For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

എന്‍റെ മധുരിമക്ക്



ഫെബ്രുവരി പതിനാല്..
തലമുറകള്‍ക്കതീതമായ ദിവസമാണിത്..
കയ്യില്‍ പൂവും, കണ്ണില്‍ കടാക്ഷവുമായി കാമുകിയെ തേടുന്ന പഴയ തലമുറ!!
കയ്യില്‍ ഫോണും, കണ്ണില്‍ കാമവുമായി ഡേറ്റിങ്ങിനിറങ്ങുന്ന പുതിയ തലമുറ!!
എല്ലാവരും ഒരേ പോലെ അംഗീകരിച്ച ദിവസം...
പ്രണയത്തിന്‍റെ, പ്രേമത്തിന്‍റെ, സ്നേഹത്തിന്‍റെ, പൂര്‍ണ്ണദിനം...
ഒന്ന് കൂടി വ്യക്തമാക്കിയാല്‍, കമിതാക്കള്‍ കാത്തിരിക്കുന്ന സുവര്‍ണ്ണദിവസം..
അതേ, അതാണ്‌ വാലന്‍ഡൈന്‍സ്സ് ഡേ!!

"പ്രിയപ്പെട്ട സുഹൃത്തുക്കളെ,
എല്ലാവര്‍ക്കും പ്രണയത്തിന്‍റെ സുന്ദരനിമിഷങ്ങള്‍ ആശംസിച്ച് കൊണ്ട്, ഈ പ്രണയമാസത്തില്‍ നിങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ അഭിമാനപുരസ്ക്കരം കാഴ്ച വയ്ക്കുന്ന പരിശുദ്ധ പ്രണയകഥയാണ്, എന്‍റെ മധുരിമക്ക്."

ഞങ്ങള്‍ അവതരിപ്പിക്കുന്ന പുതുമുഖനായിക : മധുരിമ.
കഥ, തിരക്കഥ, സംഭാക്ഷണം, സംവിധാനം : ഞാന്‍ മാത്രം.

"സ്റ്റാര്‍ട്ട്, ആക്ഷന്‍, കാബറാ.."
കഥ തുടങ്ങുന്നു..

കഴിഞ്ഞ ശനിയാഴ്ച.
എന്‍റെ വീടാണ്‌ പ്രധാന ലൊക്കേഷന്‍.വീട്ടില്‍ ഞാനുണ്ട്, പൊണ്ടാട്ടി ഗായത്രിയുണ്ട്, പിന്നെ വകയിലൊരു അപ്പച്ചിയുമുണ്ട്.ഈ അപ്പച്ചി എന്ന് പറയുന്ന സാധനത്തിനു ഒരു എഴുപത് വയസ്സിനു മേലെ പ്രായമുണ്ട്.വകയിലെ അപ്പച്ചി എന്ന് വിശേഷിപ്പിക്കാന്‍ കാരണമുണ്ട്, നേര്‍ ബന്ധമോ കുടുംബപരമായ ബന്ധമോ അല്ല, പണ്ടേതോ കാരണവര്‍ പെടുത്തപ്പോള്‍ തെറിച്ച വീണ ബന്ധം, അത്രേ ഉള്ളൂ!!

സത്യം പറഞ്ഞാല്‍ ഈ അപ്പച്ചി ഒരു സ്നേഹസമ്പന്നയാ, പക്ഷേ ഒരു കുഴപ്പമുണ്ട്..
വീട്ടില്‍ അധികം ദിവസം താമസിപ്പിക്കാന്‍ കൊള്ളില്ല.ഒരാഴ്ചയില്‍ കൂടുതല്‍ ഈ കഥാപാത്രത്തെ വീട്ടില്‍ നിര്‍ത്തിയാല്‍ അടുക്കള രഹസ്യം അങ്ങാടി പാട്ടാകും.ഇനി ഒരു മാസം നിര്‍ത്തിയെന്ന് കരുതുക, തീര്‍ന്നു! കുടികെടപ്പ് അവകാശം വാങ്ങാതെ തിരികെ പോകില്ല.അങ്ങനെയുള്ള ഈ മൊതല്‌ വീട്ടില്‍ വന്നിട്ട് രണ്ട് ദിവസമായി, തിരികെ പോകാനുള്ള പ്ലാനൊന്നും കാണുന്നില്ല.
ഇനി എന്ത്??
ഈശ്വരോ രക്ഷതു.
കര്‍ത്താവേ, ഒരു വഴി കാട്ടി തരേണമേ!!
എന്‍റെ മനമുരുകിയുള്ള പ്രാര്‍ത്ഥന കേട്ടിട്ടാകണം, ജാതി വത്യാസം നോക്കാതെ കര്‍ത്താവ് ഒരു വഴി കാണിച്ച് തന്നത്, അതും ശനിയാഴ്ച നട്ടുച്ചക്ക്.

ക്യാമറ സൂം ടു നട്ടുച്ച.
ഗായത്രിയുമായി സൊറ പറഞ്ഞിരുന്ന എന്‍റെ അരികിലെത്തി അപ്പച്ചി പറഞ്ഞു:
"മോനേ, ഞാന്‍ തിരികെ വീട്ടില്‍ പോകുവാ.അതിനു മുമ്പ് എനിക്കൊരു ആഗ്രഹമുണ്ട്"
അപ്പച്ചിയുടെ ആ വാക്കുകള്‍ ഒരു തേന്‍മഴയായി എന്‍റെ മനസില്‍ പെയ്തിറങ്ങി..
വൈദ്യന്‍ ഇച്ഛിച്ചതും രോഗി കല്‍പ്പിച്ചതും പ്യാല്‍!!
അപ്പച്ചിയൊന്ന് പോയി കിട്ടാന്‍ വേണ്ടി എന്ത് ആഗ്രഹം സാധിച്ച് കൊടുക്കാനും ഞാന്‍ ഒരുക്കമായിരുന്നു, അതിനാല്‍ ആകാംക്ഷയോടെ തിരക്കി:
"എന്താണ്‌ അപ്പച്ചി ആഗ്രഹം, എന്തായാലും ഞാന്‍ സാധിച്ച് തരാം, സത്യം"
തച്ചോളി ഒതേനനാണേ, ലോകനാര്‍കാവിലമ്മയാണേ, സത്യം, സത്യം സത്യം!!!!
അപ്പച്ചിയുടെ കണ്ണ്‌ നിറഞ്ഞു, അവര്‍ ആഗ്രഹം പറഞ്ഞു:
"എനിക്കൊരു കുഞ്ഞിക്കാലു കാണണം"
കടവുളേ..
എങ്ങനെ കൂട്ടിയാലും പത്ത് മാസം!!
ഒരു കുഞ്ഞിക്കാലു കാണണമെന്ന പേരില്‍ ഒരു വര്‍ഷം കുറ്റിയടിക്കാനുള്ള അപ്പച്ചിയുടെ തന്ത്രം!!
തച്ചോളി ഒതേനാ, ലോകനാര്‍കാവിലമ്മേ, സ്വല്പം മുമ്പ് ഞാനൊരു തമാശ പറഞ്ഞതാ!!
ഒരു വര്‍ഷം അപ്പച്ചിയെ പോറ്റിയാലുണ്ടാവുന്ന അപകടാവസ്ഥകളെ കുറിച്ച് നല്ല ബോധമുള്ള ഞാന്‍ പതിയെ ചോദിച്ചു:
"അപ്പച്ചിയുടെ മോന്‍ കെട്ടിയില്ലേ, മരുമോളോട് പറഞ്ഞ് കൂടെ?"
അപ്പച്ചിയുടെ മുഖത്തൊരു ദുഃഖഭാവം, തുടര്‍ന്ന് ഗ്ദ്ഗദ ശബ്ദത്തില്‍ ഒരു പ്രഖ്യാപനം:
"അവളിവിടുത്തെ മോളേ പോലെയല്ല, ദുഷ്ടയാ ദുഷ്ട..."
പ്രഖ്യാപനത്തെ തുടര്‍ന്ന് കാരണവും വിശദീകരിച്ചു:
"കുഞ്ഞിക്കാലു ചോദിച്ചപ്പോ കോഴിക്കാലു തന്ന പിശാചാ"
അത് കേട്ടതും ഗായത്രി എന്നെ ഒന്ന് നോക്കി, ഞാന്‍ തിരിച്ചും.

