For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ഉലൂപിയുടെ പുത്രന്‍



രക്ഷപെടാനുള്ള ഓട്ടമാണ്, ഞാനും ശെല്‍വരാജും പിന്നെ ആ പെണ്‍കുട്ടിയും.പിടിക്കപ്പെടരുത്, പിടിക്കപ്പെട്ടാല്‍ എന്താവും ശിക്ഷയെന്ന് അറിയുകയുമില്ല, രക്ഷപെടണം, രക്ഷപെട്ടേ മതിയാവൂ.നൂറ്‌ വാരെ ദൂരെ കാറ്‌ കണ്ടപ്പോള്‍ സമാധാനമായി...
ഈ കുവാഗില്‍ നിന്ന്, ഇവിടെ വച്ച് അല്പം മുമ്പ് സംഭവിച്ച പ്രശ്നങ്ങളില്‍ നിന്ന്, രക്ഷപെടാന്‍ ഇനി നൂറ്‌ വാര കൂടി മാത്രം.
"വാ, ശീഘ്രം വാ"
ശെല്‍വ കാറിനരുകില്‍ എത്തിയിരിക്കുന്നു.
എന്‍റെ കൂടെ ഓടി വരുന്ന പെണ്‍കുട്ടിയെ തളര്‍ച്ച ബാധിച്ച് തുടങ്ങിയെന്നത് അവളുടെ ഓട്ടത്തില്‍ നിന്ന് വ്യക്തമാണ്..
ആരാണിവള്‍??
അറിയില്ല.
ഇന്നാണ്‌ ഇവളെ ആദ്യമായി പരിചയപ്പെടുന്നത്.പക്ഷേ ഒന്നെനിക്ക് അറിയാം, അവളുടെ പേര്...
അത് കതിര്‍വേണിയെന്നാണ്.

ഏകദേശം ആറ്‌ മാസം മുമ്പാണ്‌ കുവാഗെന്ന ഈ ഗ്രാമത്തില്‍ ഞാന്‍ ആദ്യമായി എത്തുന്നത്, അന്നും ശെല്‍വയായിരുന്നു അതിനു കാരണക്കാരന്‍.

സേലത്തിനടുത്തുള്ള വില്ലുപുരത്ത് നിന്ന് സുമാര്‍ മുപ്പത് കിലോമീറ്റര്‍ അകലെയാണ്‌ കുവാഗം.തളിര്‍ത്ത പാടങ്ങളും വിളഞ്ഞ കരിമ്പും നിറഞ്ഞ ഒരു അപരിഷ്കൃത ഗ്രാമം, അതില്‍ കൂടുതലൊന്നും അന്നെനിക്ക് തോന്നിയില്ല.ആറ്‌ മാസത്തിനു ശേഷം അതേ വീഥികളിലൂടെ ജീവന്‍ രക്ഷിക്കാനായി ഓടേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചുമില്ല.അതിനാല്‍ അന്ന് അത്ഭുതത്തോടെ ശെല്‍വയോട് ഞാന്‍ ചോദിച്ചു:
"എന്ന ശെല്‍വ, എതുക്ക് ഇങ്കെ വന്തേ?"
മറുപടി പറയാതെ ബൈക്ക് അവന്‍ നിര്‍ത്തി.തുടര്‍ന്ന് ഇടത് വശത്തേക്ക് കൈ ചൂണ്ടി അവന്‍ പറഞ്ഞു:
"ഇത് താന്‍ കുത്താണ്ടര്‍ കോവില്‍"
"അതുക്ക്?"
"കൊഞ്ചം നാളുക്കപ്പുറം ഇങ്കെ ഒരു വിശേഷമിറുക്ക്, ഉങ്കള്‍ക്ക് തേവെയാര്‍ന്ന സ്റ്റോറി അന്നേക്ക് കിടക്കും"
മലയാളം ഇടകലര്‍ന്ന തമിഴില്‍ ശെല്‍വ മറുപടി നല്‍കി.

ടെലിഫിലിമിനു കഥ അന്വേഷിച്ച് നടന്ന എനിക്ക് വ്യത്യസ്തമായ ഒരു സ്റ്റോറി ലഭിക്കുമെന്ന ശെല്‍വയുടെ വാക്കുകള്‍ സത്യമാണെന്ന് തിരിച്ച റിയാന്‍ ഇന്നത്തെ വരവ് വേണ്ടി വന്നു, പക്ഷേ ഇപ്പോള്‍ മനസില്‍ ടെലിഫിലിമില്ല, ഒരു ചിന്ത മാത്രം, രക്ഷപെടണം, എത്രയും വേഗം ഈ കുഗ്രാമത്തില്‍ നിന്ന് പുറത്ത് കടക്കണം, സ്വയം രക്ഷപെടുന്നതിനൊപ്പം കതിര്‍വേണിയെ രക്ഷിക്കുകയും വേണം...
ഒരുവിധത്തില്‍ പറഞ്ഞാല്‍ ഇപ്പോഴത്തെ ഈ ഓട്ടം ഇവള്‍ക്ക് വേണ്ടിയാണ്, ഇവള്‍ കാരണമാണ്...
ശരിക്കും ആരാണിവള്‍??
രക്ഷപെടാനുള്ള വ്യഗ്രതക്ക് ഇടക്കും എന്‍റെ മനസ്സ് എന്നോട് ചോദിക്കുന്ന ചോദ്യം.മുജ്ജ്ന്മത്തില്‍ എവിടെയെങ്കിലും ഇവളെന്‍റെ ആരെങ്കിലും ആയിരുന്നിരിക്കുമോ?
ആവോ, ആര്‍ക്കറിയാം.

ഇന്ന് ഉച്ചക്കാണ്‌ ആദ്യമായി ഞാനിവളെ കാണുന്നത്.
കുവാഗിലേക്ക് കാര്‍ ഓടിക്കുന്ന വഴി വലിയൊരു പാടം ചുറ്റിയപ്പോള്‍ ശെല്‍വ പറഞ്ഞു:
"ഇന്ത പാടം ക്രോസ്സ് ചെയ്താല്‍ ഷോര്‍ട്ട് കട്ടാ, ബട്ട് കാറില്‍ ചുറ്റിതാന്‍ പോക മുടിയും"
വിശാലമായ പാടം.
പക്ഷേ കഴിഞ്ഞ തവണത്തെ പോലെ പച്ചപ്പില്ല, കരിഞ്ഞ് ഉണങ്ങിയിരിക്കുന്നു.ആ പാടം ക്രോസ്സ് ചെയ്ത് നടന്ന് പോകുന്ന ഒരു പെണ്‍കുട്ടി, അത് ഇവളായിരുന്നു, കതിര്‍വേണി.
അവളുടെ ലക്ഷ്യവും കുത്താണ്ടര്‍ കോവിലായിരുന്നു...

