
2010 ഫെബ്രുവരി 18.
അന്നൊരു വ്യാഴാഴ്ച ആയിരുന്നു.
അതിരാവിലെ ഓഫീസില്‍ ചെന്നപ്പോള്‍ പ്രത്യേകിച്ച് പണിയൊന്നുമില്ല.മെയില്‍ ബോക്സ്സ് തുറന്ന് നോക്കി, ഇല്ല ഒരു പണിയുമില്ല.സാധാരണ രാവിലെ ഓഫീസില്‍ ചെല്ലുമ്പോള്‍ അന്ന് പാതിരാത്രി വരെ ചെയ്യേണ്ട പണിയുടെ മെയില്‍ കാണുന്നതാ, ഇന്ന് അതില്ല.
സന്തോഷിക്കാന്‍ ഇതില്‍ പരം എന്നാ വേണം?
നേരെ ക്യാന്‍റീനില്‍ പോയി ഒരു ചായ കുടിച്ചു.കൂടെ ഒരു ബര്‍ഗര്‍ വാങ്ങി പതിയെ കഴിച്ചു.ചുറ്റുവട്ടത്ത് ഇരിക്കുന്ന സകല സായിപ്പിന്‍റെ മക്കള്‍ക്കും ഒരു ഗുഡ് മോര്‍ണിംഗ് പറഞ്ഞു.അപ്പോഴാണ് ജിതേഷ് അങ്ങോട്ട് വന്നത്..
ജിതേഷ് മലയാളിയാണ്, മാത്രമല്ല നല്ല പ്രോഗ്രാമറും.
"നീ വല്ലതും കഴിക്കുന്നോ?" അവന്‍റെ ചോദ്യം.
ഓസിനു കിട്ടിയാല്‍ ആസിഡും കഴിക്കുന്ന ആരോ എന്നില്‍ തല പൊക്കി.
"ബര്‍ഗര്‍?" വീണ്ടും അവന്‍റെ ചോദ്യം.
തൊട്ട് മുമ്പ് കഴിച്ച ബര്‍ഗര്‍ എന്‍റെ വയറ്റില്‍ കിടന്ന് ഒന്ന് സന്തോഷിച്ചു, ഒരുപക്ഷേ തനിക്കൊരു കൂട്ട് കിട്ടും എന്ന് കരുതിയാകും.എന്നാല്‍ ആ സന്തോഷം ഞാന്‍ തല്ലി കെടുത്തി:
"വേണ്ടടാ, പഫ്സ്സ് മതി"
ആദ്യം ചായ, പിന്നെ ബര്‍ഗര്‍, തുടര്‍ന്ന് പഫ്സ്സ്, മാത്രമല്ല ജിതേഷിന്‍റെ ചിലവില്‍ ഒരു കാപ്പിയും.എന്‍റെ സ്വന്തം വയറ്, മത്തങ്ങ ബലൂണ്‍ പോലെയായി.
"എന്താടാ മുഖം വല്ലാണ്ടിരിക്കുന്നത്?" വെറുതെ ജിതേഷിനോടൊരു കുശലം.
"പണി ഇല്ലാത്ത കാരണം കുറേ പേരെ കമ്പനി പറഞ്ഞ് വിടാന്‍ പോകുവാണെന്ന് കേട്ടു" അവന്‍റെ മറുപടി.
കര്‍ത്താവേ!!!!!!
എനിക്കും പ്രത്യേകിച്ച് പണിയില്ല.
വയറ്റിലുള്ളത് ആവിയായി..
ബലൂണിന്‍റെ കാറ്റ് പോയി!!
'അളിയാ ഇപ്പോ വരാം' എന്ന് മൊഴിഞ്ഞ് ക്യാന്‍റീനീന്ന് ഇറങ്ങി ഓടി.ക്യാബിനിലെത്തി കമ്പ്യൂട്ടര്‍ തുറന്ന് മെയില്‍ ബോക്സ് ഒന്നൂടെ നോക്കി..
നോ മെയില്‍!!
അതായത് പണിയില്ല..
ഈശ്വരാ, പണി കിട്ടുമോ?
നേരെ പ്രോജക്റ്റ് മാനേജറുടെ അടുത്തേക്ക്..
