For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ഇരുപത്തിയെട്ട് ഇരുപത്തിയെട്ടിനു




എന്‍റെ നാട്ടുകാരുടെ സ്നേഹം എന്നും എനിക്കൊരു അനുഗ്രഹമാ.എന്തിനും ഏതിനും അവരെന്നെ സ്നേഹിച്ചു കളയും.അവരുടെ സ്നേഹം കൂടിയതിനാലാണ്‌ എനിക്ക് പഠിക്കാന്‍ തമിഴ്നാട്ടില്‍ പോകേണ്ടി വന്നത്.പഠിച്ച് ഇറങ്ങി വന്ന എന്നെ അവര്‍ പിന്നെയും സ്നേഹിച്ചു...
"ജോലി ഒന്നും ആയില്ലേ??"
ആ സ്നേഹം സഹിക്കാന്‍ വയ്യാതെ ബാംഗ്ലൂരില്‍ ജോലിക്ക് ചേര്‍ന്നു.പിന്നെ കുറേ നാളേക്ക് ഒരു ശല്യവും ഉണ്ടായിരുന്നില്ല.എന്നാല്‍ എപ്പോഴോ ബോധം തിരിച്ച് കിട്ടിയപ്പോള്‍ അവരുടെ സ്നേഹിക്കുന്ന മനസ്സ് വീണ്ടും തല പൊക്കി...
"ഒരു കല്യാണം കഴിക്കേണ്ടേ??"
വേണം.
അങ്ങനെ ഞാന്‍ പെണ്ണ്‌ കെട്ടി.

ഇപ്പോള്‍ നിങ്ങള്‍ കരുതി കാണും ഇത് കൊണ്ട് എല്ലാം അവസാനിച്ചെന്ന്, ചുമ്മാതാ, ഒന്നും അവസാനിച്ചില്ല.സ്നേഹം മറ്റൊരു രൂപത്തില്‍ ചോദ്യമായെത്തി...
"ഒരു കുഞ്ഞി കാല്‌ വേണ്ടേ??"
"വേണം, എവിടെ കിട്ടും??"
"അയ്യോ, അതല്ല. മോനും മോള്‍ക്കും താലോലിക്കാന്‍ ഒരു കുഞ്ഞിനെ വേണ്ടേ?"
അത് വേണം.
അങ്ങനെ ഒരു പെണ്‍കുട്ടി ജനിച്ചു, അവള്‍ക്ക് പേരുമിട്ടു, പാര്‍വ്വതി..
അഥവാ പാറുമോള്‍!!!

ഈ പേരിടീല്‍ ചടങ്ങ് ബഹുരസമാ...
അതിന്‍റെ പേരാണ്‌ ഇരുപത്തിയെട്ട് കെട്ട്!!!
(പേരിടീല്‍ ചടങ്ങിനും ഒരു പേര്, ഏത് മഹാനാണാവോ ഈ ചടങ്ങിനും പേരിട്ടത്, അതും ഒരുപക്ഷേ ആ ചടങ്ങ് ജനിച്ച് ഇരുപത്തിയെട്ടാം ദിവസമായിരിക്കും ഇട്ടത്.)
അത് എന്തുമാവട്ടെ, ഈ ചടങ്ങിനെ കുറിച്ച് രണ്ട് വാക്ക്..

ആണ്‍കുട്ടിയാണെങ്കില്‍ കുഞ്ഞ് ജനിച്ച് ഇരുപത്തിയേഴാമത്തെ ദിവസവും, ഇനി പെണ്‍കുട്ടിയാണെങ്കില്‍ കൃത്യം ഇരുപത്തിയെട്ടാം ദിവസവുമാണ്‌ ഈ ചടങ്ങ് നടത്തുക(അത് എന്ത് ലോജിക്കാണോ എന്തോ??).
അന്നേ ദിവസം സകല ബന്ധു ജനങ്ങളും വീട്ടില്‍ ഹാജരാകും.ഭൂമി കണ്ടിട്ട് ഇരുപത്തിയെട്ട് ദിവസം പോലുമാകാത്ത കുഞ്ഞിനോട് അവര്‍ ചോദിക്കും...
"മോള്‍ക്ക് എന്നെ മനസിലായോ??"
പാവം കുഞ്ഞ് !!!
മുന്നില്‍ കാണുന്ന വലിയ തലകള്‍ എന്താണെന്ന് മനസിലാകാതെ അത് വലിയ വായില്‍ നിലവിളിക്കും.അതോടു കൂടി വന്നവര്‍ ചേരി തിരിഞ്ഞ് അഭിപ്രായം പറഞ്ഞ് തുടങ്ങും..
"ആ തള്ളേടെ കീറലാ കുഞ്ഞിനും കിട്ടിയത്!!!"
"ഹും! അവനെന്താ മോശമാണേ, അവന്‍റെ വാശിയും കുഞ്ഞിനു കാണും"
ഒടുവില്‍ ഇങ്ങനത്തെ അഭിപ്രായങ്ങള്‍ കേട്ട് കേട്ട് സഹികെട്ടപ്പോള്‍ അവിടെ നിന്ന് വലിയ വായില്‍ അഭിപ്രായം പറഞ്ഞ ഒരു കിളവിയോട് ഞാന്‍ വെറുതെ ചോദിച്ചു:
"ആന്‍റിയുടെ മോള്‌ ഇന്നാള്‌ പ്രസവിച്ചില്ലാരുന്നോ?"
"ഉവ്വ്, പ്രസവിച്ചു. ആണ്‍കുട്ടി"
"ആ കുട്ടി നിങ്ങടെ തെക്കേലെ സുധാകരനെ പോലെ ശാന്ത സ്വഭാവമാണെന്ന് കേട്ടത് നേരാണോ?"
ആ കിളവിത്തള്ള എന്ത് പറയണെമെന്ന് അറിയാതെ കുറേ നേരം എന്നെ മിഴിച്ച് നോക്കി, തുടര്‍ന്ന് എന്തൊക്കെയോ വിളിച്ച് പറഞ്ഞു കൊണ്ട് റോഡിലേക്ക് ഇറങ്ങി.

