For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

അനന്തപുരി To സിലിക്കണ്‍വാലി





പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സഹമുറിയന്‍റെ തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂര്‍ വരെ വന്ന യാത്രാ വിവരണം (വിത്ത് ലേഡി), ഞാനിവിടെ നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ്.ഇത് സഹമുറിയനുള്ള എന്‍റെ സമര്‍പ്പണം.
(സമര്‍പ്പണം എന്നു കേട്ട് അവന്‍ തുലഞ്ഞു എന്ന് ആരും വിചാരിക്കരുത്.ഞാന്‍ ഉദ്ദേശിച്ചത് ഇതിന്‍റെ കടപ്പാട് അവനോടാണു മാത്രമാണ് എന്നാണ്.)
ഒരു കാര്യം കൂടി:വിവരണത്തിനുള്ള സൌകര്യാര്‍ത്ഥം അവനു പകരം ഞാന്‍ നായകനായി.
എന്ന് സ്വന്തം മനു.

ജൂലൈ 2008 ഒരു ഞയറാഴ്ച, ഉച്ച സമയം
സ്ഥലം : തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍.
"....തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂര്‍ വരെ പോകുന്ന തൊള്ളായിരത്തി തൊള്ളായിരത്തി തൊണ്ണുറ്റി ഒമ്പത് ലൈലാന്‍ഡ് എക്സ്സ്`പ്രസ്സ് ഏതാനും മിനിറ്റുകള്‍ക്കകം ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്നും പുറപ്പെടുന്നതാണ്..."
ഇത് ആ പരട്ട പെണ്ണാ, ഇവള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ?
ഇടക്കിടക്ക് ഇപ്പം പോകും, ഇപ്പം പോകും എന്നു പറയും,,എന്നാല്‍ ട്രെയിന്‍ പോകത്തുമില്ല. അരമണിക്കുര്‍ മുമ്പ് ഇവള്‍ പറഞ്ഞു തുടങ്ങിയതാ.സ്വസ്ഥമായിട്ട് ഒരു ചായ കുടിക്കാനിരുന്നപ്പോഴാ ആദ്യം അനൌണ്‍സ്മെന്‍റ് കേട്ടത്.ആ ചൂടു ചായ അണ്ണാക്കിലോട്ടോഴിച്ച് ഓടി വന്നു കയറിയതാ.ചൂടു ചായ ആയത് കൊണ്ട് അത് വയറ്റിലെത്തിയ വഴി നല്ലപോലെ മനസിലായി.വന്‍കുടലിനും ചെറുകുടലിനും എന്തോ നീളമുണ്ടന്ന് ആ ഓട്ടത്തിനിടയില്‍ കാല്‍ക്കുലേറ്റ് ചെയ്യാന്‍ പറ്റി.
"യാത്രികോം പ്രത്യേക ധ്യാന്‍ കീജിയേ...."
കൊള്ളാം,ദേ ഹിന്ദിയില്‍ പറഞ്ഞു തുടങ്ങി,യാത്രക്കാര്‍ ഇരുന്നു ധ്യാനിക്കാന്‍.വേണ്ടിവരും.ഇങ്ങനെ പോയാല്‍ ട്രെയിന്‍ ഓടാന്‍ വേണ്ടി ധ്യാനിക്കേണ്ടി വരും.
ഇവളെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.ഇവടെ ഒക്കെ കൈയ്യില്‍ മൈക്കും കൊടുത്ത് ഇരുത്തിയവന്‍മാരെ പറഞ്ഞാല്‍ മതി.എല്ലാ സ്റ്റേഷനിലും കാണും ഇങ്ങനൊരെണ്ണം.ഏത് ട്രെയിനാണ്,എങ്ങോട്ട് പോകുന്നതാണ്,എപ്പോള്‍ പോകുന്നതാണു എന്ന് ഒരു ബോധവും കാണില്ല.എന്നാലും വെറുതെ ഇപ്പം വരും,ഇപ്പം പോകും എന്നിങ്ങനെ പറഞ്ഞു കൊണ്ടിരിക്കും.
മനുഷ്യരെ പറ്റിക്കുന്നതിനു ഒരു അതിരില്ലേ?
ശരിക്കും എപ്പം പോകും എന്നു ചോദിക്കാന്‍ സ്റ്റേഷനില്‍ ചെന്നാല്‍ അവിടിരിക്കുന്നവന്‍മാര്‍ പറയും അങ്ങനെ വിളിച്ചു പറയുന്ന ഒരുത്തി അവിടൊന്നും ഇല്ല,എല്ലാം റെക്കാര്‍ഡ് ഇട്ടതാണന്ന്.എന്തോന്നു റെക്കാര്‍ഡെന്നാ എനിക്ക് മനസിലാകാത്തത്.

