For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ഉല്‍പ്രേക്ഷ മരിക്കുന്നില്ല



പുറമേ കല്യാണം എന്ന് ഒറ്റ വാക്കില്‍ പറയാമെങ്കിലും, ആണ്‍ വീട്ടുകാരും പെണ്‍ വീട്ടുകാരും അതിനായി പിന്‍തുടരേണ്ട ചടങ്ങുകള്‍ വ്യത്യസ്തമാണ്.ഈ വിഭാഗിയത വിവാഹം കഴിക്കാന്‍ ആലോചിക്കുന്ന സമയത്ത് തന്നെ പ്രത്യക്ഷമാകുന്നു.ഉദാഹരണത്തിനു പെണ്ണ്‌ കാണല്‍ ചടങ്ങ്...
പെണ്‍കുട്ടി ഒരുങ്ങി വീട്ടില്‍ നില്‍ക്കുന്നു, ആണ്‍കുട്ടി അവരെ കാണാന്‍ വരുന്നു.
മലയാള സിനിമയില്‍ സ്ഥിരം കാണുന്ന സംഭവം...
സിനിമ നിരൂപകരുടെ ഭാക്ഷയില്‍ ക്ലീഷേ!!
ഒരു പുതുമക്ക് വേണ്ടി ആണ്‍കുട്ടി ഒരുങ്ങി നില്‍ക്കാനും, പെണ്‍കുട്ടി അവനെ കാണാന്‍ വരുന്നതുമായി ചിത്രീകരിക്കാന്‍ ഒരു സിനിമക്കാരനും തയ്യാറല്ല, അതേ പോലെ ഇങ്ങനെ ഒരു പുതുമ ജീവിതത്തില്‍ വരുത്താന്‍ നമ്മുടെ സമൂഹ വ്യവസ്ഥിതിയും തയ്യാറല്ല.
ഓര്‍ക്കുക, ക്ലീഷേ എന്നും ക്ലീഷേ ആണ്.

ഇതൊക്കെ വ്യക്തമായി അറിയാവുന്നതിനാലാവാം എന്‍റെ ഭാര്യാപിതാവ്, സ്വന്തം മകനു അതായത് എന്‍റെ അളിയനു കല്യാണം കഴിക്കാന്‍ പറ്റിയ ഒരു പെണ്‍കുട്ടിയെ കണ്ടെടുക്കാനുള്ള ചുമതല എന്നെ ഏല്‍പ്പിച്ചത്.
സന്തോഷത്തോടെ ആ ദൌത്യം ഞാനേറ്റു...
മനുവിതാ, പെണ്ണിനെയും തേടി.

ആദ്യം മാട്രി മോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു, ആയിരം രൂപ അവന്‍മാര്‍ക്ക് വായ്ക്കരിയിട്ടു.കുറ്റം പറയരുത് ഒരു സെറ്റ് ഫോണ്‍ നമ്പര്‍ അവര്‍ തിരികെ അയച്ചു തന്നു, കൂടെ കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ ഉള്ളവരുടെ ലിസ്റ്റാണെന്ന ഒരു കുറിപ്പും, ഇത്രേം ഫോണ്‍ നമ്പര്‍ നിങ്ങള്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ മാത്രമേ ഉള്ളെന്ന് ഒരു അവകാശവാദവും.
എനിക്ക് ആ അവകാശവാദം ഇഷ്ടപ്പെട്ടില്ല.
ആലപ്പുഴ ടെലിഫോണ്‍ ഡയറക്റ്ററിയില്‍ ഇതില്‍ കൂടുതല്‍ ഫോണ്‍ നമ്പര്‍ ഉണ്ടെന്ന് ഞാന്‍ മറുപടിയയച്ചു.ആ ചാപ്റ്റര്‍ അങ്ങനെ കഴിഞ്ഞു.

അടുത്ത അറ്റംപ്റ്റ് നാട്ടിലുള്ള ഒരു ലോക്കല്‍ മാട്രിമോണിയല്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുക എന്നതായിരുന്നു.അഞ്ഞൂറ്‌ രൂപ പോയെങ്കിലും, അതിനു ഗുണമുണ്ടായി, പത്ത് പെണ്‍കുട്ടികളുടെ ഗ്രഹനിലയും, ഫോട്ടോയുടെ സെറാക്സ്സ് കോപ്പിയും അപ്പോള്‍ തന്നെ കൈയ്യില്‍ കിട്ടി.
വിജയീ രൂപത്തില്‍ വീട്ടിലേക്ക്...
പത്ത് ഫോട്ടോയും കണ്ട് ഭാര്യാ വീട്ടുകാര്‌ ഞെട്ടി.ഈ പത്ത് പെണ്‍കുട്ടികളേയും അവര്‍ക്ക് അറിയാമത്രേ, ഇവരുടെയൊക്കെ കല്യാണം നേരത്തെ കഴിഞ്ഞതാണ്‌ പോലും.
ആകെ ചമ്മി.
അബദ്ധം മറയ്ക്കാന്‍ പത്ത് പെണ്‍കുട്ടികളുടെയും വീട്ടില്‍ വിളിച്ച് പെണ്‍കുട്ടിയെ കെട്ടിച്ച് വിടാനുണ്ടോന്ന് അന്വേഷിച്ചു, കൂട്ടത്തില്‍ ഫോണ്‍ നമ്പരും ഫോട്ടോയും തന്ന ഓഫീസിന്‍റെ അഡ്രസ്സും കൊടുത്തു, അങ്ങനെ ഒരു സത്കര്‍മ്മം പൂര്‍ത്തിയാക്കി.ഒരാഴ്ചക്ക് ശേഷം ചില ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലം ആ ഓഫീസ് അടച്ച് പൂട്ടിയെന്ന് ഒരു വാര്‍ത്ത കേട്ടു, എന്താണ്‌ കാരണമെന്ന് ഞാന്‍ അന്വേഷിച്ചുമില്ല, ആരും പറഞ്ഞുമില്ല.

