For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

എന്‍റമ്മോ, എന്തൊരു ടെന്‍ഷന്‍




ജീവിതമാകുമ്പോള്‍ എത്രയോ ടെന്‍ഷന്‍ നിറഞ്ഞ മുഹൂര്‍ത്തങ്ങളെ അഭിമുഖീകരിക്കണം, എന്നാല്‍ എല്ലാം കഴിഞ്ഞ് ആ നിമിഷങ്ങളെ ഒന്ന് വീണ്ടും ഓര്‍ത്ത് നോക്കിയാല്‍ അറിയാതെ ചിരിച്ച് പോകും.കഴിഞ്ഞ രണ്ടാഴ്ച എനിക്ക് ഇത്തരം ടെന്‍ഷന്‍ നിറഞ്ഞതായിരുന്നു, ആ ടെന്‍ഷനുകളെ സ്വല്പം ഏരിവും പുളിയും മസാലയും ചേര്‍ത്ത് ഞാനിവിടെ വിളമ്പുന്നു...
കോമഡി ഇല്ലാതെ, അനുഭവങ്ങള്‍ നിറഞ്ഞ ഒരു ടെന്‍ഷന്‍ പോസ്റ്റ്...
അതാണ്‌ ഈ പോസ്റ്റ്...
എന്‍റമ്മോ, എന്തൊരു ടെന്‍ഷന്‍!!!

ഈ കഥ തുടങ്ങുന്നത് മൂന്നാഴ്ച മുമ്പേയാണ്..
അന്ന്, കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന ബുക്കിന്‍റെ പ്രകാശന വേളയില്‍, എന്‍.ബി പബ്ലിക്കേഷന്‍റെ അടുത്ത ബുക്ക് അരുണിന്‍റെ കലിയുഗവരദന്‍ എന്ന നോവലാണെന്ന് പബ്ലിഷറായ ജോ പ്രഖ്യാപിച്ചു.സത്യം പറയട്ടെ, വേദിയിലിരുന്നു ഞാനങ്ങ് കോള്‍മയിര്‍ കൊണ്ടു.ആ പ്രഖ്യാപനം കേട്ട് നിന്ന നാട്ടുകാര്‍ക്കും അതേ പോലെ എന്തോ കൊണ്ടു!!
അവരെ കുറ്റംപറയേണ്ടാ, പാല്‌ തരാം, സദ്യ തരാം എന്നൊക്കെ മോഹന വാഗ്ദാനം നല്‍കി ക്ഷണിച്ചിട്ട്, കൈയ്യില്‍ ഒരു ബുക്കും കൊടുത്ത്, കത്തി കാട്ടി അതിന്‍റെ രൂപയും വാങ്ങിച്ചിട്ട് അരമണിക്കൂര്‍ പോലുമായില്ല, അതിനു മുമ്പേ അടുത്ത ബുക്കും വരുന്നത്രേ!!
എന്തായാലും സംഭവം നാട്ടില്‍ പാട്ടായി...
അരുണിന്‍റെ അടുത്ത ബുക്ക് വരുന്നു...
അരുണ്‍ അതിന്‍റെ പ്രസവവേദനയിലാണ്!!!

ഒരുവിധപ്പെട്ട എഴുത്തുകാരനൊക്കെ ടെന്‍ഷനടിക്കാന്‍ ഇത് തന്നെ ധാരാളം, എന്നാല്‍ രണ്ടാഴ്ച മുമ്പ് ഇലക്ഷനു നാട്ടില്‍ ചെല്ലുന്ന വരെ എനിക്ക് പ്രത്യേകിച്ച് ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല.അവിടെ വോട്ട് ചെയ്യാനുള്ള നീണ്ട ക്യൂവിന്‍റെ സൈഡില്‍ നില്‍ക്കുന്ന എന്നെ നോക്കി ആള്‍ക്കാര്‍ ചിരിക്കുന്ന കണ്ടപ്പോള്‍ ആദ്യമായി എനിക്ക് ചെറിയ ടെന്‍ഷന്‍ തോന്നി തുടങ്ങി...
ഇതെന്താ ഇങ്ങനെ??
എല്ലാവരും എന്നെ പരിചയമുള്ള പോലെ ചിരിക്കുന്നു..
ഇത് സത്യമോ അതോ എന്‍റെ മാനസിക വിഭ്രാന്തിയോ??
എനിക്ക് വട്ടായോന്ന് ഞാന്‍ തന്നെ ആലോചിച്ച് നില്‍ക്കെ ഒരു പോലീസുകാരന്‍ അടുത്തേക്ക് വന്നു, എന്നിട്ട് ചോദിച്ചു:
"സാര്‍ ഈ പ്രാവശ്യം ഇലക്ഷനു നില്‍ക്കുന്നുണ്ടോ?"
"ഇല്ല, എന്തേ?"
"അല്ല, സാറിവിടെ നിന്ന് എല്ലാവരെയും നോക്കി ചിരിച്ച് കാണിക്കുന്ന കൊണ്ട് ചോദിച്ചതാ"
അപ്പം അതാണ്‌ കാര്യം!!
വഴിയെ പോകുന്നവരെയും, വാലേ തൂങ്ങുന്നവരെയും ഞാന്‍ ഇളിച്ച് കാണിക്കുന്ന കൊണ്ട്, അവരെല്ലാം തിരികെ ചിരിക്കുന്നതാ.'വാ അടയ്ക്കടാ പുല്ലേ' എന്നാണ്‌ പോലീസുകാരന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം.ഞാന്‍ പതിയെ വാ അടച്ചു, വായില്‍ ഈച്ച കേറാതെ നോക്കണമെല്ലോ?
പോലീസുകാരനെ നോക്കി ഞാന്‍ വിരണ്ട് നില്‍ക്കുന്ന കണ്ടിട്ടാകാം, എനിക്ക് വേണ്ടി ക്യൂവില്‍ നില്‍ക്കുന്ന ഒരു വല്യമ്മ പോലീസുകാരനോട്‌ ഒരു ചെറിയ റിക്വസ്റ്റ്:
"അതിനെ ഒന്നും ചെയ്യല്ലേ സാറെ, എഴുത്തിന്‍റെ സൂക്കേടുള്ള പയ്യനാ"
ഠിം!!!
ശരിക്കും എന്‍റെ മുഖത്തെ ചിരി മാഞ്ഞു, ഇപ്പോ ചിരി നാട്ടുകാരുടെ മുഖത്ത്!!!