എന്‍റെ മനസിന്‍റെ ഒരു പാതി അവളെ ചീത്ത വിളിച്ചപ്പോള്‍ മറുപാതി ദൈവത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു:
’‘എന്‍റെ ദൈവമേ,ഇങ്ങോട്ടുള്ള യാത്ര പോലെ ആകല്ലേ അങ്ങോട്ടുള്ള യാത്ര.’
പറയാന്‍ കാരണമുണ്ട്.ഇങ്ങോട്ട് വരാന്‍ കേറിയ ബോഗി നിറയെ പെണ്‍പിള്ളാരായിരുന്നു.ബാംഗ്ലൂരില്‍ നേഴ്സിംഗിനു പഠിക്കുന്നവര്‍. അതിനു ആകെ ഒരു അപവാദം സൈഡിലിരുന്ന അമ്മാവനാ.അതൊന്നും എനിക്കൊരു പ്രശ്നമല്ലായിരുന്നു.കുറെ ഗോപികമാര്‍ക്കിടയില്‍ ക്യഷ്ണനാകാന്‍ പറ്റിയ സമയം.അവരോട് എങ്ങനെ മുട്ടണം എന്നു ഞാന്‍ ആലോചിച്ചിരിക്കുമ്പോളാണു അമ്മാവന്‍ എന്‍റെ അടുത്ത് വന്നത്.എന്നിട്ടൊരു അഭ്യര്‍ത്ഥന:
"മോനേ,എന്‍റെ മോള്‍ S3 ല്‍ ഒറ്റക്കാ,മോനവിടെ പോയികിടന്നാല്‍ അവള്‍ക്ക് ഇങ്ങു വരാമായിരുന്നു"
ആ ചോദ്യത്തില്‍ നിന്നു ഞാനൊരു കാര്യം മനസ്സിലാക്കി. ഞാന്‍ ക്യഷ്ണനാണങ്കില്‍ അയാള്‍ കംസനാ.അല്ലങ്കില്‍ എന്നോട് ഇങ്ങനെ ചോദിക്കുമോ?
ഞാന്‍ മിണ്ടാതിരിക്കുന്ന കണ്ടിട്ടായിരിക്കും അയാള് ഒന്നു കൂടി പറഞ്ഞു:
"ഞങ്ങള്‍ക്ക് അങ്ങ് തിരുവനന്തപുരം വരെ പോകേണ്ടതാ"
എന്തിനാ തിരുവനന്തപുരം ആക്കുന്നത് അങ്ങ് കന്യാകുമാരി വരെ പോയിക്കൂടെ എന്ന മുഖഭാവത്തില്‍ തല ഉയര്‍ത്തിനോക്കിയ ഞാന്‍ കണ്ടത് എന്‍റെ പ്രതികരണം പ്രതീക്ഷിച്ചിരിക്കുന്ന ഒരു പറ്റം മഹിളാമണികളെയാണ്.ആ നിമിഷം ഞാനൊരു മഹാത്യാഗിയായി.ഒന്നും മിണ്ടാതെ ബാഗുമെടുത്തു S3 ലേക്ക് നടന്നു.അല്ലാതെന്താ ചെയ്യുക?
എന്‍റെ കര്‍ത്താവേ ചരിത്രം ആവര്‍ത്തിക്കല്ലേ....

ഇവിടെ എന്‍റെ ബോഗിയില്‍ തിരുവനന്തപുരത്ത് നിന്നും ഒരു പെണ്ണുണ്ട്.അത് ഉറപ്പാ.കാരണം റിസര്‍വേഷന്‍ ചാര്‍ട്ടില്‍ ഞാന്‍ കണ്ടു.ഇരുപത്തി ഒന്നു വയസ്സുള്ള ഒരു താര.പേരു താരയെന്നാണങ്കിലും രൂപം താടകയുടെയും സ്വഭാവം പൂതനയുടെയും ആകാതിരുന്നാല്‍ മതിയാരുന്നു.
എന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടു.വന്നു കയറിയത് ഒരു സുന്ദരി കുട്ടി.വന്നപാടെ അവള്‍ സൈഡ് സീറ്റില്‍ ഇരുന്നു , പുറത്തെക്ക് നോക്കി ഒറ്റ ഇരുപ്പ്.ട്രെയിന്‍ നീങ്ങി തുടങ്ങിയിട്ടും അതേ ഇരുപ്പു തന്നെ.
കഷ്ടം????
പുറം ലോകം ആദ്യമായി കാണുകയാ എന്നു തോന്നുന്നു.ഇങ്ങനുള്ള ഈ ജന്തുവിന്‍റെ അടുത്ത് എങ്ങനാ ഒന്നു മുട്ടുകാ?
സമയം നീങ്ങുന്ന അനുസരിച്ചു എന്‍റെ മനസിന്‍റെ പിരിമുറുക്കവും കൂടി വന്നു….
അപ്പോഴാണു പുറത്ത് ചെറുതായി മഴ ചാറി തുടങ്ങിയത്.ഒരു തുള്ളി വെള്ളം ശരീരത്തില്‍ വീണതും അവളുടെ സ്വഭാവം മാറി.ചാടി എഴുന്നേറ്റ് സൈഡ് വിന്‍റോയുടെ ഗ്ലാസ്സ് അടക്കാന്‍ ശ്രമം തുടങ്ങി.അവളുടെ പെരുമാറ്റം കണ്ടാലറിയാം അവള്‍ക്ക് വെള്ളം അലര്‍ജിയാണന്ന്.
പക്ഷേ ആ പരിപാടി അത്ര എളുപ്പമായിരുന്നില്ല.അവള്‍ എത്ര ശ്രമിച്ചിട്ടും ആ ഗ്ലാസ്സടയുന്നില്ല.ഇപ്പം എന്നോട് ചോദിക്കും ഒന്നു സഹായിക്കാമോ എന്ന്.അങ്ങനെ സഹായിക്കാന്‍ ചെന്നു പരിചയപ്പെടാം.ഈ ഐഡിയ മനസ്സില്‍ വന്നപ്പോള്‍ മുതല്‍ എന്‍റെ മനസ്സ് അവിടിരുന്നു മന്ത്രിക്കാന്‍ തുടങ്ങി:
ചോദിക്കു...ചോദിക്കു...ചോദിക്കു...
എവിടെ?
അവളവിടെ പുത്തൂരംപുത്രി ഉണ്ണിയാര്‍ച്ചയെ പോലെ ആ വിന്‍റോയില്‍ എന്തോക്കെയോ അഭ്യാസം കാണിക്കുന്നുണ്ട്.അത് കണ്ട് മഴക്ക് വരെ കഷ്ടം തോന്നി എന്നു തോന്നുന്നു.മഴ നിന്നു.
എന്‍റെ ആ പ്രതീക്ഷയും അസ്തമിച്ചു.

