For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ദി ക്ലൈന്‍റ്‌ വിസിറ്റ്




'എന്നെ കൊണ്ട് പണിയെടുക്കാന്‍ വയ്യ, പക്ഷേ ശമ്പളം കൃത്യമായി കിട്ടണം' എന്ന ചിന്താഗതിക്കാരായ സുഹൃത്തുക്കളെ, ഞാനും നിങ്ങളില്‍ ഒരുവനാണ്.അതിനാല്‍ തന്നെ 'വീക്കെന്‍ഡ്' എന്ന പൊന്നോമന പേരില്‍ അറിയപ്പെടുന്ന ശനിയും ഞയറും എനിക്ക് ആഘോഷത്തിന്‍റെ ദിനങ്ങളാണ്...
എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച ഞാനൊരു നല്ലവന്‍ ആകാന്‍ ശ്രമിച്ചു..
നല്ലവന്‍ എന്നാല്‍ നല്ലവരില്‍ നല്ലവന്‍, ഒരു മഹാന്‍!!!
എല്ലാ സഹജീവികളും ഞാന്‍ തന്നെയാണ്‌ എന്ന വിശ്വാസത്തിന്‍റെ കാതലായ 'തത്വമസ്സി'യില്‍ വിശ്വസിച്ച് ശബരിമലയില്‍ പോകാന്‍ ഞാന്‍ മാലയിട്ടു, ഇനി ആഘോഷങ്ങളില്ല, അഹങ്കാരങ്ങളില്ല, എല്ലാം ഭക്തിമയം, സത്യം, ശിവം, സുന്ദരം.
"സ്വാമിയേ...ശരണമയ്യപ്പാ"

എന്നാല്‍ ചുട്ടയിലെ ശീലം ചുടല വരെ എന്നത് ഒരിക്കലും മാറ്റാന്‍ പറ്റാത്ത പഴഞ്ചൊല്ലാണ്, അതാവാം തിങ്കളാഴ്ച രാവിലെ എഴുന്നേറ്റപ്പോള്‍ 'അയ്യോ, ഇന്ന് ഓഫീസില്‍ പോകണമല്ലോ, ഏത് മറ്റവനാടാ ഈ തിങ്കളാഴ്ച കണ്ട് പിടിച്ചത്' എന്ന് അറിയാതെ ചോദിച്ചു പോയത്.സ്ഥലകാല ബോധം വന്നപ്പോള്‍, ഒരു ഭക്തന്‍ ചീത്ത പറയാനോ, എന്ത് കാരണം തന്നെയായാലും ദേഷ്യപ്പെടാനോ പാടില്ലെന്ന സത്യം മനസിലോര്‍ത്തപ്പോള്‍ അറിയാതെ പ്രാര്‍ത്ഥിച്ചു...
"ഭഗവാനേ, ക്ഷമിക്കണേ...."
സ്വാമി ശരണം!!!

അങ്ങനെ പൂര്‍ണ്ണമായും ഭക്തനായി, നല്ലവരില്‍ നല്ലവനായി, ഒരു ഭയങ്കര മഹാനായി, അന്ന് ഞാന്‍ ഓഫീസിലെത്തി.ദൈവത്തെ മനസില്‍ ധ്യാനിച്ച് സിസ്റ്റം ഓണക്കി, മെയില്‍ ബോക്‌സ്സ് പതിയെ ഓപ്പണ്‍ ചെയ്തു.അന്ന് വന്നിരിക്കുന്ന മെയിലുകളൊക്കെ ചെക്ക് ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും സഹ ജോലിക്കാരി ശാലിനി ഒരു കസേരയുമെടുത്ത് എന്‍റെ അരികില്‍ വന്നിരുന്നു...
എന്തേ??
അല്ല, മാലയിടുന്നതിനു മുന്നേ ആയിരുന്നെങ്കില്‍, അന്ന് മുഴുവന്‍ ജോലി ഒന്നും ചെയ്യാതെ അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചും, സ്വര്‍ണ്ണത്തിന്‍റെ വില കൂടുന്നതിനെ കുറിച്ചും, ഓഫീസിലെ ചായയില്‍ പാലിനു പകരം പാല്‍പ്പൊടി ഇടുന്നതിന്‍റെ ആരോഗ്യ പ്രശ്നത്തെ കുറിച്ചും അവളോട് സംസാരിക്കാമായിരുന്നു, ഇതിപ്പോ സ്വാമിയല്ലേ?
അവളെ നോക്കി ഒന്ന് ചിരിച്ച് കാണിച്ചു, എന്നിട്ട് ചോദിച്ചു:
"എന്താ ശാലിനി?"
"ബരാബി-കൂ നേഷന്‍ ഹോട്ടലിനെ കുറിച്ച് എന്താ മനുവിന്‍റെ അഭിപ്രായം?"
എന്ത് മറുപടി പറയേണമെന്ന് ഒരു നിമിഷം ആലോചിച്ചു, കാരണം എന്‍റെ അറിവില്‍ ഇന്ദിരാനഗറിലെ അത്യാവശ്യം അറിയപ്പെടുന്ന ഹോട്ടല്‍.നോണ്‍-വെജ് വിഭഗങ്ങള്‍ക്ക് സ്പെഷ്യലിസ്റ്റ് കുക്കുകള്‍, പിന്നെ താമസിക്കാന്‍ സൌകര്യമുണ്ടോ അതോ റെസ്റ്റോറന്‍റ്‌ മാത്രമാണോന്ന് അറിയില്ല.എങ്കിലും പണ്ട് അവിടുന്നു കഴിച്ച കോഴിയുടെ ടേസ്റ്റ് ഓര്‍ത്ത് കൊണ്ട് പറഞ്ഞു:
"നല്ല ഹോട്ടലാ, എന്തേ?"
"വെള്ളിയാഴ്ച നമുക്ക് അവിടെ കൂടിയാലോ?" അവളുടെ മറു ചോദ്യം.
വേറെ ഏത് സമയത്ത് അവള്‍ ഈ ചോദ്യം ചോദിച്ചാലും 'വൈ നോട്ട്?' എന്ന് ഞാന്‍ തിരികെ ചോദിച്ചേനെ, പക്ഷേ ഇപ്പോ...
സ്വാമിയേ....!!!

ഒരു നിമിഷം കണ്ണടച്ച് ശബരിമല ശാസ്താവിനെ വിളിച്ച് പ്രാര്‍ത്ഥിച്ചിട്ട്, ശാലിനിയുടെ മുഖത്ത് നോക്കാതെ ആ നഗ്നസത്യം ഞാന്‍ വെളിവാക്കി:
"ശാലിനിക്ക് എന്നോട് വിരോധമൊന്നും തോന്നരുത്, തന്നെ പോലെ സുന്ദരിയായ ഒരു പെണ്‍കുട്ടി എന്നെ പോലെ സുന്ദരനായ ഒരു ആണ്‍കുട്ടിയോട് വെള്ളിയാഴ്ച വൈകിട്ട് ഒരു പാര്‍ട്ടിക്ക് വരാമോന്ന് ചോദിക്കുമ്പോള്‍ പറ്റില്ല എന്ന് പറയുന്നതിലെ ശരിക്കേട് എനിക്ക് അറിയാഞ്ഞിട്ടല്ല, പക്ഷേ....."
തൊണ്ണൂറ്‌ മോഡല്‍ സിനിമയിലെ പോലുള്ള ഈ ഡയലോഗ് പറഞ്ഞ് ഇത്രേം ആയപ്പോഴേക്കും ശാലിനി അതിനു 'കട്ട്' പറഞ്ഞു, തുടര്‍ന്ന് നാല്‌ കട്ട വാക്കുകളും:
"അയ്യടാ, നിന്‍റെ ആഗ്രഹം കൊള്ളാല്ലോടാ? നീ ആ മെയില്‍ നോക്കടാ"
ടാ..ടാ..ടാ..
ഒരു അഞ്ചാറ്‌ ടാ!!!
മെയില്‍ നോക്കാനോ, എന്തിന്??
ഒരു സ്വാമിയെ കേറി 'ടാ'ന്ന് വിളിക്കാന്‍ തക്കതായി എന്താണ്‌ ആ മെയില്‍??
ഞാന്‍ പതിയെ മെയില്‍ ബോക്സിലേക്ക് തല തിരിച്ചു...
ആറാമത്തെ മെയിലിന്‍റെ സബ്ജക്റ്റ് എന്‍റെ കണ്ണില്‍ തടഞ്ഞു..
അത് ഇങ്ങനെയായിരുന്നു..
ദി ക്ലൈന്‍ഡ് വിസിറ്റ്!!!
ടം..ഡ..ഡേ..

