For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

മനസില്‍ ഒരു ഗജരാജയോഗം





'വിഷു..'
ഏത് മറുനാട്ടില്‍ ആയാലും മലയാളിയുടെ മനസ്സില്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന വാക്ക്.ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തില്‍ ജനിച്ച് വളര്‍ന്ന ഏതൊരു ആളേയും പോലെ വിഷുകണിയും വിഷുകൈനീട്ടവും സ്വാധീനിച്ച ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു.ഈ പറഞ്ഞ വിഷുവിന്‌ കുറച്ച് നാള്‍ മുമ്പേ ഞങ്ങളുടെ നാട്ടില്‍ ഉത്സവസീസണ്‍ തുടങ്ങും.ആനയും ആലവട്ടവും താലപ്പൊലിയും എല്ലാം ഉള്ള അടിപൊളി ഉത്സവസീസണ്‍.

അങ്ങനെ എന്‍റെ കുട്ടിക്കാലത്തെ ഒരു വിഷുവിനു മുമ്പുള്ള ഒരു ഉത്സവസീസണ്‍...
അച്ഛന്‍റെ കൈയ്യില്‍ തൂങ്ങി ഉത്സവപറമ്പിലൂടെ നടന്നപ്പോള്‍ എന്‍റെ മനസ്സില്‍ ഒരു ആഗ്രഹം തോന്നി,ഏതൊരു കുട്ടിയ്ക്കും തോന്നാവുന്ന നിര്‍ദ്ദോഷമായ ഒരു ആഗ്രഹം.പിള്ളമനസ്സില്‍ കള്ളമില്ല എന്നല്ലേ,അതുകൊണ്ട് തന്നെ ആഗ്രഹം അച്ഛനോട് പറയാന്‍ ഞാനൊരു മുഖവുരയിട്ടു:
"അച്ഛാ,എനിച്ചൊരു കാര്യം വാങ്ങിച്ച് തരുമോ?"
സ്നേഹസമ്പന്നനായ അച്ഛന്‍ രണ്ട് കൈയ്യും കൊണ്ട് എന്നെ കോരി എടുത്ത് നെറ്റിയ്ക്ക് ഒരു ഉമ്മയും തന്നു, എന്നിട്ട് ചോദിച്ചു:
"എന്‍റെ മോനെന്താ വേണ്ടത്?"
ആഗ്രഹം പറയാന്‍ പറ്റിയ സമയം,ഞാന്‍ പറഞ്ഞു:
"എനിച്ച് ഒരു ആനയെ വേണം"
എന്‍റെ നിസ്സാരമായ ആവശ്യം കേട്ട് ഒരു സാദാ സര്‍ക്കരുദ്യോഗസ്ഥനായ അച്ഛന്‍ ഒന്ന് ഞെട്ടി.രണ്ട് കൈ കൊണ്ടും എന്നെ കോരിയെടുത്ത അച്ഛന്‍ അതേ പോലെ താഴെ നിര്‍ത്തി.എന്നിട്ട് പറഞ്ഞു:
"മിണ്ടാതിരുന്നോണം,ഇല്ലേ നിന്നെ മാക്രി പിടുത്തക്കാര്‍ക്ക് കൊടുക്കും"
ആ ഭീഷണി ഫലിച്ചു,പിന്നെ ഞാന്‍ മിണ്ടിയില്ല.

മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ആ കാലഘട്ടത്തില്‍, ഉത്സവപ്പറമ്പില്‍ വച്ച് മൊട്ടിട്ട ആ ആനക്കമ്പം , അന്ന് വൈകുന്നേരത്തിനുള്ളില്‍ തന്നെ പടര്‍ന്ന് പന്തലിച്ച് വലിയ മരമായി മാറി.സ്വന്തമായി ഒരു ആന വേണമെന്ന ഈ ആഗ്രഹമാണ്‌ ശിവന്‍കുട്ടിയുമായുള്ള എന്‍റെ സൌഹൃദത്തെ ഊട്ടി ഉറപ്പിച്ചത്.മേലേടത്തേ ശിവന്‍കുട്ടി എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ നാട്ടിലെ ഒരു പ്രമാണിയുടെ മകനാ.ഞങ്ങളുടെ നാട്ടില്‍ ആകെ ആനയുള്ളത് അവന്‍റെ വീട്ടിലാ.അതായിരുന്നു അവനെ എന്‍റെ കൂട്ടുകാരനായി ഞാന്‍ അംഗീകരിക്കാനുള്ള കാരണവും.