മഴ മാറിയതും അവളൊരു പുസ്തകം എടുത്ത് വായന തുടങ്ങി.ഏതോ നോവലാ.സമയം സന്ധ്യയായിട്ടും അവളതില്‍ നിന്ന് തല എടുക്കുന്ന മട്ടില്ല.നോവലിലെ ഗ്രാമര്‍ മിസ്റ്റേക്ക് നോക്കുകയായിരിക്കും.
പാവം!!!!
ഇരുട്ടാകുകയല്ലേ,ലൈറ്റിട്ട് കൊടുത്തുകളയാം.ഒരു സഹായം.
ഞാന്‍ ലൈറ്റിട്ടതും അവള്‍ പുസ്തകം അടച്ചതും ഒരുമിച്ചായിരുന്നു.ഒന്നുങ്കില്‍ വെളിച്ചത്ത് കാട്ടാന്‍ കൊള്ളാത്ത എന്തോ ആണു അവള്‍ വായിച്ചുകൊണ്ടിരുന്നത് അല്ലങ്കില്‍ ന്യൂട്ടന്‍റെ മൂന്നാം നിയമം ശരിയാണന്ന് തെളിയിച്ചതാണ്.
'ഫോര്‍ എവരി ആക്ഷന്‍ ദെയര്‍ ഈസ് ആന്‍ ഈക്യുല്‍ ആന്‍ഡ് ഓപ്പസിറ്റ് റിയാക്ഷന്‍'
രണ്ടാമത് പറഞ്ഞതാ സത്യം എങ്കില്‍ പണ്ട് ന്യൂട്ടനും ഇതേ പോലെ ട്രെയിനില്‍ യാത്ര ചെയ്തപ്പോഴാകാം മൂന്നാംനിയമം കണ്ടുപിടിച്ചത്.
അടുത്ത സ്റ്റോപ്പ് എത്തിയപ്പോള്‍(സ്റ്റോപ്പ് ഞാന്‍ ഓര്‍ക്കുന്നില്ല) ഞങ്ങളുടെ ക്യാബിനില്‍ ഒരു ഫാമിലി കയറി.എന്നെ കണ്ടതും അവരുടെ കൂടെയുള്ള ഒരു അമ്മാവന് എന്‍റെ അടുത്തുവന്നു.എന്നിട്ടൊരു ആമുഖം:
"മോനേ,ഒരു ഉപകാരം ചെയ്യാമോ?"
ഈശ്വരാ, കംസന്‍!!!!
ആ ചോദ്യം കേട്ടതും ഞാന്‍ പതുക്കെ ബാഗും എടുത്ത് അയാളുടെ മുഖത്ത് നോക്കി.എങ്ങോട്ടാ പോകേണ്ടത് എന്ന അര്‍ത്ഥത്തില്‍?
അയാളുടെ ഫാമിലിയില്‍ പെട്ട രണ്ട് ആള്‍ക്കാര്‍ തൊട്ടടുത്തുള്ള ക്യാബ്ബിനിലാണു,ഞാനും താരയും അങ്ങോട്ട് മാറിയാല്‍ അവര്‍ക്ക് ഇവിടെ വന്നിരിക്കാം.തികച്ചും ന്യായമായ കാര്യം.
(താര എന്‍റെ കൂടെ വരും എന്നു പ്രതീക്ഷിച്ചിട്ടല്ല,ആവശ്യം പൊതുവേ ന്യായമായിരുന്നു)
പുതിയ ക്യാബിനില്‍ എത്തിയിട്ടും ഒരു മാറ്റവുമില്ല.ആകെ ഒരു വ്യത്യാസം അവിടെ അധികപ്പറ്റായി ഒരു കിളവന്‍ ഇരുപ്പുണ്ട്.ഞാന്‍ നോക്കുമ്പോഴെല്ലാം താരയുടെ കണ്ണ് തീവണ്ടിക്കു പുറത്തോട്ട്,ആ കിളവന്‍റെ കണ്ണ് താരയുടെ പുറത്തോട്ട്.
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്!!!!

