For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

മഹത്തായ ദൌത്യവുമായി മലബാറിലേക്ക്



'മാര്യേജ് ഈസ്സ് എ സര്‍ക്കിള്‍'
എനിക്ക് വേണ്ടി വീട്ടുകാര്‍ കല്യാണം ആലോചിച്ചു എന്ന് ഞാന്‍ പ്രഖ്യാപിച്ച് അന്നു മുതല്‍ കേട്ട് തുടങ്ങിയ ഒരു വാചകം.കല്യാണം ഒരു വട്ടമാണത്രേ!!!!
പുറമെ നില്‍ക്കുന്നവര്‍ക്ക് അതിനകത്ത് ചാടി കയറാന്‍ തോന്നും.അകത്ത് കേറി പറ്റിയാലോ,തീര്‍ന്നു.ജീവിതം ആ വട്ടത്തിനകത്ത് ആയി.ഇങ്ങനെ മനുഷ്യനെ കുരുക്കിലാക്കുന്ന ഈ സാമൂഹ്യകലാപരിപാടിക്ക് പല രൂപവും ഭാവവും ഉണ്ട്.അതായത് ലൌ മാര്യേജ്,അറേഞ്ചഡ് മാര്യേജ്,രജിസ്റ്റര്‍ മാര്യേജ്,സിംപിള്‍ മാര്യേജ്,സൂപ്പര്‍ മാര്യേജ് എന്നിങ്ങനെ പോകുന്നു ആ രൂപ ഭേദങ്ങള്‍.

ഈ കൂട്ടത്തില്‍ രാജവെമ്പാല എന്നു പറയാവുന്നത് ലൌ-അറേഞ്ചഡ് മാര്യേജ് ആണെന്നാണു എന്‍റെ അഭിപ്രായം.സ്നേഹിക്കുന്ന രണ്ട് ഹൃദയങ്ങളെ വീട്ടുകാരുടെ സമ്മതത്തോടെ ഒന്നിപ്പിക്കുക എന്നത് അല്പം ശ്രമകരമായ ദൌത്യം തന്നെ.അങ്ങനെ ഒരു ദൌത്യവുമായാണു ഒരു ആറുമാസം മുമ്പ് ഞാന്‍ മലബാറില്‍ പോയത്.അതും പിടിച്ച് കൊണ്ട് വരാന്‍ പറഞ്ഞാല്‍ കൊന്നോണ്ട് വരുന്ന ഒരു ബാപ്പ കാരണവരായ കുടുംബത്തിലേക്ക്,ആ ബാപ്പയുടെ സീമന്തപുത്രന്‍റെ കല്യാണം ഉറപ്പിക്കാന്‍.അങ്ങനെ ഒരു ദൌത്യവുമായി ഞാന്‍ പുറപ്പെടേണ്ടി വന്ന സാഹചര്യങ്ങളും അതിനു വേണ്ടി പ്രയോഗിച്ച തന്ത്രങ്ങളും കുതന്ത്രങ്ങളും ഒടുവില്‍ ഞാന്‍ പോലും ഞെട്ടിപ്പോയ ക്ലൈമാക്സും അടങ്ങിയതായിരുന്നു ആ മലബാര്‍ യാത്ര.

റഹീം എന്‍റെ റുംമേറ്റാണ്.തെക്കന്‍ തിരുവിതാംകൂറില്‍ ജനിച്ച എനിക്ക് മലബാറുകാരനായ അവനോടു സംസാരിക്കുന്നത് ഒരു രസമാണു,കാരണം അവനു തെക്കന്‍ മലയാളവും മലബാര്‍ മലയാളവും ഒരു പോലെ വഴങ്ങും പക്ഷേ എനിക്ക് മലബാര്‍ മലയാളം അത്ര പോരാ.അവന്‍റെ ബാപ്പയാണു മലബാറിലെ പ്രശസ്തനായ മുഹമ്മദ്,വലിയപാടത്ത് മുഹമ്മദ്.റഹീമിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഭീകരന്‍.വീട്ടു കാര്യമായാലും നാട്ടുകാര്യമായാലും മൂപ്പര്‍ ഒരു തീരുമാനം എടുത്താല്‍ തിരുവായ്ക്ക് എതിര്‍വായില്ലത്രേ.ആരെങ്കിലും എതിര്‍ത്താല്‍ തല്ലി കൊല്ലുമെന്നാണു റഹിം പറയുന്നത്.ആ ബാപ്പയുടെ കൂട്ടുകാരന്‍ അന്ത്രുമാന്‍റെ മകളായ സുഹറയാണു റഹീമിന്‍റെ കാമുകി.ഈ ലൌ സ്റ്റോറി എല്ലാവര്‍ക്കും അറിയാം,അവന്‍റെ ബാപ്പായ്ക്ക് ഒഴികെ.അങ്ങേര്‍ക്ക് ലൌ ഇഷ്ടമല്ലത്രേ,ഇത് അറിയുന്ന അന്ന് ബാപ്പ റഹീമിനെ വെടിവെച്ചു കൊല്ലുമെന്ന ഉമ്മയുടെ ഭീഷണി വേറെയും.

ഇവന്‍റെ ഈ ചുറ്റിക്കളി അറിഞ്ഞിട്ടാണോ എന്നറിയില്ല,ബാപ്പ അവന്‍റെ കല്യാണം തീരുമാനിക്കാന്‍ പോകുകയാണന്ന ഞെട്ടിക്കുന്ന സത്യം ഉമ്മ ഇവനെ വിളിച്ച് അറിയിച്ചു.ആ വാര്‍ത്ത കേട്ട് വെട്ടിയിട്ട തടിപോലെ അവന്‍ തറയില്‍ വീണു.അരമണിക്കൂര്‍ ശവാസനം.അതിനു ശേഷം ചാടി എഴുന്നേറ്റ് ഒറ്റ ഇരുപ്പ്.ഒരു മാനസ മൈനേ സ്റ്റൈല്‍.