ആ ആഴ്ച അങ്ങനെ കഴിഞ്ഞു.
അതോടെ എന്‍റെ ടെന്‍ഷന്‍ കൂടി കൂടി വന്നു തുടങ്ങി.കാരണം അടുത്ത ബുക്ക് വൃശ്ചിക മാസത്തില്‍ ഇറക്കുമെന്ന് പ്രഖ്യാപിച്ച ജോയുടെ അനക്കമൊന്നുമില്ല.മറ്റൊരു ഡയറക്റ്ററായ കണ്ണനുണ്ണി ദിവസവും വിളിക്കാറുണ്ടെങ്കിലും ഇതിനെ കുറിച്ചൊന്നും പറയുന്നില്ല.
അപ്പോ അടുത്ത ബുക്ക് ഇവര്‍ ഇറക്കില്ലേ??
അറിയാതെ ആശിച്ച് പോയി, ആ വിഷമത്തില്‍ രാത്രികള്‍ ഉറക്കമില്ലാത്തതായി, എപ്പോഴോ ഉറങ്ങിയപ്പോള്‍ അബോധമനസ്സ് പിറുപിറുത്തു:
"ദൈവമേ, ഞാനും എന്‍റെ ആശയും മാത്രം ബാക്കി ആകുമോ?"
ദൈവം മറുപടി പറഞ്ഞില്ല!!!
ആ രാത്രി അങ്ങനെ കഴിഞ്ഞു.
പിറ്റേന്ന് ഉണര്‍ന്നപ്പോള്‍ ചായ കൊണ്ട് തന്ന ഭാര്യയുടെ മുഖത്ത് ചായക്കില്ലാത്ത കടുപ്പം.
"എന്താടി?"
"ആരാ ഈ ആശ?"
കര്‍ത്താവേ, ഇവള്‍ക്ക് ഉറക്കമില്ലേ??
ഒന്നും മിണ്ടാതെ പുറത്തേക്ക്...

ഒടുവില്‍ ടെന്‍ഷനുകള്‍ക്ക് അവധി കൊടുക്കാന്‍ ഒരു കാരണം കിട്ടി, അത് മറ്റൊന്നുമല്ല ബുക്ക് ഇറക്കാന്‍ തയ്യാറാണെന്ന് ജോ വിളിച്ച് പറഞ്ഞു.പുതിയിടം കൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ച് പ്രകാശനം നടത്താന്‍ കഴിയുമോന്ന് അറിയാന്‍ ഞാനും കണ്ണനുണ്ണിയും കൂടി അവിടുത്തെ ഗുരുസ്വാമിയായ അശ്വിനിദേവിനെ കണ്ടു, അപ്പോള്‍ അദ്ദേഹം പറഞ്ഞു:
"അടുത്താഴ്ച തൃക്കുന്നപ്പുഴ ക്ഷേത്രത്തില്‍ വച്ച് അയ്യപ്പ സേവാ സംഘത്തിന്‍റെ സംസ്ഥാന തല സ്പെഷ്യല്‍ കണ്‍വെന്‍ഷനുണ്ട്.അതിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പന്തളം മഹാരാജാവ് വരുന്നുണ്ട്.നമുക്ക് അദ്ദേഹത്തെ കൊണ്ട് പ്രകാശനം ചെയ്യിക്കാം"
പന്തളം മഹാരാജാവ്...
രേവതി തിരുന്നാള്‍ രാമവര്‍മ്മ തമ്പുരാന്‍!!
സാക്ഷാല്‍ അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനത്തുള്ള വ്യക്തി!!!
അയ്യപ്പാ, ഇത് സത്യമോ?
അവിടെ തലകുത്തി നില്‍ക്കാന്‍ തോന്നി, അലറി വിളിച്ചൊന്ന് ഓടാന്‍ തോന്നി, മരത്തിനു മറഞ്ഞ് നിന്ന് പൊട്ടിച്ചിരിക്കാന്‍ തോന്നി...
"അത് മതിയോ?" വീണ്ടും അശ്വനിസ്വാമി.
മതിയെന്ന് ഞാന്‍ പറയുന്നതിനു മുമ്പേ കണ്ണനുണ്ണി പറഞ്ഞു:
"അത് മതിയേ!!!!"