രാത്രി ആയപ്പോള്‍ അവള്‍ തന്‍റെ ഹാന്‍ഡ് ബാഗില്‍ നിന്നും ഒരു ചങ്ങലയും പൂട്ടും എടുത്തു, എന്നിട്ട് അവളുടെ ലഗേജ് സൂക്ഷിച്ചിരുന്ന വലിയ ബാഗ് അതുപയോഗിച്ച് ട്രെയിനിന്‍റെ കമ്പിയില്‍ പൂട്ടി ഇട്ടു.ഇത് കണ്ട് ഞാന്‍ അമ്പരന്നു ഇരിക്കുന്നത് കണ്ടിട്ടാകണം എന്നോട് ഒരു വിശദീകരണം:
"കള്ളന്‍മാരുള്ള കാലമാണേ"
ഇനി ഞാന്‍ കള്ളനാണന്നാണോ അവള് ഉദ്ദേശിച്ചത്?
എന്തായാലും അവടെ ബുദ്ധി ഭയങ്കരം തന്നെ.ഒരു ബ്ലേഡ് ഉപയോഗിച്ച് കീറിക്കോണ്ട് പോകാവുന്ന ബാഗിനു ചങ്ങലയും പൂട്ടും.
മൈ ഗോഡ്,ഇവളപ്പം നാടന്‍ പട്ടിക്ക് ഗോള്‍ഡന്‍ ചെയിന്‍ ഇടുന്ന വര്‍ഗ്ഗമാണല്ലേ?
പക്ഷേ ഞാനെന്‍റെ മനോവിചാരങ്ങള്‍ പുറമേ കാട്ടിയതേ ഇല്ല.മാത്രമല്ല അവളായിട്ട് ഇങ്ങോട്ട് കയറി മുട്ടിയ അവസരം ഞാനായിട്ടെന്തിനാ പാഴാക്കുന്നത്?അതുകൊണ്ട് തന്നെ അവളുടെ ആ വിശദീകരണത്തെ ഞാന്‍ നല്ല രീതിയിലങ്ങ് പുകഴ്ത്തി:
"അതേ അതേ,സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ടാലോ"
അത് അവള്‍ക്കങ്ങ് ഇഷ്ടപ്പെട്ടന്ന് തോന്നുന്നു,അതുകൊണ്ടാരിക്കാം അവളൊരു മറുചോദ്യം ചോദിച്ചത്:
"ബാംഗ്ലൂരില്‍ എന്ത് ചെയ്യുന്നു?"
കൊള്ളാം.ബാംഗ്ലൂരില്‍ എഞ്ചിനിയറാണന്നും ആനയാണന്നും ചേനയാണന്നും പറയാന്‍ പറ്റിയ അവസരം.വിശദീകരണം കൊടുക്കാന്‍ വായ് തുറന്നതും പുറകില്‍ നിന്ന് ഒരു ചോദ്യം വന്നതും ഒരുമിച്ചായിരുന്നു:
"അളിയാ,നീ ഇത് എവിടെ പോകുന്നു?"
ങേ!!!
ആരാദ്?????
ഞാന്‍ തിരിഞ്ഞു നോക്കി.എന്‍റെ കൂടെ പഠിച്ച മുരളി.ഇവനെന്താ ഇവിടെ?അതും ഈ നേരത്ത്?പുതിയ ഒരാളെ കണ്ടതോടെ താര വീണ്ടും പുറത്തേക്ക് നോക്കി ഒറ്റ ഇരുപ്പ്.അതോടു കൂടി എന്‍റെ കണ്ട്രോളു പോയി.
നാശംപിടിച്ചവന്‍...
കെട്ടി എഴുന്നോള്ളാന്‍ കണ്ട സമയം.ഇവിടെ ബാക്കിയുള്ളവന്‍ ഉച്ച മുതലിരുന്നു വായിനോക്കി ഒരു വിധം കരക്കടുപ്പിച്ചപ്പോള്‍ നശിപ്പിക്കാനായി വന്നിരിക്കുന്നു.എന്‍റെ അവസ്ഥ ഒന്നു ആലോചിച്ചു നോക്കിയേ...
പുഴ നീന്തി വന്നപ്പോള്‍ കര അകന്നു പോയതുപോലേ!!!

ഒരു ചോദ്യോത്തര പരിപാടി പോലെ അവനോട് എനിക്ക് കുറെ സമയം സംസാരിക്കേണ്ടി വന്നു..അവന്‍റെ ചോദ്യങ്ങള്‍ക്ക് ഞാന്‍ പറഞ്ഞ മറുപടികള്‍ ഞാനിവിടെ വിശദീകരിക്കുന്നില്ല.പകരം എന്‍റെ മനസ്സില്‍ തികട്ടിവന്ന മറുപടികള്‍(അവനോട് നേരിട്ട് പറയാതിരുന്നത്) ഞാനിവിടെ വെളിപ്പെടുത്തുന്നു.

"എടാ നീ എന്താ ഇവിടെ?"
നിന്‍റെ മറ്റവനു പിണ്ഡം വയ്ക്കാന്‍

"ഞാനിവിടെ നിന്നെ പ്രതീക്ഷിച്ചതേ ഇല്ല"
ചെകുത്താന്‍ പലരൂപത്തില്‍ വരും എന്നല്ലേ?ഞാന്‍ നിന്നെ പ്രതീക്ഷിച്ചാരുന്നു

"ഒരു അത്ഭുതം തന്നെ അല്ലേ?"
ഇതിനാണോടാ കാലമാടാ അത്ഭുതം എന്നു പറയുന്നത്?

"നീ ഒറ്റക്കാണോ?"
അല്ലടാ,ഇടവക മുഴുവനുണ്ട്.

"ഞാനവിടിരുന്നു ബോറടിക്കുകയായിരുന്നു"
അതുകൊണ്ടായിരിക്കും എന്‍റെ നെഞ്ചത്തോട്ട് കേറാന്‍ ഇങ്ങോട്ട് വന്നത്?

അതുകൊണ്ടൊന്നും അവനു മതിയായില്ല.അവിടുത്തെ സംസാരം കഴിഞ്ഞപ്പോള്‍ അവന്‍ എന്നെയും വിളിച്ചുകൊണ്ട് അവന്‍റെ ക്യാബിനില്‍ കൊണ്ടുപോയി.അവിടവന്‍റെ വളിച്ച തമാശയും കേട്ട് പതിനൊന്നു മണി വരെ ഇരുന്നു.ഒരു വിധം ഗുഡ്നൈറ്റ് പറഞ്ഞ് തിരിച്ച് എത്തിയപ്പോഴത്തേക്കും താര ഉറങ്ങി.

