For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

കമ്മട്ടത്തിന്‍റെ ഉത്പന്നം തേടി..



കമ്മട്ടം...
രാജഭരണ കാലത്ത് നോട്ടടിക്കുന്നത് ഈ യന്ത്രത്തിലായിരുന്നത്രേ.
ഇന്ന് കാലം മാറി, ഇപ്പോ കമ്മട്ടത്തിന്‍റെ സ്ഥാനത്ത് റിസര്‍വ്വ് ബാങ്കിലെ പ്രസ്സ് വന്നു.എങ്കിലും അത്യന്തികമായി പറയുമ്പോള്‍ കമ്മട്ടത്തില്‍ നിന്ന് ഇറങ്ങുന്ന കടലാസു നോട്ടുകള്‍ക്ക് പിന്നാലെയാണ്‌ ഒരോ  മനുഷ്യനും...
ജീവിക്കാന്‍ വേണ്ടി, വെട്ടി പിടിക്കാന്‍ വേണ്ടി, ഒരു യാത്ര.
ലക്ഷങ്ങള്‍ സമ്പാദിച്ചാല്‍ പ്രഭു ആകുമെന്നും, കോടികള്‍ സമ്പാദിച്ചാല്‍ ഈശ്വരന്‍ ആകുമെന്നും വിശ്വസിച്ച്, നാളത്തെ ലക്ഷപ്രഭുവും കോടീശ്വരനും ആകാനായി ഒരു അലച്ചില്‍...
ഈയുള്ളവന്‍റെ ജീവിതവും അങ്ങനെ തന്നെ!!
ആ ജീവിതം വിശേഷിപ്പിക്കണമെങ്കില്‍ ആദ്യം പറയണ്ട ഒരു സ്ഥല പേരുണ്ട്, ബാംഗ്ലൂര്‍.ആ നാടിനെ കുറിച്ച് എത്ര വിശേഷിപ്പിച്ചാലും മതിയാവില്ല, കാരണം ഒട്ടുമിക്ക സോഫ്റ്റ് വെയര്‍ എഞ്ചിനിയറുടെയും ലൈഫിലെ ടേണിംഗ് പോയിന്‍റ്‌ ഇവിടമാണ്, ഈ മെട്രോ നഗരം.

ബാംഗ്ലൂരിലെ ജീവിതം..
ആദ്യമൊക്കെ പൊരുത്തപ്പെടാന്‍ കുറച്ച് സമയമെടുത്തു, പിന്നെ പിന്നെ ശീലമായി.ജോലിയും ലീവുമെല്ലാം ജീവിതത്തിന്‍റെ ഭാഗമായി, ഞാനുമൊടു മെട്രോ മാനായി.ഞാന്‍ ജോലിക്ക് വന്ന കാലഘട്ടത്തില്‍ ബാംഗ്ലൂരില്‍ ജോലിയാണെന്ന് പറഞ്ഞാല്‍ മയക്ക് മരുന്ന് സിറിഞ്ചും, കഞ്ചാവ് പുകയുമാണ്‌ നാട്ടുകാരുടെ മനസ്സില്‍ ഓടിയെത്തുക.കാലക്രമേണ ആ ചിന്താഗതി മാറി, കമ്മട്ടത്തിന്‍റെ ഉത്പന്നം തേടി ഒരുപാട് ആളുകള്‍ ഈ മെട്രോയിലേക്ക് കുടിയേറി.ആദ്യമായി വരുന്നവര്‍ ഒരു ഷെല്‍ട്ടറിനായി തങ്ങളുടെ മുന്‍ഗാമികളെ ആശ്രയിച്ച് തുടങ്ങി.
കാലത്തിന്‍റെ കുത്തൊഴുക്ക് എന്നെയും ഒരു മുന്‍ഗാമിയാക്കി, അത് എനിക്ക് മനസിലായത് പാക്കരന്‍ വല്യപ്പാന്‍റെ മകന്‍ സുകു ചേട്ടന്‍റെ കല്യാണത്തിനന്ന് ആയിരുന്നു, ഭാര്‍ഗ്ഗവമാമ ആയിരുന്നു അതെനിക്ക് ബോധ്യപ്പെടുത്തി തന്നത്.
അന്ന്..
ആ കല്യാണ ദിവസം...

