For reading Malayalam
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.
ചരിത്രം ആവര്‍ത്തിക്കുന്നു
റാംജിറാവു സ്പീക്കിംഗ്...
"മത്തായി ചേട്ടാ, ഞാനാകെ പ്രശ്നത്തിലാ"
"എന്താ നിന്റെ പ്രശ്നം?"
"എന്റെ പേര് ബാലകൃഷ്ണന്"
"അതാ നിന്റെ പ്രശ്നം?"
"അയ്യോ അല്ല, താമസിക്കാനൊരു മുറി കിട്ടുമോന്ന് അറിയാന്‍ വന്നതാ"
"ഏതാ നിന്റെ നാട്?"
"ചെര്‍പ്പളശ്ശേരി"
"നീ ചെര്പ്പളശ്ശേരിക്കാരനാ, എനിക്ക് ചെര്പ്പളശ്ശേരിക്കാരെ പണ്ടേ ഇഷ്ടമാ"
സിദ്ധിക്ക്-ലാലിന്റെ തൂലികയില്‍ നിന്നാണ് ആദ്യമായി ചെര്‍പ്പളശ്ശേരി എന്ന നാടിനെ കുറിച്ച് കേള്‍ക്കുന്നത്.അന്ന് മുതല്‍ മനസ്സില്‍ ഒരു ആഗ്രഹമുണ്ടായിരുന്നു, എന്നെങ്കിലും ബാലകൃഷ്ണന്റെ നാട്ടിലൊന്ന് പോകണം.അതിപ്പോ എന്തിനാണെന്ന് ചോദിച്ചാല്‍ ഒന്നിനുമല്ല, വെറുതെ.
അങ്ങനെയിരിക്കെ ഒരു ദിവസം.
ഡോട്ട് നെറ്റ് കോഡിംഗിലൂടെ പട്ടം പറത്താന്‍ പറ്റുമോന്ന് ആലോചിച്ച് കമ്പ്യൂട്ടറില്‍ നോക്കി ഇരുന്നപ്പോഴാണ് ഞങ്ങളുടെ എച്ച്.ആറായ ശാരദാമാഡം അരികിലേക്ക് വന്നത്.വന്നപാടെ അവര്‍ ചോദിച്ചു:
"മൈമുനയുടെ കല്യാണത്തിനു മനു വരുന്നുണ്ടോ?"
മൈമുന!!!
മൈദയിലെ മൈയും, മുനമ്പിലെ മുനയും ഉള്ളവള്‍!!
അവളുടെ കല്യാണമാണ്, അതും ചെര്‍പ്പളശ്ശേരിയില്‍ വച്ച്.ബാലകൃഷ്ണന്റെ നാട്ടില്‍ പോകാന്‍ ഇതാ ഒരു സുവര്‍ണ്ണ അവസരം.
പോണ്ടേ?
വേണം, പോകണം.
ഞാന്‍ തീരുമാനിച്ചു.
കല്യാണത്തിനു പോകാന്‍ രണ്ട് ഓപ്ഷനുണ്ട്, ഒന്ന്, കല്യാണത്തിനു തലേ ദിവസം ലീവെടുത്ത് എല്ലാവരും കൂടി അറേഞ്ച് ചെയ്യുന്ന വണ്ടിയില്‍ പോകുക.രണ്ട്, തലേന്ന് രാത്രി ഷൊര്‍ണ്ണൂര്‍ വരെയുള്ള ട്രെയിന്‍ ടിക്കറ്റ് എച്ച്.ആര് തയ്യാറാക്കി തരും, അപ്പോ രാത്രി പന്ത്രണ്ടിനു പോയാല്‍ മതി.ഷൊര്‍ണ്ണൂര്‍ സ്വീകരിക്കാന്‍ എല്ലാവരും വരും.
കോന്‍ ബനേഗാ കോര്‍പതിയില്‍ അമിതാബച്ചന് ചോദിക്കുന്ന പോലെ എച്ച്.ആര് ഒരോരുത്തരോടായി ചോദിച്ചു തുടങ്ങി:
"തുമാരാ ഓപ്പ്ഷന്‍ ക്യാ ഹൈ?"
"ഓപ്പ്ഷന്‍ നമ്പര്‍ വണ്‍"
"ആര് യൂ ഷുവര്‍"
"യെസ്സ്, ഷുഗര്‍"
"കമ്പ്യൂട്ടര്‍ ട്രിഗര്‍ ഓപ്ഷന് നമ്പര്‍ വണ്‍"
ടിക്ക്..ടിക്ക്....ടിക്ക്..ടിക്ക്..
എന്റെ ഊഴമായി, തലേന്ന് ലീവെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഞാന്‍ പറഞ്ഞു:
"ഓപ്പ്ഷന്‍ നമ്പര്‍ ടു"
ഇത് കേട്ടപ്പോ എച്ച്.ആറിന്റെ മുഖത്തൊരു ആശ്വാസം.അവര്‍ പറഞ്ഞു:
"ഇപ്പോഴാ സമാധാനമായത്"
"അതെന്താ?"
"എല്ലാവരും തലേന്ന് പോകുകയാ, പിന്നെ ട്രെയിനീസ് ആയുള്ള പെണ്‍കുട്ടികള്‍ മാത്രമാണ് രാത്രി പോകാമെന്ന് പറഞ്ഞത്, അവര്‍ക്കൊരു കൂട്ടായല്ലോ?"