സമയം പാതിരാത്രി.
അവളെ വിളിച്ചുണര്‍ത്തി അവളുടെ ചോദ്യത്തിനു ഉത്തരമായി ഞാന്‍ ബാംഗ്ലൂരില്‍ എഞ്ചിനിയറാണെന്ന് പറഞ്ഞാലോ?
വേണ്ട.രാവിലെ പറയാം അതാ എന്‍റെ ശരീരത്തിനു നല്ലത്.
ആ രാത്രി കഴിഞ്ഞു.രാവിലെ ഉറക്കമുണര്‍ന്നു നോക്കിയപ്പോള്‍ കണി കണ്ടത് മുരളിയെ.ആ തിരുമോന്ത കണ്ടതും എനിക്ക് ഒരു കാര്യം ഉറപ്പായി,
ഇന്നത്തെ കാര്യവും ഗോവിന്ദാ!!!!!
ഞാന്‍ ഉണര്‍ന്നു എന്നു കണ്ടതും അവന്‍ ചോദ്യങ്ങളുടെ ഭാണ്ഡകെട്ട് അഴിക്കാന്‍ തുടങ്ങി:
"അളിയാ ഇന്നലെ ചോദിക്കാന്‍ വിട്ടുപോയി,ബാംഗ്ലൂരിലെന്താ ജോലി?"
ഞാനവിടെ ആരാച്ചാരാണടാ പുല്ലേ, ആരാച്ചാര്‍....

ഞങ്ങളിങ്ങനെ സംസാരിച്ചിരുന്നതും ഒരു കിളിനാദം കേട്ടു,അത് താരയുടെതായിരുന്നു:
"കെ.ആര്‍ പുരം ആയോ?"
ഞാന്‍ മെജസ്റ്റിക്കിലാണ് ഇറങ്ങുന്നത്.അതാണു ലാസ്റ്റ് സ്റ്റോപ്പ്.അവള്‍ ചോദിച്ചത് അതിനു മുന്‍പുള്ള ഒരു സ്റ്റോപ്പിനെ കുറിച്ചാണ്.ഇനി അവള്‍ക്ക് അവിടാണോ ഇറങ്ങേണ്ടത്?
ഞാനിത് ആലോചിച്ചിരുന്ന സമയം കൊണ്ട് അവളുടെ ചോദ്യത്തിനെ മുരളി ഹെഡ് ചെയ്തു:
"കെ.ആര്‍ പുരത്താണോ ഇറങ്ങേണ്ടത്?"
"അതേ"
അതിനുശേഷം അവിടെ സംഭവിച്ചത് എനിക്ക് ഒരു പിടിയും കിട്ടിയില്ല.അവള്‍ക്ക് കെ.ആര്‍ പുരത്താണു ഇറങ്ങേണ്ടതെന്നും,സ്ഥലം വലിയ പരിചയമില്ലന്നും ഏതോ ഒരു അഡ്രസ്സ് അറിയാമോ എന്നും ചോദിച്ചത് മനസ്സിലായി.മുരളിയുടെ സൈഡില്‍ നിന്നു പറയുകയാണങ്കില്‍ കെ.ആര്‍ പുരം അവന്‍റെ അപ്പുപ്പന്‍റെ വകയാണന്നും അവിടുത്തെ അഡ്രസ്സെല്ലാം അവന്‍റെ കീശയിലാണന്നും അവളെ സുരക്ഷിതമായി സ്ഥലത്ത് എത്തിക്കുന്ന ഉത്തരവാദിത്തം അവന്‍ ഏറ്റന്നും പറഞ്ഞതും ഓര്‍മ്മയുണ്ട്.
അപ്പോഴേക്കും കെ.ആര്‍ പുരം ആയി. എന്നോട് ഒരു വാക്കുപോലും പറയാതെ മുരളി അവളുടെ ബാഗുമെടുത്ത് ചാടി ഇറങ്ങി.പൂവന്‍റെ പിറകിനു പോകുന്ന പിടയെ പോലെ അവളും.എന്താണു സംഭവിച്ചത് എന്നു മനസ്സിലാകാതെ ആള്‍ക്കൂട്ടത്തിലേക്ക് നടന്നുനീങ്ങിയ അവരെ നോക്കി സ്തംഭിച്ചു നിന്ന ഞാന്‍ കാര്യങ്ങളുടെ കിടപ്പ് വശം മനസ്സിലാക്കി വന്നപ്പോഴേക്കും ട്രെയിന്‍ മെജസ്റ്റിക്കിലെത്തി.
പതുക്കെ എന്‍റെ ബാഗുമെടുത്ത് റൂമിലേക്ക് നടക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു ചോദ്യം മാത്രം അവശേഷിച്ചു:

ഇതിനാണോ മണ്ണും ചാരി ഇരുന്നവന്‍ പെണ്ണും കൊണ്ടു പോയി എന്നു പറയുന്നത്?





43 comments:

Unknown said...

സാരമില്ല ഇനിയും എത്രയെത്ര യാത്രകള്.. തുമാരാ നംബര് ആയേഗാ...
(സത്യം പറ അരുണ്, ആ ആദ്യത്തെ പാര പിന്നെ എഴുതിച്ചേര്ത്തതല്ലേ ;) )

ബഷീർ said...

>>സമയം പാതിരാത്രി.
അവളെ വിളിച്ചുണര്‍ത്തി അവളുടെ ചോദ്യത്തിനു ഉത്തരമായി ഞാന്‍ ബാംഗ്ലൂരില്‍ എഞ്ചിനിയറാണെന്ന് പറഞ്ഞാലോ? <<


അന്റുമ്മാ ( കണ്ണൂര്‍ സ്റ്റൈ ല്‍ )

ചിരിച്ച്‌ ചിരിച്ച്‌..ഞാന്‍ . കരച്ചിലിന്റെ വക്കത്തെത്തി..

കുഞ്ഞന്റെ ഉപദേശം കേട്ടല്ലോ..

ഒരു ദിവസം വരും. അന്നത്തോടെ എല്ലാം ശരിയാവും... (കിട്ടേണ്ടത്‌ കിട്ടിയാല്‍ )

നന്നായി ഈ യാത്രയും :)

കുറ്റ്യാടിക്കാരന്‍|Suhair said...