ഈ ക്ലൈന്‍ഡ് വിസിറ്റ്, ക്ലൈന്‍ഡ് വിസിറ്റ് എന്ന് പറഞ്ഞാ കുഞ്ഞു കളിയല്ല, ഒരു സംഭവമാ...
അങ്ങ് ഇംഗ്ലണ്ടീന്ന് ഒരു സായിപ്പോ, മദാമ്മയോ, ചിലപ്പോ രണ്ടും കൂടിയോ ഒരുങ്ങി കെട്ടി ഇവിടെ വരും.അവര്‍ വരുന്നതിന്‍റെ തലേന്ന് രാത്രി ഓഫീസെല്ലേം പെയിന്‍റടിച്ച് വൃത്തിയാക്കും(അത് വരെ ചെയ്യില്ല!) .സ്ഥിരം ജോലി ചെയ്യുന്ന ജോലിക്കാര്‍ പോലും തങ്ങളുടെ സീറ്റിന്‍റെ അടുത്ത് വരുമ്പോള്‍, അവിടുത്തെ ഡെക്കറേഷന്‍ കണ്ട് 'സോറി, സീറ്റ് മാറി പോയി' എന്ന് പറയുന്ന രീതിയില്‍ ഹാളുകള്‍ മനോഹരമാക്കും, അതേ പോലെ ഏസിയില്‍ തണുപ്പ് വരുത്തുക, ബാത്ത് റൂമില്‍ വെള്ളം വരുത്തുക, എംപ്ലോയിസിന്‍റെ സീറ്റിനു സമീപം കുടിക്കാന്‍ വെള്ളം വെക്കുക, കൊറിക്കാന്‍ കശുവണ്ടി പരിപ്പ് വയ്ക്കുക എന്ന് തുടങ്ങി കുറേ ഗിമിക്കുകള്‍.
പാവം ക്ലൈന്‍ഡ്...
ഇതെല്ലാം കൂടി കാണുമ്പോള്‍ 'കര്‍ത്താവേ, ഞാന്‍ ഈ കമ്പനിക്ക് കൊടുക്കുന്ന കാശെല്ലാം അവര്‍ എംപ്ലോയിക്കായി ചിലവഴിക്കുകയാണെല്ലോന്ന്' ഓര്‍ത്ത് അറിയാതെ നെഞ്ചത്തടിച്ച് നിലവിളിക്കും, അതേ പോലെ 'ഇത്രേം സൌകര്യമുണ്ടായിട്ടും നീയൊക്കെ എന്താടാ എന്‍റെ ജോലി നേരെ ചൊവ്വേ തീര്‍ത്ത് തരാത്തതെന്ന്' എംപ്ലോയിയെ ശപിക്കും.
ഇനി എംപ്ലോയ്‌സ്സ്...
വര്‍ഷത്തിലെ മുന്നൂറ്റി അറുപത്തി അഞ്ച് ദിവസത്തില്‍, അന്നേ ദിവസം മാത്രം നേരെ ചൊവ്വേ പണി ചെയ്യും.എംപ്ലോയിയുടെ ആത്മാര്‍ത്ഥതയും സത്യസന്ധതയും കാണുന്ന ക്ലൈന്‍ഡിനു സ്വന്തം കമ്പനി പോലും ആ എംപ്ലോയിയുടെ പേരില്‍ എഴുതി കൊടുക്കാന്‍ തോന്നി പോകും, സത്യം.

മേല്‍ പറഞ്ഞത് ക്ലൈന്‍ഡ് വിസിറ്റിന്‍റെ അന്ന് ഒരു മൂന്ന് മണി വരെയുള്ള പരിപാടികള്‍.അത് കഴിയുമ്പോള്‍ ക്ലൈന്‍ഡും ടീമുമായി ഒരു മീറ്റിംഗ്.
ടീമിലുള്ളവരെ കൊണ്ട് ഒന്നും തന്നെ പറയിക്കാതെ, ക്ലൈന്‍ഡ് തന്നെ സംസാരിച്ച് കൊണ്ടിരിക്കും, കര്‍ണ്ണാടകയില്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുമ്പോള്‍ 'ഠോ..ഠോ..ഠോ..'ന്ന് സൌണ്ട് കേള്‍ക്കുന്ന പോലെ അല്ലാതെ, അങ്ങേര്‌ പറയുന്നതെന്താണെന്ന് ഭൂരിഭാഗം ടീമംഗങ്ങള്‍ക്കും മനസിലാകാറില്ല.എങ്കിലും പ്രോജക്റ്റ് മാനേജര്‍ കൈ അടിക്കുമ്പോല്‍ കൂടെ കൈ അടിക്കുക, അങ്ങേര്‌ ചിരിക്കുമ്പോള്‍ കൂടെ ചിരിക്കുക, എന്തോ തെറ്റ് ചെയ്ത പോലെ തല കുനിക്കുമ്പോള്‍ കൂടെ തല കുനിക്കുക, എന്ന് തുടങ്ങി അത്യാവശ്യം ഗിമിക്കുകള്‍ എംപ്ലോയിസും കാണിച്ച് പോകുന്നു.
ഇത് കഴിയുമ്പോള്‍ ക്ലൈന്‍ഡിനു ടീമിന്‍റെ വകയായി ഒരു ഗിഫ്റ്റ്!!!
തുടര്‍ന്ന് ടീം ഡിന്നര്‍, ഇത് കമ്പനി വകയാകാം, അല്ലെങ്കില്‍ ക്ലൈന്‍ഡിന്‍റെ വകയാകും, എന്തായാലും എംപ്ലോയ്‌സ്സിനു നോ പ്രോബ്ലം.പോകുക, തിന്നുക, അത്രമാത്രം...

ഇവിടെയാണ്‌ ശാലിനിയുടെ ചോദ്യത്തിന്‍റേ പ്രസക്തി..
ഞങ്ങളുടെ ക്ലൈന്‍ഡ് വെള്ളിയാഴ്ച വരുന്നുണ്ടെന്നും, അന്ന് 'ബരാബി-കൂ നേഷന്‍' ഹോട്ടലില്‍ വച്ച് ഡിന്നര്‍ അറേഞ്ച് ചെയ്യാമെന്നും ടീമംഗങ്ങള്‍ സംസാരിച്ചതിന്‍റെ ആഫ്റ്റര്‍ ഇഫക്റ്റായിരുന്നു ശാലിനിയുടെ ആ ചോദ്യം...
വെള്ളിയാഴ്ച നമുക്ക് അവിടെ കൂടിയാലോ??
അയ്യേ, ഇതാരുന്നോ??
ചമ്മല്‌ മാറിയപ്പോള്‍ ശാലിനിയോട് ചെന്ന് പറഞ്ഞു:
"ശരി ശാലിനി, നമുക്ക് വെള്ളിയാഴ്ച അവിടെ തന്നെ കൂടാം"
അതിനു അവള്‍ എന്‍റെ മുഖത്ത് നോക്കാതെ മറുപടി നല്‍കി...
"മനുവിനു എന്നോട് വിരോധമൊന്നും തോന്നരുത്, തന്നെ പോലെ സുന്ദരനായ ഒരു ആണ്‍കുട്ടി എന്നെ പോലെ സുന്ദരിയായ ഒരു പെണ്‍കുട്ടിയോട് വെള്ളിയാഴ്ച വൈകിട്ട് ഒരു പാര്‍ട്ടിക്ക് കൂടാമെന്ന് പറയുമ്പോള്‍ പറ്റില്ല എന്ന് പറയുന്നതിലെ ശരിക്കേട് എനിക്ക് അറിയാഞ്ഞിട്ടല്ല, പക്ഷേ....."
പോടി...പോടി...
അയ്യോ??
സ്വാമി ശരണം!!!