ചിലയിടങ്ങളില്‍ ഇരവന്‍ എന്നറിയപ്പെടുന്ന അരവനാണ്‌ കുത്താണ്ടര്‍ കോവിലിലെ പ്രതിഷ്ഠ.കുത്താണ്ടര്‍ എന്നറിയപ്പെടുന്നതും ഇദ്ദേഹത്തെ തന്നെ...
അരവന്‍ ഉലൂപിയുടെ പുത്രനാണ്!!
പഞ്ചപാണ്ഡവരിലെ വില്ലാളിയായ അര്‍ജ്ജുനനു, നാഗറാണിയായ ഉലൂപിയില്‍ പിറന്ന പുത്രന്‍.മഹാഭാരതത്തിലെ ഒരു പ്രത്യേക സംഭവത്തിനാല്‍, ഭീമപുത്രനായ ഘഡോല്‍കചനെക്കാള്‍, ചക്രവ്യൂഹം ഭേദിച്ച അഭിമന്യുവിനെക്കാള്‍ ഒരുപിടി മുകളിലായി അരവനു നമുക്ക് സ്ഥാനം കൊടുക്കാം.
അതിനു കാരണമായ കഥക്ക് കുത്താണ്ടര്‍ കോവിലിലെ ഉത്സവവുമായി ബന്ധമുണ്ട്.അതിനാല്‍ തന്നെയാണ്‌ ഇന്ന് ഞാന്‍ കുത്താണ്ടര്‍ കോവിലിലെത്തിയത്, കാരണം ഇന്ന് ഇവിടുത്തെ ഉത്സവമാണ്...

കോവിലിനു അരകിലോമീറ്റര്‍ അകലെ കാര്‍ നിര്‍ത്തിയട്ട് ഞാനും ശെല്‍വയും നടന്നാണ്‌ കോവിലിലേക്ക് പോയത്.കഴിഞ്ഞ പ്രാവശ്യം വന്ന പോലെ ആയിരുന്നില്ല അവിടുത്തെ അവസ്ഥ.ഒരിക്കല്‍ ഓണം കേറാമൂലയെന്ന് ഞാന്‍ കരുതിയ സ്ഥലങ്ങളിലൊക്കെ വഴിവാണിഭക്കാരുടെ ഒരു സംഘം തന്നെ ഉണ്ടായിരുന്നു.പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയത് അതൊന്നുമായിരുന്നില്ല, ആ പ്രദേശത്ത് ഭൂരിഭാഗവും കാണപ്പെട്ട മനുഷ്യരായിരുന്നു...
ആണും പെണ്ണും കെട്ടവരെന്ന് നമ്മള്‍ ചിരിച്ച് തള്ളുന്ന കുറേ മനുഷ്യര്‍...
തമിഴ്നാട്ടില്‍ അറവാണികള്‍ എന്ന് അറിയപ്പെടുന്ന ഹിജഡകള്‍!!!
"എന്ന ശെല്‍വാ ഇത്?"
"ശൊല്ലലാം, നീ ഇവര്‍ക്കിട്ടെ പേശി പാറ്, ഇവര്‍ക്ക് നിറയെ സ്റ്റോറി ചൊല്ലേണ്ടിയിറിക്ക്"
ശെല്‍വ ഒരിക്കല്‍ സൂചിപ്പിച്ചത് ഇവരെ കുറിച്ചാണെന്നും, സ്റ്റോറി ലഭിക്കുന്നത് ഇവരുടെ കഥകളിലൂടെയാണെന്നും മനസിലായപ്പോള്‍ ഞാന്‍ അവരുമായി സംസാരിച്ചു.
വിവിധഭാഷക്കാരായ അവര്‍ക്ക് ഒരോരുത്തര്‍ക്കും ഒരോ കഥ പറയാനുണ്ടായിരുന്നു.എന്നാല്‍ എല്ലാ കഥകളും ചെന്നു നില്‍ക്കുന്നത് ബതായ് ആഘോഷത്തിലേക്കായിരുന്നു...
അവരുടെ വരുമാന മാര്‍ഗ്ഗമായ ബതായ് ആഘോഷത്തിലേക്ക്...
ആ ആഘോഷവേളയിലെ അവരുടെ സങ്കടങ്ങളിലേക്ക്...

"ജനിച്ച് വീഴുന്ന കുട്ടി ആണായാലും പെണ്ണായാലും എല്ലാവരും ഞങ്ങളെ വിളിക്കും, ബതായി ആഘോഷത്തിനു...."
ഒരു നിമിഷം നിര്‍ത്തിയട്ട് സങ്കടത്തോടെ അവരിലൊരുവള്‍ പറഞ്ഞു:
"അങ്ങനെ ആഘോഷിച്ചില്ലെങ്കില്‍ ആ കുട്ടികളും ഞങ്ങളെ പോലെ ഹിജഡകളായി പോകുമെന്നാ രക്ഷിതാക്കളുടെ പേടി"
അവരിങ്ങനെ പറഞ്ഞപ്പോള്‍ ചുറ്റും കൂടി നില്‍ക്കുന്നവര്‍ക്ക് മിണ്ടാട്ടമില്ല, എല്ലാവരുടെയും മനസ്സ് ബതായ് ആഘോഷത്തിലാണെന്ന് തോന്നുന്നു.സ്വപ്നത്തില്‍ നിന്ന് തിരികെ വന്നപ്പോള്‍ ഒരോരുത്തരും ഒരോ കഥ പറഞ്ഞു, അവരുടെ ജീവിതത്തിന്‍റെ കഥ.അതില്‍ നിന്ന് പൊതുവായി എനിക്ക് ഒന്ന് മനസിലായി...
ആദ്യമൊക്കെ സ്ത്രീയുടെ മനസ്സും ആണിന്‍റെ ശരീരവുമായിരുന്നു പലര്‍ക്കും.പിന്നെ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയും ക്രിതൃമമായ സിലിക്കോണ്‍ സ്തനങ്ങള്‍ വച്ച് പിടിപ്പിച്ചും പലരും സ്ത്രീയാവാന്‍ ശ്രമിച്ചു.പക്ഷേ സ്ത്രീത്വത്തിന്‍റെ പൂര്‍ണ്ണതയായ മാതൃത്വം അവകാശപ്പെടാന്‍ അവര്‍ക്ക് ആകുമായിരുന്നില്ല.
"ബതായി ആഘോഷവേളയില്‍ ഒരോ കുഞ്ഞുങ്ങളെ താലോലിക്കുമ്പോഴും അറിയാതെ കരച്ചില്‍ വരും സാറേ"
അത്രയും പറഞ്ഞപ്പോഴേക്കും അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.മാതൃത്വം നിഷേധിക്കപ്പെട്ട സ്ത്രീയുടെ വേദന അന്നാദ്യമായി ഞാന്‍ കണ്ടു.