എന്‍റെ പേര്‌ മനുവെന്ന് ആണെന്നും, എനിക്ക് സ്വന്തമായി ഡെബിറ്റ് കാര്‍ഡ് ഉണ്ടെന്നും പറഞ്ഞ് സുന്ദരികളായ പെണ്‍കുട്ടികളെ പരിചയപ്പെട്ട് നില്‍ക്കവെയാണ്‌ ഒരു ശബ്ദം ഞാന്‍ കേട്ടത്:
"ടാ മനു, ഇങ്ങട്ട് വാടാ"
തിരിഞ്ഞ് നോക്കി.
ഭര്‍ഗ്ഗവമാമയാണ്, കൂടെ കുറേ ലലനാമണികളും.ഞാന്‍ അങ്ങോട്ട് ചെല്ലവേ മാമന്‍ എന്നെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി:
"മനു, മനസിലായില്ലേ?"
"പിന്നെ, നമ്മടെ മനു" ഒരു കോറസ്സ്.
ആ കൂട്ടത്തില്‍ ആര്‍ക്കൊക്കെ പെണ്‍മക്കളുണ്ട്, ആര്‍ക്കൊക്കെയില്ല എന്ന് അറിയാത്തതിനാല്‍ എല്ലാവരെയും നോക്കി, ഒരേ നീളത്തിലും വീതിയിലും ഞാന്‍ ചിരിച്ച് കാണിച്ചു.
"ഇവനു ഞങ്ങള്‌ ബാംഗ്ലൂരാ ജോലി ശരിയാക്കിയത്" ഭാര്‍ഗ്ഗവമാമ എഗൈന്‍.
മാമാ പറയുന്ന കേട്ടാല്‍ തോന്നും അവര്‌ കുടുംബക്കാരെല്ലാം കൂടാ എനിക്ക് ജോലി ശരിയാക്കി തന്നതെന്ന്.പ്രതിഷേധിച്ചില്ല, ശരിയെന്ന അര്‍ത്ഥത്തില്‍ തല കുലുക്കി.
കോറസ്സ് വീണ്ടും ചിരിച്ചു.
ഇവരൊക്കെ ആരാ??
എന്നാത്തിനാ എന്നെ ഇങ്ങനെ കുറ്റിയടിച്ച് നിര്‍ത്തിയേക്കുന്നത്??
എനിക്ക് ഒരു പിടിയും കിട്ടിയില്ല.

"മനസിലായില്ലേ, ഇത് സരോജം, മാളിക വീട്ടിലെ"
ഭാര്‍ഗ്ഗവമാമ ഒരു സ്ത്രീയെ എനിക്ക് പരിചയപ്പെടുത്തി തന്നു.
മാമയുടെ ആ പരിചയപ്പെടുത്തലില്‍ നിന്ന് അവരെ ഞാന്‍ മനസിലക്കേണ്ടത് അത്യന്താപേക്ഷിതമായ ഒരു സംഗതിയാണെന്നും, അതു കൊണ്ട് ഭാവിയില്‍ എനിക്ക് എന്തൊക്കെയോ ഗുണങ്ങളുണ്ടെന്നും എന്നിലെ ബുദ്ധിമാന്‍ മനസിലാക്കി, അതിനാല്‍ 'ഓ നിങ്ങളാണോ ആ സ്ത്രീ, മാളിക വീട്ടിലെ സരോജം!' എന്ന ഭാവത്തില്‍ ഞാന്‍ അവരെ ഒന്നു നോക്കി, ഒന്നു തൊഴുതു കാണിച്ചു.
"സരോജത്തിന്‍റെ മകന്‍ എഞ്ചിനിയറിംഗ് കഴിഞ്ഞു" അമ്മാവന്‍.
സന്തോഷം!!!
"നീ അവനെ ബാംഗ്ലൂരില്‍ കൊണ്ട് പോയി ഒരു ജോലി വാങ്ങിച്ച് കൊടുത്തേരെ"
എന്ത്??
അമ്മാവന്‍ ആ പറഞ്ഞത് എനിക്ക് മനസിലായില്ല.കുട്ടന്‍മാമന്‍റെ കടയില്‍ കൊണ്ട് പോയി ഒരു ചായ വാങ്ങിച്ച് കൊടുത്തേരെന്നുള്ള അതേ ലാഘവത്തില്‍ ആ വാചകം ഉള്‍കൊള്ളാന്‍ എനിക്ക് കഴിഞ്ഞില്ലതെന്നതാ സത്യം.
ഞാന്‍ അമ്പരന്ന് നില്‍ക്കെ ആ സ്ത്രീ പറഞ്ഞു:
"മോന്‍, പേടിക്കുകയും ഒന്നും വേണ്ടാ, അവനു ഡിസ്റ്റിംഗഷനുണ്ട്"
അതിന്??
അല്ല, ആ സ്ത്രീയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ബാംഗ്ലുരില്‍ ഡിസ്റ്റിംഗ്ഷനു ഒണക്കമത്തിയുടെ വില പോലും ഇല്ലെന്ന് അവര്‍ക്ക് അറിയില്ലല്ലോ.അവര്‍ ആകാംക്ഷയോടെ എന്നെ നോക്കുന്നു...
ഒടുവില്‍ ആ ദുര്‍ബല നിമിഷത്തില്‍ ഞന്‍ പറഞ്ഞു:
"റസ്യൂം ശരിയാക്ക്, ഞാന്‍ നോക്കാം"