ഈ സംഭവ വികാസങ്ങളില്‍ നിന്ന് അളിയന്‍ ദീപുവിനു പെണ്‍കുട്ടിയെ കണ്ടെത്തുന്നത് ചന്തയില്‍ പോയി മീന്‍ വാങ്ങും പോലെ എളുപ്പമുള്ള പണിയല്ലെന്ന് ബോധ്യമായി.കല്യാണപ്രായമായെങ്കിലും കണ്ടാല്‍ ഒരു കൊച്ചു പയ്യന്‍റെ ലുക്കുള്ള അളിയനു പറ്റിയെ പെണ്‍കുട്ടിയെ അച്ഛന്‍ തന്നെ കണ്ട് പിടിച്ചോളാന്‍ പറഞ്ഞ് ഞാന്‍ തടിയൂരി..
എ ഗ്രേറ്റ് എസ്ക്കേപ്പ്!!
എന്‍റെ ഈ രക്ഷപെടലിന്‍റെ അനന്തര ഫലമായിരുന്നു ഒരു ശനിയാഴ്ച വൈകുന്നേരം ഗേറ്റ് തുറന്ന് അയാള്‍ വീട്ടിലേക്ക് വന്നത്.വന്നപാടെ വെറ്റിലക്കറയുള്ള പല്ല്‌ കാട്ടി വെളുക്കെ ചിരിച്ച് കൊണ്ട് അദ്ദേഹം സ്വയം പരിചയപ്പെടുത്തി:
"മുന്നാനാ"
"എവിടെ?"
"എന്ത്?"
"മൂന്ന് ആന?"
"അയ്യോ, അല്ല. മുന്നാനാ, ബ്രോക്കര്‍"
കഥാപാത്രം വീട്ടിലേക്ക്...

തിരുവനന്തപുരത്തിനടുത്തൊരു പെണ്‍കുട്ടി ഉണ്ടത്രേ, ഏതോ കൊട്ടാരത്തിലെ ആണ്‌ പോലും.തുടര്‍ന്ന് അവളെ മൂന്നാനൊന്ന് വര്‍ണ്ണിച്ചു:

"ഉഡുരാജമുഖി, മൃഗരാജ കടി
ഗജരാജവിരാജിത മന്ദഗതി"

തുടര്‍ന്ന് മൂന്നാന്‍ ഞങ്ങളെ ഒന്ന് നോക്കി...
മനസിലായോ??
ഉവ്വ.
ഉഡുവിലെ രാജാവിനെ പോലെ മീശയുള്ള മുഖമുള്ളവളും, മൃഗരാജനെ പോലെ കടിക്കുന്നവളും, ഗജരാജനെ പോലെ മന്ത് ഉള്ളവളും, അങ്ങനെ ആകെ ഒരു ഗതിയുമില്ലാത്തവളുമാണ്‌ പെണ്‍കുട്ടി എന്നല്ലേ?
അയ്യോ, അര്‍ത്ഥം അതല്ല.
പിന്നെ??
ഉഡുരാജമുഖി(നക്ഷത്രങ്ങളുടെ രാജാവായ ചന്ദ്രന്‍റെ മുഖമുള്ളവള്‍), മൃഗരാജ കടി (മൃഗരാജാവായ സിംഹത്തിന്‍റെ പോലെ ഒതുങ്ങിയ അരക്കെട്ട് ഉള്ളവള്‍), ഗജരാജവിരാചിത മന്ദഗതി (ആനയുടെ നടപ്പ് പോലെ പതിയെ സഞ്ചരിക്കുന്നവള്‍).
ഹരേ സബാഷ്, വാട്ട് എ ഗേള്‍!!

ഈ പെണ്‍കുട്ടിയുടെ ഗ്രഹനിലയാണെങ്കില്‍ ദീപുവിന്‍റെ ഗ്രഹനിലയുമായി നല്ല ചേര്‍ച്ചയും.മൊത്തത്തില്‍ എല്ലാവര്‍ക്കും താല്പര്യമായി, അത് കണ്ടപ്പോള്‍ മൂന്നാനു പ്രൊസീഡ് ചെയ്യാനായി ദീപുവിന്‍റെ ഒരു ഫൊട്ടൊ വേണമെന്നായി.അച്ഛന്‍ ഫോട്ടോ കൊണ്ട് കൊടുത്തു, മെലിഞ്ഞ് ഉണങ്ങിയ ദീപുവിന്‍റെ ഒരു പഴയ ഫോട്ടോ.
ഒരു നിമിഷം...
മൂന്നാന്‍റെ മുഖത്തെ ചിരി മാഞ്ഞു.
അയാള്‍ പതിയെ പുറത്തേക്കിറങ്ങി...

ഗേറ്റ് വരെ നടന്ന മൂന്നാന്‍ അവിടെ നിന്നു, എന്നിട്ട് എന്നോടൊന്ന് അടുത്തേക്ക് വരാന്‍ ആഗ്യം കാട്ടി.അപ്രകാരം അടുത്തേക്ക് ചെന്ന എന്നോട് അയാള്‍ പറഞ്ഞു:
"അളിയനെ കുറിച്ച് ഒരു കാര്യം അറിഞ്ഞാല്‍ കൊള്ളാമായിരുന്നു, അവിടെ വച്ച് ചോദിക്കാന്‍ ഒരു മടി...."
ഗായത്രിയുടെയും അച്ഛന്‍റെയും അമ്മയുടെയും മുമ്പില്‍ വച്ച് ചോദിക്കാന്‍ മടിക്കുന്ന ആ ചോദ്യം എന്തെന്ന് അറിയാതെ അമ്പരന്ന് നിന്ന എന്നോട് അയാള്‍ ചോദിച്ചു:
"പയ്യനു പുഷ്ടിയുണ്ടോ?"
ഞാന്‍ ഒന്നും മിണ്ടിയില്ല.
പുഷ്ടിയോ??
അതെന്ത് സാധനം??
നെറ്റിയില്‍ ചന്ദനക്കുറിയുണ്ടോ, ദേഹത്ത് പൂണൂലുണ്ടോ എന്നൊക്കെ പറയും പോലെ എന്തേലുമാണോ, അതോ കൈയ്യും കാലും പോലെ എന്തേലുമാണോ?
ഒരു പക്ഷേ ഈ പുഷ്ടി.....
ഛേ, ഛേ, അതായിരിക്കില്ല!!!
"പറയൂ, പയ്യനു പുഷ്ടിയുണ്ടോ?" മൂന്നാന്‍റെ ചോദ്യം വിചാരങ്ങളില്‍ നിന്ന് ഉണര്‍ത്തി.
"ഉണ്ട്, പുഷ്ടിയുണ്ട്" രണ്ടും കല്‍പ്പിച്ച് ഞാന്‍ മറുപടി നല്‍കി.
"ഉണ്ടന്നോ?" അയാളുടെ മുഖത്ത് അങ്കലാപ്പ്.
ശെടാ, പ്രശ്നമായോ??
ആണ്‍കുട്ടികള്‍ക്ക് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത എന്തെങ്കിലുമാണോ ഈ പുഷ്ടി??
എനിക്ക് ആകെ ഡൌട്ടായി!!

