ഒരു കെട്ടിടത്തില്‍ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് പോകുവാന്‍ അവിടൊരു വണ്ടിയുണ്ട്, ഒരു പ്രത്യേക തരം വണ്ടി.സെക്യൂരിറ്റി പറഞ്ഞത് അനുസരിച്ച് അതില്‍ കയറിയട്ട് ഞാന്‍ പറഞ്ഞു:
"ഒരു ഗെറ്റ് റ്റുഗദറാ, ഏത് കെട്ടിടത്തിലാണെന്ന് അറിയില്ല"
എല്ലാം ഞങ്ങള്‍ക്ക് അറിയാം എന്ന ഭാവത്തില്‍ അവരെന്നെ ഒരു കെട്ടിടത്തില്‍ കൊണ്ട് ഇറക്കി.ഹാളിലേക്ക് കയറുന്നതിനു മുന്നേ ഞാന്‍ വളരെ നെര്‍വസായി.ഒരുപാട് നാളിനു ശേഷമാ കൂട്ടുകാരെ ഒക്കെ കാണുന്നത്, എല്ലാവരും ഒരുപാട് മാറി പോയി കാണും.
വലതുകാല്‍ വച്ച് ഹാളിലേക്ക് കയറി.
എന്‍റെ ഊഹം തെറ്റിയില്ല!!!
എല്ലാവരും ഒരുപാട് മാറിയിരിക്കുന്നു, ആണുങ്ങളും പെണ്ണുങ്ങളും നന്നായി വെളുത്തിട്ടുണ്ട്.കണ്ടാല്‍ സായിപ്പും മാദാമ്മയും ആണെന്നെ പറയു.കൂട്ടത്തില്‍ കറുത്തിരിക്കുന്നത് ഞാന്‍ മാത്രമാണ് എന്ന കോംപ്ലക്സ്സില്‍ ഞാനൊന്നു ചിരിച്ച് കാണിച്ചു.
എല്ലാവരും എനിക്ക് വെല്‍ക്കം പറഞ്ഞു.എന്നിട്ട് കുറേ ചോദ്യങ്ങള്‍, അതും ഇംഗ്ലീഷില്‍.ഓക്സ്സ് ഫോര്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഇംഗ്ലീഷിലെ അറ്റവും മൂലയും ചുരണ്ടി എടുത്തപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി, ഞാന്‍ കേറിയ സ്ഥലം മാറിയിരിക്കുന്നു.ഡോക്ടര്‍മാരുടേ എന്തോ ഇന്‍റര്‍നാഷണല്‍ കോണ്‍ഫ്രണ്‍സ്സ് ഹാളിലാണ് എന്നെ വണ്ടിയില്‍ കൊണ്ട് ഇറക്കിയിരിക്കുന്നത്.
ഞാന്‍ ഏത് മെഡിക്കല്‍ കോളേജിലെ ഡോക്ടറാണെന്നാ ചോദ്യം??
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആണെന്ന് പറഞ്ഞാ, എന്നാ ഒരു സര്‍ജറി ചെയ്തേ എന്ന് ആവശ്യപ്പെട്ടാല്‍ പെട്ടു.
ദൈവമേ, എനിക്ക് മാതം എന്താ ഇങ്ങനെ??
ഞാന്‍ കേറിയ സ്ഥലം മാറിപ്പോയി എന്ന കാര്യം ഇംഗ്ലീഷില്‍ തന്നെ ഞാന്‍ അവതരിപ്പിച്ചു, അതും വളരെ സഭ്യമായി:
"സോറി, പ്ലേസ്സ് ചേഞ്ച്ഡ്"
സ്ഥലം മാറി!!!
എന്‍റെ ഓക്സ്സ് ഫോര്‍ഡ് ഇംഗ്ലീഷില്‍ സംതൃപ്തരായ ആ ജനതയെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ഞാന്‍ പുറത്തേക്ക് ഇറങ്ങി.
വാതുക്കല്‍ ആ വണ്ടിക്കാരന്‍ കാത്ത് നില്‍പ്പുണ്ടായിരുന്നു.