അവരുടെ ചീത്ത വിളി കേട്ട് കൊണ്ടാണ്‌ ശങ്കുണ്ണി അമ്മാവന്‍ അന്ന് വീട്ടിലേക്ക് കയറി വന്നത്. വന്നപാടെ എന്നോട് ചോദിച്ചു:
"ആ ദാക്ഷ്യായണി 'ധിക്കാരി, നിഷേധി, താന്തോന്നീന്ന്' ഒക്കെ പറഞ്ഞ് ഇറങ്ങി പോകുന്ന കണ്ടു, ആരെയാ?"
"എന്നെയാ അമ്മാവാ"
"എന്താ കാര്യം?"
"അമ്മാവനിങ്ങ് അടുത്ത് വാ, പറയാം"
അമ്മാവനു അപകടം മണത്തു, അടുത്ത നിമിഷം അതിയാന്‍ കാല്` മാറി:
"വേണ്ടാ, അറിയണമെന്നില്ല"
അമ്മാവന്‍ അകത്തേക്ക് കേറിയപ്പോള്‍ ചുറ്റും നിന്നവരോട് ഞാന്‍ വെറുതെ ചോദിച്ചു:
"കുഞ്ഞിന്‍റെ കരച്ചിലിനെ കുറിച്ച് നിങ്ങള്‍ എന്തോ പറഞ്ഞല്ലോ, എന്താത്?"
മറുപടി ഒരേ സ്വരത്തിലായിരുന്നു:
"ഞങ്ങളോ, ഞങ്ങളെന്ത് പറയാന്‍, കുഞ്ഞുങ്ങളായാല്‍ കരയും. അത് ദൈവത്തിന്‍റെ തീരുമാനമാ"
ഊവ്വോ??
ഊവ്വ!!

അങ്ങനെ നിശബ്ദരായ അബാലവൃദ്ധ ജനങ്ങളെ സാക്ഷിയാക്കി, കീറിക്കരയുന്ന കുഞ്ഞിനു പേരിട്ടു.തുടര്‍ന്ന് ഗിഫ്റ്റുകളുടെ പ്രവാഹം...
ചിലര്‍ ഡ്രസ്സ് കൊടുക്കുന്നു, ചിലര്‍ ആഭരണങ്ങള്‍ കൊടുക്കുന്നു, മറ്റ് ചിലര്‍ ഉമ്മ കൊടുക്കുന്നു...
ഹാ, ഹ, ഹ...എന്തൊരു സ്നേഹം!!!
പതിവില്ലാതെ ദേവകിയാന്‍റി ഒരു പവന്‍റെ മാല കുഞ്ഞിന്‍റെ ദേഹത്തിട്ടപ്പോള്‍ അമ്മ ഞെട്ടി, അമ്മ മാത്രമല്ല ഞാനും.അമ്പരന്ന് പരസ്പരം നോക്കുന്ന അമ്മക്കും എനിക്കും എന്ന പോലെ ക്ലാരിഫിക്കേഷന്‍ ആന്‍റി നല്‍കി:
"എന്‍റെ മോളുടെ മോളുടെ ഇരുപത്തിയെട്ട് കെട്ട് അടുത്താഴ്ചയാ, മറക്കാതെ വരണം"
ഈശ്വരാ...
ഒരു പവന്‍ തന്ന് രണ്ട് പവന്‍ തിരികെ വാങ്ങാന്‍ ഇതാ ആന്‍റിക്കൊരു സുവര്‍ണ്ണ അവസരം!!!
രണ്ട് പവന്‍ തിരികെ പ്രതീക്ഷിക്കുന്നു എന്ന മട്ടില്‍ ആന്‍റി ഒരിക്കല്‍ കൂടി കുഞ്ഞിന്‍റെ കഴുത്തിലിട്ട മാല നേരെ പിടിച്ചിട്ട് എന്നെ ഒന്ന് നോക്കി...
"ഞാന്‍ വരാം ആന്‍റി"
ആന്‍റിയുടെ മുഖം തെളിഞ്ഞു, അവര്‍ പുറത്തേക്ക്.

ജീവിതവും ജീവിതത്തിലെ നല്ല നിമിഷങ്ങളും 'ഗീവ് ആന്‍ഡ് ടേക്ക്' പോളിസിയില്‍ പെട്ടതാണെന്ന് വേദനയോടെ ഞാന്‍ മനസിലാക്കി.ഒടുവില്‍ ആളൊഴിഞ്ഞു, അരങ്ങൊഴിഞ്ഞു...
ഞാനും കുഞ്ഞും ഭാര്യയും ഭാര്യവീട്ടുകാരും മാത്രമായി.
ഹാളിലെ ദിവാനില്‍ കിടന്ന് ഞാന്‍ ചെറുതായി ഉറക്കം പിടിച്ചു.അടുത്തുള്ള സോഫായില്‍ ഇരുന്നു അമ്മായിഅമ്മ കുഞ്ഞിനെ കളിപ്പിക്കുന്നു.ഗായത്രി അടുക്കളയിലാണ്, അച്ഛന്‍ പന്തലുകാരെ പിരിച്ച് വിട്ട് കൊണ്ട് പുറത്തും...
പെട്ടന്നാണ്‌ എന്‍റെ മൊബൈല്‍ ബെല്ലടിച്ചത്, എടുത്ത് നോക്കിയപ്പോള്‍ ഒരു അമേരിക്കന്‍ നമ്പര്‍!!!
"ആരാ മോനേ?" അമ്മായിയമ്മ.
"അറിയില്ലമ്മേ, അമേരിക്കയില്‍ നിന്ന് ആരോ ആണ്"
"അയ്യോ അത് എന്‍റെ ചേട്ടത്തിയായിരിക്കും, ഗായത്രിയുടെ വല്യമ്മ.കുറേ നാളായി ചെറിയ പിണക്കത്തിലാ.കുഞ്ഞ് ജനിച്ചതൊന്നും ഞാനായിട്ട് അറിയിച്ചില്ല, ഇപ്പോ എങ്ങനേലും വിവരം അറിഞ്ഞ് വിളിച്ചതായിരിക്കും"
ഓഹോ??
എന്നാ ഇച്ചിരി ബഹുമാനത്തില്‍ തന്നെ ഫോണ്‍ അറ്റന്‍ഡ് ചെയ്തേക്കാം.ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നതിനൊപ്പം അമ്മായിയമ്മ കൂടി കേള്‍ക്കട്ടെ എന്ന രീതിയില്‍ ഞാന്‍ ഫോണ്‍ ലൌഡ് സ്പീക്കറിലിട്ടു.

