
ഇതിലെ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്നവരാണ്, എന്നാല്‍ കഥയും കഥാസന്ദര്‍ഭങ്ങളും തികച്ചും സാങ്കല്‍പ്പികമാണ്.ഇത് ജൂലൈ 9 നു നടന്ന കൊച്ചി ബ്ലോഗേഴ്സ്സ് മീറ്റില്‍ പങ്കെടുത്ത ഒരു ബ്ലോഗര്‍ എന്ന നിലയില്‍ എന്‍റെ മനോവിചാരങ്ങള്‍ മാത്രമാണ്....
ജൂണ്‍ 19
സമയം 10 മണി
(അര്‍ദ്ധരാത്രിക്ക് വെറും 2 മണിക്കൂര്‍ കൂടി...)
നാലാമത്തെ പെഗ്ഗില്‍ മൂന്നാമത്തെ ഐസ്സ് ക്യൂബ് വീണപ്പോള്‍ ഒരു ഫോണ്‍...
തികച്ചും അപരിചിതമായ നമ്പര്‍...
ആരായിരിക്കും??
അറ്റന്‍ഡ് ചെയ്തു:
"ഹലോ, ആരാ?"
"ഇത് ഞാനാ ജയന്‍"
ജയന്‍...
മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ!!!
മിമിക്രിക്കാര്‍ വിളിച്ച് കൂവിയ വാചകങ്ങള്‍ മനസ്സില്‍ അലയടിച്ചു...
"ഒരു സുനാമി വന്നിരുന്നെങ്കില്‍ ഒന്ന് കുളിക്കാമായിരുന്നൂ....!!!!"
ആ മഹാന്‍ ദേ നേരിട്ട് വിളിക്കുന്നു.സ്വരത്തില്‍ പരമാവധി വിനയം നിറച്ചു...
"എന്താണ് സാര്‍?"
സ്ഥിരം ശൈലിയില്‍ നീട്ടി കുറുക്കി ഒരു ഡയലോഗ്:
"കൊച്ചി ബ്ലോഗ് മീറ്റില്‍, നിന്‍റെ പേര്, ഞാന്‍ ചേര്‍ത്ത് കഴിഞ്ഞൂ..."
പുതിയ പിള്ളേര് വന്നതൊന്നും ജയന്‍ അറിഞ്ഞില്ലെന്ന് തോന്നുന്നു, അതിനാല്‍ മമ്മൂക്കയെ മനസില്‍ ധ്യാനിച്ച് വച്ച് കാച്ചി:
"ഞാന്‍ വരില്ല, ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ"
അപ്പുറത്ത് കിടിലന്‍ ഡയലോഗ്:
"നീ വരും , ഇല്ലേല്‍ ചാത്തന്‍മാര്‍ നിന്നെ വരുത്തും"
(കടപ്പാട്: ആറാം തമ്പുരാന്‍)
ശ്ശെടാ...
ഉറപ്പിച്ചു പറഞ്ഞു:
"ഇല്ലണ്ണാ, ഞാന്‍ വരില്ല"
മറുഭാഗത്ത് സ്വരം മാറി, സുരാജ് വെഞ്ഞാറുമ്മൂട് കടന്ന് വന്നു...
"നീ വരില്ലേ, വരുമെന്ന് പറ...പറയടാ...എടാ, പറയടാ"
ഹേയ്, നമ്മടെ ജയേട്ടന്‍...
ജയന്‍ ഏവൂര്‍!!!
ഒരു അവിയല്‍ ബ്ലോഗര്‍, അഥവാ അവിയല്‍ എന്ന ബ്ലോഗിന്‍റെ ഓണര്‍.
ആ നിമിഷം ഞാന്‍ ഏറ്റ് പോയി...
വരും അണ്ണാ, ഞാന്‍ വരും....
ഇത് സത്യം, സത്യം, സത്യം.
ജൂലൈ 2
ശനിയാഴ്ച.