"എനിക്ക് തോന്നുന്നില്ല പുഷ്ടി ഉണ്ടെന്ന്.പെണ്‍വീട്ടുകാര്‍ക്ക് പുഷ്ടി നിര്‍ബന്ധമാ, എന്തായാലും ഞാനൊന്ന് ശ്രമിക്കട്ടെ"
ദീപുവിന്‍റെ ഫോട്ടോ നോക്കി ഇത്രയും പിറുപിറുത്തിട്ട് അയാള്‍ യാത്രയായി.തിരികെ ഹാളിലെത്തിയപ്പോള്‍ അമ്മ ചോദിച്ചു:
"എന്തിനാ അയാള്‍ വിളിപ്പിച്ചത്?
"അത് പിന്നെ പുഷ്..പുഷ്.." പറയാന്‍ വന്നത് വിഴുങ്ങി.അര്‍ത്ഥമറിയാതെ പറയുന്നത് ഉചിതമല്ലെന്ന് ഉറപ്പിച്ചു.
"പുഷ്...?" അമ്മ വിടാന്‍ ഭാവമില്ല.
കുരിശായി.
ആകാംക്ഷയോട് നില്‍ക്കുന്ന അമ്മയുടെ മുഖത്ത് നോക്കാതെ മറുപടി നല്‍കി:
"പുഷ് പുള്ളിലാണോ അതോ കാറിലാണോ ചെല്ലുന്നതെന്ന് ചോദിച്ചതാ"
വിശ്വാസമാകാത്ത രീതിയില്‍ എന്നെ നോക്കിയിട്ട് അമ്മ ചോദിച്ചു:
"കാറില്‍ പോയാ പോരേ?"
മതി, അത് മതി.

വൈകുന്നേരത്തിനകം പുഷ്ടി എന്നത് കൊണ്ട് ഓജസ്സും, തേജസ്സും, ആരോഗ്യവും, അത്യാവശ്യം വണ്ണവുമുള്ള ഒരു ശരീരമാണ്‌ മൂന്നാന്‍ ഉദ്ദേശിച്ചതെന്ന് മനസിലായി.അപ്പോഴാണ്‌ ദീപു ബാംഗ്ലൂരില്‍ നിന്ന് വിളിച്ചത്, മറ്റ് വിവരങ്ങളെല്ലാം അച്ഛനില്‍ നിന്ന് മനസിലാക്കിയ അവനു ഒരു കാര്യം മാത്രം അറിഞ്ഞാല്‍ മതിയാരുന്നു:
"ചേട്ടനെ മാറ്റി നിര്‍ത്തി ആ മൂന്നാന്‍ എന്താ ചോദിച്ചത്?"
സത്യസന്ധമായി മറുപടി നല്‍കി:
"നിനക്ക് പുഷ്ടി ഉണ്ടോന്ന് ചോദിച്ചതാ"
മറു ഭാഗത്ത് നിശബ്ദത.
അവനെ ആശ്വസിപ്പിക്കാനായി ഞാന്‍ പറഞ്ഞു:
"പേടിക്കണ്ട, ഞാന്‍ ഉണ്ടെന്ന് പറഞ്ഞു"
വീണ്ടും നിശബ്ദത.
"എടാ ദീപു, എന്ത് പറ്റി?"
ദയനീയ സ്വരത്തില്‍ മറുപടി:
"ഒന്നുമില്ലേലും ഞാനൊരു ആണ്‍കുട്ടിയല്ലേ ചേട്ടാ, എനിക്ക് പുഷ്ടി കാണുമെന്ന് അയാള്‍ക്ക് അറിയില്ലേ"
അളിയന്‍ തെറ്റിദ്ധരിച്ചോന്ന് ഒരു സംശയം!!
ഇത് ഉല്‍പ്രേക്ഷയാവാനാ ചാന്‍സ്...
മറ്റൊന്നില്‍ ധര്‍മ്മയോഗത്താല്‍ അത് താനല്ലിയോ ഇതെന്ന് വര്‍ണ്യത്തിലാശങ്ക.
"അയാള്‍ക്കില്ലേ പുഷ്ടി, ചേട്ടനില്ലേ പുഷ്ടി, അപ്പോ എനിക്കും കാണില്ലേ?" അളിയന്‍ എഗൈന്‍ സ്ടൈക്ക്ഡ്.
കര്‍ത്താവേ!!!
ഇത് ഉല്‍പ്രേക്ഷ തന്നെ.
കൈ വിട്ട് പോകാതിരിക്കാന്‍ പെട്ടന്ന് ഞാന്‍ വിശദീകരിച്ചു:
"ദീപു, പുഷ്ടിന്ന് പറഞ്ഞാല്‍ ഓജസ്സും തേജസ്സും ആരോഗ്യവുമാണ്"
മറുഭാഗത്ത് അതിശയം:
"അയ്യോ, അത്രേ ഉള്ളോ?"
അതേ, അത്രേ ഉള്ളു!!!
"ഞാന്‍ കരുതി...."
വേണ്ടാ, വേണ്ടാ, നീ കരുതിയതൊന്നും ഇവിടെ പറയേണ്ട....
ഉല്‍പ്രേക്ഷയാ അത്, ഉല്‍പ്രേക്ഷ.
ഫോണ്‍ കട്ടായി.

പെണ്ണ്‌ കൊട്ടാരത്തിലെ ആയതിനാലാവും സൈന്യത്തിനു കുറവൊന്നും വേണ്ടാന്ന് കരുതി അപ്പച്ചിമാരും, അമ്മാവിമാരും, കുഞ്ഞമ്മമാരും, ഗായത്രിയും, അച്ഛനുമമ്മയും, അമ്മാവനും പിന്നെ ഞാനും ദീപുവും കൂടിയാണ്‌ പെണ്ണ്‌ കാണാന്‍ പോയത്.വണ്ടിയിലിരുന്നപ്പോ അമ്മ എന്നോട് പറഞ്ഞു:
"ആ പദ്യം ഒന്നു പറ മോനേ"
"ഏത് പദ്യം"
"പെണ്ണിന്‍റെ പദ്യം"
ആദ്യം അമ്പരന്നെങ്കിലും ഒടുവില്‍ പാടി:
"ഉഡുരാജമുഖി, മൃഗരാജ കടി
ഗജരാജവിരാജിത മന്ദഗതി"
"ഇതാ പെണ്ണ്" അമ്മയുടെ കണ്‍ഫര്‍മേഷന്‍.
എല്ലാം മനസിലായ മട്ടില്‍ സ്ത്രീ ജനങ്ങള്‍ തലകുലുക്കി, എന്നാ ഒരു കുന്തവും അവര്‍ക്ക് മനസ്സിലായില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.കാരണം അവരുടെ നാവിലെല്ലാം ആ പദ്യമായിരുന്നു...
"ഉഡു രാജ മുഖി...."