ആത്മകഥാംശമുള്ള ഈ പോസ്റ്റ് നന്നായി അരുണ്‍..
:)

രസികന്‍ said...

"അളിയാ ഇന്നലെ ചോദിക്കാന്‍ വിട്ടുപോയി,ബാംഗ്ലൂരിലെന്താ ജോലി?"
ഞാനവിടെ ആരാച്ചാരാണടാ പുല്ലേ, ആരാച്ചാര്‍....

ഹ ഹ അരുണേ വീണ്ടും കലക്കി കെട്ടോ . അരുണിന്റെ ഹാ‍സ്യ ശൈലി അത്യുഗ്രൻ.

ആശംസകൾ

പിന്നെ . എവിടെയായിരുന്നു കുറച്ചു കാലം?

OAB/ഒഎബി said...

എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ...
ശുഭ യാത്രാ...

ജിജ സുബ്രഹ്മണ്യൻ said...

ഹ ഹ ഹ അതു നന്നായി,, മണ്ണും ചാരി ഇരുന്നവന്‍ കൊണ്ടു പോയല്ലോ പെണ്ണിനെ... സാരമില്ല കേട്ടോ അരുണിന്റെ മുല്ലയും ഒരിക്കല്‍ പൂക്കും ...

ശ്രീഹരി said...

സംഭവാമി യുഗേ യുഗേ. വരാനുള്ളതൊന്നും വഴിയില്‍ തങ്ങൂല്ല. കൂടെ വരും.

ഗോപക്‌ യു ആര്‍ said...

സംഭവം കലക്കി അളിയാ..


.പിന്നെ ഈ പട്ടി പ്രയോഗം വേണോ

അരുണ്‍ കരിമുട്ടം said...

കുഞ്ഞന്‍സ്സ്: തേങ്ങ ഉടച്ചതിനു നന്ദി.
ബഷീറിക്കാ:കിട്ടേണ്ടത് കിട്ടി കേട്ടോ,അത് ഞാനറിയിക്കാം
കുറ്റ്യാടി മച്ചാ:ആത്മകഥ അല്ലേ അല്ല.
രസികാ:സ്വല്പം ബിസി ആയിരുന്നു.കാരണമുണ്ട്.അറിയിക്കാം
ഒഎബി:ഞാനാ സമയവും പ്രതീക്ഷിച്ചിരിക്കുകയാ വിജയാ..
കാന്താരികുട്ടി:മുല്ല പൂത്തു.
ശ്രീഹരി:നന്ദി
ഗോപക്:അഭിപ്രായം മാനിച്ചിരിക്കുന്നു,പട്ടി പ്രയോഗം മാറ്റി.പോരെ?

ശ്രീ said...

ഹ ഹ. കിടിലന്‍! രസികന്‍ വിവരണം മാഷേ... :)

ആ ചോദ്യോത്തര പരിപാടി ആണ് ഏറ്റവും ചിരിപ്പിച്ചത്.

:)

Sarija NS said...

സാരമില്ലാന്നെ, ഇനിയും യാത്രകളുണ്ടാവുമല്ലൊ

അരുണ്‍ രാജ R. D said...

"അപ്പോഴാണു പുറത്ത് ചെറുതായി മഴ ചാറി തുടങ്ങിയത്.ഒരു തുള്ളി വെള്ളം ശരീരത്തില്‍ വീണതും അവളുടെ സ്വഭാവം മാറി.ചാടി എഴുന്നേറ്റ് സൈഡ് വിന്‍റോയുടെ ഗ്ലാസ്സ് അടക്കാന്‍ ശ്രമം തുടങ്ങി.അവളുടെ പെരുമാറ്റം കണ്ടാലറിയാം അവള്‍ക്ക് വെള്ളം അലര്‍ജിയാണന്ന്."

ചിരിച്ചു മരിച്ചേ..

മുരളിയെ കുറിച്ച് വല്ല വിവരവും പിന്നെ കിട്ടിയോ..? പോയ പോക്ക് കണ്ടിട്ട് ബന്ഗ്ലൂരിലെ ഏതെങ്കിലും പ്രൈവറ്റ് മെഡിക്കല്‍ കോളേജ്-ഇല്‍ ഒറ്റ കിഡ്നിയുമായി കിടക്കുന്നുണ്ടാകും...അങ്ങനത്തെ പ് രാക്ക് അല്ലെ പ്രാകിയത്

ചേട്ടോ..നിങ്ങളൊരു സംഭവം തന്നെ എന്ന് വീണ്ടു വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആ അവസാന വാചകത്തിലൊരു തിരുത്തല്‍ ഉണ്ടെങ്കില്‍ കേമായി.. മണ്ണും ചാരി നിന്നവന്‍ അല്ല കളിമണ്ണും ചാരിനിന്നവന്‍ കൊണ്ട് പോയീ എന്ന്.

അശ്വതി/Aswathy said...

എല്ലാവര്ക്കും ഒരു ദിവസം വരും.കാത്തിരിക്കുക.(നഷ്ടമൊന്നും ഇല്ലല്ലോ)
നല്ല പോസ്റ്റ്. ആശംസകള്‍

PIN said...

ഹാസ്യാത്മകമായ രചന.
നന്നായിരിക്കുന്നു...

ഗീത said...

ഹാസ്യമെഴുതാന്‍ അരുണിന് നല്ല വശമുണ്ട്. ബാംഗ്ലൂരില്‍ എവിടെയാ ഈ ആരാച്ചാര്‍ പണീ?

smitha adharsh said...