ഇവിടെ മുതല്‍ എന്‍റെ പ്രശ്നങ്ങള്‍ ആരംഭിക്കുകയായിരുന്നു...
ഒന്ന്, ക്ലൈന്‍ഡ് മദാമ്മയാണോ, സായിപ്പാണോ അതോ രണ്ടും കൂടിയാണോ എന്ന സംശയം.
രണ്ട്, എല്ലാവരും നോണ്‍ വെജ് കഴിക്കുമ്പോള്‍ പച്ചില തിന്നുന്ന എന്നോടുള്ള ക്ലൈന്‍ഡിന്‍റെ മനോഭാവം എന്തായിരിക്കും എന്ന ചിന്ത!!
മൂന്ന്, ഇതൊക്കെ തരണം ചെയ്ത് എങ്ങനെയും ക്ലൈന്‍ഡിന്‍റെ മുന്നില്‍ ശ്രദ്ധിക്കപ്പെടണമെന്ന് ആഗ്രഹം.
ഒന്നാമത്തെ ചോദ്യത്തിനു വില്യംസ്സ് സായിപ്പ് മാത്രമേ വരുകയുള്ളന്ന് ഉത്തരം കിട്ടി, രണ്ടാമത്തെ ചിന്താഗതിക്ക് വെജ് കഴിക്കുന്നത് അത്ര വലിയ കുറച്ചിലല്ലെന്ന് എല്ലാവരും ആശ്വസിപ്പിച്ചു.
ചിന്താഗതി മൂന്ന്, എങ്ങനെ ശ്രദ്ധിക്കപ്പെടാം??
സായിപ്പിനു ഗിഫ്റ്റ് കെടുക്കുന്നത് ശാലിനിയെ കൊണ്ട് മതിയെന്ന് പ്രോജക്റ്റ് മാനേജര്‍ തീരുമാനിച്ചു, ഇരുപത്തി അയ്യായിരം രൂപയുടെ ക്യാമറ തന്‍റെ കൈയ്യില്‍ ഉണ്ടെന്നും അതുപയോഗിച്ച് എല്ലാ ചടങ്ങിന്‍റെയും ഫോട്ടോ താന്‍ തന്നെ എടുത്തോളാമെന്ന് സീനിയര്‍ ലീഡ് കേറി ഏറ്റു.ഹോട്ടലില്‍ സായിപ്പിനു അടുത്തിരുന്നു നിര്‍ബന്ധിച്ച് തീറ്റിക്കുന്ന കാര്യം പ്രോജക്റ്റ് മാനേജര്‍ തന്നത്താന്‍ ഏറ്റെടുത്തതോട് കൂടി സായിപ്പുമായി നേരിട്ട് ഇടപെടാനുള്ള എന്‍റെ എല്ലാ വഴിയും അടഞ്ഞു.
ഇനി എന്ത്??
എന്‍റെ വിഷമ അവസ്ഥ കണ്ട് മാനേജര്‍ എനിക്ക് രണ്ട് പണി ഏല്‍പ്പിച്ചു തന്നു..
ഒന്ന്, സായിപ്പിനു കൊടുക്കാനുള്ള ഗിഫ്റ്റ് വാങ്ങിക്കുക.
ഹും! ഏത് പട്ടിക്കും പറ്റുന്ന പണി!!
രണ്ട്, സായിപ്പിനു കമ്പനിയില്‍ നിന്ന് ഹോട്ടലിലേക്ക് പോകാനുള്ള ബെന്‍സ് കാര്‍ റെഡിയാക്കി നിര്‍ത്തുക, ഗിഫ്റ്റ് കൊടുത്ത് കഴിയുമ്പോള്‍ അതില്‍ കേറ്റി അയാളെ യാത്ര ആക്കുക.
ഇത് കൊള്ളാം..
യെസ്സ് സാര്‍, ഐ വില്‍ ഡൂ ഇറ്റ്!!!

ആ വെള്ളിയാഴ്ച..
ഗിഫ്റ്റ് വാങ്ങി ശാലിനിയെ ഏല്‍പ്പിച്ചു, ബെന്‍സ് കാര്‍ ആറ്‌ മണിയാകുമ്പോള്‍ കമ്പനിയില്‍ വരുന്നതിനു ഏര്‍പ്പാട് ചെയ്തു.മൂന്നു മണി വരെ ഓഫീസില്‍ മല മറിക്കുന്ന പണിയാണെന്ന് മട്ടില്‍ എന്തൊക്കെയൊ കാട്ടി കൂട്ടി. മൂന്ന് മുതല്‍ അഞ്ചര വരെ ക്ലൈന്‍ഡ് പറയുന്നത് കേട്ട് കൊണ്ടിരുന്നു.
ക്ലൈന്‍ഡിന്‍റെ പ്രസംഗം അവസാനിച്ചു!!
സായിപ്പിനു ടീമിന്‍റെ വക ഒരു ഗിഫ്റ്റ് ഉണ്ടെന്ന് മാനേജര്‍ പ്രഖ്യാപിച്ചതും, 'വാവൂ, ഈസ് ഇറ്റ്?' എന്നൊരു ചോദ്യത്തോടെ ഗിഫ്റ്റ് വാങ്ങാന്‍ അങ്ങേര്‌ എഴുന്നേറ്റൂ.അത് കണ്ടതും ഓഫീസിലെ മറ്റൊരു എഞ്ചിനിയറായ പ്രഭാകരന്‍ ഇറങ്ങി പുറത്തേക്ക് ഒരു ഓട്ടം...
എന്താ എന്ത് പറ്റി??
ഒടുവില്‍ കാര്യം അറിഞ്ഞു...
ശാലിനി ഗിഫ്റ്റ് അവളുടെ ടേബിളില്‍ വച്ച് മറന്ന് പോലും!!!
അത് എടുക്കാനായാണ്‌ പ്രഭാകരന്‍ പോയതത്രേ.
അതിനു പോലും എന്നെ പറഞ്ഞ് വിട്ടില്ലല്ലോന്ന് ഓര്‍ത്ത് സങ്കടപ്പെട്ട് നിന്ന എന്നോട് ടീം ലീഡ് ക്യാമറ എടുത്ത് കൊണ്ട് വരാന്‍ ആജ്ഞാപിച്ചു.ഓടി പോയി അദ്ദേഹത്തിന്‍റെ ടേബിള്‍ തുറന്ന് അതേ സ്പീഡില്‍ ക്യാമറ വച്ചിരുന്ന കവര്‍ അടക്കം ഞാന്‍ തിരികെയെത്തി, മീറ്റിംഗ് റൂം തുറന്ന് അകത്തേക്ക് കേറുകയും പ്രഭാകരന്‍ ഗിഫ്റ്റുമായി വരുന്നത് പ്രതീക്ഷിച്ച് നിന്ന ശാലിനി ആരാ കേറി വന്നതെന്ന് നോക്കാതെ കൈ നീട്ടി.പ്രത്യേകിച്ച് ഒന്നും ഓര്‍ക്കാതെ ഞാന്‍ ആ കവര്‍ അവളുടെ കൈയ്യില്‍ കൊടുത്തു, അവള്‍ അതുമായി നേരെ സായീപ്പിന്‍റെ അടുത്തെത്തി അയാള്‍ക്ക് സമ്മാനിച്ചിട്ട് ഒരു വാചകവും:
"സാര്‍, ദിസ് ഈസ് അ ഗിഫ്റ്റ് ഫോര്‍ യൂ"
കര്‍ത്താവേ!!!!!!!
ഇരുപത്തി അയ്യായിരം രുപയുടെ ക്യാമറ!!!
"ക്യാന്‍ ഐ ഓപ്പണ്‍ ഇറ്റ്?" സായിപ്പിന്‍റെ ചോദ്യം.
"വൈ നോട്ട്" കാര്യമറിയാതെ ടീം ലീഡിന്‍റെ സമ്മതം.
സായിപ്പ് കവര്‍ തുറന്നപ്പോള്‍ കെട്ടിടം ഇടിഞ്ഞ് എന്‍റെ തലേലോട്ട് വീഴണേന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച് പോയി.അങ്ങേര്‌ കവറില്‍ നിന്ന് ക്യാമറ എടുത്ത് 'എ ലൌലി ഗിഫ്റ്റ്' എന്ന് പ്രഖ്യാപിച്ചപ്പോള്‍ കൈ കൊട്ടി ചിരിച്ച് കൊണ്ട് നിന്ന് ടീം ലീഡിന്‍റെ മുഖത്തെ ചിരി മായുന്നതും, 'എന്താ ഈ സംഭവിച്ചത്, ഈ ക്യാമറ എങ്ങനെ സായിപ്പിന്‍റെ കൈയ്യിലെത്തി' എന്ന ചിന്താഗതിയോടെ അന്തം വിട്ട് നോക്കുന്നതും ഞാന്‍ ഒളി കണ്ണാല്‍ കണ്ടു.
രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ സത്യാവസ്ഥ ബോധ്യപ്പെട്ടിട്ടാകാം അതിയാന്‍ തല തിരിച്ച് എന്നെ ഒരു നോട്ടം നോക്കി...
കാലമാടാ, നിനക്ക് ഞാന്‍ വച്ചിട്ടുണ്ടടാ!!!
സ്വാമിയേ....!!!

