For reading Malayalam
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.
സത്യം വദ ധര്‍മ്മം ചര
[ഇതൊരു നര്‍മ്മ കഥയല്ല, എന്റെയും ഏതാനും കൂട്ടുകാരുടെയും ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരു ഏട് മാത്രമാണ്, എന്നാല്‍ കഥയും കഥാപാത്രങ്ങളും സാങ്കല്പികമാണ്]
കഥ, അല്ല ഏട്, തുടങ്ങുന്നു..
അലക്കുകാരനു അലക്കൊഴിഞ്ഞ് കാശിക്ക് പോകാന്‍ നേരമില്ലെന്ന് പറഞ്ഞ പോലാ എന്റെ അവസ്ഥ.ജോലിയോട് ജോലി, എന്നാ എന്നതാ ജോലീന്ന് ചോദിച്ചാ, ഉള്ളി അടര്‍ത്തിയ പോലാ, അവസാനം വരുമ്പോ ശൂന്യമാ.
അങ്ങനെയിരിക്കെ ഒരു നാള്..
ഫോണിലേക്ക് ഒരു അപരിചിതന്റെ കാള്‍.
അറ്റന്‍ഡ് ചെയ്തപ്പോ മറുതലക്ക് ഗംഭീരശബ്ദം:
"മനുവേ, ഞാനാ പ്രതാപ്, നവോദയിലെ നിന്റെ പഴയ ഗഡി"
ഓര്‍മ്മകള്‍ കുറച്ച് പിന്നിലേക്ക്...
വള്ളിനിക്കറുമിട്ട ഒരു കൊച്ചന് മുന്നില്‍ നിന്ന് ചിരിക്കുന്ന ദൃശ്യം മുന്നില്‍ തെളിഞ്ഞ് വന്നു.മൂക്ക് തുടച്ചു കൊണ്ട് അവന് പറഞ്ഞു:
"എന്നെ എല്ലാരും മോനേന്നാ വിളിക്കുന്നത്, പച്ചേങ്കി വേറെ ഒരു പേരുണ്ട്, പ്രതാപന്"
ആര്‍ക്കൈവ് ഫോള്‍ഡറില്‍ നിന്ന് അവന്റെ ബയോടേറ്റാ തപ്പി എടുത്ത് ഓര്‍മ്മകള്‍ നേരെയാക്കിയപ്പോള്‍ അവന് പറഞ്ഞു:
"എടാ, നമ്മാളാരുന്നു നവോദയിലെ ഫസ്റ്റ് ബാച്ച്, സോ ഒരു ഗെറ്റ് റ്റുഗതര്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്, നീ വരണം"
"സോറീടാ, പറ്റില്ല. പണിയൊണ്ട്" ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
പത്ത് മിനിറ്റിനുള്ളില്‍ അടുത്ത കോള്‍.
അന്ന് കൂടെ പഠിച്ച ഒരു സുന്ദരി കുട്ടിയുടെതാണ്:
"മനു, നിന്നെ കാണണമെന്ന് അതിയായ മോഹം.ഗെറ്റ് റ്റുഗതറിനു നീ വരില്ലേ?"
കൂടുതല്‍ ആലോചിക്കാതെ മറുപടി പറഞ്ഞു:
"പിന്നെ, തീര്‍ച്ചയായും വരും"
"നിനക്ക് തിരക്ക് ഒന്നുമില്ലല്ലോ?" വീണ്ടും അവള്.
"എന്ത് തിരക്ക്, എന്തായാലും വരും" ഞാന്‍ ഉറപ്പ് നല്കി.
അല്ലേലും പെണ്‍കുട്ടികളെ നിരാശപ്പെടുത്തുന്നത് എനിക്ക് പണ്ടേ ഇഷ്ടമല്ല.
പെട്ടന്ന് പ്രതാപിനെ വിളിച്ചു:
"അളിയാ, നീ പറഞ്ഞിട്ട് എങ്ങനാ വരാതിരിക്കുന്നത്, ഞാന്‍ വരാം"
ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം അവന് ചോദിച്ചു:
"അവള് വിളിച്ചാരുന്നു, അല്ലേ?"