ഇതിനെ തന്നെയാവും,മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി എന്ന് പറയുന്നത്‌...ഇനി ഒരു ഉപദേശം....പാതിരാത്രിയായാലും, ഏത് മാങ്ങാ തൊലിയായാലും ആ താരപ്പെണ്ണിനെ വിളിച്ചുണര്‍ത്തി ബാംഗ്ലൂരില്‍ എഞ്ചിനീയര്‍ ആണ്,അങ്കമാലിയിലെ പ്രധാന മന്ത്രി ആയേക്കും എന്നൊക്കെ പറയാമായിരുന്നു...സാരമില്ല നേരത്തെ വന്നവര്‍ പറഞ്ഞു പോയ കംമെന്റ്ലെ ആ നമ്പര്‍ വരും...
പോസ്റ്റ് സൂപ്പര്‍ ആയി..കലക്കി കളഞ്ഞു.

..:: അച്ചായന്‍ ::.. said...

കൊള്ളാല്ലോ മാഷേ അങ്ങനെ കുട്ടുകാരന് ഒരു സൂപ്പര്‍ പണി കൊടുത്തു അല്ലേ :D .... ചിരിച്ചു മാഷേ ചിരിച്ചു കൊള്ളാം :D തകര്‍ത്തു കളഞ്ഞു ... ഇനിയും പോരട്ടെ എങ്ങനെ വെടികെട്ടുകള്‍ :)

സുല്‍ |Sul said...

"സ്വസ്ഥമായിട്ട് ഒരു ചായ കുടിക്കാനിരുന്നപ്പോഴാ ആദ്യം അനൌണ്‍സ്മെന്‍റ് കേട്ടത്.ആ ചൂടു ചായ അണ്ണാക്കിലോട്ടോഴിച്ച് ഓടി വന്നു കയറിയതാ.ചൂടു ചായ ആയത് കൊണ്ട് അത് വയറ്റിലെത്തിയ വഴി നല്ലപോലെ മനസിലായി." ഇതു ആത്മകഥയല്ലെന്നു പറയുന്നവനെ അസ്സല് രണ്ട് പൂശണം.
നര്‍മ്മം വാരിവിതറിയ ഈ പോസ്റ്റ് സൂപര്‍മേന്‍ :)
-സുല്‍

ഒരു സ്നേഹിതന്‍ said...

"മോനേ,എന്‍റെ മോള്‍ S3 ല്‍ ഒറ്റക്കാ,മോനവിടെ പോയികിടന്നാല്‍ അവള്‍ക്ക് ഇങ്ങു വരാമായിരുന്നു"

പണി കിട്ടി...

ആത്മാറ്ഥമായ ആത്മ കഥ...

വളരെ നന്നായിരുന്നു അരുണ്..

Kichu $ Chinnu | കിച്ചു $ ചിന്നു said...

ആ ചോദ്യോത്തര പംക്തി കലക്കി.. :)

Anil cheleri kumaran said...

കസ്തൂരി മമ്പഴം കാക്ക കൊത്തി പോയല്ലെ?
നന്നായി രസിച്ചു കഥ

സ്‌പന്ദനം said...

ഇതിനാണോ മണ്ണും ചാരി ഇരുന്നവന്‍ പെണ്ണും കൊണ്ടു പോയി എന്നു പറയുന്നത്?
ഇതിനാണോ മണ്ണും ചാരി ഇരുന്നവന്‍ പെണ്ണും കൊണ്ടു പോയി എന്നു പറയുന്നത്?

nandakumar said...

അണ്ണാ ഈ ബ്ലോഗ് കണ്ടെത്താന്‍ വൈകിപ്പോയി. ഇപ്പോഴെങ്കിലും വായിച്ചില്ലെങ്കില്‍ നഷ്ടമായേനെ!

“ആ ചോദ്യം കേട്ടതും ഞാന്‍ പതുക്കെ ബാഗും എടുത്ത് അയാളുടെ മുഖത്ത് നോക്കി.എങ്ങോട്ടാ പോകേണ്ടത് എന്ന അര്‍ത്ഥത്തില്‍?“

ഹഹഹ.... എല്ലാം ഗംഭീരം.. അനവസരത്തില്‍ വന്നു ചേരുന്ന ചില ‘നല്ല സുഹൃത്തുക്കള്‍‘ എനിക്കുമുണ്ടായിട്ടുണ്ട്. :)
ഗംഭീരം...

അരുണ്‍ കരിമുട്ടം said...

ശ്രീ : നന്ദി
സരിജേ,ഏതെങ്കിലും ഒരു യാത്ര അടിച്ചു പൊളിക്കാം ഇല്ലേ?
അരുണേ:മുരളി ഇവിടത്തന്നെ ഉണ്ടു.മൂപ്പന്‍ എന്നാ അവന്‍റെ ഇരട്ടപ്പേര്.എന്‍റെ സഹമുറിയന്‍റെ കൂട്ടുകാരനാ.
ചാത്തനിട്ടൊരു തിരിച്ചേറ്:കൊണ്ടു പോയി ചാത്താ,അവന്‍ കൊണ്ടു പോയി.
അശ്വതി,പിന്‍,ഗീതാഗീതികള്‍:നന്ദി
സ്മിതാ,അച്ചായോ:നന്ദി.നിങ്ങളുടെ ശൈലി ഒരേ പോലുണ്ടല്ലോ?

അരുണ്‍ കരിമുട്ടം said...