സംഭവിച്ചത് സംഭവിച്ചു, അതിനെ പറ്റി വിഷമിച്ചിരിക്കാതെ അടുത്ത ജോലിയില്‍ വ്യാപൃതനാകുക എന്ന പോളിസിയില്‍ വിശ്വസിച്ച് സായിപ്പിനെയും ടീമംഗങ്ങളേയും ഹോട്ടലിലേക്ക് പോകാന്‍ ഞാന്‍ ക്ഷണിച്ചു...
കേട്ടപാതി എല്ലാവരും ബെന്‍സിനു അടുത്തേക്ക് ഓടി,, എല്ലാവര്‍ക്കും സായിപ്പിനൊപ്പം പോകണമത്രേ.കാറിലെങ്കിലും സായിപ്പിന്‍റെ കൂടെ പോകാമെന്ന എന്‍റെ ആഗ്രഹം നിഷ്ഫലമായി.കാറിന്‍റെ മുന്‍ സീറ്റിലിരുന്നു മനു ബൈക്കില്‍ വരാന്‍ മാനേജര്‍ പ്രഖ്യാപിച്ചു.മറ്റ് ടീമംഗങ്ങള്‍ക്കെല്ലാം കാറില്‍ കയറാന്‍ അവസരം കിട്ടിയപ്പോള്‍ ഞാന്‍ മാത്രം പുറത്ത്.കാര്‍ കമ്പനിയുടെ ഗേറ്റ് കടന്നപ്പോള്‍ ഏറ്റെടുത്ത ജോലി ഭംഗി ആക്കിയത് മാത്രം മനസിനു സന്തോഷം നല്‍കി.തുടര്‍ന്ന് ബൈക്ക് എടുക്കാന്‍ തിരിഞ്ഞപ്പോള്‍ മുന്നില്‍ കണ്ട കാഴ്ച എന്‍റെ സപ്ത നാഡികളെയും തളര്‍ത്തുന്നതായിരുന്നു...
ടീം ലീഡിന്‍റെ ക്യാമറയും പിടിച്ച് സായിപ്പതാ മുന്നില്‍ നില്‍ക്കുന്നു!!!
അങ്ങേര്‌ ഒരു ചോദ്യം:
"വാട്ട് ഹാപ്പന്‍ഡ്?"
എന്‍റെ മാളികപ്പുറത്തമ്മേ!!!!!
സായിപ്പ് കാറില്‍ കേറിയില്ലാരുന്നോ??
ഹാപ്പന്‍ഡ് ഈസ് ഹാപ്പന്‍ഡ്!!
സംഭവിച്ചത് സംഭവിച്ചു, കണ്ണടച്ച് വച്ച് കാച്ചി:
"സാര്‍, വി കാന്‍ ഗോ ഇന്‍ ബൈക്ക്"
ഷുവര്‍!!!

ബൈക്കില്‍ ഇന്ദിരാ നഗറിലെ ബരാബി-കൂ നേഷന്‍ ഹോട്ടലിലേക്ക്...
അപാര ട്രാഫിക്ക് ജാം!!
കുട്ടിക്കാലത്ത് ബാലരമയിലും പൂമ്പാറ്റയിലും മൊട്ടുമുയലിനു വഴികാണിക്കുക എന്ന ഗെയിം കളിച്ചിട്ടുള്ളതിനാല്‍ വാഹനങ്ങള്‍ക്ക് ഇടയിലൂടെ ഹോട്ടല്‍ ലക്ഷ്യമാക്കി ഞാന്‍ ബൈക്ക് പറത്തി.എന്‍റെ സര്‍ക്കസ്സ് കണ്ടിട്ടാകണം പിന്നാലെ ഇരുന്ന സായിപ്പ്'മാര്‍വെല്ലസ്സ്', 'ഡെഡിക്കുലസ്സ്', 'മിറാക്കുലസ്സ്' എന്നൊക്കെ പറയുന്ന കേട്ടു..
എന്തായാലും ബൈക്ക് സായിപിനെയും എന്നെയും കൊണ്ട് ഹോട്ടലിലെത്തി, കാറില്‍ യാത്ര തിരിച്ചവര്‍ അപ്പോഴും അവിടെ എത്തിയിരുന്നില്ല.അതിനാല്‍ തന്നെ നേരെ മാനേജര്‍ക്ക് ഫോന്‍ ചെയ്തു:
"സാര്‍ ഇന്ദിരാ നഗറിലെ ബരാബി-കൂ നേഷന്‍ ഹോട്ടലിനു മുന്നില്‍ ഞങ്ങളെത്തി, ഇപ്പോ അകത്ത് കയറണോ അതോ വെയിറ്റ് ചെയ്യണോ?"
മറുപടിയായി അദ്ദേഹം ഇങ്ങനെ ചൊദിച്ചു:
"തന്നോടാരാ ഇന്ദിരാനഗറില്‍ പോകാന്‍ പറഞ്ഞത്, കോറമംഗലയിലെ ബരാബി-കൂ നേഷന്‍ ഹോട്ടലിലാ നമ്മള്‍ ബുക്ക് ചെയ്തിരിക്കുന്നത്"
സ്വാമിയേ....!!!!!!!
മൊട്ടു മുയലിനെ തിരികെ എത്തിക്കുക എന്ന ഗെയിം മനസിലോര്‍ത്ത് സായിപ്പുമായി തിരിച്ച് കോറമംഗലക്ക്, എങ്ങനെങ്കിലും ഹോട്ടലില്‍ എത്തുക, പിന്നില്‍ ഇരിക്കുന്ന ഉരുപ്പടിയെ പ്രോജക്റ്റ് മാനേജറെ ഏല്‍പ്പിക്കുക എന്ന ആഗ്രഹം മാത്രം ബാക്കി....
അറിയാതെ സായിപ്പിനെ ചീത്ത വിളിച്ച് പൊയി..
ഇവനൊക്കെ ഇംഗ്ലണ്ടില്‍ ഇരുന്നാ പോരെ, ആരെടെ മറ്റവളെ കെട്ടിക്കാനാണോ ആവൊ ഇങ്ങോട്ട് കെട്ടി എഴുന്നെള്ളുന്നത്??
കുറച്ച് ചീത്ത കൂടി പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു, എന്ത് ചെയ്യാം?
മാലയിട്ട് പോയില്ലേ??
സ്വാമി ശരണം!!