ഒരു നിമിഷം ഞാനൊന്ന് സ്റ്റക്കായി.ട്രെയിനീസ്സ് ആറ് പെണ്‍കുട്ടികള്‍ ഉണ്ട്.ഇവരെം കൊണ്ട് രാത്രി വണ്ടിക്ക് ഷൊര്‍ണ്ണൂര്‍ക്ക് പോകുകാന്ന് വച്ചാല്‍ ഇമ്മിണി ബല്യ പണിയാ.
"അവര്‍ ആറ് പേരില്ലേ?"
"അതേ, പിന്നെ മൈമുനയുടെ ഒരു കൂട്ടുകാരി കൂടിയുണ്ട്"
അടി സക്കേ!!
അപ്പോ ആറും ഒന്നും ഏഴ്.
ഇവരേം കൊണ്ട് ഷൊര്‍ണ്ണൂര്‍ക്ക്, അതും പിച്ചക്കാര് മുതല്‍ ടി.ടി.ആറ് വരെ പീഡനം നടത്തുന്നെന്ന് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന ട്രെയിനില്‍.
ഹും! മാനം കപ്പല്‍ കേറാന്‍ ഇനി എന്നാ വേണം??
"മനു പാവമായത് കൊണ്ടാ എനിക്കൊരു ധൈര്യം" എച്ച്.ആറിന്റെ സുഖിപ്പീര്, അതും എന്നോട്.
ഇങ്ങനത്തെ പുകഴ്ത്തലില്‍ വീഴുന്നവനല്ല ഞാനെന്ന് ബോധിപ്പിക്കാന്‍ ഒരു വില്ലന്റെ ഭാവത്തില്‍ ഞാന്‍ ചോദിച്ചു:
"ഈ പെണ്‍കുട്ടികളെ കൊണ്ട് ഞാന്‍ തന്നെ പോണോ?"
"അതെന്താ പോയാല്‍?"
"അല്ല, സിനിമയില്‍ ഉമ്മറും, ബാലന്.കെ.നായരുമൊക്കെയാ എന്റെ റോള്‍ മോഡല്സ്സ്"
ഇത്രയും പറഞ്ഞിട്ട് വെറുതെ എച്ച്.ആറിന്റെ മുഖത്തേക്ക് ഒന്നു ഒളികണ്ണിട്ടു നോക്കി, അവിടതാ ഒരു ഭാവമാറ്റം.സംഗതി ഏല്ക്കുന്ന മട്ടാണ്.ഒന്നൂടെ കൊഴുപ്പിക്കാന്‍ ഉമ്മറിന്റെ സ്വരത്തില്‍ ഞാന്‍ പറഞ്ഞു:
"ശാരദേ, ഞാനൊരു വികാരജീവിയാണ്"
ഇത് കേട്ടതും എച്ച്.ആര് പറഞ്ഞു:
"താന്‍ ഏത് ജീവിയായാലും വേണ്ടില്ല, പിള്ളാരെ സുരക്ഷിതമായി അങ്ങ് എത്തിച്ചാല്‍ മതി"
ഛായ്, മലയാള ഭാഷയേയും, സിനിമയേയും കുറിച്ച് ഒരു അവഗാഹമില്ലാത്ത എച്ച്.ആറ്.ഇനി എന്ത് ചെയുമെന്നു ആലോചിച്ചു നിന്നപ്പോള്‍ പിന്നില്‍ നിന്നൊരു കോറസ്സ് കേട്ടു:
"ഞങ്ങളെ കൊണ്ട് പോകില്ലേ ചേട്ടാ"
തിരിഞ്ഞ് നോക്കിയപ്പോള്‍ ആറ് പെണ്‍കുട്ടികള്‍.
ആ ദുര്‍ബല നിമിഷത്തില്‍ ഏറ്റു:
"കൊണ്ട് പോകാം"
അപ്പോഴും എന്റെ മനസ്സ് മന്ത്രിച്ചു...
മനു, ഓര്‍ക്കുക...
നീയൊരു വികാരജീവിയാണ്!!!
കല്യാണത്തിനു തലേദിവസം.
രാവിലെ ടിക്കറ്റ് ഏല്‍പ്പിച്ചിട്ടു എച്ച്.ആറും കൂട്ടരും യാത്രയായി.രാത്രി ഒമ്പതിനു പാലാരിവട്ടത്തു വച്ച് കാണാമെന്ന് പറഞ്ഞു, വൈകിട്ടു ഞങ്ങളും പിരിഞ്ഞു.അങ്ങനെ രാത്രി കൃത്യം ഒമ്പതായപ്പോള്‍ ഞാന്‍ പാലാരിവട്ടത്തെത്തി...
യാത്ര പെണ്‍കുട്ടികളോട് ഒപ്പമായതിനാല്‍ പൊതുവേ സ്ട്രിക്റ്റ് ആയിരിക്കണമെന്നും, അവര്‍ക്ക് കല്യാണത്തിനു പോകാന്‍ കാരണമായത് എന്റെ ദയ കൊണ്ടാണെന്ന് മനസിലാക്കിക്കണമെന്നും ഞാനുറച്ചു.അതു കൊണ്ട് തന്നെ ഒമ്പതിനു പാലാരിവട്ടത്തെത്തിയ ഞാന്‍ പിന്നെയും പത്ത് മിനിറ്റ് കഴിഞ്ഞാണ് കറക്റ്റ് ലൊക്കേഷനിലേക്ക് പോയത്.എന്നെ കാത്ത് നിന്ന് മുഷിഞ്ഞ ട്രെയിനീസിനോട് നേതാക്കന്മാര് പൊതുവേ താമസിച്ചേ വരുകയുള്ളെന്ന മട്ടില്‍ പെരുമാറണമെന്ന് കരുതി ചെന്ന ഞാന്‍ ഞെട്ടിപ്പോയി.പറഞ്ഞ സ്ഥലത്ത് ആടുമില്ല, പൂടയുമില്ല, പെങ്കൊച്ചുങ്ങളുമില്ല.