"ഹലോ, മോനേ ഞാനാ"
"മനസിലായി ആന്‍റി"
"പ്രസവിച്ചെന്ന് അറിഞ്ഞ്"
"അതേ, പ്രസവിച്ചു"
"എത്ര കുഞ്ഞുങ്ങളെ കിട്ടി"
ങ്ങേ!!!!
ഇതെന്താ ഇങ്ങനെ ചോദിച്ചത്??
ഇനി ഇവരുടെ കുടുംബത്തിലൊക്കെ കൊട്ട കണക്കിനാണോ പെറ്റിടുന്നത്??
സംശയത്തില്‍ ഞാന്‍ അമ്മായിഅമ്മയെ നോക്കി, അമ്മ ഒന്ന് എന്ന അര്‍ത്ഥത്തില്‍ വിരല്‍ കാണിച്ചു.ഞാന്‍ അത് ആന്‍റിക്ക് വിശദീകരിച്ച് കൊടുത്തു:
"ഒന്നേ ഉള്ളു, പെണ്ണാ"
ആന്‍റിക്ക് സന്തോഷമായി, അവരൊരു ഉപദേശം:
"കഴിവതും കുഞ്ഞിനെ അമ്മേടെ അടുത്തൂന്ന് മാറ്റി കിടത്തണം"
"അതെന്തിനാ?"
"അപ്പോഴേ കുഞ്ഞിനൊരു ഉശിരുണ്ടാകു"
"ശരി ആന്‍റി"

ഈ പ്രായമായവരോട് സംസാരിച്ചാല്‍ ഇങ്ങനെ കുറെ ഗുണങ്ങളുണ്ട്.ഇപ്പോഴത്തെ തലമുറക്ക് അറിയാത്ത പല കാര്യങ്ങളും അറിയാന്‍ സാധിക്കും.ആന്‍റിയില്‍ നിന്ന് കൂടുതല്‍ മനസിലാക്കാന്‍ മാനസികമായി തയ്യാറെടുത്ത എന്നോട് അവരൊരു ചോദ്യം:
"ആട്ടെ, കുഞ്ഞിനു വാലുണ്ടോ?"
എന്ത്???
ഞാന്‍ ഞെട്ടി, ഞാന്‍ മാത്രമല്ല അമ്മായി അമ്മയും ഞെട്ടി.എന്‍റെ അമ്പരന്നുള്ള നോട്ടം കണ്ടപ്പോള്‍ അറിയാവുന്ന വിവരം വച്ച് അമ്മായിഅമ്മ വിശദീകരിച്ചു:
"കുടുംബത്തില്‍ ഇന്ന് വരെ വാലുള്ള കുഞ്ഞ് ജനിച്ചിട്ടില്ല.ചേട്ടത്തിയുടെ ഇളയമകള്‍ ഈയിടെക്ക് അമേരിക്കയില്‍ വച്ചാ പ്രസവിച്ചത്.ഒരുപക്ഷേ ആ കുഞ്ഞിനു വാല്‌ കാണും"
ഓഹോ, അതാണോ കാര്യം??
ഞാന്‍ മറുപടി നല്‍കി:
"ഇല്ല ആന്‍റി, ഇവിടുത്തെ കുഞ്ഞിനു വാലില്ല"
"അയ്യോ കഷ്ടമായി പോയി. അത് പോട്ടെ, കുഞ്ഞ് കുരക്കാറുണ്ടോ?"
എന്‍റമ്മേ!!!
ഈ തള്ളക്ക് വട്ടാണോ???

അമ്പരന്ന് പോയ ഞാന്‍ ഒരു സംശയത്തിന്‍റെ പുറത്ത് തിരികെ ചോദിച്ചു:
"മനസിലായില്ല?"
"കുഞ്ഞ് 'ബൌ ബൌന്ന്' കുരക്കാറുണ്ടോന്ന്?"
"അത് മനസിലായി, ആരാ വിളിക്കുന്നതെന്ന് മനസിലായില്ല?"
"എടാ ജോയിക്കുട്ടി, ഞാന്‍ സാലിമോടെ അമ്മായിയാ.വീട്ടിലെ പട്ടി പ്രസവിച്ചതറിഞ്ഞ് വിളിച്ചതാ"
പരട്ട തള്ള!!!
വായില്‍ മുട്ടന്‍ തെറിയാ വന്നത്:
"പട്ടികുഞ്ഞിനെ പറ്റി അറിയാന്‍ വിളിച്ചതാണല്ലേ, പന്ന...പു..പു..."
വായില്‍ വന്നത് മൊത്തം പുറത്ത് പറയുന്നതിനു മുമ്പേ അമ്മായിഅമ്മ ചെവി രണ്ടും പൊത്തുന്നത് അറിയാതെ കണ്ടു, പറഞ്ഞ് വന്നതിനെ മാന്യമായ രീതിയിലാക്കി....
"..പു...പു..പുസ്തകത്താളുകളില്‍ കണ്ട ഇന്ത്യയല്ല പട്ടി പ്രസവിക്കാത്ത ഇന്ത്യ, ആന്‍റി ഫോണ്‍ വച്ചേ"
അവര്‍ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.

അവരെ ചീത്ത വിളിച്ച് മൂടി പുതച്ച് കിടക്കാന്‍ തുടങ്ങിയപ്പോള്‍ ഗായത്രിയുടെ സ്വരം:
"ആരാ ചേട്ടാ വിളിച്ചത്?"
"അമേരിക്കേന്ന് ഒരു ആന്‍റിയാ"
"എന്ത് പറഞ്ഞു?"
"കുഞ്ഞിനെ നിന്‍റെ അടുത്തൂന്ന് മാറ്റി കിടത്തിയാല്‍ കുഞ്ഞിനു ഉശിരുണ്ടാകുമെന്ന് പറഞ്ഞു"
"അയ്യോ, വേറൊന്നും ചോദിച്ചില്ലേ?"
"ചോദിച്ചു, കുഞ്ഞിനു വാലുണ്ടോന്ന് ചോദിച്ചു"
"എന്താ?"
"എന്‍റെ പൊന്നു മോളേ, നീ നിന്‍റെ അമ്മയോട് ചോദിക്ക്, അമ്മ പറഞ്ഞ് തരും"
അമ്മയില്‍ നിന്ന് കാര്യം അറിഞ്ഞ ഗായത്രിക്ക് ഒരേ അമര്‍ഷം.അത് അവള്‍ എന്നോടും തീര്‍ത്തു:
"ചേട്ടനു രണ്ട് തെകച്ചങ്ങ് പറഞ്ഞ് കൂടാരുന്നോ?"
ഒന്നും മിണ്ടാതെ പതുക്കെ മൂടി പുതച്ച് കിടന്നു.