ഒടുവില്‍ ആ വര്‍ഷത്തെ വിഷുവായി,കൊന്നപൂവ്വ് വച്ചുള്ള കണിയ്ക്ക് ശേഷം വിഷുക്കൈനീട്ടം ശേഖരിക്കുന്നതിലായി എന്‍റെ ശ്രദ്ധ.അന്ന് വൈകുന്നേരം ആത്മമിത്രമായ ശിവന്‍കുട്ടി എനിക്ക് ഒരു ഓഫര്‍ തന്നു,ഒരു സ്നേഹിതനും തരാത്ത ഒരു ഗംഭീര ഓഫര്‍,
അവന്‍ എന്നോട് പറഞ്ഞു:
"ഒരു പത്ത് രൂപാ തരാമെങ്കില്‍ വീട്ടിലെ ആനയെ നിനക്ക് തരാം"
എനിക്ക് ആകെ കൈനീട്ടം കിട്ടിയത് പന്ത്രണ്ട് രൂപയാ.അത് കൊണ്ട് തന്നെ ഞാന്‍ അവനോട് ചോദിച്ചു:
"കുറച്ച് കുറയ്ക്കാന്‍ പറ്റുമോ?"
"എത്ര തരും?" അവന്‍റെ മറുചോദ്യം.
"എട്ട് രൂപ" ഞാന്‍ എന്‍റെ നയം വ്യക്തമാക്കി.
"ശരി, സമ്മതിച്ചു"
അങ്ങനെ ആ കച്ചവടം ഉറപ്പിച്ചു!!!
എന്‍റെ കൈയ്യില്‍ നിന്നും എട്ട് രൂപാ വാങ്ങിച്ചിട്ട്, അവന്‍റെ വീട്ടിലെ ആനയുടെ ഉടമസ്ഥന്‍ ഞാനാണെന്ന് ശിവന്‍കുട്ടി പ്രഖ്യാപിച്ചു.
എട്ട് രൂപ പോയാലെന്താ,സ്വന്തമായി ഒരു ആന ആയില്ലേ?

വീട്ടിലെ തൊഴുത്തില്‍ ആനയെ കെട്ടാന്‍ സ്ഥലമില്ല എന്ന എന്‍റെ തിരിച്ചറിവാണ്‌ ആനയെ ശിവന്‍കുട്ടിയുടെ വീട്ടില്‍ തന്നെ നിര്‍ത്താന്‍ ഞാന്‍ തീരുമാനിച്ചതിന്‍റെ പ്രധാന കാരണം.ആന എന്‍റെ വീട്ടില്‍ ആയിരുന്നില്ലെങ്കിലും, ഞാന്‍ ആനയെ വാങ്ങി എന്ന വാര്‍ത്ത എന്‍റെ കൂട്ടുകാരുടെ ഇടയില്‍ കാട്ടുതീ പോലെ പടര്‍ന്നു.
അവര്‍ക്ക് ഇടയില്‍ ഞാനൊരു ഹീറോ ആയി!!!
നാരങ്ങാ മിഠായിയും, ബോംബെ പൂടയും, സേമിയ ഐസ്സും എല്ലാം അവര്‍ എനിക്ക് കാഴ്ച വെച്ചു.പകരം എല്ലാവര്‍ക്കും ഒരേ ഒരു കാര്യമേ വേണ്ടിയിരുന്നുള്ളൂ,
'എലിഫെന്‍റ്‌ ടെയില്‍ ഹെയര്‍' അഥവാ 'ആനവാല്‍ രോമം'!!!
എന്നെ പോലെ ഒരു ആനമുതലാളിയ്ക്ക് സിംപിളായി സാധിച്ച് കൊടുക്കാന്‍ പറ്റുന്ന ഒരു ആഗ്രഹം.അതുകൊണ്ട് തന്നെ ഞാന്‍ പറഞ്ഞു:
"ഐ വില്‍ ഗീവ് "