ആ പ്രാവശ്യം ബാംഗ്ലൂരില്‍ പോകുന്നതിനു മുന്നേ അവരുടെ വീട്ടില്‍ ഞാന്‍ പോയി.പയ്യന്‍റെ റസ്യൂം കൈയ്യില്‍ തന്ന് ആ അമ്മ പറഞ്ഞു:
"ഇനി എല്ലാം മോന്‍റെ കൈയ്യിലാ"
അത് എനിക്ക് മനസിലായില്ല...
ആ സ്ത്രീ കല്യാണം കഴിച്ചത് എന്നോട് പറഞ്ഞിട്ടല്ല, അവര്‍ക്കൊരു മോനുണ്ടായതും ഞാനറിഞ്ഞില്ല, അവനെ എഞ്ചിനിയറിംഗ് വിട്ടതും തന്നിഷ്ടപ്രകാരമാ, എന്നിട്ട് അവസാനം ഒരു തുണ്ട് പേപ്പറ്‌ കൈയ്യില്‍ തന്നട്ട് എല്ലാം എന്‍റെ കൈയ്യിലാണെന്ന് പറയുന്നത് എന്ത് ഔചിത്യത്തിന്‍റെ പുറത്താണോ ആവോ?
ഒടുവില്‍ മലയാളി അമ്മമാരുടെ പൊതുവായ സ്വഭാവമാണെന്ന് ഓര്‍ത്ത് സമാധാനിച്ചു.
"പോന്നതൊക്കെ കൊള്ളാം, ജോലി വാങ്ങി കൊടുത്തോണം"
ആ പയ്യന്‍റെ അമ്മുമ്മയുടെ സ്വരമായിരുന്നത്, ഒരു ഭീക്ഷണി ധ്വനി ഉണ്ടൊ എന്തോ??
ഇറങ്ങാന്‍ നേരം പയ്യന്‍ പറഞ്ഞു:
"സത്യം പറഞ്ഞാല്‍ എന്‍റെ റസ്യൂം വങ്ങി പോകുന്ന ഏഴാമത്തെ ആളാ ചേട്ടന്‍, ഇത് വരെ ഇത് കൊണ്ട് പോയവരാരും പിന്നെ തിരിച്ച് വന്നിട്ടില്ല"
എന്‍റമ്മേ!!!
ആ റസ്യൂം കൈയ്യിലിരുന്ന് ഒന്ന് വിറച്ചു.
എല്ലാവരും ചത്തോ??
എന്‍റെ അമ്പരപ്പ് കണ്ടാകാം, അവന്‍ പറഞ്ഞു:
"ആറ്‌ പേരും ഇപ്പോഴും ഗള്‍ഫിലാ"
ഹത് ശരി!!
അവനെ സമാധാനിപ്പിക്കാനായി പറഞ്ഞു:
"ഇത് അങ്ങനെ ആകില്ല, മോന്‍ കൂടെ പോരെ"

അങ്ങനെ അവനും എന്‍റെ കൂടെയായി.അവനു എന്നോടുള്ള സ്നേഹവും പരിചരണവും കണ്ടപ്പോള്‍ എന്‍റെ ജോലി രാജി വച്ചാല്‍ അത് അവനു കിട്ടുമെങ്കില്‍ അതിനും ഞാന്‍ തയ്യാറായി.അത്ര പാവമായിരുന്നു അവന്‍, ഒരു പഞ്ചപാവം.ഒടുവില്‍ ഈശ്വരന്‍ കടാക്ഷിച്ചു അവനും ജോലിയായി.അതോടെ പുതിയ സുഹൃദ്ബന്ധങ്ങള്‍ അവനെ തേടി വന്നു, ഒരു നാള്‍ റ്റാ റ്റാ പറഞ്ഞ് അവന്‍ യാത്രയായി.മാസങ്ങള്‍ക്ക് ശേഷം ഫോറത്തില്‍ വച്ച് അവനെ കണ്ടപ്പോള്‍ അവന്‍ ആളാകെ മാറിയിരുന്നു...

"ഹായ് മനു, ഹൌ ആര്‍ യൂ, ഹൌ ഈസ് ലൈഫ്..." പത്ത് ക്വസ്റ്റൈന്‍.
"ഹൂ ഈസ് ദിസ്?" അവനോടൊപ്പമുള്ള പെണ്‍കുട്ടിക്ക് അവജ്ഞ.
"മനു, ഫ്രം മൈ പ്ലേസ്സ്" അവന്‍റെ മറുപടി.
അതായത് അവന്‍റെ സ്ഥലത്ത് നിന്ന് ബാംഗ്ലൂരില്‍ കുടിയേറിയ ഒരു പാവം മനു.അത് കേട്ട് 'ഓ പുവര്‍ വില്ലേജര്‍' എന്നോ മറ്റോ ആ പെണ്‍കുട്ടി പറഞ്ഞിരുന്നേല്‍ സത്യമായും സ്ത്രീ പീഡന കേസില്‍ ഞാന്‍ അകത്ത് ആയേനെ, ഭാഗ്യത്തിനു അത് ഉണ്ടായില്ല.
അവന്‍റെ പെരുമാറ്റത്തില്‍ വിഷമിച്ച് അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല, റൂം മേറ്റായ സന്ദീപിനോട് ഞാന്‍ ചോദിച്ചു:
"കാക്കകൂട്ടില്‍ കുയിലു മുട്ടയിടും, ഒടുവില്‍ തന്നെ ചതിച്ച് ആ കുഞ്ഞ് പറന്ന് പോകുമ്പോള്‍ തള്ളകാക്ക ഒരു പാട് വിഷമിക്കും അല്ലേടാ?"
സന്ദീപിനു മറുപടിയില്ല.
വിഷമം കാണും, ഒരു അനുജന്‍ എന്നുള്ള പരിഗണന സന്ദീപും അവനു നല്‍കിയിരുന്നതാ, അപ്പോ ശരിക്കും വിഷമം കാണും.
മറ്റൊരു തള്ള കാക്ക!!
അവനെയും ആശ്വസിപ്പിക്കേണ്ടത് എന്‍റെ ചുമതലയാണ്, അത് കൊണ്ട് ഞാന്‍ വീണ്ടും ചോദിച്ചു:
"കൂട്ടില്‍ കിടക്കുന്ന മുട്ട കാക്കയുടെതാണോ, കുയിലിന്‍റെതാണോന്ന് എങ്ങനെ അറിയനാ, അല്ലേടാ?"
ഇപ്പോഴും സന്ദീപിനു മറുപടിയില്ല, അവന്‍ എന്തോ ആലോചിക്കുകയാണ്.അത് കണ്ട് ഞാന്‍ ചോദിച്ചു:
"എന്താടാ ആലോചിക്കുന്നത്?"
"മുട്ട കോഴിയുടെതാണെങ്കില്‍ ബുള്‍സൈ ഉണ്ടാക്കാമായിരുന്നു" അവന്‍റെ മറുപടി.
മണ്ണാങ്കട്ട!!!
ഇവനോടൊക്കെ വേദാന്തം പറയാന്‍ പോയ എന്നെ തല്ലണം, ഞാന്‍ തലവഴി പുതപ്പ് മൂടി.

