും ഒരു കള്ള ചിരിയോടെ..

"എന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ..
എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ..
അളിയനെ കാണേണം, ഗ്ലാസൊന്നെടുക്കേണം..
സ്ക്കോച്ചിലൊരു ഐസിട്ട് വീശേണം.."

പിന്‍കുറിപ്പ്:
സ്ക്കോച്ച് വിസ്ക്കിയുമായി വരുന്ന കൂട്ടുകാരനെ കാത്തിരിക്കുകയാണെന്ന് പറഞ്ഞ് ഈ കഥക്ക് ഉള്ള ത്രെഡ് തന്ന പ്രിയ സുഹൃത്തിനു നന്ദി.ഈ കഥ വായിച്ചിട്ട് ഏതെങ്കിലും അളിയനു ഇത് താനാണെന്ന് തോന്നുന്നെങ്കില്‍ ഒരു വാക്ക്..
"അളിയാ, ഇത് അളിയനല്ല"
വേറെ അളിയനാ!!

അവള്‍ ത്രയംബക





ഇന്ത്യ വിറക്കുന്നു..
ഏകദേശം ഒരു മാസം മുമ്പൊരു പ്രമുഖ പത്രത്തിലെ പ്രധാന തലക്കെട്ടാണിത്.രാവിലെ ഒരു ഗ്ലാസ്സ് ചായയുമായി പത്രം വായിക്കാന്‍ തയ്യാറായ ഞാന്‍ കണ്ടത് വെണ്ടക്ക വലുപ്പത്തില്‍ ഉള്ള ഈ തലക്കെട്ടാ..
ഇന്ത്യ വിറക്കുന്നത്രേ!!
പേടിച്ചിട്ടാണോ??
അല്ല!!
തണുത്തിട്ടാണോ??
അതുമല്ല!!
അപ്പോള്‍ പിന്നെ ഇന്ത്യക്ക് വല്ലാതെ ദേഷ്യം വന്ന വല്ല സംഭവവും ഉണ്ടായോ??
ഹേയ്, ഇല്ല!!
പിന്നെ എന്തിനു ഇന്ത്യ വിറച്ചു??
ടെന്‍ഷന്‍ കയറി പത്രം നോക്കിയ എന്നോട് സ്വ.ലേ പറയുകയാണ്,
ഇന്ത്യക്ക് പനി പിടിച്ചു പോലും..
ആകെ കുളിരു കോരി പോലും..
മൊത്തത്തില്‍ തണുത്ത് വിറച്ച് പോലും..

ശരിയാ..
പത്രക്കാരെ കുറ്റം പറയേണ്ടാ,
പലവിധത്തിലുള്ള പനികള്‍ ഇന്ത്യയെ ബാധിച്ച് തുടങ്ങി..
എലിപനി, കൊതുകുപനി, കോഴിപനി, പക്ഷിപനി, പന്നിപനി..
കാലത്തിന്‍റെ പോക്ക് ഇങ്ങനാണേല്‍ ഇനിയും വരും..
ഈച്ചപനി, മുതലപനി, ആനപനി..
കഷ്ടം!!
ഇപ്പോള്‍ പന്നിപനിയാ ലേറ്റസ്റ്റ്.
പന്നിയില്‍ നിന്നാണത്രേ പന്നിപനി ഉണ്ടായത്..
അപ്പോള്‍ മലമ്പനിയോ??
ആവോ, ആര്‍ക്കറിയാം!!

പന്നിപനിയെ പറ്റി ഒരു വിധപ്പെട്ട കാര്യങ്ങള്‍ നന്നായി വിശദീകരിച്ച് തന്നെ ആ പത്രത്തില്‍ എഴുതിയിരിക്കുന്നു.എന്തിനു ഏറെ പറയുന്നു, പന്നിപനി ഇന്ത്യയില്‍ വന്നതിന്‍റെ പടം വരെ വരച്ച് വച്ചിരിക്കുന്നു..
നാല്‌ പടങ്ങളിലൂടെയാണ്‌ അവര്‍ ഇത് വിശദീകരിച്ചത്..
1. അമേരിക്കയിലുള്ള ഒരു പന്നി തുമ്മുന്ന പടം
2. ആ പന്നിയെ നോക്കുന്ന ഇന്ത്യക്കാരന്‍ തുമ്മുന്ന പടം
3. അയാള്‍ അമേരിക്കയില്‍ നിന്നും വിമാനത്തില്‍ കയറുന്ന പടം
4. ആ വിമാനം ഇന്ത്യയില്‍ ലാന്‍ഡ് ചെയ്യുന്ന പടം
അതേ, ഇന്ത്യയില്‍ പന്നിപനി എത്തിയിരിക്കുന്നു..
അങ്ങനെ ഇന്ത്യ വിറക്കുന്നു!!
മാത്രമല്ല, ഈ പന്നിപനിക്ക് ഒരു മലയാളി ബന്ധം ഉണ്ട് പോലും.ഇടുക്കിയിലെ വണ്ടന്‍ മേട്ടിലുള്ള കോര എന്ന പന്നിവളര്‍ത്തല്‍കാരന്‍റെ കൂട്ടില്‍ നിന്നും, ആറ്‌ വര്‍ഷം മുമ്പ് അമേരിക്കയില്‍ എത്തിയ, 'മൂസ' എന്ന പന്നിയുടെ സന്തതി പരമ്പരകളില്‍ അവസാനത്തെ പന്നിക്കാണ്‌ ആദ്യം പന്നിപ്പനി ഉണ്ടായത് എന്ന് ഈ പത്രം വിശദീകരിച്ചിട്ടുണ്ട്..
കഷ്ടം!!

ഞാന്‍ ഈ ന്യൂസ്സ് വായിച്ച ദിവസം എന്‍റെ പിറന്നാളയിരുന്നു..
തിരക്കുള്ള സ്ഥലങ്ങളില്‍ പോയാല്‍ പന്നിപനി പകരും എന്ന അറിയിപ്പ് ആ പത്രത്തില്‍ ഉണ്ടായിരുന്നിട്ട് കൂടി, ഞാനും വൈഫും കൂടി 'പുതിയ മുഖം' എന്ന സിനിമ കാണാന്‍ പോയി.ചെന്നപ്പോള്‍ നൂണ്‍ ഷോ കഴിഞ്ഞതേയുള്ളു.ഇറങ്ങി വരുന്ന കൂട്ടത്തില്‍ ഒരു പരിചയ മുഖം, ശാരി.എന്‍റെ സഹപ്രവര്‍ത്തക.
ഒന്ന് മുട്ടിയേക്കാം, പിന്നെ പടം എങ്ങെനെയുണ്ടെന്ന് അറിയുകയും ചെയ്യാമല്ലോ?
പൃഥിരാജിന്‍റെ കറകളഞ്ഞ ഫാനായ ശാരിയോട് ഞാന്‍ ചോദിച്ചു:
"ഹായ് ശാരി, പടം എങ്ങനെയുണ്ട്?"
പെട്ടിയിലിരുന്നു പൊട്ടേണ്ട പടങ്ങള്‍ വരെ നല്ലതാണെന്ന് പറഞ്ഞ് പരിചയമുള്ള അവള്‍ പ്രതികരിച്ചു:
"കൊള്ളരുത്"
അത് കേട്ടതും എന്‍റെ നെഞ്ചൊന്ന് പിടച്ചു!!
പന്നിപനി പോലും വക വയ്ക്കാതെ വന്നതാ..
എന്നിട്ട് പടം കൊള്ളരുതെന്നോ??
നല്ലൊരു പിറന്നാള്‍ വെള്ളത്തിലായോ??
മനസില്‍ തികട്ടി വന്ന വിഷമം കടിച്ചമര്‍ത്തി ഞാന്‍ അവളോട് ചോദിച്ചു:
"എന്തേ, നല്ല കഥയല്ലേ?"
തകര്‍ന്നു നില്‍ക്കുന്ന എന്നേ നോക്കി സങ്കടത്തോടെ അവള്‍ പറഞ്ഞു:
"കഥയൊക്കെയുണ്ട്, പക്ഷേ പൃഥിരാജിനു മീശയില്ല"
പോടി പുല്ലേ!!