ബ്ലോഗ് മീറ്റിനു ചെല്ലാമെന്ന് ഞാന്‍ ഏറ്റതാ, ഒരു കാര്യം ഏറ്റു കഴിഞ്ഞാല്‍ അത് ചെയ്ത് കാണിക്കുന്ന സ്വഭാവം പണ്ടേ ഇല്ല.ബ്ലോഗിലെ കൂട്ടുകാരെ കാണണം എന്നുണ്ടെങ്കിലും, യാത്രാകൂലി, മിനക്കേട് തുടങ്ങിയ ഭാരിച്ച കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ മുങ്ങുന്നതാ ഭേദമെന്ന് തോന്നി.
നേരെ ജയന്‍ ചേട്ടനെ വിളിച്ചു:
"ചേട്ടാ മീറ്റിനു വരാന്‍ പറ്റില്ല"
"എന്തടേ?"
"കുറേ പ്രാരാബ്ദങ്ങള്‍"
"എന്ത് പ്രാരാബ്ദങ്ങള്‍?"
ഈശ്വരാ....
ഈ ചോദ്യത്തിനു എന്ത് മറുപടി പറയും???
സ്ഥിരം പ്രാരാബ്ദങ്ങള്‍ ആയാലോ??
കെട്ടിക്കാറായി നില്‍ക്കുന്ന പെങ്ങള്‍...
പ്രായമായ അച്ഛനുമമ്മയും....
വേലയില്ലാത്ത അനുജന്‍...
ഛായ്, ഇങ്ങനൊക്കെ പറഞ്ഞാല്‍ ജയന്‍ ചേട്ടന്‍ ബാംഗ്ലൂരില്‍ വന്ന് തല്ലും, അതിനാല്‍ റൂട്ട് മാറ്റി...
"കുറേ ജോലി പ്രാരാബ്ദങ്ങള്‍!!!"
"ജോലി പ്രാരാബ്ദങ്ങളോ?"
അതേ ചേട്ടാ അതേ....
ഡെവലപ്പ്‌മെന്‍റ് കഴിഞ്ഞ് ഡെലിവറി കാത്ത് നില്‍ക്കുന്ന രണ്ട് കുഞ്ഞു മോഡ്യൂളുകള്‍, ബഗ്ഗുകള്‍ നിറഞ്ഞ പ്രോജക്റ്റ്, ഇന്നോ നാളെയോ എന്നറിയാതെ തെക്കോട്ടും വടക്കോട്ടും ചാടുന്ന മൌസ്സ്, ഇതൊന്നും പോരാഞ്ഞ് കോഡിംഗിനായി ഗൂഗിളില്‍ പരതുന്ന ടീമംഗങ്ങള്‍, എല്ലാം നോക്കാന്‍ ഞാന്‍ മാത്രം, ഈ ഞാന്‍ മാത്രം.
പുറകിനു വയലിനില്‍ ഒരു ശോകഗാനവും!!!
ഇത്രയൊക്കെ പറഞ്ഞിട്ടും പിന്നെയും നിര്‍ബദ്ധങ്ങള്‍...
പല സുഹൃത്തുക്കളില്‍ നിന്ന്!!!
നമ്മുടെ ബൂലോകം എന്ന പോര്‍ട്ടലിന്‍റെ മുഖ്യ നേതാവായ ജോ കൂടി നിര്‍ബന്ധിച്ചപ്പോള്‍ വരാമെന്ന് രണ്ടാമതും ഏറ്റു.എന്നെ ആശ്വസിപ്പിക്കാനെന്ന പോലെ ജോ പറഞ്ഞു:
"വാ അരുണേ, ഇവിടെ എല്ലാം സര്‍പ്രൈസ്സാ"
"എന്ത് സര്‍പ്രൈസ്സ്?"
"അതൊക്കെ വരുമ്പോള്‍ മനസിലാവും"
അങ്ങനെ സര്‍പ്രൈസുകള്‍ തേടി ജൂലൈ 8 നു വൈകിട്ടു ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക്....
