For reading Malayalam
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.
എ കോംപ്ലിക്കേറ്റഡ് ഇഷ്യു
ഓര്‍മ്മ ശരിയാണെങ്കില്‍ വിലാസിനിയുടെ രണ്ടാമത്തെ ഭര്‍ത്താവ് പുഷ്ക്കരേട്ടനാ എന്‍റെ നാട്ടീന്ന് ആദ്യമായി ഗര്‍ഫില്‍ പോയത്.അതിനു മുമ്പ് നാട്ടിലെല്ലാം ബോംബെക്കാര്‍ക്കായിരുന്നു മാര്‍ക്കറ്റ്,അല്ലെങ്കില്‍ പട്ടാളത്തിലെ കൊമ്പന്‍ മീശക്കാരനാകണം.
ഇതില്‍ ബോംബേക്കാര്‍ നാട്ടില്‍ വന്നാല്‍ മൊത്തത്തില്‍ അധോലോക കഥകളാ...
"ധാരാവി, ധാരാവീന്ന് കേട്ടിട്ടുണ്ടോ?"
"പിന്നേ, അത് തണുത്തല്ലേ മഴ പെയ്യുന്നത്"
"ഛേ, ഛേ, അത് നീരാവി, ഇത് ധാരാവി"
"അയ്യോ, ഇല്ല.എന്തുവാ അത്?"
"ബോംബയില്‍ ഏറ്റവും കൂടുതല്‍ വെടി വയ്ക്കുന്ന സ്ഥലമാ"
"അപ്പോ വല്യ അമ്പലമായിരിക്കും.ആരാ പ്രതിഷ്ഠ? ഭീമനാണോ?"
"ഹരേ ഭായി, ഇത് അമ്പല വെടിയല്ല, അധോലോക വെടി..."
തുടര്‍ന്ന് അവരൊരു കഥ പറയും, ഒരു അധോലോക കഥ...
ശരിക്കും 'വെടി' കഥ!!
പാവം നാട്ടുകാര്‍, ഇത് കേട്ട് വായും പൊളിച്ചിരിക്കും.
ഇനി പട്ടാളക്കാരനാണെങ്കില്‍ അവരുടെ കഥയില്‍ അധോലോകമില്ല, എല്ലാവരും തീവ്രവാദികളാ, കൂട്ടത്തില്‍ അവരുടെ സാഹസികതയും, ഡിസിപ്ലീനും.
"ഞാനങ്ങ് ജമ്മുകാശ്മീരിലായിരുന്നപ്പോ മൂത്രമൊഴിക്കാന്‍ കൂടി പറ്റില്ലായിരുന്നു"
"അതെന്താ, ചേട്ടനാ അസുഖമുണ്ടോ?"
"അതല്ലടാ, ആ തണുപ്പില്‍ മൂത്രമൊഴിച്ചാല്‍ ഭൂമിയില്‍ വീഴുന്നേനു മുമ്പേ ഐസായി പോകും"
"യ്യോ, എന്നിട്ട്?"
"പിന്നെന്തോ ചെയ്യാനാ, ഒടിച്ച് കളയും"
"എന്തോന്ന്???"
"ആ ഐസ്സ്!!"
ഹത് ശരി, ഞാന്‍ കരുതി...!!!
ഇങ്ങനെ രണ്ട് കൂട്ടരും ചെത്തിക്കോണ്ടിരുന്ന എണ്‍പത് കാലഘട്ടത്തിലാണ് പുഷ്ക്കരേട്ടന്‍ ഗള്‍ഫീന്ന് ലാന്‍ഡ് ചെയ്യുന്നത്.മൊട്ടത്തലയും, പുട്ടിയിട്ട മോന്തയും, ലിപ്സ്റ്റിക്കിട്ട ചുണ്ടും, ഗോള്‍ഡന്‍ ഫ്രെയിമുള്ള കണ്ണാടിയും, കുട്ടപ്പന്‍ ചേട്ടന്‍റെ ചായക്കടയിലെ അരിപ്പുട്ടിന്‍റെ വലിപ്പമുള്ള സിഗററ്റും, എന്തിന് ഏറെ പറയുന്നു, ആകെ പുകില്!!
ആ വരവ് കണ്ട് നാട്ടിലെ സ്ത്രീകള്‍ ഉറക്കെ പറഞ്ഞു:
"പുഷ്ക്കരന്‍ ഗള്‍ഫിലായത് വിലാസിനിയുടെ ഭാഗ്യമാ"
അതേ സമയം വിലാസിനിയുടെ സ്വഭാവം അറിയാവുന്ന ചില ആണുങ്ങള്‍ പതുക്കെ പറഞ്ഞു:
"പുഷ്ക്കരന്‍ ഗള്‍ഫിലായത് നമ്മുടെ ഭാഗ്യമാ!!"
അത് എന്തുമാകട്ടെ, പക്ഷേ പുഷ്ക്കരേട്ടന്‍ ഒരു പത്തരമാറ്റ് ഗള്‍ഫ് പ്രോഡക്റ്റ് തന്നെ ആയിരുന്നു.
നാട്ടില്‍ ഒരുപാട് ഗള്‍ഫ്കാര്‍ പിന്നീട് ഉണ്ടായെങ്കിലും, 'പുഷ്ക്കൂ' എന്ന പുഷക്കരേട്ടന്‍ തന്നെയായിരുന്നു അന്നെല്ലാം എന്‍റെ മനസിലെ ഹീറോ.അതിനൊരു മാറ്റമുണ്ടാക്കിയത് ഷിബുവാ, തെങ്ങ് കേറ്റക്കാരന്‍ ശങ്കരേട്ടന്‍റെ മോന്‍ ഷിബു.അവനാ നാട്ടീന്ന് ആദ്യമായി അമേരിക്കയില്‍ പോയത്, എന്ന് മാത്രമല്ല അവിടുന്നൊരു മാദാമ്മയേയും കെട്ടിയത്രേ.
'ശങ്കരന്‍ എഗൈന്‍ ഓണ്‍ കോക്കനട്ട് ട്രീ' അഥവാ 'ശങ്കരന്‍ പിന്നേം തെങ്ങേല്‍ തന്നെ' എന്ന പഴഞ്ചൊല്ല് തന്‍റെ അച്ഛനെ ബേസ്സ് ചെയ്ത് ഉള്ളതാണെന്നും, അച്ഛന്‍ അത്രക്ക് ഫെയ്മസ്സ് ആണെന്നും ഉള്ള അവന്‍റെ വാക്കില്‍ വീണ് മാദാമ്മ താലി കെട്ടാന്‍ കഴുത്ത് നീട്ടിയതാണെന്നും, കെട്ടിയതിന്‍റെ നാലാം നാള്‍ ഒരു കുഞ്ഞിനെ പെറ്റിട്ടട്ട് അവള്‍ പോയെന്നും അസൂയാലുക്കള്‍ പറഞ്ഞ് പരത്തുന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ അമേരിക്കയും ഷിബുവും എന്‍റെ ഭാവിയുടെ മാതൃകയായി.