സിനിമ തുടങ്ങി..
അതില്‍ ഒരു ചോദ്യമുണ്ട്..
ക്ലാസ്സിലെ കുട്ടികള്‍ക്ക് മുന്നില്‍ നിന്ന് താനൊരു മൃദംഗം വായനക്കാരനാണെന്ന് പറയുമ്പോള്‍, അതേ ക്ലാസ്സിലെ ഒരു പെണ്‍കുട്ടി, പൃഥിരാജിനോട് ചോദിക്കുന്ന ചോദ്യം..
"ഒന്ന് മോക്ക് ചെയ്യാമോ?"
അതായത് ശരിയായ മൃദംഗം ഇല്ല, എന്നാലും ഫേക്ക് ആയി മൃദംഗം കൊട്ടുന്നത് കാണിക്കാമോ എന്ന് സാരം.അത് കേട്ട് നായകന്‍ ഡസ്ക്കില്‍ കൊട്ടി കാണിക്കുന്നു.
പുതിയ മുഖം എന്ന സിനിമയില്‍ പൃഥിരാജ് ഇങ്ങനെ മോക്ക് ചെയ്ത് കാണിച്ചപ്പോള്‍, എന്‍റെ മനസ്സിന്‍റെ കോണില്‍ ഒരു പഴയ മുഖം എന്നെ നാക്ക് നീട്ടി കാണിച്ചു..
അത് അവളായിരുന്നു..
ത്രയംബക!!

എഞ്ചിനിയറിം കോളേജിലെ ഹരമായിരുന്നു ഈ കഥാനായിക..
പാലക്കാട്ടെ ഒരു അഗ്രഹാരത്തില്‍ നിന്നും വന്നവള്‍..
പാട്ട് പാടാനും നൃത്തം ചെയ്യാനും ഒരേ പോലെ കഴിവുള്ളവള്‍..
യുവകോമളന്‍മാരുടെ സ്വപ്ന നായിക അവളായിരുന്നു..
കോളേജ് മൊത്തം അവുളുടെ പിന്നാലെ ആയിരുന്നിട്ട് കൂടി, ഒരിക്കല്‍ പോലും എനിക്ക് അവളോട് പ്രേമം ഉണ്ടായിരുന്നില്ല.എന്നാല്‍ കാലക്രമേണ ഞാന്‍ അവളെ സ്നേഹിച്ചു..
അതിനു കാരണം എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തായ ഷമീറായിരുന്നു..
എനിക്കു ചേര്‍ന്ന പെണ്ണാണ്‌ ത്രയംബക എന്ന അവന്‍റെ വാക്കുകളിലെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഞാന്‍ ആ സാഹസത്തിനു തയ്യാറായി.എന്ത് വില കൊടുത്തും ത്രയംബകയെ കൊണ്ട് 'ഐ ലൌ യൂ' പറയിക്കണം..
പക്ഷേ എങ്ങനെ??
അതിനു ഷമീര്‍ ഒരു വഴി പറഞ്ഞു തന്നു..
ഒരു മുടിഞ്ഞ വഴി!!

സംഭവം സിംപിള്‍..
വയലിന്‍ വായിക്കുന്നവരെ ത്രയംബകക്ക് ഇഷ്ടമാണ്, അതിനാല്‍ വയലിന്‍ വായിക്കും എന്നറിഞ്ഞാല്‍ അവള്‍ പ്രേമിക്കും.
ശരി, വയലിനെങ്കില്‍ വയലിന്‍.

ഒരിക്കല്‍ ക്ലാസ്സിലെ സുഹൃത്തുക്കളെ അഭിമുഖീകരിക്കാന്‍ ഒരു അവസരം കിട്ടിയപ്പോല്‍ ഞാന്‍ വച്ച് കാച്ചി:
"വയലിന്‍ എന്‍റെ ജീവനാഡിയും പരമനാഡിയുമാണ്."
എല്ലാവരുടെയും മുഖത്ത് അമ്പരപ്പ്!!
എന്ന് വച്ചാല്‍??
"എന്ന് വച്ചാല്‍ ഞാന്‍ ജനിച്ച് വീണത് തന്നെ ഒരു വയലിനു മുകളിലാണ്"
ഇത്രയും പറഞ്ഞിട്ട് ഞാന്‍ ത്രയംബകയെ നോക്കി.അവളുടെ മുഖത്ത് അത് വരെ കാണാത്ത ഒരു ഭാവം.അവള്‍ പതുക്കെ എഴുന്നേറ്റു, എന്നിട്ടൊരു ചോദ്യം:
"ഒന്ന് മോക്ക് ചെയ്യാമോ?"
ടിഷ്യം!!
ആ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി പോയി..
ആസനത്തില്‍ അമ്പ് കൊണ്ട പ്രതീതി!!
കര്‍ത്താവേ, ഇനി എന്തോ ചെയ്യും??
സ്മോക്ക് ചെയ്യാനാണെങ്കില്‍ എളുപ്പമാ, ഇത് മോക്ക് ചെയ്യാനാ..
അതും ജീവിതത്തില്‍ വയലിന്‍ കണ്ടിട്ടില്ലാത്ത ഞാന്‍, വയലിന്‍ വായിക്കുന്നത് മോക്ക് ചെയ്യണം പോലും..
എങ്ങനെ??
ഞാന്‍ പതുക്കെ ഷമീറിനെ നോക്കി..
ആത്മാര്‍ത്ഥ സുഹൃത്തും അഭ്യുദയകാംക്ഷിയുമായ ഷമീര്‍ എന്‍റെ അടുത്തേക്ക് ഓടി വന്നു,
എന്നിട്ട് തകര്‍ന്ന് നില്‍ക്കുന്ന എന്നോടൊരു ചോദ്യം:
"മനുവേ, നീയിനി എന്തോ ചെയ്യും?"
ബെസ്റ്റ്!!
വെറുതെ ഇരുന്ന എന്നോട് പ്രേമിക്കാന്‍ പറഞ്ഞത് അവന്‍..
ത്രയംബകക്ക് വയലിന്‍ ഇഷ്ടമാണെന്ന് പറഞ്ഞതും അവന്‍..
എന്നോട് വയലിന്‍ അറിയാം എന്ന് പറയാന്‍ പറഞ്ഞതും അവന്‍..
എന്നിട്ട് ഡാഷ് മോന്‍ ചോദിച്ചത് കേട്ടില്ലേ..
ഞാനിനി എന്തോ ചെയ്യുമെന്ന്??
എന്‍റെ കണ്ണില്‍ ഇരുട്ട് കയറി!!

താഴെ വിഴാതെ ഇരിക്കാന്‍ ഭിത്തിയില്‍ അള്ളി പിടിച്ച് നില്‍ക്കുന്ന എന്നെ രക്ഷിക്കുക എന്ന ഉദ്ദേശത്തില്‍ ഷമീര്‍ അവളോട് ചോദിച്ചു:
"വയലിന്‍ എങ്ങനെ മോക്ക് ചെയ്യും?"
അത് കേട്ടതും അവള്‍ ബാഗില്‍ നിന്നും ഒരു സാധനം എടുത്ത് എന്‍റെ നേരെ നീട്ടി..
കന്യാകുമാരിയില്‍ വാങ്ങാന്‍ കിട്ടുന്ന ഒരു സാധനം..
ചിരട്ടയും കമ്പും ഉപയോഗിച്ചുള്ള ഒരു ഉപകരണം..
വയലിന്‍ പോലെ തന്നെ..
വയലിനില്‍ കുറേ കമ്പികളുണ്ടങ്കില്‍ ഇതില്‍ ഒരു കമ്പിയെ ഉള്ളു..
ചിരട്ട വയലിനും, അത് വായിക്കാനുള്ള കമ്പും തന്നിട്ട് അവള്‍ പറഞ്ഞു:
"മനു സരിഗമ ഒന്ന് വായിച്ചേ"
സ-രി-ഗ-മ..
മൊത്തം നാല്‌ അക്ഷരം!!
അവള്‍ തന്ന വയലിനില്‍ ആകെ ഒരു കമ്പി!!
എന്തോ ചെയ്യും?
നാല്‌ അക്ഷരം വായിക്കാന്‍ നാല്‌ കമ്പി വേണ്ടേ??
ചിരട്ടക്ക് മേലെയുള്ള കമ്പി ഏത് അക്ഷരത്തിന്‍റെയാ??
ആകെ കണ്‍ഫ്യൂഷന്‍!!
ഒടുവില്‍ ഞാന്‍ തുറന്ന് ചോദിച്ചു:
"ഇത് ഒരു കമ്പിയല്ലേ ഉള്ളു, സരിഗമക്ക് നാല്‌ കമ്പി വേണ്ടേ?"
എന്‍റെ ചോദ്യത്തില്‍ പകച്ച് പോയ ത്രയംബക, ഒന്നും മിണ്ടാതെ ആ വയലിനും വാങ്ങി തിരികെ നടന്നു.
പാവം..
സരിഗമക്ക് നാല്‌ കമ്പിയും, സപ്തസ്വരത്തിനു ഏഴ് കമ്പിയും വേണം എന്ന എന്‍റെ ലോജിക്ക് മനസിലായിക്കാണില്ല..
അവള്‍ക്ക് എന്‍റെയത്ര വിവരമില്ലല്ലോ!!