അവന്‍റെ ആ ഇരുപ്പ് കണ്ട് സങ്കടം സഹിക്കന്‍ വയ്യതെ ഞാന്‍ അവനെ ആശ്വസിപ്പിച്ചു:
"റഹിം,വിഷമിക്കാതിരിയെടാ"
അവന്‍ എന്നെ ഒന്നു നോക്കി എന്നിട്ട് പറഞ്ഞു:
"ഓള്` പാവമാടാ,എനക്ക് നിക്കാഹ് കഴിഞ്ഞാല്‍ ഓളുടെ നിക്കാഹും നടക്കുമായിരിക്കും അല്ലിയോടാ?"
അതുശരി.അപ്പം അതാണു പ്രശ്നം.അവന്‍റെ നിക്കാഹല്ല,അതു കഴിഞ്ഞ് അവളുടെ നിക്കാഹ് നടക്കും അതാണു അവന്‍റെ പ്രശ്നം.ഞാന്‍ ചിന്തിച്ചത് അവനു മനസ്സിലായി എന്ന് തോന്നുന്നു അതുകൊണ്ട് അവന്‍ പെട്ടന്ന് പറഞ്ഞു:
"എന്തായാലും എനക്ക് ഓളെ മതി"
മതിയെങ്കില്‍ മതി എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തല കുനിച്ച് ഇരുന്നു.അവന്‍ വിലാപം പിന്നെയും തുടര്‍ന്നു:
"ഓളെ നിക്കാഹ് ചെയ്യാന്‍ പറ്റിയില്ലങ്കില്‍ ഞാന്‍ ചത്തു കളയും.എടാ മനു,അനക്ക് എന്നെ ഒന്നു സഹായിച്ച് കൂടെ?"
"എന്തിന്? ചാവാനോ?"
"ചാവാനല്ല,ഓളെ നിക്കാഹ് ചെയ്യാന്‍"
ഞാന്‍ ആകെ കണ്‍ഫ്യൂഷനിലായി.ഞാന്‍ ചോദിച്ചു:"അപ്പം നിന്‍റെ ബാപ്പാ?"
"ബാപ്പായെ കൊണ്ട് നീ വേണം സമ്മതിപ്പിക്കാന്‍"അവന്‍റെ മറുപടി.
എന്‍റെ പടച്ചതമ്പുരാനേ!!!!
എന്നെ കൊലക്ക് കൊടുക്കാനുള്ള പണിയാണല്ലേ?
എന്തിനേറെ പറയുന്നു,അവസാനം ആ ദൌത്യം ഞാന്‍ ഏറ്റെടുത്തു.ആ നിമിഷവും എന്‍റെ മനസ്സിലിരുന്നു ആരോ എന്നോട് ചോദിച്ചു,മനു ഇത് വേണോ?

പിന്നെ എല്ലാം പെട്ടന്നായിരുന്നു.അവനെ അന്നു തന്നെ മലബാറിലേക്ക് പായ്ക്ക് ചെയ്തു.കൂടെ ഒരു ഉപദേശവും കൊടുത്തു,ഞാന്‍ ശനിയാഴ്ച രാവിലെ വരുമെന്നും അതിനു മുമ്പ് ബാപ്പ ഒഴികെയുള്ള എല്ലാവരെയും പൂര്‍ണ്ണമായും അവന്‍റെ ഭാഗത്ത് ആക്കണമെന്നും എന്‍റെ വരവിന്‍റെ ഉദ്ദേശം എല്ലാവരെയും അറിയികണം എന്നും ആയിരുന്നു ആ ഉപദേശം.താമസിയാതെ ശനിയാഴ്ചയായി.അന്ന് അതിരാവിലെ വലതുകാല്‍ വച്ച് ഞാന്‍ ആ വലിയ വീട്ടില്‍ പ്രവേശിച്ചു.

എന്‍റെ വരവിന്‍റെ ഉദ്ദേശം അറിയാവുന്ന വീട്ടുകാര്‍ എന്നെ നന്നായി സല്‍ക്കരിച്ചു.എല്ലാം കഴിഞ്ഞ് റഹീമിന്‍റെ ഉമ്മ എന്നോട് പറഞ്ഞു:
"അനക്ക് എന്തോ പറയാനുണ്ടന്ന് ഞമ്മള്` ബാപ്പയോടെ പറഞ്ഞിട്ടുണ്ട്.ഇന്ന് മൂന്നു മണിക്ക് ബാപ്പ വീട്ടിലെ പരാതികള്‍ കേള്‍ക്കാന്‍ ഹാളിലിരിക്കും.അപ്പോള്‍ അനക്ക് വിശദമായി സംസാരിക്കാം."
ഇത്രയും പറഞ്ഞിട്ട് ഉമ്മയുടെ വകയായി ഒരു മുന്നറിയിപ്പും:
"സൂക്ഷിക്കണേ"
കൃത്യം മൂന്നു മണി ആയപ്പോള്‍ ബാപ്പാ പരാതി കേള്‍ക്കുന്ന ആ വലിയ ഹാളിലേക്ക് എല്ലാവരും കൂടി എന്നെ ഉന്തിതള്ളി വിട്ടു.അകത്തോട്ട് കയറുന്നതിനു മുമ്പ് ഞാന്‍ എല്ലാരെയും ഒന്നു തിരിഞ്ഞു നോക്കി,മുട്ടനാടിനെ ബലികൊടുക്കാന്‍ പറഞ്ഞ് വിട്ടതിനു ശേഷമുള്ള ഒരു ദയനീയ മുഖഭാവത്തോടെ എല്ലാരും നില്‍ക്കുന്നു.