ഒടുവില്‍ നേതാവ് അവിടെ കാത്തിരിക്കാന്‍ തീരുമാനിച്ചു.
സമയം 9.30
കമ്പനിയിലെ ആറ് പേരും വന്നു.ഇനി ഒരുവള്‍ കൂടി വരാനുണ്ട്, മൈമുനയുടെയും ട്രെയിനീസിംന്റെയും കൂട്ടുകാരി, അവള്‍ക്കായി കാത്തിരുപ്പ് തുടര്‍ന്നു...
ഒമ്പത് നാല്‍പ്പതിനു അവള് വന്നു, വെള്ള ചുരിദാറും ചുവന്ന ഷാളുമണിഞ്ഞ് മാലാഖയെ പോലെ ഒരുവള്‍.വന്നപാടെ അവള് ചോദിച്ചു:
"ഞാന്‍ താമസിച്ചോ, ഇല്ലല്ലോ?"
"ഹേയ്, ഇല്ല" അറിയാതെ പറഞ്ഞ് പോയി.
ട്രെയിനീസിന്റെ നേതാവ് ആതിര ആ പെണ്‍കുട്ടിയെ എനിക്ക് ഫോര്മ്മലായി പരിചയപ്പെടുത്തി തന്നു:
"ഇത് സോണിയ ചേച്ചി, രണ്ട് മാസം മുമ്പ് പൂര്ണ്ണത്തിലായി"
തിരികെ ഞാന്‍ സ്വയം പരിചയപ്പെടുത്തി:
"ഞാന്‍ മനു, ജനിച്ചപ്പഴേ പൂര്ണ്ണത്തിലാ"
"അയ്യോ, ഞാന്‍ പറഞ്ഞ പൂര്‍ണ്ണം ചേച്ചി വര്‍ക്ക് ചെയ്യുന്ന കമ്പനിയുടെ പേരാ" ആതിരയുടെ വിശദീകരണം.
ശ്ശെടാ!!
അതാരുന്നോ??
ഞാന്‍ കരുതി പത്ത് മാസം പ്രായമാകുന്നതിനു മുന്നേ ജനിച്ചിട്ട്, രണ്ട് മാസം മുമ്പാ പൂര്ണ്ണത്തിലായതെന്ന്.അതു വരെ ഇന്‍കുബേറ്ററില്‍ ഇരിക്കുവാരുന്നോന്ന് ചോദിക്കാന്‍ തോന്നാഞ്ഞത് ഭാഗ്യം.
ചമ്മല് മറക്കാനായി ചോദിച്ചു:
"എവിടാ താമസം?"
"ആലിന്‍ചുവട്ടിലാ"
"എന്തേ, വീടില്ലേ?"
"ആലിന്‍ചുവട് സ്ഥലപ്പേരാ"
ഓ, അതാരുന്നോ!!
കൂടുതല്‍ ചോദ്യം ഒഴിവാക്കുന്നതാ ഭംഗി.
നേരെ സ്റ്റേഷനിലേക്ക്...
പത്തരക്ക് റെയില്‍വേ സ്റ്റേഷനിലെത്തി.
പി.എന്‍.ആര് നമ്പര്‍ നോക്കി കണ്ഫോമാണെന്ന് ഉറപ്പ് വരുത്തി.കൃത്യം പന്ത്രണ്ടേ കാലായപ്പോള്‍ വണ്ടി വന്നു.എ.സ്സ് ത്രീയിലെ ഒരു കംപാര്‍ട്ട്മെന്റാണ് ഞങ്ങളുടേത്, ഏഴ് പേര്‍ക്കും കൂടി ഒരേ കംപാര്‍ട്ട്മെന്റ്.തേടി പിടിച്ച് അവിടെയെത്തിയപ്പോള്‍ കംപാര്‍ട്ട്മെന്റ് നിറയെ ഒരു സിക്ക് ഫാമിലി.
"ക്യാ?" ചോദ്യം സിക്കുകാരന്റെ വക.
എന്റെ കംപാര്‍ട്ട്മെന്റില്‍ കയറിയിരുന്നു എന്നോട് ചോദിക്കുന്നു ക്യായെന്ന്, അതും ഹിന്ദിയില്‍.വല്യ പിടിയില്ലാത്തതിനാല്‍ കൂടെ വന്നവരോട് ചോദിച്ചു:
"ഹിന്ദിയാ, ഒന്നു നോക്കുന്നോ?"
"അയ്യേ, ഞങ്ങളോ?" അവരുടെ മുഖത്ത് അവിഞ്ഞ ഭാവം.
ഹിന്ദിയെന്നല്ലേ ഞാന്‍ പറഞ്ഞത്, അല്ലാതെ ച..ച...,ശ്ശെ, ..വേറെ ഒന്നുമല്ലല്ലോ, പിന്നെന്തിനാണാവോ ഇത്ര വെറുപ്പ്.
ഒടുവില്‍ പ്രശ്നം ഞാന്‍ തന്നെ കൈകാര്യം ചെയ്യാമെന്ന് തീരുമാനിച്ചു.