എനിക്കും അമേരിക്കയില്‍ പോകണം.
അതിനായി ഇംഗ്ലീഷ് പഠിക്കാനായി എന്‍റെ ശ്രമം...
'അമേരിക്ക അമേരിക്ക', 'ലാല്‍ അമേരിക്കയില്‍', 'അക്കരെ അക്കരെ അക്കരെ', 'ഡോളര്‍' എന്നിങ്ങനെയുള്ള മലയാളം പടങ്ങള്‍ കണ്ട് അമേരിക്കന്‍ ഇംഗ്ലീഷ് സ്വായത്തമാക്കാന്‍ ഞാന്‍ തീരുമാനിച്ചു.മലയോളം ആഗ്രഹിച്ചാല്‍ കുന്നോളം കിട്ടും എന്ന പോലെ, ഒടുവില്‍ ഞാന്‍ ബാംഗ്ലൂരില്‍ എത്തി ചേര്‍ന്നു, ഇവിടുത്തെ സാഹചര്യവുമായി ഇഴകി ചേര്‍ന്നു, മറ്റ് രാജ്യങ്ങളെ മറന്നു.
അല്ലെങ്കില്‍ തന്നെ ഞാന്‍ ചെയ്തതാ ശരി.ഒരു ഇന്ത്യക്കാരന്‍ എന്നും ഇന്ത്യക്ക് വേണ്ടി പണി എടുക്കണം, അല്ലാതെ അമേരിക്കയേയും ഗള്‍ഫിനേയും പരിഭോക്ഷിപ്പിക്കാന്‍ ശ്രമിക്കരുത്.
ആരടാ, അസൂയ ആണോന്ന് ചോദിച്ചത്??
ഓടടാ!!!
ഇനി ബാംഗ്ലൂര്‍ ജീവിതം.
ഇവിടെ ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനിയരുടെ ജീവിതം ഫാസ്റ്റ്ഫുഡിനെ ആശ്രയിച്ചാണെന്ന് പറഞ്ഞാല്‍ അതൊരു മഹാസത്യമാ.നാട്ടില്‍ കിട്ടുന്ന ഇഡിയപ്പം അഥവാ നൂലപ്പം എന്ന സാധനത്തെ അനുസ്മരിപ്പിക്കുന്ന ആധൂനിക വിഭഗമായാ ന്യൂഡില്‍സ്സ്, രണ്ട് ഇഡലിക്കകത്ത് സാമ്പാറിന്‍റെ കഷ്ണം ഇരിക്കുവാണോന്ന് തോന്നിപ്പിക്കുന്ന ബര്‍ഗര്‍, ചക്ക മുറിച്ച് രണ്ട് കഷ്ണമാക്കുമ്പോ ചക്കക്കറ വലിയുന്ന പോലെ 'ചീസ്' വലിയുന്ന പിസ്സ, എന്ന് വേണ്ടാ എല്ലാം ആധൂനികം!!
നാട്ടില്‍ കഞ്ഞി കുടിച്ച് കഴിയുന്ന കോരനു വരെ കൊളസ്ട്രോളുള്ള ഈ കാലഘട്ടത്തില്‍ നമ്മടെ കാര്യം പറയണ്ട, എല്ലാം ആവശ്യത്തിനു കാണും.ഈ തിരിച്ചറിവ് കൂടെപ്പിറപ്പായി ഉണ്ടെങ്കിലും, കൊളസ്ട്രോള്‍ ഇല്ലെന്നും, തികഞ്ഞ ആരോഗ്യവാണാണെന്നും ഞാന്‍ എപ്പോഴും മനസിനെ പറഞ്ഞ് വിശ്വസിപ്പിക്കാറുണ്ടായിരുന്നു.അങ്ങനെയിരിക്കെ ഒരു ദിവസം.
ശരിക്കും പറഞ്ഞാല്‍ കല്യാണം കഴിഞ്ഞുള്ള എന്‍റെ ആദ്യ പിറന്നാള്‍ ദിവസം...
ഞാന്‍ അന്ന് നാട്ടിലാണ്, മുറിയില്‍ കുളിച്ച് ഒരുങ്ങി വിഷണ്ണനായി ഇരിക്കുന്നു.പ്രശ്നം സിംപിളാ, പിറന്നാളായിട്ട് അമ്മയും ഒരു ഷര്‍ട്ട് തന്നു, ഭാര്യയും ഒരു ഷര്‍ട്ട് തന്നു.ഇതില്‍ ഒന്ന് ധരിച്ച് കൊണ്ട് വേണം അമ്പലത്തില്‍ പോകാന്‍, എന്നിട്ടേ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാന്‍ പറ്റു.
പക്ഷേ ആദ്യം ഏത് ഷര്‍ട്ടിടും??
ഗായത്രി വാങ്ങി തന്ന ഷര്‍ട്ട് ഇട്ടാല്‍ അമ്മ എന്ത് കരുതും, അതല്ല ഇനി അമ്മ വാങ്ങി തന്ന ഷര്‍ട്ടിട്ടാല്‍ ഗായത്രി എന്ത് കരുതും.
എന്‍റെ ദേവി, എന്നേ കാക്കണേ....
പ്രാര്‍ത്ഥിച്ച് തീര്‍ന്നില്ല, ഒരു കാര്‍ വന്ന് നിന്ന ശബ്ദം.കതക് തുറന്ന് നോക്കിയപ്പോള്‍ ഗായത്രിയുടെ അച്ഛനും അമ്മയും, എന്നെ കണ്ട പാടെ അച്ഛന്‍ പറഞ്ഞു:
"മോനേ, ഹാപ്പി ബര്‍ത്ത് ഡേ"
അതിനു മറുപടിയായി ഞാന്‍ അച്ഛന്‍റെ മുന്നില്‍ ഒരു സമസ്യ നിരത്തി:
"അച്ഛാ,ഇത് ഗായത്രി തന്ന ഷര്‍ട്ട്.ഇത് അമ്മ തന്ന ഷര്‍ട്ട്.ഞാന്‍ ഏത് ഇടണം?"
അച്ഛന്‍റെ മുഖമൊന്ന് മങ്ങി, ആ തലയില്‍ മിക്കവാറും ഒരു വെള്ളിടി വെട്ടി കാണും, അമ്മാതിരി ചോദ്യമല്ലേ ഞാന്‍ ചോദിച്ചത്.അദ്ദേഹം ദയനീയമായി എന്നെ ഒന്ന് നോക്കി...
കാലമാടാ, ഞാന്‍ എന്ത് തെറ്റാടാ നിന്നോട് ചെയ്തത്??
ഈ ചോദ്യം അച്ഛന്‍ ചോദിച്ചില്ല, പകരം പറഞ്ഞു:
"മോനിതില്‍ ഏത് ഇഷ്ടപ്പെട്ടോ അത് ഇട്ടോ"
അമ്പട അച്ഛാ!!!