മറുപടി പറയാതെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
പരിപാടിയുടെ തലേദിവസം സുന്ദരിക്കുട്ടിയെ ഞാന്‍ അങ്ങോട്ട് വിളിച്ചു.ആ ഫോണ്‍വിളിക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു, പഠിച്ചിരുന്ന കാലത്ത് കൂടെ പഠിച്ച രണ്ട് പെണ്‍കുട്ടികളെ കാണുമ്പോ എന്തെന്നില്ലാത്ത ഒരു പരവേശവും നെഞ്ചിടുപ്പും ഉണ്ടാകാറുണ്ടായിരുന്നു.വലുതാവുമ്പോ ഇതിലൊന്നിനെ കെട്ടണമെന്ന് ഒരു പ്ലാനുമുണ്ടായിരുന്നു, അവരില്‍ ആരെങ്കിലും വരുമോന്ന് അറിയണം.അവര്‍ ഇത് വരെ കെട്ടിയട്ടില്ലെങ്കില്‍ എന്തേ കെട്ടാഞ്ഞതെന്ന് തിരക്കണം, ഇനി കെട്ടി കുട്ടികളുള്ളതാണെങ്കില്‍ ആ കൊച്ചിന്റെ തലക്ക് കൈ വച്ച് എനിക്ക് പിറക്കാതെ പോയ മോനാണ് നീയെന്ന് പറയണം.
ഇങ്ങനെ വന്‍ പ്ലാനിംഗില്‍ ഫോണ്‍ വിളിച്ചിട്ട് ഞാന്‍ ചോദിച്ചു:
"നമ്മടെ അശ്വതിയും, രേവതിയും വരുമോ?"
"എന്തിനാ?"
"വെറുതേ!!"
കുറേ ആലോചിച്ചിട്ട് അവള് മറുപടി നല്കി:
"എനിക്കറിയില്ല, നീ എന്തായാലും നിന്റെ ഫാമിലിയുമായി വാ"
ഫാമിലിയുമായി വരാനോ??
എന്തിന്??
അതിന്റെ ഒരു ആവശ്യവുമില്ല.
ഞാന്‍ തീരുമാനിച്ചു.
അന്നേ ദിവസം രാവിലെ ഭാര്യയെയും കുട്ടിയേയും കൂട്ടി എറണാകുളത്ത് നിന്ന് യാത്ര തിരിക്കുമ്പോള്‍, എത്രയും വേഗം ഫാമിലിയെ വീട്ടില്‍ ആക്കിയിട്ട് നവോദയിലേക്ക് പോകുന്നത് മാത്രമായിരുന്നു എന്റെ ചിന്ത.
ചേര്‍ത്തലയില്‍ നിന്ന് ആലപ്പുഴയിലേക്ക് പ്രവേശിച്ചപ്പോള്‍ അറിയാതെ വായില്‍ പഴയൊരു കവിത ഓര്‍മ്മ വന്നു..
"ഒരു വട്ടം കൂടിയാ പഴയവിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്ക്കുന്നൊരാ നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം
അടരുന്ന കായ്കനികള്‍ പൊഴിയുമ്പോള്‍ ചെന്നെടുത്തതിലൊന്ന് തിന്നുവാന്‍ മോഹം
തൊടിയിലെ കിണര്‍വെള്ളം കോരി കുടിച്ചെന്ത് മധുരമെന്ന് ഓതുവാന്‍ മോഹം"
നൊസ്റ്റാള്‍ജിയ, നൊസ്റ്റാള്‍ജിയ!!!
കംപ്ലീറ്റ് നൊസ്റ്റാള്‍ജിയ.
അശ്വതി വരുമോ??
രേവതി വരുമോ??
എന്താവുമോ എന്തോ??
വീട്ടിലെത്തിയതും എത്രയും വേഗം സ്ക്കൂളിലെത്തിയാ മതിയെന്ന ചിന്തയായി എനിക്ക്.പക്ഷേ നേരത്തെ ചെന്നിട്ട് ഒരു കാര്യവുമില്ലല്ലോ, സമയമാവണ്ടേ?
എന്തു ചെയ്യും??
കുറേ ആലോചിച്ചപ്പോഴാണ് ഓട്ടോഗ്രാഫ് പടത്തിലെ നായകന് ചേരനെ ഓര്‍മ്മ വന്നത്.പിന്നെ സമയം കളഞ്ഞില്ല, കോട്ടും സ്യൂട്ടുമിട്ട്, സൈക്കിളുമെടുത്ത് വീടിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒന്ന് കറങ്ങി, കൂടേ ആ പാട്ടും പാടി...
"ഞാപകം വരുതേ ഞാപകം വരുതേ ഞാപകം വരുതേ
പുക്കിഷമാക നെഞ്ചില്‍ പുതഞ്ച നിനവുകളെല്ലാം ഞാപകം വരുതേ"
ആഹാ, പെര്‍ഫെക്റ്റ്!!!
തിരികെ വീട്ടിലേക്ക്..