വിശാലമായ ഹാള്‍.
മനോഹരമായ കുഷ്യന്‍ നിറച്ച കസേരകളും ദീവാനും എല്ലാം കണ്ട് എന്‍റെ കണ്ണ്` തള്ളി.അങ്ങ് അറ്റത്ത് സിംഹാസനം പോലെ ഒരു കസേരയില്‍ ബാപ്പാ ഇരിക്കുന്നു.എന്തോക്കെയോ കണക്ക് നോക്കുകയാണ്.എന്നെ കണ്ട മട്ടില്ല.ഞാനൊന്ന് മുരടനക്കി.അനക്കമില്ല.ഒന്നു ചുമച്ച് നോക്കി.ഭാഗ്യം അത് കേട്ടു.ബാപ്പാ തല ഉയര്‍ത്തി നോക്കി എന്നിട്ട് പറഞ്ഞു:
"നമ്മള്` ഈ കണക്ക് ഒന്നു നോക്കട്ടെ"
ശരി എന്ന അര്‍ത്ഥത്തില്‍ ഞാന്‍ ഒരു പത്ത് അടി മാറി നിന്നു.മൂന്നാലു മിനിറ്റ് കഴിഞ്ഞ് കാണും.ആ കണക്ക് പുസ്തകം അടച്ച് വച്ചിട്ട് ബാപ്പാ മൊഴിഞ്ഞു:
"ങ്ങള്` കുത്തിയിരിക്കിന്‍"
അയ്യേ!!!
അത്രക്ക് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.ഞങ്ങളുടെ നാട്ടില്‍ കുത്തിയിരിക്കുക,കുന്തിച്ചിരിക്കുക എന്നെല്ലാം പറയുന്നത് ഇന്ത്യന്‍ ക്ലോസറ്റില്‍ ഇരിക്കുന്ന പോസിഷനാണു.ആ വലിയ ഹാളില്‍ ഇത്രയും കസേരകള്‍ കിടക്കുമ്പോള്‍ ആ പഹയന്‍ ഇങ്ങനെ പറയുമെന്ന് ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല.അതിനാല്‍ ഞാനൊന്ന് മടിച്ച് നിന്നു.അത് കണ്ടിട്ടായിരിക്കാം അദ്ദേഹം പിന്നെയും മൊഴിഞ്ഞു:
"ഹായ് മടിക്കണ്ട,ങ്ങള്` കുത്തിയിരിക്കിന്‍"
വലിച്ചു!!!
ഇങ്ങേര്‌ നാണംകെടുത്തിയെ അടങ്ങു.ആവശ്യക്കാരനു ഔചിത്യം പാടില്ല എന്നല്ലേ.അങ്ങനെ കോട്ടും സ്യൂട്ടും ഇട്ടു നിന്ന ഞാന്‍,ആ വിശാലമായ ഹാളില്‍,കുഷ്യനിട്ട കസേരകളുടെ നടുവില്‍,ബാപ്പായുടെ അടുത്ത് നിന്ന് പത്തടി മാറി കുത്തിയിരുന്നു.
എന്‍റെ ആ പ്രവൃത്തി കണ്ട് ബാപ്പാ ഒന്നു ഞെട്ടി,പുള്ളിക്കാരന്‍ വെപ്രാളത്തോടെ പറഞ്ഞു:
"ജ്ജ് എന്താ ഈ കാട്ടണേ,കേറിയിരിക്കിന്‍"
ഓഹോ,അപ്പോള്‍ ബാപ്പായ്ക്ക് ശരിക്ക് കണ്ണ്` കാണത്തില്ല അല്ലേ?
ഞാന്‍ ഇങ്ങനെ ഒരു കണ്‍ക്ലൂഷനില്‍ എത്താന്‍ കാരണമുണ്ട്.കണ്ണ്` കാണുമായിരുന്നെങ്കില്‍ ബാപ്പായുടെ അടുത്ത് നിന്ന് പത്ത് അടി മാത്രം മാറി കുത്തിയിരിക്കുന്ന എന്നോട് മുമ്പോട്ട് കേറി ഇരിക്കാന്‍ പറയില്ലല്ലോ.
ശരി ബാപ്പ പറഞ്ഞതല്ലേ?
ഞാന്‍ പതുക്കെ എഴുന്നേറ്റ് മുമ്പോട്ട് നടന്നു ബാപ്പയുടെ സിംഹാസനത്തിനു അടുത്ത് വന്ന് കുത്തിയിരുന്നു.എന്‍റെ ആ നീക്കം കണ്ട് ബാപ്പാ പിന്നെയും ഞെട്ടി.സിംഹാസനത്തിലിരുന്ന് തറയിലോട്ട് കാല്‍ ആട്ടികൊണ്ടിരുന്ന മൂപ്പര്‍ രണ്ട് കാലും പൊക്കി സിംഹാസനത്തില്‍ വച്ചു,എന്നിട്ട് അലറി വിളിച്ചു:
"എടാ റഹീമേ.."
ഹാളിന്‍റെ കതകിനു വെളിയില്‍ ഞങ്ങളുടെ മീറ്റിങ്ങിന്‍റെ റിസള്‍ട്ട് പ്രതീക്ഷിച്ചു നിന്ന റഹിം ആ അലര്‍ച്ച കേട്ടതും ബോധം കെട്ടു വീണതും ഒന്നിച്ചായിരുന്നു.ആരൊക്കെയോ ചേര്‍ന്ന് മുഖത്ത് വെള്ളം തളിച്ചപ്പോള്‍ ബോധം തിരിച്ചു കിട്ടിയ അവന്‍ ഹാളിലേക്ക് ഓടികുതിച്ചെത്തി.നൂറു കിലോമീറ്റര്‍ സ്പീഡില്‍ ഓടിയെത്തിയ റഹീം,അവന്‍റെ ഉമ്മ മീന്‍ വെട്ടുമ്പോള്‍ കണ്ടന്‍ പൂച്ച അടുത്ത് വന്ന് വാ പൊളിച്ച് ഇരിക്കുന്ന പോലെ ബാപ്പയുടെ സിംഹാസനത്തിനു മുമ്പില്‍ കുത്തിയിരിക്കുന്ന എന്നെ കണ്ട് പത്തടി പുറകോട്ട് ചാടി.
ഒരു നിമിഷം കഴിഞ്ഞ് എന്നെ വിളിച്ച് മാറ്റി നിര്‍ത്തി കാരണം ചോദിച്ച അവനോട് ഞാന്‍ ബാപ്പ കുത്തിയിരിക്കാന്‍ പറഞ്ഞ കാര്യം ബോധിപ്പിച്ചു.അതിനു മറുപടി അവന്‍ ചിരിച്ചു കൊണ്ടാണു പറഞ്ഞത്:
"എടാ, കസേരയില്‍ ഇരിക്കാനാ പറഞ്ഞത്.കുത്തിയിരിക്കിന്‍ എന്നത് ഇവിടത്തെ സംസാരഭാഷയാ,സ്ലാങ്ങാ"
സ്ലാങ്ങാ,മാങ്ങാ,മനുഷ്യന്‍റെ മാനം പോയി.