മാതൃത്വം മാത്രമായിരുന്നില്ല, മംഗല്യവും അവര്‍ക്ക് പ്രശ്നമായിരുന്നു.അതിനെ പറ്റിയും അവര്‍ പറഞ്ഞത് ബതായ് ആഘോഷങ്ങളെ കൂട്ടുപിടിച്ചായിരുന്നു...
"കുട്ടികള്‍ ജനിക്കുമ്പോ മാത്രമല്ല, ഗൃഹപ്രവേശത്തിനും, കല്യാണവേളയിലും എല്ലാവര്‍ക്കും ഞങ്ങളെ വേണം.എന്‍റെ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ വിവാഹവേഷത്തിലിരിക്കുമ്പോള്‍ ചെറിയ സങ്കടമൊക്കെ തോന്നാറുണ്ട്"
ഒരുത്തിയുടെ സാക്ഷ്യം.
കഥകള്‍ പുതിയ മേച്ചില്‍ പുറം തേടുന്ന കണ്ടിട്ടോ അതോ കഥ പറയുന്നവരുടെ കണ്ണുകള്‍ ഈറനണിയുന്ന കണ്ടിട്ടോ, എന്താണെന്ന് അറിയില്ല ഒരുവള്‍ ഉപസംഹാരമെന്നോണം പറഞ്ഞു:
"എല്ലാ സങ്കടങ്ങളും ഞങ്ങള്‍ മറക്കുന്നത് ഈയൊരു ദിവസത്തിന്‍റെ ഓര്‍മ്മയിലാണ്.കാരണം ഇന്ന് ഞങ്ങളുടെ വിവാഹമാണ്, ഞങ്ങള്‍ക്കെല്ലാം ഈയൊരു ദിവസം വധുവിന്‍റെ റോളാണ്, നാളെ വിധവയുടെയും"
അവരത് പറഞ്ഞപ്പോള്‍ ശെല്‍വ എന്‍റെ കാതില്‍ മന്ത്രിച്ചു:
"ഇന്നേക്ക് മാംഗല്യം, നാളേക്ക് വൈധവ്യം.അത് താന്‍ ഞാന്‍ ചൊന്ന സ്റ്റോറി"
അത് കേട്ട് അത്ഭുതപ്പെട്ട് നിന്ന എന്നോട് അതിനു കാരണമായ കഥ അവര്‍ പറഞ്ഞു, അത് കുത്താണ്ടര്‍ കോവിലിന്‍റെ കഥയായിരുന്നു...

"കടവുളെ, കാറ്‌ക്ക് എന്നാച്ച്?"
ശെല്‍വയുടെ സ്വരമാണ്‌ എന്ന് ചിന്തകളില്‍ നിന്ന് ഉണര്‍ത്തിയത്.ഓടി വന്നതും കാറില്‍ കയറിയതുമെല്ലാം യാന്ത്രികമായിരുന്നു.എന്നാല്‍ ശെല്‍വ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചിട്ട് കാര്‍ സ്റ്റാര്‍ട്ടാവുന്നില്ല.
"എന്നടാ?"
"തെരിയാത്" ശെല്‍വയുടെ മുഖത്ത് പരിഭ്രമം.
ദൂരെ നിന്ന് ആരൊക്കെയോ ഓടിവരുന്ന ശബ്ദം.അത് അവരാണ്‌, ഈ ഗ്രാമവാസികള്‍....
"കാര്‍ സ്റ്റാര്‍ട്ട് ആവതുക്ക് ഞാന്‍ ട്രൈ പണ്ണലാം, നീ ഇന്ത പൊണ്ണുമായി പോ"
ശെല്‍വയുടെ ഉപദേശം.
ആലോചിച്ച് നില്‍ക്കാന്‍ നേരമില്ല, കതിര്‍വേണിയെ രക്ഷിക്കണം.അവളുടെ കൈ പിടിച്ച് വിശാലമായ പാടത്തിനു നേര്‍ക്ക് ഞാന്‍ ഓടി, ഉലൂപിയുടെ പുത്രനായ അരവന്‍ രക്ഷിക്കുമെന്ന പ്രതീക്ഷയില്‍...

മഹാഭാരത യുദ്ധത്തിന്‍റെ പതിനെട്ടാം നാള്‍.
പാണ്ഡവര്‍ വിജയിക്കണമെന്നാല്‍ പാണ്ഡവപക്ഷത്ത് നിന്ന് ഒരാളെ കാളിദേവിക്ക് ബലി നല്‍കിയേ മതിയാവൂ.പക്ഷേ ആര്‌ സ്വയം ബലിയാടാവാന്‍ തയ്യാറാവും?
ഇവിടെയാണ്‌ അരവന്‍റെ പ്രസക്തി!!
അദ്ദേഹം അതിനു തയ്യാറായി, അതോടൊപ്പം അന്ത്യാഭിലാക്ഷമായി കൃഷ്ണഭഗവാനോട് ഒരു കാര്യം ആവശ്യപ്പെടുകയും ചെയ്തു...
ബലിക്ക് മുമ്പ് ഒരുനാള്‍ എങ്കിലും വിവാഹിതനായി ജീവിക്കണം.എന്നാല്‍ ഒരുനാള്‍ നീണ്ടുനില്‍ക്കുന്ന ദാമ്പത്യവും അതിനു ശേഷത്തെ വൈധവ്യവും ഏറ്റുവാങ്ങാന്‍ ഒരു സ്ത്രീയും തയ്യാറായില്ല.ഒടുവില്‍ കൃഷ്ണന്‍ മോഹിനി വേഷത്തില്‍ അരവന്‍റെ ഭാര്യയായി.