മുമ്പില്‍ അഞ്ച് ദിവസമുണ്ട്...
ശനിയാഴ്ച പരിപാടി, അതിനുള്ളില്‍ ബുക്ക് തയ്യാറാക്കണം.പിന്നെ അതിനായി ശ്രമങ്ങള്‍..
നന്ദേട്ടന്‍ കവര്‍ റെഡിയാക്കി, ഞാന്‍ മാറ്റര്‍ അയച്ചു കൊടുത്തു, കണ്ണനുണ്ണി പ്രൂഫ് നോക്കി, നിത സെറ്റ് ചെയ്തു, ശ്രീനി ഫോട്ടോ അയച്ച് കൊടുത്തു, ജോ എല്ലാം ഏകോകിപ്പിച്ച് ഓടി നടന്നു, ഒടുവില്‍ വ്യാഴാഴ്ച ഉച്ചക്ക് സംഭവം പ്രസ്സില്‍ എത്തിച്ചു, വെള്ളിയാഴ്ച ബുക്ക് തരാമെന്ന് അവര്‍ വാക്ക് നല്‍കി.ആ വിശ്വാസത്തില്‍ പരിപാടിക്കായി ഞാന്‍ ബന്ധുക്കളെയും നാട്ടുകാരെയും ക്ഷണിച്ചു.

വെള്ളിയാഴ്ച രാവിലെ..
ആദ്യ ഫോണ്‍ നാട്ടില്‍ നിന്നായിരുന്നു:
"അരുണേ, പന്തളം രാജാവ് ബോംബയിലാ, ചിലപ്പോഴെ നാളെ രാവിലെ എത്തുകയുള്ളു"
ഞെട്ടി പോയി!!
വിവരം അറിയിക്കാന്‍ ജോയെ വിളിച്ചപ്പോള്‍ ജോ പറഞ്ഞു:
"അരുണേ, പ്രസ്സിനടുത്തുള്ള പോസ്റ്റില്‍ ലോറി ഇടിച്ചു, കരണ്ടില്ല, ബുക്ക് ചിലപ്പോഴേ ഇന്ന് കിട്ടു"
കുശാലായി!!!
ഫോണ്‍ ബെല്ലടിക്കുന്നു, എടുത്തപ്പോള്‍ കണ്ണനുണ്ണി...
"എന്താ കണ്ണനുണ്ണി?"
"അരുണേ, എനിക്ക് ശനിയാഴ്ചയും പണിയുണ്ട്, പ്രകാശനത്തിനു ഞാന്‍ കാണില്ല"
എനിക്ക് മിണ്ടാട്ടമില്ല.
"എന്താ അരുണേ, ഞെട്ടിയോ?"
ഹും! സാക്ഷാല്‍ പന്തളം മഹാരാജാവ് ഇല്ലെന്ന് പറഞ്ഞിട്ട് ഞെട്ടിയ ക്ഷീണം മാറിയില്ല, പിന്നെങ്ങനെ വീണ്ടും ഞെട്ടും!!
പിന്നെയും ഫോണ്‍, നന്ദേട്ടന്‍:
"എടാ, ഞാനും , പ്രവീണ്‍ വട്ടപറമ്പത്തും, നിരക്ഷരനും ജോയുടെ കൂടെ നാളെ വരുന്നുണ്ട്"
എന്നാത്തിനാ??
ചോദിച്ചില്ല, പകരം പറഞ്ഞു:
"തൃപ്തിയായി നന്ദേട്ടാ, തൃപ്തിയായി"
ഒരു ബുക്ക് പ്രകാശനമെന്ന് പറഞ്ഞാല്‍ ഇങ്ങനെ വേണം..
രചയിതാവ് ബാംഗ്ലൂരില്‍, ബുക്ക് പ്രസ്സില്‍, പ്രകാശനം ചെയ്യേണ്ട വ്യക്തി ബോംബെയില്‍, പ്രകാശന സ്ഥലം തൃക്കുന്നപ്പുഴയും, ക്ഷണിക്കപ്പെട്ടവര്‍ വരുമെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു..
സന്തോഷിക്കാന്‍ ഇതില്‍ കൂടുതല്‍ എന്നാ വേണം??
തലക്ക് കൈയ്യും കൊടുത്ത് ഉച്ച വരെ ഒരേ ഇരുപ്പ്.