പിന്നെയും ഫോണടിക്കുന്ന ശബ്ദം...
എടുത്ത് നോക്കിയപ്പോള്‍ അമേരിക്കയില്‍ നിന്ന് വീണ്ടും ഫോണ്‍!!!
ഗായത്രിയെയും അമ്മയേയും നോക്കി അമേരിക്കയില്‍ നിന്നാണെന്ന് ആംഗ്യം കാണിച്ചിട്ട് നാല്‌ ചീത്ത വിളിക്കുക എന്ന ഉദ്ദേശത്തില്‍ ലൌഡ് സ്പീക്കറില്‍ ഇടാതെ ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു...
"ഹലോ മോനെ ആന്‍റിയാ"
"മനസിലായി"
"പ്രസവിച്ചൂന്ന് അറിഞ്ഞു"
"അറിഞ്ഞത് ശരിയാ"
"സിസേറിയന്‍ ആയിരുന്നോ?"
"അല്ല, അണ്ണാക്കില്‍ കൂടി വലിച്ചെടുത്ത് പുറത്തേക്ക് തുപ്പുവായിരുന്നു"
മറു സൈഡില്‍ നിശബ്ദത!!!
രണ്ട് നിമിഷത്തിനു ശേഷം:
"വേറെ വിശേഷം വല്ലതും?"
"ഉണ്ട്, കുഞ്ഞിനു ഉശിരുണ്ടാകാന്‍ അമ്മയുടെ അടുത്തൂന്ന് മാറ്റി കിടത്തി"
വീണ്ടും നിശബ്ദത!!!
ഇപ്പോള്‍ മറുസൈഡിലെ ശബ്ദത്തിനു ഇപ്പോള്‍ പഴയ ആവേശമില്ല.എങ്കിലും അവര്‍ ചോദിച്ചു:
"കുഞ്ഞിന്?"
"കുഞ്ഞിന്‌ വാലുമില്ല, അത് കുരക്കാറുമില്ല.എങ്കിലും സുഖമായിരിക്കുന്നു"
ഇത് കൂടി കേട്ടതോടെ മറുസൈഡില്‍ ഒരു പൊട്ടിക്കരച്ചിലായിരുന്നു:
"എന്‍റെ ദൈവമേ, എന്‍റെ ഗായത്രി മോള്‌ കല്യാണം കഴിച്ചത് ഒരു വട്ടനെ ആയിരുന്നോ??"
എന്‍റമ്മേ!!!
ഇത് ശരിക്കും വല്യമ്മ ആയിരുന്നോ??
ഇക്കുറി ഞാന്‍ ഞെട്ടി.

ഞാന്‍ അമ്പരന്ന് നില്‍ക്കുന്ന കണ്ട എന്‍റെ അമ്മായിയമ്മ 'മോനിങ്ങ് തന്നെ, ഞാന്‍ രണ്ട് വാക്ക് പറയട്ടെ' എന്ന ആമുഖത്തോടെ കൂടി, എന്‍റെ വാക്കുകള്‍ ശ്രദ്ധിക്കാതെ എന്‍റെ കൈയ്യില്‍ നിന്ന് ഫോണ്‍ പിടിച്ച് വാങ്ങി ഒരു മുട്ടന്‍ ഡയലോഗ്:
"ദേ പെമ്പ്രന്നോത്തി, ഇനി നിങ്ങള്‍ ഇങ്ങോട്ട് ഫോണ്‍ ചെയ്താല്‍ ഞാന്‍ അമേരിക്കയില്‍ വന്ന് കുറ്റി ചൂലെടുത്ത് നിങ്ങളെ അടിക്കും"
ഈശ്വരാ!!!
അമ്മായിയമ്മ പറഞ്ഞത് പോരാഞ്ഞ് ഫോണ്‍ വാങ്ങി ഗായതിയും രോഷം പ്രകടമാക്കി:
"പ്രായത്തെ ബഹുമാനിച്ചാ, ഇല്ലേല്‍ ഞാനും വല്ലതും പറയും"
ഹാവൂ, കുളമായി!!!
തുടര്‍ന്ന് ഫോണ്‍ കട്ട് ചെയ്ത ശേഷം ഗായത്രി എന്നോട് ചോദിച്ചു:
"എങ്ങനുണ്ട് ചേട്ടാ ഞങ്ങടെ പ്രകടനം"
"വളരെ നന്നായിരുന്നു, പക്ഷേ...."
"എന്താ ഒരു പക്ഷേ?"
"ഇപ്പോ വിളിച്ചത് നിന്‍റെ വല്യമ്മ തന്നെയായിരുന്നു"
ഠിം!!!
'എന്‍റമ്മേ' എന്ന വിളിയോട് ഗായത്രി ബോധം കെട്ട് വീണു.
അത് കണ്ടിട്ടും, ഞാന്‍ പറഞ്ഞത് കേട്ടിട്ടും വിശ്വാസം വരാഞ്ഞ് അമ്മ എടുത്ത് ചോദിച്ചു:
"ശരിക്കും ചേട്ടത്തി ആയിരുന്നോ?"
"അതേ അമ്മേ"
ഠിം!!!
'എന്‍റെ ദേവീന്ന്' വിളിച്ച് അമ്മായി അമ്മയും ബോധം കെട്ട് വീണു.
എന്‍റെ ബോധം പണ്ടേ പോയത് കൊണ്ട് ഞാന്‍ മാത്രം വീണില്ല.

വിവരം കാട്ടുതീ പോലെ പടര്‍ന്നു...
അമേരിക്കയിലെ വല്യമ്മയെ ഞാനും ഭാര്യവീട്ടുകാരും കൂടി ചീത്ത വിളിച്ചത്രേ!!!
എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിച്ച് നിന്നപ്പോള്‍ ഗായത്രിയുടെ അമ്മാവന്‍ എന്നെ വിളിച്ചു, ഞാന്‍ അദ്ദേഹത്തോട് നിരപരാധിത്വം വ്യക്തമാക്കി.എല്ലാം മനസിലായ അദ്ദേഹം അമേരിക്കയിലോട്ട് വിളിക്കാമെന്നും വല്യമ്മയെ സത്യം ബോധിപ്പിക്കാമെന്നും സത്യമറിഞ്ഞ് വല്യമ്മ വിളിക്കുമ്പോള്‍ ഒരു മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്നമേ ഉള്ളെന്നും തറപ്പിച്ച് പറഞ്ഞു.
അങ്ങനെ വല്യമ്മയുടെ വിളി നോക്കി ഞാന്‍ സമയം തള്ളി നീക്കി...
ഒടുവില്‍ വല്യമ്മ വിളിച്ചു!!!

"ഹലോ, ഞാനാ മോനെ"
"മനസിലായി, ആന്‍റി എന്നോട് ക്ഷമിക്കണം"
"ഓ അതൊന്നും സാരമില്ല മോനെ"
"അതല്ല ആന്‍റി, അറിയാതെ പറ്റി പോയതാ.എല്ലാം ഒരു തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു, ആന്‍റി ക്ഷമിക്കണം"
"ഞാന്‍ ക്ഷമിച്ചു പോരെ"
"മതി ആന്‍റി, അത് മതി"
"പിന്നെ മോനെ ഒരു കാര്യം കൂടി അറിഞ്ഞാല്‍ കൊള്ളാമായിരുന്നു"
"എന്താ ആന്‍റി?"
"ശരിക്കും പ്രസവിച്ചത് നമ്മുടെ ജെര്‍മ്മന്‍ ഷെഫേര്‍ഡ് ആയിരുന്നോ അതോ പോമറേനിയനായിരുന്നോ?"
കര്‍ത്താവേ!!!!
ഇത് അവരായിരുന്നോ??
ആ പട്ടി തള്ള!!!
കണ്‍ട്രോള്‍ വിട്ട് പോയ ഞാന്‍ ഒറ്റ അലര്‍ച്ചയായിരുന്നു:
"പരട്ട തള്ളേ, നിങ്ങള്‌ കുടുംബം കലക്കിയേ അടങ്ങു അല്ലേ?"
"എന്താ മോനേ?"
"കുന്തം, വയ്ക്ക് തള്ളേ ഫോണ്‍!!"
ഠിം!!
ഫോണ്‍ കട്ടായി.