97 comments:

അരുണ്‍ കരിമുട്ടം said...

മനുവും വെള്ളക്കാരും തമ്മില്‍ ഒരിക്കലും ചേരില്ലാന്ന തോന്നുന്നേ!!!

ചാണ്ടിച്ചൻ said...

കുറെ നാളായി വിചാരിക്കുന്നു...മനുവിനിട്ടു ഒന്ന് വെടി വെക്കണമെന്ന്....
"ട്ടോ"

കൊല്ലേരി തറവാടി said...

അരുണ്‍, അരുണിന്റെ പല പോസ്റ്റുകളും ഞാന്‍ വായിച്ചിട്ടുണ്ടെങ്കിലും കമന്റ്‌ ഇടുന്നത്‌ ആദ്യമായിട്ടാണ്‌.

ശരിക്കും ചിരിച്ചു. മാര്‍വലസ്‌, മിറാക്കുലസ്‌, ബൊംബ്ലാസ്റ്റിക്ക്‌... പ്ലാസ്റ്റിക്ക്‌...

മത്താപ്പ് said...

എന്റെ ചിരി ഇപ്പോഴും നിന്നിട്ടില്ല,
ഇതെങ്ങാനും ഏതെങ്കിലും കമ്പനിയില്‍ സംഭവിച്ചു പോയാലോ എന്നോര്‍ത്തു....

faisu madeena said...

ഹമ്മോ ...ചിരിപ്പിച്ചു കൊല്ലും ...

മൊട്ടു മുയലിനെ തിരികെ എത്തിക്കുക എന്ന ഗെയിം മനസിലോര്‍ത്ത..........................

ഹാപ്പി ബാച്ചിലേഴ്സ് said...

സ്വാമി തന്നെ ശരണം.
സ്വാമി, മാലയിട്ടാല്‍ ചിരിപ്പിക്കാന്‍ പാടുണ്ടോ??
ബിക്കന്‍ ചിരിയാണി കഴിച്ചു.

ഈ മാസം ആദ്യം ശബരിമല കയറി, അയ്യനെ കണ്ടു. അപ്പൊ ബ്ലോഗില്‍ കിട്ടിയ "സുലേഖ" എന്ന ബ്ലോഗറുടെ കമന്റ്‌ അതെ പോലെ കോപി ചെയ്തു ഇവിടെ ഇടുന്നു.
ഈ പാപങ്ങള്‍ ഒക്കെ തീര്‍ക്കാന്‍ "പമ്പ മതിയാകുമോ? ഗംഗ പോലും മതിയാവില്ല എന്ന് തോന്നുന്നു .എന്തായാലും പോയിട്ട് വരൂ .അരവണയും അപ്പവും മറക്കണ്ട .
നിങ്ങളെ കാണുമ്പൊള്‍ അയ്യപന്‍ പാടും "സ്വാമിയേ ശരണം എന്ന്".
ശുഭയാത്ര.

(ഇപ്പോഴാണ് സമാധാനമായത്. ഞങ്ങള്‍ക്ക് കിട്ടിയത് ആര്‍ക്കിട്ടെങ്കിലും കൊടുക്കാന്‍ പറ്റിയല്ലോ, സ്വാമി ശരണം.)

Unknown said...

ഒരു എൻഡിംഗ് പഞ്ച്ച് ഇല്ല കേട്ടോ.. സായിപ്പിനെ മനു ഹോട്ടലിൽ എത്തിച്ചോ? ഒരു വട്ടം കൂടി ചിരിക്കുള്ള സ്കോപ്പ് ഉണ്ടോ?

Junaiths said...

സ്വാമി ശരണം ...
വല്ലപ്പോഴുമൊക്കെ ക്ലൈന്റ്സ് വരുന്നത് കൊണ്ട് പെയിന്റിംഗ് പണി നടക്കുന്നുണ്ടല്ലേ..

കുഞ്ഞൂസ് (Kunjuss) said...

അരുണേ, ഇതെന്താ പാതിവഴിയില്‍ സായിപ്പിനെ ഇറക്കിവിട്ടതുപോലെ എഴുതിയിരിക്കുന്നെ...?
സംഭവം രസകരമായെങ്കിലും പൂര്‍ണമായില്ല എന്നൊരു തോന്നല്‍!

രമേശ്‌ അരൂര്‍ said...

അരുണ്‍ നര്‍മം കലക്കി ...എന്തെങ്കിലും ഒക്കെ ആയിത്തീരാന്‍ ,,ആരുടെയെങ്കിലും ഒക്കെ മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്യാന്‍ എന്തൊക്കെ പാട് പെടണം അല്ലെ ?മനുവിന്റെ ഒരു കഷ്ടപ്പാട്

Unknown said...

'മാര്‍വെല്ലസ്സ്', 'ഡെഡിക്കുലസ്സ്', 'മിറാക്കുലസ്സ്'.............

കുറച്ചൂടെ ചീത്ത പറയണം എന്നുണ്ട് മനൂ.... സ്വാമിയായി പോയില്ലേ .... :P

mini//മിനി said...

വായിച്ചു ചിരിച്ചു, കൂടുതൽ വായിച്ച് പഠിച്ച് ചിരിക്കാൻ അടിച്ചുമാറ്റുന്നു. പഠിച്ചതിനുശേഷം തിരിച്ചുതരാം. ഈ വണ്ടി ഇനിയും കലക്കും.

കൊച്ചു കൊച്ചീച്ചി said...

ഇത് നന്നായി. ഇനി എപ്പോഴെങ്കിലും നാട്ടില്‍ വന്നു സെറ്റില്‍ ചെയ്യണമെന്നു തോന്നിയാല്‍,താങ്കളുടെ കഴിഞ്ഞ രണ്ടു പോസ്റ്റുകള്‍ വായിച്ചാല്‍ മതി. പൂതി ഉടനെ കെട്ടോളും. (ഞാന്‍ നാട്ടിലെ IT കമ്പനികളില്‍ ഒന്നിലും ജോലി ചെയ്തിട്ടില്ല)

sainualuva said...

എംപ്ലോയിയുടെ ആത്മാര്‍ത്ഥതയും സത്യസന്ധതയും കാണുന്ന ക്ലൈന്‍ഡിനു സ്വന്തം കമ്പനി പോലും ആ എംപ്ലോയിയുടെ പേരില്‍ എഴുതി കൊടുക്കാന്‍ തോന്നി പോകും, സത്യം...ഇത് കൊള്ളാം ....

Manoraj said...

ഹോ.. പാ‍വം ക്ലൈന്റ്. എന്നിട്ട് ഒര്‍ജിനല്‍ ഗിഫ്റ്റ് എന്ത് ചെയ്തെന്ന് പറഞ്ഞില്ല..

