For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

അഷ്ടമത്തില്‍ കഷ്ടകാലം





പന്ത്രണ്ട് രാശിയും, ഒമ്പത് ഗ്രഹങ്ങളും, അവയുടെ സ്ഥാനവും ചലനവും ആണ്‌ ഒരു മനുഷ്യന്‍റെ ജീവിതം നിയന്ത്രിക്കുന്നത് എന്നാണ്‌ ജ്യോതിഷപക്ഷം.അതില്‍ തന്നെ ചാരഫലം എന്നൊന്ന് ഉണ്ട്,അതിന്‍ പ്രകാരം ഒരാള്‍ക്ക് ചന്ദ്രനാല്‍ അഷ്ടമത്തില്‍ വ്യാഴം വരുന്ന പതിനൊന്ന് മാസം ദൈവാധീനം കാണില്ലത്രേ,മൊത്തത്തില്‍ കഷ്ടകാലം ആയിരിക്കും.അപ്പോള്‍ ഇതിന്‍റെ കൂടെ കണ്ടക ശനി കൂടി വന്നാലോ?
പിന്നെ ഒന്നും ചെയ്യേണ്ടാ,വെറുതെ ഇരുന്നാല്‍ മതി.
ആണി കൊണ്ട കാലേല്‍ കോഴി കൊത്തി സെപ്റ്റിക്കായി ചത്ത് വരെ പോകാം.
അത്രയ്ക്ക് നല്ല സമയം ആയിരിക്കും!!

കുറച്ച് വര്‍ഷം മുമ്പാണ്‌ എനിക്ക് ഇങ്ങനെ ഒരു ലോട്ടറി അടിച്ചത്.ഏകദേശം ഒരു വര്‍ഷത്തോളം ഇവ രണ്ടും ഒന്നിച്ച് വന്നു,എട്ടിലേ വ്യാഴവും കണ്ടക ശനിയും.
എന്‍റെ ജീവിതത്തിലെ വണ്‍ ഓഫ് ദി ബെസ്റ്റ് ടൈം അഥവാ സ്വര്‍ഗ്ഗീയ കാലഘട്ടം....
വഴിയെ പോകുന്ന പശുവിന്‌ പുല്ല്‌ കൊടുത്താല്‍ അത് എന്നെ കുത്താനിട്ട് ഓടിക്കുന്ന സമയം.
വിശദമായി പറഞ്ഞാല്‍ തമിഴ്നാട്ടിലെ എഞ്ചിനിയറിംഗ് കോളേജില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്ന കാലഘട്ടം.

അന്ന് തമിഴ്നാട്ടില്‍ കണ്ടു വന്നിരുന്ന ചില ആചാരങ്ങള്‍ എന്‍റെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചിരുന്നു.ദിവസവും വീടിന്‍റെ മുറ്റത്ത് കോലം വരയ്ക്കുന്നത്,അമ്പലപ്പറമ്പിലുള്ള കരകാട്ടം എന്നിവ ഇതില്‍ പെടും.ഇതിലേറെ എന്നെ സ്വാധീനിച്ചത് ഒരു വ്യക്തി മരിച്ച് കഴിഞ്ഞുള്ള ആചാരങ്ങളാണ്,
അവര്‍ ജീവനില്ലാത്ത ഒരു ശരീരം ശവപ്പറമ്പിലേക്ക് കൊണ്ട് പോകുന്നത്, അതിനു മുമ്പില്‍ ഡാന്‍സ്സ് കളിച്ചും കൂക്കി വിളിച്ചും ആണ്.മരിച്ച വ്യക്തിയെ സന്തോഷത്തോടെ യാത്രയാക്കുക എന്നാണത്രേ ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.
വളരെ നല്ല ആശയം!!!!
കഷ്ടകാലം തലയ്ക്ക് മുകളില്‍ വന്ന് എന്നെ തന്നെ നോക്കി ചിരിച്ച് കൊണ്ടിരുന്ന സമയത്ത് എനിക്ക് തോന്നി,എന്ത് കൊണ്ട് ഇത് കേരളത്തില്‍ പ്രാവര്‍ത്തികമാക്കി കൂടാ?
മലയാളികള്‍ മരിക്കുമ്പോഴും സന്തോഷത്തോടെ യാത്ര ആവട്ടെ!!!
മറ്റൊരു മലയാളിയും ചിന്തിക്കാത്ത ഈ മഹത് കാര്യം ചിന്തിച്ച നിമിഷം ആണ്‌ എന്നെ പറ്റി എനിക്ക് തന്നെ അഭിമാനം തോന്നിയ നിമിഷം.
എന്നെ സമ്മതിക്കണം,ഞാനൊരു കൊച്ച് മിടുക്കന്‍ തന്നെ!!!