ഇങ്ങനൊരോ കുരിശുണ്ടായാല്‍ പിന്നെ ജീവിതം കുളമാകാന്‍ എന്നാ വേണം കര്‍ത്താവേന്ന് കരുതി ഫോണ്‍ സ്വിച്ചോഫ് ചെയ്യാമെന്ന് വിചാരിച്ചപ്പൊ ദാണ്ടഡാ പിന്നെയും അമേരിക്കന്‍ കോള്‍.
എഗൈന്‍ ദാറ്റ് ഡോഗ് മദര്‍...
അതേ പട്ടി തള്ള!!!
ഇന്നത്തോടെ ഒരു അവസാനമാകണം...
"എന്താ ആന്‍റി നിങ്ങടെ പ്രശ്നം?"
"മോന്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്ന് പറയാന്‍ വിളിച്ചതാ"
"ഓ അതിനു വിളിച്ചതാണോ? എന്നാ കേട്ടോ, എന്‍റെ പട്ടി പറയും നിങ്ങളോട് മാപ്പ്"
മറുസൈഡില്‍ നിശബ്ദത!!
പിന്നെ കരച്ചിലോടെ ഒരു മറുപടി:
"എടാ കുരുത്തംകെട്ടവനെ, എന്‍റെ അനുജത്തിയുടെ മോളെ കെട്ടി എന്ന ഒറ്റ കാരണത്താല്‍ നിന്നെ ഞാന്‍ ശപിക്കുന്നില്ല.ഇനി നിന്‍റെയോ നിന്‍റെ കെട്ടിയവളുടെയോ ഒറ്റകാര്യം എന്നോട് പറഞ്ഞ് പോകരുത്"
കര്‍ത്താവേ!!!
ശരിക്കും വല്ല്യമ്മ...
ഒര്‍ജിനല്‍ ബിഗ് മദര്‍!!!
ഇപ്പോ ശരിക്കും കുളമായി.
ഠിം ഠി ഡിം ഡി ഡിം!!
ഞാന്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്തു.

പിറ്റേദിവസം...
വൈകുന്നേരം ബാംഗ്ലൂര്‍ക്ക് തിരിക്കാന്‍ ബാഗുമെടുത്ത് യാത്ര പറയാന്‍ മോളുടെ അടുത്ത് ചെന്നപ്പോള്‍ അവള്‍ ചിരിച്ച് കൊണ്ടിരിക്കുന്നു.തലേ ദിവസം നടന്ന പൊല്ലാപ്പിനെ കുറിച്ച് അവള്‍ക്ക് മാത്രം വേവലാതിയില്ല, ഇതാ പിള്ള മനസില്‍ കള്ളമില്ലന്ന് പറയുന്നത്.മറ്റുള്ളവരുടെ മുഖത്ത് നോക്കാന്‍ വിഷമമുള്ളത് കൊണ്ട് യാത്ര പറച്ചില്‍ മോളോട് മാത്രമാക്കി...
"അച്ഛന്‍ ജോലിക്ക് പോയിട്ട് അടുത്താഴ്ച വരാട്ടോ"
'എന്നാത്തിനാ?' എന്ന് ആരും ചോദിച്ചില്ല, അടുത്താഴ്ച കാണാം എന്ന മട്ടില്‍ എല്ലാവരും തലകുലുക്കി, 'ശരി' എന്ന അര്‍ത്ഥത്തില്‍ മോള്‌ ചിരിച്ചോണ്ടും കിടന്നു, ഞാന്‍ പതിയെ ജോലി സ്ഥലത്തേക്ക് യാത്രയായി...

ഓഫീസിലെത്തിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ ചോദിച്ചു:
"മനുവേ, ഇരുപത്തിയെട്ട് കെട്ട് എങ്ങനുണ്ടായിരുന്നു?"
"വളരെ നന്നായിരുന്നു"
ഭാഗ്യവാന്‍!!!
ഞാനാണോ??
അതേ, മനു തന്നെ.
ഉവ്വ.

61 comments:

അരുണ്‍ കരിമുട്ടം said...

ചില ജോലി സംബന്ധമായ തിരക്കിനാല്‍ എന്‍റെ മോളുടെ ഇരുപത്തിയെട്ട് കെട്ടിനു എനിക്ക് പോകാന്‍ പറ്റിയില്ല എന്നതാ സത്യം.എങ്കിലും കുടുംബക്കാരെയും നാട്ടുകാരെയും സാക്ഷിയാക്കി ഈശ്വരനെ പ്രാര്‍ത്ഥിച്ച് കൊണ്ട് എന്‍റെ അച്ഛന്‍ അവള്‍ക്ക് പേരിട്ടു...

ഗൌരിനന്ദ

:)

ചിതല്‍/chithal said...

ഠേ നാളികേരം. ബാക്കി വായിച്ചിട്ട്‌

ആളവന്‍താന്‍ said...

കൊല്ല്.... മനുഷ്യന്‍ ചിരിച്ചു ചത്തു.
പിന്നെ ഏതാണ്ട് ഇതേ പോലെ ഒരു കുഞ്ഞിന്റെ ജനന സംബന്ധമായ ഒരു പോസ്റ്റ്‌ ഞാനും ഇട്ടിരുന്നു. ദി സേക്രഡ്‌ ഫെയ്സ് പാക്ക്‌!! നോക്കി പറ...

sm sadique said...

എല്ലാം ചില കൊടുക്കൽ-വാങ്ങലുകൾ , അത് അടിയാണെങ്കിലും തെറിയാണെങ്കിലും.
നല്ല അനുഭവം . ഇരിപത്തെട്ട് കെട്ടിനെകുറിച്ച് മനസ്സിലാക്കാനും കഴിഞ്ഞു.

ചിതല്‍/chithal said...