കാലം കടന്ന് പോയി...
അതനുസരിച്ച് ഒരുപാട് കുയിലുകള്‍ വന്നു, ഒടുവില്‍ പറക്കമറ്റാറായപ്പോള്‍ അവ പറന്നു പോയി, പക്ഷേ തള്ള കാക്ക കരഞ്ഞില്ല.ഒരുവിധപ്പെട്ട കുയിലുകളുടെ മുട്ട കൊണ്ട് വന്നത് ഭാര്‍ഗ്ഗവമാമയയിരുന്നു.അതിന്‍റെ നീരസവും എനിക്കുണ്ടായിരുന്നു, ഒളിഞ്ഞും തെളിഞ്ഞും ഞാനത് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്, പക്ഷേ മാമന്‍ കേട്ടില്ലെന്ന് നടിച്ചു.
അങ്ങനെയിരിക്കെ ഒരുനാള്‍ കരിക്ക് ചെത്താനായി പിച്ചാത്തിക്ക് മൂര്‍ച്ച കൂട്ടി കൊണ്ടിരിക്കെ ഭാര്‍ഗ്ഗവമാമ വീട്ടില്‍ വന്നു..
സിറ്റൌട്ടില്‍ കാര്യം പറഞ്ഞിരിക്കേ മാമന്‍ പറഞ്ഞു:
"മ്മടെ ലീലെടെ മോന്‍ എഞ്ചിനിയറിംഗ് കഴിഞ്ഞു...."
മുഖവുരയില്‍ നിന്ന് കാര്യം മനസിലാക്കി അച്ഛന്‍ തലകുനിച്ചു, മാമന്‍ അമ്മയോടായി ചോദിച്ചു:
"അല്ല, മനുവെന്തിയേ?"
"അവനവിടെ പിച്ചാത്തുക്ക് മൂര്‍ച്ച കൂട്ടി കൊണ്ടിരിക്കുവാ" അമ്മയുടെ മറുപടി.
ഭാര്‍ഗ്ഗവമാമ ഞെട്ടിയോ എന്തോ, അതിയാന്‍ പയ്യെ എഴുന്നേറ്റു.
"എന്തിനാ മനുവിനെ തിരക്കിയത്?" അമ്മ.
"വെറുതെ"
ഇങ്ങനെ പറഞ്ഞ് കൊണ്ട് അമ്മാവന്‍ അരങ്ങൊഴിഞ്ഞു.
അതില്‍ പിന്നെ മാമന്‍ വരുമ്പോഴൊക്കെ പിച്ചാത്തി എടുത്ത് മൂര്‍ച്ച കൂട്ടുന്നത് എന്‍റെ പതിവായി, അങ്ങനെ കുയിലുകളുടെ എണ്ണം കുറഞ്ഞു, ഒടുവില്‍ എന്‍റെ കല്യാണം കഴിഞ്ഞതോടെ പൂര്‍ണ്ണമായും നിലച്ചു.