@ചാണ്ടി..: ഇങ്ങിനെ പോയാല്‍ എല്ലാവരും കൂടി ചാണ്ടിയുടെ പേരു വെടിചാണ്ടി എന്നാക്കിമാറ്റും.. പിന്നെ പറഞ്ഞിട്ട് കാര്യമില്ല.. ഞാന്‍ ഇതിലേ വന്നിട്ടില്ല.:)

ഒഴാക്കന്‍. said...

ഇനി ആ സായിപ്പ് മേലാല്‍ ഇന്ത്യയിലേക്ക്‌ വരില്ല അല്ലെ ...

ഇത്തവണയും പോസ്റ്റ്‌ വെടിക്കുലസ് ആണ് കേട്ടോ

hi said...

സ്വാമി ശരണം ..

Naushu said...

കൊള്ളാം.... നന്നായിട്ടുണ്ട്....

kARNOr(കാര്‍ന്നോര്) said...

അവസാനം ട്രാഫിക് ജാമില്‍ പെട്ടപോലെ സ്റ്റക്കായോ .. അതോ മൊട്ടുമുയലുമായി അങ്ങെത്തിയോ ?

kARNOr(കാര്‍ന്നോര്) said...
This comment has been removed by the author.
ആളവന്‍താന്‍ said...

സ്ഥിരം ജോലി ചെയ്യുന്ന ജോലിക്കാര്‍ പോലും തങ്ങളുടെ സീറ്റിന്‍റെ അടുത്ത് വരുമ്പോള്‍, അവിടുത്തെ ഡെക്കറേഷന്‍ കണ്ട് 'സോറി, സീറ്റ് മാറി പോയി' എന്ന് പറയുന്ന രീതിയില്‍ ഹാളുകള്‍ മനോഹരമാക്കും, അതേ പോലെ ഏസിയില്‍ തണുപ്പ് വരുത്തുക, ബാത്ത് റൂമില്‍ വെള്ളം വരുത്തുക, എംപ്ലോയിസിന്‍റെ സീറ്റിനു സമീപം കുടിക്കാന്‍ വെള്ളം വെക്കുക, കൊറിക്കാന്‍ കശുവണ്ടി പരിപ്പ് വയ്ക്കുക എന്ന് തുടങ്ങി കുറേ ഗിമിക്കുകള്‍.

അദ്ദാണ്. അദ്ദാണ് ഇത്തവണത്തെ സ്പെഷ്യല്‍.

Typist | എഴുത്തുകാരി said...

ശരിക്കും ചിരിച്ചൂട്ടോ! പാവം മനു.

ഹരി.... said...

ബൈക്ക് എടുക്കാന്‍ തിരിഞ്ഞപ്പോള്‍ മുന്നില്‍ കണ്ട കാഴ്ച എന്‍റെ സപ്ത നാഡികളെയും തളര്‍ത്തുന്നതായിരുന്നു...
ടീം ലീഡിന്‍റെ ക്യാമറയും പിടിച്ച് സായിപ്പതാ മുന്നില്‍ നില്‍ക്കുന്നു!!!

ഹഹഹ...അത് കലക്കി....
ശവം മാത്രം എടുക്കാതെ ബന്ധുക്കള്‍ എല്ലാം ആംബുലന്‍സില്‍ കയറി പോയത് പോലെയുണ്ട്...:)

ഭായി said...

സായിപ്പ് വന്നതിന് ശേഷമുള്ള സംഭവങൾ അതി ഗംഭീരം, നന്നായി ചിരിപ്പിച്ചു :)

റാണിപ്രിയ said...

Swami Saranam!!!

മിന്നാമിന്നി said...

:)
suprb arun:)

Anonymous said...

suprb:)

Unknown said...

saranam ayyaappaaaa............

Unknown said...

Saranam Ayyaappaaaaaaaaa.............

ഉറുമ്പ്‌ /ANT said...

:)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വളരെ നന്നായി ആസ്വദിച്ചു പക്ഷെ അവസാനം അത്ര നന്നായില്ല എന്ന് തോന്നണു. സായിപ്പിനെ കൊണ്ട് പോയി ഗട്ടറില്‍ തള്ളാമായിരുന്നില്ലേ...
എന്നിട്ട് എന്റെ കേരളം എത്ര സുന്ദരം എന്ന് പാടാമായിരുന്നില്ലേ...

വിജിത... said...

officile client visit orthu poi... :)
Svami saranam Arunetta..

ramanika said...

സംഭവിച്ചത് സംഭവിച്ചു
സംഭവിച്ചത് ചിരിപ്പിച്ചു
സ്വാമിയേ ശരണം അയ്യപ്പ ....

Gopika said...

സ്ഥിരം ജോലി ചെയ്യുന്ന ജോലിക്കാര്‍ പോലും തങ്ങളുടെ സീറ്റിന്‍റെ അടുത്ത് വരുമ്പോള്‍, അവിടുത്തെ ഡെക്കറേഷന്‍ കണ്ട് 'സോറി, സീറ്റ് മാറി പോയി' എന്ന് പറയുന്ന രീതിയില്‍ ഹാളുകള്‍ മനോഹരമാക്കും, അതേ പോലെ ഏസിയില്‍ തണുപ്പ് വരുത്തുക, ബാത്ത് റൂമില്‍ വെള്ളം വരുത്തുക, എംപ്ലോയിസിന്‍റെ സീറ്റിനു സമീപം കുടിക്കാന്‍ വെള്ളം വെക്കുക, കൊറിക്കാന്‍ കശുവണ്ടി പരിപ്പ് വയ്ക്കുക എന്ന് തുടങ്ങി കുറേ ഗിമിക്കുകള്‍.


nannayittundu....:)

Cartoonist said...

മൊട്ടുമുയല്‍സ്സാമി
ഇപ്പൊ എവിടേണ്ട്, സാമി ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അരുണ്‍, 'ചൊട്ട'യിലെ അല്ലെ 'ചുട്ട' അല്ലല്ലൊ

സാരമില്ല കഥ രസിച്ചതുകൊണ്ട്‌ ക്ഷമിച്ചിരിക്കുന്നു ശരണം അയ്യപ്പാ :)

Bijith :|: ബിജിത്‌ said...

സ്വാമി ശരണം
മല ചവുട്ടി വാ, എന്നിട്ട് ഇതിനു പറ്റിയ കമന്റ് ഇടാം ;)

എന്തായാലും ബാര്‍ബിക്യു-വില് പോയി പച്ചിലയും കഴിച്ചു ഇരിക്കാം എന്ന് തീരുമാനിച്ച ആ ചങ്കുറപ്പ്... അത് എനിക്ക് ഇഷ്ടമായി...

ജീവി കരിവെള്ളൂർ said...

സ്വാമിയേ ശരണമയ്യപ്പാ... വേറെ തെറിയൊന്നും വരുന്നില്ലപ്പാ......

റ്റോംസ് | thattakam.com said...

അരുണ്‍ ,
കലക്കി....
പക്ഷെ...അരുണിന്റെ സ്ഥിരം ശൈലി വെച്ച് നോക്കുമ്പോള്‍ എൻഡിംഗ് അത്ര സുഖം നല്‍കിയില്ല കേട്ടോ.

Unknown said...

ചിരിച്ച് ചിരിച്ച് കണ്ണീര് വന്നു.
ടീം ലീഡിന്റെ കൈയില്‍ നിന്നും മനുവിനും ഗിഫ്റ്റ് കിട്ടിയോ?

Kesavan Nair said...

അരുണ്‍ പതിവ് പോലെ തകര്‍ത്തു
മാര്‍വലസ് ടെഡി.........അല്ലെങ്കില്‍ വേണ്ട സായിപ്പ് പറഞ്ഞ ആ സാധനങ്ങള്‍ ........

Mr MJ said...

sambhavam oralavukku paravaayillai.. chettante postukal ellaam ore shailiyaanu.. ennaalum idakkide vann comedy aanu.. :)

Kalavallabhan said...