ആ പ്രാവശ്യം നാട്ടിലെത്തിയപ്പോള്‍ ഞാനിത് കൂട്ടുകാര്‍ക്കിടയില്‍ അവതരിപ്പിച്ചു,എല്ലാവര്‍ക്കും പൂര്‍ണ്ണ സമ്മതം.ബാന്‍ഡ് മേളത്തിനു പകരം ബക്കറ്റില്‍ കമ്പ് വച്ച് കൊട്ടാമെന്ന് ശങ്കരന്‍കുട്ടിയും,ശവത്തിനു മുമ്പില്‍ ഡാന്‍സ്സ് കളിക്കാമെന്ന് ഞാനും ഏറ്റു.ഇനി വേണ്ടത് ശവത്തിനു മുകളില്‍ വയ്ക്കാന്‍ ഒറിജിനല്‍ പൂവ്വ് കൊണ്ട് ഒരു റീത്താ.അത് ആവശ്യമുള്ള സമയത്ത് എന്‍റെ കൈയ്യില്‍ എത്തിക്കാമെന്ന് മുരളി വാക്ക് തന്നു.
വടക്കേ ഇന്ത്യയില്‍ എവിടെയോ കണ്ട് വരുന്ന ഒരു രീതി ഉണ്ടത്രേ,മരിച്ച വീട്ടില്‍ മധുരവുമായി ചെല്ലുമെന്ന്.മരിച്ച വ്യക്തിക്ക് മോഷം കിട്ടുന്നത് ആഘോഷിക്കാനാണ്‌ ഇങ്ങനെ ചെയ്യുന്നത്.അതിനെ പറ്റി എനിക്ക് വ്യക്തമായി അറിയില്ല,ഉത്തരേന്ത്യയില്‍ നിന്നും വന്ന മനേഷാണ്‌ ഇത് പറഞ്ഞത്.
കേട്ടപ്പോള്‍ അതും സൂപ്പര്‍ ഐഡിയ!!!
എന്തായാലും ഇറങ്ങി തിരിച്ചു,അതും കൂടി ചെയ്തേക്കാം.കേരളമായതിനാല്‍ ലഡുവും ജിലേബിയും ഒന്നും വേണ്ടന്നും, മധുരത്തിനു നല്ല പൂവന്‍ പഴം മതിയെന്നും ഞങ്ങള്‍ തീരുമാനിച്ചു.
അങ്ങനെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി.