"യെ മേരാ കമരാ ഹൈ"
ഇത് എന്റെ കമരയാണ്!!!
അറിയാവുന്ന രീതിയില്‍ പറഞ്ഞപ്പോ ഒരുത്തി അത് തിരുത്തി:
"ചേട്ടാ, കമരാന്ന് പറഞ്ഞാ കട്ടിലാ"
"അയ്യോ അല്ല, അത് മുറിയാ" അടുത്തവള്‍.
"മുറി, ഘര്‍ അല്ലേ?" ആദ്യത്തവള്‍
"ഘര്‍ വീടാ"
എനിക്ക് ആകെ തലപെരുത്തു, ഞാന്‍ വാചകം മാറ്റി:
"യെ മേരാ, കംപാര്‍ട്ട്മെന്റ് ഹൈ"
"നഹിം, മേരാ ഹൈ" സിക്കുകാരന്.
കുരിശായി.
ഭാഗ്യത്തിനു അപ്പോഴേക്ക് ടി.ടി.ആര് വന്നു.ഞാന്‍ കാര്യം ബോധിപ്പിച്ചു:
"ഹരേ സാര്‍, യെ മേരാ കംപാര്‍ട്ട്മെന്റ് ഹൈ, വോ ബോലാ വോരാ കംപാര്‍ട്ട്മെന്റ് ഹൈ"
തിരിഞ്ഞ് സിക്കുകാരനോടായി എന്റെ ദുരവസ്ഥ പറഞ്ഞു:
"ഹരേ ബായി, മേരെ പാസ്സ് ലഡ്കിയാം ഹൈ.രാത് മേം ഹം കോ സോനേ കേലിയെ കംപാര്‍ട്ട്മെന്റ് ചാഹിയേ"
"താനെന്തുവാടോ പറയുന്നത്?" ടി.ടി.ആറിനു അത്ഭുതം.
"ചേട്ടന്റെ കൈയ്യി ലഡുവുണ്ടെന്നും, രാത്രിയില്‍ സോണിയക്ക് കംപാര്‍ട്ട്മെന്റില്‍ ചായ വരുമോന്നുമല്ലേ ചോദിച്ചത്" ആതിരയുടെ അണ്ടര്‍സ്റ്റാന്‍ഡിംഗ് അവള് വ്യക്തമാക്കി.
കടവുളേ!!
ചെവി പൊത്തി കൊണ്ട് ടി.ടി.ആറിനു അര്‍ത്ഥം വിശദമാക്കി:
"കൂടെ പെണ്‍കുട്ടികളുള്ള കൊണ്ട് രാത്രി കിടക്കാന്‍ ഈ കംപാര്‍ട്ട്മെന്റ് തന്നെ വേണമെന്ന് പറഞ്ഞതാ"
"അത് താന്‍ കരുതിയ അര്‍ത്ഥം, ശരിക്കുള്ള അര്‍ത്ഥം വേറെയാ"
ടി.ടി.ആര് അത് വിശദമാക്കി തന്നു...
മേരെ പാസ്സ് ലഡ്കിയാം ഹൈ.രാത് മേം ഹം കോ സോനേ കേലിയെ കംപാര്‍ട്ട്മെന്റ് ചാഹിയേ!!!
എന്റെ കൈയ്യില്‍ പെണ്‍കുട്ടികളുണ്ട്, രാത്രി ഞങ്ങക്ക് ഉറങ്ങാന്‍ ഈ കംപാര്‍ട്ട്മെന്റ് ആവശ്യമുണ്ട്!!!
അയ്യേ, എത്ര വൃത്തികെട്ട അര്‍ത്ഥം!!!
ഒടുവില്‍ ടി.ടി.ആര് രണ്ട് കൂട്ടരുടെയും ടിക്കറ്റ് പരിശോധിച്ചു, ഫലം ഞെട്ടിക്കുന്നതായിരുന്നു.പതിമൂന്നാം തീയതി രാത്രി പന്ത്രണ്ട് മണിക്ക് ഉള്ള ടിക്കറ്റാണ് കൈയ്യില്‍, അത് വേണേല്‍ പതിമൂന്നാം തീയതി രാവിലെ ഉപയോഗിക്കണം പോലും.പന്ത്രണ്ട് മണി കഴിഞ്ഞപ്പോള്‍ തീയതി പതിനാല് ആയത്രേ.
സത്യത്തില്‍ എനിക്ക് ഒന്നും മനസിലായില്ല, ഒരു കാര്യം ഒഴിച്ച്, ഞങ്ങക്ക് ടിക്കറ്റില്ല, യഥാര്‍ത്ഥ ടിക്കറ്റിനു ഉടമ സിക്കുകാരനാണ്.
"ശരിക്കും ടിക്കറ്റില്ലാതെയാണ് നിങ്ങടെ യാത്ര.ഫൈന്‍ അടിക്കണോ അതോ അടുത്ത സ്റ്റേഷനില്‍ ഇറങ്ങുന്നോന്ന് നിങ്ങള്‍ തന്നെ തീരുമാനിക്ക്"
ഇത്രയും പറഞ്ഞിട്ട് അയാള്‍ നടന്ന് നീങ്ങി..
"അയ്യോ ചേട്ടാ, ഇനി എന്ത് ചെയ്യും?" ആതിരയുടെ മുഖത്ത് ഒരു ഭയം.
നേരെ ടി.ടി.ആറിനു അടുത്തേക്ക്...