സുല്ലേ,സ്നേഹിതാ: ഇത് ആത്മകഥ അല്ലേ അല്ല.
കിച്ചു കിന്നു:നന്ദി
കുമാരാ:ആ മാമ്പഴം കാക്കക്കുള്ളതായിരുന്നു.
സ്പന്ദനം:ഇതു തന്നെ മണ്ണും ചാരി ഇരുന്നവന്‍ പെണ്ണും കൊണ്ടു പോകുന്നത്
നന്ദകുമാര്‍:നന്ദി.മാഷിന്‍റെ ബാംഗ്ലൂരില്‍ നിന്നു കന്യാകുമാരിക്കുള്ള പോക്ക് വായിച്ചാരുന്നു

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഇതിനാണോ മണ്ണും ചാരി ഇരുന്നവന്‍ പെണ്ണും കൊണ്ടു പോയി എന്നു പറയുന്നത്.അതു തന്നെ സംശയം വേണ്ട.പതിവു പോലെ അവതരണം കലക്കി ട്ടോ

ഷാനവാസ്‌ ഇലിപ്പക്കുളം said...

തൊട്ടടുത്തുതന്നെ ഒരു കായംകുളം സൂപ്പറ്ഫാസ്റ്റ് ബോറ്ഡ്‌വെച്ച് നിറയെ യാത്രക്കാരുമായി പ്ളാറ്റ്ഫോറ്മില്‍ പിടിച്ചിരിക്കുന്ന വിവരം വൈകിയാണറിഞ്ഞത്.നല്ല തിരക്കുണ്ടെങ്കിലും ഇനിയും ഏറെ യാത്ര്രക്കറ്ക്ക് സുഖമായി ഇതില്‍ കയറാം എന്ന് കയറി നോക്കിയപ്പോഴാണ്‌ മനസ്സിലായാത്.
ശ്ശെഡാ, ഇങ്ങനെ ഒരു വണ്ടിതുടങ്ങിയകാര്യം അറിആന്‍ താമസിച്ചു പോയല്ലോ! ഏതായാലും ഞന്‍ ഒരു സീറ്റ് സ്ഥിരമയി ബുക്ക് ചെയ്തുകഴിഞ്ഞു! എഴുതിയതെല്ലാം ഒറ്റയടിക്ക് വായിച്ചു. ഒരുപാട് രസിച്ചു.
അരുണ്‍, വളരെ രസകരമായ എഴുത്ത്. കിരണ്സ് പറഞ്ഞത് കാര്യമാക്കേണ്ട. കായംകുളത്തുകാറ്ക്ക് ജന്മനാ അല്പം കള്ളത്തരമുണ്ട്പോലും?! ഹ ഹ ഹ അപ്പോള്‍ ഈ പറയുന്ന കിരണ്സിനോ?? ഹ ഹ ഹ ;-)
ഓണാട്ടുകരക്കാരാ ഈ സൂപ്പര്‍ഫാസ്റ്റ് മുടങ്ങാതെ അങ്ങനെ ഓടട്ടെ! അയലത്തുകാരന്റെ ആശംസകള്‍!

യാഥാര്‍ത്ഥ്യന്‍ - (vsk.krishnan) said...

thanikkupattiya patte mattvante thalayil vachvhu kettukayaano moneeee!

അരുണ്‍ കരിമുട്ടം said...

കിലുക്കാംപെട്ടി ചേച്ചിക്കും ഷാനവാസിനും യാഥാര്‍ത്ഥ്യനും ,
നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി.
എല്ലാവര്‍ക്കും എന്‍റെ ഓണാശംസകള്‍

ജെ പി വെട്ടിയാട്ടില്‍ said...

ഞാനീ കായംകുളത്ത് കാരെയെല്ലം കാണുമ്പോള്‍ എന്റെ കൂടെ സ്കൂളില്‍ പഠിച്ചിരുന്ന സുരേന്ദ്രനെ ഓര്‍മമ വരും... അവനു ഇപ്പോള്‍ അറുപത് വയസ്സ് കഴിഞ്ഞുകാണും....
സരസ്വതി നിവാസ് എന്നാണു വീട്ടു പേര്‍....
കണ്ടുമുട്ടിയാലെന്നോട് പറയണമേ...

പിന്നെ താങ്കളുടെ രചന കൊള്ളാം....
ആശംസകള്‍

Jayasree Lakshmy Kumar said...

അയ്യയ്യോ...ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി

അരുണ്‍ കരിമുട്ടം said...

ജെപി ചേട്ടാ,ലക്ഷ്മി നന്ദി.

വിജയലക്ഷ്മി said...

മോനേ....നല്ല പോസ്റ്റ്...ഈ ബ്ലോഗിലെത്തിയാലൊന്നാംതരം ച്ചിരിപായസം കുടിക്കാം.ആരോഗ്യത്തിനു നല്ലതാ....

അരുണ്‍ കരിമുട്ടം said...

കല്യാണി ചേച്ചി:നന്ദി
:)

Tince Alapura said...

നന്നായി അരുണ്‍.ഈ യാത്രയും :)

അരുണ്‍ കരിമുട്ടം said...

റ്റിന്‍സ്സ്:നന്ദി,ഇനിയും വരണേ

Sabu Kottotty said...

ഏയ്, ഇതു പെണ്ണും ചാരിയിരുന്നവന്‍ മണ്ണും കൊണ്ടു പോകേണ്ടി വന്ന കഥയാ...

അരുണ്‍ കരിമുട്ടം said...

കൊട്ടോട്ടിക്കാരന്‍:ഹ..ഹ..ഹ.

പയ്യന്‍സ് said...

:)
എനിക്കും ഇതുപോലെ ഒരു ട്രെയിന്‍ യാത്ര ഉണ്ടായി.. അവളാണ് അനാമിക.. അത് രണ്ടു പോസ്റ്റുകളില്‍ ആക്കി ഞാന്‍ എന്റെ ബ്ലോഗില്‍ പണ്ടു ഇട്ടിട്ടുണ്ട്:)

അരുണ്‍ കരിമുട്ടം said...

പയ്യന്‍സ്:നന്ദി:)

ശോഭിത said...

Superb ...!!!

ശോഭിത said...

Superb ...!!!

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com