ഞങ്ങള്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതും യമദേവന്‍ ലീവെടുത്തതും ഒരേ ദിവസമാണെന്ന് തോന്നുന്നു.കാരണം നാട്ടില്‍ ആരും ചാവുന്നില്ല.കഷ്ടപ്പെട്ട് ഒരു പദ്ധതി തയാറാക്കിയിട്ട് അത് പ്രാവര്‍ത്തികമാക്കാന്‍ കാലതാമസം എടുക്കുമ്പോള്‍ ഉണ്ടാകുന്ന മനോവിഷമം മനസിലാക്കിയ ദിനങ്ങള്‍.
ഇനി എന്ത് ചെയ്യും??
ആരെ എങ്കിലും തല്ലി കൊന്ന് സന്തോഷത്തോടെ യാത്ര ആക്കിയാലോ???
ചിന്തകള്‍ ഇത്രത്തോളം എത്തിയപ്പോഴാണ്‌ ഞങ്ങളുടെ ചെവിയില്‍ ആ വാര്‍ത്ത എത്തിയത്,
'ജോര്‍ജ്ജ് അച്ചായന്‍ മര്‍ ഗയാ!!!'
'അയ്യോ പോയേ, അച്ചായന്‍ പോയേ' എന്ന വിലാപവുമായി ഞങ്ങള്‍ ആ വീട്ടിലേക്ക് ഓടി,സംഗതി സത്യമാണോന്ന് അറിയാന്‍?
സത്യം,പരമമായ സത്യം!!
മൂന്നു മണിക്കേ ശവമടക്ക് ഉള്ളു,അപ്പോഴത്തേക്കും അങ്ങ് എത്തിയേക്കാം എന്ന് ശങ്കരന്‍കുട്ടിയും കൂട്ടരും ഉറപ്പ് തന്നു.രണ്ട് മണി ആയപ്പോള്‍ തന്നെ ഒരു കൈയ്യില്‍ ഒറിജിനല്‍ പൂവ്വിന്‍റെ റീത്തും, മറുകൈയ്യില്‍ പൂവ്വന്‍ പഴം അടങ്ങിയ കവറുമായി ഞാന്‍ അച്ചായന്‍റെ വീട്ടിലെത്തി.

അവിടെ എന്നെ എതിരേറ്റത് ആറാം ക്ലാസ്സില്‍ സയന്‍സ്സ് പഠിപ്പിച്ച രാഘവന്‍ മാഷായിരുന്നു.സാറിന്‍റെ ക്ലാസ്സില്‍ ഏറ്റവും ഗുരുത്വം ഉള്ളത് എനിക്കാണ്‌ എന്നാ സാറിന്‍റെ അഭിപ്രായം,അതുകൊണ്ട് തന്നെ സാറിനെന്നെ വലിയ കാര്യവും ആയിരുന്നു.എന്‍റെ ഒരു കൈയ്യിലേ റീത്ത് അങ്ങേര്‍ക്ക് മനസ്സിലായി, പക്ഷേ മറ്റേ കൈയ്യിലേ കവര്‍ എന്തിന്‍റെയാണെന്ന് മനസ്സിലായില്ല.അത് കൊണ്ട് പുള്ളിക്കാരന്‍ ചോദിച്ചു:
"എന്തോന്നാടാ കവറില്?"
സത്യസന്ധനായ ഞാന്‍ മറുപടി പറഞ്ഞു:
"പഴം"
പറഞ്ഞ് കഴിഞ്ഞപ്പോഴാണ്‌ മനസ്സിലായത്,പറഞ്ഞത് പുലിവാലായി,
എന്തോന്നാടാ എന്ന മാഷിന്‍റെ ചോദ്യത്തിനു പഴം എന്ന് മറുപടി.
ദൈവമേ,നല്ല ഗുരുത്വം!!!
അധികം വിശദീകരിക്കേണ്ടി വന്നില്ല,അവിടെ കൂടി നിന്നവരുടെ മുമ്പില്‍ വച്ച് 'കുരുത്തം കെട്ടവനേ,നീ നന്നാവില്ലടാ' എന്ന് ആശംസിച്ചിട്ട് മാഷ് നടന്നു നീങ്ങി.

ഒന്നും മിണ്ടാതെ ഞാന്‍ നേരെ വീടിനകത്ത് ചെന്നു.അതാ,അവിടെ ജോര്‍ജ്ജ് അച്ചായന്‍റെ ജീവനറ്റ ശരീരം.അതിന്‍റെ നെഞ്ച് ഭാഗത്ത് റീത്തും തലഭാഗത്ത് പഴവും വച്ചിട്ട് ഞാന്‍ ഒരു നിമിഷം കണ്ണടച്ച് ഉറക്കെ പ്രാര്‍ത്ഥിച്ചു:
'അച്ചായാ,അങ്ങേയ്ക്ക് മോക്ഷം കിട്ടിയത് ഞങ്ങള്‍ ആഘോഷിക്കാന്‍ പോകുവാ.സന്തോഷമായിട്ട് പോണേ.എല്ലാവിധ ആശംസകളും'
കണ്ണ്‌ തുറന്ന് നോക്കിയപ്പോള്‍ ചുറ്റും നിന്ന് ആരൊക്കെയോ പല്ല്‌ കടിക്കുന്നത് കണ്ടു.
പാവങ്ങള്‍!!
ആചാരങ്ങളേയും അനുഷ്ടാനങ്ങളെയും കുറിച്ച് ഒരു ബോധവുമില്ലാത്ത ശിശുക്കള്‍!!!
അച്ചായാ ഇവരോട് ക്ഷമിക്കേണമേ.