പെണ്‍കുട്ടി ചായയുമായി വരുന്ന വരെ പദ്യത്തെ പറ്റി എല്ലാവരെയും പോലെ എനിക്കും ഒരു മതിപ്പുണ്ടായിരുന്നു, വന്ന രൂപം ചായ തന്നിട്ട് കുറ്റിയടിച്ച് ഒരേ നില്‍പ്പ് നിന്നപ്പോ ശരീരമാസകലം ഒരു പെരുപ്പ് കേറി.ഇത്രേം വൃത്തികെട്ട ഒരു രൂപം ഈ അടുത്ത കാലത്ത് ഞാന്‍ കണ്ടിട്ടില്ലേ.
"ഇതാണ്‌ രാജകുമാരി" മൂന്നാന്‍റെ പരിചയപ്പെടുത്തല്‍.
എല്ലാവരും വിശ്വാസം വരാതെ പരസ്പരം നോക്കി.
"അല്ല മോനേ, ആ പദ്യം....!!" അമ്മ രഹസ്യമായി ചോദിച്ചു.
"ഒന്നു ഷഫിള്‍ ചെയ്താ മതി, പദ്യം ശരിയാകും" എന്‍റെ മറുപടി.
"എങ്ങനെ?"

"മൃഗരാജമുഖി, ഗജരാജ കടി
ഉഡുരാജവിരാചിത മന്ദഗതി"

സിംഹത്തിന്‍റെ മുഖവും, ആനയുടെ വയറുമായി, ചന്ദ്രനെ പോലെ കുറ്റിയടിച്ച് നില്‍ക്കുന്നവള്‍....
ഹോ, വാട്ട് എ ഗേള്‍!

"ഒന്നിങ്ങട്ട് വരിക"
ഒരു കാരണവരുടെ ശബ്ദമാണ്‌ ഞങ്ങളെ ഞെട്ടലില്‍ നിന്ന് ഉണര്‍ത്തിയത്.അങ്ങേര്‌ കതകിനു അരുകില്‍ നിന്ന് ദീപുവിനെ നോക്കിയാണ്‌ വിളിച്ചത്.ദീപു അമ്പരപ്പോടെ എന്നെ നോക്കി...
ആരാദ്?
ഫ്രണ്ട്സിലെ ജഗതിയുടെ ഡയലോഗാണ്‌ വായില്‍ വന്നത്...
"ഇത് കൊട്ടാരമാണ്, ഇവിടുള്ളതെല്ലാം തമ്പുരാക്കന്‍മാരാണ്, ചെന്നാട്ടെ"
അയാള്‍ക്ക് പിറകെ നടന്ന ദീപു ദയനീയമായി എന്നെ ഒന്ന് നോക്കി.പാവം തോന്നിയട്ട് കൂടെ ചെല്ലാനായി ഞാനും എഴുന്നേറ്റു.അത് കണ്ടിട്ടാകണം കാരണവര്‍ എന്നെയും ദീപുവിനെയും മാറിമാറി നോക്കി.
ഫ്രണ്ട്സിലെ ഒരു സീന്‍ കൂടി ഓര്‍മ്മ വന്നു...
ഇത് ഏതാ ഈ കാട്ടുമാക്കം??
അത് എന്‍റെ അളിയനാണു രാജാവേ!!!
എന്നാല്‍ മനസില്‍ കരുതിയത് പോലെ ഒന്നും സംഭവിച്ചില്ല, രാജാവു പറഞ്ഞു:
"മനുവിനും വരാം"
എങ്ങോട്ടാണ്‌ കാരണവരുടെ കൂടെ ഞങ്ങള്‍ പോകുന്നതെന്ന് ആലോചിച്ച് തല പുകക്കുന്ന കുറേ മനുഷ്യജന്മങ്ങളെ കണ്ടില്ലെന്ന് നടിച്ചു കൊണ്ട് കൊട്ടാരത്തിനകത്തേക്ക്.....

ഒരു നിലവറക്ക് മുന്നിലാണ്‌ ആ നടപ്പ് അവസാനിച്ചത്.അവിടെയെത്തിയപ്പോള്‍, ഷര്‍ട്ടും പാന്‍സുമിട്ട് ടൈയ്യും കെട്ടി, ഒരു ഷൂസ്സും വലിച്ചു കേറ്റി സെയില്‍സ്മാന്‍ ഇന്‍റര്‍വ്യൂവിനു പോണപോലെ പെണ്ണ്‌ കാണാന്‍ വന്ന ദീപുവിനോടായി അദ്ദേഹം പറഞ്ഞു:
"പുഷ്പ പാദുകം പുറത്ത് വയ്ക്കു, നഗ്നപാദനായ് കടന്ന് വരു"
എന്താ? ദീപു എന്നെ നോക്കി.
"സോക്സ്സ് ഊരാന്‍"
"ആ വലിയ കോണകം ഊരി ആ ശീല ചുറ്റു" വീണ്ടും രാജാവ്.
ദീപു നോക്കുന്നതിനു മുമ്പേ ഞാന്‍ പറഞ്ഞു കൊടുത്തു:
"പാന്‍സ് മാറ്റി ആ മുണ്ടുടുക്കാന്‍"
അയയില്‍ നിന്ന് രാജാവ് കാണിച്ച് തന്ന മുണ്ടുടുത്ത് ദീപു വന്നപ്പോള്‍ ഞങ്ങള്‍ അകത്തേക്ക് കയറാന്‍ തയ്യാറായി.അപ്പോള്‍ അദ്ദേഹം പറഞ്ഞു:
"ഒരു ക്ഷേത്രത്തിലേക്കാണ്‌ കയറുന്നതെന്ന് കരുതുക, ഷര്‍ട്ട് പാടില്ല."
അങ്ങനെ ഒറ്റമുണ്ടുമായി രണ്ട് ജന്മങ്ങള്‍ രാജാവിനൊപ്പം അകത്തേക്ക്...