ഉച്ചക്ക് ബോധോദയം ഉണ്ടായപ്പോള്‍ അശ്വനി സ്വാമിയെ വിളിച്ചു, വിഷമം പറഞ്ഞപ്പോള്‍ അദ്ദേഹം മറുപടി നല്‍കി:
"എന്തായാലും വാ നമുക്ക് നോക്കാം"
ഒരു കടമ്പ കടന്നു, അടുത്തത് ബുക്ക്...
"ജോ, എന്തായി?"
"ഉറപ്പില്ല അരുണേ, നോക്കാം എന്നേ ഉള്ളു"
"അയ്യോ, അപ്പോ എന്ത് ചെയ്യും?"
"നമുക്ക് ബ്ലോഗിന്‍റെ പ്രിന്‍റൌട്ട് എടുത്ത് പ്രകാശനം ചെയ്യിച്ചാലോ?"
കഷ്ടം!!

സമയം പാതിരാത്രി...
ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് പ്രകാശനത്തിനായി ഒരു യാത്ര.എനിക്ക് ഉറക്കമില്ല, മനസില്‍ ടെന്‍ഷന്‍ മാത്രം, എന്തായി തീരും?
രാജാവ്..ബുക്ക്...രാജാവ്..ബുക്ക്...
ഒടുവില്‍ ഒരു മണി ആയപ്പോള്‍ ബുക്ക് കൈയ്യില്‍ കിട്ടിയെന്ന് ജോ വിളിച്ച് പറഞ്ഞു.രാവിലെ എല്ലാവരുമായി അവിടെ എത്താമെന്ന് വാക്കും തന്നു.ഇപ്പോ മനസില്‍ ഒരു ടെന്‍ഷന്‍ മാത്രം..
പന്തളം മഹാരാജാവ്...
ശ്രീ രേവതി തിരുന്നാള്‍ രാമവര്‍മ്മ തമ്പുരാന്‍!!
അദ്ദേഹം വരുമോ?
കാത്തിരുന്നു കാണുക തന്നെ.

ശനിയാഴ്ച രാവിലെ അശ്വനിദേവ് ചേട്ടനും, എന്‍റെ ബന്ധുവായ ജയപ്രകാശ് ചേട്ടനും, ഞാനും കൂടി തൃക്കുന്നപ്പുഴയിലെ അയ്യപ്പസ്വാമി ക്ഷേത്രത്തിനു മുന്നിലെ ഗ്രൌണ്ടിലെ സമ്മേളന വേദിയിലെത്തി.എറണാകുളത്ത് നിന്ന് ജോയും, നന്ദേട്ടനും, മനോജ് ചേട്ടനും, പ്രവീണും, പിന്നെ ജോയുടെ കൂട്ടുകാരനായ അജീഷ് പട്ടണക്കാട് എന്ന ഫോട്ടോഗ്രാഫറും, ബുക്കുമായി ഹരിപ്പാടെത്തി.അവിടുന്നു ഗോപന്‍ അവരെയും കൂട്ടി തൃക്കുന്നപ്പുഴയിലെത്തി.അയ്യപ്പസേവാ സംഘത്തിന്‍റെ ആള്‍ക്കാരും മറ്റ് ക്ഷണിക്കപ്പെട്ടവരും അവിടെ ഉണ്ടായിരുന്നു..
പക്ഷേ, രാജാവിനെ മാത്രം കണ്ടില്ല!!

കണ്ണടച്ച് പ്രാര്‍ത്ഥിച്ച് നില്‍ക്കെ നന്ദേട്ടന്‍റെ വാക്കുകള്‍ അമൃതായി കാതിലെത്തി:
"രാജാവ് വന്നു!!"
വന്നെന്ന് മാത്രമല്ല, നന്ദേട്ടന്‍ അദ്ദേഹത്തിന്‍റെ ഫോട്ടോയും എടുത്തത്രേ.ഞാനും നന്ദേട്ടനും ആ ഫോട്ടോ ആസ്വദിച്ച് നില്‍ക്കെ വിവരമറിഞ്ഞ് മനോജേട്ടന്‍ അവിടെ എത്തി.ഫോട്ടോ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു:
"ഇത് രാജാവല്ല, മുന്‍ എം.പി ശ്രീ തെന്നല ബാലകൃഷ്ണനാ"
കര്‍ത്താവേ!!!
ഞെട്ടി നിന്ന എന്നെ നോക്കി മനോജേട്ടന്‍ ചോദിച്ചു:
"അപ്പോ നീയും ഇത് വരെ രാജാവിനെ കണ്ടിട്ടില്ലേ?"
ഇല്ല ചേട്ടാ, ഇല്ല!!
എല്ലാവരും എന്നെ കളിയാക്കി നടന്ന് നീങ്ങിയപ്പോള്‍ എനിക്കൊരു സംശയം...
നന്ദേട്ടന്‍ ഇത് വരെ തെന്നല ബാലകൃഷ്ണന്‍ സാറിനെ കണ്ടിട്ടില്ലേ??
ആവോ, ആര്‍ക്കറിയാം.