കൃത്യം മൂന്ന് മണിക്ക് തന്നെ വിലാപയാത്ര തുടങ്ങി.അത് മെയിന്‍ റോഡില്‍ എത്തിയപ്പോള്‍ തന്നെ ശങ്കരന്‍കുട്ടിയും കൂട്ടരും വന്നു.
അങ്ങനെ ഞങ്ങള്‍ ആ കര്‍മ്മം ആരംഭിച്ചു.....
ശങ്കരന്‍ കുട്ടി ബക്കറ്റില്‍ കമ്പ് വച്ച് കൊട്ടി,മനേഷ് പാട്ട് പാടി,ശവത്തിനു മുമ്പില്‍ കിടന്ന് അറിയാവുന്ന സ്റ്റെപ്പ് വച്ച് ഞാന്‍ ഡാന്‍സ്സ് കളിച്ചു.എന്‍റെ ആദ്യത്തെ രണ്ട് സ്റ്റെപ്പ് കണ്ടപ്പോള്‍ തന്നെ ശവമടക്കിനു വന്ന എന്‍റെ ബന്ധുക്കളൊക്കെ അവിടെ നിന്നും മുങ്ങി.ഇതൊന്നും അറിയാതെ ഞാനാണങ്കില്‍ ഒരേ ഡാന്‍സ്സും,പാട്ടും.ആരൊക്കെയോ വന്ന് ഞങ്ങളെ പിടിച്ച് മാറ്റാന്‍ നോക്കുന്നുണ്ട്.എവിടെ?
അച്ചായന്‍ സന്തോഷത്തോടെ യാത്രയാകണം.അത് മാത്രമായിരുന്നു ഞങ്ങളുടെ ആഗ്രഹം.
അങ്ങനെ ആ വിലാപയാത്ര ആഘോഷപൂര്‍വ്വും ഞങ്ങള്‍ സെമിത്തേരിയില്‍ എത്തിച്ചു.
ഒടുവില്‍ ശവം അടക്ക് ചടങ്ങും കഴിഞ്ഞു,ഞങ്ങളുടെ ആഗ്രഹം പൂര്‍ത്തിയായി.

അരമണിക്കൂര്‍ ഡാന്‍സ്സ് കളിച്ചതിന്‍റെ ക്ഷീണം ഉണ്ടങ്കിലും,അച്ചായനെ സന്തോഷത്തോടെ യാത്ര ആക്കിയ ചാരിതാര്‍ത്ഥ്യത്തില്‍ ഞങ്ങള്‍ സെമിത്തേരിയുടെ മതിലില്‍ വിശ്രമിച്ചു.
അങ്ങനെ കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ചത്ത് കഴിഞ്ഞ് സന്തോഷത്തോടെ യാത്രയായി,
യാത്രയാക്കിയത് ഞാനും!!!
ഇത് മിക്കവാറും ചരിത്രത്തില്‍ ഇടം പിടിക്കും.
അപ്പോഴാണ്‌ അച്ചായന്‍റെ വീട്ടുകാര്‍ ഞങ്ങളുടെ അടുത്തോട്ട് വന്നത്,എന്നിട്ട് ചോദിച്ചു:
"ആരാ ഇങ്ങനെ ഒരു പരിപാടിക്ക് പ്ലാനിട്ടത്?"
ദേ,ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്നു.ഉള്ളില്‍ തികട്ടി വന്ന സന്തോഷം മറച്ച് വച്ച് ഞാന്‍ പറഞ്ഞു:
"ഞാനാ"
എന്നെ മനസ്സിലായ അവര്‍ പറഞ്ഞു:
"മനു വീട്ടിലോട്ട് ഒന്ന് വരണം"
തമിഴ്നാട്ടില്‍ ഇങ്ങനാ,ഇത്തരം ഒരു പരിപാടി കഴിഞ്ഞാല്‍ അത് നടത്തിയ നേതാവിനെ വീട്ടിലോട്ട് വിളിച്ച് കൈ നിറയെ പൈസ തന്ന് വിടും.അതിനായിരിക്കണം അച്ചായന്‍റെ വീട്ടുകാരും വിളിക്കുന്നത്.
ബേസിക്കലി ഇവര്‍ തമിഴ്നാട്ടുകാരാണെന്നാ തോന്നുന്നേ!!!
അവരോടൊപ്പം ഞാന്‍ അച്ചായന്‍റെ വീട്ടിലേക്ക് യാത്രയായി.പുറപ്പെടുന്നതിനു മുമ്പ് ശങ്കരന്‍കുട്ടി എന്നോട് പറഞ്ഞു:
"അളിയാ, കിട്ടുന്നതില്‍ ഒരു പങ്ക് ഞങ്ങള്‍ക്കും തരണേ"
തീര്‍ച്ചയായും,ഇല്ലങ്കില്‍ പിന്നെ എന്തോന്ന് ഫ്രണ്ട്ഷിപ്പ്?