"സാര്‍, ഏഴ് പെണ്കുട്ടികളേം കൊണ്ട് സ്റ്റേഷനില്‍ ഇറങ്ങുന്നത് സുരക്ഷിതമല്ല"
"സോ?"
"സോ, മൊത്തം എട്ട് ബെഡ്ഡ് കിട്ടിയാ സന്തോഷമായേനേ"
"ഇവിടെ ബഡ്ഡ് ഒന്നും കാലിയില്ല"
"രണ്ട് സീറ്റായാലും മതി സാര്‍, ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്യാം"
"കാലി ഇല്ലെന്ന് പറഞ്ഞില്ലേ?"
ഉവ്വ, പറഞ്ഞാരുന്നു.
തിരികെ ലഡ്കിയോം കെ പാസിലേക്ക്...
"ഞങ്ങളൊന്ന് ശ്രമിക്കട്ടേ ചേട്ടാ" ആതിരയുടെ ചോദ്യം.
സീനിയര്‍ നോക്കിയട്ട് നടക്കാത്തത് ട്രെയിനീസിനു പറ്റില്ല എന്ന ആത്മവിശ്വാസത്തില്‍ ഞാന്‍ പറഞ്ഞു:
"ശ്രമിച്ച് നോക്ക്"
അവര്‍ ടി.ടി.ആറിനു അടുത്തേക്ക്...
"സാര്‍, ഏഴ് പെണ്‍കുട്ടികളും കൂടി സ്റ്റേഷനില്‍ ഇറങ്ങുന്നത് സുരക്ഷിതമല്ല"
"ഓ യെസ്സ്, ഐ നോ, ഇറ്റീസ് ഡെയിംജറസ്സ്" ടി.ടി.ആറിന്റെ സാക്ഷ്യം.
അഞ്ച് മിനിറ്റ് മുമ്പ് ഈ പുന്നാര മോനോട് ഇത് തന്നല്ലേ ഞാന്‍ പറഞ്ഞത്??
എനിക്ക് ആകെ സംശയമായി!!!
ടി.ടി.ആര് ആകെ മാറിയിരിക്കുന്നു...
"നിങ്ങക്ക് എന്റെ ബര്‍ത്തിലിരിക്കാം, നോ പ്രോബ്ലം..."
തിരിഞ്ഞ് എന്നോടായി...
"...താന്‍ വാതുക്കല് നിന്നോ"
എന്നാത്തിനാ, പാറാവിനോ??
ചോദിച്ചില്ല, നേരെ വാതുക്കലേക്ക്...
രണ്ട് മണിക്കൂര്‍ പാറാവ് നിന്ന് ബോറടിച്ചപ്പോ പതിയെ ടി.ടി.ആറിന്റെ സീറ്റിലേക്ക് പോയി.ആരും ഉറങ്ങിയട്ടില്ല, ടി.ടി.ആര് ഒരേ കത്തി.എന്നെ കണ്ടതും അയാള്‍ പറഞ്ഞു:
"ഞാനായതു കൊണ്ടാ ഈ പെണ്‍കുട്ടികളെ ഇവിടെ ഇരിക്കാന്‍ സമ്മതിച്ചത്"
അതിപ്പോ ഞാനായിരുന്നേലും ഇരുത്തിയേനേ, ബര്‍ത്തില്‍ സ്ഥലമില്ലേല് മടിയിലെങ്കിലും ഇരുത്തിയേനേന്ന് പറയാന്‍ വാ തുറന്നപ്പോ സോണിയ പറഞ്ഞു:
"ഇതിപ്പോ പന്ത്രണ്ടാമത്തെ പ്രാവിശ്യമാ ഇങ്ങേര് ഇത് പറയുന്നത്"
ഉവ്വോ??
ഉവ്വ.
ടി.ടി.ആര് എന്നോടായി...
"ഇവരെ ഓര്‍ത്താ തന്നെ യാത്ര ചെയ്യാന്‍ സമ്മതിക്കുന്നത്, മനസ്സിലായോ?"
മനസിലായേ, മനസികായേ, അടിയനു എല്ലാം മനസിലായേ!!
തിരികെ പാറാവു ഡ്യൂട്ടിയിലേക്ക്..
ഷൊര്‍ണ്ണൂര്‍ സ്വീകരിക്കാന്‍ എല്ലവരുമുണ്ടായിരുന്നു..
"എങ്ങനുണ്ടായിരുന്നു യാത്ര?"
"സംസാരിച്ച് ഇരുന്ന കാരണം ഉറങ്ങാന്‍ പറ്റിയില്ല" ആരതിയുടെ സാക്ഷ്യം.
"ഭാഗ്യവാന്" മിഥുന് മന്ത്രിക്കുന്നത് എനിക്ക് കേള്‍ക്കാം.
എന്റെ ഭാഗ്യത്തെ പറ്റി പറയാതിരിക്കുകാ ഭേദം.
റൂമിലെത്തി കുളിച്ചൊരുങ്ങി കല്യാണ പന്തലിലേക്ക്..
കല്യാണസമയത്ത് മൈമുനയും വരനും വേദിയില്‍ നിന്നപ്പോ എനിക്കൊരു കോള്‍ കിട്ടി, ഓഫീസില്‍ നിന്ന് മൈമുനയുടെ ടിം ലീഡിന്റെ കാള്‍...
"എസ്.ക്യൂ.എല്‍ കൊറി മൈമുന സബ്മിറ്റ് ചെയ്തോന്ന് ചോദിക്കാമോ?"