അങ്ങനെ ഞാന്‍ കസേരയില്‍ കയറി ഇരുന്നു.റഹിം ഹാളില്‍ നിന്നും പുറത്ത് ചാടി.ബാപ്പയുമായി മുഖാമുഖം.ബാപ്പ ചോദിച്ചു:
"എന്താ അന്‍റെ പ്രോബ്ലം?"
ഈ ചോദ്യമാണു ഞാന്‍ പ്രതീക്ഷിച്ച് നിന്നത്.ഇവിടെയാണു എന്‍റെ ബുദ്ധി പ്രയോഗിക്കണ്ടത്.മിഥുനം എന്നൊരു ഫിലിം ഉണ്ട്.അതില്‍ മോഹന്‍ലാല്‍ ഉര്‍വശിയെ രജിസ്റ്റര്‍ മാര്യേജ് ചെയ്യുന്നു.മോഹന്‍ലാലിനെയും ഉര്‍വശിയെയും വീട്ടില്‍ കയറ്റാന്‍ വേണ്ടി ശ്രീനിവാസന്‍ മോഹന്‍ലാലിന്‍റെ അച്ഛനായി അഭിനയിക്കുന്ന തിക്കുറിശ്ശിയുടെ അടുത്ത് പ്രയോഗിക്കുന്ന ഒരു ട്രിക്ക് ഉണ്ട്.അതായത് ശ്രീനിവാസന്‍ ഒരു പെണ്ണിനെ രജിസ്റ്റര്‍ മാര്യേജ് ചെയ്തെന്നും ശ്രീനിവാസന്‍റെ അച്ഛന്‍ വീട്ടില്‍ കയറ്റിയില്ല എന്നും പറഞ്ഞിട്ട് ഒരു ചോദ്യം അച്ഛനാണങ്കില്‍ എന്ത് ചെയ്യും എന്ന്.അപ്പോള്‍ തിക്കുറിശ്ശി പറയും ഞാനാണങ്കില്‍ വീട്ടില്‍ കയറ്റും എന്ന്.ഈ ചാന്‍സ്സ് മുതലാക്കി ശ്രീനിവാസന്‍ മോഹന്‍ലാലിനെയും ഉര്‍വശിയേയും വീട്ടില്‍ കയറ്റുന്നു.
അതേ ഐഡിയ ഞാന്‍ ഇവിടെ പ്രയോഗിച്ചു.എന്‍റെ ഒരു കൂട്ടുകാരന്‍ ഒരു പെണ്ണിനെ പ്രേമിച്ചെന്നും ദുഷ്ടനായ അച്ഛന്‍ കല്യാണത്തിനു സമ്മതിക്കുന്നില്ല എന്നും അവന്‍ ആത്മഹത്യയുടെ വക്കത്ത് ആണന്നും ആ അച്ഛന്‍ കണ്ണില്‍ ചോര ഇല്ലാത്തവനാണെന്നും വച്ചു കാച്ചി.എന്നിട്ട് ചോദിച്ചു:
"ബാപ്പ ആയിരുന്നു ആ അച്ഛന്‍റെ സ്ഥാനത്ത് എങ്കില്‍ എന്ത് ചെയ്തേനെ?"
അപ്പോള്‍ വന്നു ബാപ്പയുടെ മറുപടി:
"ഓന്‍റെ മയ്യത്ത് ഇവിടെ വീണേനെ.."
എന്‍റെ പടച്ചോനേ!!!
ഞാനൊന്ന് ഞെട്ടി.കസേരയില്‍ നിന്ന് അറിയാതെ എഴുന്നേറ്റ് പോയി.പറഞ്ഞ് വന്ന ആവേശത്തില്‍ ബാപ്പ പിന്നെയും പറഞ്ഞു:
"..ഓന്‍റെ മാത്രമല്ല,ഓന്‍റെ കൂട്ടാളികളുടെയും മയ്യത്ത് ഇവിടെ വീഴ്ത്തും"
ആഹാ,അപ്പോള്‍ ബാപ്പ ശരിക്കും ഭീകരനായിരുന്നില്ലേ?
ഞാന്‍ ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു.ഹാളിനു വെളിയില്‍ കാത്ത് നിന്ന വീട്ടുകാരെല്ലാം ആകാംഷയോടെ എന്നോട് ചോദിച്ചു:
"എന്തായി?"
ആ ചോദ്യത്തിനുള്ള മറുപടി എന്‍റെ വക ഒരു മറുചോദ്യമായിരുന്നു:
"ബാപ്പ മിഥുനം ഫിലിം കണ്ടിട്ടുണ്ട് അല്ലേ?"
ആര്‍ക്കും ഒന്നും മനസ്സിലായില്ല,എല്ലാ മുഖങ്ങളിലും ഒരു അമ്പരപ്പ്.

ഇനി എന്ത്?
ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.ബാപ്പായെ എങ്ങനെ വീഴ്ത്തും.ആകെ ടെന്‍ഷന്‍.ഐഡിയ സ്വല്പം പാളിയാല്‍ ബാപ്പ തല്ലി കൊല്ലും.ഇവിടുന്ന് എങ്ങനേലും ജീവനും കൊണ്ട് രക്ഷപെടാം എന്നു കരുതിയാല്‍ റഹീം ആത്മഹത്യ ചെയ്യും.ചെകുത്താനും കടലിനും ഇടയില്‍ പെട്ട അവസ്ഥ.അപ്പോഴാണു റഹീമിന്‍റെ ചേട്ടന്‍ ഓടിവന്ന് ആ ഞെട്ടിക്കുന്ന വാര്‍ത്ത പറഞ്ഞത്.ബാപ്പ എന്നെ വിളിക്കുന്നത്രേ,ഞാന്‍ ഒറ്റയ്ക്ക് ചെല്ലാനാണ്` കല്പന.
എന്‍റെ കാര്യത്തില്‍ ഒരു തീരുമാനമായി....
സകല ദൈവങ്ങളേയും വിളിച്ച് ഞാന്‍ ആ മുറിയില്‍ പ്രവേശിച്ചു.അവിടെ ബാപ്പ മാത്രം.എന്നെ കണ്ടതും ബാപ്പ പറഞ്ഞു:
"കസേരയില്‍ ഉപവിഷ്ടനാകിന്‍"
ഉവ്വ!! അപ്പോള്‍ ഉച്ചയ്ക്ക് നടന്ന സംഭവം ബാപ്പയ്ക്ക് ഓര്‍മ്മയുണ്ട്.ഞാന്‍ കസേരയില്‍ ഇരുന്നു.കുറച്ച് നേരം നിശബ്ദത.അല്പം കഴിഞ്ഞ് ബാപ്പ ചോദിച്ചു:
"ജ്ജ് റഹീമിന്‍റെ അടുത്ത ദോസ്താണല്ലേ?"
കര്‍ത്താവേ,ആണെന്ന് പറഞ്ഞാല്‍ കൂമ്പിനിട്ട് ചവിട്ടാനാണോ?
എന്താ ബാപ്പയുടെ ഉദ്ദേശം എന്ന് അറിയാത്തതിനാല്‍ ഞാന്‍ പറഞ്ഞു:
"ഹേയ്,അങ്ങനെയോന്നും ഇല്ല"
ബാപ്പ എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി.എന്നിട്ട് വീണ്ടും ചോദിച്ചു:
"ഓന്‍ അന്‍റെ കൂടാ താമസം എന്നു പറഞ്ഞു?"
സാത്താന്‍ എല്ലാം അറിഞ്ഞിട്ടുള്ള വരവാ,ഇനി പിടി കൊടുത്തേ പറ്റു.അതിനാല്‍ ഞാന്‍ ശരിയാണന്ന് സമ്മതിച്ചു.അപ്പോള്‍ വന്നു ബാപ്പയുടെ അടുത്ത ഡയലോഗ്:
"ഓന്‍റെ നിക്കാഹ് നടത്താന്‍ തീരുമാനിച്ചു"
അത് നിങ്ങള്` ബാപ്പയും മോനും തമ്മിലുള്ള വിഷയം,ഞാന്‍ എന്തോ വേണം എന്ന മട്ടിലാണു എന്‍റെ ഇരുപ്പ്.
"ജ്ജ് വേണം ഓനെ കൊണ്ട് സമ്മതിപ്പിക്കാന്‍."
കൂട്ടുകാരനു വേണ്ടി വക്കാലത്ത് പറയാന്‍ വന്നിട്ട് അവന്‍റെ ബാപ്പായുടെ പടനായകന്‍ ആകേണ്ട അവസ്ഥ.
"പെണ്ണ്` എന്‍റെ ദോസ്ത് അന്ത്രുമാന്‍റെ മകളാ,പേരു സുഹറ"
യാര്?സുഹറയോ?
പാല്,പാല്.സര്‍വ്വത്ര പാല്.രോഗി ഇച്ഛിച്ഛതും വൈദ്യന്‍ കല്പിച്ചതും മൊന്തയില്‍ നിന്നും വീണതും എല്ലാം പാല്.ബാപ്പയുടെ നെഞ്ചിലോട്ട് ചാടികയറി മുഖത്ത് ഒരു ഉമ്മ കൊടുക്കാന്‍ തോന്നിയ നിമഷം.പക്ഷേ ഒന്നും ചെയ്തില്ല.ഏറ്റു ബാപ്പാ,ഞാന്‍ ഏറ്റു എന്ന് മാത്രം പറഞ്ഞിട്ട് ഞാന്‍ ആ മുറിയില്‍ നിന്നും ഇറങ്ങി ഓടി.