അയാള്‍:
"എന്ത് പറ്റി സാര്‍?"
ഞാന്‍:
"ഈ മീറ്റിംഗ് അല്ല"
അയാള്‍:
"സാര്‍ വിഷമിക്കേണ്ടാ, ഇവിടെ അഞ്ച് മീറ്റിംഗ് ഉണ്ട്, അഞ്ചിടത്തും ഞാന്‍ എത്തിക്കാം സാര്‍"
അയാള്‍ക്കാണോ അതോ എനിക്കാണോ വട്ട് എന്ന് ഞാന്‍ കുറേ ചിന്തിച്ചു.
എന്നിട്ട് പറഞ്ഞു:
"വേണ്ടാ, നടന്ന് പോയ്ക്കോള്ളാം"
എന്നെ കണ്ടതും കോശി ഓടി വന്ന് കെട്ടിപ്പിടിച്ചു!!!
ഒരു സുഹൃത്തിന്‍റെ ആലിംഗനത്തില്‍ നില്‍ക്കുമ്പോള്‍, ആ സൌഹൃദം സത്യസന്ധമാണെങ്കില്‍ നമ്മള്‍ നമ്മെ തന്നെ മറക്കും.ആ ഒരു അനുഭൂതിയില്‍, അവന്‍റെ കുടെ സംസാരിച്ച് നിന്ന പെണ്‍കുട്ടിയെ ഒളികണ്ണിട്ട് നോക്കി കൊണ്ട്, വളരെ നിഷ്കളങ്കമായി ഞാന്‍ അവനോട് ചോദിച്ചു:
"എല്ലാവരും ഇങ്ങനെ കെട്ടിപ്പിടിക്കുമോടാ"
'ഒഫ്കോഴ്സ്സ്' എന്ന മറുപടി അവന്‍റെ വായില്‍ വന്നു എന്ന് എനിക്ക് മനസ്സിലായി, പക്ഷേ അടുത്ത നിമിഷം ചോദ്യം എന്‍റെയാണ് എന്ന സത്യവും അവന്‍റെ മനസ്സില്‍ വന്നു എന്ന് തോന്നുന്നു.
അവന്‍ പറഞ്ഞു:
"സോറീടാ, എല്ലാവരും കെട്ടിപ്പിടിക്കില്ല"
പിന്നെ എന്ത് കോപ്പിനാണോ ഇവന്‍ എന്നെ കെട്ടിപ്പിടിച്ചത്??
ആവോ, ആര്‍ക്കറിയാം!!!
"എന്നെ മനസ്സിലായോ?"
കൂടെ പഠിച്ച ഒരുവളെ മനസ്സിലായില്ല എന്ന് പറയുന്നതിലെ ശരിക്കേട് ഓര്‍ത്ത് ഞാന്‍ പറഞ്ഞു:
"ഉവ്വ്, മനസ്സിലായി"
അപ്പോള്‍ അവള്‍:
"എന്നാ പറ, ഞാന്‍ ആരാ?"
ഈ കല്യാണത്തിനു ഒക്കെ പോകുമ്പോ ചില അമ്മുമ്മമാരുണ്ട്, ഇതേ ചോദ്യം ചോദിക്കും.ആദ്യം എന്നെ മനസ്സിലായോ എന്ന്, മനസ്സിലായി എന്ന് പറഞ്ഞാ ഞാന്‍ ആരാന്ന്, അവിടെ നമ്മള്‍ പെട്ട് പോകും.
അതേ അവസ്ഥയാണ് ഇവിടെയും.
ആകാംക്ഷയോടെ അവള്‍:
"പറയെടാ, ഞാന്‍ ആരാ?"
തേന്‍മാവിന്‍ കൊമ്പത്തിലെ കുതിരവട്ടം പപ്പുവിന്‍റെ ഡയലോഗാ മനസ്സില്‍ വന്നത്:
"ഞാന്‍ ആരാന്ന് നിനക്ക് അറിയില്ലെങ്കില്‍ നീ എന്നോട് ചോദിക്ക് ഞാന്‍ ആരാണെന്ന്, ഇനി നീ ആരാന്ന് നിനക്ക് അറിയില്ലെങ്കില്‍ നീ എന്നോട് ചോദിക്ക് നീ ആരാണെന്ന്, അപ്പോ ഞാന്‍ പറയും, ഞാന്‍ ആരാണെന്നും നീ ആരാണെന്നും"
ഉമിനീരിറക്കി നിന്നപ്പോ അവള്‍ സ്നേഹത്തോടെ:
"പറയെടാ ഞാന്‍ ആരാ?"