സ്ക്കൂളില്‍ ചെല്ലണ്ടേതിനു കൃത്യം അരമണിക്കൂര്‍ മുന്നേ വീട്ടില്‍ അടഞ്ഞ കിടന്ന എന്റെ റൂമില്‍ തട്ടി, ഗായത്രിയോട് ഞാന്‍ പറഞ്ഞു:
"മോളേ, ഗായൂ, ഞാന്‍ സ്കൂളിലേക്ക് പോകുകയാണ്.ഇനി കുറച്ച് സമയമെല്ലോ ഉള്ളു, അതിനുള്ളില്‍ ഒരുങ്ങി വരാന്‍ നിനക്ക് പറ്റില്ലല്ലോ, അല്ലേ? കഷ്ടമായി പോയി, നീയൂടെ വരണ്ടതായിരുന്നു..."
ഇത്രേം പറഞ്ഞപ്പോഴേക്കും ആ വാതില്‍ തുറന്നു.അവിടെ ഒരുങ്ങി നില്ക്കുന്ന ഗായത്രിയെയും കുഞ്ഞിനെയും കണ്ട് ഞാനൊന്ന് ഞെട്ടി, അറിയാതെ ചോദിച്ചു പോയി:
"നീയെന്താ ഒരുങ്ങി നില്‍ക്കുന്നത്?"
"നമുക്ക് സ്ക്കൂളില്‍ പോണ്ടേ?" അവളുടെ മറുചോദ്യം.
മിണ്ടാതെ പോയി കാറിന്റെ ഫ്രണ്ട് ഡോര്‍ തുറന്ന് കൊടുത്തു.
തുടര്‍ന്ന് കാറില്‍ സ്ക്കൂളിലേക്ക്...
കാര്‍ പാര്‍ക്ക് ചെയ്ത് അകത്തേക്ക് കയറിയപ്പോള്‍ മുന്നില്‍ ആ വാചകം വെണ്ടക്ക അക്ഷരത്തില്‍ എഴുതി വച്ചിരിക്കുന്നു..
സത്യം വദ ധര്‍മ്മം ചര.
"ഇതിന്റെ അര്‍ത്ഥമെന്താ?" ഗായത്രിയുടെ ചോദ്യം.
ഓര്‍മ്മകള്‍ മനസ്സില്‍ അലയടിച്ചു...
പ്രിന്‍സിപ്പാള്‍ ക്ലാസിലുണ്ട്, അദ്ദേഹമാണ് ആദ്യമായി ഈ വാചകം ഞങ്ങളോട് പറയുന്നത്:
"സത്യം വദ ധര്‍മ്മം ചര, ആര്‍ക്കെങ്കിലും പറയാമോ എന്താ ഇതിന്റെ അര്‍ത്ഥമെന്ന്?"
ആരും മിണ്ടുന്നില്ല!!
അവസാനം സാറിന്റെ നോട്ടം എന്നിലേക്കായി.ഇപ്പോ ഈ ചോദ്യം എന്നോട് ചോദിക്കും, മറുപടി പറയണം അല്ലേല്‍ മാനം പോകും.പക്ഷേ എന്ത് മറുപടി?
ആലോചന അത്രയും ആയപ്പോഴേക്കും സാറിന്റെ ചോദ്യമെത്തി:
"മനു പറയൂ, എന്താണ് സത്യം വദ ധര്‍മ്മം ചര എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്?"
വായില്‍ തോന്നിയത് കോതക്ക് പാട്ട്, ഞാന്‍ മറുപടി പറഞ്ഞു:
"സത്യത്തെ വധിക്കുക, ധര്‍മ്മത്തെ ചെരക്കുക"
പറഞ്ഞ് കഴിഞ്ഞ് ഞാന്‍ ചുറ്റുമൊന്ന് നോക്കി, ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോന്ന് അറിയാന്‍.
ഇല്ല, ആര്‍ക്കും എതിര്‍പ്പില്ല!!!
സാറ് മാത്രം നിശബ്ദനായി നില്‍പ്പുണ്ട്, കുറേ കഴിഞ്ഞ് അദ്ദേഹം പറഞ്ഞു:
"മനു ഇരുന്നോളു"
അന്ന് പിന്നെ സാറ് ക്ലാസ്സെടുത്തില്ല, നിര്‍വ്വികാരനായി പുറത്തേക്ക് നോക്കി ഒറ്റ ഇരുപ്പായിരുന്നു.
എന്താണോ എന്തോ??
"എന്താ ചേട്ടാ ഇതിന്റെ അര്‍ത്ഥം?" ഗായത്രിയുടെ ചോദ്യമാണ് ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്.
ഭാഗ്യം!! ഇപ്പോ എനിക്ക് അര്‍ത്ഥമറിയാം, ഞാന്‍ വിശദീകരിച്ചു:
"സത്യം പറയുക, ധര്‍മ്മം ചെയ്യുക."