വര്‍ഷങ്ങള്‍ കഴിഞ്ഞു...
എനിക്കൊരു കുഞ്ഞ് ജനിച്ചു.ഭാര്യയും കുഞ്ഞും നാട്ടിലാണ്, ബാംഗ്ലൂരിനോട് വിട ചൊല്ലേണ്ട സമയമായി.എറണാകുളത്ത് ജോലി ശരിയാക്കി പോകാനായി തയ്യാറാവവേ എനിക്കൊരു കോള്‍ വന്നു, എന്‍റെ കുഞ്ഞമ്മയുടെ ഫോണ്‍.
കുഞ്ഞമ്മയുടെ ആവശ്യം സിംപിളും ഹംപിളുമായിരുന്നു...
"മോനേ മനു, ഉണ്ണികുട്ടന്‍ എഞ്ചിനിയറിംഗ് കഴിഞ്ഞു.നീ അവനു ജോലി ഒന്നും വാങ്ങി കൊടുക്കേണ്ടാ, ഒരു രണ്ട് ദിവസം കൂടെ നിര്‍ത്തി അവനെ ബാംഗ്ലൂരൊന്ന് കാണിച്ച് കൊടുത്താല്‍ മതി"
വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌ ബാംഗ്ലൂരിലേക്ക് ഒരാള്‍ എന്‍റെ സഹായം അഭ്യര്‍ത്ഥിച്ച് വരുന്നത്, അതും ഒള്ളി റ്റൂ ഡേയ്സ്സ്!!
മാത്രമല്ല, അവന്‍ എന്‍റെ അനിയനുമാണ്.
ഏറ്റു.

അങ്ങനെ ഉണ്ണിക്കുട്ടന്‍ ബാംഗ്ലൂരെത്തി.ഞാനും അളിയന്‍ ദീപുവും കൂടി അവനെ ബാംഗ്ലൂര്‌ കാണിക്കാനിറങ്ങി...
"മോനേ, ഇതാണ്‌ ഫോറം"
കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, ഒരുപാട് കേട്ടിട്ടുണ്ട്!!
"മോനേ, ഇതാണ്‌ ലാല്‍ ബാഗ്"
കണ്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്, ഫോട്ടോയില്‍ കണ്ടിട്ടുണ്ട്!!!
"മോനേ, ഇതാണ്‌ മജസ്റ്റിക്ക്"
മനസിലായി, മനസിലായി, കണ്ടപ്പോഴേ മനസിലായി!!!
ഇങ്ങനെ രണ്ട് ദിവസം കൊണ്ട് ബാംഗ്ലൂര്‍ കവര്‍ ചെയ്തു.നാട്ടുകാരെ മൊത്തം ബാംഗ്ലൂരെത്തിച്ച് ജോലി വാങ്ങി കൊടുക്കാന്‍ സഹായിച്ച എനിക്ക് അനുജനെ സഹായിക്കാന്‍ പറ്റാത്തതില്‍ ചെറിയ വിഷമമുണ്ടായിരുന്നു, അത് സൂചിപ്പിച്ചപ്പോള്‍ അവന്‍ പറഞ്ഞു:
"സാരമില്ല ചേട്ടാ, അത് കുഴപ്പമില്ല"
അവന്‍റെ വലിയ മനസിനു നന്ദി.

അങ്ങനെ ഉണ്ണിക്കുട്ടന്‍ തിരിച്ച് പോകുന്നതിന്‍റെ തലേ ദിവസമായി.അന്ന് അളിയന്‍ ദീപുവിനു അത്യാവശ്യമായി ഓഫീസില്‍ പോകണമായിരുന്നു.ഞാനും ഉണ്ണിക്കുട്ടനും മാത്രമേ വീട്ടിലുള്ളു.ഒരു വൈകുന്നേരമായപ്പോള്‍ ദീപുവിന്‍റെ ഫോണ്‍ വന്നു, അവന്‍ വരാന്‍ വൈകുമത്രേ.
രാത്രിയില്‍ എന്ത് കഴിക്കുമെന്ന് ആലോചിച്ചിരിക്കെ ഉണ്ണിക്കുട്ടന്‍ ചോദിച്ചു:
"ചേട്ടാ, എന്നതാ ഈ പിസ്സ?"
ആ ചോദ്യത്തില്‍ നിന്ന് അവനു പിസ കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് എനിക്ക് മനസിലായി.എന്നെ മനസിലാക്കിയ എന്‍റെ അനുജനു ഒരു പിസ, അത് വാങ്ങി കൊടുക്കേണ്ടത് എന്‍റെ ചുമതലയാണ്.മനസില്‍ ഇങ്ങനെ കരുതി അത് വരെ പിസ കടകളില്‍ പോയി കഴിച്ചിട്ടില്ലാത്ത ഞാന്‍ അന്ന് അതിനു തയ്യാറായി.
നേരേ പിസ്സാ ഷോപ്പിലേക്ക്...
ഒരു സംഭവത്തിന്‍റെ തുടക്കാമായിരുന്ന് അത്..