നിലവറക്ക് അകവശം.
ചന്ദനത്തിരിയുടെ സുഗന്ധം.
പട്ടിട്ട പീഠത്തിലായി ഒരു ദേവീ രൂപം, അതിനു മുന്നിലായി തെളിഞ്ഞ് കത്തുന്ന നിലവിളക്ക്, അതിനും മുന്നിലായി മഞ്ഞ പട്ടില്‍ നിലത്ത് വച്ചിരിക്കുന്ന ഒരു ത്രിശൂലം.
ആകെ നിശബ്ദത.
എന്തിനാണ്‌ ഞങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നത്??
ഞാനും ദീപുവും അമ്പരന്ന് നോക്കി.
അത് കണ്ടാകാം ആ ശൂലം ചൂണ്ടി കാരണവര്‍ പറഞ്ഞു:
"ഇത് ദേവിയുടെ ശൂലമാ, കൊടിയേറ്റിനു ഈ ശൂലമെടുക്കേണ്ടത് ഇവിടുത്തെ കുമാരിയെ കല്യാണം കഴിക്കുന്ന ആളാണ്.നല്ല പുഷ്ടിയുള്ളവര്‍ക്കേ ഇതുയര്‍ത്താന്‍ പറ്റു...."
ഒന്ന് നിര്‍ത്തിയട്ട് അദ്ദേഹം തുടര്‍ന്നു...
"ഉയര്‍ത്താന്‍ പറ്റുമോന്ന് അറിയാന്‍ ഇതേ തൂക്കമുള്ള ആ ശൂലമൊന്ന് ദീപു എടുത്തേ"
കാരണവര്‍ ചൂണ്ടിയ ഭാഗത്ത് പട്ടില്‍ ഇരിക്കുന്ന ശൂലം പോലത്തെ വേറൊരു ശൂലം!!
നിസ്സാരഭാവത്തില്‍ അതുയര്‍ത്താന്‍ നോക്കിയ ദീപുവിന്‍റെ ചുവടു പിഴക്കുന്നത് ഞാന്‍ കണ്ടു.ശൂലവുമായി ദീപു വീഴുന്നതിനു മുമ്പേ രണ്ട് കൈ കൊണ്ടും ഞാനത് പിടിച്ചെടുത്തു...
ഭയങ്കര ഭാരം!!
ഒരു വിധത്തില്‍പഴയ സ്ഥാനത്ത് വച്ചു തിരിഞ്ഞ് നോക്കിയപ്പോ കാരണവരുടെ മുഖത്ത് മ്ലാനത.
ഒന്നും മിണ്ടാതെ പുറത്തേക്ക്...

ഞങ്ങള്‍ നിലവറയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ സമയത്ത് തന്നെയാണ്, ഞങ്ങളുടെ ഒപ്പം വന്ന സ്ത്രീ ജനങ്ങള്‍ കൊട്ടാരം കാണാന്‍ അകത്തേക്ക് വന്നത്.മുണ്ട് മാത്രമുടുത്ത് ഞങ്ങള്‍ കാരണവരോടൊപ്പം നിലവറയില്‍ നിന്ന് ഇറങ്ങി വരുന്നത് കണ്ട് അവര്‍ അമ്പരന്ന് നിന്നു.അത് കണ്ടിട്ടാവാം കൂടെ വന്ന കാരണവര്‍ പറഞ്ഞു:
"ദീപുവിനു പുഷ്ടി ഉണ്ടോന്ന് നോക്കാന്‍ പോയതാ"
എല്ലാവരുടെയും ചിരി മാഞ്ഞു.
ഒറ്റമുണ്ടുടുത്ത് നില്‍ക്കുന്ന ദീപുവിലേക്ക് എല്ലാവരുടെയും നോട്ടം തറച്ചു.എവിടെയോ ഒരു ഉല്‍പ്രേക്ഷ മണക്കുന്നതായി എന്‍റെ അന്തരംഗം മന്ത്രിച്ചു.
"എന്നിട്ട് പുഷ്ടി ഉണ്ടോ?" ചോദ്യം മറ്റൊരു കാരണവരുടെ വക.
"പോരാ, പുഷ്ടി കുറവാ" കൂടെയുള്ള കാരണവരുടെ സാക്ഷ്യം.
ഞാന്‍ നോക്കിയപ്പോ ഗായത്രിയും മറ്റുള്ള സ്ത്രീ ജനങ്ങളും താഴേക്ക് നോക്കി നില്‍ക്കുന്നു, അമ്മാവന്‍ ദീപുവിനെ രൂക്ഷമായി നോക്കുന്നു, എനിക്ക് ഉറപ്പായി, ഇത് ഉല്‍പ്രേക്ഷ തന്നെ.
വഷളാവുന്നതിനു മുന്നേ കാര്യം ബോധിപ്പിക്കാന്‍ ഞാന്‍ വാ തുറക്കാന്‍ ശ്രമിക്കുന്നതിനു മുന്നേ കൂടെ വന്ന കാരണവര്‍ പറഞ്ഞു:
"പക്ഷേ മനുവിനു നല്ല പുഷ്ടിയാ"
എന്‍റെ കര്‍ത്താവേ!!
സ്ത്രീ ജനങ്ങളുടെ മനോവിചാരം ഓര്‍ത്തപ്പോ അറിയാതെ വെളിച്ചപ്പാടിനെ പോലെ ഒന്നു തുള്ളി പോയി.ഒളി കണ്ണിട്ട് നോക്കിയപ്പോള്‍ എല്ലാവരും അവജ്ഞയോടെ നോക്കുന്നു.പെണ്ണ്‌ കാണാന്‍ വന്ന ദീപു പുഷ്ടി കാണിച്ചതിനു ന്യായമുണ്ട്, നീ എന്തിനാ കാണിച്ചത് എന്നാണെന്ന് തോന്നുന്നു ആ നോട്ടത്തിനു അര്‍ത്ഥം.മനസിനെ സ്വയം സമാധാനിപ്പിച്ചു...
വിഷമിക്കേണ്ടാ മനു, ഇത് ഉല്‍പ്രേക്ഷയാ...
വെറും ഉല്‍പ്രേക്ഷ.

തിരികെ വരുന്ന വഴി ആരും ഒന്നും സംസാരിച്ചില്ല, ഇടക്ക് എപ്പോഴോ ഞാന്‍ സത്യം ബോധിപ്പിക്കാന്‍ ശ്രമിച്ചപ്പോ കേള്‍ക്കണ്ടാകത്ത ഭാവത്തില്‍ എല്ലാവരും മുഖം തിരിച്ചു.റൂമിലെത്തിയപ്പോ ഗായത്രി ചോദിച്ചു:
"നിങ്ങക്ക് നാണമില്ലേ മനുഷ്യാ? കാണിക്കാന്‍ നടക്കുന്നു"
"എടീ അത് ഉല്‍പ്രേക്ഷയാ"
"എന്തുവായാലെന്താ, നാട്ടുകാരെ കാണിക്കണോ?"
കുന്തം.
എനിക്കാകെ ദേഷ്യം വന്നു, കരണക്കുറ്റിക്ക് ഒന്ന് പൊട്ടിച്ചിട്ടാ സത്യം ബോധിപ്പിച്ചത്.കിട്ടേണ്ടത് കിട്ടുകയും, അറിയേണ്ടത് അറിയുകയും ചെയ്തപ്പോ അവള്‍ പറഞ്ഞു:
"ഇതാണോ, ഞാന്‍ വിചാരിച്ചു..."
വേണ്ടാ, വേണ്ടാ, നീ വിചാരിച്ചത് എനിക്കറിയാം...
അത് വെറും ഉല്‍പ്രേക്ഷയാ, ഉല്‍പ്രേക്ഷ!!