സത്യം വദ ധര്‍മ്മം ചര.
ഭൂമി ദേവിയെ നമസ്ക്കരിച്ച്, വലതുകാല്‍ വച്ച് ഞാന്‍ ആ സരസ്വതി മണ്ഡപത്തിലേക്ക് കയറി.ആദ്യം കണ്ടതേ ഒരു കൂട്ടുകാരി തന്റെ കുഞ്ഞിനെയും എടുത്ത് നില്ക്കുന്നതാ.ഒരു ചെറിയ കുശലപ്രശ്നം അവളോട് നടത്തിയട്ട് കുഞ്ഞിനോട് ചോദിച്ചു:
"എന്തുട്ടാ പേര്?"
കരണക്കുറ്റിക്ക് ഒന്ന് പൊട്ടിച്ചിട്ട് അവന് പറഞ്ഞു:
"ഛോട്ടാ ബീം"
താങ്ക്യൂ.
പിന്നെ ഒരു കുട്ടിയേയും പരിചയപ്പെടാന്‍ ഞാന്‍ താല്പര്യപ്പെട്ടില്ല!!!
"ഹായ്" ഒരു ശബ്ദം.
അത് അവളുടെ ഹസ്സ്ബന്റായിരുന്നു, ഒരു ബഡാ ബീം.
അടി കൊള്ളാതിരിക്കാന്‍ രണ്ട് കരണത്തും കൈ വച്ച് ഞാന്‍ പറഞ്ഞു:
"ഹായ്"
തുടര്‍ന്ന് കുശലപ്രശ്നങ്ങളും സ്നേഹാന്വേഷണങ്ങളും നിറഞ്ഞ കുറേ നിമിഷങ്ങള്‍...
അശ്വതിയും, രേവതിയും വരില്ല എന്നറിഞ്ഞതിലുള്ള ഞെട്ടലില്‍ കുറേ നിമിഷങ്ങള്‍....
സൂര്യനു ശക്തി കൂടിയപ്പോള്‍ വെയിലു കൊണ്ട് കറുത്ത് പോകാതിരിക്കാനായി തണലത്തോട്ട് മാറി നിന്ന കുറേ നിമിഷങ്ങള്‍...
ഓര്‍മ്മകളുമായി നിമിഷങ്ങളുടെ വേലിയേറ്റം!!!
എവിടെ നെല്ലിമരം??
എവിടെ കിണര്‍??
കണ്ണുകള്‍ മോഹസാക്ഷാത്ക്കാരത്തിനായി ചുറ്റും തിരഞ്ഞു.
പക്ഷേ...
നെല്ലിമരം നിന്നിടത്ത് ടെന്നീസ്സ് കോര്‍ട്ട്, കിണറ് നിന്നിടത്ത് കൊടിമരം, സ്ക്കൂള് ആകെ മാറിയിരിക്കുന്നു.
മാറ്റം പ്രകൃതി നിയമമാണ്!!
ആ മാറ്റങ്ങള്‍ കാണാഞ്ഞായി ഞങ്ങള്‍ അവിടെല്ലാം ഒന്നു ചുറ്റി.
ലേഡീസ്സ് ടൊയിലറ്റിനു മുന്നിലെത്തിയപ്പോ പ്രതാപന് ചോദിച്ചു:
"മനു, ഓര്‍മ്മയുണ്ടോ ഇവിടം?"
ഞാന്‍ ചുറ്റുപാടും നോക്കി, നോട്ടം കൂട്ടത്തില്‍ കൃഷ്ണനുണ്ടോന്ന് ആയിരുന്നു.അത് മനസിലാക്കിയട്ടാകാം പ്രതാപന് പറഞ്ഞു:
"ഇല്ല, അവന് വന്നില്ല."
ഓര്‍മ്മകള്‍ കുറേ വര്‍ഷം പിന്നിലേക്ക്...
ഒമ്പതില്‍ പഠിക്കുന്ന കാലം.
അന്ന് വൈകുന്നേരം കൃഷ്ണനാണ് ആ ഞെട്ടിക്കുന്ന സത്യം പറഞ്ഞത്, പ്രതാപനും വേറെ രണ്ട് ഫ്രണ്ട്സും കൂടി ഫസ്റ്റ് ഷോ കാണാന്‍ മതിലു ചാടി.വേറെ ഒരു കശ്മലന് ഇത് മനോജ് സാറിനെ അറിയിച്ചു, സാര്‍ അവര്‍ തിരികെ വരുമ്പോ കൈയ്യോടെ പിടികൂടാന്‍ ഇരിക്കുവാണത്രേ.