അഭിനന്ദനം! മോൾക്ക്‌ പേരിട്ടല്ലോ. ഒരു ദിവസം അങ്ങോട്ടിറങ്ങാം. സമയം എന്ന പ്രശ്നം മാത്രം വിലങ്ങുതടി.
പോസ്റ്റ്‌ ഇഷ്ടപെട്ടു. പോസ്റ്റിൽക്കൂടിയെങ്കിലും വലിയമ്മക്കു് ഒരു മാപ്പ്‌ ഹരജി കൊടുക്കാമായിരുന്നില്ലേ...?
അതോ ഇതൊരു കുറ്റസമ്മതമാണോ? ഏതായാലും ഞാൻ ഫോൺ വിളിക്കാൻ വിചാരിച്ചിരുന്നത്‌ വേണ്ട എന്നുവച്ചു. ഒന്നുമില്ല, വെറുതെ.. എനിക്കു് മലയാളം മനസ്സിലാവും..

lakshmi said...

.കുറെ നാളായി പുതിയ പോസ്റ്റ്‌ കാണാത്തത് കൊണ്ട് ജോലി തിരക്കായിരിക്കും എന്ന് മനസിലായി. പുതിയ പോസ്റ്റുകള്‍ കാണാതെ വന്നപ്പോള്‍ ഞാന്‍ തന്നെ ഒരു ബ്ലോഗ്‌ സ്വന്തമായി തുടങ്ങി :) .. പുതിയ പോസ്റ്റ്‌ നന്നായിട്ടുണ്ട് .." client visit " പൂര്‍ണമാകാത്തത്‌ പോലെ ....

കാച്ചറഗോടന്‍ said...

ഹ ഹ ഹ.. അരുണ്‍ ചേട്ടാ.. ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി... :)

അങ്ങനെ മനുവിന്‍റെ ഇരുപത്തിയെട്ടു കൊളമായി അല്ലേ???

കൂതറHashimܓ said...

നല്ല രസം
എന്നാലും അമേരിക്കേന്ന് ഇത്ര അധികം കോളോ??
അവര്‍ക്ക് കാള്‍ ഫ്രീയാ??

രണ്ട് കാള്‍ സഹിച്ചു. അതില്‍ കൂടുതല്‍ വന്നത് അണ്‍ സഹിക്കബിള്‍ :)

ഹാഫ് കള്ളന്‍||Halfkallan said...

സുപ്പെര്ര്ര്‍ ..

Manoraj said...

വെറുതെയല്ല ഫോണ്‍ വിളിച്ചിട്ട് കിട്ടാത്തത് :) പിന്നെ അയലക്കത്തെ വല്ല്യമ്മക്ക് കൊടുത്ത മറുപടി കിടു.. ഇഷ്ടായി.. ഭേഷായി..

G.MANU said...

പാര്‍വതിക്ക് ആശംസകള്‍... :)

jayanEvoor said...

"..പു...പു..പുസ്തകത്താളുകളില്‍ കണ്ട ഇന്ത്യയല്ല പട്ടി പ്രസവിക്കാത്ത ഇന്ത്യ..!"

അതു കലക്കി!

(എന്നാലും ആ മനു ഇത്രയ്ക്കും മണ്ടനാണോ!?)

ഉല്ലാസ് said...

ഇത്രയും പുകിലുണ്ടായത് ഗൌരിനന്ദ അറിഞ്ഞാവോ??

ശ്രീ said...

ഹയ്യോ... ആ പട്ടി വല്യമ്മയുടെ (പട്ടി വല്യമ്മ എന്നല്ല, പട്ടിയുടെ കാര്യം ചോദിയ്ക്കാന്‍ വിളിച്ച വല്യമ്മ എന്ന് തിരുത്തി വായിയ്ക്കാന്‍ അപേക്ഷ) ഉപദേശമാണ് ഏറ്റവും ഇഷ്ടമായത്

:)

ശ്രീ said...

പറയാന്‍ മറന്നു... എന്തായാലും ഗൌരിനന്ദയ്ക്ക് ആശംസകള്‍ നേരുന്നു

അനൂപ്‌ said...

പാവം കുഞ്ഞ് അതിന്റെ 28 കേട്ടയാതെ ഉള്ളു അപ്പോഴേക്കും ഇവിടെ രണ്ടു മൂന്നു പോസ്ടായി ഇങ്ങനെ പോയാല്‍ ഈ മനുഷ്യന്‍ ഇനി എല്ലാ ദിവസവും പോസ്ടിടുമെന്നാ തോന്നണേ എന്തായാലും ഇത് നന്നായി സിസേറിയന്‍ ആയിരുന്നോ?" "അല്ല, അണ്ണാക്കില്‍ കൂടി വലിച്ചെടുത്ത് പുറത്തേക്ക് തുപ്പുവായിരുന്നു" ചിരിച്ചു ചിരിച്ചു ചത്തു. (പിന്നെ എന്റെ മോന്റെ പേര് ഗൌരിനന്ദന്‍ എന്നാട്ടോ ഒരു ഗണപതിയുടെ പേര് കണ്ടുപിടിക്കാന്‍ കുറെ തിരഞ്ഞു അവസാനം അതില്‍ നിര്‍ത്തി

ഗൌരിനന്ദയ്ക്ക് ആശംസകള്‍ ഒപ്പ് അരുണിനും

Pony Boy said...

ഗൾഫ്-ഇന്ത്യ കോളിനേക്കാളും വിലക്കുറവാണ് അമേരിക്കൻ കോൾ... പിന്നെന്താ ചറപറാ വിളിച്ചാൽ....

അഭി said...

കൊള്ളാം അരുണ്‍ ഏട്ടാ

ചിരിച്ചു ഒരു വഴിക്കായി a

അനീസ said...

ഗീവ് ആന്‍ഡ് തിരക്കയിട്ടാണ് അല്ലേ ഒരു ഗാപ്‌ വന്നത്‌,

"ഗീവ് ആന്‍ഡ് ടേക്ക് പോളിസി " ഇന്ന് ചെറിയ കാര്യത്തിന് പോലും ഇതാണല്ലോ രീതി ടേക്ക്

കണ്ണനുണ്ണി said...

ചിരിച്ചു ഒരു വഴിക്കായി ട്ടോ...
ഗൌരി നന്ദ ക്ക് സുഖാണല്ലോ ല്ലേ..

Raneesh said...

ഒരഞ്ചു പവന്റെ വലിയ തെങ്ങ ഞാനും അടിച്ചു......
എന്നെ അങ്ങട് കൊല്ല്

രമേശ്‌ അരൂര്‍ said...

:)ചിരിച്ചു ...

കുഞ്ഞൂസ് (Kunjuss) said...

ഗൌരിനന്ദക്കു ആശംസകള്‍!