അപ്പച്ചി പിന്നെയും എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു.ഒടുവില്‍ സ്വല്പം മനസമാധാനം ലഭിക്കാന്‍ ഞാന്‍ ടിവി ഓണ്‍ ചെയ്തു.കിട്ടിയ ചാനലില്‍ പഴയൊരു മലയാളം പ്രണയകഥ.ശനി ഉച്ചത്തില്‍ നിന്ന നേരത്ത്, ഞാനുമത് കാണാനിരുന്നു..

പാടവരമ്പത്ത് കൂടി വേഗത്തില്‍ നടക്കുന്ന നായികക്ക് പുറകേ ഒരു പൂവുമായി നായകന്‍.നായകന്‍റെ കൈയ്യിലിരിക്കുന്ന റോസാ പൂവാണ്, എന്നാല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ അതിനു കറുത്ത നിറം.തുടര്‍ന്ന് നായകന്‍റെ ഡയലോഗ്:
"ഒന്ന് നില്‍ക്കു, ഒരു കൂട്ടം പറയാനുണ്ട്"
അത് കേള്‍ക്കുന്നതും നായികയുടെ വേഗം കുറയുന്നു, തുടര്‍ന്ന് വോള്‍വോ ബസ്സ് ബ്രേക്കിട്ട പോലെ ഒരു നില്‍പ്പ്.
ഇനി നായികയുടെ മുഖം..
കണ്ണുകളില്‍ ഒരു നാണം, കണ്‍പീലി പത്ത് പ്രാവശ്യം ചിമ്മുന്നു..
തുടര്‍ന്ന് ക്യാമറ കാലിലേക്ക്..
തെറ്റിദ്ധരിക്കരുത്, ഡയറക്റ്റ് ഡൌണ്‍ ഷോട്ടാ, കാല്‍വിരല്‌ മാത്രമേ കാണു!!
വെളുത്ത മണ്ണില്‍ കാല്‍വിരലുകള്‍ ഓടുന്നു, നാണത്താല്‍ എന്തെല്ലാമോ വരക്കാനുള്ള ശ്രമം..
എന്താണത്??
ഓ യെസ്സ്, ഇന്ത്യയുടെ ഭൂപടം!!
തുടര്‍ന്ന് നായകന്‍റെ കാല്‍വിരലുകള്‍..
തള്ളവിരല്‍ കൊണ്ട് മണ്ണ്‌ കുത്തി തെറിപ്പിക്കുന്നു.
കിണര്‍ കുത്തുവാണോ??
അല്ലേ, അല്ലേ!!
നായകന്‍റെ ടെന്‍ഷന്‍റെ സിംപോളിക്ക് സിംപല്‍.
മാങ്ങാത്തൊലി!!
ചാനല്‍ മാറ്റിയാലോന്ന് ആലോചിച്ചു, പക്ഷേ സിനിമ തുടങ്ങിയതോട് കൂടി നായകനും നായികക്കും ഇടക്ക് കുത്തിയിരുന്ന് ഇനിയെന്തെന്ന് ആലോചിക്കുന്ന അപ്പച്ചി അതിനൊരു വിഘാതമായി.

വീണ്ടും സിനിമ..
ബ്രേക്കിട്ട് നിന്ന വോള്‍വോ ബസിനോട് നായകന്‍ ചോദ്യം റീപ്പീറ്റടിക്കുന്നു:
"ഞാന്‍ ഒരു കാര്യം പറഞ്ഞോട്ടേ?"
അതിനു കാതരയായ നായികയുടെ മറുപടി:
"എനിക്ക് പേടിയാ, അച്ഛന്‍ കാണും"
അതായത്, ചേട്ടന്‍ എന്തോ വേണേലും പറഞ്ഞോ..
അതേ പോലെ, ചേട്ടന്‍ എന്തോ വേണേലും ചെയ്തോ...
പക്ഷേ അച്ഛന്‍ കാണരുത്!!
കാലം പഴയതാണെങ്കിലും കൊച്ച് കൊള്ളാം!!
ഇനി എന്ത്??
ഇപ്പോള്‍ എനിക്കും ആകാംക്ഷയായി.

സിനിമയിലെ അടുത്ത സീന്‍..
നായകന്‍ പൂവ് നായികക്ക് നേരെ നീട്ടുന്നു...
അമ്പരപ്പോടെ നായികയുടെ ചോദ്യം:
"എന്തായിത്?"
"ഇതൊരു പൂവാ"
കഷ്ടം!!

ഇനിയുള്ള കഥ ഊഹിക്കാവുന്നതാണ്...
നായിക പൂവ് വാങ്ങുന്നു, തുടര്‍ന്ന് ഒരു പാട്ട്!!
പൂവുമായി നായിക വീട്ടിലെത്തി നായകനെ ഓര്‍ക്കുന്നു, അപ്പോഴും ഒരു പാട്ട്!!
പിന്നെ നായകന്‍ നായികയെ ഓര്‍ക്കുന്നു, ദേ അടുത്ത പാട്ട്!!
എന്താണെന്ന് അറിയില്ല, ഇത്രേം കണ്ടപ്പോ എനിക്ക് ചൊറിഞ്ഞ് വന്നു.അതേ സമയം അപ്പച്ചിയാണെങ്കില്‍ മറ്റേതോ ലോകത്താ, പണ്ട് വല്യച്ഛന്‍ കല്യാണസൌഗന്ധികം കൊണ്ട് കൊടുത്തത് ആലോചിക്കുവാണെന്ന് തോന്നുന്നു..
ഹും! ജനറേഷന്‍ ഗ്യാപ്പ്!!
ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങി.
ബൈക്കില്‍ നേരെ അമ്പലത്തിലേക്ക്...