കുത്താണ്ടര്‍ കോവിലിലെ ഉത്സവത്തിനും ഈ കഥയുടെ പിന്‍ബലമാണുള്ളത്.ഒരു നാളത്തെയെങ്കില്‍ ഒരു നാളത്തെ ദാമ്പത്യം, ഈ ഒരു ലക്ഷ്യം മുന്നില്‍ കണ്ടാണ്‌ ഹിജഡകള്‍ അന്നേ ദിവസം ഉത്സവാഘോഷത്തോടെ അവിടെ എത്തുന്നത്....
തുടര്‍ന്ന് സന്ധ്യയാകുന്നതോടെ കുപ്പിവള കിലുക്കങ്ങള്‍ മുഴങ്ങുകയായി..
വഴിവാണിഭക്കാരുടെ കൂട്ടത്തില്‍ നിന്നും കുപ്പിവളകള്‍ വാങ്ങുന്ന കൂട്ടത്തില്‍ ഒരു ഹിജഡ ആരോടോ ചോദിക്കുന്നത് കേട്ടു:
"ആരമ്മാ നീ?"
"കതിര്‍വേണി" ഒരു കളമൊഴി.
തിരിഞ്ഞ് നോക്കിയപ്പോള്‍ ഉച്ചക്ക് പാടത്ത് കൂടി നടന്ന് പോയ അതേ പെണ്‍കുട്ടി.കുവാഗില്‍ നടക്കുന്ന ഒരോ ചടങ്ങും അവള്‍ കൌതുകത്തോടെ നോക്കുന്നു..

കുത്താണ്ടര്‍ കോവിലിനുള്ളില്‍ മഞ്ഞളിന്‍റെയും കര്‍പ്പൂരത്തിന്‍റെയും ഗന്ധം മാത്രം.ശില്പഭംഗിയില്ലാത്ത കോവിലില്‍ കുറച്ച് ആള്‍ക്കാര്‍ക്ക് മാതമേ ഒരേ സമയം നില്‍ക്കുവാന്‍ സാധിക്കുകയുള്ളു.അവിടെ വച്ച് കൃഷ്ണന്‍റെ മോഹിനി വേഷത്തെ അരവാന്‍ താലി കെട്ടിയ സങ്കല്‍പ്പത്തില്‍ മംഗല്യ സ്വപ്നവുമായി വന്ന ഹിജഡകള്‍ സുമംഗലിമാരാവുന്നു.അങ്ങനെ അവര്‍ അരവാന്‍ ഭാര്യമാരായി, അഥവാ അറവാണികളായി.

ഇനി മണിയറ പൂകുന്ന തിരക്കാണ്..
ഇഷ്ടപ്പെട്ട പുരുഷന്‍മാര്‍ക്കൊപ്പം കരിഞ്ഞുണങ്ങിയ വയലുകളിലേക്ക് ഒരോരുത്തരായി നീങ്ങി...
അതാണവരുടെ മണിയറ!!
ഇനി വയല്‍പ്പാടങ്ങളില്‍ നിന്ന് ഉയരുന്നത് സീല്‍ക്കാര സ്വരങ്ങളാകാം, നെടുവീര്‍പ്പുകളാവാം.എന്തായാലും നാളെ നേരം വെളുക്കുമ്പോള്‍ ഈ ഉത്സവം അവസാനിക്കും, അതോടൊപ്പം ഇവരുടെ ദാമ്പത്യവും.മോഹിനിക്ക് അരവാന്‍ നഷ്ടപ്പെട്ട പോലെ കൂടെ കിടന്ന പുരുഷന്‍മാര്‍ ഇവരെ ഉപേക്ഷിച്ച് യാത്രയാവും.അതോടെ വൈധവ്യ ദുഃഖത്തിലെ കൂട്ടകരച്ചില്‍ അവിടെ മുഴങ്ങും.ഒരു രാത്രി കൊണ്ട് വിധവകള്‍ ആകേണ്ടി വരുന്ന ഒരു കൂട്ടം സ്ത്രീകളുടെ വിലാപം അവിടെ അലയടിക്കും.
"പോലാമാ?" ശെല്‍വയുടെ ശബ്ദം.
ശരിയെന്ന അര്‍ത്ഥത്തില്‍ ഞാന്‍ തല കുലുക്കി.
കുത്താണ്ടര്‍ കോവില്‍ പരിസരത്ത് നിന്ന് ഞങ്ങള്‍ പുറത്തേക്ക് നടന്നു...

പെട്ടന്നാണ്‌ സ്ഥിതിഗതികള്‍ ആകെ മാറിയത്.
വയലിനു ഇടയില്‍ എവിടെ നിന്നോ ഒരു പെണ്‍കുട്ടിയുടെ വിലാപം.ഓടി ചെന്നപ്പോള്‍ ഒരു പെണ്‍കുട്ടിയെ ഒരുവന്‍ ബലമായി പ്രാപിക്കാന്‍ ശ്രമിക്കുന്ന കാഴ്ച.നിലാവെളിച്ചത്തില്‍ അത് കതിര്‍വേണിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഒന്നും ആലോചിച്ചില്ല, മുന്നില്‍ കണ്ട കല്ലെടുത്ത് അവന്‍റെ തലയില്‍ ആഞ്ഞടിച്ചു.
ഒരു നിമിഷം...
അവന്‍റെ ആര്‍ത്തനാദം അവിടെയെങ്ങും മുഴങ്ങി.
കരിക്ക് വെട്ടുമ്പോള്‍ വെള്ളം ചീറ്റുന്ന പോലെയാണ്‌ രക്തം ചീറ്റിയത്.അലര്‍ച്ച കേട്ട് അവന്‍റെ ആളുകള്‍ ഓടി വരുന്നത് കണ്ട് ഞാന്‍ കതിര്‍ വേണിയുടെ കൈയ്യും പിടിച്ച് ഓടി, കൂടെ ശെല്‍വയും.