കളി എന്നോടോ??
ഞാന്‍ തുറുപ്പ് ഗുലാന്‍ ഇറക്കി:
"അതല്ല, ഇന്ന് അച്ഛന്‍ പറയുന്ന ഡ്രസ്സ് ഇടണമെന്നാ എന്‍റെ ആഗ്രഹം, അച്ഛന്‍ പറ"
ഇത് കേട്ടതും അമ്മായിയമ്മ സ്നേഹസമ്പന്നയായി:
"മോന്‍റെ ആഗ്രഹമല്ലേ, നിങ്ങള്‍ പറയന്നേ"
അത് കേട്ടതും, 'നീ എന്ത് കോപ്പ് അറിഞ്ഞട്ടാടി' എന്ന മട്ടില്‍ അമ്മയെ ഒന്ന് നോക്കിയട്ട് അച്ഛന്‍ പറഞ്ഞു:
"മോന്‍ അമ്മ തന്ന ആ ഷര്‍ട്ടിട്ടോ"
മതി, അതുമതി...
ഞാന്‍ പ്രതീക്ഷിച്ച ഉത്തരം, കര്‍ത്താവ് കാത്തു!!
ഷര്‍ട്ടിട്ട് വെളിയിലേക്ക് ഇറങ്ങിയപ്പോ മുല്ലപ്പെരിയാര്‍ ഡാം ഇപ്പോ പൊട്ടും എന്ന് പറയുന്ന പോലെ ഗായത്രി മുന്നില്‍.അവള്‍ വാങ്ങി തന്ന ഷര്‍ട്ട് ഇടാത്തതിനു കരയാനുള്ള പ്ലാനാണെന്ന് മനസിലായപ്പോള്‍ പതിയെ ചെവിയില്‍ പറഞ്ഞു:
"ശരിക്കും മോള് വാങ്ങി തന്നതാ എനിക്ക് ഇഷ്ടായത്, പക്ഷേ മോടെ അച്ഛന്‍ ഇത് ഇടാന്‍ പറയുമ്പോ.........?"
'ഞാനെന്ത് ചെയ്യാനാ' എന്ന മട്ടില്‍ ഞാന്‍ അവളെ ഒന്ന് നോക്കി, അത് കണ്ടതും അവള്‍ പറഞ്ഞു:
"അയ്യോ, നമ്മള്‍ മുതിര്‍ന്നവരെ അനുസരിക്കണം"
അതാണ്, ആ മുതിര്‍ന്ന ആള്‍ അവളുടെ അച്ഛനായത് നന്നായി!!
ഇല്ലേ കാണാരുന്നു.
അങ്ങനെ അമ്പലത്തിലേക്ക് യാത്രയായി, അമ്പലം വീടിനു അടുത്താണ്, നടക്കാനുള്ള ദൂരമേയുള്ളു.ഒരു പത്തടി നടന്ന് കാണും, പെട്ടന്ന് നെഞ്ചിലൊരു വേദന പോലെ.
ഞാന്‍ അവിടങ്ങ് നിന്നു.
"എന്താ ചേട്ടാ, എന്ത് പറ്റി?" ഗായത്രി.
"ഹേയ്, ഒന്നുമില്ല"
വീണ്ടും നടക്കാന്‍ ശ്രമിച്ചപ്പോ അതേ വേദന, നെഞ്ചിന്‍റെ ഇടത് ഭാഗത്ത്, ശരിക്ക് പറഞ്ഞാല്‍ ഹാര്‍ട്ടിന്‍റെ അവിടെ തന്നെ.
ഈശ്വരാ, ഹാര്‍ട്ട് അറ്റാക്ക് വല്ലോം ആണോ??
ഇത്രേം ചിന്തിച്ചപ്പോഴത്തേക്കും ശരീരമൊക്കെ വിയര്‍ക്കുന്ന പോലെ, ആകെ ഒരു പരവശം, അത് വെപ്രാളം മൂലമാണോ, അതോ അറ്റാക്കാണോന്ന് മനസിലാകാതെ ഞാന്‍ തിരികെ വീട്ടിലേക്ക് ഓടി.ഷര്‍ട്ട് ഊരി കസേരയിലും ഇട്ട്. ഫുള്‍ സ്പീഡില്‍ ഫാനും ഇട്ട് നേരെ കട്ടിലേലേക്ക്.തെട്ട് പിറകിനു കടന്നല്‍ കൂട് ഇളകി വരുന്ന പോലെ വീട്ടുകാരും.
"എന്താ മനു?" എല്ലാവരും ഒരേ സ്വരത്തില്‍ ചോദിച്ചു.
"ഹേയ്, ഒരു ചെറിയ നെഞ്ച് വേദന പോലെ" ഞാന്‍ ഒരു വിധം പറഞ്ഞ് ഒപ്പിച്ചു.
നിമിഷ നേരം കൊണ്ട് വീട്ടിലെ അവസ്ഥ മാറി.
കേട്ടവര്‍ കേട്ടവര്‍ ഓടി വരുന്നു, വല്യ വല്യ ചര്‍ച്ചകള്‍.ഇസിജി എടുക്കണം, ബ്ലഡ് ടെസ്റ്റ് ചെയ്യണം, ബീപി നോക്കണം, നെഞ്ചിന്‍റെ എക്സ്സ് റേ എടുക്കണം, എന്ന് വേണ്ടാ മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോണം എന്ന അവസ്ഥ വരെ ആയി.എനിക്കാണെങ്കില്‍ വേദനക്ക് നല്ല കുറവുണ്ട്, ഞാന്‍ കാര്യം ഗായത്രിയോട് പറഞ്ഞു:
"ഒന്നും, വേണ്ടാ.വേദന കുറവുണ്ട്"
അതോടെ എല്ലാവരും ആശ്വാസത്തില്‍ ആയെങ്കിലും തത്ക്കാലത്തേക്ക് അടുത്തുള്ള ഒരു ഡോക്ടറെ കാണിക്കാന്‍ തീരുമാനിച്ചു.
ഡോക്ടറെ കാണാന്‍ ഇറങ്ങിയപ്പോ പഴയ പ്രശ്നം, ആശുപത്രിയില്‍ പോകുവാ, പുതിയ ഡ്രസ്സ് ഇടാമോ.'അത് വേണ്ടാന്ന്' പൊതുവെ ഉള്ള അഭിപ്രായം, ഒടുവില്‍ കൈയ്യില്‍ കിട്ടിയ മറ്റൊരു ഷര്‍ട്ടുമിട്ട് ആശുപത്രിയിലെത്തി.ഒരു നല്ല ഡോക്ടര്‍, അരമണിക്കൂറിനുള്ളില്‍ അതിയാനു അറിയാവുന്ന എല്ലാ ടെസ്റ്റും നടത്തി, എന്തിന് 'പല്ല് വേദന ഉണ്ടോന്ന്?' വരെ ചോദിച്ചു.പിന്നേം കുറേ കഴിഞ്ഞാണ് റിസള്‍ട്ട് കിട്ടിയത്, അതുമായി വീണ്ടും ഡോക്ടറെ കണ്ടു.എല്ലാം വിശദമായി നോക്കിയട്ട് അദ്ദേഹം പറഞ്ഞു:
"എല്ലാം നോര്‍മലാണ്"
തുടര്‍ന്ന് എന്നോട് ചോദിച്ചു:
"മനു പേടിച്ച് പോയോ?"