"ഇപ്പോഴോ, അവള് കല്യാണ പന്തലിലാ"
"എന്നാലും ഒരു കൊറിയല്ലേ"
"കൊറിയല്ല, ഇത് പ...പ..പന്തലില്‍ ചോദിക്കാന്‍ പറ്റില്ല" ഞാന്‍ ഉറപ്പിച്ച് പറഞ്ഞു.
"മൈമുനയോട് ഒന്ന് ചോദിക്കടാ" വിണ്ടും അവന്.
"എടാ, മൈ...മൈ..മൈമുനയോട് ഞാന്‍ ചോദിക്കില്ല"
ഫോണ്‍ കട്ടായി.
മൈമുനയുടെ വിവാഹവും കഴിഞ്ഞു.
തിരികെ പോകാനായി എച്ച്.ആര് വീണ്ടും ഓപ്ഷന് തന്നു..
"മനു കൂട്ടുകാര്‍ക്കൊപ്പം പോന്നോ അതോ ട്രെയിനീസിനു ഒപ്പം പോന്നോ?"
എനിക്ക് ഒട്ടും ആലോചിക്കാനില്ല.
"കൂട്ടുകാര്‍ക്കൊപ്പം"
"ട്രെയിനീസിനെ ഒന്നൂടെ കൊണ്ട് പോയി കൂടെ?"
"പറ്റില്ല"
"കാരണം?"
"കാരണം, ഞാനൊരു വികാര ജീവിയാണ്"
എന്തും സംഭവിക്കാം.
ചെര്‍പ്പളശ്ശേരിയിലെ കല്യാണം അങ്ങനെ കഴിഞ്ഞു.
വീണ്ടും റാംജിറാവു സ്പീക്കിംഗ്...
"അപ്പോ നീ നാടകം ബുക്ക് ചെയ്യാന്‍ വന്നതല്ലേ?"
"അല്ല, വാടകക്ക് ഒരു മുറി കിട്ടുമോന്ന് അറിയാന്‍ വന്നതാ"
"ഏതാ നാടെന്ന് പറഞ്ഞത്?"
"ചെര്‍പ്പളശ്ശേരി"
"അല്ലേലും, ഈ ചെര്പ്പളശ്ശേരിക്കാര്....."
ചരിത്രം ആവര്‍ത്തിക്കുന്നു.
ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..
All rights reserved
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com
27 comments:
ഇനി ജീവിതത്തിൽ ആരെയും കൊണ്ട് ഇത്തരം യാത്ര പോകില്ലല്ലോ... വികാര ജീവി രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ... :)
ഹ ഹ ... കിടു...
അങ്ങനെ വികാരജീവി ഒരു പാഠം പഠിച്ചു!
ആ ടി.ടി.ആറിന്റെ ജീവിതത്തിലെയും മറക്കാനാവാത്ത യാത്ര....
രസകരമായി പോസ്റ്റ്.
വലിയ രസമൊന്നുമില്ലയെന്ന് തുറന്ന് പറയുന്നു.
അജിത്ത് പറഞ്ഞത് വളരെ ശരിയാണ്.
ചിലരുടെ അനുഭവങ്ങള്‍ കേള് ക്കുമ്പോള് രസകരമാണ്.അത് എഴുതി വരുമ്പോള്‍ ചിലപ്പോള്‍ കേട്ടതിനേക്കാള്‍ രസകരമാകാം, ചിലപ്പോള്‍ മഹാബോറുമാകാം.എഴുതി ഒരുവട്ടം വായിക്കുമ്പോള്‍ അത്ര ബോറല്ല, വേണേല്‍ ഒന്ന് വായിക്കാം എന്ന് കരുതുന്നവയാണ് ഞാന്‍ ധൈര്യമായി പോസ്റ്റ് ചെയ്യുന്നത്.അതിനു ശേഷവും അജിത്തിനെ പോലുള്ള സുഹൃത്തുക്കള്‍ ബോറാണെന്ന് പറഞ്ഞ ഒന്നുരണ്ട് പോസ്റ്റുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
ഈ പോസ്റ്റ് ഏത് കാറ്റഗറിയാണ്?
മഹാബോറാണോ? അതോ ഒന്ന് വായിക്കാന്‍ പറ്റിയതാണോ?
മറുപടി കിട്ടിയാല്‍ ഇതിനെ തട്ടണോ അതോ സൂക്ഷിക്കണോന്ന് ഒരു തീരുമാനം എടുക്കാമായിരുന്നു.
:)
ഇന്നലെ രാത്രി ഫേസ്ബുക്കില്‍ ഓണ്‍ലൈന്‍ കണ്ടപ്പോ ഞാന്‍ പ്രതീക്ഷിച്ചതാ ഒരു പോസ്റ്റ്.