അച്ചായന്‍റെ വീട്ടിലെത്തിയ ഉടനെ അവരെന്നെ ഒരു മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി.അവിടുത്തെ കാരണവന്‍മാരടക്കം പത്ത് പേര്‌ ആ മുറിയില്‍ ഉണ്ടായിരുന്നു.ഞാന്‍ അകത്ത് കയറിയ ഉടനെ അവര്‍ കതകിന്‍റെ കുറ്റിയിട്ടു.അതിനു ശേഷം കൂട്ടത്തില്‍ ഒരുവന്‍ ഒരു ചോദ്യം ചോദിച്ചു.
ആ ചോദ്യത്തോടൊപ്പം അവരെന്നെ ഒന്ന് അഭിസംബോധനയും ചെയ്താരുന്നു.അവര്‍ അഭിസംബോധന ചെയ്തത് ഒറ്റവാക്കില്‍ ആണെങ്കിലും അതിനെ വിഗ്രഹിച്ച് പറഞ്ഞാല്‍ ആ ചോദ്യം ഏകദേശം ഇപ്രകാരമാണ്:
"പൂവ്വുമായി വന്ന മോനേ,എന്താടാ നിന്‍റെ ഉദ്ദേശം"
ഞാന്‍ കൊണ്ട് വന്ന റീത്തില്‍ ഒറിജിനല്‍ പൂവ്വാണെന്ന് ഇവരെങ്ങനെ അറിഞ്ഞോ എന്തോ?
ചോദ്യത്തിന്‍റെ അര്‍ത്ഥം മനസ്സിലാവാഞ്ഞതിനാല്‍ ഞാന്‍ ഒന്നും മിണ്ടിയില്ല.
എന്‍റെ പ്രതികരണം കണ്ടിട്ടാവാം ചോദ്യം ചോദിച്ചവന്‍ അടുത്തോട്ട് വന്ന് എന്‍റെ കുത്തിനു പിടിച്ച് ഒരു ചോദ്യം കൂടി:
"ഡാഷ് മോനേ,ആര്‌ പറഞ്ഞിട്ടാടാ ഇങ്ങനെയെല്ലാം കാണിച്ച് കൂട്ടിയത്?"
ആ ചോദ്യം കേട്ടതും എന്‍റെ ധൈര്യമെല്ലാം ചോര്‍ന്ന് പോയി.
ചോര്‍ന്ന് പോയ ധൈര്യം കാലേല്‍ കൂടി ഊര്‍ന്ന് തറയിലെല്ലാം പരക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.'എസ്ക്യൂസ്സ് മീ' എന്ന് പറഞ്ഞിട്ട് ടോയിലറ്റില്‍ പോയി ധൈര്യം ചോര്‍ത്തി കളയാനുള്ള സമയം പോലും അവന്‍മാര്‍ എനിക്ക് തന്നില്ല,
ദുഷ്ടന്‍മാര്‍!!!
ഒരു വിധത്തില്‍ വിക്കി വിക്കി ഞാന്‍ മറുപടി പറഞ്ഞു:
"ഞാന്‍ തന്നെ പ്ലാന്‍ ചെയ്തതാ,അച്ചായനെ സന്തോഷത്തോടെ യാത്രയാക്കാന്‍"
എന്‍റെ മറുപടി മനസ്സിലാകാത്ത അവര്‍ പരസ്പരം നോക്കി.