ജൂലൈ 9
ശനിയാഴ്ച
സാധാരണ വെളുപ്പിനെ 6 മണിക്ക് മുമ്പ് കൊച്ചിയിലെത്തുന്ന ബസ്സ് അന്ന് എത്തിയത് 9.30 നു.രാത്രി ഉറക്കത്തിലായതിനാല്‍, വണ്ടി ഓടുകയായിരുന്നോ അതോ കാളേ കെട്ടി വലിക്കുകയായിരുന്നോന്ന് ഒരു പിടിയുമില്ല.നടന്ന് വന്നിരുന്നെങ്കില്‍ ഒരുപക്ഷേ ഇതിലും നേരത്തെ എത്തിയിരുന്നേനെന്ന് മനസില്‍ പ്രാകി കൊണ്ട് മയൂരാ പാര്‍ക്ക് എന്ന ഹോട്ടലിലേക്ക് വലതുകാല്‍ വച്ചു...
അഞ്ചാം നിലയിലെ ഹാളില്‍ വച്ചാണ് ഫംഗ്ഷന്‍.
ലിഫ്റ്റില്‍ മുകളിലേക്ക്...
ലിഫ്റ്റ് തുറന്ന് പുറത്തേക്ക് ഇറങ്ങിയ എന്നെ രജിസ്ട്രേഷന്‍ കൌണ്ടറിനു സമീപം നിന്ന ഒരു വ്യക്തി സ്വീകരിച്ചു:
"ഹലോ, ഞാന്‍ വില്ലേജ്‌മാന്‍"
ഇതാ, സര്‍പ്രൈസുകള്‍ ആരംഭിക്കുകയായി!!!
ഒരോരുത്തരും വരുന്ന സ്ഥലം വച്ച് പരിചയപ്പെടുത്തുന്നതാവും ആദ്യ സര്‍പ്രൈസ്സ്.അതായത് വില്ലേജില്‍ നിന്ന് വരുന്നവര്‍ വില്ലേജ്‌മാന്‍, ഗള്‍ഫില്‍ നിന്ന് വരുന്നവര്‍ ഗള്‍ഫ്‌മാന്‍ എന്നിങ്ങനെ...
കായംകുളം എന്നത് ഒരു മുനിസിപ്പാലിറ്റി ആയതിനാല്‍, ഷേക്ക് ഹാന്‍ഡ് കൊടുത്തു കൊണ്ട് ഞാന്‍ തിരികെ പറഞ്ഞു:
"ഹലോ, ഞാന്‍ മുനിസിപ്പാലിറ്റി മാന്‍.പിന്നെ ബാംഗ്ലൂര്‍ മെട്രോയില്‍ നിന്ന് വരുന്നതിനാല്‍ വേണേല്‍ മെട്രോ മാനെന്നും വിളിക്കാം"
ടിഷ്യം!!!!
എതിരാളിയുടെ ചിരി മാഞ്ഞു, അദ്ദേഹം പറഞ്ഞു:
"അയ്യോ, വില്ലേജ് മാന്‍ എന്‍റെ ബ്ലോഗര്‍ നാമമാ"
ശെടാ, അതായിരുന്നോ??
വളിച്ച ചിരിയില്‍ തിരിച്ച് പറഞ്ഞു:
"അങ്ങനാണേല്‍ ഞാന്‍ അരുണ്‍, ബ്ലോഗര്‍ നാമം അരുണ്‍ കായംകുളം"
തുടര്‍ന്ന് ഹാളിലേക്ക്....
മീറ്റ് ആരംഭിച്ചു...
കരിയില പാടത്ത് വെട്ടുകിളി ചിലച്ചോണ്ട് നടക്കുന്ന പോലെ, സെന്തില്‍ എന്ന സുഹൃത്ത്, ബ്ലോഗേഴ്സ്സിന്‍റെ സദസ്സില്‍ ഓടി നടന്ന് എല്ലാവരെയും പരിചയപ്പെടുത്തി, കൂട്ടത്തില്‍ എന്നെയും.