അന്ന് വൈകിട്ട് കല്യാണം നടക്കില്ലെന്ന് പറയാന്‍ മൂന്നാന്‍ വന്നു.അയാളെ ഗേറ്റില്‍ വച്ചേ തടഞ്ഞിട്ട് ഞാന്‍ പറഞ്ഞു:
"അല്ലേലും പെണ്ണിനെ ഞങ്ങക്ക് ഇഷ്ടമായില്ല"
"അയ്യോ അതെന്താ?"
"പെണ്ണിനു ശുഷ്കാന്തി പോരാ"
"എങ്ങനെ മനസിലായി?"
"ചായ കൊണ്ട് വന്നു തന്നപ്പോ ശ്രദ്ധിച്ചാരുന്നു"
ആ നിമിഷം മൂന്നാനൊന്ന് ചിന്തിച്ച് നോക്കി, എന്നിട്ട് പറഞ്ഞു:
"ശരിയാ, കുനിഞ്ഞല്ലിയോ ചായ തന്നത്, അപ്പോ ശുഷ്കാന്തി പോരാന്ന് നിങ്ങള്‌ പറഞ്ഞാ അത് ശരിയാ"
ങ്ങേ!!!!
അന്തം വിട്ട് നിന്ന എന്നെ ഉപേക്ഷിച്ച് അയാള്‍ തിരികെ നടന്നു, അടുത്ത പ്രാവശ്യം ചെറുക്കനൊപ്പം ഇരിക്കണമെന്ന് ഉറച്ച ചിന്തയുമായി, എങ്ങനെയും ശുഷ്കാന്തി കണ്ടറിയണമെന്ന് തീരുമാനവുമായി...
ഇവിടെ മറ്റൊരു ഉല്‍പ്രേക്ഷ ആരംഭിക്കുന്നു...
അഥവാ ഉല്‍പ്രേക്ഷകള്‍ ഒരിക്കലും മരിക്കുന്നില്ല.

57 comments:

അരുണ്‍ കരിമുട്ടം said...

ഏപ്രില്‍ 23.
കരിമുട്ടത്തമ്മയുടെ തിരുമുമ്പില്‍ പത്താമുദയ മഹോത്സവം.
ഏവര്‍ക്കും സ്വാഗതം.

;)

ഉല്‍പ്രേക്ഷ മരിക്കുന്നില്ല.
ധൈര്യമായി വന്നോളു...

Anonymous said...

(A)

ajith said...

ചിരി വന്നിട്ട് എനിക്ക് ശുഷ്കാന്തി ആയിപ്പോയി

ചാര്‍ളി (ഓ..ചുമ്മാ ) said...

ഉവ്വ ഉവ്വേ..
വേറൊരു ഉല്‍പ്രേക്ഷ സാമ്പിള്‍...
====
വേദി: ചാക്കോ സാറിന്റെ സെന്റോഫ്

ആശംസ നേര്‍ന്നു കൊണ്ട്ട് മേരിടീച്ചര്‍:-

പിരിഞ്ഞു പോകുന്ന ഈ സമയത്ത്‌ ചാക്കോ സാറിന്‍റെ ശുഷ്കാന്തിയെ പറ്റി രണ്ട്ട് വാക്ക് പറഞ്ഞുകൊള്ളട്ടെ ! മഴ പെയ്ത ഒരു ദിവസമാണ് ഞാന്‍ ആദ്യമായി ചാക്കോ സാറിന്റെ ശുഷ്കാന്തി കാണുന്നത്. ഓടിന്റെ ചോര്‍ച്ച മാറ്റാന്‍ മുണ്ട് മടക്കിക്കുത്തി ഡെസ്കില്‍ കേറി നിന്ന് ഓട് മാറ്റിയിട്ടപ്പോള്‍ ആയിരുന്നു അത്. പിന്നീട് ഒരിക്കല്‍ കൂടി അദ്ദേഹത്തിന്റ് ശുഷ്കാന്തി കാണുന്നതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി. സ്വാതന്ത്യദിനത്തിനു കൊടി കെട്ടാന്‍ കൊടിമരത്തില്‍ കേറിയ വേളയില്‍ .........

വീകെ said...

പുഷ്ടി... ശുഷ്ക്കാന്തി.... ഉൽ‌പ്രേക്ഷാ.. എത്ര സമ്പന്നമാണ് നമ്മുടെ മലയാളം അല്ലെ..?
പക്ഷേ,ഉപയോഗിക്കാൻ ആർക്കും അറിയില്ലാ താനും..!!
ആശംസകൾ...

mini//മിനി said...

വല്ല ഇംഗ്ലീഷ് വാക്കുമായിരുന്നെങ്കിൽ വല്ലതും പിടികിട്ടിയേനെ,,,

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പണ്ടൊരു പരിഷ്കാരി കൊച്ചമ്മ സൈക്കിൾ റിക്ഷയിൽ യാത്ര പോയി . പോകുന്ന വഴിക്ക് റിക്ഷ മറിഞ്ഞു. ഒരു മലക്കം മറിഞ്ഞ് കൊച്ചമ്മ നിലം പൊത്തി. മലക്കം മറിയുന്നതിനിടയിൽ അവരുടെ തുണിയും മറിഞ്ഞതു മനസിൽ കാണുമല്ലൊ.

വീണിടത്തു നിന്നും യാതൊരു തകരാറും പറ്റാതെ എഴുനേറ്റ കൊച്ചമ്മ വിജയീഭാവത്തോടു കൂടി റിക്ഷാക്കാരനോട് " കണ്ടൊ, നീ എന്റെ വൈദഗ്ദ്ധ്യം കണ്ടൊ?" കൊച്ചമ്മ സമ്മർസാൾടടിച്ചതിന്റെ സന്തോഷത്തിലാണ്
പക്ഷെ റിക്ഷഡ്രൈവർക്ക് ഉല്പ്രേക്ഷ " അയ്യൊ കൊച്ചമ്മേ ഞാൻ അങ്ങോട്ടു നോക്കിയെ ഇല്ല. പക്ഷെ ഞ്ങ്ങളുടെ നാട്ടിൽ അതിനു കൊച്ചമ്മ ഇപ്പൊ പറഞ്ഞ പേരല്ല പറയുന്നത്"

കഥ വായിച്ച് ചിരിച്ചു ചിരിച്ചു - മറ്റൊരു ബ്ലോഗിൽ വായിച്ചതുപോലെ കപ്പാൻ മണ്ണില്ലാത്തതു കൊണ്ട് - കപ്പിയില്ല എന്നെ ഉള്ളൂ
പക്ഷെ മുകളിൽ പറഞ്ഞ കഥ ഓർത്തും പോയി

ചാര്‍ളി (ഓ..ചുമ്മാ ) said...