സിനിമ തീര്‍ന്നപ്പോള്‍ വാമഭാഗം ചോദിച്ചു:
"മോക്ക് ചെയ്യുക എന്നത് ഒരു കലയാണോ?"
അല്ല മോളെ, അല്ല..
മോക്ക് ചെയ്യുക എന്നത് ഒരു കൊലയാ.
അനുഭവം ഗുരു!!

ഒരു മുത്തശ്ശി കഥ





മുത്തശ്ശി...
ആ വാക്കില്‍ തന്നെ ഒരു വാത്സല്യമുണ്ട്.
ഇന്നത്തെ കാലത്തെ 'ഹായ് ഡിയര്‍' പറയുന്ന ഗ്രാന്‍റ്‌മായുടെ കാര്യമല്ല ഞാന്‍ ഉദ്ദേശിച്ചത്.സന്ധ്യാനേരത്ത് നാമം ജപിക്കുന്ന, നമ്മുടെ കൊച്ച് കൊച്ച് തെറ്റുകള്‍ക്ക് ഉപദേശിക്കുന്ന, സ്നേഹത്തോടെ നമ്മളെ തലോടുന്ന, യുദ്ധം ജയിച്ച് രാജകുമാരിയെ സ്വന്തമാക്കിയ രാജകുമാരന്‍റെ കഥ പറയുന്ന, നന്മ നിറഞ്ഞ മുത്തശ്ശി.
അങ്ങനെയുള്ള ഒരു മുത്തശ്ശിയുടെ കഥ ഞാന്‍ പറയട്ടെ..
ഒരു മുത്തശ്ശി കഥ..

ഈ കഥയിലെ നായിക എന്‍റെ മുത്തശ്ശിയാണ്..
കഥകള്‍ പറയുന്ന, കവിതകള്‍ ചൊല്ലുന്ന എന്‍റെ പ്രിയ മുത്തശ്ശി..
കഥകള്‍ ഹരമായിരുന്ന എനിക്ക് എല്ലാം ഈ മുത്തശ്ശി ആയിരുന്നു.കുട്ടികാലത്ത് മുത്തശ്ശി പറഞ്ഞ് തന്ന കഥകള്‍ കേട്ടാണ്‌ ഞാന്‍ വളര്‍ന്നത് തന്നെ. അന്നെല്ലാം മുത്തശ്ശിയുടെ മടിയില്‍ കിടന്നാണ്‌ കഥകള്‍ കേള്‍ക്കുന്നത്.അങ്ങനെ കഥയില്‍ ലയിച്ചിരിക്കുമ്പോള്‍ ഉറക്കത്തിലേക്ക് വഴുതി വീഴുക എന്‍റെ ഒരു സ്വഭാവമാണ്.അതോടു കൂടി മുത്തശ്ശി പറഞ്ഞ അറബി കഥകളിലെ രാജകുമാരനായി ഞാന്‍ മാറും.പരവതാനിക്ക് പകരം എന്നെ പുതപ്പിച്ച പുതപ്പില്‍ കയറി ആകാശത്തു കൂടി പറന്ന് നടക്കുന്നത് ഞാന്‍ സ്വപ്നം കാണും.ആ കാലഘട്ടത്തില്‍ ഒരു ദിവസം..
മുത്തശ്ശിക്കഥ സ്വപ്നവും കണ്ട്, പിറന്ന പടി കിടന്ന എന്നെ വിളിച്ചുണര്‍ത്തി അച്ഛന്‍ ചോദിച്ചു:
"നിന്നെ പുതപ്പിക്കുന്ന പുതപ്പ് എന്തിയേടാ?"
അറബിക്കഥയിലെ രാജകുമാരന്‍ മറുപടി പറഞ്ഞു:
"അത് പറന്ന് പോയി"
വളരെ നല്ല മറുപടി!!
ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയതിനു ശേഷം ആദ്യമായാണെന്ന് തോന്നുന്നു, ഒരു മകന്‍ തന്‍റെ അച്ഛനു ഇത്രയും നല്ല ഒരു മറുപടി കൊടുക്കുന്നത്.എന്തായാലും അച്ഛനു ഭയങ്കര സന്തോഷമായി.പറമ്പിലെ കിളിച്ചുണ്ടന്‍ മാവില്‍ കെട്ടിയിട്ട് കൈ തളരുവോളം തല്ലിയാണ്‌ അച്ഛന്‍ എന്നോടുള്ള സന്തോഷം പ്രകടിപ്പിച്ചത്.അങ്ങനെ മാക്സിമം സന്തോഷം പ്രകടിപ്പിച്ച് കഴിഞ്ഞിട്ട് അച്ഛന്‍ വീണ്ടും ചോദിച്ചു:
"പുതപ്പ് എന്തിയേടാ?"
പഷ്ട്!!
എന്‍റെ മറുപടി കേട്ട് വീണ്ടും സന്തോഷിക്കാനാ!!
അമ്പട അച്ഛാ!!

കഥ കഴിഞ്ഞാല്‍ ഞാന്‍ ഏറെ സ്നേഹിച്ചിരുന്നത് ഭക്ഷണത്തെയാണ്.മൂന്ന് നേരം മൃഷ്ടാന്ന ഭോജനം എന്നതായിരുന്നു എന്‍റെ മുദ്രാവാക്യം.രാവിലെയും ഉച്ചയ്ക്കും മൂക്കുമുട്ടെ കഴിക്കുന്നത് പോട്ടെ എന്ന് വയ്ക്കാം, പക്ഷേ രാത്രിയില്‍ വലിച്ച് വാരി തിന്നുന്നത് ശരീരത്തിനു നല്ലതല്ല.രാത്രിയില്‍ ഒരുപാട് കഴിച്ചാല്‍ ദഹനം നല്ല രീതിയില്‍ നടക്കില്ല എന്നാ ശാസ്ത്രം.അതറിയാവുന്ന അച്ഛന്‍ എന്നെ വിളിച്ച് ഉപദേശിച്ചു:
"മനുകുട്ടാ, ആഹാരക്കാര്യത്തില്‍ പഴമക്കാര്‍ എന്താ പറയുന്നതെന്നറിയാമോ?"
ഇല്ലച്ഛാ, എനിക്കറിയില്ല!!
"രാവിലെ രാജകുമാരനെ പോലെയും, ഉച്ചയ്ക്ക് രാജാവിനെ പോലെയും, രാത്രിയില്‍ യാചകനെ പോലെയും കഴിക്കണം"
അതേയോ??
രാവിലെ രാജകുമാരനെ പോലെ..
പഴവര്‍ഗ്ഗങ്ങള്‍, മധുരം, ഹല്‍വ, വെണ്ണ, പാല്‍ തുടങ്ങിയ ഐറ്റംസ്സ്!!
ഉച്ചക്ക് രാജാവിനെ പോലെ..
ഗംഭീര സദ്യ വിത്ത് പരിപ്പ്, പപ്പടം,പായസം തുടങ്ങിയ ഐറ്റംസ്സ്!!
വൈകിട്ട് യാചകനെ പോലെ..
എന്താ കൈയ്യില്‍ കിട്ടുന്നതെന്ന് നോക്കരുത്, എല്ലാം വലിച്ച് വാരി തിന്നണം!!
കൊള്ളാം!!
വളരെ നല്ല ഉപദേശം!!
ഉപദേശ പ്രകാരം മൂന്ന് നേരവും മൂക്കുമുട്ടെ തട്ടണം.
അച്ഛനാണച്ഛാ അച്ഛന്‍!!
വളരെ കാര്യമായി ഉപദേശിച്ചിട്ടും, രാത്രിയില്‍ വീണ്ടും വലിച്ച് വാരി തിന്നുന്ന കണ്ട അച്ഛന്‍ ചൂടായി ചോദിച്ചു:
"നിനക്ക് ഞാന്‍ പറഞ്ഞത് മനസിലായില്ലേ?"
മനസിലായി, മനസിലായി എല്ലാം മനസിലായി!!
രാത്രിയിലെ യാചകനെ കുറിച്ച് ഞാന്‍ വിശദീകരിച്ചത് കേട്ടപ്പോള്‍ അച്ഛനും സംശയമായി,
ഇനി ശരിക്കും അങ്ങനാണോ??
അല്ല ആണോ??
ഒടുവില്‍ മുത്തശ്ശി ഉപദേശിച്ചു:
"നമ്മള്‍ ജീവിക്കാന്‍ വേണ്ടി കഴിക്കണം"
ആ ഉപദേശം പാഴായി പോയി..
ഞാന്‍ കഴിക്കാന്‍ വേണ്ടി ജീവിച്ചു!!