തുടര്‍ന്ന് ഗ്രൂപ്പ് ഫോട്ടോ...
പത്ത് പേരു നില്‍ക്കുന്ന ഗ്രൂപ്പ് ഫോട്ടോ മതിയെന്ന് ഒരു കൂട്ടര്‍, അതല്ല എല്ലാവരും കൂടി നില്‍ക്കുന്നത് വേണമെന്ന് മറ്റൊരു കൂട്ടര്‍, അങ്ങനെയെടുത്താല്‍ ഫോട്ടോ എടുക്കുന്ന ആളെ കിട്ടില്ലന്ന് ഒരു ഭാഗം, എന്നാല്‍ ഒറ്റക്ക് ഒറ്റക്ക് നില്‍ക്കുന്ന ഗ്രൂപ്പ് ഫോട്ടോ ആയാലെന്തെന്ന് മറുഭാഗം...
അങ്ങനെ ആകെ ജഗപൊഗ!!!
ഒടുവില്‍ ജോയെ ഗ്രൂപ്പില്‍ ഇരുത്തി പകല്‍കിനാവനും, പിന്നീട് പകല്‍കിനാവനെ ഗ്രൂപ്പിലിരുത്തി ജോയും ഒരോ ഫോട്ടോ എടുത്തു.അപ്പോള്‍ തന്നെ ഞാനും ജോയും കൂടി എല്ലാ ബ്ലോഗേഴ്സിനും ഫോട്ടോ വിതരണം ചെയ്യാനായി പ്രിന്‍റെടുക്കാന്‍ പുറത്തേക്ക് പോയി...
സ്റ്റുഡിയോയില്‍ ഒരു കമ്പ്യൂട്ടറില്‍ ഫോട്ടോ കോപ്പി ചെയ്തിട്ടട്ട്, അവിടിരിക്കുന്ന പെണ്‍കുട്ടിയോട് ജോ പറഞ്ഞു:
"ദേ, ഈ ഫോട്ടോയില്‍ ഫോട്ടോ എടുത്ത ആളില്ല.പക്ഷേ പ്രിന്‍റ് ചെയ്യുമ്പോള്‍ അയാളും ഇതില്‍ കാണണം, മനസിലായോ?"
മനസിലായെന്നോ ഇല്ലെന്നോ ഉള്ള ഭാവത്തില്‍ ആ പെണ്‍കുട്ടി തലയാട്ടി.ജോ പൈസ അടക്കാനായി കൌണ്ടറിലേക്ക് പോയപ്പോള്‍ ആ പെണ്‍കുട്ടി എന്നോട് ചോദിച്ചു:
"ആ സാറെന്താ ഉദ്ദേശിച്ചത്?"
ജോ പറഞ്ഞ് വാചകം ഞാനൊന്ന് ഓര്‍ത്ത് നോക്കി....
"ദേ, ഈ ഫോട്ടോയില്‍ ഫോട്ടോ എടുത്ത ആളില്ല.പക്ഷേ പ്രിന്‍റ് ചെയ്യുമ്പോള്‍ അയാളും ഇതില്‍ കാണണം, മനസിലായോ?"
ങ്ങേ!!!!
അതെങ്ങനെ???
ഓടി പോയി ജോയോട് ചോദിച്ചപ്പോള്‍ രണ്ടാമത്തെ ഫോട്ടോയില്‍ നിന്ന് വെട്ടി കേറ്റാന്‍ പറഞ്ഞു, അങ്ങനെ ഗ്രൂപ്പ് ഫോട്ടോ റെഡിയായി.

തുടര്‍ന്ന് സുഹൃത്തുക്കളെ പരിചയപ്പെടുന്ന തിരക്ക്.ബൂലോകത്തിന്‍റെ സ്വന്തം കാര്‍ട്ടൂണിസ്റ്റായ സജീവേട്ടന്‍റെ അടുത്ത് എത്തിയപ്പോള്‍ അദ്ദേഹം പിറുപിറുക്കുന്നത് കേട്ടു....