രക്ഷിക്കണം, കൂടെ നിക്കുന്ന കൃഷ്ണന്റെ ജീവന് കൊടുത്തെങ്കിലും കൂട്ടുകാരെ രക്ഷിക്കണം.
പക്ഷേ എങ്ങനെ??
ഒടുവില്‍ ഒരു ഐഡിയ മനസ്സില്‍ തെളിഞ്ഞു.അവര്‍ തിരിച്ച് മതിലു ചാടി ഹോസ്റ്റലില്‍ എത്തുന്ന വരെയുള്ള സമയത്ത് മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക.ഞങ്ങടെ സ്ക്കൂളില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഡോര്‍മെറ്ററി ഒരേ കോമ്പൌണ്ടിലാണ്, പക്ഷേ മെയിന്‍ സ്വിച്ച് ലേഡീസിന്റെ ഡോര്‍മെറ്ററിക്ക് അരികിലുള്ള അവരുടെ ബാത്ത് റൂമിന്റെ പുറകിലാണ്.
രാത്രിയില്‍ അവിടെ പോയി സ്വിച്ച് ഓഫ് ചെയ്യാന്‍ തീരുമാനമായി.
ഫസ്റ്റ് ഷോ കഴിഞ്ഞ് മതിലു ചാടേണ്ട ഏകദേശ സമയം ആയപ്പോള്‍ ഞാനും കൃഷ്ണനും ലേഡീസ്സ് ബാത്ത് റൂമിന്റെ പിന്നിലെത്തി.മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുകയും പെട്ടന്ന് കരണ്ട് പോയത് കൊണ്ട് ഏതോ ഒരു ബാത്ത് റൂമില്‍ കുളിച്ചു കൊണ്ടിരുന്ന പെണ്‍കൊച്ച് അലറുകയും ചെയ്തത് ഒരുമിച്ചായിരുന്നു.ആരൊക്കെയോ ഓടി വരുന്ന ശബ്ദം കേട്ട് അടുത്ത് കണ്ട ടൊയിലറ്റിലേക്ക് ഞാനും കൃഷ്ണനും ഓടി കയറി.
ശാസമടക്കി പിടിച്ച നിമിഷങ്ങള്‍!!
പുറത്ത് ഓടി കൂടിയവരുടെ ശബ്ദങ്ങള്‍.
"എന്താ എന്ത് പറ്റി?" അത് പ്രതാപന്റെ ശബ്ദമാണ്.
ഭാഗ്യം, അവര്‍ തിരിച്ച് സുരക്ഷിതരായി എത്തിയിരിക്കുന്നു.
"ഹേയ്, കുഴപ്പമൊന്നുമില്ല, എല്ലാരും തിരികെ പോയ്ക്കോ" മനോജ് സാറീന്റെ സ്വരം.
എല്ലാവരും തിരികെ നടക്കുന്ന ശബ്ദങ്ങള്‍.
"അല്ല സാറേ, അങ്ങനങ്ങ് പോയാലോ? ബാത്ത് റൂമിലോ ടൊയിലറ്റിലോ വേറേ ഏതെങ്കിലും പെണ്‍കൊച്ച് ബോധം കെട്ട് കിടപ്പുണ്ടോന്ന് നോക്കണ്ടേ?"
പ്രതാപന്റെ ഈ ചോദ്യം ഒരു ഞെട്ടലോടാണ് ഞാനും കൃഷ്ണനും കേട്ടത്.
ഒരോ ടൊയിലറ്റിലും തട്ടി തുറക്കുന്ന ശബ്ദങ്ങള്‍.
ടക്ക്..ടക്ക്..ടക്ക്..
ഞങ്ങള്‍ ഒളിച്ചിരിക്കുന്ന ടൊയിലറ്റില്‍ ആരോ മുട്ടുന്നു.
"സാറേ, ഇതിനകത്ത് ആരോ ഉണ്ട്" പ്രതാപന്റെ ശബ്ദം.
ദ്രോഹി, കൊലക്ക് കൊടുത്തേ അടങ്ങു!!!
"ആരാ? ആരാ?"
പലരുടെയും ചോദ്യങ്ങള്‍.
പെണ്ണുങ്ങളുടെ സ്വരത്തില്‍ മറുപടി പറഞ്ഞു:
"മായയാ"
"അതിനു ഞാനിവിടെ ഉണ്ടല്ലോ?" പുറത്ത് നിന്ന് മായയുടെ സ്വരം.
രക്ഷയില്ല!!!
പതിയെ കതക് തുറന്ന് കൃഷ്ണന് പുറത്തിറങ്ങി.
"നീയോ?" മനോജ് സാറിനു അത്ഭുതം.
"നീയെങ്ങനെ ഇതിനകത്ത് എത്തി?"