ആ ഓട്ടമാണിപ്പോള്‍ പാടത്തിനു നടുവിലൂടെ ഓടുന്നത്.ദൂരെ നിന്ന് ഒരു കാറിന്‍റെ വെളിച്ചം.ദൈവം തുണച്ചു, അത് പാടം ചുറ്റി വരുന്ന ശെല്‍വയുടെ കാറ്‌ തന്നെ.ഓടി കാറില്‍ കയറിയപ്പോഴാണ്‌ ശ്വാസം നേരെ വീണത്.കുവാഗില്‍ നിന്ന് അകലെയായെന്ന് ബോധ്യമായപ്പോള്‍ കതിര്‍വേണിയോട് ചോദിച്ചു:
"ശരിക്കും നീ ആരാണ്?"
കൈയ്യിലിരുന്ന് പേഴ്സ് മുറുകെ പിടിച്ച് അവള്‍ പറഞ്ഞു:
"പണ്ട് കതിരേശന്‍, ഇന്ന് കതിര്‍വേണി"
ആണില്‍ നിന്ന് പെണ്ണിലേക്ക് രൂപം മാറിയവള്‍...
ഹിജഡ!!!
ശെല്‍വ അറിയാതെ കാറിന്‍റെ ബ്രേക്കില്‍ ആഞ്ഞ് ചവുട്ടി.

ഒരു നാളത്തെ ദാമ്പത്യം ആഗ്രഹിച്ചു വന്ന അറവാണികളില്‍ ഒരുവളാണ്‌ കൂടെയുള്ളത്, അല്ലാതെ ഞങ്ങള്‍ കരുതിയ പോലെ ഇവള്‍ പെണ്ണായി ജനിച്ചവളല്ല.
പിന്നെന്തിനാണ്‌ ഇവള്‍ കരഞ്ഞത്?
രക്ഷിക്കണമെന്ന് അലറിയത്?
ഞങ്ങളുടെ സംശയത്തിനവള്‍ ഇങ്ങനെ മറുപടി നല്‍കി:
"കുത്താണ്ടര്‍ കോവിലില്‍ വന്നാല്‍ എന്നെ പോലുള്ളവര്‍ക്ക് മംഗല്യം നടക്കുമെന്നറിഞ്ഞാണ്‌ ഞാന്‍ വന്നത്.പക്ഷേ...."
പക്ഷേ??
"അരവന്‍റെ ഭാര്യയെന്ന പേരില്‍ ഒരുനാളത്തെ ദാമ്പത്യത്തിനു ഒടുവില്‍ വീണ്ടും തെരുവിലേക്ക്.എനിക്കത് വേണ്ടാ, എനിക്ക് ജീവിക്കണം, ഒരു ഭാര്യയായി, കുടുംബിനിയായി..."
മഹാഭാരതത്തില്‍ അരവന്‍റെ ഭാര്യയാവാന്‍ വിസമ്മതിച്ച സ്ത്രീകളുടെ ആഗ്രഹവും ഇതു തന്നെ ആയിരുന്നില്ലേ?
ഒരു ഭാര്യയായി, ഒരു കുടുംബിനിയായി ദീര്‍ഘകാലം ജിവിക്കാനുള്ള ആഗ്രഹം!!
ഇവിടെ ഞാന്‍ ആകെ കണ്ട വ്യത്യാസം കൂടുംബിനിയായും ഭാര്യയായും കരുതുന്നതിനു മുമ്പേ ഒരു സ്ത്രീയായി അംഗീകരിക്കപ്പെടണമെന്ന ആഗ്രഹവും ഇവളിലുണ്ട്.മാതൃത്വം നിഷേധിക്കപ്പെട്ടെങ്കിലും സ്ത്രീത്വത്തെ അംഗികരിക്കണമെന്ന അഭ്യര്‍ത്ഥന മാത്രം.

ഞങ്ങള്‍ക്ക് കൂടുതലായി ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല, ഒന്നും അറിയണമെന്നും ഉണ്ടായിരുന്നില്ല, എങ്കിലും അവള്‍ തന്‍റെ ജീവിതം വിവരിച്ചു....
പാലക്കാട്ടാണവളുടെ അച്ഛന്‍റെ തറവാട്, അമ്മയുടെ കുടുംബം കോയമ്പത്തൂരും.പ്രസവത്തോടെ അമ്മ മരിച്ചു, ആണും പെണ്ണുമല്ലെന്ന് അറിഞ്ഞതോടെ അവഹേളനങ്ങള്‍ മാത്രം ബാക്കിയായി.ഒടുവില്‍ ഉപേക്ഷിക്കാതെ കൂടെ നിന്നവരുടെ സഹായത്തോടെ ആണിന്‍റെ ശരീരം ഉപേക്ഷിച്ച് പെണ്ണിലേക്ക് ഒരു കൂടുമാറ്റം.അപ്പോഴും പെണ്ണായിട്ട് അംഗീകരിക്കാന്‍ സമൂഹം തയ്യാറാവാത്തതിനാല്‍ കോയമ്പത്തൂരുള്ള മുത്തച്ഛന്‍റെ അടുത്തേക്ക് താമസം മാറ്റി.കഥകള്‍ അവിടെയും വ്യാപിച്ചപ്പോള്‍ ആ നാട്ടുകാരും അവളെ പെണ്ണന്ന് അംഗീകരിക്കാന്‍ വിസമ്മതിച്ചു.കല്യാണവും കുടുംബവുമെല്ലാം സ്വപ്നം മാത്രമാണെന്ന് കരുതവെയാണ്‌ കുത്താണ്ടര്‍ കോവിലിലെ ഉത്സവത്തെ കുറിച്ച് കേട്ടത്.അറവാണികള്‍ക്ക് ഇവിടെ മംഗല്യഭാഗ്യമുണ്ടാവുമെന്ന അറിവിലാണ്‌ അവളിവിടെ വന്നത്.കോവിലില്‍ എത്തിയപ്പോഴാണ്‌ അത് ഒരുനാള്‍ മംഗല്യമാണെന്ന് അറിഞ്ഞത്.അപ്പോഴേക്കും നേരം ഇരുട്ടി, പുലര്‍ച്ചെ തിരികെ വീട്ടിലേക്ക് പോകാമെന്ന് കരുതവെയാണ്‌ ഒരുവന്‍ അവളെ ആക്രമിക്കാന്‍ ശ്രമിച്ചത്.ആ രക്ഷക്കായുള്ള ഓട്ടമാണ്‌ ഇപ്പോള്‍ കാറില്‍ ഞങ്ങളുടെ സഹയാത്രികയായി അവളെ മാറ്റിയത്.
കഥകള്‍ കേള്‍ക്കവേ ശെല്‍വ കാറിന്‍റെ സ്പീഡ് വര്‍ദ്ധിപ്പിച്ചു....