"ചെറുതായിട്ട്" ഒരു വളിച്ച ചിരിയോട് എന്‍റെ മറുപടി.
"മനു പയ്യനല്ലേ, ഇങ്ങനെ പേടിച്ചാലോ, ഒന്ന് റിലാക്സ് ചെയ്യ്"
ചിരിച്ച് കൊണ്ടിരുന്ന എന്നോട് അദ്ദേഹം വീണ്ടും ചോദിച്ചു:
"മനു വലിക്കുമോ?"
എനിക്ക് റിലാക്സ് ചെയ്യാന്‍ സിഗററ്റ് തരാനാണെന്ന് കരുതി ഞാന്‍ പറഞ്ഞു:
"നോ, താങ്ക്സ്സ്"
പാവം ഡോക്ടര്‍!!!
അദ്ദേഹത്തിന്‍റെ ചങ്ക കലങ്ങി കാണും!!!
അമ്മാതിരി മറുപടി അല്ലേ??
അമ്പരപ്പ് മാറിയപ്പോ അദ്ദേഹം വിശദമാക്കി:
"സിഗററ്റ് തരാനല്ല, വലിയോ കുടിയോ ഉണ്ടോന്നാ ചോദിച്ചത്"
"അയ്യോ, ഇല്ല ഡോക്ടര്‍"
അത് കൂടി കേട്ടപ്പൊ അദ്ദേഹം തന്‍റെ മൊബൈല്‍ നമ്പര്‍ എഴുതി എന്‍റെ കൈയ്യില്‍ തന്നിട്ട് പറഞ്ഞു:
"ഐ തിങ്ക് ഇറ്റ് ഈസ് എ കൊംപ്ലിക്കേറ്റഡ് ഇഷ്യു, ബട്ട് ഡോണ്ട് വറി.ഇനി എന്തെങ്കിലും ആവശ്യം വന്നാല്‍ ഈ നമ്പരില്‍ വിളിക്കണം.തത്ക്കാലത്തേക്ക് കുഴപ്പമൊന്നും ഇല്ലെന്ന് കരുതി സമാധാനിക്ക്"
ശരി ഡോക്ടര്‍.
തിരികെ വീട്ടിലേക്ക്...
വീട്ടിലെത്തി കാര്യം അവതരിപ്പിച്ചപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസം.തുടര്‍ന്ന് അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി വീണ്ടും അണിഞ്ഞൊരുങ്ങി അമ്പലത്തിലേക്ക്.പോകുന്ന വഴി ഗായത്രി ചോദിച്ചു:
"ശരിക്കും മാറിയോ?"
"ഇല്ല മോളേ, ഇപ്പോഴും ചെറിയ വേദനയുണ്ട്" ഞാന്‍ സത്യം പറഞ്ഞു.
"ദേവിയോട് പ്രാര്‍ത്ഥിക്ക്, അമ്മ മാറ്റിത്തരും" അവളുടെ മറുപടി.
അവള്‍ പറഞ്ഞത് ശരിയായിരുന്നു, നാലമ്പലത്തിനു അകത്ത് കയറി പ്രാര്‍ത്ഥിച്ച് നില്‍ക്കേ വേദന കുറയുന്ന പോലെ, ഒടുവില്‍ പൂര്‍ണ്ണമായും മാറി.ദേവിക്ക് നന്ദി പറഞ്ഞ് തിരികെ വീട്ടിലേക്ക് നടന്നപ്പോള്‍ വീണ്ടും വേദന!!
ദേവി, എന്താ ഇത്??
ഒരു നിമിഷം....
പല സംഭവങ്ങളും മനസില്‍ മിന്നി മറഞ്ഞു..
ആദ്യം അമ്പലത്തിലോട്ട് വന്നപ്പോള്‍ വേദനയുണ്ടായിരുന്നു, ആശുപത്രിയില്‍ പോയപ്പോള്‍ വേദനയില്ല.രണ്ടാമത് അമ്പലത്തിലോട്ട് വന്നപ്പോഴും വേദനയുണ്ട്, എന്നാല്‍ നാലമ്പലത്തിനു അകത്ത് വച്ച് വേദനയില്ല.എന്നാല്‍ ഇപ്പോള്‍ ചെറിയ വേദന ഉണ്ട്.
അതായത് പുതിയ ഷര്‍ട്ട് ഇടുമ്പോള്‍ മാത്രമാണ് വേദന!!!
പതിയെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ തപ്പി, സംശയം അസ്ഥാനത്ത് ആയിരുന്നില്ല, ഒരു മൊട്ട് സൂചി അതാ പോക്കറ്റില്‍ വിശ്രമിക്കുന്നു.പുതിയ ഷര്‍ട്ടില്‍ നിന്ന് മൊട്ടുസൂചി മാറ്റിയപ്പോള്‍ എങ്ങനെയോ ഒരെണ്ണം പോക്കറ്റില്‍ ആയതാ...
എന്‍റെ ദേവി, ഇത്രേ ഉള്ളായിരുന്നോ??
ഈ കുട്ടിപ്പിശാചിന്‍റെ മുന കൊണ്ടാണോ നെഞ്ച് വേദനിച്ചത്??
രാവിലെ മുതല്‍ എന്നെ വെപ്രാളപ്പെടുത്തിയത് ഇതാണല്ലോന്ന് ഓര്‍ത്തപ്പോള്‍ ചിരിച്ച് കൊണ്ട് ഞാന്‍ ഓടയിലേക്ക് എടുത്ത് എറിഞ്ഞു, ആ മൊട്ടു സൂചിയെ, അല്ല, ആ കോംപ്ലിക്കേറ്റഡ് ഇഷ്യുവിനെ, ഞാന്‍ ആരാ മോന്‍.
ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..
All rights reserved
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com
70 comments:
ക്ലൈമാക്സിലെ അതിശയോക്തിയെ അവഗണിച്ച് കൊണ്ട്, ഉരുളന്‍കിഴങ്ങ് കഴിച്ചുള്ള ഗ്യാസ് പോലും അറ്റാക്കാണോന്ന് സംശയിക്കുന്ന, ഞാന്‍ അടക്കമുള്ള യുവ തലമുറക്കായി ഈ കഥ സമര്‍പ്പിക്കുന്നു.