ആ മുറിക്ക് പുറത്ത് ഇറങ്ങിയ ഞാന്‍, മുറിക്ക് അകത്ത് നടന്ന ഒന്നും പറയാതെ പ്രധാന കാര്യം മാത്രം പ്രഖ്യാപിച്ചു:
ബാപ്പ കല്യാണത്തിനു സമ്മതിച്ചു!!!
വീട് എങ്ങും ആഹ്ലാദം.അന്ന് രാത്രിയില്‍ ഉമ്മ ഉണ്ടാക്കി തന്ന പത്തിരിയും കോഴിയിറച്ചിയും കഴിച്ചു കൊണ്ട് ഇരുന്നപ്പോള്‍ മനസ്സില്‍ ഞാന്‍ ഉമ്മയോട് ഒന്നു മാത്രമേ യാചിച്ചിരുന്നുള്ളു:
'ഉമ്മ,എന്നെങ്കിലും ബാപ്പ പറഞ്ഞ് സത്യം അറിഞ്ഞാല്‍ ഈ പത്തിരിയും കോഴിയിറച്ചിയും തിരിച്ച് ചോദിക്കല്ലേ'
അങ്ങനെ ആ രാത്രി കഴിഞ്ഞു.
ആ വീട്ടുകാരുടെ എല്ലാം സ്നേഹാദരങ്ങള്‍ ഏറ്റു വാങ്ങി പിറ്റേ ദിവസം ഞാന്‍ തിരിച്ചു പുറപ്പെട്ടു.അപ്പോള്‍ പുറകില്‍ നിന്ന് ടാറ്റാ തരുന്ന കുടുംബാംഗങ്ങളുടെ കൂട്ടത്തില്‍ നിന്നും റഹീമിന്‍റെ ചേട്ടന്‍റെ മകള്‍ റസിയ എന്നെ നോക്കി പറഞ്ഞു:
"മാമാ,ഇനിയും വരണേ"
മാമാന്നോ?
കഷ്ടം!!!
അങ്കിളേ,അങ്കിളേ എന്നു വിളിച്ചു പിറകിനു നടന്ന കൊച്ചാ,അതിനു വരെ മനസ്സിലായി ഞാന്‍ വന്നത് മാമാ പണിക്കാണന്ന്.കലികാലം അല്ലാതെന്താ?

61 comments:

അരുണ്‍ കരിമുട്ടം said...

കുറച്ച് നടന്ന കാര്യമാണ്,ബാക്കി ഞാന്‍ മസാല ചേര്‍ത്തതാ.പിന്നെ മലബാറിലെ സംസാര രീതി,അത് അത്ര കറക്റ്റായി എനിക്ക് അറിയില്ല.തെറ്റുണ്ടങ്കില്‍ ക്ഷമിക്കണേ.ഇതില്‍ പറഞ്ഞിരിക്കുന്ന റഹീമിന്‍റെ(പേര്‍ ശരിയല്ല) കല്യാണം കഴിഞ്ഞു.

Anonymous said...

അനുഭവമായലും മസാലയിട്ടതായാലും കലക്കി...

എന്തായലും 'മാര്യേജ് ഈസ്സ് എ സര്‍ക്കിള്‍' എന്ന് വീണ്ടും ഓര്‍മപെടുത്തിയതിനു നന്ദി... he he he ....

smitha adharsh said...

മസാല നന്നായി ചേര്‍ത്തിട്ടുണ്ട് എന്ന് വായനക്കിടയില്‍ മനസ്സിലായി.എന്നാലും സംഗതി കലക്കിയല്ലോ..
പോസ്റ്റ് ഇഷ്ടപ്പെട്ടു.

Anil cheleri kumaran said...

ഒരു പാട് ചിരിച്ചു അരുണ്‍.. അടിപൊളി പോസ്റ്റ്.

Cartoonist said...

“കുത്തിയ്ക്കീ” എന്ന് പറയാണ്ടന്നെ
ആളോള് ഇബടെ കുത്തിരിക്കണ
സമയംണ്ടാവട്ടെ :)

അരുണ്‍ കരിമുട്ടം said...

ടിന്‍റു അക്ക:ഈ വഴി വന്നതിനു നന്ദിയുണ്ടേ.
സ്മിതാ ആദര്‍ശ്:മസാലയുണ്ട് എന്ന് മനസ്സിലാക്കും എന്ന് അറിയാം.അതാ മുന്‍കൂര്‍ ജാമ്യം എടുത്തത്.
കുമാരാ:ഹി..ഹി..ഹി.നന്ദി
കാര്‍ട്ടുണിസ്റ്റ്:നല്ല കമന്‍റ്‌.ബോധിച്ചു

കായംകുളം കുഞ്ഞാട് said...

കൊള്ളാട്ടോ, ഇതു പോലെ എന്‍റെ ഒരു കൂട്ടുകാരനും ഈ പ്രശ്നം ഉണ്ട്, ഒന്നു ശ്രമിച്ചു നോക്കുന്നോ?