അതാ സാര്‍ പറഞ്ഞത്, എല്ലാം ഒരു മായയാ!!!
കൃഷ്ണന് മിണ്ടാതെ നിന്നു.
"പറയെടാ, നീ ഇതിനകത്ത് എന്തിനാ കേറിയത്?" സാറിന്റെ ചോദ്യത്തിനു ഒരു ഘനം.
അത് കൊണ്ട് തന്നെ നല്ല മണി മണി പോലെ കൃഷ്ണന് മറുപടി നല്കി:
"ഞാന്‍ കേറിയതല്ല സാര്‍, മനു എന്നെ വലിച്ചു കയറ്റിയതാ"
തകര്‍ന്നു!!!
കൂടുതല്‍ ചോദ്യം വരുന്നതിനു മുന്നേ വാതില്‍ തുറന്ന് പുറത്ത് ഇറങ്ങി.എല്ലാവരും എന്നെ സൂക്ഷിച്ച് നോക്കി...
ദേ, ഒരു വൃത്തികെട്ടവന്!!
"എന്താ ഇവിടെ തന്നെ നിന്ന് കളഞ്ഞത്?"
ഗായത്രിയുടെ ചോദ്യമാണ് ഓര്‍മ്മയില്‍ നിന്ന് ഉണര്‍ത്തിയത്.
"ഓ, മനു പണ്ട് ലേഡീസ്സ് ടൊയിലറ്റില്‍ കയറിയ കാര്യം ആലോചിച്ച് നില്‍ക്കുവാരുന്നു"
പ്രതാപന്റെ ഈ മറുപടി ഒരു ഞെട്ടലോടാണ് കേട്ടത്, ഞാനും ഗായത്രിയും.
"ആണോ ചേട്ടാ?" ഗായത്രിയുടെ ചോദ്യം.
ആകാംക്ഷയോടെ എന്റെ മറുപടി നോക്കി നില്ക്കുന്ന മറ്റ് സുഹൃത്തുക്കളുടെ കുടുംബാംഗങ്ങള്‍.
ആ ചോദ്യത്തിനു ശ്യാമയായിരുന്നു മറുപടി നല്‍കിയത്:
"ആണോന്നോ, ഹും! മനു മാത്രമല്ല, കൂടെ വേറൊരാളും ഉണ്ടായിരുന്നു"
അയ്യേ!!!
ഗായത്രിയുടെ രൂക്ഷമായ നോട്ടം!!
മറ്റു കുടുംബാംഗങ്ങളുടെ സൂക്ഷ്മമായ നോട്ടം...
ദേ, ഒരു വൃത്തികെട്ടവന്!!!
ഒടുവില്‍ എല്ലാവരെയും സത്യം ബോധിപ്പിച്ച്, ഫുഡ് കഴിക്കാന്‍ കയറി.എല്ലാവര്ക്കും ഓര്‍ഡര്‍ ചെയ്തത് ചിക്കന്‍ ബിരിയാണി.കര്‍ക്കടക മാസത്തിലെ നൊയമ്പ് ആയതിനാല്‍ ഞാന്‍ മാത്രം പട്ടിണി കിടന്നു, ബാക്കി എല്ലാവരും തിന്നു - എല്ലടക്കം.
തുടര്‍ന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ മനസില്‍ എവിടെയോ ഒരു നൊമ്പരം,
ഇനി എന്നാണ്, ഇങ്ങനൊരു കൂടി കാഴ്ച??
തീരുമാനം ദൈവത്തിനു വിട്ടു കൊണ്ട് കാറില്‍ നേരെ എറണാകുളത്തേക്ക്..
നെല്ലിമരവും കിണറുമെല്ലാം ഓര്‍മ്മകള്‍ മാത്രം.ഇതൊക്കെ ഇങ്ങനെ ആവുമെന്ന് കവിക്ക് നേരത്തെ അറിയാമെന്ന് തോന്നുന്നു.
മോഹങ്ങള്‍, അത് എന്നും വെറുതെയാണ്...
"വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം"
ഗായത്രിയും മോളും ഒരു സൈഡിലിരുന്നു ഉറങ്ങി തുടങ്ങിയിരിക്കുന്നു.മനസ്സിലെ നൊമ്പരം ഇപ്പോഴും മാറിയിട്ടില്ല.പഴയ കുറേ കൊച്ചു കൊച്ചു സന്തോഷങ്ങളും ദുഃഖങ്ങളും തികട്ടി തികട്ടി വരുന്നു.കണ്ണുനീര്, അത് സന്തോഷത്തിന്റെയാണോ ദുഃഖത്തിന്റെയാണോന്ന് അറിയില്ല, എങ്കിലും അത് കാഴ്ചകളെ മറക്കാതിരിക്കാന്‍ ഞാന്‍ കൈയ്യുയര്‍ത്തി കണ്ണു തുടച്ചു.