കോയമ്പത്തൂരില്‍ വച്ച് കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു:
"എപ്പടി നന്ദി സൊല്ലണമെന്ന് തെരിയാത്"
ഒന്നും പറയാതെ ഒന്ന് ചിരിച്ച് കാട്ടിയട്ട് ഞങ്ങള്‍ വണ്ടി മുന്നോട്ടെടുത്തു.കാറിന്‍റെ കണ്ണാടിയിലൂടെ അകന്ന് പോകുന്ന ഞങ്ങളെ നോക്കുന്ന അവളെ ഞാന്‍ ഒരിക്കല്‍ കൂടി കണ്ടു, അപ്പോള്‍ അവള്‍ കാഴ്ചകള്‍ മറക്കുന്ന കണ്ണുനീരിനെ തുടക്കുകയായിരുന്നു.
പാലക്കാട്ട് എത്തുന്ന വരെ ഞാനോ ശെല്‍വയോ പരസ്പരം ഒന്നും സംസാരിച്ചില്ല.പാലക്കാട്ട് കാറില്‍ നിന്ന് ഇറങ്ങിയപ്പോഴാണ്‌ ഞാനത് കണ്ടത്, കാറിന്‍റെ പിന്‍ സീറ്റില്‍ കതിര്‍വേണിയുടെ പേഴ്സ്.ഒരു ആകാംക്ഷക്കായി അത് തുറന്ന് നോക്കിയ ഞങ്ങള്‍ സ്തംഭിച്ച് പോയി...
അതിലൊരു താലിയായിരുന്നു!!!
ആരെങ്കിലും കഴുത്തിലണിഞ്ഞ് തരുമെന്ന് വിശ്വസിച്ച് കതിര്‍വേണി കൂടെ കൊണ്ട് നടന്ന മംഗല്യസൂത്രം.
അതവള്‍ മറന്ന് വച്ചതോ, അതോ മനപ്പൂര്‍വ്വം ഉപേക്ഷിച്ചതോ??
പുരാണത്തില്‍ അരവന്‍റെ ഭാര്യയാവാന്‍ വിസമ്മതിച്ച സ്ത്രീകള്‍ക്ക് പിന്നെ മംഗല്യഭാഗ്യം ലഭിച്ചോന്ന് അറിയില്ല, അവരെയെല്ലാം അരവന്‍ മനസ്സാ ശപിച്ച് കാണാനും വഴിയില്ല.ആ ഉലൂപിയുടെ പുത്രനു കതിര്‍വേണിയെ പോലുള്ളവരുടെ വിഷമം മനസിലാവാതിരിക്കില്ല..
അതിനാല്‍ ആ മംഗല്യസൂത്രം കൈയ്യില്‍ പിടിച്ച് ഞാന്‍ പ്രാര്‍ത്ഥിച്ചു...
ദൈവമേ, കതിര്‍വേണിക്ക്, അല്ല....കതിര്‍വേണിമാര്‍ക്ക് നല്ലൊരു ദാമ്പത്യം ലഭിക്കണേ...
അവരുടെ സ്വപ്നങ്ങളും പൂവണിയണേ.
മനുഷ്യരായി പിറന്ന് അവഹേളനങ്ങള്‍ ഏറ്റുവാങ്ങുന്ന അവറ്റകളെ കണ്ടില്ലെന്ന് നടിക്കരുതേ.
ഉലൂപിയുടെ പുത്രന്‍ ഈ പ്രാര്‍ത്ഥന കേട്ടിരിക്കുമോ??
കതിര്‍വേണിമാരുടെ സ്വപ്നങ്ങള്‍ പൂവണിയുമോ??
ആവോ, ആര്‍ക്കറിയാം..
കാത്തിരുന്ന് കാണുക തന്നെ.

49 comments:

അരുണ്‍ കരിമുട്ടം said...

മനോരമയില്‍ വന്ന ഒരു ലേഖനം കണ്ടപ്പോള്‍ മനസ്സില്‍ വന്നൊരു കഥ.അവരെ പറ്റി ഓര്‍ത്ത് നോക്കിയപ്പോള്‍ വളരെ കഷ്ടം തോന്നി.

സങ്കൽ‌പ്പങ്ങൾ said...

കഥ വായിച്ചു ..നന്നായിരിക്കുന്നു.

ചിതല്‍/chithal said...

എന്ത് പറയണം എന്നറിയില്ല. കഥ അസ്സലായിരിക്കുന്നു.

Rijo said...

കഥ നന്നായിരുന്നു

Anoop Gopinadh said...

നല്ല കഥ... നല്ല അവതരണം...

കഥയില്‍ എവിടെയും അവരെ തരം താഴ്ത്തുന്ന രീതിയിലോ അവള്‍ എന്ന് എഴുതിയപ്പോള്‍ 'അവള്‍' എന്നു പ്രത്യേകം എഴുതി സംശയത്തിന്‍റെ/കളിയാക്കലിന്‍റെ രീതിയിലോ മാറാതെ ശ്രദ്ധിച്ചതിനു പ്രത്യേകം അഭിനന്ദനങള്‍...

ആമി said...

pratheekshichath oru thamaasha kadha aayirunnu......
kadha gambheeramaayirikkunnu..........

ഷിനു.വി.എസ് said...

അരുണ്‍ ,
കഥ വളരെയേറെ നന്നായിട്ടുണ്ട് .അരവന്റെ വിവരങ്ങള്‍ ഈ ബ്ലോഗില്‍ വളരെ വിശദമായി വിവരിച്ചിട്ടുണ്ട് .ചിലപ്പോള്‍ താങ്കള്‍ക്ക് ഉപകാരപ്പെട്ടേക്കും .

http://isolatedfeels.blogspot.com/2011/01/blog-post_27.html

Anonymous said...

good

പഥികൻ said...