"എന്തോന്നാടാ ഇത്?"
ഇക്കുറി ഞാന്‍ കൊണ്ട് വന്ന കവര്‍ പൊക്കി പിടിച്ചാണ്‌ ചോദ്യം.ഒരിക്കല്‍ കൂടി പഴമാണെന്ന് പറയാനുള്ള ധൈര്യം എനിക്കില്ല.അതിനാല്‍ ഞാന്‍ പറഞ്ഞു:
"അത് മധുരമാ,ആഘോഷിക്കാന്‍ വേണ്ടി കൊണ്ട് വന്നതാ"
എന്‍റെ ഈ മറുപടി കേട്ടതും,'എന്‍റെ അപ്പന്‍ മരിച്ചത് നീ ആഘോഷിക്കും ഇല്ലേടാ' എന്ന് ചോദിച്ച് കൊണ്ട് അച്ചായന്‍റെ മകന്‍ എന്‍റെ കരണത്ത് അടിച്ചതും ഒന്നിച്ചായിരുന്നു.
അടികൊണ്ട് അമ്പരന്ന് നിന്ന എന്നോട് അവര്‍ വീണ്ടും ചോദിച്ചു:
"ഇനി ഇമ്മാതിരി കാണിക്കുമോടാ?"
പിന്നെ,ഇവനൊക്കെ ചാവുമ്പോള്‍ ഡാന്‍സ്സ് കളിക്കാന്‍ വരുമോ എന്ന്?
എന്‍റെ പട്ടി വരും,നോക്കിക്കോ..
അങ്ങനെ നീയൊന്നും സന്തോഷത്തോടെ യാത്ര ആകേണ്ടാ.
തമിഴ്നാട്ടില്‍ ഒരുത്തന്‍ ചത്താല്‍ ഡാന്‍സ്സ്,
ഉത്തരേന്ത്യയില്‍ ഒരുത്തന്‍ ചത്താല്‍ മധുരം,
ഇതേ കാര്യം കേരളത്തിലാണെങ്കില്‍ തല്ല്.
ചത്തവനു മാത്രം പരാതിയില്ല.ഇതായിരിക്കും നാനാത്വത്തില്‍ ഏകത്വം!!!
ഇങ്ങനെ മനസ്സില്‍ ഓര്‍ത്ത് കൊണ്ട് ഞാന്‍ വീട്ടിലേക്ക് യാത്രയായി,ഇനി ശങ്കരന്‍ കുട്ടിയെ ഒന്ന് കാണണം,അവനുള്ള പങ്ക് കൊടുക്കണം.
ഇല്ലെങ്കില്‍ പിന്നെ എന്തോന്ന് ഫ്രണ്ട്ഷിപ്പ്?

3 comments:

അരുണ്‍ കരിമുട്ടം said...

ഒരിക്കല്‍ പ്രസിദ്ധീകരിച്ചതാണ്, പിന്നീട് ഡിലീറ്റ് ചെയ്യേണ്ടി വന്നു.ഇതാ വീണ്ടും പ്രസിദ്ധീകരിക്കുന്നു.
കൂട്ടുകാര്‍ ഇട്ട കമന്‍റ്‌ എല്ലാം നഷ്ടപ്പെട്ടു പോയി, ക്ഷമിക്കണം

nobins said...

"പൂവ്വുമായി വന്ന മോനേ..."എന്നാണോ വിളിച്ചത് ? :p

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാാ.വല്ലാത്ത അഹമ്മതിയായിപ്പോയി.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com