അപ്പോഴും ഒഴിഞ്ഞ വയറും, നിറഞ്ഞ മനസ്സുമായി ഇരിക്കുന്ന എന്നെയും വഹിച്ചു കൊണ്ട്, കാര്‍ എറണാകുളം ലക്ഷ്യമാക്കി പായുകയായിരുന്നു.
ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..
All rights reserved
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com
33 comments:
ജവഹര്‍ നവോദയ ചെന്നിത്തലയിലെ ഫസ്റ്റ് ബാച്ചില്‍ പഠിച്ച എല്ലാ എന്റെ സുഹൃത്തുക്കള്‍ക്കുമായി, ഈ ഗഡി ഇത് ഡെഡിക്കേറ്റ് ചെയ്യുന്നു.
:)
സ്വാതന്ത്യദിന ആശംസകള്‍.
നന്നായിട്ടുണ്ട് അരുണ്‍ ചേട്ടാ .. വന്ദേ മാതരം
"സത്യത്തെ വധിക്കുക, ധര്‍മ്മത്തെ ചെരക്കുക"
ഹ ഹ...ചിരിച്ചു ചിരിച്ചു ഒരു വഴിയായി. കൊള്ളാം
ബ്ലോഗർ പേജ് ഇന്നലെ തുറന്നിട്ടതാണ് .ഉറങ്ങിപ്പോയി .രാവിലെ ഞങ്ങളുടെ കോംപ്ല ക്സ് ലെ ക്ലബ്ബിൽ നിന്ന് ഹിന്ദിയിയിലുള്ള പഴയ ദേശഭക്തി ഗാനം കേട്ടാണ് ഉണര്‍ന്നത് . ചിന്ത വർഷങ്ങൾ, അല്ല ദശാബ് ദങ്ങൾക്ക് പിറകിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഒന്നും ഓർമ്മ വരുന്നില്ല. പതിവു പോലെ ബെഡിൽകിടക്കുന്ന ലാപ് തുറന്നു. ബ്ലോഗർ പേജ് മുന്നിൽ. ചുമ്മാ സ്ക്രോൾ ചെയ്യാനാണ് തോന്നിയത്. റീഡിംഗ് ലിസ്റ്റിൽ ആദ്യം കണ്ടത് അരുണ്‍ കായങ്കുളം സത്യം വദ അത്രയുമേ മനസ്സിൽ പതിഞ്ഞുള്ളൂ എന്തെങ്കിലും കാണും അരുണ ല്ലേ ആള് . തുറന്നു വായിച്ചു കഴിഞ്ഞപ്പോൾ സന്തോഷമായി ഒരു നൊസ്റ്റാൾജിയ. '55 മുതലുള്ള സ്വാതന്ത്ര്യ ദിനങ്ങൾ നിരനിരയായി മനസ്സിൽ തെളിയാൻ തുടങ്ങുന്നു. അതൊക്കെ പൌസ് ബട്ടണ്‍ ഞെക്കി നിർത്തിയിട്ട് അരുണിനൊരു നന്ദി പറയണം എന്ന ചിന്തക്ക് സിഗ്നൽ കൊടുത്തു. അയ്യോ ഇതു നീണ്ടു പോയല്ലോ, സാരമില്ല
അരുണിന്റെ പേജിൽത്തന്നെ പോസ്റ്റാം. ഇന്നത്തെ ദിവസ്സത്തെ സുന്ദരമാക്കിയ അരുണിന് നന്ദി ,ഒരിക്കൽക്കൂടി
പിന്നെ ഒരു കുട്ടിയേയും പരിചയപ്പെടാന്‍ ഞാന്‍ താല്പര്യപ്പെട്ടില്ല!
"ഹായ്" ഒരു ശബ്ദം.
അത് അവളുടെ ഹസ്സ്ബന്റായിരുന്നു, ഒരു ബഡാ ബീം.
അടി കൊള്ളാതിരിക്കാന്‍ രണ്ട് കരണത്തും കൈ വച്ച് ഞാന്‍ പറഞ്ഞു:
"ഹായ്"
സംഭവങ്ങള്‍ രസകരമായി അവതരിപ്പിച്ചതിന് ഞാനും പറയുന്നു..ഹായ്..
സ്വാതന്ത്ര്യദിനാശംസകൾ...
സത്യം പറ.
ഇതു മുഴുവൻ പുളുവല്ലേ!?