പിന്നേ അരുണേ..ഈ പോസ്റ്റിലെ പുളുവടി ഇത്തിരി കൂടുതലായിപ്പോയില്ലേ എന്നൊരു സംശയം.അത്രക്കും മണ്ടനാണോ ആ മനു?

ജോ l JOE said...

അതെ, എല്ലാരും ചോദിച്ച പോലെ....അത്രയുക്കും മണ്ടനാണോ അരുണ്‍....സോറി , മനു. :)

അരുണ്‍ കരിമുട്ടം said...

വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി
:)

'അത്രക്ക് മണ്ടനാണോ മനു?' എന്ന് ആദ്യം ഒരു ചോദ്യം വന്നു, പിന്നെ അത് തന്നെ കോപ്പി പേസ്റ്റ്.അപ്പോ എനിക്കും സംശയമായി, അത്ര മണ്ടനാണോ മനു?
പാവം, മനു!!

ഒരാളുടെയും ജീവിതത്തില്‍ ഒരിക്കലും നടക്കാത്ത സംഭവങ്ങള്‍ നേരിടേണ്ടി വരുന്ന ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണ്‌ സുഹൃത്തുക്കളെ മനു.അതിനാല്‍ തന്നെ ആ സംഭവങ്ങളിലെ ലോജിക്ക് നോക്കിയാല്‍ മനു മണ്ടനാണെന്ന് തോന്നും, നിങ്ങള്‍ക്കും എനിക്കും!!!
പക്ഷേ ഞാന്‍ മനുവിന്‍റെ കൂടെയാണ്‌ ട്ടോ, കാരണം ഒരുപക്ഷേ ഒരാളുടെ ജീവിതത്തില്‍ ശരിക്കും ഇങ്ങനെ സംഭവിച്ചാലോ...
അപ്പോഴെങ്കിലും മനു മണ്ടനല്ലാതാവുമല്ലോ??
:)

'അത്രക്ക് മണ്ടനാണോ മനു?' എന്ന ചോദ്യം ഇനിയും കോപ്പി പേസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ നല്ല സുഹൃത്തുക്കള്‍ക്കുമായി....

'കഥയില്‍ ചോദ്യമില്ല' എന്ന പഴമൊഴിയില്‍ വിശ്വസിച്ചാല്‍ മനു മണ്ടനല്ല, അല്ലെങ്കില്‍ മനു മണ്ടനാണ്, ഒരു പരമമണ്ടന്‍!!!
:)

mini//മിനി said...

ഇതാണ് ശരിക്കും ‘ഫോൺ ഇൻ ദുരന്തം’.
ഇന്ന് 28 ആണല്ലൊ,,,

nandakumar said...

:) ഹഹഹ അതു കലക്കി

ഗൌരീനന്ദക്ക് ചക്കരയുമ്മകള്‍

(എന്റെ പേരിന്റെ പകുതി അനുവാദമില്ലാതെ എടുത്തതില്‍ പ്രതിക്ഷേധിക്കുന്നു) :) :)

jamal|ജമാൽ said...

ഗൌരീനന്ദക്കും അച്ചനും അമ്മക്കും ആശംസകൾ

Unknown said...

ചിരിച്ചു ചിരിച്ചു ഒരു പരുവമായി ...

എന്റെ ചേട്ടന്റെ മോളുടെയും പേര് ഗൗരിനന്ദന എന്നാ

എബി said...

അരുണ്‍ ചേട്ടാ എന്തോ ഈ ഇരുപതിഎട്ടുകെട്ടു എനിക്കത്ര പിടിച്ചില്ല ഹിഹി പഴയ ബ്ലോഗുകളുടെ അത്രയും നിലവാരം പുലര്‍ത്തുന്നില്ല എന്ന് മനസിനൊരു തോന്നല്‍ തെറ്റിധരികണ്ട , തോന്നല്‍ മാത്രമാണ് കേട്ടോ ..................

smitha adharsh said...

ഗൗരി നന്ദ ... നല്ല പേര്.. കൂടെ നല്ല പോസ്റ്റും..ഒരുപാട് നാളായി ഈ വഴി വന്നിട്ട്.പുതിയ വിശേഷങ്ങള്‍ അറിഞ്ഞതില്‍ സന്തോഷം,,

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ചുമ്മാതല്ല നാട്ടുകാര്‍ക്ക് ഇത്ര സ്നേഹം..വായിലെ നാവ് അമ്മാതിരിയല്ലേ..?(ദാക്ഷായണി തള്ളക്കു കൊടുത്ത മറുപടിയും, ശങ്കുണ്ണി അമ്മാവനു കൊടുക്കാതെ കൊടുത്ത മറുപടിയും).
എന്താണു ഭായ്...പണ്ടത്തെ അത്ര ഗുംമ്മ് കിട്ടുന്നില്ലല്ലോ ഇപ്പൊഴത്തെ
പോസ്റ്റുകളില്‍...?തുടക്കത്തില്‍ ലഭിക്കുന്ന ആ വായനാ സുഖം അവസാന ഭാഗത്ത് കിട്ടുന്നില്ല.(ചിലപ്പോള്‍ എന്റെ മാത്രം തോന്നലായിരിക്കും)
എന്തായാലും ഗൌരി നന്ദക്കും അവളുടെ അച്ഛനും അമ്മക്കും മറ്റെല്ലാവര്‍ക്കും നല്ലത് വരട്ടെ എന്നാശംസിക്കുന്നു

Sukanya said...

വല്ലാത്തൊരു വലിയമ്മ സംഭവം. ചിരിച്ചു ചിരിച്ചു ഞങ്ങളുടെ BP കുറഞ്ഞു. :)

സുരഭിലം said...

Let God bless Gowri Nanda.

Parisaram marannu chirichu poi Chetta :)

Rakesh KN / Vandipranthan said...

nannayittundu... kidilan,

രാജീവ്‌ .എ . കുറുപ്പ് said...

ഡാ നിനക്കും കുടുംബത്തിനും ഒപ്പം കൊച്ചു മിടുക്കി ഗൌരി നന്ദക്കും എല്ലാ വിധ ആയുസും ആരോഗ്യവും നേരുന്നു, സ്വാമി ശരണം

പിന്നെ മറ്റൊരു സന്തോഷ വാര്‍ത്ത‍, ഞാന്‍ ഇരുപത്തെട്ടു ദിവസത്തിന്റെ അപ്പനായി .

Sarathgmenon said...

To Arun,

Evide aarunnu mashe itrem kaalam? daily puthya post undo puthya post undo enn ningalude bloggil vann noki nokki avasanam laptop ente thanthak vilichu tudangy. illol taamayichelum vannalla. As usual, rocking post.

Pinne, "GowriNanda" nalla peru. Kind of unique.

Keep up the good work

Regards,
Sarath Menon

chandu said...