ഒടുവില്‍ ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയെത്തിയ അശ്വനിചേട്ടനാണ്‌ എന്നെ ആശ്വസിപ്പിച്ചത്.രാജാവ് ക്ഷേത്രത്തില്‍ ഉണ്ടത്രേ, ബുക്ക് പ്രകാശനം ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചത്രേ, മാത്രമല്ല അയ്യപ്പ സേവാ സംഘം സ്‌റ്റേറ്റ് കൌണ്‍സില്‍ പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാര്‍ സാറും, സ്വാഗത സംഘം ചെയര്‍മാന്‍ മുഞ്ഞിനാട്ടു രാമചന്ദ്രന്‍ സാറും കൂടി ആദ്യ പുസ്തകം മുന്‍ എം പി യും അയ്യപ്പ സേവാസംഘം ​ദേശീയ അധ്യക്ഷനുമായ ശ്രീ തെന്നല ബാലകൃഷ്ണ പിള്ളയ്ക്ക് നല്‍കാനുള്ള ഏര്‍പ്പാട് ഉണ്ടാക്കാമെന്നും സമ്മതിച്ചത്രേ!!
അങ്ങനെ ഒടുവില്‍ ദൈവാധീനം കൊണ്ട് എല്ലാം മംഗളമായി വന്നു..
ഇതാ ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍...















ചടങ്ങിനു ശേഷം പുസ്തകം വില്‍പ്പന...
സദസ്സിനു സമീപം സ്റ്റാളും കസേരയുമിട്ട് പ്രവീണിന്‍റെ നേതൃത്വത്തില്‍ അത് ആരംഭിച്ചു.ചുറ്റും കൂടിയവര്‍ അവിടെ തൂക്കി ഇട്ടിരിക്കുന്ന ഷോ കാര്‍ഡിന്‍റെയും, അവരിരിക്കുന്ന കസേരയുടെയും, ബുക്ക് വച്ചിരിക്കുന്ന മേശയുടെയും, ജോയുടെ ചിരിയുടെയും വില ചോദിച്ച് മടങ്ങി.
ഒടുവില്‍ പായും മടക്കി പരിവാരങ്ങള്‍ കായംകുളത്തേക്ക്...
അന്ന് രാത്രിയില്‍ പുതിയിടം ക്ഷേത്രത്തില്‍ വച്ച് അശ്വനിദേവിന്‍റെ നേതൃത്വത്തില്‍ ചെറിയൊരു പ്രകാശന ചടങ്ങ്.ശബരിമലക്ക് നടന്ന് പോകാന്‍ ഭജനമിരിക്കുന്ന സ്വാമിമാരെല്ലാം അതില്‍ പങ്കെടുത്തു.
എല്ലാം ഭംഗിയായി കലാശിച്ചപ്പോള്‍ ജോയും കൂട്ടരും തിരികെ എറണാകുളത്തേക്ക്...
പോകുന്നതിനു മുമ്പ് ജോ ചോദിച്ചു:
"അരുണേ, ബുക്കെല്ലാം മണ്ഡലകാലത്ത് തന്നെ വിറ്റ് പോകുമായിരിക്കും, അല്ലേ?"
ചോദ്യം ചോദിച്ചിട്ട് അവരെല്ല്ലാം യാത്രയായി, പക്ഷേ ചോദ്യം മാത്രം മനസില്‍ ബാക്കിയായി...
വിറ്റ് തീരുമോ??
ആളുകള്‍ ബുക്ക് വാങ്ങുമോ??
ദേ, അടുത്ത ടെന്‍ഷന്‍ ആരംഭിക്കുന്നു...
എന്‍റമ്മോ, എന്തൊരു ടെന്‍ഷന്‍!!!

42 comments:

അരുണ്‍ കരിമുട്ടം said...

ഒരു മണ്ഡലക്കാലം കൂടി വരികയായി...
ശരണം വിളിയുടെ ഭക്തി സാന്ദ്രമായ കുറേ നാളുകള്‍ കൂടി..
കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് ബ്ലോഗില്‍ ഒരു നോവല്‍ എഴുതാന്‍ സാധിച്ചു, ഈ വര്‍ഷം അത് പ്രസദ്ധീകരിച്ചു, എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണെന്ന് വിശ്വസിക്കുന്നു.
വായിക്കാത്തവര്‍ പലരും ഈ നോവലൊരു പുരാണ കഥ അല്ലേന്ന് ചോദിച്ചു, അല്ലേ അല്ല.ഇത് ഒരു പുരാണകഥയെ പറ്റിയുള്ള നോവല്‍ അല്ല, ഇതില്‍ ചരിത്രമുണ്ട്, കുറേ വിവരണങ്ങളുണ്ട്, പിന്നെ ഇന്നത്തെ കാലത്ത് നടക്കുന്ന ഒരു കഥയുമുണ്ട്.
എല്ലാവരും ബുക്ക് വായിച്ച് അഭിപ്രായം പറയേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..
സഹകരണത്തിനും പ്രാര്‍ത്ഥനക്കും ഒരിക്കല്‍ കൂടി നന്ദി.
സ്വാമി ശരണം.

Manoraj said...