ആല്‍ത്തറക്ക് സമീപം ബൈക്ക് വച്ച് കളത്തട്ടില്‍ കയറി കണ്ണുമടച്ച് കിടന്നു.സ്വല്പം മുമ്പ് കണ്ടത് പ്രണയ കഥ ആയതിനാലാവാം, ചില പെണ്‍കുട്ടികള്‍ മനസില്‍ ഓടിയെത്തി..
നാലാം ക്ലാസ്സില്‍ വച്ച് നാരങ്ങാ മുഠായി വാങ്ങി തിന്ന നങ്ങേലി, ഏഴാം ക്ലാസില്‍ വച്ച് ഏത്തക്കാപ്പം വാങ്ങി തിന്ന ഏലിയാമ്മ, പത്താം ക്ലാസില്‍ വച്ച് പാലപ്പം വാങ്ങി തിന്ന പാറുക്കുട്ടി..
എല്ലാം തൊണ്ണൂറ്‌ മോഡല്‍ ലൌ സ്റ്റോറീസ്സ്!!
പിന്നെ എഞ്ചിനിയറിംഗ്, നാട്ടിലെ തരികിട, കോഴിക്കോട്ടേ ജീവിതം..
ചിന്തകള്‍ അവിടെയെത്തിയ നിമിഷം..
ഒരു മുഖം എന്‍റെ മനസിലേക്ക് ഓടിയെത്തി..
അത് അവളായിരുന്നു, മധുരിമ!!
കോഴിക്കോട്ടേ ജീവിതം മനസിനു നല്‍കിയ വിങ്ങലായിരുന്നു ആ സുന്ദരി.റൂം മേറ്റ് ശിവന്‍കുട്ടി എനിക്ക് നല്‍കിയ പിറന്നാള്‍ സമ്മാനം, ജീവിതത്തില്‍ ഒരിക്കലും മറക്കരുതാത്ത ഒരു സമ്മാനം.

കോഴിക്കോട്ടെ ഒരു ജൂലൈ മാസം..
അന്നെന്‍റെ പിറന്നാളായിരുന്നു.
ട്രീറ്റെന്ന പേരില്‍ കുടിച്ചു കൂട്ടിയ കള്ള്‌ തലക്ക് പിടിച്ചപ്പോ ശിവന്‍കുട്ടി പറഞ്ഞു:
"പ്രേമം ഒരു ശാപമാടാ, എന്‍റെ കാര്യം തന്നെ ഉദാഹരണം"
"ഉം..? നിനക്കെന്ത് പറ്റി?"
അവന്‍റെ മറുപടി ചിലമ്പിച്ച ശബ്ദത്തിലായിരുന്നു:
"ആത്മാര്‍ത്ഥമായി ഞാന്‍ എട്ട് പേരെ പ്രേമിച്ചു, ആരും എന്നെ തിരിച്ച് പ്രേമിച്ചില്ല"
കൊള്ളാം!!
ആത്മാര്‍ത്ഥമായി എട്ട് പേരെ പ്രേമിച്ച് പോലും..
അതിലെന്ത് ആത്മാര്‍ത്ഥത??
ചോദിച്ചില്ല, പകരം ഒരു ആഗ്രഹം പറഞ്ഞു:
"എനിക്കും പ്രേമിക്കണം"
എന്‍റെ ആ ആഗ്രഹത്തിനു അവന്‍ കണ്ട് പിടിച്ച പെണ്‍കുട്ടിയായിരുന്നു മധുരിമ.

ഒരു കമ്പ്യൂട്ടര്‍ എഞ്ചിനിയറായ എനിക്ക് എന്ത് കൊണ്ടും ചേര്‍ന്ന സുന്ദരി..
മൌസിന്‍റെ പോലെ ഒതുക്കമുള്ള ശരീരം, കീ ബോര്‍ഡ് പോലെ നിരത്തി വച്ച പല്ലുകള്‍, മോണിറ്റര്‍ പോലെ തിളങ്ങുന്ന കണ്ണുകള്‍, കേബിള്‍ പോലെ അഴിച്ചിട്ട മുടികള്‍..
മൊത്തത്തില്‍ ആപ്പിള്‍ ലാപ്ടോപ്പ് പോലത്തെ ഒരു യൌവനയുക്ത!!
അധികം ആലോചിക്കേണ്ടി വന്നില്ല.
ഒരു നട്ടുച്ച നേരത്ത് യമഹയുടെ ഒരു ലിബറോ ബൈക്ക് ചീറി പാഞ്ഞ് അവള്‍ക്ക് മുന്നില്‍ വന്ന് നിന്നു, കൈയ്യിലിരുന്ന റോസാ പൂ അവളുടെ നേരെ നീട്ടി ഞാന്‍ പറഞ്ഞു:
"ഐ ലൌ യൂ"
അത് കേട്ടതും മധുരതരമായ മന്ദസ്മിതത്തോടെ മധുരിമ മൊഴിഞ്ഞു:
"ആദ്യം പോയി മീശ വച്ച് ഒരു ആണാണെന്ന് തെളിയിക്ക്, എന്നിട്ട് പൂവുമായി വാ"
ഛേയ്, ലജ്ജാവഹം!!
തൊലിയുരിഞ്ഞ് പോയെന്ന് പറഞ്ഞാ മതിയല്ലോ!!

അന്ന് കുടിച്ച കള്ളിന്‍റെ ബലത്തിലാണോ, അതോ തൊട്ട് നക്കിയ അച്ചാറിന്‍റെ ബലത്തിലാണോന്ന് അറിയില്ല, ശിവന്‍കുട്ടിയോടെ ഞാന്‍ പ്രഖ്യാപിച്ചു:
"ഇന്നേക്ക് മൂന്ന് മാസത്തിനുള്ളില്‍ ഒരു ആണാണെന്ന് അവള്‍ക്ക് കാണിച്ച് കൊടുക്കും"
തുടര്‍ന്ന് മീശകിളിക്കാത്ത മേല്‍ചുണ്ട് തടകിയപ്പോള്‍ എന്നിലെ കള്ളുകുടിയന്‍ ദുഃഖിതനായി:
"അമിതാബച്ചനു മീശയില്ല, അമീര്‍ഖാനു മീശയില്ല, ഷാരൂഖിനും മീശയില്ല, എന്നിട്ടും അവളെന്നോട്....?"
സെയിംബ്രാന്‍ഡാണെങ്കിലും ശിവന്‍കുട്ടിക്ക് മറുപടി ഉണ്ടായിരുന്നു:
"മമ്മുട്ടിക്ക് മീശയുണ്ട്, ലാലേട്ടനു മീശയുണ്ട്, അവളെ കുറ്റം പറയേണ്ടാ"
ശരിയാ..
സമൂഹം നശിക്കുന്നതില്‍ സിനിമക്കും പങ്കൊണ്ട്!!

അന്നേക്ക് മൂന്നാം നാള്‍ പ്രഭാതം..
കര്‍ക്കിടത്തിലെ മഴ ചതിച്ചു, ചുട്ട് പൊള്ളുന്ന പനി!!
ശിവന്‍കുട്ടി വന്നെന്‍റെ നെറ്റിയില്‍ കൈ വച്ചു, എന്നിട്ട് ഒരേ ആലോചന.
"എന്താടാ ആലോചിക്കുന്നത്?"
"അടുക്കളെ മുട്ടയുണ്ടോന്ന് ആലോചിച്ചതാ"
"എന്തിനാ, ഒറ്റമൂലിക്കാ?"
"അല്ല, ഇപ്പോ നിന്‍റെ നെറ്റിയില്‍ വച്ചാ പുഴുങ്ങി തിന്നാം"
പോടാ, പുല്ലേ!!

