കായംകുളത്ത് ഒരു തട്ടുകടയുണ്ട്, കൃത്യമായി പറഞ്ഞാല്‍ പോലീസ്സ് സ്റ്റേഷന് കഴിഞ്ഞ് കിഴക്കോട്ട് പത്തടി നടന്നാല്‍ വലതുവശത്താണ് അത് സ്ഥിതി ചെയ്യുന്നത്.എന്റെ അയല്‍ക്കാരായ ചേട്ടനും ചേച്ചിയുമാണ് കട മുതലാളിമാര്‍. കിടിലന്‍ ദോശ, കുറച്ച് ചുവന്ന ചമ്മന്തി, ആവശ്യത്തിനു വെള്ള ചമ്മന്തി, കുറച്ച് കടലക്കറി, പിന്നെ അവിടുത്തെ മാത്രം സ്പെഷ്യലായി സവാള അരിഞ്ഞത് ഒരു പിടി.ഇവിടുന്ന് അഞ്ച് ദോശയും ഒരു ഡബിള്‍ ബുള്‍സ്സ് ഐയുമാണ് എന്റെ സ്ഥിരം കോട്ട. ബുള്‍സ്സ് ഐ കഴിക്കുമ്പോള്‍ മഞ്ഞ കഴിക്കാറില്ല, പകരം മഞ്ഞക്ക് ചുറ്റുമുള്ള വെള്ള ചുരണ്ടി കഴിക്കുന്നതാണ് എന്റെ ഒരു സ്റ്റൈല്‍.
അങ്ങനെ തിന്നും തിന്നാതെയും കടന്ന് പോയ സന്തോഷകരമായ ദിവസങ്ങള്‍!!!
കഥയുടെ ഗതി മാറുന്നത് രണ്ട് ദിവസം മുമ്പാണ്.അതായത് ചൊവ്വാഴ്ച വൈകുന്നേരം, മണ്ഡല കാലത്തിന്റെ തലേ ദിവസം.അന്ന് ഓഫീസില്‍ ജോലി ചെയ്ത് ഇരിക്കേ ബുള്‍സൈ ചര്‍ച്ചാ വിഷയമായി.ബുള്‍സൈയുടെ ചുറ്റുമുള്ള വെള്ള കഴിച്ചിട്ട്, മഞ്ഞ പൊട്ടാതെ വായിലേക്ക് ഇട്ട് 'ഗ്ലും' എന്ന് ഇറക്കിയട്ട് ഒരു ഗ്ലാസ്സ് ചൂട് വെള്ളം കൂടി കുടിച്ചാലുണ്ടാവുന്ന മനോസുഖത്തേയും, ആ രുചിയേയും, മനസ്സിന്റെ ഒരു സന്തോഷത്തേയും കുറിച്ച് കൂടെ വര്‍ക്ക് ചെയ്യുന്ന സുരേഷ് വിശദീകരിച്ചപ്പോള്‍ എന്റെ വായില്‍ കപ്പലോടിക്കാനുള്ള വെള്ളം ഉണ്ടായി.
ഞാന്‍ തീരുമാനിച്ചു....
ഇന്ന് ഒരു ബുള്‍സ്സ് ഐ ഇത് പോലെ കഴിക്കണം.
ഇതൊരു വലിയ തീരുമാനമാണ്, കാരണം ജീവിതത്തില്‍ മുട്ടയുടെ മഞ്ഞ കഴിക്കില്ലെന്ന് ശപഥമെടുത്ത മഹാനാണ് ഞാന്‍.ആ ശപഥമാണ് തെറ്റിക്കാന്‍ തീരുമാനിച്ചത്.അതിനായി ഞാന്‍ മുപ്പത്തിമുക്കോടി ദൈവങ്ങളോടും പ്രാര്‍ത്ഥിച്ചു...
"ദൈവമേ, ഇന്നേക്ക്, ഇന്നേക്ക് മാത്രം എന്നെ ഒന്ന് അനുവദിക്കു.ഈ മണ്ഡലക്കാലം ആരംഭിച്ചാല്‍, അതായത് രാത്രി പന്ത്രണ്ട് മണി ആയാല്‍ ഞാന്‍ പിന്നെ ജീവിതത്തില്‍ മുട്ടയുടെ മഞ്ഞ കഴിക്കില്ല, ഇത് സത്യം സത്യം സത്യം"
ഒരു മുട്ടന്‍ സത്യം!!!