അരുണേ, സത്യത്തില്‍ എനിക്ക് ചിരി സഹിക്കുന്നില്ല. വേറെയൊന്നുമല്ല. നന്ദന്‍ ഫോട്ടോയെടുത്ത സീന്‍, ബ്ലോഗിന്റെ പ്രിന്റ് ഔട്ട് എടുത്ത് പ്രകാശനം ചെയ്യിച്ചാലോ എന്ന ജോയുടെ ചോദ്യം!! പിന്നെ അരുണേ അപ്പോള്‍ നീ ഇത് വരെ പന്തളം രാജാവിനെ കണ്ടിട്ടില്ലേ എന്ന മനോജേട്ടന്റെ ചോദ്യം .. ഇതൊക്കെ ഇവരെകൊണ്ട് ഇത്ര നര്‍മ്മത്തോടെ പറയിക്കാന്‍ അരുണിനേ കഴിയൂ. തകര്‍പ്പന്‍ പോസ്റ്റ്. പുസ്തകം അന്ന് തന്നെ പ്രവീണിനെ കൊണ്ട് വാങ്ങിപ്പിച്ചിരുന്നു. പഹയന്‍ ഇത് വരെ അത് തന്നിട്ടില്ല.

പുസ്തകം മുഴുവന്‍ കോപ്പികളും ഈ മണ്ഢലക്കാലത്ത് തന്നെ വിറ്റു തീരട്ടെയെന്ന് ആശംസിക്കുന്നു. ഒപ്പം അടുത്ത രാമായണമാസമാകുമ്പോളേക്കും മൂന്നാമത്തെ പുസ്തകമായ കര്‍ക്കിടകരാമായണവും കൂടെ പ്രസിദ്ധീകരിച്ച് ഹാട്രിക്ക് അടിക്കട്ടെ എന്നും ആശംസിക്കുന്നു. ഇത് അരുണിന്റെ ഭാര്യ ചോദിച്ച മറ്റേ ആശയല്ല. ഒര്‍ജിനലാ. പവന്‍മാര്‍ക്ക്:)

ശ്രീ said...

ആശംസകള്‍, അരുണ്‍

kARNOr(കാര്‍ന്നോര്) said...

ഇപ്പോ ടെൻസിങ് മാറിക്കാണുമല്ലോ

കുഞ്ഞൂസ് (Kunjuss) said...

അരുണ്‍, ആ ടെന്‍ഷന്‍ ഇത്രയും മനോഹരമായി എഴുതിയല്ലോ... പിന്നെ, ഞാന്‍ പറയാന്‍ വന്നതൊക്കെ ആ മനോരാജ് ചാടിക്കേറി ആദ്യമേ പറഞ്ഞു കളഞ്ഞു. അതിനാല്‍ ആശംസകള്‍ മാത്രം അറിയിച്ചു കൊള്ളുന്നു.

ചാണ്ടിച്ചൻ said...

ടെന്‍ഷന്‍ മൂക്കുമ്പോ, ഞാനന്ന് തന്ന മരുന്നെടുത്തടിച്ചാ മതി...
പകുതി മരുന്നും ബാക്കി സോഡയും....പിന്നെ മേമ്പൊടിക്ക് നാരങ്ങാനീരും രണ്ടു പച്ചമുളക് കീറിയിട്ടതും ചേര്‍ക്കണം...എന്നാലേ മുഴുവന്‍ ഗുണവും കിട്ടൂ...ഒരല്‍പം ഉപ്പു കൂടിയായാ ഭേഷ്...

ചിന്നവീടര്‍ said...

"അരുണേ, ബുക്കെല്ലാം മണ്ഡലകാലത്ത് തന്നെ വിറ്റ് പോകുമായിരിക്കും, അല്ലേ?"
ചോദ്യം ചോദിച്ചിട്ട് അവരെല്ല്ലാം യാത്രയായി, പക്ഷേ ചോദ്യം മാത്രം മനസില്‍ ബാക്കിയായി...
വിറ്റ് തീരുമോ??
തീരുവോ?????
അതോ തീര്‍ന്നോ??
ആശംസകള്‍!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അരുണ്‍
ആഹാ അപ്പൊ അങ്ങിനെ അതും സംഭവിച്ചു ല്ലേ...?
ഒരായിരം അഭിനന്ദങ്ങള്‍...ആശംസകള്‍ നേരുന്നു...

-------------------------------
പിന്നെ മൊബൈല്‍ നമ്പര്‍ മാറ്റിയോ...?
വിളിച്ചിട്ടെടുക്കുന്നില്ലല്ലോ....?

IndianSatan said...

ഒരായിരം ആശംസകള്‍.......

മൈലാഞ്ചി said...

ഇതെങ്ങനെ ഇങ്ങനെ എഴുതുന്നു ചങ്ങാതീ? സമ്മതിച്ചു.......

പിന്നേ.. മറ്റേ ബുക്ക് ഇവടെ ബുക്സ്റ്റാളില്‍ എത്തീല്യാട്ടോ.. ഞാന്‍ ഓര്‍ഡര്‍ കൊടുത്തണ്ട്.(സംഭവം ഗംഭീരാണ്ന്നും കൊണ്ടുവച്ചാല്‍ ചൂടുപൊറോട്ട പോലെ പൊയ്ക്കോളും ന്ന് ഒരു കാച്ചും കാച്ചീണ്ട്...)

Sabu Hariharan said...