"എന്താ മനു, എന്ത് പറ്റി?"
സാധാരണ അങ്ങേരുടെ തിരുമോന്ത കാണുമ്പോള്‍ ജനല്‍ വഴി താഴേക്ക് ചാടുന്ന ഞാന്‍ നേരിട്ട് ചെല്ലുന്ന കണ്ട് അതിയാന് അത്ഭുതം.
"സാര്‍, ഇന്ന് പണി ചെയ്യാനുള്ള മെയില്‍ ഒന്നും കിട്ടിയില്ല"
എന്തിര്????
പ്രോജക്റ്റ് മാനേജരുടെ തലയില്‍ വെള്ളിടി വെട്ടിയ ഫീലിംഗ്!!
അല്ല, സാധാരണ ജോലി എന്ന് കേട്ടാല്‍ മുങ്ങുന്ന ഞാന്‍ ഇങ്ങനെ ചോദിച്ചപ്പോള്‍ അങ്ങേര് ഞെട്ടിയതില്‍ കുറ്റം പറയാനില്ല.അതിയാന്‍ പതിയെ എഴുന്നേറ്റ് എന്നെ ഒന്ന് നോക്കി, പിന്നെ കണ്ണാടി വച്ച് ഒന്നൂടെ നോക്കി, തുടര്‍ന്ന് എന്‍റെ ചുറ്റിനും ഒന്ന് നടന്നു.എന്നിട്ട് ചോദിച്ചു:
"മനു ഇന്ന് തല ഇടിച്ച് വല്ലോടോം വീണോ?"
എനിക്ക് സ്വബോധം ഉണ്ടോന്ന്??
മിണ്ടാതിരിക്കുന്ന എന്നെ കണ്ടാകാം അദ്ദേഹം പറഞ്ഞു:
"ഇന്ന് വ്യാഴമല്ലേ, തിങ്കളാഴ്ച മുതലേ പണി ഉള്ളു.വിശ്രമിച്ചോളു"
നാശം പിടിക്കാന്‍..
തിങ്കളാഴ്ച മുതല്‍ ജോലി ചെയ്യണം!!
പ്രോജക്റ്റ് മാനേജരെ പ്രാകി കൊണ്ട് ക്യാബിനിലേക്ക്..
മെയില്‍ ബോക്സ് തുറന്നപ്പോള്‍ ഒരു മെയില്‍..
ഭാര്യാ സഹോദരന്‍ അയച്ചതാണ്, അന്ന് തുടങ്ങി ഏഴ് ദിവസത്തേക്കുള്ള എന്‍റെ ഭാവി പ്രവചിക്കുന്ന ഒരു സൈറ്റിന്‍റെ ലിങ്ക്.വെറുതെ തുറന്നു, എന്‍റെ ഭാവി നോക്കി..
"ശുഭവാര്‍ ആത്താ ഹൈ.സന്തോഷം, സമാധാനം, ഉല്ലാസം, ധനനേട്ടം, മനസമാധാനം.വെള്ളി മുതല്‍ ഞയര്‍ വരെ വളരെ നല്ല ദിവസങ്ങള്‍, പിന്നെ കഷ്ടകാലം"
പറഞ്ഞിരിക്കുന്നതെല്ലാം കറക്റ്റാ!!!
ഭാര്യ ബാംഗ്ലൂരില്ല, അവള്‍ തിങ്കളാഴ്ചയെ വരികയുള്ളു.തിങ്കളാഴ്ച വരെ പ്രോജക്റ്റും ഇല്ല.വീട്ടില്‍ ഞാനും അളിയനും മാത്രം.ബാങ്കില്‍ ആയിരത്തി അഞ്ഞൂറ് രൂപ കിടപ്പുണ്ട്.അതു ചിലവാക്കി അടിച്ച് പൊളിക്കാന്‍ ഞാന്‍ തീരുമാനിച്ചു.വിവരം അറിഞ്ഞപ്പോള്‍ അളിയനും സന്തോഷം:
"നമുക്ക് അടിച്ച് പൊളിക്കാം ചേട്ടാ"
ഓ.ക്കെ...എഗ്രീഡ്!!