എറണാകുളത്തെ ഏതെങ്കിലും തട്ടുകടയില്‍ നിന്ന് കാര്യം സാധിക്കാനായിരുന്നു എന്റെ ഉദ്ദേശം.എന്നാല്‍ അന്ന് അത്യാവശ്യമായി നാട്ടില്‍ പോകേണ്ടി വന്ന സാഹചര്യം വന്നപ്പോള്‍ ഞാന്‍ ഒന്ന് തീരുമാനിച്ചു, ബുള്‍സ്സ് ഐ കായംകുളത്തൂന്ന് തന്നെ.ഏഴരക്ക് ഓഫീസില്‍ നിന്ന് കാര്‍ എടുത്തപ്പോ മുതല്‍ മനസ്സില്‍ ഒരു സ്വപ്നം മാത്രം...
കായംകുളം എത്തുന്നു, കടയില്‍ കയറുന്നു, ദോശ കഴിക്കുന്നു, തുടര്‍ന്ന് ഡബിള്‍ ബുള്‍സ്സ് ഐ വാങ്ങി വെള്ള ചുരണ്ടി കഴിച്ചിട്ട് മഞ്ഞ 'ഗ്ലും' എന്ന് വിഴുങ്ങുന്നു, അതോടൊപ്പം ഒരു ഗ്ലാസ്സ് ചൂട് വെള്ളവും കുടിക്കുന്നു.
എറണാകുളത്ത് നിന്ന് ചേര്‍ത്തല വഴി ആലപ്പുഴയിലേക്ക് പോകുന്ന വഴി ചിന്തകള്‍ കൂടി കൂടി വന്നു, അതോടൊപ്പം വായില്‍ വെള്ളം നിറഞ്ഞ് നിറഞ്ഞ് വന്നു.ആലപ്പുഴ എത്തിയതോടെ ആക്രാന്തം അടക്കാന്‍ വയ്യാതെ ആയി, എങ്കിലും കായംകുളം എന്ന ടാര്‍ജറ്റില്‍ മുറുകെ പിടിച്ച് ഞാന്‍ ആക്സിലേറ്ററില്‍ ആഞ്ഞ് ചവുട്ടി.ഒരു പത്ത് മണി കഴിഞ്ഞപ്പോഴേക്ക് ഞാന്‍ ഡെസ്റ്റിനേഷന്‍ പോയിന്റിലെത്തി.
നേരെ കടയിലേക്ക്....
ദോശ കഴിക്കാനിരുന്ന എന്റെ സമീപത്തായി ആറടിയില്‍ അധികം ഉയരമുള്ള ഒരു അജാനബാഹു ഇരുപ്പുണ്ടായിരുന്നു.കൊമ്പന് മീശ വച്ച്, കണ്ണുകള്‍ ചുവപ്പിച്ച്, കള്ളിന്റെ മണം ചുറ്റും പരത്തി ഇരിക്കുന്ന ടിയാന്, പഴയ പ്രേം നസീറിന്റെ കാലത്തെ ഏതോ ഗുണ്ടയാണെന്ന് എന്റെ മനസ്സ് പറഞ്ഞു.അതുകൊണ്ട് സ്വല്പം ഭയഭക്തി ബഹുമാനത്തോടെ ഞാന്‍ ചുരുണ്ട് കൂടി ഇരുന്ന് ദോശ തിന്നു.ഇനിയാണ് ഞാന്‍ കാത്തിരിക്കുന്ന നിമിഷം, ഞാന്‍ ഉറക്കെ പറഞ്ഞു:
"ഒരു ഡബിള്‍ ബുള്‍സ്സ് ഐ"
ഞാന്‍ അത് പറഞ്ഞ അതേ നിമിഷം തന്നെ അടുത്തിരുന്ന തടിമാടനും ഒരു ഡബിള്‍ ബുള്‍സ്സ് ഐ ഓര്‍ഡര്‍ ചെയ്തു എന്നത് വിധിയുടെ വിളയാട്ടമായിരുന്നു.എനിക്ക് ആദ്യം കിട്ടുമോ, അയാള്‍ക്ക് ആദ്യം കിട്ടുമോന്ന് ഞാന്‍ ഓര്‍ത്ത് നില്‍ക്കെ ചേച്ചി ഡബിള്‍ ബുള്‍സ്സ് ഐ എനിക്ക് മുന്നിലേക്ക് കൊണ്ട് വച്ചു.
ഭാഗ്യം!!!
ഇനി കഴിച്ച് തുടങ്ങാം.