ഇങ്ങനെ കഥകളിലൂടെയും ഉപദേശങ്ങളിലൂടെയും എന്നെ വളര്‍ത്തിയ മുത്തശ്ശി ഒരു വലിയ കൃഷ്ണഭക്തയായിരുന്നു.ഏതു നേരവും മുത്തശ്ശിയുടെ നാവില്‍ ഒരു നാമജപം ഉണ്ടായിരുന്നു:

"കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാര്‍ദ്ദനാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവാ
സച്ചിതാനന്ദാ നാരായണാ ഹരേ"

ഈ നാമജപത്തോടൊപ്പമുള്ള മുത്തശ്ശിയുടെ ആത്മഗതങ്ങള്‍ക്കും കൃഷണനായിരുന്നു കൂട്ട്,
കൃഷ്ണാ, ചിക്കന്‍ വെന്തോ എന്തോ??
കണ്ണാ, പറമ്പിലെ തേങ്ങാ കട്ടവന്‍റെ തലയില്‍ ഇടിത്തീ വീഴണേ!!
ഇതാ ലൈന്‍..
എന്തിനും ഏതിനും ഒരു കൃഷ്ണമയം.

അതിനാലാവാം ഓര്‍മ്മവച്ച കാലം മുതല്‍ മുത്തശ്ശിയുടെ ഒരു ആവശ്യം ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു, മറ്റൊന്നുമല്ല മുത്തശ്ശിക്ക് ഗുരുവായൂരപ്പനെ കണ്ട് ഒന്ന് തൊഴണമത്രേ.ഏതു കൃഷ്ണഭക്തയുടെയും മനസ്സിലുള്ള മാന്യമായ ഒരു ആഗ്രഹം.അത് കേട്ട് കേട്ട് സഹികെട്ട് കുട്ടിക്കാലത്ത് തന്നെ മുത്തശ്ശിക്ക് ഞാന്‍ വാക്ക് കൊടുത്തു:
"ഞാന്‍ വലുതാവട്ടെ, എന്നിട്ട് കൊണ്ട് പോകാം"
കാലം കടന്നു പോയി, ഞാന്‍ വലുതായി.കുട്ടിക്കാലത്ത് മുത്തശ്ശിക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ ഞാന്‍ മുത്തശ്ശിയെയും കൂട്ടി ഗുരുവായൂരില്‍ പോയി.
ആ യാത്ര ഒരു വന്‍ സംഭവം തന്നെയായിരുന്നു..
മനസ്സ് തുറന്ന് ഞാന്‍ കൃഷ്ണനെ വിളിച്ച് കരഞ്ഞ ഒരു മുട്ടന്‍ സംഭവം!!

നാല്‌ വര്‍ഷം മുമ്പുള്ള ഒരു ശനിയാഴചയാണ്‌ ഗുരുവായൂരില്‍ കൊണ്ട് പോകാന്‍ തയാറാണെന്നുള്ള മഹത്തായ സത്യം ഞാന്‍ മുത്തശ്ശിയോട് പറഞ്ഞത്.എന്‍റെ ഈ പ്രഖ്യാപനം കേട്ട് ഞെട്ടിയ അച്ഛന്‍ എന്നോട് പറഞ്ഞു:
"മോനേ, തീക്കളിയാ.ഇത് വേണോ?"
വേണം, ഇത് വേണം!!
അമ്മ ചോദിച്ചു:
"എടാ, മുത്തശ്ശി പിടിവാശിക്കാരിയാ. വല്ല പ്രശ്നവും ഉണ്ടായാല്‍?"
എന്ത് പ്രശ്നം, ഞാനില്ലേ??
അനിയത്തി ഉപദേശിച്ചു:
"ചേട്ടാ, ഇതിലും ഭേദം ട്രെയിനിനു തല വയ്ക്കുന്നതാ"
ങ്ങേ!!
ഇതെന്താ ഇങ്ങനെ??
കൃഷ്ണാ, ഇനി ശരിക്കും പുലിവാലാകുമോ??
എനിക്കും സംശയമായി.

പക്ഷേ കൃഷ്ണന്‍ എന്നോടൊപ്പമാണെന്ന് എന്‍റെ മനസ്സ് പറഞ്ഞു, അത് ശരിയാണ്‌ താനും.അതുകൊണ്ടാവാം മുത്തശ്ശി എന്നോട് ചോദിച്ചു:
"എടാ മോനേ, അപ്പുറത്തെ ജാനൂനേ കൂടി കൊണ്ട് പോയാലോ?"
ജാനൂ!!
പതിനെട്ട് വയസ്സുള്ള പാവാടക്കാരി!!
പീതാംബരന്‍ ചേട്ടന്‍റെ മോള്..
പീതാംബരന്‍ ചേട്ടന്‍ ഗുണ്ടയാണെങ്കിലും, ചേട്ടന്‍റെ പെമ്പ്രന്നോത്തി ഉണ്ടയാണെങ്കിലും, അവരുടെ മോളൊരു സുന്ദരിയാ.രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടും എന്‍റെ കടാക്ഷത്തിനു പാത്രമാകാന്‍ ഭാഗ്യം സിദ്ധിച്ചവള്‍..
അച്ഛനോ അമ്മയോ അവളെയും കൂട്ടിയാണ്‌ ഗുരുവായൂരില്‍ പോകുന്നതെന്നറിഞ്ഞാല്‍ പാര വയ്ക്കും എന്നത് മൂന്ന് തരം.അതുകൊണ്ട് ഞാന്‍ പറഞ്ഞു:
"ഞാന്‍ റെയില്‍വേസ്റ്റേഷനില്‍ പോയി മൂന്ന് ടിക്കറ്റെടുത്ത് നില്‍ക്കാം, മുത്തശ്ശി ജാനുവിനെയും കൂട്ടി അങ്ങ് വാ"
ഇത് കേട്ടതും മുത്തശ്ശിയുടെ മുഖത്ത് ഒരു അമ്പരപ്പ്.
പാവം, ഞാന്‍ ഇത്ര പെട്ടന്ന് സമ്മതിക്കുമെന്ന് വിചാരിച്ച് കാണില്ല!!

ഞാനും, ജാനുവും, മുത്തശ്ശിയും മാത്രം..
അതും രണ്ട് ദിവസം!!
ഗുരുവായൂരില്‍ എത്തിയാല്‍ മുത്തശ്ശി ഭക്തിയില്‍ മുഴുകി ഇരിക്കുമെന്ന് ഉറപ്പ്.ഒന്ന് തൊഴുതു കഴിയുമ്പോള്‍ ഞാനും ജാനുവും ഫ്രീ ആകും.പിന്നെ ഞങ്ങളുടെ മാത്രമായ ഒരു ലോകം.
എന്‍റെ കൃഷ്ണാ!!
ഇതില്‍ പരം എന്തോന്ന് പരമാനന്ദം??
മൂന്ന് ടിക്കറ്റുമെടുത്ത് മുത്തശ്ശിയേയും, ജാനുവിനെയും കാത്ത് നിന്ന അരമണിക്കൂറിനു ഒരു യുഗത്തിന്‍റെ ദൈര്‍ഘ്യമുള്ളപോലൊരു തോന്നല്‍.എല്ലാ നായകന്‍മാരെയും പോലെ അവിടെ നിന്ന് പരിസരം മറന്ന് ഞാന്‍ പാടി:

"ഗുരുവായൂരപ്പാ, ഗുരുവായൂരപ്പാ
ഞങ്ങള്‍ തന്‍ കാതലുക്ക് നീ താനേ സാക്ഷി"

സമയം ഇഴഞ്ഞ് നീങ്ങി..
ഒടുവില്‍ മുത്തശ്ശി വന്നു.കൂടെ പതിനെട്ട് വയസ്സുകാരി ജാനുവിനു പകരം പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന ഒരു വല്യമ്മ.
ങ്ങേ!!
"ഇതാരാ?"
മുത്തശ്ശി ചിരിച്ചു കൊണ്ട് പറഞ്ഞു:
"ഇതാ പീതാംബരന്‍റെ അമ്മ, തിരുവനന്തപുരത്തൂന്ന് ഇന്നലെയാ വന്നത്"
പീതാംബരന്‍ ചേട്ടന്‍റെ അമ്മയോ??
ശരിയാ, ജാനുവമ്മ!!
അമ്മുമ്മക്കും കൊച്ചുമോള്‍ക്കും ഒരേ പേരാ!!
ജാനൂനെ കൂടെ കൂട്ടാന്‍ ഞാന്‍ പറഞ്ഞതും, അത് കേട്ട് മുത്തശ്ശി അമ്പരന്നതും വെറുതെയല്ല.വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് വച്ചത് ഞാന്‍ തന്നെയാണെന്ന് ബോധ്യമായപ്പോള്‍ എന്നിലെ നായകന്‍ അറിയാതെ പാടി:

"കുലുമാ...... കുലുമാ....... കുലുമാ.....
അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ കുലുമാ...കുലുമാ.....
പരസ്പരം കുഴിക്കുന്ന കുഴികളില്‍ പതിക്കുമ്പോള്‍ കുലുമാ...കുലുമാ....."