"എല്ലാ സഹജീവികളും ഞാന്‍ തന്നെയാണ്‌ എന്ന വിശ്വാസത്തിന്‍റെ കാതലായ 'തത്വമസ്സി'യില്‍ വിശ്വസിച്ച്"
പോകുക.

അനൂപ്‌ said...

:)

Arun Kumar Pillai said...

എന്റമ്മേ ചിരിച് ചിരിച് പണ്ടാരമടങ്ങി..:D :D


"അയ്യടാ, നിന്‍റെ ആഗ്രഹം കൊള്ളാല്ലോടാ? നീ ആ മെയില്‍ നോക്കടാ"
ടാ..ടാ..ടാ..
ഒരു അഞ്ചാറ്‌ ടാ!!!

മൂന്നു 'ടാ' അല്ലെ ഉള്ളൂ ... :D

jayanEvoor said...

സ്വാമീ....!
സ്വാമിയാണു സ്വാമീ ശരിക്കും സ്വാമി!

ഈ “ബരാബി-കൂ നേഷന്‍”എന്നൊക്കെയുള്ള കൂതറ ഹോട്ടൽ കേട്ട് വിറളി പിടിച്ചാൽ ഇങ്ങനിരിക്കും!

വല്ല അന്നപൂർണേലോ, ശ്രീവിനായകേലോ മറ്റോ പോയാപ്പോരാരുന്നോ!?

തകർപ്പൻ!

Unknown said...

നന്ദി ....ഇന്ദിര നഗര്‍ കൊറമംഗള റിംഗ് റോഡില്‍ കൂടി ബൈക്ക് പരാതിയ ഓര്‍മിപ്പിച്ചു

നല്ലി . . . . . said...

ഹാപ്പന്‍ഡ് ഈസ് ഹാപ്പന്‍ഡ്!!

:-)

ചിതല്‍/chithal said...

ലോട്ടറി അടിച്ചു‍വല്ലെ?!

വരയും വരിയും : സിബു നൂറനാട് said...

കലക്കി കടുവറത്തു അണ്ണാ...

ഇങ്ങനെ ഒരു സായ്പ്പും മദാമ്മയും കൂടി വരുമെന്ന് പറഞ്ഞത് കാരണം, ജീന്‍സും ടീ-ഷര്‍ട്ട്‌ട്ടും ഇട്ട് 'ജിം ബോഡി' കാണിച്ചു നടക്കാന്‍ പറ്റിയ ഒരേ ദിവസമായ കഴിഞ്ഞ വെള്ളിയാഴ്ച, പാന്റ്സും ഷര്‍ട്ടും ഒക്കെ ഇട്ടോണ്ട് പോകേണ്ടി വന്നു. എന്നിട്ടോ...സായിപ്പ് പറ്റിച്ചു. നമ്മളാരായി...!!!

ബാര്‍ബിക്യൂ-നേഷനിലെ ഗ്രില്‍ കിടിലമാണ്...ഗ്ലും..ഗ്ലും...

krish | കൃഷ് said...

രസകരമായിട്ടുണ്ട് . അവസാനം ഭാഗം , ബൈക്കിനു പെട്രോള്‍ തീര്‍ന്ന പോലെ ആയിപ്പോയി.

ശ്രീ said...

ചിരിപ്പിച്ചു...
:)

Unknown said...

ആ ഹോട്ടലിന്റെ പേര് ശരിക്കും ഉള്ളതുതന്നെ ആണോ?!

പോസ്റ്റ്‌ അവസാനം വരെ രസിപ്പിച്ചു.

ചെലക്കാണ്ട് പോടാ said...

ഹ ഹ

അന്ന് മനു ഒരു ഗോള്‍പോസ്റ്റ് തന്നെയായിരുന്നു ല്ലേ.....

ഇഷ്ടിക ‍ said...

സ്വാമി തന്നെ ശരണം....

Ashly said...

ഞാന്‍ ചിരിച്ചു ചത്ത്‌....

Admin said...

മൊട്ടു മുയലിനെ തിരികെ എത്തിക്കുക എന്ന ഗെയിം മനസിലോര്‍ത്ത..........................

thalle....kidilan.........

ജയരാജ്‌മുരുക്കുംപുഴ said...

sangathy rasakaramayittundu..... aashamsakal....

Dileep Kuttan said...

THozhuthu mashe.......Onnum parayan illa....

Ningal oru sambhavam thanne...

6 manikku work kazhinja njan ippozhum (8.30) irunnu kayamkulam superfast vayikkukaya....

siya said...

കൊള്ളാം ..മാലയിട്ടു പോയത് കൊണ്ട് ഒന്നും പറയുന്നില്ല ,പാവം ആ സായിപ്പിനിട്ട് ഒന്നും പറഞ്ഞില്ല അല്ലേ ?

മനുവും ,വെള്ളക്കാരും ഒരിക്കലും ചേരില്ല ..ചേരില്ല വെള്ളക്കാരെ ഇതുപോലെ മനസ്സില്‍ ചീത്ത പറഞ്ഞു കൊണ്ട് നടന്നാല്‍ മനുവിനു BP വരും .

അപ്പോള്‍, ശബരിമലയിലേക്ക് ശുഭയാത്ര.......

കണ്ണനുണ്ണി said...

ന്നിട്ട് ശബരി മലയില്‍ പോയിട്ട് വന്നോ മാഷെ.. ?

Villagemaan/വില്ലേജ്മാന്‍ said...

തകര്‍ത്തു കേട്ടോ !

സ്വാമി ശരണം !

ഉല്ലാസ് said...

swaami SharaNam!

Sidheek Thozhiyoor said...

ഹാപ്പണ്ട് ഈസ്‌ ഹാപ്പണ്ട് ..അത്ര തന്നെ .!

Anonymous said...

അടി പൊളി സുഹൃത്തേ ... ഇന്നത്തെ ടെക്കികളുടെ അവസ്ഥയുടെ ഒരു cross section keep it up

വായന said...

അരുണേ ചിരിക്കാന്‍ വേണ്ടിയാണ് തന്റെ ബ്ലോഗിലേക്ക് വരാറ്...

ഇപ്രാവശ്യവും താന്‍ നിരാഷപ്പെടുത്തിയില്ലാ...

Anonymous said...

Arun..i love to try the camera trick with my manager;)

Anonymous said...

സൂപ്പര്‍, കലകി, അടിപൊളി

Unknown said...

ഹ ഹ ഹ ,,, കലക്കി.... അങ്ങനെ തന്നെ വേണം

സ്വാമി ശരണം

അശോകന്‍ പടിയില്‍ said...

വാപ്പയിരിക്കുന്നു,അല്ലേല്‍ കൊച്ചാപ്പായെ ..... മൊനേന്നു വിളിച്ചേനെ
അല്ലേ അരുണ്‍....?

(സ്വാമി ശരണം.. ഞാനൊന്നും പറഞ്ഞില്ല)

തന്റെ സാധാരണ നര്‍മ്മത്തിന്റെ അയലത്തെത്തിയില്ല, പക്ഷേ ഇഷ്ടപ്പെട്ടു.

Mr. X said...

Beautiful!

Anonymous said...

nannayittundu arunchetta..

Kallazhi Manoj said...

I loved it... really nice...

തൂവലാൻ said...

മാര്‍വലസ്‌

prasobh krishnan adoor said...

കൊള്ളാം നന്നായിട്ടുണ്ട് . ശെരിക്കും പുളച്ചു ........... ചില പ്രയോഗങ്ങള്‍ വെടിചില്ലാണ്

ഇനിയും തുടരട്ടെ

aralipoovukal.blogspot.com

Unknown said...

annyaaya thamaasha..! kurachu mannu kittiyirunnenkil chirichu chirichu kappamaayirunnu

സ്വന്തം ലേഖകന്‍ said...