പിന്നെ ഇതു പോയി വായിച്ചു നോക്കു
http://berlythomas.blogspot.com/2008/11/blog-post_11.html

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:അപ്പോള്‍ കായംകുളത്തേക്ക് വന്ന ദൌത്യസംഘം ആരാ!!! കുത്തിയിരിക്കാന്‍ പറഞ്ഞപ്പോള്‍ ബാപ്പായ്ക്കിട്ട് ഒരു കുത്ത് കൊടുക്കാന്‍ തോന്നാത്തത് നന്നായി.

അരുണ്‍ കരിമുട്ടം said...

കുഞ്ഞാടേ:പ്രശ്നം ഉണ്ടാക്കി പരിഹരിക്കുന്നത് നിര്‍ത്തി.അത് ഞാന്‍ വായിച്ചാരുന്നു.മനസ്സിലായി.
ചാത്തനിട്ട് തിരിച്ച് ഏറ്:ചാത്താ എന്ത് ചെയ്താലും നന്നാവില്ല എന്ന മട്ടാണോ?

BS Madai said...

അരുണേ നന്നായി ചിരിപ്പിച്ചു... നല്ല ഒരു കുക്ക് ആണല്ലേ - മസാല ശരിയായ പാകത്തിനു ചേര്‍ത്തിട്ടുണ്ട്!! സംഭവം കലക്കിയിട്ടുണ്ട് - അപ്പോ വീണ്ടും കാണാം മാമാ...... അല്ല അരുണേ!!

ദീപക് രാജ്|Deepak Raj said...

കൊള്ളാം കോഴിയിറച്ചി ആയാലും മസാല ചേര്‍ക്കാതെ പുഴുങ്ങിയാല്‍ കഴിക്കാന്‍ കൊള്ളില്ല..അപ്പോള്‍ വേണ്ട വണ്ണം മസാല ചേര്‍ത്തു വീണ്ടും വീണ്ടും വിളമ്പിക്കോ...

ഒരുട്ടി വിഴുങ്ങാന്‍ ഞങ്ങളില്ലേ...

രസികന്‍ said...

പഹയാ ഇജ്ജ് ഞമ്മളെ മലബാറിലും ബന്നോ? അടി...ങാ...
ഹഹ അവതരണത്തില്‍ അരുണ്‍ പതിവുത്തെറ്റിച്ചില്ല ആശംസകള്‍

കാപ്പിലാന്‍ said...

മാര്യേജ് ഇസ് എ സര്‍ക്കിള്‍ എന്നല്ല വട്ടം കറക്കുന്ന കുന്ത്രാണ്ടം ..അതിനെന്താ കുഞ്ഞാടെ ഇംഗ്ലീഷില്‍ പറയുന്നത് :) സംഭവം കൊള്ളാം .

അരുണ്‍ കരിമുട്ടം said...

bsmadai:ഞാന്‍ നല്ല ഒരു 'കുക്കര്‍' ആണെന്നല്ലല്ലോ പറഞ്ഞത്.നന്ദി
ദീപക്:നന്ദി.വീണ്ടും കാണണേ
രസികാ:നിന്നോട് പറയാന്‍ എനിക്ക് വാക്കുകളില്ല.ഞാന്‍ തോറ്റു.
കാപ്പിലാന്‍:'സര്‍ക്കിള്‍ റൊട്ടേറ്റര്‍'!!!,ഇപ്പോള്‍ മനസ്സിലായോ?ഹി..ഹി..

വരവൂരാൻ said...

മനോഹരമായിരിക്കുന്നു ഈ സൂപ്പർ
ലൌ-അറേഞ്ചഡ് മാര്യേജ് , ആശംസകൾ

പ്രയാസി said...

ബാപ്പാന്റെ മുന്നിലുള്ള കുത്തിയിരുപ്പ് അസ്സലായി മോനെ..

മാമാപ്പണി കലകലക്കി..:)

ആനക്കാട്ടില്‍ ചാക്കോച്ചി said...

അരുണേ എന്നാ പറയാനാ... ഓഫീസില്‍ ഇരുന്നു വായിക്കുന്ന എന്റെ കഷ്ടപ്പാട് വെള്ളോം നിങ്ങള്‍ അറിയുന്നുണ്ടോ? മുന്‍പില്‍ ഇരിക്കുന്നവന്‍ ചിരിക്കുന്നത് കാനാണ്ടിരിക്കാന്‍ മൂക്ക് ചൊറിഞ്ഞു ഞാന്‍ മടുത്തു... എന്തായാലും എഴുത്ത് ഇഷ്ടായി... ഇനി ബാക്കി എല്ലാം കൂടി ഇരുന്നു വായിക്കട്ടെ... പിന്നെ എന്നെ ജോലിയില്‍ നിന്നെങ്ങാനും പറഞ്ഞു വിട്ടാ ഞാന്‍ കായംകുളത്തോട്ടു പോരും... ഒള്ള കാര്യം പറഞ്ഞേക്കാം...

അരുണ്‍ കരിമുട്ടം said...

വരവൂരാ:നന്ദി :)
പ്രയാസി:മാമാ പണി എന്ന് പറയരുത്,അയ്യോ അത് പ്രയാസമാകും.
ചാക്കോച്ചി:ഡോണ്‍ഡ് ഡൂ,ഡോണ്‍ഡ് ഡൂ ചാടിക്കേറി കായംകുളത്ത് ഒന്നും വരരുത്.അവിടെ പറയത്തക്കതായി ഒന്നും ഇല്ലന്നേ

നവരുചിയന്‍ said...

കള്ളാ ഇസ്പേട് ഗുലാനെ ...........

കഥ കൊള്ളാട്ടോ ......

ഓടോ : ഇതൊരു ബിസിനസ്സ് ആകുന്നോ ???

Rare Rose said...

ക്ലൈമാക്സ് കലക്കന്‍ ട്ടാ...അതങ്ങനെയാവും ന്നു കരുതേയില്ല...ഇനീം പോരട്ടെ ഇതു പോലെ മസാല ചേര്‍ത്ത അനുഭവങ്ങള്‍..:)

അരുണ്‍ കരിമുട്ടം said...

നവരുചിയന്‍:ബിസനസ്സ് ആക്കാനോ?സമ്മതിക്കത്തില്ല അല്ലേ?
rare rose:നന്ദിയുണ്ട് കേട്ടോ

Vellayani Vijayan/വെള്ളായണിവിജയന്‍ said...

:)
വെള്ളായണി

Unknown said...

എടെ കല്യാണം കഴിക്കാതെ പുരനിറഞ്ഞൂ നിലക്കുന്ന ചെറുപ്പകാർ ഇവിടെയുണ്ടെ

വികടശിരോമണി said...