ശരിക്കും വായിച്ചു ടെൻഷൻ അടിച്ചു പോയി.
അഭിനന്ദനങ്ങളും, ആശംസകളും :)

ഇനിയും ഒരുപാടൊരുപാട് പുസ്തകങ്ങൾ അരുണിന്‌ എഴുതുവാൻ കഴിയട്ടേ.

ramanika said...

അഭിനന്ദനങ്ങളും, ആശംസകളും
എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണെന്ന് വിശ്വസിക്കുന്നു.
ഒരുപാടൊരുപാട് എഴുതുവാൻ കഴിയട്ടേ.

G.MANU said...

aaSamsakal panthalam raja kumara :)

style ezhuthu..

Unknown said...

എല്ലാം ശരിക്കും co-ordinate ചെയ്യാന്‍ സാധിക്കുന്ന കൂട്ടുകാര്‍ കൂടെയുള്ളപ്പോള്‍ ടെന്‍ഷന്‍ എന്തിനു?? ആശംസകള്‍!!

Bijith :|: ബിജിത്‌ said...

ഹോ ഇത്രക്കും ടെന്‍ഷന്‍ പിടിച്ച പരിപാടിയാണേല്‍ പുസ്തകം ഇറക്കാന്‍ ഞാന്‍ ഇല്ലേ... ;)

കലിയുഗവരദന് എല്ലാ ആശംസകളും...

Indiamenon said...

അങ്ങനെ വീണ്ടും അതുപോലൊന്ന് കൂടി സംഭവിച്ചു അല്ലെ ...ആശംസകള്‍ ....


വെറും ആശംസകള്‍ പറഞ്ഞിട്ട് പോര പോര എന്നൊരു തോന്നല്‍.


മനസ്സില്‍ തോന്നുന്ന ആശയങ്ങള്‍ വരികളായ് വായനക്കാര്‍ക്ക് വിളമ്പുവാന്‍ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും അരുണിന് ഉണ്ടാകട്ടെ.

അനൂപ്‌ said...

നന്നായി അരുണേ ഇനി പെട്ടന്ന് തന്നെ അടുത്ത പുസ്തകവും പോരട്ടെ

ചെലക്കാണ്ട് പോടാ said...

എഴുത്തിന്‍റെ സൂക്കേടുള്ള സുഹൃത്തിന്റെ ഈ പുസ്തകങ്ങള്‍ വാങ്ങിയില്ലെങ്കില്‍ പിന്നെ നമ്മളൊക്കെ എന്തോന്ന് സുഹൃത്തുക്കളാ....


തിരുവന്തപുരത്ത് ബുക്ക് സ്റ്റാളുകളിലൊക്കെ ലഭ്യമാണോ?

sm sadique said...

ആശംസകൾ……….
എത്രയും വേഗം വിറ്റ് തീരട്ടെ,
അടുത്ത എഡിഷനും അതിന്റെ അടുത്ത എഡിഷനും….പിന്നെയും…പിന്നെയും…. എഡിഷനുകൾ ഇറങ്ങട്ടെ.

ഒഴാക്കന്‍. said...

മണ്ഡല സമയം നോക്കി കള്ളാ ബുക്ക്‌ ഇറക്കി അല്ലെ .. എന്നിട്ട് ടെന്‍ഷന്‍ ആണെന്ന് ഒരു കള്ളത്തരവും :)
അപ്പൊ ബുക്കുകള്‍ കൂമ്പാരമാകുമ്പോള്‍ പരുപാടികള്‍ ഗംഭീരം ആകും ... ഒഴാക്കാശംസ്കള്‍

SHAJI said...

പുതിയ ബുകിനുഉം എഴുത്തുകാരനും ആശംസകള്‍ !

ചിതല്‍/chithal said...

പോസ്റ്റ് വായിച്ചിട്ടു് തോന്നിയതു് മുഴുവൻ ആ മനോരാജ് ആദ്യമേ പറഞ്ഞു. തോക്കിൽക്കേറി വെടിവെക്കരുതു് എന്നൊന്നും പറഞ്ഞാ മൂപ്പർ കേൾക്കില്ല. എന്തുചെയ്യും?

ഏതായാലും ബാംഗ്ലൂരിൽ കുറച്ചുകോപ്പി സാമ്പിളായി കൊടുക്കുന്നുണ്ടാവില്ലേ? അതിലോരോന്നു് ... എനിക്കു്..

ഒന്നു് കാണണം.. ധനുമാസമാവട്ടെ.

അനൂപ്‌ .ടി.എം. said...

ബാംഗ്ലൂരില്‍ കിട്ടുമോ ഇപ്പറിഞ്ഞ പൊസ്തകം ?
അരുണേട്ടാ ആശംസകള്‍..
പുസ്തകങ്ങളൊക്കെ എത്രയും പെട്ടന്ന് വിറ്റു തീരെട്ടെ.

jayanEvoor said...