"ഇന്ന് എല്ലാവരേയും ഞാന്‍ പടമാക്കും"
ഈശ്വരാ...
എന്താണാവോ ഉദ്ദേശിച്ചത്???
"എല്ലാവരുടെയും പടം വരക്കുമെന്ന്"
ഓഹോ, ഭാഗ്യം.
കുറ്റം പറയരുത്, അദ്ദേഹം എന്നെയും പകര്‍ത്തി...

ശേഷം മീറ്റിലെ വിശ്വപ്രസിദ്ധമായ ഈറ്റ്, പുലാവും ചിക്കനും, എന്താ ടേസ്റ്റ്!!
അതിനു ശേഷം സുവര്‍ണ്ണകേരളം എന്ന ബ്ലോഗിന്‍റെ ഉടമ,യും ഹരിപ്പാട്ടുകാരനുമായ മഹേഷിന്‍റെ കാറില്‍ തിരികെ വീട്ടിലേക്ക്.എറണാകുളം ടൌണില്‍ നിന്ന് പുറത്തേക്ക് വണ്ടി എടുക്കാന്‍ മഹേഷ് ബുദ്ധിമുട്ടുന്ന കണ്ടപ്പോള്‍ പതിയെ പറഞ്ഞു:
"മഹേഷേ, ഞാനൊന്ന് മയങ്ങട്ടേ"
മറുപടി കാത്ത് നില്‍ക്കാതെ ചെറിയൊരു മയക്കം...
ഉണര്‍ന്നപ്പോഴും കാറ് ടൌണില്‍ തന്നെ, ഈര്‍ഷ്യയോടെ ചോദിച്ചു:
"എന്തോന്നാടെ, ഇപ്പോഴും ടൌണിലാണോ?"
"അതേ, അതേ, ആലപ്പുഴ ടൌണില്‍"
കര്‍ത്താവേ!!!
രണ്ട് മണിക്കൂര്‍ സുഖമായി ഉറങ്ങിയിരിക്കുന്നു, അതാവും മഹേഷിന്‍റെ മുഖത്തൊരു കടുപ്പം.കമ്പനി തരേണ്ടവന്‍ സുഖമായി ഉറങ്ങിയതിനാല്‍ അവന്‍ ആക്സിലേറ്ററില്‍ കാല്‍ അമര്‍ത്തി ചവുട്ടി....
തോട്ടപ്പള്ളി സ്പില്‍ വേയിലൂടെ കാര്‍ കുതിച്ച് പാഞ്ഞപ്പോള്‍ അങ്ങകലെ അറബി കടലില്‍ സൂര്യന്‍ മുങ്ങി താഴുന്ന മനോഹര ദൃശ്യം.....
അങ്ങനെ ഒരു നാള്‍ കൂടി കടന്ന് പോയിരിക്കുന്നു....
സുഹൃത്തുക്കള്‍ക്ക് ഒപ്പം സന്തോഷം നിറഞ്ഞ ഒരു നാള്‍ കൂടി....
അടുത്ത മീറ്റിനായി കാത്തിരിക്കുന്ന എന്നിലെ ബ്ലോഗര്‍ അറിയാതൊന്നു ചിരിച്ച് പോയി, പുതിയ സുഹൃത്ത് ബന്ധങ്ങളെ കുറിച്ച് ഓര്‍ത്തു കൊണ്ടുള്ള ഒരു സന്തോഷച്ചിരി.
40 comments:
ജേക്കബ്, കുമാരന്‍, ചാണ്ടി, നന്ദേട്ടന്‍, പ്രവീണ്‍, മനോരാജ്, കൊണ്ടോട്ടി, പാലക്കാട്ടേട്ടന്‍, യൂസഫ്,എന്ന് തുടങ്ങി നിരവധി സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു, വളരെ വളരെ സന്തോഷം തോന്നി...