ഞാന്‍ പാട്ട് പാടുന്ന കണ്ടായിരിക്കണം, ജാനുവമ്മ ചോദിച്ചു:
"മനുക്കുട്ടനു സന്തോഷമായെന്നാ തോന്നുന്നേ?"
പിന്നേ, ഭയങ്കര സന്തോഷമായി!!
അപ്പോള്‍ റെയില്‍വേ സ്റ്റേഷനിലെ ടീവിയില്‍ നിന്നും ഹാപ്പി ജാമിന്‍റെ പരസ്യം:

"സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ
ഞാനിപ്പം മാനത്ത് വലിഞ്ഞ് കേറും"
ബെസ്റ്റ്!!
സാഹചര്യത്തിനു പറ്റിയ പരസ്യം!!

മൈ ഡിയര്‍ കൃഷ്ണാ,
എനിക്കൊരു സംശയം..
മുജ്ജന്മത്തില്‍ ഞാന്‍ കംസനായിരുന്നോ??
അല്ല, ഇമ്മാതിരി ഒരു പണി തന്നോണ്ട് ചോദിച്ചതാ!!
പറ്റിയ അബദ്ധം ഓര്‍ത്ത് ചിരിക്കണോ അതോ കരയണോ എന്ന ധര്‍മ്മ സങ്കടത്തില്‍ ഞാന്‍ നില്‍ക്കേ വണ്ടി സ്റ്റേഷനിലെത്തി, ഞങ്ങള്‍ അതില്‍ പ്രവേശിച്ചു.

ട്രെയിന്‍ ഗുരുവായൂര്‍ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി..
ഇടത്തെ വശത്ത് മുത്തശ്ശി, വലത്തെ വശത്ത് ജാനുവമ്മ, നടുക്ക് ഞാന്‍.
താടിക്ക് കൈയ്യും വച്ചിരുന്ന എന്നെ നോക്കി ജാനുവമ്മ പറഞ്ഞു:
"ഇങ്ങനെയൊരു യാത്ര ചെയ്യാന്‍ പറ്റുകാന്ന് വച്ചാല്‍ സുകൃതമാ കുട്ട്യേ"
അത് പിന്നെ പറയണോ??
വല്ലാത്തൊരു സുകൃതം തന്നെ!!
ഇമ്മാതിരി സുകൃതം ഇനി ആര്‍ക്കും വരാതിരുന്നാല്‍ മതി.
വായില്‍ ചൊറിഞ്ഞു വന്ന വാചകങ്ങള്‍ വിഴുങ്ങി ഞാന്‍ മിണ്ടാതിരുന്നു.
അപ്പോള്‍ ജാനുവമ്മയുടെ വാക്കുകള്‍ക്ക് മുത്തശ്ശിയുടെ സപ്പോര്‍ട്ട്:
"മുജ്ജന്മ പുണ്യം. അല്ലാതെന്താ?"
അതേ, അതേ!!
എന്‍റെ സ്വന്തം മുത്തശ്ശി ആയി പോയി..
ഇല്ലേല്‍ കഴുത്തിനു തൂക്കി വെളിയില്‍ എറിഞ്ഞേനെ!!
പൊന്ന്‌ കണ്ണാ, എന്തിന്‌ ഈ പരീക്ഷണം??
"കൊച്ചുമോളൂടെ വരാനിരുന്നതാ.." ജാനുവമ്മയുടെ സംസാരം എന്‍റെ പാവാടക്കാരി ജാനുവിനെ കുറിച്ചാണെന്ന് മനസിലായപ്പോള്‍ എനിക്ക് താല്‍പര്യമായി.
എന്നിട്ട് എന്തേ വരാഞ്ഞത്??
എന്‍റെ മനസിലുണ്ടായ ആ സംശയത്തിന്‌ ജാനുവമ്മ തന്നെ മറുപടി പറഞ്ഞു:
"ഞാനാ വരണ്ടാ എന്ന് പറഞ്ഞത്"
ആണല്ലേ??
അതൊരു മറ്റേടത്തെ പറച്ചിലായി പോയി!!
മുതുകിളവി, നിങ്ങള്‌ പണ്ടാരമടങ്ങി പോട്ടെ!!

താമസിയതെ അടക്കയുടെ വിലയെ പറ്റിയും, പാവക്കായുടെ കൈയ്പ്പിനെ പറ്റിയുമായി അവരുടെ സംസാരം...
ഞാന്‍ ശ്രദ്ധ പതുക്കെ ട്രെയിനിനു പുറത്തേക്ക് മാറ്റി.
പച്ചപ്പ് വിരിച്ച വയലോരങ്ങള്‍, പിന്നിലേക്ക് പായുന്ന വന്‍മര കൂട്ടങ്ങള്‍..
എത്ര മനോഹരമായ ദൃശ്യങ്ങള്‍.
ജനല്‍ പാളികളിലൂടെ അകത്തേക്ക് വന്ന കാറ്റ് ഏറ്റിട്ടാകാം മുത്തശ്ശിയും, ജാനുവമ്മയും ഉറക്കത്തിലേക്ക് വഴുതി വീണത്.രണ്ട് വശത്ത് നിന്നും അവരുടെ തലകള്‍ എന്‍റെ തോളിലേക്ക് ചാഞ്ഞപ്പോള്‍ പൂന്താനത്തിന്‍റെ ജ്ഞാനപ്പാനയിലെ രണ്ട് വരികള്‍ മനസ്സില്‍ തത്തി കളിച്ചു..

"മാളിക മുകളേറിയ മന്നന്‍റെ
തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍"
ഹോ, എത്ര അര്‍ത്ഥവത്തായ വരികള്‍!!
പൂന്താനം ഒരു മഹാന്‍ തന്നെ!!

ട്രെയിന്‍ ഗുരുവായൂരിലെത്തി.മുത്തശ്ശിയേയും, ജാനുവമ്മയേയും വിളിച്ചുണര്‍ത്തി പുറത്തേക്കിറങ്ങിയപ്പോള്‍ മുത്തശ്ശി മനസ്സ് നിറഞ്ഞ് വിളിച്ചു:
"കൃഷ്ണാ, കാത്തോളണേ"
എന്‍റെ മനസ്സും അത് തന്നെ പറഞ്ഞു,
കാത്തോളണേ!!

അന്ന് വൈകിട്ട് അവിടെ ഒരു ലോഡ്ജില്‍ താമസം.പിറ്റേന്ന് വെളുപ്പിനെ കുളിച്ചൊരുങ്ങി ദര്‍ശനത്തിനിറങ്ങി.നല്ല തിരക്ക്, എല്ലായിടവും ഭക്തിമയം.
നിര്‍മ്മാല്യം, ഉഷപൂജ, ഉച്ചപൂജ..
ഭക്തിസാന്ദ്രമായ നിമിഷങ്ങള്‍.
ഉച്ചയ്ക്ക് ഗുരുവായൂരില്‍ നിന്നുമുള്ള അന്നദാനം.
ശരിക്കും മനസ്സ് നിറഞ്ഞു.