ചതിയാ!
വഞ്ചകാ!
തൃക്കുന്നപ്പുഴ വച്ച് പരിപാടി നടത്തീട്ട് ഏവൂരുള്ള എന്നെ അറിയിക്കാഞ്ഞ സാമദ്രോഹീ!
ഞാൻ ശപിക്കുന്നു.... ഒരാഴ്ചയ്ക്കുള്ളിൽ എല്ലാം വിറ്റു പോകട്ടെ! എന്നിട്ട് ഈ പുസ്തകം കിട്ടാതെ ആൾക്കാർ വലയട്ടെ!

(എല്ലാം എനിക്ക് മനസ്സിലാവണ്ണ്ട്.... ഞാൻ വന്നാൽ പടം പിടിക്കും എന്നും സത്യസന്ധമായ വിവരങ്ങൾ ബൂലോകരെ അറിയിക്കും എന്ന് പേടിച്ചല്ലേ...? പിന്നിങ്ങനെ പുളു എഴുതാനാവില്ലല്ലോ! ഹും...!!)

ഹാപ്പി ബാച്ചിലേഴ്സ് said...

എഴുത്തിന്റെ അസുഖമുള്ള കുട്ട്യേ, സ്വന്തം കൺസ്റ്റിറ്റുവൻസിയിൽ ഒന്ന് “ഓട്ടിനു” നിക്കരുതോ, ചുമ്മാ ചെലപ്പം കേറിയങ്ങ് ജയിച്ചാലോ. ജയൻ‌ജി ശപിച്ചത് പോലെ കാര്യങ്ങളൊക്കെ കേമായിട്ട് നടക്കട്ടെ. ആശംസകൾ.

krishnakumar513 said...

എല്ലാ ആശംസകളും...

Mohanam said...

ആശംസകള്‍. ബ്ലോഗില്‍ പറഞ്ഞിരുന്ന സന്നിധാനം ബ്ലോഗ് ഇന്നുമുതല്‍ സ്വന്തമായി ഒരു ഡൊമൈനിലേക്ക് മാറി.

Febin Joy Arappattu said...

കലിയുഗവരദന്‍ പണ്ടേ വായിച്ചതാ.. എന്നാലും പുസ്ടകം ഒരു കോപ്പി വേണം.. എറണാകുളത് എവിടെ കിട്ടും അരുണ്‍?

സാബിബാവ said...

ആശംസകള്‍...
എന്റെ വകയും ചാണ്ടി പറഞ്ഞപോലെ ചെയ്തോളു അതില്‍ എന്റെ ഒപ്പ്

hi said...

എലിക്ക് പ്രാണവേദന പൂച്ചയ്ക്ക് വീണ വായന.. ടെന്‍ഷന്‍ അടിച്ച കഥ കേട്ട് ചിരിക്കാനും വേണം ഒരു ഭാഗ്യം.
എല്ലാ വിധ ആശംസകളും. :)

faisu madeena said...

ബെസ്റ്റ്‌ ഓഫ് ലക്ക്

ഒരു യാത്രികന്‍ said...

ജയന്‍ ഡോക്ടറുടെ ശാപം ഫലിക്കാന്‍ എന്‍റെ തപശക്തി കൂടി ചേര്‍ത്തുവെക്കുന്നു.ആശംസകള്‍.........സസ്നേഹം

ജന്മസുകൃതം said...

അരുണ്‍,
ആശംസകള്‍

krish | കൃഷ് said...

"അതിനെ ഒന്നും ചെയ്യല്ലേ സാറെ, എഴുത്തിന്‍റെ സൂക്കേടുള്ള പയ്യനാ"
haha :)

അങ്ങനെ വലിയ ടെന്‍ഷന്‍ മാറി അല്ലെ.

ആശംസകള്‍

Benny George Moonnumury said...

ആശംസകൾ……….
എത്രയും വേഗം വിറ്റ് തീരട്ടെ,

Unknown said...

ഇങ്ങനെയാണെങ്കില്‍ ഇനിയും റ്റെന്ഷനടിക്കട്ടെ!
ആശംസകള്‍.

Sukanya said...

"അതിനെ ഒന്നും ചെയ്യല്ലേ സാറെ, എഴുത്തിന്‍റെ സൂക്കേടുള്ള പയ്യനാ" ഹഹഹഹ
അത് കലക്കി. പക്ഷെ വായിക്കാന്‍ സുഖമുണ്ടല്ലോ.
ഞങ്ങളുടെ പ്രാര്‍ത്ഥന പോലെ രാജാവ് തന്നെ പ്രകാശനം ചെയ്തില്ലേ?
അരുണിന്റെ "ആശ" ഇനിയെന്താണ്?
;)

രഘുനാഥന്‍ said...

ആശംസകള്‍...അരുണ്‍.

The Admirer said...

ആശസംകൾ ആരുൺ

priyag said...

അരുണേട്ടാ ആശംസകള്‍ .ഈ പുസ്തകം എറണാകുളത്തു എവിടെ കിട്ടും ?

yousufpa said...

ഈ വരുന്ന ശനിയാഴ്ച മുതൽ എറണാകുളത്തപ്പൻ ഗ്രൌണ്ടിൽ അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നു.അവിടെ ബൂലോഗരുടെ ഒരു സ്റ്റാളുണ്ട് അവിടെ കിട്ടും.

Rani said...

Congrats n all the very best arun...

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com