ഇനിയും മീറ്റുകള്‍ നടക്കട്ടെ :)
അരുൺ,
സന്തോഷം!
നമുക്ക് ഇനിയും കൂടാം.
കൂ ട ണം ......!
(എന്റെ മീറ്റ് പോസ്റ്റ് ലിങ്ക് ഇവിടെം കിടക്കട്ടെ http://jayanevoor1.blogspot.com/2011/07/blog-post.html)
ഹേ...മിസ്സിംഗ്...മിസ്സിംഗ്....അരുണ്‍ കായംകുളത്തിന്റെയും കുമാരന്റെയും നടുക്ക് ചാണ്ടിക്കുഞ്ഞു കയറിയിരുന്നു "നിര്‍വൃതി"കൊണ്ട ഭാഗം കണ്ടില്ല... :)
ഹ ..ഹ ..ഫോട്ടോ എടുത്ത ആള് ഇതില്‍ ഇല്ല .അയാളെയും ചേര്‍ത്തു വേഗം പ്രിന്റ് എടുക്കണം .
എങ്ങനെ ? ആ . .പെട്ടെന്ന് വേണം കേട്ടോ ..
പിന്നെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഗ്രൂപ്പ് ഫോട്ടോ ..
എനിക്ക് ഈ കായംകുളം കാരനെ ഒന്ന് കാണാന്‍ ആഗ്രഹം ഉണ്ട് കേട്ടോ ..
നാട്ടില്‍ വരുമ്പോള്‍ ശ്രമിക്കാം
ജയന്‍ ഡോക്ടര്‍ വഴി . അറിയില്ല എന്ന്
പറയരുത് കേട്ടോ ...
first part nalla apara chally ayirunnu tta..
blog ellam vayikarundu....nice language...asamsakal...
appol anginyaanu vaikkatthu amabalam undaaythu alle
nalla vivaranam
photo kurache ullallo
ആശംസകള്‍...
@സുബി:
ഫസ്റ്റ് പാര്‍ട്ട് ഒരു കമന്‍റ് ആയിരുന്നു, ജൂണ്‍ 19 നു അവിയല്‍ എന്ന ബ്ലോഗില്‍ ഇട്ടത്. ബാക്കി അതിന്‍റെ തുടര്‍ച്ചയായി എഴുതിയതാ :)
അങ്ങനെ എന്റെ കായംകുളം സൂപര്‍ ഫാസ്റ്റിനെ കാണാനായി...എത്ര രെസകരമായിരുന്നു ആ ദിവസം അല്ലെ..!തങ്ങളുടെ തിരക്കുകള്‍ മാറ്റി വച്ചു പലരും വന്നുവല്ലോ..എല്ലാരേയും പരിചയപ്പെടാന്‍ കഴിഞ്ഞു .ഒരിക്കലും മറക്കാനാകാത്ത ദിവസമാരുന്നു അതു .
രസകരമായി അവതരിപ്പിച്ചു. ആശംസകള്‍
ഞങ്ങളും മീറ്റ് നടത്തുന്നുണ്ട്; കണ്ണൂരിൽ,,, കാണുമല്ലോ,,,
സുഹൃത്തുക്കള്‍ക്ക് ഒപ്പം സന്തോഷം നിറഞ്ഞ ഒരു നാള്‍ കൂടി....
അടുത്ത മീറ്റിനായി കാത്തിരിക്കുന്ന എന്നിലെ ബ്ലോഗര്‍ അറിയാതൊന്നു ചിരിച്ച് പോയി, പുതിയ സുഹൃത്ത് ബന്ധങ്ങളെ കുറിച്ച് ഓര്‍ത്തു കൊണ്ടുള്ള ഒരു സന്തോഷച്ചിരി.
എനിക്ക് അസൂയ തോന്നുന്നു.നഷ്ടബോധവും.