തുടര്‍ന്ന് ആശുപത്രി..
ഡോക്ടര്‍ പരിശോധിച്ചിരിക്കേ അരുകില്‍ വന്ന് നിന്ന സിസ്റ്ററേ കണ്ടപ്പോ നെഞ്ചിടുപ്പൊന്ന് കൂടി, മധുരിമ.
പരിശോധനക്ക് ശേഷം ഡോക്ടര്‍ പറഞ്ഞു:
"പാന്‍സിന്‍റെ സിബ്ബ് അഴിക്ക്, ഒരു ഇന്‍ജക്ഷന്‍ എടുക്കണം"
അയ്യേ!!
മധുരിമക്ക് മുന്നില്‍ പാന്‍സ് ഉരിയാനോ??
ഞാനൊന്ന് അറച്ച് നിന്നപ്പോ ശിവന്‍കുട്ടി അടുത്തെത്തി പറഞ്ഞു:
"അളിയാ പാന്‍സ് താക്ക്"
മറുപടിയായി അവന്‍റെ ചെവിയില്‍ പതിയെ പറഞ്ഞു:
"നിക്കറിട്ടിട്ടില്ല"
അത് കേട്ടതും ഓന്‍ നെഞ്ച് വിരിച്ച് ഡോക്ടറോടൊരു ചോദ്യം:
"മനു നിക്കറിട്ടിട്ടില്ല, കുഴപ്പമുണ്ടോ?"
"നോ പ്രോബ്ലം, ഇന്‍ജക്ഷന്‍ നിക്കറിലല്ല" ഡോക്ടര്‍.
അയ്യേ, എന്തിരിത്??
ചമ്മല്‍ കാരണം കണ്ണുകള്‍ താനേ അടഞ്ഞു.

നാണം മാറി കണ്ണ്‌ തുറന്നപ്പോള്‍ പൊട്ടിച്ചിരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മധുരിമ.പോയാല്‍ ഒരു വാക്ക് കിട്ടിയാല്‍ ഒരു മാനം എന്ന ആപ്തവാക്യം മനസിലോര്‍ത്ത് ഞാന്‍ ആരാഞ്ഞു:
"ഇന്‍ജക്ഷന്‍ കൈയ്യില്‍ എടുത്താ പോരെ?"
"പനിയുടെ ഇന്‍ജക്ഷനാ, ചന്തിക്ക് തന്നെ എടുക്കണം" ഡോക്ടര്‍.
"ചന്തിക്ക് മാത്രമല്ല പനി, ശരീരം മൊത്തമുണ്ട്" ഞാന്‍ അവസ്ഥ വ്യക്തമാക്കി.
ഡോക്ടറുടെ ക്ഷമ നശിച്ചു, അങ്ങേര്‌ ചൂടായി ചോദിച്ചു:
"തനിക്കെന്താ ഇത്ര നാണം, എനിക്കുള്ളത് തന്നല്ലേ തനിക്കും ഉള്ളത്?"
ഡോക്ടര്‍ക്ക് എന്തൊക്കെയുണ്ടെന്ന് എനിക്ക് അറിയില്ല, അതേ പോലെ എനിക്ക് എന്തൊക്കെയുണ്ടെന്ന് ഡോക്ടര്‍ക്കും അറിയാന്‍ വഴിയില്ല.എന്നിട്ടും വെറുമൊരു ഊഹത്തിന്‍റെ പുറത്ത് പഹയന്‍ ചോദിച്ച കേട്ടില്ലേ?
അങ്ങേര്‍ക്ക് ഉള്ളതൊക്കെയല്ലേ എനിക്കുമുള്ളതെന്ന്!!
ആഭാസന്‍!!
ഞാന്‍ മിണ്ടാതെ നിന്നു.
അത് കൂടി കണ്ടിട്ടാകണം, ഡോക്ടറുടെ കണ്‍ട്രോള്‌ വിട്ടു:
"മിസ്റ്റര്‍, എനിക്ക് വേറെയും രോഗികളുണ്ട്.താന്‍ ഉരിയുന്നോ അതോ ഞാന്‍ ഉരിയണോ?"
ഇനി രക്ഷയില്ല!!
സകല ദൈവങ്ങളെയും മനസില്‍ വിളിച്ച്, കണ്ണുമടച്ച്, ഒരു ഒറ്റ ഉരിയല്‍!!
"അമ്മേ!!!!!!!!" മധുരിമ അലറിക്കൊണ്ട് ബോധം കെട്ട് വീണു.
ശിവന്‍കുട്ടി പുറത്തേക്ക് ഒറ്റ ഓട്ടം.
ബഹളം കേട്ട് ഞെട്ടി കണ്ണ്‌ തുറന്ന എന്‍റെ അരയിലേക്ക് ഒരു പുതപ്പ് വലിച്ചെറിഞ്ഞ്, ദയനീയ സ്വരത്തില്‍ ഡോക്ടര്‍ ചോദിച്ചു:
"തന്നോട് ആരെടോ ഇത്രേം ഉരിയാന്‍ പറഞ്ഞത്?"
ഛേ, പിന്നേം നാണക്കേട്!!

തിരികെ വീട്ടിലെത്തിയപ്പോള്‍ ശിവന്‍കുട്ടി പറഞ്ഞു:
"നീ അവള്‍ക്ക് കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞപ്പോ ഇത്രേം നിനച്ചില്ല"
"അളിയാ, അബദ്ധം പറ്റിയതാ"
അത് കേട്ടതും ആശ്വസിപ്പിച്ച് കൊണ്ട് അവന്‍ പറഞ്ഞു:
"നീ ഒരു ആണാണെന്ന് അവള്‍ക്ക് ഉറപ്പായി കാണും, നാളെ ഒരു പൂ കൂടി കൊടുത്ത് നോക്ക്"
"ശവത്തില്‍ കുത്താതടെ!!"
പിന്നെ അവനൊന്നും മിണ്ടിയില്ല.
അന്ന് വൈകിട്ട് കറക്കം കഴിഞ്ഞ് തിരിച്ച് വന്നപ്പോള്‍ ചുണ്ടിലൊരു പുഞ്ചിരിയുമായി ശിവന്‍കുട്ടി എന്നോടൊരു സ്വകാര്യം പറഞ്ഞു:
"അറിഞ്ഞോ, മധുരിമക്ക് മുട്ടന്‍ പനി"
തുടര്‍ന്ന് ഒരു ആത്മഗതവും:
"എങ്ങനെ പനി വരാതിരിക്കും"
അത് കേട്ട ഞാന്‍ സ്വയം ആശ്വസിച്ചു..
ശരിയാ, പനി ഒരു പകര്‍ച്ചവ്യാധിയല്ലേ!!

വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു..
ഇപ്പോ മധുരിമ എവിടെയാണോ ആവോ??
അവളെ കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്ന് തിരികെ വര്‍ത്തമാന കാലത്തെത്തിയപ്പോഴേക്കും സമയം സന്ധ്യായായി.സിനിമ തീര്‍ന്ന് കാണും.
അപ്പച്ചിയും ഗായത്രിയും എന്തോ എടുക്കുവാണൊ എന്തോ??
തിരികെ വീട്ടിലേക്ക്..