ഏഴ് മണി ആകുമ്പോഴേക്കും പിസ്സ കടയില്‍ ആളുകള്‍ വന്നു തുടങ്ങും.ഞാനും ഉണ്ണിക്കുട്ടനും ബൈക്കില്‍ അങ്ങ് എത്തിയപ്പോഴേക്ക് സമയം എട്ട് കഴിയാറായി.അല്ലേല്‍ തന്നെ കൃത്യസമയത്ത് ഹാജരാകാന്‍ എസ്സ്.എസ്സ്.എല്‍.സി പരീക്ഷാ ഹാളൊന്നുമല്ലല്ലോ.
"സാര്‍, സിംഗിള്‍, ഡബിള്‍, ഫാമിലി. ഏത് വേണം?" വെയിറ്ററുടെ ചോദ്യം.
ഇതൊക്കെ എന്തുവാണെന്നും, ഇവ തമ്മിലുള്ള വ്യത്യാസം എന്നതാണെന്നും ഉണ്ണിക്കുട്ടന്‍റെ മുന്നില്‍ വച്ച് ചോദിക്കാന്‍ മനസ്സ് അനുവദിക്കാത്തതിനാല്‍ വച്ച് കാച്ചി:
"ഫാമിലി"
സാധനം മുന്നിലെത്തിയപ്പോഴാണ്‌ കോണ്ടിറ്റി കൂടുതലാണെന്ന് മനസിലായത്.പതിനഞ്ച് രൂപയുടെ കോള, പേപ്പര്‍ ഗ്ലാസിലാക്കി നൂറ്റമ്പത് രൂപക്ക് തന്നത് കുടിക്കുക കൂടി ചെയ്തതോടെ ഒരു വക കഴിക്കാന്‍ വയ്യാത്ത അവസ്ഥ.
"ചേട്ടാ, ഒരുപാട് ബാക്കി വന്നു" ഉണ്ണിക്കുട്ടന്‍റെ ഓര്‍മ്മപ്പെടുത്തല്‍.
യെസ്സ്, ശരിയാണ്!!
എന്ത് ചെയ്യും??

ആഹാരം വേയ്സ്റ്റ് ആക്കുന്നത് ഒരു നല്ല ശീലമല്ല, അതും തീ പാറുന്ന വിലയുള്ള പിസ്സ.അളിയന്‍ ദീപുവിനെ വിളിച്ചപ്പോള്‍ എടുത്തോണ്ട് വരാമെങ്കില്‍ അവന്‍ തിന്നോളാമെന്ന് പറഞ്ഞു..
പക്ഷേ എങ്ങനെ കൊണ്ട് പോകും?
ഞാന്‍ ചുറ്റും നോക്കി...
ഇടത് വശത്ത് കുറേ പെണ്‍കുട്ടികളാണ്, വലത് വശത്ത് ഒരു ഫാമിലിയും.കയ്യില്‍ പിടിച്ച് കൊണ്ട് ആരെയും നോക്കാതെ പുറത്തേക്ക് ഇറങ്ങിയാലും ഫ്രണ്ട് ഫുള്‍ ഗ്ലാസ്സ് ആയത് കൊണ്ട് ബൈക്ക് എടുത്ത് പോകുന്ന വരെ എല്ലാവരും കാണും.
നാണക്കേട്!!!
ഇത്തരം സന്ദര്‍ഭങ്ങളില്‍ ബുദ്ധിപരമായ നീക്കങ്ങള്‍ കൊണ്ടേ കാര്യമുള്ളു.ഞാന്‍ ഉണ്ണിക്കുട്ടനോട് പറഞ്ഞു:
"മോനൊരു കാര്യം ചെയ്യ്, ടിഷ്യു പേപ്പറില്‍ പൊതിഞ്ഞ് പിസയുമായി പുറത്തേക്ക് പോയ്ക്കോ, ഞാന്‍ പുറകിനു വരാം"
"എന്തെങ്കിലും പ്രശ്നമുണ്ടോ ചേട്ടാ?" അവനു സംശയം.
"ഹേയ് എന്ത് പ്രശ്നം, ഞാനില്ലേ ഇവിടെ?" എന്‍റെ മറുപടി.
അങ്ങനെ ആരും കാണാതെ വളരെ ബുദ്ധിപരമായി അവന്‍ ബാക്കി വന്ന പിസ്സ ടിഷ്യു പേപ്പറില്‍ പൊതിഞ്ഞു.എന്നിട്ട് എന്നെ ഒന്ന് നോക്കിയ ശേഷം അതുമായി പതിയെ എഴുന്നേറ്റു.തുടര്‍ന്ന് ആരു വിളിച്ചാലും തിരിഞ്ഞ് നോക്കില്ല എന്ന ഭാവത്തില്‍ കതക് തുറന്ന് പുറത്തേക്ക് ഇറങ്ങി, എന്നിട്ട് ബൈക്ക് ലക്ഷ്യമാക്കി നടന്നു...
ഓപ്പറേഷന്‍ സക്സ്സസ്സ്!!
എന്‍റെ മനസ്സ് മന്ത്രിച്ചു.