ചെങ്ങായീ,
നിക്കാഹ്‌ച്ചാ ന്ത്‌ത്താന്നാ ബിസാരം?വല്ലുപ്പാപ്പമാര്ടെ ബാസേല് പിട്ച്ചിട്ടാ കളി?കുത്തിരിക്കാമ്പറഞ്ഞാ തിരിയൂല്ല?പിന്നെ എന്ത്‌ത്താ പറേണ്ടൂ?

Jayasree Lakshmy Kumar said...

തകർപ്പൻ പോസ്റ്റ്. കുത്തിരിപ്പ് ശരിക്കും ചിരിപ്പിച്ചു

ഒരു സ്നേഹിതന്‍ said...

'മാര്യേജ് ഈസ്സ് എ സര്‍ക്കിള്‍' ...
തള്ളെ, സത്യം തന്നെ കെട്ടൊ..
പോസ്റ്റ് നന്നായി ചിരിപ്പിച്ചു, ബാപ്പയോട് മിഥുനം സ്റ്റൈലില്‍ പറഞ്ഞപ്പോഴുള്ള മറുപടി പ്രത്യേകിച്ചും...

ബഷീർ said...

>> ബാപ്പ എന്നെ വിളിക്കുന്നത്രേ,ഞാന്‍ ഒറ്റയ്ക്ക് ചെല്ലാനാണ്` കല്പന.
എന്‍റെ കാര്യത്തില്‍ ഒരു തീരുമാനമായി....<<

ആ രംഗമോര്‍ത്ത്‌ ചിരിച്ച്‌ ചിരിച്ച്‌ ഞാന്‍ മരിച്ചില്ല പഹയാ.

മീന്‍ വെട്ടണ നേരത്തുള്ള മ്യാവുൂവിന്റെ ആ വായ പൊളിച്ചുള്ള ഇരുത്തവും എല്ലാം നന്നായി ചിരിപ്പിച്ചു.

കലക്കി ഈ മാമപ്പണി..

ജിജ സുബ്രഹ്മണ്യൻ said...

മസാല പാകത്തിനായിരുന്നതിനാല്‍ പോസ്റ്റ് രസിപ്പിച്ചൂ ട്ടോ

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

അളിയാ, ഫോണ്‍ നമ്പര്‍ ഒന്നു തരാമോ? ഒരു കൊട്ടേഷന്‍ തരാം. എന്റെ കൂ‍ട്ടുകാരന്‍ ഒരു കാമുകനുണ്ട് അവനു വേണ്ടിയാ.

..:: അച്ചായന്‍ ::.. said...

മാഷേ ഒരു ഹെല്പ് വേണം ..:D ഒന്നു വരാമോ
കൊള്ളാം ഇങ്ങേരു ആള് ഒരു മഹാ പ്രസ്ഥാനം ആണ് അല്ലെ :D

ഗീത said...

അപ്പോ സിനിമ കാണണോണ്ട് ഇങ്ങനത്തെ പ്രയോജനമൊക്കെയൊണ്ട് അല്ലേ.

ഇനി അടുത്ത് അരുണിന്റെ കാര്യം നടക്കാനായി ഏതു സിനിമയിലെ ആശയമാണാവോ കടംകൊള്ളുക? അതോ അതൊക്കെ കഴിഞ്ഞോ?
(പണ്ടൊരു തടിച്ചിയെ പെണ്ണുകാണാന്‍ പോയ കഥ എഴുതിയിരുന്നത് അരുണ്‍ തന്നെയല്ലേ?)
പിന്നെ, ഒരു സില്ലി കാര്യം - മനുഷ്യരു വാപൊളിച്ചിരിക്കണതു പോലെ പൂച്ച വാ പൊളിച്ചിരിക്കണത് ഇതുവരെ കണ്ടിട്ടില്ല.....ഹി ഹി...

K Vinod Kumar said...

very good. i really admire your humourous writing.

നരിക്കുന്നൻ said...

ഇടക്ക് പൊട്ടിവരുന്ന ചിരി മറ്റ് സഹപ്രവർത്തകർ കാണാതിരിക്കാൻ ഞാൻ പാട് പെടുകയായിരുന്നു. അറിയാതെ പൊട്ടിച്ചിരിച്ചപ്പോൾ സഹൻ ചോദിക്കുന്നു. അനക്കെന്താ കിനിഞ്ഞോന്ന്. ബ്ലോഗെന്താണെന്നറിയാത്ത അയാളോട് ഞാനെന്ത് പറയാൻ.

കായംകുളത്തെ കൊച്ച് ഉണ്ണീ‍ീ‍ീ‍ീ
ചിരിപ്പിച്ചു കെട്ടോ....

അരുണ്‍ കരിമുട്ടം said...

വെള്ളായണി വിജയന്‍: നന്ദി

അനൂപ് കോതനെല്ലൂര്‍:അതുശരി പിന്നെയും കൊലക്ക് കൊടുക്കാനുള്ള പണിയാണല്ലേ?

വികടശിരോമണീ:ങ്ങള്` ക്ഷമിക്കിന്‍.എനക്ക് അങ്ങനെ പറ്റിപ്പോയി

ലക്ഷ്മി:അപ്പോള്‍ ഇഷ്ടപ്പെട്ടു അല്ലേ?നന്ദി

സ്നേഹിതാ:'മാര്യേജ് ഈസ്സ് എ സര്‍ക്കിള്‍' ഇത് എന്‍റെ കണ്ട് പിടുത്തമാ,എങ്ങനുണ്ട്?

ബഷീറിക്കാ:മാമാപണി എന്നു പറയല്ലേ ഇക്കാ,ഇതൊക്കെ ഒരു സഹായമല്ലേ?

അരുണ്‍ കരിമുട്ടം said...

കാന്താരിക്കുട്ടി:ഹി..ഹി..ഹി .നന്ദി

ഗോപിക്കുട്ടന്‍:കൊട്ടേഷനാണല്ലേ? ഉം..ഉം..ശരിയാക്കിത്തരാം.

അച്ചായോ:ഞാന്‍ തോറ്റു.നന്ദി

ഗീതാഗീതികള്‍:തന്നെ തന്നെ ഞാന്‍ തന്നെയാ അന്നൊരു തടിച്ചിയെ പെണ്ണു കണ്ടത് എഴുതിയത്.അതിനാലെന്താ എനിക്ക് ഇപ്പോള്‍ ഒരു പെണ്ണായി.ഹി..ഹി..ഹി.കല്യാണമാ വിളിക്കുന്നുണ്ട്.

vinod:thank you very much

നരിക്കുന്നേ:ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.നന്ദി

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഹി ഹി. അപ്പൊ ബാപ്പ ശരിക്കും മിഥുനം കണ്ടിട്ടുണ്ടാരുന്നല്ലെ

വിജയലക്ഷ്മി said...