മേടം പത്ത്, അതായത് വിഷു കഴിഞ്ഞുള്ള പത്താമത്തെ ദിവസം....
അന്നാണ്‌ എന്‍റെ വീടിനടുത്തുള്ള ദേവിക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം.അതോട് കൂടി ഉത്സവസീസണ്‍ തീരും.ആ വര്‍ഷം ഉത്സവത്തിനു എഴുന്നെള്ളിച്ചത് 'എന്‍റെ ആനയെ' ആയിരുന്നു.എഴുന്നെള്ളിപ്പ് കഴിഞ്ഞ് ആനയുമായി വിശ്രമിയ്ക്കുകയായിരുന്ന പാപ്പാന്‍റെ അടുത്ത്, ആനവാല്‍ രോമം ആവശ്യപ്പെട്ട എന്‍റെ കൂട്ടുകാരയും വിളിച്ച് കൊണ്ട് ഞാന്‍ ചെന്നു.ഞങ്ങളെല്ലാം ആനയ്ക്ക് ചുറ്റും കൂടുന്നത് കണ്ട് പാപ്പാന്‍ പറഞ്ഞു:
"പിള്ളാരൊക്കെ ഒന്ന് മാറി നിന്നേ"
എന്‍റെ കൂടെ വന്നവരെ അപമാനിച്ചത് ഇഷ്ടപ്പെടാഞ്ഞതിനാല്‍ ഞാന്‍ പാപ്പാനോട് പറഞ്ഞു:
"അവരൊക്കെ എന്‍റെ കൂടെ വന്നവരാ"
അത് കേട്ടതും പാപ്പാന്‍ എന്നെ ഒന്ന് നോക്കി, എന്നിട്ട് ചോദിച്ചു:
"താനാരാ?"
ഒരു ആനമുതലാളിയോട് ഒരു പാപ്പാന്‍ ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ചോദ്യം.അതു കൊണ്ട് തന്നെ അയാളെ നോക്കി കണ്ണൂരുട്ടി കൊണ്ട് ഞാന്‍ പറഞ്ഞു:
"ഞാന്‍ ഈ ആനയുടെ മുതലാളിയാ"
അത് കേട്ടതും അയാളൊന്ന് ഞെട്ടി എന്ന് തോന്നുന്നു.ഇരുന്നിടത്ത് നിന്നും അയാള്‍ പതുക്കെ എഴുന്നേറ്റ് എന്‍റെ അടുത്ത് വന്നു.അയാളെ നോക്കി കണ്ണൂരുട്ടി നിന്നിരുന്ന എന്നെ തിരിച്ച് നിര്‍ത്തി ചന്തിയ്ക്ക് മുട്ടന്‍ രണ്ട് അടി തന്നിട്ട് അയാള്‍ അലറി പറഞ്ഞു:
"ഓടെടാ.."
ഓര്‍ക്കപ്പുറത്ത് അടി കിട്ടിയ ഞാന്‍ കരയണോ അതോ ഓടണോ എന്ന് ഒരു നിമിഷം ശങ്കിച്ച് നിന്നു.പിന്നെ ഊരി പോയ നിക്കര്‍ വലിച്ച് കയറ്റി, കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് ഓടി.