രാത്രിയിലാണ്‌ തിരിച്ചുള്ള ട്രെയിന്‍.
സമയം സന്ധ്യയാകുന്നു.ഇപ്പോള്‍ അമ്പലത്തില്‍ നിന്നെറങ്ങിയാല്‍ ലോഡ്ജില്‍ പോയി ഒന്ന് ഫ്രഷ് ആയി തിരിച്ച് യാത്രയാകാം.അമ്പലത്തില്‍ തന്നെ കുറ്റിയടിച്ചിരുന്ന മുത്തശ്ശിയോടും, ജാനുവമ്മയോടും ഞാന്‍ പതിയേ ചോദിച്ചു:
"പോയാലോ?"
മനസില്ലാമനസ്സോടെ ആണെങ്കിലും മുത്തശ്ശി പതിയെ തലയാട്ടി.
പോകാനായി ഞാനും മുത്തശ്ശിയും എഴുന്നേറ്റപ്പോള്‍ ജാനുവമ്മ പറഞ്ഞു:
"നിങ്ങള്‌ പോയ്ക്കോ, ഞാന്‍ വരുന്നില്ല"
അതെന്താ??
അമ്പരന്ന് നിന്ന ഞങ്ങളെ നോക്കി ജാനുവമ്മ വിശദീകരിച്ചു:
"ഇനിയുള്ള കാലം ഈ നടയില്‍ കഴിച്ച് കൂട്ടാനാ എന്‍റെ തീരുമാനം"
കടവുളേ!!
പേരുകേട്ട ഗുണ്ടയായ പീതാംബരന്‍ ചേട്ടന്‍റെ കൈയ്യിലുള്ള മലപ്പുറം കത്തി എന്നെ നോക്കി ഒന്ന് പല്ലിളിച്ച പോലെ ഒരു ഫീലിംഗ്ഗ്!!
ആരോ കമ്പിപാരക്ക് തലക്ക് അടിച്ച പോലെ!!
ഹേയ്, ഇത് പ്രശ്നമാ.
"അന്ത്യകാലം ഇവിടെ കഴിച്ച് കൂട്ടി എനിക്ക് കൃഷ്ണ സന്നിധിയില്‍ ലയിക്കണം" അവരുടെ ആഗ്രഹം.
കുറ്റം പറയരുത്, വളരെ നല്ല ആഗ്രഹം!!
പക്ഷേ ജാനുവമ്മയില്ലാതെ തിരികെ ചെന്നാല്‍ പീതാംബരന്‍ ചേട്ടന്‍ എന്നെ കൃഷ്ണ സന്നിധിയില്‍ ലയിപ്പിക്കും, ഉറപ്പ്!!
ഞാന്‍ അവരുടെ കാല്‌ പിടിച്ചു:
"ജാനുവമ്മ വാശി പിടിക്കരുത്, വാ നമുക്ക് പോകാം"
"മനുക്കുട്ടന്‍ കൃഷ്ണ ഭക്തയായ മീരയെ കുറിച്ച് കേട്ടിട്ടുണ്ടോ?" അവരുടെ ചോദ്യം.
"ഉണ്ടെങ്കില്‍?"
"ഈ സന്നിധിയില്‍ ഞാനൊരു മീര ആകും"
ആകും ആകും..
ഈ സന്നിധിയില്‍ ഇവരൊരു പാര ആകും!!
എന്‍റെ കൃഷ്ണാ..
ഇനി എന്തോ ചെയ്യും??
ഞാന്‍ ദയനീയമായി മുത്തശ്ശിയെ നോക്കി.

മുത്തശ്ശി പതുക്കെ ഇടപെട്ടു:
"ജാനു നീ എന്ത് തോന്ന്യാസമാ പറയുന്നേ?"
"ചേച്ചിയും കൂടി ഇരിക്ക്, നമുക്ക് ഇനി ഇവിടെ കഴിയാം.മനു പോയ്ക്കോട്ടെ" അവരുടെ ആഹ്വാനം.
അത് കേട്ടതും മുത്തശ്ശിയുടെ കണ്ണില്‍ അത് വരെ ഇല്ലാത്ത ഒരു തിളക്കം ഞാന്‍ കണ്ടു.
കൊള്ളാം!!
രണ്ട് കെളവിമാരും കൂടി എന്നെ കൊലക്ക് കൊടുക്കാനുള്ള പ്ലാനാണല്ലേ??
ഡിയര്‍ ആന്‍റി പീസസ്സ്, യൂ വില്‍ ബിക്കം ട്വന്‍റി പീസസ്സ്..
നിങ്ങളെ ഞാന്‍ ഇരുപത് പീസ്സാക്കും!!
മര്യാദക്ക് വരുന്നുണ്ടോ?
ദയനീയമായി അവരെ നോക്കിയ എന്നോട് മുത്തശ്ശി ആകാംക്ഷയോടെ ചോദിച്ചു:
"ഞാനൂടെ ഇവിടെ ഇരുന്നാലോടാ?"
എന്‍റമ്മച്ചിയേ!!
നട്ടെല്ലില്‍ കൂടി പാഞ്ഞു പോയ ഒരു എലിവാണം തലക്കകത്ത് വന്ന് പൊട്ടിച്ചിതറി!!
തൊണ്ട ഒക്കെ വരളുന്ന പോലെ, കണ്ണില്‍ ഇരുട്ട് കേറുന്ന പോലെ..
ആരോ പൊട്ടി ചിരിക്കുന്ന ശബ്ദം.ആരാ, കണ്ണനാണോ??
തളര്‍ന്ന് താഴെയിരുന്ന ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു:
"ഭഗവാനേ, കൈ വിടല്ലേ.."
ഒരു നിമിഷം..
മിന്നല്‍ പോലെ ഒരു ഐഡിയ തലയില്‍ കത്തി!!
ചാടി എഴുന്നേറ്റ് ഞാന്‍ പറഞ്ഞു:
"ജാനുവമ്മ ഇവിടിരുന്നോ, ഒന്നുമില്ലങ്കിലും പീതാംബരന്‍ ചേട്ടന്‍റെ വീട്ടില്‍ ചേച്ചിക്ക് എങ്കിലും സമാധാനമാകുമല്ലോ"
മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീര്‌ കാണണം എന്ന് മാത്രം ആഗ്രഹമുള്ള ആ തള്ള ചാടി എഴുന്നേറ്റ് പറഞ്ഞു:
"അയ്യടാ, ഞാനും വരുന്നു.ആ എന്തിരവള്‌ അങ്ങനെ സുഖിക്കണ്ട"
മുകുന്ദാ, വാട്ട് ആന്‍ ഐഡിയ??
നന്ദി പ്രഭോ, നന്ദി!!

തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ നിന്ന അച്ഛന്‍ ചോദിച്ചു:
"എങ്ങനുണ്ടായിരുന്നു യാത്ര?"
ഒരു നിമിഷം കണ്ണടച്ച്, നെഞ്ചില്‍ കൈവച്ച് ഞാന്‍ ഉറക്കെ പറഞ്ഞു:
"ഗോവിന്ദ"
യാത്ര ഗോവിന്ദയായെന്നോ??
അച്ഛന്‍റെ മുഖത്ത് അമ്പരപ്പ്.
അല്ല, കണ്ണനെ വിളിച്ചതാ, സാക്ഷാല്‍ ഗോവിന്ദനെ..
കണ്ണാ, നന്ദി!!

ലൌദാ ഫ്രം ഹരിഹര്‍നഗര്‍





'ഇന്‍ ഹരിഹര്‍നഗര്‍'
സിദ്ധിക്ക്-ലാല്‍ എന്ന സംവിധാന പ്രതിഭകളുടെ കലാമികവില്‍ പിറന്ന ഒരു ചലച്ചിത്ര കാവ്യം.പൊട്ടിച്ചിരിയുടെ മാലപടക്കത്തിന്‌ തീ കൊളുത്തി കൊണ്ട് തീയറ്ററുകളില്‍ ഉത്സവാന്തരീക്ഷം സൃഷ്ടിച്ച ഒരു കോമഡി എന്‍റര്‍ട്രെയിനര്‍.
പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമയിലെ നായകരായ ആ നാല്‍വര്‍ സംഘം തിരിച്ച് വരികയാണ്.....
പൊട്ടിച്ചിരിക്ക് പുതിയ മാനദണ്ഡങ്ങള്‍ നല്‍കാന്‍,
തീയറ്ററുകളെ വീണ്ടും ഉത്സവപറമ്പാക്കാന്‍,
അതേ,അവര്‍ വരികയാണ്!!!
ഇന്‍ ഹരിഹര്‍നഗറിലെ സംവിധായകരില്‍ ഒരാളായ ലാല്‍ ആണ്‌, തന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമായ 'ടു ഹരിഹര്‍ നഗര്‍' എന്ന ചിത്രത്തിലൂടെ അവരെ തിരിച്ച് കൊണ്ട് വരുന്നത്.