അരുണ്‍ :അടിപൊളി പോസ്റ്റു തന്നെ മോനെ , ചിരിക്കാനൊത്തിരി വകനല്‍കി . മസാല ഗരംമസാല തന്നെ . വിവാഹ ബ്രോക്കറുടെ ജോലി ചിലപ്പോള്‍ ശരീരത്തനു ഹാനികരം സൂക്ഷിക്കുക ...

അരുണ്‍ കരിമുട്ടം said...

കിച്ചു & ചിന്നു:ബാപ്പ മിഥുനം മാത്രമല്ല,കര്‍ക്കിടകവും കണ്ടിട്ടുണ്ടന്നാ തോന്നുന്നേ
കല്യാണി ചേച്ചി:എല്ലാരും ഇത് തന്നെയാ പറയുന്നത്,ഒരു തല്ലുകൊള്ളിയാണന്നു.

കുറ്റ്യാടിക്കാരന്‍|Suhair said...

അരുണേ... തകര്‍ത്തു... സര്‍വത്ര തകര്‍ത്തു!

വളരെ വളരെ നന്നായിരിക്കുന്നു ഇഷ്ടാ.. ഇഞ്ഞ് ഞമ്മളെ നാട്ടില് ബന്നിറ്റ് പെണ്ണ്കെട്ടിച്ച് പോയി, ല്ലേ...

“പാല്... പാല്... സര്‍വത്ര പാല്..”
ഇതൊക്കെ എവിടുന്ന് കിട്ടുന്നു അളിയോ...?

അരുണ്‍ കരിമുട്ടം said...

മാഷേ ഞാന്‍ കോഴിക്കോട്ട് ഉണ്ടായിരുന്നു,ഒരു വര്‍ഷത്തോളം.മലബാറില്‍ നിന്നും കോഴിക്കോട്ട് നിന്നും എനിക്ക് കിട്ടിയ കൂട്ടുകാരും പിന്നെ അവരുടെ വീട്ടുകാരും, ഒരു വലിയ സമ്പാദ്യം തന്നാണേ..

RIYA'z കൂരിയാട് said...

മലബാരികളെ ഇപ്പോൾ ശരിക്ക് മനസ്സിലായില്ലേ...

അരുണ്‍ കരിമുട്ടം said...

മനസ്സിലായി മോനൂസ്സേ,മനസ്സിലായി.ങ്ങള്` ക്ഷമിക്കിന്‍!!!

ഗൗരിനാഥന്‍ said...

ഹും ജാതകത്തില്‍ ഒരു ശിക്കാരി ശംഭു യോഗവും ഉണ്ടായിരുന്നു

അരുണ്‍ കരിമുട്ടം said...

ഗൌരിനാഥന്‍:അതേ,അതേ

ഹാരിസ് നെന്മേനി said...

വായിച്ചു.... രസിച്ചു....രസികന്‍ മ്മ്മ്..

അരുണ്‍ കരിമുട്ടം said...

ഹായ് നെന്മേനി,നന്ദി

ശ്രീഇടമൺ said...

"ബാപ്പ മിഥുനം ഫിലിം കണ്ടിട്ടുണ്ട് അല്ലേ?"
ഹ...ഹ..ഹ
ന്റെ പടച്ചോനേ...ങ്ങള് പുലിയാണ് ട്ടാ...പുപ്പുലി.

അരുണ്‍ കരിമുട്ടം said...

ശ്രീഇടിമണ്‍:ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്

ഫോട്ടോഗ്രാഫര്‍ said...

എല്ലാം വായിച്ചു.ഒന്നിനൊന്ന് മെച്ചം

അരുണ്‍ കരിമുട്ടം said...

Stranger: നന്ദി, ഇനിയും വരണേ

Calvin H said...

മലബാറിലായോണ്ടാവും നല്ല മസാലമണം :)

പിന്നെ ഇനിക്ക് ഒരു സകായം വേണ്ടീരുന്നു... ഒരു മലബാര്‍ ട്രിപ്പിനൂടെ താല്പര്യം ണ്ടോ? :)

അരുണ്‍ കരിമുട്ടം said...

കാല്‍വിന്‍: അതിനു മുമ്പ് എനിക്ക് ഒരു ചോദ്യമുണ്ട്, ബാപ്പാ മിഥുനം ഫിലിം കണ്ടിട്ടുണ്ടോ?:)

Sabu Kottotty said...

ജ്ജ് ബ്ടേം ബന്ന്ക്ക്ണാ പഹയാ ?

അരുണ്‍ കരിമുട്ടം said...

കൊട്ടോട്ടിക്കാരന്‍:ഹ..ഹ..ഹ.നന്ദി

Rani said...

അങ്കിളേ,അങ്കിളേ എന്നു വിളിച്ചു പിറകിനു നടന്ന കൊച്ചാ,അതിനു വരെ മനസ്സിലായി ഞാന്‍ വന്നത് മാമാ പണിക്കാണന്ന്.കലികാലം അല്ലാതെന്താ? ...
കൊള്ളാട്ടോ ......

ചെലക്കാണ്ട് പോടാ said...

കുത്തിയിരിപ്പ് എപ്പിസോഡ് മസാലയായിരുന്നു അല്ലേ...

റഹീമും സുഹറയും ഹാപ്പി മാരീഡ് ലൈഫായി എന്നറിഞ്ഞതില്‍ സന്തോഷം...

അരുണ്‍ കരിമുട്ടം said...

റാണി,ചെലക്കാണ്ട് പോടാ : നന്ദി :)

വരയും വരിയും : സിബു നൂറനാട് said...

അണ്ണാ,
നിങ്ങള് കുത്തിയിരുന്ന് മുന്നോട്ടു നിരങ്ങുന്ന രംഗം ഒന്ന് മനസ്സില്‍ ഓര്‍ത്തു..!! ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി..!!!കിടിലന്‍..!!

R. said...

[i]ഇങ്ങള് ഉപവിഷ്ടനാകിന്‍![/i]

ക്ലാസിക്! ഫേവറിസ്റ്റില്‍ ഇട്ടു, കെട്ടാ.

ഹാപ്പി ബാച്ചിലേഴ്സ് said...

മാമാ!!
ഹഹ ഹാ ഹ. ചിരിമരുന്ന് ഉഗ്രന്‍ തന്നെ

Anonymous said...

kalakki Aruneeee

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com