ഒരു നിമിഷം ജഗതി എന്നിലേക്ക് ആവാഹിച്ചു...
താന്‍ ആരുവാ??
ആ ചോദ്യം കുറിക്ക് കൊണ്ടു, അവള്‍ പറഞ്ഞു:
"ഞാന്‍ റീന"
ഗെറ്റ് റ്റുഗദര്‍ തുടങ്ങി!!!
സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍...
മത്സര ബുദ്ധിയോടെ ചിക്കനും ഫിഷും തട്ടിയ നിമിഷങ്ങള്‍...
കൊതിയും നുണയും പറഞ്ഞ് പൊട്ടിച്ചിരിച്ച നിമിഷങ്ങള്‍...
പലരും ജീവിതത്തില്‍ ഒരിക്കല്‍ കൂടി പ്രത്യക്ഷപ്പെട്ടു...
നിഷ്കളങ്കമായി സംസാരിക്കുന്ന ആന്‍.
മെച്യൂരിറ്റി കൂടി പോയ അഭിലാഷ്.
മസ്സിലു പെരുപ്പിച്ച് വന്നിട്ടും, കൂടെ പഠിച്ച സ്മിതയുടെ ഭര്‍ത്താവ് അതിനെക്കാള്‍ മസില് പെരുപ്പിച്ച് വന്നത് കണ്ട് തകര്‍ന്ന് പോയ ജെയ്‌സണ്‍.
അങ്ങനെ പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുമായി ഒരോരുത്തരും.
അതിനിടയില്‍ ഓര്‍ഗനൈസര്‍ അനീഷ് പറഞ്ഞു:
"ഇനി വ്യത്യസ്ഥമായ ഒരു അനുഭവം, ഹൌസ്സ് ബോട്ടില്‍ കയറി കായലിലൂടെ ഒരു സഞ്ചാരം"
അത് കേട്ടതും നാവിക സേനയില്‍ ജോലി ചെയ്യുന്ന ശ്യാം പല്ല് കടിച്ച് കൊണ്ട് എന്നോട് പറഞ്ഞു:
"നടുക്കടലില്‍ നാള് കഴിച്ച് കൂട്ടേണ്ടി വന്നത് സഹിക്കാതാ നാട്ടിലേക്ക് വന്നത്. ആ എന്നെയാ ഇവന്‍ ബോട്ടില്‍ കേറ്റി കായലില്‍ കൊണ്ട് പോകുന്നത്"
റൈറ്റ് ഡയലോഗ് അറ്റ് റൈറ്റ് ടൈം!!!
എങ്കിലും ഞാന്‍ അവനെ ആശ്വസിപ്പിച്ചു:
"പോട്ടെടാ, നീ ക്ഷമിക്ക്"
അങ്ങനെ ഓളപ്പരപ്പില്‍ കായലിലൂടെ ഒരു യാത്ര.
സൌഹൃദങ്ങള്‍ പങ്കിട്ട് ചില നിമിഷങ്ങള്‍.
ആദ്യം യാത്ര പറഞ്ഞത് സ്റ്റീനയാ, കൈ കുഞ്ഞും അമ്മയുമായി വന്ന അവള്‍ യാത്ര ചോദിച്ചപ്പോഴാണ് ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തില്ലല്ലോന്ന് ഓര്‍ത്തത്.കൂട്ടത്തിലെ ആസ്ഥാന ഫോട്ടോഗ്രാഫര്‍ ബിനുവാണ്, നല്ലൊരു ആര്‍ക്കിടെക്റ്റര്‍ കൂടിയായ അവന്‍റെ കൈയ്യോപ്പ് പതിഞ്ഞ് ഫോട്ടോകള്‍ക്ക് ഒക്കെ ഒരു പ്രത്യേക ഭംഗിയാണ്.