അപ്പോ തന്നെ ആ വെബ് സൈറ്റ് അടുത്ത കൂട്ടുകാര്‍ക്കെല്ലാം അയച്ച് കൊടുത്തു, കൂടെ ഇത് കറക്റ്റാണെന്ന് ഒരു സാക്ഷ്‌യവും.ഈ പ്രവൃത്തി പൂര്‍ത്തി ആയതും എനിക്കൊരു ഫോണ്‍ വന്നു, എന്‍റെ അനുജത്തിയുടെ ഫോണ്‍...
"എന്താടി?"
"ചേട്ടാ, ഞങ്ങളിവിടെ ഓടി നടന്ന് വിരുന്ന് ഉണ്ണുവാ"
അവള്‍ ആ പറഞ്ഞത് എനിക്ക് മനസിലാകും, കാരണം കല്യാണം കഴിഞ്ഞ ജോടികള്‍ക്ക് ഒരു വിരുന്ന് എല്ലാ വീട്ടിലും പതിവുള്ളതാ.അവള്‍ക്കവിടെ തിരക്കോട് തിരക്കായിരിക്കും.ഇത് വ്യക്തമായി അറിയാവുന്നതിനാല്‍ വെറുതെ ഒരു നമ്പരിട്ടു:
"അവിടുത്തെ വിരുന്നൊക്കെ കഴിയുമ്പോള്‍ ഇടക്ക് ബാംഗ്ലൂരിലോട്ടൊന്ന് വരണം"
"അത് പറയാനാ ചേട്ടാ വിളിച്ചത്, ഞങ്ങള്‍ ഇന്ന് വണ്ടി കേറുവാ, നാളെ രാവിലെ അങ്ങെത്തും"
എന്ത്????
ഞാനത് മൊത്തം കേട്ടില്ല.
ഇനി സ്വപ്നം കണ്ടതാണോ??
വിറക്കുന്ന സ്വരത്തില്‍ തിരികെ ചോദിച്ചു:
"നീ വല്ലതും പറഞ്ഞാരുന്നോ?"
"ഞങ്ങള്‍ ഇന്ന് വണ്ടി കേറുവാ, നാളെ രാവിലെ അങ്ങെത്തും"
എന്‍റെ കര്‍ത്താവേ!!!!
അപ്പോ കേട്ടത് സ്വപ്നമല്ല.
വെബ്സൈറ്റിലെ വാചകങ്ങള്‍ മനസില്‍ ഓടി എത്തി..
"സന്തോഷം, സമാധാനം, ഉല്ലാസം, ധനനേട്ടം, മനസമാധാനം....."
ചുമ്മാതാ, ഒന്നും നടക്കാന്‍ പോകുന്നില്ല!!
എന്നാല്‍ വിവരം അറിഞ്ഞപ്പോള്‍ അളിയന്‍ ആശ്വസിപ്പിച്ചു:
"ചേട്ടന്‍ ധൈര്യമായിരിക്ക്, നമുക്ക് ലാല്‍ബാഗും, വേറെ രണ്ട് പാര്‍ക്കും, വേണേല്‍ എം.ജി റോഡും കാണിച്ച് കൊടുത്ത് തിരികെ പായ്ക്ക് ചെയ്യാം.മാക്സിമം അഞ്ഞൂറ് രൂപ ചിലവ്"
"ഉറപ്പാണോ?"
"ഉറപ്പ് ചേട്ടാ"
എനിക്ക് സമാധാനമായി..
കൈയ്യില്‍ പൈസ ഇല്ല എന്നതാണ് ഏറ്റവും വല്യ പ്രശ്നം.അല്ലാതെ കല്യാണം കഴിഞ്ഞ് വരുന്ന മായയേയും രമേഷിനേയും ബാംഗ്ലൂര്‍ കറക്കി കാണിക്കുന്നതിനോ, പൈസ ചിലവാക്കുന്നതിനോ എനിക്കൊരു വിഷമവുമില്ല.എന്തായാലും എനിക്ക് ഇപ്പോ രണ്ട് പ്ലസ് പോയിന്‍റുണ്ട്, ഒന്ന് ഗായത്രി സ്ഥലത്തില്ല, അതിനാല്‍ രണ്ട് ബൈക്കില്‍ കറങ്ങാം.ഓട്ടോയോ കാറോ വിളിക്കേണ്ട ആവശ്യമില്ല.രണ്ട്, അളിയന്‍ ദീപുവിനു ബാംഗ്ലൂര്‍ നന്നായി അറിയാം, അതിനാല്‍ കാശ് ചിലവില്ലാത്ത സ്ഥലത്ത് കറക്കാന്‍ അവന്‍ സഹായിക്കും.