ഗായത്രി കൊണ്ട് തന്ന ചൂടു ചായ ഊതി കുടിച്ചപ്പോള്‍ പതുക്കെ ചോദിച്ചു:
"അപ്പച്ചിയെന്തിയേ?"
പുഞ്ചിരിയോടെ അവളുടെ മറുപടി..
"ആ സിനിമ കണ്ടതി പിന്നെ എന്തോ ആലോചനയുമായി അടുക്കളയില്‍ ഇരുപ്പുണ്ട്"
പാവം..
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലൌവിലായിരിക്കും!!
ശബ്ദമുണ്ടാക്കാതെ പതിയെ സോഫയിലേക്ക് കിടന്നു, ചെറിയോരു മയക്കം.

"തിരിച്ച് വന്നോ?" അപ്പച്ചിയുടെ സ്വരം.
കേട്ടില്ലെന്ന് നടിച്ചു.
"മോനേ കുഞ്ഞിക്കാല്" വീണ്ടും അപ്പച്ചി.
ഇനി ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല, കുഞ്ഞിക്കാല്‌ കാണാന്‍ താമസിക്കുന്ന കാരണം വിശദമാക്കിയില്ലെങ്കില്‍ ഭാവനക്ക് അനുസരിച്ച് അപ്പച്ചി കഥകളിറക്കും...
കേട്ടാല്‍ പട്ടി വെള്ളം കുടിക്കാത്ത തരത്തിലുള്ള കഥകള്‍!!
അതിനാല്‍ തന്നെ അപ്പച്ചിയോട് എന്‍റെ ആഗ്രഹങ്ങള്‍ അക്കമിട്ട് നിരത്തി:
"ഒന്ന് ഒരു വീട് വേണം, രണ്ട് ഒരു കാറ്‌ വേണം, മൂന്ന് ഗായത്രിക്ക് ഒരു ജോലി വേണം, നാല്‌ സ്വല്പം സമ്പാദ്യം വേണം, അഞ്ച് കുട്ടികള്‍ വേണം"
അത് കേട്ടപ്പോ അപ്പച്ചി പ്രതികരിച്ചു:
"അഞ്ച് കുട്ടികള്‍ വേണേല്‍ ഇപ്പോഴേ പെറ്റ് തുടങ്ങണം"
ഓഹോ!!
തള്ളക്ക് വട്ടാണല്ലേ??
അമ്പരന്ന് നിന്ന എനിക്ക്, അപ്പച്ചി വക ഒരു ഫ്രീ ഉദാഹരണവും:
"ജാനൂന്‍റെ മോള്‌ മീന, കെട്ടി പത്താം മാസം പെറ്റു.അന്ന് തൊടങ്ങിയ കൊണ്ട് അവക്കിപ്പം അഞ്ച് കുട്ടികളായി.മോന്‍റെ കാര്യമോ?"
"ഞാന്‍ ഇത് വരെ പെറ്റ് തുടങ്ങിയില്ല"
"ങ്ഹാ! അതാ പറഞ്ഞെ പെറ്റ് തുടങ്ങാന്‍"
അപ്പച്ചി ഒന്ന് നിര്‍ത്തി, എന്നിട്ട് സംശയത്തോടെ ചോദിച്ചു:
"നീ എന്നെ ആക്കിയതാണോ?"
"ഹേയ്, അല്ല അപ്പച്ചി"
ആ ഉത്തരം അപ്പച്ചിക്കങ്ങോട്ട് ദഹിച്ചില്ല, അവര്‍ പിറുപിറുത്തു കൊണ്ട് അടുക്കള ഭാഗത്തേക്ക് നടന്നു.പാതി വഴിയെത്തിയതും എന്നെ ഒന്ന് തിരിഞ്ഞ് നോക്കി..
നീ എന്നെ ആക്കിയതല്ലല്ലോ??
അല്ലേ അല്ല, സത്യമായും പെറ്റ് തുടങ്ങാം!!

65 comments:

അരുണ്‍ കരിമുട്ടം said...

പ്രണയദിനത്തെ വരവേല്‍ക്കാന്‍..
സ്നേഹിക്കുന്ന, സ്നേഹിക്കപ്പെടുന്ന, മനസുകള്‍ക്കായി..
ഇതാ ഒരു കഥ!!
(കൂടെ ഒരു പടവും)

അനുഭവപ്രകാരമുള്ള മുന്നറിയിപ്പ്..
പ്രേമിക്കുന്നതൊക്കെ കൊള്ളാം, കല്യാണം സൂക്ഷിച്ച് വേണം,ങ്ഹാ!!

ramanika said...

തുടക്കവും മുന്നറിയിപ്പും ഗ്രാണ്ടായി !!!!!

Anil cheleri kumaran said...

ശിവന്‍കുട്ടി വന്നെന്‍റെ നെറ്റിയില്‍ കൈ വച്ചു, എന്നിട്ട് ഒരേ ആലോചന.
"എന്താടാ ആലോചിക്കുന്നത്?"
"അടുക്കളെ മുട്ടയുണ്ടോന്ന് ആലോചിച്ചതാ"
"എന്തിനാ, ഒറ്റമൂലിക്കാ?"
"അല്ല, ഇപ്പോ നിന്‍റെ നെറ്റിയില്‍ വച്ചാ പുഴുങ്ങി തിന്നാം"

ഹഹഹ്.. കലക്കി.. മച്ചു... അനുഭവപ്രകാരമുള്ള മുന്നറിയിപ്പ് സൂപ്പര്‍... ഒരു അനുഭവന്‍.

യൂനുസ് വെളളികുളങ്ങര said...

പൂളളിക്കാരന്‍ കൊളളാലോaek

വീകെ said...

അറിഞ്ഞോ, മധുരിമക്ക് മുട്ടന്‍ പനി"
തുടര്‍ന്ന് ഒരു ആത്മഗതവും:
"എങ്ങനെ പനി വരാതിരിക്കും"

മധുരിമയുടെ ജീവിത താളം മുഴുവൻ അതോടെ തെറ്റിയിട്ടുണ്ടാകും....!!

അടിപൊളി കെട്ടൊ...
ആശംസകൾ...

ഹരീഷ് തൊടുപുഴ said...

:)

jayanEvoor said...

സംഗതി പുളുവാണെങ്കിലും ചിരിച്ചു വശംകെട്ടു!

വിനോദ് said...

ചിരിക്കാനുണ്ടായിരുന്നു, പക്ഷേ പൊട്ടിച്ചിരിച്ചില്ല.
രണ്ട് പോസ്റ്റ് ആവറേജില്‍ ആയി, എപ്പോഴത്തേയും പോലെ മൂന്നാമതായി ഒരു വെടിക്കെട്ട് പ്രതീക്ഷിക്കുന്നു, ഉടനെ കാണുമോ?

വിനോദ് said...

പിന്നെ പുതിയ ഫോട്ടോ കലക്കീട്ടോ!

ചെലക്കാണ്ട് പോടാ said...

കീ ബോര്‍ഡ് പോലെ നിരത്തി വച്ച പല്ലുകള്‍,
ഇടയ്ക്ക് വിടവുണ്ടല്ലേ...


"നീ അവള്‍ക്ക് കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞപ്പോ ഇത്രേം നിനച്ചില്ല" ഹി ഹി

അഞ്ച് കുട്ടികള്‍ വേണം"
അത് കേട്ടപ്പോ അപ്പച്ചി പ്രതികരിച്ചു:
"അഞ്ച് കുട്ടികള്‍ വേണേല്‍ ഇപ്പോഴേ പെറ്റ് തുടങ്ങണം" അത് കലക്കി.....