ഇങ്ങനെ ഞാന്‍ മനസ്സില്‍ കരുതവേ അടുത്തിരുന്ന ഗുണ്ട, തന്റെ സ്വരം കടുപ്പിച്ച് ചേച്ചിയോട് ഒരു ചോദ്യം:
"ഇവനു എന്തിനാ കൊടുത്തത്, ഞാനല്ലേ ആദ്യം ചോദിച്ചത്?"
ആ കടുപ്പവും ആ ചോദ്യത്തിന്റെ ഗാംഭീര്യവും എല്ലാം കേട്ടതോടെ എന്റെ ആവേശം പാതി കെട്ടടങ്ങി, ദൈവമേ, കുരിശായോ??
പക്ഷേ ചേച്ചി വളരെ വിദഗ്ദമായി ആ സന്ദര്‍ഭം കൈകാര്യം ചെയ്തു.
വളരെ വിനയത്തോടെ ചേച്ചി അയാളോട് പറഞ്ഞു:
"ഈ പയ്യന് എന്നും ഇവിടുന്ന് കഴിക്കുന്നതാ, പാവമാ, മുട്ടയുടെ മഞ്ഞ കഴിക്കാത്ത ഒരു സാധുവാ. ചേട്ടന് നോക്കിയേ ആ കാരണം കൊണ്ട് ഞങ്ങള്‍ വെള്ള പരത്തി ചുട്ട് കൊടുത്ത സ്പെഷ്യല്‍ ബുള്‍സ്സ് ഐയാ"
അയാള്‍ എന്റെ ബുള്‍സ്സ് ഐയിലേക്ക് നോക്കി, ഞാനും.
ചേച്ചി പറഞ്ഞത് ശരിയാ, വെള്ള പരത്തി ചുട്ടിട്ടുണ്ട്, നടുക്ക് രണ്ട് മഞ്ഞയും.അയാള്‍ക്ക് അതങ്ങ് ബോധിച്ചു, എരുമ അമറുന്ന പോലെ ഒന്ന് അമറിയട്ട് അയാള്‍ പറഞ്ഞു:
"കഴിച്ചോ"
പെട്ടു!!!
ഇനി ഞാന്‍ എന്തോ ചെയ്യും??
ഇത്രയും പറഞ്ഞിട്ട് മഞ്ഞ കഴിച്ചാല്‍ കാലമാടന് എങ്ങനെ പ്രതികരിക്കുമെന്ന് ഒരു പിടിയുമില്ല.കഴിക്കാതിരുന്നാല്‍ മണ്ഡലകാലത്തിനു രണ്ട് മണിക്കൂര്‍ കൂടി, ജീവിതത്തില്‍ മഞ്ഞ കഴിക്കാന്‍ പറ്റില്ല.അല്ലെങ്കില്‍ സത്യം തെറ്റിക്കണം, അത് പാപമാണ്.
ഇങ്ങനെയെല്ലാം ചിന്തിച്ച് നില്‍ക്കേ ചേച്ചി സ്നേഹത്തോടെ പറഞ്ഞു:
"മോന് കഴിച്ചോ? പുള്ളിക്കാരനു ഞങ്ങള്‍ വേറെ ഉണ്ടാക്കി കൊടുത്തോളാം"
ഉവ്വോ??
അയാളും എന്നെ രൂക്ഷമായി നോക്കി...
അപ്പോ കഴിക്കുവല്ലേ??
ഒന്നും മിണ്ടിയില്ല, സ്വപ്നങ്ങള്‍ മനസ്സില്‍ ഒതുക്കി, മഞ്ഞക്ക് ചുറ്റും ചുരണ്ടാന്‍ തുടങ്ങി, ഒടുവില്‍ രണ്ട് മഞ്ഞ പ്ലേറ്റില്‍ അവശേഷിപ്പിച്ച് ഞാന്‍ പതിയെ എഴുന്നേറ്റു.
കാശ് കൊടുക്കാന്‍ നേരം ചേച്ചി പറഞ്ഞു:
"വല്ലപ്പോഴും മഞ്ഞ കഴിക്കുന്ന കൊണ്ട് കുഴപ്പമില്ല"
മറുപടി പറഞ്ഞില്ല, പറഞ്ഞാല്‍ എന്താവും പറയുകാന്ന് ഒരു നിശ്ചയമില്ല.ചില്ലറ എണ്ണി കൊടുത്തു, പതിയെ കാറില്‍ കയറി.
നേരെ വീട്ടിലേക്ക്...