പലപ്പോഴും ഈ വെള്ളക്കാരെ കെട്ടി എഴുന്നാള്ലിക്കേണ്ടി വരുമ്പോള്‍ ഇതൊക്കെ നമുക്കും തോന്നും പിന്നെ നല്ലവരും ഉണ്ട്‌ ട്ടോ. സാരല്ല കഥ കൊള്ളാം

പയ്യന്‍സ് said...

ഹോ.. ഇങ്ങനെയും ഒരു ക്ലയന്റ് വിസിറ്റോ!! ചെന്നൈയില്‍ വര്‍ക്ക് ചെയ്തിരുന്നപ്പോള്‍ സായിപ്പന്മാര്‍ വന്നിട്ട് പോയത് മനസ്സില്‍ ഓടിയെത്തി :) (കുറെ നാളായി കുറച്ചു തിരക്കില്‍ ആയിരുന്നു, കമന്റ് ഇടാന്‍ സമയം കിട്ടാരില്ലായിരുന്നന്കിലും എല്ലാ ബ്ലോഗുകളും മുടങ്ങാതെ വായിക്കാറുണ്ടായിരുന്നു കേട്ടോ)

MANU SEBASTIAN said...

Namaskaaram chetta (I mean brother), Banglorile oru IT companyil joli cheyithu bore adichu irikkunna oru divasam aanu chettante bloginte link kittunnathu, vittilla naalu divasam kondu muzhuvan vaayichu theerthu. Onnum parayaan illa ugran. Pinne chettande ee kadhakal njan copy cheyithu mailil frndsinokke ayachittundu, pedikkanda...chettane perum ee blo0ginde linkum oppam vacha ayachathu.

Anyways thanks a lot for your stories.... waiting for the new post

വീകെ said...

നന്നായി..
സാമി ശരണം...

Muralee Mukundan , ബിലാത്തിപട്ടണം said...

ക്ലൈന്റ് വിസിറ്റിന്റെ എല്ലാപങ്കപ്പാടുകളും നന്നായി നർമ്മത്തിൽ ചാലിച്ച് ചിത്രീകരിച്ചിരിക്കുന്നൂ...കേട്ടൊ അരുൺ.

ക്ലൈന്റിന്റടുത്ത് ഇവിടെ വരുമെന്ന് പറഞ്ഞിട്ട് കണ്ടില്ലാല്ലോ
പിന്നെ അരുണിനും കുടുംബത്തിനും എല്ലാവിധ നവവത്സര ഭവുകങ്ങളും നേർന്നുകൊള്ളുന്നൂ...

Kannur Passenger said...

Nannayittundu.. keep up the good work.. :)

Unknown said...

nannaayittund..

K@nn(())raan*خلي ولي said...

അരുണ്‍ ഭയ്യാ,
നിങ്ങളൊക്കെ തന്നെ ബ്ലോഗില്‍ കണ്ണൂരാന്റെ ഗുരുക്കള്‍.
വല്ലപ്പോഴും ചിരിച്ചു മറിയണമെങ്കില്‍ ഇവിടെത്തന്നെ വരണം. സ്വാമിയെ ഒന്നങ്ങോട്ടൊക്കെ വാന്നെയ്‌!

പിന്നെ ബുക്ക്‌ കിട്ടീല കേട്ടോ!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ശൊഹ്!!!ഇപ്രാവശ്യം ഈ വഴി വരാന്‍ ഒരുപാട് വൈകി...
പതിവു പോലെ ഗംഭീരമായ തുടക്കം..പക്ഷെ അവസാനം എന്തോ ഒരു ചെറിയ അപൂര്‍ണത ഫീല്‍ ചെയ്തൂട്ടോ...

achu said...

super arun.........
keep it up...

Echmukutty said...

സായിപ്പ് 1947ൽ നാട് വിട്ടൂന്ന് പഠിച്ചത് ചുമ്മതാ അല്ലേ? ദേ നമ്മുടെ പാവം ബൈക്കിലിരുന്ന് പോലും സായിപ്പ് ഈ നാട് ചുറ്റുന്നു. നമ്മെക്കൊണ്ട് ഇപ്പോഴും എന്തൊക്കെ തരത്തിലാ എത്ര പ്രാവശ്യമാ കവാത്ത് മറപ്പിയ്ക്കുന്നത്!
ചിരിപ്പിച്ചതിന് നന്ദി കേട്ടോ.

പിന്നേ, ബുക്ക് ഇതു വരെ കിട്ടീലാ. കാശ് തരാം, പോസ്റ്റിലയയ്ക്കാൻ പറഞ്ഞിട്ട് ആരും അയയ്ക്കുന്നില്ല. പശുക്കുട്ടീടെ കൈയിലെവിടുന്നാ കാശ് എന്ന് വിചാരിച്ചോ എന്തോ?

ജോയ്‌ പാലക്കല്‍ - Joy Palakkal said...

എന്തായാലും ഗംഭീരമായിരിക്കുന്നു !!!ശരിക്കും ചിരിച്ചു....

അഭിനന്ദനങ്ങള്‍!!

രാജന്‍ വെങ്ങര said...

“മനുവും വെള്ളക്കാരും തമ്മില്‍ ഒരിക്കലും ചേരില്ലാന്ന തോന്നുന്നേ!!“ഈ ചേരായ്മയില്‍ നിന്നാകട്ടെ ഈ സൂപ്പര്‍ഫാസ്റ്റിന് ചിരിയുടെ മാലപടക്കങ്ങള്‍ നിറച്ച ഒരോ കമ്പാര്‍ട്ട്മെന്‍റുകള്‍ നമുക്കു ലഭിക്കയും ചെയ്യുന്നു...എന്തു രസമാണ് വായിക്കാന്‍..സൂപ്പര്‍..

Anonymous said...

blogum kadhakalum nannaayittundu.. Kayamkulam kaari thanne aayathukondu kooduthal appreciate cheyyaan pattunnu.. Njaanum Thekke mankuzhykkaariyaanu.. Pakshe Software engineerinte tarjima kurachu over alle :) :D

അരുണ്‍ കരിമുട്ടം said...

വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.ജോലി തിരക്ക് കൂടിയ കാരണം കൊണ്ടാണ്‌ ബ്ലോഗില്‍ സജീവം ആകാത്തത്, എങ്കിലും കഴിയുന്നത്ര ബ്ലോഗുകള്‍ വായിക്കാറുണ്ട്.എല്ലാവരെയും ഈശ്വരന്‍ അനുഗ്രഹിക്കട്ടെ
:)

Vishnu said...

പറയാതിരിക്കാന്‍ വയ്യ. ഇപ്പോള്‍ ചിരിക്കാന്‍ ഇവിടെ വരണം എന്നായിട്ടുണ്ട്. :D

ത്രിശ്ശൂക്കാരന്‍ said...

സായിപ്പിനെക്കണ്ടാ എന്തോ മറക്കുമെന്ന് പറയോല്വോ..ങ്ങാ അത്, ന്നെ, കവാത്ത്

നന്നായിട്ടുണ്ട്

HIFAZ ROSHN said...

I am also good at "Thery".And also good at "father calling" (Thanthak vily)

HIFAZ ROSHAN.OH said...

I am also good at "Thery" especially "Father calling" (Thanthak vily).

Arun Anchalassery said...

മൊട്ടു മുയല്‍ തകര്‍ത്തു... അടുത്തെങ്ങും ഞാന്‍ ഇതുപോലെ ചിരിചിട്ടില്ലാ...

Luis said...

സ്വാമി ശരണം ... വല്ലപ്പോഴുമൊക്കെ ക്ലൈന്റ്സ് വരുന്നത് കൊണ്ട് പെയിന്റിംഗ് പണി നടക്കുന്നുണ്ടല്ലേ..

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com