:)
മൊട്ടു സൂചി , .കോംപ്ലിക്കേറ്റഡ് ഇഷ്യുവിനെ, എടുത്തു എറിഞ്ഞുകളയണ്ടായിരുന്നു.കാരണം ഇത്രയും പേരുടെ സ്നേഹം കിട്ടിയതും അത് കാരണം അല്ലേ? പോസ്റ്റ് കൊള്ളാം ട്ടോ ...
തേങ്ങ ആദ്യം..
((( ഠപ്പേ )))
വായിച്ചിട്ട് വരാം ട്ടാ..
തേങ്ങ എന്റെ വക. കൊള്ളാം പതിവു പോലെ ചിരിപ്പിച്ചു.
അരുണേ.. ഇത് തീരെ പ്രതീക്ഷിക്കാത്ത ക്ലെമാക്സ്. അമ്മയെയും ഭാര്യയെയും ഭാര്യാ പിതാവിനെ വരെ വേദനിപ്പിക്കാതെ കാര്യം നടത്തിയ മനുവിനെ വേദനിപ്പിക്കാൻ ഒരു മൊട്ടുസൂചിയോ.. ഹമ്പട ഞാനേ മൊട്ടൂചീ.. രസകരമായി...
പുതിയ ഷർട്ട് കാണുമ്പോൾ ആക്രാന്തമല്ലേ വലിച്ചുകേറ്റിയിടാൻ... മൊട്ടുസൂചിയൊക്കെ എടുത്തിട്ട് പോരായിരുന്നോ? ആ ഡോക്ടർ ഓപ്പറേഷൻ ചെയ്യാത്തതു ഭാഗ്യം.
ഏറെ നാളുകള്‍ക്കു ശേഷമാണ് ഒരു ബ്ലോഗില്‍ കമന്റ് ഇടുന്നത്.അത് സൂപ്പര്ഫാസ്റ്റില്‍ തന്നെയായത് ഏറെ സന്തോഷം.പഴയപോലെ തന്നെ...ആസ്വദിച്ചു വായിച്ചു..
:)
ശരിയ്ക്കും ഒരു കോംപ്ലിക്കേറ്റഡ് ഇഷ്യു തന്നെ.
ഇതാണ് പണ്ട് മഹാന്മാര്‍ പറഞ്ഞത്... "ചില സമയങ്ങളില്‍ തീരെ നിസ്സാര സംഭവങ്ങള്‍ പോലും നമ്മെ വേദനിപ്പിയ്ക്കും" എന്ന്. മൊട്ടു സൂചി കൊണ്ടപ്പോ അത് സത്യമാണെന്ന് തെളിഞ്ഞില്ലേ?
എന്തിന് ഏറെ പറയുന്നു, ആകെ പുകില്!!!!
സൂപ്പർ!!! ആ ധാരാവി പ്രയോഗം കലക്കി!!
തേങ്ങ ഉടക്കാൻ വേണ്ടി വന്നതാ.. ഏതായാലും കൊണ്ടുവന്നതു് തരാതെ പോകുന്നതു് ശരിയല്ലല്ലൊ..
(((ഠേ?)))
എന്നാലും ഗായത്രി ഇതു വേണ്ടായിരുന്നു മൊട്ടുസൂചിക്കു പകരം വല്ല ചൊറിയന്‍ പുഴുവിനയൂം ഇട്ടാല്‍ മതിയായിരുന്നില്ലേ അമ്മയുടെ ഷര്‍ട്ടില്‍
അരുണ്‍ ഈ പോസ്റ്റ് വന്ന അപ്പോള്‍ തന്നെ ഞാന്‍ ഒരു കമന്റ് ചെയ്തു .ഇന്ന് ആര്‍ക്കും കമന്റ്സ് ഒന്നും കിട്ടുന്നില്ല എന്ന് പറഞ്ഞും കേട്ടു ,എന്റെയും അതില്‍ പോയി .മൊട്ടു സൂചിയെ,കോംപ്ലിക്കേറ്റഡ് ഇഷ്യുവിനെഎറിഞ്ഞു കളഞ്ഞത് ശരിയായില്ല .പാവം അത് കാരണം അല്ലേ ഇത്രയും സ്നേഹം കിട്ടിയതും .ഇതായിരുന്നു എന്‍റെ മറഞ്ഞുപോയ കമന്റ് ..
ഒരു മൊട്ടു സൂചി വെച്ചും പോസ്റ്റ് ഇടാമെന്ന് ഇപ്പൊ പിടികിട്ടി.. ചിരിപ്പിച്ചുട്ടോ !
അല്ലെങ്കില്‍ തന്നെ ഞാന്‍ ചെയ്തതാ ശരി.ഒരു ഇന്ത്യക്കാരന്‍ എന്നും ഇന്ത്യക്ക് വേണ്ടി പണി എടുക്കണം, അല്ലാതെ അമേരിക്കയേയും ഗള്‍ഫിനേയും പരിഭോക്ഷിപ്പിക്കാന്‍ ശ്രമിക്കരുത്.
ആരടാ, അസൂയ ആണോന്ന് ചോദിച്ചത്??
ഓടടാ!!!
ഹഹഹ്... കിട്ടാത്ത മുന്തിരി..
( എ) ഒരു കോംപ്ലികേറ്റ് ഇഷ്യൂ തന്നെ ആണ്. പിന്നെ അരുണ്‍ ജിയുടെ ഭാഗ്യം അമ്മയും ഫാര്യയും ഫാന്റ്റ്റ് വാങ്ങി തന്നില്ലലോ എന്നുള്ളതാണ്. എവിടെയോ കൊള്ളണ്ടത് നെഞ്ചില്‍ കൊണ്ട് ഒതുങ്ങി എന്ന് കരുതിയാ മതി :)
:)
ഏതായാലും ഷര്‍ട്ട് സെലക്റ്റ് ചെയ്ത രീതി കലക്കി,കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറ ക്കല്‍!!
ശരിയ്ക്കും ഒരു കോംപ്ലിക്കേറ്റഡ് ഇഷ്യു തന്നെ.
അയ്യയ്യേ...
പാവം മൊട്ടുസൂചി!
ഭയങ്കരം !!! ഒന്നു പോ മാഷേ..
മൊട്ടുസൂചി കുത്തിക്കേറിയിട്ട് അറിഞ്ഞില്ല പോലും.
ചളം ..ചളം ..വമ്പന്‍ ചളം. :))
കഴിഞ്ഞ പോസ്റ്റില്‍ അരുണിന് ഏതാണ്ട് ഒരു അറ്റാക്ക് വന്നതല്ലേ... ഇപ്പൊ ഇതും കൂടെ ആയപ്പോള്‍... എവിടെ... എല്ലാ തവണയും പോലെ പറ്റിച്ചു..
പതിവ് പോലെ കുറേ ചിരിപ്പിച്ചു...
ഒരു നല്ല ഡോക്ടര്‍, അരമണിക്കൂറിനുള്ളില്‍ അതിയാനു അറിയാവുന്ന എല്ലാ ടെസ്റ്റും നടത്തി, എന്തിന് 'പല്ല് വേദന ഉണ്ടോന്ന്?' വരെ ചോദിച്ചു.