ആദ്യം വിചാരിച്ചു, ഇപ്പഴത്തെ ഏതോ സിനിമയ്ക്ക് തലവെച്ച്, പഴയ ഏതോ സിനിമ കണ്ട് റിവ്യൂ എഴുതുകയാണെന്ന്.......

anupama said...

Dear Arun,
Good Evening!
before February begins,your love story is published.:)
The D-Day is 14th,February.you are a talented artist.keep drawing!
you can write a better love story,Arun,reminding the readers the tender feelings.there was a charm in old love stories.
I disagree that lust is there in the eyes of all lovers.
Have you experienced sharing the sweet nothings,the silent moments looking into each other's eyes and giving the heartfelt notes so secretly and the very rare fobidden touch?
May I request you to speak with respect when you picturise the female characters?
It's my personal opinion.I do feel bad,really bad.
it's your site and I know you have all the freedom to pen down what you feel like doing.
please don't feel bad.two weeks are there.
waiting to read a real romantic story!
Wishing you a beautiful February!
Sasneham,
Anu

പട്ടേപ്പാടം റാംജി said...

എന്നിട്ട് പെറ്റ് തുടങ്ങിയോ..?
നര്‍മ്മത്തോടെ പറയാന്‍ ശ്രമിച്ചത്‌ കൊള്ളാം.
ആശംസകള്‍.

ചാണക്യന്‍ said...

"പണ്ടേതോ കാരണവര്‍ പെടുത്തപ്പോള്‍ തെറിച്ച വീണ ബന്ധം, അത്രേ ഉള്ളൂ!!..."-

ഹിഹിഹിഹിഹിഹിഹിഹിഹിഹിഹി........

സുമേഷ് | Sumesh Menon said...

ഊം..ഊം.. !! നടക്കട്ടെ..
:)

Sabu Kottotty said...

മധുരിമയ്ക്ക് ഇഞ്ചക്ഷന്‍ വേണ്ടായിരുന്നോ..?

പയ്യന്‍സ് said...

കലക്കി മാഷേ.. രാവിലെ ഇത് വായിച്ചു മനസ്സും വയറും നിറഞ്ഞു.. ഇനി ഭക്ഷണം വേണ്ട :)

അടുത്ത നമ്പര്‍ എപ്പോ വരും?

Anonymous said...

"അറിഞ്ഞോ, മധുരിമക്ക് മുട്ടന്‍ പനി"
തുടര്‍ന്ന് ഒരു ആത്മഗതവും:
"എങ്ങനെ പനി വരാതിരിക്കും"

മാഷേ...നമിച്ചു... :)
കിടിലന്‍...!

Renjith Kumar CR said...

"കുഞ്ഞിക്കാലു ചോദിച്ചപ്പോ കോഴിക്കാലു തന്ന പിശാചാ"
അരുണ്‍ :)

വിനുവേട്ടന്‍ said...
This comment has been removed by the author.
വിനുവേട്ടന്‍ said...

"ഇന്നേക്ക് മൂന്ന് മാസത്തിനുള്ളില്‍ ഒരു ആണാണെന്ന് അവള്‍ക്ക് കാണിച്ച് കൊടുക്കും"

അതേ... പറഞ്ഞാല്‍ പറഞ്ഞ പോലെ ചെയ്യണം... ഹി ഹി ഹി ...

Unknown said...

എല്ലാ കൂട്ടുകാര്‍ക്കും പ്രണയദിനാശംസകള്‍..!!
www.tomskonumadam.blogspot.com

വരയും വരിയും : സിബു നൂറനാട് said...

"ചന്തിക്ക് മാത്രമല്ല പനി, ശരീരം മൊത്തമുണ്ട്"...
ഇത് ഈ ഡോക്ടര്‍മാര്‍ക്ക് അറിയില്ലെന്നാ തോന്നുന്നെ...!!!!

നന്നായിട്ടുണ്ട്..

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

"നീ ഒരു ആണാണെന്ന് അവള്‍ക്ക് ഉറപ്പായി കാണും, നാളെ ഒരു പൂ കൂടി കൊടുത്ത് നോക്ക്"

oru poovum koodi koduthu nokkamayirunnu

G.MANU said...

മൌസിന്‍റെ പോലെ ഒതുക്കമുള്ള ശരീരം, കീ ബോര്‍ഡ് പോലെ നിരത്തി വച്ച പല്ലുകള്‍, മോണിറ്റര്‍ പോലെ തിളങ്ങുന്ന കണ്ണുകള്‍, കേബിള്‍ പോലെ അഴിച്ചിട്ട മുടികള്‍..
:)

Hapy Val Day :)

രാധിക said...

athmarthamayi 8 pere premichu...
nannayitttundu..

ellavarkkum pranayadinasamsakal....

ഫോട്ടോഗ്രാഫര്‍ said...

അരുണേ, പോസ്റ്റ് കൊള്ളാം.പക്ഷേ ഇവിടെ ആരും കഥ വായിക്കാന്‍ വരുന്നതല്ല, അരുണ്‍ കായം കുളം എഴുതുന്ന വായിക്കന്‍ വരുന്നതാ, ആ ക്ഷീണം നികത്തണേ :)
(വായനക്കാരനു അഭിപ്രായ സ്വാതന്ത്യമുണ്ട്)

ഭായി said...

##മൌസിന്‍റെ പോലെ ഒതുക്കമുള്ള ശരീരം, കീ ബോര്‍ഡ് പോലെ നിരത്തി വച്ച പല്ലുകള്‍, മോണിറ്റര്‍ പോലെ തിളങ്ങുന്ന കണ്ണുകള്‍, കേബിള്‍ പോലെ അഴിച്ചിട്ട മുടികള്‍..
മൊത്തത്തില്‍ ആപ്പിള്‍ ലാപ്ടോപ്പ് പോലത്തെ ഒരു യൌവനയുക്ത!!##

ഇത് അന്തംവിട്ട സെര്‍ച്ച് എഞ്ചിന്‍ തന്നെ! ഒടുക്കത്തെ കണ്ടുപിടിത്തം :-)

എറക്കാടൻ / Erakkadan said...

പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഇത്തരം ഒരു പോസ്റ്റിനു വേണ്ടി

മുരളി I Murali Mudra said...

ഒരു സിനിമ കണ്ടതാ ഈ പ്രശ്നങ്ങള്‍ക്കൊക്കെ കാരണം ല്ലേ....
:)
പിന്നെ ഹാപ്പി വാല്‍സ് ഡേ...

അഭി said...

"അറിഞ്ഞോ, മധുരിമക്ക് മുട്ടന്‍ പനി".
പാവം പേടി പനി ആയിരിക്കും

എന്തായാലും കലക്കിട്ടോ അരുണ്‍ഏട്ടാ , ശരിക്കും ചിരിപ്പിച്ചു

രഘുനാഥന്‍ said...

മൌസിന്‍റെ പോലെ ഒതുക്കമുള്ള ശരീരം, കീ ബോര്‍ഡ് പോലെ നിരത്തി വച്ച പല്ലുകള്‍, മോണിറ്റര്‍ പോലെ തിളങ്ങുന്ന കണ്ണുകള്‍, കേബിള്‍ പോലെ അഴിച്ചിട്ട മുടികള്‍..
മൊത്തത്തില്‍ ആപ്പിള്‍ ലാപ്ടോപ്പ് പോലത്തെ ഒരു യൌവനയുക്ത!!

athu kalakki...arune..