ദീപു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി..
രാവിലെ മഡിവാളയില്‍ രണ്ട് ബൈക്കില്‍ പോകുന്നു, അവരെ വിളിച്ച് കൊണ്ട് വരുന്നു.ന്യൂഡില്‍സ്സ് ഉണ്ടാക്കി കൊടുക്കുന്നു.ഉച്ചക്ക് ചോറുണ്ടാക്കാന്‍ അനുജത്തിയോട് പറയുന്നു.വൈകിട്ട് ഓഫീസില്‍ നിന്ന് താമസിച്ച് വരുന്നു.ഒരു സിനിമക്ക് കൊണ്ട് പോകുന്നു.ഇതേ പോലെ ശനിയും ഞയറും എന്തെങ്കിലും പറഞ്ഞ് പറ്റിച്ച് തിങ്കളാഴ്ച പായ്ക്ക് ചെയ്യുന്നു.
കിടിലന്‍ ഐഡിയ!!
വെള്ളിയാഴ്ച രാവിലെ..
കുളിച്ചൊരുങ്ങി ലുട്ടാപ്പി കുന്തത്തില്‍ കയറുന്ന പോലെ ബൈക്കുമായി ഞങ്ങള്‍ മഡിവാളയിലെത്തി.ബസ് വന്നു, അതിന്‍റെ വാതിലില്‍ കാക്ക കൂട്ടം പോലെ നില്‍ക്കുന്ന ഓട്ടോക്കാര്‍ക്കിടയില്‍ നിന്നും മുങ്ങി ചാവുന്നവന്‍ കൈ പൊക്കുന്ന പോലെ രണ്ട് കൈകള്‍, അത് രമേഷായിരുന്നു.ടൈറ്റാനിക്കിലെ നായിക ഐസ് കട്ടയില്‍ തൂങ്ങി കിടക്കുന്ന പോലെ അവന്‍റെ തോളില്‍ തൂങ്ങി മായയും, കൂടെ അഞ്ച് ബാഗും.
അവരുടെ ആ വരവ് കണ്ട് ദീപു എന്നോട് ചോദിച്ചു:
"എന്നതാ ചേട്ടാ, കായംകുളം മൊത്തം കൊണ്ട് വന്നോ?"
ആ സംശയം എനിക്കും ഉണ്ടായിരുന്നു..
"എന്താടി ഈ അഞ്ച് ബാഗില്‍?"
"ഇത് രമേഷേട്ടന്‍റെ തുണി, ഇത് എന്‍റെ തുണി"
രണ്ട് ബാഗ് ആയി..
"അപ്പോള്‍ ബാക്കി മൂന്ന് ബാഗോ?"
"അതെന്‍റെ മേക്കപ്പ് സാധനങ്ങളാ"
അള്ളാ!!!
കുളിമുറി കൊണ്ട് വന്നോ??
ചോദിച്ചില്ല, ദയനീയമായി രമേഷിനെ നോക്കി.
ഇനി ഓട്ടോ പിടിക്കാതെ രക്ഷയില്ല, അതും ഒരു ഓട്ടോ പോരാ, രണ്ട് ഓട്ടോ വേണം...
മുന്നൂറ് രൂപ സ്വാഹ!!
"രാവിലെ ന്യൂഡില്‍സാ" ഞാന്‍ പ്രഖ്യാപിച്ചു.
"ഉച്ചക്ക് ബിരിയാണി വേണം" അവളും പ്രഖ്യാപിച്ചു.
ഈശ്വരാ..
ഒരു അഞ്ഞൂറ് രൂപ കൂടി സ്വാഹ!!
"ഇന്നെന്താ പ്ലാന്‍?"