മോശം എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും അരുണേട്ടന്റെ നിലവാരമില്ല ഈ പോസ്റ്റിനെന്ന് തുറന്നു പറയുന്നു. പിന്നെ ട്രെയിന്‍ ടിക്കറ്റിലെ ഡേറ്റിന്റെ ആ സംഭവം ട്വിറ്ററിലൊക്കെ പലരും പല പ്രാവശ്യം പോസ്റ്റിയതായതു കൊണ്ട് ഇത്തിരി വിരസമാണെന്ന് മാത്രം. ഡിലീറ്റ് ചെയ്യണമെന്നൊന്നുമില്ല ഈ പോസ്റ്റ്
അരുൺ ചേട്ടാ ഇത് ഡിലീറ്റ് ചെയ്യുകയും ഒന്നും വേണ്ട, ഇതു വായിച്ച് ഞാൻ ഒരുപാട് ചിരിച്ഛു, സമാന അനുഭവങ്ങൾ ഉള്ളത് കൊണ്ടാവാം.. പിന്നെ കൊറിയും പ..പ.. പന്തലുമൊക്കെ എന്റെകഥയിലും ഉള്ളത് കൊണ്ടുമാവാം.. എനിക്കൊരുപാട് ഇഷ്ടമായി. ഡിലീറ്റണ്ടാ
ഇത് സോണിയ ചേച്ചി, രണ്ട് മാസം മുമ്പ് പൂര്ണ്ണത്തിലായി
ഞാനും ഇതു വായിച്ച് ഒരു പാട് ചിരിച്ചു..ഒരു പക്ഷേ അരുണിന്റെ മറ്റു പല പോസ്റ്റുകളെക്കാറേറെ....പിന്നെ ആസ്വാദ്യത ഒരോരുത്തർക്കും വ്യത്യസ്തമായിരിക്കുമല്ലൊ...
അരുണ്‍, വലിയ രസമൊന്നുമില്ലെന്നാണ് ഞാന്‍ പറഞ്ഞത്. സൂപ്പര്‍ ഫാസ്റ്റില്‍ ഒരു പുതിയ പോസ്റ്റ് എന്ന് പറയുമ്പോള്‍ ചില പ്രതീക്ഷകളൊക്കെയുണ്ട്. അതെങ്ങിനെയാണുണ്ടായതെന്ന് വച്ചാല്‍ മുമ്പ് എഴുതിയിരുന്ന പോസ്റ്റുകളൊക്കെ വായിച്ച് അരുണിന്റെ എഴുത്തുരീതിയെപ്പറ്റിയും കാലിബറിനെപ്പറ്റിയുമൊക്കെ ഒരു ധാരണ ഉള്ളതുകൊണ്ടുമാണ്. ആ രീതിയില്‍ നോക്കുമ്പോള്‍ ഈ രചന വലിയ ഒരു വായനാസുഖം തന്നില്ല. പിന്നെ പഥികന് പറഞ്ഞതുപോലെ ആസ്വാദ്യത വ്യത്യസ്ഥനിലവാരത്തിലല്ലേ. അതുകൊണ്ട് എനിക്ക് വലിയ ഹരമായിത്തോന്നാത്തത് മറ്റൊരാളിന് രസകരമായി തോന്നുകയും ചെയ്യും. ഈ രചന, മഹാബോറല്ല. എന്നാല്‍ പരിസരം മറന്ന് ലയിക്കാന്‍ മാത്രം, അറിയാതെ ഒന്ന് പൊട്ടിച്ചിരിക്കാന്‍ മാത്രം രസകരവുമല്ല്ല. അതാണ് എന്റെ തുറന്ന അഭിപ്രായം. തുടര്‍ന്നും കാണാം.
Good presentation and humorous narrative!
അരുണ്‍ ഭായ്...ഭായിടെ മറ്റുള്ള പോസ്റ്റുകളുടെ ലെവലിലേക്കെത്തിയില്ല എന്നെനിക്കും തോന്നി...ഡിലീറ്റ് ചെയ്യുകയൊന്നും വേണ്ട...പലര്‍ക്കും പല കാഴ്ചപ്പാടല്ലേ...? ഓള് ദി ബെസ്റ്റ്..
അരുണ്‍ ചേട്ടാ... താങ്കളുടെ ബ്ലോഗിനെ പറ്റി ഒരുപാട് മലയാളികളോട് പറഞ്ഞിട്ടുള്ള ഒരു വ്യക്തി എന്ന നിലയില്‍ ഇത് അത്ര പോര എന്നതായിരുന്നു മനസ്സില്‍ ആദ്യം ഓടിയത്.
മറ്റു പോസ്റ്റുകളെ അപേക്ഷിച്ചു തമാശ കുറവ് തന്നെ. പക്ഷെ എഴുതുന്ന എല്ലാത്തിലും തമാശ വേണം എന്നില്ലല്ലോ. അനുഭവങ്ങള്‍ തുടര്‍ന്നും എഴുതുക. ഇത് എന്തായാലും ഡിലീറ്റ് ചെയ്യേണ്ട ട്ടോ...
അങ്ങനെ പവനായി ശവമായി..!!
ഈ ടിക്കറ്റ് ബുക്കിംഗ് അമളി പലര്‍ക്കും സംഭവിക്കുന്നതാ....
:D
രസകരമായ അവതരണം,,
കണ്ണൂരിൽ ഒരു സ്ഥലം ഉണ്ട് ‘കുളം ബസാർ’
അവിടെ എത്തിയാൽ ബസ്സിലെ കിളി വിളിച്ച് കൂവും,
‘കുളത്തിലിറങ്ങിക്കൊ’
ഡിലീറ്റ് ചെയ്യുകയൊന്നും വേണ്ട. ആ അരുൺ ശൈലി വേണ്ടത്ര പ്രകാശിച്ചില്ലെന്നെയുള്ളൂ.
Kidu mone kidu
കൊള്ളാം അരുണ്‍ ചേട്ടാ.....സൂപര്‍
ഹ ഹ ചിരിച്ചു...
ഹിന്ദി ഇതു കൊണ്ടാണു എനിക്കും തീരെ ഇഷ്ടമല്ല
ചിരിപ്പിച്ചു, അരുണ്‍...