മൊട്ടുണ്ണി said...

ബോറായില്ല :)

Typist | എഴുത്തുകാരി said...

പ്രണയദിനം വരുന്നു അല്ലേ?

ആരാ പറഞ്ഞേ പ്രേമിച്ചാ കല്യാണം കഴിക്കണമെന്നു്!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

"സ്റ്റാര്‍ട്ട്, ആക്ഷന്‍, കാബറാ.."

ആനകൊടുത്താലും ആശകൊടുക്കരുതെന്നാ.. മധുരിമയുടെ കാബറെ പ്രതീക്ഷിച്ച വായനക്കാരന് പാന്റ്സ് അഴിച്ച് സ്വയം കാബറെ കാണിച്ചു കളഞ്ഞല്ലോ...

അടിപ്പൻ (പോസ്റ്റ് പോസ്റ്റേ :)...

വശംവദൻ said...

"മൌസിന്‍റെ പോലെ ഒതുക്കമുള്ള ശരീരം, കീ ബോര്‍ഡ് പോലെ നിരത്തി വച്ച പല്ലുകള്‍, മോണിറ്റര്‍ പോലെ തിളങ്ങുന്ന കണ്ണുകള്‍, കേബിള്‍ പോലെ അഴിച്ചിട്ട മുടികള്‍.."

ഇത് കലക്കി. :)

Sukanya said...

ഈ പോസ്റ്റും ചിരിപ്പിച്ചു. തച്ചോളി ഒതേനനാണേ, ലോകനാര്‍കാവിലമ്മയാണേ, സത്യം, സത്യം സത്യം!!!! :-)

രാജീവ്‌ .എ . കുറുപ്പ് said...

"കുഞ്ഞിക്കാലു ചോദിച്ചപ്പോ കോഴിക്കാലു തന്ന പിശാചാ"
അത് കേട്ടതും ഗായത്രി എന്നെ ഒന്ന് നോക്കി, ഞാന്‍ തിരിച്ചും.

ഹഹഹ ആ ഉപമ കലക്കി മച്ചാ
അളിയാ എന്നിട്ട് എന്തായി അപ്പച്ചി തള്ളയെ കെട്ട് കെട്ടിച്ചോ

PONNUS said...

:) :)

:) :)

:) :)

അരുണ്‍ കരിമുട്ടം said...

രമണിക:മുന്നറിയിപ്പ് അറിഞ്ഞിട്ടതാ :)

കുമാരാ:അനുഭവന്‍ സൂക്ഷിച്ചോ!!

യൂനസ്സ്:ആര്‌ കൊള്ളാമെന്നാ മാഷേ?

വീകെ:നന്ദി:)

ഹരീഷേട്ടാ: താങ്ക്സ്സ്

ജയാ:മെയില്‍ അഡ്രസ്സ് താ, ഫോട്ടോ അയച്ച് തരാം

വിനോദ്:വെടിക്കെട്ടോ!!!!

ചെലക്കാണ്ട് പോടാ:അതൊക്കെ ഒരു നമ്പരല്ലേ?

അനുപമ:ഇത്രേം പറയാന്‍ ഇവിടെ എന്ത് പറ്റി??

റാംജി:നന്ദി:)

അരുണ്‍ കരിമുട്ടം said...

ചാണക്യന്‍:അത് നാട്ട് ഭാഷയാ

സുമേഷ്:നന്ദി

കൊട്ടോട്ടിക്കാരന്‍:ഹേയ് വേണ്ടാ:)

പയ്യന്‍സ്സ്:ഉടന്‍ വരും, വിത്ത് ഇന്‍ 24 ഹവേഴ്സ്സ്

ജോബിന്‍:നന്ദി

രഞ്ജിത്ത്:ഹ..ഹ..ചുമ്മാ

വിനുവേട്ടാ:അത് അത്രേ ഉള്ളു

റ്റോംസ്:ഇടക്കിടെ ലിങ്ക് വേണ്ടാ മാഷേ, അല്ലാതെ തന്നെ ഞാന്‍ എത്തിക്കോളാം

സിബു:അതാ എനിക്കും മനസിലാകാത്തത്

കിഷോര്‍: അപ്പോ അവള്‍ സൂചി കാട്ടിയാലോ?

മുഫാദ്‌/\mufad said...

ബഹളം കേട്ട് ഞെട്ടി കണ്ണ്‌ തുറന്ന എന്‍റെ അരയിലേക്ക് ഒരു പുതപ്പ് വലിച്ചെറിഞ്ഞ്, ദയനീയ സ്വരത്തില്‍ ഡോക്ടര്‍ ചോദിച്ചു:
"തന്നോട് ആരെടോ ഇത്രേം ഉരിയാന്‍ പറഞ്ഞത്?"
ഛേ, പിന്നേം നാണക്കേട്!!

തിരികെ വീട്ടിലെത്തിയപ്പോള്‍ ശിവന്‍കുട്ടി പറഞ്ഞു:
"നീ അവള്‍ക്ക് കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞപ്പോ ഇത്രേം നിനച്ചില്ല"
"അളിയാ, അബദ്ധം പറ്റിയതാ"



സംഗതി തള്ളാണെങ്കിലും കൊള്ളാം.ചിരിച്ചു.

Unknown said...

മധുരിമക്ക് തന്റെ ആണത്തം കാണിച്ചുകൊടുത്ത ആ ഐഡിയ കൊള്ളാം.

അരുണ്‍ കരിമുട്ടം said...

മനുചേട്ടാ:നന്ദി

രാധിക:അത് സ്ഥിരം കേള്‍ക്കുന്ന ഡയലോഗാ, അതിലെന്ത് ആത്മാര്‍ത്ഥതയാണോ ആവോ??

പോരാളി:അഭിപ്രായ സ്വാതന്ത്യം സമ്മതിച്ചേ

ഭായി:നന്ദി:)

എറക്കാടന്‍:താങ്ക്സ്സ്

മുരളി:ഇത് വാലൈന്‍ഡൈന്‍സ്സ് ഡേക്ക് വേണ്ടി എഴുതിയ കഥയാ:)

അഭി:എന്തോ കണ്ട് പേടിച്ചതാ

രഘുനാഥാ:നന്ദി

മൊട്ടുണ്ണി:താങ്സ്സ്

എഴുത്തുകാരിചേച്ചി:അങ്ങനെ ആരും പറഞ്ഞിട്ടില്ല

പ്രവീണ്‍:അമ്പടാ, അത് അക്ഷര പിശാചാ ക്യാമറയാ

വശംവദന്‍:നന്ദി

സുകന്യ ചേച്ചി:ഹാവു, സമാധാനമായി

കുറുപ്പേ:ചുമ്മാ

മുംബൈമലയാളീസ്സ്:നന്ദി

മുഫാദ്:എല്ലാം തള്ളാ മാഷേ

തെച്ചിക്കോടന്‍:താങ്ക്യൂ :)

Kurian KC said...

ഇങ്ങനൊരു മധുരിമയെ എനിക്കും അറിയാം ബട്ട്‌ സ്ഥലം പറയത്തില്ല.....

sreejith said...