എല്ലാവരും അവനോടായി:
"ബിനു ഒരു ഫോട്ടൊ"
അവന്‍ :
"ക്യാമറ കാറിലാ"
തുടര്‍ന്ന് അത് എടുക്കാന്‍ എന്ന ഭാവേന അവന്‍ പുറത്തേക്ക് ഇറങ്ങി.അവന്‍ ക്യാമറയുമായി വരുന്നതിനു മുന്നേ ബാത്ത് റൂമില്‍ കേറി മുഖമൊന്ന് ഫ്രഷാക്കുക എന്ന ഉദ്ദേശത്തില്‍ ഞാനും.
ബാത്ത് റൂമിലേക്ക് പോകുന്ന വഴിയാണ് ഞാന്‍ ആ കാഴ്ച കണ്ടത്, അവിടെ ചില്ലുകള്‍ക്ക് അപ്പുറത്ത് കൈ കുഞ്ഞിനേയും പിടിച്ച് ഏകയായി നില്‍ക്കുന്ന സ്റ്റീനയുടെ കൂടെ വന്ന അമ്മ.അത് അവളുടെ അമ്മയാണോ അമ്മായിയമ്മയാണോ എന്ന് അറിയില്ല, എങ്കിലും ഒന്ന് കണ്ട് ബഹുമാനിക്കണമെന്ന് തോന്നി.പക്ഷേ ചില്ല് വാതില്‍ തുറന്ന്പ്പോഴാണ് കരയുന്ന കുഞ്ഞിനെ മാനേജ് ചെയ്യാന്‍ ആ അമ്മ പാട് പെടുകാണെന്ന് മനസ്സിലായത്.സ്റ്റീന ഇറങ്ങി വരാത്ത ദേഷ്യം ആ മുഖത്ത് ഉണ്ടോന്ന് ഒരു സംശയം.ഇപ്പോ ബഹുമാനിക്കാന്‍ പോയാല്‍ ആ കുഞ്ഞിനെ എന്‍റെ കൈയ്യില്‍ തന്നിട്ട്, എന്നാ നീ ഇതിന്‍റെ കരച്ചില്‍ നിര്‍ത്തെന്ന് പറഞ്ഞാ എന്‍റെ കാര്യം ഗോപി.
ഞാന്‍ തീരുമാനിച്ചു...
വേണ്ടാ, ബഹുമാനിക്കേണ്ട!!!
അവിടതാ പേടിച്ചിരിക്കുന്ന ബിനു, നമ്മുടെ ക്യാമറാമാന്‍.
"എന്തടാ?" എന്‍റെ ചോദ്യം.
രഹസ്യമായി അവന്‍:
"ക്യാമറ എടുക്കാന്‍ മറന്നു പോയി, അത് പറഞ്ഞാ അവരെന്നെ തല്ലി കൊല്ലും"
അവന്‍റെ അവസ്ഥയും, അവന്‍ ക്യാമറയുമായി വരുമ്പോ ഫോട്ടോ എടുക്കാന്‍ നില്‍ക്കുന്ന സ്റ്റീനയുടെ അവസ്ഥയും, സ്റ്റീന വന്നിട്ട് കുഞ്ഞിന്‍റെ കരച്ചില്‍ മാറുവെന്ന് പ്രതീക്ഷിച്ച് നില്‍ക്കുന്ന ആ അമ്മയുടെ അവസ്ഥയും, ആ ഫോട്ടോയില്‍ സുന്ദരനാവാന്‍ വേണ്ടി ഒരുങ്ങാന്‍ വന്ന എന്‍റെ അവസ്ഥയും ഒരു നിമിഷം എന്‍റെ മനതാരില്‍ വിളയാടി.
പഷ്ട്!!!
വെറുതേ ഫെയര്‍ ആന്‍റ് ലൌലി ഇട്ട്.
വേണ്ടായിരുന്നു!!!
ഞാന്‍ കാത്തിരിക്കുന്നു...
ആ ഒരു നാളിനായി...
No comments:
Post a Comment