അരുൺ...വളരെ നന്നായി കഥ..ഒപ്പം ഇരവാനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞതിലും...എന്നും ത്യാഗം ചെയ്യാൻ മാത്രം വിധിക്കപ്പെട്ട നാഗന്മാരുടെയും ദ്രാവിഡരുടെയും ചിത്രം എത്ര വ്യക്തമായാണ് മഹാഭാരതത്തിൽ വരച്ചു ചേർത്തിരിക്കുന്നത് !! സമ്പൂർണ്ണമെന്ന മഹാഭാരതത്തെ വിശേഷിപ്പിക്കുന്നത് എത്ര സത്യം !

സസ്നേഹം,
പഥികൻ

Balu said...

അരുണ്‍ മാഷെ, സത്യം പറഞ്ഞാല്‍ ഞെട്ടിച്ചു കളഞ്ഞു. സിദ്ദിഖ്-ലാല്‍ ഷാജി കൈലാസിന്റെ പടമെടുത്ത പ്രതീതി!

ഒരു തമാശ കഥയാണ് പ്രതീക്ഷിച്ചത്. പകരം ഒരു ത്രില്ലര്‍, അതില്‍ ഞാന്‍ ഇത് വരെ കാണാത്ത ഒരു വിഷയവും. സൂപ്പര്‍!

ഒരു ദുബായിക്കാരന്‍ said...

ഞാനും പതിവ് തമാശ പ്രതീക്ഷിച്ചാണ് വന്നത്..വായിച്ചു തുടങ്ങിയപ്പോള്‍ നടന്ന സംഭവം ആണെന്നാ കരുതിയത്‌ ..അവസാനമായപ്പോഴാണ് കഥയാണെന്ന് മനസ്സിലായത്‌. ഒറിജിനാലിറ്റിയുണ്ടായിരുന്നു. നല്ല അവതരണം.

Arun Kumar Pillai said...

അരുൺ ചേട്ടോ എന്തായിത്...

സൂപ്പർബ്.. തമാശയിൽ നിന്നുള്ള ചുവടുമാറ്റവും സൂപ്പർ...

Sabu Hariharan said...

മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ!

jayanEvoor said...

നല്ല കഥ.
അഭിനന്ദനങ്ങൾ, അരുൺ!

(ഇരാവാൻ എന്നാണ് ഉലൂപിയുടെ മകന്റെ പേരെന്നാണോർമ്മ. അത് തമിഴിൽ അരവൻ ആയിക്കാണും.അല്ലേ?)

Dr.Jishnu Chandran said...

നല്ല നല്ല നല്ല ഒന്നാന്തരം കഥ....

Arif Zain said...

നല്ല കഥ. വ്യത്യസ്തമായ വിഷയമായത് കൊണ്ട് വായിച്ചു പോയതാണ്. അപ്പോള്‍ എല്ലാ പോസ്റ്റ്‌ കളും മികച്ചവ തന്നെ. ആദ്യമായി വന്നതാനിവിടെ.

Ismail Chemmad said...

Vetyasthamaaya thedm. Nannaayittundu.

ഷബീര്‍ - തിരിച്ചിലാന്‍ said...

ഒരു വ്യത്യസ്തത ആരാ ഇഷ്ടപ്പെടാത്തത്. വളരെ മനോഹരമായി, വിവരണത്തോടെ ഒരു കഥ പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍

Vee said...

A different style of writing.. I loved the story.. its knowledgeable too.. Thanks.. :)

ചാണ്ടിച്ചൻ said...

വളരെ ഉദ്വേഗത്തോടെ വായിച്ചു....നര്‍മം പ്രതീക്ഷിച്ചാണ് വന്നതെങ്കിലും, അതിനേക്കാള്‍ വളരെ ഉന്നതമായിരിക്കുന്നു ഈ കഥ...

വേമ്പനാട് said...

kure naalaayi ivide ethiyittu.. athondu thanne adyam muthale oronnum vaayichu chirichu chirichu varave.. pettennu sudden brake ittapoloru katha.... nannayi arun... idakku ithum venamallo... thudakkathilum ithupoloru katha vaayichathaayi orkkunnu...

zujiths said...

Nice..the thinking from a different side..:D

അജ്ഞാതന്‍ said...

Excellent. One of the best posts of yours.

Anonymous said...

manaorama article aano prachodanam ennu chodikkan vendi vannatha...appo da first comment thanne "courtesy to manorama"...athu nannayi...thurannu paranjallo...like...

Kannur Passenger said...

Guro.. Kadha kalakki..
Guruvinte patha pinthudarnnu njanum oru blog thudangiyittund.. Pattumel vayikkanee..
Here is the link..
http://kannurpassenger.blogspot.com/

Sukanya said...

നര്‍മത്തില്‍ നിന്നും മാറി എഴുതിയ ഈ കഥ ഗംഭീരം.

vip@[in] said...

nice one...

Unknown said...

Excellent...ഇടയ്ക്കിടെ ഇത്തരം രചനകള്‍ നല്ലതാ...വളരെ നന്നായിട്ടുണ്ട്..

Manoraj said...

അരുണ്‍,

നല്ല ഒരു വായനാനുഭവത്തിന് നന്ദി. മാതൃഭൂമിയില്‍ കുറച്ച് നാള്‍ മുന്‍പ് അറുവാണിച്ചി ആവേണ്ടിവന്നവരെ പറ്റി ഒരു ലേഖനം / പുസ്തകപരിചയം വായിച്ചിരുന്നു. വളരെ നല്ല രീതിയില്‍ കഥയെ ട്രിറ്റ് ചെയ്തു. ഇടക്ക് ഇത്തരം ശ്രമങ്ങളും പോരട്ടെ..

Vishnu said...

ഗുരോ നമിക്കുന്നു... ചുവടുമാറ്റം തകര്‍ത്തു..!!

Vishnu said...

സന്തോഷ്‌ ശിവന്റെ നവരസ എന്ന ഒരു പടം ഇതുപോലെ ഒരു ഉത്സവത്തെക്കുറിച്ചാണ്, ഇത് തന്നെ ആണോ എന്ന് കൃത്യമായി ഓര്‍മയില്ല.