ഹെറിറ്റേജു ചേട്ടാ, നുമ്മടെ നാട്ടിലെ കഥയില്‍ കൊച്ചമ്മ ചോദിക്കുന്നത് "നീ എന്റെ courage കണ്ടോ" എന്നാ കേട്ടാ...

ഒരു ദുബായിക്കാരന്‍ said...

അതെ ഉല്‍പ്രേക്ഷകള്‍ ഒരിക്കലും മരിക്കുന്നില്ല...അരുണ്‍ ചേട്ടന്‍ ഉള്ള കാലത്തോളം ഉല്‍പ്രേക്ഷ മരിക്കില്ല..ഞങ്ങടെ നാട്ടില്‍ ശുഷ്കാന്തി ആണ് പുഷ്ടിക്കു പകരം ഉപയോഗിക്കാറു. ഒരു ഉദാഹരണം പറയാം. രാജന്‍ മാഷുടെ യാത്രയപ്പ് വേളയില്‍ സഹ പ്രവര്‍ത്തകര്‍ പുള്ളിയെ കുറിച്ച് പ്രസംഗിക്കുന്നു. അതില്‍ ഒരു മാഷിന്റെ പ്രസംഗം "കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ വേണ്ടി കിണറ്റില്‍ ഇറങ്ങിയപ്പോഴാണ് രാജന്‍ മാഷിന്റെ ശുഷ്കാന്തി ഞാന്‍ ആദ്യമായി കണ്ടത്...കേട്ട് നിന്നവര്‍ക്ക് അത് താനല്ലിയോ ഇതെന്ന് വര്‍ണ്യത്തിലാശങ്ക സ്വാഭാവികം ...മാഷ് പ്രസംഗം തുടര്‍ന്നു...സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് പതാക കെട്ടാന്‍ വേണ്ടി ഓടിന്റെ മേലെ കേറിയപ്പോള്‍ ഞാന്‍ രാജന്‍ മാഷെ ശുഷ്കാന്തി പിന്നെയും കണ്ടു...ഇപ്പോള്‍ ആശങ്ക മാറി സംഗതി കണ്ഫെമെട് :-)

ബഷീർ said...

കുറെ നാളായി അരുണിന്റെ പോസ്റ്റ് വായിച്ചിട്ട്..
കൊള്ളാം നന്നയിരിക്കുന്നു. കുറെ പോസ്റ്റുകള്‍ ബാക്കി കിടക്കുന്നു വായിക്കാനായി .. വരാം വായിക്കാം

ഓക്കേ കോട്ടക്കൽ said...

"വഷളാവുന്നതിനു മുന്നേ കാര്യം ബോധിപ്പിക്കാന്‍ ഞാന്‍ വാ തുറക്കാന്‍ ശ്രമിക്കുന്നതിനു മുന്നേ കൂടെ വന്ന കാരണവര്‍ പറഞ്ഞു:
"പക്ഷേ മനുവിനു നല്ല പുഷ്ടിയാ":)"
ചെക്കന് പെണ്ണ് കിട്ടിയില്ലെങ്കിലെന്താ.. ശുഷ്കാന്തി അല്പം കുറവാണെങ്കിലും മനുവിന് നല്ല പുഷ്ടിയാനെന്നു നാലാള്‍ അറിഞ്ഞില്ലേ.. ഉല്‍പ്രേക്ഷ യോ നമഹ:.....

! വെറുമെഴുത്ത് !

Sukanya said...

പെണ്ണിനെ കണ്ടപ്പോ ആ പാട്ടിനെ മാറ്റിപാടിയത് വളരെ വളരെ ഇഷ്ടമായി.

കരിങ്കല്ലു് said...

ഇഷ്ടായി..
ഓഫീസിലിരുന്നു് പൊട്ടിച്ചിരിക്കാതിരിക്കാൻ കഷ്ടപ്പെട്ടു.. എന്നിട്ടും ചിരിച്ചു. :)

Villagemaan/വില്ലേജ്മാന്‍ said...

ഓഫീസില്‍ ഇരുന്നു ബ്ലോഗ്‌ വായിക്കുന്നത് നിര്‍ത്തിയാലോ എന്നാണ് ആലോചന !

മനു - Manu said...

സദാസമയവും അമരീഷ് പുരിയുടെ മുഖഭാവത്തോടെയിരിക്കുന്ന ഞാന്, ചിരി കടിച്ചമര്‌ത്താന് പാട് പെടുന്നത് കണ്ട് എന്റെ സഹപ്രവറ്ത്തകര് അന്തം വിട്ടിരിക്കുന്നത് കാണേണ്ടി വന്നു. അല്ല, അറിയാന് മേലാഞ്ഞിട്ട് ചോദിക്കുവാ, ഈ സോഫ്റ്റ്വെയറ് കൂലിപ്പണി നിറുത്തി ഫുള്‌ടൈം എഴുത്തിലേക്കു തിരിഞ്ഞൂടെ? എന്താ പ്രതിഭ! എന്താ പുഷ്ടി! എന്താ ശുഷ്കാന്തി! വെറുതേ ഇതെല്ലാം വേസ്റ്റാക്കണോ?

എനിക്കു വെറുതേ പറഞ്ഞാല് മതിയല്ലോ അല്ലേ? ആര്‌ക്കാ ചേതം? എങ്കിലും പ്രതിഭ......

Dheeraj said...

Super...ezhuthayi poyi...

Unknown said...

"പക്ഷേ മനുവിനു നല്ല പുഷ്ടിയാ" അതെനിക്കിഷ്ടപ്പെട്ടു.....
എഴുത്തിലും നല്ല പുഷ്ടി...

EDAPAL AEO said...

adipoli....

അനൂപ്‌ said...

കുറേ നാളിനു ശേഷം ആ പഴയ അരുണ്‍ തിരിച്ചു വന്നു നന്നായി മാഷേ

Rakesh R (വേദവ്യാസൻ) said...

അടിപൊളി :)

Kannur Passenger said...

എന്‍റെ പൊന്നു ഗുരോ.. ചിരിച്ചു ചിരിച്ചു മനുഷ്യന്‍ ഒരു പരുവമായി.. എന്നാലും പുഷ്ടി കാണിച്ചത്‌ നല്ല സ്വഭാവമല്ല..:)
http://kannurpassenger.blogspot.com/

Unknown said...

എന്തായാലും ഇത് വെറും ഉല്‍പ്രേക്ഷയല്ല

Arun Kumar Pillai said...

ഒരു പക്ഷേ ഈ പുഷ്ടി.....
ഛേ, ഛേ, അതായിരിക്കില്ല!!!

ROFL..
arun chetta aa last paragraph oralpam choodu kooduthalaa.. ha ha ha ha

Arun Kumar Pillai said...

Villagemaan/വില്ലേജ്മാന്‍ said...