എന്‍റെ ബോസിനു ഒരു മകനാണ്‌ ഉള്ളത്...
നാല്‌ വയസ്സ് മാത്രമുള്ള തന്‍റെ മകന്‌ പ്രായത്തില്‍ കവിഞ്ഞ ബുദ്ധിയാണെന്നും, സ്നേഹസമ്പന്നനാണെന്നും, ആര്‍ക്കും സ്നേഹം വാരിക്കോരി കൊടുക്കുന്നവനാണെന്നുമാണ്‌ ബോസ്സ് എന്നെ വിശ്വസിപ്പിച്ചിരിക്കുന്നത്.
'സ്നേഹം തരൂ' എന്ന അര്‍ത്ഥത്തിലുള്ള 'ലവ്വ് താ' എന്ന വാക്ക് ചുരുക്കിയാണ്‌ ബോസ്സ് അവന്‌ ലൌദാ എന്ന് പേരിട്ടത്.നമ്മുടെ നാട്ടിലെ മുന്തിയ ഇനം പട്ടിക്ക് ഇടുന്ന പോലത്തെ ആ പേരിട്ടതിനു ശേഷം ബോസ്സ് എന്നോട് ചോദിച്ചു:
"പേരെങ്ങനെയുണ്ട്?"
ലൌദാ എന്ന് വിളിക്കുമ്പോള്‍ ഒരു പട്ടിക്കുട്ടി ഓടി വരുന്നതും, ചാടിക്കേറി മേത്തൊക്കെ നക്കുന്നതും ആലോചിച്ചിരുന്ന ഞാന്‍ ഒന്ന് ഞെട്ടി.
എന്ത് മറുപടി പറയും???
അവസാനം ബോസിനു ജനിച്ചത് പട്ടിയായാലും കുട്ടിയായാലും എനിക്കെന്ത് എന്ന് കരുതി ഞാന്‍ പറഞ്ഞു:
"ഗംഭീരം!!!"
അല്ലെങ്കില്‍ തന്നെയും കുട്ടികള്‍ക്ക് പേരിടുന്ന കാര്യത്തില്‍ താനൊരു ഭയങ്കര സംഭവമാണെന്നും, എനിക്ക് കുട്ടിയുണ്ടാവുമ്പോള്‍ അങ്ങേര്‌ പേര്‌ കണ്ട് പിടിച്ച് തരാമെന്നും പറഞ്ഞിട്ടാണ്‌ ബോസ്സ് അന്ന് ഓഫീസില്‍ നിന്നും പോയത്.'വേറൊരു കമ്പിനിയില്‍ ജോലി കിട്ടിയട്ട് മതി കുട്ടികള്‍' എന്ന കഠിന തീരുമാനത്തില്‍ ഞാന്‍ എത്തി ചേരാനുള്ള കാരണവും ഈ ഓഫര്‍ ആയിരുന്നു.

ഏപ്രില്‍ ഒന്നാണ്‌ 'ടു ഹരിഹര്‍നഗറിന്‍റെ' റിലീസിംഗ് ഡേറ്റ്..
അന്നേ ദിവസം തന്നെ ആ പടം കാണണമെന്ന് ഭാര്യയ്ക്ക് ഒരേ നിര്‍ബന്ധം!!!
അങ്ങനെ ഒരു പടമില്ലന്നും, ഏപ്രില്‍ ഒന്നിനു എല്ലാരെയും ഫൂളാക്കാന്‍ വേണ്ടി ലാല്‍ വെറുതെ പറഞ്ഞതാണെന്നും, അന്നേ ദിവസം രാവിലെ എല്ലാ തീയറ്ററിനും മുമ്പിലെത്തി അദ്ദേഹം 'ഏപ്രില്‍ ഫൂള്‍' എന്ന് പറയുമെന്നും ഉള്ള എന്‍റെ അവകാശവാദങ്ങളെ കാറ്റില്‍ പറത്തി കൊണ്ട് അവള്‍ പ്രഖ്യാപിച്ചു:
"ചേട്ടനെന്നോട് ഒരു സ്നേഹവുമില്ല"
എന്നേ പോലെ ഒരുപാട് പാവങ്ങള്‍ക്ക് അവരുടെ കുടുംബത്തോടുള്ള സ്നേഹമാണ്‌ ഏപ്രില്‍ ഒന്നിനു റിലീസ്സ് ചെയ്യാന്‍ പോകുന്നത് എന്ന നഗ്നസത്യം അപ്പോഴാണ്‌ ഞാന്‍ മനസ്സിലാക്കിയത്.ആ തിരിച്ചറിവാണ്‌ റിലീസ്സ് ദിവസം അവളേം കൊണ്ട് പ്രസ്തുത പടത്തിനു പോകാന്‍ എന്നെ പ്രാപ്തനാക്കിയത്.

ആ വലിയ ഷോപ്പിംഗ് കോംപ്ലക്സ്സിന്‍റെ, ഏറ്റവും മുകളിലുള്ള തീയറ്ററിനു മുമ്പില്‍ ഭാര്യയെ നിര്‍ത്തി ഞാന്‍ ടിക്കറ്റെടുക്കാന്‍ പോയി.രണ്ട് ടിക്കറ്റുമെടുത്ത് ഭാര്യയുടെ അടുത്തേക്ക് ഓടി പോകാന്‍ തുനിഞ്ഞ എന്‍റെ മുമ്പില്‍ അപ്പോഴാണ്‌ അവര്‍ പ്രത്യക്ഷപ്പെട്ടത്,
ബോസ്സും, ബോസ്സിയും മകന്‍ ലൌദായും.
എപ്പോഴും ബോസിനെ സന്തോഷിപ്പിച്ച് നിര്‍ത്തുന്നതില്‍ അതീവ ശ്രദ്ധാലുവായ ഞാന്‍, അദ്ദേഹത്തിന്‍റെ തോളിലിരിക്കുന്ന ലൌദായോട് സ്നേഹത്തോട് ചോദിച്ചു:
"മോനെന്താ ഇവിടെ?"
ആ സ്നേഹസമ്പന്നന്‍ പെട്ടന്ന് പ്രതികരിച്ചു:
"നീ പോടാ പട്ടി"
ങ്ങേ, എന്നോടാണോ???
ഒരു നിമിഷം കൊണ്ട് ശരീരത്തിലുള്ള മൊത്തം രക്തവും ആവിയായി പോയ പോലെ ഒരു തോന്നല്‍.വായില്‍ പേരിനു പോലും ഉമിനീരില്ലാത്ത അവസ്ഥ.ഞെട്ടിത്തരിച്ച് നില്‍ക്കുന്ന എന്നെ നോക്കി ചിരിച്ച് കൊണ്ട് ബോസ്സ് പറഞ്ഞു:
"ഇതൊന്നുമല്ല, വേറെ ചില നമ്പരുണ്ട്.അതാ രസം"
ആര്‍ക്ക് രസം???
എന്ത് രസം??
മനസ്സില്‍ ഇമ്മാതിരി കുറേ ചോദ്യങ്ങള്‍ വന്നെങ്കിലും ഞാന്‍ മിണ്ടാതെ നിന്നു.

ബോസ്സിനു ജനിച്ചത് പട്ടിയുമല്ല, കുട്ടിയുമല്ല ഒരു കുട്ടിച്ചാത്തനാണ്‌ എന്ന് മനസ്സിലാക്കിയ ആ നിമിഷം ബോസ്സ് എന്നോട് ചോദിച്ചു:
"അല്ല, മനു എന്താ ഇവിടെ?"
കൊള്ളാം!!!
ഞാന്‍ ഭാര്യയോട് സ്നേഹമുള്ളവനാണെന്നും കുടുംബം നോക്കുന്നവനാണെന്നും ബോസിനെ അറിയിക്കാന്‍ പറ്റിയ സമയം.അത്കൊണ്ട് തന്നെ ഞാന്‍ വച്ച് കാച്ചി:
"ഭാര്യയോടൊത്ത് ടു ഹരിഹര്‍നഗര്‍ കാണാന്‍ വന്നതാ"
എന്‍റെ ആ മറുപടിയില്‍ ബോസ്സ് സന്തുഷ്ടനായെന്ന് അദ്ദേഹത്തിന്‍റെ മുഖം വിളിച്ച് പറയുന്നുണ്ടായിരുന്നു.എന്നെ നോക്കി നിറഞ്ഞ ചിരിയോട് അദ്ദേഹം പറഞ്ഞു:
"ലൌദാ ഇപ്പോള്‍ പറഞ്ഞേയുള്ളു അവന്‌ ടു ഹരിഹര്‍നഗര്‍ കാണണമെന്ന്.."
സോ വാട്ട്???
ബോസ്സ് എന്താ പറഞ്ഞ് വരുന്നത് എന്ന് മനസിലാകാതെ അമ്പരന്ന് നിന്ന എന്നെ നോക്കി ആ കാലമാടന്‍ പറഞ്ഞു:
"..നിങ്ങള്‌ കേറുമ്പോള്‍ ഇവനെയും കൂടി കാണിക്ക്, ഇവനാകുമ്പോള്‍ ടിക്കറ്റ് വേണ്ടാല്ലോ?"
കടവുളേ!!!
ആദ്യമായിട്ട് ഭാര്യയുമായി പടത്തിനു വന്ന എന്നോട് ഇങ്ങേര്‌ സ്വബോധത്തോട് കൂടിയാണോ ഇങ്ങനെ പറഞ്ഞത്???
അതും ആലോചിച്ച് അന്തംവിട്ട് നിന്ന എന്‍റെ നെഞ്ചത്തോട്ട് ബോസ്സിന്‍റെ പയ്യന്‍ ചാടി കയറി,എന്നിട്ട് പറഞ്ഞു:
"തോമസ്സ്‌കുട്ടീ..വിട്ടോടാ.."
കര്‍ത്താവേ, ഇത് കുരിശായി!!!
പറഞ്ഞ കേട്ടില്ലേ, വിട്ടോടാ എന്ന്..
എങ്ങോട്ടാ, പാതാളത്തിലോട്ടോ?
ബ്ലഡീ ബോസ്സ്, ഐ വില്‍ കിക്ക് യൂ.