:) പതിവു പോലെ ചിരിപ്പിച്ചു
ക്ലൈമാക്സിലെ ലോജിക്കില്ലായ്മ ഒഴിച്ചാല്‍ എഴുത്ത് നര്‍മ്മം, രസകരം. വാചകങ്ങള്‍ ശരിക്കും ചിരിയുണര്‍ത്തി!! :)
ഈ കോമ്പ്ലിക്കേറ്റട് ഇഷ്യൂ ചിരിപ്പിച്ചു. അവസാനത്തെ വരികള്‍ ഉഗ്രന്‍.
നന്ടെട്ടന്‍ പറഞ്ഞത് തന്നെ ..... ഇടയിലുള്ള വിറ്റുകള്‍ സൂപ്പര്‍
ഇത് ഗായത്രി പറ്റിച്ച പണിയല്ലേന്നൊരു സംശയം ഇല്ലാതില്ല...
ഒഴാക്കാന്‍ പറഞ്ഞത് പോലെ പാന്‍റ്സ് ആയിരുന്നെങ്കില്‍... എവിടെയോ കൊള്ളേണ്ടത് നെഞ്ചില്‍ കൊണ്ട് എന്ന് മാത്രം.
നല്ല രസം...
അരുണേ;
ഇത് പണ്ടൊന്നു പോസ്റ്റീതല്ലേ..:)
ഞാൻ വായിച്ചിട്ടുണ്ടല്ലോ..
പിന്നേ നന്ദുവിന്റെ കമന്റ് ഞാനും ശരിവെക്കുന്നു..
ഒരു കാര്യം കൂടി..
കൺഫ്യൂഷൻ ആയേലെന്നാ..
2 ഷർട്ട് അല്ലിയോ കിട്ടീത്..
എന്റെയൊക്കെ പിറന്നാളിനാണേൽ..
ഇടണേൽ വേണേങ്കീ; സ്വന്തം കായി മുടക്കി എടുത്തോണം..:)
ചിരിച്ചു :)
ഒരു സൂചി കുത്തിയപ്പോ ഹാര്‍ട്ട് അറ്റാക്ക് എന്നൊക്കെ തോന്നിയോ!!!അപ്പൊ ഇനി മുതല്‍ സൂചി നോക്കിയിട്ട് ഷര്‍ട്ട് ഇടണം അല്ലെ...ഓഫ്:പണ്ടോരാള്‍ ഡോക്ടറുടെ അടുത്ത് ചെന്ന് പറഞ്ഞു എന്റെ ശരീരം മുഴുവന്‍ വേദനയാണെന്ന്. ശരീരത്തില്‍ എവിടെ തോടുമ്പോഴും വേദന. പക്ഷെ ഡോക്ടര്‍ പരിശോടിക്കുമ്പോള്‍ അയാള്‍ക്ക് വേദനയില്ല. ഡോക്ടര്‍ക്ക് സംഗതി പിടി കിട്ടി. ഡോക്ടര്‍ രോഗിയോട് ഡോക്ടറിന്റെ ശരീരത്തില്‍ തൊടാന്‍ പറഞ്ഞു. ഉടനെ രോഗിക്ക് വീണ്ടും വേദനിക്കാന്‍ തുടങ്ങി...മനസ്സിലായോ...മുന്‍പ് മെയിലില്‍ വന്ന കഥയുടെ ഒരു ഭാഗം മാത്രം. ഇത് വായിച്ചത് കൊണ്ടാവാം. രണ്ടാമതും അമ്പലത്തിലേക്ക് എന്ന് പറഞ്ഞപ്പോള്‍ ക്ലൈമാക്സ് ഞാന്‍ ഊഹിച്ചു.
എന്നാലും ഒരു സൂചി കുത്തിയപ്പോള്‍....
.കൊള്ളാം.
വല്ലഭനു മൊട്ടുസൂചിയും ആയുധം....
നാട്ടില്‍ കഞ്ഞി കുടിച്ച് കഴിയുന്ന കോരനു വരെ കൊളസ്ട്രോളുള്ള ഈ കാലഘട്ടത്തില്‍ നമ്മടെ കാര്യം പറയണ്ട,
പഴയതുപോലെ രസകരമായ എഴുത്ത് തന്നെ.
എന്നാലും ഒരു മൊട്ടുസൂചി വരുത്തിവെച്ച പുളിവാലെ...
ഹയ്യോ ആ ഓപറേഷന്‍ മൊട്ടുസൂചി നടന്നില്ലാരുന്നേല്‍ മൊട്ടുസൂചികാരണം ഒരു ഓപ്പറേഷന്‍ നടന്നേനെ .അറ്റാക്ക് മൊട്ട്സൂചി :)
ഏതായാലും ഗായത്രിയുടെ ബുദ്ധി കലക്കി കേട്ടോ... എന്നാലും ശീ പേടിച്ചൂലേ... സാരല്ലാട്ടോ... നാല് തേങ്ങ ഉടക്കുമ്പോള്‍ ശരിയാകും.
((( ഠപ്പേ ))) ((( ഠപ്പേ ))) ((( ഠപ്പേ ))) ((( ഠപ്പേ )))..............
"മോന്‍റെ ആഗ്രഹമല്ലേ, നിങ്ങള്‍ പറയന്നേ"
അത് കേട്ടതും, 'നീ എന്ത് കോപ്പ് അറിഞ്ഞട്ടാടി' എന്ന മട്ടില്‍ അമ്മയെ ഒന്ന് നോക്കിയട്ട് അച്ഛന്‍ പറഞ്ഞു:
"മോന്‍ അമ്മ തന്ന ആ ഷര്‍ട്ടിട്ടോ"....പാവം അച്ഛന്‍ ...
ഒരു കോംപ്ലിക്കേറ്റഡ് ഇഷ്യു തന്നെ........
കൊള്ളാംട്ടോ
വായിക്കുമ്പോള്‍ confusion തോന്നി.. ഈ heart attack ന്റെ വേദനയും മൊട്ടു സൂചി കൊള്ളുന്ന വേദനയും തമ്മില്‍ താരതമ്യം ചെയ്യാന്‍ പറ്റുമോ?? പിന്നെ നന്ദകുമാര്‍ ന്റെ കമന്റ് വായിച്ചപ്പോള്‍ സമാധാനമായി. ആ ലോജിക് ന്റെ കുഴപ്പമാണ്..
അരുണ്‍ ന്റെ എല്ലാ പോസ്റ്റും വായിക്കാറുണ്ട്.. സ്റ്റൈല്‍ വളരെ ഇഷ്ടമാണ്. പക്ഷെ കമന്റടിക്കുന്നത് ആദ്യമാണ്..
പിന്നെ കായംകുളതിനടുത്തു ഒരു ഏവൂര്‍ ഉണ്ട്.. എവൂരിന്റെ മരുമകളാണ് ഞാന്‍..