"സാറ്‌ മലയാളി ആണല്ലേ?"
ബില്ലുമായി വന്ന വെയിറ്ററുടെ ചോദ്യം ചാട്ടുളി പോലാ നെഞ്ചിലൂടെ പാഞ്ഞ് പോയത്.
"ഹതേ..എന്തേ...?"
മറുചോദ്യത്തില്‍ ഒരു വിക്കുണ്ടോ എന്തോ?
"തോന്നി"
കണ്ണാടി ചില്ലിലൂടെ ഞാന്‍ വെയിറ്ററോടെ സംസാരിക്കുന്നത് വേവലാതിയോടെ നോക്കുന്ന ഉണ്ണിക്കുട്ടനെ നോക്കിയായിരുന്നു അവന്‍റെ മറുപടി.
എനിക്കൊരു കാര്യം ഉറപ്പായി, ഞങ്ങടെ പ്രവൃത്തി അവന്‍ കണ്ടിരിക്കുന്നു...
പപ്പി ഷെയിം..പപ്പി ഷെയിം...
"ആക്ച്വലി..അത്..." ന്യായികരിക്കാന്‍ ഞാന്‍ പതിയെ ശ്രമിച്ചു.
"സാറിനത് പായ്ക്ക് ചെയ്ത് തരണോ?" അവന്‍ പെട്ടന്ന് ചോദിച്ചു.
അപ്പോഴാണ്‌ ബാക്കി വരുന്നത് പായ്ക്ക് ചെയ്ത് കൊടുക്കുമെന്ന് ഞാന്‍ ആദ്യമായി മനസിലാക്കിയത്.ഇതറിഞ്ഞായിരുന്നേല്‍ ഇത്രേം കഷ്ടപ്പെടില്ലായിരുന്നു, ചമ്മലോടെ തല തിരിച്ച് നോക്കിയപ്പോള്‍ അടുത്തിരിക്കുന്ന പെണ്‍കുട്ടികള്‍ എന്നെ നോക്കി ചിരിക്കുന്നു...
അവരും മലയാളികളാണെന്നാ തോന്നുന്നത്!!
അവരെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചിട്ട് ഞാന്‍ വെയിറ്ററോട് പറഞ്ഞു:
"പായ്ക്ക് ചെയ്ത് തന്നേരെ"

എന്‍റെ മറുപടി കേട്ടതും അയാള്‍ 'പ്ലീസ്സ് വെയിറ്റ്' എന്ന് എന്നോട് പറഞ്ഞിട്ട് ഉണ്ണിക്കുട്ടനെ ഒന്നു നോക്കി.പിസ്സയും ഒളിപ്പിച്ച് കണ്ണാടി ചില്ലിലൂടെ ഞങ്ങളെ നോക്കി നിന്ന ഉണ്ണിക്കുട്ടന്‍ പതിയെ തല തിരിച്ചു, എന്നിട്ട് ഒളികണ്ണിലൂടെ വീണ്ടും നോക്കി...
"സാര്‍, പ്ലീസ്സ് കം" വെയിറ്റര്‍ കൈയാട്ടി വിളിച്ചു.
ഉണ്ണി അത് കേള്‍ക്കാത്ത ഭാവത്തില്‍ രണ്ട് അടി മുന്നോട്ട് നടന്നു.എനിക്ക് അത് കണ്ടതും കാര്യം പിടി കിട്ടി, പൊതിഞ്ഞോണ്ട് പോയത് എന്തോ കുറ്റമാണെന്നായിരിക്കണം അവന്‍ ധരിച്ച് വച്ചിരിക്കുന്നത്.
"സാര്‍ നിങ്ങളെയാണ്‌ വിളിക്കുന്നത്, പ്ലീസ്സ് കം" വെയിറ്ററുടെ ശബ്ദം ഉച്ചത്തിലായി.
ആ കടയിലിരുന്നവരുടെയെല്ലാം ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു.
ഉണ്ണിക്കുട്ടനു അനക്കമില്ല..
നിങ്ങള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ പരിധിക്ക് പുറത്താണ്‌ എന്ന ഭാവത്തില്‍ അവന്‍ ദൃഷ്ടി ആകാശത്തിലേക്ക് മാറ്റി.
ഇപ്പോ കടയിലിരിക്കുന്നവര്‍ എന്നെയും ഉണ്ണിക്കുട്ടനെയും മാറിമാറി നോക്കി തുടങ്ങി.
"പ്ലീസ്സ് കം"
വെയിറ്ററുടെ അലര്‍ച്ച കേട്ടാകണം ഉണ്ണിക്കുട്ടനു അരികിലൂടെ പോയ ഒരു സ്ത്രീ അവനെ തോണ്ടി കടക്ക് നേരെ ചൂണ്ടി കാണിച്ചു.അവനു കടയുടെ നേരെ നോക്കുകയല്ലാതെ മറ്റ് വഴി ഉണ്ടായിരുന്നില്ല.ഇങ്ങോട്ട് നോക്കിയ അവന്‍ എല്ലാവരും കൈ ആട്ടി വിളിക്കുന്ന കണ്ട് ഒന്ന് ഞെട്ടി.അവന്‍ പേടിക്കാതിരിക്കാന്‍ കുഴപ്പമില്ലെന്ന് ഞാന്‍ കൈ വീശി കാണിച്ചു, അത് കണ്ടതും പിസ്സയും കക്ഷത്തില്‍ വച്ച് അവന്‍ ഒറ്റ ഓട്ടം...
തരൂല്ല, ഈ പിസ വിട്ട് തരൂല്ല, ഇത് സത്യം, സത്യം, സത്യം.
ഈശ്വരാ!!
കണ്ണടച്ചു കസേരയിലേക്ക് ഇരുന്ന എന്‍റെ അരികില്‍ വന്നു വെയിറ്റര്‍ പറഞ്ഞു:
"സാര്‍, അയാള്‍ ഓടി പോയി"
ഉവ്വോ??
അത്ഭുതം തന്നെ!!!
ഈ ഒരു ഭാവത്തില്‍ വെയിറ്ററുടെ മുഖത്ത് നോക്കിയട്ട് ഞാന്‍ പറഞ്ഞു:
"പട്ടിക്ക് കൊടുക്കാനാ ആ പിസ്സ എടുത്തത്, മണി ഒമ്പതായില്ലേ, അതിനു വിശക്കുന്നുണ്ടാകും, ഓടി കൊണ്ട് കൊടുത്തോട്ടേ, തടയണ്ട"
ഞാന്‍ പറഞ്ഞത് സത്യമാണോ, കള്ളമാണോന്ന് അറിയാതെ വെയിറ്റര്‍ എന്നെ നോക്കി, എന്നിട്ട് ബില്ലും വാങ്ങി തിരികെ നടന്നു.