വീട്ടിലെത്തിയപ്പോള്‍ സമയം പതിനൊന്ന് കഴിഞ്ഞു.മണ്ഡലകാലത്തിനു ഒരു മണിക്കൂര്‍ തികച്ചില്ല.ചെന്ന പാടെ ഭാര്യയോട് പറഞ്ഞു:
"ഒരു ഡബിള്‍ ബുള്‍സ്സൈ ഉണ്ടാക്ക്, വേഗം"
പാതിരാത്രി എനിക്ക് എന്നാ പറ്റി എന്ന മട്ടില്‍ അവള് അന്തം വിട്ട് നിന്നു, തുടര്‍ന്ന് ഫ്രിഡ്ജ് തുറന്നിട്ട് അവള് പറഞ്ഞു:
"ഒരു മുട്ടയേ ഉള്ളു"
"ഒന്നെങ്കില്‍ ഒന്ന്, വേഗമാകട്ടെ" എന്റെ നിലവിളി.
അങ്ങനെ സിംഗിള്‍ ബുള്‍സൈ മുന്നിലെത്തി.ചുറ്റുമുള്ള വെള്ള പെട്ടന്ന് തിന്നു, തുടര്‍ന്ന് മഞ്ഞ കഴിക്കുന്നതിനു മുമ്പാണ് ചൂടു വെള്ളത്തിന്റെ കാര്യം ഓര്‍ത്തത്.അടുക്കളയില്‍ ഓടി പോയി ഒരു ഗ്ലാസ്സില്‍ ചൂടു വെള്ളവും എടുത്ത് തിരിഞ്ഞ് വന്നപ്പോ കണ്ട കാഴ്ച...
പ്ലേറ്റില്‍ ഇരുന്ന മഞ്ഞ എടുത്ത് വായിലേക്ക് ഇടാന്‍ പോകുന്ന ഭാര്യ!!
"മക്കളേ, അരുത്, അത് ചേട്ടനുള്ളതാ.മണ്ഡലകാലത്തിനു മുന്നേ....."
ഇത്രയും പറയണമെന്ന് മനസ്സില്‍ വിചാരിച്ചതേ ഉള്ളു, അതിനുള്ളില്‍ കൊക്ക് മീനെ വിഴുങ്ങുന്ന പോലെ അവള് അത് വിഴുങ്ങി.തുടര്‍ന്ന് ഞാന്‍ കൈയ്യില്‍ പിടിച്ചിരുന്ന ചൂട് വെള്ളം വാങ്ങി ഒറ്റയടിക്ക് കുടിച്ചു.
എന്ത് പറയണമെന്ന് അറിയാതെ ഞെട്ടി നിന്ന എന്നെ നോക്കി അവള് പറഞ്ഞു:
"ചേട്ടന് മഞ്ഞ തിന്നത്തില്ലല്ലോ, അതാ കളയാതിരിക്കാന്‍ ഞാനങ്ങ് തിന്നത്"
ശരിയെന്ന് തലയാട്ടി.
അപ്പോ ഒരു ഉപദേശവും:
"വല്ലപ്പോഴും മഞ്ഞ തിന്നുന്നത് നല്ലതാ ചേട്ടാ"
എന്ത് പറയാന്‍???
വായില്‍ വന്നതൊക്കെ കടിച്ച് അമര്‍ത്തി, ആ മുട്ടയിട്ട കോഴിയെ വരെ പ്രാകി, എന്നിട്ട് കട്ടിലില്‍ പോയി മൂടി പുതച്ച് കിടന്നു.
സ്വപ്നത്തില്‍ അവള് വന്നു എന്നെ ചിരിച്ച് കാണിച്ചു....
വെള്ളയില്‍ മഞ്ഞ കുരു ഉള്ളവള്‍...
ഒരു ബുള്‍സ്സ് ഐ.
8 comments:
ningal super anu
ബുൾസ് ഐ അനുഭവം കിടു...എന്റെ ബുൾസൈ അനുഭവം ഈ ലിങ്കിൽ
https://abidiba.blogspot.com/2016/09/blog-post_17.html
:) kalakki. Nalla flow ulla ezhuth.
Super
online taxi service
Ingal poli aanu machane
I expect "useful" posts from you.
best software deveolpment company in kerala
best web designing company in kerala
best web designing company in trivandrum
leading IT company in trivandrum
top web development company in Trivandrum
best digital marketing company in kerala
best web designing company in trivandrum
THANKS FOR SHARING
ചേട്ടാ നിഖിൽ kl29., ഒരു രക്ഷയും ഇല്ല ചേട്ടാ സൂപ്പർ 😁👌🏻
super 👍
Post a Comment