എല്ലാം ഒരു കോംബ്ളികേറ്റട് ഇഷ്യൂ തന്നെ ...
ഇതാണ് സാക്ഷാൽ ബ്ലോഗ്ഗർ !
ഒരു മൊട്ടുസൂചിയെകിട്ടിയാവരെ എടുത്തമ്മാനമാടി ബ്ലോഗുലകം മുഴുവൻ വർണ്ണ പകിട്ടോടെ ഒരു അമിട്ടായി വിരിയിക്കുന്നൂ...
കലക്കി കേട്ടൊ
Simple;but superb post....attractive and smooth way of wh=riting.. keep it up dear...
best arunettaaaa........best!!!!!!
പരിഭോക്ഷിപ്പിക്കാന്‍ ശ്രമിക്കരുത്..
ഒരു മൊട്ടു സൂചി പരിപോഷിപ്പിച്ചപ്പൊ ഇത്രയുമെങ്കില്‍...
ഛേ, കളഞ്ഞു. എല്ലാം പോയി. ഈ മനു ഒരു വല്യ കക്ഷിയാന്ന് കരുതി ഇരിയ്ക്കയായിരുന്നു. വെറും ഒരു മൊട്ടു സൂചീലു വീണില്ലേ?
good vaayichirikkaam..
ഇയ്യാള് ആളോരു പുല്യന്നെണോ....
വികസിപ്പിച്ചെഴുതാന്‍ നല്ല മിടുക്കാനാണല്ലേ.....
പഴയ ഒത്തിരി പോസ്റ്റുകള്‍ വായിക്കാനുണ്ട് അരു
ണിന്റെതായി....എല്ലാം ഇരുന്നോന്നു വായിക്കട്ടെ. ഒത്തിരി നാളായിട്ട് ഇന്നാണ് സമയം കിട്ടിയത്.
സ്നേഹത്തോടെ......നട്ട്സ്..
ഇങ്ങനെ കല്ല്യാണകഥകള്‍ പറഞ്ഞാല്‍ മാത്രം പോരാ...... വല്ല വിശേഷകഥകള്‍ കൂടി ആവാം
അണ്ണാ..."ബാക്ക് ടു ദി പവര്‍."
കലക്കി... :-D
എന്റെ അരുണ്‍ഭായ്... ആ മൊട്ടു സൂചി എടുത്ത് ഓടയിലേക്കെറിഞ്ഞത് കുറച്ച് അക്രമമായിപ്പോയി... ഓട വൃത്തിയാക്കാന്‍ ഇറങ്ങുന്നവന്റെ കാലില്‍ കുത്തിക്കോട്ടെ എന്ന് അല്ലേ...?
അമ്മായി അച്ഛന്റെ "നീ എന്ത് കോപ്പറിഞ്ഞിട്ടാടീ.." എന്ന മട്ടിലുള്ള നോട്ടം ശരിക്കും ചിരിപ്പിച്ചു കളഞ്ഞു.
nannaayi
അല്പം അതിശയോക്തി കൂടിപോയെങ്കിലും തമാശിച്ചതിഷ്ടപ്പെട്ടു. പ്രത്യേകിച്ച് ഇതു " ചക്ക മുറിച്ച് രണ്ട് കഷ്ണമാക്കുമ്പോ ചക്കക്കറ വലിയുന്ന പോലെ 'ചീസ്' വലിയുന്ന പിസ്സ " എനിക്കു ഒട്ടും ഇഷ്ടമില്ലാത്ത ഒരു സാധനമാ അത്.
മിനിഞ്ഞാന്ന് ഫോണ്‍ ചെയ്തു പറഞ്ഞ കാര്യം മനസ്സില്‍ കിടന്നോണ്ടു.. ക്ലൈമാക്സ് ശരിക്കും സസ്പെന്‍സ് ആയിപ്പോയി ട്ടോ...
ചിരിച്ചു ശരിക്കും...
ചേട്ടാ, ഇവിടെ ഇന്നാണ് എത്തുന്നത്. വളരെ ലളിതമായി,ഒരു ചെറിയ കഥ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചു. ഏറ്റവും ഇഷ്ട്ടപ്പെട്ടത് അമ്മായി അച്ഛനും അമ്മായി അമ്മയും ജോയിന്‍ ചെയ്ത സീന്‍ ആണ്. ചിരിച്ചു പോയി......എന്ന് പറയുന്നതാണ് അതിന്‍റെ ശരി. നമ്മുടെ സായിപ്പ് ദേ എന്‍റെ മുന്നില്‍ ഇരുന്ന് "ഇവനെന്ത് പറ്റിയെടാ" എന്ന മട്ടില്‍ നോക്കുന്നുണ്ടായിരുന്നു. പിന്നെ അവസാന ഭാഗത്ത് എന്തോ രസക്കുരവും അനുഭവപ്പെട്ടു. അവസാനിപ്പിക്കാന്‍ വല്ലാതെ തിടുക്കം കൂട്ടിയെന്നും തോന്നി.
പിന്നെ ഈ വഴിക്ക് കണ്ടില്ലല്ലോ? ഒരു പോസ്റ്റ് ഇട്ടിരുന്നു. നോക്കി പറയൂ.
"തണുപ്പില്‍ മൂത്രമൊഴിച്ചാല്‍ ഭൂമിയില്‍ വീഴുന്നേനു മുമ്പേ ഐസായി പോകും"
"യ്യോ, എന്നിട്ട്?"
"പിന്നെന്തോ ചെയ്യാനാ, ഒടിച്ച് കളയും"
"എന്തോന്ന്???"
"ആ ഐസ്സ്!!"
കിടുക്കന്‍ :)
ഇതില്‍ "ഗോംബ്ലിക്കേഷന്‍" ഒന്നൂല്ലാട്ടോ...ഒരല്പം ഡിന്ഗോളിഫിക്കേഷന്‍ മാത്രമേയുള്ളൂ ....ഹ ഹ...
വൈകിയതില്‍ ക്ഷമാപണം...
തകർപ്പന് മനൂ...
“ഇത് കേട്ടതും അമ്മായിയമ്മ സ്നേഹസമ്പന്നയായി:
"മോന്‍റെ ആഗ്രഹമല്ലേ, നിങ്ങള്‍ പറയന്നേ"
ഇവിടെ എത്തിയപ്പോള് അറിയാതെ ഉറക്കെ ചിരിച്ച് പോയി..
ഈ അണ്ടർ വെയറിലൊന്നും മൊട്ടുസൂചി കുത്തി വിൽക്കാൻ വരാത്തത് ഭാഗ്യം ഇല്ലെങ്കിൽ മനുവണ്ണന് പുറത്ത് പറയാൻ പറ്റാത്ത അസുഖങൾ വന്നേനേ...:)
ആസ്വദിച്ച് ചിരിച്ചു.
ചിരിപ്പിച്ചതിന് നന്ദി, നന്ദി !!