"ഹലോ, ഞാന്‍ മുനിസിപ്പാലിറ്റി മാന്‍.പിന്നെ ബാംഗ്ലൂര്‍ മെട്രോയില്‍ നിന്ന് വരുന്നതിനാല്‍ വേണേല്‍ മെട്രോ മാനെന്നും വിളിക്കാം"
ഒരു പത്തിരുപത്തഞ്ചു സ്മൈലി..!
ജയന്‍ ഡോക്ടറുടെ ബ്ലോഗിലെ ഫോട്ടോകളും ഇവിടത്തെ വിവരണവും കൂടി ആയപ്പോള്‍...കലക്കിയെന്ന് പറയാം.
മച്ചമ്പീ വരാൻ പറ്റിയില്ല...പ്രവസിയുടെ രോദനം.......
മീറ്റിൽ പങ്കെടുത്തു എങ്കിലും ഓരോ ബ്ലോഗും ഒരു പുതിയ അനുഭവം തന്നെ. ഓരോരുത്തരും അവരവരുടെ കാഴ്ചപാടിൽ എഴുതിയിരിക്കുന്നു. അരുണിന്റെ സ്വതസിദ്ധമായ നർമ്മത്തിൽ ഈ ബ്ലോഗും ആ സ്വാദ്യകരമായി.
മീറ്റുകൾ ഇനിയും നടക്കട്ടെ..ഈറ്റുകളും.!!
ആശംസകൾ
നല്ല രസികൻ പോസ്റ്റ്
അഭിനന്ദനങ്ങൾ അരുൺ
അരുൺ ചേട്ടാ ഈ മീറ്റിനു വരണം എന്ന് കരുതിയിരുന്നതാ.. ജയൻ ചേട്ടനു വാക്കും കൊടുത്തതാ.. പക്ഷേ അവസാന നിമിഷത്തെ ചില അപ്രതീക്ഷിത സംഭവവികാസങ്ങളിൽ അത് നടന്നില്ല, കാണണം എന്ന് അതിയായി ആഗ്രഹിക്കുന്ന ഒരു ബ്ലോഗറാ അരുൺ ചേട്ടൻ..
പോസ്റ്റ് കലക്കി..
:-) :-) :-)
ആഹാ... നല്ലത്
:)
വിവരണവും കൊള്ളാം
ആശംസകള്‍
kalakki athu
രസകരമായ മീറ്റ് വിശേഷങ്ങള്‍ പങ്കുവച്ചതിനു നന്ദി.
:) .. Appo meetinu neeyum thakarthu alle...
ഇത് കുറ്റമറ്റ മീറ്റ്.മറ്റൊന്ന് പകരം വെക്കാനില്ലാത്തത്.
ഞാൻ പെട്ടെന്ന് മുഖം കാണിച്ച് മുങ്ങാനായിരുന്നു വന്നത്.പക്ഷെ.....,..?
ഇതു കലക്കി
(എന്നേപ്പറ്റി, കുറേ കയ്യീന്നിട്ട് പറയാമായിരുന്നു...) ;) :) :)
"ഹലോ, ഞാന്‍ മുനിസിപ്പാലിറ്റി മാന്‍.പിന്നെ ബാംഗ്ലൂര്‍ മെട്രോയില്‍ നിന്ന് വരുന്നതിനാല്‍ വേണേല്‍ മെട്രോ മാനെന്നും വിളിക്കാം"
ivide chirichu.afsal.
ഹ..ഹ..ആരെങ്കില്ലും മീറ്റിനു വിളിച്ചാല്‍ പറയാനുള്ളതായ് .മനസ്സില്‍ പറഞ്ഞതു ഞാന്‍ കേട്ടെ..വിളിച്ചാലല്ലെയെന്നല്ലെ...
ബാംഗ്‌ളൂരില്‍ മീറ്റ് ഒന്നും സംഘടിപ്പിക്കുന്നില്ലേ അരുണ്‍ഭായ്...?