പിറ്റേന്ന് ഞാനും എന്‍റെ കൂട്ടുകാരും കൂടി ശിവന്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ്‌ അവന്‍ ആ സത്യം പറഞ്ഞത്,
അവന്‌ ആനയെ വില്‍ക്കാനുള്ള അധികാരമേ ഉള്ളത്രേ!!!
പാപ്പാനെ വില്‍ക്കാനുള്ള അവകാശം അവന്‍റെ അച്ഛനാണ്‌ പോലും!!!
അവനെ വിശ്വാസമില്ലങ്കില്‍ ആനയെ അഴിച്ച് കൊണ്ട് പോയ്കൊള്ളാനും അവന്‍ എന്നോട് പറഞ്ഞു.
തലേന്ന് കൊണ്ട് അടിയുടെ ചൂടും, മാക്രിപിടുത്തകാര്‍ക്ക് എന്നെ കൊടുക്കും എന്ന അച്ഛന്‍റെ ഭീഷണിയും മനസ്സില്‍ ഉള്ളതിനാല്‍ വെറും മൂന്ന് രൂപയ്ക്ക് ആനയെ ശിവന്‍കുട്ടിയ്ക്ക് തന്നെ തിരിച്ച് വിറ്റിട്ട് ഞാന്‍ വീട്ടിലേക്ക് നടന്നു.
അഞ്ച് രൂപാ നഷ്ടം വന്നാലെന്താ,എന്തൊരു മനസമാധാനം!!!

കഴിഞ്ഞ വര്‍ഷത്തെ വിഷു...
കൂട്ടുകാരുമൊത്ത് ആഘോഷത്തില്‍ മുഴുകിയിരുന്ന എന്‍റെ അടുത്ത് വന്ന് പഴയ ശിവന്‍കുട്ടി ചോദിച്ചു:
"അളിയാ എന്‍റെ ലാന്‍സര്‍ കാറ്‌ വില്‍ക്കാന്‍ പോകുവാ, നിനക്ക് വേണോ?"
പണ്ടത്തെ ആനയും ചന്തിയ്ക്ക് കിട്ടിയ അടിയും ഓര്‍മ്മയുള്ള ഞാന്‍ തിരിച്ച് ചോദിച്ചു:
"ഡ്രൈവറേയും കൂടെ വില്‍ക്കാമോ?"
എന്‍റെ ചോദ്യം കേട്ടതും പണ്ട് പാപ്പാനെ വില്‍ക്കാതെ പറ്റിച്ച സാത്താന്‍, ഒന്നും മിണ്ടാതെ തിരിച്ച് പോയി.

ഇന്ന് വിഷു...
കഴിവതും ശിവന്‍കുട്ടിയെ കാണാതെ നോക്കണം.അല്ലെങ്കില്‍ അവന്‍ ചോദിക്കും,
കേരള സംസ്ഥാനം വില്‍ക്കാന്‍ പോകുകയാ വേണോ എന്ന്?
മുഖ്യമന്ത്രിയേ കൂടെ വില്‍ക്കുമോ എന്ന് എനിക്ക് ചോദിക്കാന്‍ പറ്റത്തില്ലല്ലോ?

12 comments:

അരുണ്‍ കരിമുട്ടം said...

ഒരിക്കല്‍ പ്രസിദ്ധീകരിച്ചതാണ്, പിന്നീട് ഡിലീറ്റ് ചെയ്യേണ്ടി വന്നു.ഇതാ വീണ്ടും പ്രസിദ്ധീകരിക്കുന്നു.
കൂട്ടുകാര്‍ ഇട്ട കമന്‍റ്‌ എല്ലാം നഷ്ടപ്പെട്ടു പോയി, ക്ഷമിക്കണം

ചെലക്കാണ്ട് പോടാ said...

മനൂന്‍റെ കൂട്ടുകാരന്‍ ശിവന്‍കുട്ടിയെ എന്തോ വളരെ ഇഷ്ടമായി...