സത്യത്തിൽ നിങ്ങടെ സ്കൂളിൽ നെല്ലിയുണ്ടായിരുന്നോ? പോട്ടെ, ലേഡീസ് ബാത്ത് റൂം ഉണ്ടായിരുന്നോ!?
:D
കൊള്ളാം.
അതൊക്കെ ഒരു കാലം!
അസ്സലായി അരുൺ, അസ്സലായി.
ഒരുപാട് ചിരിച്ചു ..ഇഷ്ടം <3
ഒരുപാട് ചിരിച്ചു ..ഇഷ്ടം <3
അവള് വിളിച്ചു അല്ലെ !
;)
സത്യം വദ
ഹഹഹ
ഇഷ്ടപ്പെട്ടു!
മനോഹരമായൊരു പോസ്റ്റ്, അരുണ്‍.
കോളേജ് ലൈഫ് ഓര്‍മ്മിപ്പിച്ചു, നന്ദി.
ഇതില്‍ നര്‍മ്മമില്ലെന്ന് എന്തിനാ പറഞ്ഞത്, ആവശ്യത്തിനുണ്ടല്ലോ. "ചോട്ടാ ഭീം" കലക്കി!
(അരുണും, ദീപുപ്രദീപും എന്തെഴുതിയാലും അത് വായിക്കാന്‍ ഒരു പ്രത്യേക സുഖമാണ്, നര്‍മ്മമായാലും, കാര്യമായാലും)
ഹഹ.. കലക്കി മറിച്ചു.. ചിരിച്ചു കുഴഞ്ഞു.. :)
എന്റെം ഇതേ പോലോതെ അനുഭവം കുത്തിയിരിപ്പിന്റെ തത്വശാസ്ത്രം..... വായിക്കാം...
:)
kaalangalaayi thaangalude posts vaayikkunnu...iniyum oru comment idaathirunnaal athu thaangalile kadhaakruthinodu cheyyunna kroorathayavum..ingade otta postum vaayikkaathirunnittillaa..comment postaan vaikiyathil kshamikkanam..thudarnnum ezhuthuka..
ennu sasneham,
Oru Vazhipokan,
നവോദയ ഒരു സംഭാവമാരുന്നു..
ഫ്രം വടവാതൂര്‍
"രക്ഷിക്കണം, കൂടെ നിക്കുന്ന കൃഷ്ണന്റെ ജീവന് കൊടുത്തെങ്കിലും കൂട്ടുകാരെ രക്ഷിക്കണം."
ഇതു മാത്രമല്ല, ധാരാളം കണ്ടു ക്വോട്ട് ചെയ്യാൻ മാത്രം രസിപ്പിച്ചവ
നന്ദി അരുൺ
:-)
വായിച്ചു സന്തോഷിക്കുന്നു... ബഡാ ഭീം അല്ലേ.. ആഹാ!
നന്നായിട്ടുണ്ട്........സംഭവങ്ങള്‍ രസകരമായി അവതരിപ്പിച്ചു ............
onnumilla
Nice :)
Arun..
enthaa eeyide kaanunne illallo...
sukham thanne ennu karuthunnu....
dayavaayi othiri ezhuthuka ennu parayunnilla.. at least 2 ennam oru maasathil enkilum postikoode?
super
എന്തുകൊണ്ടാണെന്നറിയില്ല, സ്ഥിരമായി നിന്റെ എഴുത്ത് കുത്തുകൾ വായിക്കാറുണ്ടെങ്കിലും ഇതെങ്ങനെ വിട്ടുപോയി എന്നെനിക്കറിയില്ല. സത്യം.
എന്തായാലും.. ആ മീറ്റിങ്ങിനു ശേഷം കുറച്ചു കാലം ആയത് കൊണ്ട് കൂടുതൽ മധുരം തോന്നി. സത്യം. എന്നാലും ഹംസമായതിനു സിനിമ പ്രതിഫലമായി കിട്ടിയത് കേട്ടപ്പോൾ നിന്നോടുണ്ടായ അസൂയ എന്നെ കൊന്നാലും തീരൂല്ല.
പ്രതാപൻ... അതെനിക്കിഷ്ടമായി... :)
No words to explain this superb presentation of our past - the school life. This blog kept my mind wandering in search of many of those days/corners/faces/acts/aches....
Jnv lyf is different...! Ekkaalavum orkkaan oraayiram ormakal sammaanicha vidhyalayam!!! :)
Jnv lyf s awsm...!!! Ekkaalavum orkkaan oraayiram ormakal sammaanicha vidhyalayam :) marakkillorunaalum....:)
അപ്രതീക്ഷിതമായി Search ചെയ്തപ്പോ കിട്ടിയത വായിച്ചപ്പോ ഇഷ്ടപ്പെട്ടു.
Post a Comment