ആ പട്ടിടെ മോന്റെ ഇരുപത്തിയെട്ട് കെട്ട് എന്നാണ് ?
അതിനു ഇടാന്‍ ഉദേഷിക്കുന്ന പേരെന്താണ് ?

Bibinq7 said...

ഗൌരിനന്ദയ്ക്ക് ആശംസകള്‍ നേരുന്നു

കുറുമ്പി said...

പറയാന്‍ വന്നതോ അയ്യോ........... ഇ ചോദ്യം കണ്ടപ്പോള്‍ മറന്നു പോയി. എന്താദ് ആ അതു തന്നേ ഇപ്പോള്‍ ഓഫ്ഫീസില്‍ എല്ലാവരും പറയുന്നത് എനിക്ക് ബോധമില്ലാതെ ആയെന്ന.....................

Anonymous said...

very good.............

kARNOr(കാര്‍ന്നോര്) said...

ഗൌരിനന്ദയ്ക്ക് ആയുരാരോഗ്യസൌഖ്യ ആശംസകള്‍

Naushu said...

നല്ല രസം....
ഒരുപാടു ചിരിച്ചു....

ചെലക്കാണ്ട് പോടാ said...

ബിലേറ്റഡ് ഹാപ്പി 28 കെട്ട് വിഷസ്

krish | കൃഷ് said...

സംഭവം രസകരമായിട്ടുണ്ട്. എന്നാലും നമ്പർ നോക്കാതെ രണ്ടുപ്രാവശ്യം അക്കിടിപറ്റുമോ..ആ പറ്റുമായിരിക്കും ല്ലേ.

അഭിനന്ദൻസ്.

hi said...

രസകരമായിരുന്നു. എന്നാലും പാവം പട്ടി ആന്റിയെ ഇങ്ങനെ തെറി വിളിക്കാമോ ? ;)

ഹരി.... said...

നന്നായിട്ടുണ്ട് അരുണ്‍ ഭായ്....ശരിക്കും ചിരിച്ചു...
ഗൌരിയോട് അന്വേഷണം അറിയിക്കുക...

പിന്നെ അറിയിച്ചാല്‍ ഉടനെ എന്നെ അറിയാമെന്നും ആ ചേട്ടന് സുഖമാണോ എന്ന് ചോദിക്കുമെന്നും പ്രതീക്ഷിച്ചല്ല..ട്ടാ :)

വരയും വരിയും : സിബു നൂറനാട് said...

"..പു...പു..പുസ്തകത്താളുകളില്‍ കണ്ട ഇന്ത്യയല്ല പട്ടി പ്രസവിക്കാത്ത ഇന്ത്യ..!"

തന്നണ്ണാ...തന്നെ....
ചിരിച്ചു...

Arun Kumar Pillai said...

arunchetta orupaadu chirichu....
:-D
ഗൌരിനന്ദ nalla peraa...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ശരിക്കും ചിരിപ്പിച്ചു..

Unknown said...

ഇരുപത്തിയെട്ട് ശരിക്കും രസിപ്പിച്ചു.
കുഞ്ഞിനും മാതാപിതാക്കള്‍ക്കും ആശംസകള്‍.

Unknown said...

''നന്ദ മോളെ മോള്‍ക്ക് ഈ മാമനെ മനസിലായോ?'' :)

Prabhan Krishnan said...

ഇഷ്ട്ടപ്പെട്ടു കേട്ടോ..ഒത്തിരിയൊത്തിരിയാശംസകള്‍...!!

ചാണ്ടിച്ചൻ said...

ചിരിച്ചു ചിരിച്ചു അണ്ണാക്ക് വെളീല് വന്നു....
സൂപ്പര്‍ അളിയാ...

ramanika said...

പതിവുപ്പോലെ കലക്കി
ഗൌരിനന്ദ നല്ല പേര്
ആശംസകള്‍ .....

എന്‍.പി മുനീര്‍ said...

ചിരിപ്പിച്ചു രസിപ്പിച്ചു..ആവര്‍ത്തിച്ച്
അബദ്ധം ഫോണ്‍ കാളുകള്‍
‘logic' കളഞ്ഞു കുളിച്ചെങ്കിലും
തമാ‍ശയില്‍ കാര്യമില്ല എന്നു
കരുതി സമാധാനിക്കാം..
forwarded mail 'ആയി കിട്ടിയാണ്
ഇവിടെ എത്തിപ്പെട്ടത് കെട്ടോ..

ചേര്‍ത്തലക്കാരന്‍ said...

അരുണേ..... കഥവായിക്കാന്‍ നല്ല രേസമുണ്ടയിര്‍ന്നു... പഴയ പ്രിയദര്‍ശന്‍ / മുകേഷ്‌ / മോഹന്‍ലാല്‍ ടീമിന്റെ സിനിമ കണ്ടപോലെ......പക്ഷെ അരുന്ഭായിടെ കയ്യില്‍ ഇരിക്കുന്ന ഫോണിനു ഡിസ്പ്ലേ ഇല്ലേ എന്നൊരു ഡൌട്ട്.... അല്ല അമേരിക്കയില്‍ നിന്ന് വരുന്ന കാള്‍ ന്റെ നമ്പര്‍ കണ്ടാല്‍ അറിയില്ലേ ഇത് അമ്മായി ആണോ അതോ ആ ഡോഗ് തള്ള ആണോന്നു?????

പിന്നെ ഗൌരി കുട്ടിക്ക് എന്റെ വക ആശംസകള്‍..... :

KeVvy said...

അധികം ആഴത്തില്‍ ചിന്തിപ്പിക്കാതെ ചിരിപ്പിക്കുന്ന എഴുത്ത് ... ആശംസകള്‍


www.blacklightzzz.blogspot.com

Arjun Bhaskaran said...

ഹോ തോറ്റു ..ചിരിച്ചേ... പിന്നെ ഡിസ്പ്ലേ എന്നത് എന്നേം അല്പം കണ്ഫുഷന്‍ ആക്കി കേട്ടോ ..

ഹാപ്പി ബാച്ചിലേഴ്സ് said...

അരുണേട്ടാ, ഒത്തിരി വൈകിയെങ്കിലും ഇതൊന്നും വായിക്കാതിരിക്കാൻ കഴിയില്ല അതാണ് സൂപ്പർഫാസ്റ്റിന്റെ ഒരു ഒരു കഴിവ്. ഒരു ചെറിയ/വലിയ ഇടവേള കഴിഞ്ഞ് വായിക്കുന്ന പോസ്റ്റാണിത്. ശരിക്കും ചിരിപ്പിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ല. കലക്കി. ബാക്കിയൊക്കെ വായിച്ച് ചിരിക്കട്ടെ. കാണാം

ponny said...

കിടിലം....ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു... :D

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com