എന്റെ ഗുരുനാഥന്മാരായ ജയന്‍ ഏവൂര്‍, കുമാരന്‍ എന്നിവരുമായി വളരെ അടുത്ത പരിചയമുണ്ടെങ്കിലും, അരുണിനെ ആദ്യമായാ കാണുന്നെ....അതാണ് ഈ മീറ്റിലെ ഏറ്റവും വലിയ ഭാഗ്യം...
കുമാരന്റെയും, അരുനിന്റെയും നടുക്ക് കുറച്ചു നേരം ഇരിക്കാന്‍ പറ്റിയത് ഏറ്റവും വലിയ ലോട്ടറിയായി കാണുന്നു...
മടിച്ച് മടിച്ചാണെങ്കിലും എത്തിയല്ലോ സന്തോഷം
നീയെന്തിനാ സന്തോഷിക്കണേന്നോ
ചുമ്മാ ;)
മീറ്റിനു വരാൻ പറ്റിയില്ലെങ്കിലും വായിയ്ക്കാൻ പറ്റുന്നുണ്ടല്ലോ. അതു തന്നെ വലിയ ഭാഗ്യം.
രസമായിട്ടെഴുതീട്ടുണ്ട് കേട്ടൊ. അഭിനന്ദനങ്ങൾ.
മാനേ !
നേരില്‍ കണ്ട് സംസാരിക്കാന്‍ കഴിഞ്ഞതില്‍
സന്തോഷമുണ്ട്
ഹ ഹ.. ആ പ്രയോഗം എനിക്കിഷ്ടായി..ഹരിപ്പാട് എന്തായിട്ടു വരും ...karthikappallyaa താലൂക്ക് ..അപ്പൊ ഞാന്‍ ഒരു താലൂക്ക്ഗേള്‍ ആയിട്ട് വരുമോ ?
ആശംസകൾ....
എറണാകുളം ബ്ലോഗേര്‍സ് മീറ്റിനെക്കുറിച്ച്
ചില ബ്ലോഗുകളില്‍ വായിച്ചിരുന്നു
വ്യത്യസ്തമായ ഈ അവതരണം ഇഷ്ടപ്പെട്ടു
അമ്പലപ്പുഴക്കരനായ ഞാന്‍ ആദ്യമായിട്ടാണ്
ഈ കായംകുളത്ത് കാരന്റെ ബ്ലോഗില്‍ എത്തുന്നത്
വഴി കാണിച്ചു തന്നത് തേജസ് ബ്ലോഗിന്റെ ഓണര്‍
മനോരജും - ഇനിയും തീര്‍ച്ചയായും വരും
വളരെ നന്നായിരുന്നു...
ഇതൊന്നു വൈഉച്ചു നോക്ക്.. എന്റെ ആദ്യാനുഭവം
http://niyamolstories.blogspot.com/2011/07/malayalam.html
യാദ്രിശ്ചികമായാണ് ഈ ബ്ലോഗ് കണ്ണില്പെട്ടത്. ഒരു പോസ്റ്റ് വായിച്ചു തീര്‍ന്നപ്പോള്‍ അടുത്തതിലേക്ക് അറിയാതെതന്നെ ക്ലിക്കി.. അങ്ങനെ ഒറ്റയിരുപ്പിനു ഒരു വര്‍ഷത്തെ മുഴുവന്‍ പോസ്റ്റുകളും വായിച്ചു. ബാക്കി നാളെയാകാം. ഒരുപാട് ചിരിച്ചു ഇന്ന്. അഭിനന്ദനങ്ങള്‍..... അത്യുഗ്രന്‍... രസകരമായ അവതരണം..എല്ലാ ആശംസകളും..
തൊടുപുഴ മീറ്റിന്റെ പോസ്റ്റുകൾ തേടി നടക്കുമ്പോഴാണ് ഇത് ശ്രദ്ധയിൽ പെട്ടത്. നന്നായിട്ടുണ്ട്!
Post a Comment