ബിരിയാണി വിഴുങ്ങി കഴിഞ്ഞപ്പോ അവളുടെ ചോദ്യം.
"വൈകുന്നേരം വരെ ഓഫീസുണ്ട്, അത് കഴിഞ്ഞ് സിനിമക്ക് പോകാം"
അത് അവള്‍ക്കങ്ങ് ബോധിച്ചു, അവള്‍ ചിരിച്ച് കൊണ്ട് പറഞ്ഞു:
"എന്നാ നമുക്ക് അവതാര്‍ കാണാന്‍ പോകാം, ത്രീഡി"
അവതാറോ?? അതും ത്രീഡി??
പി.വി.ആറില്‍ ഒരു ടിക്കറ്റിനു എണ്ണൂറ്റി അമ്പത് രൂപയാ വില!!
ഈശ്വരാ, പരീക്ഷിക്കരുതേ!!
ഒടുവില്‍ പറഞ്ഞ് ഒപ്പിച്ചു:
"ത്രിഡി കാണുന്നത് തലച്ചോറിനെ ബാധിക്കും"
ഇത് കേട്ടതും ദീപു പതുകെ കമ്പ്യൂട്ടറിന്‍റെ അടുത്തേക്ക് എഴുന്നേറ്റ് പോയി.പാവം, ചിരി വന്നു കാണും.എന്തായാലും എന്‍റെ ആ നമ്പര്‍ ഏറ്റു, കുറേ ആലോചിച്ച ശേഷം അനുജത്തി പറഞ്ഞു:
"എന്നാല്‍ ത്രിഡി കാണേണ്ടാ"
സമാധാനമായി എന്ന് കരുതി ഇരുന്നപ്പോള്‍ ദീപു തിരിച്ച് വന്നു, എന്നിട്ട് പറഞ്ഞു:
"ചേട്ടാ ഞാന്‍ ഇന്‍റ്‌ര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തു, ത്രീഡി കാണുന്നത് തലച്ചോറിനെ ബാധിക്കില്ല"
ങ്ങേ!!!
എന്‍റെ ദൈവമേ, ഈ മണ്ടന്‍ സെര്‍ച്ച് ചെയ്യാന്‍ പോയതാണോ??
അന്തം വിട്ട് നിന്ന എന്നെ നോക്കി അവന്‍ വീണ്ടും പറഞ്ഞു:
"ഇല്ല അണ്ണാ, ബാധിക്കില്ല"
ഇല്ല അല്ലേ??
കശ്മലന്‍!!!
"എന്നാ പോയാലോ ചേട്ടാ?" വീണ്ടും അനുജത്തി.
ശരി, എന്നാ പോയേക്കാം.
അങ്ങനെ പലിശക്ക് എടുത്ത പതിനായിരം രൂപയുമായി തിയറ്ററിലേക്ക്..
അവിടെ ആകെ നാലായിരം രൂപ സ്വാഹ!!
"നാളെയെന്താ പ്ലാന്‍?" അനുജത്തിയുടെ ചൊദ്യം.
എന്താ പ്ലാന്‍??
ഞാന്‍ തലതിരിച്ച് ദീപുവിനെ നോക്കി..
അവന്‍ വിശദീകരിച്ച് തുടങ്ങി..
പ്ലാനിറ്റോറിയം, വിധാന്‍ സൌധ, മ്യൂസിയം, ലാല്‍ബാഗ്, ഫോറം..
"ഇത്രേ ഉള്ളോ?" അവള്‍ക്ക് പുശ്ചഭാവം.
എനിക്കങ്ങ് കലി കയറി, ഞാന്‍ അലറി പറഞ്ഞു:
"അല്ലടി, നമുക്ക് ആഗ്രയില്‍ പോയി താജ്മഹല്‍ കൂടി കാണാം"
അതോടെ അവള്‍ക്കെല്ലാം മനസിലായി, അവള്‍ സൈലന്‍റായി.
എന്നാല്‍ ദീപുവിനൊരു സംശയം, അതവന്‍ ചെവിയില്‍ ചോദിച്ചു:
"ചേട്ടാ, ആഗ്ര വരെ ബൈക്കില്‍ പോകാന്‍ നല്ല ദൂരമല്ലേ?"