Anonymous said...

ചേട്ടന് എല്ലാം വഴങ്ങും എന്ന് തെളിയിച്ചു . ഇനിയും ഇത്തരം പുതുമകള്‍ പ്രതീക്ഷിക്കുന്നു :)

Unknown said...

കൊള്ളാം ഭായ്.... നന്നായിരിക്കുന്നു

Admin said...

ഒരു കിടിലന്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ പോസ്റ്റ് പ്രതീക്ഷിച്ചാണ് ഞാന്‍ ഈ വഴി വന്നത്... പക്ഷെ ഇങ്ങനെ ഒന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
നന്നായിരിക്കുന്നു.. ഇനിയും ഇതു പോലുള്ള കഥകള്‍ പ്രതീക്ഷിക്കുന്നു

ചെലക്കാണ്ട് പോടാ said...

നന്നായിരിക്കുന്ന അരുണ്‍ജി...

സ്ഥിരം ശൈലിയില്‍ നിന്ന് മാറിയൊരെണ്ണം....

Anonymous said...

very good......

Anonymous said...

അരുണ്‍ നല്ലൊരു കഥ, അത് നന്നായി പറയുകയും ചെയ്തിരിക്കുന്നു ..
തുടരുക .....

Anonymous said...

Arun ninte oru pazhaya suhruth aanu.
Mathrubhoomi weekly vayikkarundu alle?

Anonymous said...

Arun ninte oru pazhaya suhruth aanu.
Mathrubhoomi weekly vayikkarundu alle?

rajeesh_rsnair said...

അരുണ്‍ ഭായ് ....... തകര്‍ത്തു .... സൂപ്പര്‍ .......
നമ്മള്‍ ഇതേ പശ്ചാത്തലത്തില്‍ ഒരു ഡോകുമെന്ററി പ്ലാന്‍ ചെയ്യുകയായിരുന്നു ... കുറെ ഫോട്ടോഗ്രഫി ഒക്കെ ചെയ്തു .... ശരിക്കും ഈ കഥ സൂപ്പര്‍ ....... താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക്കിയാല്‍ കുറെ പടങ്ങള്‍ കാണാം ....
ശരിക്കും നമ്മള്‍ കരഞ്ഞു പോകും ,,,,,,

http://trikayaphotos.com/stories/70-377-Inverted-mirror

Rakesh KN / Vandipranthan said...

great nannayirikkunnu!!

desertfox said...

ആൾക്കാരോട് സമൂഹം കാണിക്കുന്ന പുച്ഛത്തിനിടയ്ക്ക് ഇങ്ങനെയുള്ള ചിന്തകൾ ഒരു നല്ല സമൂഹത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. ജനസമൂഹം അവരേയും സ്ത്രീ പുരുഷ ജനങ്ങളെ പോലെ കാണുകയും ഇതു മാനസിക രോഗമല്ലെന്നു മനസ്സിലാകുകയും അംഗീകരിക്കുകയും ചെയ്യുന്ന കാലം വിദൂരമല്ല എന്നൊരു പ്രത്യാശ തരാൻ അരുണിനായി. നന്ദി!

ഹരി.... said...

അരുണ്‍ ഭായ് ....നന്നായി എഴുതിയിട്ടുണ്ട്...
ഒരു ചിരി പ്രതീക്ഷിച്ചു വന്നിട്ട് എന്തോ പോലെയായി...മനസ്സില്‍ തട്ടുന്ന ഈ അവതരണ രീതി തന്നെയാണ് ഈ എഴുത്തിന്റെ വിജയം...ഭാവുകങ്ങള്‍....

വീകെ said...

വ്യത്യസ്ഥമായ കഥാതന്തു....
നന്നായി പറഞ്ഞിരിക്കുന്നു.

നമ്മുടെ നാട്ടിൽ ഇവരെ ‘ഇൻഡ്യൻ പൌരന്മാരായി’ അംഗീകരിച്ച് പാസ്പ്പോർട്ട് കൊടുക്കുന്നില്ലെന്ന് കേട്ടിട്ടുണ്ട്. ഇവിടെ ഗൾഫിൽ ഇത്തരക്കാരുടെ ബഹളമാണ്. എല്ലാവരും തന്നെ ഫിലിപ്പൈൻ‌കാരാണ്.
ആശംസകൾ...

അതിരുകള്‍/പുളിക്കല്‍ said...

അരുണ്‍ കഥ നന്നായിരിക്കുന്നു....കായംകുളത്തെവിടെയാണ്. ഞാന്‍ വരാറുണ്ട് കായംകുളത്ത്.രാമപുരം വലിയമ്പലത്തിന്‍റെ അടുത്താണ് താമസിക്കാറ്...പറ്റുമെങ്കില്‍ ഒന്നു കാണമായിരുന്നു...എന്‍റെ പേര് മുസ്തഫ മലപ്പുറം ജില്ലയില്‍ പുളിക്കല്‍ എന്ന സ്ഥലം...9847023457 വിളികുമെന്നു പ്രതീക്ഷിക്കുന്നു.

ഭായി said...

പതിവുപോലെ തമാശയെന്ന് കരുതിയാണ് വന്നത്..! എങ്കിലും നിരാശപ്പെടുത്തിയില്ല. മനോഹരമായ അവതരണം. നന്നായിട്ടുണ്ട്

Anonymous said...

ചിന്തോധീപകം .... ഗംഭീരം....

Echmukutty said...

വളരെ നന്നായി എഴുതി അരുൺ. അഭിനന്ദനങ്ങൾ. വായിയ്ക്കാൻ വൈകിയതിൽ വിഷമമുണ്ട്.

വല്ലാത്ത സങ്കടം തോന്നുന്ന ജന്മമാണ് ഹിജഡകളുടേത്. ആ നൊമ്പരം തൊട്ടറിയുന്ന വിധത്തിൽ എഴുതി. ഇനിയും കഥകൾ എഴുതു.

പോസ്റ്റിടുമ്പോൾഎനിയ്ക്കൊരു മെയിലയച്ചൂടേ പ്ലീസ്?

Sareesh Trikaripur said...

HAHAHA :D ENTHO PARAYAN VANNU,, :) ENTHAAYAAALUM NANNAAYI''

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com