"നോ പ്രോബ്ലം, ഇന്‍ജക്ഷന്‍ നിക്കറിലല്ല" ഡോക്ടര്‍.
അയ്യേ, എന്തിരിത്??

sreejith said...

"നോ പ്രോബ്ലം, ഇന്‍ജക്ഷന്‍ നിക്കറിലല്ല" ഡോക്ടര്‍.
അയ്യേ, എന്തിരിത്?? kollaaaaaaaaamm arun chetta
aval jeevitham thanne veruthu kanum

krish | കൃഷ് said...

എന്നാല്‍ പിന്നെ അങ്ങട് പെറ്റു തുടങ്ങുക...




...നര്‍മ്മത്തില്‍ പൊതിഞ്ഞ പോസ്റ്റുകള്‍.

കണ്ണനുണ്ണി said...

മൌസിന്‍റെ പോലെ ഒതുക്കമുള്ള ശരീരം,
>> അത് കൊള്ളാം..സെറ്റ് അപ്പ്‌ ആ
മോണിറ്റര്‍ പോലെ തിളങ്ങുന്ന കണ്ണുകള്‍
>> അതും കലിപ്പ് തന്നെ
കേബിള്‍ പോലെ അഴിച്ചിട്ട മുടികള്‍
>> ഒരു കൊച്ചു ഐശ്വര്യാ റായി തന്നെ
കീ ബോര്‍ഡ് പോലെ നിരത്തി വച്ച പല്ലുകള്‍
>> മൂന്നു വരിയില്‍.... ചതുരത്തില്‍ ...ന്റമ്മേ....

അരുണ്‍ കരിമുട്ടം said...

കുര്യന്‍:എവിടാ കായംകുളമാ?
ശ്രീജിത്ത്:ഹ..ഹ..നന്ദി മോനേ
കൃഷ്:നന്ദി
കണ്ണനുണ്ണി:ഉം..ഉം..മനസിലായേ

ബഷീർ said...

അത്രയ്ക്ക് ഓവറാവേണ്ടിയിരുന്നില്ല. കാണിച്ച് കൊടുക്കൽ..പിന്നെ ബോധം കെടാൻ മാത്രം !!! :))

അരവിന്ദ് :: aravind said...

Super! :-)

Muth Dubai said...

ithippol 2nd time anu Arun anatham kanikkunnathu, Ini ethra pere ithu kanichittundu.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അരവിന്ദിന്റെ ബ്ലോഗര്‍ ഐഡി ആരോ ഹാക്ക് ചെയ്താ!!!!== അഭിപ്രായം പറയാതെ പറയുന്നു. :) ആ കമ്പ്യൂട്ടര്‍ ഭാഗങ്ങള്‍ വച്ച് വിവരിച്ചത് കൊള്ളാം.

ചിതല്‍/chithal said...

എല്ലാവര്‍ക്കും തുണിയില്ലാതെ നില്‍ക്കുന്ന കഥകള്‍ മാത്രമേ പറയാനുള്ളൂ! എന്റെ പോസ്റ്റും അതാ പ്രമേയം..

അനൂപ്‌ said...

ആവരേജായി പോയി മാഷേ

ചേച്ചിപ്പെണ്ണ്‍ said...

:)

ചേര്‍ത്തലക്കാരന്‍ said...

സിനിമയിലെ അടുത്ത സീന്‍..
നായകന്‍ പൂവ് നായികക്ക് നേരെ നീട്ടുന്നു...
അമ്പരപ്പോടെ നായികയുടെ ചോദ്യം:
"എന്തായിത്?"
"ഇതൊരു പൂവാ"
കഷ്ടം!!

ഇനിയുള്ള കഥ ഊഹിക്കാവുന്നതാണ്...
നായിക പൂവ് വാങ്ങുന്നു, തുടര്‍ന്ന് ഒരു പാട്ട്!!
പൂവുമായി നായിക വീട്ടിലെത്തി നായകനെ ഓര്‍ക്കുന്നു, അപ്പോഴും ഒരു പാട്ട്!!
പിന്നെ നായകന്‍ നായികയെ ഓര്‍ക്കുന്നു, ദേ അടുത്ത പാട്ട്!!
എന്താണെന്ന് അറിയില്ല, ഇത്രേം കണ്ടപ്പോ എനിക്ക് ചൊറിഞ്ഞ് വന്നു

ഇത്രേം വായിച്ചപ്പോളേ എനിക്കു ചൊറിഞ്ഞുവന്നു പിന്നാ......


തുടക്കം ബോർ ആയിരിന്നു ഒടുക്കം കൊഴപ്പമിലൽതെ പോയ്യി അണ്ണാ.


നന്നി

Unknown said...

ഡോക്ടര്‍ക്ക് എന്തൊക്കെയുണ്ടെന്ന് എനിക്ക് അറിയില്ല, അതേ പോലെ എനിക്ക് എന്തൊക്കെയുണ്ടെന്ന് ഡോക്ടര്‍ക്കും അറിയാന്‍ വഴിയില്ല.എന്നിട്ടും വെറുമൊരു ഊഹത്തിന്‍റെ പുറത്ത് പഹയന്‍ ചോദിച്ച കേട്ടില്ലേ?


verygood.....

sathi said...

ഹഹ... കലക്കി സൂപ്പര്‍..

anthappan said...

nalla presentation,,,,sarikkum strike cheyunnu......

Anonymous said...

യാദൃശ്ചികമായാണ് ഞാന്‍ ഇവിടെ എത്തിപ്പെട്ടത്. കഥകള്‍ വായിച്ച് ഞാനൊരിക്കലും ഒറ്റക്കിരുന്നു് പൊട്ടിച്ചിരിച്ചിട്ടില്ല..
"പസ്സേ അന്റെ കഥ ബായിച്ചിട്ട് ഇച്ച് ചിറിച്ചാതിര്ക്കാന്‍ വെജ്ജ "
ഒരായിരം അഭിവാദ്യങ്ങളോടെ...
സഹോദരന്‍
നിയാസ് സി
മലപ്പുറം
മൊബൈല്‍ നന്പര്‍ : 9746519071

രാഹുല്‍ said...

Kollam Nannnayi chirichu

Suraj P Mohan said...

മൌസിന്‍റെ പോലെ ഒതുക്കമുള്ള ശരീരം, കീ ബോര്‍ഡ് പോലെ നിരത്തി വച്ച പല്ലുകള്‍, മോണിറ്റര്‍ പോലെ തിളങ്ങുന്ന കണ്ണുകള്‍, കേബിള്‍ പോലെ അഴിച്ചിട്ട മുടികള്‍..
മൊത്തത്തില്‍ ആപ്പിള്‍ ലാപ്ടോപ്പ് പോലത്തെ ഒരു യൌവനയുക്ത!!

:)

raadha said...

ഒത്തിരി മൂഡ്‌ ഓഫ്‌ ആയപ്പോള്‍ എത്തിയതാണ് ഈ ബ്ലോഗില്‍...എന്റെ പ്രതീക്ഷ വിഫലം ആയില്ല.... അരുണിന് ആയിരം നന്ദി!!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പൂയ്..ഞാന്‍ ഇവിടേം വന്നൂട്ടാ...
ഒന്നും പറയണില്ല..പറയാന്‍ പറ്റണില്ല..

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com