കടിച്ചേനേക്കാള്‍ വലുതാണല്ലോ കര്‍ത്താവേ പൊനത്തില്‍ ഇരിക്കുന്നത് എന്ന് മനസില്‍ കരുതി മറുപടി നല്‍കി:
"നമ്മള്‍ താജ്മഹല്‍ കാണുന്നില്ല"
"എന്നാ കുഴപ്പമില്ല" അവന്‍.
കൂടുതല്‍ പറഞ്ഞില്ല, പതിയെ ചുണ്ടനക്കി:
"ഗുഡ് നൈറ്റ്"
പിറ്റേന്ന് സുപ്രഭാതം.
അന്ന് കുളിച്ചൊരുങ്ങി നാല്‍വര്‍ സംഘം തെണ്ടാനിറങ്ങി.വിചാരിച്ച പോലെ കൈ പൊള്ളിയില്ല.വൈകുന്നേരം വരെയുള്ളത് ആഹാര സഹിതം എണ്ണൂറ് രൂപ.
ഇങ്ങനെ ആണേല്‍ കുഴപ്പമില്ല!!
രാത്രി ഫോറത്തില്‍ എത്തിയപ്പോള്‍ അനുജത്തിക്ക് ഒരു ആഗ്രഹം, ഒരു ഹാന്‍ഡ് ബാഗ് വേണം.വാങ്ങി കൊടുത്തു, ഒരു ആയിരത്തി മുന്നൂറ് രൂപ കാക്ക കൊത്തി കൊണ്ട് പോയെന്ന് സമാധാനിച്ചു.പിന്നെ കൈയ്യേ മൈലാഞ്ചി ഇടാന്‍ നൂറ് രൂപ, അവളുടെയും രമേഷിന്‍റെയും കാര്‍ട്ടൂണ്‍ വരപ്പിച്ചത് ഇരുന്നൂറ് രൂപ.കരയണോ വേണ്ടായോന്ന് ആലോചിച്ച് അന്തം വിട്ടിരുന്ന എന്‍റെ അടുത്ത് ആ പടവുമായി എത്തിയ അനുജത്തി ചോദിച്ചു:
"ദേ നോക്കിയേ, ശരിക്കും ചിരിപ്പിക്കും.അല്ലേ?"
ഉവ്വ, എന്‍റെ കാശല്ലേ? നീ ചിരിച്ചോ.
"രാത്രി എന്താ കഴിക്കുക?" അവളുടെ ചോദ്യം.
അതിനു ദീപുവിന്‍റെ ബുദ്ധിപരമായ മറുപടി:
"പാനി പൂരി"
ഇത് റോഡ് സൈഡില്‍ വില്‍ക്കുന്ന ചെറിയ പൂരിയാ, ഒരു പ്ലേറ്റിനു പത്ത് രൂപയെ ഉള്ളു.എങ്ങനെ കഴിച്ചാലും നൂറ് രൂപയില്‍ നില്‍ക്കും.അളിയന്‍റെ ബുദ്ധിയില്‍ അഭിമാനം തോന്നി.
"പാനീ പൂരിയോ?" അനുജത്തിയുടെ മുഖത്ത് പുശ്ചഭാവം.
"എന്താടി?"
"അത് ഞങ്ങള്‍ എസ്കര്‍ഷനു വന്നപ്പോള്‍ തിന്നതാ, എനിക്ക് പിസ മതി"
പിസയോ??
അവള്‍ പിടിച്ച മുയലിനു മൂന്ന് കൊമ്പാണെന്ന് അറിയാവുന്നതിനാല്‍ പറഞ്ഞു:
"നീ വേണേല്‍ പിസ തിന്നോ, എനിക്കും ദീപുവിനും പാനീ പൂരി മതി"
തുടര്‍ന്ന് പ്രതീക്ഷയോടെ രമേഷിനോട് ചോദിച്ചു:
"രമേഷിനോ?"
"ഞാന്‍ വേണേല്‍ പിസ തിന്നാം"
തിന്നാം അല്ലേ??