സംഗതി കലക്കി :)
ഡിലീറ്റ് ചെയ്യുകയാണ് ഉചിതം..
കൊള്ളാം ചിരിപ്പിച്ചു.... ബോറയിട്ടെ ഒട്ടും തോന്നിയില്ല...
വളരെ വൈകിയാണ് ഈ ബ്ലോഗില്‍ എത്തിപ്പെട്ടതെങ്കിലും വളരെ പെട്ടന്ന് തന്നെ ഞാന്‍ താങ്കളുടെ ഒരു ഫാനായി.. ആശംസകള്‍!!
നല്ല രസത്തോടെ വായിചിരിക്കാന്‍ പറ്റിയത് ...
അരുണിൽ നിന്നും പ്രതീക്ഷിക്കുന്നത് കിട്ടിയില്ലെന്നു വച്ച് അരുൺ അരുണല്ലാണ്ടാവ്വോ..?! മനു മനു തന്നെ.. ആശംസകൾ...
ട്രെയിനീസിന്റെ നേതാവ് ആതിര ആ പെണ്‍കുട്ടിയെ എനിക്ക് ഫോര്മ്മലായി പരിചയപ്പെടുത്തി തന്നു:
"ഇത് സോണിയ ചേച്ചി, രണ്ട് മാസം മുമ്പ് പൂര്ണ്ണത്തിലായി"
തിരികെ ഞാന്‍ സ്വയം പരിചയപ്പെടുത്തി:
"ഞാന്‍ മനു, ജനിച്ചപ്പഴേ പൂര്ണ്ണത്തിലാ"
"അയ്യോ, ഞാന്‍ പറഞ്ഞ പൂര്‍ണ്ണം ചേച്ചി വര്‍ക്ക് ചെയ്യുന്ന കമ്പനിയുടെ പേരാ" ആതിരയുടെ വിശദീകരണം.
ശ്ശെടാ!!
അതാരുന്നോ??
"യെ മേരാ കമരാ ഹൈ"
ഇത് എന്റെ കമരയാണ്!!!
അറിയാവുന്ന രീതിയില്‍ പറഞ്ഞപ്പോ ഒരുത്തി അത് തിരുത്തി:
"ചേട്ടാ, കമരാന്ന് പറഞ്ഞാ കട്ടിലാ"
"അയ്യോ അല്ല, അത് മുറിയാ" അടുത്തവള്‍.
"മുറി, ഘര്‍ അല്ലേ?" ആദ്യത്തവള്‍
"ഘര്‍ വീടാ"
എനിക്ക് ആകെ തലപെരുത്തു, ഞാന്‍ വാചകം മാറ്റി:
"യെ മേരാ, കംപാര്‍ട്ട്മെന്റ് ഹൈ"
"നഹിം, മേരാ ഹൈ" സിക്കുകാരന്.
"ഹരേ സാര്‍, യെ മേരാ കംപാര്‍ട്ട്മെന്റ് ഹൈ, വോ ബോലാ വോരാ കംപാര്‍ട്ട്മെന്റ് ഹൈ"
തിരിഞ്ഞ് സിക്കുകാരനോടായി എന്റെ ദുരവസ്ഥ പറഞ്ഞു:
"ഹരേ ബായി, മേരെ പാസ്സ് ലഡ്കിയാം ഹൈ.രാത് മേം ഹം കോ സോനേ കേലിയെ കംപാര്‍ട്ട്മെന്റ് ചാഹിയേ"
"താനെന്തുവാടോ പറയുന്നത്?" ടി.ടി.ആറിനു അത്ഭുതം.
"ചേട്ടന്റെ കൈയ്യി ലഡുവുണ്ടെന്നും, രാത്രിയില്‍ സോണിയക്ക് കംപാര്‍ട്ട്മെന്റില്‍ ചായ വരുമോന്നുമല്ലേ ചോദിച്ചത്" ആതിരയുടെ അണ്ടര്‍സ്റ്റാന്‍ഡിംഗ് അവള് വ്യക്തമാക്കി.
കടവുളേ!!
ചെവി പൊത്തി കൊണ്ട് ടി.ടി.ആറിനു അര്‍ത്ഥം വിശദമാക്കി:
"കൂടെ പെണ്‍കുട്ടികളുള്ള കൊണ്ട് രാത്രി കിടക്കാന്‍ ഈ കംപാര്‍ട്ട്മെന്റ് തന്നെ വേണമെന്ന് പറഞ്ഞതാ"
"അത് താന്‍ കരുതിയ അര്‍ത്ഥം, ശരിക്കുള്ള അര്‍ത്ഥം വേറെയാ"
ടി.ടി.ആര് അത് വിശദമാക്കി തന്നു...
ഞാനേയ് നല്ല രസമുള്ള ഭാഗങ്ങളിങ്ങ്ട് കോപ്പീത് ഇടാ ന്ന് വച്ചു, അപ്പൊ നോക്കുമ്പോ എല്ലാ ഭാഗൂം ടോപ്പാ. പിന്നെ പോസ്റ്റ് മുഴുവൻ പേസ്റ്റാൻ പറ്റുമോ ? അത് മോശമല്ലേ ? അപ്പോ ഏറ്റവും രസമായ,എനിക്കിഷ്ടമായ ഒന്ന് രണ്ട് ഭാഗം ങ്ങ്ട് എടുത്തു. നന്നായിട്ട്ണ്ട് ട്ടോ. ആശംസകൾ.
Post a Comment