പ്രിയതമന്‍ സിനിമയ്ക്കുള്ള ടിക്കറ്റുമായി ഇപ്പോള്‍ വരും എന്ന് കരുതി കാത്ത് നിന്ന എന്‍റെ ഭൈമി, ഒരു കയ്യില്‍ രണ്ട് ടിക്കറ്റും, ഒക്കത്ത് ഒരു കുട്ടിയുമായി വരുന്ന എന്നെ കണ്ട് ഒന്ന് ഞെട്ടി.രണ്ട് ടിക്കറ്റിന്‌ ഒരു കുട്ടി ഫ്രീയാണോ എന്ന മട്ടില്‍ എന്നെ നോക്കി അമ്പരന്ന് നിന്ന അവളോട് ഞാന്‍ പറഞ്ഞു:
"ബോസ്സിന്‍റെ കുട്ടിയാ"
അവളുടെ മുഖത്ത് ആശ്വാസം.
സ്നേഹം വഴിഞ്ഞൊഴുകുന്ന സ്വരത്തില്‍ ഗായത്രി അവനോട് ചോദിച്ചു:
"മോന്‍റെ പേരെന്താ?"
വലിച്ചു!!!
തെറ്റിയില്ല, അവനിലെ 'സ്നേഹ-സം-പന്നന്‍' തല പൊക്കി:
"നീ പോടി പട്ടി"
ഞെട്ടി നിന്ന അവളെ നോക്കി ഞാന്‍ വിക്കി വിക്കി പറഞ്ഞു:
"ഇതൊന്നുമല്ല, വേറെ ചില നമ്പരുണ്ട്.അതാ രസം"
'തന്നെ' എന്ന അര്‍ത്ഥത്തില്‍ രൂക്ഷമായി നോക്കിയിട്ട് എന്നോടൊപ്പം അവള്‍ തീയറ്ററിലേക്ക് കയറി.

പടം കാണാന്‍ ലൌദായെയും കൊണ്ട് കയറിയ ഞാന്‍ ചെന്ന് ചാടിയത് എന്‍റെ പഴയ കുറേ സ്നേഹിതമാരുടെ ഇടയിലോട്ടായിരുന്നു....
പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്ന സൌഹൃദം.
വര്‍ഷങ്ങള്‍ക്ക് ശേഷം അവരെ കണ്ട്മുട്ടിയപ്പോള്‍ എന്‍റെ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം, അവര്‍ക്കും അങ്ങനെ തന്നെ.
എന്‍റെ ഒക്കത്തിരിക്കുന്ന ലൌദായെ നോക്കി അവരിലൊരുവളുടെ കമന്‍റ്:
"മനു, ഇത് നിന്‍റെ ഫോട്ടോസ്റ്റാറ്റ് തന്നെ"
ഈശ്വരാ, ഇവള്‍ കുടുംബം കലക്കും!!
അവരുടെ തെറ്റിദ്ധാരണ മാറ്റാന്‍ ഞാന്‍ പറഞ്ഞു:
"അതേ, എന്‍റെ കല്യാണം കഴിഞ്ഞിട്ട് നാല്‌ മാസമേ ആയുള്ളു"
ഈക്കുറി എല്ലാവര്‍ക്കും ഒരു അമ്പരപ്പ്.അവരെല്ലാം എന്‍റെ ഒക്കത്തിരിക്കുന്ന ലൌദായെ തുറിച്ച് നോക്കി.
മനസ്സിലായി സഖികളേ, മനസ്സിലായി..
നാല്‌ മാസം മുമ്പ് കെട്ടിയ എനിക്ക് എങ്ങനെ നാല്‌ വയസ്സുള്ള മകനുണ്ടായി എന്നല്ലേ?
ഇത് കമ്പ്യൂട്ടര്‍ യുഗമല്ലേ?
ഇപ്പം ഇങ്ങനാ!!!

കണ്‍ഫ്യൂഷന്‍ മാറാഞ്ഞിട്ട് അവരിലൊരുവള്‍ ലൌദായെ ചൂണ്ടി ചോദിച്ചു: "ഇത്?"
"ബോസിന്‍റെ കുട്ടിയാ"
എല്ലാവരുടെയും മുഖത്ത് ആശ്വാസം.
പക്ഷേ ആ ആശ്വാസം അധികം നേരം നീണ്ട് നിന്നില്ല.എന്‍റെ അടുത്ത് നില്‍ക്കുന്ന ഗായത്രിയേ കണ്ടതോടെ അവര്‍ പിന്നെയും കണ്‍ഫ്യൂഷനിലായി.പതറിയ ശബ്ദത്തില്‍ അവര്‍ ചോദിച്ചു:
"അപ്പം ഇത്?"
ഓ, ബോസിന്‍റെ ഭാര്യ ആണോന്ന്?
"അല്ല, എന്‍റെ ഭാര്യയാ"
എല്ലാവര്‍ക്കും സ്ന്തോഷമായി, കണ്‍ഫ്യൂഷന്‍ മാറിയല്ലോ?
കൂട്ടത്തില്‍ ഒരുവളുടെ മാതൃഹൃദയം തേങ്ങി.അവള്‍ ലൌദായ്ക്ക് വേണ്ടി കൈ നീട്ടി:
"മോന്‍ ഇങ്ങ് വാ"
എന്‍റെ ഊഹം തെറ്റിയില്ല, ആ സംസ്ക്കാര 'സം പന്നന്‍' മൊഴിഞ്ഞു:
"നീ പോടി പട്ടി"
മാതൃഹൃദയത്തിന്‍റെ കണ്ണ്‌ തള്ളി!!!
ഷോക്കേറ്റ് നിന്ന അവളോട് ഗായത്രി പറഞ്ഞു:
"ഇതൊന്നുമല്ല, വേറെ ചില നമ്പരുണ്ട്.അതാ രസം"
എന്നെ അങ്ങ് കൊല്ല്!!
ടു ഹരിഹര്‍ നഗര്‍ കണ്ട് ചിരിക്കാന്‍ വന്നവരുടെ മുഖത്ത് നവരസങ്ങള്‍ വിരിഞ്ഞു.

പടം കഴിഞ്ഞ് ഇറങ്ങിയ ഞങ്ങളെ സ്വീകരിക്കാന്‍ ബോസ്സ് നില്‍പ്പുണ്ടായിരുന്നു.ലൌദായെ തിരികെ വാങ്ങിച്ചട്ട് അങ്ങേര്‌ ഒരു ചോദ്യം:
"പടം എങ്ങനെയുണ്ടായിരുന്നു?"
കാല്‌ മുതല്‍ തല വരെ പെരുത്ത് കയറിയത് നിയന്ത്രിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു:
"കുഴപ്പമില്ല"
"പഴയതാണോ അതോ ഇതാണോ നല്ലത്?" ആകാംക്ഷ മുറ്റിയ ചോദ്യം.
തന്തേം കൊള്ളാം, മോനും കൊള്ളാം എന്നാ വായില്‍ വന്നത്.അതേ അര്‍ത്ഥത്തില്‍ പറഞ്ഞു:
"രണ്ടും കൊള്ളാം"
തിരിച്ച് വീട്ടിലേക്ക് പോകാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഭാര്യയ്ക്ക് ഒരു സംശയം:
"ഈ ബോസ്സിന്‍റെ ഭാര്യയെ ആരാ സിനിമയ്ക്ക് കൊണ്ട് പോകുന്നത്?"
ഈശ്വരാ,
ഇത് കെണിയാ...
ബൂമറാംഗ് പോലത്തെ ആ ചോദ്യത്തെ കേട്ടില്ല എന്ന് ഭാവിച്ച് കൊണ്ട് ഞാന്‍ വീട്ടിലേക്ക് വണ്ടി ഓടിച്ചു.
ശേഷം സ്ക്രീനില്‍...

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com