[ആ മുതിര്‍ന്ന ആള്‍ അവളുടെ അച്ഛനായത് നന്നായി!!
ഇല്ലേ കാണാരുന്നു.]
ഹ്ഹിഹി അരുണേ... സംഗതി നന്നായിരുന്നു..
എനിക്കേറെ ഇഷ്ടമായത് അരുണിന്റെ യുവ തലമുറക്കായുള്ള ആ സമര്‍പ്പണമാണ്‍്
:)
//നാട്ടില്‍ കിട്ടുന്ന ഇഡിയപ്പം അഥവാ നൂലപ്പം എന്ന സാധനത്തെ അനുസ്മരിപ്പിക്കുന്ന ആധൂനിക വിഭഗമായാ ന്യൂഡില്‍സ്സ്, രണ്ട് ഇഡലിക്കകത്ത് സാമ്പാറിന്‍റെ കഷ്ണം ഇരിക്കുവാണോന്ന് തോന്നിപ്പിക്കുന്ന ബര്‍ഗര്‍, ചക്ക മുറിച്ച് രണ്ട് കഷ്ണമാക്കുമ്പോ ചക്കക്കറ വലിയുന്ന പോലെ 'ചീസ്' വലിയുന്ന പിസ്സ, എന്ന് വേണ്ടാ എല്ലാം ആധൂനികം!!
ഈ ഉപമ കലക്കി, ഇനി ഇത് ഉത്പ്രേക്ഷ ആണോ?
ആ എന്ത് കുന്തമാണേലും കലക്കി.
sadharana kashmeerile pattalakkar muthrm ozhikkan muttumpol cigaratte lighter kondu choodakkaranu pathivu, athonnu sramichu nokku, ice aakathe vellamayittu thanne pokum. ADICHU MAATTI OPPICHATHANU ENKILUM KOLLAM.
പട്ടാളക്കാര് ഐസ് ഒടിക്കുന്ന വിദ്യ കുട്ടിക്കാലത്തേ കേട്ടിട്ടുണ്ട്. എന്നാലും സംഗതി ചിരിപ്പിച്ചു!
ആശംസകൾ!
(ഞാൻ രണ്ടാഴ്ചയായി കൂട്ടം മീറ്റിന്റെ തെരക്കിലായിരുന്നു; ഇന്നാ ഫ്രീയായത്. തൊടുപുഴയിൽ കാണാം)
ഈ മനുവിനെ കൊണ്ട് തോറ്റു ... വല്ലാത്ത പഹയന്‍ തന്നെ
"ധാരാവി, ധാരാവീന്ന് കേട്ടിട്ടുണ്ടോ?"
"പിന്നേ, അത് തണുത്തല്ലേ മഴ പെയ്യുന്നത്"
മൊട്ടുസൂചി കള്ളന് ...
hai nice yar.....continue ur journey
സൂചി ആയിത്തു! മത്തേനു വിശേഷ ആകില്ലവാ?
"മനു വലിക്കുമോ?"
എനിക്ക് റിലാക്സ് ചെയ്യാന്‍ സിഗററ്റ് തരാനാണെന്ന് കരുതി ഞാന്‍ പറഞ്ഞു:
"നോ, താങ്ക്സ്സ്"
പാവം ഡോക്ടര്‍!!!
അദ്ദേഹത്തിന്‍റെ ചങ്ക കലങ്ങി കാണും!!!
അമ്മാതിരി മറുപടി അല്ലേ??
അമ്പരപ്പ് മാറിയപ്പോ അദ്ദേഹം വിശദമാക്കി:
"സിഗററ്റ് തരാനല്ല, വലിയോ കുടിയോ ഉണ്ടോന്നാ ചോദിച്ചത്"
"അയ്യോ, ഇല്ല ഡോക്ടര്‍"
അത് കൂടി കേട്ടപ്പൊ അദ്ദേഹം തന്‍റെ മൊബൈല്‍ നമ്പര്‍ എഴുതി എന്‍റെ കൈയ്യില്‍ തന്നിട്ട് പറഞ്ഞു:
"ഐ തിങ്ക് ഇറ്റ് ഈസ് എ കൊംപ്ലിക്കേറ്റഡ് ഇഷ്യു, ബട്ട് ഡോണ്ട് വറി.ഇനി എന്തെങ്കിലും ആവശ്യം വന്നാല്‍ ഈ നമ്പരില്‍ വിളിക്കണം.തത്ക്കാലത്തേക്ക് കുഴപ്പമൊന്നും ഇല്ലെന്ന് കരുതി സമാധാനിക്ക്"
doctor's complicated issue was good
ഇതിൽ ഒരു ഗുണപാഠമുണ്ടല്ലോ അരുൺ..
തമാശക്കിടയിലും .
“ഹോസ്പിറ്റലിൽ പോകുന്നതിനു മുമ്പ് പോകറ്റ് പരിശോധിക്കുക “ :)
നന്നായി ഈ ഇഷ്യൂ.
"മനു വലിക്കുമോ?"
എനിക്ക് റിലാക്സ് ചെയ്യാന്‍ സിഗററ്റ് തരാനാണെന്ന് കരുതി ഞാന്‍ പറഞ്ഞു:
"നോ, താങ്ക്സ്സ്"
പാവം ഡോക്ടര്‍!!!
അദ്ദേഹത്തിന്‍റെ ചങ്ക കലങ്ങി കാണും!!!
അമ്മാതിരി മറുപടി അല്ലേ??
അമ്പരപ്പ് മാറിയപ്പോ അദ്ദേഹം വിശദമാക്കി:
"സിഗററ്റ് തരാനല്ല, വലിയോ കുടിയോ ഉണ്ടോന്നാ ചോദിച്ചത്"
"അയ്യോ, ഇല്ല ഡോക്ടര്‍"
അത് കൂടി കേട്ടപ്പൊ അദ്ദേഹം തന്‍റെ മൊബൈല്‍ നമ്പര്‍ എഴുതി എന്‍റെ കൈയ്യില്‍ തന്നിട്ട് പറഞ്ഞു:
"ഐ തിങ്ക് ഇറ്റ് ഈസ് എ കൊംപ്ലിക്കേറ്റഡ് ഇഷ്യു, ബട്ട് ഡോണ്ട് വറി.ഇനി എന്തെങ്കിലും ആവശ്യം വന്നാല്‍ ഈ നമ്പരില്‍ വിളിക്കണം.തത്ക്കാലത്തേക്ക് കുഴപ്പമൊന്നും ഇല്ലെന്ന് കരുതി സമാധാനിക്ക്"
ഹൊ ആ ഡോക്ടറെ സമ്മതിക്കണം.. ങാഹ്..എന്നിട്ട് ആ ഡോക്ടറെ പിന്നെ കണ്ടിരുന്നോ...
ചിരിച്ചു ചിരിച്ചു വയ്യാണ്ടായി മാഷെ..
Post a Comment