ഇങ്ങനെ പഴയ പോസ്റ്റുകള്‍ പൊങ്ങി വരുന്നത് കൊണ്ട് അതും വായിക്കാന്‍ പറ്റുന്നു (എല്ലാ പോസ്റ്റും വായിക്കാന്‍ ടെയിം ഇല്ലല്ലോ?)

VEERU said...

കഥയും പടവും അജഗജാന്തരം ഉണ്ടല്ലോ...
ആഫ്രിക്കൻ ആനയുടെ പുറത്തായിരുന്നെങ്കിലും ഒരു ആൺകുട്ടിയെത്തന്നെ ഇരുത്താമായിരുന്നില്ലേ??

സുമേഷ് | Sumesh Menon said...

മുന്‍പേ വായിച്ചിരുന്നതാണ്, ന്നാലും ഒന്നൂടി അങ്ങട് വായിച്ചു..
ശിവന്‍കുട്ടി ചെറുപ്പത്തില്‍ തന്നെ നല്ലൊരു ബിസിനസ് മാഗ്നെറ്റ് ആയിരുന്നല്ലേ..!!
:)

Anonymous said...

അങ്ങനെ മംഗലശ്ശേരി നീലകണ്ഠന്റെ(അരുൺ) കാലം കഴിഞ്ഞു.!
ഇനിയേതാണാവോ മുണ്ടക്കൽ ശേഖരൻ?

Unknown said...

ഇതന്വേഷിച്ചു ബ്ലോത്രത്തില്‍ ക്ലിക്കിയപ്പോള്‍ കിട്ടിയത് പഴയ ഗര്‍ഭ കഥ അതുവായിച് വീണ്ടും ശ്രമിച്ചതാണ്.
ശിവന്‍കുട്ടി കേമനാണല്ലോ.
നഷ്ടകച്ചവടമാനെന്കിലും രണ്ടു ദിവസം ആന മുതലാളി ആയില്ലേ.

മുരളി I Murali Mudra said...

മുന്‍പൊരിക്കല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വീട് ഒരു ബ്രിട്ടീഷുകാരന് ഒരു കക്ഷി ഇന്റര്‍ നെറ്റിലൂടെ വിറ്റു എന്ന് കേട്ടിരുന്നു...
ഇനി ശിവന്‍കുട്ടി ആണോ ആവൊ....
:)

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

sivankutti oru pulikkutti thanne..

Unknown said...

ഇത് ഞാന്‍ പണ്ടേ വായിച്ചിരുന്നു.
എന്നാലും ഒന്ന് കൂടി വായിച്ചു
കിടു.

പഞ്ചാരക്കുട്ടന്‍.... said...

ഹായി അരുണ്‍....
കൊള്ളാം......
എവിടെയോ വയിച്ചതായി തോന്നി ഇവിടെതന്നെ ആയിരുന്നു അല്ലെ.....
സ്നേഹപൂര്‍വ്വം...
ദീപ്...

Sukanya said...

ഒരാനയെ വാങ്ങാന്‍ ആര്‍ക്കാ മോഹമില്ലാത്തത്? എന്തായാലും കുഴിയാനയെ അല്ലല്ലോ വാങ്ങിയത്?
:)

സന്തോഷ്‌ പല്ലശ്ശന said...

കഥ വായിച്ചു പകുതിയായപ്പൊ ഞാന്‍ ക്ളൈമാക്സ്‌ ഊഹിച്ചു. ശിവങ്കുട്ടിയുടെ ആന വല്ല പാവയുമായിരിക്കും എന്ന്‌. മലര്‍ത്തിയടിച്ചുകളഞ്ഞല്ലൊ.... ഇങ്ങിനെ ഒരു ട്വിസ്റ്റ്‌ ഉണ്ടാകും എന്നു ഞാന്‍ കരുതിയില്ല എന്തായാലും നന്നായി... ഹല്ല... ആനക്കാര്യത്തിനിടയില എന്‍റെ ഒരു ചേനക്കാര്യം ഹല്ലേ... ങ്‌ ഹേ... ?

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com