"എന്നാ പിന്നെ എല്ലാവര്‍ക്കും പിസ ആയാലോ?" ദീപു.
ആ ശുഭ രാത്രിയില്‍ ഒരു ആയിരത്തി എണ്ണൂറ് രൂപ സ്വാഹ.
കര്‍ത്താവേ..
കഴിഞ്ഞ ജന്മത്തിലെ ശത്രു മകനായി പിറക്കുമെന്ന് കേട്ടിട്ടുണ്ട്, അനുജത്തി ആയും പിറക്കുമോ??
ആകാശത്ത് നിന്ന് അശരീരി ഒന്നുമില്ല, സോ ഗുഡ് നൈറ്റ്.
ഞയറാഴ്ച രാവിലെ..
"ഇന്നെന്താ പരിപാടി?"
എനിക്ക് ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല, റെഡി മെയ്ഡ് മറുപടി:
"ഇന്ന് വിശ്രമം"
അത് അവള്‍ക്കങ്ങ് ബോധിച്ചു, അവള്‍ മൊഴിഞ്ഞു:
"ശരിയാ, ഫിലിം സിറ്റിയില്‍ പോയി വിശ്രമിക്കാം"
ദീപു ചെവിയില്‍ പറഞ്ഞു:
"ചേട്ടാ, ടിക്കറ്റും ഫുഡുമായി ഒരു മൂവായിരത്തി അഞ്ഞൂറ് രൂപ......"
ബാക്കി എനിക്ക് അറിയാമായിരുന്നു...
സ്വാഹാ!!!
എന്തായാലും പിറ്റേന്ന് തന്നെ പായ്ക്ക് അപ്പ് ചെയ്തു.ബസ്സ് ഇഷ്ടപ്പെടാതെ പോകാതിരിക്കരുതെന്ന് കരുതി മള്‍ട്ടി ആക്സില്‍ തന്നെ ബുക്ക് ചെയ്തു.അത് രണ്ടായിരം രൂപ വേറെ.നല്ല കാര്യത്തിനായതിനാല്‍ ഇവിടെ സ്വാഹയില്ല!!
പോകാന്‍ നേരം അനുജത്തി പറഞ്ഞു:
"വന്നില്ലെങ്കില്‍ നഷ്ടമായേനേ"
അത് കേട്ടതും എന്‍റെ മനസ്സ് പറഞ്ഞു..
വന്നതേ നഷ്ടമാ!!
കുറച്ച് ദിവസം കൂടി നില്‍ക്കുന്നോ എന്ന് ചോദിച്ചില്ല, ചിലപ്പോള്‍ നിന്നാലോ??
ബസ്സ് എടുക്കുന്നതിനു മുന്നേ രമേഷ് പറഞ്ഞു:
"ഞങ്ങള്‍ ഇനിയും വരാം"
എന്നാത്തിനാ???
ചോദിച്ചില്ല,ചിരിച്ച് കൊണ്ട് പറഞ്ഞു:
"വരണേ.."
"തീര്‍ച്ചയായും വരും"
അയ്യോ!!!!!!!
തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ദീപു ആശ്വസിപ്പിച്ചു:
"ഇതും ചേട്ടന്‍റെ കടമയാണെന്ന് കരുതിയാല്‍ മതി"
ശരിയാ, ഇവന്‍ പയ്യനാണേലും വിവരമുണ്ട്.
നേരെ കുളിക്കാന്‍ ബാത്ത്‌റൂമിലേക്ക്...
കുളി കഴിഞ്ഞ് തിരിച്ച് ഇറങ്ങിയപ്പോള്‍ വിളറിയ മുഖവുമായി ദീപു.
"എന്താടാ?"
"അടുത്താഴ്ച വല്യമ്മയുടെ മക്കള്‍ വരുന്നെന്ന്, ബാംഗ്ലൂര്‍ കാണാന്‍"
ഒരു നിമിഷം ഞെട്ടി പോയി, സമനില കിട്ടിയപ്പോള്‍ ആശ്വസിപ്പിച്ചു:
"അത് നിന്‍റെ കടമയാണെന്ന് കരുതിയാ മതി"
എഗൈന്‍ ശുഭവാര്‍ ആത്താ ഹൈ!!