കടയില്‍ നിന്ന് പുറത്തിറങ്ങിയ ഞാന്‍ ബൈക്കിനു അടുത്തേക്ക് ഒറ്റ ഓട്ടമായിരുന്നു.വണ്ടി സ്റ്റാര്‍ട്ടാക്കി മുന്നോട്ട് എടുക്കുമ്പോള്‍ ഉണ്ണിക്കുട്ടനു വഴി തെറ്റി പോകുമോന്ന് ആയിരുന്നു പേടി.എന്നാല്‍ ഞാന്‍ വീട്ടിലെത്തി അഞ്ച് മിനിറ്റ് കഴിഞ്ഞതോടെ അവനും അങ്ങ് എത്തി, വിയര്‍ത്ത് കുളിച്ച കൈയ്യില്‍ അവന്‍ പിസ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.
"നീയെന്തിനാ ഓടിയത്?" എന്‍റെ ചോദ്യം.
"ചേട്ടനല്ലേ കൈ വീശി ഓടാന്‍ പറഞ്ഞത്?" അവന്‍റെ മറു ചോദ്യം.
അപ്പോ അതാണ്‌ കാര്യം!!!
"എന്താ കുഴപ്പം വല്ലതുമുണ്ടായോ?" ഉണ്ണിക്കുട്ടന്‍റെ കൈയ്യില്‍ നിന്ന് പിസ്സ വാങ്ങി കഴിക്കുന്ന കൂട്ടത്തില്‍ ദീപു ചോദിച്ചു.
മറുപടിയായി സംഭവിച്ചത് മുഴുവന്‍ പറയേണ്ടി വന്നു.എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അവന്‍ ചോദിച്ചു:
"എന്നിട്ട് എങ്ങനെ തലയൂരി?"
"പിസ്സയുമായി ഓടിയത് പട്ടിക്ക് കൊടുക്കാനാണെന്ന് പറഞ്ഞ് തലയൂരി"
എന്‍റെ മറുപടി കേട്ടതും അവന്‍ പൊട്ടിച്ചിരിച്ചു.പക്ഷേ എന്താണെന്ന് അറിയില്ല, ആ ചിരി അധികം നീണ്ടില്ല.വായില്‍ ചവച്ച് കൊണ്ടിരുന്ന പിസ്സ് ഇറക്കാതെ, കൈയ്യില്‍ ബാക്കി ഇരുന്ന പിസ്സയിലേക്കും എന്‍റെ മുഖത്തേക്കും അവന്‍ സംശയിച്ച് നോക്കി...
എനിക്കാണോ??
ആ പട്ടി ഞാനാണോ??
അബദ്ധം മനസിലാക്കിയ ഞാന്‍ വേഗം തിരുത്തി:
"ഹേയ്, നീ അല്ല, വേറെ പട്ടിയാ"
അവനു സമാധാനമായി, അവന്‍ വീണ്ടും കഴിച്ച് തുടങ്ങി.വീണ്ടും അബദ്ധമാണ്‌ പറഞ്ഞതെന്ന് മനസ്സ് മന്ത്രിച്ചെങ്കിലും തിരുത്താന്‍ പോയില്ല...
ആ ദിവസം അങ്ങനെ കഴിഞ്ഞു.

പിറ്റേ ദിവസം ഉണ്ണിക്കുട്ടന്‍ തിരികെ പോയി, ഒരാഴ്ചക്ക് ശേഷം ഞാനും ബാംഗ്ലൂര്‍ വിട്ടു.ഇന്നിപ്പോള്‍ ഉണ്ണിക്കുട്ടന്‍ തിരുവനന്തപുരത്താണ്, ദീപു ബാംഗ്ലൂരിലും, ഞാന്‍ കൊച്ചിയിലും.സ്വന്തം നാട്ടില്‍ നിന്ന് മാറി നിന്ന് ജീവിതം മുന്നോട്ട് നീക്കുന്നു, അതിനായി കമ്മട്ടത്തിന്‍റെ ഉത്പന്നം തേടിയുള്ള യാത്ര തുടരുന്നു...
ഞങ്ങളും, നിങ്ങളും...


ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com