ഓഫീസില്‍ ഇരുന്നു ബ്ലോഗ്‌ വായിക്കുന്നത് നിര്‍ത്തിയാലോ എന്നാണ് ആലോചന !
ha ha sathyam, njnm ath thanneyaa alochikkane, illenkl parisaram marannu chirikkunnathnum offcl bahalam vekkunnu enn paranju puraththaakkaanulla chance und

jayanEvoor said...

ത-ക-ർ-പ്പ-ൻ !!!!!

(ആ പാവം അളിയൻ ചെറുക്കൻ ഇതു വായിച്ച് ഹൃദയസ്ഥംഭിതനാവാതിരിക്കട്ടെ! )

അരുണ്‍ കരിമുട്ടം said...

കണ്ണന്‍ | Kannan said...
ഒരു പക്ഷേ ഈ പുഷ്ടി.....
ഛേ, ഛേ, അതായിരിക്കില്ല!!!

ROFL..
arun chetta aa last paragraph oralpam choodu kooduthalaa.. ha ha ha ha

ദേ വീണ്ടും ഉല്‍പ്രേക്ഷ...
അത് മരിക്കില്ല.
:)

അരുണ്‍ കരിമുട്ടം said...

വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി.

Rashid said...

എന്താണ് ഈ പുഷ്ടി??

ചിരിച്ചു മരിച്ചു കേട്ടോ ഭായ്...

Ismail Chemmad said...

ആകെക്കൂടി ഉല്‍പ്രേക്ഷ ആയി

Admin said...

വായിച്ച് കഴിഞ്ഞപ്പൊ ഒരു സംശയം ഈ ഉത്പ്രേക്ഷയ്ക്കിനി വേറെ എന്തെങ്കിലും അര്‍ത്ഥം ഉണ്ടാവ്വോ

ശ്രീ said...

എന്തൊക്കെ അര്‍ത്ഥങ്ങളാ...

ചിരിപ്പിച്ചു, അരുണ്‍...

ചെലക്കാണ്ട് പോടാ said...

കംപ്ലീറ്റ് ഉല്‍പ്രേ(എ)ക്ഷയാണല്ലോ മനുജീ....

പദ്യം ഷഫിള്‍ ചെയ്ത ഭാഗം ഇഷ്ടായി......

Unknown said...

അരുണ്‍ ഏട്ടാ .... ചിരിച്ചു പണ്ടാരമടങ്ങി . . . അടി പോള്യെ, അടി പോള്യെ...

Jefu Jailaf said...

കിണ്ണന്‍ ഉല്‍പ്രേക്ഷ.. :) അടിപൊളി..

പുസ്തകപുഴു said...

നല്ല പുഷ്ടി ഉള്ള രചന . തുടര്‍ന്നും ശുഷ്കാന്തി കാട്ടി എഴുതുക.

ചിതല്‍/chithal said...

"പക്ഷേ മനുവിനു നല്ല പുഷ്ടിയാ"

അവിടെയെത്തിയപ്പോഴാണു് ചിരിയുടെ കണ്ട്രോൾ എനിക്കു് നഷ്ടപ്പെട്ടതു്
വില്ലേജ്മാൻ പറഞ്ഞപോലെ, ആപ്പീസിലിരുന്നുള്ള വായന നിർത്തണം. ഒരു റിവ്യൂ മാറ്റിവപ്പിച്ചിട്ടാണേയ്... യേതു്?

Jayesh/ജയേഷ് said...

kalakki..

പപ്പനാവന്‍ said...

Very good post

എം പി said...

അടിപൊളി

kochumol(കുങ്കുമം) said...

"ഉല്‍പ്രേക്ഷ മരിക്കുന്നില്ല"...:)

അനൂപ് വാസു said...

അടിപൊളി അരുണ് ..ചിരിച്ചു പണ്ടാരമടങ്ങി!!!!

മണ്ടൂസന്‍ said...

"മൃഗരാജമുഖി, ഗജരാജ കടി
ഉഡുരാജവിരാചിത മന്ദഗതി"

കൊള്ളാം വിശേഷങ്ങൾ എല്ലാം ട്ടോ. നല്ല പഞ്ചുകൾ ആനല്ലോ ? അത്രയ്ക്കും തമാശകൾക്ക് വേണ്ടിയുള്ള തമാശ വേണ്ടിയിരുന്നില്ലാ ന്ന് തോന്നുന്നു. പക്ഷെ കൊള്ളാം. രസകരമായി പറഞ്ഞു. ആശംസകൾ.

Mithun said...

കലക്കി!!

ജയരാജ്‌മുരുക്കുംപുഴ said...

hridayam niranja vishu aashamsakal...........

സുനിൽ ചന്ദ്രൻ. said...

നല്ല പുഷ്ടിയും, ശുഷ്കാന്തിയുമുള്ള എഴുത്ത്!!!!!!!!!!

anoop said...

കലക്കി വാരി...:)))

റിയാസ് തളിക്കുളം said...

കാര്യം പുഷ്ടിയും, ശുഷ്കാന്തിയും, ഉത്പ്രേക്ഷകളുമൊക്കെയുണ്ട്...
എന്നാലും എന്തോ...!!!

Rakesh KN / Vandipranthan said...

എനിക്ക് ആ അവകാശവാദം ഇഷ്ടപ്പെട്ടില്ല.
ആലപ്പുഴ ടെലിഫോണ്‍ ഡയറക്റ്ററിയില്‍ ഇതില്‍ കൂടുതല്‍ ഫോണ്‍ നമ്പര്‍ ഉണ്ടെന്ന് ഞാന്‍ മറുപടിയയച്ചു.ആ ചാപ്റ്റര്‍ അങ്ങനെ കഴിഞ്ഞു.

BuHAhahaha

Akoz said...

Pavam Gopu.. sorry.. Deepu..

Nice writing.

Aiswarya said...

This post made melaugh a lot... good going Arun...

Roshan PM said...

ചിരിപ്പിച്ച് കൊന്നു പണ്ടാര കാലന്‍.

Unnikrishnan Potty said...

വളരെ മനോഹരമായിരിക്കുന്നു കേട്ടോ...!! :-)

Unknown said...

നന്നായി

Sandeep.A.K said...

ഇരുന്നു ചിരിച്ചു പണ്ടാരമടങ്ങി ചങ്ങായി... കിടൂ....

Unknown said...

chirichu kannu kalangi

Unknown said...

ഇത്രേം വൃത്തികെട്ട ഒരു രൂപം ഈ അടുത്ത കാലത്ത് ഞാന്‍ കണ്ടിട്ടില്ലേ.-supppeeeeeeeeeerrrrrrrr

Anonymous said...

കിടിലം.... വീണ്ടും വീണ്ടും വായിച്ചു...

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com